പല കാരണങ്ങളാല്‍ ചിലര്‍: ശ്രീനാഥ് ശങ്കരന്‍കുട്ടി എഴുതിയ കഥ

അപരിചിതന്‍ ദാസനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിന്നു. ആ സമയം തീവണ്ടി ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയതും, ''നമുക്കിനിയും കാണാം'' എന്നും പറഞ്ഞ് അയാള്‍ പുറത്തേക്കൊഴുകിപ്പോയി.
പല കാരണങ്ങളാല്‍ ചിലര്‍: ശ്രീനാഥ് ശങ്കരന്‍കുട്ടി എഴുതിയ കഥ

രാണെന്ന് എത്രയാലോചിച്ചിട്ടും ദാസന് ഒരു പിടിയും കിട്ടിയില്ല. കുറച്ചു കൊല്ലങ്ങള്‍ക്കെല്ലാം മുന്‍പേ ആയിരുന്നെങ്കില്‍ എന്താടാ ജോണ്‍സാ അല്ലെങ്കില്‍ സജീവാ അതുമല്ലെങ്കില്‍ രവീ എന്നെല്ലാം ഉടന്‍ തിരിച്ചു ചോദിച്ച് അവനാരേയും ഞെട്ടിക്കുമായിരുന്നു. അല്ലെങ്കില്‍ തന്നെ, ചര്‍ച്ച് ഗേറ്റില്‍നിന്നും ബാന്ദ്രക്കുള്ള ഈ ലോക്കല്‍ ട്രെയിനില്‍ ''രാമദാസനെന്നെ മനസ്സിലായോ...?'' എന്നൊരു ചോദ്യം വന്നുവീഴുമെന്ന് ആരെങ്കിലും കരുതുമോ?

അപരിചിതന്‍ ദാസനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിന്നു. ആ സമയം തീവണ്ടി ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയതും, ''നമുക്കിനിയും കാണാം'' എന്നും പറഞ്ഞ് അയാള്‍ പുറത്തേക്കൊഴുകിപ്പോയി. അല്പംകൂടി വിശദാംശങ്ങള്‍ ദാസന് ചോദിക്കണമെന്നുണ്ടായിരുന്നു.
അന്ന് മുഴുവന്‍ അയാളുടെ മുഖം തലയ്ക്ക് പെരുപ്പായി നിന്നു. റൂമിലെത്തി കുളിച്ച് നേരെ ബാറിലേക്ക് പോയി. നിന്ന നില്‍പ്പില്‍ മൂന്നെണ്ണം വീശിനോക്കി.
ഒടുവില്‍ ഓര്‍മ്മ പിടികൊടുത്തത് വൈകീട്ട് മലയാളിമെസ്സിലെ പയ്യന്‍ ചോറിലേക്ക് സാമ്പാര്‍ ഒഴിച്ചപ്പോഴാണ്. ഒറ്റത്തെറിക്കലിന് ദാസന്റെ മനസ്സ് കുറേ വര്‍ഷങ്ങള്‍ പിന്നോട്ടു പോയി മദ്രാസ് നഗരത്തില്‍ ചെന്നുനിന്നു. 
***
ബി.കോമിനു പഠിക്കുമ്പോഴാണ് ദാസന്‍ 'മന്ത്രവടി' എന്ന പേരില്‍ ഒരു തിരക്കഥ എഴുതുന്നത്. അക്കാലത്ത് പത്മരാജനായിരുന്നു എല്ലാവരുടേയും ഹീറോ. വായിച്ചവരെല്ലാം ഗംഭീരമായിട്ടുണ്ടെന്നെല്ലാം പറഞ്ഞപ്പോള്‍ പിന്നൊന്നും ആലോചിക്കാന്‍ നിന്നില്ല. പെങ്ങളുടെ മാല അവരറിയാതെ എടുത്ത് പണയംവച്ച രണ്ടായിരം രൂപയും കൊണ്ട് മദ്രാസിനു വിട്ടു. ട്രെയിനില്‍ വച്ച് പരിചയപ്പെട്ട ഒരു സലീമും കൂടെക്കൂടി. നടനാവാനായിരുന്നു അവന് മോഹം. ഒട്ടും കുറച്ചില്ല. കോടമ്പാക്കത്ത് സ്വാമീസ് ലോഡ്ജില്‍ തന്നെ മുറിയെടുത്തു. 
ചെന്ന് രണ്ടാം ദിവസമാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ഒന്നുരണ്ടാഴ്ച കഴിഞ്ഞപ്പോള്‍ സലീമിന് മതിയായി. അവന്‍ തിരിച്ചുപോയി. അഭിമാനം അല്പം കൂടുതലായിരുന്നതിനാലും മാലപ്പണയത്തിന്റെ വിവരം ഇതിനകം വീട്ടില്‍ എത്തിയിട്ടുണ്ടാകുമെന്നതിനാലും ദാസന്‍ അവിടെത്തന്നെ തങ്ങി. കയ്യില്‍ നയാപ്പൈസയില്ലാതെ വിശന്നുപൊരിഞ്ഞ് ലോഡ്ജിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് അയാളെ പരിചയപ്പെടുന്നത്.
''വിശക്കുന്നുണ്ടല്ലേ?'' എന്നായിരുന്നു ആദ്യ ചോദ്യം. ''അതെ'' എന്ന് പറഞ്ഞപ്പോള്‍ ''വാ... നമുക്ക് ചോറുണ്ണാം'' എന്നായി. തൊട്ടടുത്ത ഹോട്ടലില്‍ കയറി. അന്ന് കഴിച്ച ഊണ് പോലൊന്ന് ജീവിതത്തില്‍ കഴിച്ചിട്ടുണ്ടായിരുന്നില്ല.
ഭക്ഷണം ചെന്ന് തലയ്ക്ക് അല്പം വെളിവായപ്പോഴാണ് അയാളെ ശ്രദ്ധിച്ചത്. പത്തുമുപ്പത്തഞ്ച് വയസ്സുണ്ടാവും. ഒട്ടും വീതിയില്ലാത്ത നെറ്റിയാണ് ആദ്യം ശ്രദ്ധിക്കുക. കട്ട ശരീരം. ഇരുനിറത്തില്‍ ഒരു കുറ്റിയാന്‍.
''വക്കീലേന്ന് വിളിച്ചാ മതി...'' നോട്ടം മനസ്സിലായതു പോലെ അയാള്‍ പറഞ്ഞു.
''എനിക്കെന്തിനാ ചോറു വാങ്ങിത്തന്നത്?'' ഉള്ളില്‍ തോന്നിയത് പുറത്തുകേട്ടു.
''കാര്യമുണ്ടെന്നു കൂട്ടിക്കോ...''
ദാസനു ചോറു കഴിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. 
''പേടിക്കണ്ടടോ... നമുക്ക് കുറച്ചു സിനിമ കാണാം'' തോളത്തു കയ്യിട്ട് ദാസനേയും കൂട്ടി അയാള്‍ നടന്നു. ഓട്ടോ പിടിച്ച് നേരെ പോയത് ഏതോ സിനിമാ വിതരണക്കമ്പനിയുടെ പ്രിവ്യൂ തീയേറ്ററിലേക്ക്. 
''ഞാന്‍ പറഞ്ഞില്ലല്ലോ. ഏപ്പടം വിതരണമാണ് നമ്മടെ പണി. നമുക്കിന്നൊരെണ്ണം കണ്ട് സെലക്റ്റ് ചെയ്യണം... അതായത്... രാജേഷിനിന്ന് ഫ്രീ ഷോ...''
''രാജേഷല്ല... രാംദാസ്...''
''ആ... രാമദാസനെങ്കി രാമദാസന്‍... ഏപ്പടം കാണുന്നത് മുഴുവന്‍ നിങ്ങടെ പ്രായത്തിലുള്ള കോളേജ് പിള്ളേരല്ലേ... ഇതില്‍ ഏതു കാണിച്ചാ അവര് കേറുമെന്ന് രാമദാസന്‍ തീരുമാനിക്കണം... അടുത്ത ആറുമാസം കോരിത്തരിപ്പിക്കാനുള്ളതാണ്...'' വക്കീല്‍ പ്രതീക്ഷയോടെ നോക്കി.
ദാസന് ആശ്വാസമായി. കുറേ കാലത്തിനുശേഷമാണ് തന്നെക്കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടാവുന്നത്. ഒറ്റയിരുപ്പിന് അഞ്ച് പടമാണ് അന്ന് കണ്ടത്. രണ്ടാമത് കണ്ട പടം അവന്‍ സെലക്ടും ചെയ്തു. ഓഫീസില്‍ പോയി പടം ബുക്ക് ചെയ്ത് തൊട്ടപ്പുറത്തെ തട്ടുകടയില്‍നിന്നും പാര്‍സല്‍ വാങ്ങി ഇറങ്ങുമ്പോള്‍ വക്കീല്‍ നൂറിന്റെ രണ്ട് നോട്ടുകള്‍ ദാസന്റെ പോക്കറ്റില്‍ ഇട്ടുകൊടുത്തു. ഇത് കൊള്ളാമല്ലോ എന്നവന് തോന്നിയതും ഒരു ഓട്ടോ വന്ന് അടുത്ത് ബ്രേക്കിട്ടുനിന്നു.
''എടുത്ത പണിക്ക് ഉടന്‍ കൂലി. ഞങ്ങള്‍ വക്കീലന്മാര്‍ അപ്പപ്പോ കണക്ക് തീര്‍ക്കും. അല്ലേല്‍ കാശ് പോയവഴി പോകും...'' ഇരുട്ടിലേക്ക് നീണ്ടുപൊയ്ക്കൊണ്ടിരുന്ന ഓട്ടോയില്‍ വച്ച് അയാള്‍ പറഞ്ഞത് ദാസന്‍ കേട്ടില്ല. ഈ രാത്രി ഇനി എങ്ങോട്ടുപോകും എന്നതായിരുന്നു അവന്റെ ചിന്ത.
ഓട്ടോ ചിരപരിചിതനെപ്പോലെ കുപ്പത്തിനരികിലെത്തി നിന്നു. അതുവരെ അയാള്‍ ഓട്ടോക്കാരന് വഴി പറഞ്ഞുകൊടുക്കുകയോ ദാസനോട് എങ്ങോട്ടാണ് പോകേണ്ടതെന്നു ചോദിക്കുകയോ ചെയ്തില്ല. ഇതെന്ത് വിചിത്ര മനുഷ്യന്‍ എന്നോര്‍ത്ത് ദാസന്‍ നില്‍ക്കുമ്പോള്‍ ''വാ'' എന്നും പറഞ്ഞ് അയാള്‍ ഒറ്റ നടത്തം. കാന്തം വലിച്ചപോലെ അവന്‍ കൂടെ നടന്നു.


