നീലോല്പലമിഴി: സുനില്‍ ഗോപാലകൃഷ്ണന്‍ എഴുതിയ കഥ

എനിക്ക് ഓര്‍ത്തെടുക്കാവുന്ന വിദൂരതയിലുള്ളത്, വലം കാല് പൊക്കി നിലത്തലച്ച്, ചെമ്പന്‍ മുടി വാരി പിന്നില്‍ കെട്ടിയ, നുണക്കുഴി കവിളുള്ള ആ റെസ്സലറുടെ രൂപമാണ് ഷോണ്‍ മൈക്കിള്‍സ്
നീലോല്പലമിഴി: സുനില്‍ ഗോപാലകൃഷ്ണന്‍ എഴുതിയ കഥ

നിശിതമായി വെറുക്കുന്നതെന്തും വഴിയേ പ്രിയങ്കരമായി തീരുക എനിക്ക് ശീലമാണ്, 'നീലോല്പലമിഴി'യും അങ്ങനെയൊന്നായിരുന്നു, കേട്ടപ്പോഴേ വെറുത്ത്‌പോയതാണെങ്കിലും ഇടക്കിടക്ക് അതെന്നെ തേടിവന്നുകൊണ്ടേയിരുന്നു. ഉച്ചകഴിഞ്ഞ് അവസാന രണ്ടവ്വര്‍ ഇല്ലായിരുന്ന അന്ന്, തിരക്കാകും മുന്നേ കിട്ടിയ ബസിന് കയറി ഞാന്‍ സ്റ്റാന്‍ഡിലെത്തിയതാണ്. അപ്പോഴുണ്ട്, സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിനു മുന്നിലെ സമരപ്പന്തലില്‍നിന്നും ആ റെക്കോര്‍ഡ് കേള്‍ക്കുന്നു. ''നീലോല്പലമിഴി, നീലോല്പലമിഴി നീ മാത്രം എന്തിനുറങ്ങി...'' അത്രയുമായപ്പോഴെ ബസ് നീങ്ങിത്തുടങ്ങി...
എന്റെ ഞായറാഴ്ചകള്‍ മിക്കപ്പോഴും അച്ഛനൊപ്പമാണ്, ഡൈവോഴ്സിനുശേഷം ടൗണിലെ കുടുംബവീട്ടില്‍ അച്ഛനൊറ്റയ്ക്കാണ്. ശനിയാഴ്ചകളില്‍, പറ്റിയാല്‍ വെള്ളിയാഴ്ച വൈകിട്ട് തന്നെ ഞാന്‍ അങ്ങോട്ടേക്ക് ചെല്ലും, രണ്ട് ദിവസങ്ങള്‍ അച്ഛനും ഞാനും മാത്രം. അങ്ങനെയൊന്നില്‍ ഒരു വൈകുന്നേരം, പതിവ് മദ്യപാന നേരത്തെ അച്ഛന്റെ സോദ്ദോഹാരണ പ്രസംഗത്തിനിടയിലാണ് അത് വന്ന്വീഴുന്നത്, ''പാരിജാതം തിരുമിഴി തുറന്നു... പവിഴ മുന്തിരി പൂത്തു വിടര്‍ന്നു... നീലോല്പല മിഴി, നീലോല്പമിഴി...; ഒട്ടും മേദസ്സ് ഇല്ലാതെ ഒരു രൂപകത്തെ നിര്‍മ്മിച്ചിട്ടുള്ളത് നോക്ക്, പാട്ടെഴുത്ത് അങ്ങനെയാ വേണ്ടത്, അല്ലാതെ...'' അച്ഛന്‍ ആവേശം കൊണ്ടു. ആ ഗീര്‍വ്വാണത്തിനു മുന്നിലിരുന്ന് ഞാന്‍ മയങ്ങാറാണ് പതിവെങ്കിലും പിരീയിഡ്സിന്റെ അസ്വസ്ഥതയായിരുന്നതിനാല്‍ അന്നെനിക്ക് മയക്കവും വന്നില്ല. ''ഓ, ഞങ്ങളതിന് 'പൂച്ചക്കണ്ണ്' എന്നാ പറയാറ്'' എന്നു പറഞ്ഞ് ആ പ്രസംഗം മാത്രമല്ല, വൈകുന്നേര സെഷന്‍ തന്നെ ഒടിച്ചു മടക്കി കയ്യില്‍ കൊടുത്ത് ഞാന്‍ കിടന്നെങ്കിലും ഉറക്കം വന്നില്ല. ഒരു ബ്രൂഫിന്‍ കഴിച്ച് വീണ്ടും കിടന്നു, വേദന പതിയെ അയഞ്ഞ് ഒന്നു മയക്കം പിടിച്ച് വന്നപ്പോഴാണ് അത് വീണ്ടും വന്നത്, ആ നശിച്ച 'മിഴി', അതെന്റെ കൂടെ പോന്ന മട്ടുണ്ട്, 'നീലോല്പലമിഴി...' എടുത്ത് തിരിച്ചും മറിച്ചും നോക്കി... കുന്തം!.. എനിക്ക് ചെടിച്ചു, വലിച്ചെറിഞ്ഞ് ലൈറ്റ് ഓഫ് ചെയ്തുറങ്ങി.

മര്‍ച്ചന്റ് നേവിയില്‍നിന്ന് ദീപുമാമന്‍ ആദ്യമായി ലീവിന് വന്നപ്പോള്‍ കൊണ്ടുതന്ന ആ ഇറ്റാലിയന്‍ സ്ഫടികപ്പാവയെ സ്വപ്നം കണ്ടതാണ് തുടക്കം. അതിന്റെ നിശ്ചലമെങ്കിലും ആര്‍ദ്രങ്ങളായ നീലക്കണ്ണുകള്‍, വടിവൊത്ത ഉടല്‍, ഇറുകിയ അരക്കെട്ട്, സ്ഫടിക മേനി എല്ലാം സ്പഷ്ടമാണ്. സ്വപ്നത്തില്‍ തൂവെള്ള കമ്പിളി വിരിച്ച മെത്തമേല്‍ അവളുടെ നെറുകില്‍ ഒരു കാമുകന്‍ ചുംബപിക്കുന്നു, അവന്റേതും നീല കൃഷ്ണമണികളായിരുന്നു. ചുംബനമേറ്റ് ആ സ്ഫടിക സുന്ദരിക്ക് ജീവന്‍ വെയ്ക്കുന്നു, അവന്റെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് വിശാലമായ ഹാളില്‍ അവള്‍ നൃത്തം ചവിട്ടുന്നു. പശ്ചാത്തലത്തില്‍ കേട്ടത് ഫ്‌ലെമംങ്ഗോ ആയിരുന്നോ? ചുവടുകളുടെ ചടുലക്രമത്തില്‍ താളത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്  കേട്ട ആ ഈരടി, അതെന്നെ ചിരിപ്പിച്ചു,             
''നീ... ലോ... ല്പല... മിഴി...
നീലോ... ല്പല... മിഴി...'', (കാലം മുറുകുകയാണ്).

