'മല്‍പ്രാണനും പരനും'- വേണു ബാലകൃഷ്ണന്‍ എഴുതിയ കഥ

ദക്ഷന്‍ എന്നാണാ പരുന്തിന്റെ പേര്. നീളമുള്ള നഖങ്ങള്‍. മൂര്‍ച്ചയുള്ള ചുണ്ട്. കൂര്‍ത്ത നോട്ടം
'മല്‍പ്രാണനും പരനും'- വേണു ബാലകൃഷ്ണന്‍ എഴുതിയ കഥ


രുന്ത് പറന്നുവന്നു. ദക്ഷന്‍ എന്നാണാ പരുന്തിന്റെ പേര്. നീളമുള്ള നഖങ്ങള്‍. മൂര്‍ച്ചയുള്ള ചുണ്ട്. കൂര്‍ത്ത നോട്ടം. കൊടുംചൂടുള്ള ഉച്ചനേരമായിരുന്നു. പരുന്തിന് ദാഹിച്ചിരുന്നു. അതിന്റെ ചിറകുകള്‍ കുഴഞ്ഞു. അത് വിവശമായി. മുന്‍പെപ്പോഴോ പറന്നു തീര്‍ത്തപോലെ ആകാശം അതിനു മുന്നില്‍ തീര്‍ന്നു പോയി. അതിന് എവിടെയെങ്കിലും ഒന്നിറങ്ങി വിശ്രമിക്കണമെന്നു തോന്നി.

ദിവസങ്ങളായി ആ പരുന്ത് തീറ്റ തേടാതായിട്ട്. കിട്ടാഞ്ഞിട്ടല്ല. അതിനു വേണ്ട. സദാ സമയവും മകനെപ്പറ്റിയുള്ള ചിന്തയിലാണ് അത് മുഴുകിയിരുന്നത്. മയന്‍ എന്നാണ് മകന്റെ പേര്. മയന്‍ ആ ദേശത്ത് തടവിലാണ്. മകനെപ്പറ്റിയുള്ള ചിന്ത ചിറകുകളിലൂടെ വന്ന് പരുന്തിനെ തളര്‍ത്തി. അതു വന്ന് ഒരു വീടിന്റെ പറമ്പില്‍ ചിറകു താഴ്ത്തി ഇരുന്നു. 

മുറ്റത്തു വന്നിരിക്കുന്ന പരുന്തിനെ കണ്ട് കുട്ടികള്‍ അമ്പരന്നു. അവര്‍ കളി നിര്‍ത്തി അതിനു ചുറ്റും കൂടി. അവരുടെ നേര്‍ക്കുള്ള കൂര്‍ത്ത നോട്ടം കണ്ടപ്പോള്‍ കുഞ്ഞുങ്ങള്‍ക്കു പേടിയായി. അമ്മേ എന്നു വിളിച്ച് അവരില്‍ ഇളയ ഒരുത്തന്‍ ഒച്ചവെച്ചു. അതുകേട്ട് ഒരു സ്ത്രീ അകത്തുനിന്ന് വന്നു. പരുന്തിനെ കണ്ട അവര്‍ വേഗം ഒരു കുട്ട എടുത്തുകൊണ്ടുവന്ന് മുറ്റത്തു നടക്കുകയായിരുന്ന കോഴിക്കുഞ്ഞുങ്ങളെ അതിനകത്താക്കി. ചിലവ കയറാന്‍ മടിച്ചു. അമ്മ അവറ്റയെ ആട്ടി ഉള്ളിലാക്കി. എല്ലാറ്റിനേയും കയറ്റിക്കഴിഞ്ഞപ്പോള്‍ അവര്‍ക്ക് സമാധാനമായി. 
പൊയ്ക്കോണം ഇവിടുന്ന്... ങാ...
പരുന്തിനെ തോല്പിച്ച ഭാവത്തില്‍ ആ വീട്ടമ്മ പറഞ്ഞു. 
പോ... പോയി പാട് നോക്ക്... 
ധൈര്യം കിട്ടിയപാടെ കുട്ടികളും കളിയാക്കിക്കൊണ്ടു പറഞ്ഞു.
പരുന്ത് ഇളിഭ്യനായെന്ന് അവരെല്ലാം വിചാരിച്ചു. അവരുടെ മുന്നില്‍ അവന്റെ വില പോയി. അവന്‍ അവിടെത്തന്നെ ഇരുന്നാലും വകവയ്ക്കേണ്ട കാര്യമില്ലെന്ന ഉറപ്പില്‍ വീട്ടമ്മ അടുക്കള ഭാഗത്തേയ്ക്കു പോയി. കുട്ടികള്‍ അവരുടെ കളികളില്‍ മുഴുകി. അവരെല്ലാം ആ പരുന്തിനെ മറന്നപോലെ. 

