പട്ടുനൂല്‍പ്പുഴുക്കളുടെ  മനസ്സ്: അയ്മനം ജോണ്‍ എഴുതുന്ന കഥ

ഒരു ദിവസം, അതേ  ദിവസം രാത്രിയില്‍  മരണമടഞ്ഞ  ഒരാളോടൊത്ത് ഞാന്‍  ഒരുല്ലാസയാത്ര പോകാനിടയായി. ചന്ദ്രശേഖര  എന്നായിരുന്നു അയാളുടെ പേര്.
ചിത്രീകരണം - കന്നി എം
ചിത്രീകരണം - കന്നി എം

രു ദിവസം, അതേ  ദിവസം രാത്രിയില്‍  മരണമടഞ്ഞ  ഒരാളോടൊത്ത് ഞാന്‍  ഒരുല്ലാസയാത്ര പോകാനിടയായി. ചന്ദ്രശേഖര  എന്നായിരുന്നു അയാളുടെ പേര്. കനകപുര എന്ന ചെറുപട്ടണത്തിലെ രത്‌നപ്രഭാ   സില്‍ക്ക് മില്‍ എന്നറിയപ്പെട്ടിരുന്ന, പട്ടുവസ്ത്രനിര്‍മ്മാണശാലയിലെ   അക്കൗണ്ടന്റ് ആയിരുന്നു അയാള്‍. ഇടുങ്ങിയ വഴികളും  പ്രായമേറിയ മരങ്ങളും  പായല്‍ പറ്റിപ്പിടിച്ച  കെട്ടിടങ്ങളുമായി  ക്ഷയിച്ചുകിടന്ന   ഒരു പട്ടണമായിരുന്നു  കനകപുര. രത്‌നപ്രഭാ  മില്‍സാകട്ടെ,  ഏതാണ്ട് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന ഒരു പട്ടുവസ്ത്രശാലയും. 

മരിക്കുമ്പോള്‍ ചന്ദ്രശേഖരയ്ക്ക്  ഏതാണ്ട് അറുപത് വയസ്സിനോടടുത്തേ പ്രായമുണ്ടായിരുന്നുള്ളൂ.   ഞങ്ങള്‍ തമ്മില്‍ ഇടപഴകാനിടയായ അയാളുടെ ജീവിതത്തിലെ  ആ   അവസാനത്തെ ആറേഴു ദിവസങ്ങള്‍ക്കിടയില്‍ത്തന്നെ,  തനിക്ക് ജോലിയില്‍നിന്ന് വിരമിക്കാന്‍ രണ്ടു മൂന്നു  വര്‍ഷങ്ങളെ ശേഷിക്കുന്നുള്ളുവെന്നും വിരമിക്കും മുന്‍പ് മൂന്ന്  പെണ്‍മക്കളില്‍  ഇളയവരായ രണ്ടു പേരുടെ വിവാഹം കൂടി   നടത്തേണ്ടതുണ്ടെന്നും  ചന്ദ്രശേഖര  എന്നോട് പലവുരു  പറഞ്ഞിരുന്നു.   വിരമിച്ചതിനുശേഷം കനകപുരയോട് വിടപറഞ്ഞ്  തെക്കന്‍ കര്‍ണാടകത്തിലുള്ള   തന്റെ ജന്മനാട്ടിലെ  സ്വസ്ഥജീവിതത്തിലേക്ക് മടങ്ങിപ്പോകണമെന്ന മോഹവും ഏതാണ്ട് അത്രത്തോളം ആവര്‍ത്തി തന്നെ  പറയുകയുണ്ടായി. അതൊക്കെ ആഗ്രഹിക്കും പടി നടക്കുമോ എന്നോര്‍ത്തുള്ള ഒരു  വ്യാധി അയാളെ  പിടികൂടിയിട്ടുണ്ടെന്ന്  ആ പറച്ചിലുകളില്‍നിന്ന്   ഞാന്‍ മനസ്സിലാക്കിയിരുന്നു. അയഞ്ഞ പാന്‍സും ഇസ്തിരിയിടാത്ത വെള്ള ഉടുപ്പുമിട്ട്   മിക്കപ്പോഴും ഒരു   നരച്ച കാലന്‍കുടയും കയ്യിലേന്തി നടന്നിരുന്ന ചന്ദ്രശേഖരയോട്   അതൊക്കെ  മനസ്സിലാക്കുന്നതിന്  മുന്‍പുതന്നെ എന്തുകൊണ്ടോ എനിക്ക്  ഒരനുകമ്പ  കലര്‍ന്ന അടുപ്പം  തോന്നിത്തുടങ്ങുകയും ചെയ്തിരുന്നു.

രത്‌നപ്രഭാ മില്‍സ് ഞങ്ങളുടെ ബാങ്കിന്റെ ഹെഡ് ഓഫീസിലേക്ക്  ഒരു ദീര്‍ഘകാല വായ്പക്കപേക്ഷിച്ചതാണ് അതിനെല്ലാം  നിമിത്തമായത്. ക്ഷീണിത വ്യവസായങ്ങള്‍ക്ക് നല്‍കാറുള്ള ഉദാരമായ പലിശനിരക്കിലുള്ള ഒരു വായ്പയായിരുന്നു അവര്‍ക്കാവശ്യം. മില്ലിന്റെ ആസ്തിബാധ്യതകളും നടത്തിപ്പിലെ കാര്യക്ഷമതയും വിശദമായി പരിശോധിച്ച ശേഷം വായ്പ   അനുവദിക്കാവുന്നതാണോ  അല്ലയോ എന്ന്  റിപ്പോര്‍ട്ട് ചെയ്യേണ്ട ചുമതലയുമായി അയക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍. സോണല്‍ ഓഫീസില്‍നിന്ന് ഞാനും  തുങ്കൂര്‍  ശാഖയില്‍നിന്ന്   ദയാനിധിയും.

കനകപുരയിലേക്കുള്ള ബസിലിരുന്ന്  ഓരോന്ന് സംസാരിക്കുന്നതിനിടെ   ആ സ്ഥലത്തേക്ക്  ഞാന്‍ ആദ്യമായാണ് പോകുന്നതെന്നറിഞ്ഞപ്പോള്‍  ദയാനിധി തന്റെ ബ്രാഞ്ചിന്റെ സേവനമേഖലയില്‍പ്പെട്ട   ആ പട്ടണത്തെപ്പറ്റിയും രത്‌നപ്രഭാ മില്ലിനെപ്പറ്റിയും  എനിക്ക് കുറച്ചൊക്കെ  പറഞ്ഞുതന്നിരുന്നു.
''നിങ്ങളുടെ ആലപ്പുഴ പോലെയുള്ള ഒരു സ്ഥലമാണത്.'' ദയാനിധി പറഞ്ഞു. ''ഒരിക്കല്‍  മിന്നിത്തിളങ്ങി നിന്നിട്ട് പിന്നെ നിറം കെട്ടുപോയ ഒരു പട്ടണം. പട്ടുവ്യവസായം പൊടി പൊടിച്ചിരുന്ന കാലത്ത് ഇവിടം കഴിഞ്ഞിട്ടെ  ഉള്ളായിരുന്നു  തെക്കുള്ള  ഏതൊരു  പട്ടണവുമെന്ന്   അച്ഛനൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. മില്ലിന്റെ കാര്യവും അതുപോലെ  തന്നെ. പണ്ട് സ്വന്തമായിട്ട് നെയ്ത്തുശാലയും  നെയ്ത്തുകാരായിട്ട് ഒത്തിരി തൊഴിലാളികളുമൊക്കെ ഉണ്ടായിരുന്ന  പേരുകേട്ട മില്ലായിരുന്നു. പിന്നെ കാലം മാറി പട്ടിന്റെ മാര്‍ക്കറ്റൊക്കെ ഇടിഞ്ഞപ്പോള്‍ അതെല്ലാം പൂട്ടിപ്പോയി. കൊച്ചു കൊച്ചു   കുടികളില്‍  നെയ്യുന്ന   തുണിത്തരങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന  ഏര്‍പ്പാട് മാത്രമെ  ഇപ്പോഴുള്ളൂ. ബാക്കിയുള്ള   എട്ടോ പത്തോ  സ്ഥിരം ജോലിക്കാരെക്കൂടി  പറഞ്ഞുവിടുന്നത്  വരെ നടത്തിക്കൊണ്ട് പോയിട്ട്  അതും  നിര്‍ത്താനുള്ള  പരിപാടിയാകാനാണ് വഴി. ഏതായാലും വി വില്‍ ഹാവ് എ റ്റഫ് ടൈം ദെയ്ര്‍'' എന്നൊക്കെയായിരുന്നു ദയാനിധി  പറഞ്ഞുപോയത്.