ഇപ്പോള്‍ അര്‍ദ്ധവൃത്താകൃതിയില്‍ ആടി ഉലയുന്ന അവളുടെ സ്ഫടിക ഉടല്‍ ഒരു പെയ്ന്റിംഗ് സ്ട്രോക്ക് പോലെ മാത്രമേ കാണാവു, തെളിഞ്ഞു കാണാവുന്ന അവന്റെ ഉടലാകട്ടെ, ദ്രുതഗതിയില്‍ അനായാസം ചതുരത്തിലാടുന്നുമുണ്ട്, സുതാര്യമായൊരു വെളുത്തപടലം അവനെ വലയം ചെയ്യുന്നു, അത് അവളാണ്. ദ്രുതവേഗ ചലനത്തിനിടയിലും അവന്റെ മുഖത്ത് ശാന്തമായ ചിരി, കണ്ണുകളില്‍ പ്രണയ തിള. ആ നീലക്കണ്ണുകള്‍ എന്നെ വലം വെയ്ക്കുന്നു, ഹോ! തലചുറ്റുന്നു... കാഴ്ച ചുഴിഞ്ഞ്, ചുഴിഞ്ഞ് നിലത്തു വീഴുമെന്ന് തോന്നുന്നു. വലത്തെ നെറ്റിയില്‍ കണ്ണിനു മുകള്‍ ഭാഗം എവിടെയോ ചെന്നലച്ചു, ഞാന്‍ ഞെട്ടിയുണര്‍ന്നു.
പിറ്റേന്ന് തന്നെ ഞാനാ സ്ഫടികപ്പാവ തപ്പിയെടുത്തു, മുറിയിലെ കോണ്‍ക്രീറ്റ് ബെര്‍ത്തില്‍ കെ.ജിയിലോ മറ്റോ ഉപയോഗിച്ചിരുന്ന ഒരു പ്ലാസ്റ്റിക് ബോക്‌സില്‍ മാറാല പിടിച്ച് അത് കിടപ്പുണ്ടായിരുന്നു. അതിന്റെ തലഭാഗം വലത്തെ കണ്ണിനോട് ചേര്‍ന്ന് മുകളിലേക്ക് ചീന്തി പോയിരുന്നു, അതിപ്പോള്‍ ഒരു കത്തിമുനപോലെ കൂര്‍ത്തിരിപ്പുണ്ട്. പക്ഷേ, രണ്ട് കണ്ണുകളും അങ്ങനെത്തന്നെയുണ്ട്. ''പാവം നീലോല്പലമിഴി....സുന്ദരി.'' നനഞ്ഞ ടവ്വല്‍ കൊണ്ട് തുടച്ച് വൃത്തിയാക്കി, അവളെ ഞാനന്ന് മേശപ്പുറത്തെ സ്പീക്കര്‍ ബോക്‌സിനു മുകളിലായി എടുത്ത് വെച്ചു.

ചെറിയൊരു ഇടവേളയ്ക്ക് ശേഷമിപ്പോള്‍ ബസ് സ്റ്റാന്‍ഡിലെ ആ സമരപ്പന്തലില്‍ നിന്നത് ദേ, പിന്നെയും പിറകെ കൂടിയിരിക്കുന്നു. ബസിറങ്ങി വേഗത്തില്‍ വീടെത്തി ഡ്രസ്സ്‌പോലും മാറാതെ ബെഡിലേക്ക് ചാടി കയ്യില്‍ക്കിട്ടിയ സ്റ്റാര്‍ ഡസ്റ്റിന്റെ പുതിയ ലക്കം വെറുതെ മറിക്കുമ്പോള്‍, ആ സിനിമാപ്പാട്ടിന്റെ ഈണത്തില്‍ അതെനിക്ക് തികട്ടിവന്നു, ആ രണ്ടു വരികള്‍ നീലോല്പലമിഴി.... നീലോല്പലമിഴി... നീ മാത്രമെന്തിനുറങ്ങി... ആദ്യം ചിരി വന്നു, പിന്നാലെ ഈര്‍ഷ്യയും. എഴുന്നേറ്റ് മേലുകഴുകുമ്പോള്‍ ആ ശല്യം വീണ്ടും വന്നു, അതൊന്നു വായില്‍ നിന്നൊഴിവാക്കാന്‍ തലവഴി രണ്ട് കപ്പ് വെള്ളം കോരി ഒഴിച്ചു; പിന്നെ ആ നേരം പതിവുള്ളതല്ലാത്ത പല്ലു തേയ്പും നടത്തി, അപ്പോളാണ് എന്ത് ഭ്രാന്താണ് കാണിക്കണതെന്ന ചിന്ത വന്നത്.

പിറ്റേന്നും 'നീലോല്പലമിഴി' എനിക്ക് തികട്ടിക്കൊണ്ടേയിരുന്നു, ഭാഗ്യത്തിന് ആ പഴയ ഈണത്തിലല്ല, സ്വപ്നത്തില്‍ കേട്ട ഫ്‌ലമെംഗോയുടെ ബീറ്റില്‍! വാസ്തവത്തില്‍ ആ അളിഞ്ഞ സിനിമാപ്പാട്ടിന്റെ ഉടുപ്പൂരി കളഞ്ഞപ്പഴേ 'നീലോല്പല മിഴി'യെ എനിക്ക് ദഹിച്ച് തുടങ്ങിയിരുന്നു. താമസിയാതെ പാദങ്ങള്‍ ഞാനറിയാതെ ഫ്‌ലമെംഗോയുടെ കുറിയ ചുവടുകള്‍ ചവിട്ടിത്തുടങ്ങി, ചുണ്ടുകള്‍ ആ ഈരടി ആവര്‍ത്തിച്ചു. ക്ലാസ്സില്ലാത്തതിനാല്‍ ചുമ്മാ വീട്ടിലിരുന്ന് ടി.വി കണ്ടു തീര്‍ത്ത അന്ന് എച്ച്.ബി.ഒയില്‍ ഒരു മൂവി കണ്ടു, 'ദ് ഓള്‍ഡ് സാര്‍ജന്റസ് ലവ്' - എണ്‍പതുകാരനായ ഒരു റിട്ടയേര്‍ഡ് സൈനികനെ പ്രണയിക്കുന്ന പത്തൊമ്പതുകാരിയുടെ കഥ പറയുന്ന പടം. പടത്തിലെ നായിക എന്നെ പെടുത്തിക്കളഞ്ഞു, സുന്ദരി!, അവളെ നോക്കിയിരുന്നു പോയി. അവളുടെ നീലക്കണ്ണുകളെ ചുംബിച്ച ആ കിഴവന്‍ സൈനികന്റെ ചുണ്ടുകളോട് വല്ലാത്ത അസൂയ തോന്നി. ചെറിയ അക്ഷരത്തില്‍ വേഗത്തില്‍ സ്‌ക്രോള്‍ ചെയ്തുപോയ സിനിമയുടെ എന്‍ഡ് ടൈറ്റില്‍ വായിച്ചെടുക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും നടിയുടേയോ സംവിധായകന്റെയോ പേരുകള്‍ കണ്ണില്‍ കിട്ടിയില്ല. നടിയുടെ പേര് പിന്നീട് ഞാന്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്തു, അത്ര പ്രശസ്തയൊന്നുമല്ലെന്നു തോന്നുന്നു, കുറേ നേരം തിരഞ്ഞാണ് കിട്ടിയത് ദ്യേബ്ര ഹസ്‌കിലി. ദ്യേബ്രയെ പരതിപ്പരതി പോകുംനേരം നെറ്റ് നിറയെ നീലക്കണ്ണുള്ള സുന്ദരന്മാരും സുന്ദരികളും! അഞ്ചലീന ജോളി, ഡയാന, ഡി കാപ്രിയോ, മഡോണ, റോബോര്‍ട്ടോ ബാജിയോ, എലിസബത്ത് ടെയ്ലര്‍, ബ്രാഡ് പിറ്റ്, ടോം ക്രുയിസ് പിന്നെ ഐശ്വര്യയും. നീലക്കണ്ണന്മാരും കണ്ണികളും എക്കാലവും എന്റെ ഫേവറേറ്റുകളായിരുന്നല്ലോ എന്നൊരു കൗതുകം പെട്ടെന്ന് തോന്നി. ഈ നേരമൊക്കെയും മനസ്സറിയാതെ നാവിലാ ആ ഫ്‌ലമെംഗോ ഈരടി പുളഞ്ഞു.
നീ... ലോ... ല്പല... മിഴി...
നീലോ... ല്പല... മിഴി...