എത്തിയത് ഭാര്‍ഗ്ഗവീനിലയം പോലൊരു കെട്ടിടത്തിന് മുന്നില്‍. ദാസന്‍ ആകെയൊന്നു നോക്കി. ചെറിയൊരു മുറ്റം. മൂന്നാംനിലയുടെ വലത്തേയറ്റത്തെ മഞ്ഞ ബള്‍ബ് ഞാനിപ്പോള്‍ മരിക്കുമെന്ന മട്ടില്‍ അവശനായി കത്തുന്നുണ്ട്. മങ്ങിയ വെളിച്ചത്തില്‍ അവന്‍ സൂക്ഷിച്ചു നോക്കി. വക്കീലിന്റെ കാല് നിലത്ത് മുട്ടുന്നുണ്ട്. 
കണ്ണില്‍ ഇരുട്ട് കുത്തുന്ന ഇടനാഴിയിലൂടെ വളഞ്ഞുപുളഞ്ഞ് രണ്ടുനിര സ്റ്റെപ്പു കയറിയാണ് ഒരു വാതിലിന്റെ മുന്നില്‍ ചെന്നുനിന്നത്. രണ്ടേ രണ്ട് തട്ട്. വാതിലിന്റെ വിടവിലൂടെ ''വന്തിട്ടാനാ'' എന്നൊരു ചോദ്യം പുറത്തേക്ക് വന്നു. ''ആമാ'' എന്നും പറഞ്ഞ് പോക്കറ്റില്‍ നിന്നു ചാവിയെടുത്ത് എതിരേയുള്ള മറ്റൊരു വാതില്‍ തുറന്ന് കയ്യെത്തിച്ച് വക്കീല്‍ ലൈറ്റിട്ടു. ദാസനെ നോക്കാതെ ''വാ'' എന്ന് മാത്രം പറഞ്ഞു. 
കയറിച്ചെല്ലുന്ന കുടുസ്സിടം കൂടാതെ രണ്ടുമുറികള്‍ മാത്രമുള്ള ചെറിയൊരു ഫ്‌ലാറ്റ്. വലത്തേ മുറിയില്‍ കിടക്ക നിലത്തിട്ടിരിക്കുന്നു. മറ്റേ മുറിയില്‍ പുല്‍പ്പായും തലയിണയും. അതായിരിക്കും തന്റെ മുറിയെന്ന് ദാസന്‍ മനസ്സിലുറപ്പിച്ചു. വക്കീല്‍ ഒന്നും മിണ്ടാതെ ഷര്‍ട്ടും പാന്റുമൂരി വാതിലിനു പുറകിലെ ഹുക്കില്‍ തൂക്കി. അഴയില്‍ കിടന്നിരുന്ന രണ്ടു കൈലികളില്‍ ഒന്നെടുത്തുടുത്തു. മറ്റേത് ദാസന് കൊടുത്തു.

ദാസന്‍ കൈലിയുടുത്ത് കഴിഞ്ഞപ്പോഴേക്കും വക്കീല്‍ കഴിക്കാന്‍ തുടങ്ങിയിരുന്നു. ചവയ്ക്കുന്നതിനിടയില്‍ കണ്ണുകൊണ്ട് ദാസനോട് കഴിക്കാന്‍ ആംഗ്യം കാട്ടി പാര്‍സല്‍ പൊതിയിലേക്ക് തിരിച്ചുപോയി. 
ദാസന്‍ രണ്ടാമത്തെ പൊറോട്ട കഴിച്ചുതുടങ്ങിയപ്പോഴാണ് വാതിലില്‍ മുട്ട് കേട്ടത്. വക്കീല്‍ ചെന്ന് വാതില്‍ തുറന്നു. കടന്നുവന്ന സ്ത്രീ ദാസനെ അടിമുടി നോക്കി. ''റൊമ്പ സാപ്പിടാതെ... അപ്പറം ഒണ്ണുമേ പണ്ണ മുടിയാത്...'' എന്ന് ദാസനോട് പറഞ്ഞിട്ട് വക്കീലിനെ നോക്കിച്ചിരിച്ച് മുറിയിലേക്ക് പോയി. അരികിലൂടെ പോയപ്പോള്‍ അവളുടെ ഉടലുഴിഞ്ഞ കാറ്റടിച്ചു. മുറുക്കാനും വിയര്‍പ്പും ചേര്‍ന്ന സ്ത്രീഗന്ധം. കാര്യം മനസ്സിലായത് പോലെ വക്കീല്‍ അവനെ നോക്കി. കൈ കഴുകി വന്നപ്പോള്‍ ചാരിക്കിടക്കുന്ന വാതിലിലേക്ക് കണ്ണ് ചൂണ്ടി ''വേണോ?'' എന്ന് ഒറ്റ ചോദ്യം.
ഒന്നും മിണ്ടാതെ അവന്‍ മുറിയിലേക്ക് നടന്നു. ''വലത്തു നിന്ന് രണ്ടാമത്തെ സ്വിച്ചിട്ടു വച്ചോ. ചെറിയ ലൈറ്റ് കിടന്നോട്ടെ'' വക്കീലിന്റെ ശബ്ദം അവനേയും കടന്ന് മുറിയിലേക്ക് ചെന്നു. കിടക്കയില്‍നിന്ന് അമര്‍ത്തിയ ചിരി മറുപടിയായി പുറത്തേക്ക് വന്നു.

