സമയം രാത്രി രണ്ടുമണി: അതുല്‍ പവിത്രന്‍ എഴുതുന്നു 

എത്ര നടന്നിട്ടും തടാകവുമായുള്ള ദൂരം  അതേപടി തുടരുന്നതായി അവര്‍ക്ക് അനുഭവപ്പെട്ടു.
ചിത്രീകരണം - ചന്‍സ്
ചിത്രീകരണം - ചന്‍സ്

ബ്ലൂ ടൂത്ത് സ്പീക്കറില്‍ ഭൂപീന്ദര്‍ സിങ് മൃദുവായി പാടിക്കൊണ്ടിരുന്നു. സബ്മിഷനുകളുടേയും സെമിനാറുകളുടേയും താല്‍ക്കാലിക അഭാവം ഉണ്ടാക്കിയ ലാഘവത്വം ആ ഹോസ്റ്റല്‍ മുറിയില്‍ നിറഞ്ഞിരുന്നു.
''ഇതവസാനത്തെ സിഗരറ്റ് ആണ്.'' കത്തിക്കുന്നതിന് മുന്‍പ് ഒഴിഞ്ഞ സിഗററ്റു കൂട് കാണിച്ച് അങ്കിത് ഓര്‍മ്മിപ്പിച്ചു. ''ഓ, ബെഹന്‍ ചൂത്ത്'', ജയേഷ് നിസ്സംഗതയോടെ പ്രതിവചിച്ചു.

നൈസര്‍ഗ്ഗിക പ്രതികരണങ്ങളെ പ്രകാശിപ്പിക്കുന്ന ജയേഷിന്റെ പദ സാധ്യതകളിലേക്ക് അന്നാട്ടില്‍നിന്ന് ആദ്യമായി കയറിപ്പറ്റിയ വാക്കാണത്. 'ഫക്ക്' എന്ന വാക്കിന്റെ പ്രയോഗ സാധ്യതയിലെ വൈവിധ്യത്തില്‍ കൗതുകം പൂണ്ട ഓഷോ ഒരിക്കല്‍പ്പോലും 'ബെഹന്‍ ചൂത്തി'നെക്കുറിച്ചോര്‍ത്ത് കൗതുകപ്പെട്ടില്ല എന്ന തിരിച്ചറിവില്‍ അയാളുടെ 'ഇമാജിന്‍ഡ് ഓഡിയന്‍സ്' പാശ്ചാത്യരാണ് എന്ന് അങ്കിത് മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.

''യാര്‍ നമ്മള്‍ ഒരാഷ് ട്രേ വാങ്ങേണ്ടിയിരിക്കുന്നു.''
തന്റെ മനസ്സിന്റെ നേരം തെറ്റിയ ഓര്‍മ്മപ്പെടുത്തലില്‍ അങ്കിത് നിരാശനായി. അങ്കിതിന്റെ ഈ വലിയെക്കുറിച്ചുള്ള അമ്പരപ്പ് ഒരിക്കലും ജയേഷ് അവനോട് പങ്കുവെച്ചിരുന്നില്ല. അവര്‍, നാല് പേര്‍ വൈകിയുറങ്ങിയ ഒരു പരീക്ഷാത്തലേന്ന് അങ്കിത് പറഞ്ഞു, ശ്വാസകോശാര്‍ബ്ബുദം നരകിപ്പിച്ചു കൊന്ന അച്ഛനെ കണ്ട അവന്റെ ബാല്യത്തെക്കുറിച്ച്. മരണമായിരുന്നില്ല, ആ വൃദ്ധനായ ജാട്ടിനെ ഭയപ്പെടുത്തിയിരുന്നത്. തന്റെ കാലശേഷം തന്റേയും തന്റെ പൂര്‍വ്വ പരമ്പരകളുടേയും ദിനരാത്രങ്ങള്‍ മോക്ഷം കണ്ടെത്തിയ പച്ചനിറമുള്ള വയലുകള്‍ നിറഞ്ഞ തര്‍ക്ക ഭൂമി, കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ സഹോദരങ്ങള്‍ കൈവശപ്പെടുത്തിക്കളയുമോ എന്ന ആധിയാണ്, സ്‌കൂള്‍ ടീച്ചറായ ഭാര്യയുടേയും മുതിര്‍ന്നിട്ടില്ലാത്ത മക്കളുടേയും ഭാവിയിലയാള്‍ കണ്ട അനിശ്ചിതാവസ്ഥയാണ് ശരീരം ചുട്ടുപൊള്ളുന്ന ആ ചികിത്സാക്കാലത്ത് മുഴുവന്‍ അയാളുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തിയത്. ഒരു കൂളര്‍ അക്കാലത്തവര്‍ സംഘടിപ്പിച്ചിരുന്നു. കുട്ടിത്തം വിട്ടുമാറാത്ത കൈകള്‍കൊണ്ട് അങ്കിതും ചേച്ചിയും അച്ഛന് വിശറി വീശിക്കൊടുത്തിരുന്നു. ചില രാത്രികളിലും പുലര്‍ച്ചകളിലും അയാള്‍ മുറ്റത്തെ ട്രാക്ടറില്‍ കയറി ചുറ്റുമുള്ള പച്ചനിറമുള്ള വയലുകളുടെ നടുവിലൂടെ സഞ്ചരിച്ചു. ട്രാക്ടറോടിക്കുമ്പോള്‍ വയലേലകളില്‍നിന്ന് മുഖത്തേയ്ക്ക് വീശുന്ന കാറ്റിന്റെ തണുപ്പ് കൊള്ളണം എന്നായിരുന്നു അയാള്‍ ഭാര്യയോട് പറഞ്ഞിരുന്നത്.  ആ കാറ്റിനു മാത്രം തണുപ്പിക്കാനാവുന്ന വേവ് അയാളുടെ അകത്തുണ്ട് എന്നവര്‍ കരുതിയിരിക്കണം.

പുക സ്ഖലിച്ചുകൊണ്ടിരുന്ന ശരീരങ്ങളില്‍ ക്ഷീണമില്ലായ്മയുടെ മടുപ്പ് നിറഞ്ഞു. മുറിയില്‍ നിന്നിറങ്ങാം എന്നു രണ്ടുപേരും നിശ്ചയിച്ചു.
ഒരു റൈഡിനു പോകാം എന്ന് അങ്കിത് പറഞ്ഞു. നമ്മള്‍ ഉറങ്ങിയില്ലെങ്കിലും നഗരമുറങ്ങിയിട്ടേറെ നേരമായി എന്ന് ജയേഷ് അലസത പ്രകടിപ്പിച്ചു. ഒരു നഗരത്തെ അവളുറങ്ങുമ്പോള്‍ കാണണം എന്ന് അങ്കിത് നിര്‍ബന്ധിച്ചു. ഈ സമയത്തു പോവാന്‍ പറ്റിയ ഒരിടവുമില്ല എന്ന ജയേഷിന്റെ നിഗമനത്തിനു മീതെ അങ്കിത് ആ ആശയം അവതരിപ്പിച്ചു. 'ഹരിലാല്‍ വന്‍'. ഒരു നിമിഷം ആ വാക്ക് ജയേഷിനെ ത്രസിപ്പിച്ചു. 

