ച്യൂയിംഗ് ചെറീസ്: ഫ്രാന്‍സിസ് നൊറോണയുടെ കഥ

കത്തൃക്കടവ് ലേഡീസ് ഹോസ്റ്റലിനു മുന്നിലെ ക്രൗഡിന്റെ വലിപ്പം കൂടിക്കൊണ്ടിരുന്നു.
ച്യൂയിംഗ് ചെറീസ്: ഫ്രാന്‍സിസ് നൊറോണയുടെ കഥ

ണ്‍ഡേ...
കത്തൃക്കടവ് ലേഡീസ് ഹോസ്റ്റലിനു മുന്നിലെ ക്രൗഡിന്റെ വലിപ്പം കൂടിക്കൊണ്ടിരുന്നു.
ഗേറ്റിനു മുന്നിലെ സ്ലാബില്‍ കിടന്ന കൊമ്പിന്റെ പിടിയുള്ള ഫോള്‍ഡിംഗ് നൈഫിലേക്ക് പറന്നിറങ്ങിയവ കൂട്ടംകൂടി നിന്ന ആളുകളെ കണ്ണുചുഴറ്റി ചോര നക്കിത്തുടങ്ങി...
''പെണ്ണാ...''
സ്ലാബിനു മീതെ ഗണ്ണീബാഗിട്ടു മൂടിയതില്‍നിന്ന് പുറത്തേക്കു പ്രൊജക്റ്റ് ചെയ്ത വെളുമ്പന്‍ കാലിനു മീതെ ഒരു റൗണ്ടു ചുറ്റിയിട്ടവന്‍ മുന്‍കൈ രണ്ടുമുയര്‍ത്തി അവള്‍ക്ക് സിഗ്‌നല്‍ കൊടുത്തു...
''കത്തിയിലെ ബ്ലഡ്ഡ് സൂക്ഷിച്ചു നക്കണേടി...''
വാത്തുരുത്തീലെ പെണ്ണീച്ചയോട്  പനമ്പള്ളിയിലെ ആണത്  പറയുമ്പോഴേക്കും പൊലീസ് ജീപ്പ് പാഞ്ഞുവന്ന് ഹോസ്റ്റലിന്റെ മുന്നില്‍ ബ്രേക്ക് ചെയ്തു. പ്രേതസ്ഥലത്തേക്ക് വരുന്ന കാക്കിബൂട്ടിന്റെ കരുകരുപ്പനൊച്ചയില്‍ ഈച്ചകള്‍ തൊട്ടടുത്ത കുടുംബശ്രീക്കാരുടെ വേസ്റ്റ്ബിന്നിലേക്ക് പറന്നു. പെണ്ണുങ്ങള്‍ പരിഭ്രമിച്ചു കൂട്ടംകൂടിനിന്ന ഹോസ്റ്റലിന്റെ സിറ്റൗട്ടിലേക്ക് ഇടതുതോള്‍ വെട്ടിച്ച്  സിനിമാ സ്‌റ്റൈലില്‍ കയറിയ എസ്.ഐ. സെറ്റിയിലേക്ക് മലര്‍ന്ന് മുഖത്തുനിന്നു പെര്‍സോള്‍ സണ്‍ഗ്ലാസെടുത്തു...
''ആരാ ഫോണ്‍ വിളിച്ചത്...''
''കണ്ടത് ദേ ഈ കൊച്ചാ...''
മെറിനെ മുന്നിലേക്ക് തള്ളിനിര്‍ത്തി വാര്‍ഡന്‍ പിന്നോട്ടു വലിഞ്ഞു...
കാക്കിക്കോളര്‍ ബാക്കിലേക്ക് വലിച്ചു പിടലി ചരിച്ച് മെറിനെ എസ്.ഐ. നോക്കി...
''ഞാന്‍ ചര്‍ച്ചിലേക്ക് പോകാന്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് ജസ്റ്റ് ചെന്നതേയുള്ളു...''
''ഏത് ചര്‍ച്ച്...''
''കത്തൃക്കടവിലെ...സെന്‍.ഫ്രാന്‍സിസ് സേവ്യര്‍...''
''യെസ്...''
''ഒരാള്‍ ഗേറ്റ് തുറന്നു ഹോസ്റ്റലിലേക്ക് വരുന്നുണ്ടായിരുന്നു... ഞാന്‍ കാറിന്റെ ഡോറ് ഓപ്പണ്‍ ചെയ്യുമ്പോഴേക്കും നിലവിളി കേട്ടു... ഹോസ്റ്റലീന്ന് ഒരു സ്ത്രീയിറങ്ങി ഓടുന്നത് കണ്ടു... അയാള് ഫോളോ ചെയ്താ കുത്തിയത്. വീണപ്പോള്‍ മുടിക്കുത്തിനു പിടിച്ചു പിന്നെയും...''
''കാറെപ്പോഴും പൂട്ടാറുണ്ടോ.''
മെറിന്‍ തലയാട്ടുമ്പോള്‍ കുറിക്കുകൊണ്ട സന്തോഷത്തില്‍ അയാളൊന്നിളകി...
''നല്ലമൊഴി...സ്റ്റേഷനില്‍ വന്ന് ഇതുപോലെ ഒന്ന് റിപ്പീറ്റ് ചെയ്യണം...''
തൊണ്ടിമുതല്‍ ബന്തവസ്സിലെടുത്ത് മഹസ്സെറെഴുതാന്‍ പൊലീസുകാരെ ഏല്‍പ്പിച്ച് എസ്.ഐ. മടങ്ങി... 
സാക്ഷിമൊഴി രേഖപ്പെടുത്താന്‍ സ്റ്റേഷനിലേക്ക് പോകുമ്പോള്‍ മെറിന്‍ പപ്പയുടെ ക്ലാസ്സ്‌മേറ്റാ യിരുന്ന ശാന്തിതീര്‍ത്ഥയിലെ ട്രസ്റ്റിയങ്കിളിനെ വിളിച്ചു. അങ്കിള്‍ പെട്ടെന്നെത്തി. സ്റ്റേഷനില്‍ നിന്നിറങ്ങുമ്പോള്‍  വെള്ളകുര്‍ത്തയിലേക്ക് ഷിഫേഴ്സ്പെന്‍ കുത്തി, കണ്ണടയൂരി സ്പെക്റ്റക്കിള്‍ കെയ്സില്‍ വെച്ചിട്ടു അയാള്‍ പറഞ്ഞു:
''അരുന്ധതിയുടെ കൂടെ പേയിംഗ് ഗസ്റ്റായി നിന്നാമതിയെന്ന് മോളെ ഞാന്‍ കമ്പല്‍ ചെയ്തതല്ലേ.. ഇനി ഹോസ്റ്റലില്‍ നില്‍ക്കണ്ട.. സാധനങ്ങള്‍ ഞാന്‍ എടുപ്പിച്ചോളാം.. ഇന്നുതന്നെ ഷിഫ്റ്റു ചെയ്തോളൂ...''
അരുന്ധതിമാമിനൊപ്പം താമസം തുടങ്ങി മാസം രണ്ടു കഴിഞ്ഞിട്ടും ബ്ലഡ്സ്റ്റെയിന്‍ നിറഞ്ഞ ഷാര്‍പ്പ് നൈഫും... കുത്തുകിട്ടിയ പെണ്ണിന്റെ ലാസ്റ്റ് സ്‌ക്രീമും... നൈറ്റ്മേര്‍ ആയി ഫോളോ ചെയ്തപ്പോഴാണ് പനമ്പിള്ളിനഗറിലെ മാത്യു സൈമണിന്റെ ക്ലിനിക്കിലേക്ക് അവര്‍ കൂട്ടിക്കൊണ്ടു പോയത്...
''മെറിന്‍ അതുതന്നെയെപ്പോഴും തിങ്കുചെയ്യുന്നതുകൊണ്ടാ...ഓവര്‍കം ദാറ്റ് മെമ്മറീസ്...ഞാന്‍ ചില ടിപ്പ്സ് പറഞ്ഞുതരാം... പിന്നെ  ഈ ടാബ് ഉറക്കം കിട്ടിയില്ലെങ്കില്‍ മാത്രം...''
പതിവില്ലാതെ രാത്രി കഴിക്കുന്ന ഇംഗ്ലീഷ് മെഡിസിന്റെ ഹാങ്ങ്ഓവറില്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലൂടെ സിറ്റിയിലേക്കുള്ള ബസിന്റെ സ്റ്റീല്‍ബാറില്‍ പിടിച്ചുനില്‍ക്കുമ്പോള്‍ വിലങ്ങുവെച്ചയാളുമായി കയറിയ പൊലീസുകാര്‍ മെറിന്‍ മാത്യുവിന്റെ മെമ്മറിയിലേക്ക് കത്തൃക്കടവ് ഇന്‍സിഡന്റിന്റെ നടുക്കങ്ങള്‍ വീണ്ടുമെത്തിച്ചു...
ഷാര്‍പ്പ് ഫോള്‍ഡിംഗ് നൈഫിലെ ബ്ലഡ്...ചോരക്കൊതി തീരാതെ പറക്കുന്ന ഈച്ചകള്‍...
ബസ് നിര്‍ത്തുമ്പോള്‍ കാറിലെ ലാവണ്ടറിനെ ശീലിച്ച മൂക്കിലേക്ക് റോഡരുകിലെ ഓടമണ ത്തോടൊപ്പം ഹോസ്റ്റലിലെ തെറിച്ച സ്മെല്ലുകള്‍ ഇരച്ചു... പാക്കോ റബ്ബാനി മണക്കുന്ന                  ആഷിക്ക് അബുവിന്റെ ഫുള്‍സ്ലീവ് ഷര്‍ട്ടിലേക്ക്  അവള്‍ മുഖം അടുപ്പിച്ചു...
''ഇന്നുമെനിക്ക് സ്ലീപ്പ്ലെസ് നൈറ്റാവും...''
ബസിനുള്ളിലെ എഫ്.എമ്മില്‍ ആര്‍.ജെ.യുടെ കലക്കന്‍ റീച്ചാര്‍ജ്ജ്...ചേര്‍ന്നുനില്‍പ്പ് നല്‍കിയ കോണ്‍ഫിഡന്റില്‍ അവളുടെ വയറിനെ കീ ബോര്‍ഡാക്കി മ്യൂസിക്കിനൊപ്പം  എഫ്. ഷാര്‍പ്പ് സ്‌കെയിലില്‍ ആഷിക്കൊരു നോട്ട് വായിച്ചു...