ദാസന്‍ രണ്ടാമത്തെ സ്വിച്ചിട്ടു. മൂലയിലെ പൊടിപിടിച്ച സീറോ വാട്ട് ബള്‍ബ് കത്തി. നീല വെളിച്ചം കിടക്കയില്‍ നിറഞ്ഞു കിടന്നു. വാതിലടക്കാന്‍ തുടങ്ങിയ അവനോട് ''ചാരിയാ മതി, അടക്കണ്ട'' എന്ന് വക്കീല്‍ വിളിച്ചുപറഞ്ഞു.
തിരിച്ചിറങ്ങുമ്പോള്‍ അയാള്‍ അവിടെത്തന്നെ ഇരിപ്പുണ്ട്. ''ഞാനെല്ലാം കണ്ടു...'' എന്നയാള്‍ പറഞ്ഞപ്പോള്‍ മുണ്ടഴിഞ്ഞ് പോയതുപോലെ തോന്നിയതും അവന്‍ അറിയാതെ മുണ്ടിന്റെ കുത്തില്‍ കൂട്ടിപ്പിടിച്ചു.

''ഞാന്‍ തന്ന കാശെന്ത്യേ?'' എന്നും ചോദിച്ച് വക്കീല്‍ അവന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നും പൈസയെടുത്ത് അവള്‍ക്ക് കൊടുത്തു. കാശ് കിട്ടിയതും പെണ്ണിറങ്ങിപ്പോയി. അവനെ ഒന്നു നോക്കിയതുപോലുമില്ല. ''പണിയെടുത്താലും എടുപ്പിച്ചാലും കൂലി ഉടനെ കൊടുത്തുതീര്‍ക്കണം'' എന്നും പറഞ്ഞ് കിടക്കയുള്ള മുറിയിലേക്ക് അയാള്‍ പോയി. 

അന്ന് രാത്രി മുഴുവന്‍ ദാസന്‍ പായവിരിച്ച മുറിയില്‍ ഉറങ്ങാതെ കിടന്നു. വക്കീലെഴുന്നേറ്റ് വരുന്നതിനു മുന്‍പേ മുറിയില്‍നിന്ന് ഇറങ്ങി. പോകുന്നപോക്കിന് മേശപ്പുറത്തിരുന്ന അയാളുടെ പേഴ്സില്‍നിന്ന് പണമെടുത്തു. അടുത്തിരുന്ന കുറ്റിപ്പെന്‍സിലെടുത്ത് കയ്യില്‍ കിട്ടിയ കടലാസുകഷണത്തില്‍  ''കാഴ്ച കണ്ടതിനുള്ള കൂലി 500 എടുക്കുന്നു'' എന്നെഴുതി പേഴ്സിന് മുകളില്‍ തന്നെ വച്ചു.
***
ബാന്ദ്രയിലേക്കുള്ള ട്രെയിനില്‍ അരികുചേര്‍ന്ന് ആരും ശ്രദ്ധിക്കാത്ത വിധത്തില്‍ ദാസന്‍ നിന്നു. സത്യത്തില്‍ അയാളെ കാണാതിരിക്കാന്‍ ഒരു മണിക്കൂര്‍ വൈകിയാണ് അന്നവന്‍ പുറപ്പെട്ടത്. എന്നിട്ടും കാര്യമുണ്ടായില്ല. തോണ്ടല്‍ വന്നത് പുറകില്‍ നിന്നായിരുന്നു.
 തിരിഞ്ഞു നോക്കലും ''ഒടുവില്‍ എന്ത് തീരുമാനിച്ചു'' എന്നൊരു ചോദ്യം. 
''വക്കീലല്ലേ? മദ്രാസില്‍ വച്ചു കണ്ടുമുട്ടിയ...'' അതുവരെ ഇല്ലാതിരുന്ന സംശയം വാക്കുകളില്‍ കടന്നുകൂടി. ഒരുറപ്പിനായി അവന്‍ ചുറ്റും നോക്കി. ഏതോ സ്റ്റേഷനടുക്കാറായിട്ടുണ്ട്.
''അപ്പോ ഓര്‍മ്മയുണ്ട്... എന്റെ രൂപാ അഞ്ഞൂറ് അടിച്ചോണ്ടു പോയ നിന്നെ ഞാന്‍ വിടൂല്ല... മോനെ...'' അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞുതീര്‍ന്നതും ദാസന്റെ പുറകില്‍നിന്നും തിരക്ക് തള്ളിവന്നു. അവിടെത്തന്നെ നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അത് അവരേയുമെടുത്ത് പുറത്തേയ്ക്ക് പോയി. ലോക്കല്‍ അകന്നുപോകുന്നതും നോക്കിനില്‍ക്കുമ്പോള്‍ ഗംഭീരനൊരു മഴ പെയ്യാന്‍ തുടങ്ങി. ''എന്തൊരു മഴ'' എന്നും പറഞ്ഞ് ആരോ അരികിലൂടെ പ്ലാറ്റ്ഫോമിലേക്ക് ഓടിപ്പോയി. മഴയൊന്നൊതുങ്ങിയതും ''വാ'' എന്നും പറഞ്ഞ് സ്റ്റേഷനു പുറത്തേക്ക് വക്കീല്‍ ആഞ്ഞ് നടപ്പു തുടങ്ങി. ''ഇയാള്‍ക്കിതൊരു മാറ്റവുമില്ലല്ലോ'' എന്നു മനസ്സിലോര്‍ത്ത് അവനും കൂടെ നടന്നു. വക്കീലില്‍നിന്നുള്ള മറ്റൊരനുഭവത്തിന് മനസ്സും ശരീരവും മെല്ലെ തയ്യാറാവുന്നത് അവനറിയുന്നുണ്ട്.
ഇയാള്‍ പഴയ വക്കീലാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ദാസനു സമാധാനമായതായിരുന്നു. എന്നാല്‍, നടക്കുന്നതിനിടയില്‍ ''നീ എത്ര നാളായി നാട്ടില്‍ പോയിട്ട്...?'' എന്ന ചോദ്യം വന്നതോടെ പത്തുപന്ത്രണ്ട് കൊല്ലം മുന്‍പ് ഈ നഗരത്തിലെത്തിപ്പെട്ട അന്നുമുതല്‍ തുടരുന്ന അതേ ഭയം അവനെ വീണ്ടും പിടികൂടി.
***


കരാട്ടേ ടോമിച്ചന്‍ കാരിപ്പള്ളിയിലെ ആദ്യ ബ്ലാക്ക്ബെല്‍റ്റായതും സെയിന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന്റെ ഗ്രൗണ്ടില്‍ കരാട്ടേ ക്ലാസ്സ് നടത്തിയിരുന്നതും ദാസന് ഓര്‍മ്മവയ്ക്കുന്നതിനു മുന്‍പേ ആയിരുന്നു. രാവിലെ, കാരിപ്പള്ളി സൗത്തില്‍നിന്നും പള്ളിനട വരെയുള്ള നാലു കിലോമീറ്റര്‍ ഓടിവന്ന് കുര്‍ബാനയ്ക്കു മുന്‍പ് ചായക്കടയില്‍നിന്ന് ഒരു വെട്ടുഗ്ലാസ് നിറയെ പാല് വാങ്ങി ഒറ്റവലിക്കു കുടിക്കുന്ന ടോമിച്ചനാണ് സംഭവം നടക്കുന്ന സമയത്തെ കരാട്ടേ ടോമിച്ചന്‍.