നീലക്കണ്ണുകളോടുള്ള എന്റെ ഒബ്സഷനെപ്പറ്റിയായി പിന്നീട് ചിന്ത, എവിടുന്നാകും തുടക്കം? എനിക്ക് ഓര്‍ത്തെടുക്കാവുന്ന വിദൂരതയിലുള്ളത്, വലം കാല് പൊക്കി നിലത്തലച്ച്, ചെമ്പന്‍ മുടി വാരി പിന്നില്‍ കെട്ടിയ, നുണക്കുഴി കവിളുള്ള ആ റെസ്സലറുടെ രൂപമാണ് ഷോണ്‍ മൈക്കിള്‍സ് അങ്ങേരുടെ ആഴമുള്ള നീലച്ച കണ്ണും പരന്ന മാറും കടലലപോലെ വരവീണ് കിടപ്പുള്ള വിടര്‍ന്ന നെറ്റിയും എനിക്ക് ഹരമായിരുന്നു. എവിടെയൊക്കെയോ അയാളും അച്ഛനും തമ്മില്‍ വല്ലാത്ത സാമ്യത എനിക്ക് മാത്രം തോന്നിയിരുന്നു (വേറൊരാളും അത് അംഗീകരിച്ചിട്ടില്ല). പക്ഷേ, അച്ഛന് തവിട്ടുനിറമുള്ള കണ്ണുകളായിരുന്നു, നെറ്റിക്കു താഴെ രണ്ട് ഗര്‍ത്തങ്ങളില്‍പ്പെട്ടപോലുള്ള ആ കണ്ണുകളില്‍ എപ്പോഴും ദൈന്യഭാവമായിരുന്നു. ഏത് പ്രതിസന്ധിയിലും തികഞ്ഞ ശാന്തതയായിരിക്കും അച്ഛന്റെ കണ്ണുകള്‍ക്ക്. അമ്മയും അച്ഛനും വഴക്കിടാറുള്ള കാലത്ത് എന്നെങ്കിലും ആ മുഖമൊന്നു കലികൊണ്ട് ചുവന്ന് തുടുത്തെങ്കിലെന്നും സാക്ഷാല്‍ ഷോണ്‍ മൈക്കിള്‍സിനെപ്പോലെ നൃത്തച്ചുവടുകള്‍ വെച്ച് അമ്മയുടെ താട നോക്കി പുറംകാല് കൊണ്ടൊരു കിക്ക് കൊടുത്തെങ്കിലെന്നും ഞാന്‍ സ്വപ്നം കണ്ടിരുന്നു. പക്ഷേ, വികാരപ്പെടുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളിലും ഒന്നുരണ്ട് പെഗ്ഗകത്താക്കി ആകെ തളിര്‍ക്കുന്ന നേരത്തും അച്ഛന്റെ കണ്ണുകളില്‍ നീര് തളംകെട്ടും, ആ നേരം ''ആരെങ്കിലുമൊന്നു കരകേറ്റൂ'' എന്ന് കേഴുന്ന ഭാവമായിരിക്കും നീളത്തില്‍ അങ്ങുമിങ്ങും മിന്തുന്ന ആ തവിട്ടു ഗോട്ടികള്‍ക്ക്.

