കോടമ്പാക്കം എഴുതിയ ആത്മകഥ: വി ദിലീപ് എഴുതിയ കഥ 

എന്നെങ്കിലും ആത്മകഥയെഴുതേണ്ട സാഹചര്യമുണ്ടായാല്‍ വന്നെത്താവുന്ന സങ്കല്പങ്ങള്‍.
ചിത്രീകരണം- സുരേഷ് കുമാര്‍ കുഴിമറ്റം
ചിത്രീകരണം- സുരേഷ് കുമാര്‍ കുഴിമറ്റം


ന്നും ഒരു മഹാന്റെ ആത്മകഥ വായിച്ചു. പിടയ്ക്കുന്ന ഒരു പുസ്തകം. കോടമ്പാക്കത്ത് ഏറെക്കാലം പൈപ്പുവെള്ളം കുടിച്ചു നരകിച്ചു ജീവിച്ചതിന്റെ ഫലമായി അയാള്‍ക്ക് സിനിമയില്‍ ഒരു മികച്ച ജീവിതം കിട്ടി! 
എനിക്കും ഭ്രാന്താണ് സിനിമ.
കോടമ്പാക്കം അതേ നൈരന്തര്യത്തില്‍ ഇന്നുണ്ടെങ്കില്‍ ഉറപ്പായും ഞാന്‍ കള്ളവണ്ടി കയറും. എന്നിട്ട് ഏതെങ്കിലും വിലകുറഞ്ഞ ലോഡ്ജില്‍ പാര്‍പ്പതുടങ്ങും. വലിയ സിനിമാസ്റ്റുഡിയോകള്‍ക്കു മുന്നില്‍ ദിനവും ഭിക്ഷാംദേഹിയായി ചെന്നുനില്‍ക്കും. വാച്ച് മാന്‍ കൂറ്റന്‍ ഗെയിറ്റ് വലിച്ചടയ്ക്കുന്ന ആദ്യനിമിഷം തന്നെ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചേക്കാം; പക്ഷേ, ഒരിക്കലുമതു ചെയ്യില്ല.
സിനിമാത്തെരുവിന് ഓരം ചേര്‍ന്നു നടന്ന് നേരെ മുറിയിലെത്തും. ജനാല തുറന്ന് വിദൂരതയിലേക്ക് കണ്ണെറിയും. 
ആ രാത്രി ഉറങ്ങില്ല. 
ചില സങ്കല്പങ്ങളിലേര്‍പ്പെടും. എന്നെങ്കിലും ആത്മകഥയെഴുതേണ്ട സാഹചര്യമുണ്ടായാല്‍ വന്നെത്താവുന്ന സങ്കല്പങ്ങള്‍.
തൊട്ടടുത്ത മുറികളില്‍ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. കാലം മുന്നിലേക്കും പിന്നിലേക്കും അതിന്റെ ഫ്രെയിമുകള്‍ മാറ്റിയൊട്ടിക്കുന്നുണ്ട്. സമയസ്ഥലികളെ പരസ്പരബന്ധത്തോടെ സംവിധാനിക്കാന്‍ നിയുക്തനായ ഏതോയൊരുവന്‍ അല്പം മറഞ്ഞുനിന്ന് മന്ത്രംപോലെ ആക്ഷന്‍കട്ട് ചൊല്ലുന്നുണ്ട്. 
അതെ... ഏതൊക്കെയോ മുറികളില്‍ എന്നെപ്പോലെ സിനിമാപ്രേമികളായ മനുഷ്യപ്രാണികള്‍ ഈസ്റ്റ്മാന്‍ കളറില്‍ വരികയും ഇറങ്ങിപ്പോകുകയും ചെയ്യുന്നത് ഇപ്പോള്‍ ഏറെ വ്യക്തമാണ്. 
എല്ലാവരും മുടി നീട്ടിവളര്‍ത്തിയവര്‍. പോഷകാംശക്കുറവുള്ള ശരീരമുള്ളവര്‍. അവരുടെ വിരലുകളില്‍ അതേ ചാര്‍മിനാര്‍ എരിയുന്നു. ഹേയ്, എവിടെനിന്നോ സത്യന്‍ അന്തിക്കാടും മോമിയും സിനിമയും കുടുംബകാര്യങ്ങളും സംസാരിക്കുന്നു... ശ്രീനിവാസന്റെ ഏതോ തമാശകേട്ട് രജനീകാന്ത് ഹാഹഹഹായെന്ന് ചിരിക്കുന്നു. സിഗരറ്റ് മുകളിലേക്കെറിഞ്ഞ് ചുണ്ടില്‍ക്കൊരുക്കുന്നു... 
ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ സിനിമയേയും കെട്ടിപ്പിടിച്ച്, സഖി നിന്‍ വാര്‍മുടിതന്‍ കാന്തിയേന്തി നീലമേഘങ്ങള്‍... എന്ന പാട്ടോര്‍മ്മിച്ച്, രാത്രിയെ ശ്വസിച്ച് ഞാനും അങ്ങനെ കിടക്കും. സിനിമയിലെ പിടി അയയുമെന്നതിനാല്‍ കൊതുകിനെ കൊല്ലാന്‍ പോലും കയ്യെടുക്കില്ല. 