ടോമിച്ചന്റെ എല്ലാ ഞായറാഴ്ചകളും ഒരേ കണക്കാണ്. പാലുകുടി കഴിഞ്ഞാല്‍ കടത്തിണ്ണയില്‍ അരമുക്കാല്‍ മണിക്കൂര്‍ നില്‍ക്കും. പള്ളിയിലേക്കും അമ്പലത്തിലേക്കും പോകുന്ന സകല പെണ്ണുങ്ങളേയും ആകെ മൊത്തമൊന്ന് വിലയിരുത്തും. തെരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്കു കുറച്ചുദൂരം കൂടി കണ്‍കൂട്ട് കൊടുക്കും. നാട്ടുകാര്‍ക്കാര്‍ക്കും അതൊരു വിഷയം അല്ലാത്തതുകൊണ്ടോ ടോമിച്ചന്റെ കരാട്ടെയെ പേടിച്ചിട്ടോ പ്രശ്‌നങ്ങളൊന്നും ഇതിന്റെ പേരില്‍ കാരിപ്പള്ളിയില്‍ ഉണ്ടായിട്ടില്ല. ടോമിച്ചന് പെണ്ണുങ്ങളെ ''നോക്കാന്‍'' മാത്രമേ പറ്റുകയുള്ളൂ എന്നതായിരുന്നു പരസ്യമായിരുന്ന മറ്റൊരു രഹസ്യം.
ആയിടക്കാണ് ദാസന്റെ മൂത്ത അളിയന്‍, നാട്ടിലെ പശുക്കറവയെല്ലാം നിറുത്തി ഗള്‍ഫിലെ ഫാമില്‍ ജോലിക്കു പോയത്. പെങ്ങള്‍ക്ക് പ്രത്യേകിച്ച് ഉദ്യോഗമൊന്നുമില്ലാതിരുന്നതിനാലും അമ്പലത്തിലേക്ക് പള്ളിനട വഴി പോകണ്ടാത്തതിനാലും ടോമിച്ചന്റെ മുന്നില്‍പ്പെടാന്‍ അതുവരെ ഇടവന്നിട്ടുണ്ടായിരുന്നില്ല.

ഗള്‍ഫില്‍ പോയി ആദ്യമാസം തന്നെ കൂട്ടുകാരന്‍ വഴി അളിയന്‍ കൊടുത്തു വിട്ട ബ്രൂട്ടെല്ലാമടിച്ചായിരുന്നു അക്കാലത്ത് ദാസന്റെ നടപ്പ്. അങ്ങനെ നടന്നുനടന്ന് ഒരു ഞായറാഴ്ച പള്ളിനടയെത്തിയപ്പോള്‍ കാറ്റ് ബ്രൂട്ടിനെയെടുത്ത് ടോമിച്ചന്റെ മൂക്കില്‍ കൊണ്ടുവച്ചു. ''നിന്റെ ആരാടാ ഗള്‍ഫില്'' എന്ന് ടോമിച്ചന്‍ ചോദിച്ചതും കടത്തിണ്ണയില്‍നിന്ന് ഏതോ ഒരുത്തന്‍ ''അളിയന്‍'' എന്ന് മറുപടി പറഞ്ഞു. ദാസന് കാര്യം മനസ്സിലായി. അവനൊന്നും മിണ്ടിയില്ല.

നാലഞ്ചുദിവസം കഴിഞ്ഞാണ് തൊണ്ടക്കുളത്തില്‍ കുളിക്കാന്‍ പോയ പെങ്ങള്‍, കരഞ്ഞുവിളിച്ച് വീട്ടിലെത്തിയത്. ഗള്‍ഫില്‍ നിന്നയക്കുന്ന ആദ്യ ശമ്പളത്തിന് വീട്ടില്‍ കുളിമുറി കെട്ടിക്കോളണമെന്ന് അളിയന്‍ ശട്ടം കെട്ടിയിരിക്കുന്ന കാലമാണ്. വരവു കണ്ടപ്പോഴേ ദാസനു കാര്യം മനസ്സിലായി. ഒന്നും ചോദിക്കാനും പറയാനും നിന്നില്ല. വാതിലടച്ച് അവന്‍ അകത്തുതന്നെയിരുന്നു. ഉള്ളില്‍ മുഴുവന്‍ ടോമിച്ചന്റെ ഇരുമ്പുശരീരമായിരുന്നു.
വാതിലില്‍ തട്ടി വിളിച്ച് ''ആണാണോടാ'' എന്ന ഒറ്റച്ചോദ്യമേ അകത്തേക്ക് വന്നുള്ളൂ. ദാസന്റെ രോമകൂപങ്ങളോരോന്നില്‍നിന്നും പുരുഷന്മാര്‍ മാത്രമുല്പാദിക്കുന്ന പ്രത്യേക തരം വികാരം തിളച്ചുപൊങ്ങി. അതിന്റെ ചൂടാറും മുന്‍പേ ''പോയി കൊന്നിട്ടു വന്നാലും കുഴപ്പമില്ല...'' എന്നൊരു ഡയലോഗ് പുറകേ വന്നു.

വികാരം പെട്ടെന്ന് തന്നെ ആറിയെങ്കിലും ഇനി രക്ഷയില്ല എന്ന് ദാസന് മനസ്സിലായി. പഴയൊരു പേനാക്കത്തി മടിക്കുത്തില്‍ തിരുകി അവനിറങ്ങി.
പള്ളിനട എത്തുന്തോറും കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങിയിരുന്നു. ടോമിച്ചന്‍ അവിടെത്തന്നെയുണ്ട്. കാലമാടന്‍ തൊണ്ടക്കുളത്തിനടുത്തുനിന്ന് നേരെ പള്ളിനടയിലേക്കാണ് പോന്നിരിക്കുന്നത്.
അകലെനിന്ന് ദാസന്റെ വരവ് കണ്ടതും ടോമിച്ചന്‍ ആദ്യമൊന്ന് അലര്‍ട്ടായി. ''ചീളുചെക്കന്‍ എന്തു ചെയ്യാന്‍'' എന്നു സ്വയം പറഞ്ഞ് വീണ്ടും അയഞ്ഞുതന്നെ നില്‍പ്പായി.
അടുക്കുന്തോറും ''മതി... തിരിച്ചുപോകാം'' എന്നൊരാള്‍ ഉള്ളിലിരുന്ന് പറയുന്നത് ദാസന് വ്യക്തമായി കേള്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നു. അല്ലെങ്കില്‍ത്തന്നെ പഴയ മാലപ്പണയത്തിന്റെ ചീത്തപ്പേര് മാറിയിട്ടില്ല. അവന്‍ മുന്നോട്ടുതന്നെ പോവാന്‍ ഉറപ്പിച്ചു.

കുടിച്ചു തുടങ്ങിയ പാല്‍ഗ്ലാസ്സെടുത്ത് ടോമിച്ചന്‍ ദാസന് നേരെ നീട്ടി. ഒന്നും മിണ്ടാതെ അവന്‍ അത് വാങ്ങി കുടിച്ചു കഴിഞ്ഞപ്പോള്‍ ''ഇനി മോന്‍ പൊയ്ക്കോ'' എന്നവനോട് പറഞ്ഞു. തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയപ്പോഴാണ് ടോമിച്ചന്‍ ആ വേണ്ടാതീനം പറഞ്ഞത്. പറഞ്ഞു കഴിഞ്ഞപ്പോള്‍ വേണ്ടായിരുന്നുവെന്ന് അയാള്‍ക്കുപോലും തോന്നുകയും ചെയ്തു. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. ''നാളേം വരാന്ന് പെങ്ങളോട് പറഞ്ഞേക്ക്'' എന്ന് പറഞ്ഞുതീര്‍ന്നതും ദാസന്‍ പേനാക്കത്തിയെടുത്ത് കറങ്ങിത്തിരിഞ്ഞ് ടോമിച്ചന്റെ ഇടത്തേ വാരിയെല്ലിന് താഴത്തായി ഒറ്റക്കയറ്റം. മടലുകീറുന്നത് പോലുള്ള ശബ്ദവും വിറയും കയ്യിലൂടെ പടര്‍ന്ന് തലച്ചോറിലെത്തിയപ്പോഴാണ് ദാസനും ഓര്‍മ്മവീണത്. പ്രതീക്ഷിക്കാത്ത കുത്തില്‍ ടോമിച്ചന്‍ പുറകോട്ട് മലച്ചു. കത്തി കയറിയിടത്തു തന്നെ വിട്ട് ദാസന്‍ തിരിഞ്ഞോടി.