പക്ഷേ... പക്ഷേ... ഇവരുടേതൊന്നുമല്ല, ദീപുമാമന്റെ ആ സ്ഫടിക പാവയുടേതായിരുന്നു എനിക്ക് ഓര്‍ത്തെടുക്കാവുന്ന ആദ്യത്തെ നീലമിഴികള്‍. ഫോറിന്‍ മണമുള്ള പെട്ടികളും സമ്മാനങ്ങളുമായി ആണ്ടില്‍ രണ്ട് വട്ടം വരാറുള്ള അമ്മയുടെ ഇളയ ആങ്ങള ദീപുമാമന്‍ ആയിരുന്നു ചെറുതിലെ എന്റെ വലിയ പ്രലോഭനം. ദീപുമാമന് മുന്നില്‍ സ്മാര്‍ട്ട് ആകാന്‍ ഞാനും ഏത് ചെറിയ സന്ദര്‍ഭത്തിലും എന്റെ പരിശ്രമങ്ങളെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാന്‍ അങ്ങേരും ഉത്സാഹിച്ചിരുന്നു. പെറ്റിക്കോട്ടിട്ട് ചിലച്ച് നടക്കുമായിരുന്ന എന്നെ കോരിയെടുത്ത് ദീപുമാമന്‍ വായില്‍ ഉമ്മവെയ്ക്കുമായിരുന്നു. മീശ ഉരയുമ്പോള്‍ എനിക്ക് മേല്‍ച്ചുണ്ടിനു മീതെ ഇക്കിളി വരുമായിരുന്നു. ദീപുമാമന്റെ നിശ്വാസത്തിലെ ചൂട് തട്ടുമ്പോള്‍ മേലാകെ തരിക്കും, ഷേവിംഗ് ലോഷന്റേയും ചൂയിംഗ്ഗമ്മിന്റേയും മണം. മറ്റാരും എന്നെ അങ്ങനെ ഉമ്മവെച്ചിട്ടില്ല. ഉച്ചയുറങ്ങാന്‍ കിടക്കുന്ന നേരത്ത് മാമന്‍ എന്നെ തെരുതെരെ ചുംബിക്കുമായിരുന്നു. അപര്‍ണ്ണാന്റി വന്നതില്‍ പിന്നീടാണെന്നു തോന്നുന്നു അത് നിന്നുപോയി. കൊല്ലങ്ങള്‍ കഴിഞ്ഞ് പത്താം ക്ലാസ്സ് വെക്കേഷന് തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ എന്റെ മടിയിലിരുന്ന മാമന്റെ മോന്‍ വിച്ചുവും അപ്പുറമിരുന്ന അപര്‍ണ്ണാന്റിയും അമ്മയും കാണാതെ അങ്ങേരെന്റെ വായില്‍ ഉമ്മവെച്ചു, എനിക്ക് ഓക്കാനം വന്നു. അതില്‍പ്പിന്നെ അയാളുടെ മുഖത്ത് ഞാന്‍ നോക്കീട്ടില്ല. ദീപുമാമന്റേത് നീല കണ്ണുകളായിരുന്നോ?... ഏയ്... അല്ലാ, പക്ഷേ, വിച്ചുവിന്റെ കണ്ണുകള്‍ക്ക് ഒരു ചെമ്പന്‍ ഛായ ഉണ്ടായിരുന്നു, ഇരുട്ടില്‍ അവന്റെ കണ്ണുകളില്‍ റിഫ്‌ലക്ടറുകള്‍ ഘടിപ്പിച്ചിട്ടുള്ളതുപോലെ തോന്നും. അത് അപര്‍ണ്ണാന്റിയുടെ പാരമ്പര്യത്തില്‍നിന്നായിരിക്കും, ചെക്കന്റെ വിയര്‍പ്പിനുമുണ്ട് ഒരു നോര്‍ത്തിന്ത്യന്‍ ചാട്ട് മസാലയുടെ മണം. അത് പറയുമ്പോള്‍ അവന്‍ തിരിച്ച് കൊത്തും ''ചേച്ചീടെ കക്ഷത്തിന് ചക്കപ്പഴത്തിന്റെ മണമാ.''
അടുത്ത ശനിയാഴ്ച രാവിലെ തുടങ്ങി കടുത്ത തലവേദന, വീട്ടില്‍ മമ്മിയുമില്ല, പുറത്തേക്കിറങ്ങാനേ തോന്നിയില്ല, ഒരു ഗുളിക കഴിച്ച് കിടന്നു, ഉറക്കത്തിനിടക്കെപ്പഴോ  vegam nokku ninte kakshiyaa ##** എന്നൊരു മുഖവുരയോടെ ഒരു ലിങ്ക് കൂട്ടുകാരി സുജ വാട്സ്പ്പ് ചെയ്തു തന്നു. മെസ്സേജ് കണ്ടെങ്കിലും എഴുന്നേറ്റ് നോക്കാന്‍ തോന്നിയില്ല. ഒന്നുറങ്ങിയെഴുന്നേറ്റ്, വൈകുന്നേരം ലിങ്ക് തുറന്നു. വാഷിംഗ്ടണ്‍ ഡെവിള്‍ എന്നൊരു ടാബ്ലൊയ്ഡിന്റെ പഴയ ഒരു കട്ടിംഗ് ആരോ ഫേയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തതാണ്. 1986 സെപ്റ്റംബറില്‍ ഹൂസ്റ്റണില്‍ ടി.വി അവതാരകയും സിനിമാനടിയുമായ ദ്യേബ്രാ ഹസ്‌കലിയെ കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത, വാര്‍ത്തയോടൊപ്പം ഫോട്ടോയൊന്നുമില്ല. ('ഓള്‍ഡ് സാര്‍ജന്റസ് ലൗ' എന്ന സിനിമയെപ്പറ്റിയും അതിലെ ദ്യേബ്ര എന്ന സുന്ദരിയെക്കുറിച്ചും അനുവിനോടും സുജയോടും ഞാന്‍ നേരത്തെ പറഞ്ഞിരുന്നു). 'ithu ente dyebra aanennu ninnodaradi mattavale paranjahtu****##'' എന്നൊരു ടെക്സ്റ്റ് തിരിച്ചയയ്ക്കാനാ ആദ്യം തോന്നിയത്, ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനിടെ പക്ഷേ, വേറൊന്ന് തോന്നി.

സിനിമയുടെ റിലീസിംഗ് വര്‍ഷം കണ്ടെത്തിയാല്‍, ഇത് അതേ ദ്യേബ്രയാണോയെന്ന് ഊഹിക്കാനെങ്കിലും കഴിയും. സെര്‍ച്ച് ചെയ്ത് നോക്കി, ഏറെ പണിപ്പെട്ടു, ഒടുക്കം ഹോളിവുഡ് ത്രാഷ് എന്നൊരു സൈറ്റില്‍നിന്നും സംഗതി പൊക്കി. രസകരമായ സൈറ്റ്, ഹോളിവുഡില്‍ പൊളിഞ്ഞതും റിലീസ് നടക്കാത്തതുമായ നൂറുക്കണക്കിന് സിനിമകളുടെ സ്റ്റോറി ലൈനും ക്രൂ ലിസ്റ്റുമെല്ലാം പ്രൊവൈഡ് ചെയ്യുന്ന സൈറ്റ്. 'പൊളിഞ്ഞവ മാത്രം' അത് കലക്കി. വെറുതെ ഒന്നോടിച്ചു നോക്കിയപ്പോള്‍ത്തന്നെ രസകരങ്ങളായ ഒന്ന് രണ്ട് സ്റ്റോറി ലൈനുകള്‍ കണ്ടുകിട്ടി, തന്നെയല്ല സാധാരണ സൈറ്റുകളിലെ കഥാവിവരണങ്ങള്‍ പോലെയല്ല സിനിമാറ്റിക്ക് ആയിട്ടാണ് കഥ നറേറ്റ് ചെയ്തിട്ടുള്ളത്, സംഭവം കൊള്ളാം, ഏതോ വട്ടന്മാരുടെ പണിയാണ്.

ഓള്‍ സാര്‍ജന്റ്സ് ലൗ 1985 റിലീസാണ്, 1 മണിക്കൂര്‍ 35 മിനിറ്റ് ദൈര്‍ഘ്യം, ബ്ലൂ മിറാക്കിള്‍ എന്നാണ് പ്രൊഡക്ഷന്‍സിന്റെ പേര്, കഥയും സംവിധാനവും ക്രിസ് ജോണ്‍സ്, സ്‌ക്രീന്‍ പ്ലേ എലീന ക്രിസ്റ്റോഫ്. ('എലീന ക്രിസ്റ്റോഫ്'- അപ്പോഴും തോന്നിയിരുന്നു സംശയം, ഈ പേര് കേട്ടിട്ടുണ്ട് മുന്‍പ്, പക്ഷേ, ഓര്‍ത്തെടുക്കാനാകുന്നില്ല), പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത് ബാരങ് റൊഡന്‍സ്‌കിയും ദ്യേബ്രാ ഹ്ക്സിലിയും (ശരിയാണ് ആ സാര്‍ജന്റിന് ഒരു കിഴക്കന്‍ യൂറോപ്യന്‍ ലുക്ക് ഉണ്ടായിരുന്നു). സിനിമയെക്കുറിച്ച് അന്ന് പല കോണുകളില്‍നിന്നും നല്ല അഭിപ്രായങ്ങള്‍ വന്നിരുന്നെങ്കിലും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. സെന്റര്‍ കാസ്റ്റുകളുടെ പെര്‍ഫോമിംഗിനെപ്പറ്റി സൈറ്റിലെ റിവ്യൂവില്‍ത്തന്നെ മികച്ചതെന്ന് പറയുന്നുണ്ടെങ്കിലും സിനിമയുടെ സാമ്പത്തിക പരാജയത്തിന്റെ പ്രധാന കാരണം ഇരുവരും സ്റ്റാര്‍ വാല്യു ഇല്ലാത്തവരായതാണെന്നും കാണുന്നു!