ഇതൊക്കെ ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
കോടമ്പാക്കത്തുനിന്നു സിനിമയുടെ വേരുകള്‍ എന്നോ പറിഞ്ഞു. കൊച്ചിയില്‍ അതിന്റെ മണ്ണു കണ്ടെത്തി. അതാണ് ഞാനുള്‍പ്പെടുന്ന ഈ കാലഘട്ടത്തിലെ യുവാക്കളെ ശാപമായി ബാധിച്ചത്.
ഒരു കലാകാരനായി അറിയപ്പെടുകയെന്നത് എന്റെ ആഗ്രഹമാണ്. കലാകാരന്മാര്‍ക്കു ലഭിക്കുന്ന വലിയ പ്രശസ്തിയും പരിഗണനയുമൊക്കെ എന്നെ വല്ലാതെ മോഹിപ്പിക്കുന്നു.
എനിക്കിപ്പോഴുള്ളത് 'ചെറിയ' പ്രശസ്തിയാണ്.
സോഷ്യല്‍മീഡിയയില്‍ ഞങ്ങള്‍ ആനക്കുഴി ദേശത്തെ സിനിമാപ്രേമികളുടെ കൂട്ടായ്മയില്‍ തുടങ്ങിയ ബ്ലോക്ക് ടിക്കറ്റ് പേജിന്റെ അഡ്മിന്‍ ഞാനാണ്. ഓരോ ആഴ്ചയും ഇറങ്ങുന്ന സിനിമകളെ കൊന്നുകൊലവിളിക്കുക, സിനിമാക്കാര്‍ക്കിടയിലെ ഗോസിപ്പുകള്‍ക്ക് നിറം പിടിപ്പിച്ച് പുതിയ കഥകള്‍ സൃഷ്ടിക്കുക... ഇത്തരം കൊച്ചുകൊച്ചു നേരമ്പോക്കുകള്‍ക്കു വേണ്ടിത്തുടങ്ങിയതാണ്.
സിനിമാപ്രേമികള്‍ മാത്രമല്ല... ആനക്കുഴിയിലെ പരാജയപ്പെട്ട സാഹിത്യകാരന്മാരും അകാലത്തില്‍ ജീവിതനൈരാശ്യം ബാധിച്ചവരുമെല്ലാം ഇടപെട്ട് അവരുടേതായ സംഭാവനകള്‍ നല്‍കിയതോടെ ആ പേജങ്ങ് വളര്‍ന്നു. 
സിനിമാക്കാര്‍ക്കിടയില്‍ വരെ ബ്ലാക്ക് ടിക്കറ്റ് ചര്‍ച്ചയായി. 
ഒരു രഹസ്യം പറയട്ടെ: ശത്രുപക്ഷത്തുള്ളവരുടെ സിനിമകളെക്കുറിച്ച് മോശമായി എഴുതാന്‍ ചിലര്‍ ഞങ്ങള്‍ക്ക് കാശ് തന്നിട്ടുണ്ട്.
ഞാന്‍ പക്ഷേ, ഇതിനെയത്ര ഗൗരവമായി എടുക്കുന്നില്ല. പറഞ്ഞല്ലോ... എങ്ങനെയും സിനിമയില്‍ ഒരു സ്ഥാനം നേടുകയെന്നതു മാത്രമാണ് എന്റെ ലക്ഷ്യം.


നാട്ടില്‍ ഷിജു ആനക്കുഴി എന്ന പേരില്‍ ഒരു കലാകാരനുണ്ട്. മിമിക്രിക്കാരനാണ്. ചില സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. 
ഞാന്‍ ഷിജുവിന് ഒരു കുപ്പി മദ്യം നല്‍കി ശിഷ്യപ്പെട്ടു. അഭിനയത്തിന്റെ ചില ബാലപാഠങ്ങളും അത്യാവശ്യം മിമിക്രിയും ഷിജുവെനിക്ക് പഠിപ്പിച്ചുതന്നു.
''സിനിമയില്‍ മിമിക്രി എന്തിന്?'' 
ഞാന്‍ ചോദിച്ചു. 
''എല്ലാ കാലത്തും അതിന് കലയില്‍ മാര്‍ക്കറ്റണ്ട്. സ്വന്തമായി ഒന്നും ചെയ്യാനില്ലാതാകുമ്പോ പിടിച്ചുനില്‍ക്കണമെങ്കില്‍ മറ്റുള്ളവരു ചെയ്തതിനെ അനുകരിച്ചല്ലേ പറ്റു... അതിന് ഇതു നല്ലതാണ്.''
''പിടിക്കപ്പെട്ടാല്‍?'' 
''ആരുപിടിക്കാന്‍? ഒരു നിലയിലെത്തിക്കഴിഞ്ഞ് ആരാധകരെ സമ്പാദിച്ചുകഴിഞ്ഞാല്‍ പിന്നെ കലാകാരന് എന്തുമാകാം. അതാ നമ്മുടെ നാട്ടുനടപ്പ്. ഒരു സമ്പൂര്‍ണ ജന്മം മുഴുവന്‍ കലാരംഗത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുമായി ആരാലും തിരിച്ചറിയപ്പെടാതെ കഴിച്ചുകൂട്ടിയ നൂറുപേരെ എനിക്കറിയാം. ഇവരെയൊക്കെ എതിര്‍ക്കുന്നവന്റെ അധോഗതി. അവന്‍ വിവരദോഷിയും കലാബോധമില്ലാത്തവനുമായി ചരിത്രത്തില്‍ ഇടംതേടും...പിന്നേയ്...ഞാനീ പറഞ്ഞത് നല്ല കലാകാരന്മാര്‍ക്ക് ബാധകമല്ല കേട്ടോ....അങ്ങനെയുള്ളവര്‍ കലാരംഗത്തെത്താന്‍ പിന്‍വാതിലുകള്‍ നോക്കി നടക്കേം ഇല്ല....'' 