അതവിടെ അനങ്ങാതെ ഇരുന്നു. പനമ്പുകൊട്ടയ്ക്കുള്ളില്‍നിന്ന് ക്യോ... ക്യോ... വിളികള്‍. ആ ശബ്ദം കേട്ടപ്പോള്‍ പരുന്ത് മകനെപ്പറ്റി വീണ്ടും ആധി പൂണ്ടു. മയന്‍ മയന്‍ എന്ന് അത് മനസ്സാ ഉരുവിട്ടു. 
മയന് തെളിവെള്ളം വേണ്ട. തൊട്ടടുത്ത കൂട്ടിലെ തത്ത കോപ്പയില്‍ കൊണ്ടുവച്ച വെള്ളം മുട്ടി മുട്ടി കുടിക്കുന്നു. അതിന്റെ വളഞ്ഞ പച്ചനിറമുള്ള ചുണ്ട് ഓരോ തവണയും കോപ്പയില്‍ തട്ടിയുണ്ടാക്കുന്ന ശബ്ദം മയനെ അലോസരപ്പെടുത്തി. ഇത്ര ചെറിയ ചുണ്ടുകൊണ്ട് തുച്ഛമായ ജീവിതം നയിക്കുന്ന അതിന്റെ അടുത്തു കഴിയാന്‍ അവന് ലജ്ജ തോന്നി. അഭിമാനക്ഷതം പോലെ വലുതായൊന്നുമില്ലെന്നത് ആ പക്ഷിരാജനെ മുറിപ്പെടുത്തി. അതവനെ കൂടുതല്‍ ക്രുദ്ധനാക്കി. 

തത്തയെപ്പോലെ ഇണങ്ങാന്‍ അവനെ കിട്ടില്ല. അവന്‍ പരുന്താണ്. യൗവ്വനത്തികവിലാണ്. ആകാശത്തെ തൊട്ടുതൊട്ടില്ലെന്ന മട്ടിലാണ് അവന്റെ സഞ്ചാരം. ഈ തിര്യക്കുകള്‍ക്ക് സ്വപ്നം കാണാന്‍ പറ്റാത്തത്ര ഉയരത്തില്‍. അങ്ങനെയുള്ള അവന് ചുണ്ടു നനയ്ക്കാന്‍ ഒരു കോപ്പയില്‍. വെള്ളം കൊണ്ടുവന്നു വെച്ചിരിക്കുന്നു. മയന് കലി വന്നു. ദാഹിച്ചു മരിച്ചാലും അതു തൊടില്ലെന്ന് അവന്‍ ശപഥം ചെയ്തു. 
കര്‍ണകം എന്ന ആ ദേശം ഒരു വരണ്ടയിടമാണ്. ആണ്ടില്‍ കൂടുതല്‍ കാലവും അവിടെ കൊടും ചൂടാണ്. ചൂട്ടന്‍ കഴുകന്മാര്‍ പോലും അതിനു മീതേ പറന്നങ്ങു പോകാറാണ് പതിവ്. അവിടെ ഇറങ്ങുകയോ തങ്ങുകയോ ചെയ്യാറില്ല. അങ്ങനെയുള്ള ഒരിടത്ത് കണ്മുന്നില്‍ കൊണ്ടുവെച്ചിരിക്കുന്ന വെള്ളം തൊടില്ലെന്ന ദൃഢനിശ്ചയം സാഹസമാണ്. തെളിഞ്ഞു കിടക്കുന്ന ആ വെള്ളമാണ് താന്‍ ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ശത്രുവെന്ന് മയനു തോന്നി. വെള്ളമാകട്ടെ, അവനെ കണ്ടമട്ടു കാട്ടാതെ നിസ്സംഗമായി കിടക്കുന്നു. വെള്ളത്തിന്റെ ആ കിടപ്പാണ് അവനെ കൂടുതല്‍ കുഴക്കിയത്. താനറിയാതെതന്നെ ചുണ്ട് അതിനോടു കീഴടങ്ങുമോ. അവനു ഭയമായി. മുന്‍പു പറന്ന എല്ലാ പരുന്തുകളുടേയും ദാഹം ഒരുമിച്ച് അവന്റെ ചുണ്ടില്‍ വന്നു നിന്നതുപോലെ. വെള്ളത്തില്‍ കാണുന്ന ചുണ്ടിന്റെ ബിംബം മയന്‍ ഒറ്റയടിക്ക് പിന്നോട്ടു വലിച്ചു. 

