ഫ്രാന്‍സീസ് പാപ്പാ വധിക്കപ്പെടുമോ? 

ആകാശമേ കേള്‍ക്കഭൂമിയേ ചെവി തരികഞാന്‍ മക്കളെ പോറ്റിവളര്‍ത്തിഅവര്‍ എന്നോട് മത്സരിക്കുന്നു!
ഫ്രാന്‍സീസ് പാപ്പാ വധിക്കപ്പെടുമോ? 

ആകാശമേ കേള്‍ക്ക
ഭൂമിയേ ചെവി തരിക
ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി
അവര്‍ എന്നോട് മത്സരിക്കുന്നു!
    
മൊട്ടപ്പറമ്പില്‍ കിഴവനായ ജോസഫ് വാനങ്ങളിലേക്ക് കൈകള്‍ നീട്ടി നിലവിളിക്കുമ്പോലെ പാടിക്കൊണ്ടിരുന്നു. ഇരുള്‍ കുരുത്ത ഒരു രാത്രിയായിരുന്നു അത്. അയാള്‍ക്കൊപ്പം മോങ്ങാന്‍ ചില നായക്കുട്ടികളും ചേര്‍ന്നു. വാനമോ മണ്ണോ അയാളെ കേള്‍ക്കുന്നതായി തോന്നിയില്ല. ചിലപ്പോള്‍ മാത്രം ചന്ദ്രന്റെ ഇത്തിരിവെട്ടം അയാളുടെമേല്‍ പതിച്ചു. അന്നേരം ചന്ദ്രവെളിച്ചം കുടിച്ച് ദാഹം തീര്‍ക്കാനെന്നവണ്ണം ജോസഫ് കൈകള്‍ താഴ്ത്തി മിണ്ടാതെ നിന്നു. തെളിച്ചം അണഞ്ഞയുടനെ അയാള്‍ വിലാപത്തിലേക്ക് മടങ്ങുകയും ചെയ്തു.

കിഴവന്‍ ജോസഫിനു പിന്നില്‍ അയാളുടെ വീട് കാവല്‍ക്കൂടാരംപോലെ നില്‍ക്കുന്നുണ്ടായിരുന്നുവെങ്കിലും അന്യഗ്രഹം പോലെ അത് അയാളില്‍നിന്നും ഭിന്നിച്ച് മറ്റൊരു ഭ്രമണപഥത്തിലെന്നവണ്ണം കാണപ്പെട്ടു. ചിലപ്പോള്‍ മാത്രം അതിനുള്ളില്‍നിന്നും ചില ഒച്ചകള്‍ പുറപ്പെട്ടിരുന്നു. അത് മനുഷ്യരില്‍ നിന്നായിരുന്നില്ല. ലോഹങ്ങള്‍ മുട്ടി ഉരുമ്മുന്നതിനെ അതോര്‍മ്മിപ്പിച്ചു.
ആ മൊട്ടപ്പറമ്പിനപ്പുറം വ്യവസായ പാര്‍ക്കിനായി സര്‍ക്കാര്‍ അക്വയര്‍ ചെയ്ത ഭൂമിയായിരുന്നു. നട്ടുനനകളോ മറ്റ് പരിചരണങ്ങളോ ഇല്ലാതെ ആണ്ടുകള്‍ താണ്ടിയതിന്റെ ഫലമായി അവിടം പാഴും വികലവുമായി കാണപ്പെട്ടു. അവിടെ കുടിയേറിയ നായ്ക്കളാണ് ജോസഫിന്റെ വിലാപപ്പാട്ടില്‍ കൂട്ടുചേര്‍ന്നിരുന്നത്. മറ്റേ വശത്ത് വലിയൊരു മൈതാനത്തിനു നടുവില്‍ ഒരു പള്ളി നിലകൊണ്ടു. പള്ളിയോട് ചേര്‍ന്ന പാരീഷ് ഹോമില്‍ രണ്ട് യുവപുരോഹിതന്മാര്‍ ബിയര്‍ ഗ്ലാസ്സുകളുമായി

സംസാരിച്ചിരിക്കുകയായിരുന്നു. സെമിനാരിയില്‍ ഒന്‍പത് വര്‍ഷം സതീര്‍ത്ഥ്യരായിരുന്ന അലക്‌സും ജോബും. അലക്‌സ് അവിടെ ഇടവക വികാരിയായിരുന്നു. ഗോഥിക് ഗോപുരം പോലെ നീണ്ടുകൂര്‍ത്ത ഒരാള്‍. പൊക്കം കുറഞ്ഞതെങ്കിലും കായബലം തോന്നിപ്പിക്കുന്ന ഒരാളായിരുന്നു ജോബ്. അടുത്തകാലത്ത് ഏതോ കായികകലയില്‍നിന്നും വിടവാങ്ങിയ ഒരാളെ ഓര്‍മ്മിപ്പിക്കുന്ന ദേഹവഴക്കങ്ങള്‍ അയാള്‍ക്കുണ്ടായിരുന്നു. ആ വേനല്‍ക്കാല രാത്രിയില്‍ തണുത്ത ബിയര്‍ അവരെ സംസാരിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.