ഷിജു ആനക്കുഴി കണ്ണിറുക്കിയിട്ട് വല്ലാത്തൊരു ചിരി ചിരിച്ചു. 
''ഇനിയെല്ലാം നിന്റെ ശ്രമം പോലെയിരിക്കും. നന്നായി വരട്ടെ.'' 
ഷിജു എന്നെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. 
അവിടം മുതല്‍ എന്റേതായ സിനിമാപരിശ്രമങ്ങള്‍ കഠിനമായി ആരംഭിച്ചു. 
എത്രയോ സിനിമാക്കാരുടെ മുന്നില്‍ അവസരങ്ങള്‍ തേടിച്ചെന്നു. അവരെ വാനോളം പുകഴ്ത്തി. മനുഷ്യന്‍ എന്ന ആത്മബോധം പൂര്‍ണ്ണമായും മറന്ന് ഊച്ചാളിയെപ്പോലെ കുമ്പിട്ടു നിന്നു. ഇഷ്ടക്കാരനായി മാറിയെന്ന് ഒരുവിധം ബോധ്യപ്പെട്ടാലുടനെ തന്ത്രത്തില്‍ എന്റെ ആഗ്രഹം പുറത്തെടുക്കുകയെന്ന അടവുപയറ്റി. ഒരു പിടിമുറുക്കാനുള്ള ആദ്യ ശ്രമത്തില്‍ത്തന്നെ എന്നേക്കാള്‍ തന്ത്രികളായ അവരൊക്കെയും വാളമീന്‍ വഴുതും പോലെ വഴുതിമാറി...
സത്യം പറയാം; ഏകാന്ത നിമിഷങ്ങളില്‍ സ്വന്തം പരിമിതികള്‍ എനിക്ക് സ്വയം ബോധ്യപ്പെട്ടിട്ടുണ്ട്. 

എങ്കിലും സിനിമയുടെ നെടുങ്കന്‍കോട്ടയില്‍ കടക്കാനുള്ള പതിനെട്ടടവും പമ്പരം തിരിച്ചിലും വരെ പയറ്റിത്തോറ്റിട്ടും എന്തുകൊണ്ടാ ഞാന്‍ പിന്‍വാങ്ങിയില്ല.
അതിനിടയിലാണ് ജീവിതത്തില്‍ ഭയങ്കരമായ വഴിത്തിരിവുണ്ടായത്. ഈ കോടമ്പാക്കം ചിന്തകളും അതില്‍നിന്നുണ്ടായതാണ്.
ആ സംഭവം പറയാം: 
പാലക്കാട് പ്രശസ്ത സംവിധായകന്‍ മദനമോഹനന്റെ ഷൂട്ടിങ് ലൊക്കേഷന്‍. അടുത്തകാലത്ത് സൂപ്പര്‍നടന്റെ നിരയിലേക്കുയര്‍ന്ന ഗോപക് രാജ് ആണ് ഹീറോ.
ആ പരിസരങ്ങളില്‍ ചുറ്റിപ്പറ്റിനിന്ന് ഒരവസരം കിട്ടിയപ്പോള്‍ മദനമോഹനന്റെ ശബ്ദം അനുകരിച്ചു ശ്രദ്ധയാകര്‍ഷിച്ചു. ഒഴിഞ്ഞ ഒരിടത്തിരുന്ന് ആള്‍ എന്തോ എഴുതിക്കൊണ്ടിരുന്നപ്പോള്‍ പുറകിലൂടെ ചെന്ന് ചുമലില്‍ തട്ടിവിളിച്ചിട്ട് അഭിനയിക്കാന്‍ ഒരവസരം ചോദിച്ചു. മദനമോഹനന്‍ തലയുയര്‍ത്തി അല്പം നീരസത്തില്‍ എന്നെ നോക്കി. ഞാന്‍ മറ്റെന്തോ ചോദിക്കാനൊരുങ്ങും മുമ്പ് എഴുന്നേറ്റ് പോയി. 
വലിയ നിരാശ തോന്നിയില്ല. 
തുടക്കകാലത്ത് ഏറെ അവഗണനകളുടെ കയ്പുനീരു കുടിച്ചവര്‍ മാത്രമേ പിന്നീട് എന്തെങ്കിലുമൊക്കെ ആയിത്തീര്‍ന്നിട്ടുള്ളു. 
മഹാന്റെ ആത്മകഥയില്‍ ഇക്കാര്യം അടിവരയിട്ടു പറയുന്നുണ്ട്. 
വെറുതെ ഒന്നു കൈവീശി ആയാസമെടുത്തു. 