ഉമിനീരിറക്കിയപ്പോള്‍ തൊണ്ടയ്ക്ക് ഒരു വേദന. വിചാരിച്ചതിനേക്കാള്‍ വലിപ്പമുള്ള ഒരു പക്ഷിക്കുഞ്ഞിനെ മുന്‍പൊരിക്കല്‍ വിഴുങ്ങിയപ്പോഴുണ്ടായ അതേ വേദന. പാറക്കൂട്ടത്തിനു മുകളില്‍ ഉയരത്തില്‍ നില്‍ക്കുന്ന ഒരു മരമുണ്ട്. ഒരു പന. അവിടെ ഇരുന്നാണ് അവന്‍ അന്നാ പക്ഷിക്കുഞ്ഞിന്റെ കഥ കഴിച്ചത്. വേദനയ്ക്ക് ഓര്‍മ്മയുണ്ടോ. ഇല്ലെങ്കില്‍ വിശപ്പാറ്റാന്‍ അന്നു വയറ്റിനുള്ളിലേയ്ക്കു പോയ ആ പക്ഷിക്കുഞ്ഞിനേയും അതിനെ കൊത്തിത്തിന്നാന്‍ ഇരുന്ന കൊമ്പിനേയും മയന്‍ എന്തിന് ഓര്‍മ്മിക്കണം. ആ പക്ഷിക്കുഞ്ഞ് അതിന്റെ അവസാനത്തെ പ്രാണവായു എടുത്തത് തന്റെ തൊണ്ടയില്‍ കുരുങ്ങിക്കിടന്നായിരുന്നല്ലോ എന്നതും മയന്‍ മറന്നിട്ടില്ല. 

തിന്ന ഏതെങ്കിലും ഒന്ന് തൊണ്ടയില്‍നിന്ന് പറന്നുപോയാല്‍ മതിയായിരുന്നെന്ന് അവനെക്കൊണ്ടു തോന്നിച്ചത് ആ പക്ഷിക്കുഞ്ഞു മാത്രമാണ്. അന്ന് മയന്‍ ചുണ്ടൊരല്പം പിളര്‍ത്തിക്കൊടുത്തതുമാണ്. പോകുന്നെങ്കില്‍ പോകട്ടെയെന്നു കരുതി. ആ പക്ഷിക്കുഞ്ഞിന് അതു മനസ്സിലായില്ല. മരണം സുനിശ്ചിതമായെന്നു കരുതി അതവന്റെ തീറ്റയായി അനുസരണയോടെ കിടന്നു കൊടുത്തു. മറ്റൊരുത്തന്റെ വിശപ്പടക്കാന്‍ മരിക്കുന്നതുപോലെ ഒരു ദുര്‍വ്വിധി മറ്റെന്താണ്. 

