അകത്തൂട്ട് ചന്ത: നിധീഷ് ജി എഴുതിയ കഥ

റോഡില്‍നിന്നും കയറുമ്പോള്‍ ആദ്യത്തെ കട ഷംസിക്കയുടേതാണ്. വന്നപാടെ സജയന്‍, മുന്നിലെ മിഠായിഭരണികളും സോഡാക്കുപ്പികളും നാലുപാടും തെറിപ്പിച്ചു.
ചിത്രീകരണം - സുരേഷ്‌കുമാര്‍ കുഴിമറ്റം
ചിത്രീകരണം - സുരേഷ്‌കുമാര്‍ കുഴിമറ്റം

''If time is not real, then the dividing line 
between this world and eternity, 
between suffering and bliss, 
between good and evil, is also an illusion'
- Hermann Hesse.

നാലു മലക്കം മറിഞ്ഞാണ് 'കരിച്ചാലില്‍' ഓട്ടോ പടിഞ്ഞാറേ കണ്ടത്തിലേക്ക് മൂക്കുകുത്തിയത്. തിരശ്ചീനമായി ചെളിയില്‍ പുതഞ്ഞുനിന്ന ഓട്ടോയുടെ കറങ്ങുന്ന ടയറുകളിലേക്ക് നോക്കി സജയന്‍ എട്ടുദിക്കും പൊട്ടുമാറലറി. ചവിട്ടുകിട്ടുന്നതിന് തൊട്ടുമുന്‍പ് ഡ്രൈവിംഗ് സീറ്റില്‍നിന്നും ചാടിയിറങ്ങിയ ശശാങ്കന്‍ ഓര്‍ക്കാപ്പുറത്തുണ്ടായ പ്രകമ്പനത്തില്‍ സര്‍വ്വശക്തിയുമെടുത്ത് കിഴക്കോട്ടോടുന്നത് ഞാനടക്കം കുറച്ചുപേരേ കണ്ടുള്ളു. ബാക്കിയുള്ളവര്‍, അയാള്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ പെട്ടുപോയിട്ടുണ്ടാകുമെന്ന ആധിയോടെ കണ്ണുകള്‍ തുറിച്ചുനിന്നു. മുകളിലേയ്ക്ക് വളച്ചുപിടിച്ച വാലും നിര്‍ത്തലില്ലാത്ത തലയാട്ടലും പിണച്ചുകയറ്റിയ തുമ്പിക്കൈയുമായി സജയന്‍ ചന്ത ലക്ഷ്യമാക്കി നീങ്ങുകയാണെന്നു കണ്ട് സൈക്കിളുമായി ഞാന്‍ പൂക്കുലപോലെ നിന്നു വിറയ്ക്കാന്‍ തുടങ്ങി. എങ്ങോട്ടോടണമെന്നറിയാതെ മറ്റുള്ളവരും ചന്തയ്ക്കുള്ളില്‍ത്തന്നെ തറഞ്ഞുപോയിരുന്നു.

റോഡില്‍നിന്നും കയറുമ്പോള്‍ ആദ്യത്തെ കട ഷംസിക്കയുടേതാണ്. വന്നപാടെ സജയന്‍, മുന്നിലെ മിഠായിഭരണികളും സോഡാക്കുപ്പികളും നാലുപാടും തെറിപ്പിച്ചു. പകുതി തീര്‍ന്ന പഴക്കുല ഒറ്റപ്പിടിക്ക് പൊട്ടിച്ചെടുത്ത് വായ്ക്കുള്ളിലേക്ക് കടത്തി ഒന്നുവലിച്ച്, കാളാമുണ്ടന്‍ കറക്കി നാരായണിയമ്മയുടെ മണ്‍പാത്രക്കടയിലേക്കെറിഞ്ഞു. പത്തോളം മണ്‍കലങ്ങള്‍ ഒരുമിച്ചു പൊട്ടി. പൊടിക്കുഞ്ഞിന്റെ ചീനിക്കടയുടെ മുന്നിലായി സൈക്കിള്‍ സ്റ്റാന്‍ഡിലേറ്റി വെച്ചിട്ട് ഞാന്‍ വേഗത്തിലോടി ഉണക്കച്ചീനിച്ചാക്കുകള്‍ക്ക് പിന്നില്‍ സുരക്ഷിതസ്ഥാനം കണ്ടെത്തി. ഭ്രാന്തമായി കുലുങ്ങിക്കൊണ്ട് സജയന്‍ സൈക്കിളിന് സമീപമെത്തുന്നതു കണ്ട് പാദങ്ങള്‍ക്കടിയില്‍ നിന്നൊരു തണുപ്പ് ശിരസ്സിലേക്കിരച്ചു വന്നു. അടുത്തുവന്ന്, തുമ്പിക്കൈയാല്‍ ഒന്നുതട്ടി, വലിച്ചുനിലത്തിട്ട് ഇടംകാലുയര്‍ത്തി യാതൊരു ദാക്ഷിണ്യവുമില്ലാതെ അവന്‍ ആഞ്ഞുചവിട്ടി. ചീനിച്ചാക്കുകളിലേക്ക് പടപടാ മിടിച്ചുകൊണ്ടിരുന്ന എന്റെ ഹൃദയം അതുകണ്ട് നൂറു കഷ്ണങ്ങളായി പൊടിഞ്ഞു. വെങ്കിടേശന്‍ മാമന്‍ പൊന്നുപോലെ തൂത്തുതുടച്ച് സൂക്ഷിക്കുന്ന 'റാലി സൈക്കിളി'ന്റെ കഥ ഇതോടെ തീര്‍ന്നു! സൈക്കിളേറാനുള്ള കൊതികൊണ്ട് ചന്ദനത്തിരിയും വിളക്കെണ്ണയും തീര്‍ന്നിരിക്കുകയാണെന്നുള്ള അവസരം മുതലാക്കി കെഞ്ചിപ്പറഞ്ഞ് എടുത്തുകൊണ്ട് വന്നതാണ്.
''മദപ്പാട് വന്നാപ്പിന്നെ എന്തുവാ എവന്റെയൊരു മേക്കറ്? കണ്ണീക്കാണുന്നെയെല്ലാം നശിപ്പിച്ചേ അടങ്ങൂ. അല്ലാത്തപ്പോ എവനെപ്പോലൊരു പഞ്ചപാവം വേറെയില്ല. തോനേ നാളുകൂടിയാ എളകുന്നെ അല്ലിയോ? ഇന്നത്തെ ദെവസി തന്നെ ഇത് സംഭവിച്ചത് നന്നായി. ചന്തയ്ക്കകവിന്ന് നെരപ്പായാലും സാരമില്ല!''
കയറുകച്ചവടക്കാരന്‍ ദാമോരമ്പിള്ള തൊട്ടപ്പുറമുള്ള വലിയ ഇഴക്കയര്‍ ചുരുളുകള്‍ക്കിടയില്‍നിന്നും തലയെത്തിച്ചു നോക്കിക്കൊണ്ട്, ഉറക്കെ ആത്മഗതമിട്ടു. അയാള്‍ പറഞ്ഞതിന്റെ പൊരുള്‍ എത്രയാലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. ആനയിളകി വരുന്നതുകണ്ട് സന്തോഷിക്കുന്നവരും ഇവിടുണ്ടോ? 