അത്ഭുതമെന്നു പറയട്ടെ, പ്രൊഡക്ഷന്‍ബോയി ഒരു സ്റ്റീല്‍ ഗ്ലാസ്സില്‍ ചായ കൊണ്ടുത്തന്നു. അതു കുടിച്ച് ഗ്ലാസ്സ് ഏതോ മരച്ചുവട്ടില്‍ വെച്ച് ഒരു സിഗരറ്റ് കൊളുത്തുന്നതിനിടെ ഒരു ശബ്ദം എന്നെ വന്നു തൊട്ടു: 
''നിരാശ വേണ്ട. സിനിമ എന്നത് ജീവിതാവസാനം വരെ പ്രസക്തമായ സ്വപ്നമാണ്.''
ശബ്ദത്തിന്റെ ഉടമ വെളിപ്പെട്ടു; കുള്ളന്‍ എന്നു കൃത്യമായി വിളിക്കാനാവില്ലെങ്കിലും തീരെ പൊക്കം കുറഞ്ഞ ഒരാള്‍. പാദങ്ങള്‍ക്ക് അസാമാന്യ നീളമുണ്ട്. നരച്ച മുടിയും താടിയും നിലവാരമില്ലാത്ത ഡൈ ഉപയോഗിച്ച് അവിദഗ്ദ്ധമായി കറുപ്പിച്ചിട്ടുണ്ട്. കോട്ടന്‍ ജൂബ്ബയും മുണ്ടുമാണ് വേഷം. കൂര്‍ത്ത മുഖം. മേല്‍ച്ചുണ്ടില്‍ കുന്തക്കാലില്‍ നില്‍ക്കുന്ന മീശരോമങ്ങള്‍.
ഇയാളെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്. 
എവിടെ വെച്ച്? 
''ഞാന്‍ ജോസഫ് ചിത്രകൂടമാണ്.'' 
ആള്‍ സ്വയം പരിചയപ്പെടുത്തി. 
ഓര്‍മ്മകളുടെ സ്യൂട്ട്‌കേയ്‌സിന്റെ നമ്പര്‍ലോക്ക് പരിശോധിക്കുന്ന എന്നോട് അയാള്‍ വീണ്ടും:
''അങ്ങനെയൊന്നും ഓര്‍മ്മ കിട്ടില്ല അല്ലേ. കിട്ടണമെങ്കില്‍ കോടമ്പാക്കത്തു തന്നെ നിങ്ങള്‍ പോകണം.''
കോടമ്പാക്കം! 
പിന്നെയാ അസ്സേവിളിയും. 
''കോടമ്പാക്കമെന്നത് ഒരുകാലത്ത് സിനിമാക്കാരുടെ വഴിത്താവളമായിരുന്ന സ്ഥലം. അസ്സേയെന്നാണ് നസീര്‍സാര്‍ തന്റെ സുഹൃത്തുക്കളെ അഭിസംബോധന ചെയ്തിരുന്നത്... എന്റെ സിഗരറ്റ് തീര്‍ന്നു. ഒരെണ്ണം തരൂ...'' 
ഞാന്‍ സിഗരറ്റ് കൊടുത്തു. 
അപ്പോഴേക്കും ആളെ പിടികിട്ടി. 
ജോസഫ് ചിത്രകൂടം. 
കോടമ്പാക്കത്തെ പഴയകാല സിനിമാപത്രപ്രവര്‍ത്തകന്‍. ചിത്രകൂടമെന്നത് മാസികയുടെ പേരാണ്. മഹാന്റെ ആത്മകഥയില്‍ ഈ പേര് പലപ്പോഴായി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 
അല്പം കൂടി വിശദമായി ഞങ്ങള്‍ പരിചയപ്പെട്ടു.
ജോസഫ് ചിത്രകൂടം ഭൂതകാലത്തിന്റെ ഗുഹാമുഖം എന്റെകൂടി താല്പര്യം മാനിച്ച് നിരക്കിത്തുറന്നു. പഞ്ചവന്‍കാടും പൊന്നാപുരം കോട്ടയും തടവറയും കരിപുരണ്ട ജീവിതങ്ങളും സത്രത്തില്‍ ഒരു രാത്രിയും അണിയാത്തവളകളുമെല്ലാമടങ്ങുന്ന കരിങ്കല്‍ഘനമുള്ള ഓര്‍മ്മകള്‍ നിരങ്ങിയെത്തി... 
ബി ക്ലാസ്സ് ടാക്കീസിലെ ഇരുട്ടിലേക്ക് ടിക്കറ്റിന്റെ മറുപാതി നല്‍കി സിനിമാപ്രാന്തനെ കയറ്റിവിടുന്ന ജീവനക്കാരനെപ്പോലെ ജോസഫ് എന്നെ ഒരിരുള്‍ലോകത്തേക്ക് കയറ്റിവിട്ടു. എനിക്ക് പരിസരം വ്യക്തമല്ല. ചുറ്റിനും ആരുമില്ല. അതെ, സിനിമ കാണാന്‍ ഇരുട്ടില്‍ കണ്ണുമിഴിച്ച് ഞാന്‍ എന്ന ഒറ്റപ്രേക്ഷകന്‍ മാത്രം. 
മുന്നില്‍ വലിച്ചുകെട്ടിയ തിരശ്ശീലയില്‍ കോടമ്പാക്കം ഫ്രെയിമുകള്‍ വന്നുവീഴുന്നു. ജോസഫിന്റെ നരേഷനില്‍ ഞാനതു കണ്ടുതുടങ്ങി.