നഗരത്തിലെ ഭീതിയുടെ കവാടം. ദുര്‍മരണങ്ങളുടെ താഴ്വര. രാത്രി പ്രേതങ്ങളെ തിരഞ്ഞുപോയ സാഹസികരില്‍ ചിലര്‍ വനത്തിലെ രക്തതടാകത്തില്‍ മൃതശരീരങ്ങളായി കാണപ്പെട്ടു. ജീവനോടെ തിരിച്ചുവന്നവര്‍ അവശേഷിച്ച ജീവിതത്തില്‍നിന്നു യുക്തിയെ കാടുകടത്തി. നിലവിളികളും അലര്‍ച്ചകളും രാക്ഷസീയമായ ചിറകടികളും അര്‍ധരാത്രികാലങ്ങളില്‍ വനത്തിനു പുറത്തേയ്ക്ക് കേട്ടിട്ടുണ്ട് ചിലര്‍. ഏതോ പൈശാചികമായ അദൃശ്യ പ്രവാഹം പിന്തുടരുന്നതായി അനുഭവപ്പെട്ട കാര്യം പരിസരത്തു കൂടെ വാഹനങ്ങളില്‍ സഞ്ചരിച്ചവര്‍ ഓര്‍ത്തെടുക്കാറുണ്ട്. 

അവിടെ നമ്മള്‍ വിശേഷിച്ചൊന്നും കാണാന്‍ സാധ്യതയില്ല എന്ന് ജയേഷ് വീണ്ടും ഒടക്ക് പറഞ്ഞു. ഒന്നും കണ്ടില്ലെങ്കില്‍ അതും വിശേഷപ്പെട്ടതുതന്നെ എന്നു പറഞ്ഞ് അങ്കിത് തന്റെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. ക്യാമ്പസ്സിന്റെ മുഖ്യ കവാടത്തിലേയ്ക്ക് നീണ്ടുനിവര്‍ന്നു കിടന്ന നിശ്ശബ്ദതയെ പ്രഹരിച്ചുകൊണ്ട് അവര്‍ കടന്നുപോയി. ഇരുവരുടേയും മുഖത്തേയ്ക്ക് തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു.
പിറകിലിരുന്ന ജയേഷിന്റെ ചാര്‍ജ് വറ്റിത്തുടങ്ങിയ ഫോണിലെ ഗൂഗിള്‍ മാപ്പ്, നാല്‍പ്പതു മിനിറ്റോളമുള്ള യാത്രയില്‍ അവരുടെ ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള മാര്‍ഗ്ഗദര്‍ശിയായി.
അങ്കിത് അടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് ബൈക്ക് കയറ്റി. ജയേഷ് ബൈക്കില്‍നിന്നിറങ്ങി. രോമമില്ലാതെ വെളുത്തു തിളങ്ങുന്ന തുടയുടെ മുകള്‍ ഭാഗം വരെ മാത്രം കറുത്ത വസ്ത്രം കൊണ്ടലങ്കരിച്ച ഒരു പെണ്‍കുട്ടി മറ്റൊരു ബൈക്കിന്റെ പിറകില്‍നിന്നിറങ്ങി. 
''ഇവളൊക്കെയായിരിക്കും ഹരിലാല്‍ വനത്തിലേക്ക് രാത്രികാലങ്ങളിലിറങ്ങുന്ന യക്ഷിമാര്‍.'' ജയേഷ് അങ്കിതിന്റ ചെവിയില്‍ പറഞ്ഞു.
അങ്കിത് മന്ദഹസിച്ചു.

ആളൊഴിഞ്ഞ റോഡും  അടിയില്‍ ആരൊക്കെയോ അന്തിയുറങ്ങുന്ന ഫ്‌ലൈ ഓവറും കടന്നു ബൈക്ക് ചീറിപ്പാഞ്ഞു. ഹരിലാല്‍ വനത്തിനു നഗരത്തിന്റെ നാല് ദിക്കുകളിലേക്ക് തുറക്കുന്ന നാല് കവാടങ്ങള്‍. വാഹനങ്ങള്‍ക്കു പ്രവേശനം കവാടങ്ങള്‍ വരെ മാത്രം. വടക്കു ഭാഗത്തെ പ്രധാന കവാടത്തിലൂടെയാണ് അവര്‍ അകത്തു പ്രവേശിക്കാന്‍ പോവുന്നത്. ഹൗസിങ് കോളനികളിലെ റോഡുകളില്‍ ഉറങ്ങിയിരുന്ന നായ്ക്കള്‍ ബഹുമാനാര്‍ത്ഥം വഴി മാറിക്കൊടുത്തു. ലോഡ് നിറച്ച ഒരു ലോറിക്ക് റിവേഴ്‌സ് എടുക്കേണ്ടിവന്നപ്പോള്‍ മാത്രം അവര്‍ക്കല്പം കാത്തുനില്‍ക്കേണ്ടിവന്നു.
അജ്ഞാതത്വത്തിലേക്ക് തുറക്കുന്ന വലിയ കവാടം അവര്‍ക്ക് മുന്നില്‍ ദൃശ്യമായി. 
കവാടത്തിനിരുവശങ്ങളിലും മതിലിനോട് ചേര്‍ന്ന് അകത്തേയ്ക്ക് കടക്കാനുള്ള ചെറിയ രണ്ട് വാതിലുകള്‍. തന്നെ ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതായി ജയേഷിന്റെ ഫോണ്‍ അറിയിച്ചു. സമീപമുള്ള ചെറിയ ബൂത്തില്‍ മെലിഞ്ഞ കാവല്‍ക്കാരന്‍ ഉറങ്ങുകയായിരുന്നു. ഉണര്‍ന്നിരിക്കുകയാണെങ്കിലും അയാള്‍ അവരെ തടയുകയോ എന്തെങ്കിലും ആരായുകയോ ചെയ്യുമായിരുന്നില്ല. കവാടത്തിനു സമീപം വേറെയേതെങ്കിലും വാഹനം കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. വനത്തിനകത്ത് ഒരുപക്ഷേ, മറ്റാരും തന്നെയില്ല എന്ന തോന്നല്‍ ജയേഷിനെ ചെറുതായി ഭയപ്പെടുത്തി. ഇടതുവശത്തെ വാതിലിലൂടെ അവര്‍ അകത്തേയ്ക്ക് പ്രവേശിച്ചു.
ആകാശത്ത് നേരിയ പ്രകാശവും അന്തരീക്ഷത്തില്‍ നേരിയ തണുപ്പും ഉണ്ടായിരുന്നു. വിശാലമായ നടവഴിക്ക് ഇരുവശവുമുള്ള പേരറിയാത്ത മരങ്ങളുടെ ഇലകള്‍ അനങ്ങാതിരുന്നു. ഉടനെ തന്നെ കനത്ത നിശ്ശബ്ദതയും നിശ്ചലതയും ഇരുവര്‍ക്കും അനുഭവപ്പെട്ടു. ആഴമുള്ള അടരുകളിലേയ്ക്ക് വ്യാപിക്കുന്ന ഒരു നിശ്ചലദൃശ്യമാണ് ഹരിലാല്‍ എന്ന് അങ്കിതിനു തോന്നി. അവന്‍ ഫോണ്‍ പ്രകാശിപ്പിച്ചു. 
