സര്‍പ്പം: ലാസര്‍ ഷൈന്‍ എഴുതിയ കഥ

ഇരുവരുമങ്ങനെ കൊണ്ടും കൊടുത്തും നൂറിട്ടടിച്ചും ആമോദത്തോടെ വസിച്ചുപോരുന്നതിനിടയില്‍- കോഴിയുടെ വീട്ടിലെ കാളക്കുട്ടനെ ഒരു മലമ്പാമ്പങ്ങ് വിഴുങ്ങി.
സര്‍പ്പം: ലാസര്‍ ഷൈന്‍ എഴുതിയ കഥ

ണ്ടു പണ്ടൊരു രാജ്യത്ത് പരുത്തി എന്നൊരു പുലയനും കോഴി എന്നൊരു നായരും ഉണ്ടായിരുന്നു. അവര്‍ പാര്‍ക്കുന്ന ഇടങ്ങളില്‍നിന്നാണ് കോഴിയെന്നും പരുത്തിയെന്നുമുള്ള നാട്ടുപേരുകള്‍ കിട്ടിയത്. പരുത്തീടെ അമ്മയെ മങ്കമ്മേയെന്ന് കോഴിയും തിരിച്ച് കണ്ണന്റമ്മേയെന്നും വിളിച്ചുപോന്നിരുന്നു. കോഴിയെ വള്ളം തുഴയാന്‍ പരുത്തിയും തിരിച്ച് പെട്ടിയോട്ടോ ഓടിക്കാനും തമ്മാമ്മില്‍ പഠിപ്പിച്ചിരുന്നു. ഇരുവരുമങ്ങനെ കൊണ്ടും കൊടുത്തും നൂറിട്ടടിച്ചും ആമോദത്തോടെ വസിച്ചുപോരുന്നതിനിടയില്‍- കോഴിയുടെ വീട്ടിലെ കാളക്കുട്ടനെ ഒരു മലമ്പാമ്പങ്ങ് വിഴുങ്ങി.

ആറ്റന്‍ മഴയൊന്നു തോര്‍ന്ന തക്കത്തിന് വെറ്റിലമുറുക്കാന്‍ കവലയിലേയ്ക്കിറങ്ങിയ കോഴിയെ ഭാര്യ പത്മയാണ് ആ ചിമിട്ടന്‍ സംഭവം വിളിച്ചറിയിച്ചത്. കോഴിയാവട്ടെ, വെറ്റിലയില്‍ ചുണ്ണാമ്പ് തേച്ചു തുടങ്ങിയതേയുള്ളു. മലമ്പാമ്പ് കാളക്കുട്ടനെ വിഴുങ്ങിയെന്നു കേട്ടിട്ടും അത്ര വലിയ ധൃതിയൊന്നും കൂടാതെ അടക്ക നുറുക്കി പരുത്തിയെ ഡയല്‍ ചെയ്തു. തടിയുണ്ടെങ്കിലും കനമുള്ള പണികളില്‍ തനിക്ക് മികവില്ലെന്ന് കോഴിക്ക് നന്നായി അറിയാവുന്നതാണല്ലോ. പത്ത് കോഴിയാണ് ഒരു പരുത്തി. ഇതിപ്പോ ഒരു കാളക്കുട്ടനെ വിഴുങ്ങിയ കേസാണ്. പാമ്പിനെ വലിച്ച് കരയില്‍ കയറ്റുകയും വയര്‍ പിളര്‍ന്ന് കുട്ടനെ പുറത്തെടുക്കുകയും വേണം. പരുത്തിയാകുമ്പോ നല്ല പാങ്ങിനങ്ങ് ചെയ്‌തോളും. 

വിളിച്ചിട്ടും... പിന്നേം വിളിച്ചിട്ടും പരുത്തി ഫോണെടുക്കുന്നില്ല. ആ കോളിന്റെ മുകളിലേയ്ക്ക് പത്മയുടെ ചറപറക്കോളും വരുന്നുണ്ട്. കോഴിക്ക് ദേഷ്യം വന്നു. എന്തെങ്കിലും ആവശ്യം വരുമ്പോള്‍ ഇതാണവന്റെ ഏനക്കേടെന്ന് കലിവന്നതിനൊപ്പം വീട്ടിലേയ്ക്കിനി ചെന്നാല്‍ പിന്നെ പുറത്തേക്കിറങ്ങാനാവില്ലല്ലോ എന്നുകൂടി തലേമിന്നി. അഞ്ചു മുറുക്കാനും പരുത്തിക്കുള്ള മിനിവില്‍സും വാങ്ങി നേരെ ലക്ഷംവീട്ടിലേയ്ക്ക് ബൈക്ക് വിട്ടു. ചോന്നവെള്ളം കായലീന്ന് കുത്തിക്കയറി എതിരൊഴുകുന്നുണ്ട്.
പരുത്തിയുടെ വീട്ടിലെത്തിയപ്പോള്‍ മങ്കമ്മ ഉറക്കത്തില്‍ മുങ്ങിക്കിടക്കുവാണ്. ഒച്ചയൊറക്കേ ടീവി വച്ചിട്ടുണ്ട്. കോഴി സ്ഥിരം കാണുന്ന അതേ സീരിയല്‍. വെളുപ്പിനെ കക്ക പുഴുങ്ങിയിട്ട് ഉറങ്ങിയതാകും. മങ്കമ്മയെ ഉണര്‍ത്താതെ, പരുത്തി കിടക്കുന്ന ചായ്പിലേയ്ക്ക് അടുക്കള വഴി ഇറങ്ങി. അവന്‍ കിടന്നിടത്ത് ഫോണ്‍ മാത്രമുണ്ട്. തിരിച്ചിറങ്ങുന്നതിനിടെ മങ്കമ്മയെ വിളാച്ചാലോയെന്ന് ഒന്നാലോചിച്ചപ്പോഴേയ്ക്കും തലയിണയ്ക്കടിയില്‍ മുറുക്കാന്‍ പൊതി 'കണ്ണപ്പാന്ന്' തലനീട്ടി. പതിയെ വലിച്ചെടുത്ത് അതില്‍ പുകലയുണ്ടോയെന്ന് നോക്കി. ഞെരടി ചതച്ച് ഉണ്ടയുണ്ടയാക്കി വെച്ചിട്ടുണ്ടാകും. അതിനു നല്ല പിടുത്തമാണ്. ഇപ്പോ കടേന്നു വാങ്ങിയ പുകലയെടുത്ത് മങ്കമ്മയുടെ പൊതിയിലേയ്ക്ക് വച്ച്, ഉരുട്ടിക്കൂട്ടിയതത്രയും കോഴിയെടുത്തു. അവനു വേണ്ടിയുള്ളതു കൂടി മങ്കമ്മ തിരുമ്മിവെയ്ക്കും. കണ്ണപ്പനാണ് വന്നതെന്നറിഞ്ഞ് പരുത്തി കല്ലേപ്പോയെന്ന് ഉറക്കം മുറിയാതെ മങ്കമ്മ പറഞ്ഞു. നെലത്തു കിടന്ന തോര്‍ത്തെടുത്ത് മങ്കമ്മേടെ നെഞ്ചത്തേക്കിട്ട് കോഴി ടീവി ഓഫ് ചെയ്യാന്‍ റിമോട്ട് നോക്കി. 

അതേ രാജ്യത്ത്, ഗ്രീന്‍ മൂണ്‍ അപ്പാര്‍ട്ട്മെന്റിലെ ഒന്‍പത് സിയില്‍, ലിപി സൂസന്‍ എബ്രഹാം വേസ്റ്റ് പുറത്തെ ബക്കറ്റിലിട്ട്, പത്രമെടുത്ത് അകത്തേയ്ക്കിട്ട്, മമ്മിയെ ഡയല്‍ ചെയ്ത്, ഒരം കൊണ്ട് ഫോണ്‍ ചെവിയോടമര്‍ത്തി ഓഫീസിലേയ്ക്ക് പോകാന്‍ ഷൂസിനുള്ളിലേയ്ക്ക് കാല്‍ കയറ്റി. പഞ്ഞിച്ച തണുപ്പില്‍ തൊട്ടതിന്റെ ഇരവലങ്ങ് മുടിവരെ പാഞ്ഞ് കയറി. ലിപി അലറിച്ചാടി ഷൂ ആഞ്ഞു കുടഞ്ഞു- അതിനുള്ളില്‍ നിന്നും ഒരു പാമ്പ് വായുവിലൊന്നു പുളഞ്ഞ് ഭിത്തിയിലടിച്ച് സോഫയുടെ അടിയിലേയ്ക്ക് തെറിച്ചു! 

കുളിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ലിപിയുടെ അലര്‍ച്ച സാക്ക് കേട്ടതേയില്ല. ഷവറിലെ പിറുപിറുപ്പുകളിലേയ്ക്ക് ചെവികൂര്‍പ്പിച്ച് അയാള്‍ വല്യപ്പനെ ഓര്‍ക്കുകയായിരുന്നു. നീന്തലു പഠിച്ച കാലത്ത് തോട്ടിന്റെ വക്കിലൊക്കെക്കൂടി പോകുമ്പോള്‍ ഒരു ദാക്ഷണ്യവുമില്ലാതെ തള്ളിയങ്ങിടും. വാതിലില്‍ ആഞ്ഞ് കൊട്ടേറ്റപ്പോള്‍ സാക്ക് ഞെട്ടി. തോട്ടിലേയ്ക്ക് വീഴുന്ന ഓര്‍മ്മയിലെ ഞെട്ടാണോ... ഇപ്പോഴത്തെ ഞെട്ടാണോ തനിക്കുണ്ടായതെന്ന് സംഭ്രമിച്ച് കുറ്റിയെടുക്കാതെ വാതില്‍ വലിച്ചു തുറക്കാന്‍ നോക്കി. പിന്നീടാണ് കുറ്റിയെടുത്തിട്ടില്ലല്ലോ എന്നോര്‍ത്തതും കൊട്ടിവിടെയാണെന്ന് തിരിച്ചറിഞ്ഞതും.
''പാമ്പ്... പാമ്പ്''- ലിപി നിന്നു വിറയ്ക്കുകയാണ്.
ഷവറ് നിര്‍ത്താത്തതിനാല്‍ സാക്കിന് കേട്ടതെന്തെന്ന് തിരിച്ചറിയാനിത്തിരി നേരമെടുത്തു- ''പാമ്പോ?''


''ഷൂവിനുള്ളില്‍''- ആ പഞ്ഞിപ്പില്‍ ലിപിയാകെ പൊള്ളിപ്പോയി. നിലത്താകെ പരതി നോക്കുകയാണവള്‍. അവിടെയെവിടെയോ പാമ്പുണ്ട്.
ഈ ഒന്‍പതാമത്തെ നിലയില്‍ പാമ്പിതെവിടെനിന്ന് വരാനാണ്. ''വല്ല പല്ലിയോ അരണയോ ആകും''. സാക്കിന് എപ്പോഴും വേഗം ഉത്തരം കാണണം. വാതില്‍ തുറന്നിട്ടിരിക്കുന്നത് മറന്ന്... നനഞ്ഞപടി വേഗം പുറത്തേക്കിറങ്ങി തുണിയുടുത്തിട്ടില്ലെന്ന് മറന്ന് സാക്ക് നിലത്ത് തെറിച്ചു കിടക്കുന്ന ലിപിയുടെ ഷൂ എടുത്തു. സാക്കിന്റെ നഗ്‌നത മറയ്ക്കാന്‍ ലിപി വേഗം മുന്‍വാതിലിന്റെ കതകടച്ചു. സാക്ക് ഷൂവിനകം ആഞ്ഞ് നിശ്വസിച്ചു. ലിപിയുടെ കാലിന്റേതല്ലാത്ത, ഇക്കാലമത്രയും മണക്കാത്ത രൂക്ഷമായ മറ്റേതോ ഗന്ധം. സാക്കിന് ചുമ വന്നു. സ്റ്റാന്റില്‍ തന്നെയിരിക്കുന്ന മറ്റേ ഷൂവുമെടുത്ത് മണത്തി. ഇല്ല, അതിന് ലിപിയുടെ കാലിന്റെ മണം തന്നെ.
സാക്കും ചുറ്റും നോക്കി- ''പാമ്പൊന്നുമായിരിക്കില്ല, വല്ല മരത്തവളയോ...''
ലിപിക്ക് അത് അസഹനീയമായി- ''കണ്ടതാണ്.''
സാക്ക് പിന്നെ അശാന്തനായി- ''എന്നിട്ട് എങ്ങോട്ട് പോയെന്നാ?''
ലിപി സോഫയ്ക്കടിയിലേയ്ക്ക് കണ്ണ് ചൂണ്ടി. സാക്ക് സോഫ വലിച്ചങ്ങ് നീക്കി. ഇന്നലെ വൈകിട്ടു വന്നതും മോളഴിച്ചെറിഞ്ഞ യൂണിഫോമും അവളുടെ കോമിക്‌സുകളും അവിടെ കിടപ്പുണ്ട്. എറിയാന്‍ വല്ലതുമുണ്ടോയെന്ന് ചുറ്റും നോക്കി. ലിപി ഒരു ഷൂസെടുത്തു കൊടുത്തു. വേണ്ട, എറിഞ്ഞാലത് എങ്ങോട്ടെങ്കിലും പോകും. 