സിനിമയുടെ നിറംപിഞ്ഞിയ അടുക്കളപ്പുറക്കാഴ്ചകള്‍. കണ്‍മുന്നില്‍ ജോസഫ് എഴുതിവളര്‍ത്തിയവരും ജോസഫ് എഴുതിത്തളര്‍ത്തിയവരുമായ ചലച്ചിത്രകാരന്മാര്‍ ഇരുന്നും നിന്നും കിടന്നും നിരനിരയായി... അന്നുമിന്നും ജോസഫിനെ കണ്ടാല്‍ സ്‌നേഹത്തോടെ ആലിംഗനം ചെയ്യുന്ന നടന്മാര്‍....പ്രേംനസീര്‍ മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍... 
''കലയുടെ രസതന്ത്രം തന്നെ അതാണ്. നേരായ രീതിയില്‍ പ്രവേശനമില്ലെന്ന് പൂര്‍ണ്ണബോധ്യം വന്നാല്‍ മറ്റേതെങ്കിലും രീതിയില്‍ കടന്നുകൂടുക. നേരാംവണ്ണം എത്തിയവരെ വെച്ച് കളിക്കുക. അവരെ നിയന്ത്രിച്ച്, അവരെ കൈപ്പിടിയിലൊതുക്കി പുതിയ കലാനിയമങ്ങള്‍ സൃഷ്ടിക്കുക. ആദികാലം മുതല്‍ ഇതാ ഈ നിമിഷം വരെ അതങ്ങനെയാണ്. അത്തരം കലാകാരന്മാരെ ആര്‍ക്കും ഇന്നോളം പരസ്യമായി തള്ളിപ്പറയുക വയ്യ. ആത്മനിന്ദയില്ലാതെ പറയട്ടെ...അങ്ങനെയൊരു കളിക്കാരനാണ് ഞാന്‍...എനിക്ക് ആ കളിയുടെ നിയമങ്ങളേ അറിയു...
''എനിക്കും അതാണറിയേണ്ടത്''- ഞാന്‍ ആകാംക്ഷ മറച്ചുവെച്ചില്ല.
''നിന്നെ ഞാന്‍ നശിപ്പിക്കും. നീ കഷ്ടപ്പെട്ടുണ്ടാക്കിയ കലാസാമ്രാജ്യം എന്റെ പേനത്തുമ്പില്‍ അവസാനിക്കും...''
അന്നേരം അല്പം നാടകീയമായി പഴയൊരു സൂപ്പര്‍ നടനോട് അയാളുടെ ലൊക്കേഷനില്‍ ചെന്ന് താന്‍ ആക്രോശിച്ച അതേ വാക്കുകള്‍ ജോസഫ് ഓര്‍മ്മയില്‍നിന്നെടുത്തു പറഞ്ഞിട്ട്:
''ഒന്നുമല്ലാതിരുന്ന അവനെ സിനിമയില്‍ ഒരാളാക്കി മാറ്റിയത് ഞാനാണ്. ആ കഥ വിശദമായി പറയേണ്ടതാണ്...'' 
ചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങ് അന്ന് പാലക്കാട് നടക്കുന്നു. ഈ നടന്‍ സൂപ്പറായി വരുന്ന സമയമാണ്. ജോസഫ് ചിത്രകൂടം ലൊക്കേഷനിലുണ്ട്. ജോസഫുമായി സംസാരിച്ച് ഓരോ ചായ കുടിച്ചതിനുശേഷം ചന്ദ്രകുമാര്‍ അടുത്ത ഷോട്ടെടുക്കാന്‍ പോയി. അപ്പോള്‍ വരുന്നു നമ്മുടെ നടന്‍. ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് അവന്‍ ജോസഫിനെ പരിചയപ്പെട്ടു. 
''സിനിമയില്‍ ഒരു നിലയിലെത്തണമെങ്കില്‍ സാറിനെപ്പോലുള്ളവരുടെ എഴുത്തുപിന്തുണ കൂടിവേണം''-
നടന്‍ ആദരവോടെ പറഞ്ഞു. 
''എങ്കില്‍ ആദ്യം ആ സിഗരറ്റ് ചുണ്ടില്‍ നിന്നെടുക്ക്...''
ജോസഫ് ഗൗരവത്തോടെ പറഞ്ഞതും മാപ്പ് പറഞ്ഞിട്ട് നടന്‍ സിഗരറ്റ് നിലത്തിട്ട് ഷൂകൊണ്ട് ചതച്ചരച്ചു. ജോസഫ് അയാള്‍ക്ക് കൈകൊടുത്തു. അതിനു ശേഷം ഒരിക്കല്‍പ്പോലും ആ നടന്‍ ജോസഫിന്റെ മുന്നില്‍ നിന്ന് സിഗരറ്റ് വലിച്ചിട്ടില്ല...
''...അഞ്ചു നയാപൈസ അവനില്‍നിന്നും പ്രതിഫലം പറ്റാതെ ഞാനവനെ എഴുതി വളര്‍ത്തി. വെള്ളിത്തിരയില്‍ അവനൊരു സിംഹാസനം തന്നെ എന്റെ അക്ഷരങ്ങള്‍കൊണ്ടു പണിതുകൊടുത്തു... ങ്ഹും...ഒടുവില്‍ അവന്‍ തനിനിറം കാണിച്ചു...'' 