വാഷിങ്ടണ്‍ ഡെവിള്‍സില്‍ കാണും പ്രകാരമാണെങ്കില്‍, ആ ദ്യേബ്രയും ഈ ദ്യേബ്രയും ഒന്നു തന്നെയെങ്കില്‍, 1985-ലെ ആ സിനിമയ്ക്കുശേഷം തൊട്ടടുത്ത വര്‍ഷമാണ് നടി അറസ്റ്റിലാകുന്നത്. അമിതവേഗത്തില്‍ വാഹനമോടിച്ചതിന് ദ്യേബ്രയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പരിശോധനയില്‍ ഡ്രഗ് ഉപയോഗിച്ചതായി കണ്ടെത്തുകയുമായിരുന്നു. ദ്യേബ്ര അറസ്റ്റിലായ വിവരം ഒരു പ്രാദേശിക പത്രത്തില്‍ റിപ്പോര്‍ട്ടായി വന്നത് കണ്ടാണ് ഒരു പതിന്നാലുകാരന്റെ രക്ഷിതാക്കള്‍ പൊലീസില്‍ നേരിട്ടെത്തി പരാതിപ്പെട്ടത്. ആദ്യം ചൈള്‍ഡ് സെക്‌സ് അബ്യൂസിനും മാന്‍ മിസ്സിംഗിനും പിന്നീട് മര്‍ഡറിനും രക്ഷിതാക്കളുടെ മൊഴിപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. അത് വസ്തുതയെങ്കില്‍ കേവലം ഒരു കൊല്ലത്തെ ദൈര്‍ഘ്യം മാത്രമുള്ള ദ്യേബ്രയുടെ കരിയര്‍ തന്നെ മിക്കപ്പോഴും അവിടം കൊണ്ട് നിലച്ചിരിക്കാം. അവരെക്കുറിച്ച് കൂടുതലൊന്നും ഇന്റര്‍നെറ്റിനുപോലും പറയാനില്ലാത്തതും അതുകൊണ്ടായിരിക്കാം. എന്നാലും ഇത്രയും പ്രമാദമായ ഒരു ഹോളിവുഡ് ക്രൈമിനെപ്പറ്റി പിന്നീടൊന്നും അറിയാന്‍ കഴിയാത്തത് എന്തുകൊണ്ടാകും? ദ്യേബ്രയുടെമേല്‍ ചുമത്തിയ കുറ്റം പിന്നീട് തെളിയിക്കപ്പെട്ടോ? അവള്‍ ശിക്ഷയനുഭവിച്ചോ? തുടങ്ങിയ ആശങ്കകള്‍ എന്നില്‍ കുമിയാന്‍ തുടങ്ങി.
1986-ല്‍ ഹൂസ്റ്റണില്‍ നടന്ന ഒരു ക്രൈമും അറസ്റ്റും ഞാനും തമ്മിലെന്ത് ബന്ധമുണ്ടാകാനാ? വര്‍ഷങ്ങള്‍ക്കു മുന്‍പ്, എന്റെ ജനനത്തിനും മുന്നേ, സംഭവിച്ച ഒരു ക്രൈം എന്തിനാണ് എന്നെ അസ്വസ്ഥയാക്കുന്നത്? പക്ഷേ, ''എന്തോ തെറ്റ് ചെയ്തു'' എന്ന കുറ്റബോധമാണിപ്പോള്‍ എന്റെ മനസ്സില്‍ നിറയെ. എനിക്ക് എന്തുചെയ്യാമായിരുന്നിട്ടാണ്? ഞാന്‍ വിചാരിച്ചിരുന്നെങ്കില്‍ ദ്യേബ്രയെ ഈ കുരുക്കില്‍നിന്നെല്ലാം ഒഴിവാക്കാമായിരുന്നെന്നോ? അതെങ്ങനെ? 1986-ല്‍ ഞാന്‍ ജനിച്ചിട്ട് പോലുമില്ല! എങ്കിലും അറിയാമായിരുന്ന എന്തോ ഞാന്‍ മറച്ചുവെച്ചു എന്ന തോന്നല്‍... ദ്യേബ്രയുടെ ജീവിതത്തിന്റെ വളരെ ഒന്നും വിദൂരമല്ലാത്ത ഏതോ തിരിവില്‍ ചില ദുരന്തങ്ങള്‍ അവളെ കാത്തിരിപ്പുണ്ടെന്ന് എനിക്ക് നേരത്തെ തോന്നിയിരുന്നോ? ചിലര്‍ അങ്ങനെയാണ് അവരുടെ സാമീപ്യം, എന്തിന് അവരെക്കുറിച്ചുള്ള ചിന്തപോലും ആസന്നമായ ദുരന്തത്തെ മുന്നറിയിച്ചുകൊണ്ടിരിക്കും. ദ്യേബ്രയുടെ കാര്യത്തില്‍ എനിക്ക് പറയാനാകും അവളൂടെ ആ നീല കണ്ണുകളില്‍ വരാന്‍പോകുന്ന പലതും പ്രതിഫലിച്ചിരുന്നു.
ഓള്‍ഡ് സാര്‍ജന്റ്സ് ലൗവിന്റെ തുടക്കത്തിലെ പത്ത് പന്ത്രണ്ട് മിനിറ്റുകള്‍ എനിക്ക് മിസ്സായിരുന്നു, കഥയിലെ സാര്‍ജന്റിന് വിയറ്റ്നാം യുദ്ധവുമായുള്ള കണക്ഷനൊക്കെ പറയുന്ന ഭാഗം ഞാന്‍ കണ്ടിട്ടില്ല. സൈന്യത്തില്‍നിന്നു വിരമിച്ച് വന്ന സാര്‍ജന്റ് ഒരു കൗമാരക്കാരിയെ ദത്തെടുക്കുന്ന മുതല്‍ക്കാണ് ഞാന്‍ കാണുന്നത്. ഒരു തടിച്ച സ്ത്രീയോടൊപ്പം സാര്‍ജന്റിന്റെ വീട്ടിലേക്ക് വന്ന വെളുത്ത് മെലിഞ്ഞ രൂപം ആദ്യ കാഴ്ചയില്‍ എനിക്കിഷ്ടപ്പെട്ടില്ല. ഒരു 'തനി മദാമ്മക്കുഞ്ഞ്' എന്നേ തോന്നിയുള്ളു. എട്ടും പൊട്ടും തിരിയാത്ത പ്രകൃതമാണ് അവളുടേതെന്ന് വരുത്തിത്തീര്‍ക്കാനെന്നപോലെ ആദ്യരംഗങ്ങളില്‍ കാട്ടിക്കൂട്ടുന്നതിനൊക്കെ ഒരു തനി കൊമേഴ്സിയല്‍ ചുവയും ചാനല് മാറ്റാന്‍ തോന്നി. പക്ഷേ, ഒറ്റപ്പെട്ട ഒരു ബംഗ്ലാവും ആ വൃദ്ധനും അവളും ഏതു വിധത്തിലും വികസിക്കാവുന്ന സിനിമയുടെ കഥാപരമായ സാധ്യതയാകാം എന്നെ പിടിച്ചിരുത്തിയത്.