ആ ഓട്ടം അവന്‍ ആറുദിവസം നിര്‍ത്താതെ ഓടി. ആദ്യം കണ്ട ബസില്‍ കയറി; അവസാനമെത്തിയ സ്റ്റോപ്പിലിറങ്ങി. ആദ്യം കിട്ടിയ തീവണ്ടിയില്‍ കയറി; അവസാനമെത്തിയ സ്റ്റേഷനില്‍ ഇറങ്ങി. കാറ്റും കോളുമടങ്ങിയപ്പോള്‍ അന്നടിഞ്ഞത് ഈ മഹാനഗരത്തില്‍. പിന്നീടൊരു തിരിച്ചുപോക്കുണ്ടായിട്ടില്ല. 
***
നടക്കുമ്പോള്‍ വക്കീല്‍ ഒന്നും സംസാരിച്ചില്ല. മഴ കഴിഞ്ഞ് ആകാശം മൂടിക്കെട്ടി നില്‍ക്കുകയായിരുന്നു.
സ്റ്റേഷന് ഏകദേശം നൂറുമീറ്റര്‍ മുന്നില്‍ വലതുവശത്തായി കണ്ട ആദ്യത്തെ ഹോട്ടലിലേക്ക് വക്കീല്‍ കയറി. ഒന്നും പറയേണ്ടിവന്നില്ല. വക്കീലിനെ പണ്ടേ അറിയാവുന്നതുപോലെ ബെയറര്‍ രണ്ടു കാപ്പി മുന്നില്‍ കൊണ്ടുവച്ചു. കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ''പെണ്ണ്?'' എന്നു മാത്രം ദാസനോടയാള്‍ ചോദിച്ചു. ''ഇല്ല'' എന്ന് മറുപടി പറഞ്ഞതും വക്കീലെണീറ്റ് ''കൊടുകൈ'' എന്നും പറഞ്ഞ് കൈ പിടിച്ചു കുലുക്കി.
ദാസന്‍ പറഞ്ഞതു നുണയായിരുന്നു. 
***
നാട്ടില്‍നിന്ന് കയറിയ ആ ട്രെയിനില്‍ വച്ചാണ് ദാസന്‍ പോക്കറുകണ്ണിനെ പരിചയപ്പെടുന്നത്. മാംഗ്ലൂര്‍ സെന്‍ട്രലില്‍നിന്ന് ട്രെയിന്‍ നീങ്ങിത്തുടങ്ങിയതിനുശേഷം ഓടിക്കിതച്ച് കയറുന്നതിനിടയില്‍ വീഴാന്‍ പോയ തടിയനെ ഒരുവിധത്തിലാണ് വാതില്‍ക്കല്‍നിന്ന ദാസന്‍ വലിച്ച് അകത്തിട്ടത്. ആ യാത്രയില്‍ ആദ്യമായി അവനെ നോക്കി ഒരാള്‍ പുഞ്ചിരിച്ചതപ്പോഴാണ്. 
അവസാന സ്റ്റേഷനായ 'തിലക് നഗര്‍' എത്തുന്നതുവരെ പോക്കറുകണ്ണ് സംസാരിച്ചുകൊണ്ടേയിരുന്നു. ഉണക്കമീന്‍ കച്ചവടമാണ്. മംഗലാപുരത്തു നിന്നു മുംബൈയിലേക്ക് മാസത്തില്‍ രണ്ടോ മൂന്നോ ട്രിപ്പ്. ധാരാവി ജുമാ മസ്ജിദിനടുത്ത് ഒറ്റമുറികിച്ചണ്‍ വീടുണ്ട്. മംഗലാപുരത്തുനിന്ന് കയറുമ്പോള്‍ ലോഡിനൊപ്പം ബൈക്കും കയറ്റും. രണ്ടുദിവസം കച്ചവടം കഴിഞ്ഞാല്‍ ബൈക്കുമായി തിരിച്ച് മംഗലാപുരത്തേക്ക്. ബീടരും രണ്ടു പിള്ളേരും മംഗലാപുരത്ത്. ചിന്ന ഒരു 'സെറ്റപ്പ്' ധാരാവിയിലുമുണ്ടെന്ന് പറഞ്ഞ് ദാസനെ നോക്കി അയാള്‍ കണ്ണിറുക്കി ചിരിച്ചു. 
ദാസന് 'തിലക് നഗറി'ല്‍നിന്ന് വണ്ടിയുടെ പുറകിലിരിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. പോകേണ്ട സ്ഥലങ്ങളെല്ലാം കറങ്ങി ധാരാവിയിലെ മുറിയിലെത്തിയപ്പോള്‍ ഏറെ വൈകി. രണ്ടു പേരെയും നല്ലവണ്ണം ഉണക്കമീന്‍ നാറുന്നുണ്ടായിരുന്നു.

മുറിയില്‍ അയാളുടെ 'സെറ്റപ്പ്' ഉണ്ടായിരുന്നു. ''നീ പോയി കുളിച്ചോ... ഞാനിവളെ ഒന്നു മയപ്പെടുത്തട്ടെ'' എന്നും പറഞ്ഞ് പോക്കറുകണ്ണ് ടവലും സോപ്പും കൊടുത്ത് മുറിക്ക് പുറത്തുള്ള കുളിമുറി ചൂണ്ടിക്കാണിച്ചു. ദാസന്‍ പുറത്തു കടന്നതും സിഗരറ്റും കത്തിച്ച് അയാള്‍ വാതിലടച്ചു. ദാസന്‍ കുളികഴിഞ്ഞു വരുമ്പോഴും അകത്ത് തട്ടുംമുട്ടും കഴിഞ്ഞിട്ടില്ല. അകത്തെ ഒച്ചപ്പാടും വാതിലിനു പുറത്തെ അവന്റെ നില്‍പ്പും കണ്ട് ചിരിച്ചുകൊണ്ട് രണ്ട് പെണ്ണുങ്ങള്‍ കടന്നുപോയി. 