 അതുപോലെയുള്ള   ഔദ്യോഗിക ദൗത്യങ്ങളിലെ പൂര്‍വ്വകാലാനുഭവങ്ങള്‍  വച്ച് അതത്രയും  കേട്ടപ്പോള്‍ത്തന്നെ രത്‌നപ്രഭാ മില്ലില്‍ ഞങ്ങളെ കാത്തിരിക്കുന്നതെന്തൊക്കെയാവാമെന്ന്   എനിക്ക് കുറച്ചൊക്കെ  അനുമാനിക്കാന്‍ കഴിഞ്ഞിരുന്നു. കാലത്ത് ഞങ്ങളെ കൂട്ടിക്കൊണ്ടു പോകാന്‍ ഒരു പഴഞ്ചന്‍ വണ്ടിയുമായി വന്നിട്ട്   മുറിവാതില്‍ക്കല്‍ വിനയവാനായി നില്‍ക്കുന്ന ഒരു ഡ്രൈവര്‍. ഏതു കണക്കുപുസ്തകം കയ്യിലെടുത്താലും കരുണ യാചിക്കുന്ന  മുഖഭാവത്തോടെ അടുത്ത് നോക്കിനില്‍ക്കുന്ന ഒരു പാവം കണക്കെഴുത്തുകാരന്‍. ആതിഥ്യത്തിന്റെ ഭാഗമായി എവിടെയെങ്കിലും ഒരുല്ലാസയാത്ര പോയാലോ എന്ന് ആദ്യ ദിവസം തന്നെ പറഞ്ഞുതുടങ്ങിയിട്ട്  ദിവസേന അതിന് പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യദര്‍ശി... അങ്ങനെ ചിലരെ  മുഖമില്ലാത്ത  മനുഷ്യരായി  ഞാന്‍ മുന്നില്‍ കണ്ടിരുന്നു. മില്ലിന്റെ  അപേക്ഷയിന്മേല്‍  ഞങ്ങള്‍ കൊടുക്കാനിടയുള്ള ശുപാര്‍ശ  എന്തായിരിക്കുമെന്നറിയാന്‍ ഉല്‍ക്കണ്ഠയോടെ  കാത്തിരിക്കുന്ന അല്‍പ്പവരുമാനക്കാരായ കുറച്ചു  പേര്‍.   

രത്‌നപ്രഭാ മില്‍ ഞങ്ങള്‍ക്കായി മുറി പറഞ്ഞുവച്ചിരുന്നത് കനകപുരയിലെ നാഷണല്‍ ലോഡ്ജിലാണെന്നറിഞ്ഞപ്പോഴും ഒരു പഴയ  ലോഡ്ജ് കെട്ടിടത്തിന്റെ മങ്ങിയ ചിത്രം  ഞാന്‍ മനസ്സില്‍ കണ്ടതാണ്... കാരണം  പണ്ടുകാലത്ത് പഴയ ലോഡ്ജുകള്‍ക്ക് പല പട്ടണങ്ങളിലും കണ്ട്  പരിചിതമായ   ഒരു പതിവു പേരായിരുന്നു അത്.

എന്റെ ഊഹം തെറ്റിയതേയില്ല. വിസ്താരമേറിയ മുറികളും വലിയ ജനാലകളും  ചതുരക്കള്ളികളില്‍ റെഡ് ഓക്സൈഡ്  പൂശിയ തറയുമൊക്കെയായി ഏറെയും മരപ്പണികള്‍ നടത്തിയുണ്ടാക്കിയ ഒരു ലോഡ്ജ്  ആയിരുന്നു നാഷണല്‍ ലോഡ്ജ്. ഏതായാലും മുകള്‍ നിലയിലെ   വിശേഷപ്പെട്ട  മുറിയാണ്  ഞങ്ങള്‍ക്കായി  പറഞ്ഞുവച്ചിരുന്നത്. നാല് ചുറ്റും ജനാലകളും അലങ്കാരപ്പണി ചെയ്ത കട്ടിലുകളുമൊക്കെയായി അകത്തു കയറിയാലുടന്‍  നല്ല വിശ്രാന്തി അനുഭവപ്പെടുന്ന  ഒരു മുറി. പക്ഷേ, പുറത്തെ മൂലയോടുകള്‍ക്കിടയിലോ മറ്റോ   പ്രാവുകള്‍ കൂട് കെട്ടിപ്പാര്‍ത്തിരുന്നു. മുറിക്കുള്ളിലിരുന്നാല്‍ അവരുടെ  കുറുകലും  ചിറകടിയും  ഏതു  നേരവും കേള്‍ക്കാമായിരുന്നു. ജനാലപ്പടിമേല്‍ അവിടവിടെയായി  പ്രാവിന്‍കാഷ്ഠം ഉണങ്ങി പറ്റിപ്പിടിച്ച പാടുകളും കാണാനുണ്ടായിരുന്നു. അവിടെ മാത്രമല്ല, ജനാല തുറന്നിട്ടാല്‍  പുറത്ത് കാണുന്ന ഓടിട്ട മേല്‍ക്കൂരകളിലെമ്പാടും   പ്രാവിന്‍കാഷ്ഠം വീണുള്ള  നിറപ്പകര്‍ച്ചകള്‍  ദൃശ്യമായിരുന്നു. അത് കൂടാതെ അകലത്തെ   പൊടി പറക്കുന്ന തെരുവുകളുടേയും ആ തെരുവുകളിലോടുന്ന  റിക്ഷകളുടേയും ഉന്തുവണ്ടികളുടേയുമൊക്കെ കാഴ്ചകളും   കനകപുര പട്ടണത്തിന്റെ ദരിദ്രാവസ്ഥ  എടുത്ത്കാട്ടി. ആ മുറിയില്‍ ചെന്നെത്തിയ  സന്ധ്യയില്‍  അതൊക്കെ കുറെ നേരം നോക്കിനിന്നിട്ട്  ഖനനം ചെയ്ത് വീണ്ടെടുക്കപ്പെട്ട ഒരു പട്ടണത്തില്‍ എത്തിച്ചേര്‍ന്ന പ്രതീതി തോന്നുന്നുവെന്ന് ഞാന്‍ ദയാനിധിയോട് പറഞ്ഞതായും  ഓര്‍മ്മ വരുന്നു.

മുറിയുടെ കാര്യത്തിലെന്നപോലെ   ഏതാണ്ട് ഞാന്‍ ഊഹിച്ചത്ര കാലപ്പഴക്കമുള്ള  ഒരു ജീപ്പായിരുന്നു  അടുത്ത ദിവസം കാലത്ത്  ലോഡ്ജിലെത്തിയത്. വേഗത കൂടുമ്പോള്‍  വൃദ്ധരെപ്പോലെ എന്തൊക്കെയോ പിറുപിറുക്കുകയും പ്രാകുകയുമൊക്കെ ചെയ്തിരുന്ന ഒരു മഹീന്ദ്ര. പക്ഷേ,   വണ്ടിയുമായി വന്നത് ഡ്രൈവര്‍  തനിച്ചായിരുന്നില്ലെന്ന് മാത്രം. ഒപ്പം ചന്ദ്രശേഖരയും ഉണ്ടായിരുന്നു. എന്ന്തന്നെയല്ല  ഡ്രൈവറെ താഴെ നിര്‍ത്തിയിട്ട് ഞങ്ങളെ വിളിക്കാന്‍  വന്നതും  ചന്ദ്രശേഖര തനിച്ചായിരുന്നു. പടികളിളകിയ മരക്കോവണി പതുക്കെപ്പതുക്കെ ചവുട്ടിക്കയറുന്ന ഒച്ചയ്ക്ക് പിന്നാലെയുള്ള ബെല്ലടി കേട്ട് ഞാന്‍ മുറിവാതില്‍ തുറന്നതും  പാവം  കിതപ്പടക്കാന്‍ പാട് പെട്ട്‌കൊണ്ട് നില്‍ക്കുകയായിരുന്നു. എങ്കിലും  വാതില്‍ തുറന്നയുടന്‍  എന്റെ മുഖത്തേക്ക് നോക്കി  വെളുക്കെച്ചിരിച്ച്   സ്വയം പരിചയപ്പെടുത്തി. എന്നിട്ട് മുറിയിലേക്ക് കയറി കാലന്‍കുട ഒരരുകില്‍ ചാരിവച്ചിട്ട് തടിക്കസേരമേല്‍ ഇരുന്ന് കിതപ്പകറ്റി. അതിന്‌ശേഷം  എന്നോടും ദയാനിധിയോടും  പേര് നാട് മക്കള്‍...