പിന്നീടാണ് ആ മാജിക്ക് സംഭവിക്കുന്നത്, നേരത്തെ കണ്ട ആ വെളുത്ത് കൊലുന്നനെയുള്ള പെണ്‍കുഞ്ഞില്‍നിന്നും സുന്ദരി ദ്യേബ്ര രൂപപ്പെടുന്നു! അത് തകര്‍ത്തു, അതേ നടി, അവള്‍ പക്ഷേ, പുതുമഴയത്തെ മരത്തഴപ്പ്‌പോലെ, അവളില്‍നിന്നുതന്നെ വേറൊരു സുന്ദരീരൂപത്തെ പുറത്തെടുക്കുന്നു. (ആദ്യം ദ്യേബ്ര അവളായിത്തന്നെ അഭിനയിച്ച ശേഷം ഈ കുമാരിയാകാന്‍ വേണ്ടി രണ്ട് മാസം പട്ടിണി കിടന്നുവെന്ന്, ഹോളീവുഡ് ത്രാഷിലെ റിവ്യൂ പറയുന്നു), ഏതുതന്നെ ആയാലും ആ മേയ്ക്ക് ഓവര്‍ എനിക്കിഷ്ടപ്പെട്ടു.
പിന്നീട് പൊട്ടന്‍കളിയൊക്കെ വിട്ട്, ദ്യേബ്ര അവളിലെ കൂര്‍മ്മബുദ്ധി പുറത്തെടുത്ത ആദ്യ സന്ദര്‍ഭത്തില്‍ത്തന്നെ ഞാന്‍ ആ കഥാപാത്രവുമായി താദാത്മ്യപ്പെട്ടു. വൃദ്ധന്‍ സാര്‍ജന്റിനെ അവള്‍ പ്രണയത്തില്‍പ്പെടുത്തി, അനുരാഗത്തിനടിപ്പെട്ട കിഴവനാകട്ടെ, ശൗര്യവും കാര്‍ക്കശ്യവുമൊക്കെ നഷ്ടപ്പെട്ട തനി കാമുകനായി. അയാളുമായി രതിയിലേര്‍പ്പെടുന്നതിന് ദ്യേബ്ര കണ്ടെത്തിയ ഉപായം, കിഴവന്റെ സ്വര്‍ണ്ണനിറത്തിലുള്ള മൂക്കുപൊടി ഡബ്ബയില്‍നിന്നും ഒരു നുള്ളെടുത്ത് (ഇറക്കുമതി ചെയ്യുന്ന മുന്തിയ തരം കൊളംബിയന്‍ പുകയിലപ്പൊടിയാണത്) ആഞ്ഞുവലിക്കുകയായിരുന്നു; ലഹരിയില്‍, പാതി ബോധത്തില്‍ അവള്‍ ആസ്വദിച്ച് സെക്‌സ് ചെയ്യും. പുകയിലയുടെ ലഹരിയില്‍ അവളില്‍ മായക്കാഴ്ചകള്‍ ഉണരും (സംവിധായകന്‍ ആ വിഷ്വലുകള്‍ക്ക് സ്വര്‍ണ്ണത്തരിയുടെ ടെക്‌സ്ച്ചറാണ് കൊടുത്തത്). കിഴവനുമായി സെക്‌സ് ചെയ്യുന്ന നേരം തന്റെ കൗമാര രതിവേഴ്ചകളുടെ സ്മരണകളിലൊന്നില്‍ അവള്‍ മുഴുകും. സാര്‍ജന്റിനാകട്ടെ. വേഴ്ചകളോരോന്നും തന്റെ പ്രായത്തോടും ആരോഗ്യത്തോടുമുള്ള പടവെട്ടലായി. സാമാന്യം ദീര്‍ഘിച്ച ഒരു വേഴ്ചയ്ക്കൊടുവില്‍ എന്താണ് നീ എന്നില്‍ ഏറ്റവും ആസ്വദിക്കുന്നതെന്ന സാര്‍ജന്റിന്റെ ചോദ്യത്തോട് നീളത്തില്‍ പൊട്ടിച്ചിരിച്ച് ദ്യേബ്ര നല്‍കുന്ന മറുപടി ''ഗര്‍ഭിണിയാകുമോ എന്ന നേരിയ ഭയം പോലും വേണ്ടാതെ ചെയ്യാല്ലോ!'' എന്നാണ്.

തെക്കെ അമേരിക്കയില്‍ ആഭ്യന്തര കലാപം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആ വിശേഷപ്പെട്ട പുകയിലപ്പൊടിയുടെ സപ്ലൈ നിലയ്ക്കുന്നതോടെ ദ്യേബ്രയും സാര്‍ജന്റുമായുള്ള സെക്‌സ് റിലേഷന് വിഘാതം സംഭവിക്കുന്നുണ്ട്. സവിശേഷപ്പെട്ട ആ കൊളംബിയന്‍ സ്‌നഫിനു പകരം പലതും ദ്യേബ്ര പരീക്ഷിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നു. ലഹരിയുടെ സഹായമില്ലാതെ തണുത്തുറഞ്ഞ ആ വൃദ്ധദേഹത്തോട് ഇണചേരാന്‍ അവള്‍ക്ക് പറ്റുമായിരുന്നുമില്ല. ദ്യേബ്രയില്‍ സംശയം തോന്നി തുടങ്ങിയ സാര്‍ജന്റ് കൂടുതല്‍ കൂടുതല്‍ ദുര്‍ബ്ബലനാകുന്നു. ശരീരവും സമ്പത്തുമൊക്കെ ദ്യേബ്രയ്ക്ക് നല്‍കിക്കഴിഞ്ഞൊരിക്കല്‍, ''എന്റെ കാലം കഴിഞ്ഞ് നീ ഈ ബംഗ്ലാവ് എന്തുചെയ്യും?'' എന്ന അയാളുടെ ചോദ്യത്തിന്, ലാഘവപൂര്‍വ്വം ''ഇതൊരു സവിശേഷതകളുള്ള ബ്രോത്തല്‍ ആക്കി മാറ്റും, ശരീരം മാത്രമല്ല, പണത്തിനു പ്രണയവും വില്പനയ്ക്കുള്ള വീട്, അതിസമ്പന്നര്‍ പ്രവേശനത്തിനായി ക്യൂ നില്‍ക്കുന്ന ഒന്ന്'' എന്ന് അവള്‍ മറുപടി പറയുന്നു. അത് കേട്ട് അമ്പരന്ന വൃദ്ധനെ നെറുകയില്‍ ചുംബിച്ച്, ''ഭയപ്പെടേണ്ട നിങ്ങളുടെ കാലം കഴിഞ്ഞ് മാത്രം'' എന്ന് അവള്‍ സാന്ത്വനിപ്പിക്കുന്നുമുണ്ട്.