സാക്ക് അകത്തേയ്ക്ക് നടന്നു. അടിക്കാന്‍ പറ്റുന്ന കനത്തിലുള്ള എന്തെങ്കിലും വേണം. തറതുടയ്ക്കുന്നതില്‍നിന്നും പൈപ്പ് ഊരിയെടുത്ത്, അതിന്റെ കനം ഒരു പാമ്പിനെ തല്ലാന്‍ മാത്രം പോന്നതാണോയെന്ന് വീശിയുറപ്പിച്ച്, സാക്ക് വന്നപ്പോഴും മോളുടെ ഉടുപ്പില്‍നിന്നും ലിപി കണ്ണെടുത്തിട്ടില്ല- ''ജെസ്റ്റതനങ്ങി.''
സാക്ക് തലയുയര്‍ത്തി ഫാനില്‍ നോക്കി. 
ഫുള്‍ സ്പീഡില്‍ കറങ്ങുകയാണ്. 
സാക്ക് സാവധാനം യൂണിഫോമിന്റെ കൈകള്‍ക്കുള്ളിലേയ്ക്ക് പൈപ്പ് കയറ്റി പതിയെ പൊക്കി. ലിപി പാമ്പിനെ കാണാന്‍ ഭയന്ന് കണ്ണുമാറ്റി. ഉടുപ്പ് പൊക്കിയെറിഞ്ഞ് അടിക്കാനായി പൈപ്പുയര്‍ത്തിയെങ്കിലും പാമ്പ് അവിടെ ഉണ്ടായിരുന്നില്ല, ഒരു പല്ലി ഓടി ഭിത്തിയിലേയ്ക്ക് കയറുകയും ഒന്നു കിതച്ച ശേഷം ഇരുവരേയും നോക്കുകയും പിന്നെ വളരെ സാവധാനം മോളുടെ ഫ്രെയിം ചെയ്തു തൂക്കിയ പുന്നാരച്ചിത്രങ്ങള്‍ക്കു പിന്നല്‍ മറയുകയും ചെയ്തു. സോഫ തിരിച്ചിട്ട്, അപ്പോഴേ പറഞ്ഞതല്ലേയെന്ന് പുച്ഛിച്ചു നോക്കി, കയ്യിലിരുന്ന പൈപ്പ് ലിപിയുടെ കയ്യില്‍ കൊടുത്ത്, കുളി പൂര്‍ത്തിയാക്കാന്‍ സാക്ക് ബാത്ത്റൂമിലേയ്ക്ക് വീണ്ടും കയറി. വാതിലടയ്ക്കാതെ കുളിക്കുന്നതിനാല്‍ പുറത്തേയ്ക്ക് വെള്ളം തെറിച്ചുവീഴുന്നുണ്ടായിരുന്നു. അവിടേയ്ക്ക് ഇഴഞ്ഞെത്തിയ പാമ്പ്, മേത്ത് വെള്ളം തെറിച്ചു വീണപ്പോള്‍ പകച്ച് പിന്തിരിഞ്ഞു.

കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ലിപി പുസ്തകങ്ങള്‍ക്കിടയിലും അവിടെയും ഇവിടെയും പൈപ്പിന് കുത്തുകയാണ്. സാക്ക് അത് ശ്രദ്ധിക്കാതെ ഓഫീസിലേയ്ക്ക് വേഗം റെഡിയായി. ലിപിയുടെ ഫോണ്‍ അടിക്കുന്നുണ്ട്. ടൈ കെട്ടിക്കൊണ്ട് സാക്കാണ് നോക്കിയത്- ''ക്യാബാണ്.''
ലിപി വണ്ടിവന്നതൊന്നും ശ്രദ്ധിച്ചില്ല.
സാക്ക് പരിഹസിച്ചു: ''പല്ലിയല്ലേ... ദിനോസറല്ലല്ലോ അതിനിയും ഉണ്ടാകും.''
''സാക്ക് ഒഫീസില്‍ പോകൂ''- പരിഹാസം സഹിക്കാതെ, ദേഷ്യം ചീറ്റി ലിപി പുസ്തകങ്ങളെ ആഞ്ഞു കുത്തി. ലിപിക്ക് പൊടിയടിച്ചാല്‍ അപ്പോള്‍ തുമ്മല്‍ തുടങ്ങും. കുറച്ചു പുസ്തകങ്ങള്‍ നിരതെറ്റി താഴെ വീണു. ''നമ്മളല്ല, മോളാ ആദ്യം വരുന്നത്''- മോള് ഉച്ചയ്ക്കു വരും. ഗോപിയേട്ടന്റെ കയ്യില്‍നിന്ന് കീ വാങ്ങും. ലിഫ്റ്റിന് കാത്തുനില്‍ക്കും. വാതില്‍ തുറക്കും. പിന്നെ ഇവിടെ നിറയെ അവളാണ്. ചിലപ്പോ കുക്ക് ചെയ്യും. അല്ലെങ്കില്‍ നിലത്ത് കമിഴ്ന്നുകിടന്നു വരയ്ക്കും. അതോര്‍ക്കാഞ്ഞതില്‍ സ്വയം പിടഞ്ഞ് മുടിയില്‍ അമര്‍ത്തി വലിച്ചു. ടൈ അഴിച്ച് എവിടേയ്ക്കെന്നില്ലാതെ വലിച്ചെറിഞ്ഞു. ഇരുതലകളും വിടര്‍ന്ന് ടൈ മേലെ വന്നു വീണതും പാമ്പ് പേടിച്ച് കൂടുതല്‍ ഉള്ളിലേയ്ക്ക് വലിഞ്ഞു. രാവിലെ മോളുണര്‍ന്നാല്‍ ഉറക്കത്തോടെ വന്ന് സാക്കിന്റെ കൂടെ കിടക്കും. ആ ഉറക്കം കൂടിക്കഴിഞ്ഞേ അവളെഴുന്നേല്‍ക്കൂ.
''ലെങ്ന്തുണ്ടായിരുന്നോ?''
''ഇല്ല.''
''കളറോ?''
''ആഷ് പോലെന്തോ.''
''അയ്യോ... അണലിയാണല്ലോ''- വേഗം നിലത്തേയ്ക്ക് മുട്ടുകുത്തിയിരുന്ന് തറയില്‍ കവിളമര്‍ത്തി ഫര്‍ണീച്ചറുകളുടെ അടിയില്‍ സാക്ക് നോക്കി. അലമാരകളുടേയും ഫ്രിഡ്ജിന്റേയുമെല്ലാം ഇടയില്‍ എത്രയെണ്ണത്തിനും ഒളിക്കാനുള്ള ഇടങ്ങളുണ്ട്. കണ്ണിനു തെളിയാത്ത ഇരുളുണ്ട്. എന്തുചെയ്യും എന്നാലോചിച്ച് പല്ലില്‍ പടപട കടിച്ചു.
ബക്കറ്റില്‍ സോപ്പ് പൊടിയിട്ട് നന്നായി അടിച്ച് പതപ്പിച്ചപ്പോള്‍ സാക്കിന്റെ നെഞ്ചത്തും മുഖത്തുമെല്ലാം പത തെറിച്ചു. മഗ്ഗില്‍ സോപ്പുവെള്ളം കോരി ഇരുട്ടിന്റെ ഉള്ളിലേയ്ക്കുള്ളിലേയ്ക്ക് നീട്ടിയൊഴിച്ചു. പൊങ്ങിത്തെറിച്ച് സോഫയിലും ഭിത്തിയിലും വെള്ളം വീണു. ലിപിയുടെ സാരിയിലും- ''നനവടിച്ചാല്‍ പാമ്പവിടിരിക്കും'' സാക്ക് പക്ഷേ, നിര്‍ത്തിയില്ല. പതയില്‍നിന്നും പറന്നു പൊങ്ങിയ കുമിളകള്‍ അവിടവിടായി പറ്റിപ്പിടിച്ചു സാക്കിന്റെ വട്ടു കണ്ടു പൊട്ടിച്ചിരിച്ചു.
''സാക്കൊന്ന് നിര്‍ത്ത്. ഞാനാ ഗോപിയേട്ടനെ വിളിക്കാം''- ലിപി ഫോണെടുത്തു.
സാക്കതിന് മറുപടി പറയാതെ ഷെല്‍ഫ് ഒറ്റയ്ക്ക് തള്ളിനീക്കിയതും അതപ്പാടെ മറിഞ്ഞു. പുസ്തകങ്ങള്‍ നനവില്‍ ചിതറി വീണു- ''സാക്ക്... സാക്കോഫീസില്‍ പോകൂ'' അപ്പറഞ്ഞത് ശ്രദ്ധിക്കാതെ, നനവില്‍നിന്നും പുസ്തകങ്ങള്‍ പെറുക്കി സോഫയിലേയ്ക്കെറിഞ്ഞ് സാക്ക് പിറുപിറുത്തത് ലിപിക്ക് മനസ്സിലായില്ല- ''തൊളയാറും കൊണ്ടു തപ്പണം... കിട്ടീല്ലേ അവരവര്ട തൊളേ തപ്പണം''; എന്തെങ്കിലും കാണാതെ പോകുമ്പോള്‍ വല്യപ്പന്‍ പറയുന്നതാണ്. 
കുട്ടന്‍കാളയെ മലമ്പാമ്പ് വിഴുങ്ങിയതറിഞ്ഞപാടെ മങ്കാമ്മയും കോഴിയുടെ ബൈക്കിക്കേറി വന്നു. അപ്പൂപ്പന്‍ ചത്തിട്ടും തിരിഞ്ഞു കേറാതെ, പണ്ടത്തെയേതോ കശുവണ്ടി തര്‍ക്കവും പറഞ്ഞ് കെറുവിച്ച സരളേടത്തി വരെ താടിക്കു കയ്യും കൊടുത്ത് അത്യാഹിതത്തില്‍ പരിതപിച്ച് നിക്കുന്നതു കണ്ട്- ''പാമ്പ് അമ്മേട കറവ വിഴുങ്ങിയപ്പോ, ആ തള്ളേട സന്തോഷം നോക്കിയേ'' എന്നിച്ചിരി ഉറക്കെ പറഞ്ഞുപോയി. അങ്ങനൊന്നും പറയല്ലേയെന്ന് കണ്ണിന് ശാസിച്ച് മങ്കമ്മ പാമ്പു കിടക്കുന്നിടത്തേയ്ക്ക്  വേഗം നടന്നതും ചാണകത്തില്‍ ചവിട്ടി.  

വീടിന്റെ പിന്നിലെ കൈതത്തോടിന്റെ കരയിലേയ്ക്ക് ചെല്ലുമ്പോഴും കോഴി പാമ്പിനെ വിഴുങ്ങിയതറിഞ്ഞപ്പോള്‍ ചവച്ചുതുടങ്ങിയ മുറുക്കാന്‍ തുപ്പി തീര്‍ന്നിട്ടില്ലായിരുന്നു. ങ്ഹാ... പരുത്തിയല്ലേ ദേ നിക്കുന്നത്! തോട്ടുവക്കത്തെ ചേമ്പിങ്കാട് ചവിട്ടിച്ചതച്ച് ചെളിയിലേയ്ക്ക് ഒരു കാലിറക്കി പാമ്പിന്റെ കെടപ്പ് നോക്കുകയാണവന്‍. ഇവനിതെപ്പോ ഇങ്ങെത്തിയെന്ന് സന്തോഷിച്ച്, ധൈര്യത്തോടെ കോഴിയും തോട്ടിലെയ്ക്ക് ഒരു കാലിറക്കി. ചേമ്പിലയില്‍ വീണു കിടന്ന തലേന്നത്തെ മഴ ഈ പുകിലൊക്കെ കണ്ട് പരിഭ്രമിച്ചു പരക്കം പാഞ്ഞു.
''ഇത്രേം വല്യക്കാട്ടനൊരു പാമ്പോ'' എന്ന അതിശയം അവിടമാകെ തടിച്ചുകൂടിക്കൊണ്ടിരുന്നു. 

''ജീവനൊള്ളൊരു സാധനത്തിനെയല്ലേ അതങ്ങ് പിടുങ്ങിയതെ''ന്ന് കോഴിയുടെ അമ്മൂമ്മ നെടുവീര്‍പ്പിട്ടപ്പോ, ''പശൂനു മാത്രമുള്ള സാധനമല്ല ജീവനെ''ന്ന് പരുത്തി തിരിച്ചടിച്ചു. അമ്മൂമ്മ എന്തുപറഞ്ഞാലും പരുത്തിക്കൊരു കൗണ്ടറുള്ളതാ. 
''പശുവല്ലളിയാ കുട്ടനാ''- കോഴി തിരുത്തി. പരുത്തിക്ക് മോര് വലിയ ഇഷ്ടമാണ്. മോരു വാങ്ങാന്‍ മൊന്തയും കൊണ്ടുചെല്ലുമ്പോ അത് നെലത്ത് വെക്കാന്‍ പറയും. എന്നിട്ടമ്മൂമ്മ മുട്ടാതെ പൊക്കി ഒഴിക്കും. വിറച്ചുള്ള ഒഴിയല്ലേ. മോരത്രയും താഴെ പോകും. മുഴുവത്തിനുമുള്ള കാശും കൊടുക്കണം. ഒരു ദിവസം പരുത്തി അമ്മൂമ്മയുടെ കയ്യില്‍നിന്ന് മൊന്ത പിടിച്ചുവാങ്ങി താഴെക്കളയാതെ മോര് മൊന്തയിലേക്കങ്ങ് കിറുകൃത്യം ഒഴിച്ചിട്ടു പറഞ്ഞു: ''കണ്ടാ... ഒരു തുള്ളി താഴെ പോകാഞ്ഞതു കണ്ടാ.''
''മങ്കേ... വാഴച്ചോട്ടി ഒരു പാത്രം കെടപ്പുണ്ട് നീയതെടുത്തോ'' എന്ന് അമ്മൂമ്മ പ്രതികാരവും തീര്‍ത്തു. പരുത്തി അന്നു മുതലേ അമ്മൂമ്മയുമായി ചേരില്ല. മങ്കമ്മയില്ലാത്ത തക്കത്തിന് രണ്ടെണ്ണം വിടാന്‍ കോഴി വരും. പരുത്തി ആ പാത്രത്തിലെ വെള്ളമെടുക്കൂ. ഓരോ തവണയും മറക്കാതെ പറയുകേം ചെയ്യും- ''നിനക്കും നിന്റമ്മൂമ്മക്കും ചിയേഴ്സ്.''
''മുഴുവനും വിഴുങ്ങിയില്ലേല്‍ വലിച്ചിങ്ങെടുക്കായിരുന്നു''- കോഴി പ്രതീക്ഷയിലാണ്.