എന്നതിനെപ്പറ്റിയൊക്കെ ആദ്യമായി  കണ്ടുമുട്ടുമ്പോള്‍  ആളുകള്‍ സാധാരണ ചോദിക്കാറുള്ള ആ പതിവുചോദ്യങ്ങളൊക്കെ  ചോദിച്ചു. പിന്നെ  സ്വന്തം കുടുംബകാര്യങ്ങള്‍  ചോദിക്കാതെ  തന്നെ ഞങ്ങളെ  പറഞ്ഞു കേള്‍പ്പിക്കുകയും ചെയ്തു. അങ്ങനെ സാവകാശം   കുറേ നേരം കൂടി ഇരുന്ന് വിശ്രമിച്ച ശേഷമാണ്  ചന്ദ്രശേഖര  ഞങ്ങളെക്കൂട്ടി  പുറപ്പെട്ടത്. പോകുന്ന  വഴിക്ക്  കനകപുരയില്‍ ഉള്ളതില്‍ ഏറ്റവും കൊള്ളാവുന്നതെന്ന് അയാള്‍ വിശേഷിപ്പിച്ച സുബ്രഹ്മണ്യവിലാസ്   എന്ന്  പേരായിരുന്ന ഹോട്ടലില്‍ കയറി ഞങ്ങളൊരുമിച്ച്  പ്രാതല്‍  കഴിച്ചു. ഭക്ഷണത്തിനിടയില്‍  അതുവരെ നിശ്ശബ്ദനായിരുന്ന  ഡ്രൈവര്‍ തങ്കയ്യയെ ചന്ദ്രശേഖര  ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. അന്ന് മുതല്‍ തിരിച്ചുപോകുന്ന നാള്‍ വരെ ജീപ്പും ഒപ്പം തങ്കയ്യയേയും ഞങ്ങള്‍ക്കായി  വിട്ടുതരുവാന്‍ മാനേജര്‍ തന്നെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. പട്ടണക്കാഴ്ചകള്‍ കാണാനോ സിനിമയ്ക്കോ എവിടെ വേണമെങ്കിലും തങ്കയ്യയെ കൂട്ടി ഞങ്ങള്‍ക്ക് പോകാമെന്നും പറഞ്ഞു.
തന്റെ   മരണനാളിലെ  ആ ഉല്ലാസയാത്രയുടെ ആശയം  ചന്ദ്രശേഖര ആദ്യമായി അവതരിപ്പിച്ചതും അക്കൂടെത്തന്നെയായിരുന്നു.
''നിങ്ങളുടെ ജോലി ഒരുവിധം ഒതുങ്ങുന്ന  ദിവസം  നമുക്കൊരുമിച്ച്  സുബ്രഹ്മണ്യ ഹില്‍സിലേക്ക് പോകാം. നല്ല സ്ഥലമാണ്. പോകുന്ന വഴിക്ക് നല്ല കാടാണ്. ഭാഗ്യമുണ്ടെങ്കില്‍ ചിലപ്പോള്‍  കാട്ടാനക്കൂട്ടത്തെയൊക്കെ  വഴിക്ക് കാണുകയും ചെയ്യാം. ഞാനിതൊക്കെ   പറയാന്‍ വേറൊരു കാര്യവുമുണ്ട്. എന്റെ മൂത്ത മകളും കുടുംബവും അവിടെയാണുള്ളത്. മരുമകന്‍ അവിടുത്തെ വനംവകുപ്പ്  സത്രത്തിലെ കെയര്‍ ടേയ്ക്കറാണ്. നിങ്ങള്‍ക്കു രണ്ടു പേര്‍ക്കും അവിടെ  താമസിക്കാനുള്ള ഏര്‍പ്പാടെല്ലാം ചെയ്യാം. എനിക്ക് നിങ്ങളുടെ കൂടെ വന്ന് മകളേം പിള്ളേരേമൊക്കെ  ഒന്ന് കണ്ട് ഒരു രാത്രി അവരുടെ കൂടെ താമസിച്ച് എല്ലാമൊന്ന് കണ്ടു കേട്ട് പോരുകേം  ചെയ്യാം. ഒത്തിരി നാളായി അവരുടെ അടുത്തൊന്ന് പോയിട്ട്'' എന്നിങ്ങനെയാണ് ചന്ദ്രശേഖര  ആ തുറന്ന ചിരിയോടെ  പറഞ്ഞു നിര്‍ത്തിയത്. ഉല്ലാസയാത്രയില്‍ തനിക്കുള്ളതായ  സ്വാര്‍ത്ഥതാല്‍പ്പര്യം അത്രമാത്രം തുറന്ന് പറഞ്ഞുകൊണ്ടുള്ള അങ്ങനെയൊരു   നിര്‍ദ്ദേശം എനിക്കും ദയാനിധിയ്ക്കും എങ്ങനെയാണ് നിഷേധിക്കാന്‍  കഴിയുമായിരുന്നത്! ഞങ്ങളിരുവരും സമ്മതഭാവത്തില്‍ തലയാട്ടേണ്ടിവന്നു. ജോലി തീര്‍ത്ത് മടങ്ങുന്ന ദിവസമാണെങ്കില്‍ ഞങ്ങള്‍ക്ക് കനകപുരയിലേക്ക് മടങ്ങിവരാതെ സുബ്രഹ്മണ്യ ഹില്ലില്‍നിന്ന് എളുപ്പവഴിക്ക് ബാങ്കളൂരില്‍ എത്താന്‍ കഴിയുമെന്നതിനാല്‍ യാത്ര അങ്ങനെ തന്നെ ആവട്ടെ എന്ന് ചന്ദ്രശേഖര ഉടനടി നിശ്ചയിച്ചു.

ഏതാണ്ട് പട്ടണാതിര്‍ത്തിക്ക് തൊട്ടു പുറത്തായിരുന്നു  രത്‌നപ്രഭാ  മില്‍.  പട്ടണം തന്നെ  പൊടിഞ്ഞു  പൊടിഞ്ഞു തീരുകയാണോ എന്ന് ഭയക്കും  വിധം ചുറ്റും  പൊടി പരത്തിക്കൊണ്ട് ജീപ്പ് അവിടെ വരെ ഓടിയെത്തുമ്പോഴേക്ക്  കണ്ടു തീരാന്‍ മാത്രമുള്ള വിസ്താരമേ കനകപുരയ്ക്ക് ഉണ്ടായിരുന്നുള്ളൂ. കാണാനാകട്ടെ, ഏറെയൊന്നുമില്ലായിരുന്നു താനും. വഴിക്ക് എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും  നിരനിരയായി കാണപ്പെടുന്ന  വസ്ത്രശാലകളിലും  പട്ടുവസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ചില്ലലമാരികളിലും തന്നെ നോട്ടം ചെന്ന് പതിച്ചിരുന്നു. ചുരുക്കം പറഞ്ഞാല്‍ പട്ടുനൂല്‍പ്പുഴുക്കളെക്കൊണ്ട് ജീവിച്ചുപോരുന്ന  ഒരു പട്ടണം എന്നൊരു തോന്നലായിരുന്നു കനകപുരയിലെ ദിവസങ്ങള്‍ മിക്കപ്പോഴും നല്‍കിക്കൊണ്ടിരുന്നത്. 

മില്ലിന്റെ ഗെയ്റ്റോളമെത്തുമ്പോളേക്കും പട്ടണത്തിലെ ഒച്ചകളത്രയും നിലച്ചിരുന്നു. പുലര്‍ച്ചയിലെ  തണുത്ത ശാന്തതയില്‍  മില്‍ യാര്‍ഡിലെ പുല്‍ത്തുമ്പുകളില്‍  മഞ്ഞുതുള്ളികള്‍  കണ്ണീര്‍ക്കണങ്ങള്‍പോലെ പറ്റിപ്പിടിച്ചിരിക്കുന്നത് ദിവസേന  കാണാമായിരുന്ന കാഴ്ചയായിരുന്നു.
പട്ടണത്തോളം പഴക്കം തോന്നിച്ച മില്ലിന്റെ കവാടത്തിലേയും  വളപ്പിലേയും വലിയ എടുപ്പുകള്‍   ദയാനിധി സൂചിപ്പിച്ചിരുന്നത്‌പോലെ അതിന് ഒരു പ്രതാപകാലം ഉണ്ടായിരുന്നുവെന്ന പ്രതീതി നല്‍കി. വിശാലമായ ഓഫീസ് മുറിയില്‍ നിരനിരയായി  കിടന്ന തടിക്കസേരകള്‍ ഒട്ടു മിക്കവയും ഇരിക്കാന്‍ ആളില്ലാതെ ശേഷിച്ചതായ  കാഴ്ച  അതിന്റെ ക്ഷയകാലത്തെ വ്യക്തമാക്കുകയും ചെയ്തു. വഴിയോട് ചേര്‍ന്ന്തന്നെ തുറന്ന്വച്ചിരുന്ന മില്ലിന്റെ  വിപണനശാലയിലെ കൂറ്റന്‍ തടിയലമാരകളുടെ കള്ളികളില്‍  അവശേഷിച്ചിരുന്ന  പട്ടുവസ്ത്രങ്ങള്‍   മരിച്ചുപോയവരുടേതെന്നപോലെ  അനക്കമറ്റിരിക്കുന്നതായിട്ടാണ്   കാണപ്പെട്ടിരുന്നത്. വില്പനക്കാരായി ഉണ്ടായിരുന്ന രണ്ട് പേരും  മിക്കപ്പോഴും  വെറുതെ വഴിയിലേക്ക് നോക്കി ഇരിക്കുന്നതായും. 