''ഇങ്ങനെ പോയാല്‍ അധികം വൈകാതെ ഫ്രാന്‍സീസ് പാപ്പായെ ആരെങ്കിലും വധിക്കും.'' ജോബ് പറഞ്ഞു. അയാളുടെ സ്വരത്തില്‍ വിഷാദം ഉണ്ടായിരുന്നു.
കുടിക്കാന്‍ എടുത്ത ബിയര്‍ ഗ്ലാസ്സ് താഴെ വച്ചുകൊണ്ട് അലക്‌സ് കൂട്ടുകാരനെ നോക്കി. ''നിരാശനാകരുത്. മനുഷ്യര്‍ ശുഭാപ്തിവിശ്വാസികളായിരിക്കണം. ഭാവിയെ ഇരുളായും തെളിച്ചമായും സങ്കല്‍പ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. നീ എന്തുകൊണ്ട് തെളിമയെ തെരഞ്ഞെടുക്കുന്നില്ല. അതല്ലേ നല്ലത്? അതല്ലേ ഇത്തിരിയെങ്കിലും സന്തോഷം നമുക്ക് നല്‍കുകയുള്ളൂ.''
''പാപ്പാമാര്‍ വധിക്കപ്പെടുകയില്ലെന്നാണോ നീ കരുതുന്നത്? അതിര്‍വിട്ട വിശ്വാസമാണ് നീ സഭയ്ക്ക് നല്‍കുന്നത്. ഒടുവില്‍ അധികം വൈകാതെ ചീട്ടുകൊട്ടാരം പോലെ എല്ലാം ഇടിഞ്ഞുപൊളിയുമ്പോള്‍ നീ അന്തം വിടും. ആ ഭൂകമ്പത്തിന്റെ ഷോക് നിനക്ക് താങ്ങാവുന്നതിലും അധികമായിരിക്കും. പിന്നെ നിന്നെ അന്വേഷിച്ച് ഞാന്‍ വല്ല മാനസിക ആശുപത്രിയിലും വരേണ്ടിവരും. പ്രാന്താശുപത്രിയിലും ളോഹ ഇടണമെന്നു നീ വാശിപിടിക്കുമോ?''
അവരിരുവരും പൊട്ടിച്ചിരിച്ചു. അലക്‌സ് ബിയര്‍ ഗ്ലാസ്സ് ഉയര്‍ത്തി മൊത്തി ഉന്മേഷവാനായി. ആ നിശ്ശബ്ദതയില്‍ കിഴവന്‍ ജോസഫിന്റെ വിലാപപ്പാട്ട് അവര്‍ക്കിടയിലേക്ക് നുളഞ്ഞുകയറി.

''ഇയാളിത് അവസാനിപ്പിക്കില്ലേ? നേരം വെളുക്കുന്നതുവരെ ഇങ്ങനെ കരഞ്ഞ് പാടിക്കൊണ്ടിരിക്കുമോ?'' ജോബാണ് ചോദിച്ചത്. 
''അയാള്‍ ഇങ്ങനെയൊന്നും അല്ലായിരുന്നു. സാധുവും അദ്ധ്വാനിയുമായ ഒരുവന്‍. ഉള്ള ഇത്തിരി മണ്ണില്‍ പണിയെടുത്തും പുറമ്പണി ചെയ്തും കുടുംബം പോറ്റിയിരുന്ന ഒരാള്‍. ശരിക്കും നല്ല നസ്രാണി. രണ്ട് ആണ്‍മക്കള്‍. അവരുടെ ആദ്യകുര്‍ബാന സ്വീകരണത്തിനു മുന്‍പേ ഭാര്യ മരണപ്പെട്ടു. പിന്നെ മക്കള്‍ക്ക് അച്ഛനും അമ്മയുമൊക്കെ അയാളായിരുന്നു. രണ്ടിനും സാമാന്യത്തിലധികം വിദ്യാഭ്യാസവും കൊടുത്തു. പക്ഷേ, അവരുടെ സഞ്ചാരം അയാള്‍ മോഹിച്ച വഴികളില്‍ അല്ലായിരുന്നു. മൂത്തവന്‍ ഇവിടത്തെ കൊടും ബ്ലേഡ്. തല്ലിനും കൊല്ലിനും മടിയില്ലാത്തവന്‍. ഇളയവനാണ് വിചിത്രം. തോക്കുണ്ടാക്കുന്നു. നല്ല നാടന്‍ തോക്ക്. നമ്മുടെ നാട്ടീന്നും പുറം നാട്ടീന്നുമൊക്കെ ആവശ്യക്കാര്‍ അവനെ തേടിയെത്തുന്നുണ്ട്. അവനു പിടിപാടില്ലാത്ത ഇടങ്ങളില്ല. റഷ്യക്കാരന്റെ കലാഷ്നിക്കോവിനെ വെല്ലുന്ന തോക്കുണ്ടാക്കി ലോക കമ്പോളത്തിന്റെ നെറുകയില്‍ കയറാനുള്ള കൊണ്ടുപിടിച്ച പരിശ്രമത്തിലാണ് ഇപ്പോള്‍. വീടിന്റെ പിന്നില്‍ പണിപ്പുരയും ഫൗണ്ടറിയും ഉണ്ട്.''
''കലാഷ്നിക്കോവ് കണ്ടുപിടിച്ചയാള്‍ ഒടുവില്‍ ജീവനൊടുക്കുകയായിരുന്നു'' ജോബ് ഉത്സാഹമില്ലാതെ പറഞ്ഞു.