''സാധനം പള്ളേലെത്തി''- പരുത്തി കരേലോട്ട് കേറി. പാവം...! കണ്ണന്റമ്മേടെ വരുമാനമാണത്. കുട്ടനില്ലേ കറവ മുടങ്ങും- പരുത്തിക്കതു നന്നായിട്ടറിയാം. കറവ മുടങ്ങിയാ കണ്ണന്റമ്മയുടെ എല്ലാ കണക്കും തെറ്റും. കോഴിയൊക്കെ ആനേടത്രേം ഉണ്ടേലും ആ വീടിന്റെ വരുമാനം തൊഴുത്തേന്നു തന്നെയാ. പരുത്തിക്ക് അതോര്‍ത്തപ്പോ ഉള്ള് നീറി. ചേറായ ചേറിലെല്ലാം ഇറങ്ങിയാ കണ്ണന്റമ്മ ഇക്കണ്ടകാലം മുഴുവനും പുല്ലു ചെത്തുന്നത്. നെഞ്ചൊപ്പം വെള്ളത്തില് വരെ നിക്കണ കണ്ടിട്ടുണ്ട്. കണ്ണന്റമ്മേട കാലിലൊരിക്കെ തോട്ടിന്ന് കുപ്പിച്ചില്ല് കേറി. പരുത്തി പിന്നെയൊരിക്കലും പെഗ്ഗടിച്ചാ കുപ്പി വെള്ളത്തില്‍ എറിയേല. ഒറ്റൊരുത്തനെക്കൊണ്ടും എറിയക്കത്തുമില്ല- ''അമ്മേടേക്ക കാലേ കേറുമെടാ.''

''വെട്ടിക്കീറി പശൂനെ പൊറത്തെടുക്കാന്‍ നോക്ക്''- രമേശന്‍ എന്നു പേരായ അയല്‍ക്കാരന്‍, സൊസൈറ്റിയില്‍ പാലും കൊടുത്ത് തിരിച്ചു വരുന്ന വഴി, ഇച്ചിരി നേരം കണ്ടുനിന്ന ശേഷം സംഭവത്തില്‍ ഇടപെട്ടു തുടങ്ങി. അമ്മ കറന്നു വയ്ക്കുന്ന പാല്‍ സൊസൈറ്റിയില്‍ രാവിലേം ഉച്ചയ്ക്കും എത്തിച്ചു കഴിഞ്ഞാല്‍ മുഴുവന്‍ സമയവും വാട്ട്സപ്പിലാണ് കുത്തിത്തിരുപ്പ്. നാട്ടുകാര് ഫുട്ബോള്‍ കളിച്ചിരുന്ന അമ്പലപ്പറമ്പ് മതിലുകെട്ടി അകത്താക്കിച്ചത് ഈ രമേശനാണ്. 
''അത് കാളയാ''- പരുത്തി താക്കീതിന്റെ ഒച്ചയുയര്‍ത്തി.
''എന്തായാലും ഞങ്ങളെ സംബന്ധിച്ച് അത് പശുവാ''- രമേശ് പത്തി വിടര്‍ത്തി. കാളയ്ക്ക് പാലു വരുന്നത് അകിടേന്നല്ലെന്ന് പറയണമെന്നു പരുത്തിക്ക് തോന്നി. പക്ഷേ, കണ്ണന്റമ്മ, കണ്ണന്റനിയനെയാണ് വിഴുങ്ങിയതെന്ന ഭാവേന നിക്കണ നിപ്പു കണ്ടപ്പോ പരുത്തി ഇച്ചിരി സംയമനം പാലിച്ചു: ''എന്നാ പാത്രം വച്ചേച്ച് ചേട്ടനാ തോട്ടിലോട്ടെറങ്ങ്'' രമേശനാ വെല്ലുവിളി ഏറ്റെടുത്തു: ''ആളും വരും. പശുവിനെ പുറത്തെടുക്കുകയും ചെയ്യും.''
പശു... പശു... എന്നു പിന്നെയും കേട്ടപ്പോള്‍ കോഴി തീര്‍ത്തു പറഞ്ഞു: ''പശുവല്ല രമേശേട്ടാ, അത് പശുവി... ന്റച്ഛനാ.''

മോള്‍ടെ മുറി മുഴുവനും വാരിയെടുത്ത് പുറത്തേയ്ക്കിട്ടു. തറയില്‍ നിന്നിഴഞ്ഞ് ചുമരിലൂടെ കയറി സീലിങ്ങിലേയ്ക്ക് വളഞ്ഞുപുളയുന്ന മുറിയിലെ പെയിന്റിങ് സാക്കിന്റെ ഐഡിയയാണ്. അവളെ പ്രസവിക്കും മുന്‍പേ സാക്ക് പറയും: ''എല്ലാ ദിവസവും ഒരു സ്വപ്നത്തിലേയ്ക്ക് മോളുണരണം.'' ലൈറ്റ് ഓഫ് ചെയ്താല്‍ വെള്ളത്തിനുള്ളാകും ആ മുറി. ഇരുട്ടില്‍ മാത്രം തെളിയുന്ന മീനുകളും വള്ളികളും പിന്നെ സങ്കല്പിച്ചാല്‍ തെളിയിച്ചെടുക്കുന്ന വേറെന്തൊക്കെയോ. ഉറങ്ങാന്‍ അവളുടെ കൂടെ കിടക്കുമ്പോള്‍ ചില ദിവസങ്ങളിലവള്‍ ഓരോന്ന് കണ്ടത് പറയും. ഒരിക്കല്‍പ്പോലും അവളാ നിറങ്ങളില്‍ പാമ്പിനെ കണ്ടിട്ടില്ല. 
സാക്കാണ് മോളുടെ മുറി എന്നും അടിച്ചുവാരുന്നത്. തറയോട് ചേര്‍ന്നതാണ് മുറിയിലെ ജനാല. പാമ്പിനി ജനാലവഴി പുറത്തേയ്ക്കിറങ്ങിയാല്‍, അവിടെയൊരു ഒരു സണ്‍ഷെയ്ഡുണ്ട്. മുട്ടുകുത്തി ജനലില്‍ മുഖം ചേര്‍ത്ത് സാക്ക് സണ്‍ഷെയ്ഡിലേക്ക് കണ്ണേന്തി. ഇരുവശത്തും നോട്ടമെത്താത്ത ഭാഗങ്ങളുണ്ട്- ''കണ്ണാടി ഇങ്ങെടുത്തേ'' പാമ്പ് സൈഡിലെങ്ങാനും ചുരുണ്ടിരിപ്പുണ്ടോയെന്ന് ജനാലിലൂടെ കണ്ണാടി പുറത്തേയ്ക്കിട്ട് നോക്കി. കണ്ണാടി പതുക്കെ ചെരിച്ചപ്പോള്‍, ഗ്രൗണ്ടില്‍ ഒരു ടിപ്പര്‍ ലോറി പൂഴി തട്ടുന്നതും അവര്‍ക്കടുത്തു നിന്ന് ഗോപിയേട്ടന്‍ സംസാരിക്കുന്നതും പതിഞ്ഞു. കണ്ണാടി അകത്തേയ്ക്കെടുത്ത് ജനല്‍ കൊട്ടിയടച്ച് തിരിഞ്ഞപ്പോള്‍ മുഖത്ത് കമ്പിയമര്‍ന്ന പാടുകള്‍ ആഴപ്പെട്ടിട്ടുണ്ട്- ''പാമ്പേതാ വേരേതാ എന്നറിയാതിങ്ങോട്ട് കുത്തിക്കൊണ്ടു പോരുവല്ലേ.''

അണലി കടിച്ചാണ് ജെസിയേച്ചി മരിച്ചത്. അമ്മച്ചീടെ കിഴക്കേതിലെ ജെസി. സാക്കിന്റെ നേരെ മൂത്തചേച്ചിയുടെ പ്രായമായിരുന്നു. കോളറുള്ള പച്ച ബ്ലൗസുണ്ടായിരുന്നു ജെസി ചേച്ചിക്ക്. നല്ല ഇറക്കമാണതിന്. പോളീസ്റ്റര്‍ സാരിവെട്ടിയടിച്ച പാവാടയും. തോട്ടിലേയ്ക്ക് ചാഞ്ഞ അമ്പഴത്തില്‍ കയറിയിരുന്ന് ബസു കളിക്കുമ്പോള്‍ ആടിനെയോ പശുവിനെയോ തീറ്റിച്ച് എവിടെയെങ്കിലും നില്പുണ്ടാകും. ജെസി ചേച്ചിയുടെ മുഖമോ രൂപമോ ശബ്ദമോ ഓര്‍ക്കുന്നില്ല. ചേച്ചി മരിച്ചു കഴിഞ്ഞേന്റെ പിറ്റേന്ന്, അവിടുത്തെ അമ്മ ഒരു വലിയ ചരുവത്തിലിട്ട് എന്തോ തിളപ്പിക്കുന്നതു വേലിക്കല്‍നിന്നു കണ്ടു. മരിച്ച മകളുടെ ഉടുപ്പുകള്‍ മറ്റു മക്കള്‍ക്കിടാന്‍ പുഴുങ്ങി എടുക്കുകയാണ്. ജെസി ചേച്ചിയുടെ കുപ്പായങ്ങളില്‍നിന്നു വിട്ടുപോകാന്‍ മടിയോടെ ആവി പറ്റിച്ചേര്‍ന്നു. വലിയ കോലിന് അമ്മ ആ ഉടുപ്പുകള്‍ കുത്തിയിളക്കിയപ്പോള്‍ പൊന്തിയ മണത്തില്‍ സാക്കിന് തുമ്മല്‍ വന്നു. സാക്ക് മോളുടെ മുറിയില്‍ പാമ്പില്ലെന്നുറപ്പിച്ച്, വലിച്ചടച്ച് താഴെയുള്ള ഗ്യാപ്പില്‍ വലിയ തുമ്മലോടെ തുണി കുത്തിക്കയറ്റി. 

''ഡാ... അകത്തുള്ളത് ചത്തിട്ടുണ്ടാകും. നമുക്ക് സെക്രട്ടറിയെ വിളിച്ചു പറയാം. സഖാവിന് ഫോറസ്റ്റില് കണക്ഷനുണ്ട്. പാമ്പിനെ അവര് കൊണ്ടുപൊക്കോളും''- പരുത്തി നാട്ടുനടപ്പ് പറഞ്ഞു നോക്കി.
''പിന്നെ ഇനി ലോറി പിടിച്ചുകൊണ്ടുപോയി കാട്ടിലാക്ക്... നിനക്ക് പേടിയാണേ അതുപറ''- എങ്ങാണ്ടും കിടന്ന പാമ്പിന് കാളക്കുട്ടനെ ദാനം കൊടുക്കാന്‍ കോഴിക്ക് ഒരു താല്പര്യവുമില്ല. 
''കാളേനെ വളര്‍ത്തീട്ട് കറക്കാനൊന്നുമല്ലല്ലോ'' പരുത്തിയും മര്‍മ്മത്തു പിടിച്ചു. കാളക്കുട്ടനെ വില്‍ക്കാന്‍ തോമാച്ചന്റടുത്ത് ഏര്‍പ്പാടാക്കിയ വിവരവും വന്നു വിലപറഞ്ഞതുമെല്ലാം പരുത്തിക്കറിയാവുന്ന സംഗതികളാ. വെട്ടുകാരന് കൊടുത്തത് അറിയാതിരിക്കാന്‍ രഹസ്യമായുള്ള ഏര്‍പ്പാടാണ്. മുന്‍പും കോഴിയുടെ വീട്ടിന്ന് കറവ വറ്റിയതിനെയൊക്കെ പെട്ടിയോട്ടോയില്‍ കയറ്റി രണ്ടാളും കൂടിത്തന്നെ കൊണ്ടുപോയി തോമാച്ചന്റടുത്ത് തട്ടിയിട്ടുണ്ട്. രാത്രിയിലൊക്കെ വഴീലൊക്കെ അഴിഞ്ഞു നടക്കുന്ന ചിലതിനെയും പെട്ടിയോട്ടോയില്‍ നൈസായി കയറ്റി അറുക്കാന്‍ കൊടുത്തിട്ടുണ്ട്. ഓട്ടോയില്‍ എപ്പോഴും കുറേ സെല്ലോടേപ്പ് സൂക്ഷിച്ചേക്കുന്നത് വെറുതെയൊന്നുമല്ല. അക്കാര്യങ്ങളെന്നും പരുത്തി വിളിച്ചുപറഞ്ഞാലോ എന്നൊരു ആന്തലോടെ. കോഴി തലമുറതലമുറകളായി കേട്ടു ശീലിച്ചത് പറഞ്ഞു: ''വില്‍ക്കുന്നൂന്നും പറഞ്ഞ്, കൊല്ലാനാണെന്നൊന്നും ഇല്ലല്ലോ.''
''പിന്നെന്തിനാ''- പരുത്തി ചോദിച്ചു.
''വളര്‍ത്താല്ലോ?''- കോഴി കാലങ്ങളായി കേട്ടത് ആവര്‍ത്തിക്കുകയാണ്.
''വളര്‍ത്തിയിട്ട് എന്നാത്തിനാ... കാളവണ്ടിക്കാ... അതാ ഉഴാനാ?''- കോഴി കുടുങ്ങിയെന്നറിഞ്ഞപ്പോള്‍ പരുത്തി കൂടുതല്‍ സമാധാനത്തോടെ ചോദിച്ചു. 
കോഴി പരുത്തിയെ പൂട്ടാന്‍ നിസ്സഹായമായി പാടുപെട്ടു: ''അപ്പോ നീ മീനിനെ പിടിക്കുന്നതോ... അതിനും ജീവനല്ലേ?''
കോഴിയുടെ ചോദ്യം തീരും മുന്‍പേ പരുത്തി പറഞ്ഞു: ''കൊന്നു തിന്നാന്‍. ചെലപ്പോ പിടിക്കുമ്പത്തന്നെ ചാകും.''
ആളുകള്‍ കേള്‍ക്കെ നല്ല ഒച്ചത്തിലാണ് രണ്ടാളും തര്‍ക്കിക്കുന്നത്. കേട്ടുനിന്ന മങ്കമ്മ പരുത്തിയോട് കയര്‍ത്തു: ''പാമ്പായാലും പുലിയായാലും മുറ്റത്തു വന്ന് കൊള്ളരുതായ്ക കാണിച്ചാപ്പിന്നെ ജീവനോടെ പോകല്ല്.''
പാമ്പ് കാളക്കുട്ടനെ വിഴുങ്ങി കിടക്കുന്ന ചെളിയിലേയ്ക്കിറങ്ങി നീളമുള്ള വടിക്ക് മങ്കമ്മ കുത്തി. പാമ്പിളകി വാല് വെള്ളത്തില്‍ ആഞ്ഞടിച്ചു. ചെളിയും വെള്ളവും തെറിച്ചപ്പോ കരയില് നിന്നവര് അയ്യോന്ന് പകച്ച് പിന്നോട്ടാഞ്ഞു. പാമ്പ് ആകപ്പാടെ ഒന്നുലഞ്ഞു. മങ്കമ്മ ഒരു കൂസലുമില്ലാതെ അവിടത്തന്നെ നിന്നു. കൈതക്കാടിന് ഇടയിലൂടെ പാമ്പ് തലപൊക്കി,ത്തിരിഞ്ഞ് മങ്കമ്മയെ നോക്കി. മങ്കമ്മ പാമ്പിനെയും. അവരുടെ കണ്ണുകളിടഞ്ഞു. ''നിന്നെ കൊല്ലൂട കൊച്ചനേ''യെന്ന് മങ്കമ്മയും. ''എനിക്കു വെശന്നിട്ടാ തള്ളേ''യെന്ന് പാമ്പും കെറുവിച്ചു. 