സജയന്‍ അടുത്ത ചുവട് മുന്നോട്ടുവെച്ചപ്പോള്‍, പിന്നില്‍നിന്നും ചന്ത മുഴുവന്‍ നടുങ്ങുമാറ് ഒരു വലിയ അലര്‍ച്ച കേട്ടു.
''നിക്കെടാ അവിടെ.''
ഏതോ മാന്ത്രികവിദ്യയാല്‍ കൂച്ചുവിലങ്ങ് വീണതുപോലെ സജയന്‍ അനങ്ങാനാവാതെ നിന്നുപോയി. ആരാണെന്നറിയാന്‍ ചാക്കുകള്‍ക്കിടയില്‍നിന്നും ഞാന്‍ തല പൊന്തിച്ചു. ചന്തയ്ക്കുള്ളിലും പുറത്തും വഴിയരികിലുമൊക്കെയായി അതുവരെ പമ്മിയും പതുങ്ങിയും നിന്ന സകലരും അവിടേക്കുതന്നെ കണ്ണുമിഴിക്കുന്നുണ്ടായിരുന്നു. ശക്തികുളങ്ങര അമ്പലത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന 'ശ്രീശാസ്താ' ബസില്‍ നിന്നിറങ്ങി സജയന്റെ പിന്നാലെ ഓടിവന്ന യാത്രക്കാരും ഒരു നിമിഷം നിശ്ചലരായി.
വലതുകൈപ്പത്തി സജയന്റെ മസ്തകത്തിന് നേരെ ഉയര്‍ത്തി, തീപാറുന്ന കണ്ണുകളുമായി ആറടിപ്പൊക്കത്തില്‍ 'മെറൂറി മാധവന്‍' അകത്തൂട്ട് ചന്തയുടെ കവാടം നിറഞ്ഞുനിന്നു. 


സജയന്‍ മെല്ലെ തിരിഞ്ഞ്, തലയാട്ടുന്നത് നിര്‍ത്തി വാലുതാഴ്ത്തി, അനുസരണയോടെ അടങ്ങി. പിന്നാലെ വന്ന പാപ്പാന്മാര്‍ തക്കം നോക്കി അവനെ അടുത്തുള്ള ആഞ്ഞിലിയിലേക്ക് ബന്ധിച്ചുവെന്ന് ഉറപ്പായപ്പോഴാണ് എല്ലാവരും ശ്വാസംവിട്ടത്. ''ഇന്നിവനെ ഇവിടുന്നഴിക്കണ്ടാ, അവിടെ നിക്കട്ടെ!'' എന്നു പറഞ്ഞുകൊണ്ട് മെറൂറി ഒരു ഫയല്‍വാനെപ്പോലെ കൈകള്‍ വീശി ചന്തയ്ക്കുള്ളിലൂടെ നടന്നു. ഇറച്ചിവെട്ടുകാരന്‍ ഹമീദിന്റെ കടയ്ക്ക് മുന്നിലെ മരക്കുറ്റിയില്‍ വലതുകാലേറ്റി നിന്നുകൊണ്ട് മടിക്കുത്തില്‍നിന്നും മുറുക്കാന്‍പൊതിയെടുത്ത് അയാള്‍ വെറ്റിലയുടെ നാമ്പ് നുള്ളി.
മെറൂറി മാധവനെക്കുറിച്ചുള്ള കഥകള്‍ ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. ദൂരെനിന്ന് പലതവണ കണ്ടിട്ടുമുണ്ട്. എന്നാല്‍, ഇത്ര അടുത്തുകാണുന്നത് ആദ്യമായാണ്. പേരുകേട്ട മരംവെട്ടുകാരനാണ്. അത്യാവശ്യം റൗഡിത്തരവുമുണ്ട്. അനാവശ്യ കാര്യങ്ങളില്‍ കേറി ഇടപെടുന്ന തരക്കാരനല്ലെങ്കിലും ചെറ്റത്തരം കാണിച്ചാല്‍ ആരെന്ന് നോക്കാതെ പതിരടിച്ചിളക്കുമത്രേ! തെക്കേവീട്ടിലെ സജീവണ്ണനാണ് എനിക്ക് ഇമ്മാതിരി ജീവചരിത്രമെല്ലാം പഠിപ്പിച്ചു തരുന്നത്. കുട്ടപ്പന്‍ സാറിന്റെ പോപ്പുലര്‍ അക്കാഡമിയില്‍ ബി.എ പഠിച്ചുകൊണ്ടിരിക്കുന്ന സജീവണ്ണന്‍ ഒമ്പതാം ക്ലാസ്സുകാരനായ എന്റെ ഏറ്റവുമടുത്ത ചങ്ങാതിയാണ്. സജീവണ്ണന്റെ ഇളയപെങ്ങള്‍ സുജ എന്റെ ക്ലാസ്സിലാണ് പഠിക്കുന്നതും. പക്ഷേ, അവരുമായി ചങ്ങാത്തം കൂടുന്നത് അമ്മയ്ക്ക് തീരെ ഇഷ്ടമില്ല. സജീവണ്ണനാകട്ടെ, അടുത്തുകിട്ടിയാല്‍ വാതോരാതെ വര്‍ത്തമാനം പറയും. ഒക്കെ ദേശത്തെ പല പല കഥകളാണ്.
''എടേ വിഷ്ണൂ, നിനക്കറിയാവോ ഈ നാട്ടില്‍, ഈ കേരളത്തില്‍.... മെറൂറിയെ കഴിഞ്ഞിട്ടുള്ള മരംവെട്ടുകാരനേ ഒള്ളൂ. അയാളൊണ്ടല്ലോ, നമ്മളൊക്കെ വിചാരിക്കുന്നേനേക്കാ വീരനാ. മാനംമുട്ടെ പൊക്കമുള്ളതോ, കയറിപ്പറ്റാന്‍ ഇച്ചിരി പാടൊള്ളതോ, മുറിച്ചിട്ടാല്‍ തൊല്ലയാകുന്നതോ എന്തോവായാലും അടുത്തൊള്ള വേറൊന്നിനും ഒരു പോറലും പറ്റാതെ ഉരു വെട്ടിയിറക്കും. എപ്പഴും മുറുക്കിച്ചുവപ്പിച്ചേ നടക്കൂ. അധികം സംസാരിക്കത്തില്ല. മെറൂറി എന്നെങ്ങാനും മുഖത്തുനോക്കി വെല്ലോരും വിളിച്ചാ, അങ്ങേര് മുഖം നോക്കാതെ തല്ലും. അതു വേറേ കാര്യം! മെറൂറീടെ തന്തയൊണ്ടല്ലോ, 'സംഘം രാഘവ'നെന്നായിരുന്നു വിളിപ്പേര്. അമ്പനാട്ടുമുക്കില്‍ അയാക്ക് മെഴുകുതിരിയൊണ്ടാക്കുന്ന ഒരു യൂണിറ്റൊണ്ടാരുന്നു. ഇഷ്ടംപോലെ പെണ്ണുങ്ങളിരുന്ന് മെഴുകുതിരി ഒണ്ടാക്കി, ക്ലാപ്പനേലെങ്ങാണ്ടൊള്ള ദേവസ്യാ കാര്‍ഡോസ് എന്നൊരു ഇടനെലക്കാരന്‍ വഴി കച്ചോടം നടത്തി, ഒടുക്കം പൊട്ടിപ്പാളീസായി. ഈ മെറൂറിക്ക് ചെറുപ്പം മുതലേ മെഴുകുതിരി എന്ന് നല്ലോണം പറയാനറിയത്തില്ല. ഇപ്പഴും 'മെറൂറി'യെന്നേ വെരൂ. അതാ കലിപ്പ്!''