''നീ അബ്ഡമന്‍ ചെയ്യുന്നത് മുടങ്ങിയല്ലേ...''
അവളുടെ സൈലന്‍സില്‍ പാട്ടിന്റെ റിഥം ലോ സ്‌കെയിലിലേക്ക് താണു... ഹമ്പില്‍ കയറി യിറങ്ങിയ ഫോഴ്സില്‍ ബസുലഞ്ഞു...
''അടുത്ത പബ്ലിക് വെഹിക്കിള്‍സ് ഡേയില്‍ ഞാനില്ല ബസിന്...''
വൈറ്റിലയിലെ ട്രാഫിക് ബ്ലോക്ക് കൂടിയായപ്പോള്‍ മെറിനത് തീര്‍ച്ചപ്പെടുത്തി... കംപ്യൂട്ടറൈസ്ഡ് മെഷീനിലെന്നപോലെ ബസിലെ വേക്കന്റ് സീറ്റിലേക്ക് ആളുകള്‍ നിറഞ്ഞുകൊണ്ടിരുന്നു. ഒരു തടിച്ച സ്ത്രീ ഒഴിഞ്ഞ സീറ്റിലേക്ക് തിടുക്കത്തില്‍ ഇരിക്കുമ്പോള്‍ അവരുടെ മുഴുപ്പില്‍ മെറിനൊരു ബോഡി ബ്ലോ ഫീല്‍ ചെയ്തു...
''ഇരിക്കാന്‍ മുന്നില്‍ നിന്നല്ല... ബാക്കില്‍ നിന്നുവേണം ട്രൈ ചെയ്യാന്‍... സീറ്റ് ഒക്കുപ്പൈ ചെയ്യാന്‍ ചാന്‍സ് പിന്നില്‍ നില്‍ക്കുന്നയാള്‍ക്കാണ്... ഇത്തിരി പ്രാക്റ്റീസ് വേണം... നീ ഡെയ്ലി എന്റൊപ്പം കേറ്...''
ആഷിക്ക് അബുവിന്റെ തള്ള്... അവനെ ഒഴിവാക്കി മൈക്കാടു പെണ്ണുങ്ങള്‍ക്കൊപ്പം മുന്നിലേക്ക് കയറി... പകല്‍ പൊള്ളിച്ച തലയില്‍ ഇടയ്ക്കിടെ മാന്തിയും പുകലഞെട്ട് ചവച്ചും അവരുടെ നോണ്‍ സ്റ്റോപ്പ് ചിര്‍പ്പിംഗ്... വണ്ടിയുടെ ഉലച്ചിലില്‍ തെറിച്ചുനിന്ന ആംപിറ്റ് വെറ്റായ ഡീപ്പ്കളര്‍ ബ്ലൗസുകള്‍... പിന്നോട്ടു നീങ്ങുമ്പോള്‍ വാര്‍ക്കച്ചട്ടിയില്‍ വിരല്‍ മുട്ടി വേദനിച്ചു...
കടവന്ത്രയിലിറങ്ങുമ്പോള്‍ അവള്‍ സ്ലീവ്ലെസ് ബനിയന്‍ വലിച്ചിട്ടു. വെര്‍മില്ല്യന്‍ ഷെയിഡില്‍ ''സ്മാള്‍ തിംഗ്സ് ആര്‍ ബ്യൂട്ടിഫുള്‍'' എന്ന്  നെഞ്ചിലെഴുതിയ ലെറ്റേഴ്സ് അവള്‍ക്കു മാത്രം വായിക്കാനാവാതെ തലകീഴായി കിടന്നു... റോഡ് ക്രോസ്സ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ ബസിനുള്ളില്‍നിന്ന് ആഷിക് അബുവിന്റെ തംസ്അപ്... ചിരിച്ചുകൊണ്ട് തിരിച്ചൊരു ഇമോജി.... അവനത് ബോധിച്ചു. 
നടക്കുമ്പോള്‍ ഇലക്ട്രോളിസിസ് ചെയ്ത കാലിലേക്കാണ് ആളുകളുടെ കണ്ണെത്തുന്നത്. ക്യാറ്റ്വാക്ക് ഹോസ്റ്റലില്‍വെച്ചു പഠിച്ചതാ... ഫോര്‍ട്ടുകൊച്ചീന്നുള്ള ജാക്വലിന്‍ മിരാന്‍ഡയായിരുന്നു ഇന്‍സ്ട്രക്റ്റര്‍... നിന്റെ തെറിച്ച നടപ്പല്ലാതെ വേറെയൊന്നുമില്ല ഈ തിന്‍ ബോഡിയിലേക്ക് ബട്ടര്‍ഫ്‌ലൈസിനെ ആകര്‍ഷിക്കാന്‍... അതും പറഞ്ഞുള്ള  ലിപ്സ്റ്റിക് ചിരിയുടെ സിംപതിയില്‍ വീണ്ടും ചെറുതാകുന്ന നെഞ്ച്...

പനമ്പിള്ളി നഗറിലേക്കുള്ള തേര്‍ഡ് ടേണിംഗില്‍ എത്തുമ്പോഴേക്കും ആലിബാബായില്‍നിന്ന്   അല്‍ഫാമിന്റെ ടെംപ്റ്റിംഗ് സ്മെല്‍... പത്തുപതിനഞ്ചു മിനിറ്റെങ്കിലും വെയിറ്റു ചെയ്താലെ ഈ റഷില്‍ പാഴ്സല്‍ കിട്ടു.. ക്രോസുചെയ്യുമ്പോഴെക്കും ഒരു പൊലീസ് വെഹിക്കിള്‍ കടയ്ക്കു മുന്നിലെത്തി... കംപ്ലീറ്റ്‌ലി എക്സ്ഹോസ്റ്റഡ്... ഇന്നും ബ്രഡ്ഓംലെറ്റും നൈറ്റ്മേറും... 
ഗേറ്റു തുറന്നു കയറുമ്പോള്‍ ഒരു മാഗ്‌നറ്റ് വലിച്ചെടുത്തപോലെ കണ്ണ് സിറ്റൗട്ടിലുറച്ചുപോയി. പതിവില്ലാതെ സെറ്റുസാരിയുടെ ചാമിങ്ബ്യൂട്ടിയില്‍ ആന്റി...  നാല്പത്തിയഞ്ചിന്റെ ബേര്‍ഡേ ഫാന്‍ഫെയര്‍ കഴിഞ്ഞാഴ്ചയായിരുന്നു.... എന്നാലും തേര്‍ട്ടി പ്ലസേ പറയൂ...
''എന്താ കുട്ടി ലേറ്റായത്...''
''ബസില്‍പെട്ടുപോയി...ആന്റീ...''
''യൂ അപ്പിയേഴ്സ് സോ റ്റയേഡ്...''

മാറിനു മീതെ കിടന്ന സെറ്റുസാരിയുടെ ഗോള്‍ഡന്‍ബോര്‍ഡര്‍ ഷോള്‍ഡറിനോടു ചേര്‍ത്ത് പിന്‍ചെയ്യുമ്പോള്‍ അവരുടെ അടിവയറിലെ നനുത്ത രോമങ്ങളാല്‍ ഡക്കറേറ്റു ചെയ്യപ്പെട്ട പെനട്രേറ്റഡ് നേവല്‍ ഡെപ്ത്തിലേക്ക് മെറിന്റെ കണ്ണ് അസൂയപ്പെട്ടു... തണല്‍മരംപോലെ ചേര്‍ന്നുനിന്ന് അവര്‍ അവളുടെ തലമുടിയില്‍ വീണുകിടന്ന പൂക്കളെടുത്തു കളഞ്ഞു...
''നീ ക്രോസ് റോഡുവഴിയാണോ വന്നത്...''
ചീനിമരങ്ങള്‍ നിറഞ്ഞ ക്രോസ് റോഡിലൂടെ വീക്ക്എന്‍ഡില്‍ ഒരു നടപ്പു പതിവാ...ചോലയ്ക്കു താഴെ കാറ് പാര്‍ക്കു ചെയ്ത് ആന്റിയുടെ കൈപിടിച്ച് പിസാഹട്ടുവരെ ചെല്ലും. തിരിച്ചുവരുമ്പോഴേക്കും വണ്ടിക്കു മുകളില്‍ കൊഴിഞ്ഞ പൂക്കള്‍ നിറയെയുണ്ടാവും...
''ഇത് നമ്മള്‍ ലാസ്റ്റ് വീക്ക് വാങ്ങിയതല്ലേ...''
മണ്‍സൂണ്‍ഫെസ്റ്റിന് ഒബ്രോണ്‍ മാളില്‍നിന്നും വാങ്ങിയ സ്റ്റെഡിലേക്ക് അവരുടെ കണ്ണെത്തി.. ഫാഷന്‍ നോക്കാനായി വിരല്‍ കാതിനും പിന്‍കഴുത്തിനുമിടയിലൂടെ അലസം നീങ്ങുമ്പോള്‍ മെറിന് ഇക്കിളിയും നെഞ്ചിലൂടെ ഒരു കിരുകിരുപ്പും പാഞ്ഞു... റെവ്ലോണിന്റെ നെയില്‍പോളിഷിട്ട അവരുടെ വിരലുകളുടെ ഭംഗിയില്‍ അവളങ്ങനെ ഒതുങ്ങുന്നതു കണ്ട് അവരടക്കം പറഞ്ഞു:
''ഇന്നെന്തോ കുഴപ്പമുണ്ടല്ലോ....''
അവരുടെ സ്വീറ്റ്വോയിസില്‍ അവളൊന്നു തുടുത്തു... ഞൊറിവിട്ടു നേവല്‍ പാര്‍ട്ടിലേക്ക് താഴ്ത്തി കുത്തിയ സെറ്റ് സാരിയുടെ കൊക്കോനയര്‍ മണം... അവരുടെ പിങ്ക്ഷെയിഡ് കവിളിലെ മുഖക്കുരുപാടിന്റെ തിണര്‍പ്പ് മനസ്സിലേക്കും... നിറഞ്ഞ മാറ് അമര്‍ത്തിക്കൊണ്ടുള്ള ഉമ്മയില്‍ അവള്‍ ആകെയുലഞ്ഞു....
''ആന്റീ...''
സ്വരം വിറച്ചു...
''വേര്‍പ്പുമണം കുളിച്ചിട്ടുവാ...''
മുകളിലേക്കുള്ള സ്റ്റെയര്‍ കയറുമ്പോള്‍ താഴേന്നവര്‍ വിളിച്ചു...
''മോളിലെ ബാത്ത്റൂമിന്റെ പൊട്ടിയ ടൈലിന്ന് മാറ്റിയതേയുള്ളു... താഴേ കുളിച്ചോ... മാറാനുള്ളത് ഞാനെടുത്തു തരാം...''
കുളികഴിഞ്ഞ് ബാത്ത്ടൗവ്വല്‍ ചുറ്റി പുറത്തേക്ക് വരുമ്പോഴേക്കും അവര്‍ മാറാനുള്ള ഡ്രസ്സ് അയണ്‍ചെയ്തു തുടങ്ങിയിരുന്നു...
''നീയി പ്രിന്റുള്ള പാന്റീസെ ഇടു...ഇതാരു കാണാനാ...''
ഈറനോടെ സോഫയില്‍ ഇരിക്കുമ്പോള്‍ ബാത്ത്ടൗവ്വലിനു താഴെ എക്സിബിറ്റായ വെളുത്ത തുടയില്‍ അവളുടെ കോണ്‍ഫിഡന്റ് ലവല്‍ ഉയര്‍ന്നു... ആന്റിയുടെ അടുത്ത കമന്റിനു കൊതിച്ചെങ്കിലും അവള്‍ പറഞ്ഞതിങ്ങനെ:
''ആന്റി പ്ലീസ് സ്റ്റോപ്പ് യുവര്‍ റാന്‍സിഡ് സറ്റയര്‍... എനിക്ക് നല്ല വിശപ്പ്...''
''വഴിയുണ്ടാക്കാം...ബട്ട് ഇറ്റ് ഷുഡ് ബി പെയ്ഡ്...''
''ഓ അതിപ്പോ പുതിയ കാര്യമൊന്നുമല്ലല്ലോ...''
''കഴിച്ചിട്ട് ഡ്രസ്സ് ചെയ്താ മതി...''
അവളെയും ചേര്‍ത്തു പിടിച്ച് ഡൈനിംഗ് ഹാളിലേക്ക് നടക്കുമ്പോള്‍ അവരുടെ സ്വരം താഴ്ന്നു:
''എന്തൊരു സോഫ്റ്റാ നിന്റെ ബട്ടക്സിന്... ഗോകുലിലെ ഇഡ്ഡലിപോലെ...''
വെളുത്ത നിരയൊത്ത അവരുടെ പല്ലുകള്‍ ചുണ്ടിലെ പരിഹാസപ്പിളര്‍പ്പില്‍ തെളിഞ്ഞുവന്നു...
പനമ്പിള്ളി നഗറിലെ ആവിപറക്കുന്ന ഇഡ്ഡലി അവള്‍ ഓര്‍ത്തു... പിന്നെ തണുത്തുപോയ ആന്റിയുടെ ചപ്പാത്തിയും വെജ്കുറുമയും കഴിച്ചുതുടങ്ങി... അവളുടെ നനഞ്ഞ മുടിത്തുമ്പില്‍നിന്ന് ഇറ്റുവീഴുന്ന ഡ്രോപ്സ് മുതുക് നനച്ച് താഴേക്കിറങ്ങുന്നതും നോക്കി അവര്‍ കസേരയ്ക്കു പിന്നില്‍ നിന്നു...
''...നോണ്‍വെജില്ലേ...''
''ഞാനവിടെ പോകുന്ന ദിവസം വെജ് മാത്രമേ വെക്കൂന്ന് നിനക്കറിയാല്ലോ...''
''ഓ..ഗോഡ്...ആശ്രമത്തിലേക്കാണോ...എന്നാ ഞാനില്ല...''
''വെറുതേ ലാപ്പിലെ സിനിമേം കണ്ടുറങ്ങാനല്ലേ... നീ വാ ഒറ്റയ്ക്കെനിക്കൊരു മടി...''
''എല്ലാ സ്ത്രീകള്‍ക്കും ഒരു ആത്മീയ പുരുഷനുണ്ടാവും, അതൊരിക്കലും അവളുടെ ഭര്‍ത്താവാ യിരിക്കില്ല.'' വീടിനു ഡിറ്റാച്ചായി കിടന്ന കാര്‍പോര്‍ച്ചിലേക്ക് അവര്‍ ഇറങ്ങുന്നത് കണ്ടപ്പോള്‍ ആഷിക്കിന്റെ തള്ളോര്‍ത്തു. റെഗുലര്‍ ഫിറ്റ്ടോപ്പിനൊപ്പം ലെവിസ് ജീന്‍സുമിട്ട് കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ലെസ്‌കോണ്‍ഫിഡന്റ് ഫീല്‍ ചെയ്തു. കുറച്ചുനേരം അങ്ങനെ നിന്നിട്ട് പെട്ടെന്ന് തന്നെ മിഡിയിലേക്ക് മാറി. ഹൈഹീല്‍ ചപ്പല്‍കൂടെയായപ്പോള്‍ മുഖത്തൊരു റെയിന്‍ബോ...
പോര്‍ച്ചില്‍നിന്ന് കാര്‍ റിവേഴ്സെടുക്കുന്ന മ്യൂസിക്...
''ആന്റീടെ അസോസിയേഷന്‍കാര്‍ക്ക് എന്തുമാകാം...അവരുടെ വാക്കും കേട്ട് ബസിലെ റഷില്‍ വിയര്‍ത്ത ഞങ്ങള്‍ കഴുതകള്‍...''
''നൗ ഇറ്റ് ആള്‍മോസ്റ്റ് സെവന്‍ ഒ ക്ലോക്ക്.. ഓഫീസ് ടൈം വരെയേയുള്ളു റെസ്ട്രിക്ഷന്‍...''
''എന്റെ കാറില്‍ പോകാം...''
''വേണ്ട കുട്ടി...എനിക്ക് ഫ്യൂവല്‍ അടിക്കണം.''