സംഭവം അറിഞ്ഞപ്പോള്‍ താടിക്കു കൊടുത്ത കൈ കോഴിയുടെ അമ്മ ഇനിയും തിരിച്ചെടുത്തിട്ടില്ല. എല്ലാവരെയും വിളിച്ച് കോഴിയുടെ ഭാര്യ കാര്യം പറഞ്ഞിട്ടുണ്ട്. ''പത്മ... വീഡിയോ പ്ലീസ്'' എന്ന് അനിയന്റെ ഭാര്യയുടെ വാട്ട്സപ്പും വന്നു. അമ്മ പറഞ്ഞിട്ടാകും. വല്ല കറിയും ഉണ്ടാക്കിയാ അതടക്കം അമ്മയ്ക്കിപ്പോ വീഡിയോ കാണണം. കോഴിയോട് പറഞ്ഞിട്ട് കാര്യമില്ല. പരുത്തിക്ക് ''ചേട്ടാ ഒരു വീഡിയോ'' എന്ന് വാട്ട്സപ്പ് അയച്ചെങ്കിലും സെന്‍ഡായതല്ലാതെ കണ്ടിട്ടില്ല. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ സ്വന്തമായി ഇറങ്ങിച്ചെന്ന് വീഡിയോ പിടിക്കുന്നത് ആരാനെക്കൊണ്ട് വെറുതെ പറയിപ്പിക്കലാകുമെന്നു ചിന്തിച്ചതു കൊണ്ടുമാത്രം ജനാലയ്ക്കകത്ത് നിന്നു.
''തലയില്‍ കുടുക്കിട്ട് കരയിലേയ്ക്ക് വലിച്ചു കയറ്റണം''- കോഴി പ്ലാനിട്ടു. 
''വാലേ മതിയെടാ. അല്ലേ കാള ശ്വാസം കിട്ടാതെ ചത്തുപോകും''- ആഹാ അറിവു വിളമ്പിയും വന്നിട്ടുണ്ട്. വേഗം വിളമ്പിക്കുള്ള മറുപടിയും വന്നു: ''വാലേ കുടുക്കിട്ടാ, ഊര്‍ന്നിങ്ങു പോരും. തലേലാകുമ്പോ ഒരുടക്ക് കിട്ടും''- 
അഭിപ്രായക്കാരുടെ എണ്ണം കൂടിക്കൂടി വരുകയാണ്.
''അല്ലടാ... അപ്പോ പാമ്പ് ചാകൂല്ലേ''- കോഴിക്ക് സംശയം.
''ചാകും''- പരുത്തിക്ക് സംശയമേയില്ല.
''അപ്പോ കുട്ടനും ചാകില്ലേ'' കാളയെ വയറു പിളര്‍ന്ന് ജീവനോടെ തിരിച്ചു കിട്ടും എന്നു തന്നെയാണ് കോഴി ഇപ്പോഴും കരുതുന്നത്.''
പത്മയുടെ മിസ്സടി കൂടിയപ്പോള്‍ കോഴി സംഭവം മൊബൈലിലാക്കാന്‍ തുടങ്ങി. പരുത്തിക്ക് ദേഷ്യം വന്നു: ''ഒറ്റരുത്തനും മൊബൈലും പൊക്കി വരണ്ട. സംഭവം വലിയ ഏനക്കേടാകുന്ന കേസാ'' ഏതെങ്കിലും ഒരുത്തന്‍ ഫേസ്ബുക്കി പൂശിയാ, ഫോറസ്റ്റുകാര് പാഞ്ഞിങ്ങു വരും. അമ്പലപ്പുഴയില് കടലാമയെ പിടിച്ചവന്റെ പടം വന്നതോര്‍ത്ത് കോഴി വേഗം ഫോണ്‍ ഭാര്യയെ തിരിച്ചേല്പിച്ചു സമാധാനിപ്പിച്ചു: ''കേസാകുന്ന കേസാ.''
''ചേച്ചിയോട് കൂടിയാ''- കോഴിയാ കലിപ്പ് സരള ചേച്ചിയോട് തീര്‍ത്തു. ചേച്ചിയും മൊബൈല്‍ താഴ്ത്തി.

ഡൈനിങ് ഹാളിലെ മേശയ്ക്കടിയില്‍ ചിതറിക്കിടന്ന വെള്ളത്തിലേയ്ക്ക് അണലി നാവു നീട്ടി. സാക്ക് കൂടുതല്‍ നിശ്ശബ്ദനായി കേള്‍വിയുടെ നീട്ടി. മുറികളില്‍ ഫാനുകള്‍ ഉച്ചത്തില്‍ കറങ്ങുന്നുണ്ട്. ലിപിയോട് സാക്ക് ഫാനെല്ലാം ഓഫാക്കാന്‍ പറഞ്ഞു. എന്തെന്നില്ലാത്ത വിധം ജനാലകളിലെ വിരികളിളകുന്നതു കണ്ട് ലിപിക്ക് നേരിയൊരു വിറയുണ്ടായി. ഏതു മറയിലാണോ ആ വിഷജീവി പതുങ്ങിയിരിക്കുന്നതെന്ന ഭയദംശനമേറ്റ് ലിപിയില്‍ വിറ പടര്‍ന്നു.
മുറിയാകെ നിശ്ശബ്ദത ചുരുണ്ടുകൂടി. ലിപിയുടെ ചുണ്ടില്‍ അര്‍ജുനന്റെ പര്യായങ്ങള്‍ അവളറിയാതെ വന്നു. ''തറവാട്ടില്‍ സര്‍പ്പത്തെ കണ്ടിട്ടുണ്ട്'' ലിപിയുടെ ശബ്ദത്തിലും വിറയല്‍. കാവുള്ള ക്രിസ്ത്യാനികളാണവര്‍. സാക്ക് അവള്‍ക്കു മാത്രം കേള്‍ക്കാവുന്ന വിധത്തില്‍ മൂളി. പിന്നെയും അവള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ സാക്ക് മിണ്ടരുതെന്ന് ചുണ്ടില്‍ വിരലമര്‍ത്തി. ലിപി വേഗം സൈലന്റായി. അവള്‍ക്ക് ദാഹിക്കുന്നുമുണ്ടായിരുന്നു. ടേബിളിലിരുന്ന ജഗ്ഗില്‍ വെള്ളം തീര്‍ന്നു. ലിപി ഉമിനീര്‍ വിഴുങ്ങിയതും നടുങ്ങിപ്പോകുന്ന വിധത്തിലാണ് ഫോണങ്ങടിച്ചത്. സാക്കിന്റെയാണ്. ഫോണില്‍ ഒച്ച വല്ലാതെ താഴ്ത്തി സംസാരിക്കുമ്പോഴും സാക്കിന്റെ കണ്ണും കാതും മൂക്കും വീടാകെ പരതുകയായിരുന്നു. ഷൂവില്‍നിന്നും സോഫയിലേയ്ക്ക് തെറിച്ചാല്‍ പോകാനിടയുള്ള റൂട്ട് മനസ്സിലോര്‍ത്ത്, ഫോണ്‍ ചെയ്തു തന്നെ സാക്ക് കുനിഞ്ഞ് ഡൈനിങ് ടേബിളിന് അടിയിലേയ്ക്ക് നോക്കി. അപ്പോള്‍ അവിടെ അണലി ഉണ്ടായിരുന്നില്ല.


രമേശന്‍ പറഞ്ഞതുപോലെ പിള്ളേര് വന്നു. നിപ്പു കണ്ടാല്‍ അവമ്മാരെയാണ് മലമ്പാമ്പ് വിഴുങ്ങിയേക്കുന്നതെന്നു തോന്നും- ''നടയ്ക്കിരുത്താന്‍ നിര്‍ത്തിയതാണല്ലേ?'' അവരിലൊരുത്തന്‍ കണ്ണന്റമ്മയോട് ചോദിച്ചു. ആണെന്നോ അല്ലെന്നോ പറയാതെ, ആണെന്നോ അല്ലെന്നോ കരുതിക്കോ എന്ന വിധത്തില്‍ ഇനിയും താടിയേന്ന് കയ്യെടുക്കാതെ കണ്ണന്റമ്മ തലയാട്ടി. പരുത്തിക്കാ പലവള്ളത്തേല്‍ ചവിട്ട് അത്രയ്ക്കങ്ങ് പിടിച്ചില്ല- ''ഞാനിതിനെ ജീവനോടെ എടുത്തു തരാം. കണ്ണന്റമ്മയതങ്ങ് നടക്ക് വെച്ചേക്കണം'' കോഴിക്ക് സീനത്ര പന്തിയല്ലെന്ന് തോന്നിയതു കൊണ്ടും ഇനിയഥവാ ജീവനോടെ കിട്ടിയാലുള്ള നഷ്ടമോര്‍ത്തും പരുത്തിയെ അപ്പുറത്തേക്ക് വരാന്‍ കണ്ണു കാണിച്ചു. 

അപ്പുറത്തെത്തിയപ്പോള്‍ സിഗററ്റെടുത്തു കൊടുത്തു. പരുത്തിയാണ് കത്തിച്ചതും വലിച്ചതും. ''നിങ്ങളാരും കരച്ചിലൊന്നും കേട്ടില്ലേ''- പരുത്തിക്ക് അതായിരുന്നു സംശയം. ''രാത്രി കളി കഴിഞ്ഞ് മുള്ളാനിറങ്ങണോന്ന് തോന്നിയതാ. മടികൊണ്ടിറങ്ങാഞ്ഞതാ''- കോഴി പരുത്തീടെ ചുണ്ടീന്ന് സിഗററ്റെടുത്തു. ഒന്നാമത് മഴേരുന്നു. പിന്നെ രാത്രി കെടക്കാനടച്ചാ പുറത്ത് ലോകം ഇടിഞ്ഞുവീണാലും എഴുന്നേക്കില്ല. രാത്രീലുള്ള കശപിശയെല്ലാം പൊലീസ് കേസാ. കൂടിപ്പോയ സ്വന്തം മുറ്റത്തിറങ്ങും. ''തലയാരിക്കും ആദ്യം വിഴുങ്ങീത്''- ഒച്ച കേക്കാഞ്ഞതിനു കോഴീടെ ന്യായം. പെട്ടന്നാഞ്ഞൊരു അലര്‍ച്ച കേട്ടതും പരുത്തി ഓടി. അവന്‍ നിലത്തോട്ടിട്ട സിഗററ്റെടുത്ത് ബാക്കി രണ്ടെണ്ണമുണ്ടായിരുന്നതു കൂടി വലിച്ചിട്ടാണ് കോഴി പിന്നാലെ ചെന്നത്. ചില സമയങ്ങളില്‍ മാത്രം ഇങ്ങനെ ജീവിതത്തിലെ ആദ്യത്തെ സിഗററ്റിന്റെ കിക്ക് പെട്ടന്നങ്ങു കിട്ടും. പ്രത്യേകിച്ച് വലിച്ചെറിഞ്ഞതീന്നു വലിക്കുമ്പോള്‍. 
ആ കിക്കിലങ്ങ് ചെന്നപ്പോ പുകിലൊന്ന് വേറയാ. രമേശന്റെ കൂടെയുണ്ടായിരുന്ന ഒരുത്തന്റെ കാലില്‍ പാമ്പ് വാലിനു ചുറ്റി വായിലേയ്ക്ക് വലിച്ചടുപ്പിക്കുകയാണ്. അവനെക്കൂടി വിഴുങ്ങാനുള്ള സ്ഥലം പള്ളേല്‍ ഇല്ലെങ്കിലും ഒരു കടിയെങ്കിലും വച്ചുകൊടുക്കാനാകും. കോഴിക്കാ രംഗം കണ്ട് ചിരിയാണ് വന്നത്. പാടുപെട്ട് ചിരിയമര്‍ത്തി. ചെളിയില്‍ വീണുകിടക്കുന്നവനെ കരയിലേയ്ക്ക് വലിച്ച് അടുപ്പിക്കുന്നതിനിടയില്‍ രമേശന്റെ കൂടെ വന്നവര്‍ ''അങ്ങോട്ടു വലി ഇങ്ങോട്ടു പിടി''യെന്നു പറഞ്ഞു കരേ നിന്നതേയുള്ളു. പരുത്തി അപ്പോഴേയ്ക്കും അരുവായുമെടുത്ത് തോട്ടിലേയ്ക്ക് ഇറങ്ങിക്കഴിഞ്ഞു. ചുറ്റിയ വാലില്‍ ആഞ്ഞൊരു കൊത്ത്. കൂട്ടുകാരന്റെ സാഹസിക പ്രകടനം കണ്ട് കോഴിക്കൊരു കോരിത്തരിപ്പുണ്ടായി. വേദനയില്‍ പാമ്പിന്‍ ചുറ്റൊന്നയഞ്ഞപ്പോള്‍ ബാക്കിയുള്ളവര് വലിച്ചു കരേലിട്ടു. 