ബഹളമടങ്ങിയെന്നു കണ്ട് ചാക്കുകള്‍ക്കിടയില്‍നിന്നും മെല്ലെ പുറത്തിറങ്ങി, നിലംപരിശായിക്കിടന്ന സൈക്കിളെടുത്ത് ഞാന്‍ നിവര്‍ത്തിവെച്ചു. മുന്‍ചക്രവും മെഷീനും വളഞ്ഞ്, ഒരു ചോദ്യചിഹ്നം പോലെ അത് ചന്തയുടെ നടുക്ക് ഇരിക്കാന്‍ ശ്രമം നടത്തി പരാജയപ്പെട്ട്, വീഴാന്‍ തുടങ്ങിയപ്പോള്‍ വേഗം ഹാന്‍ഡിലില്‍ പിടിച്ചുനിര്‍ത്തി. 

ആ നിമിഷം അറിയാതെ കണ്ണുകളില്‍നിന്നും കുടുകുടെ കണ്ണുനീര്‍ ചാടി. വെങ്കിടേശന്‍ മാമന്‍ ശക്തികുളങ്ങര അമ്പലത്തിലെ ശാന്തിക്കാരനാണ്. അമ്മയുടെ ഏക സഹോദരന്‍. കാട്ടില്‍ക്കടവിലുള്ള അമ്മയുടെ തറവാട്ടുവീട്ടില്‍ ഒറ്റയ്ക്കാണ് താമസം. പ്രായമേറെയായെങ്കിലും കല്യാണം കഴിച്ചിട്ടില്ല. പൂജയുടെ ഇടവേളകളില്‍ സൈക്കിളെടുത്ത് വീട്ടില്‍ വരും. സജീവണ്ണന്‍ പറയാറുള്ളത്, നിന്റെ മാമന്റെ സൈക്കിളിനെ നീ മാമിയായി കരുതണമെന്നാണ്. ആ സൈക്കിളാണ് ദേണ്ടെ തകര്‍ന്നുതരിപ്പണമായി കിടക്കുന്നത്. 'എടാ സൂക്ഷിക്കണേ' എന്ന് പോരുമ്പോള്‍ മാമന്‍ പിന്നാലെ വന്ന് പറഞ്ഞതുമാണ്. ഇനി എന്തോ ചെയ്യും?

ചീനിക്കടക്കാരന്‍ പൊടിക്കുഞ്ഞ് അടുത്തുവന്ന് സമാധാനിപ്പിച്ചു.
''കുഞ്ഞേ, നീ വെഷമിക്കണ്ട. ഇത്രയല്ലേ പറ്റിയൊള്ള്. വേറെ അപകടമൊന്നുമുണ്ടായില്ലല്ലോ. കരയാതിരിക്ക്. ഇതൊക്കെ നമ്മക്ക് ശെരിയാക്കാവുന്ന കാര്യവല്ലിയോ.''
പൊടിക്കുഞ്ഞ് സൈക്കിള്‍ പൊക്കിയെടുത്ത് തൊട്ടപ്പുറമുള്ള രമേശന്റെ റിപ്പയറിംഗ് ഷെഡ്ഡിലേക്ക് കയറ്റിവെച്ചു. വെങ്കിടേശന്‍ മാമനോട് എങ്ങനെ ഈ വിഷയമവതരിപ്പിക്കുമെന്നായിരുന്നു എന്റെ ചിന്ത മുഴുവന്‍. വീട്ടിലറിഞ്ഞാല്‍ തായമ്പക നടക്കും. ആഞ്ഞിലിയില്‍ ബന്ധിച്ചിരുന്ന സജയനെ നോക്കി ഞാന്‍ പല്ലിറുമ്മി. അവനോടുള്ള ദേഷ്യത്തില്‍ നിലത്തുകിടന്ന ഒരു തൊണ്ണാനെടുത്ത് ഞാന്‍ അവന്റെ മസ്തകം നോക്കി ഉന്നംപിടിച്ചു. പെട്ടെന്ന് കുറുകെ ഒരു വലിയ നിഴല്‍ കയറിവന്നു.

തലയുയര്‍ത്തി നോക്കുമ്പോള്‍ മെറൂറി മാധവന്‍!
അയാള്‍ പുരികം വളച്ച് 'വീട്ടിപ്പോടാ' എന്ന മട്ടില്‍ ഒരാംഗ്യം കാണിച്ചു. ഞാന്‍ വെട്ടിത്തിരിഞ്ഞ് ശരംവിട്ട പോലെ ഓടി. വേഗത്തില്‍ പുറത്തുകടന്ന് ഭയത്തോടെ തിരിഞ്ഞുനോക്കുമ്പോള്‍, ദുരൂഹതകളൊളിപ്പിച്ച ഒരു വലിയ കോട്ടവാതില്‍ പോലെ അകത്തൂട്ട് ചന്തയുടെ കവാടം മുകളിലേക്ക് കൈകള്‍ വിടര്‍ത്തി നിന്നു.
വലത്തേക്ക് തിരിഞ്ഞ്, കൂര്‍ത്ത കല്ലുകള്‍ തെളിഞ്ഞുനില്‍ക്കുന്ന ചെങ്കല്‍പ്പാതയിലൂടെ മുന്നോട്ട് നടക്കവേ, അണ്ടിയാപ്പീസില്‍നിന്നുള്ള പുക താഴേക്കിറങ്ങിവന്ന് മുഖത്ത് തൊട്ടു. തുളച്ചുകയറുന്ന കശുവണ്ടിക്കറയുടെ ഗന്ധം ഉള്ളിലെ വേവലാതിയെ ആളിക്കത്തിക്കാന്‍ പോന്നതായിരുന്നു. എങ്ങനെ സൈക്കിളിന്റെ കാര്യം വീട്ടില്‍ അവതരിപ്പിക്കും? ഏക ആശ്രയം സജീവണ്ണനാണ്. അയാള്‍ക്ക് മാത്രമേ ഈ അവസ്ഥയില്‍ ഒരുപായം കണ്ടെത്തി എന്നെ രക്ഷിക്കാന്‍ പറ്റൂ.