''ഈ വിദ്വാന്‍ അങ്ങനെയൊന്നും ഒടുങ്ങില്ല. രണ്ടു മക്കളും അപ്പനുമായി മുഴുത്ത കലിപ്പിലാണ്. അപ്പന്‍ പലതവണ സങ്കടവുമായെത്തിയപ്പോള്‍ ഞാന്‍ മക്കളെ വിളിപ്പിച്ചു. വരുമെന്നു തീരെ കരുതിയില്ല. ഇളയവനേ വന്നുള്ളൂ. അവന്റെ മറുപടി കേട്ടപ്പോള്‍ വേണ്ടിയിരുന്നില്ലെന്നു തോന്നി.''
ശേഷം ഒരു മിമിക്രിക്കാരനെപ്പോലെ ആ യുവപുരോഹിതന്‍ മകനെ ആവര്‍ത്തിച്ചു:

''എന്ത് പ്രാന്ത് പിടിച്ചിട്ടാ അലക്‌സ് സാര്‍ ളോഹയ്ക്കുള്ളില്‍ കയറിയതെന്ന് എനിക്കറിയില്ല. എന്തുകൊണ്ടായാലും ആ പ്രാന്തിന്റെ പേരില്‍ നാട്ടുകാരെ മേയ്കുന്നപോലെ എന്നെ മേയ്കാന്‍ ഇറങ്ങരുത്. പള്ളി, പള്ളീലച്ചന്‍, സ്വര്‍ഗ്ഗം, നരകം, പുണ്യം ഇതെല്ലാം കേട്ടാല്‍ എനിക്ക് ചിരിവരും. വയറ്റിപ്പിഴപ്പിന്റെ പേരിലാണെങ്കില്‍ ആയിക്കോ. സാമ്പത്തിക ക്ലേശമുണ്ടെങ്കില്‍ അതും പറഞ്ഞോളു. ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടിന്റെ കാര്യം പച്ചയ്ക്ക് പറയുന്നതാ എനിക്കിഷ്ടം. ഇപ്പോള്‍ ഞാനിത്തിരി റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിലാ. ലോക കമ്പോളം പിടിച്ചടക്കാന്‍ കലാഷ്നിക്കോവിനെ വെല്ലുന്ന ഒരു തോക്ക്. അത് ഏതാണ്ട് ശരിയായിക്കഴിഞ്ഞു. പെര്‍ഫെക്റ്റ് ആവുന്ന ദിവസം പാതിരാക്ക് അലക്‌സ് സാറിനു അതിന്റെ സ്വരം കേള്‍ക്കാം. എന്റപ്പന്റെ നെഞ്ച് പൊളിച്ച് അങ്ങേര്‍ക്ക് സങ്കടമോചനം നല്‍കുന്നതില്‍ ആര്‍ക്കും കഴപ്പില്ലല്ലോ.''
ഗൗരവം കലര്‍ന്ന സങ്കടച്ഛായയിലാണ് ജോസഫിന്റെ മകനെ അലക്‌സ് ആവര്‍ത്തിച്ചതെങ്കിലും ജോബിന് ഉറക്കെ ചിരിക്കാതിരിക്കാനായില്ല. ''എനിക്കിഷ്ടമായി. ഇടവകക്കാരായാല്‍ ഇങ്ങനെ വേണം. തന്നെ കാച്ചിക്കളയുമെന്നൊന്നും അവന്‍ പറഞ്ഞില്ലല്ലോ. കണിശതയുള്ള തോക്ക് കണ്ടുപിടിച്ച് അപ്പന്റെ നെഞ്ചില്‍ അതിന്റെ കൃത്യത പരിശോധിക്കുമെന്നു പറയുന്ന മകന്‍ ഒരു ആറ്റന്‍ സാമഗ്രി തന്നെ.''
''പക്ഷേ, ഈ വീരവാദമൊക്കെ കഴിഞ്ഞിട്ട് കൊല്ലം ഒന്നു തികയാന്‍ പോകുന്നു. ആകാശം നോക്കി കരഞ്ഞ് വിളിക്കുന്ന അപ്പന്‍ ഇപ്പോഴും അവിടെത്തന്നെയുണ്ട്. ആരോ അയാളെ അലിവോടെ കേള്‍ക്കുന്നുമുണ്ട്. കേള്‍ക്കുന്നവന്‍ വേണ്ടത് ചെയ്യുന്നുമുണ്ട്.''
അലക്‌സിന്റെ നിരീക്ഷണത്തോട് പൊരുത്തപ്പെടാനാവാതെ ജോബ് കുതറലോടെ പറഞ്ഞു:

''വാനമേഘങ്ങള്‍ക്കിടയില്‍ ഒളിപാര്‍ക്കുന്ന ദൈവം കിഴവനെ കേട്ട് മകനെതിരായി വേണ്ടത് ചെയ്യുന്നുണ്ടെന്നാണോ അലക്‌സേ, നീ കരുതുന്നത്?'' ചോദ്യത്തിനൊടുവില്‍ ജോബ് പരിഹാസച്ഛായയോടെ ഉറക്കെ ചിരിച്ചു. ''ദൈവം ആരാണെന്നും എന്താണെന്നുമൊക്കെ നിര്‍ണ്ണയിക്കുക, പിന്നെ ദൈവം എന്തൊക്കെ ചെയ്യുമെന്ന് കൃത്യമായി പ്രവചിക്കുക! ഇതൊക്കെ കൊടിയ ദൈവദൂഷണമാണെന്നത് അലക്സ് മനസ്സിലാക്കുന്നില്ലേ? ദൈവത്തിന്റെ ആളത്വത്തെ നമുക്ക് നിര്‍വ്വചിക്കാനാവുമോ? ആരെന്നോ എന്തെന്നോ അറിയാന്‍ ദൈവം നമ്മുടെ ചുറ്റുവട്ടത്തിന്റെ ഭാഗമാണോ? മറ്റൊരു ജീവിയോ അമാനുഷിക കരുത്തുകള്‍ ഉള്ള, അളവതിരുകള്‍ പെരുത്ത മറ്റൊരു മനുഷ്യനോ ആണോ? ദൈ്വതത്തിലായാലും അദൈ്വതത്തിലായാലും അങ്ങിനെയൊരു ദൈവം നിലനില്‍ക്കുകയില്ല.''

''ജോബേ, നീ പറയുന്നതൊന്നും ഞാന്‍ ചോദ്യം ചെയ്യുന്നില്ല. സെമിനാരിയിലെ ഒന്‍പത് കൊല്ലത്തെ പഠിപ്പ് കഴിഞ്ഞപ്പോള്‍ ആ എടുത്താല്‍ പൊന്താത്ത പുസ്തകങ്ങളെല്ലാം ഞാന്‍ അവിടെത്തന്നെ ഉപേക്ഷിച്ചു. അക്വിനാസിനേയും കാള്‍ റാനറെയും വച്ചുകൊണ്ട് ഇടവക നടത്തിക്കൊണ്ടുപോകാനാവുമോ? സ്പിനോസയേയും കാന്റിനെയുമൊക്കെ നീ താങ്ങുന്നതുമാതിരി താങ്ങാനും തള്ളാനും എനിക്ക് നേരമെവിടെ?''
''ഉറ കെട്ടുപോയ ഉപ്പ്.'' ജോബിന്റെ സ്വരത്തില്‍ പരിഹാസത്തേക്കാളും സഹഭാവമായിരുന്നു.

''എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളു. എല്ലാവര്‍ക്കും കുതിരകയറാനായി ഇത്തരം കുറെ ഓണംകേറാ ഇടവകകളും ഉണ്ടല്ലോ. മുക്കാലും മീന്‍പിടുത്തക്കാരും ദിവസക്കൂലിക്കാരും. ആകെയുള്ളത് പ്രകൃതിയോട് പൊരുത്തപ്പെടാത്ത ഒരു കോണ്‍ക്രീറ്റ് പള്ളി, പഴകിദ്രവിച്ച കെട്ടിടത്തില്‍ ഒരു പ്രൈമറി സ്‌കൂള്‍. എന്‍ജിനീയറിംഗിനും മെഡിസിനും അഡ്മിഷന്‍ ഇവിടാര്‍ക്കും വേണ്ട. വേണ്ടത് ചുരുക്കം ചിലര്‍ക്ക് അടുത്ത ഇടവകയിലെ ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസ്സിലേക്ക് ഒരു സീറ്റ്. അത് കിട്ടിയാല്‍ പിന്നെ പത്ത് വരെ ഉന്തിത്തള്ളാം. ഈ തുരുത്തുകാര്‍ക്ക് അതുതന്നെ കൂടുതല്‍. നേര്‍ച്ചപ്പെട്ടിക്കാരുടെ അദ്ധ്യാത്മികതയൊന്നും ഇവിടെ വേവില്ല.''
''നീ എന്തിനാ അലക്‌സേ എന്നോട് മറുതലിക്കുന്നത്. നിന്നെ പരിഹസിക്കുകയാണെന്നു തോന്നിയെങ്കില്‍ എന്റെ തെറ്റ്. മാപ്പാക്കണം. ഞാന്‍ ആരുടെയും പക്ഷം പിടിക്കുന്നില്ല. ആരുടെ വക്കാലത്തും എനിക്കില്ല. ആണ്ടറുതി ആവുമ്പോളേക്കും ഞാന്‍ പൗരോഹിത്യം ഉപേക്ഷിച്ചിരിക്കും.''
പെട്ടെന്ന് ആ മുറി ഒച്ചയനക്കങ്ങള്‍ അറ്റതായി പകര്‍ന്നു. ബിയര്‍ നുരകുത്തുന്ന സ്വരം പോലും മുഴച്ചുവന്നു. കിഴവനായ ജോസഫിന്റെ ഒച്ച മാത്രം വ്യാകുലവാള്‍പോലെ ആകാശങ്ങളിലേക്ക് ചിന്നി. ഒന്‍പത് വര്‍ഷം സെമിനാരിയില്‍ തത്ത്വചിന്തയും ദൈവവിജ്ഞാനീയവും പ്രത്യാശയുടെ ആനന്ദത്തില്‍ ഒരുമിച്ച് പഠിച്ച അവര്‍ക്കിടയില്‍ താല്‍പ്പര്യരാഹിത്യത്തിന്റെ ഇരുള്‍ മെല്ലെ നിവരുന്നത് ഇരുവര്‍ക്കും കാണാതിരിക്കാനാവുമായിരുന്നില്ല. റഫ്രിജറേറ്ററില്‍നിന്നും പുതിയ ബിയര്‍ കുപ്പിയെടുത്ത് അടപ്പ് തുറക്കുന്ന ജോബിനെ അലക്‌സ് നോക്കിയിരുന്നു. മനസ്സില്‍ മറ്റെന്തൊക്കെയോ ഉലയുന്നതുകൊണ്ടാവണം ബിയര്‍ പതഞ്ഞ് തൂവി മേശപ്പുറം ഈറമായി.
ജോബ് തുടര്‍ന്നു: ''സഭയ്ക്കുള്ളില്‍ ഛിദ്രങ്ങള്‍ പെരുകുകയാണ്. വത്തിക്കാന്‍ പുകയുന്നത് മറ്റാരെയുംകാള്‍ ഒരുപക്ഷേ, അറിയുന്നത് ഫ്രാന്‍സീസ് പാപ്പാ തന്നെയാവും. ഉഷ്ണം പൊള്ളിക്കാന്‍ തുടങ്ങിയപ്പോഴാവണം ബനഡിക്റ്റ് പാപ്പാ സ്ഥാനത്യാഗം ചെയ്തത്. പഴയ സൈദ്ധാന്തികത അതേപടി തുടര്‍ന്നാല്‍ സഭ ക്രമേണ പൊളിഞ്ഞ കമ്പനിയാകുമെന്നത് അദ്ദേഹം തീര്‍ച്ചയായും കണ്ടിരിക്കണം. ഉപജാപക്കാര്‍ പാപ്പാസ്ഥാനം നിഷേധിച്ച് അര്‍ജന്റീനയിലേക്ക് മടക്കിയ * ജോര്‍ജ് ബെര്‍ഗോളിയോയെ തിരികെയെത്തിക്കാന്‍ സ്ഥാനത്യാഗം പോലൊരു അസാധരണ നടപടിയല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു.''
''ബെര്‍ഗോളിയോ വന്നല്ലോ. പിന്നെയെന്തിനാ നീ പൗരോഹിത്യം ഉപേക്ഷിച്ചുപോകുന്നത്?''
''ഒരു ബര്‍ഗോളിയോ വിചാരിച്ചാല്‍ അത്രയെളുപ്പം പൊക്കിയെടുക്കാവുന്ന ആഴങ്ങളിലല്ല കത്തോലിക്കാ സഭ പുതഞ്ഞുകിടക്കുന്നത്. നീ കാണുകയും അറിയുകയും ചെയ്യുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ബൃഹ്ത്തുമായ സംഘടനയുടെ തലപ്പത്തെ കാര്യങ്ങള്‍. ജോണ്‍ പോള്‍ ഒന്നാമനെ നിദ്രയില്‍ വധിച്ചതാണെന്നു കരുതുന്നവര്‍ സഭയ്ക്കുള്ളിലും അത്ര കുറവൊന്നുമല്ലെന്നത് നിനക്കറിയാമോ? വത്തിക്കാന്‍ ബാങ്കിലെ കോടിക്കണക്കിന് ഡോളര്‍ തിരിമറിയുമായി ബന്ധപ്പെട്ടതാണ് അതിനു പിന്നിലെ കാര്യങ്ങളെന്ന് അന്നേ കിംവദന്തികളുണ്ട്. അതേ തിരിമറിക്കാരുടെ പിന്‍ഗാമികളും അവരുടെ വാടകക്കാരും ഇപ്പോഴും വത്തിക്കാന്റെ അകത്തളങ്ങളിലുണ്ട്.''


