വെട്ട്റോഡ്: ഉണ്ണി ആര്‍ എഴുതിയ കഥ

വെട്ട്‌റോഡിലൂടെ ഒരു കല്ലില്‍നിന്നു മറ്റൊരു കല്ലിലേക്ക് തെന്നിത്തെറിച്ച് പോകുന്ന പൊലീസ് ജീപ്പ് കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് ഒരു സംശയവും ഉണ്ടായില്ല.
ചിത്രീകരണം-കെ.പി. മുരളീധരന്‍
ചിത്രീകരണം-കെ.പി. മുരളീധരന്‍

വെട്ട്‌റോഡിലൂടെ ഒരു കല്ലില്‍നിന്നു മറ്റൊരു കല്ലിലേക്ക് തെന്നിത്തെറിച്ച് പോകുന്ന പൊലീസ് ജീപ്പ് കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് ഒരു സംശയവും ഉണ്ടായില്ല. ഇത് മേസ്തിരിയുടെ വീട്ടിലേക്കാണ്. അത് അങ്ങനെ തന്നെയായിരുന്നു. കൊത്തങ്കല്ല് കളിക്കും പോലെ ചാടിച്ചാടി വന്ന ജീപ്പ് മേസ്തിരിയുടെ വീടിനു മുന്നില്‍ എത്തിയപ്പോള്‍ ക്ഷീണിച്ച മട്ടില്‍ നിന്നു. എസ്.ഐ ഇറങ്ങും മുന്‍പ് പിന്നിലിരുന്ന രണ്ട് പൊലീസുകാര്‍ ചാടി ഇറങ്ങി. അതില്‍ പ്രായം ചെന്നയാള്‍ ഗയിറ്റ് തുറന്നിട്ടിട്ട് വേഗത്തില്‍ വീട്ടിലേക്ക് നടന്നു. ഗയിറ്റ് മുതല്‍ വീടുവരെ കുറച്ച് നടക്കണം. പറമ്പില്‍ നിന്നുമുള്ള ചെടികളും പുല്ലുകളും നടവഴിയിലേക്ക് കേറിപ്പറ്റിയിട്ടുണ്ട്. വീടെത്തും മുന്‍പ് അയാള്‍ മേസ്തിരിയേന്ന് ഉറക്കെ വിളിച്ചു. വീടിനു പിന്നിലെ പേരയുടെ കൊമ്പിലേക്ക് മൂത്രം കൊണ്ട് എത്തിപ്പിടിക്കാന്‍ നോക്കി കാല്‍പ്പാദത്തില്‍ മൂത്രം നനഞ്ഞ് നിന്നിരുന്ന വാവയ്ക്ക് ആ ശബ്ദം കോണ്‍സ്റ്റബിള്‍ നാരായണന്റെയാണന്ന് പിടികിട്ടി. ഇടം കാലും വലം കാലും മാറി മാറി ചവിട്ടിത്തേച്ച് നനവ് മാറ്റിയിട്ട്, മൂത്രത്തിന്റെ അവസാനത്തെ തുള്ളി മുഖം കാണിക്കാനെത്തിയത് കൈലിയിലേക്ക് പൊത്തിപ്പിടിച്ച് തുടച്ച് വീടിനു മുന്നിലേക്ക് ഓടിച്ചെന്നു.
''മേസ്തിരി എന്തിയേടാ?'' കോണ്‍സ്റ്റബിള്‍ നാരായണന്‍ ചോദിച്ചു.
നാരായണനു പിന്നില്‍ നടന്നുവരുന്ന പുതിയ എസ്.ഐയെ നോക്കിയാണ് വാവ മറുപടി പറഞ്ഞത്: ''അകത്തൊണ്ട്. കെടക്കുവാ.''
മേസ്തിരിയെ വിളിക്കാന്‍ എസ്.ഐയുടെ കൂടെ വന്ന പൊലീസുകാരന്‍ കണ്ണ് കാണിച്ചു.
''ഇങ്ങോട്ടിരിക്ക് സാറേ'' വീടിന്റെ തിണ്ണയിലെ പൊടി തോര്‍ത്തുകൊണ്ട് തട്ടിയിട്ട് വാവ പറഞ്ഞു.
''പൊറുതിക്ക് വരുമ്പം പറയാടാ, ആളെ വിളിക്ക്.''
വാവയൊന്ന് മടിച്ച് നിന്നിട്ട് ഹെഡ് കോണ്‍സ്റ്റബിളിനോട് ഒന്ന് വരുവോന്ന് ചോദിച്ചു. വീടിന്റെ കോണിലേക്ക് വാവയ്ക്കൊപ്പം നാരായണന്‍ ചെന്നു.
''ഇവനേതാ?'' എസ്.ഐ കൂടെ നിന്നിരുന്ന പൊലീസുകാരനോട് ചോദിച്ചു.
''മേസ്തിരീടെ കൈക്കാരന്മാരിലൊരാളാ, അഷറഫെന്നാ ശരിക്കൊള്ള പേര്, വാവയെന്നാ എരട്ടപ്പേര്.''
വാവ പറഞ്ഞതെല്ലാം കേട്ട ശേഷം ഹെഡ് കോണ്‍സ്റ്റബിള്‍ നാരായണന്‍ പറഞ്ഞു: ''എടാ, പുതിയ എസ്.ഐയാണ് ഊമ്പിക്കാന്‍ നോക്കിയാല്‍ ഞാനങ്ങ് കൈ കഴുകും.''
''പടച്ചോനാണേ സത്യമാ സാറേ'' വാവ തല കുമ്പിട്ട് പറഞ്ഞു.
നാരായണന്‍ ഒന്ന് മൂളിയിട്ട് എസ്.ഐയുടെ അടുത്തേക്ക് ധൃതിയില്‍ നടന്നുചെന്നു. പിന്നാലെ വാവയും. എസ്.ഐയുടെ നോട്ടം തന്റെ ഉടുപ്പില്ലാത്ത ശരീരത്തിലേക്കാണ് ഒരു ദാക്ഷിണ്യവുമില്ലാതെ വീഴുന്നതെന്ന് മനസ്സിലായപ്പോള്‍ വാവ പെട്ടന്ന് കയ്യിലെ തോര്‍ത്തെടുത്ത് പുതച്ചെങ്കിലും വടിവാളുകൊണ്ടും കഠാരകൊണ്ടും എഴുതിയ ഗണിതചിഹ്നങ്ങള്‍ തോര്‍ത്തിനു പുറത്തേക്ക് എഴുന്നുനിന്നു.
''സാറേ'' നാരായണന്‍ തൊപ്പിയൂരിയിട്ട് തല ചെറുതായി ചൊറിഞ്ഞിട്ട് പറഞ്ഞു: ''ഇവന്‍ പറയുന്നത് മേസ്തിരി ചോര തൂറി കെടപ്പാണന്നാ. നമുക്കെന്നാല്‍ അകത്തോട്ട്...''
എസ്.ഐ ആഞ്ഞൊന്ന് ശ്വാസമെടുത്തിട്ട്, വീടിന്റെ പടിയിലിട്ടിരുന്ന ചവിട്ടിയില്‍ ഷൂസ് അമര്‍ത്തി ഉരച്ച് തിണ്ണയിലേക്ക് കയറി. ഈ സമയം മുറ്റത്തുനിന്ന് തിണ്ണയിലേക്ക് ചാടിക്കയറിയിട്ട് വാവ വീടിന്റെ വാതില്‍ തള്ളിത്തുറന്ന് മേസ്തിരിയുടെ മുറിയിലേക്ക് ഓടിച്ചെന്നു.
വലിയൊരു കരിമ്പടത്തിനുള്ളില്‍ തല വരെ മൂടിക്കിടന്നിരുന്ന മേസ്തിരിയെ വാവ വിളിച്ചു: ''മേസ്തിരീ, ഒന്നെണീക്ക്.''
വാവയുടെ ശബ്ദം കരിമ്പടത്തിന്റ തോട് പൊളിച്ച് ഉള്ളില്‍ കയറിയില്ല. വാവ വീണ്ടും വിളിച്ചു. മേസ്തിരി അറിഞ്ഞില്ല.
''ഒന്ന് ഒറക്കെ വിളിക്കടാ'' വാതിലിന്റെ കട്ടളയില്‍ ഊക്കോടെ തട്ടി അകത്തേക്ക് വന്ന ഹെഡ് കോണ്‍സ്റ്റബിള്‍ നാരായണന്റെ ശബ്ദത്തില്‍ കമ്പിളിപ്പുതപ്പിനുള്ളില്‍ കിടന്നിരുന്ന മേസ്തിരിയുടെ ശരീരമൊന്ന് ഇളകി.
''മേസ്തിരിയേ, ശ്രീകോവിലൊക്കെ തൊറന്നൊന്ന് പൊറത്തോട്ട് വാ, ഞങ്ങള് കൊറച്ച് പേര് കാണാന്‍ വന്നിട്ടൊണ്ട്'' നാരായണന്‍ കട്ടിലിലേക്ക് കുനിഞ്ഞ് നിന്നു പറഞ്ഞു.
അടുത്ത മുറിയില്‍നിന്നുമെടുത്ത് കൊണ്ടുവന്ന കസേര വാവ എസ്.ഐക്ക് കൊടുത്തു. എസ്.ഐ. ഇരുന്ന ശേഷം ഹെഡ് കോണ്‍സ്റ്റബിളിനോട് ചോദിച്ചു: ''തന്റെ ആളല്ലേ കെടക്കുന്നേ, എന്നാ വിളിച്ചത് കേട്ടില്ലേ?''
അത് കേട്ട് നാരായണന്‍ ചിരി പോലെ എന്തോ മുഖത്ത് വരുത്തി.
''ഇവന്റെ പള്ളിയൊറക്കം കഴിയുന്നവരെ ഇവിടിങ്ങനെ ഇരിക്കണോ?'' എസ്.ഐ രണ്ട് പൊലീസുകാരോടുമായി ചോദിച്ചു.
''മേസ്തിരീ, എഴുന്നേല്‍ക്ക്, സാറന്മാര് വന്നിട്ടൊണ്ട്'' വാവ കട്ടിലിന്റെ തലയ്ക്കല്‍ കുനിഞ്ഞിരുന്നു പറഞ്ഞു. മേസ്തിരി കേട്ടില്ല.
എണീക്കടാ പൊലയാടി മോനേന്ന് പറഞ്ഞ് എസ്.ഐ കസേരയിലിരുന്ന് കട്ടിലിന്റെ അരിക് വീതി നോക്കി ഒറ്റച്ചവിട്ടായിരുന്നു. ആരും അത് പ്രതീക്ഷിച്ചില്ല. കോണ്‍സ്റ്റബിള്‍ മാത്തന്‍ മേസ്തിരിയുടെ മുഖം മൂടിക്കിടന്നിരുന്ന കമ്പിളി വലിച്ചെടുത്തു. എസ്.ഐ. കട്ടിലില്‍ കിടന്നിരുന്ന മേസ്തിരിയുടെ മുഖത്തേക്ക് ആവുന്നത്ര ക്രൗര്യത്തോടെ നോക്കിയെങ്കിലും അയാള്‍ കണ്ണടച്ചായിരുന്നു കിടന്നിരുന്നത്. 