അവധിദിവസമായതുകൊണ്ട് ഇപ്പോള്‍ കല്ലുംമൂട്ടില്‍ കിഴക്കേ കണ്ടത്തിലുണ്ടാകും. അവിടെയാണ് ദര്‍ശന ക്ലബ്ബിന്റെ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്. 
''എടേ, നീ ഇങ്ങനെ കേറി നെരങ്ങുന്നതല്ലാതെ നമ്മടെ ചന്തേപ്പറ്റി വല്ലോമറിയാവോ?''
ചോദ്യങ്ങള്‍ക്ക് മിക്കപ്പോഴും ഞാന്‍ തോളുവെട്ടിക്കാറാണ് പതിവ്. സ്‌കൂളില്‍ എനിക്കങ്ങനെ അടുത്ത കൂട്ടുകാരൊന്നുമില്ല. വീട്ടിലാണെങ്കിലും അങ്ങനൊക്കെത്തന്നെ. സത്യത്തില്‍ സ്‌കൂളില്‍ പോവുന്നേനേക്കാ എനിക്കിഷ്ടം അമ്പലത്തിലെ പൂജ പഠിക്കുന്നതാ. പക്ഷേ, അച്ഛന്‍ എന്നെ ഒരു എഞ്ചിനീയറാക്കിയേ അടങ്ങൂന്നും പറഞ്ഞിരിക്കുവാ. ദേവസ്വം ബോര്‍ഡിലെ ജോലിക്കിടയില്‍ തിരുവനന്തപുരത്തുനിന്നും അച്ഛന്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ വരും. രാത്രിയില്‍ വന്ന്, നേരം പുലരുമ്പോള്‍ അപ്രത്യക്ഷനാകും. അല്പനേരം തലമുടിയില്‍ തഴുകി നോക്കിനില്‍ക്കുമെന്നല്ലാതെ ഒന്നും മിണ്ടില്ല. അമ്മയ്ക്ക് വീട്ടില്‍ നൂറുകൂട്ടം പണികളാണ്. ദേഷ്യപ്പെട്ടല്ലാതെ സന്തോഷത്തോടെ സംസാരിക്കാറേയില്ല.


''എനിക്കൊന്നുമറിയത്തില്ല. സജീവണ്ണന്‍ പറ.''
''ആന്ന്... ശെരിയാ നിനക്കറിയത്തില്ല. നിന്റച്ഛന്‍ മാസാമാസം മുടങ്ങാതെ ശമ്പളം കൊണ്ടുവരുന്നതുകൊണ്ട് നിനക്കൊന്നുമറിയേണ്ട ആവശ്യമില്ല. കഴിക്കാനും ഉടുക്കാനുമൊക്ക ഇഷ്ടമ്മാതിരിയല്ലേ. വേറൊന്നും ആലോചിക്കേണ്ട കാര്യവില്ലല്ലോ!''
''അണ്ണാ... എന്തുവാണ്ണാ ഇങ്ങനൊക്കെ പറയുന്നെ?'' ഞാനപ്പോള്‍ വിഷമത്തോടെ മുഖം താഴ്ത്തി.
''ഉം.... നിന്നെ ഊശിയാക്കാന്‍ പറഞ്ഞതല്ല. എടേ വിഷ്ണൂ, നമ്മുടെ നാട്ടുകാര് പട്ടിണിയില്ലാതെ ജീവിക്കുന്നത് ഇവിടുത്തെ അണ്ടിയാപ്പീസുകളിലെ പണിയും കയറുപിരിയും പിന്നെ അല്ലറചില്ലറ കൃഷിയും കൊണ്ടാ. നീ കണ്ടിട്ടില്ലേ, എന്റമ്മ അഴുകിയ തൊണ്ടുതല്ലി ചകിരിയെടുത്ത് കയറ് പിരിച്ചൊണ്ടാക്കുന്നത്. ഈ കയറുവ്യാപാരം മൊത്തോം നടന്നോണ്ടിരിക്കുന്നത് നമ്മുടെ അകത്തൂട്ട് ചന്തേലാ. വയ്യുന്നേരമാവുമ്പോ കയറുമായി പെണ്ണുങ്ങള് വെരും. വട്ടത്തി ചുറ്റിയെടുത്ത ഇഴക്കയറിന്റെ ചുരുളും തോളേല്‍ തൂക്കി, കൊട്ടയുമടുക്കിപ്പിടിച്ച് കൈലിക്കും ബ്ലൗസിനും മീതെ ഒരു തോര്‍ത്തും ചുറ്റി വരുന്നവരുടെ തിളക്കമടിച്ച് ചന്തയപ്പോ നല്ല സൊര്‍ണ്ണനിറവാകും. കയറു വിറ്റുകിട്ടുന്ന രൂപായ്ക്ക് അരിയും പച്ചക്കറിയും മീനും എന്നുവേണ്ട, ഉപ്പു മുതല്‍ കര്‍പ്പൂരം വരെ നമ്മടെ ചന്തേ കിട്ടും. പക്ഷേ, ആ സെയ്ദ് റാവുത്തര് മരിച്ചേപ്പിന്നെ കാര്യങ്ങളൊക്കെ ഇച്ചിരി തിരിമറിയാ.''
''അതെന്തുപറ്റി അണ്ണാ...?''
''അതൊന്നും തല്‍ക്കാലം നീയറിയണ്ട. എല്ലാം പിന്നൊരിക്കല്‍ ഞാന്‍ വിശദമായി പറഞ്ഞുതരാം.''
ചെമ്മണ്‍പൊടി പാറിച്ചുകൊണ്ട് ചുടുകട്ട കയറ്റിയ ഒരു ലോറി പടിഞ്ഞാറോട്ട് ഇരമ്പി.
ദൂരെനിന്നേ കമന്ററി കേള്‍ക്കാമായിരുന്നു. പാടത്തെത്തുമ്പോള്‍ രണ്ടാമത്തെ ടീമിന്റെ ബാറ്റിംഗ് അവസാനിക്കുന്ന ഭാഗമാണ്. അവര്‍ ഒടുവിലത്തെ വിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുന്നു. ആദ്യം ബാറ്റുചെയ്ത ദര്‍ശന ക്ലബ്ബ് മുപ്പത് റണ്ണുകളോളം മുന്നിലാണ്. സജീവണ്ണന്റെ തകര്‍പ്പന്‍ മൂന്ന് സിക്സറുകളെക്കുറിച്ച് ചെന്നപാടെ 'മാന്റില്‍ സുനി' പൊടിപ്പും തൊങ്ങലും വെച്ച് വിളമ്പി. ഹുക്കുകളില്ലാതെ, എപ്പോഴും ഊര്‍ന്നുപോകുന്ന ഒരു നീലനിക്കറിന്റെ ഉടമസ്ഥാവകാശത്തിന്മേലാണ് സുനിക്ക് തന്റെ ഇരട്ടപ്പേര് പതിച്ചുകിട്ടിയിട്ടുള്ളത്. തിളയ്ക്കുന്ന വെയിലിലും മാന്റില്‍ തീവ്രപ്രകാശം ചൊരിഞ്ഞുകൊണ്ട് ചാഞ്ചാടിനിന്നു. സിക്‌സറുകളുടെ സന്തോഷത്തിലാകണം അകലെനിന്ന് സജീവണ്ണന്‍ എന്നെ രണ്ടുകൈകളുമുയര്‍ത്തി കാണിച്ചു. ഒരു അത്യാവശ്യ കാര്യമുണ്ടെന്ന് ഞാന്‍ സൂചന കൊടുത്തപ്പോള്‍, 'ഇപ്പോ വരാം, കളി തീരട്ടെ' എന്ന് മറുമുദ്ര തന്നു.