''ഇതെല്ലാം കിംവദന്തികളല്ലേ? അതെന്നും ഉണ്ടാവും. ഉജ്ജ്വലമായി ശോഭിക്കുന്നതിന്റെയെല്ലാം മാറ്റ് കുറക്കാന്‍ ഇത്തിരി പുകപടലം, അത്രയേയുള്ളു. ഭൗതികതയുടെ ലോഹം കൊണ്ട് അദ്ധ്യാത്മികമായതിനെ ഒതുക്കാമെന്ന് മോഹിക്കുക. സാത്താന്റെ തന്ത്രം തന്നെ. ജോബേ നീയും ഇതൊക്കെയാണോ വിശ്വസിക്കുന്നത്?''
അലക്‌സിന്റെ സ്വരത്തില്‍ തുടിപ്പും തിടുക്കവും ഉണ്ടായിരുന്നെങ്കിലും ജോബ് അതിനെ സാരമാക്കിയില്ല. ഒട്ടും ആവേശമില്ലാതെയായിരുന്നെങ്കിലും അതിനെ മറക്കാതിരിക്കാന്‍ അയാള്‍ക്ക് ആവുമായിരുന്നില്ല.
''ഭൗതികതയുടെ മേല്‍ അധികാരം കിട്ടാനായി ആദ്ധ്യാത്മികം, ഭൗതികം എന്ന വേര്‍തിരിവ് വേണ്ടെന്നും രണ്ടിന്റേയും മേല്‍ പാപ്പായ്ക്ക് അധീശതയുണ്ടെന്നും സിദ്ധാന്തം രചിച്ചത് പതിമൂന്നാം നൂറ്റാണ്ടില്‍ പോപ്പ് ബോണിഫെയ്സ് എട്ടാമനായിരുന്നു. സ്വന്തം മുന്‍ഗാമിയെ പ്രലോഭിപ്പിച്ച് സ്ഥാനം രാജിവയ്പിക്കുകയും തുടര്‍ന്നു പോപ്പായപ്പോള്‍ അതേ മുന്‍ഗാമിയെ പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്തുവെന്ന ഒരാരോപണം ഈ ബോണിഫെയ്സിനെതിരെയുണ്ട്. ദാന്തെയുടെ കാവ്യത്തില്‍ നരകത്തിലേക്ക് പോകുന്നവരുടെ ഗണത്തിലാണ് ബോണിഫെയ്സിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.''