അവര്‍ മുന്നോട്ട് നീങ്ങി. 
''ബെഹന്‍ ചൂത്ത്! ഇരപിടിക്കാന്‍ പതുങ്ങിയിരിക്കുന്ന ഒരു മൃഗത്തെപ്പോലെയുണ്ട് ഈ കാട്.'' അങ്കിത് ജയേഷിനോട് പറഞ്ഞു. അത് ശരിയാണ് എന്നവനും തോന്നി.
''ഈ രാത്രിയിലെ ഇര നമ്മളായിരിക്കും'' ജയേഷ് പറഞ്ഞു.
''ഈ വേട്ടക്കാരന്‍ ഇരയെ തേടി എങ്ങോട്ടും പോവുന്നില്ല. ഇരകള്‍ സ്വന്തം ഊഴം തെരഞ്ഞെടുത്ത് വേട്ടക്കാരന്റെ അടുത്ത് പോവുന്നു.''
അങ്കിത് ഇംഗ്ലീഷില്‍ അതു പൂര്‍ത്തിയാക്കി.
''വേട്ട കൊണ്ടാണ് അയാള്‍ ഇരയെ ആകര്‍ഷിക്കുന്നത്. വേട്ടയെക്കുറിച്ചുള്ള അറിവ് ഇരകളെ വേട്ടക്കാരന്റെയടുത്തെത്തിക്കുന്നു. ഇരകളുടെ എണ്ണം പെരുകുംതോറും ഇരയാകാനുള്ള അവശേഷിക്കുന്നവരുടെ ത്വരയും കൂടുന്നു. വേട്ടക്കാരനോട് തോന്നുന്ന ഇരയുടെ ആകര്‍ഷണമാണ് നമ്മളെ ഈ കാട്ടിലെത്തിച്ചത്. സാഹസികത ഇരയാവുമ്പോളുള്ള കീഴടങ്ങലിലെ രതിസദൃശമായ അനുഭവത്തോടുള്ള ആസക്തിയാണ്. യന്ത്ര ഊഞ്ഞാലില്‍ കയറുമ്പോള്‍ അടിവയറ്റില്‍ പൂമ്പാറ്റകള്‍ പറക്കുന്നത് മണ്ണില്‍ വീണു സ്വയം തകരാനുള്ള സാധ്യതയെക്കുറിച്ചുള്ള ശരീരത്തിന്റെ ഫാന്റസി കൊണ്ടാണ്.''
''ഇപ്പോള്‍ ഒരു പൂമ്പാറ്റയും എന്റെ വയറ്റില്‍ പറക്കുന്നില്ല.'' ജയേഷ് പറഞ്ഞു.
''എന്റെ പോക്കറ്റില്‍ പക്ഷേ, ഒരു ജോയിന്റ് ഉണ്ട്.'' അങ്കിത് വെളിപ്പെടുത്തി.
''ഇതിന്റെ അകത്തുനിന്ന് വലിക്കാതിരിക്കുന്നതാണ്  നല്ലത്.'' ജയേഷ് ഗൗരവത്തില്‍ പറഞ്ഞു.


അങ്കിത് മൂളി. 
രണ്ടു വഴികള്‍ അവര്‍ക്ക് മുന്നില്‍ ദൃശ്യമായി.
ഒരു വഴി വിശാലവും ഒരു വഴി ഇടുങ്ങിയതുമായിരുന്നു. വശങ്ങളില്‍ പുല്ല് വളര്‍ന്ന, ഇടുങ്ങിയ വഴിയിലൂടെ ഇരുവരും നീങ്ങി. വനത്തിനകത്തേയ്ക്ക് കയറുന്തോറും പ്രാണവായു കുറഞ്ഞുവരുമോ എന്നൊരു തോന്നല്‍ ജയേഷിനുണ്ടായി.
അല്പം മുന്നോട്ട് നടന്നപ്പോള്‍ പാറക്കെട്ടില്‍നിന്ന് അരുവി താഴോട്ടൊഴുകും പോലൊരു ശബ്ദം അവരിരുവരും കേട്ടു. അങ്കിത് തന്റെ ഫോണ്‍ ജയേഷിനു നേരെ നീട്ടി. അവരിരുവരും ഒരു കല്ലുപാലത്തിനടുത്തെത്തിയിരുന്നു. പാലത്തിലേയ്ക്ക് വെട്ടുകല്ല് കൊണ്ട് രണ്ടു പടവുകള്‍. വെള്ളത്തിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാനായി. പാലത്തിലേയ്ക്ക് കയറുന്നതിന്റെ വലതുവശത്ത് കണ്ട ഒരു പാറയില്‍ അങ്കിത് ഇരുന്നു.

പോക്കറ്റില്‍നിന്നു നീണ്ട നേര്‍ത്ത റബ്ബര്‍ പാളിപോലെയുള്ള കടലാസും തെളിഞ്ഞ ചെറിയ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച പൊടിയും പുറത്തെടുത്തു. ''ഞാന്‍ വലിക്കുന്നില്ല'' എന്നു പറഞ്ഞുകൊണ്ട് ജയേഷ് വെളിച്ചം കാണിച്ചു. പശ്ചാത്തലത്തില്‍ വെള്ളമൊഴുകുന്ന ശബ്ദം ഇരുവരുടെയും കാതില്‍ നിറഞ്ഞു. രണ്ടു പേരും നിശ്ശബ്ദരായി പാറയിലിരുന്ന് അല്പ നേരം പുക വലിച്ചു.
''ദില്ലിയില്‍ കിട്ടുന്ന സാധനത്തില്‍ എലിവിഷം ഉണ്ട് എന്നാണ് കേള്‍ക്കുന്നത്, അധികം അടിച്ചാല്‍ തട്ടിപ്പോവാന്‍ സാധ്യതയുണ്ട്.'' ജയേഷ് പറഞ്ഞു.
 അല്പനേരം മൗനിയായ അങ്കിത് മന്ദഹാസത്തോടെ പറഞ്ഞു.
''യാര്‍! ഇത് തെറ്റായ ചിന്തയാണ്. ഈ സാധനത്തില്‍ ചേര്‍ത്തതല്ല എലിവിഷം, ഈ സാധനമാണ് എലിവിഷം. വീട്ടുസാമാനങ്ങള്‍ കേടുവരുത്താന്‍ സാധ്യതയുള്ള, വീട് തുരക്കാന്‍ സാധ്യതയുള്ള എലികള്‍ക്കുള്ള വിഷം. കൊല്ലാനല്ല, മയക്കിക്കിടത്താനുള്ള വിഷം. വിഷം പുരട്ടിയ റൊട്ടി തിന്നുന്ന എലി അതെന്തോ ഒളിപ്പിച്ചുവെച്ച സാധനം കണ്ടെത്തി മോഷ്ടിച്ച് തിന്നുകയാണ് എന്നാണ് ധരിക്കുന്നത്. എന്നാല്‍, സത്യത്തില്‍ വീട്ടുടമ എലിക്കുവേണ്ടി വിഷം പുരട്ടി അതു പോവാന്‍ സാധ്യതയുള്ള സ്ഥലത്തു വെക്കുകയല്ലേ. തിന്നുന്ന എലികള്‍ക്കും സന്തോഷം, വീട്ടുകാര്‍ക്കും സന്തോഷം.''