രവികിരണ്‍ എന്ന് പേരായ ഒരു യുവാവായിരുന്നു മില്‍ മാനേജര്‍. ജീവനക്കാര്‍  പത്തു പന്ത്രണ്ട്   പേര്‍  മാത്രമായിരുന്നെങ്കിലും  അവരെയെല്ലാം അടക്കിഭരിക്കുന്ന പ്രകൃതക്കാരനായിരുന്നു അയാള്‍. പ്രായത്തില്‍ ഏറെ മുതിര്‍ന്ന ഒരാളെന്ന പരിഗണനപോലും നല്‍കാതെ ചന്ദ്രശേഖരയെ അയാള്‍ ഒരു യജമാനന്റെ ധാര്‍ഷ്ട്യത്തോടെ പേര് ചൊല്ലി വിളിക്കുന്നത് അരോചകമായ ഒരൊച്ചയിലായിരുന്നു. ക്ലാര്‍ക്കും ടൈപ്പിസ്റ്റുമൊക്കെയായി ഉണ്ടായിരുന്ന സുധാമണി എന്ന മധ്യവയസ്‌ക അയാളുടെ മുഖത്ത് നോക്കാന്‍ പോലും ഭയക്കുന്നതായിട്ടാണ്  തോന്നിയിരുന്നത്. ഷോറൂം നടത്തിപ്പുകാരായ ഇതര ജോലിക്കാര്‍ ഓഫീസിനുള്ളിലേക്ക് വല്ലപ്പോഴും മാത്രമേ കടന്നു വന്നിരുന്നുള്ളൂ. മാനേജരുടെ സാന്നിധ്യത്തില്‍ ശോകമൂകമായ ഒരന്തരീക്ഷവും  അയാള്‍ എങ്ങോട്ടെങ്കിലും മാറുമ്പോള്‍  ശോകമകന്നാലും  മൂകത  പിന്നെയും നിലനില്‍ക്കുന്ന ഒരന്തരീക്ഷവുമായിരുന്നു ആ ഓഫീസിനുള്ളില്‍. ആള്‍ബഹളങ്ങള്‍ക്ക് നടുവിലിരുന്ന് ജോലി ചെയ്തു പരിചയിച്ച എനിക്കും ദയാനിധിക്കും പലയിടത്തും  മാറാലകള്‍ തൂങ്ങിക്കിടന്ന ആ വലിയ ഓഫീസ് മുറിയിലെ നിറഞ്ഞ നിശ്ശബ്ദതയില്‍ ഇരുന്ന് ജോലി ചെയ്ത നാലഞ്ച് നാളുകള്‍ ഒരു തരം വീര്‍പ്പുമുട്ടലുണ്ടാക്കിയ അനുഭവമായിരുന്നു. അതുകൊണ്ടായിരിക്കാം  അതത്രയും ഇത്ര കൃത്യമായി ഓര്‍മ്മയിലുള്ളതും.


കീഴ്ജീവനക്കാരുടെ മുന്നില്‍ പരുക്കനായിരിക്കെത്തന്നെ മാനേജര്‍ ഞങ്ങളോടുള്ള സംസാരങ്ങളില്‍ ഒരു വിശാലഹൃദയനെന്ന് നടിച്ചു. ഹൃദ്രോഗലക്ഷണമായ ശ്വാസതടസ്സം അനുഭവിക്കുന്ന ചന്ദ്രശേഖരയേയും വൈധവ്യത്തിന്റെ ദുഃഖം പേറിനടക്കുന്ന സുധാമണിയേയും വലിയ കുടുംബപ്രാരബ്ധക്കാരനായ ഡ്രൈവര്‍ തങ്കയ്യയേയുമൊക്കെ ചൊല്ലി തനിക്കുള്ള ഖിന്നത സ്ഥാനത്തും അസ്ഥാനത്തും അയാള്‍ ഞങ്ങളോട് സൂചിപ്പിച്ചുകൊണ്ടിരുന്നത് അവരെയോര്‍ത്തെങ്കിലും ഞങ്ങള്‍ വായ്പക്കനുകൂലമായ റിപ്പോര്‍ട്ട് നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് വ്യക്തമായിരുന്നു.
''മില്‍ പൂട്ടിപ്പോയാലും എന്നെ സംബന്ധിച്ച് പ്രശ്‌നമൊന്നുമില്ല. വേറെവിടെ വേണമെങ്കിലും  ജോലിക്ക് ചേരാം. പക്ഷേ, ഞാന്‍ പോയാല്‍ പകരമൊരാളും  ഇവിടേക്ക്  വരില്ലെന്ന കാര്യം ഉറപ്പാ. അപ്പോള്‍പ്പിന്നെ മില്ല് പൂട്ടുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലാതെ വരും. ഇവരുടെയൊക്കെ കാര്യം കഷ്ടത്തിലാകുകേം ചെയ്യും'' എന്നൊക്കെ പറഞ്ഞ്  ഉദാരമതിത്വം നടിക്കാന്‍ മിടുക്കനായിരുന്നു അയാള്‍.