വാതില്‍ തുറന്ന് 'സെറ്റപ്പ്' കുളിമുറിയിലേക്ക് പോയപ്പോള്‍ ''നീയിതൊന്നും കണ്ട് പേടിക്കണ്ട... രാത്രി അടുക്കളയില്‍ കിടക്കാം... രണ്ടീസം കഴിഞ്ഞ് കിടക്കാന്‍ സ്ഥലം മ്മക്ക് കണ്ടുപിടിക്കാം... അപ്പ പോയാ മതി'' എന്നു പറഞ്ഞ് പെട്ടിയില്‍നിന്നൊരു മുണ്ടെടുത്ത് ദാസന് കൊടുത്തു. അഞ്ചാറു ദിവസം കൂടി ദാസന്‍ ആ അടുക്കളയില്‍ ഒറ്റപ്പായ വിരിച്ച് സുഖമായുറങ്ങി.
പിറ്റേന്ന് മുതല്‍ കച്ചവടം പൊടിപൊടിച്ചു. സ്ഥിരമായി ബോംബെയില്‍ വിശ്വസിക്കാന്‍ ഒരാളായതോടെ പോക്കറുകണ്ണിന്റെ വരവും മാസത്തിലൊന്നായി. സെറ്റപ്പിന്റെ പേര് നൂര്‍ജഹാന്‍ എന്നാണെന്നും യു.പിയില്‍നിന്ന് കാമാട്ടിപ്പുരയില്‍ വില്‍ക്കാന്‍ കൊണ്ടുവന്നിടത്തുനിന്ന് ഓടി രക്ഷപ്പെട്ട് പോക്കറുകണ്ണിന്റെ അടുത്ത് എത്തിപ്പെട്ടതാണെന്നും പിന്നീടാണറിഞ്ഞത്. പോക്കറുകണ്ണ് ദൈവമാണെന്ന് ദാസന്‍ കരുതിയിരുന്ന കാലമായിരുന്നു അത്. ദൈവദാസന്‍ പ്രലോഭനത്തിന് കീഴ്പെട്ട ആദ്യദിവസം തന്നെ, അടഞ്ഞ മുറിക്കുള്ളില്‍, തന്റെ തുടകള്‍ക്കിടയില്‍ സിഗരറ്റുകുറ്റികള്‍കൊണ്ട് പോക്കറുകണ്ണ് വരച്ച ചിത്രങ്ങള്‍ നൂര്‍ജഹാന്‍ അവനെ കാണിച്ചു. ദാസന്‍ അന്നുമുതല്‍ പോക്കറുകണ്ണ് ദൈവമല്ലെന്ന് സ്വയം ഉറപ്പിക്കുകയും അയാള്‍ ഇല്ലാത്ത ദിവസങ്ങളില്‍ നൂര്‍ജഹാനൊപ്പം ഉറങ്ങുകയും ചെയ്തു. 
***
''കാപ്പീടെ കാശു കൊടുക്ക്... ഇവിടന്ന് മ്മക്ക് വേഗം ഇറങ്ങാം...'' വക്കീല്‍ ഹോട്ടലില്‍ നിന്നിറങ്ങിക്കഴിഞ്ഞു. കാശുകൊടുത്ത് ദാസന്‍ കൂടെയിറങ്ങി. മഞ്ഞയും കറുപ്പും ടാക്‌സി ഒരെണ്ണം വന്നുനിന്നു. അവര്‍ കയറിയതും ഒന്നും പറയാതെ അതു മുന്നോട്ടു പാഞ്ഞു. 
ഊടുവഴികള്‍ താണ്ടി ഒരു ബാറിന്റെ മുന്നില്‍ ചെന്ന് വണ്ടി നിന്നു. ''കാശു കൊടുത്തേക്ക്'' എന്നും പറഞ്ഞ് വക്കീലിറങ്ങി നടന്നു. മീറ്റര്‍പൈസ കൊടുത്ത് ''എല്ലാം പഴയപോലെ ആവര്‍ത്തിക്കുവാണല്ലോ'' എന്നോര്‍ത്ത് അവന്‍ ബാറിലേക്ക് കയറി. മൂലയിലെ ടേബിളില്‍ വക്കീല്‍ സീറ്റ് പിടിച്ചിട്ടുണ്ട്. എതിരെ ദാസന്‍ ഇരുന്നു. ലേഡീസ് ബാറാണ്. സപ്ലേക്ക് ആരും വരുന്നില്ലെന്നു കണ്ട് ദാസന്‍ വിളിക്കാനായി എണീറ്റു. ''അവര്‍ക്കറിയാം... വരും...'' വക്കീല്‍ അവനെ തടഞ്ഞു.
''വക്കീല് ഏപ്പടത്തിന്റെ പരിപാടി നിര്‍ത്ത്യാ...?'' അവന്‍ സംസാരത്തിന് തുടക്കമിട്ടു. ഒരു പെണ്ണ് രണ്ടു ലാര്‍ജ് റമ്മും രണ്ടു സോഡയും ട്രേയില്‍ ഐസും രണ്ടു ബിരിയാണിയും കൊണ്ടു വച്ചിട്ട് വക്കീലിന്റെ കവിളില്‍ ഒന്നു തലോടി അവനെ കണ്ണിറുക്കിക്കാണിച്ചിട്ട് പോയി. ''അതൊക്കെ എപ്പോഴേ നിര്‍ത്തി... ദേ ഇപ്പ കൊണ്ടന്നു വച്ചിട്ട് പോയില്ലേ. അവളാണ് സണ്ണി ലിയോണ്‍. സണ്ണി ലിയോണിന്റെ കാലത്ത് ഷക്കീലക്കെന്ത് മാര്‍ക്കറ്റ്...'' റമ്മില്‍ സോഡയൊഴിച്ച് ഐസ് ക്യൂബിടുന്നതിനിടയില്‍ വക്കീല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ''മ്മക്ക് പക്ഷേ, ജനസേവനം നിര്‍ത്താന്‍ പറ്റോ... കച്ചോടം അല്പം മാറ്റിപ്പിടിച്ചു. ഈ ബാറിലടക്കം മൂന്നു ബാറില്‍ മാന്‍പവര്‍ സപ്ലൈ ഒണ്ട്... പിന്നെ പ്രൈവറ്റ് സപ്ലൈ വേറെ... ജീവിച്ചു പോണ്ടേടേ... രാമദാസാ...'' വക്കീല്‍ ഉറക്കെച്ചിരിച്ചു. അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നവര്‍ ഒന്ന് നോക്കി വീണ്ടും പഴയപോലെയായി.

''നിനക്കെന്തൂട്ടാ പരിപാടി...?'' വക്കീല്‍ ഗ്ലാസ്സ് ഒറ്റവലിക്കു തീര്‍ത്തിട്ട് ചോദിച്ചു. ''ഒണക്കമീന്‍ സപ്ലൈയാണ്... ഹോള്‍സെയില്‍'' ദാസന്‍ പറഞ്ഞു. ''അപ്പോ നീ സാമ്പത്തികമായി രക്ഷപ്പെട്ടല്ലേ...'' വക്കീലിന്റെ കണ്ണുകള്‍ വിടര്‍ന്നു.
''പിള്ളേര് കരകയറണതു കാണുമ്പ നമുക്ക് സന്തോഷം... ഒന്നൂല്ലേ നൂറു രൂപ കടം ചോദിക്കാല്ലോ... പക്ഷേ, നിന്നോടത് ഞാന്‍ ചെയ്യൂല്ല. അന്ന് നീ എടുത്ത ഏപ്പടം ഒരു കൊല്ലാണ് കേരളത്തില് തകര്‍ത്തോടീത്. ഞാന്‍ രക്ഷപ്പെട്ടത് അതിലാ. അന്ന് ഞാന്‍ ഉറപ്പിച്ചതാ എന്നേലും നിന്നെ കാണുമ്പോ ചെലവ് ചെയ്യണംന്ന്'' വക്കീല്‍ അതിനിടയില്‍ രണ്ടാമത്തെ ലാര്‍ജും തീര്‍ത്തത് ദാസന്‍ ശ്രദ്ധിച്ചു. ആ ഇരുപ്പ് രണ്ടു മണിക്കൂര്‍ കൂടി അവരവിടെ ഇരുന്നു. വക്കീല്‍ മാത്രം എന്തെല്ലാമോ പറഞ്ഞുകൊണ്ടിരുന്നു. ''നമുക്ക് ഇറങ്ങാം...?'' ദാസന്‍ കയ്യുയര്‍ത്തി ബില്ലിന് പറഞ്ഞു. സണ്ണി ലിയോണ്‍ ബില്ല് കൊണ്ടുവന്നു. അഞ്ചെണ്ണം തീര്‍ത്ത വക്കീല്‍ അപ്പോഴേക്കും കുഴഞ്ഞുതുടങ്ങിയിരുന്നു. 
''ഇന്നു രാമദാസന്‍ എന്റെ കൂടെ വരണം... എനിക്ക് നിന്നെ സല്‍ക്കരിച്ച് മതിയായില്ല...'' ദാസന്റെ കയ്യെടുത്ത് നെഞ്ചില്‍ ചേര്‍ത്ത് വക്കീല്‍ കരയാന്‍ തുടങ്ങി. പേഴ്സെടുത്ത് ദാസന്‍ പണം കൊടുക്കാന്‍ പോയപ്പോള്‍ വക്കീല്‍ തടഞ്ഞു. ബില്ലു വാങ്ങി നോക്കി ഒപ്പിട്ടു കൊടുത്ത് വക്കീല്‍ കരച്ചില്‍ തുടര്‍ന്നു.
കുറച്ചു നേരം ഇരുന്ന് കരഞ്ഞതിനുശേഷം അയാള്‍ ചെറുവിരലുയര്‍ത്തിക്കാട്ടി ടോയ്ലറ്റിലേക്ക് പോയി. തിരിച്ചെത്തുന്നതുവരെ കാത്തിരിക്കാനുറപ്പിച്ച് ദാസനിരുന്നു. മേശപ്പുറത്ത് രണ്ടീച്ചകള്‍ ഇണചേര്‍ന്നുകൊണ്ടിരുന്നത് അവന്‍ ചൂണ്ടുവിരല്‍കൊണ്ട് തട്ടിത്തെറുപ്പിച്ചു. രണ്ടും രണ്ടു വഴിക്ക് പറന്നുപോയി.
''അപ്പോ പറഞ്ഞപോലെ. മ്മള് പോവാല്ലെ...?'' വക്കീല്‍ ഉഷാറായി എത്തിക്കഴിഞ്ഞു. ''അല്ലെങ്കില്‍ ദാദറില്‍നിന്നും കല്യാണിലേക്ക് ട്രെയിന്‍ മാറിക്കയറി എത്തുമ്പോഴേക്കും ലേറ്റാവും...''