പാമ്പ് ചുറ്റിയിടത്ത് ചോരപ്പാട് തെളിഞ്ഞുവരുന്നത് തൊട്ടുനോക്കി മങ്കമ്മയാണ് ചോദിച്ചത്: ''നീയേതാടാ കൊച്ചേ?'' അവരെന്റെ കൂടെ വന്നതാണെന്നും ആലിഞ്ചോട്ടിലെ കൂട്ടുകാരാനും രമേശാണ് മറുപടി പറഞ്ഞത്. ''ചെറപ്പതിയിലേക്കാ പോണതെന്ന് വീട്ടി പറഞ്ഞാ, വിടത്തില്ലായിരുന്നു''- മങ്കമ്മ ചോരത്തിനര്‍പ്പില്‍ അമര്‍ത്തി. ആലിഞ്ചോട്ടിലെ പിള്ളേര് പണ്ടൊന്നു സംഘം ചേര്‍ന്നു വന്നു. ചെറപ്പതിലെ ആള്‍ക്കാര് ആ വള്ളമങ്ങ് കായലില്‍ മുക്കി. നീന്തിക്കേറി വന്നവരെ കെട്ടിയിട്ടു മുശറു കൊടഞ്ഞതൊക്കെ അല്ലാര്‍ക്കും അറിയാം. ''പരമു ചേട്ടന്റെ കടേല് ചൂട് ബോളി കിട്ടും. എന്റെ പറ്റില് എല്ലാര്‍ക്കും മേടിച്ചു കൊടുത്ത് പറഞ്ഞു വിട്... പാവങ്ങള് പേടിച്ചുപോയി''- മങ്കമ്മ രമേശനെ ദീര്‍ഘിപ്പിച്ച് നോക്കി. കട്ടത്തെറിയുള്ള നോട്ടം. രമേശന്‍ പതറി. ട്രിപ്പിളടിച്ചു മടങ്ങുമ്പോള്‍ തന്നെ ഫോറസ്റ്റുകാരെ അവന്‍ വിളിച്ചു പറയും എന്നു മങ്കമ്മയ്ക്ക് മനസ്സിലായി. പരുത്തിക്കും അതു മനസ്സിലാകുന്ന വിധം, കുഴപ്പമായെന്നൊരു നോട്ടം മങ്കമ്മ പരുത്തിയെ നോക്കുകയും ചെയ്തു. ഫോറസ്റ്റുകാര് വന്നാലപ്പോ അറിയിക്കാന്‍ ജംങ്ഷനില് ആളിപ്പഴേയുണ്ട്. ''അവന് ഈ ഒളിച്ചുപിടിയുടെ സൂക്കേടുള്ളതാ. വല്ലതും ഷൂട്ട് ചെയ്തായിരുന്നോ?'' എന്നാലും പരുത്തി കോഴിയോട് ചോദിച്ചു.

മഴ ധൃതിപിടിച്ചു മടങ്ങിവന്നപ്പോള്‍ മലമ്പാമ്പ് പതിയെ അനങ്ങാന്‍ തുടങ്ങി- ''ഇനിയതെങ്ങാനും കരേലോട്ട് കേറുമാ?'' കോഴിയുടെ വീടിനു ചുറ്റും ഇറയത്ത് മഴകൊള്ളാതെ ചേര്‍ന്നുനിന്നവരില്‍ പലര്‍ക്കും അനങ്ങുന്ന പാമ്പിനെ കണ്ടപ്പോ മിന്നാന്തുടങ്ങിയത് ഉള്ളിലാ. വേഗം മഴ തോര്‍ന്നിരുന്നെങ്കി വീട്ടിപ്പോകായിരുന്നു എന്നു പലര്‍ക്കും പേടി തുടങ്ങി. സരളേടത്തി മഴ തീരാന്‍ നിക്കാതെ സാരിത്തുമ്പിനിടയില്‍ മൊബൈലൊതുക്കി ഒരോട്ടം വച്ചുകൊടുത്തു. പിന്നാലെ പലരും ഓടി. കണ്ടുനിന്നാലും ചാര്‍ജ് വീഴുമെന്ന് പലര്‍ക്കും മനസ്സിലായി. 
മഴ നനഞ്ഞ് പരുത്തി പലയിടത്തായി നോക്കി. തൊഴുത്തില്‍ ചുരുട്ടിവച്ചിരുന്ന കയറെടുത്തു. കോഴിയും മഴയത്തേയ്ക്ക് ഇറങ്ങിനിന്നു. ''ഇവിടിട്ടു വേണ്ട. നമ്മട പറമ്പല്ലേ''- പരുത്തി പറഞ്ഞു. കൃത്യസ്ഥലം എവിടാകണമെന്ന് പരുത്തി ഉറപ്പിച്ചിട്ടുണ്ട്. ചത്തവഴി കുട്ടനെ പുറത്തെടുത്താലും തോല് പൊളിച്ചെടുത്ത് ഉണക്കി വൈക്കോല്‍ നിറച്ച് ജീവനില്ലാത്ത കുട്ടനെ കണ്ണന്റമ്മയ്ക്ക് കൊടുക്കാല്ലോന്നാ പരുത്തിയുടെ പ്ലാന്‍. അതാകുമ്പോ കോലെ കുത്തി നിര്‍ത്തിക്കൊടുത്താ പശു ചുരത്തിക്കോളും. മങ്കമ്മ മഴ നനഞ്ഞ് പദ്ധതി പതുക്കെ പറഞ്ഞു: ''രാണ്ടാളുമതി. ന്നാലും ആ രമേശനേം വിളിക്കണം'' എന്തിനാണിപ്പോ രമേശനെ വിളിക്കണതെന്ന് കോഴിക്ക് കലിച്ചു. പരുത്തി അമര്‍ത്തി പറഞ്ഞു: ''അവനില്ലേല്‍ അവനൊറ്റും.''
വീട്ടില്‍ കയറുന്ന പാമ്പിനെ പിടിക്കുന്നത് എങ്ങനെയെന്നതിന് പല ലിങ്കുകളില്‍ ഉത്തരമുണ്ടായിരുന്നു. അതിലെല്ലാം പലയിനം പാമ്പുകളും ഉണ്ടായിരുന്നു- ലിപി ഗൂഗിള്‍ ചെയ്തു.

മുന്‍വാതില്‍ തുറന്നാല്‍ നേരെ ലിവ്ങ് റൂമിലേയ്ക്ക്. വലതുവശത്ത് ഓപ്പണ്‍ കിച്ചണ്‍. ചേര്‍ന്നു തന്നെ ഡൈനിങ് ഏരിയ. സപ്പറേറ്റായി നില്‍ക്കുന്ന വാഷ് ഏരിയ. അതെല്ലാം ചേര്‍ന്ന് ദീര്‍ഘ ചതുരത്തിലാണ്. അവിടെനിന്നും നീളത്തില്‍ ഒരു വാക്വം സ്പേസ് മുറികളെ രണ്ടായി തിരിക്കും- സാക്ക് അപ്പാര്‍ട്ട്മെന്റിന്റെ പ്ലാന്‍ മനസ്സില്‍ മലര്‍ത്തിവച്ച്, എവിടെയാകും പാമ്പ് പതുങ്ങിയിട്ടുണ്ടാവുകയെന്ന് അരികും മൂലയും ഓര്‍ത്ത് തിരച്ചില്‍ എങ്ങനെ വേണമെന്നു പ്ലാനിട്ടു. എന്നിട്ടു കിച്ചണിലേയ്ക്ക് നടന്നു.
സ്റ്റോര്‍ റൂമിന്റെ വാതില്‍ അടഞ്ഞുകിടക്കുകയാണ്. അവിടേയ്ക്ക് കയറാന്‍ ഒരു പഴുതുമില്ല. കിച്ചണ്‍ സ്ലാബിനടിയിലുള്ള കബോര്‍ഡുകളില്‍ ഒന്നിന്റെ പാളി ചെറുതായി തുറന്നിട്ടുണ്ട്. വേസ്റ്റ്ബിന്നിന്റ അകത്തിടുന്ന പ്ലാസ്റ്റിക് കിറ്റുകളും കിച്ചണ്‍ ടവലുകളുമാണതില്‍. സാക്ക് കാലൊച്ചയമര്‍ത്തി ആ കബോര്‍ഡിനടുത്തേയ്ക്ക് ചെന്നു. പ്ലാസ്റ്റിക് ചതയുന്ന ഒച്ച- അണലി അകത്തുണ്ട്! പാമ്പിനെ കണ്ടെത്തിയല്ലോയെന്ന ചെറുപുഞ്ചിരിയോടെ സാക്ക് ലിവിങ് റൂമിലെത്തി. എന്നിട്ട് തീരുമാനം പറഞ്ഞ് സിഗററ്റെടുത്തു കത്തിച്ചു- ''ഡപ്പിയിലടച്ച് കൊണ്ടുപോയി കളഞ്ഞാലോ?'' പാമ്പിനെ കിട്ടിയെന്ന് ലിപിക്ക് മനസ്സിലായെങ്കിലും അതിലൊട്ടും സന്തോഷിക്കാതെ, സാക്കിനി ചെയ്‌തേക്കാവുന്ന സാഹസികതയോര്‍ത്ത്- ''വേണ്ട വേണ്ട.

അറിയാവുന്നവര്‍ക്കേ ജീവനോടെ പറ്റു'' എന്നോര്‍മ്മിപ്പിച്ചു. ''വലിയൊരു വിര അത്രേയുള്ളു''- സാക്ക് പറയുന്നതു കേള്‍ക്കുമ്പോള്‍ അറപ്പാണ് വരുന്നത്. ''അതിനെയങ്ങ് കൊല്ല്... എന്നിട്ട് നമുക്ക് ഓഫീസില്‍ പോകാം''- ലിപി ഇറിറ്റേറ്റഡായി. ഇത്ര നേരമായിട്ടും പാമ്പില്‍ തൊട്ട കാല് കഴുകിയില്ലല്ലോ എന്നോര്‍ത്ത് മറ്റൊരറപ്പും മനംപെരട്ടി. ''നല്ലൊരു പച്ച ഈര്‍ക്കിലുണ്ടേ, ഒറ്റക്കുടുക്കു മതി. എത്ര വലുതാണേലും അതില് അനങ്ങാതെ നിക്കും''- ലിപിയുടെ പേടി കണ്ട്, സാക്ക് ചിരിച്ചതേയുള്ളു. ഷൂവിനുള്ളില്‍ കയറിയതാകുമ്പോ, അത്ര വലിയ ഡപ്പി വേണ്ടിവരില്ല. സാക്ക് വേണേല് അതിനെ ഡപ്പിക്കകത്ത് കയറ്റി, കയ്യിലൊരു കൊത്ത് വാങ്ങും. 
''ഹാന്‍ഡ് പ്രൊട്ടക്ഷനൊന്നുമില്ലാതെ, സാക്കിതെന്തു ചെയ്യാനാ...''
''സ്വിച്ചിടുന്നതിലും വലിയ റിസ്‌ക്കൊന്നുമില്ല''- തീരുമാനിച്ചാല്‍ പിന്നെ എന്തോന്ന് നോക്കാന്‍. സാക്ക് പൈപ്പും ഡപ്പിയുമെടുത്ത് കിച്ചണിലേയ്ക്ക് നടന്നതും ലിപി ബഡ്റൂമിലെത്തി. കട്ടിലിന്റെ മേല്‍പ്പാളി വലിച്ചു നീക്കി. അതിനുള്ളില്‍ കട്ടിയുള്ള കമ്പിളിപ്പുതപ്പുകള്‍ നീളത്തില്‍ മടക്കിസൂക്ഷിച്ചിട്ടുണ്ട്. സാക്കിന്റെ വല്യപ്പന്റെയാണ്. അത് മടക്കി പാമ്പിന്റെ മുകളിലിട്ടാല്‍ പിന്നെ അതിന് അനങ്ങാനാവില്ല. കമ്പിളിയെടുത്ത്, ബെഡിലിട്ട് മടക്കി. ആ പഴകി ദ്രവിച്ച കമ്പിളി പാമ്പിന്റെ മേലിട്ടാല്‍പ്പിന്നെ വീട്ടില്‍ കയറ്റണ്ടല്ലോ. ആ കമ്പിളി താന്‍ പെട്ടെന്നോര്‍ത്തത് അതുകൊണ്ടു കൂടിയാണെന്ന് ലിപിക്ക് അറിയത്തേയില്ല. എത്ര തണുപ്പായാലും അതു ബെഡില്‍ കയറ്റാന്‍ ലിപി സമ്മതിച്ചിട്ടുമില്ല. അണലിയാകട്ടെ, അപ്പോള്‍ കബോര്‍ഡിനുള്ളില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. തന്നെത്തന്നെ കൂടുതല്‍ ചുറ്റി, ലിപിക്കു തൊട്ടരികില്‍ അതേ ബെഡിനടിയില്‍ വീണുകിടന്ന ഇളംനീല ചുരിദാറില്‍ പറ്റിച്ചേര്‍ന്നു കിടപ്പുണ്ടായിരുന്നു. ലിപി കമ്പിളി മടക്കി മുറിവിട്ട് പുറത്തേയ്ക്കിറങ്ങിയപ്പോള്‍ അണലിയും പിന്നാലെയിറങ്ങി.  
''അത് ചത്തോ?''- മഴക്കോട്ട് ഇട്ട രമേശന്‍ വരമ്പത്ത് നിന്നതേയുള്ളു. 
''ചത്തിട്ടല്ല. അത്രം വലുതിനെ മിഴുങ്ങിയാ ചത്തതു പോലാ.''