''സാറേ'' വളരെ പതുക്കെ മേസ്തിരി പറഞ്ഞു: ''വേദന സഹിക്കാന്‍ മേല, അതാ കണ്ണ് തുറക്കാത്തെ. ഇന്നലെ രാത്രീലും നല്ല ചോര പോക്കുണ്ടാരുന്നു. അത് കാരണം മൂന്നാല് ദിവസായി ഒറക്കോം ഇല്ല. സാറന്മാര് എന്നാത്തിനാ വന്നതെന്ന് പറഞ്ഞോ.''
പൊലീസുകാര്‍ എസ്.ഐയെ നോക്കി. എസ്.ഐ. പൊലീസുകാരേയും. എസ്.ഐയുടെ നോട്ടത്തില്‍നിന്ന് നാരായണന് കാര്യം മനസ്സിലായി.
''ഇന്നലെ രാത്രീല് എവിടാരുന്നു?''
''നാരായണന്‍ സാറേ, കഴിഞ്ഞ നാല് ദിവസായിട്ട് ദേ, ഈ മുറീം കക്കൂസുമല്ലാതെ മുറ്റത്തോട്ട് പോലും എറങ്ങീട്ടില്ല.''
''ഇന്നലെ കരിപ്പൂത്തട്ട് ഷാപ്പില് പോയോ?''
''ഷാപ്പില്‍ പോക്കൊക്കെ നിര്‍ത്തീട്ട് കാലമെത്രയായി സാറേ, മൊത്തം കലക്കും പാലക്കാടന്‍ കള്ളുമാ, തൂറിക്കൊണം വരും. സാറ് കാര്യം പറ.''
''ഇന്നലെ രാത്രീല് വടക്കന്റെ കൊതം പൊളിച്ചത് പിന്നാരാ?''
മേസ്തിരിയുടെ കണ്ണുകളപ്പോള്‍ ഒരു പൂ വിടരുന്നതിനേക്കാള്‍ പതുക്കെ ഉദിച്ചു വന്നു. ഒരു മദ്യപാനിയേക്കാള്‍ ആലസ്യത്തില്‍ തലചുറ്റുന്ന പൊടിനിറഞ്ഞ ഇലകളുള്ള ഫാനിലേക്ക് കുറച്ചു നേരം നോക്കിക്കിടന്ന ശേഷം ചോദിച്ചു: ''ഏത് നമ്മടെ സാബുവിനെയോ?''
അതിന് മറുപടിയായി വന്ന മൂളലിലേക്ക് മെല്ലെ മേസ്തിരി നോട്ടം തിരിച്ചു. ''ആ മാത്തന്‍ സാറും ഒണ്ടാരുന്നോ?''
മാത്തന്‍ ചിരിക്കാതെ ഗൗരവം എടുത്ത് പിടിക്കാന്‍ ശ്രമിച്ചു.
''ഞാനാ ചെയ്തതെന്ന് സാബു പറഞ്ഞോ?''
''അവന്‍ പറയണോ നീയാ ചെയ്തതെന്ന്?''
പരിചയമില്ലാത്ത ആ ശബ്ദത്തിലേക്ക് നോക്കിയിട്ട് തിരിച്ച് കണ്ണെടുക്കാന്‍ മേസ്തിരിക്ക് വല്ലാത്തൊരു മടി വന്നു. ''പുതിയ എസ്.ഐയാ അല്ലേ?''
ആരും മറുപടി പറഞ്ഞില്ല.
''സുന്ദരനാ'' മേസ്തിരി എസ്.ഐയെ നോക്കി ചെറിയൊരു ചിരിയോടെ പറഞ്ഞു.
ഒരു നിമിഷം എസ്.ഐക്ക് എന്ത് പറയണമെന്നറിയാതെ നില തെറ്റിപ്പോയി. പൊലീസുകാര്‍ മേസ്തിരി പറഞ്ഞത് കേട്ടില്ലന്ന് ഭാവിച്ചു.
''സാറേ, അവനിട്ട് ഞാന്‍ ഏക്കം കൊടുക്കത്തില്ലന്ന് അവനറിയാം. സാബൂം ഞാനും കളം പിരിഞ്ഞിട്ട് വര്‍ഷം രണ്ടായി. പക്ഷേ, രണ്ട് പേര്ടേം വലയ്ക്കൊള്ളതേ ഞങ്ങള് വീശൂ. അതിനെടേല് ഒടക്കുവല വെക്കത്തില്ല. അത് ഞങ്ങള് തമ്മിലൊള്ള വാക്കാ.''
''പിന്നാരാ, അവന്റെ കൊതം ചൊരണ്ടിയത്?'' എസ്.ഐ കസേര കട്ടിലിനടുത്തേക്ക് ചേര്‍ത്തിട്ടു. ''മൈരേ, ഒള്ളത് പറഞ്ഞോ, ഇല്ലേ ഇപ്പോ നീ കൊതത്തില്‍ക്കൂടി തൂറുന്ന ചോര വായിക്കൂടെ തൂറ്റിക്കും.''
''എന്റെ സാറേ, ഞാന്‍ ചെയ്തിട്ടില്ല. നമ്മടെ വാക്കിന് പൊന്നിനേക്കാള്‍ വെലയൊണ്ടോന്ന് ദേ, ഇവരോട് ചോദിക്ക്.''
എസ്.ഐ രണ്ട് പൊലീസുകാരേം ഒന്ന് നോക്കി. അവര്‍ ഒന്നും പറഞ്ഞില്ല.
''നിന്റെ വക സ്പെഷ്യല്‍ സര്‍ജറി പിന്നെ ആരാ ചെയ്തത്?'' എസ്.ഐ ചോദിച്ചു.
ചോദ്യം മനസ്സിലാവാതെ മേസ്തിരി നാരായണനെ നോക്കി.
''സാബൂന്റെ ഗുദദ്വാരത്തില്‍ വടിവാള് കേറ്റി തിരിച്ചിട്ടുണ്ട്. മേസ്തിരീടെ സ്റ്റൈല് അതാണല്ലോ. അതറിഞ്ഞിട്ടാ സാറ് ചോദിച്ചേ.''
''എന്റെ സാറേ, കേസ് എന്റെ മേലേ വെക്കാന്‍ ഏതെങ്കിലും തന്തയില്ലാത്തവന്‍ ചെയ്തതാരിക്കും. വിശ്വസിക്കാമെങ്കില് വിശ്വസിക്ക്.''
എസ്.ഐ കുറച്ചു നേരം മിണ്ടാതിരുന്നു.
''അതല്ല, സാറിന്റെ കൂടെ വരണങ്കില്‍ അതും വരാം. പക്ഷേ, ഞാനല്ല ചെയ്തത്.''
''അവനിപ്പം ഐ.സി.യുവിലാ. ബോധം വീണാല്‍ മൊഴിയെടുക്കും'' തിരിഞ്ഞ് വാവയോട് എസ്.ഐ പറഞ്ഞു: ''നിന്റെ മേസ്തിരീടെ പേരാണ് അവന്‍ പറയുന്നതെങ്കില്‍ കോരിക്കൊണ്ട് പോരാന്‍ കൊറച്ചൂടെ കട്ടിയൊള്ള കമ്പിളീയായിട്ട് അങ്ങ് വന്നേക്കണം.''
വാവ തലയാട്ടി.