ആ വാക്കുകളില്‍ ലോകത്തോടുള്ള സ്‌നേഹം മുഴുവന്‍ നിറഞ്ഞിരുന്നു.
''നമ്മള്‍ വെള്ളം എടുക്കേണ്ടതായിരുന്നു'' ജയേഷ് ഓര്‍മ്മിച്ചു. 
''വെള്ളം ഇതിനകത്തു നിന്നു കിട്ടും.'' അങ്കിത് പ്രത്യാശ പ്രകടിപ്പിച്ചു.
അല്പനേരത്തെ ഇരുത്തത്തിനുശേഷം അവര്‍ പാലത്തിലേയ്ക്ക് കയറി. പാലത്തിനിടയിലേയ്ക്ക് ഫോണിലെ പ്രകാശം പായിച്ച ജയേഷ് ഞെട്ടി.
''ഹേയ്! ഇതിന്റെ അടിയില്‍ വെള്ളം കാണാനില്ല.''
''ഓ ബെഹന്‍ചൂത്ത്.'' 
അങ്കിത് ഫോണ്‍ വാങ്ങി  പാലത്തിനടിയില്‍ ഫോണിന്റെ പ്രകാശം അങ്ങോട്ടും ഇങ്ങോട്ടും പായിച്ചു വെള്ളം കണ്ടെത്താനാവുമോ എന്നൊരു പരതല്‍ നടത്തി. 
കേട്ടുകൊണ്ടിരുന്ന വെള്ളത്തിന്റെ ശബ്ദം നിലച്ചതായി ഇരുവരും തിരിച്ചറിഞ്ഞു. 
അങ്കിത് അല്പം നേരം ചിരിച്ചു.
ജയേഷിന് ചിരിക്കാനായില്ല. 
''നമ്മള്‍ തിരിച്ചുപോവുന്നതാവുമോ നല്ലത്'' ജയേഷ് ചോദിച്ചു.
''പേടിക്കണ്ട, ലേശം കൂടി പോയി നോക്കാം'' അങ്കിത് ആത്മവിശ്വാസത്തോടെ പറഞ്ഞു.
അവര്‍ മുന്നോട്ട് പോയി. നടവഴി വിശാലമായി. 
മരങ്ങള്‍ക്കിടയിലേക്ക് നോക്കിയ അങ്കിത്, ആകാശത്ത് നിന്ന് കാട്ടിലെത്താന്‍ പാടുപെട്ടുകൊണ്ടിരുന്ന നേര്‍ത്ത വെളിച്ചത്തില്‍ മൂന്നു സെക്കന്റ് നീണ്ട ഒരു കാഴ്ച കണ്ടു. തോളില്‍ നീണ്ട ഇരട്ടക്കുഴല്‍ തോക്കേന്തിയ ട്രൗസറും ബനിയനും ധരിച്ച ഒരു നീണ്ട മനുഷ്യന്‍ മരങ്ങള്‍ക്കിടയിലൂടെ നടക്കുകയായിരുന്നു. മൂന്നു സെക്കന്റ് കൊണ്ട് ആ കാഴ്ച പൂര്‍ണ്ണമായും ഇല്ലാതായി. അതു തന്റെ തോന്നലായിരുന്നു എന്ന തോന്നലില്‍ ഞെട്ടിയ അങ്കിത് അങ്ങോട്ടേയ്ക്ക് ഫോണിലെ പ്രകാശം പരത്തി. ചലിക്കുന്നതായി ആ കൂറ്റന്‍ മരങ്ങള്‍ക്കിടയില്‍ ഒന്നും തന്നെ ഇല്ലായിരുന്നു. അങ്കിത് ഒന്നു നിശ്വസിച്ചു. 
''എന്ത് പറ്റി?'' ജയേഷ് ഗൗരവത്തില്‍ അന്വേഷിച്ചു.
''ഒന്നുമില്ല, എന്തോ അനങ്ങുന്നപോലെ തോന്നി.''
''എന്തോ സംഗതി ഇതിനകത്തുണ്ട്.'' ജയേഷ് അല്പം ആശങ്കയോടെ പറഞ്ഞു.
''എന്ത്?'' അങ്കിത് സംശയത്തോടെ ചോദിച്ചു. 
''വെള്ളത്തിന്റെ ശബ്ദമുള്ളതുപോലെ നമുക്കു തോന്നി. ശബ്ദം പെട്ടെന്നു നിന്നു. അവിടെ ഒന്നുമുണ്ടായിരുന്നില്ല. ഇപ്പോള്‍ എന്തോ അനങ്ങുന്നപോലെ തോന്നി, നോക്കിയപ്പോള്‍ ഒന്നും അനങ്ങുന്നില്ല'.
''ഇവിടെ ഇതിനകത്ത് അനങ്ങുന്നതായി നമ്മള്‍ രണ്ടു പേരെ ഉള്ളു. ബാക്കി എല്ലാം തോന്നലാണ്.''
''അനങ്ങിക്കൊണ്ടിരിക്കുന്ന നമ്മളും ഇല്ലാതാവുമോ?'' ജയേഷ് ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ചോദിച്ചു.
''ചിലപ്പോള്‍ അതാവും കാര്യം. ചലിച്ചുകൊണ്ടിരിക്കുന്ന എല്ലാം ഇല്ലാതാവുന്നു. ചലിക്കാതിരിക്കുന്നതുകൊണ്ടാവും ഈ മരങ്ങള്‍ ഇതുവരെ ഇല്ലാതാവാത്തത്. ഒരിലപോലും അനക്കാതെ  ഈ മഹാവൃക്ഷങ്ങള്‍ നില്‍ക്കുന്നത് ഇല്ലാതാവാതിരിക്കാനാവും. ഒരുപക്ഷേ, ആ അരുവി നിശ്ചലമായി ഇരിക്കുന്ന ഒന്നായിരുന്നിരിക്കും. ഒഴുകാന്‍ തുടങ്ങിയതോടെ ഈ കാട് അതിനെ വിഴുങ്ങിക്കാണണം. ചലിച്ചുകൊണ്ടിരിക്കുന്ന എന്തും ചലിക്കുന്നത് അതിന്റെ അവസാനത്തിലേക്കായിരിക്കണം. അത് അങ്ങനെത്തന്നെ ആണല്ലോ യാര്‍.''
അങ്കിത് തന്റെ ഒഴുക്ക് വീണ്ടെടുത്തു. താഴേക്കിറങ്ങുന്ന ഒരു ചെറിയ വഴിയിലൂടെ അവര്‍ പ്രയാണം തുടര്‍ന്നു. 