ചെന്നു വിളിച്ചപ്പോള്‍ തന്നെ പെന്‍ക്യാമറയും കയ്യിലെടുത്തോണ്ടാണ് രമേശന്‍ പോന്നതെന്ന് മറ്റാര്‍ക്കും മനസ്സിലായുമില്ല. മഴക്കോട്ടിനുള്ളില്‍ മറ്റേടത്തെ കണ്ണായി അതെല്ലാം കാണുന്നുണ്ട്. കൊന്നിട്ടുള്ള പുകിലൊന്നും വേണ്ട വാടാ മക്കളേ നമുക്കിതിനെ കായലിക്കൊണ്ടേ തള്ളിയേക്കാമെന്ന് മങ്കമ്മ ഇച്ചിരി ഒറക്കെ പറഞ്ഞു. പിന്നാലെ കൂടാന്‍ ചില പിള്ളേരോട് ''തരത്തിലുള്ളത് പോയി ചെയ്യെന്ന്'' മങ്കമ്മ കോപിച്ചു. കൈതക്കാടുകള്‍ക്കിടയിലൂടെ തോട്ടിക്ക് കുടുക്കു നീട്ടി പാമ്പിന്റെ കഴുത്തില്‍ കുടുക്കിട്ടു. നാലാളും കൂടി കൂട്ടിപ്പിടിച്ച് വലിച്ചപ്പോള്‍ മടിയൊന്നും കൂടാതെ പാമ്പങ്ങ് കെടന്നു കൊടുത്തു. തോട്ടിലേയ്ക്ക് തലങ്ങും വിലങ്ങും വീണ കൈതക്കാടുകള്‍ക്ക് ഇടയിലൂടെ വലിച്ചുകൊണ്ടു പോകാനായിരുന്നു പങ്കപ്പാട്. തോടിനു കുറുകെ മഴവീണ് ഞാന്ന കൈതക്കൈകള്‍ ചേര്‍ത്തുണ്ടാക്കിയ ''കൊണ്ടുപോകല്ലേ.... കൊല്ലല്ലേ'' വിളികളെ മങ്കമ്മ കേട്ടിട്ടും കേക്കാതിരുന്നു. മുള്ളുകള്‍കൊണ്ട് പോറി വഴി തടയാന്‍ അവ വൃഥാ ശ്രമിച്ചു. മങ്കമ്മ ദേഷ്യത്തോടെ മുള്‍ക്കൈകള്‍ ആഞ്ഞുവെട്ടി- ''മാറിനെടാ മെരുകളെ.''
തോടു തീരുന്നിടത്ത് കായലിന്റത്രേം എത്തമുള്ള കരിനിലമാണ്. അതുകടന്നാല്‍ ചെറക്കപ്പുറം കായലായി. വള്ളത്തിലേയ്ക്ക് കയറി പാമ്പിനെ കുരുക്കിയ കയറിന്ററ്റം പടിയില്‍ കെട്ടി മങ്കമ്മ കഴുക്കോലെടുത്തു. കോഴി മുഴുവന്‍ നീളത്തോടെ വെട്ടിയെടുത്ത വഴയിലകള്‍ കയറ്റി. അതില്‍ നീളത്തില്‍ കിടത്തിയിട്ടു വേണം കീറാന്‍. ഏതോ വീഡിയോയില് കണ്ടതാണ്. മാത്രമല്ല ചോരേം നെലത്തു വീഴില്ല. രമേശന്‍ വള്ളത്തില്‍ കയറിയപ്പോള്‍ ആകെയുലഞ്ഞു. മൂവരുടേയും തമ്മാമ്മിലുള്ള അര്‍ത്ഥം വച്ചു പരിഹസിച്ച നോട്ടം കണ്ടപ്പോ, ഇനി ഇവര് തന്നെ കൊല്ലാന്‍ കൊണ്ടുപോവുകയാണോ എന്ന ഡൗട്ടടിച്ചു. കൊല്ലാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റ് രമേശന്റെ മനസ്സിലുണ്ട്. അമ്പലപ്പറമ്പിലെ പന്തുകളി മതിലുകെട്ടി അടച്ചേന്റന്ന്, ''ലയാളുടെ തല നോക്കിക്കേ... കറക്ട് പന്തല്ലേ''യെന്ന് പരുത്തി പറഞ്ഞത് താന്‍ കേള്‍ക്കാന്‍ തന്നെയാണെന്ന് രമേശനറിയാം. മങ്കമ്മ കഴുക്കോല്‍ ആഞ്ഞുകുത്തി വള്ളം മറിയാതെ പിടിച്ചു- ''കുപ്പി എത്രണ്ണമെടുത്തു'' കത്തികള്‍ വച്ച പ്ലാസ്റ്റിക് കവറിന്റകത്ത് നിറയെ ഒരു ലിറ്ററിന്റെ വെള്ള കുപ്പികളുണ്ട്. നെയ്യെടുക്കാനാണ്- ''അഞ്ചാറെണ്ണമുണ്ടാകും'' കോഴിയും പരുത്തിയും കേറിയതും മങ്കമ്മ കഴുക്കോല് കരയിലേയ്ക്ക് കുത്തി വള്ളം ആഞ്ഞു തള്ളി. അനങ്ങുന്നില്ല- ''കയറെടുത്ത് വലിക്കെടാ.'' പാമ്പ് വാല് കൈതക്കാലില്‍ ചുറ്റിയിരിക്കുകയാണ്. അതിനും മനസ്സിലായിക്കാണും കൊല്ലാനുള്ള പോക്കാന്ന്. രമേശനും കോഴിയും ചേര്‍ന്നു കയറാഞ്ഞ് വലിച്ചു. പോരുന്നില്ല. ''എന്നാപ്പിന്നെ ഞാനിറങ്ങാം''- രമേശനൊരു അവസരം നോക്കി. ''ങ്ഹാ... ഇത്രയ്ക്ക് പേടിയാണോ''യെന്ന് മങ്കമ്മ സമാധാനിപ്പിച്ചത് രമേശന് അപമാനമായി തോന്നി. ഇരച്ചു വന്ന ദേഷ്യം പുറത്തോട്ടു വരാതിരിക്കാന്‍ കണ്ണുപൂട്ടി സ്വയമമര്‍ത്തി അര്‍ജ്ജുനന്റെ പര്യായങ്ങളുരുവിട്ടു. പരുത്തി കരേലോട്ടിറങ്ങി ചുറ്റിപ്പിടിച്ച കൈതക്കാലിന്റെ വിരലുകള്‍ കൊത്തി. വള്ളം ഝടുതിയില്‍ മുന്നോട്ടാഞ്ഞു. പരുത്തി ചാടി വില്ലിയില്‍ ചവിട്ടിയോ ചവിട്ടിയില്ലേയെന്നറിയാത്ത വിധം അകത്തെത്തി. വള്ളം ഉലഞ്ഞുമില്ല. ചെരിഞ്ഞുമില്ല. 
വെള്ളത്തിനുമേല്‍ മഴ ചറപറ മുട്ടയിട്ടു.
''കൊച്ച് പാമ്പിനെ കൊന്നിട്ടുണ്ടാ?''- മങ്കമ്മ വള്ളം ഊന്നുന്നതിനിടയില്‍ രമേശനോട് ചേദിച്ചു.
''ഇല്ല മങ്കേ''- രമേശന്‍ കോട്ടിനുള്ളില്‍ ഒളിക്യാമറ ഓക്കേയല്ലേയെന്ന് രഹസ്യമായി പരിശോധിച്ചു. പാമ്പിനെ കെട്ടിയ കയറില്‍ പിടിച്ച് പടിയേലിരിക്കുവായിരുന്ന പരുത്തി, ചാടി എണീറ്റ് വള്ളം ഉലച്ച് രമേശന്റെ അടുത്തെത്തി, കുഞ്ഞിന്നാള് മൊതല് പരുത്തിയുടെ കയ്യില്‍ തരിച്ചു കിടന്ന അടിയാണ് രമേശന് പെട്ടന്നങ്ങു കിട്ടിയത്. ഇരിപ്പ് തെറ്റി രമേശന്‍ വെള്ളത്തിലേയ്ക്ക് വീണു. വെള്ളത്തിലൊന്ന് മുങ്ങി പൊങ്ങിയപ്പോള്‍ രമേശന്റെ തല വള്ളത്തിലിടിച്ചു. വള്ളം ഉലഞ്ഞപ്പോള്‍ കോഴിയാകെ പേടിച്ചു. ''എന്തോന്നാടാ വലിച്ചു വള്ളത്തിക്കേറ്റ്''- മങ്കമ്മ വള്ളം കുത്തി നിര്‍ത്തി.


രമേശനെ വലിച്ചു കയറ്റുമ്പോള്‍ മങ്കമ്മയും കോഴിയും വള്ളം മറിയാതിരിക്കാന്‍ ഊന്നിപ്പിടിച്ചു. നനഞ്ഞു കയറി രമേശന്‍ പടിയിലിരുന്നപ്പോ, സമാധാനമായിക്കോട്ടെയെന്ന വിധം മങ്കമ്മ വീണ്ടും ചോദിച്ചു: ''കൊച്ച് പാമ്പിനെ തിന്നിട്ടുണ്ടാ?'' രമേശന് പരുത്തി എന്തിനാണ് തന്നെ അടിച്ചതെന്നു മനസ്സിലാകുന്നതിനു മുന്‍പേ, പാമ്പ് വള്ളം ഉലച്ചു. കഴുക്കോലിന് കുത്തിപ്പിടിച്ചിട്ടും നിക്കണില്ല. രമേശന്‍ എതിരനങ്ങി. കോഴി അകത്തേക്കിരുന്ന് രണ്ടു വില്ലിയിലും അമര്‍ത്തു പിടിച്ചു. പരുത്തിയും വള്ളത്തിലേയ്ക്ക് ഇറങ്ങി രണ്ടു കയ്യും ഇരുവശത്തേയ്ക്കുമിട്ട് തുഴഞ്ഞു നിര്‍ത്താന്‍ നോക്കി. വട്ടംകറങ്ങി മറിയാന്‍ ഉലയുകയാണ്. കീഴ്മേല്‍ മറിയുകയാണ്. മങ്കമ്മയുടെ കയ്യില്‍നിന്ന് കഴുക്കോല്‍ തെറിച്ചു- ''കയറ് വെട്ടടാ.''
കാലെത്താത്ത സൈക്കിളിന്റെ പിന്നില്‍ നീളമുള്ള ഭാര്യയെയും ഇരുത്തി ചവിട്ടി പോകുന്ന അയാള്‍. മുന്‍പില്‍ മകനിരിപ്പുണ്ടാകും. കടവില്‍ കൊണ്ടുവന്ന് വിടും. ഭാര്യയെപ്പോഴും കൂനിക്കൂടി പിന്നിലിരിക്കും. അക്കരെ ചെമ്മീക്കമ്പനിയില്‍ കണക്കെഴുതാന്‍ പോവുകയാണ് ഭാര്യ. അവരെ പെട്ടന്നോര്‍ത്തതില്‍ സാക്കിന് അകാരണമല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു. ആ ചെത്തുകാരന്റേയും ഭാര്യയുടേയും ജീവിതത്തിലൊരു ദുരന്തമുണ്ട്. അവരുടെ രണ്ടാളുടെയും നടുവില്‍ കിടന്നുറങ്ങുന്ന മകനെ രാത്രിയെപ്പോഴോ വിഷം തീണ്ടി. മകന്‍ നടുവില്‍ മരിച്ചു കിടക്കുന്നതറിയാതെ അവരുറങ്ങി. പിറ്റേന്ന് കുഞ്ഞിന്റെ ജഡം ആശുപത്രിയില്‍നിന്ന് എത്തുന്നതിനു മുന്‍പ് അലമാരയ്ക്കടിയില്‍നിന്ന് അണലിയെ കിട്ടി. മകന്‍ മരിച്ചു കഴിഞ്ഞും അവര്‍ സൈക്കിളില്‍ കടവിലെത്തി. പിന്നില്‍ അവരുടെ സൈക്കിള്‍ ബെല്‍ സാക്ക് കേട്ടിട്ടുണ്ട്. തീരെ ഒച്ചയില്ലാതെ ഇടറിപ്പോയത്. ആ സൈക്കിളും... ബെല്ലും... നിശ്ശബ്ദതയും തലയില്‍ പെരുത്തപ്പോള്‍ സാക്ക് നെറ്റിയില്‍ ആഞ്ഞാഞ്ഞിടിച്ചു. പാമ്പ് കൊത്തിയ മകനെ മുന്നിലിരുത്തിയാണ് അവര്‍ പിന്നീടും സൈക്കിള് ചവിട്ടിയത്. ആ സ്ത്രീയെ ഓര്‍ത്തപ്പോള്‍, സാക്ക് ലിപിയെ ബലത്തില്‍ ചേര്‍ത്തുപിടിച്ചു. ചെവിയില്‍ പറഞ്ഞു: ''വല്ലാത്തതെന്തോ...''