എസ്.ഐ മുറിക്ക് പുറത്തേക്കിറങ്ങും മുന്‍പ് മേസ്തിരി വിളിച്ചു: ''സാറേ.''
എസ്.ഐ നിന്നിട്ട് തിരിഞ്ഞ് നോക്കി. മേസ്തിരി കഴുത്ത് ചെരിച്ചിട്ട് പറഞ്ഞു: ''മാഹിക്കാരന്‍ ഒരു വെള്ളയൊണ്ട്. ഞാന്‍ അവനെയാ വെയ്റ്റ് ചെയ്യുന്നെ. ചെറിയൊരു താക്കോല്‍ ദ്വാര ശസ്ത്രക്രിയ'' മേസ്തിരി കഴുത്ത് നേരെ വെച്ചിട്ട് കണ്ണ് മെല്ലെ അടച്ചു. ''സാറിന്റെ സ്റ്റേഷന്‍ പരിധിയിലാണ് വര്‍ക്ക് നടക്കുന്നതെങ്കില്‍ ഇങ്ങോട്ട് വരണ്ട. ഞാന്‍ അങ്ങോട്ട് വന്നോളാം.''
എസ്.ഐയും പൊലീസുകാരും വീടിന് പുറത്തേക്കിറങ്ങി. വാവ അവരെ പടിവരെ കൊണ്ടാക്കി. ജീപ്പിനു പിന്നിലിരുന്ന നാരായണനും മാത്തനും വാവയെ നോക്കിയില്ല. വഴിയിലെ കല്ലുകളിലേക്ക് ജീപ്പ് തിരിച്ചോടി തുടങ്ങിയപ്പോള്‍ നാരായണന്‍ ഏറ് കണ്ണിട്ട് വാവ പടിക്കല്‍ നില്‍പ്പുണ്ടോ എന്ന് നോക്കി.
''പ്രസാദം കൊടുത്തോ?'' മേസ്തിരി ചോദിച്ചു.
''പുതിയ എസ്.ഐ അല്ലേ... അങ്ങേര് ചെലപ്പോ?'' വാവ സംശയിച്ചു.
''പുതിയ ഏമാന്‍ പൊരപ്പുറം നക്കും. നാരായണനെ ഏല്‍പ്പിച്ചാല്‍ മതി.''
വാവ തലയാട്ടി.
ചേട്ടാന്നുള്ള വിളി കേട്ടപ്പോള്‍ വാവ പുറത്തേക്കിറങ്ങി. പാല് കൊണ്ടുവന്ന കുട്ടിയാണ്. പാല്‍ക്കുപ്പി വാങ്ങുന്നതിനിടയില്‍, അവള്‍ക്ക് പിന്നില്‍ നിന്നിരുന്ന ഇരുപത്, ഇരുപത്തിമൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന പെണ്ണിനെ നോക്കിയിട്ട് ചോദിച്ചു: ''ഇതാരാ?''
പാല് കൊണ്ടുവന്ന കുട്ടി തിരിഞ്ഞ് നോക്കി. അപ്പോഴാണ് അങ്ങനെയൊരാള്‍ പിന്നില്‍ നില്‍ക്കുന്നത് അവളറിഞ്ഞത്. രണ്ട് തോളും മുകളിലേക്കുയര്‍ത്തിയിട്ട് അറിയില്ലന്ന് പറഞ്ഞു.
''നീ ഏതാടീ പെണ്ണേ?''
''മേസ്തിരിയെ ഒന്നു കാണാന്‍ വന്നതാ.''
''എറങ്ങിക്കേ, പെണ്ണുങ്ങള്‍ക്ക് കേറാന്‍ പറ്റിയ സ്ഥലോന്നുമല്ലിത്.''
''അപ്പോള്‍ ദേ ഈ കൊച്ചും പറമ്പില് പുല്ലു പറിക്കുന്ന ആ ചേച്ചീമൊക്കയോ?''
''ഇത്തിരീംപോന്ന കൊച്ചിനേം എഴുപത് വയസ്സായ തള്ളേം പോലാണോ നീ?'' വാവ ദേഷ്യം പിടിച്ച് തിണ്ണയില്‍നിന്ന് താഴോട്ട് ഇറങ്ങുമ്പോള്‍ പാല് കൊണ്ടുവന്ന കുട്ടി പറഞ്ഞു: ''ചേട്ടാ, പാലൊഴിച്ചിട്ട് കുപ്പി താ, എനിക്ക് സ്‌കൂളില്‍ പോണം.''
വാവ തുറിച്ചൊന്ന് നോക്കിയിട്ട് പാല്‍ക്കുപ്പിയുമായി വീട്ടിലേക്ക് കയറി.
''കൊച്ചിന്റെ പേരെന്നാ?''
''റോസമ്മ. ചേച്ചീടെയോ?''
''പത്മിനി.''
''ഈ റോസമ്മാന്നൊക്കെ ആരാ ഇട്ടത്? എന്നാ വെല്യ പേരാ?''
''സ്‌കൂളിലെ പേര് ആന്‍ഡ്രിയ വി. സാമുവല്‍ എന്നാ. എനിക്ക് ആ പേര് ഇഷ്ടാല്ല. ചള്ള് പേരാ.''
പത്മിനിയത് കേട്ട് ചിരിച്ചു.
പുള്ളിയുള്ളൊരു ഷര്‍ട്ടുമിട്ടാണ് വാവ തിരിച്ച് വന്നത്. പാല്‍ക്കുപ്പി റോസമ്മയ്ക്ക് തിരിച്ച് കൊടുത്തു. അവളതും വാങ്ങി പോയി.
''എടീ പെണ്ണേ, നിനക്ക് പറ്റിയടത്ത് പോയിക്കേറ്. ഇത് ലൊക്കേഷന്‍ വേറെയാ.''
''മേസ്തിരിയെ... ഒന്നു കണ്ടിട്ട്.''
''പറ്റത്തില്ലന്നു പറഞ്ഞില്ലേ.''
''ഒരു കാര്യം... പറഞ്ഞാ മതി.''
''നടക്കത്തില്ലന്നല്ലേ പറഞ്ഞത്'' വാവയുടെ ഒച്ച പൊങ്ങിയപ്പോള്‍ പത്മിനി പേടിച്ചു.
''ആരാ പുറത്ത്?'' വീടിനുള്ളില്‍നിന്നും മേസ്തിരിയുടെ ശബ്ദം തളര്‍ച്ചയോടെ നടന്നു വന്നു.
''ആരുമില്ല''
വാവ അടുത്തേക്ക് ചേര്‍ന്ന് നിന്നപ്പോള്‍ തലേന്ന് രാത്രിയിലെ പുളിച്ച കള്ളിന്റെ നാറ്റം കൊണ്ട് ശരീരത്തെ വെഞ്ചരിക്കുന്നതുപോലെ പത്മിനിക്ക് തോന്നി.
''ഇങ്ങനെ തന്നെ തിരിച്ച് പോകണോ? അതോ മൂക്കും മൊലേം ഇല്ലാതെ പോകണോ?''
പത്മിനിക്കത് കേട്ട് പേടിയല്ല ഓക്കാനമാണ് വന്നത്. അവള്‍ തിരിച്ചോടി ഗയിറ്റിനു പുറത്ത് കൈ കുത്തി നിന്ന് വളഞ്ഞു. ഒന്നുരണ്ട് മുരള്‍ച്ചയ്ക്കൊപ്പം കഫത്തിന്റെ വെളുത്ത പശയുള്ള നീളന്‍ വരകള്‍ തൊണ്ടയില്‍നിന്ന് അഴിഞ്ഞ് വന്നു.
വാവേന്ന് മേസ്തിരിയുടെ വിളി തിണ്ണയിലേക്ക് ഇറങ്ങും മുന്‍പ് വാവ മുറിയിലെത്തി.
''ഈ ചോര പറ്റിയ തുണിയൊന്ന് മാറ്റ്.''
മേസ്തിരിയെ വാവ കട്ടിലില്‍നിന്ന് എണീപ്പിക്കുവാനായി കയ്യില്‍ പിടിച്ചപ്പോള്‍ കൈ കുടഞ്ഞ് മാറ്റിയിട്ട് മേസ്തിരി എഴുന്നേറ്റു. കുറച്ചുനേരം മുറിയിലൂടെ ഒന്ന് രണ്ട് ചാല് നടന്നിട്ട് നിന്നു.
''എന്നായി?''
''പാപ്പന്‍ മാഹീലൊണ്ട്, ചീരന്‍ കണ്ടിപ്പോക്കറെക്കൊണ്ട് കൊടുവള്ളീല് റഡാറ് വെച്ചിട്ടൊണ്ട്.''
''എപ്പോള്‍ അറിയും?''
''ഉച്ചയ്ക്ക് മുന്‍പ്.''
മേസ്തിരി കക്കൂസിലേക്ക് പോയി. കുന്തക്കാലില്‍ അമര്‍ന്നു. വലതുകൈ മുട്ടിനു മേല്‍ വിശ്രമിച്ചു. ഇടത് കൈയുടെ ചിന്മുദ്രയില്‍ വാവ തെറുത്ത് കൊടുത്ത ബീഡിയില്‍നിന്ന് കൊഴുത്ത പുക ആടിയാടി ചുവരിലേക്ക് പിടിച്ചു കയറി.
ഉച്ചയ്ക്ക് മുന്‍പ് ചീരന്‍ വന്നു. ചീരന്‍ വരുമ്പോള്‍ മേസ്തിരി കട്ടിലില്‍ കമഴ്ന്ന് കിടക്കുകയായിരുന്നു. ചീരന്‍ മുറിയിലേക്ക് കയറിപ്പോള്‍ മേസ്തിരി പറഞ്ഞു: ''ഇനി സമയമില്ല.''
''അറിയാം.''
''എപ്പോള്‍?''
''ഇന്ന് രാത്രി തൊമ്മിക്കുഞ്ഞിനെ കാണാന്‍ വെള്ളവരും.''
''ചെറുക്കനോ?''
''അത്...''
''ചെറുക്കന്റെ കാര്യം പറ'' മേസ്തിരി പറഞ്ഞു.
''ചെറുക്കനെ കടത്താനുള്ള പ്ലാനാണ്.''
''എങ്ങോട്ട്?''
''ദുബായ്ക്കാന്നാ കേട്ടത്.''
''എവിടുന്ന് കേട്ടു?''
''കണ്ടിപ്പോക്കറ് പറഞ്ഞു.''
മേസ്തിരി കുറച്ചു നേരത്തേക്ക് ഒന്നും പറഞ്ഞില്ല. തലയിണയില്‍ മുഖം അമര്‍ത്തിവെച്ചു.