അയാള്‍ ശബ്ദം താഴ്ത്തി തുടര്‍ന്നു: 
''അറിയുമോ...എന്റെ കയ്യില്‍ ഒന്നിലേറെ പേനകളുണ്ട്. സാഹചര്യങ്ങളനുസരിച്ച് പല മഷികള്‍ ആണ് ഞാനവയില്‍ ഒഴിക്കുക. സൃഷ്ടിക്കാന്‍ നീലയെങ്കില്‍ സംഹരിക്കാന്‍...'' 
ആ നടന്‍ ഏറെ വൈകാതെ സിനിമയില്‍ ഒന്നുമല്ലാതായെന്നും കഴിഞ്ഞമാസം അഗതികളുടെ ആശുപത്രിയില്‍ കിടന്ന് മരിച്ചുവെന്നുമുള്ള കഥ മുരണ്ടുകൊണ്ടു ജോസഫ് പറഞ്ഞുനിര്‍ത്തി. വീണ്ടും മറ്റൊരു സംഭവത്തിലേക്ക് കടന്നു. 
സംസാരത്തിനിടെ പിന്നെയും പലപ്പോഴായി ജോസഫ് മുരണ്ടു. ചിലനേരം നിലതെറ്റിയതുപോലെ പൊട്ടിച്ചിരിച്ചു... 
വര്‍ഷങ്ങള്‍ മുന്‍പ് എം.ടി. വാസുദേവന്‍ നായരുടെ കത്തുമായി മഞ്ചേരിയില്‍നിന്നും ബസ് കയറി പി.ഐ. മുഹമ്മദുകുട്ടിയെന്ന വെളുത്ത് സുമുഖനായ യുവാവ് രാത്രിയില്‍ എത്തുമ്പോള്‍ കോടമ്പാക്കത്ത് മഴ പെയ്തിരുന്നു. കുടയുമായി കാത്തുനിന്ന് സ്വീകരിച്ചത് താന്‍. ആദ്യമേതന്നെ ഒരു ചൂടുചായ താന്‍ വാങ്ങിക്കൊടുത്തു. 
''കഠിനാധ്വാനവും മാനിക്കേണ്ടവരെ മാനിക്കാനുള്ള കഴിവുമുള്ള ആരും ജീവിതത്തില്‍ വിജയിക്കും...പിന്നെ എല്ലാവരും പറയുന്നതുപോലെ മമ്മൂട്ടി ഒരിക്കലുമൊരു അഹങ്കാരിയല്ല... അടുപ്പമുള്ളവരോട് മാത്രമേ ആ മനുഷ്യന്‍ ഹൃദയം തുറക്കൂ എന്നു മാത്രം. മോഹന്‍ലാല്‍ മറ്റൊരു രീതിയാണ്. ലാല്‍ മാത്രമല്ല ലാലിന്റെ മോനും.'' 
''പ്രണവുമായും അടുപ്പമുണ്ടോ?'' 
''പ്രണവല്ല.'' 
ജോസഫ് ഗൗരവത്തില്‍ തിരുത്തി. പെട്ടെന്ന് മുഖത്ത് വാത്സല്യഭാവം. 
''അപ്പു. അങ്ങനെയാ ഞങ്ങള്‍ വിളിക്കുക. അവനൊരു സഞ്ചാരിയാ. എന്നുവെച്ച് എപ്പോഴുമിങ്ങനെ നാടുചുറ്റി നടന്നാപോരല്ലോ...എപ്പോ കണ്ടാലും ഞാനത് ലാലിനോട് പറയാറുണ്ട്. സിനിമയില്‍ അപ്പു തന്റെ പിന്‍ഗാമിയാകുന്നത് ലാലും ആഗ്രഹിച്ചിരുന്നുവെന്ന് എനിക്കറിയാം. അപ്പുവിന്റെ ആദ്യപടത്തിന്റെ പൂജയ്ക്ക് ലാല്‍ വിളിച്ചപ്പോള്‍ ഞാന്‍ തണ്ടെല്ലുവേദന കാരണം യാത്ര ചെയ്യാനാകാതെ ഇരിപ്പാണ്. അണ്ണാ...വയ്യെങ്കില്‍ കഷ്ടപ്പെട്ട് വരേണ്ട...അപ്പുവിനെ അനുഗ്രഹിച്ചാല്‍ മതിയെന്നു പറഞ്ഞ് ലാല്‍ ഫോണ്‍ അപ്പുവിന് കൊടുത്തു. എന്റെ അനുഗ്രഹം ഫോണിലൂടെ ഞാന്‍ അപ്പവിന് നല്‍കി...''
ജോസഫ് ഒരു നിമിഷം കണ്ണകള്‍ പൂട്ടി. 
രമണീയമായ ഒരു കാലത്തിന്റെ ചില്ലുപൊടികള്‍ ചിതറിയ നിമിഷങ്ങളില്‍ അയാള്‍ ഉന്മത്തനായതുപോലെ.