കോണ്‍ക്രീറ്റ് കൊണ്ടുള്ള നടവഴിയിലേയ്ക്ക് അവര്‍ ചെന്നുകയറി. കുറച്ചു ദൂരം മുന്നില്‍നിന്നും അങ്കിത് വീണ്ടും ഒരു കാഴ്ച കാണാനാരംഭിച്ചു. ഒരു റോട്ട് വീലര്‍ നായ തുറന്ന വായയുമായി കുതിച്ചുവരുന്നു. തൊട്ടുപിറകില്‍ ഓടാനിറങ്ങിയതുപോലെ ഒരു പെണ്‍കുട്ടി ട്രാക്ക് സ്യൂട്ടും കയ്യില്ലാത്ത ബനിയനും വലിയ നെറ്റിക്ക് കുറുകെ ഒരു ബാന്റുമായി കൈകാലുകള്‍ ക്രമത്തില്‍ ചലിപ്പിച്ച് നിയന്ത്രണത്തോടെ ഓടിവരുന്നു. നായ അടുത്തെത്തിയതോടെ അങ്കിത് ഒരു വശത്തേയ്ക്ക് നീങ്ങി വഴിമാറിക്കൊടുത്തു. ഉടന്‍ തന്നെ ആ മായാദൃശ്യം അഴിഞ്ഞുവീണു. 
''എന്തുപറ്റി യാര്‍?'' ജയേഷ് പരിഗണനയോടെ ചോദിച്ചു.
''ഒന്നുമില്ല, പെട്ടെന്ന് എന്തോ വരുന്നപോലെ ഒരു തോന്നലുണ്ടായി.''
''അതും ഇല്ലാതായിട്ടുണ്ടാവും'' ജയേഷ് പറഞ്ഞു.
അങ്കിത് ഗൗരവത്തോടെ മൂളി.
അവര്‍ മുന്നോട്ടുപോയി. ദൂരെ കുറച്ചു മുന്നിലായി ഒരു തിളക്കം കാണുന്നതായി അങ്കിതിന് തോന്നി. അവിടെ മരങ്ങള്‍ ഇല്ലായിരുന്നു. അവിടെനിന്ന് വലത്തോട്ട് ഒരു വഴിയും ഉണ്ട്. 
''അവിടെ ഒരു തടാകം കാണുന്നുണ്ടോ?'' ജയേഷ് ചോദിച്ചു. അവന്റെ തൊണ്ട വരളുന്നുണ്ടായിരുന്നു.
''ഉവ്വ്'' അങ്കിത് പറഞ്ഞു.
അവര്‍ മുന്‍പോട്ട് അല്പം വേഗത്തില്‍ നടന്നു. 
''അത് രക്തത്തടാകമാണ് എന്ന് തോന്നുന്നു.''
''ഓ അതാണോ ഇത്.'' ജയേഷിന് ഉള്‍ക്കിടിലം അനുഭവപ്പെട്ടു.
അല്പനേരം ആ തടാകത്തില്‍ കണ്ണ് പതിപ്പിച്ചാല്‍ അത് നോക്കുന്നയാളെ അതിനുള്ളിലേയ്ക്ക് വശീകരിക്കും. അപ്രതിരോധ്യമായ ഉള്‍പ്രേരണയില്‍ ആളുകള്‍ തടാകത്തിലേക്ക് പതിക്കും. പായലും ചെളിയും നിറഞ്ഞ തടാകത്തില്‍ കുറച്ചു ദിവസങ്ങള്‍ക്കുശേഷം ചീര്‍ത്ത മൃതദേഹങ്ങള്‍ മലര്‍ന്നുപൊന്തും.
''എങ്കില്‍, ഇതു കാടിന്റെ കിഴക്കുവശമാണ്.'' അങ്കിത് പറഞ്ഞു.
എത്ര നടന്നിട്ടും തടാകവുമായുള്ള ദൂരം  അതേപടി തുടരുന്നതായി അവര്‍ക്ക് അനുഭവപ്പെട്ടു.


''ഇതത്ര ദൂരെയാണോ? എന്താണ് നടന്നിട്ട് നീങ്ങാത്തതുപോലെ തോന്നുന്നത്?'' ജയേഷ് പരിഭ്രമത്തോടെ ചോദിച്ചു.
''എലിവിഷം നമ്മളുടെ അകത്തില്ലേ, അതാവും.''
അങ്കിത് നടത്തത്തിനു വേഗത കൂട്ടി. ജയേഷ് പിന്തുടര്‍ന്നു. രണ്ടുപേര്‍ക്കും കാലു വേദനിക്കാന്‍ തുടങ്ങിയിരുന്നു. ജയേഷിന് വല്ലാതെ വരള്‍ച്ച അനുഭവപ്പെട്ടു.
ഒരു ബെഞ്ച് അവര്‍ തടാകത്തിനോട് ചേര്‍ന്ന് കണ്ടു. പെട്ടെന്ന് ഒരു ലോറി റോഡിലൂടെ നിരങ്ങിനീങ്ങുന്ന ശബ്ദം കേള്‍ക്കുകയും ചെയ്തു.
''ഓ, റോഡ് അടുത്തെവിടെയോ ഉണ്ട്. അതോ ഇതും ഹാലുസിനേഷന്‍ ആവുമോ?''
''നമ്മള്‍ ഈ കാടിന്റെ ഹാലൂസിനേഷന്‍ ആവും. ഈ കാട്ടില്‍ തടാകം നോക്കിനില്‍ക്കുന്ന നമ്മള്‍ പെട്ടെന്നു തടാകത്തിന്റെ വെറും ഹാലൂസിനേഷന്‍ മാത്രമായി മാറുന്നുണ്ടാവണം. അപ്പോള്‍, ഒരു മായാദൃശ്യം അഴിഞ്ഞുവീഴുമ്പോലെ നമ്മള്‍ തടാകത്തിന്റെ ഉള്ളിലേക്കു തന്നെ ഇല്ലാതായിപ്പോവുന്നുണ്ടാവും'' അങ്കിത് അല്പം വേഗത്തില്‍ പറഞ്ഞു.
''ഒരു തടാകവും നമ്മള്‍ നോക്കിനില്‍ക്കാന്‍ പോവുന്നില്ല. ഇപ്പോള്‍ കണ്ടത് തന്നെ ധാരാളം. വേഗം റോഡ് എവിടെയാണ് എന്നു നോക്കി അങ്ങോട്ട് പോവാം.''