ഇപ്പോള്‍ ആ കുരുവി വന്നു ചുണ്ടില്‍ വെള്ളം മുട്ടിക്കാന്‍ അവനോടു കെഞ്ചും പോലെ മയനു തോന്നി. അതിന് അത് ചത്തുപോയില്ലേ. കാലിനും കൊമ്പിനും ഇടയില്‍വച്ച് അവന്‍ തന്നെയല്ലേ അതിനെ പിച്ചിച്ചീന്തിക്കൊന്നത്. തിന്നത്. പിന്നെങ്ങനെ അതിനു തിരിച്ചു വരാന്‍ കഴിയും. ഭീമകായനായ ആ പരുന്തിന്റെ വയറ്റിലേയ്ക്ക് അങ്ങനെ എത്രയെത്ര ഹതഭാഗ്യരാണ് പോയിരിക്കുന്നത്. അവര്‍ക്കൊന്നുമില്ലാത്ത ഒരു ദാഹം എന്തേ അതിനു മാത്രം തോന്നാന്‍. ഇനി ആ കുരുവി ദാഹിച്ചു വലഞ്ഞു നില്‍ക്കുമ്പോഴാണോ മയന്‍ അതിനെ റാഞ്ചിയത്. മയന്റെ ഉള്ളില്‍ക്കിടന്നു ദഹിച്ചു പോയിട്ടു നാളുകളായിക്കഴിഞ്ഞിരുന്ന ആ കുരുവി അവന്റെ ദാഹമായി മാറുകയായിരുന്നോ. ഏയ്. അതെല്ലാം വെറും തോന്നലാണെന്ന് മയന്‍ നിരൂപിച്ചു.
അടുത്ത കൂട്ടിലെ തത്ത വെള്ളം കുടിയൊക്കെ കഴിഞ്ഞ് ഒരു ഊഞ്ഞാലില്‍ ഇരുന്ന് ആട്ടം തുടങ്ങി. അതിനെ മുന്‍പ് പഠിപ്പിച്ച ആരെയോ അനുകരിച്ച് എന്തൊക്കെയോ പറയാനും. രസികനായ ആ തത്ത സെക്കന്‍ഡില്‍ ഒന്നുവെച്ച് എന്ന മട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും തലവെട്ടിച്ചുകൊണ്ടിരിക്കും. മയന്‍ അതു ശ്രദ്ധിച്ചു. ഇത്ര നൊടിനേരംകൊണ്ട് ഇവിടെ ആര് വരാനാണ്. ചുറ്റുവട്ടത്തെങ്ങും ഒന്നിന്റേയും ഒച്ചയും അനക്കവുമൊന്നും കേള്‍ക്കാനില്ല. പിന്നെന്തിനാണ് അതിങ്ങനെ ഇടവിടാതെ തലവെട്ടിച്ചുകൊണ്ടിരിക്കുന്നത്. ആരെയാണ് ഒരു തത്ത ഇത്രയധികം പ്രതീക്ഷിക്കുന്നത്. 

അവന്‍ കൂടിനു പുറത്തേയ്ക്കു നോക്കി. ആരുമില്ലെന്നത് തനിക്കു മാത്രം തോന്നുന്നതാണോ എന്നറിയാന്‍. ശൂന്യത ഒരു വലിയ കൂടുപണിത് അതിനകത്ത് കിടക്കുന്നു. കുറേക്കാലമായിട്ടുണ്ടാകും ആ വഴി ആരെങ്കിലും വന്നിട്ട്. ഒന്നുരണ്ടിടത്ത് എടുക്കാത്ത നാണയം പോലെ പഴയ ചില കാല്പാടുകള്‍ കിടപ്പുണ്ട്. മുന്‍പ് നടന്നുപോയ ജീവികളുടെ. അന്യംനിന്നു പോയതുകൊണ്ടാകാം അവരാരും പിന്നെ തിരിച്ചുവന്നതായി കാണുന്നില്ല. ചരിത്രത്തിലേയ്ക്കുള്ള ആ അവസാന യാത്രയില്‍ അവര്‍ തിരക്കുകൂട്ടിയതായും തോന്നുന്നില്ല. വെപ്രാളത്തോടെയാണ് പോയതെങ്കില്‍ കാല്പാടുകള്‍ തമ്മില്‍ ഇത്ര അകലം വരില്ലല്ലോ. അങ്ങനെ ഒരന്ത്യം തന്നെയും കാത്തിരിക്കുന്നെന്ന് ഓര്‍ത്തപ്പോള്‍ മയന്‍ ചകിതനായി. 