സജയന്‍ ഇടഞ്ഞതിനെക്കുറിച്ച് അവിടാരും അറിഞ്ഞിരുന്നില്ല. പറഞ്ഞതു പകുതി കേട്ടുകൊണ്ട് മാന്റില്‍ ഓടിപ്പോയി മൈക്ക് പോയിന്റില്‍ ചെന്ന് വിളമ്പി. അതിഭീകരമായ അപകടമെന്ന മട്ടില്‍ കമന്റേറ്റര്‍ സംഭവം അനൗണ്‍സ് ചെയ്തു. എല്ലാവരുടേയും ആരവം പെട്ടെന്ന് നിലച്ച നേരത്ത്, ഏറ്റവും നിശ്ശബ്ദമായി അവസാന വിക്കറ്റ് കീപ്പറുടെ കയ്യിലൊതുങ്ങി. റണ്ണുകള്‍ എണ്ണിമടക്കിയ ഓലയ്ക്കാല്‍ വിരലില്‍ ചുറ്റിക്കൊണ്ട് സജീവണ്ണന്‍ അടുത്തേക്ക് വന്നു.
''എന്തുവാടേ പ്രശ്‌നം? നിന്റെ മോന്തയെന്താ വല്ലാതിരിക്കുന്നെ?''
ഏറ്റവും ചുരുക്കത്തില്‍ വിവരങ്ങള്‍ ഞാന്‍ സജീവണ്ണനെ ധരിപ്പിച്ചു. 'വാ പാം' എന്നു പറഞ്ഞുകൊണ്ട് മറ്റുള്ളവരെ കൈവീശിക്കാട്ടി അയാള്‍ മുമ്പേ നടന്നു. ആ നേരം പടിഞ്ഞാറേ കായലില്‍നിന്നും വീശിയ ഉപ്പുരസമുള്ള കാറ്റിലാകെ കക്കാമണമുണ്ടായിരുന്നു. നട്ടപ്പറ വെയിലത്ത് സാവധാനം നടന്നുനീങ്ങിയ ഞങ്ങളെ കടന്ന് കളിക്കാരില്‍ കുറേപ്പേര്‍ വേഗത്തിലോടി.
''ഇതിലിപ്പം നീ വിചാരിക്കുന്ന പോലത്തെ വലിയ എടങ്ങേറൊന്നുമില്ല. ആന എടഞ്ഞുവരുമ്പോ സൈക്കിളുവായിട്ട് നിനക്കെന്തോ ചെയ്യാമ്പറ്റും? മാമനോട് നീ കാര്യം പറയടേ. അയാക്ക് മനസ്സിലാവും. ഇപ്പത്തന്നെ വിവരമവിടെ അറിഞ്ഞുകാണും. അയാടെ സൊഭാവത്തിന് ഇങ്ങോട്ടെന്തേലും പറഞ്ഞാ ഒന്നും മിണ്ടാതങ്ങ് കേട്ടുനിന്നേച്ചാ മതി. വലിയ കാര്യവൊന്നുവില്ല.''
സജീവണ്ണന്റെ നാവില്‍നിന്നും അത്രയും കേട്ടുകഴിഞ്ഞപ്പോള്‍ എനിക്കുണ്ടായ സമാധാനം ചില്ലറയല്ല. തലയ്ക്കു മുകളില്‍ ഉഗ്രശബ്ദത്തില്‍ പൊട്ടാനിരുന്ന എന്തോ ഒന്ന്, നൂലറ്റ ബലൂണ്‍ കാറ്റില്‍ പറന്നുപോകുന്നപോലെ പൊടുന്നനെ മറയുന്നത് ഞാനറിഞ്ഞു. സൈക്കിളിന്റെ പേരില്‍ എന്തുവന്നാലും നേരിടാനുള്ള ഒരു ധൈര്യം എന്നിലുണ്ടായി.
''അതെല്ലാവിരിക്കട്ടെ, സജയന്‍ ഇടഞ്ഞതല്ലാതെ ചന്തേലിന്ന് വേറെ പ്രശ്‌നവൊന്നുമുണ്ടായില്ലല്ല്?''
''എന്തോ പ്രശ്‌നം? ആ... ഞാനൊന്നും കണ്ടില്ല.''
''ഒന്നും...?''
''ഒന്നുവില്ല. ആ മെറൂറി അന്നേരം വന്നതോണ്ട് വലിയ ഒരപകടവാ ഒഴിവായെ.''
''എടേ, സത്യത്തീ വേറെ ഒരു കൊനഷ്ടിന് പരിഹാരമൊണ്ടാക്കാനാ മെറൂറി ഇന്നവിടെ വന്നത്. എന്തുവായാലും ഒരു തരത്തില്‍ നോക്കിയാ ഇങ്ങനെ സംഭവിച്ചത് നന്നായി. ങാ, ഇനിയിപ്പം ഒടനെ കൊഴപ്പങ്ങളൊന്നും ഒണ്ടാവത്തില്ലായിരിക്കും.''
ഒന്നും മനസ്സിലാവാതെ ഞാന്‍ സജീവണ്ണനെ മിഴിച്ചുനോക്കി.
''ദേ സജീവണ്ണാ എനിക്കൊന്നും പിടികിട്ടുന്നില്ല. എന്തുവാന്ന് വെച്ചാ തെളിച്ചുപറ.''
സജീവണ്ണന്‍ ഒന്നിരുത്തി നോക്കി. ശേഷം, എന്തോ ചിലത് പറയാന്‍ വന്നത് വിഴുങ്ങിയ മട്ടില്‍ വീണ്ടും നടത്തം തുടര്‍ന്നു. അത് കണ്ടപ്പോള്‍ ഇന്നേ ദിവസം അകത്തൂട്ട് ചന്തയില്‍ അസ്വാഭാവികമായതെന്തോ സംഭവിക്കുമെന്ന് പലരും പേടിച്ചിരിക്കുകയായിരുന്നെന്നും അതിനിടയിലേക്കാണ് സജയന്‍ വന്നുകയറിയതെന്നും എന്റെ സാമാന്യബുദ്ധി പിടിച്ചെടുത്തു. കയറുകച്ചവടക്കാരന്‍ ദാമോരമ്പിള്ള പറഞ്ഞ വാചകം ആ നിമിഷം എന്റെ ഓര്‍മ്മയിലെത്തി.