''വെള്ള നേരിട്ടാണോ തൊമ്മിക്കുഞ്ഞുമായി ഏര്‍പ്പാട്?''
''അതേ'' ചീരന്‍ പറഞ്ഞു: ''ഇന്ന് രാത്രി സ്വാമിക്കും പട്ടര്‍ക്കുമുള്ള ഗോള്‍ഡ് തൊമ്മിക്കുഞ്ഞിനെ ഏല്‍പ്പിക്കും. തൊമ്മി വഴി സാധനം എത്തിച്ചാ മതീന്നാ സ്വാമീം പട്ടരും പറഞ്ഞിരിക്കുന്നെ.''
''എപ്പഴാ ചടങ്ങ്?''
''ഒരു മണി കഴിയും. ഹൈവേയിലുള്ള തൊമ്മിക്കുഞ്ഞിന്റെ അളിയന്റെ ധ്യാനകേന്ദ്രത്തില്‍ വെച്ചാ.''
മേസ്തിരിയൊന്ന് മൂളി.
''എന്റെ ചെറുക്കനിപ്പം എവിടുണ്ട്?''
''മാര്‍ക്ക് ചെയ്യാന്‍ പറ്റിയില്ല. പോക്കറ് നോക്കുന്നുണ്ട്.''
മേസ്തിരി വാവയെ വിളിച്ചു. വാവ ബീഡി കൊടുത്തു. മേസ്തിരി കക്കൂസിലേക്ക് പോകും മുന്‍പ് പറഞ്ഞു: ''വെള്ളേടെ കുണ്ടീല് ദേ ഈ പെരുവിരലിന്റെ വലിപ്പത്തില്‍ തൊളയിടും. എന്നിട്ട് ഈ ചെമ്പു മോതിരം ഒരലങ്കാരത്തിന് അങ്ങോട്ട് കേറ്റിവെക്കും.''
വാവയും ചീരനും തലയാട്ടി. കക്കൂസിന്റെ വാതിലടഞ്ഞു.
മാഹിക്കാരന്‍ വെള്ള വഴിയാണ് തെക്കോട്ടേക്കുള്ള ജൂവലറിക്കാര്‍ക്ക് സ്വര്‍ണ്ണം എത്തുന്നത്. തെക്കോട്ടുള്ള സ്വര്‍ണ്ണം ആലപ്പുഴക്കാരന്‍ സ്വാമിയുടെ കയ്യിലെത്തും അത് തൃശൂരുള്ള പട്ടര്‍ക്കും കോട്ടയത്തുള്ള നസ്രാണികള്‍ക്കുമായി സ്വാമി തിരിച്ച് കൊടുക്കും. നെടുമ്പാശ്ശേരീന്നും കരിപ്പൂരുന്നും വെള്ളയുടെ പിള്ളേരെ പിടിച്ചതോടെ വെള്ള ഗ്രീന്‍ റൂമിലേക്ക് മാറി. വിശ്വാസമുള്ളവരും എന്തിനും പോന്നവരുമായ ആളുകളെ വിട്ടാല്‍ സ്വര്‍ണ്ണം തരാമെന്ന് വെള്ള പറഞ്ഞതോടെയാണ് മേസ്തിരിയുടെ കാലം തെളിഞ്ഞത്. ചീട്ടുകളീം വെട്ടും കുത്തുമായി നടന്നിരുന്ന മേസ്തിരിയെ സ്വാമിക്ക് പരിചയപ്പെടുത്തുന്നത് കണ്ടിപ്പോക്കറാണ്. നല്ല നെയ്ക്കുമ്പളങ്ങാ പോലുള്ള ചെറുക്കന്മാരെ സപ്ലൈ ചെയ്യുന്ന ഇടനിലക്കാരനാണ് കണ്ടിപ്പോക്കര്‍. മേസ്തിരിയുടെ പഴേ ചങ്ങാതിയാണ്. സ്വാമിക്ക് പിള്ളേരെ കൊടുക്കുന്നതും പോക്കറാണ്. പിള്ളേരല്ലാതെ ഒറപ്പുള്ള ആണുങ്ങള്‍ ആരെങ്കിലും ഉണ്ടോന്ന് സ്വാമി ചോദിച്ചപ്പോഴാണ് പോക്കറ് മേസ്തിരിയെ പരിചയപ്പെടുത്തിയത്. മേസ്തിരി കാറ്റോ മഴയോ അറിയിക്കാതെ സാധനം എത്തിച്ച് കൊടുത്തു. അപ്പോഴെല്ലാം മേസ്തിരിയുടെ നോട്ടം സ്വാമിയുടെ കൂടെയുള്ള ചെറുക്കനിലായിരുന്നു.
''അത് ങ്ങള് വിട്ടോളീ, വെള്ള കണ്ണ് വെച്ചിട്ടൂടെ സാമി കൊടുത്തിട്ടില്ല'' കണ്ടിപ്പോക്കര്‍ പറയും.
''ഒന്ന് ശരിയാക്ക് പോക്കറേ'' മേസ്തിരി അപേക്ഷിക്കും.
''സാമി തരൂല്ല.''
''അതെന്നാ?''
''ചെക്കന്‍ അമ്മാതിരിപ്പണിയല്ലേ.''
''നിങ്ങള് നല്ല ചെറുക്കന്മാരേയൊക്കെ പട്ടന്മാര്‍ക്കേ കൊടുക്കത്തൊള്ളോ?''
''ങ്ങള് എന്താണീ പറയുന്നെ? ചെക്കന്‍ വന്നപ്പഴേ സാമി കൊത്തിയെടുത്ത് പോയതല്ലേ.''
നെടുമ്പാശ്ശേരിലും കരിപ്പൂരും ബോംബേലുമെല്ലാം സ്വര്‍ണ്ണം പിടിക്കാന്‍ തുടങ്ങിയതോടെ സ്വര്‍ണ്ണത്തിന്റെ പുറം വരവ് കുറഞ്ഞു. വെള്ളയെ സ്വാമിയും പട്ടരും മറ്റ് സ്വര്‍ണ്ണക്കടക്കാരും നേരിട്ട് പോയിക്കണ്ടു. വെള്ളയ്ക്ക് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. വെള്ളയത് മാറ്റിനിര്‍ത്തി സ്വാമിയുടെ ചെവിയില്‍ പറഞ്ഞു. സ്വാമി ഒന്നും പറയാതെ നിന്നപ്പോള്‍ വെള്ള പറഞ്ഞു: ''നിങ്ങടെ കയ്യിലെ ആ പൊന്നിങ്ങ് തന്നാ, ഉരുവഴിയാണേലും നമ്മള് കരേല് സാധനമെത്തിക്കും.''
കണ്ടിപ്പോക്കറുടെ കയ്യിലേക്ക് ചെറുക്കനെ കൊടുക്കും മുന്‍പ് സ്വാമി അവന്റെ ഇളം മുലഞെട്ടില്‍ കടിച്ച് മുറിവ് വീഴ്ത്തി. പോക്കറുടെ വണ്ടി സ്വാമിയുടെ വീട് വിട്ട് കഴിഞ്ഞപ്പോള്‍ ഒന്ന് നിന്നു. മേസ്തിരി വണ്ടിയില്‍ നിന്നിറങ്ങിയില്ല. വാവയും പാപ്പനും ചെറുക്കനെ കൂട്ടിക്കൊണ്ട് വന്നു. വണ്ടിയുടെ ചില്ലിനപ്പുറത്ത് നിന്ന് പോക്കര്‍ പറഞ്ഞു: ''മേസ്തിരീ ഇത് കള്ളക്കച്ചോടമാണ്.''
''കള്ളക്കച്ചോടത്തിനല്ലേ പോക്കറേ സുഖം?''
''വെള്ള തപ്പിവരും.''
''ഈ പൊന്ന് എനിക്ക് ചാര്‍ത്തിയെന്ന് പറഞ്ഞേക്ക്.''
രാത്രിയില്‍ സ്വാമിയുടെ ആളുകള്‍ മേസ്തിരിയെ അന്വേഷിച്ച് വന്നു. കിട്ടിയില്ല. വെള്ളയുടെ ആളുകളും വന്നു. കിട്ടിയില്ല.
മേസ്തിരി ചെറുക്കനേയും കൂട്ടി ഊട്ടിയും കൊടൈക്കനാലുമെല്ലാം പോയി. അവിടെ നിന്ന് കൂര്‍ഗ്. തിരിച്ച് വയനാട്. വയനാട്ടിലെ ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ ചെറുക്കന്‍ മേസ്തിരിയുടെ മുടിയിലും താടിയിലും വിരലുകൊണ്ട് കുത്തിവരച്ചിട്ട് പറഞ്ഞു: ങ്ങളിത് മുറിച്ച് കള, കുത്തിക്കേറണ്. നീ പറഞ്ഞാ, ഞാനെന്റെ കഴുത്തൂടെ മുറിച്ച് കളയുമെന്ന് പറഞ്ഞ് അപ്പോള്‍ത്തന്നെ ബാര്‍ബര്‍ഷാപ്പിലേക്ക് പോകാനായി മേസ്തിരി തയ്യാറായി.
ചെറുക്കനോട് ആരു വന്ന് മുട്ടിയാലും വിളിച്ചാലും കതക് തുറക്കരുതെന്ന് മേസ്തിരി പറഞ്ഞു. അവന്‍ ഇല്ലന്ന് പറഞ്ഞു.
''ഞാനീ ഒറ്റനാണയം കതകിനിടയിലൂടെ ഇടും അപ്പഴേ തുറക്കാവൂ.''
ചെറുക്കന്‍ സമ്മതിച്ചു.
ഹോട്ടലിന് പുറത്തെത്തിയ മേസ്തിരി തിരിച്ച് മുറിയിലേക്ക് ഓടി. വാതിലില്‍ മുട്ടി. വാതില്‍ തുറന്നില്ല. നാണയം കതകിനടിയിലൂടെ ഇട്ടപ്പോള്‍ ചെറുക്കന്‍ വാതില്‍ തുറന്നു. മേസ്തിരി അവനെ കെട്ടിപ്പിടിച്ച് ചുണ്ടില്‍ അമര്‍ത്തി ഉമ്മ വെച്ചിട്ട് കതക് അടച്ചോ എന്നും പറഞ്ഞ് ഇറങ്ങി.
മേസ്തിരി ഇറങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ കതകിന്റെ ചെറുവിടവിലൂടെ ഒരു ഒറ്റ നാണയം നൂണ്ടുവന്നു. മിനുസമുള്ള തറയിലൂടെ ചിലമ്പിച്ച് വന്ന് പുറത്തുള്ള ആളുടെ വരവ് അറിയിച്ചു. ചെറുക്കന്‍ കതക് തുറന്നു.
മേസ്തിരി തിരിച്ചെത്തിയപ്പോള്‍ മുറിയില്‍ ഊദിന്റെ മണമുണ്ടായിരുന്നു.

റോഡിലെ ഇളക്കങ്ങള്‍ മേസ്തിരിയുടെ ചന്തി വേദനിപ്പിച്ചു. ചീരന്‍ എത്ര ശ്രദ്ധിച്ച് ഓടിച്ചിട്ടും വഴിയുടെ ഒടി മടക്കുകളില്‍ കൂര്‍ത്തുനിന്ന കല്ലുകള്‍ ചതിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം മേസ്തിരിക്ക് ചന്തിക്കുള്ളിലെ ചൂടും വേദനയും ഇളകിപ്പറിഞ്ഞ് വീഴുന്നതു പോലെ തോന്നി. വെട്ട്‌റോഡ് വിട്ട് വണ്ടി ഹൈവേയിലേക്ക് കയറിയപ്പോഴാണ് കുറച്ചൊരു ആശ്വാസം കിട്ടിയത്.
''വെള്ള ഏത് ജില്ലേലാണ് ഇപ്പോള്‍ പര്യടനം?'' മേസ്തിരി ചോദിച്ചു.
''പാപ്പന്‍ വണ്ടിക്ക് പൊറകില്‍ പിടിക്കുന്നുണ്ട്, കൊറച്ച് മുന്‍പേ ചോദിച്ചപ്പോള്‍ ചാലക്കുടി വിട്ടന്നാ പറഞ്ഞത്.''
മേസ്തിരിയൊന്ന് മൂളി.
തൊമ്മിക്കുഞ്ഞിന്റെ അളിയന്റെ ധ്യാനകേന്ദ്രത്തിനു കുറച്ച് മുന്‍പായി ചീരന്‍ വണ്ടി നിര്‍ത്തി. മൂന്നു പേരും വണ്ടിയില്‍ നിന്നിറങ്ങി. ധ്യാനകേന്ദ്രത്തിന്റെ മതില് ചാടി, ഇരുട്ട് നോക്കി പതുമ്മി ഇരുന്നു.
കുറച്ചു കഴിഞ്ഞ് പാപ്പന്‍ വിളിച്ചു, വെള്ളയുടെ കാറ് ഹൈവേയില്‍നിന്ന് ടേണ്‍ എടുത്ത് പോയീന്ന് പറഞ്ഞു.
''ലൊക്കേഷന്‍ മാറ്റിയോ?'' വാവ സംശയിച്ചു.
''വെയ്റ്റ് ചെയ്യാം'' മേസ്തിരി പറഞ്ഞു.
വെളുക്കും വരെ കാത്തിരുന്നു. ആരും വന്നില്ല.
തിരിച്ച് പോകുമ്പോള്‍ മേസ്തിരി ചീരനോട് ചോദിച്ചു: ''വെള്ളയുടെ ഡ്രൈവര്‍ കബീറെങ്ങനെ?''
''നോക്കാം'' ചീരന്‍ പറഞ്ഞു.