ആരുടേയോ വീട്ടുവാതില്‍ക്കല്‍ കുറേക്കാലം കഴിഞ്ഞതിന്റെ ശീലമായിരുന്നു ആ തത്തയെക്കൊണ്ട് അതെല്ലാം ചെയ്യിച്ചത്. പടികടന്ന് ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കിപ്പറയാന്‍ യജമാനന്‍ അതിനെ ശീലിപ്പിച്ചിരുന്നു. ഒരിലയനങ്ങിയാല്‍ മതി ആരാത്... ആരാത്... എന്ന് ആ തത്ത ഉരുവിട്ടുകൊണ്ടിരിക്കും. വീടുമാറിപ്പോയപ്പോള്‍ പലതിനേയും എടുക്കാഞ്ഞ കൂട്ടത്തില്‍ അയാള്‍ അതിനേയും അവിടെ ഉപേക്ഷിച്ചു കളഞ്ഞു. കൂട് തുറന്നു കൊടുത്തിട്ടാണ് അയാള്‍ പോയതെങ്കിലും തത്ത അവിടെത്തന്നെ കഴിഞ്ഞു. അതൊരു പഴയ വീടായതുകൊണ്ട് പിന്നീട് അവിടെയാരും താമസത്തിനു വന്നില്ല. ആരും തിരിഞ്ഞു നോക്കാതെ കുറേ നാള്‍ കിടന്നപ്പോള്‍ അവിടമെല്ലാം കാടുപിടിച്ചു. 

കാലം കുറേക്കഴിഞ്ഞു. സഞ്ചരിക്കുന്ന മൃഗശാലയുള്ള ഒരാള്‍ ആ വീടും പറമ്പും വാങ്ങി. അലവി എന്നായിരുന്നു അയാളുടെ പേര്. അയാള്‍ക്കു വേണ്ട വകയെല്ലാം അവിടുണ്ടായിരുന്നു. പൊന്മ, എരണ്ട, മരംകൊത്തി, വെള്ളക്കൊക്ക്, മൂര്‍ഖന്‍, എട്ടടിവീരന്‍, ആമ, ഒച്ച്, മണ്ഡലി അങ്ങനെ പല ജാതികള്‍. ഭരണികളിലും കൂടകളിലുമൊക്കെയായി ഓരോന്നിനേയും ഇനം തിരിച്ചുവച്ച് പുറപ്പെടാന്‍ തുനിഞ്ഞപ്പോഴാണ് ആരാത്... ആരാത്... എന്ന ശബ്ദം മൃഗശാലക്കാരന്റെ ചെവിയിലെത്തിയത്. ശബ്ദം കേട്ട ദിക്കു നോക്കിപ്പോയ അയാള്‍ പഴകി ദ്രവിച്ച ഒരു തത്തക്കൂടിനടുത്തെത്തി. മഹര്‍ഷിയെപ്പോലെ പ്രായം ചെന്ന് അതിലാ തത്ത കിടക്കുന്നു. തത്തയപ്പോള്‍ മൃതപ്രായനായിരുന്നു. അതിനെ കിട്ടിയിട്ടു വലിയ കാര്യമില്ലെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ അലവി ഉറപ്പിച്ചു. എന്തെങ്കിലുമൊക്കെ പഠിപ്പിച്ച് കാണികളെ കയ്യിലെടുക്കാനുള്ള വിദ്യയൊന്നും ഇനി അതിനു വഴങ്ങില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു. എന്നിട്ടും അതിന്റെ അനുസരണ തത്തയെ അവിടെ വെടിഞ്ഞിട്ടു പോകാന്‍ അയാളെ അനുവദിച്ചില്ല. ആ കാവല്‍ക്കാരന്റെ യജമാനഭക്തി അയാളെ പ്രസാദിപ്പിച്ചു. ശീലങ്ങളില്‍ വെച്ച് ഏറ്റവും വലുത് അനുസരണയാണെന്നറിയുന്ന അവനെ കൂടകളുടെ മുന്‍പന്തിയില്‍ത്തന്നെ അലവി കൊണ്ടുവന്നു വെച്ചു. യുഗങ്ങളായി തന്നോടൊപ്പം ചേര്‍ന്ന ജന്തുജാലങ്ങളില്‍ അതയാള്‍ക്കേറ്റവും പ്രിയപ്പെട്ടവനായി. 