ട്രെയിനില്‍ അത്ര തിരക്കുണ്ടായിരുന്നില്ല. തുറന്ന വാതിലിനരികില്‍നിന്ന് ദാസന്‍ പുറത്തേക്ക് നോക്കി. നഗരം, ഉച്ചവെയിലില്‍ തളര്‍ന്നുവീണു തുടങ്ങിയിരുന്നു. 
എന്തായിരിക്കും തനിക്കായി വക്കീല്‍ ഇന്നു രാത്രി കരുതിവച്ചിട്ടുണ്ടാവുക എന്ന ചിന്തയിലായിരുന്നു ദാസനപ്പോള്‍. ഒരിക്കലും തനിക്ക് അടക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചോദനയ്ക്ക് മദിരാശിയില്‍ അയാള്‍ നല്‍കിയതുപോലുള്ള ഒരു സ്വീകരണം തന്നെ കാത്തിരിക്കുന്നുണ്ടാവുമോ എന്നോര്‍ത്തപ്പോള്‍ അവന്റെ അരക്കെട്ട് ചെറുതായൊന്ന് വിറകൊണ്ടു. 

യാത്രയിലുടനീളം രണ്ടുപേരും ഒന്നും സംസാരിച്ചില്ല. കല്യാണ്‍ സ്റ്റേഷനില്‍ ഇറങ്ങി വെളിയിലേക്ക് നടക്കുമ്പോള്‍ ''ഒന്നൊന്നര കിലോമീറ്റര്‍ നടക്കാനുണ്ട്'' എന്നുമാത്രം വക്കീല്‍ പറഞ്ഞു. അയാളുടെ പറ്റിറങ്ങിയ മട്ടുണ്ട്. ഒരു നായ ഓടിവന്ന് ദാസനോടൊപ്പം അല്പസമയം അനുസരണയോടെ നടന്ന് എങ്ങോട്ടോ ഓടിപ്പോയി.
റോഡ് ചെറുതായി അവസാനിച്ചിടത്തുനിന്നും അയാള്‍ ഇടത്തേക്ക് രണ്ടു കെട്ടിടങ്ങളുടെ ഇടയിലൂടെയുള്ള വിടവ് കടന്നുകയറി. അതിനുശേഷം എതിരെ നാലാളുകള്‍ കടന്നിട്ടേ ദാസന് കടക്കാന്‍ കഴിഞ്ഞുള്ളൂ. 
രണ്ടാമത്തെ ഗലിയിലൂടെ തിരിഞ്ഞുചെന്നത് ഒരു ആറുനില കെട്ടിടത്തിന്റെ മുന്നില്‍. അവിടെ കുറച്ച് പെണ്‍കുട്ടികള്‍ ഖോ ഖോ കളിക്കുന്നു. വലിയ ഒച്ചപ്പാടുണ്ടാക്കിയാണ് കളി. വക്കീലിനെ കണ്ടതും പിള്ളേര്‍ കളി നിര്‍ത്തി. പത്തുപതിമൂന്നു വയസ്സുള്ള ഒരു കുട്ടി കയ്യുയര്‍ത്തി ''ഹായ് അങ്കിള്‍...'' എന്നു പറഞ്ഞു. ''ഹായ്... മോളേ...'' ചിരിച്ച് കൈവീശി വക്കീല്‍ അകത്തേക്ക് നടന്നു.
സ്റ്റെപ്പ് കയറുന്നതിനിടയില്‍ ''പിള്ളേരുമായിട്ട് ഭയങ്കര കമ്പനിയാ... എപ്പഴാ ഉപകാരപ്പെടുന്നതെന്നു പറയാന്‍ പറ്റില്ലല്ലൊ...'' എന്നുപറഞ്ഞ് വക്കീലൊരു വഷളന്‍ ചിരി ചിരിച്ചു. ദാസന് അവിടെനിന്ന് തിരിച്ചുപോവാന്‍ തോന്നി. മൂന്നാംനിലയില്‍ എത്തിയപ്പോഴും താഴെ നിന്നും കളിയുടെ ആരവം അവന് കേള്‍ക്കാമായിരുന്നു. 
''ഇതാണ് വീട്... രാമദാസന്‍ സാറു വാ സാറെ...'' ഫ്‌ലാറ്റിന് മുന്നില്‍നിന്ന് വക്കീല്‍ പറഞ്ഞു. വാതില്‍ അല്പം തുറന്ന് കിടക്കുന്നുണ്ടായിരുന്നു. അയാളത് മെല്ലെ തള്ളിത്തുറന്നു. 
''സാറിരിക്ക്... ഞാനിപ്പോ വരാം...'' മുന്‍ വാതില്‍ ചാരി അകത്തേക്ക് നടക്കുന്നതിനിടയില്‍ വക്കീല്‍ പറഞ്ഞു. ഇത്ര പെട്ടെന്നു താനെങ്ങനെയാണയാള്‍ക്ക് സാറായതെന്ന് അന്തംവിട്ട് ദാസന്‍ നിന്നു. 
ആ മുറിയില്‍ അവന്‍ ഒറ്റക്കായി. എഴുന്നേറ്റ്, കിഴക്കോട്ട് തുറക്കുന്ന ജനാലകള്‍ അവന്‍ മലര്‍ക്കെ തുറന്നിട്ടു. അതിലൂടെ താഴെനിന്നും കുട്ടികളുടെ ആരവം കടന്നെത്തി. ഏറ്റവും മുകളിലെ ജനലഴികള്‍ക്കിടയില്‍  ഒരു മാറാലവട്ടം കാറ്റില്‍ വിറച്ചുകൊണ്ടിരുന്നു.
പത്തുപതിനഞ്ച് മിനിറ്റുകള്‍ അങ്ങനെ നിന്നിട്ടുണ്ടാവണം. കാല്‍പ്പെരുമാറ്റവും ടീപ്പോയിയില്‍ കപ്പ് വയ്ക്കുന്ന കിടുക്കവും കേട്ടാണ് ദാസന്‍ തിരിഞ്ഞുനോക്കിയത്. കഷ്ടിച്ച് പതിനഞ്ച് വയസ്സുള്ള ഒരു കുട്ടി റ്റീപ്പോയിയില്‍ ചായക്കപ്പ് വച്ച് തലകുനിച്ച് മാറിനില്‍ക്കുന്നു. നരച്ചു തുടങ്ങിയ നീല മിഡിയാണ് ആദ്യം കണ്ണില്‍പ്പെട്ടത്. അതിന് താഴെ മെലിഞ്ഞുണങ്ങിയ രണ്ട് കാലുകള്‍. രണ്ടു വശത്തേക്കുമായി മുടി പിന്നിയിട്ടിട്ടുണ്ട്. സോഫയില്‍ ഇരുന്ന് ട്രേയില്‍നിന്നും കപ്പെടുത്തപ്പോള്‍ ദാസന്റെ കയ്യിലിരുന്ന് അതൊന്ന് വിറച്ചു. വക്കിലൂടെ കവിഞ്ഞൊഴുകാന്‍ തുടങ്ങിയ തുള്ളി നിലത്ത്വീഴുന്നതിന് മുന്‍പേ ചുണ്ടോടടുപ്പിച്ച് അവന്‍ കുടിക്കാന്‍ തുടങ്ങി.
''ബാബ... അഭി ആയേഗാ...'' തലയുയര്‍ത്താതെ അവള്‍ പറഞ്ഞു. ''തും ബൈഠോ'' അവന്‍ പറഞ്ഞപ്പോള്‍ അവളും എതിരെയുള്ള സോഫയില്‍ ഇരുന്നു. ഇരുന്നപ്പോള്‍ ചുറ്റുമുള്ള വായു ഒന്നുലഞ്ഞു. പരിചിതമായ ഒരു ഗന്ധം അതിലൂടെയെത്തി. ദാസനു നൂര്‍ജഹാനെ ഓര്‍മ്മവന്നു.
അവന്‍ അവളെ നോക്കി. അവള്‍ തല താഴ്ത്തി ഇരിക്കുകയാണ്. വക്കീലിന്റെ സപ്ലൈയില്‍ ഉള്ളതായിരിക്കുമോ ഈ കുട്ടി. എത്ര വയസ്സുണ്ടാവും? ചെവിക്ക് താഴെ ഇടംകഴുത്തില്‍ ഒരു കാക്കപ്പുള്ളി. അവള്‍ തലയുയര്‍ത്തിയപ്പോള്‍, കയ്യോടെ പിടിക്കപ്പെട്ടതുപോലെ ദാസന്‍ നോട്ടം മാറ്റി. 
''ശ്ശെ... ഇവളു സാറിനു ചായ മാത്രേ കൊടുത്തൊള്ളോ... കടിക്കാനൊന്നും കൊടുത്തില്ലേ...'' വക്കീല്‍ കടന്നുവന്ന് ദാസനെ നോക്കി കണ്ണിറുക്കി. കുളി കഴിഞ്ഞ് ബനിയനിലേക്കും കൈലിയിലേക്കും മാറിയിരിക്കുന്നു. അയാള്‍ സോഫയില്‍ ഇരുന്നതും അവളെഴുന്നേറ്റ് അകത്തേക്കു പോയി.
വക്കീല്‍ റ്റീപ്പോയിക്കടിയില്‍നിന്നും പത്രമെടുത്ത് നോക്കാന്‍ തുടങ്ങി. ഇരുന്നു മടുത്തപ്പോള്‍ ദാസന്‍ പോകാമെന്നുറപ്പിച്ച് എഴുന്നേറ്റു. ''സാറെങ്ങോട്ട് പോണ്... അവിടെയിരിക്ക് സാറെ. നമ്മക്കിന്നിവിടെ അടിപൊളിയാക്കണം. മലയാളിയായിപ്പോയില്ലേ.... പത്രത്തിന്റെ തലക്കെട്ടേലും ഒന്നോടിച്ചു നോക്കല് ശീലമായിപ്പോയി. ദേ നിര്‍ത്തി...'' പത്രം താഴേക്കിട്ട് ദാസന്റെ കൈ പിടിച്ച് അയാള്‍ സോഫയില്‍ ഇരുത്തി. എഴുന്നേറ്റ് ഷോക്കേസിന്റെ താഴത്തെ ചെറിയ ഡോര്‍ തുറന്ന് ഒരു ഓള്‍ഡ് മങ്ക് ഫുള്ളെടുത്ത് റ്റീപ്പോയിയില്‍ വച്ചു. അതില്‍ അല്പം കാലിയായത് ദാസന്‍ ശ്രദ്ധിച്ചു.
 ''ഡിയേ... രണ്ട് ഗ്ലാസ്സും കുറച്ച് വെള്ളോം ഒന്നെടുത്തേ...'' അകത്തേക്ക് വിളിച്ചുപറഞ്ഞ് വക്കീല്‍ എഴുന്നേറ്റ് ദാസനെ നോക്കി ഇപ്പോള്‍ കൊണ്ടുവരും എന്ന മട്ടില്‍ കണ്ണിറുക്കി ചെറുവിരലുകൊണ്ട് ഒരാംഗ്യം കാട്ടി മുന്‍വാതില്‍ അകത്തുനിന്ന് സാക്ഷയിട്ടു.
ട്രേയില്‍ ഗ്ലാസ്സുകളും വെള്ളവുമായി അവള്‍ വന്നു. പരിചിതമായ അതേ ഗന്ധം അവള്‍ക്ക് മുന്നെയെത്തി. മനസ്സിനെ ഉറപ്പിച്ചു നിര്‍ത്താനെന്നവണ്ണം ദാസന്‍ കണ്ണടച്ച് തല കുനിച്ചിരുന്നു. 