അപ്പോള്‍ ദുരൂഹത നിറഞ്ഞ ഒരു സിനിമാകഥാപാത്രത്തെപ്പോലെ ജോസഫ് തലയല്പം ചെരിച്ച് എന്നെ നോക്കി. 
അതാ കൂര്‍മ്പന്‍മുഖത്ത് മെല്ലെ ഒരു ചിരി പടരുന്നു. അതു വികസിക്കുകയാണ്. വൈകാതെ ശരീരമാസകലമിളകിയുള്ള ചിരിയായി അതുമാറി. ചിരി തുടര്‍ന്നുകൊണ്ട് ജോസഫ്: 
''ഒക്കെയും ചുമ്മാ...ഇതത്രയും നിങ്ങളിപ്പോള്‍ വിശ്വസിച്ചില്ലേ....സത്യമായും വിശ്വസിച്ചില്ലേ.... എങ്കില്‍ ഇതുകൂടി കേള്‍ക്ക്...ഇവരിലാരുമായും എനിക്ക് ഒരു വ്യക്തിബന്ധവുമില്ല...എന്നു മാത്രമല്ല, ഇവര്‍ക്കെന്റെ പേര് ഓര്‍മ്മയുണ്ടാകാന്‍ പോലും സാധ്യതയില്ല.'' 
''അപ്പോഴീ പറഞ്ഞതൊക്കെ? എം.ടി, മമ്മൂട്ടി...പ്രണവ്...?'' 
-ഞാന്‍ അമ്പരപ്പോടെ ചോദിച്ചു. 
''നല്ല ഒന്നാംനമ്പര്‍ നുണകള്‍...സത്യം പോലും തോറ്റുപോകുന്ന നുണകള്‍....സത്യം ആര്‍ക്കുവേണം! കേട്ടിട്ടില്ലേ...പാലിനെപ്പോലെയിരിക്കുന്ന പാലൊട്ടും നല്ല പാലല്ലായെന്ന്? നുണകള്‍ക്കാണ് വിപണിമൂല്യം. വിപണിയില്ലെങ്കില്‍ സത്യമുള്ള കല എങ്ങനെ വില്‍ക്കും? പിന്നെ ഈ പറഞ്ഞതൊക്കെ നുണയെന്ന് തെളിയിക്കാന്‍ ഇവരിലാരു സമയം മെനക്കെടുത്തുന്നു...''
ഞാനാ മനുഷ്യനെ ആകെയൊന്നു നോക്കി. 
അപ്പോള്‍ മദനമോഹനന്‍ ജോസഫിനെ കൈവീശി വിളിച്ചു. ഒരുമിനിറ്റെന്നു പറഞ്ഞ് ജോസഫ് അങ്ങോട്ട്. ഏറെയടുപ്പത്തോടെ അല്പം മാറിനിന്ന് ഇരുവരും സംസാരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. 
തിരിച്ചെത്തിയപ്പോള്‍ ചോദിച്ചു: ''അതും നുണയായിരുന്നോ?'' 
''അല്ല. അതൊരു ബോംബിന്റെ കൈമാറ്റമായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ അതു പൊട്ടുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും.''
ജോസഫ് ചിത്രകൂടം മെല്ലെ പറഞ്ഞു. 
ഒട്ടേറെ സിദ്ധപുരുഷന്മാരും അവരുടെ ശാന്തരസം തൂകിനില്‍ക്കുന്ന ആശ്രമങ്ങള്‍ക്കു കാവല്‍ നില്‍ക്കുന്ന വളര്‍ത്തുമൃഗങ്ങളും ജലപക്ഷികളും ഷഡ്പദജീവികളുമടങ്ങുന്ന ഉള്‍വനങ്ങള്‍ അടക്കംചെയ്ത പുരാണത്തിലെ ചിത്രകൂടപര്‍വ്വതം ഞാനോര്‍ത്തു. ഭംഗിയുള്ള പൂമരങ്ങള്‍ കാഴ്ചമറച്ച ആ താഴ്വാരങ്ങളില്‍ എന്തെന്തൊക്കെ അതിശയരഹസ്യങ്ങള്‍ ഉണ്ടായിരുന്നിരിക്കാം! 
ആരറിയുന്നു! 
ആയാസത്തോടെ വെറുതെ ഒന്നുകൂടി കൈകള്‍ വീശി. എന്തത്ഭുതം, അതാ പ്രൊഡക്ഷന്‍ ബോയി രണ്ടു പ്ലാസ്റ്റിക്ക് കസേരകളുമായി വരുന്നു. ഒന്നെനിക്കും ഒന്ന് ജോസഫിനും. ഞാന്‍ സെറ്റിലെ വേണ്ടപ്പെട്ട ആരെങ്കിലുമാണെന്ന് അവനു തോന്നിയിരിക്കണം.  
അടുത്തെത്തിയപ്പോള്‍ ഞാന്‍ പേരു ചോദിച്ചു. 
ബിദോഷ്.
അവന്‍ പറഞ്ഞു. 
''സാര്‍ മദനമോഹനന്‍ സാറിന്റെ സുഹൃത്തല്ലേ...? കുറച്ചുമുന്നെ സാറിന്റെ സ്‌ക്രിപ്റ്റില്‍ അഭിപ്രായം പറയുന്നത് ഞാന്‍ കണ്ടിരുന്നു. അടുത്ത സിനിമയില്‍ സാറായിരിക്കുമോ സ്‌ക്രിപ്‌റ്റെഴുതുന്നത്?''