നേരെ മറിച്ചായിരുന്നു മയന്റെ സ്ഥിതി. അവന്‍ അയാള്‍ക്കു മെരുങ്ങാന്‍ കൂട്ടാക്കിയില്ല. അലവിയെ കണ്ണിനു മുന്നില്‍ കണ്ടാല്‍ മതി അയാളെ കൊത്തിവലിക്കാന്‍ അവന്റെ ചുണ്ടു പിളരും. നഖങ്ങള്‍ കൂര്‍ത്തുവരും. ഹ്വീ... ഹ്വീ... എന്ന് സീല്‍ക്കാര ശബ്ദം പുറപ്പെടുവിക്കും. അവന്‍ ഗര്‍വിഷ്ടനാണെന്ന് അലവിക്കുമറിയാം. തത്തയെപ്പോലെ ഒരു ചാഞ്ചല്യവും അവനില്ല. തന്നോട് ഒരു അനീതി നടന്നിരിക്കുന്നു എന്ന് ഉറക്കെ പറയുംപോലെയാണ് കൂട്ടിനുള്ളിലെ അവന്റെ നടത്ത. ഒരു സ്ഥലത്തിരിക്കുമ്പോള്‍ യാതൊരനക്കവും കൂടാതെ, നല്ലപോലെ നിവര്‍ന്ന് തല ഉയര്‍ത്തിപ്പിടിച്ചാണ് അവന്റെ ഇരിപ്പ്. അങ്ങനെയിരുന്നപ്പൊഴാണല്ലോ  പിടിവീണതും.

ആ ദുര്‍ദിനമോര്‍ത്തപ്പോള്‍ അവന്റെ അകക്കണ്ണില്‍ പെരിയാറിലെ ആ വലിയ ജലസംഭരണി തെളിഞ്ഞുവന്നു. പറക്കല്‍ കഴിഞ്ഞ് അവിടെ വന്നിറങ്ങുന്നത് അവന്റെ പതിവായിരുന്നു. സംഭരണിയില്‍ പാറിനടക്കുന്ന കൊറ്റികള്‍ അവനെക്കണ്ടു പേടിച്ച് പറന്നുപോകും. കരിങ്കണ്ണന്‍ മുതല ബഹുമാനത്താല്‍ ഊളിയിട്ടു കളിക്കും. അവിടം കൊണ്ടു കഴിയുന്ന എണ്ണമറ്റ ലഘുജീവിതങ്ങളോ അവന്റെ കാലില്‍പ്പെട്ടു പോകാതിരിക്കാന്‍ എവിടെയെങ്കിലുമൊക്കെ പേടിച്ചു മറപറ്റും. അവിടെക്കണ്ട ഒരു ഉയര്‍ന്ന പീഠത്തില്‍ നിവര്‍ന്നിരുന്നു വിശ്രമിക്കാന്‍ അവനിഷ്ടമാണ്.

ഒരു ദിവസം ജലസംഭരണിക്കടുത്തുള്ള ആ പതിവു വൈകുന്നേരം. കൃഷ്ണന്‍ നീരാട്ടു കഴിഞ്ഞു പോയതുപോലെ വെള്ളം നീലിച്ചു കിടന്നു. മഴ പെയ്തിരുന്നു. വിദ്രുമങ്ങള്‍ പൂത്തുനിന്നിരുന്നു. 
അന്ന് ആകാശത്ത് ശരത്ക്കാലത്തെന്നപോലെ പലവട്ടം പന്തയം നടന്നിരുന്നു. ഒരുപാട് നേരം പറന്ന് മയന്റെ ചിറകുകള്‍ കുഴഞ്ഞിരുന്നു. എന്നാലും ജലസംഭരണിക്കടുത്തുള്ള പതിവു വിശ്രമം മുടക്കേണ്ടെന്നു വെച്ചു. പൂവരശിനോടു ചേര്‍ന്നുള്ള പീഠത്തില്‍ അവന്‍ ചെന്ന് നിവര്‍ന്നിരുന്നു. പൊന്മകള്‍ താഴ്ന്നു പറന്ന് പരലുകളെ കൊത്തിപ്പറക്കുന്നതിന്റെ കുതൂഹലം. അവനതു കണ്ട് രസം പിടിച്ചിരിക്കെ കണ്ണുകള്‍ ഒന്നടഞ്ഞു. തിരിയുടെ വെട്ടം പാളിയപോലെ വീണ്ടും ഒന്നടഞ്ഞു. അടുത്ത നിമിഷം അവന്‍ വലയ്ക്കുള്ളിലായി. 
പൂവരശിനു മുകളില്‍നിന്ന് കുറേ പൊട്ടിച്ചിരികള്‍ കേട്ടു. അവന്‍ ഒന്നു കുതറാന്‍ ശ്രമിച്ചു. 