ഒരു ഫോറസ്റ്റ് അങ്ങനെതന്നെ വെട്ടിപ്പണിതപോലെയായിരുന്നു ആശ്രമം. പതിനാറുകെട്ടിലുയര്‍ന്ന എട്ടുനിലക്കെട്ടിടം. മുഴുവന്‍ വുഡന്‍ ക്രാഫ്റ്റ്... അകത്തേക്ക് കയറുമ്പോഴേ ഹൈടെക് ബോക്സ് സിസ്റ്റത്തില്‍നിന്ന് സുപ്പീരിയറിന്റെ സ്പിരിച്ച്വല്‍ വോയിസില്‍ ശ്ലോകം...
''തൂണിലും തുരുമ്പിലും സ്പീക്കറാ... എവിടെ നിന്നാലും ലോവോയിസിലെ ഈ ചാന്റിംഗ് കേള്‍ക്കുന്നതൊരു കംഫര്‍ട്ടാ...''
മക്രാനാ മാര്‍ബിള്‍ വിരിച്ച തിണ്ണയിലൂടെ നടക്കുമ്പോള്‍ നെറ്റിയിലേക്ക് കിടന്നിരുന്ന കേള്‍സ് ഒതുക്കിയിട്ട് അരുന്ധതി അവളുടെ കാതില്‍ ചുണ്ട് മുട്ടിച്ചു. ഹോട്ട് ബ്രീത്തില്‍ വൈബ്രേറ്റ് ചെയ്ത അവരുടെ അടക്കം പറച്ചില്‍.
പ്രതിഫലിപ്പിക്കുന്ന ഫ്‌ലോറും അവളുടെ മിഡിയും ചേര്‍ന്നൊരു സ്വകാര്യം... കേട്ടുകഴിഞ്ഞിട്ടും മെറിനങ്ങനെതന്നെ ചേര്‍ന്നുനിന്നു. അരുന്ധതിയുടെ മുടിയില്‍നിന്ന് ആല്‍മണ്‍ ഡ്രോപ്സിന്റെ സ്മെല്‍. 
അവര്‍ റിസപ്ഷനിലേക്ക്  നടക്കുമ്പോള്‍  മെറിന്‍ സോഫയിലിരുന്ന് ആശ്രമത്തിന്റെ പിരിയോ ഡിക്കല്‍സ് മറിച്ചു.. ആദ്ധ്യാത്മികതയുടെ ഡ്രൈ ചിത്രങ്ങള്‍... മടുത്തപ്പോള്‍ മെസഞ്ചറില്‍ ആഷിക് അബുവിന് ഒരു ഹായ് പറഞ്ഞു. അവന്റെ മറുപടിയെത്തും മുന്നേ അവര്‍ മടങ്ങിയെത്തി...
''നീ സാരിയുടുത്താല്‍ മതിയായിരുന്നു. ഞാനത് പറയാന്‍ മറന്നു...''
അവളപ്പോള്‍ മുട്ടിനു മുകളിലേക്ക് കയറിക്കിടന്ന മിഡി അല്പം കൂടി താഴ്ത്തി. കഴുത്തിടിഞ്ഞ സ്ലീവ്ലെസ് ടോപ്പ് വലിച്ചിടുകയും ചെയ്തു... വെളുത്ത കാലിലേക്ക് നോക്കി അവര്‍ പറഞ്ഞു:
''സ്വാമിയെ കാണുമ്പോള്‍ തൊഴുതേക്കണേ...''
അകത്തേക്ക് നടക്കുമ്പോള്‍ ആന്റിയുടെ സാരിക്കും ബ്ലൗസിനുമിടയില്‍ എക്സിബിറ്റായ  മുതുകിലെ മറുകിലേക്കു മെറിന്‍  നോക്കി... ഒരൊറ്റ ഫോള്‍ഡിംഗുമില്ലാതെ അവരെത്ര പെര്‍ഫക്റ്റായിട്ടാണ് ബോഡി കീപ്പ് ചെയ്യുന്നത്. റൂമിനു മുന്നില്‍ ചെരിപ്പഴിച്ചുവെച്ച് ആന്റിക്കു പിന്നാലെ അവളും കയറി. കൊനോര്‍ സാന്റലിന്റെ ഫ്രാഗ്‌നെന്റ്... അവളൊരു നിമിഷം കണ്ണടച്ചുപോയി. തുറക്കുമ്പോള്‍  ഭിത്തിയില്‍ രുദ്രാക്ഷംകൊണ്ടു തീര്‍ത്ത വലിയ രാശിചക്രം. സാഫ്രണ്‍ നിറത്തില്‍ തറയില്‍ വിരിച്ച വൂളന്‍കാര്‍പ്പെറ്റ് അവളുടെ കാലുകളെ തൊട്ടു. സ്വാമിയുടെ അടുത്തേക്ക് ഒരു റിവര്‍പോലെ ഫ്‌ലോ ചെയ്യുന്നതായി മെറിന് തോന്നി... ഇരിക്കാനുള്ള അനുവാദത്തോടെ സ്വാമിയുടെ കൈ ഉയരുമ്പോള്‍ തേരുതെളിക്കുന്ന  ചിത്രത്തിലെ ഹാലോ അയാളുടെ മുഖത്തും എന്‍ലൈറ്റു ചെയ്തു... സാന്റലില്‍ തീര്‍ത്ത ചെറിയ പീഠത്തിനു മുകളിലെ ലാപ്ടോപ്പിലേക്ക് അയാളുടെ നോട്ടം മാറിയതിന്റെ ആശ്വാസത്തോടെ അവളിരുന്നു.. സ്വാമി മോണിറ്ററില്‍നിന്ന് കണ്ണെടുത്ത് ഫ്രെയിംലെസ്സ് ഗ്ലാസ്സിലൂടെ അരുന്ധതിയെ നോക്കി. പിന്നെ  തുറന്നുവെച്ചിരുന്ന ലാപ്പില്‍നിന്നൊരു ശ്ലോകം വായിച്ചു. അത് കംപ്ലീറ്റചെയ്യുമ്പോഴേക്കും അയാളുടെ മുഖത്ത് ഒരു ഡിലൈറ്റഡ് ലൈറ്റ്...

''ഇതാണ് ലൈഫ്... ഇളകുന്നതും ഇളക്കാത്തതും...''
ശ്ലോകം എക്സ്പ്ലെയിന്‍ ചെയ്യുന്ന അയാളുടെ കണ്ണില്‍നിന്ന് അടരാതെ ആന്റി... കൂപ്പിപ്പോയ കൈ താഴ്ത്തിയിടാനവര്‍ മറന്നു. ആന്റിയുടെ അടുത്തിരിക്കുമ്പോള്‍ മേല്‍മുണ്ടിനിടയിലൂടെ കാണുന്ന അയാളുടെ നെഞ്ചിന്റെ വിരിപ്പിലേക്ക് അവളുടെ കണ്ണുകള്‍... ഇടയ്ക്ക് ഒന്നുരണ്ടു തവണ മുന്നോട്ടാഞ്ഞും കാലുകളുടെ പൊസിഷന്‍ മാറ്റിയും നിലത്തിരിക്കുന്നതിന്റെ ബുദ്ധിമുട്ട് ഓവര്‍കം ചെയ്യാന്‍  ശ്രമിച്ചു... സ്വാമിയുടെ വാക്കുകളിലും കണ്ണിലെ തീയിലും എരിയുന്ന ആന്റിയുടെ അടുത്തേക്ക് നീങ്ങി അവള്‍ കാതില്‍ പറഞ്ഞു:
''ഞാനൊന്നു പുറത്തു ചുറ്റിയിട്ട് വരാം...''
അവരൊന്നും പറയാതെ അവളെ നോക്കി.... എഴുന്നേല്‍ക്കുമ്പോള്‍ ഒരു നിമിഷത്തേക്ക്  ഫ്രോക്കിനടിയിലെ പിങ്ക്പ്രിന്റ് വെളിപ്പെട്ടു കാണും.. സ്വാമിയുടെ കണ്ണുലഞ്ഞോ?.. എരിയുന്ന നോട്ടമവിടെ എത്തിക്കാനായ സന്തോഷത്തോടെ അവള്‍ നടന്നു...
''തോറ്റു പിന്‍വാങ്ങുന്ന പെണ്ണാണ് ലോകത്തിലേക്കുംവെച്ച് ഏറ്റവും അപകടകാരി.''
വാതില്‍ തുറന്ന് പുറത്തേക്കിറങ്ങുമ്പോള്‍ അയാളുടെ സ്വരം... വാനിറ്റിയില്‍ നിന്നവള്‍ മൊബൈല്‍ എടുത്തു.
''ആഷിക്...നീയെവിടാ...''
''...വേ റ്റു ജിം...  യൂ...''
''ഞാനിവിടെ ശാന്തിതീര്‍ത്ഥയില്...യോഗാനന്ദ സ്വാമീടൊപ്പം...''
''സെലിബ്രേറ്റ്...''
അവളെന്തെങ്കിലും പറയുന്നതിനു മുന്നേ അവന്‍ കട്ടു ചെയ്തു... കോറിഡോറിന്റെ അറ്റംവരെ  ചെല്ലുമ്പോള്‍ ട്രസ്റ്റിയങ്കിളിന്റെ റൂം അടഞ്ഞുകിടന്നു. ചുമരിലെ കണ്ണാടിക്കൂട്ടിലെ പ്രഭാഷണപരമ്പരയുടെ ബ്രോഷറില്‍  സ്വാമിയുടെ ഡാസിലിംഗ് ഐസ്... കോഫികൗണ്ടറിനരികിലെ എക്സിറ്റിലൂടെ പുറത്തിറങ്ങി. ലോണിലെ ചുറ്റുതറകെട്ടിയ മരങ്ങളിലെല്ലാം പേരുകള്‍ ഇംഗ്ലീഷിലും മലയാളത്തിലും.  ഫൗണ്ടൈനു ചുറ്റും നക്ഷത്രച്ചെടികള്‍. കാര്‍ത്തികനാളിന്റെ അത്തിക്കു മുന്നില്‍ അല്‍പ്പനേരം നിന്നു. ആന്റിയുടെ നക്ഷത്രം എന്തായിരിക്കും. ധൂപം വീശിക്കൊണ്ടൊരു സ്ത്രീ കല്ലുപാകിയ നടവഴിയിലൂടെ വന്നു.