അത്രയും പറഞ്ഞ് നിറഞ്ഞു ചിരിച്ചുകൊണ്ടുതന്നെ ജോബ് തുടര്‍ന്നു: ''സഭയുടെ പാഠങ്ങള്‍ കാലഹരണപ്പെടുന്നത് അലക്‌സ് കാണുന്നില്ലേ? ലോകാഭിപ്രായവുമായി സംഘര്‍ഷത്തില്‍ എത്രകാലം തുടരാനാകും. പുരോഗമനക്കാര്‍ മാത്രമല്ല, യാഥാസ്ഥിതികരും കലാപത്തിലാണ്. ലൈംഗികത, ഭിന്നലിംഗക്കാരോടുള്ള സമീപനങ്ങള്‍, ബ്രഹ്മചര്യം, വിവാഹമോചനം, ജനനനിയന്ത്രണം, ഗര്‍ഭഛിദ്രം, ലിംഗസമത്വം, ദരിദ്രര്‍, സഭയ്ക്കുള്ളിലെ വിവാഹമോചിതരുടേയും മുന്‍ പുരോഹിതന്മാരുടേയും സ്ഥാനം, ദേശീയതകളും ആരാധനാക്രമങ്ങളും ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സംഘര്‍ഷങ്ങളുടെ നടുവിലാണ് ഫ്രാന്‍സീസ് പാപ്പാ. ഒത്തിരിയെല്ലാം ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കിലും അതൊന്നും നടക്കില്ല. വ്യാകുലവ്യാഴദിവസം സഭയുടെ എളിമയും സേവനദൗത്യവും അടയാളപരമായെങ്കിലും പ്രകാശിപ്പിക്കുന്ന വേളയില്‍ പാദങ്ങള്‍ കഴുകപ്പെടുന്നവരുടെ കൂട്ടത്തില്‍ ഒന്നോ രണ്ടോ സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തണമെന്ന ഫ്രാന്‍സീസിന്റെ നിര്‍ദ്ദേശം ഇന്ത്യയിലെ പ്രാദേശിക സഭ തള്ളിക്കളയുകയാണുണ്ടായത്. പാപ്പായ്ക്ക് എതിരാളികള്‍ എവിടെയും ധാരാളമുണ്ട്. വത്തിക്കാന്റെ അകത്തളങ്ങളില്‍ അവരുടെ പ്രതിനിധികളുമുണ്ട്.''
പറഞ്ഞൊതുക്കാനാവാത്തവിധം കലങ്ങിമറിയുന്ന അകത്തെ തണുപ്പിക്കാനെന്ന വണ്ണം അലക്‌സ് ബിയര്‍ ആഞ്ഞുമൊത്തി. ഉള്ളത്തോടടുത്ത സ്‌നേഹിതനായിട്ടും തനിക്ക് ഇവനെ മനസ്സിലാക്കാനാവുന്നില്ലല്ലോ എന്ന പ്രയാസം ജോബിന്റെ മുഖത്ത് പെരുകിനിന്നു.
''പാപ്പായെ സപ്പോര്‍ട്ട് ചെയ്യേണ്ട സമയമാണിതെന്ന് നീതന്നെ പറയുന്നു. എന്നിട്ടും ആണ്ടറുതിയില്‍ പൗരോഹിത്യം ഉപേക്ഷിക്കാനാണു നിന്റെ പ്ലാന്‍. എനിക്ക് നിന്നെ മനസ്സിലാക്കാനാവുന്നില്ല.''

''എന്റെ കാര്യം വ്യക്തിപരമാണ്. ഞാന്‍ സെമിനാരിയില്‍ പ്രവേശനം തേടിയപ്പോള്‍ പ്രീസ്റ്റ് ഹുഡ് എനിക്ക് ആവേശമായിരുന്നു. ഇപ്പോള്‍ ആ തീ എന്റെയുള്ളില്‍ വെറും ചാരമാണ്. ദൈവവും ക്രിസ്തുവും കലങ്ങിപ്പോയിരിക്കുന്നു. തുണയില്ലാത്ത ഇരുട്ടിന്റെ ആഴങ്ങള്‍ മാത്രമേ അവിടെയുള്ളു. ഒന്നും കാണാനാവുന്നില്ല. വല്ലാത്ത ഏകാന്തത. പൗരോഹിത്യത്തിനു പുറത്തുകടന്നാല്‍ എല്ലാം ശരിയാവുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. എന്നാലും ആ ഓപ്ഷന്‍ ഉപയോഗിക്കാനല്ലാതെ മറ്റൊന്നും എനിക്ക് തോന്നുന്നില്ല. സെക്‌സിനും കുടുംബജീവിതത്തിലെ പങ്കാളിത്തത്തിനുമായാണ് ഞാന്‍ കളം മാറുന്നതെന്ന് നീ തെറ്റായി കരുതുകയും അരുത്. സൗകര്യങ്ങള്‍ തരുകയും പോറ്റുകയും ചെയ്യുന്ന ഒരു സംഘടന മാത്രമായി സഭയെ കണ്ട് ഇവിടെ തുടരാന്‍ എനിക്കാവില്ല. പുരോഹിതന്റെ കുപ്പായം ഉപേക്ഷിക്കുന്നതോടെ വീടും നാടും എന്നോട് കലുഷമാകും. വെള്ള വസ്ത്രത്തിലെ കറ പോലെ എന്റെ സാന്നിദ്ധ്യം അവര്‍ക്കെല്ലാം അപ്രിയമാകും. ബിരുദമുണ്ട്. ഇംഗ്ലീഷും അറിയാം. വടക്കേയിന്ത്യയിലെ ഉള്‍നാടന്‍ പട്ടണങ്ങളില്‍ അദ്ധ്യാപകനായി തൊഴില്‍ കിട്ടും. ജീവിച്ചുപോകാന്‍ അത് മതിയാകും.''
തണുത്ത കാറ്റിനായെന്നവണ്ണം അലക്‌സ് ജാലകത്തിനരുകിലേക്ക് നീങ്ങി. ആ ഇരുപാളി ജാലകം ഇത്തിരി തണുപ്പും ഒരു കുമ്പിള്‍ പ്രകാശവും അയാള്‍ക്ക് നല്‍കി. മറ്റൊന്നും അവിടെയുണ്ടായിരുന്നില്ല. ഒരു ഞരക്കം പോലെ ജോസഫിന്റെ വ്യാകുലപ്പാട്ട് ഒച്ചതാഴ്ന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. അലക്‌സാണ് വീണ്ടും സംസാരിച്ചുതുടങ്ങിയത്. തീരെ താഴ്ന്ന ഒച്ചയില്‍ തന്നോടുതന്നെയെന്നവിധം അയാള്‍ ഉച്ചരിച്ചു.