വലയും പൊക്കിപ്പറക്കാന്‍ നോക്കി. ആവുന്നില്ല. ക്ഷീണം, തളര്‍ച്ച. പിടിക്കപ്പെട്ടെന്ന് മയന്‍ ഉറപ്പിച്ചു. അവന്റെ കണ്ണുകള്‍ നിറഞ്ഞു. സംഭരണിയുടെ മുകളില്‍ പൂതനയെപ്പോലെ ഇരുളെത്തി. പിന്നെ എങ്ങോട്ടാണ് അവനെ എടുത്തുകൊണ്ടു പോയതെന്ന് അവനറിയില്ല. 

ആരത്... ആരത്... തത്തയുടെ ശബ്ദം. തല വെട്ടിക്കല്‍. തന്റെ പ്രഥമ ചിറകുകളുടെ അത്രപോലുമില്ലല്ലോ ആ തത്തയെന്ന് മയന്‍ ഗണിച്ചു. ഒരര്‍ത്ഥത്തില്‍ വലിയവര്‍ ആകാതിരിക്കുകയാണ് ഭേദം. എന്തിനോടും ഇടപഴകി ജീവിച്ചു പോകാന്‍ അതാണ് ഉത്തമം. തത്തയുടെ കാര്യം തന്നെ കണ്ടില്ലേ. അതെത്ര ഇണക്കത്തോടെയാണ് ആ കൂട്ടില്‍ കഴിയുന്നത്. താനോ. ചിറകൊതുക്കാന്‍പോലും കഴിയാതെ പാടുപെടുന്നു. മയന്‍ അവന്റെ വംശാവലിയെപ്പറ്റി ആലോചിച്ചു. 

എന്തിനാണ് താന്‍ ഒരു വലിയ പരുന്തായി ജനിച്ചത്. വലിയ പരുന്തുകള്‍ക്ക് വിസ്തൃതമായ ഒരു സ്ഥലം സ്വന്തമാക്കേണ്ടതുണ്ട്. പാടങ്ങള്‍, കുറ്റിക്കാടുകള്‍, മലമ്പ്രദേശങ്ങള്‍, വരണ്ടയിടങ്ങള്‍, അങ്ങനെയെന്തെങ്കിലും. ഇരുമ്പറയ്ക്കുള്ളില്‍ കിടക്കാന്‍ അതിനാവില്ല. പന്തയത്തില്‍ താനെപ്പോഴും തോല്‍പ്പിക്കാറുള്ള താലിപ്പരുന്തിനുപോലും ഈ കൂട് പറ്റില്ല. താലിപ്പരുന്തിന്റെ ചിറകുകള്‍ക്ക് അസാധാരണമായ നീളമാണുള്ളത്. ചിറകുകള്‍ പൂട്ടിവെച്ചിരിക്കുമ്പോള്‍പോലും വാലിന്റെ അറ്റം കവിഞ്ഞുനില്‍ക്കും. അതിനേക്കാള്‍ വലുതാണ് തന്റെ ചിറകുകള്‍. അതുതന്നെയാണ് ഇപ്പോള്‍ വിന വരുത്തിവച്ചതും. മയന്‍ സ്വന്തം ദുര്‍ഗ്ഗതിയോര്‍ത്തു പരിതപിച്ചു.
പൊടുന്നനെ ആകാശത്ത് കൂറ്റന്‍ ചിറകടിയൊച്ച. അങ്ങെവിടെയോ പന്തയം നടക്കുന്നുണ്ടാകണം. താനില്ലാത്തതുകൊണ്ട് താലിപ്പരുന്താകും ഇന്നു ജയിക്കുക. അങ്ങനെ വിടാന്‍ പാടുണ്ടോ. അപ്പോള്‍ ബന്ധനസ്ഥനാണെന്ന കാര്യം അവന്‍ മറന്നുപോയി. കൂട്ടിലാണെന്നറിയാതെ പെട്ടെന്നു പറക്കാന്‍ മുതിര്‍ന്നതുകൊണ്ടാകാം അവന്റെ നഖങ്ങള്‍ എഴുന്നു വന്നു. ചിറകുകള്‍ ഉണര്‍ന്നു. അതിനെ മെരുക്കാന്‍ അവന്‍ വല്ലാതെ പാടുപെട്ടു. ചിറകുകളില്ലാത്ത ഒരു പരുന്താണ് താനെന്ന് അവന് അതിനെ പറഞ്ഞു പഠിപ്പിക്കേണ്ടതായി വന്നു. അതു ബോധ്യപ്പെട്ടതും ഭാരിച്ച ഒരു തളര്‍ച്ചയോടെ ചിറകുകള്‍ ഇരുവശത്തേയ്ക്കുമായി കുഴഞ്ഞുവീണു. അതുവരെ തന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ പെട്ടെന്നു പിന്മാറിയതുപോലെ മയനു തോന്നി. 