അഷ്ടഗന്ധം നിറഞ്ഞ മുറ്റം കടന്ന് തിരികെ ചെല്ലുമ്പോള്‍ ആന്റിയും സ്വാമിയും ഹഗ്ഗ് ചെയ്യുന്നു. ലോവോയിസില്‍ രുദ്രവീണയുടെ സ്പിരിച്ച്വാലിറ്റി. പ്രാര്‍ത്ഥനാമുറിയുടെ ചുമരുകളില്‍ പെയിന്റു ചെയ്തിരുന്ന പീകോക്ക് വിംഗ്സ് ഇളകുന്നപോലെ. അവള്‍ വാതില്‍ചാരി പുറത്ത് കാത്തുനിന്നു.
കാറ് പനമ്പിള്ളി നഗറിലേക്ക് തിരിയുംവരെ ആന്റിയൊന്നും മിണ്ടിയില്ല. ഫ്‌ലാറ്റുകളുടെ മിഡിലിലൂടെയുള്ള കനാലിലെ വെള്ളം അപ്പാര്‍ട്ട്മെന്റിലെ ജീവിതംപോലെ ഇരുണ്ട് കിടന്നു. ഫുട്പാത്തിനോടു ചേര്‍ന്ന് പുത്തന്‍ ബുള്ളറ്റുകള്‍. ജൂട്ട് റോപ്പും ഹെയര്‍ബാന്‍ഡും സ്മാള്‍ഫ്‌ലാഗുകളും കൊണ്ട് ഡെക്കറേറ്റു ചെയ്ത സിംഗിള്‍ സീറ്റുള്ളവ.  നീണ്ടതാടി തടവിയും ഹെയറിന്റെ സ്പൈക്ക് ഭംഗി റെലിഷ് ചെയ്തും ഫ്രീക്കന്‍മാര്‍ ഗേള്‍ഫ്രണ്ടിനോടെന്നപോലെ വണ്ടിയോടു ചേര്‍ന്നുനിന്നു. റോളര്‍ സ്‌കേറ്ററില്‍ വന്ന കുട്ടികള്‍ കടന്നുപോകാന്‍ കാറ് സ്ലോ ചെയ്ത് മുന്നോട്ടെടുക്കുമ്പോള്‍ ആന്റി അതുവരെ മുങ്ങിക്കിടന്ന ഭക്തിയില്‍ നിന്നുണര്‍ന്നു.
''നീ എഴുന്നേറ്റ് പോയതെന്തിനാ...''
''എനിക്ക് വേദാന്തം ബോറടിക്കും. തോറ്റ പെണ്ണാണത്രെ അപകടകാരി. അപ്പോ തോറ്റ ആണോ...''
''നീയതിന്റെ നെഗറ്റീവ് മാത്രമേ കേട്ടുള്ളു.. പെണ്ണിന്റെ ചിരിയിലും കരച്ചിലിലും നിന്നുമാണ് എല്ലാം ആരംഭിക്കുന്നതും അവസാനിക്കുന്നതും. സാങ്റ്റിഫൈഡായിട്ടുള്ള ഒരാണിനു മാത്രമേ ഇത്ര ബ്യൂട്ടിഫുള്‍ ആയി പെണ്ണിനെ ഇന്റര്‍പ്രട്ടുചെയ്യാന്‍ കഴിയൂ. കേള്‍ക്കേണ്ടതായിരുന്നു. നീയൊരു ഓപ്പര്‍ച്ച്യൂണിറ്റി നഷ്ടപ്പെടുത്തി.''
''ഞാന്‍ നഷ്ടപ്പെടുത്തിയെങ്കിലും ആന്റി എന്‍ജോയ് ചെയ്തല്ലോ...''
''പെണ്ണിന്റെയൊരു കുറുമ്പ്...''
അവരതും പറഞ്ഞ് ഗിയറില്‍നിന്ന് കൈയെടുത്ത് അവളുടെ തുടയില്‍ നുള്ളി... കാര്‍ പോര്‍ച്ചില്‍ കയറിയതും മഴയില്‍ തിളങ്ങുന്ന മെറൂണ്‍ ടയിലൊട്ടിച്ച സ്റ്റെയര്‍ അവള്‍ തിടുക്കത്തില്‍ കയറി...  മറൈന്‍ഡ്രൈവിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പില്‍നിന്നും വാങ്ങിയ ഇറ്റാലിയന്‍ കുട നിവര്‍ത്തി പോര്‍ച്ചില്‍ നിന്നിറങ്ങുമ്പോള്‍ അരുന്ധതിയുടെ കണ്ണുകള്‍ പതിവുപോലെ മുകളിലെ ബെഡ്റൂമിനെ തേടിപ്പോയി. ടോപ്പൂരുന്ന അവളുടെ നിഴല്‍ ചില്ലില്‍ വീഴുന്നതു കണ്ട് വിടര്‍ന്ന ചിരി അവരുടെ നുണക്കുഴിയുടെ ഡെപ്ത്തു കൂട്ടി... 
മെറിനു ഉറക്കം വന്നില്ല. ആഷിക്കിനെ വിളിക്കാനെടുത്ത കോള്‍ രണ്ടുതവണ ഡ്രോപ്പു ചെയ്തു. ബാല്‍ക്കണിയിലേക്ക് ചെല്ലുമ്പോള്‍ താഴെ അരുന്ധതിയാന്റിയുടെ ബഡ്റൂമിലപ്പോഴും വെളിച്ചം... ആരോടായിരിക്കും സംസാരിക്കുന്നത്. വാട്സപ്പില്‍ അവര്‍ ഓണ്‍ലൈനിലാണ്. മെറിന്‍ തിരികെ വന്ന് ബെഡ്ഡില്‍ കമിഴ്ന്നു കിടന്നു. ലാപ്പിലെ ഫോള്‍ഡര്‍ തുറന്നു. അരുന്ധതി ആന്റിയുടെ ഫോട്ടോകള്‍... എന്തിനാണ് താന്‍ ഇതൊക്കെ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുന്നത്.  ഫ്രെഞ്ച്ഫ്രോക്കിട്ടു അവര്‍ ലോണ്‍ ടെന്നീസ് കളിക്കുന്നത് സൂം ചെയ്ത് സ്‌ക്രീനില്‍ തൊട്ടു. റൈറ്റ്ഹാന്‍ഡ് സ്മാഷില്‍ ഉയര്‍ന്നുപോയ അവരുടെ വയലറ്റ് ടീഷര്‍ട്ട്. റിവീല്‍ഡായ പൊക്കിള്‍ച്ചുഴിയില്‍നിന്ന് മുകളിലേക്ക് അമര്‍ന്ന അവളുടെ വിരല്‍ സ്‌ക്രീനിലെ കളറിനെ ബ്ലേര്‍ഡ് ചെയ്തു. മൗസ് പോയിന്റ് അടുത്തതിലേക്ക്... ബാത്ത്ടവ്വലില്‍ പൊതിഞ്ഞുള്ള ഈറന്‍കാഴ്ച... എന്തു വലിപ്പമാണ്. ലെഫ്റ്റ് ഇത്തിരി കൂടുതലുണ്ടോ.... കെട്ടിപ്പിടിക്കുമ്പോഴൊക്കെ അല്‍പ്പമിടിഞ്ഞ മുഴുപ്പിലെ ബ്ലാക്ക് റൗണ്ട്സ് നെഞ്ചിലൊരു മിന്നല്‍ പായിക്കും. ഹഗ്ഗ് ചെയ്ത സ്വാമി വശകേടായിട്ടുണ്ടാവും. അയാളുടെ കണ്ണില്‍ നോക്കിയാല്‍  ഏത് പെണ്ണും വീഴുമത്രെ, എന്നിട്ട് താന്‍ വീണോ... വീഴാതിരിക്കാനാണോ പ്രാര്‍ത്ഥനാമുറിയില്‍ നിന്നെഴുന്നേറ്റത്. അതോ ആന്റിയെ മാത്രം ശ്രദ്ധിച്ചിരുന്ന അയാളുടെ അവഗണനയില്‍ ഡെസ്പ്പറേറ്റായിട്ടോ.


വട്ടുപിടിച്ചപ്പോള്‍ എഴുന്നേറ്റ് ഡ്രസ്സിംഗ്ടേബിളിനു മുന്നില്‍ നിന്നു. വലതുകാല്‍ ഉയര്‍ത്തി ആന്റിയുടെ ലോണ്‍ ടെന്നീസ് സ്മാഷിനെ ഇമിറ്റേറ്റു ചെയ്തു. ഷോള്‍ഡര്‍ സ്ട്രാപ്പ് അഴിഞ്ഞ് ഷോര്‍ട്ട് നൈറ്റ്ഡ്രസ്സ് താഴേക്ക് ഊര്‍ന്നുവീണു. പ്രിന്റഡ് പാന്റീസിന്റെ ബ്യൂട്ടിയില്‍ നേവലില്‍ ഒരു സ്റ്റഡിടുന്നത് ഓര്‍ത്തുനില്‍ക്കുമ്പോള്‍  പ്ലേറ്റില്‍നിന്ന്  സ്പൂണ്‍കൊണ്ടു കോരിയെടുക്കാവുന്നപോലെ നെഞ്ചിലെ റോസ് പ്ലമ്മുകള്‍...
''ഇതിപ്പോ കൊടിലിട്ടു വലിക്കണമല്ലോ മെറിനെ നിന്നെ കെട്ടുന്നവന്...''    
ഹോസ്റ്റലിലെ ഒന്നിച്ചുള്ള കുളിയില്‍ റൂംമേറ്റിന്റെ കളിയാക്കല്‍ ഓര്‍ത്തപ്പോള്‍ അവള്‍ക്ക് ദേഷ്യം വന്നു... വാട്സപ്പില്‍ സ്വാമിയുടെ സ്റ്റാറ്റസ് നോക്കി. അയാളും ഓണ്‍ലൈനിലാണ്. മേശപ്പുറത്തെ ഫാന്‍സീ ടൈംപീസില്‍ മണി ഒന്നര..
''പഞ്ചാരയടി നിര്‍ത്തിയിട്ട് ഉറങ്ങാന്റി...''
ടൈപ്പു ചെയ്ത മലയാളം മെസേജ് അയച്ചു. വാട്സപ്പില്‍ വൈബ്രേറ്ററിനൊപ്പം അവരുടെ റിപ്ലേ... 
''ഇറ്റ്സ് മൈ സണ്‍ ഗേള്‍... അവനവിടെ ലഞ്ച്ബ്രേക്കിനാ വിളിക്കുന്നത്... ആരാ നിന്റെ ലൈനില്‍...''
''കോട്ടയം പെണ്ണിന്റെ ഒരു എന്‍ക്വയറി'' അവള്‍ കുറുമ്പോടെ നെറ്റ് കട്ടുചെയ്തു. 
ഊര്‍ന്നുവീണ നൈറ്റ്ഡ്രസ്സ് ഉടുക്കാതെ മെറിന്‍ കിടക്കയിലേക്ക് കമിഴ്ന്നു. ലാപ്പിലെ മീഡിയാ പ്ലയറില്‍ സ്വാമിയും ട്രസ്റ്റിയങ്കിളുമായി നില്‍ക്കുന്ന ആന്റിയുടെ സ്നാപ്പുകളെ സൂം ചെയ്തു... ചുവന്ന സാരിയും വലിയ പൊട്ടും നീട്ടിയെഴുതിയ കണ്ണുമൊക്കെയായി ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററിനു മുന്നിലെ ഷൂട്ടു കണ്ടപ്പോള്‍ ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെയെഴുതിയിരുന്ന പഴയ റൈറ്ററെ ഓര്‍മ്മവന്നു. 
''മോളെ കോട്ടയമാ അരുന്ധതിയുടെ നെറ്റീവ് പ്ലയിസ്... എക്സാക്റ്റ്ലി ഫ്രം കുടമാളൂര്‍...  അച്ഛന്‍ നായരും അമ്മ യാക്കോബയും. പഠനം തീരാന്‍ കാത്തുനിന്നിട്ടെന്നപോലെ അവരുടെ മാരിയേജ്. അമേരിക്കക്കാരനുമായിട്ടുള്ള ആഡംബര വിവാഹം വൈക്കം ക്ഷേത്രത്തില്‍വച്ചായിരുന്നത്രെ. കല്യാണം കഴിഞ്ഞ് അവിടെ ചെല്ലുമ്പോഴാണ് അയാള്‍ കുമ്പനാട്ടെ പെന്തക്കൊസ്തക്കാരനാണെന്ന് അറിയുന്നത്. കുറേക്കാലം അമേരിക്കയില്‍ ആനിയായി സ്തോത്രം പറഞ്ഞു... ആണ്‍മക്കളുടെ മാരിയേജ് കഴിഞ്ഞ് മരുമക്കളൊക്കെ ആയപ്പോള്‍ തിരിച്ചുപോന്നു. നാട്ടില്‍ വീണ്ടും അരുന്ധതി... എന്താണിങ്ങനെ തനിച്ച് താമസിക്കുന്നതെന്ന് പലതവണ ചോദിച്ചെങ്കിലും മറുപടിയില്ല...''
കണ്‍വെന്‍ഷന്‍ സെന്ററിന്റെ പാര്‍ലറില്‍ വെച്ച് ശാന്തിതീര്‍ത്ഥയിലെ ട്രസ്റ്റിയങ്കിള്‍ അരുന്ധതിയുടെ ഹിസ്റ്ററി റിവീല്‍ ചെയ്തിട്ട് പറഞ്ഞ ഡയലോഗ് അവളോര്‍ത്തു...
''ഇതിനു മുന്‍പ് എന്റെയൊരു റിലേറ്റീവ് ആണ് അരുന്ധതിയുടെയൊപ്പം താമസിച്ചിരുന്നത് പക്ഷേ, ചെന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ആ കുട്ടി വീണ്ടും ഹോസ്റ്റലിലേക്ക് തന്നെ മാറി... നിന്നെയവര്‍ക്ക് ഭയങ്കര ഇഷ്ടമായി...''
പട്ടോളസാരി ചുറ്റി അരുന്ധതിക്കൊപ്പം നില്‍ക്കുന്ന ലാപ്പിലെ ഫോട്ടോ. അരക്കെട്ടില്‍ ചേര്‍ത്തു പിടിക്കുന്ന സ്‌നേഹം. വെറ്റായിപ്പോകുന്ന പിന്‍കഴുത്തിലെ ഉമ്മയുടെ ചൂട്... അവള്‍ ലാപ്പ് ഓഫ് ചെയ്തു.
രാവിലെ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ താഴെ കാര്‍പോര്‍ച്ചിനോടു ചേര്‍ന്ന പുഷ്അപ് റിംഗില്‍ ആന്റി. ടൈറ്റ് ബ്ലാക്ക് ലെഗിന്‍സും നൈക്കിന്റെ റെഡ് ടീഷര്‍ട്ടും ചേര്‍ന്നൊരു കിടിലന്‍ ലുക്ക്. അരുന്ധതി മാമിന്റെ വീട്ടില്‍ ആകെ ഓക്ക്വേര്‍ഡായിട്ടുള്ളത് രണ്ടുകാറുകള്‍ക്ക് ഒരുപോലെ പാര്‍ക്കു ചെയ്യാവുന്ന ആ ഡിറ്റാച്ച്ഡ് പോര്‍ച്ചു മാത്രമാണ്. ഈസ്റ്റ് ഫ്രണ്ടേജ് വീടിന് മുന്നില്‍  നോര്‍ത്ത് ലെഫ്റ്റ് വിംഗിലെ ഗാരിയേജ് ഐശ്വര്യമാണെന്നും പറഞ്ഞാണ് വീടിനോടു ചേര്‍ത്തൊന്ന് കണ്‍സ്ട്രക്റ്റ് ചെയ്യാനുള്ള ട്രസ്റ്റിയങ്കിളിന്റെ പ്രൊപ്പോസലവര്‍ വേണ്ടെന്ന് വെച്ചത്...