വക്കീല്‍ രണ്ട് ഗ്ലാസ്സിലേക്കും ശ്രദ്ധയോടെ ഓരോ ലാര്‍ജൊഴിച്ച് വെള്ളം പകരാന്‍ തുടങ്ങി. തലയുയര്‍ത്തി ദാസന്‍ അവളെ നോക്കി. വെളിയിലേക്കുള്ള വാതിലില്‍ കണ്ണുറപ്പിച്ചു നില്‍ക്കുകയാണവള്‍. ഇനിയൊന്നിനും രക്ഷപ്പെടാന്‍ കഴിയാത്തവിധം ശൂന്യത അവിടം കൊട്ടിയടച്ചിരിക്കുന്നു. 
''നീ അകത്തേക്ക് പൊയ്ക്കോ...'' വക്കീല്‍ പറഞ്ഞതും അവള്‍ അകത്തേക്ക് നടന്നു. അയാള്‍ ഗ്ലാസ്സെടുത്ത് ചിയേഴ്സ് പറയുമ്പോഴെല്ലാം ദാസന്‍ അവള്‍ പോയ വഴിയില്‍ തന്നെയായിരുന്നു. വക്കീല്‍ പോക്കറ്റില്‍ നിന്നൊരു സിഗരറ്റെടുത്ത് കത്തിച്ചു.

''അത് വിട്ടേക്ക് സാറെ. കാര്യം അവള്‍ടെ അമ്മ എന്റെ സപ്ലൈയില്‍ ഒള്ളതാ. പക്ഷേ, ഇവളെ ഫീല്‍ഡിലിറക്കാന്‍ ഞാന്‍ സമ്മതിക്കൂല്ലന്ന് പറഞ്ഞിട്ട്ണ്ട്. എന്റെ മോളാണെന്നാണ് എല്ലാരോടും പറഞ്ഞിരിക്കണത്. അങ്ങനെ തന്നെയാണ് സാറെ... നമ്മ ജീവിച്ചിര്ന്നതിന് എന്തേലും ഒര് തെളിവ് വേണ്ടേ... സാറ് ഇതങ്ങോട്ട് വലിച്ചേ... അപ്പോഴേക്കും ഞാനൊരു ആമ്ലറ്റെണ്ടാക്കാം...'' ഗ്ലാസ്സെടുത്ത് ദാസനു കൊടുത്ത് സിഗരറ്റ് കുത്തിക്കെടുത്തി വക്കീല്‍ അകത്തേക്ക് നടന്നു. തുന്നല്‍ പിടിപ്പിച്ച കര്‍ട്ടന്‍പാളികള്‍ അയാളകത്തേക്ക് കടന്നതും ആവേശത്തോടെ പരസ്പരം പുണര്‍ന്ന് വാതിലിനെ മറച്ചു. 
ദാസന്‍ ആരെയെന്നില്ലാതെ ചുറ്റും നോക്കി. മെല്ലെയെഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ മുന്‍വാതില്‍ തുറന്ന് പുറത്തിറങ്ങി. അതുവരെ അനുഭവിക്കാത്ത ഒരു ഗന്ധത്താല്‍ നഗരം അവനെ വന്ന് പൊതിഞ്ഞു.
കളിയുടെ ആവേശത്തില്‍ കുട്ടികള്‍ അപ്പോഴും താഴെ നിഷ്‌കളങ്കമായി ആരവമിടുന്നുണ്ടായിരുന്നു.

ചിത്രീകരണം - ചന്‍സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com