ചുട്ടുപൊള്ളുന്ന നിശ്വാസം കനത്തില്‍ ചെവിയിലലച്ച് ലിപിക്ക് പൊള്ളി. അവളവനെ തള്ളിയകറ്റാന്‍ നോക്കി. സാക്ക് ലിപിയെ ചുറ്റി. ലിപിക്ക് വേദനിച്ചു. കുതറി. അവളെ വരിഞ്ഞു മുറുക്കി. സാക്ക് വല്യപ്പന്റെ പിന്നാലെ ചിറയിലൂടെ നടന്നു. വഴുക്കുന്നുണ്ട്. അവന്റെ കയ്യിലായിരുന്നു കുരിശ്. വല്യപ്പന്റെ കയ്യില്‍ മേശവിളക്കും സഞ്ചി നിറയെ ചെത്തിപ്പൂക്കളും വല്യമ്മച്ചിയുണ്ടാക്കിയ മീനും അപ്പവുമുണ്ട്. ഇരുട്ടിന്റെ അങ്ങേ അറ്റത്ത് അവരെത്തുമ്പോള്‍ വേറെയും കുറേപ്പേര്‍ കാത്തു നില്പുണ്ടാകും. കൂറ്റന്‍ തെങ്ങുകളുള്ള മറ്റൊരു ചിറയിലെത്തും. കായലിലേയ്ക്ക് നീണ്ടുകിടക്കുന്നത്. അത്രയും ഉയരമുള്ള തെങ്ങുകള്‍ സാക്ക് പിന്നീടൊരിക്കലും കണ്ടിട്ടില്ല. കൈതകളും കണ്ടലും വേറേതൊക്കയോ പൂക്കളും. നീര്‍നായകള്‍ ആളനക്കം കണ്ട് ഇറങ്ങിപ്പോകുന്ന ഓളത്തില്‍ കായലനങ്ങും. തുണിയെല്ലാം ഉരിഞ്ഞുവച്ച്, ചെളിയില്‍ കുരിശ് കുത്തി വല്യപ്പന്‍ കായലിലേയ്ക്ക് ഇറങ്ങിപ്പോകും. എന്നിട്ടൊരു കല്ല് മുങ്ങിയെടുക്കും. എന്നിട്ടാ കല്ലിനു ചുറ്റുമിരുന്ന് മന്ത്രിക്കും. കരയും. ചാരായം കുടിക്കും. സാക്ക് പിറുപിറുത്തു തുടങ്ങി. 
''ഒള്ളപ്പോ കാല് നാല്... പോയപ്പോ നെറയെക്കാല്''- കണ്ണിറുക്കിയടച്ച് ലിപിയുടെ ഉടലിലൂടെ പിറുപിറുത്തു തുടങ്ങി.

അവളുടെ തുളകളിലെല്ലാം പിറുപിറുത്തു- ''അയ്യോ... അയ്യോ... തിന്നുപോയി തുപ്പിയിലും പോരാതെ തിന്നുപോയി.''
''അക്കനിയിക്കനി... ആ കനി... ഈ കനി... അക്കനി...''- അവനൊരു പാമ്പിനു പിന്നാലെയാണ്. തുളയാറും കൊണ്ടും കണ്ടെത്താനാവാത്ത പാമ്പിനെ തിരയുകയാണ്. പിടിവലികള്‍ക്കിടയില്‍ ഇഴഞ്ഞ് വീണ്ടും ഡൈനിങ് ടേബിളിന് അടിയിലെത്തിയത് സാക്കോ ലിപിയോ അറിഞ്ഞില്ല. വേദനയെക്കാളും ലിപിക്ക് വല്ലാത്ത അറപ്പാണ് തികട്ടിയത്. സാക്കവളുടെ പിന്‍കവിള്‍ വിടര്‍ത്തി നാവു നീട്ടി. എല്ലാ സുഷിരങ്ങളേയും അവള്‍ തന്നിലേയ്ക്കമര്‍ത്തി. സാക്കിന്റെ നാവ് മൂര്‍ച്ചയോടെ നീണ്ടുനീണ്ടു.
ലിപി മമ്മിയോടാണ് സാക്കിനെപ്പറ്റി പറഞ്ഞത്. ''ഇസഹാക്കിന്റെ ഫാമിലിയെ എനിക്കറിയാം. എന്റൊരു സീനിയറുണ്ടായിരുന്നു. ഇസഹാക്കിന്റെ ഒരു അങ്കിള്‍.''
ലിപി അങ്കിളിന്റെ വീട്ടില്‍ പോയിട്ടുണ്ട്. അദ്ദേഹവും മലയാളം പ്രൊഫസറാണ്- ''സേവിയങ്കിള്‍.''


മമ്മി പത്തി വിടര്‍ത്തി: ''അവരുടെ ജീസസ് വേറെയാണ്.'' മമ്മിയോട് തര്‍ക്കിക്കാതെ ഇറങ്ങിപ്പോന്നു. അനുജത്തിയുടെ കുഞ്ഞിന്റെ മാമോദീസയ്ക്ക് ചെല്ലുമ്പോള്‍ മോള്‍ക്ക് നാലു വയസ് കഴിഞ്ഞിരുന്നു. മമ്മി വെറുപ്പൊന്നും കാണിച്ചില്ല. പക്ഷേ, മോളെ ഒന്നു തൊട്ടുപോലുമില്ല. ''നിന്റെ ഊളക്കൊച്ചിനെ കാണാനല്ല, ഞാനെന്റെ മകളെ കാണാനാ വന്നത്''- ഡാഡി പ്രസവിച്ചു കിടന്ന ലിപിയെ കാണാന്‍ വന്നപ്പോള്‍ പറഞ്ഞ ഇംഗ്ലീഷിന്റെ പരിഭാഷ ഇടയ്ക്കിടയ്ക്ക് സാക്ക് പറയും. അതു മറക്കാതിരിക്കാന്‍ മോള്‍ക്ക് ഊര്‍മ്മിള എന്ന പേരുമിട്ടു. അതോര്‍ക്കുന്ന ദിവസങ്ങളില്‍ മോളുറങ്ങുമ്പോഴും അവളുടെ ചെവിയിലെന്തോ പിറുപിറുക്കും. ചോദിക്കുമ്പോ കഥയാണെന്നു പറയും. 
ലിപി മൂര്‍ച്ചയുടെ ഉന്മാദത്തില്‍ ഒറ്റക്കുതിപ്പിന് എഴുന്നേറ്റു. ഡൈനിങ് ടേബിള്‍ മറിഞ്ഞു. മുകളിലുണ്ടായിരുന്നതെല്ലാം വീണുടഞ്ഞു. സാക്കിന്റെ തല മേശയിലിടിച്ചു. സാക്ക് അതൊന്നും അറിയാതെ പിറുപിറുത്ത് ആ കൂറ്റന്‍ തെങ്ങുകളുള്ള ചിറയില്‍ ഇരുട്ടിലാണ്. ആരുടേതെന്ന് തെളിച്ചറിയാത്ത സ്വരം അവനു കേള്‍ക്കാമായിരുന്നു- ''സ്റ്റോപ്പ്... സ്റ്റോപ്പ് സാക്ക്... ഇത് സെക്‌സല്ല... ഞാന്‍ ഒച്ചയുണ്ടാക്കും'' കൂറ്റന്‍ തെങ്ങുകളിലൊന്ന് കായലിലേയ്ക്ക് ആയത്തില്‍ മറിഞ്ഞുവീണു. തല്ലിയുയര്‍ന്ന വെള്ളം സാക്കിന്റെ മുഖത്തടിച്ചു. സാക്കിന്റെ തലപൊട്ടി ചോരയൊലിക്കുന്നുണ്ടായിരുന്നു. ലിപിയുടെ ഭയന്ന മുഖം കണ്ട് സാക്കവളുടെ അടുത്തേയ്ക്ക് നിരങ്ങിയടുത്തു. എന്നിട്ടവളെ ചേര്‍ത്തുപിടിച്ച് ഉറക്കെയുറക്കെ കരഞ്ഞു- ''ആ കുഞ്ഞ്... അവന്‍ നടുക്കാണുറങ്ങിയത്... എന്നിട്ടവരിങ്ങനെ സൈക്കിളില്‍ വരും... പുള്ളിക്കാരിക്ക് തെങ്ങിന്റെ പൊക്കമായിരുന്നു... തെങ്ങിന്റത്രയും പൊക്കം'' സാക്ക് പിറുപിറുക്കുന്നത് ലിപിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. പക്ഷേ, സാക്ക് വീണ്ടും അവളിലേയ്ക്ക് ഇഴഞ്ഞുകയറുകയാണെന്നു മനസ്സിലായപ്പോള്‍ ലിപിയുറക്കെ കരഞ്ഞു: ''സാക്ക്... സാക്ക്... പ്ലീസ്... ഡോണ്ട് ടച്ച്...'' മേശവിളക്കിന്റെ വെളിച്ചത്തില്‍ സാക്ക് പിന്നെയും നടക്കുകയാണ്. മാക്കാച്ചികളുടേത് അല്ലാത്ത മറ്റേതൊ വര്‍ത്താനം- ''വല്യപ്പാ അതെന്താ'' വല്യപ്പന്‍ ചെവി കൂര്‍പ്പിച്ചു. മേശവിളക്കിന്റെ ചില്ലില്‍ ഒരു തുള്ളി വീണു പൊള്ളി. സാക്ക് ലിപിയുടെ കക്ഷത്തില്‍ അമര്‍ത്തി നക്കി. വല്യപ്പന്‍ പറഞ്ഞു: ''ചില ഒച്ചകള്‍ പണ്ടത്തെയായിരിക്കും... നമ്മളതിപ്പോ കേക്കുന്നെന്നേയുള്ളു.''

പോട്ടത്തണ്ടുകള്‍ വകഞ്ഞ് ചിറയിലേയ്ക്ക് നെഞ്ചമര്‍ത്തി വലിഞ്ഞു കയറി രമേശന്‍ കിതച്ചു. കണ്ണു തുറക്കാനാകാത്ത കനത്തിലാണ് ആകാശം നനഞ്ഞടരുന്നത്. ഉറക്കെ ശ്വസിച്ചാല്‍ മൂക്കിലേയ്ക്ക് വെള്ളം കയറും. വായകൊണ്ട് ശ്വാസമെടുത്ത് കണ്ണിനു മുകളില്‍ കൈകള്‍ വച്ച്, കുതിര്‍ന്ന ചിറയിലൂടെ തെങ്ങുകള്‍ കാണുന്നിടത്തേയ്ക്ക് രമേശനെ രമേശന്‍ വലിച്ചു വച്ചു. വേറെയേതോ തരം കായലാണ് മുക്രയിട്ട് ഇളകുന്നത്. ഇരുട്ടാണോ വെളിച്ചമാണോ എന്നറിയാനാവാത്ത ഇരുട്ട്. കായലൊരു തുളുമ്പങ്ങ് വച്ചു കൊടുത്തതും ഒരു അളിഞ്ഞ ജഡവും അതിനെ തിന്നുകൊണ്ടിരുന്ന മീനുകളും ചിറയിലേയ്ക്ക് തെറിച്ചുവീണു- ''യ്യോ... മ്മേ'' രമേശന്‍ ചെളിയില്‍ തെന്നി വീണു. ജഡത്തിന്റെ ചുരിദാറിനുള്ളില്‍നിന്നും പാമ്പിറങ്ങി വന്നു. തെങ്ങിലേയ്ക്ക് മീനുകള്‍ തത്തിക്കയറി. കായല്‍ ചൊറികള്‍ നീരാളിക്കാലുകള്‍ നീട്ടി കൂട്ടമായി കയറിവന്നപ്പോള്‍ രമേശന്‍ പലവട്ടം തെന്നിവീണ് ഓടി. പിന്നെ കുഴഞ്ഞു വീണു. ഉണര്‍ന്നപ്പോള്‍, കുറേ വയസന്മാര്‍ ഒരു വലിയ കല്ല് കായലിലേയ്ക്ക് എറിഞ്ഞു നഗ്‌നരായി രമേശന്റെ അരികിലിരുന്ന് പിറുപിറുക്കാന്‍ തുടങ്ങി. ഓരോരുത്തരായി കൈമാറി വന്ന ചാരായക്കുപ്പി അവരിലൊരാള്‍ക്ക് എന്നവിധം രമേശന് നീട്ടി. രമേശനത് വാങ്ങി ഒരു കവിള്‍ കുടിച്ചു. പഴുത്ത ആ ഇരുമ്പില്‍ നാവ് പൊള്ളി. രമേശന്‍ വേഗം കുപ്പി തിരിച്ചു കൊടുത്ത്, വയസ്സന്മാരോട് കരഞ്ഞു: ''എന്നെ രക്ഷിക്കണം.'' അതുകേട്ടതും സാക്കിന്റെ വല്യപ്പന്‍ കായലിലേയ്ക്ക് ചാടി മുങ്ങി. കയറിവന്ന് കല്ല് കയ്യിലേക്ക് വച്ചു കൊടുത്തിട്ടു പറഞ്ഞു: ''ഇന്നാ'' കല്ലിനുള്ളിലെ കൊത്തിയെടുക്കാത്ത രൂപം കണ്ട്. രമേശന്‍ പേടിച്ചു. ആ കല്ല് താഴത്തിടാന്‍ പോലും പേടിച്ചു.
''എടാ എഴുന്നേക്കെടാ... പാലു കൊടുത്തിട്ട് വാ''- അതേ... അമ്മ തന്നെയാണ്.
രമേശന്‍ ചുറ്റും നോക്കി. ചിറയിലല്ല, മുറിയിലാണ്. പിന്നെയും ഓര്‍ത്തപ്പോള്‍ കട്ടിലിനടിയിലേയ്ക്ക് നോക്കി. കല്ല് കട്ടിലിനടിയിലുണ്ട്. മഴക്കോട്ടിനുള്ളില്‍ ഫിറ്റ് ചെയ്ത പെന്‍ക്യാമറയുടെ കാര്യം പെട്ടന്നാണ് ഓര്‍ത്തത്. തലേന്നത്തെ ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു. വള്ളം മുങ്ങിയശേഷം പിന്നെ കുറേ നേരം ഒന്നുമില്ല. അവ്യക്തമായി തെളിഞ്ഞ ഒരു ദൃശ്യത്തില്‍ തെങ്ങില്‍നിന്നും തലതിരിഞ്ഞ് ആരോ ഇറങ്ങിവരുന്ന പോലെയുണ്ട്. അത്രമാത്രം. തലേന്ന് സംഭവിച്ചത് ഓര്‍ത്തെടുക്കാന്‍ വൃഥാ ശ്രമിച്ച് ഒരു പ്ലാസ്റ്റിക്ക് കിറ്റില്‍ കല്ലുമെടുത്ത് പാല്‍ പാത്രവും തൂക്കി റോഡിലേക്കിറങ്ങി. 
''കുടയെടുത്തിട്ട് പോടാ''- അമ്മ പിന്നില്‍ വിളിച്ചു. മഴയിപ്പോ പൊട്ടിയേക്കാം എന്ന വിധം പഴുത്തുകറുത്ത ആകാശം.
കോഴിയുടെ വീട് റോഡില്‍നിന്ന് ഇത്തിരി ഉള്ളിലാണ്. അവിടെയെത്തിയപ്പോള്‍ രമേശന്‍ ഏങ്കണ്ണിട്ടു നോക്കി. വീടിനു മുന്നിലിരുന്ന് കോഴി ബൈക്ക് കഴുകുന്നു. പിന്നെയും നടന്നു ചെല്ലുമ്പോള്‍ പരുത്തിയും ചിലരും ബാനര്‍ വലിച്ചുകെട്ടുന്നുണ്ട്. രമേശന്‍ പെട്ടെന്നാണ് സ്വന്തം കാലിലേയ്ക്ക് നോക്കിയത്. മുട്ടിന്റെ താഴെ വരെ ചെളി പറ്റി ഉണങ്ങിയിരിക്കുന്നു. അവന്‍ വേഗം മുണ്ടഴിച്ചിട്ടതു മറച്ചു. ചെത്തുകാരനും ഭാര്യയും സൈക്കിളില്‍ വന്ന് രമേശന്റെ പിന്നില്‍ ബെല്ലടിച്ചു. അത്രയേറെ ഒച്ചയില്ലാതിരുന്നിട്ടും ബെല്ലൊച്ചയില്‍ രമേശന്‍ നടുങ്ങി. പാലളന്ന് സൊസൈറ്റി ഗോപാലന്‍ ചോദിച്ചു: ''ഇന്നലെ വള്ളം മുങ്ങിയല്ലേ?'' പാലു കൊടുത്ത ശേഷം കാലിപ്പാത്രവും കല്ലുമായി അവന്‍ ലക്ഷം വീട്ടിലേയ്ക്ക് നടന്നു.
മങ്കമ്മ വല തുന്നുകയായിരുന്നു. രമേശനെ കണ്ട് തുന്നല് നിര്‍ത്താതെ എന്താ കൊച്ചേയെന്ന് തലയുയര്‍ത്തി.
''മങ്കേ... പാമ്പെവിടെ?''- രമേശന്‍ ചോദിച്ചു:
മങ്കമ്മ കെട്ടുടക്കി വലിച്ചു ചിരിച്ചതേയുള്ളു.