പെട്ടെന്ന് ഇരുവര്‍ക്കും തങ്ങള്‍ക്ക് നിയന്ത്രിക്കാനാവാത്ത വേഗത്തില്‍ കാലുകള്‍ നീങ്ങുന്നതായും തടാകത്തിനോടുള്ള ദൂരം കുറഞ്ഞു വരുന്നതായും തോന്നി. അവര്‍ കൈകള്‍ കൂട്ടിപ്പിടിച്ചു. തടാകം ഒരു മൂന്നു മീറ്റര്‍ അകലെ കാണാറായപ്പോള്‍ കാലുകള്‍ പതുക്കെയായി. രണ്ടുപേര്‍ക്കും കാലുകള്‍ക്ക് മേലുള്ള നിയന്ത്രണം തിരിച്ചുകിട്ടി. അസഹ്യമായ ഒരു വേദന കാലുകളില്‍ ഇരുവര്‍ക്കും അനുഭവപ്പെട്ടു. തടാകം നേരിയ വെളിച്ചത്തിലും തിളങ്ങുന്നുണ്ടായിരുന്നു. തടാകത്തില്‍ ആ വഴി അവസാനിക്കുന്നു. തടാകത്തോട് ചേര്‍ന്നു വലത്തേക്ക് ഒരു നടവഴി കാണാറായി. തുറന്നിട്ട വലിയ കവാടവും റോഡും മഞ്ഞനിറമുള്ള പ്രകാശം പരത്തുന്ന ഉയരമുള്ള തെരുവുവിളക്കുകളും അല്പം ദൂരെ കണ്ടു. രണ്ടുപേരും വലതുവശത്തേയ്ക്കുള്ള വഴിയിലൂടെ തടാകത്തിലേയ്ക്ക് നോക്കാതെ നടന്നു. ജയേഷ് ഫോണ്‍ പ്രകാശിപ്പിച്ചിരുന്ന വലതുവശത്തെ കൈ മുട്ടിനുമേല്‍ കൈ താങ്ങിയിരുന്നു. കവാടത്തിനടുത്തെത്തിയപ്പോള്‍, പുറത്ത് ഒരു ചായയുടെ ദൂക്കാന്‍ പ്രകാശിക്കുന്നു. രണ്ടുപേരിലും ആകാംക്ഷയും ആശ്വാസവും അനുഭവപ്പെട്ടു. ചായയുണ്ടാക്കുന്ന ഭയ്യയുടെ പിറകിലെ ബെഞ്ചില്‍ ഒരു മധ്യവയസ്‌കന്‍ ഉള്‍പ്പടെ അഞ്ചുപേര്‍ ഇരുന്നു ചായ കുടിക്കുന്നു. കവാടത്തിന്റെ ഇടതുവശത്തോട് ചേര്‍ന്നു ചായ കാത്ത് കുറച്ചു ചെറുപ്പക്കാര്‍ കൂടി പ്ലാസ്റ്റിക് കസേരകളില്‍ ഇരിക്കുന്നുണ്ടായിരുന്നു എന്നു കവാടത്തിനടുത്തെത്തിയപ്പോള്‍ അവര്‍ കണ്ടു.
''ഓ സാല!'' ജയേഷ് ആശ്വാസം പ്രകടിപ്പിച്ചു.
''നമ്മുടെ വണ്ടി...'' അങ്കിത് ഓര്‍മ്മിച്ചു.
''ഓഹ്!'' ജയേഷും ഓര്‍ത്തു. 
''എന്നാലും സാരമില്ല ഇതിന്റെ പുറത്തുകടന്നല്ലോ, എങ്ങനെയെങ്കിലും വണ്ടി എടുക്കാം.''
അവര്‍ പുറത്തെത്തി.
''ഭയ്യാ അല്പം വെള്ളം'', തെളിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം കണ്ട ജയേഷ് പറഞ്ഞു.
ഒരു കുപ്പി അങ്കിതും എടുത്തു. രണ്ടു പേരും ദാഹമകറ്റി. ചുറ്റുമുള്ള എല്ലാ മനുഷ്യരും അവരെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
''റിങ്കൂ ഭയ്യാ രണ്ടു ചായ.''
അങ്ങോട്ടേക്ക് നടന്നുവന്ന രണ്ട് പയ്യന്മാര്‍ വിളിച്ചുപറഞ്ഞു. 
''രണ്ടു കുപ്പി കൂടി വേണം ഭയ്യാ.''
അങ്കിത് മടക്കയാത്ര ഓര്‍മ്മിച്ച് പറഞ്ഞു. 
''ഈ വനത്തിന്റെ വടക്കു ഭാഗത്തുള്ള ഗേറ്റ് എവിടെയാണ്.''
ജയേഷ് ചോദിച്ചു.
''അത് കുറച്ചു ദൂരമുണ്ട്. നടന്നുപോവാന്‍ പറ്റില്ല.''
അയാള്‍ പറഞ്ഞു.
''ഞങ്ങളുടെ വണ്ടി അവിടെയാണ് പാര്‍ക്ക് ചെയ്തിട്ടുള്ളത്. ഉള്ളിലൂടെ നടന്നിട്ടാണ് ഇങ്ങോട്ടെത്തിയത്.''
അങ്കിത് അറിയിച്ചു. 
''ഇത്ര ദൂരം ഈ നേരത്ത് നടന്നോ.''
''ആ''
അങ്കിത് പറഞ്ഞു.
''തിരിച്ചത്രയും ദൂരം നടക്കാന്‍ വയ്യ.''
''ഇവരുടെ ഓട്ടോ ഉണ്ട്. അവരോട് പറഞ്ഞാല്‍ മതി.''
റോഡിനപ്പുറം ഒരു ഓട്ടോ പാര്‍ക്ക് ചെയ്തത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു.
''ജീത്തു, ഭായ് സാഹിബിനെ നോര്‍ത്ത് ഗേറ്റില്‍ കൊണ്ടുപോയി വിടണം.''
റിങ്കു വിളിച്ചുപറഞ്ഞു. 
''അവന്‍ ചായ കുടിച്ചുകഴിഞ്ഞിട്ട് കൊണ്ടുവിടും.''
അയാള്‍ അറിയിച്ചു.
''ഭയ്യാ, രണ്ടു ചെറിയ ഗോള്‍ഡ് ഫ്‌ലേക്ക് വേണം'' അങ്കിത് പറഞ്ഞു. റിംഗു തരാമെന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
''ഭയ്യാ ഈ കാട്ടില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ?'' ജയേഷ് ചോദിച്ചു.
''നിങ്ങള്‍ പഠിക്കുകയാണോ?''
''അതെ.''
''എവിടെയാണ് പഠിക്കുന്നത്.''
''ജെ.എന്‍.യുവില്‍.''
''അവിടെ ഹോസ്റ്റലിലാണോ?''
''ഹോസ്റ്റലില്‍ തന്നെയാവും.'' ബെഞ്ചിലിരുന്ന മധ്യവയസ്‌കന്‍ അവര്‍ മറുപടി പറയും മുന്നേ ഉച്ചത്തില്‍ അതു വിളിച്ചുപറഞ്ഞിട്ടെഴുന്നേറ്റു. ''ഈ ബെഹന്‍ ചൂത്തുകള്‍ക്ക് അവിടെ എല്ലാം ഗവണ്‍മെന്റിന്റെ ഫ്രീ അല്ലേ. ഹോസ്റ്റല്‍ ഫ്രീ. ഭക്ഷണം ഫ്രീ. ചായ ഫ്രീ. വെള്ളം ഫ്രീ. എല്ലാം ഫ്രീ ആയി വാങ്ങിയിട്ട് ആസാദി ആസാദി എന്ന് കുരക്കുകയല്ലേ.''
''അങ്കിള്‍, അങ്ങ് തെറ്റായി ചിന്തിച്ചിരിക്കുന്നു'' ജയേഷ് പരിഭ്രമത്തോടെ വിശദീകരിക്കാന്‍ ശ്രമിച്ചു.