മുറ്റത്തേക്ക് നീട്ടിവെച്ച വെട്ടം തിണ്ണയില്‍ മലര്‍ന്ന് കിടന്ന് കൂര്‍ക്കം വലിക്കുന്ന വാവയുടെ രണ്ടായി വിടര്‍ന്നു കിടന്ന മുണ്ടിന്റെ തിരശ്ശീലയ്ക്കപ്പുറത്ത്, മറ്റൊരു കൊച്ചുറക്കം പോലെ കിടന്നിരുന്ന ലിംഗത്തിലാണ് ചെന്ന് തൊട്ടിരുന്നത്. ദൂരെ നിന്നേ പത്മിനി വാവയുടെ അശ്ലീലം നിറഞ്ഞ കിടപ്പ് കണ്ടിരുന്നു. ഒച്ചവെക്കാതെ പതുക്കെ മുറ്റത്തേക്ക് കയറിയ പത്മിനി തുരുമ്പിച്ച ശബ്ദത്തില്‍, എന്നാല്‍ താളമോ ശ്രുതിയോ തെറ്റാതെ ആരോ പാടുന്നത് കേട്ടു:

ചക്കരപ്പന്തലില്‍
തേന്മഴ ചൊരിയും
ചക്രവര്‍ത്തി കുമാരാ...

പത്മിനി പാട്ട് വന്ന ദിക്കുനോക്കി നടന്നു. വീടിന്റെ കിഴക്ക് ഭാഗത്തുള്ള മുറിയില്‍ നിന്നാണ് പാട്ട്. ഒരേ വരി തന്നെയാണ് വീണ്ടും വീണ്ടും പാടുന്നത്. നിന്‍ മനോരാജ്യത്തിലെ എന്ന വരിയിലേക്ക് ഇപ്പോള്‍ ചെല്ലും ഇപ്പോള്‍ ചെല്ലും എന്ന തോന്നലുണ്ടാക്കിയിട്ട് വീണ്ടും ചക്കരപ്പന്തലിലേക്ക് തന്നെ കയറിപ്പോകും. ഒരേ വരി കേട്ട് മടുത്തപ്പോള്‍ പത്മിനി അടുത്ത വരിയിലേക്ക് കയറി:

നിന്‍ മനോരാജ്യത്തെ
രാജകുമാരിയായ്
വന്നു നില്‍ക്കാനൊരു മോഹം

പെട്ടന്ന് മുറിക്കുള്ളിലെ പാട്ട് നിന്നു.
''ആരാ?'' മുഴക്കമുള്ള ശബ്ദം പുറത്തേക്ക് വന്നു.
''ഞാനാ, ഇന്നലെ വന്ന ആളാ.''
അപ്പുറത്തു നിന്ന് മറുപടി ഒന്നും വന്നില്ല.
''വാവേ'' ആ ശബ്ദമൊന്ന് അലറി. പത്മിനി പേടിച്ചു.
''അയാളെ വിളിക്കണ്ട, ഞാന്‍ പൊക്കോളാം.''
പത്മിനി തിരിച്ച് നടക്കും മുന്‍പ് മുറിയുടെ ജനാലയോട് ചേര്‍ന്ന് നിന്നിട്ട് പറഞ്ഞു: ''മേസ്തിരീ ഒരു കാര്യം പറഞ്ഞോട്ടെ, ദേഷ്യം പിടിക്കരുത്.''
കുറച്ച് നേരം നിന്നിട്ടും ഉള്ളില്‍നിന്നും മറുപടി ഒന്നും വന്നില്ല.
''അതേ, ചക്കരപ്പന്തലല്ല, ശര്‍ക്കരപ്പന്തലാ ശരി.''
മേസ്തിരി ഒരു നിമിഷം അന്തിച്ചു. ഓര്‍മ്മവെച്ചപ്പോള്‍ മുതല്‍ കൂട്ടുകാര്‍ക്കിടയില്‍, ഷാപ്പില്‍, കല്യാണത്തലേന്ന്, എല്ലാ ദിവസവും കുളിക്കുമ്പോഴും തൂറുമ്പോഴും പാടുന്നതാണ്. അച്ഛന്റെ വീടിനടുത്തുള്ള മൈതാനത്ത് വെച്ച് കുട്ടിക്കാലത്താണ് ആദ്യമായി ഈ നാടകഗാനം കേള്‍ക്കുന്നത്. അന്ന് തൊട്ട് ഇന്നുവരെ എല്ലാവരും തലയാട്ടി താളം പിടിച്ചതല്ലാതെ തെറ്റാണെന്ന് പറഞ്ഞിട്ടില്ല. പൊലീസിന്റെ കയ്യില്‍നിന്ന് അടി നാവിക്ക് ചവിട്ട് കിട്ടിയിട്ടുണ്ട്, ഒളിച്ചിരുന്ന് ചിലര്‍ കുത്തിയിട്ടുണ്ട്, അതിനൊക്കെ ഒന്ന് കുടഞ്ഞ് കളയാനുള്ള വേദനയെ ഉണ്ടായിരുന്നുള്ളൂ. ഇത് വല്ലാത്തൊരു നാണക്കേടായതുപോലെ. കക്കൂസിലേക്ക് ഇറ്റുന്ന രക്തം ഹൃദയത്തില്‍ നിന്നാണന്ന് മേസ്തിരിക്ക് തോന്നി.
പത്മിനി വന്നതുപോലെ ഒച്ചയുണ്ടാക്കാതെ തിരിച്ച് നടക്കുമ്പോള്‍ വാവ അതേ വിടര്‍ന്നുള്ള കിടപ്പിലാണ്. കുറച്ചു നടന്നു കഴിഞ്ഞപ്പോള്‍ വാവേന്നുള്ള അലര്‍ച്ച കേട്ടു. പത്മിനി ആവുന്നത്ര വേഗത്തില്‍ നടന്നു. നടന്നിട്ടും നടന്നിട്ടും തീരുന്നില്ലല്ലോ എന്ന് ആലോചിച്ച് തുടങ്ങുമ്പോഴേക്ക് ബൈക്ക് കൊണ്ട് വന്ന് വാവ വട്ടം വെച്ചു.

വാവ വീടിനുള്ളിലേക്ക് കയറിയിട്ട് കുറച്ച് കഴിഞ്ഞ് തിരിച്ച് വന്നു.
''കേറി വാ.''
മുറ്റത്ത് ചെരിപ്പൂരിവെച്ച് പത്മിനി പടി ചവിട്ടി.
''മേസ്തിരീ'' വാവ വിളിച്ചു.
മേസ്തിരി കട്ടിലില്‍ ഇരിക്കുകയായിരുന്നു. തലയൊന്ന് വെട്ടിച്ചു. വാവയുടെ പിന്നില്‍ നില്‍ക്കുന്ന ചെറിയ പെണ്ണിനെ കണ്ടു.
''കേറി വാ'' മേസ്തിരി പറഞ്ഞു.
പത്മിനി മുറിയിലേക്ക് കയറി.
''ഇരിക്ക്.''
പത്മിനി ഇരുന്നു.
''എന്നാത്തിനാ ഇന്നലേം ഇന്നും വന്നേ?''
''മേസ്തിരിയെ ഒന്ന് കാണാന്‍.''
''കണ്ടിട്ട്?''
''എനിക്കൊരു ജോലി വേണം.''
''എടീ പെണ്ണേ, നിനക്കൊള്ള പണിയൊന്നും ഇവിടില്ല'' വാവയാണ് മറുപടി പറഞ്ഞത്.
''നിങ്ങള് ചെയ്യുന്ന പണി മതി.''
വാവ മേസ്തിരിയെ നോക്കി
''ഞങ്ങള് ചെയ്യുന്ന എന്നാ പണി?'' മേസ്തിരി ചോദിച്ചു.
''ഗുണ്ടായിസം.''
മേസ്തിരി ഒരു ബീഡി കത്തിച്ചു. ചെറുവിരലിനും മോതിര വിരലിനുമിടയില്‍ ബീഡി വെച്ച ശേഷം വിരലുകള്‍ മടക്കിയുണ്ടാക്കിയ ചെറു കിണറിലേക്ക് ചുണ്ടുകള്‍ ചേര്‍ത്ത് ആഞ്ഞ് പുകയെടുത്തു.
''നീ പഠിക്കുവാണോ?'' മേസ്തിരി ചോദിച്ചു.
പത്മിനി തലയാട്ടി.
''എന്നാത്തിന്?''
''എന്‍ജിനീയറിംഗ്.''
''എന്നാപ്പിന്നെ എന്‍ജിനീയര്‍ ആയാപ്പോരേ?''
''അതിന് ജയിക്കണ്ടേ? സപ്ലി കൊറേ ഒണ്ട് എഴുതാന്‍. ഞാന്‍ ജയിക്കത്തില്ല.''
''പിന്നെന്നാത്തിനാ എന്‍ജിനീയറിംഗിന് കെട്ടി എടുത്തേ?''
''ആര് കെട്ടിയെടുത്തു? അച്ഛനും അമ്മേം കൂടി കെട്ടിക്കേറ്റിയതാ, എനിക്ക് പാട്ട് പഠിക്കാനാരുന്നു ഇഷ്ടം. കൊച്ചച്ചന്‍ പാട്ടും ഗാനമേളേം ആയി നടന്ന് നശിച്ചപോലെ എന്നേം അങ്ങനെ നശിക്കാന്‍ വിടത്തില്ലന്നു പറഞ്ഞാ എന്‍ജിനീയറിംഗിനു കൊണ്ടുവന്ന് ചേര്‍ത്തത്.''
''വാവേ രണ്ട് ചായ എടുക്ക്'' മേസ്തിരി പറഞ്ഞു.
വാവ അടുക്കളയിലേക്ക് പോയി.
''എന്റെ അടുത്തേക്ക് ആരാ പറഞ്ഞുവിട്ടത്?''
''ആരും പറഞ്ഞ് വിട്ടതൊന്നുമല്ല. എന്റെ ക്ലാസ്സിലെ ബെന്നീന്ന് പറഞ്ഞ ഒരുത്തന്‍ മേസ്തിരീടെ വെല്യ ഫാനാ. അവനാ മേസ്തിരി മെയിന്‍ സ്വിച്ച് ഓഫ് ചെയ്തിട്ട് രാത്രീല് ട്രാന്‍സ്ഫോമറിന്റെ മുകളില്‍ കയറി ഇരിക്കുമെന്നും തെങ്ങിന്റെ മോളീന്ന് ചാടി ഒരുത്തന്റെ കഴുത്ത് വെട്ടീട്ടൊണ്ടന്നുമുള്ള കഥയൊക്കെ പറഞ്ഞ് തന്നത്. അത് കേട്ടപ്പം മൊതല് ഇവിടെ വന്നങ്ങ് കൂടണമെന്ന് കരുതിയതാ. അങ്ങനെ തപ്പിപ്പിടിച്ച് വന്നതാ. ഇന്നലെ വന്നപ്പം, ആ ചേട്ടന്‍ ഇവിടെ പെണ്ണുങ്ങളെ കേറ്റത്തില്ലന്നും പറഞ്ഞ് ഓടിച്ചു. രണ്ടും കല്‍പ്പിച്ച് ഇന്ന് ഒന്നൂടെ ഒന്ന് വന്ന് നോക്കിയതാ.''
വാവ ചായയുമായി വന്നു.
''കൊച്ച് വല്ലതും കഴിച്ചതാണോ?''
''ഇല്ല.''
''തത്ക്കാലം ചായ കുടിക്ക്'' തിരിഞ്ഞിട്ട് വാവയോട് പറഞ്ഞു: ''അനിയന്‍ പിള്ളേടെ കടേന്ന് തിന്നാനെന്നാങ്കിലും മേടിച്ചോണ്ട് വാ.''
''അവിടെ ഇപ്പോ അപ്പോം മൊട്ടക്കറീമേ കാണത്തുള്ളൂ?''
''ഒള്ളത് മേടിക്ക്. താറാവാണങ്കില്‍ എനിക്ക് മേടിച്ചാ മതി.''
വാവ തലയാട്ടി.
''ഞങ്ങടെ പണിക്ക് മേലു നോവും'' മേസ്തിരി പറഞ്ഞു.
''അറിയാം.''