അത്തരം ചുറ്റുപാടുകളില്‍ കാര്യങ്ങളുടെ നിജസ്ഥിതി ചോദിച്ചറിയാന്‍ പറ്റിയ ആളുകള്‍ പലപ്പോഴും ഡ്രൈവര്‍മാരാണ്. അവര്‍ക്ക്  ആളുകളുടെ  സകല നീക്കങ്ങളും ഇടപെടലുകളും അവരറിയാത്ത വിധം മാറിനിന്ന്  ശ്രദ്ധിക്കാനുള്ള  അവസരങ്ങള്‍ കിട്ടുന്നതാവാം  കാരണം. എന്തായാലും രഹസ്യങ്ങള്‍ പിടിച്ചെടുക്കുന്ന റഡാറുകള്‍ തന്നെയാണവര്‍. അതുകൊണ്ടാണ് രത്‌നപ്രഭാ മില്ലിന്റെ അന്തപ്പുര രഹസ്യങ്ങള്‍ അറിയാന്‍ ഞങ്ങള്‍ തങ്കയ്യയെ ആശ്രയിച്ചത്. ചന്ദ്രശേഖര അടുത്തില്ലാത്ത നേരം  നോക്കി  തങ്കയ്യ ഞങ്ങള്‍ക്ക് പലതും പറഞ്ഞുതന്നു. വാക്ചാതുരികൊണ്ട് ആരെയും മയക്കുന്ന    തന്ത്രശാലിയായ  രവികിരണ്‍ വന്ന കാലം മുതല്‍ പട്ടിന്റെ വിപണി തകരുന്നുവെന്ന പ്രചാരണം നടത്തി മൊത്തവ്യാപാരികളുമായി ഒത്ത് മില്ലിലെ ഗുണമേന്മയുള്ള വസ്ത്രശേഖരം അന്യായമായ  വിലക്കുറവില്‍  വിറ്റഴിച്ചുകൊണ്ടിരിക്കുകയാണെന്ന് തങ്കയ്യ പറഞ്ഞു. ചന്ദ്രശേഖരയുടെ തികഞ്ഞ ശ്രദ്ധയും ജാഗ്രതയും ഇല്ലായിരുന്നുവെങ്കില്‍ മാനേജര്‍  അതിനകം എല്ലാം കൊള്ളയടിച്ച് കൊണ്ടുപോയിട്ട്  മില്‍ പൂട്ടിപ്പോയേനെ എന്നായിരുന്നു അയാളുടെ ഉറച്ച അഭിപ്രായം.
''ചന്ദ്രശേഖര സാര്‍ ആള് നല്ല നേരുള്ള മനുഷ്യനാണ് സാര്‍. അങ്ങേരൊരാളുള്ളതുകൊണ്ടാണ് സാര്‍ മില്ലിങ്ങനെ നടന്നുപോകുന്നത്'' എന്നാണ് തങ്കയ്യ അന്ന് പറഞ്ഞ് നിര്‍ത്തിയത്.
പിന്നെ കുറേക്കൂടി അടുപ്പമായപ്പോള്‍, താല്‍ക്കാലിക ജോലിക്കാരെ  പിരിച്ചുവിടാനുള്ള സാധ്യതയുണ്ടെന്ന്    സൂചിപ്പിച്ച് രവികിരണ്‍ സുധാമണിയെ   കൂടെക്കൂടെ ഭയപ്പെടുത്തുന്നതിന്റെ  ഉദ്ദേശ്യശുദ്ധിയില്‍  തനിക്കുള്ള  സംശയവും തങ്കയ്യ ഞങ്ങളുമായി പങ്കുവച്ചിരുന്നു.
രവികിരണെപ്പറ്റിയെന്നല്ല ഒരാളെപ്പറ്റിയും കുറ്റം പറയുന്ന പ്രകൃതക്കാരനല്ലായിരുന്നു  ചന്ദ്രശേഖര. പക്ഷേ, മില്ലിനെപ്പറ്റിയുള്ള യാഥാര്‍ത്ഥ്യങ്ങള്‍  ഒന്നും അയാള്‍ ഒളിപ്പിച്ചുവച്ചതുമില്ല. ഞങ്ങള്‍ ചോദിക്കുന്ന കണക്കുപുസ്തകങ്ങളെല്ലാം അയാള്‍ അപ്പപ്പോള്‍ എത്തിച്ചു തന്നു കൊണ്ടിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും മറയില്ലാതെ വിശദീകരണങ്ങളും തന്നു. അതിനതിന്  മില്ലിന്റെ  സാമ്പത്തിക അരാജകാവസ്ഥ  കൂടുതല്‍ കൂടുതല്‍ വെളിപ്പെട്ടുകൊണ്ടിരുന്നിട്ടുപോലും  ഒന്നും ഒളിക്കാനോ മറയ്ക്കാനോ അയാള്‍ ഒരുമ്പെട്ടില്ല. ചില ഇടപാടുകളിലെ സുതാര്യത ചോദ്യവിഷയമായപ്പോള്‍ മാത്രം ചന്ദ്രശേഖരയുടെ മുഖം  വാടി. നേര്‍ത്തൊരു ചിരിയോടെ അയാള്‍ എന്നോട് ചോദിച്ചു: ''ഞാനൊരു വെറും കണക്കെഴുത്തുകാരന്‍ മാത്രമായിപ്പോയില്ലേ സാര്‍? കണക്കെഴുതാനല്ലാതെ കാര്യങ്ങളെ പരിധിവിട്ട് ചോദ്യം ചെയ്യാന്‍ എനിക്കധികാരമില്ലല്ലോ?''

ചന്ദ്രശേഖര  മാത്രമല്ല, ലോകം മുഴുവനുമുള്ള കണക്കെഴുത്തുകാര്‍ അനുഭവിക്കുന്ന നൈതിക പ്രതിസന്ധിയാണത്... ഞാനപ്പോള്‍ ഉള്ളില്‍ വിചാരിച്ചിരുന്നു... കാര്യനിര്‍വ്വാഹകര്‍ അവിഹിതമായി ചെയ്യുന്നതെല്ലാം കണക്കുകളില്‍ ഒളിപ്പിക്കാന്‍ കണക്കെഴുത്തുകാര്‍ നിര്‍ബന്ധിതരാകുന്നു. അങ്ങനെ    ഒളിപ്പിക്കും തോറും അപരാധികള്‍  ആശാസം കൊള്ളുകയും കണക്കെഴുത്തുകാരുടെ  ഹൃദയം അതിനതിന്  ഭാരപ്പെടുകയും  ചെയ്യുന്നു.
കാലത്ത് ഞങ്ങളെ വിളിക്കാനെത്തുന്ന ചന്ദ്രശേഖരയുടെ കിതപ്പ് നാള്‍ക്ക് നാള്‍ വര്‍ധിച്ചു കൊണ്ടിരുന്നതും  ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അടുത്ത ദിവസം തങ്കയ്യയെ തനിയെ  അയച്ചാല്‍ മതിയെന്ന്  എല്ലാ വൈകുന്നേരവും ഞാനും ദയാനിധിയും  അയാളോട് പറഞ്ഞു കൊണ്ടിരുന്നതാണ്. പക്ഷേ, അയാള്‍ക്കതും  സമ്മതമല്ലായിരുന്നു. എല്ലാ ദിവസവും അയാള്‍ ബദ്ധപ്പെട്ട് കോണി ചവുട്ടിക്കയറി വന്ന് ഞങ്ങളെ സ്വീകരിച്ചുകൊണ്ട് പോയി. പകല്‍ മുഴുവന്‍ ഞങ്ങള്‍ക്കൊപ്പം ഇരുന്ന് ഞങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുകയും ജോലിയുടെ നീക്കത്തിന് ഭംഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു.  വൈകുന്നേരം ഒപ്പം വന്ന് ഞങ്ങളെ തിരികെക്കൊണ്ടു പോയി വിട്ടിട്ടെ  മടങ്ങുകയും ചെയ്തിരുന്നുള്ളൂ.

വായ്പയ്ക്ക് ശുപാര്‍ശ ചെയ്യാന്‍ തക്കതായ  വിശ്വാസ്യത  രത്‌നപ്രഭാ മില്ലിന് ഇല്ലെന്ന് തോന്നിയ ഘട്ടത്തില്‍ ഉല്ലാസയാത്രയുടെ വാഗ്ദാനം നിരസിക്കുന്നതല്ലേ ഉചിതം എന്ന് ഞാനും ദയാനിധിയും പലവട്ടം ആലോചിച്ച് അതിനു തക്കതായ  ഒരുപായം തേടി തലപുകച്ചതാണ്. പക്ഷേ, ഞങ്ങള്‍ക്കതിനു കഴിയാത്തവിധം  ചന്ദ്രശേഖര ഞങ്ങള്‍ക്കൊപ്പം ഇരിക്കെത്തന്നെ  ദിവസേന മകളേയും മരുമകനേയും വിളിച്ച് സത്രത്തിലെ ഒരുക്കങ്ങളും മറ്റ് തയ്യാറെടുപ്പുകളും  നടത്തിക്കഴിഞ്ഞിരുന്നു. മകള്‍ക്കും കുട്ടികള്‍ക്കുമായി പട്ടണത്തില്‍നിന്ന് വാങ്ങിക്കൊണ്ടു ചെല്ലേണ്ട കൊച്ചുകൊച്ചു സാധനങ്ങളെന്തൊക്കെയെന്ന് അവരോട് ചോദിച്ചറിഞ്ഞ്  അവയുടേതായ നീണ്ടൊരു ലിസ്റ്റും ആദ്യനാള്‍ മുതല്‍ അയാള്‍ തയ്യാറാക്കിക്കൊണ്ടിരുന്നു. അങ്ങനെ  ഏറെക്കാലം കൂടി അച്ഛനെ കാണാന്‍ കൊതിയോടെ കാത്തിരിക്കുന്ന ഒരു മകളേയും പൊതുവെ അതിഥികളാരും തന്നെ കടന്ന്‌ചെല്ലാത്ത  കാടിന് നടുവിലെ അവരുടെ വീട്ടിലേക്ക് മുത്തച്ഛന്‍ ചെല്ലുന്നത്  കാത്ത് കാത്തിരിക്കുന്ന രണ്ടു കുട്ടികളേയും കൂടി മനസ്സില്‍ കണ്ടുപോയത്  കൊണ്ട് മാത്രമാണ് ഞങ്ങള്‍ ആ യാത്രയ്ക്ക് വഴങ്ങിയത്.
എന്നിരിക്കിലും അത് കനകപുരയിലെ മടുപ്പില്‍നിന്ന് മോചനം പ്രാപിച്ചുള്ള ഞങ്ങളുടെ മടക്കയാത്ര കൂടിയായിരുന്നതുകൊണ്ട് ചന്ദ്രശേഖരയെപ്പോലെ തന്നെ ഞങ്ങളും ഒടുക്കം ആ ഉല്ലാസയാത്രയ്ക്ക് തയ്യാറെടുത്തത് ഏതാണ്ടൊരു ഉല്ലാസഭാവത്തില്‍ തന്നെ ആയിരുന്നു.