''ആരാ സാല, നിന്റെ അങ്കിള്‍?'' അയാളുടെ കവിളും ശരീരവും വിറയ്ക്കാന്‍ തുടങ്ങി. ''കള്ളും കുടിച്ചിട്ട് പെണ്ണുങ്ങളുടേയും ടീച്ചര്‍മാരുടേയും കൂടെ സെക്‌സ് ചെയ്യാനല്ലേ ടാ തന്തേം തള്ളയുമൊക്കെ നിന്നെ പഠിക്കാന്‍ വിട്ടത്'' ചുവന്നു തുറിച്ച കണ്ണുകളോടെ അയാള്‍ അലറി. ''പാകിസ്താന്‍ സിന്ദാബാദ്, ചൈന സിന്ദാബാദ്, ആസാദി ആസാദി എന്നും പറഞ്ഞിട്ട് പ്രൊഫസര്‍മാരും കുട്ടികളും ഒരുമിച്ച് കഞ്ചാവടിയല്ലേ ടാ അവിടെ?''
''അങ്കിള്‍ നിങ്ങള്‍ മോശമായ രീതിയിലാണ് സംസാരിക്കുന്നത്.''
''എന്താടാ മോശം രീതിയില്‍ സംസാരിച്ചത്?'' അയാള്‍ ജയേഷിന്റെ കൈമുട്ട് വേദനിപ്പിക്കും വിധം അമര്‍ത്തിപ്പിടിച്ചു. ബെഞ്ചിലിരുന്ന മറ്റു മൂന്നുപേര്‍ കൂടി ജയേഷിന്റെ അടുത്തേയ്ക്ക് എണീറ്റുവന്നു.
''അങ്കിള്‍, ആ കയ്യെടുക്കൂ. ഞങ്ങള്‍ പോവുകയാണ്.''
അയാളുടെ തോളില്‍ പിടിച്ച് അങ്കിത് പറഞ്ഞു. അയാളുടെ കണ്ണുകള്‍ വിടര്‍ന്നു. അയാള്‍ ഉടനെ അവന്റെ കൈ എടുത്തു മണത്തു. ഒരു നിമിഷം അയാള്‍ അങ്കിതിനെ കൗതുകപൂര്‍വ്വം നോക്കിയിട്ട് പറഞ്ഞു.
''നീ കഞ്ചാവടിച്ചിട്ടില്ലേ ടാ?''
''ശരിയായ കാര്യമാണ്. രണ്ടാളും കഞ്ചാവടിച്ചിട്ടുണ്ട്.''
അയാള്‍ക്കൊപ്പമുള്ള ചെറുപ്പക്കാരന്‍ സ്ഥിരീകരിച്ചു. അയാള്‍ ജയേഷിന്റെ ശരീരത്തില്‍നിന്നു കയ്യെടുത്തു. 
അയാള്‍ ശബ്ദം ശാന്തമാക്കി പരിഹസിക്കുന്ന മട്ടില്‍ ചോദിച്ചു: ''ശരി സര്‍, അപ്പോള്‍ ഒരു കാര്യം പറയൂ. രണ്ടുപേരും കൂടി കഞ്ചാവടിച്ചിട്ട് നട്ടപ്പാതിരയ്ക്ക് ഇത്രയും ദൂരത്തുനിന്ന് വണ്ടിയില്‍ പെട്രോളും കളഞ്ഞിട്ട് ഈ കാട്ടില്‍ കയറിപ്പോയത് എന്തിനാണ്?''
രണ്ടുപേരും ഒരു നിമിഷം നിശ്ശബ്ദരായി. 
''നിങ്ങള്‍ പഠിപ്പും വായനയുമൊക്കെ ഉള്ള ആള്‍ക്കാരാണല്ലോ. ഞങ്ങള്‍ ഈ സാധാരണക്കാര്‍ക്ക് ഒന്നു പറഞ്ഞു മനസ്സിലാക്കിത്തരൂ.
റിങ്കു ഈ സാറമ്മാര്‍ക്ക് ഇരിക്കാന്‍  കസേര ഇങ്ങെടുക്കൂ.''
ചുറ്റും ചായ നുണഞ്ഞുകൊണ്ടിരുന്ന ചെറുപ്പക്കാര്‍ കസേരകളില്‍ നിന്നെണീറ്റു ചുറ്റും കൂടി. അയാള്‍ക്കൊപ്പമുണ്ടായിരുന്ന ചെറുപ്പക്കാര്‍ രണ്ടു കസേര ഇരുവര്‍ക്കും ഇരിക്കാന്‍ പാകത്തിന് അയാള്‍ക്ക് അഭിമുഖമായി ചുറ്റും കൂടിയവര്‍ക്ക് നടുവിലായി വെച്ചു. റിങ്കുവിന്റെ പാത്രത്തില്‍ ചായ തിളച്ചുകൊണ്ടിരുന്നു. ജയേഷ് വിയര്‍ത്തൊലിക്കാന്‍ തുടങ്ങി. 
''ഒരു കുഴപ്പവുമില്ല. ശാന്തിയോടെ, ഇഷ്ടം പോലെ സമയമുണ്ട്. ഒരു തിരക്കുമില്ല. ഇരിക്കൂ.'' 
''ബഹുമാന്യരായ ബുദ്ധിജീവികളെ, അങ്ങോട്ടിരിക്കൂ, എന്നിട്ടീ വിവരമില്ലാത്ത ഞങ്ങള്‍ ഇന്ത്യക്കാരുടെ സംശയം ഒന്നു തീര്‍ത്തുതരൂ'' അയാള്‍ കൈകൂപ്പിക്കൊണ്ട് പറഞ്ഞു. ജയേഷ് കസേരയില്‍ ഇരുന്നു. ആരുടെയോ ഫോണ്‍ ക്യാമറയുടെ ഫ്‌ലാഷ് ജയേഷിന്റെ കണ്ണില്‍ അടിച്ചു. ഒപ്പമുള്ള ചിലര്‍ തങ്ങളുടെ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്യാന്‍ ഓര്‍മ്മിച്ചു. 
''ഹേയ് നിങ്ങള്‍ എന്താണീ ചെയ്യുന്നത്? നിങ്ങള്‍ എന്താണാഗ്രഹിക്കുന്നത്? ഞങ്ങള്‍ നിങ്ങള്‍ക്കെന്തു ബുദ്ധിമുട്ടുണ്ടാക്കി?''
അങ്കിത് അയാളേയും ചുറ്റുമുള്ളവരേയും നോക്കി ചോദിച്ചു.
''ആദ്യം ചോദിച്ച ചോദ്യത്തിനുത്തരം പറ'' അയാള്‍ ഉറക്കെ പറഞ്ഞു. 
''നീ കഞ്ചാവടിച്ചിട്ടില്ലേ?''
''ഉണ്ട്'' അങ്കിത് പറഞ്ഞു.
അയാള്‍ അങ്കിതിന്റെ മുഖത്തേയ്ക്ക് ഒരു നിമിഷം തുറിച്ചുനോക്കി. സാല ബെഹന്‍ ചൂത്ത് എന്നലറിക്കൊണ്ട് അയാള്‍ അങ്കിതിന്റെ മുഖത്തേയ്ക്ക് ആഞ്ഞടിച്ചു. അങ്കിതിന് ഒരു നിമിഷം ബോധം പോവുന്നതായി തോന്നി. രണ്ടുപേര്‍ കൂടി അങ്കിതിന്റെയടുത്ത് വന്ന് അവന്റെ കോളറില്‍ അമര്‍ത്തിപ്പിടിച്ചു. ജയേഷ് നടുങ്ങി.