മൂന്നുവര്‍ഷം മാം വാസ്തു പഠിച്ചിട്ടുണ്ട്. എപ്പോഴും എന്തെങ്കിലുമൊക്കെ സ്റ്റഡി ചെയ്തോ ണ്ടിരിക്കും. ഇപ്പോള്‍ വേദാന്തമാണ് ലഹരി... വാംഅപ് ചെയ്യുമ്പോള്‍ ബട്ടക്സുവരെ നീണ്ടുകിടക്കുന്ന തലമുടി ഇത്രയും ഒതുക്കി കെട്ടിവെയ്ക്കുന്നത് എങ്ങനെയെന്ന് അത്ഭുതപ്പെടും. ബോബ് ചെയ്ത് മുടിയിഴകളില്‍ മെറിന്‍ വെറുതെ വിരലോടിച്ചു. പുഷ്അപ്പ് യൂഷ്വല്‍ തേര്‍ട്ടി ഫിഗറെത്തിയപ്പോള്‍ അവര്‍ റിംഗില്‍നിന്ന് പിടിവിട്ടിട്ട് അവളെ നോക്കി ഗുഡ്മോര്‍ണിംഗ് പറഞ്ഞു. സ്വാമിയുടെ അടുത്തു പോകാന്‍ റെഡിയല്ലേയെന്ന് വലതു തള്ളവിരല്‍ ഉയര്‍ത്തി ചോദിച്ചപ്പോഴാണ് മെറിന്‍ അക്കാര്യമോര്‍ത്തത്.
ഓഫീസിലെത്തിയിട്ടും അതുതന്നെയായിരുന്നു വിചാരം. ദര്‍ബാര്‍ഹാളിലാണ് സ്വാമിജിയുടെ പ്രഭാഷണം. സെയിംഡേ ആഷിക് അബുവുമായി കാക്കനാടുള്ള വാട്ടര്‍തീം പാര്‍ക്കില്‍ പോകാമെന്നേറ്റതും. രണ്ടുകാര്യങ്ങള്‍ക്കിടയില്‍ കണ്‍ഫ്യൂസ്ഡായ മനസ്സിനെ ഒരു ഡിസിഷനിലേക്കെത്തിക്കാന്‍ ലഞ്ച്ബ്രേക്കായിട്ടും മെറിനു കഴിഞ്ഞില്ല. അവള്‍ ചെയറില്‍ നിന്നെഴുന്നേറ്റു. താഴേ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ വാഹനങ്ങളുടെ ബ്ലോക്ക്. കണ്ടൈനര്‍ ലോറികള്‍ക്കു മുന്നിലൂടെ ഒരു ആഷ്ഫിഗോ സൈഡുകൊടുക്കാതെ മെല്ലെ നീങ്ങുന്നു.  മുടി സ്ട്രയിറ്റണ്‍ ചെയ്ത കാറോടിക്കുന്നവളെ കണ്ടപ്പോള്‍ ആഷിക്കിന്റെ കമന്റോര്‍ത്തു.

''നിങ്ങള്‍ പെണ്ണുങ്ങളാ ഈ റോഡു മുഴവന്‍ ബ്ലോക്കാക്കുന്നത്...''
വാട്ടര്‍ പാര്‍ക്കില്‍ പോയാല്‍ പൂളിലങ്ങനെ എത്ര നേരം വേണമെങ്കിലും അവന്‍ വട്ടംപിടിച്ചു തരും... നീന്താനറിയാം എന്നാലും അറിയില്ലെന്നേ പറയൂ. രോമക്കെട്ടു നിറഞ്ഞ കെകളില്‍ കിടന്നങ്ങനെ പതക്കുന്നത് ഒരു ത്രില്ലാ... തകര്‍പ്പന്‍ റൈഡുകളില്‍ അവനേം ചേര്‍ത്തുപിടിച്ച് ശരീരത്തെ സന്തോഷിപ്പിക്കണോ അതോ സ്വാമിജിയുടെ കണ്ണില്‍ വീണ്  മനസ്സിനെ വലയ്ക്കണോ... രാത്രി കിടക്കുമ്പോള്‍ ആന്റിയും സ്വാമിയുമായി നില്‍ക്കുന്ന ലാപ്പിലെ ഫോട്ടോ മെറിന്‍ വീണ്ടും കണ്ടു. നേരം പതിനൊന്നര കഴിഞ്ഞതോര്‍ക്കാതെയാണ് ആന്റിയെ ഫോണില്‍ വിളിച്ചത്. അപ്പുറത്തുനിന്നും  ഇതു ചോദിക്കാനാണോ നീയെന്റെ ഉറക്കം കളഞ്ഞതെന്ന തണുത്ത മറുപടി.

രാവിലെ സാഗാഗ്രീന്‍ നിറത്തിലുള്ള ഗോള്‍ഡന്‍ ബോര്‍ഡര്‍ ഹാന്‍ഡ്ലൂം സാരിയും സ്ലീവ്ലെസ് ബ്ലൗസും എമറാള്‍ഡ് കുന്ദന്‍ നെക്ലെസും സ്മോക്കി ഐസും ന്യൂഡ് ലിപ്സുമൊക്കെയായി ആന്റിയുടെ മുന്നിലെത്തുമ്പോള്‍ അവര്‍ക്ക് അത്ഭുതം.
''സാരിയുടുക്കട്ടേയെന്ന് രാത്രി നീ ചോദിച്ചപ്പോ ഞാനിത്രയും പ്രതീക്ഷിച്ചില്ല... നയണ്‍ തേര്‍ട്ടിക്കിറങ്ങിയാ മതി...''