''പൊലീസും കേസുമൊക്കെയാവും.''
''സാരമില്ല. വീട്ടുകാര് കൊറച്ച് നാറട്ടെ.''
മേസ്തിരി ബീഡി കട്ടിലിന്റെ കാലില്‍ കുത്തിക്കെടുത്തിയിട്ട് ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു.
''ഇതിലും നല്ലത് പാട്ട് പാടാന്‍ പോവുന്നതല്ലേ? കൊച്ച് നന്നായി പാടുന്നുണ്ടല്ലോ?''
''മേസ്തിരീം നന്നായി പാടുന്നുണ്ടല്ലോ, മേസ്തിരി പിന്നെന്നാ പോവാഞ്ഞേ?''
മേസ്തിരിയപ്പോള്‍ ഉറക്കെ ചിരിച്ചു. ചിരിയെ വാവയുടെ ബൈക്കിന്റെ ശബ്ദം വന്ന് മൂടി.
''ചായ കുടിക്ക്, ഇല്ലേ തണുക്കും'' മേസ്തിരി ചായ കുടിച്ചുകൊണ്ട് പറഞ്ഞു.
പത്മിനി ചായ എടുത്ത് ഊതി ഊതി കുടിക്കാന്‍ തുടങ്ങി.
''അതേ, ഒരു കാര്യം ചോദിക്കട്ടെ?'' മേസ്തിരി മടിയോടെ ചോദിച്ചു.
''എന്നാ?''
''എന്നാന്നു വെച്ചാല്‍...'' മേസ്തിരിയുടെ മടിയങ്ങോട്ട് വിട്ടുപോരാതെ നിന്നു.
''കാര്യം പറ മേസ്തിരീ.''
''അതേ, ശരിക്കും ശര്‍ക്കരപ്പന്തലാണോ?''
''എന്ത്?''
''അല്ല കൊച്ച് പറഞ്ഞില്ലേ...?''
''ആ, അത് അതെ. എന്റെ അമ്മയാണേ സത്യം. അതെഴുതിയ പുള്ളിക്കാരന്‍ പറഞ്ഞതാന്ന് എന്റെ കൊച്ചച്ചനാ പറഞ്ഞത്.''
''ഒറപ്പാണോ?''
''ഒറപ്പ്.''
മേസ്തിരി ശര്‍ക്കരപ്പന്തല്‍ എന്ന് മനസ്സില്‍ മൂളി. പക്ഷേ അപ്പോഴും 'ച'യാണ് ആദ്യം ചാടി വരിക. കുറച്ചു നേരം മനസ്സിലിട്ട് മൂളിയിട്ട് മേസ്തിരി ശര്‍ക്കരപ്പന്തലില്‍ എന്ന് പാടി.
മേസ്തിരിയുടെ പാട്ട് കേട്ടപ്പോള്‍ പത്മിനി പറഞ്ഞു: ''മേസ്തിരീടെ കിടു പാട്ടാ കേട്ടോ.''
മേസ്തിരിക്കപ്പോള്‍ നാണം നിറഞ്ഞ ചിരി വന്നു. പെട്ടന്ന് വാവയുടെ ബൈക്കിന്റെ ഒച്ച വീടിന്റെ മുറ്റത്തേക്ക് ഇരച്ചുവന്ന് നിന്നു.
വാവ ഓടിക്കയറി വന്നിട്ട് പറഞ്ഞു: ''വടക്കന്‍ സാബു കാലിയായി.''
മേസ്തിരി കയ്യിലിരുന്ന ചായ ഗ്ലാസ്സ് താഴെ വെച്ചു.
''മൊഴിയെടുത്തോ?''
''ഉവ്വ്'' വാവ പറഞ്ഞു.
''ആരുടെ പേരാ പറഞ്ഞേ?''
''അത് അറിയത്തില്ല, മാറി നിക്കണോ?'' വാവ ചോദിച്ചു.
''അവന്‍ ചതിക്കത്തില്ല വാവേ, പേരിലേ അവന് വടക്കുള്ളൂ, അവനെ നമ്പാം, ഒന്നാം തരം തെക്കനാ.''
''എന്നാലും?''
മേസ്തിരി പത്മിനിയെ നോക്കിയിട്ട് പറഞ്ഞു: ''കൊച്ച് പൊക്കോ.''
''എന്നെ അപ്പോ നിങ്ങടെ കൂടെ എടുക്കുവോ?''
മേസ്തിരി വാവയോട് പറഞ്ഞു: ''ഇതിനൊരു ഓട്ടോ പിടിച്ച് കൊടുക്ക്.''
മരിച്ചവരെക്കുറിച്ച് മേസ്തിരി ഓര്‍ക്കാറില്ല. ഓര്‍ത്താലും അധികനേരമൊന്നും അവരെ ഉള്ളില്‍ വെക്കാറില്ല. പക്ഷേ, സാബു കുറച്ച് അധികനേരം ഇരുന്നു. പിന്നെ ഇറങ്ങിപ്പോയി.

മേസ്തിരി കുന്തിച്ചിരിക്കുമ്പോള്‍ അര്‍ശസിന്റെ കുറുനാക്ക് മാളത്തില്‍നിന്നും തല പുറത്തേക്ക് നീട്ടിയിട്ട് ക്ലോസറ്റിന്റെ വെളുപ്പില്‍ രക്തത്തിന്റെ നാവുകൊണ്ട് തുടയ്ക്കാന്‍ തുടങ്ങി. ചെറുക്കന്‍ പോയതിനു ശേഷം മേസ്തിരി ഉറങ്ങിയിട്ടില്ല. കണ്ണടയ്ക്കുമ്പോള്‍ അവന്റെ അരക്കെട്ടിനു താഴെ പൊടിച്ച് വരുന്ന ചെമ്പന്‍കാട് തെളിയും. അവന്റെ നാവ് തുടകളിലൂടെ മുകളിലേക്ക് നീന്തിക്കയറുമ്പോള്‍ മേസ്തിരിയുടെ കറുത്ത ലിംഗം മരഞ്ചാടിയെപ്പോലെ കുതിക്കാന്‍ തയ്യാറാവും. ചുവന്ന ചുണ്ടുകള്‍ പിളര്‍ന്ന് തന്റെ തുപ്പല്‍ക്കുളത്തിലേക്ക് അവന്‍ മേസ്തിരിയുടെ കറുപ്പിനെ സ്വീകരിക്കും. കവിളിന്റെ ഇരു ചുവരുകളിലും തൊട്ടു തൊട്ട് അത് നീന്തും. ഓര്‍മ്മയിലൂടെ അവന്‍ തിരമാലയേക്കാള്‍ ഉയരത്തില്‍ തന്റെ ശിരസ്സ് പിളര്‍ന്ന് വരുമെന്ന് തോന്നിയപ്പോള്‍ കണ്ണുകള്‍ മുറുക്കെ അടച്ച് മേസ്തിരി മുക്കി. ഗുദത്തിന്റെ ഇരുകരകളെയും നനച്ച് രക്തത്തിന്റെ ചാല് ഇറങ്ങി.
''മേസ്തിരീ'' കക്കൂസിന് പുറത്ത് നിന്ന് ചീരന്‍ വിളിച്ചു.
മുക്കുന്ന ഒച്ചയായിരുന്നു മറുപടി.