അന്ന് കാലത്ത് കനകപുരയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി മഴ പെയ്യുകയുണ്ടായി. ബെല്ലടി കേട്ട് വാതില്‍ തുറക്കുമ്പോള്‍   യാത്രയുടെ തോള്‍ബാഗ് തൂക്കി  കുടയിലെ വെള്ളം കുടഞ്ഞു കളഞ്ഞുകൊണ്ട് ചന്ദ്രശേഖര പതിവിലേറെ   മുഖപ്രസാദത്തോടെ നില്‍ക്കുകയായിരുന്നു.
''അകാലത്ത് ഒരു മഴ.'' ചന്ദ്രശേഖര പറഞ്ഞു.
''ആ കുട  ഒന്ന് നനഞ്ഞുകണ്ടല്ലോ. അതുമതി'' ചന്ദ്രശേഖരയുടെ കുടയ്ക്ക് നേരെ കൈ ചൂണ്ടി എനിക്ക് പിന്നില്‍ നിന്ന് ദയാനിധി   തമാശ പറഞ്ഞു.
അങ്ങനെ ഞങ്ങളും  ബാഗുകളും തൂക്കി  മുറിയില്‍ നിന്നിറങ്ങിയത് നിറഞ്ഞൊരു ചിരിയോടെയായി.
''ഇവിടെ മഴ പെയ്തോട്ടെ. പക്ഷേ, വഴിക്കൊക്കെ പെയ്യാതിരുന്നാല്‍ മതിയായിരുന്നു.'' പടികളിറങ്ങുമ്പോള്‍ ചന്ദ്രശേഖര പറഞ്ഞു.
തലേന്ന് ഞങ്ങളോട് അനുവാദം വാങ്ങിയിട്ട്  മില്ലിന്റെ മാര്‍ക്കറ്റിങ്ങ്  വിഭാഗത്തിലെ ജോലിക്കാരായിരുന്ന വേണുമാധവിനേയും  ശ്രീജിത്തിനേയും കൂടി  ചന്ദ്രശേഖര ആ ഉല്ലാസയാത്രയ്ക്കായി ക്ഷണിച്ചിരുന്നു.
''ജീപ്പ് നിറച്ച് ആളുള്ളതല്ലേ ഒരു രസം. അതുതന്നെയല്ല കാട്ടില്‍കൂടെയൊക്കെ പോകുന്നതല്ലേ? കൂടെ  ഒന്നുരണ്ടു ചെറുപ്പക്കാരുള്ളത്  നല്ലതാ'' എന്നൊക്കെയായിരുന്നു  ചന്ദ്രശേഖര അതിന് പറഞ്ഞ  ന്യായം.
അവര്‍ കൂടി എത്തിയ ശേഷം, തങ്കയ്യ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യുമ്പോഴേക്ക് മഴ തോര്‍ന്നിരുന്നു. കനകപുരയിലെ തെരുവുകളില്‍ പൊടിയടങ്ങിക്കിടന്നു. വസ്ത്രശാലകളിലെ ചില്ലലമാരകളില്‍  പട്ടുവസ്ത്രങ്ങള്‍ക്ക് പെട്ടെന്ന് പകിട്ടേറിയതായും തോന്നി. പട്ടണം വിടും മുന്‍പ്  അവിടവിടെ നിര്‍ത്തിച്ച ജീപ്പില്‍നിന്ന്   ചെറുപ്പക്കാരോടൊപ്പം ഇറങ്ങിപ്പോയ  ചന്ദ്രശേഖര  ഞങ്ങള്‍ക്ക് നല്‍കേണ്ട രാത്രിസല്‍ക്കാരത്തിന് വേണ്ടതായ  എന്തൊക്കെയോ വസ്തുവകകളും മകളുടെ  വീട്ടിലേക്ക് വാങ്ങാന്‍ ബാക്കിവന്നതൊക്കെയും ശേഖരിച്ച് അതൊക്കെ തൂക്കിപ്പിടിച്ച് മടങ്ങി വന്നു. ഓരോ ഓടിനടപ്പിലും വല്ലാതെ കിതച്ചിരുന്നെങ്കിലും ചന്ദ്രശേഖര സന്തോഷം കൈവിട്ടതായി കണ്ടില്ല.
ജീപ്പ് പട്ടണം പിന്നിട്ടപ്പോള്‍  മഴ തീര്‍ന്ന്  ചുറ്റുപാടും  വെയില്‍ വ്യാപിച്ചു   തുടങ്ങിയിരുന്നു. മരച്ചില്ലകളെല്ലാം  കഴുകി വെടിപ്പാക്കിയ ആ മഴയ്ക്ക് പിന്നാലെ പരന്ന തെളിവെയില്‍ പുറത്തെ പട്ടുനൂല്‍പ്പുഴുക്കള്‍ വളരുന്ന ഭൂഭാഗങ്ങള്‍ക്ക്  പട്ടിനോളം   തന്നെ   നിറപ്പകിട്ടും തിളക്കവും നല്‍കിക്കൊണ്ടിരുന്നു. ജീപ്പിനു വേഗതയേറവേ  അതേ വേഗത്തില്‍ ഒന്നൊന്നായി പിന്നിലേക്കോടിപ്പൊയ്ക്കൊണ്ടിരുന്ന കനകപുരയുടെ ആ ഉള്‍നാടുകള്‍ ഓരോന്നും പരിചയപ്പെടുത്തിയും സ്ഥലപുരാണങ്ങളും പഴങ്കഥകളുമൊക്കെ പറഞ്ഞു കേള്‍പ്പിച്ചും  അവര്‍  അതിഥികളായ ഞങ്ങളിരുവരുടേയും  ഉല്ലാസത്തില്‍  പ്രത്യേകം ശ്രദ്ധവയ്ക്കുന്നതായി  തോന്നി. അതൊക്കെ പറയുന്നതിനിടയില്‍  പഴംപാട്ടുകള്‍ പോലും പാടിക്കേള്‍പ്പിച്ച  ചന്ദ്രശേഖര സീറ്റില്‍ ഒപ്പമിരുന്ന  യുവാക്കളോളം തന്നെ ഉന്മേഷവാനായി കാണപ്പെടുകയും ചെയ്തു. എന്നാല്‍ വനമേഖലയിലേക്ക് കടന്നതോടെ എല്ലാവരും തന്നെ നിശ്ശബ്ദരായി. കണ്ണുകളേയും കാതുകളേയും കാട്ടാനകളെത്തേടി അലയാന്‍ വിട്ടുകൊണ്ടായി ഞങ്ങളുടെ യാത്ര. ഏറെ നേരത്തെ അലച്ചിലിനൊടുവില്‍  സഫലമായത് ചന്ദ്രശേഖരയുടെ തിരച്ചിലായിരുന്നു. അകലെ മാറി ഉള്‍വനങ്ങളില്‍ ഒരിടത്ത് നിഴല്‍രൂപങ്ങള്‍പോലെ അനങ്ങാതെ നിന്നിരുന്ന ആ കാട്ടാനക്കൂട്ടത്തെ   ചന്ദ്രശേഖരയുടെ വെള്ളെഴുത്തുള്ള കണ്ണുകള്‍ക്ക് എങ്ങനെ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് ഞങ്ങള്‍ അതിശയിച്ചു. അപ്പോള്‍ ''മുട്ടുവിന്‍ തുറക്കപ്പെടും അന്വേഷിപ്പിന്‍ കണ്ടെത്തും'' എന്ന ബൈബിള്‍ വചനം ഉദ്ധരിച്ച് ചന്ദ്രശേഖര തന്റെ വിജയത്തെ വിശേഷിപ്പിച്ചത് ഞങ്ങള്‍ക്ക്   അതിലേറെ കൗതുകകരവുമായി. തങ്കയ്യ വഴിയരികിലേക്ക് ഒതുക്കി നിര്‍ത്തിയിട്ട ജീപ്പിലിരുന്ന്  ആനക്കൂട്ടത്തെ മതിവരുവോളം കണ്ടിട്ടായിരുന്നു  ഞങ്ങള്‍ മുന്നോട്ട് പോയത് .

സുബ്രമണ്യ ഹില്ലിലെ സത്രത്തിലെത്തിയപ്പോള്‍ നേരം സന്ധ്യയോടടുത്തിരുന്നു. നല്ല തണുപ്പ് വീഴുകയും ചെയ്തിരുന്നു. കൊളോണിയല്‍ കാലത്തെങ്ങോ പണിയപ്പെട്ടതെന്ന്  തോന്നിയ സത്രത്തില്‍ ആതിഥേയനായി ചന്ദ്രശേഖരയുടെ മരുമകനെ മാത്രമേ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നുള്ളുവെങ്കിലും അച്ഛനെ കാണാനുള്ള ധൃതികൊണ്ടാകാം  മകളും   കുട്ടികളേയും കൂട്ടി അടുത്തുള്ള ക്വാര്‍ട്ടേഴ്സില്‍നിന്ന് അവിടെയെത്തി കാത്തിരിക്കുന്നുണ്ടായിരുന്നു. പുനഃ സമാഗമത്തിന്റെ ആഹ്ലാദത്താലുള്ള അവരുടെ ആലിംഗനങ്ങള്‍ ഞങ്ങളിലേക്കും സന്തോഷം പകര്‍ന്നു.