ചെത്തുകുടം തൂക്കി എതിരേ വന്ന സൈക്കിള്‍ ഞങ്ങളെ കടന്നുപോകവേ, പിന്നില്‍ സങ്കടഭാവത്തിലിരുന്ന ശശാങ്കന്‍ ഒരു വിളറിയ ചിരി കൈമാറി. പാവത്തിന്റെ ഓട്ടോറിക്ഷ നന്നാക്കിയെടുക്കണമെങ്കില്‍ ഇനി എത്ര രൂപ ഒണ്ടേപ്പറ്റും? സൈക്കിളോടിച്ചിരുന്ന സജീവണ്ണന്റെ അച്ഛന്‍ ഞങ്ങളെ ഗൗനിച്ചതേയില്ല.
റോഡരികില്‍ കൈതക്കുട്ടങ്ങളുടെ മറപിടിച്ച് അനങ്ങാതെ കിടന്ന കുളത്തിലെ പായലുകള്‍ വകഞ്ഞുമാറ്റി, സജീവണ്ണന്‍ കാലും മുഖവും കഴുകി. കുളക്കരയിലെ കരിങ്കല്ലിന്മേല്‍ ചന്തിയുറപ്പിച്ചുകൊണ്ട് ഞാന്‍ പായലുകള്‍ക്കിടയിലേക്ക് ചുഴിഞ്ഞുനോക്കി. 
അതാ, കരട്ടികളുടെ മിന്നലാട്ടം!
''വിഷ്ണു... നിന്നോട് പറഞ്ഞൂടാത്തതാണ്. എന്നാലും നമ്മള് തമ്മിലൊള്ള അടുപ്പം വെച്ച് പറയുവാ. ഞാമ്പറയുന്നയെല്ലാം നിന്റുള്ളീ തന്നിരിക്കണം. കേട്ടല്ലോ?''
''ഞാനാരോട് പറയാനാ അണ്ണാ...?''
''നമ്മുടെ ചന്തേലെ പ്രധാന കയറുകച്ചവടക്കാരന്‍ സെയ്ദുറാവുത്തറാരുന്നെന്ന് നിനക്കറിയാവല്ലോ? കഴിഞ്ഞ കര്‍ക്കടകത്തിലാ അങ്ങേര് നെഞ്ചുവേദന വന്നു മരിച്ചെ. കയറിന് റാവുത്തര് അങ്ങേയറ്റത്തെ വെല തന്നിരുന്നതോണ്ട് പൊറത്തൂന്നൊള്ള കച്ചോടക്കാരുടെ കളികളൊന്നും ഇവിടെ നടക്കത്തില്ലാരുന്നു. പെണ്ണുങ്ങള് ചെലപ്പോ കയറിന് ഭാരം കിട്ടാന്‍ വേണ്ടി ഇച്ചിരി മണ്ണും വെള്ളോമൊക്കെ തളിച്ചോണ്ട് വന്നാലും അങ്ങേര് തൂക്കത്തിനുള്ള വെല കുറയാതെ കൊടുക്കും. സ്ഥിരമായി പറ്റിക്കുന്നവരെ അയാള്‍ തഞ്ചത്തില്‍ ഗുണദോഷിക്കും. എന്റെ അറിവില്‍, പലിശയില്ലാതെ അയാള്‍ പലര്‍ക്കും പണം കടം പോലും കൊടുത്തിരുന്നു. അതിന്റെയൊക്കെ കണക്കുകള് വല്ലോം ആര്‍ക്കേലുമറിയാവോ? എല്ലാം അയാളോടൊപ്പം തീര്‍ന്നില്ലേ? ആ നല്ല മനുഷ്യന്റെ ഓര്‍മയ്ക്കായിട്ട് ഒരു സ്മാരകം ഉണ്ടാക്കണമെന്ന് ചന്തേലെ മുക്കാപ്പങ്കുള്ള കച്ചവടക്കാരും ചില നാട്ടുകാരും ചേര്‍ന്ന് ആലോചിച്ചു. അങ്ങനാണ് ചന്തേടെ കവാടത്തിന്റെ ഇടതുഭാഗത്തായി ബസു കേറാന്‍ വരുന്നവര്‍ക്ക് ഒരു കാത്തിരുപ്പുകേന്ദ്രം പണിയാമെന്നുള്ള തീരുമാനത്തിലെത്തിയെ.''
''എന്നിട്ട്...?''


''കട്ട കെട്ടി, മുകളില്‍ ആസ്ബെറ്റോസൊക്കെയിട്ട്, അകത്ത് കോങ്ക്രീറ്റ് ബെഞ്ചൊക്കെ ഒണ്ടാക്കി കുറച്ച് വിശാലമായ പരിവാടിയാരുന്നു. 'സെയ്ദ് റാവുത്തര്‍ മെമ്മോറിയല്‍ വെയിറ്റിംഗ് ഷെഡ്' എന്ന പേരുമങ്ങൊറപ്പിച്ചു. പിരിവൊക്കെ ഉഷാറായി വന്നപ്പഴാ ഓരോന്ന് പൊകയാന്‍ തുടങ്ങിയെ. എല്ലാം ആ ദാമോരമ്പിള്ളേടെ കളിയാ. റാവുത്തര് പോയേപ്പിന്നെ കയറുകച്ചവടത്തിന്റെ എരണം കിട്ടിയത് അയാക്കാണല്ലോ.''
''അതിന് അങ്ങേരെന്തിനാ പാരവെക്കുന്നെ?''
''അയാള് മാത്രവല്ല, അയാളുടെ പിന്നില്‍ വേറെ പലരുവൊണ്ട്. നീ ചെലപ്പോ കേട്ടിട്ടൊണ്ടാരിക്കും. ഞാനും നീയുമൊക്കെ ജനിക്കുന്നേന് വളരെ മുന്‍പ് നിന്റെ മുത്തച്ഛന്‍ ഈശ്വരന്‍പോറ്റി ജീവിച്ചിരുന്ന സമയത്ത്, ചന്ത നടത്താന്‍ ദാനമായിട്ട് വിട്ടുകൊടുത്ത സ്ഥലവാ അത്. അകത്തൂട്ടില്ലം വക അയ്യം. റാവുത്തരുടെ പേരില്‍ അവിടെ സ്മാരകം പണിയണ്ടെന്നാ ഒരു കൂട്ടര് പറയുന്നെ. എന്നാല്‍, റാവുത്തരോട് സ്‌നേഹവും കൂറുമൊള്ള കൊറച്ചുപേര് അത് പണിയുമെന്ന് ഉറപ്പിച്ചുതന്നാ. പണ്ട് ആരുടെ പേരിലാരുന്നാലും ഇപ്പം അതൊരു പൊതുസ്ഥലവല്ലേ? പണിക്ക് തുടക്കവിടുന്നതിന് വേണ്ടിയാ മെറൂറി മാധവന്‍ ഇന്ന് ചന്തേല്‍ വന്നത്. എന്തുവായാലും പറഞ്ഞുകേട്ടിടത്തോളം മെറൂറി ഇന്നവിടെ ഒരു കളം ഒരുക്കിയെടുത്തിട്ടുണ്ട്. ആരെന്തു വിചാരിച്ചാലും വേറൊരു പുല്ലും അവിടെ നടക്കാന്‍ പോന്നില്ല. മെറൂറിയൊള്ളിടത്തോളം റാവുത്തരുടെ സ്മാരകമവിടെ വന്നിരിക്കും, ഉറപ്പാ.''