വൃദ്ധനോടുള്ള അനുതാപവും നന്ദിയും കൊണ്ട് അങ്ങനെ പറഞ്ഞെങ്കിലും ശയ്യാവലംബിയായി തീര്‍ന്ന അയാള്‍ ജീവിച്ചിരിക്കെ തന്നെ ദ്യേബ്ര തന്റെ പുതിയ കാമുകനുമായി, പള്ളിവികാരിയുടെ പതിന്നാലുകാരന്‍ മകന്‍ ആ ബംഗ്ലാവില്‍ രമിക്കുന്നുണ്ട്. വൃദ്ധന്‍ സാര്‍ജന്റ് ഇതേക്കുറിച്ച് മനസ്സിലാക്കി എന്ന് അറിയുന്ന രാത്രിയില്‍ അയാള്‍ക്കെടുത്ത് വിഴുങ്ങാന്‍ പാകത്തിന് ഉറക്ക ഗുളികയുടെ ടിന്‍ കിടക്കയ്ക്കരികില്‍ ഒരുക്കിവെച്ച് ദ്യേബ്ര അവളുടെ കിടപ്പറയിലേക്ക് നീങ്ങുന്നു. ആ രാത്രിയിലെ വേഴ്ചയില്‍ തന്റെ ഉടലിനു മീതെ പതിന്നാലിന്റെ വീര്യവുമായി കാമുകന്റെ പൊള്ളുന്ന ഉടലിഴയുമ്പോഴും അവളുടെ മനസ്സ് സാര്‍ജന്റിന്റെ തണുത്തുറഞ്ഞ വൃദ്ധശരീരവുമൊത്തുള്ള രതിക്രീഢകളെ സ്വര്‍ണ്ണത്തരികളൂടെ ടെക്‌സച്ചറില്‍ ഭാവന ചെയ്തു. പിറ്റേന്ന് രാവിലെ വൃദ്ധന്‍ സാര്‍ജന്റ് മരിച്ചുകിടന്നിരുന്നു. ദ്യേബ്ര എന്ന കാമുകിയെപ്പറ്റി, ദ്യേബ്രയെന്ന വിലപിടിപ്പുള്ള പ്രണയിനിയെപ്പറ്റി കൂടുതലൊന്നും പറയാതെ വളരെ അബ്രപ്റ്റായാണ് സാര്‍ജന്റസ് ലൗ അവസാനിക്കുന്നത്.

പെട്ടെന്നാണ് ഞാനതോര്‍ത്തത്, ദ്യേബ്രയുടെ കാമുകനും ഒരു പതിന്നാലുകാരനായിരുന്നില്ലേ? ഇനി അവന്റെ പിതാവ്, ആ പള്ളിവികാരി ആകുമോ ദ്യേബ്രയ്ക്കെതിരെ പരാതിപ്പെട്ടത്? അതെ, അങ്ങനെ ഒരു രംഗം മുന്നേ കണ്ടപോലെ പെട്ടെന്നെനിക്ക് മനസ്സില്‍ തോന്നി, ഹോളി വുഡ് ത്രാഷ് ലോഗ് ഓണ്‍ ചെയ്ത് ഓള്‍ഡ് സാര്‍ജന്റസ് ലൗവിന്റെ സ്റ്റോറി ലൈന്‍ വീണ്ടും വായിച്ചു. ഇല്ല, അതവസാനിക്കുന്നത് സാര്‍ജന്റിന്റെ മരണത്തിലാണ്, കൂടുതലൊന്നും പറയുന്നില്ല. പക്ഷേ, ആ തോന്നലൊഴിയുന്നുമില്ല, എന്റെ തോന്നല്‍പോലെ പരാതിക്കാരന്‍ ആ വികാരി തന്നെ ആയിരുന്നു എന്നു വരികില്‍ ചുരുങ്ങിയപക്ഷം പത്തിലധികം വര്‍ഷത്തെ തടവും ഭീമമായ പിഴയും ആയിരുന്നിരിക്കാം ദ്യേബ്രയെ കാത്തിരുന്നത്. അങ്ങനെയെങ്കില്‍ മോഹഭംഗത്തില്‍നിന്നും ഉടലെടുക്കുന്ന ഒരുതരം നശിച്ച കുറ്റബോധം മൂലം, ആ സാര്‍ജന്റിനെപ്പോലെ ഒടുക്കം അവളും സ്ലീപിംഗ് പില്ലുകള്‍ തിന്ന് ആത്മഹത്യ ചെയ്തിട്ടുണ്ടാകാം. ദ്യേബ്രയെക്കുറിച്ചുള്ള വേവലാതികള്‍ അങ്ങനെയൊരു അര്‍ദ്ധോക്തിയില്‍ തൃപ്തിയടഞ്ഞില്ല, കൂടുതലെന്തെങ്കിലും അറിയാനായി ഞാന്‍ വീണ്ടും തെരഞ്ഞുകൊണ്ടേയിരുന്നു.