കുറച്ചു നേരം കഴിഞ്ഞ് മകളും കുട്ടികളും ക്വാര്‍ട്ടേഴ്സിലേക്ക് മടങ്ങിയപ്പോള്‍ അവര്‍ക്കൊപ്പം പൊയ്ക്കൊള്ളാന്‍ ഞങ്ങള്‍  പലവട്ടം പറഞ്ഞെങ്കിലും ചന്ദ്രശേഖരയ്ക്ക് അത് സമ്മതമായിരുന്നില്ല. ''ഇനി രാത്രി മുഴുവനുണ്ടല്ലോ അവര്‍ക്കൊപ്പം. അതുമതി'' എന്നു പറഞ്ഞിട്ട്  ഞങ്ങള്‍ക്കൊപ്പമിരുന്ന് പിറ്റേന്ന് സുബ്രഹ്മണ്യ ഹില്‍സിലെ കാഴ്ചകളായ ഹനുമാന്‍ ക്ഷേത്രവും  വെള്ളച്ചാട്ടവും പേള്‍ വാലിയുമൊക്കെ കാണാന്‍ പോകുന്ന സന്ദര്‍ശന പരിപാടി  തയ്യാറാക്കി. കുറച്ചകലെയുള്ള ഹൈവേയിലൂടെ വൈകുന്നേരത്തെ ബാംഗ്ലൂര്‍ ബസുകള്‍ കടന്നുപോകുന്ന  സമയവിവരം മരുമകനോട് ആരാഞ്ഞിട്ട്  പിറ്റേന്ന് വൈകുന്നേരം ഞങ്ങളെ സമയം തെറ്റാതെ അവിടെയെത്തിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തങ്കയ്യയ്ക്ക് മുന്‍കൂര്‍ നല്‍കി. സത്രത്തില്‍ ഞങ്ങള്‍ക്കായി ഒരുക്കിയിരുന്ന മുറിയില്‍ കയറി എല്ലാ  സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ടെന്ന്  ഉറപ്പ് വരുത്തി. വേണുമാധവിനും ശ്രീജിത്തിനും തങ്കയ്യക്കും ഔട്ട് ഹൗസിലെ താമസസൗകര്യവും ഏര്‍പ്പാട് ചെയ്തു. എല്ലാം കഴിഞ്ഞ് നേരമൊത്തിരി വൈകി ഞങ്ങള്‍ക്കുള്ള ഭക്ഷണവും മേശമേല്‍ തയ്യാറായപ്പോഴാണ് പോകാനെഴുന്നേറ്റത്. ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കാനുള്ള ക്ഷണമാകട്ടെ സ്വീകരിച്ചതുമില്ല. ''ക്ഷമിക്കണം സാര്‍. അവളും  കുട്ടികളും കാത്തിരിക്കില്ലേ. എത്ര കാലം കൂടി വരുന്നതാ. അവര്‍ക്കൊപ്പമിരുന്ന് കഴിച്ചില്ലെങ്കില്‍ പിണക്കമാകില്ലേ?'' എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്കും നിര്‍ബന്ധിക്കാന്‍ കഴിയാതെയായി.
ദീര്‍ഘയാത്രയാല്‍ ക്ഷീണിച്ചിരുന്നതിനാല്‍ ഞാനും ദയാനിധിയും ഭക്ഷണം കഴിഞ്ഞയുടന്‍ മുറിയില്‍ കയറി വൈകാതെ തന്നെ ഉറക്കവുമായതാണ്.
കാലത്തുണരുമ്പോള്‍ നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ എഴുന്നേല്‍ക്കാന്‍ മടിച്ച് കിടക്കുകയായിരുന്നു. പുറത്ത് ജീപ്പ് അതിവേഗം ഓടിവന്നു നില്‍ക്കുന്ന ശബ്ദത്തിനു പിന്നാലെ വാതിലിന്മേല്‍ തങ്കയ്യ പരിഭ്രാന്തി പൂണ്ടതുപോലെ ഇടിക്കുന്ന ഒച്ചകള്‍ കേട്ടായിരുന്നു  ചാടിയെഴുന്നേറ്റത്. ആകാംഷയോടെ  വാതില്‍ തുറന്നപ്പോള്‍ അതിശക്തിയായി കിതച്ചുകൊണ്ട് നിന്ന തങ്കയ്യയുടെ വിറയ്ക്കുന്ന  ചുണ്ടുകളില്‍നിന്ന് വളരെ പാടുപെട്ടിട്ടാണ്  ആ വാക്കുകള്‍ ചിതറിത്തെറിച്ചത്:
''സാര്‍. ചന്ദ്രശേഖര സാര്‍ മരിച്ചുപോയി സാര്‍. രാത്രി വല്ലാത്ത നെഞ്ചുവേദന വന്നു സാര്‍. ഞങ്ങളെല്ലാം കൂടി  പെട്ടെന്ന് കനകപുരയ്ക്ക്  കൊണ്ടുപോയതാണ് സാര്‍. പോകുന്ന വഴിക്കുതന്നെ മരിച്ചു സാര്‍'' തങ്കയ്യ  ഒറ്റശ്വാസത്തില്‍ അത്രയും പറഞ്ഞുനിര്‍ത്തി. എന്നിട്ട് കുറേ നേരം ഏങ്ങലടിച്ചു കരഞ്ഞു.
ഞാനും ദയാനിധിയും രണ്ട് മരവിച്ച  മനുഷ്യശരീരങ്ങളായി നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഉള്ളിലെവിടെയോ  നിന്ന് പെട്ടെന്നുയര്‍ന്ന ചൂടിന്റെ അലകളില്‍ എന്റെ ദേഹം വിയര്‍ക്കാന്‍ തുടങ്ങി. അതോടെ നടുക്കത്തെ അതിജീവിക്കാന്‍ കഴിഞ്ഞപ്പോള്‍  ഞാന്‍ തങ്കയ്യയെ തോളില്‍ കെട്ടിപ്പിടിച്ച് മുറിക്കുള്ളിലേക്ക് നടത്തിക്കൊണ്ടുപോയി  സോഫമേല്‍ ഇരുത്തി. അപ്പോഴേയ്ക്ക് അയാളും  തന്റെ ഉള്ളുലച്ചിലിനെ  കുറേയൊക്കെ അതിജീവിച്ചു കഴിഞ്ഞിരുന്നു. വൈകാതെ തന്നെ ഡ്രൈവര്‍മാര്‍ക്ക് സ്വതവേയുള്ള ആ വെറും ദൃക്സാക്ഷികളുടെ   നിര്‍വ്വികാര പ്രകൃതത്തിലേക്ക് മടങ്ങിയിട്ട് നടന്നതെല്ലാം അയാള്‍ സംയമനത്തോടെ വിശദീകരിച്ചു.