''ഉപേക്ഷിച്ചാലും നീങ്ങിപ്പോകാത്തതാണ് പൗരോഹിത്യത്തിന്റെ തീത്തൈലമിട്ട മുദ്ര. ഒരിക്കല്‍ പൗരോഹിത്യം സ്വീകരിച്ചാല്‍ എന്നും പുരോഹിതന്‍ തന്നെ. വൈകിയാണ് ഞാന്‍ സെമിനാരിയില്‍ എത്തിയത്. തൊഴില്‍ തേടിയും തൊഴിലെടുത്തും ഇത്തിരി ചുറ്റി. ബാംഗ്ലൂരും ദുബായും ന്യൂസിലാന്റും. എല്ലാത്തരം അനുഭവങ്ങളും എനിക്കുണ്ട്. എന്നിട്ടും അത്യുന്നതന്റെ കൂട്ടുകാരനും പുരോഹിതനുമാകുന്നതിന്റെ ആനന്ദം എന്നെ പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്നു. അതിപ്പോഴുമുണ്ട്. അത് തീരുമ്പോള്‍ ഞാനും തീരും. നിന്നെപ്പോലെ പുസ്തകങ്ങളില്‍ ആഴ്ന്നുപോകുന്ന ശീലം എനിക്കില്ല. കുറച്ചു മനുഷ്യര്‍ ചുറ്റുമുണ്ടായാല്‍ മതി. മൃതിയെ അതിലംഘിച്ച് ഉത്ഥിതനായ യേശു എന്റെ പ്രിയ പ്രതീകമാണ്. ഒടുങ്ങാത്ത പ്രത്യാശയുടെ പ്രതീകം. സകലവും ഒടുങ്ങിപ്പോയാലും സ്‌നേഹവും ത്യാഗവും മരണത്തെ തോല്‍പ്പിച്ച് താങ്ങും തണലുമാകുമെന്ന പ്രത്യാശ. ഞാന്‍ ഇവിടെത്തന്നെയുണ്ടാകും. ഈ ഇടവകയില്‍ അല്ലെങ്കില്‍ മറ്റൊരു ഓണംകേറാമൂലയില്‍.''
അവര്‍ പരസ്പരം നോക്കി മന്ദഹസിച്ചു. പെട്ടെന്ന് പുറത്തെ നിശ്ശബ്ദതയില്‍ ഒരു വെടിയൊച്ച മുഴങ്ങി. അവന്‍ ജോസഫിനെ കൊന്നു എന്ന് അലക്‌സ് സ്തബ്ധനായി. കലാഷ്നിക്കോവിന്റെ വാഴ്ച ഒടുങ്ങാറായി. ഇനി ആയുധക്കമ്പോളത്തില്‍ ഒരു ഇന്ത്യന്‍ താരോദയം എന്ന് ജോബും പറഞ്ഞു.
വെളിയില്‍ യാതൊന്നും കേള്‍പ്പിക്കാതെ ഇരവ് കനത്തുനിന്നു.
*ജോര്‍ജ് ബെര്‍ഗോളിയോ: പോപ്പ് ഫ്രാന്‍സീസിന് അച്ഛനമ്മമാര്‍ നല്‍കിയിരുന്ന പേര്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com