-ബിദോഷ് ചോദിച്ചു. 
എന്റെ മറുപടി കേള്‍ക്കും മുന്‍പ് ബിദോഷ് തന്റെ ആവശ്യം പറഞ്ഞു: 
''അതില്‍ എനിക്കൊരു അവസരം തരണം സര്‍.'' 
''ഏതില്‍?'' 
''സാര്‍ എഴുതാന്‍ പോകുന്ന, മദനമോഹനന്‍സാര്‍ സംവിധാനം ചെയ്യാന്‍ പോകുന്ന, സൂപ്പര്‍ഹിറ്റാകാന്‍ പോകുന്ന സിനിമയില്‍. ഞാന്‍ നന്നായി അഭിനയിക്കും സര്‍. മാത്രമല്ല, നന്നായി മിമിക്രിയും കാണിക്കും. ഇപ്പോഴുള്ള ഏതു നടന്റേയും ശബ്ദം ഞാന്‍ അവതരിപ്പിക്കും...''
വലിയ രഹസ്യം പോലെ അവന്‍ പറഞ്ഞു: ''മദനമോഹനന്‍ സാറിന്റെ ശബ്ദവും.'' 
അടുത്ത സിനിമയുടെ സമയമാകുമ്പോള്‍ പരിഗണിക്കാമെന്ന് ഞാന്‍ ഗമയോടെ അല്പം ഘനത്തില്‍ പറഞ്ഞു. 
ബിദോഷിന്റെ മിഴികളില്‍ പെട്ടെന്ന് നീരു നിറഞ്ഞതു കണ്ട് എനിക്കതിശയം തോന്നി.


ഫോണ്‍നമ്പര്‍ തന്നതിനുശേഷം എന്റെ കാലില്‍ തൊട്ടുതൊഴുതിട്ട് ബിദോഷ് പോയി.
വിചിത്രം തന്നെ കാര്യങ്ങള്‍! 
എനിക്കൊന്നുറക്കെ ചിരിക്കണമെന്ന് തോന്നി. 
''എന്തിന് ചിരിക്കണം! സിനിമ അങ്ങനെയാണ്. അവസാന നിമിഷം വരെ മനുഷ്യനെ ഭ്രമിപ്പിക്കും. ചിലപ്പോള്‍ നിരാശപ്പെടുത്തിയേക്കാം. എങ്കിലും മുന്നോട്ടു ജീവിക്കാന്‍ അതു നല്‍കുന്ന പ്രേരണയെ നിസ്സാരമായി കാണരുത്.'' 
-ഒരു നിമിഷം നിര്‍ത്തിയിട്ട് ജോസഫ് അലസമായി പറഞ്ഞു: 
''ആ പ്രേരണ! ഒരര്‍ത്ഥത്തില്‍ കലയുടെ ലക്ഷ്യം തന്നെ അതാണല്ലോ അല്ലേ?''
തന്നെപ്പോലൊരാള്‍ പറയേണ്ടാത്തതായ വാചകം പറഞ്ഞതുപോലൊരു സങ്കോചത്തോടെ അയാള്‍ പെട്ടെന്ന് തലകുനിച്ചു.
ഞാനപ്പോള്‍ മറ്റെന്തോ ഒരു കാര്യം ഓര്‍ക്കാന്‍ ശ്രമിച്ചു. ആ മഹാന്റെ ആത്മകഥയില്‍ പറയുന്ന സമാനമായ വാചകങ്ങള്‍. അതെന്തെന്ന് തിരിഞ്ഞുകിട്ടുംമുന്‍പേ മറക്കുകയും ചെയ്തു. 
അന്നേരം ഞങ്ങള്‍ കണ്ടു, ഷോട്ടിന്റെ ഇടവേളയില്‍ മാറിനിന്നൊരു സിഗരറ്റ് വലിക്കുന്നു ഗോപക് രാജ്. 
അയാള്‍ എന്നെ ശ്രദ്ധിക്കുന്നതുപോലെ തോന്നി. തോന്നലല്ല, സത്യം. 
ഗോപക് രാജ് മെല്ലെ ഞങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് വന്നു. 
എന്റെ മുഖത്ത് നോക്കി, അല്പം സംശയത്തോടെ ചോദിച്ചു: 
''ബ്ലാക്ക് ടിക്കറ്റിന്റെ അഡ്മിന്‍?'' 
''അതെ.'' 
ഞാന്‍ പറഞ്ഞു. 
ഗോപക് രാജ് സിഗരറ്റ് നിലത്തിട്ടതും ഷൂകൊണ്ട് ചവിട്ടിയരച്ചതും പെട്ടെന്ന്. ജോസഫ് ചിത്രകൂടം ഒന്നൂറിച്ചിരിച്ചുവോ? 
ഏറെ ആദരവോടെ ഗോപക് രാജ് ഒരു ഹസ്തദാനത്തിന് എന്റെ നേരെ കൈനീട്ടിയപ്പോള്‍ മദനമോഹനന്റെ ശബ്ദം കുറച്ചപ്പുറത്തുനിന്നും ഉയര്‍ന്നുകേട്ടു: ''ആക്ഷന്‍...!'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com