''വെള്ള കൊടുവള്ളീന്ന് വിട്ടിട്ടുണ്ട്, ഉച്ചയ്ക്ക് വെള്ള തൊമ്മിക്കുഞ്ഞിനെ കാണും. വൈകിട്ടത്തെ പ്ലയിനില്‍ നെടുമ്പാശ്ശേരീന്ന് ചെറുക്കനുമായി പോകും.''
''കഴിഞ്ഞ രാത്രീല് നിന്ന പോലെ കാല് കഴയ്ക്കാനാണോ?''
''ഇല്ല, ഇന്‍ഫോമറ് കബീറാണ്.''
''വെള്ളേടെ ഡ്രൈവര്‍?''
''അതേ.''
''എന്താണ് ഡിമാന്‍ഡ്?''
''കൊണ്ടുവരുന്ന പൊന്നിന്റെ മുക്കാല്.''
''മുക്കാലാക്കണ്ട, എന്റെ പൊന്നിനെ കിട്ടിയാല്‍ മുഴുവനും തന്നേക്കാമെന്ന് പറ.''
മേസ്തിരി ചമിതിച്ച് പുറത്തിറങ്ങി. മുണ്ടിന്റെ കോന്തലകൊണ്ട് മുഖം തുടച്ചു. വാവയേയും ചീരനേയും നോക്കി. ആ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി വാവ വടിവാള്‍ എടുത്ത് കൊടുത്തു.
''പച്ചയിരുമ്പ് മാത്രായിട്ട് വെള്ളേടെ കുണ്ടീല് കേറിയാ മോശാണ്. വെല്യ തറവാടിയല്ലേ, കൊറച്ച് രസം കൂടിച്ചേര്‍ത്ത് തൊളയിടാം.''
വടിവാളിന്റെ മൂര്‍ച്ചയില്‍ വിരലൊന്ന് രാകിയിട്ട് മേസ്തിരി വാവയ്ക്ക് തിരിച്ചു കൊടുത്തു.
വാവയും ചീരനും പൊയ്ക്കഴിഞ്ഞപ്പോള്‍ മേസ്തിരി കുളിച്ചു. ചന്ദനം തൊട്ടു. ജനലുകള്‍ തുറന്നിട്ടു. കണ്ണടച്ച് ഇരുന്നു. മേസ്തിരീന്നുള്ള വിളി കേട്ടപ്പോള്‍ കണ്ണ് തുറന്നു.
''അകത്തേക്ക് വരാവോ?''
''കേറി വാ'' മേസ്തിരി പറഞ്ഞു.
പത്മിനി മുറിക്കുള്ളിലേക്ക് വന്നു. കുളിച്ച് ചന്ദനം പൂശി ഇരിക്കുന്ന മേസ്തിരിയെ കണ്ടപ്പോള്‍ പത്മിനിക്ക് അദ്ഭുതം തോന്നി. ആ അദ്ഭുതത്തില്‍ കുറച്ച് നേരം നിന്നിട്ട് ബാഗില്‍ നിന്ന് ഒരു പടല പഴമെടുത്ത് മുന്നില്‍ വെച്ചു.
''നല്ല കദളിപ്പഴാ, എന്റെ റൂം മേറ്റ് കോന്നിക്കാരിയാ, അവള്‍ടെ വീട്ടിലൊണ്ടായതാ.''
മേസ്തിരി കദളിപ്പഴത്തിലേക്ക് നോക്കി.
''കഴിച്ചോ, എന്റെ രാവിലത്തെ ഫുഡ് ഇതാരുന്നു.''
മേസ്തിരി പഴമെടുക്കാതിരിക്കുന്നത് കണ്ടിട്ട്, കദളി വാഴ കയ്യിലിരുന്ന് എന്ന പാട്ട് പാടിക്കൊണ്ട് പത്മിനി ഒരു പഴമടര്‍ത്തി മേസ്തിരിക്ക് കൊടുത്തു.
പാട്ട് നിര്‍ത്തിയിട്ട് പത്മിനി പറഞ്ഞു: ''കഴിക്ക് മേസ്തിരീ.''
''ഈ പാട്ട് ഏത് സിനിമേലേ ആണന്ന് അറിയാവോ?''
''ആ എനിക്കറിയാമ്മേല'' പത്മിനി പറഞ്ഞു.
''ഉമ്മ. രചന പി. ഭാസ്‌ക്കരന്‍, സംഗീതം ബാബുരാജ് പാടിയത് ജിക്കി.''
''ജിക്കിയോ?'' ആ പേര് കേട്ടപ്പോള്‍ പത്മിനിക്ക് ചിരി വന്നു. ''അങ്ങനെയൊരാളുണ്ടോ?''
''പിന്നേ, ഉഗ്രന്‍ പാട്ടുകാരിയല്ലേ?'' എന്നു പറഞ്ഞിട്ട് കുറച്ചുനേരം എന്തോ ആലോചിച്ചിട്ട് 'മഞ്ചാടിക്കളി മൈന, മൈലാഞ്ചിക്കിളി മൈന' എന്ന പാട്ട് മേസ്തിരി പാടി. പത്മിനി ആദ്യമായിട്ടായിരുന്നു ആ പാട്ട് കേള്‍ക്കുന്നത്.
''കൊള്ളാല്ലോ'' പത്മിനി പറഞ്ഞു.
''എ.എം. രാജയുടെ ഭാര്യയാ ഈ ജിക്കി.''
എ.എം. രാജയെന്നും പത്മിനി ആദ്യമായിട്ട് കേള്‍ക്കുകയായിരുന്നു.
''രാജയുടെ ആകാശഗംഗ കേട്ടിട്ടുണ്ടോ?''
''എവടെ? ഞാനെങ്ങും കേട്ടിട്ടില്ല.''
പത്മിനിയുടെ ആ മറുപടി മേസ്തിരിക്ക് അത്ര ഇഷ്ടമായില്ല.
മേസ്തിരി കട്ടിലില്‍നിന്ന് എഴുന്നേറ്റ് ചെന്ന് മുറിയുടെ മൂലയില്‍ വെച്ചിരുന്ന തടിപ്പെട്ടി തുറന്നു.
''കൊച്ചേ ഇങ്ങ് വന്നേ'' മേസ്തിരി വിളിച്ചു. ''കൊറച്ച് പഴേ ആയുധങ്ങള് കാണിച്ച് തരാം.''
പത്മിനി ചാടി എണീറ്റ് ചെന്നു. പെട്ടിയിലെ ചെറിയ ഇരുട്ടില്‍ കണ്ടു, പഴയ സിനിമാ നോട്ടീസുകള്‍, പണ്ടത്തെ സിനിമകളുടെ പാട്ടുപുസ്തകങ്ങള്‍.
''ദേ, ഇത് കണ്ടോ'' ഒരു നോട്ടീസ് ഉടഞ്ഞ് പോകാതെ എടുത്ത് മേസ്തിരി കാണിച്ചു. ''നീലക്കുയിലിന്റെ നോട്ടീസാ.''
പത്മിനി നീലക്കുയിലിനെ തൊട്ടു.
''അഞ്ച് കപ്പലണ്ടീം പത്ത് പൈസേം കൊടുത്തിട്ട് ഞങ്ങടെ തെക്കേതിലെ വാസൂന്റെ കയ്യീന്ന് പണ്ട് മേടിച്ചതാ.''
പത്മിനി പെട്ടിയിലിരുന്ന നോട്ട് ബുക്ക് എടുത്ത് തുറന്നു. അതില്‍ മുഴുവന്‍ തമിഴായിരുന്നു.
''ഇതെന്നാ?''
''ഇത് മൊത്തം സൗന്ദര്‍രാജന്റേം ശീര്‍ക്കാഴീടേം പാട്ടാ'' മേസ്തിരി പറഞ്ഞു.
''ഇത് ആരാ എഴുതിയേ?''
''ഞാന്‍. വേറേ ആരെഴുതാനാ? തമിഴ് സിനിമേല് പാടാന്‍ ചാന്‍സ് കിട്ടിയാല്‍ തമിഴ് വായിക്കണ്ടേ? അതുകൊണ്ട് ഭാഷേം കൂടിയങ്ങ് പഠിച്ചു.''
''പിന്നെന്നാ പാടാഞ്ഞേ?''
അതിനു മറുപടിയായി സൗന്ദര്‍രാജന്റെ പാട്ടും നാനേ പാടിയിട്ട് വലിയൊരു ചിരി ചിരിച്ചു മേസ്തിരി.
''ഞാനൊരു കാര്യം ചോദിച്ചോട്ടേ?''
''കൊച്ചേ നീ ചോദിക്കാന്‍ പോകുന്ന ചോദ്യമെനിക്കറിയാം. ഞാനതിന് ഉത്തരം പറയാന്‍ പോകുന്നില്ല. അതുകൊണ്ട് വെറുതെ കഷ്ടപ്പെടണ്ട.''
പത്മിനി കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
''കൊച്ചേ, നിനക്ക് നമ്മടെ പഴേ ജെന്‍സീടെ അതേ ശബ്ദാ.''
''ഏത് ജെന്‍സി?''
''കൊച്ചിന്‍ കോറസിലൊരു ജെന്‍സി ഉണ്ടാരുന്നു. ഇളയരാജയുടെ പാട്ടൊക്കെ പാടീട്ടൊണ്ട്. എന്നാ പാട്ടാണന്നോ.''
''ആണോ?''
''കാതല്‍ ഓവിയമൊന്നും കേട്ടിട്ടില്ലേ?''
''ഇല്ല.''
''പിന്നെന്ത് മൈരാ കേട്ടിരിക്കുന്നേ?'' മേസ്തിരിക്ക് ദേഷ്യം വന്നു. ''എ.എം. രാജയെ അറിയാമ്മേല, ജിക്കിയെ അറിയാമ്മേല.''
''അതിന് എനിക്ക് ഇരുപത്തിമൂന്ന് വയസ്സല്ലേ ആയുള്ളൂ.''
''പത്ത് വയസ്സുള്ള പിള്ളേര് ത്യാഗരാജ കീര്‍ത്തനം പാടുന്നത് നൂറ്റമ്പത് വയസ്സുള്ളതു കൊണ്ടാണോ?''
''അതുപോലാണോ സിനിമാപ്പാട്ട്, എനിക്ക് പഴേ കൊറച്ച് പാട്ടൊക്കെ അറിയാം, അതല്ലാതെ...?''
''പാട്ട് ഇഷ്ടാണേല് എല്ലാം കേള്‍ക്കണം, പഠിക്കണം അല്ലാതെ കോണകത്തിലെ ഏര്‍പ്പാടുമായിട്ട് എറങ്ങരുത്.''
''മേസ്തിരി അതിനെന്നാത്തിനാ എന്നെ തെറി പറയുന്നേ?''
''പിന്നെ ഞാനെന്നാ ഇവിടിരുന്ന് ശ്ലോകം ചൊല്ലണോ?''
''ഞാനതിന് പാട്ട്കാരിയൊന്നുമല്ലല്ലോ.''
''പിന്നെ?''
''പാട്ട് ഇഷ്ടാരുന്നു. അത് നടന്നില്ല. അപ്പോപ്പിന്നെ അതങ്ങ് വിട്ടു.''
''കൊച്ചേ, ഒരിക്കല്‍ ഇഷ്ടമുള്ളത് വിട്ടാപ്പിന്നെ, തമ്പുരാന്‍ പിടിച്ചാലും കിട്ടത്തില്ല.''
''അതെന്നാ?''
''അതങ്ങനാ.''
''എനിക്ക് തിരിച്ച് വേണ്ട. ഞാനത് വിട്ടു.''
മേസ്തിരി കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. ഒരു ബീഡി കത്തിച്ചിട്ട് മേസ്തിരി ചോദിച്ചു. ''ഒറപ്പിച്ചോ?''
പത്മിനി തലയാട്ടി.