ക്വാര്‍ട്ടേഴ്സിലെത്തിയ ചന്ദ്രശേഖര മകളോടും കുട്ടികളോടുമൊത്ത് കളിതമാശകളില്‍ ഏര്‍പ്പെട്ടിരിക്കെ പെട്ടെന്ന് കടുത്ത നെഞ്ചുവേദനയില്‍ അമര്‍ന്നിരുന്നുപോയി. മകളും മരുമകനും  ചേര്‍ന്ന് പരിഭ്രാന്തിയോടെ നടത്തിയ പ്രഥമശുശ്രൂഷകള്‍ ഫലം കാണാതെ വന്നപ്പോള്‍ അപകടസൂചന തോന്നിയ  അവരിരുവരും ഓടിപ്പോയി തങ്കയ്യയേയും  വേണുവിനേയും ശ്രീജിത്തിനേയും വിളിച്ചുണര്‍ത്തി. അവരെല്ലാവരും ഒപ്പം കുട്ടികളേയും കൂട്ടി ജീപ്പില്‍ കനകപുരയിലേക്ക് പായുകയായിരുന്നു. അതിവേദനയാല്‍ പുളയുമ്പോഴും തന്നെ ആശുപത്രിയിലാക്കിയ ശേഷം തങ്കയ്യ  ജീപ്പ് എനിക്കും ദയാനിധിക്കുമായി ഒട്ടും വൈകാതെ തിരികെ കൊണ്ടുപോരണം  എന്ന് ചന്ദ്രശേഖര വേവലാതിപ്പെട്ട് പറഞ്ഞുകൊണ്ടിരുന്നത്രെ. പാതി ദൂരത്തോളമെത്തിയപ്പോള്‍ പിന്നെ അതെന്നല്ല  ഒന്നും തന്നെ പറയാതെയായി. ആദ്യം നാവ് കുഴഞ്ഞ് പിന്നെ ശരീരത്തില്‍ മരവിപ്പ് പടര്‍ന്ന് മകളുടെ മടിയില്‍ തല ചായ്ച്ച്  വഴിക്കുവച്ച് തന്നെ മരിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ച ശേഷം കനകപുരയിലെ വാസസ്ഥലത്തെത്തിച്ച മൃതദേഹം പുലര്‍ച്ചയ്ക്കു മുന്‍പ് തന്നെ തെക്കന്‍ കര്‍ണാടകയിലെ ചന്ദ്രശേഖരയുടെ ജന്മദേശത്തേക്ക് കൊണ്ടുപോയി. ആചാരമനുസരിച്ച് അത് സൂര്യാസ്തമയത്തിന് മുന്‍പേ ദഹിപ്പിക്കേണ്ടിയിരുന്നത്രെ.

ചന്ദ്രശേഖരയുടെ അവസാന വാക്കുകള്‍ അനുസരിക്കുന്നതിനുവേണ്ടി മാത്രമാണ് താന്‍ മൃതശരീരത്തിനൊപ്പം പോകാതെ ഞങ്ങളുടെയടുത്തേക്ക് അതിവേഗം മടങ്ങിവന്നതെന്ന് തങ്കയ്യ പറഞ്ഞു. അങ്ങനെ വരേണ്ടിവന്നതിലുള്ള വ്യസനവും കുറ്റബോധവും ആ പറച്ചിലില്‍ വ്യക്തമായിരുന്നു.
മടക്കയാത്രയ്ക്ക് ഒരുങ്ങുക എന്നല്ലാതെ ഞങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നു. ആ സ്ഥലത്തുനിന്ന് എത്രയും വേഗം നിഷ്‌ക്രമിക്കാനുള്ള തിടുക്കത്തോടെ ഞങ്ങള്‍  ഒരുക്കങ്ങള്‍ നടത്തി.
''നല്ല ഉറക്കക്ഷീണമുണ്ട് സാര്‍'' ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തങ്കയ്യ പറഞ്ഞു. എന്നിട്ട് ചില്ലിനിടയിലൂടെ ആകാശത്തെ  നോക്കി കൈകള്‍ കൂപ്പി എന്തിനെയോ വണങ്ങി. അതിന് ശേഷം കണ്ണ് തുടച്ചിട്ട്  സാവധാനം ജീപ്പോടിച്ചു തുടങ്ങി.
ഒത്തിരി വളവുതിരിവുകളും കയറ്റിറക്കങ്ങളും നിറഞ്ഞ ഏതോ ഇരുണ്ട കാട്ടുവഴിയിലൂടെ   ഹൈവേയിലേക്കോടിയ ജീപ്പില്‍  ഒരു വിലാപയാത്രയെ അനുഗമിക്കുന്നവരെപ്പോലെ  ഞാനും ദയാനിധിയും  മൗനികളായി ഇരുന്നു. 
ഇടയ്ക്കൊരിടത്ത് വച്ച് രവികിരന്റെ ഫോണ്‍ കോള്‍ വന്നു. നേരം വെളുത്തത് മുതല്‍ ശ്രമിച്ചിട്ടും കണക്ഷന്‍ കിട്ടുന്നില്ലായിരുന്നുവെന്നും  ഉണ്ടായത് വലിയൊരു ദുരന്തമായിപ്പോയെന്നും  പറഞ്ഞിട്ട് അയാള്‍ ആദ്യം ഞങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമായാചന നടത്തി. പിന്നെ ചന്ദ്രശേഖരെയെപ്പറ്റി കുറെയേറെ  നല്ല  വാക്കുകള്‍ പറഞ്ഞു. അതിനു തുടര്‍ച്ചയായി,  ശബ്ദമൊന്ന്  താഴ്ത്തിയിട്ട്, ചന്ദ്രശേഖര  മില്ലില്‍നിന്ന് മകളുടെ വിവാഹത്തിനെടുത്ത കടത്തിന്റെ തിരിച്ചടവ്  അര  ലക്ഷത്തോളം രൂപ ബാക്കിയുണ്ടെന്നും അതിനി കിട്ടുന്ന കാര്യം സംശയമാണെന്നും  കൂടി കൂട്ടിച്ചേര്‍ത്തു. എന്നിട്ട് ഒരു  ദീര്‍ഘനിശ്വാസത്തിന്റെ ഇടവേളയ്ക്ക് ശേഷം ഇനി ബാങ്കിലേക്ക് വിളിക്കാം എന്ന് പറഞ്ഞ്  നിര്‍ത്തി. 
ഹൈവേയുടെ ഓരത്ത് ജീപ്പ് നിര്‍ത്തി ബാംഗ്ലൂരിലേക്കുള്ള ബസ് കാത്തുനില്‍ക്കുന്നതിനിടെ തങ്കയ്യ വീണ്ടും വികാരാധീനനായി  ''നല്ലൊരു  മനുഷ്യനായിരുന്നു സാര്‍... എല്ലാം തീര്‍ന്നു സാര്‍... ഞങ്ങളെയൊക്കെ  വഴിയാധാരമാക്കിയിട്ട് പൊയ്ക്കളഞ്ഞു സാര്‍...'' എന്ന് പറഞ്ഞ് അയാള്‍ വീണ്ടും ഏങ്ങലടിച്ചു. 

തങ്കയ്യയുടെ പതംപറച്ചിലിലെ ധ്വനി ഞങ്ങള്‍ക്ക് എളുപ്പം മനസ്സിലാക്കാന്‍ കഴിഞ്ഞു. വായ്പാപേക്ഷയിന്മേല്‍ എന്തെങ്കിലും അനുകൂലമായ റിപ്പോര്‍ട്ട് ഞങ്ങള്‍ നല്‍കുന്നെങ്കില്‍ അത് ചന്ദ്രശേഖരയുമായുള്ള അടുപ്പവും അയാളുടെ നേരസ്ഥതയിലുള്ള വിശ്വാസവും  കൊണ്ട് മാത്രമായിരുന്നേനെ എന്ന സത്യം എത്ര കൃത്യമായാണ് അയാള്‍  മനസ്സിലാക്കിയത്.
അയാളോട് ഒരു ആശ്വാസവാക്ക് പോലും ഉരിയാടാനില്ലാത്ത ഞങ്ങളുടെ നിസ്സഹായത ഞാനും ദയാനിധിയും അന്യോന്യമയച്ച  ശൂന്യനോട്ടങ്ങളാല്‍  പങ്കിട്ടെടുത്തു.
ബസ് ബാംഗ്ലൂരിനോടടുക്കുമ്പോള്‍  പടിഞ്ഞാറ്, വളരെ ദൂരെയായി പതിവിലും വലിയ വട്ടത്തിലുള്ള ഒരു സൂര്യന്‍ താഴാറായി നില്‍ക്കുന്ന കാഴ്ച ഞാന്‍ കാണുകയുണ്ടായി. അപ്പോള്‍ ചന്ദ്രശേഖരയുടെ മൃതശരീരം ജന്മനാട്ടിലെ ചിതയിലേക്കെടുക്കുന്ന ഒരു സാങ്കല്‍പ്പിക ചിത്രം എന്റെ മനസ്സില്‍ തെളിഞ്ഞുവരുകയും ചെയ്തു.
കേരളീയ ഗ്രാമങ്ങളും അവിടുത്തെ ജീവിതവും  ശബരിമലയാത്രകളില്‍  പലവട്ടം കണ്ട് തനിക്ക് പരിചിതമാണെന്നും  തന്റെ നാടിന് ആ  നാട്ടിന്‍പുറങ്ങളുടെ അതേ മുഖച്ഛായ തന്നെ ആണെന്നും  ഞങ്ങളൊന്നിച്ചുണ്ടായിരുന്ന ആ ദിവസങ്ങളിലെപ്പോഴോ  ചന്ദ്രശേഖര എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ആ ശവദാഹച്ചടങ്ങ് അത്രയെളുപ്പം എനിക്ക് സങ്കല്‍പ്പത്തില്‍  കാണാന്‍ കഴിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com