ഒടുവില്‍ 1980 അവസാനം 1090-കളുടെ ആദ്യം റെക്കോര്‍ഡ് ചെയ്യപ്പെട്ട ഹോളിവുഡ് ക്രൈമുകളെപ്പറ്റി ഹോളിവുഡ് പൊലീസ് റെക്കോര്‍ഡ്സ് യൂണിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ലൈംഗിക കുറ്റകൃത്യങ്ങളുടെ ഡാറ്റാബേസ് റെക്കോര്‍ഡില്‍ ഞാനത് കണ്ടെത്തി. അവിടുന്ന് കിട്ടിയ ഒരു ലീഡില്‍നിന്നും 1992-ല്‍ ട്രയല്‍ പൂര്‍ത്തിയായ ആ കൊലക്കേസ് വിധിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. അതിന്‍പ്രകാരം ആ പതിന്നാലുകാരന്റെ മരണകാരണം ഇടത്തെ കഴുത്തിലെ മൂന്നര ഇഞ്ച് ആഴത്തിലുള്ള ഒരു മുറിപ്പാടാണ്. മറ്റ് യാതൊരുവിധ ക്ഷതമോ മുറിവോ ശരീരത്തിലേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ദ്യേബ്രയ്ക്ക് എതിരായിരുന്നെങ്കിലും കൃത്യനിര്‍വ്വഹണത്തിന് പ്രതി ഉപയോഗിച്ച ആയുധമേതെന്ന് തിരിച്ചറിയുന്നതിലും കണ്ടെത്തുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യം അവള്‍ക്ക് ലഭിക്കുകയായിരുന്നുവത്രേ. മരണകാരണം കഴുത്തിലെ മൂന്നരയിഞ്ച് മുറിപ്പാടാണെങ്കില്‍ അത് കത്തിപോലുള്ള ഏതെങ്കിലും ആയുധം മൂലമാകണമെന്ന് നിര്‍ബ്ബന്ധമില്ലെന്നും മറ്റെങ്ങനെയോ സംഭവിച്ച മുറിവില്‍നിന്നും ദീര്‍ഘനേരത്തെ രക്തസ്രാവമാകാം കാരണമെന്നും പ്രതിഭാഗത്തിന് ഭംഗിയായി സമര്‍ത്ഥിക്കാന്‍ സാധിച്ചു, അത് ആസൂത്രിത കൊല എന്ന സാധ്യതയെത്തന്നെ ദുര്‍ബ്ബലമാക്കുകയും ചെയ്തു. എന്നാല്‍, പ്രതിയുടെ കുറ്റസമ്മതമൊഴിയുള്ളതിനാല്‍ ചൈല്‍ഡ് സെക്‌സ് ഒഫന്‍സ് നിലനില്‍ക്കുകയും ആയതിന് കോടതി ഏഴ് വര്‍ഷം തടവും വിധിക്കുകയായിരുന്നു, വിചാരണ കാലയളവ് തടവായി കണക്കിലെടുക്കുമ്പോള്‍ ഒരു വര്‍ഷം കൂടി മാത്രമേ ദ്യേബ്രക്ക് ശിക്ഷ അനുഭവിക്കേണ്ടതായി വരുമായിരുന്നുള്ളു.
പിന്നീട് എന്ത്? എന്ന ചോദ്യം തന്നെ അപ്രസക്തമാകും വിധം ദ്യേബ്രയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് അതോടെ അറുതിയാകാമായിരുന്നെങ്കിലും പിന്നെയും ചോദ്യങ്ങള്‍ അവശേഷിച്ചു; മറ്റെല്ലാ തെളിവുകളും എതിരായിരുന്നിട്ടും ദ്യേബ്രയെ സംരക്ഷിച്ച ആ രഹസ്യായുധം ഏതാണ്?, അത് എന്തായിരുന്നിരിക്കാം? ഒരിക്കലും വീണ്ടെടുക്കാന്‍ പറ്റാത്തവിധം എവിടെയാകും അതവള്‍ ഒളിപ്പിച്ചത്, അല്ലെങ്കില്‍ നശിപ്പിച്ചത്? എന്റെ രാത്രി ഗവേഷണങ്ങള്‍ ദ്യേബ്രയേയും ഹോളിവുഡിനേയും കടന്ന് അനേകം സെലിബ്രിറ്റി മര്‍ഡറുകളിലേക്കും കൊലകളുടെ പാറ്റേണുകളിലേക്കും ചരിത്രങ്ങളിലേക്കും നിഗൂഢങ്ങളായ മര്‍ഡര്‍ വെപ്പണുകളിലേക്കും ആണ്ടു. അമ്മാതിരി രാത്രിയിലൊന്നില്‍ തുറന്നവെച്ച ലാപ് ടോപ്പ് സ്‌ക്രീനിന്റെ വെളിച്ചത്തില്‍ സൗണ്ട് സ്പീക്കറിനു മുകളില്‍നിന്ന് ആ സ്ഫടികപ്പാവയുടെ നീലിച്ച കണ്ണുകള്‍ എന്നെത്തന്നെ നോക്കുന്നത് ഞാന്‍ കണ്ടു. അവളുടെ കണ്ണുകളിലേക്ക് വെറുതെ നോക്കിയിരിക്കെ പെട്ടെന്നെന്റെ മനസ്സില്‍ ജിജ്ഞാസ വളര്‍ന്നു. ''വലത്തേ കണ്ണിനു മുകളിലേക്കുള്ള ആ ചീന്തലിന്... അതിന്... എത്ര നീളം കാണും? മൂന്ന്?... മൂന്നര?...'' നേര്‍ത്ത ശബ്ദത്തില്‍ വിദൂരത്ത് നിന്നെന്നപോലെ ആ ഫ്‌ലമെംഗോ ഈരടികള്‍ ഞാന്‍ കേട്ട് തുടങ്ങി.
നീ... ലോ... ല്പല... മിഴി...
നീലോ... ല്പല... മിഴി...

അതേ ഗതിയില്‍ എനിക്ക് ഹൃദയമിടിക്കുന്നുണ്ട്. ഞാന്‍ ചുഴിഞ്ഞു നോക്കി, താളം ആ സ്ഫടികപ്പാവയുടെ പാദങ്ങളിലേക്ക് പടരുന്നത് കാണാം.
വേഗത്തിലെഴുന്നേറ്റ് കാലില്‍ തൂക്കിയെടുത്ത് 'നീലോല്പലമിഴി'യെ ആ പഴയ പ്ലാസ്റ്റിക്ക് പെട്ടിക്കുള്ളിലാക്കി തിരികെ ബര്‍ത്തിലേക്ക് തന്നെ കയറ്റിവെച്ചു. വാതില്‍ തുറന്ന്, ഹാളിന് കുറുകെ നീങ്ങി വിച്ചുക്കുട്ടന്റെ മുറിയിലേക്ക് ചെന്നു. വിച്ചു പത്തിലെ സ്റ്റഡി ലീവിന് വന്നതാണ്, വെളുപ്പിനെ എഴുന്നേല്‍ക്കാന്‍ വേണ്ടിയാകാം അവന്‍ നേരത്തെ കിടന്നിട്ടുണ്ട്, എങ്കിലും വാതില്‍ക്കല്‍ എന്റെ അനക്കം കേട്ടപാടെ അവന്‍ ചാടിയെണിറ്റു, ഇരുളില്‍ രണ്ട് റിഫ്‌ലക്ടര്‍ കണ്ണുകള്‍ എനിക്ക് നേരെ കുതിച്ചടുത്തു. ആര്‍ത്തിയോടെ എന്നെ ഇറുക്കി പുണര്‍ന്നുനിന്ന അവന്റെ പിന്‍കഴുത്തിലേക്ക് വീണ് കിടന്ന മുടി, വിരല്‍കൊണ്ട് മാടിയൊതുക്കി പൊള്ളുന്ന പുറം കഴുത്തില്‍ നീണ്ട തള്ളവിരല്‍ നഖം കൊണ്ട് ഞാന്‍ മൂന്നരയിഞ്ച് നീളത്തില്‍ ഒരു പോറല്‍ വീഴ്ത്തി, നീറ്റലില്‍ അവനൊന്നു ഞരങ്ങി...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com