കാര്‍ ബണ്ട് റോഡിന്റെ ഇടത്തേക്കുള്ള കട്ടിംഗ് വഴി ഇറങ്ങുമ്പോള്‍ പത്മിനി ചോദിച്ചു: ''എങ്ങോട്ടാ?''
മേസ്തിരി മറുപടി പറഞ്ഞില്ല. വണ്ടി അല്‍പ്പം ഓടിയിട്ട് നിന്നു.
''പാപ്പാ, വാവേം ചീരനും എവിടുണ്ട്?''
''എന്‍ജിന്‍ പൊരേലുണ്ട്'' വണ്ടി പൂട്ടിയിട്ട് വരുന്നതിനിടയില്‍ പാപ്പന്‍ പറഞ്ഞു.
നടക്കുന്നതിനിടയില്‍ പത്മിനി വീണ്ടും ചോദിച്ചു: ''എങ്ങോട്ടാ?''
മേസ്തിരി ഒന്നും പറഞ്ഞില്ല. തെങ്ങിന്‍ തോപ്പ് വഴി നടന്ന് ചെറയിലേക്ക് കയറി. പാപ്പന്‍ മുന്നില്‍ക്കയറി ഓടി. എന്‍ജിന്‍ പുരയ്ക്ക് അടുത്ത് എത്തും മുന്‍പ് വാവ ഇറങ്ങി വന്നു.
''ചെറുക്കന്‍?''
''സെയ്ഫാ. കണ്ടിപ്പോക്കറുടെ കയ്യിലുണ്ട്.''
''അവന്റെ പാസ്പോര്‍ട്ട്?''
''കത്തിച്ച് കളഞ്ഞു.''
കബീറിനൊള്ളത് മുഴുവന്‍ കൊടുത്തേക്കണമെന്ന് പറഞ്ഞിട്ട്, എന്‍ജിന്‍ പുരയിലേക്ക് കയറിയപ്പോള്‍ വയനാട്ടിലെ മുറിയില്‍ മിച്ചം നിന്ന വെളളയുടെ ഊദിന്റെ മണം ആദ്യം വന്നു. 
വെള്ളയുടെ വായില്‍ തുണി തിരുകിവെച്ചിരിക്കുന്നത് കണ്ടിട്ട് മേസ്തിരി ചോദിച്ചു: ''ഇതെന്നാത്തിനാ?''
''ഭയങ്കര ചിന്നം വിളിയാ'' വാവ പറഞ്ഞു.
''മുണ്ടും ഷഡ്ഡീം പറിച്ചിട്ട് കുനിച്ച് നിര്‍ത്ത്'' മേസ്തിരി പറഞ്ഞു.
പാപ്പന്‍ വെള്ളയുടെ തുണിയെല്ലാം ഉരിഞ്ഞു മാറ്റി. ചീരന്‍ കഴുത്തിനു പിന്നില്‍ കൈ കൊണ്ട് ഒരു വെട്ട് കൊടുത്തിട്ട് വെള്ളയെ കുനിച്ച് നിര്‍ത്തി.
വാവ മേസ്തിരിയുടെ കയ്യില്‍ വടിവാള് കൊടുത്തു.
മേസ്തിരി തിരിഞ്ഞ് നോക്കിയിട്ട് ചോദിച്ചു: ''നമ്മടെ കൂടെ ഒരാള് കൂടി ഒണ്ടാരുന്നല്ലോ എന്തിയേ?''
വാവ എന്‍ജിന്‍ പുരയ്ക്ക് പുറത്തേക്ക് ചെന്നു. പുര മേഞ്ഞിരുന്ന ഓലക്കാലില്‍ പിടിച്ച് പേടിയോടെ നില്‍ക്കുന്ന പത്മിനിയോട് പറഞ്ഞു: ''മേസ്തിരി വിളിക്കുന്നു.''


പിന്നില്‍ കാലനക്കം കേട്ടപ്പോള്‍ മേസ്തിരി പറഞ്ഞു: ''മുമ്പോട്ട് വാ കൊച്ചേ.''
പത്മിനി മേസ്തിരിയുടെ മുന്നിലേക്ക് ചെന്നു. വടിവാള്‍ പത്മിനിക്ക് നേരെ നീട്ടി. പത്മിനി പേടിയോടെ അത് വാങ്ങാതെ നിന്നു.
''ഇതാ നമ്മടെ കദളിപ്പഴം, ധൈര്യായിട്ട് മേടിച്ചോ.''
പത്മിനിക്ക് കരച്ചില്‍ വന്നു.
മേടിക്കടീന്ന് മേസ്തിരി അലറിയപ്പോള്‍ കരഞ്ഞുകൊണ്ട് പത്മിനി വടിവാള് വാങ്ങി. കയ്യിലിരുന്ന് വാള് ജ്വരം ബാധിച്ചപോലെ വിറയ്ക്കുന്നത് കണ്ട് മേസ്തിരി പറഞ്ഞു: ''വെറയ്ക്കരുത്.''
പത്മിനി കരഞ്ഞുകൊണ്ട് തലയാട്ടി.
''കൊച്ചേ'' മേസ്തിരി വിളിച്ചു.
കണ്ണുനീരിന്റെ മേല്‍ക്കുപ്പായത്തിനുള്ളിലൂടെ മേസ്തിരിയുടെ രൂപം ഒഴുകിക്കിടക്കുന്നത് പത്മിനി കണ്ടു.
''നിന്റെ കയ്യിലിരിക്കുന്ന മൂര്‍ച്ച, ദേ, ആ കുനിഞ്ഞ് നിക്കുന്നവന്റെ ഗുദദ്വാരം വഴി ഒന്ന് കേറ്റി എറക്കിയേക്ക്.''
പത്മിനി പേടിച്ച് ഉറക്കെ കരഞ്ഞപ്പോള്‍ നിര്‍ത്തടീന്നുള്ള മേസ്തിരിയുടെ ഒച്ച ഓല മേഞ്ഞ എന്‍ജിന്‍ പുരയെ ഒന്നിളക്കി. പത്മിനി പേടിച്ച് കരച്ചില്‍ ഉള്ളിലേക്ക് വിഴുങ്ങി.
''ആദ്യം ഉന്നം തെറ്റും പിന്നെപ്പിന്നെ ശരിയായിക്കോളും'' മേസ്തിരി അവിടെക്കിടന്നിരുന്ന ഇരുമ്പിന്റെ തട്ടിയിലേക്ക് ഇരുന്നിട്ട് പറഞ്ഞു.
പത്മിനി വിറയലോടെ വെള്ളയ്ക്ക് പിന്നില്‍ വന്ന് നിന്നു.
''വെള്ളേ, സ്ഥലമറിയാത്ത കൊച്ചാ, കാലല്‍പ്പം കവച്ച് വെക്ക്'' മേസ്തിരി പറഞ്ഞു.
വെള്ള കേട്ടില്ല. വാവ വെള്ളയുടെ അടിയിലേക്ക് കാലൊന്ന് പൊക്കിയപ്പോള്‍ മേസ്തിരി പറഞ്ഞു: ''അവന്റെ തൂക്കുകട്ട പൊട്ടിക്കണ്ട. കവച്ചോളും.''
വെള്ള കാലുകള്‍ വിടര്‍ത്തി.
''പാപ്പാ കുറ്റിയടിക്കേണ്ടതെവിടാന്ന് കൊച്ചിന് കാണിച്ച് കൊടുക്ക്.''
പാപ്പന്‍ വെള്ളയുടെ കുണ്ടി വിടര്‍ത്തിക്കാണിച്ചപ്പോള്‍ പത്മിനി തല വെട്ടിച്ചു.
''നോക്ക് കൊച്ചേ'' മേസ്തിരി പറഞ്ഞു. ''കണ്ണ് പെഴച്ചാല്‍ എല്ലാം പെഴയ്ക്കും.''
പത്മിനി നോക്കിയില്ല.
''നോക്ക്'' തണുത്ത ശബ്ദത്തില്‍ മേസ്തിരിയത് പറഞ്ഞതു കേട്ടപ്പോള്‍ പത്മിനിയുടെ ഭയം കൂടി. അവള്‍ നോക്കി.
''ദേ അവിടേക്കങ്ങ് കേറ്റ്'' മേസ്തിരി പറഞ്ഞു.
പത്മിനിയുടെ ശ്വാസം മെല്ലെ കുറഞ്ഞു. പൂര്‍ണ്ണമായ നിശ്ശബ്ദതയിലേക്ക് എന്‍ജിന്‍ പുര  താഴാന്‍ തുടങ്ങി.
പത്മിനിയുടെ കയ്യുടെ വിറയല്‍ കൂടിവന്നു. ശരീരത്തെ മരണം പോലൊരു തണുപ്പ് വന്ന് തൊടുന്നുവെന്ന് തോന്നിയപ്പോള്‍, താഴും തളിരും മിഴി പൂട്ടി, താഴെ ശ്യാമാംബരത്തിന്‍ നിഴലായ് എന്ന് മേസ്തിരി പാടുന്നത് പത്മിനി കേട്ടു. പല്ലവിയില്‍ നിന്ന് അനുപല്ലവിയിലേക്ക് പോകാതെ വീണ്ടും വീണ്ടും അതേ വരികള്‍ മേസ്തിരി പാടിക്കൊണ്ടിരുന്നു. 
കുറച്ച് കഴിഞ്ഞ്, ഒരേ പല്ലവിയുടെ തുടര്‍ച്ചയായ ആലാപനം കേട്ട് കേട്ട് പത്മിനി മെല്ലെ തിരിഞ്ഞിട്ട്, വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു: ''താഴും തളിരുമല്ല.''
മേസ്തിരി പാട്ട് നിര്‍ത്തിയിട്ട് പത്മിനിയെ നോക്കി.
''പിന്നെ?''
വരണ്ട ചുണ്ടില്‍നിന്നും ഒരുവിധം വാക്കുകള്‍ തപ്പിത്തടഞ്ഞ് പുറത്തെത്തി ''താരും തളിരുമെന്നാ.''
മേസ്തിരി കുറച്ചുനേരം മിണ്ടാതിരുന്നിട്ട് പറഞ്ഞു: ''എന്നാ, നീയൊന്ന് ശരിക്ക് പാടിക്കേ.''
തലയാട്ടിയിട്ട് പത്മിനി പറഞ്ഞു: ''കൊറച്ച് വെള്ളം.''
പാപ്പന്‍ വെള്ളം കൊണ്ടുവന്ന് കൊടുത്തു. ഒറ്റ വലിക്ക് വെള്ളം മുഴുവന്‍ കുടിച്ചിട്ട്, ചുണ്ട് ഇടത്തെ ഉരത്തില്‍ തുടച്ചു.
പത്മിനി പാടാന്‍ തുടങ്ങും മുമ്പ് മേസ്തിരി വാവയെ കണ്ണ് കാണിച്ചു. വാവ പത്മിനിയുടെ കയ്യില്‍നിന്ന് വടിവാള് വാങ്ങി.
പത്മിനി താരും തളിരും പാടാന്‍ തുടങ്ങിയപ്പോള്‍ മേസ്തിരി കണ്ണടച്ച് ഇരുന്നു. ഇടയ്ക്കെപ്പഴോ അയാളുടെ കണ്ണ് നിറഞ്ഞത് പത്മിനി മാത്രം കണ്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com