എനിക്കതെല്ലാം പുതിയ വിവരങ്ങളായിരുന്നു. അകത്തൂട്ട് ചന്ത മുത്തച്ഛന്റെ ദാനമായിരുന്നത്രേ!

തറവാടൊക്കെ ഓര്‍മ്മയായ കാലം മുതല്‍ പൊളിഞ്ഞു നാശമായി കെടക്കുവാണ്. അച്ഛന്‍ അങ്ങോട്ടെങ്ങും പോകാറേയില്ല. എന്തൊക്കെയോ കേസും കാര്യങ്ങളുമൊണ്ടെന്നൊക്കെ അമ്മയും വെങ്കിടേശന്‍ മാമനും തമ്മില്‍ പറയുന്നത് കേട്ടിട്ടുണ്ട്. അതല്ലാതെ മറ്റൊന്നും ഇതുവരെ അറിയില്ലായിരുന്നു. എന്തെല്ലാമാണ് നമ്മളറിയാതെ ചുറ്റും നടക്കുന്നത്?''
കുളക്കരയില്‍നിന്നും എഴുന്നേറ്റ് ഞങ്ങള്‍ വീട് ലക്ഷ്യമാക്കി നടന്നു.
''നിന്നെ കാണാതെ നിന്റമ്മയും മാമനും വെഷമിക്കുന്നുണ്ടാവും. ചന്തേല്‍ നടന്ന കാര്യങ്ങളറിഞ്ഞ് അവരാകെ അങ്കലാപ്പിലായിക്കാണും. പെട്ടെന്ന് നടന്നു പൊയ്ക്കോ. ഞാന്‍ പൊറകേ വന്നോളാം. നീ എന്റെ കൂടാരുന്നെന്ന് കണ്ടാ അമ്മയ്ക്ക് തീരെ ഇഷ്ടപ്പെടത്തില്ല. ഞാമ്പറഞ്ഞതെല്ലാം ഓര്‍മ്മയൊണ്ടല്ലോ? എല്ലാം നിന്റെ മനസ്സീ തന്നിരിക്കട്ടെ. പെട്ടെന്ന് ചെല്ല്.''
ബോധോദയമുണ്ടായതു പോലെ ഞാന്‍ വീട്ടിലേക്കോടി.
ആകുലതയോടെ വഴിക്കണ്ണും നട്ടുനിന്ന അമ്മയുടെ മുഖം എന്നെ കണ്ടപ്പോള്‍ പൊടുന്നനെ മാറി.
''എടാ... നിന്നോട് ഞാനപ്പഴേ പറഞ്ഞതല്ലേ സൈക്കിളെടുക്കണ്ടാന്ന്! പിള്ളേരായാ അനുസരണ വേണം. ചൊല്ലും വിളിയുമില്ലാതിങ്ങനെ നടന്നാ മതിയല്ല്. ഇതുവരെ എവിടെപ്പോയി നെരങ്ങുവാരുന്ന്? ഹൊ, എവനൊരുത്തനെച്ചൊല്ലി തീ തിന്ന് മടുത്തല്ലോ എന്റെ ദേവീ....! എന്നിട്ട് സൈക്കിളെന്തേടാ? അമ്പലത്തീന്ന് നിന്റെ മാമനൊന്നിങ്ങ് വന്നോട്ടെ. കൊറേ പന്നല് പിടിച്ച കൂട്ടുകെട്ടുമുണ്ട്. എല്ലാം ഇന്നത്തോടെ നിര്‍ത്തിക്കോണം. എത്ര നേരമായിട്ട് നോക്കിയിരിക്കുവാ. മനുഷ്യന്‍ ആധി പെരുത്ത് ചാവും.''
''അതിന് ഞാനെന്തുവാമ്മേ ചെയ്‌തേ?''
''നീയിനി ഒന്നും മിണ്ടണ്ട. കേറിക്കോ പെരയ്ക്കാത്തേക്ക്! ശാന്തിവേല പഠിക്കണമെന്നും പറഞ്ഞ് നടന്നാ മാത്രം പോരാ. സൊഭാവോം കൂടെ നന്നാവണം. ഇന്നിതുവരെ കുളിച്ചോടാ നീ?''
അമ്മയോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. മിണ്ടാതെ പോയി കുളിച്ച്, കെട്ടുപോയ വിശപ്പിലേക്ക് ഉച്ചഭക്ഷണം കുത്തിത്തിരുകി, കട്ടിലില്‍ പോയി മലര്‍ന്നുകിടന്നു. സായാഹ്നവെയിലില്‍ ഇലകള്‍ അനങ്ങുന്നത് ജനാലയിലൂടെ നോക്കിക്കിടക്കുമ്പോള്‍, സജീവണ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലൂടെ അടുക്കടുക്കായി കടന്നുപോയി. ഓര്‍ത്തോര്‍ത്ത് കിടന്നപ്പോള്‍ എന്തോ ഒരു വിമ്മിട്ടം തൊണ്ടക്കുഴിയില്‍ വന്ന് തിക്കുമുട്ടുന്നതുപോലെ തോന്നി. നിര്‍ത്താതെ മുഴങ്ങിക്കൊണ്ടിരുന്ന അമ്മയുടെ പിറുപിറുക്കലുകള്‍ നേര്‍ത്തുനേര്‍ത്തു വന്നപ്പോള്‍, പായലുകള്‍ വകഞ്ഞുമാറ്റി ഞാന്‍ ഉറക്കത്തിന്റെ കുളത്തിലേക്ക് മെല്ലെ മുങ്ങാംകുഴിയിട്ടു.
വെങ്കിടേശന്‍ മാമന്റെ ശബ്ദമാണ് ഉണര്‍ത്തിയത്. കിടക്കയില്‍ എഴുന്നേറ്റിരുന്നപ്പോള്‍ 'എന്താ മോനേ, പതിവില്ലാതെ ഈ നേരത്തൊരുറക്കം' എന്നു പറഞ്ഞുകൊണ്ട് അരികിലെത്തി. ഭയന്നതുപോലെയുള്ള പ്രതികരണമല്ല മാമന്റേതെന്ന് കണ്ടപ്പോള്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സമാധാനം തോന്നി. ഒരു പുഞ്ചിരിയോടെ വന്നിരുന്ന് മാമന്‍ എന്റെ തോളില്‍ ചുറ്റിപ്പിടിച്ചു. 