മെറിന്റെ സാരിയുടെ ഫ്‌ലീറ്റ് നേരെയാക്കി എഴുന്നേല്‍ക്കുമ്പോള്‍ അവര്‍ അവളുടെ കുഞ്ഞിപ്പൊ ക്കിളില്‍ വിരല്‍ കൊണ്ടൊരു റൗണ്ട് വരഞ്ഞു.
''ഇതിങ്ങനെ ഫുള്‍ എക്സിബിറ്റ് ചെയ്താ ഭംഗി പോകും. പിന്നെ നിനക്കീ സ്പോഞ്ച് ബ്രായെ ഡിപന്റുചെയ്യേണ്ട ആവശ്യമുണ്ടോ...''
അവര്‍ മേശവലിപ്പു തുറന്ന് സില്‍വര്‍ കളറിലെ പൗച്ചെടുത്തു. അതിന്റെ സിപ് തുറക്കുമ്പോള്‍ പര്‍പ്പിള്‍ നിറത്തിലൊരു സ്മോള്‍ഡയറി. എല്ലാ പേജിലും ഫുഡ്മെനുപോലെ കുറിപ്പുകള്‍...
''നമ്മുടെ ട്രസ്റ്റിയങ്കിളിനൊരു അമ്മാവനുണ്ട്... മോര്‍ ദാന്‍ നയന്റി. വൈദ്യരാ. കരിമാക്കലിലെ കാപ്പിത്തോട്ടത്തിന്റെ മിഡിലിലാ വീട്... അമേരിക്കയില്‍ സയന്റിസ്റ്റായിരുന്നു. എല്ലാ വിഷയങ്ങളിലും ഭയങ്കര ഡെപ്ത്താ.. പുള്ളിയുടേതാ ഈ ഡയറി. അപൂര്‍വ്വ ആയുര്‍വ്വേദ മെഡിസിനുകളുടെ കുറിപ്പുകള്‍...''
മരുന്നുകളുടെ പ്രിസ്‌ക്രിപ്ഷനൊപ്പം... എണ്ണ ചൂടാക്കേണ്ട റ്റയിമിംഗും പ്രിപ്പറേഷന്‍ ചാര്‍ട്ടും  ചില സ്‌കെച്ചുകളോടെ വിശദമായി എഴുതിയിരുന്നു. മുപ്പത്തിമൂന്നാംപേജില്‍ വലിപ്പമുള്ള രണ്ടു മാതളനാരങ്ങ നെഞ്ചോടു ചേര്‍ത്തു നില്‍ക്കുന്ന പെണ്ണിന്റെ കാരിക്കേച്ചര്‍... നിപ്പിളുപോലെ ചുരുങ്ങിയ മാതളഞെട്ടിലും വിസ്തൃതമായ മാംസളഭാഗത്തും ചുവപ്പിലും പച്ചയിലും ആരോമാര്‍ക്ക്...
''ഈ കൂട്ടിലുണ്ടാക്കിയെടുക്കുന്ന തൈലം സെവന്‍ഡ്രോപ്സ് ഉള്ളംകൈയില്‍ ചൂടാക്കി  പുരട്ടണ്ടതെങ്ങനെയെന്നാണ് ഈ വരച്ചിരിക്കുന്നത്...''
അവര്‍ ധൃതിയില്‍ പേജ് മറിച്ചു.
''ഇതു കണ്ടോ ഇത്രയും ചായ്വും മുഴുപ്പും ആയാല്‍ മരുന്നു നിര്‍ത്തണം...''
അവര്‍ക്കൊരു കോള്‍ വന്ന ഗ്യാപ്പില്‍ മുപ്പത്തിമൂന്നാം പേജിന്റെ സ്നാപ്പെടുത്തു...
''ആന്റി ഞാനീ കൂട്ടൊന്നു മൊബൈലില്‍ എടുത്തോട്ടെ...''
''അതു വേണ്ട... തൈലം നമുക്ക് സംഘടിപ്പിക്കാം...''
പൗച്ച് പഴയതുപോലെ മേശ വലിപ്പില്‍വെച്ചു ലോക്കു ചെയ്യുമ്പോള്‍ മറിഞ്ഞുവീണ നിക്കാ ഫെയിസ്പാക്ക് നേരെവെച്ചിട്ട് അവരിറങ്ങി...    
ബുദ്ധ പഗോഡകളിലേതുപോലെ കസേരകള്‍ ഒഴിവാക്കി ദര്‍ബാര്‍ഹാളിന്റെ ഫ്‌ലോര്‍ മുഴുവന്‍ കുഷ്യനിട്ടിരുന്നു. മുന്‍നിരയില്‍ ട്രസ്റ്റിയങ്കിളിനും ആന്റിക്കുമൊപ്പം ഇരുന്നു. ലോകത്തില്‍ ആരെയെങ്കിലും അവര്‍ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അത് ട്രസ്റ്റിയങ്കിളിനെയാണെന്ന് തോന്നി. പ്രഭാഷണം തുടങ്ങുമ്പോള്‍ മുന്നോട്ടൊന്നാഞ്ഞ് സാരിയുടെ ബോര്‍ഡര്‍ അരുന്ധതി വലിച്ചിട്ടു. അവളും അനുകരിച്ചു. ഫ്രയിംലെസ് ഗ്ലാസിലൂടെ സ്വാമി തങ്ങളെ നോക്കിയോ.... മെറിനു വല്യ നിശ്ചയമില്ലായിരുന്നു. എന്നാലും ഡീപ് ഡാര്‍ക്കായ അയാളുടെ നീണ്ടമുടിയും  തിളങ്ങുന്ന  കണ്ണും ഹെവി ബെയിസ് വോയിസും... അവളങ്ങനെ കേട്ടുകൊണ്ടിരുന്നു... സ്‌നേഹത്തെക്കുറിച്ചാണ് അയാള്‍ പറഞ്ഞത്. ചില നരേഷനുകളൊക്കെ തന്റെ കണ്ണില്‍ നോക്കിയിട്ടാണെന്ന്  തോന്നി.
സ്പീച്ച് അവസാനിപ്പിച്ച് സ്വാമിജി ആളുകളെ ബ്ലസ്സ് ചെയ്യുന്നിടത്തേക്ക് പതിവില്ലാതെ അവളും വരുന്നത് കണ്ട് അരുന്ധതി വണ്ടറായി... പാദം നമസ്‌കരിക്കുമ്പോള്‍ മെറിന്‍ ശ്രദ്ധിച്ചു... സ്വാമിയുടെ വലത്തേ പാദത്തിനു പെരുവിരലില്ല...
സൗത്ത് ഓവര്‍ബ്രിഡ്ജ് കയറുമ്പോള്‍ വണ്ടി സെക്കന്‍ഡ് ഗിയറിലേക്ക് മാറ്റിയിട്ട് അരുന്ധതി ഇടംകൈ അവളുടെ തുടയ്ക്കു മീതെവെച്ചു...
''നീ സ്വാമിജിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയല്ലേ... ഒരു അരമിനിറ്റ് ആ കണ്ണില്‍ നോക്കിയിരുന്നാല്‍ തീരാവുന്നതേയുള്ളു നിന്റെ ഉറക്കമില്ലായ്മയുടെ പ്രശ്‌നങ്ങള്‍...''
''എനിക്കെന്ത് പ്രോബ്ലം... നതിംഗ്... അയാളുടെ വലതുകാലില്‍ ബിഗ്റ്റോ ഇല്ല...  ജന്മനാ ഇല്ലാത്തതല്ല. ഇറ്റ്സ് റിമൂവ്ഡ് ബൈ ആമ്പ്യൂട്ടേഷന്‍...''
''ബിടെക്കിനു പഠിക്കുമ്പോ ലോംഗ്ജംപ് ചാടിയതാ... ജംപിംഗ് പിറ്റിനപ്പുറത്തേക്ക്... ഏഷ്യന്‍ ഗെയിംസിനായിരുന്നെങ്കില്‍ അതൊരു റിക്കോര്‍ഡായേനെ...''
ബിടെക്കും സന്ന്യാസവും. ലോംഗ്ജംപും... ഒരു പൊരുത്തക്കേട്... പക്ഷേ, ഒന്നും ചോദിച്ചില്ല...
''മേ ഐ ആസ്‌ക്ക് എ ഫണ്‍ ക്വസ്റ്റ്യന്‍...''
''യൂ ജസ്റ്റ് ഫയര്‍...''
അവളുടെ ക്വസ്റ്റ്യന് റിപ്ലേ നല്‍കാതെ അവര്‍ കഫേ കോപ്പി ലുവാക്കിനു മുന്നില്‍ വണ്ടിയൊതുക്കി.
''ഹാവ് എ കൂപ്പാ കോഫി... ദി റെയര്‍ വണ്‍ ഫ്രം ഇന്തോനേഷ്യ...''
അതും പറഞ്ഞിട്ട് അവരൊന്നു കണ്ണിറുക്കി... ഐവറി ഷെയിഡില്‍ ഹാംഗ് ചെയ്യുന്ന ഡെക്കറേറ്റഡ് ലാമ്പിനു താഴെ ഫ്‌ലോറിനോടു ചേര്‍ന്ന് ഇട്ടിരിക്കുന്ന റൗണ്ടഡ് കുഷ്യനിലിരുന്ന്  അവര്‍ മെനു കാര്‍ഡെടുത്തു... 
''ഇന്ന് എന്റെ ചിലവ്...എക്സ്പെന്‍സീവ് കോഫി ആയിക്കോട്ടെ...''
കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്ലബ്ബ് സാന്‍ഡ്വിച്ചിന്റെ ഒരു പോര്‍ഷന്‍ കോക്ക്ടെയില്‍ സ്റ്റിക്കില്‍ നിന്ന് വേര്‍പെടുത്തി അവളുടെ നേര്‍ക്കു നീട്ടി... ആദ്യമായിട്ടാണ് അവരങ്ങനെ... അവള്‍ മുന്നോട്ടാഞ്ഞു. വിരലിന്റെ ചൂട് ചുണ്ടിനെ കടുപ്പിച്ചു... കണ്ണടച്ച് കോഫി ഒരു സിപ്പെടുത്തിട്ട് അവര്‍ മെഡിറ്റേഷനിലെന്ന പോലെ  പറഞ്ഞു:
''കാപ്പിപ്പഴം കഴിക്കുന്ന സിവെറ്റ് ക്യാറ്റിനെ പോലെയാവണം... പുറമേനിന്ന് സ്വീകരിക്കു ന്നതെന്തും എന്റിച്ചായി റീസൈക്കിള്‍ ചെയ്യാനുള്ള ബ്ലസ്സിങ്... എത്ര കുടിച്ചാലും മതിവരാതെ വീണ്ടും പാനം ചെയ്യാന്‍ അത്  പ്രേരിപ്പിച്ചുകൊണ്ടിരിക്കും... ആയിരത്തി അറുന്നൂറു രൂപയുടെ ഈ ചെറിയ കപ്പ് പഠിപ്പിക്കുന്നത് അതാണ്...''
അവര്‍ കണ്ണുകളടച്ച് ഒരു സിപ്പുകൂടിയെടുത്തു...
''ആഹരിച്ചു കഴിഞ്ഞ കാപ്പിപ്പഴം പൂച്ച എക്സ്‌ക്രീറ്റു ചെയ്യുമ്പോള്‍ അത് വേസ്റ്റല്ല ഒര്‍ജിനല്‍ കാപ്പിക്കുരുവിനെ വെല്ലുന്ന പ്രോഡക്റ്റ്. 'കോഫി ലുവാക്ക്'... ജീവിതം ആവോളം നുകര്‍ന്നിട്ട് പുറന്തള്ളേണ്ടത് വേസ്റ്റല്ല... യഥാര്‍ത്ഥ ജീവിതത്തെക്കാള്‍ വിലപിടിച്ചതാവണം.''
ടിഷ്യൂകൊണ്ട് മുഖമൊപ്പി കഫേയില്‍ നിന്നിറങ്ങുമ്പോള്‍ ചോദ്യം അവള്‍ ആവര്‍ത്തിച്ചു:
''നമ്മളൊരുമിച്ചു നിന്നാല്‍ ആരെയാവും സ്വാമി ആദ്യം ബ്ലസ്സ് ചെയ്യുക...''    
''നിനക്ക് സാരിയാ നല്ലത്...''
''യൂ ആര്‍ സ്‌കിപ്പിംഗ് ഫ്രം  മൈ ക്വസ്റ്റ്യന്‍...''
''അവന് പെരുവിരലേ പോയിട്ടുള്ളു... നീ കാണുന്ന ഒരു സ്വാമിയല്ലവന്‍... ലോക്കൗട്ടു വന്ന് അവന്റെ ചാച്ചന്റെ ഫാക്ടറിക്ക് ലോക്കുവീഴുമ്പോള്‍ അങ്ങേരു കാട്ടിയ കവേര്‍ഡ്നെസ് അവന്‍ ചെയ്തില്ല. ജയിക്കാന്‍ വേണ്ടിയാണ് എല്ലാ ചാട്ടവും അവന്‍ ചാടുന്നത്... ഈ സന്ന്യാസം അവന്റെ പ്യൂപ്പ കാലമാണ്. നീ നോക്കിക്കോ ബട്ടര്‍ഫ്‌ലൈയെപ്പോലെ ഒരു ദിവസം അവന്‍ ഇവിടുന്ന് പറന്നുപോകും...''
പിറ്റേന്ന് പനമ്പിള്ളി നഗറിനുവേണ്ടി മാത്രം ഒരു മഴപെയ്തു. സിനിമാനടന്‍മാര്‍  താമസിക്കുന്ന അവന്യൂവിലേക്കുള്ള റോഡിലേക്കു ചാഞ്ഞുനിന്നിരുന്ന അക്കേഷ്യ ഒടിഞ്ഞു... ഫ്‌ലാറ്റുകള്‍ക്കിടയിലൂടെ ഫ്‌ലോയില്ലാതെ കിടന്ന കനാലിനെ മെല്ലെയൊന്ന് വാംഅപ് ചെയ്തുകൊണ്ടു മഴ പിന്നേം ഹെവിയായി... ജനല്‍പ്പൊക്കം വളര്‍ന്ന ഒട്ടുമാവില്‍ ക്രിസ്തുമസ്സ് ക്രിബ്ബില്‍ തൂക്കിയിട്ടിരിക്കുന്ന ഡെക്കറേറ്റഡ് ബോള്‍സ്പോലെ നീളമുള്ള ഞെട്ടില്‍ സിംഗിളായി മാങ്ങകള്‍... കത്തൃക്കടവിലെ ഹോസ്റ്റലിന്റെ മുറ്റത്തും മാങ്ങകളുണ്ട്. പക്ഷേ, അത് കുലകളായാണ്. ഒറ്റയ്ക്കും കൂട്ടമായും വളരുന്ന ലൈഫിനെ ഓര്‍മ്മപ്പെടുത്തി ഇമേജറികള്‍... മരം വെട്ടാന്‍പോയ ഫയര്‍ഫോഴ്സിന്റെ വണ്ടിക്കു പിന്നാലെ ആംബുന്‍സ് പാഞ്ഞു... പനമ്പിള്ളിനഗറിലേക്ക് ഒരു മരണം സ്‌ക്രോളുചെയ്തു വരുന്നപോലെ മെറിനു തോന്നി...

പുറത്ത് സൗണ്ട് കേട്ടു തുറന്നു നോക്കുമ്പോള്‍ ഗേറ്റു തുറന്ന്  വണ്ടിയുമെടുത്ത് ആന്റി പോകുന്നത് കണ്ടു. എവിടേക്കാണ് ഈ രാത്രി... മൊബൈലില്‍ രണ്ടുമൂന്നു തവണ ട്രൈ ചെയ്തു. അപ്പോഴൊക്കെ എന്‍ഗേജ്ഡ് റ്റോണ്‍. സാധാരണ ഡ്രൈവു ചെയ്യുമ്പോള്‍ ഫോണ്‍ യൂസ് ചെയ്യാത്തയാളാണ്. ഇടയ്ക്ക് ഒന്നുരണ്ടു തവണ റിംഗ് ചെയ്തെങ്കിലും എടുത്തില്ല.
കെറ്റിലിലിട്ട ചൂടുചായയുമായി ബാല്‍ക്കണിയിലെ കെയിന്‍ ചെയറിലിരിക്കുമ്പോള്‍ മെറിനോര്‍ത്തു: ആരെക്കുറിച്ചാണ് താനീ ടെന്‍ഷനടിക്കുന്നത്. അവര്‍ വീട്ടുടമയും താന്‍ പേയിംഗ്ഗെസ്റ്റും. മന്തിലി റെന്റ് കൃത്യമായി കൊടുക്കുന്നുണ്ട്. ഇടയ്ക്കിടെ തരുന്ന ഫൂഡിന് ഫ്രണ്‍ഷിപ്പ് മാറ്റിവെച്ചിട്ടവര്‍ ബില്ലും തരുന്നുണ്ട്. എന്നിട്ടും ഒരു പിടച്ചില്‍...
 രാത്രി എവിടെപ്പോയാലും കൂട്ടുവിളിക്കുന്നതാ...