''അങ്കിള്‍ മാപ്പ്, മാപ്പ്; ഞങ്ങള്‍ കഞ്ചാവടിച്ചിട്ടുണ്ട്, അതു തെറ്റാണ്.'' ജയേഷ് സമനില വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു. ''മാപ്പ്, നിന്റമ്മേടെ ചൂത്ത് സാല. ഗവണ്‍മെന്റിന്റെ പൈസയും തിന്നു നിനക്കൊക്കെ കഞ്ചാവടിച്ചു നടക്കാനാണോടാ ഈ രാജ്യത്തിന്റെ സമ്പത്ത്? ഇനി പറ, കഞ്ചാവുമടിച്ചിട്ട് ആരും പോവാത്ത ഈ കാട്ടില്‍, ഈ നേരത്തെന്തിനു പോയി.''
''ഒരു രസത്തിനുവേണ്ടി പോയതാണ്'' ജയേഷ് പറഞ്ഞൊപ്പിക്കാന്‍ ശ്രമിച്ചു.
''രസത്തിനുവേണ്ടി! രസത്തിനുവേണ്ടി!'' അയാള്‍ ഉറക്കെ എല്ലാവരോടുമായി പറഞ്ഞു. ''രസത്തിനുവേണ്ടി! ഈ രണ്ടെണ്ണം പാതിരാത്രി കഞ്ചാവുമടിച്ചിട്ട് കാട്ടില്‍ കയറിപ്പോയത് രസത്തിന് വേണ്ടി! രസത്തിന്!'' 
''രസം ഞങ്ങളോടും കൂടെ പറ'' കൂട്ടത്തിലൊരു പയ്യന്‍ ചിരിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു.
''പറ ബുദ്ധിമാന്മാരെ, എന്താണാ രസം, ഈ പാതിരാത്രി ജെ.എന്‍.യുവില്‍ കിട്ടാത്ത എന്ത് രസം കിട്ടാനാ ഇങ്ങോട്ട് കേറിവന്നത്.''
''മതി. ഇതൊരുപാട് അധികാമാണ്. ധാരാളമാണ്'' അങ്കിത് പറഞ്ഞു.
''പറഞ്ഞുതരൂ സര്‍, സാറിനെപ്പോലെ ഞങ്ങളാരും ഒരു വിശ്വവിദ്യാലയത്തിലും പഠിച്ചിട്ടില്ല. ഈ നാട്ടുകാരായ ഞങ്ങള്‍ക്കാര്‍ക്കും രാത്രി ഈ കാട്ടില്‍ എന്തെങ്കിലും രസം ഉള്ളതായി അറിയില്ല. പറഞ്ഞുതന്നാല്‍ ഞങ്ങള്‍ക്കും പോവാമല്ലോ.''
''ഞങ്ങള്‍ ഒരു അഡ്വെഞ്ചറിനുവേണ്ടി വന്നതാണ്. അതു കഴിഞ്ഞു. തിരിച്ചുപോവുന്നു. നിങ്ങളെയോ ഈ രാജ്യത്തെയോ ഉപദ്രവിക്കാന്‍ ഞങ്ങള്‍ക്ക് യാതൊരു ഉദ്ദേശ്യവുമില്ല. വെറുതെ വിടണം. മാപ്പാക്കണം.'' അങ്കിത് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. 

''അഡ്വെഞ്ചര്‍, സര്‍ ഇവനേം കൂട്ടി കാട്ടില്‍ അഡ്വെഞ്ചറിനു വന്നതാണ് ലെ. അഡ്വെഞ്ചര്‍ കഴിഞ്ഞിട്ട് ആസാദിച്ച് തിരിച്ചുപോവാണ് ലെ'' അയാള്‍ പല്ലു കാണിച്ചു ചിരിച്ചു. അങ്കിതിന്റെ രണ്ടു ചെവിയും അയാള്‍ കൈകള്‍കൊണ്ട് അമര്‍ത്തിപ്പിടിച്ചു. ജയേഷ് കണ്ണടച്ചു. ''നായെ'' അയാള്‍ അങ്കിതിന്റെ ചെവി രണ്ടും പുറത്തേയ്ക്ക് വലിച്ചു. അങ്കിത് അയാളെ തള്ളി. 
തന്റെ പാത്രത്തിനു മുകളില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന ചായയുടെ ആവിയുടെ പശ്ചാത്തലത്തില്‍ റിങ്കു ആ രണ്ടു ചെറുപ്പക്കാര്‍ക്കും നേരെ ആള്‍ക്കൂട്ടം ഇരമ്പിവരുന്നതു കണ്ടു. തിളയ്ക്കുന്ന ചായയില്‍നിന്നും പടര്‍ന്ന ഏലക്കായയുടേയും ഇഞ്ചിയുടേയും മണത്തില്‍ അയാളുടെ മൂക്ക് വിടര്‍ന്നു.
''രണ്ടും ചത്തു.''
ചോരയില്‍ പൊതിഞ്ഞ രണ്ടു തരുണരുടെ ചതഞ്ഞ ശരീരം കാണിച്ച് അയാള്‍ റിങ്കുവിനോട് പറഞ്ഞു. ജയേഷിനെ രണ്ടു പേര്‍ രക്തത്തടാകത്തിലേക്ക് തൂക്കിയെടുത്തു. പിറകെ വന്ന രണ്ടു പേര്‍  അങ്കിതിനെ ചുമലിലെടുക്കാന്‍ ശ്രമിച്ചതിനുശേഷം നിലത്തിട്ടു. 
''സാല, ചത്തിട്ടില്ല.'' 
''വെള്ളം കുടിച്ചു ചത്തോളും.'' 
മുന്‍പില്‍ ജയേഷിനെ ചുമലിലെടുത്ത് പോയവരില്‍ ഒരുവന്‍ വിളിച്ചുപറഞ്ഞു.  
''ബെഹന്‍ ചൂത്ത് വെള്ളം കുടിച്ചു മരിക്കണ്ട.'' അയാള്‍ കവാടത്തിനടുത്തേയ്ക്ക് നടന്നുപോയി. കവാടത്തോട് ചേര്‍ന്ന് മതിലിനടുത്ത് കിടന്നിരുന്ന ഭാരമുള്ള കരിങ്കല്ല് രണ്ടുകൈ കൊണ്ടും എടുത്ത് കൊണ്ടുവന്നു. അങ്കിതിന്റെ തലയുടെ സമീപത്തായി നിന്നു. ഒരു നിമിഷം ധ്യാനത്തോടെ കണ്ണടച്ച് ഉച്ഛ്വാസ വായു ഉള്ളില്‍ നിറച്ചു. ശേഷം  അയാള്‍ ആ വലിയ കല്ല് ആകാശത്തേയ്ക്കുയര്‍ത്തി. അങ്കിത് മുകളിലേയ്ക്ക് കണ്ണുകളുയര്‍ത്തി. തന്റെ പൂര്‍വ്വപരമ്പരകളുടെ ദിനരാത്രങ്ങള്‍ മോക്ഷം കണ്ടെത്തിയ പച്ചനിറമുള്ള വയലുകള്‍ അവന്റെ കണ്ണില്‍ നിറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com