മഴ നിലത്തു കൂടി ഒഴുകുകയാണ്. ഒരു അണ്ടികള്ളി മുറ്റത്തേയ്ക്ക് തത്തിക്കേറി. വല വരാന്തേല് തന്നെ വച്ച്, മുറ്റത്തേയ്ക്കിറങ്ങി മീനെയെടുത്ത് കുടത്തിലേയ്ക്കിട്ട് മങ്കമ്മ രമേശനോട് ചോദിച്ചു: ''കൊച്ച് എപ്പൊഴെങ്കിലും പാമ്പിനെ തൊട്ടിട്ടുണ്ടോ?''
രമേശന്‍ മങ്കമ്മയോട് തിരിച്ചു ചോദിച്ചു: ''ഞാനാണോ പാമ്പിനെ കൊന്നത്?''
കയറു വെട്ടും മുന്നേ പാമ്പ് വള്ളോം കൊണ്ടങ്ങ് പോയി. ''മീനീ ചൂണ്ടേം കൊണ്ട് പോണതു കണ്ടിട്ടുണ്ടോ.... അതുപോലതങ്ങ് കൊണ്ടുപോയി''- മങ്കമ്മയ്ക്ക് എല്ലാ ഇന്നലെയുമോര്‍ത്ത് ചിരിയാണ് വരുന്നത്.
കൂറ്റന്‍ തെങ്ങുകളുടെ മുടിയുലഞ്ഞു. പരുത്തി കായല്‍ച്ചിറയില്‍ നിന്ന് മങ്കമ്മയെ എന്തു ചെയ്യണമെന്നു നോക്കി. മങ്കമ്മയുടെ ഉത്തരം പരുത്തിക്ക് പിടികിട്ടി- ''പശു ഇനീം പെറ്റോളും. വള്ളമാണേ അങ്ങനല്ല.''
പരുത്തി വള്ളത്തിനു നേരെ നീന്തി. കോഴിയും പരുത്തിക്കു കൂട്ടായി നീന്തിയെത്തി. 
''കുട്ടന്‍ ചത്തിട്ടുണ്ടാകുമോ''- കോഴി ചോദിച്ചു.
''രമേശന്‍ ചത്തിട്ടുണ്ടാകുമോയെന്നാ എന്റെ പേടി''- പരുത്തി നീന്തലിന് വേഗം കൂട്ടി.
വള്ളവുമായി തിരിച്ചു നീന്തുമ്പോള്‍ കോഴി നെടുവീര്‍പ്പിട്ടു: ''ഇനി കുറേക്കാലത്തേക്ക് അതിന് വെശക്കില്ലായിരിക്കുമല്ലേ?''
മങ്കമ്മ രമേശിനോട് മര്യാദ ചോദിച്ചു: ''കൊച്ചിനൊരു കട്ടനിടട്ടെ.''
അതുകേട്ടതും കയ്യിലിരുന്ന കല്ല് കിറ്റോടെ മുറ്റത്തേയ്ക്കിട്ട് രമേശന്‍ വേഗം പിന്‍വലിഞ്ഞു. മങ്കമ്മ കിറ്റിനുള്ളില്‍നിന്നും കല്ലെടുത്ത് നോക്കി. അതില്‍ കൊത്തിയ രൂപത്തിലൂടെ വിരലോടിച്ചു. മങ്കമ്മ വിരലുകൊണ്ട് ആ കല്ലിനെ കണ്ടങ്ങിനെ നിന്നു. രണ്ടു മീറ്റര്‍ വഴിയിലൂടെ വേഗം പുറത്തേയ്ക്ക് കടക്കാന്‍ വെമ്പി. രമേശന്‍ നടത്തത്തിനു വേഗം കൂട്ടി എതിരെ കോഴിയുടെ ബൈക്കിനു പിന്നിലിരുന്ന് പരുത്തി വന്നു. രമേശിനെ കണ്ട് ബൈക്ക് നിര്‍ത്തിയപ്പോള്‍ കോഴി കുശലം പറഞ്ഞു: ''ചെറേല് കാണാഞ്ഞ് വീട്ടി വന്നു തെരക്കിയാരുന്നു. ഉറങ്ങണുണ്ടെന്ന് സരോജിനി പറഞ്ഞു'' അമ്മയെ അങ്ങനെ കോഴി പേരു വിളിച്ചു കേട്ടപ്പോള്‍ രമേശന് ദേഷ്യം വന്നു. പക്ഷേ, തിരിച്ചെന്തേലും ഉരിയാടാനുള്ള കെല്‍പ്പില്ല. പരുത്തി സമാധാനം അഭിനയിച്ച്, ബ്ലിങ്കസ്യാ നില്‍ക്കുന്ന രമേശനോട് ചോദിച്ചു: ''ഞാനെന്തിനാ ചേട്ടായിയെ ഇന്നലെ തല്ലിയതെന്ന് മനസ്സിലായോ?''
രമേശനത് മനസ്സിലായതേയില്ല. കോഴി മുറുക്കാന്‍ നല്ല ചൊമചൊമാന്ന് തുപ്പിയിട്ട് രമേശനോട് ചോദിച്ചു: ''മങ്കമ്മ വീട്ടിലില്ലേ വാ ടു പെഗ്ഗടിക്കാം'' രമേശന്‍ അവരെ മറികടന്നു- ''മങ്കയുണ്ട്.'' അതുകേട്ടതും കോഴിക്കും തല്ലാന്‍ കൈ തരിച്ചു.
കോളിങ്ബെല്ല് കുറേ നേരമായി നിര്‍ത്താതെ അടിക്കുകയാണ്. ലിപി സാക്കിന്റെ മുകളില്‍ ഞെട്ടിയുണര്‍ന്നു. സാക്കില്‍നിന്നും വേഗം ലിപി, ലിപിയെ വലിച്ചെടുത്തു. സാക്കും കോളിങ് ബെല്ലില്‍ ഞെട്ടി. നിര്‍ത്താത്ത ബെല്ലടി പിന്നെയും. സാക്ക് വേഗം കിട്ടിയതെടുത്തുടുത്ത് വാതിലിലേയ്ക്ക് ചെന്നു. ലിപി തുണി വാരിയെടുത്ത് മുറിയില്‍ കയറി വാതിലടച്ചു. സാക്ക് വാതില്‍ തുറന്നപ്പോള്‍ മോളായിരുന്നു. അവളാകെ പേടിച്ചു കിതച്ചിരിക്കുന്നു. അവള്‍ സാക്കിനെ പൊത്തിപ്പിടിച്ച് പേടിച്ചണച്ചു: ''സാക്ക്.. സാക്ക്.''
സാക്കവളെ വാരിയെടുത്തു. കിട്ടിയതെടുത്തുടുത്ത് ലിപിയും വന്നു. 
സ്‌കൂളു വിട്ടു വന്ന മോള് ഗോപിയേട്ടനോട് കീ ചോദിച്ചപ്പോള്‍ മമ്മിയും സാക്കും പോയിട്ടില്ലെന്നറിഞ്ഞു. ലിഫ്റ്റ് വിളിച്ചു. കുറേ നേരമെടുത്ത് താഴേയ്ക്ക് വന്നു. ലിഫ്റ്റ് തുറന്നതും അതിനകത്ത് പാമ്പ്. മോള് പേടിച്ചു. അവള്‍ പടികള്‍ ഓടിക്കയറി വന്നതാണ്. ഒന്‍പതു നില ഓടിക്കയറിയതാണ്. കൊല്ലാനുള്ള ദേഷ്യത്തോടെ സാക്ക് വേഗം പുറത്തേയ്ക്കിറങ്ങി. ആ പൈപ്പ് കഷണം കയ്യിലുണ്ടായിരുന്നു. ലിപി മോളോടു ചോദിച്ചു: മോള് വന്നപ്പോ ലിഫ്റ്റ് എത്രയിലായിരുന്നു... അതിന്റെ നിറമെന്തായിരുന്നു.... മോള് ഓര്‍ക്കാന്‍ ശ്രമിച്ചു. ലിഫ്റ്റ് ഓരോ നിലകളായി കയറുകയാണ്. ജന്തുക്കളിലെ ഏറ്റവും കൗശലമേറിയ ഒന്നിനെ വകവരുത്താന്‍ സാക്ക് തയ്യാറായിക്കഴിഞ്ഞു. ലിഫ്റ്റ് വന്നു. ലിപിയും മോളും പിന്നിലെത്തി. ലിഫ്റ്റ് വായ തുറന്നതും അതില്‍നിന്നും ലിപിയുടെ മമ്മി പുറത്തേയ്ക്കിറങ്ങി.

കുറച്ചു ദിവസം കഴിഞ്ഞൊരു രാത്രി രമേശന്റെ തൊഴുത്തില്‍നിന്ന് ക്ടാവിനെ അഴിച്ചെടുത്ത് കരഞ്ഞാലും ഒച്ച പുറത്തു കേള്‍ക്കാതിരിക്കാന്‍ വായില്‍ സെല്ലോടേപ്പ് ചുറ്റിയൊട്ടിച്ച്, പെട്ടി ഓട്ടോയില്‍ കയറ്റി, കാലുകള്‍ കെട്ടി നിലത്തിട്ട്, നീലപ്ലാസ്റ്റിക്കിട്ട് മൂടി, രണ്ട് താലൂക്ക് കടത്തി തോമാച്ചന്റടുത്ത് എത്തിച്ചപ്പോള്‍ കോഴിയുടെ കൈക്ക് ഒരല്പം തരിപ്പ് കുറഞ്ഞു. 
''വെക്കാനൊക്കെ പഠിച്ചു. ഓ എന്താന്നറിയില്ല, ഞാനിപ്പോഴും കഴിക്കത്തില്ല മമ്മീ''- മസാലപോലും കയ്യേപ്പറ്റാതെ സാക്കിനും മോള്‍ക്കും ഇറച്ചിക്കറി വിളമ്പിയ ശേഷം മഷ്റൂംസൂപ്പ് ഗ്ലാസ്സിലൊഴിച്ച് രുചി നോക്കാന്‍ ലിപി നാവു നീട്ടി.
ക്ടാവിനേയും വിറ്റ് മടങ്ങും വഴി പരുത്തി പെട്ടന്നോര്‍ത്തു: ''കൊറച്ചൂടി വെയ്റ്റ് ചെയ്താ, രണ്ടു കിലോ മേടിച്ചിന്റ് പോകായിരുന്നു'' അതു കേട്ടപടി കോഴിയുടെ വായില്‍ കുമുകുമാ വെള്ളം നിറഞ്ഞു. കോഴി ചോദിച്ചു: ''ക്ടാവിനാണോ... കുട്ടനാണോ ടേസ്റ്റ്?'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com