ബാല്‍ക്കണിയില്‍ മഴക്കാറ്റേറ്റ് ഇരിക്കുമ്പോള്‍ പിന്‍കഴുത്തിലവരുടെ ഉമ്മയുടെ ചൂട്. വിളിക്കണ്ടെന്നു തീരുമാനിച്ചെങ്കിലും ഒന്നുകൂടി ട്രൈ ചെയ്തു. റിംഗ് ചെയ്തു തുടങ്ങുമ്പോഴേക്കും മുറ്റത്തെ ലോണില്‍ വെളിച്ചം വിതറി റെഡ് വോക്സ്വാഗണെത്തി. പോര്‍ച്ചില്‍ കാറ് കയറ്റിയിട്ടിട്ട് ഇറങ്ങുന്നയാള്‍ അവരുടെ അരക്കെട്ടില്‍ കൈചേര്‍ത്തു പിടിച്ചിട്ടുണ്ടോ... കുട മുഖം മറച്ചിരുന്നു. വീടിന്റെ ഫ്രണ്ട് ഡോറടഞ്ഞ സ്വരം. ലൈറ്റു ഓഫ് ചെയ്ത് താഴേക്കിറങ്ങി ചെന്നു.. സിറ്റൗട്ടിലെ ഫുട്സ്റ്റാന്റില്‍ സ്വാമിയുടെ ക്വാവാഡിസ് ചപ്പല്‍.. ആന്റിയുടെ റൂമിലപ്പോഴും വെളിച്ചം...
സ്റ്റെയര്‍ കയറുമ്പോള്‍ ഒരു സങ്കടം. ആരോ ഹൃദയത്തില്‍നിന്നിറങ്ങിപ്പോകുന്നപോലെ... കോണ്‍ടാക്ട് ലിസ്റ്റില്‍നിന്ന് ആഷിക് അബുവിന്റെ നമ്പരെടുത്തു. അവനിപ്പോള്‍ ഏതെങ്കിലും ബിയര്‍ ഹബ്ബില്‍ രണ്ടാമത്തെ ബോട്ടിലിനു മുന്നിലായിരിക്കും... ഇനിയെടുത്താല്‍ തന്നെ അവനോട് എന്തു പറയാന്‍...
നൈറ്റ് ഡ്രസ്സ് നീക്കി ഡ്രസ്സിംഗ് ടേബിളിനു മുന്നില്‍ നിന്നു... പെറ്റിക്കോട്ടുമിട്ടു മഴനനഞ്ഞു നടക്കുന്ന പെണ്‍കുട്ടി... രണ്ടു ചെറിയ കണ്ണിമാങ്ങാഞെട്ടുകള്‍ അവളെ നോക്കി കരഞ്ഞു...
മൊബൈലില്‍ ഫോട്ടോയെടുത്തു. ബ്ലേര്‍ഡാക്കി. ബ്ലാക്ക് അന്റ് വൈറ്റിലേക്ക് ഫിഗര്‍ കണ്‍വെര്‍ട്ട് ചെയ്തിട്ട് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. താഴെ തുടരെ കമന്റുകള്‍... ഇന്‍ബോക്സില്‍ വന്ന് കൊഞ്ചിക്കൊണ്ടിരുന്ന ഒരുത്തനെ ഫക്ക്യൂ ആസ്സ്ഹോള്‍ എന്നു വിളിച്ചതോടെ അവളുടെ പിരിമുറക്കമൊന്നയഞ്ഞു...
''ഫക്ക്യു...''
വിളിച്ചിട്ടും വിളിച്ചിട്ടും സാറ്റിസ്ഫൈഡാവാതെ ആ മനോഹരമായ വേഡ് കുനുകുനാന്ന് മള്‍ട്ടിപ്പിള്‍ റ്റേബിള്‍ പോലെ പേപ്പറില്‍ എഴുതി...
നേവല്‍പാര്‍ട്ടിനു താഴെ അലസം കിടക്കുന്ന ചെറുരോമങ്ങള്‍പോലെ സ്പെല്ലിംഗുകള്‍ ചുരുണ്ടു കിടന്നു...
താഴെ കാറ് സ്റ്റാര്‍ട്ടുചെയ്യുന്നു. ഇറങ്ങിച്ചെന്നാല്‍ സ്വാമിയുടെ ഷാര്‍പ്പ് കണ്ണുകളും ആന്റിയുടെ വിളറിയ ചിരിയും കാണാം...
നേരം വെളുക്കുമ്പോഴേക്കും പനിച്ചു തുടങ്ങി... കിടക്കയില്‍ തന്നെ കിടന്നു. ജനല്‍പാളിയിലെ സണ്‍ലൈറ്റിനു ചൂട് കൂടിക്കൊണ്ടിരുന്നു. കോളിംഗ് ബെല്‍ കേട്ട് എഴുന്നേല്‍ക്കുമ്പോള്‍ ബാലന്‍സ് കിട്ടാത്തപോലെ.. കിടക്കയില്‍ത്തന്നെ കിടന്നു. കുറച്ചു കഴിഞ്ഞ് ആരോ കതകു തുറന്നു. ആന്റിയുടെ കോലാപ്പൂരിയുടെ ഫെമിലിയര്‍ സൗണ്ട്...
''ഇന്ന് ലീവാണോ...''