''പേടിച്ചുപോയോ നീ? വെഷമിക്കണ്ട, നിന്റമ്മ ആധികൊണ്ട് ഓരോന്ന് പറയുന്നതാ. വേറേ ദുരര്‍ത്ഥമൊന്നും സംഭവിച്ചില്ലല്ലോ. അതുതന്നെ ഭാഗ്യം. സൈക്കിള് നമ്മക്ക് നന്നാക്കിയെടുക്കാം. ഞാനത് രമേശനെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. നല്ല ഉശിരൊള്ള ചെക്കനല്ലേ നീ? ധൈര്യമായിട്ടിരിക്ക്!''
അത്ഭുതത്തേക്കാളുപരി ആഹ്ലാദം കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. 
''ആ മെറൂറി നിന്നെ വല്ലോം പറഞ്ഞോ?''
''ഒന്നും പറഞ്ഞില്ല...?'' സംശയരൂപേണ ഞാന്‍ മാമന്റെ മുഖത്തേക്ക് നോക്കി.
''വലിയ വാളിയാ അവനൊക്കെ! നാട്ടുകാര്‍ക്ക് ശല്യം. നാടിന്റെ ശാപം!''
ഒന്നും മിണ്ടാതെ ഞാന്‍ തല താഴ്ത്തി. മാമന്‍ ഏറ്റവും പ്രിയപ്പെട്ടതായി കൊണ്ടുനടന്ന സൈക്കിള്‍ നാശമാകാന്‍ കാരണക്കാരനായതിലുള്ള സങ്കടം കൊണ്ട് ഞാനപ്പോള്‍ വീര്‍പ്പുമുട്ടുകയായിരുന്നു. എന്നിട്ടും എന്നോടിത്ര ശാന്തമായി പെരുമാറുന്നതോര്‍ത്ത് മാമനോട് എനിക്ക് പരിധികളില്ലാത്ത സ്‌നേഹം തോന്നി. നേരത്തെ തൊണ്ടക്കുഴിയില്‍ വന്ന് തങ്ങിനില്‍ക്കുന്നുവെന്ന് തോന്നിയ ആ എന്തോ ഒന്ന്, പൊടുന്നനെ പുറത്തേക്ക് വന്നു.
''അകത്തൂട്ട് ചന്ത നമ്മടെ സ്ഥലവാല്ലേ?''
മറുപടിയായി മാമന്‍ ഒന്നു നോക്കുക മാത്രം ചെയ്തു.
''മാമാ ഞാനൊരു കാര്യം പറയട്ടേ...?''
''നിനക്ക് എന്തുവേണേലും മാമനോട് പറയാം.''
വെങ്കിടേശന്‍ മാമന്‍ എന്നെ കുറേക്കൂടി ചേര്‍ത്തുപിടിച്ചു. ആ സ്‌നേഹവലയത്തിലിരുന്നുകൊണ്ട് പകല്‍ സജീവണ്ണന്‍ പറഞ്ഞ ചില കാര്യങ്ങള്‍ മാമനിലേക്ക് പകര്‍ന്നു. ഉള്ളില്‍നിന്നും വലിയ ഒരു ഭാരമിറങ്ങിപ്പോയ സന്തോഷത്തില്‍ ഞാന്‍ വിളക്കുകൊളുത്തി നാമം ചൊല്ലി.
കാട്ടില്‍ക്കടവിലേക്കെന്നും പറഞ്ഞ് മാമന്‍ പടിയിറങ്ങുമ്പോള്‍, ഞാന്‍ ചരിത്രപുസ്തകം നിവര്‍ത്തിവെച്ച് പഠിക്കാന്‍ തുടങ്ങി. നാളെ ക്ലാസ്സുപരീക്ഷയുണ്ട്. നിസ്സഹകരണ പ്രസ്ഥാനത്തെപ്പറ്റി വായിച്ചുവായിച്ച് ഉറക്കം തൂങ്ങിയ എന്നെ അമ്മയാണ് പിടിച്ചുകൊണ്ടുപോയി കിടത്തിയത്. ഉറക്കത്തില്‍ ഞാന്‍ വെള്ളത്തിലൂടെ അടിത്തട്ടില്‍ മിന്നിക്കളിക്കുന്ന കരട്ടികളെ സ്വപ്നം കണ്ടു.

രാവിലെ മന:പാഠമാക്കിയതെല്ലാം ഒന്നുകൂട് ഉള്ളിലുരുവിട്ട് സ്‌കൂളിലേക്ക് ഒറ്റയ്ക്ക് നടക്കുമ്പോള്‍, സജീവണ്ണന്റെ പെങ്ങള്‍ സുജ പിന്നാലെ ഓടിവന്നു.
''വിഷ്ണൂ... വിഷ്ണൂ... നീ അറിഞ്ഞോ? മെറൂറിയെ സജയന്‍ കുത്തിക്കൊന്നു! അകത്തൂട്ട് ചന്തയ്ക്കാത്ത് തന്നെ കെടക്കുവാന്നെന്ന്! പൊലീസൊക്കെ വന്നിട്ടുണ്ട്.''
ഒരു നിമിഷം കണ്ണുതുറിച്ച്, ഞാന്‍ അവിടെത്തന്നെ തറഞ്ഞുനിന്നു. കുറേ കാക്കകള്‍ അപ്പോള്‍ ആരവം കൂട്ടി ഒരു പരുന്തിന് പിന്നാലെ തെക്കോട്ട് പറന്നു. എന്റെ നില്പ് കണ്ടിട്ട് സുജ കുറച്ചുകൂടി അടുത്തുവന്ന് ശബ്ദം താഴ്ത്തി പറഞ്ഞു:
''അതേ... ആരാണ്ട് കൊന്ന് സജയന്റെ കാല്‍ച്ചുവട്ടീ കൊണ്ടിട്ടതാണെന്നൊക്കെ പറയുന്നൊണ്ട്. ഹൊ, എന്തൊക്കെയാ ഇവിടെ നടക്കുന്നെ....!''
സുജ, മുന്നിലൂടെ നടന്നിരുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തിലേക്ക് ഓടിപ്പോയി. 
ആര്‍ക്കേലും ദോഷം വരണമെന്ന് നമ്മള്‍ ഉള്ളുകൊണ്ട് വിചാരിക്കാതെ ചെയ്യുന്ന കാര്യങ്ങള്‍ മദമിളകിയ ആനയെപ്പോലെ മുന്നില്‍നിന്ന് കൊലവിളിക്കുന്നത് കാണാന്‍ രസമാണ്. എന്തായാലും ആ കാഴ്ച ഒന്ന് കണ്ടിട്ട് പോകാം എന്ന വിചാരത്തില്‍ സ്‌കൂളിലേക്കുള്ള വഴിവിട്ട്, അകത്തൂട്ട് ചന്ത ലക്ഷ്യമാക്കി ഞാന്‍ വേഗത്തില്‍ നടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com