കിടക്കയില്‍ ഇരുന്നു. മുന്നോട്ടാഞ്ഞ് നെറ്റിയില്‍ തൊടുമ്പോള്‍ അവരുടെ വെളുത്തനിറവിന്റെ വിടവില്‍ ആശ്രമത്തിന്റെ ലോക്കറ്റ് ഞെരിഞ്ഞു...
''പനിക്കുന്നുണ്ടല്ലോ... ക്ലീനിക്കില്‍ ഞാനൊരു അപ്പോയിന്‍മെന്റ് എടുക്കട്ടെ...''
അവരു കൊടുത്ത പാരസെറ്റമോള്‍ കഴിച്ചിട്ട് ഗ്ലാസ് നീട്ടുമ്പോള്‍ കരഞ്ഞുപോയി...
കുറേ ആവര്‍ത്തിച്ചിട്ടും മറുപടിയില്ലാതെ വന്നപ്പോള്‍ അവര്‍ ചേര്‍ത്തണച്ചു. നിറയുന്ന ചൂട്... പിന്‍കഴുത്തിലെ നീണ്ട സ്‌നേഹം... ദേഹത്തോടു അമരുന്ന പാല്‍നിലാവ്... അപ്പോള്‍ അവള്‍ക്ക് ഏങ്ങലടിച്ചു കരയണമെന്നു തോന്നി...
''എനിക്കു തണുക്കുന്നാന്റി...''
''പനിച്ചിട്ടാ ബ്ലാങ്കറ്റു പുതച്ചോ...''
അവളുടെ ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ട് അവരെടുത്തു.
''ആഷിക്ക്...''
''ഞാനിന്ന് ലീവാന്ന് പറഞ്ഞേക്കു...''
വൈകിട്ട് ക്ലീനിക്കില്‍പോയി പനിക്കുള്ള മെഡിസിന്‍ വാങ്ങിവരുമ്പോള്‍ വെണ്ടുരുത്തിപ്പാലം കയറി തോപ്പുംപടിയിലേക്ക് ഡ്രൈവ് ചെയ്തു. മട്ടാഞ്ചേരി പാലസിനു മുന്നില്‍നിന്ന് ലെഫ്റ്റ് തിരിഞ്ഞ് ജൈനക്ഷേത്രത്തിനരികില്‍ കാറൊതുക്കി അവര്‍ തൊട്ടടുത്ത പഴയ ഇരുനിലകെട്ടിടത്തിലേക്ക് കയറിപ്പോയി. തിരിച്ചുവരുമ്പോള്‍ വൈറ്റ് കോട്ടണ്‍ ക്ലോത്തുകൊണ്ട് മൂടിക്കെട്ടിയിരുന്ന രണ്ടു ചൈനീസ് ക്ലേ പോട്ടുകള്‍ അവര്‍ ബാക്ക് സീറ്റില്‍വെച്ചു...
''പിക്കിള്‍സാ... ഫോര്‍ മൈ ബിലൗഡ് സണ്‍... ഒരാളു നാളെ പോകുന്നുണ്ട്... കൊടുത്തുവിടാനാ...''
വണ്ടി റിവേഴ്സെടുത്തിട്ട് അവര്‍ കൂട്ടിച്ചേര്‍ത്തു:
''കോക്കനട്ട് മിഡ്റിബ്ബ് പിക്കിള്‍... ദി റെയര്‍ വണ്‍... രണ്ടുമാസം മുന്നേ ഓര്‍ഡര്‍ ചെയ്തിട്ടു കിട്ടിയതാ...''
അവളൊന്നും മിണ്ടാതെയിരുന്നു. ഷിപ്പ്യാര്‍ഡിനു മുന്നിലെത്തുമ്പോഴേക്കും മഴ  ഹെവിയായി. റോഡില്‍ വീണ മരച്ചില്ലകള്‍ക്കു മീതെ വണ്ടി കയറുന്ന സ്വരം. പനമ്പിള്ളിയിലേക്ക് തിരിയാതെ അവര്‍ നേരെയെടുത്തു...
''ഇതെങ്ങോട്ടാ...''
''സെന്‍ട്രല്‍ സ്‌ക്വയറിലേക്ക്...''
മാളിനു മുന്നില്‍ വണ്ടി നിര്‍ത്തുമ്പോള്‍ മണ്‍സൂണ്‍ ഷോപ്പിംഗ് ഫെസ്റ്റെന്ന് തെര്‍മോക്കോളിന്റെ ബിഗ് ലെറ്റേഴ്സില്‍ ഡിസ്‌പ്ലേ ചെയ്ത എന്‍ട്രന്‍സില്‍ സ്വാമി... കാവിക്കു പകരം ജീന്‍സും ടീഷര്‍ട്ടും.  കാറില്‍ നിന്നിറങ്ങിയിട്ട് വണ്ടിയുടെ കീ സ്വാമിക്കു കൊടുത്തു.
''താഴെ പാര്‍ക്കുചെയ്തിട്ടു നീ വാ... ഞങ്ങള്‍ മുകളിലുണ്ടാവും...''
''കാവി ഡ്രോപ്പു ചെയ്‌തോ...''
ചോദിക്കണമെന്ന് വിചാരിച്ചോണ്ടല്ലെങ്കിലും തെല്ലു പരിഹാസത്തോടെ വന്ന വാക്കുകള്‍ക്ക് സ്വാമിയുടെ കൂള്‍ മറുപടി...
''യെസ്...ഐ ഗിവണ്‍അപ്...''
ട്രയല്‍റൂമില്‍നിന്ന് സ്യൂട്ടണിഞ്ഞ് പുറത്തേക്ക് വന്ന സ്വാമിയെ മൊബൈലില്‍ പകര്‍ത്തിയതിനു ശേഷം ആന്റി പറഞ്ഞു:
''നിനക്കിതാ ഇണക്കം...''
അവരുടെ സലൂട്ടേഷനില്‍ വന്ന ചെയ്ഞ്ച് മെറിനെ അത്ഭുതപ്പെടുത്തി. 
പായ്ക്ക് ചെയ്ത വലിയ ലെഗേജ്ബോക്സുമായി അയാള്‍ യാത്ര പറഞ്ഞ് യൂബറില്‍ കയറിപ്പോ കുമ്പോള്‍ ആന്റി കുറ്റബോധത്തോടെ പറഞ്ഞു:
''ഞാനവന്റെ കാര്യത്തില്‍ ശ്രദ്ധിച്ചിരുന്നതുകൊണ്ട് നിന്നെ മറന്നു. നിനക്കെന്താ വേണ്ടത്?''
''എനിക്കൊരു ഫ്രഷ് ലൈം വേണം...''
ഫുഡ്കോര്‍ട്ടിലിരുന്നു ലൈം ഓര്‍ഡര്‍ ചെയ്തിട്ട് അവര്‍ വെയിറ്ററെ വിളിച്ചു ഓര്‍മ്മപ്പെടുത്തി 
''തണുപ്പ് വേണ്ട...''
ഇടയ്ക്കവര്‍ അവളുടെ നെറ്റിയില്‍ തൊട്ടുനോക്കി...
''പനി വിടുന്നുണ്ട്... നിനക്ക് പനീര്‍ കട്ലെറ്റ് പറയട്ടേ...''
കോര്‍ട്ടിനു മിഡിലിലെ പേര്‍ഷ്യന്‍ ആര്‍ട്ട്വര്‍ക്ക് ചെയ്ത പോട്ടിനു മുന്നില്‍നിന്ന് സെല്‍ഫി യെടുക്കുന്ന പെണ്‍കുട്ടികള്‍... മഷ്റൂം കട്ടുള്ളവളുടെ കോണ്‍ഫിഡന്റ് നീണ്ടമുടിയുള്ളവളുടെ അരക്കെട്ടില്‍ പിടിക്കുമ്പോള്‍ പ്രകടമാണ്. റ്റെയ്ക്കോഫ് കൗണ്ടറുകള്‍ക്കു മുകളില്‍ പഴയ ചിമ്മിനി വിളക്കിന്റെ ആകൃതിയില്‍ ഡെക്കറേറ്റഡ് ലാമ്പുകള്‍... റ്റീ ഇന്‍ ഹന്‍ഡ്രഡ് റ്റേസ്റ്റ് എന്നെഴുതിയ കൗണ്ടറിലെ ഷൂഫ്‌ലവര്‍ റ്റീയുടെ ഡിസ്‌പ്ലേയുടെ മുന്നില്‍നിന്ന് പെണ്‍കുട്ടികള്‍ ഒന്നുകൂടി സെല്‍ഫിയെടുത്തു...
കാറില്‍ മടങ്ങുമ്പോള്‍ അരുന്ധതി മിണ്ടിയില്ല... ഇടയ്ക്ക് സ്റ്റീരിയോ തുറന്ന് ശ്രേയ ഗോശലിന്റെ  'തേരി മേരി...' വെച്ചു.
വീട്ടില്‍ തിരിച്ചെത്തിയ പാടെ അവളുടെ കണ്ണില്‍ നോക്കാന്‍ സ്ട്രയിന്‍ എടുത്തിട്ടെന്നപോലെ അവര്‍ താഴേക്ക് കുമ്പിട്ടു...
''കഞ്ഞിയും ചമ്മന്തിയും തൈരു മുളക് ചുട്ടതും ഉണ്ടാക്കാം.. നമുക്കൊരുമിച്ചു കഴിക്കാം... ഇന്ന് മോള്  തനിച്ച് കിടക്കണ്ട...''
അവരെപ്പോഴും മോളേന്ന് വിളിക്കാറില്ല. പക്ഷേ, അങ്ങനെ വിളിക്കുമ്പോഴൊക്കെ എന്തോ പ്രതീക്ഷിച്ചുപോകും... കിച്ചണില്‍ നിന്നവര്‍ എത്തുന്നതുവരെ അവളുടെ വിരല്‍ റ്റി.വി.യുടെ റിമോര്‍ട്ടില്‍ റെസ്റ്റ്ലെസ്സായി... ആശ്രമത്തിന്റെ ചാനലിലെത്തുമ്പോള്‍ സ്വാമിയുടെ പ്രോഗ്രാം മറ്റൊരാള്‍ ലീഡു ചെയ്യുന്നു... താഴെ സ്‌ക്രോളിംഗില്‍ ഉപരിപഠനത്തിന് സ്വാമി അമേരിക്കയിലേക്ക് പോകുന്ന വിവരം...
''അഡ്വാന്‍സ്ഡ് സ്റ്റഡിയൊന്നുമല്ല... അവനെ ഞാനാ അമേരിക്കയിലേക്കയക്കുന്നത്.  എന്റെ മോന്റെ അടുത്തേക്ക്. ടെക്സ്സാസില്‍ ജോലിയും...''
മെറിന്‍ ചാനലില്‍നിന്ന് സ്‌കിപ്പ് ചെയ്ത് അടുത്തതിലേക്ക് പോകുമ്പോള്‍ അവര്‍ കൂട്ടിച്ചേര്‍ത്തു:
''ഇവിടെ കിടന്ന് നശിക്കാനുള്ളതല്ല അവന്റെ ജീവിതം... നീ ചോദിക്കാറില്ലേ അവന്റെ പൂര്‍വ്വാശ്രമം...''
അവര്‍ കമ്പനി വോഡ്കയും നന്നാറിസത്തും സോഡയും ചേര്‍ത്തൊരു കോക്ടെയില്‍ ഉണ്ടാക്കി. 
''ഇതിന്റെ കൂട്ട് പഠിപ്പിച്ചത് ഒരു കവിയാ പേര് പറഞ്ഞാല്‍ നിനക്കാളെ മനസ്സിലാകും... അവനന്ന് പാലക്കാട് വിക്ടോറിയയില്‍ എന്നോടൊപ്പം... ലാസ്റ്റ്ഇയറിന്റെ സ്റ്റഡിടൂര്‍ ക്യാമ്പ്ഫയറും കഴിഞ്ഞ് കൂട്ടുകാരെല്ലാം മുറിയിലേക്ക് മടങ്ങിയപ്പോ അണഞ്ഞുതുടങ്ങിയ നെരിപ്പോടിനരികില്‍ വന്നിരുന്നു. സാരീടെ മറവിലൂടെ കൈവിറയ്ക്കാതെ അന്നവനെന്റെ  നിറഞ്ഞതില്‍ ഒന്നു കൈവെച്ചു. പിടുത്തം കഴിഞ്ഞിട്ടവന്റെ ഫക്കീ ഡയലോഗൂം
''കൈവിറയ്ക്കാതങ്ങനെ ചെയ്യുന്നവനെ എക്കാലവും പെണ്ണിനു നമ്പാന്ന്.''
...നീയിതൊന്നു പിടിപ്പിക്ക്... പനിവിടട്ടേ....''
മെല്ലെ രണ്ടു സിപ്പെടുത്തു... സ്വീറ്റ്ലൈം കുടിക്കുന്നപോലെ....
''മരുന്നിന്റെ കൂട്ട് നീ മൊബൈലിലെടുക്കുന്നത് ഞാന്‍ കണ്ടിരുന്നു. ഡോണ്ട് ട്രൈ റ്റു മെയ്ക്ക് ഇറ്റ്... അതവരുടെ ഒസ്യത്താ... കരിമാക്കാലീന്ന് അതിനി കിട്ടാനും പാടാ...''
അവര്‍ രണ്ടാമതും നിറച്ചു. കൃത്യമായി അളന്ന തേര്‍ട്ടി മില്ലി... പ്രയര്‍പോലെ പാനം...
''അശ്വഗന്ധ, റ്റീവീസ്, ഇന്ത്യന്‍ഡില്‍, മാഡര്‍, ലൈക്കോറൈസ്, നട്ട്ഗ്രാസ്, വെറ്റിവെര്‍, ബ്ലൂ വാട്ടര്‍ ലില്ലി, ലോട്ടസ്, സെഡാര്‍, സര്‍സപെരില്ല, ജിഞ്ചര്‍, പെപ്പര്‍, ഫ്രാംഗിപെനി... റോമെറ്റീരിയല്‍സെല്ലാം കോസ്റ്റിലിയാ... ആമസോണ്‍ വഴി കിട്ടും... ബട്ട് ഒസ്യത്തായതുകൊണ്ട് അവരുണ്ടാക്കിയാലേ ഫലം കിട്ടു... ഫ്‌ലയിമും മരുന്നുകള്‍ എണ്ണയില്‍ ചേര്‍ക്കേണ്ട ടൈമുമൊക്കെ കൃത്യമായിരിക്കണം. നമുക്ക് അശ്വഗന്ധാദി തൈലമൊന്ന് ട്രൈ ചെയ്യാം,  കരിമാക്കാലിലെ കൂട്ടിനോളം വരില്ല എന്നാലും കണ്ടെന്‍സ് ഒന്നാ...''
അവള്‍ റ്റി.വി. ഓഫ് ചെയ്തു...    
''വെള്ളമടിച്ചാ എനിക്കിങ്ങിനെയാ സാന്‍വിച്ചുപോലെ ഉപകഥകള്‍ വന്നോണ്ടിരിക്കും..  സ്വാമിയെക്കുറിച്ചു തന്നെ പറയാം... അവന്റെ ചാച്ചന്‍ നോര്‍ത്തില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രിയിലായിരുന്നു. ശരിക്കും എന്റെ ചെറിയച്ഛന്റെ ബിസിനസിലെ ഗോഡ്ഫാദര്‍. ബിസിനസ് തകര്‍ന്ന് ആ ഫാമിലി മൊത്തത്തിലങ്ങ് വിഷമടിച്ചു... ബാംഗ്ലൂര് എം.ബി.എ ചെയ്‌തോണ്ടിരുന്ന ഇവന്‍ ചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ചാച്ചന്റെ കടംകൊണ്ടു നില്‍ക്കാന്‍ വയ്യാണ്ടായപ്പോള്‍ അവന്‍ കേരളത്തിലേക്ക് ഷിഫ്റ്റ് ചെയ്തു... ഇവിടെ റിലേറ്റീവിന്റെ കൂടെയായിരുന്നു കുറച്ചുകാലം. ആശ്രമത്തിന്റെ സോപ്പുഫാക്ടറി യൂണിറ്റില്‍ പ്രൊഡക്ഷന്‍ മാനേജരായി വര്‍ക്കുചെയ്യുമ്പോഴാണ് സുപ്പീരിയര്‍ കാണുന്നത്. മനസ്സുണ്ടായിട്ടല്ല കാവിയുടുത്തത്... അങ്ങനെയൊക്കെയായിപ്പോയി അവന്റെ ലൈഫ്... എന്റെ മൂത്തമോന്റെ പ്രായമാ. ഞാനിന്നലെ ഡിന്നര്‍ കൊടുത്തു. പോകാന്‍നേരം അവനെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു...''
അവര്‍ ഗ്ലാസ് എംറ്റിയാക്കി ഡ്രിങ്ക് റിപ്പീറ്റു ചെയ്തു...
''സാറ്റര്‍ഡേയാണ് ഫ്‌ലൈറ്റ്... നീ വരുന്നോ സി ഓഫിന്...''
മെറിന്‍ മറുപടി പറയാതെ അവരുടെ ബെഡ്റൂമിലേക്ക് നടന്നു. കാലുകള്‍ ഇടറുന്നുണ്ട്.. കിടക്കയില്‍ വീഴുമ്പോള്‍ ബ്ലാങ്കെറ്റിനു ആന്റിയുടെ കോക്കോനെയര്‍ സ്മെല്‍... അവള്‍ കണ്ണടച്ചു കിടന്നു...
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വാമിയെ യാത്രയാക്കി മടങ്ങുമ്പോള്‍ അവര് കണ്ണുതുടച്ചു..
''എനിക്ക് അജോനെയും ജിജോനെയും പോലെയാണവന്‍...''
അവള്‍ അവരുടെ നെഞ്ചിലേക്ക് മുഖം അമര്‍ത്തി...
''ഞാനും ആന്റീടെ മോളല്ലേ...''
''എന്റെ കുഞ്ഞേ...''

അവരുമ്മ വെയ്ക്കുമ്പോള്‍ വാനിറ്റിയില്‍ വിറച്ചുകൊണ്ടിരുന്ന ഫോണ്‍കോള്‍  ഇടതു തള്ള വിരല്‍കൊണ്ടു അവള്‍ ഡിസ്‌ക്കണക്റ്റ് ചെയ്തു...
തൃപ്പൂണിത്തുറേന്ന് മറൈന്‍ഡ്രൈവ് റൂട്ടില്‍ ആഷിക്ക് അബുവിന്റെ തോളില്‍ തലചായ്ച്ച് കാറിന്റെ പിന്‍സീറ്റിലിരുന്ന പുതുവൈപ്പിന്‍കാരി ചോദിച്ചു:
''...നീയിപ്പ ആരേണ് ഫോണില് ട്രൈ ചെയ്‌തേ...''
''ബോസിനെയാടീ... നാളെ ലീവാണെന്ന് പറയാന്‍...''
മുന്നില്‍ വണ്ടിയോടിച്ചോണ്ടിരുന്നവന്റെ ഇടതുവശത്തിരുന്നവന്‍ ചിരിയൊതുക്കാന്‍ പാടുപെട്ടു. അവളുടെ മടിയിലേക്ക് തലചായ്ച്ച് അടിവയറിനെ പൂജിച്ചുകൊണ്ട് ആഷിക്കിന്റെ ഫേവറൈറ്റായ ഡയലോഗ്...
''ഒരു ടെന്‍ ഡെയ്സ് അബ്ഡമന്‍ ചെയ്യ്... ഇതു ശരിയാകും...''
വണ്ടി ഓവര്‍ബ്രിഡ്ജ് കയറുമ്പോള്‍ മുന്നിലിരുന്നവന്‍ കൊടുത്ത സോഫ്റ്റ് ഡ്രിംഗ്സ് കുടിച്ചിട്ടവള്‍ വലിച്ചെറിഞ്ഞ എംറ്റി കണ്ടൈനറിലേക്ക് പനമ്പിള്ളി നഗറിലെ ആണീച്ച പറന്നിറങ്ങി... ഒപ്പം പറന്നെത്തിയ വാത്തുരുത്തിയിലെ പെണ്ണ് ചിറക് കുടഞ്ഞു:
''രുചിക്കല്ലേ... അതില്‍ മയക്കുപൊടിയിട്ടിട്ടുണ്ട്...''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com