അവന്‍ ആ കൂടിന്റെ മൂലയില്‍നിന്നു പതുക്കെ മുന്‍ഭാഗത്തേയ്ക്കു നീങ്ങിനിന്നു. വെയിലിന്റെ ഒരു വലിയ ചീള് അവിടെ കിടപ്പുണ്ട്. അവന്‍ തന്നെ കൊത്തിവലിച്ചിട്ട ഒരവശിഷ്ടം പോലെ മയന്റെ ചിറകുകളില്‍ അതിന്റെ ചൂട് തട്ടി. അവന്‍ ദേഹം ഒന്നുറക്കെ കുടഞ്ഞ് നിവര്‍ന്നുനിന്നു. അപ്പോഴത്തെ അവന്റെ ആ നില്‍പ്പില്‍നിന്ന് ഒരു കരുത്തന്‍ നിഴല്‍ അവനെ പൂട്ടിയിട്ടിരിക്കുന്ന ഇരുമ്പുകൂടിനു പുറത്തേയ്ക്കിറങ്ങി. അതാ മുറ്റത്ത് പ്രതിയോഗിയെ കാത്തിരിക്കുന്ന ഒരു സിംഹത്തിന്റെ രാജസ ഭാവത്തില്‍ നീണ്ടുനിവര്‍ന്നു കിടന്നു. ഘോരമായി ശ്വസിച്ചുകൊണ്ട് ആ നിഴലിന്റെ വലിപ്പം കണ്ടപ്പോള്‍ മയന് അവനോടു തന്നെ അസൂയ തോന്നി. 
ദക്ഷനും നല്ലകാലം ഓര്‍ത്തുതന്നെ ഇരിക്കുകയായിരുന്നു. മയന്‍ ജനിക്കുന്നതിനും മുന്‍പുള്ള കാലം. താലയുമായി ആകാശത്ത് പന്തയം പിടിച്ച കാലം. ഇപ്പോഴത്തെപ്പോലെ ക്ഷീണം പിടിച്ചുള്ള ഇരിപ്പില്ല അന്ന്. സദാ വട്ടമിട്ടു പറക്കുന്ന നാളുകളായിരുന്നു. എപ്പോഴും ഉത്സാഹം തന്നെ ഉത്സാഹം. ഉയരെ... ഇനിയും ഉയരെ... എന്ന തോന്നലിനു പിന്നാലെയാണ് എല്ലാ പറക്കലും. എത്ര മണിക്കൂറുകള്‍ പറന്നാലും നിര്‍ത്താന്‍ തോന്നില്ല. ക്ഷീണിക്കുന്നതുമില്ല. പറക്കാതിരുന്നാലായിരുന്നു  പ്രയാസം. 

താലയെ ദക്ഷന്‍ കാണുന്നതും അങ്ങനെയൊരു പറക്കലിലാണ്. ഒരു കൂരമ്പുപോലെ പാഞ്ഞ്, എവിടെയും ചെന്നു തറയ്ക്കാതെ, മുകളിലേയ്ക്ക് വീണ്ടും പൊന്തി. കുറേ നേരം അന്നവന്‍ ഒറ്റയ്ക്കു കളിച്ചു നടന്നു. ആകാശത്തിന് ഉല്‍ക്കണ്ഠകളൊന്നുമില്ലാത്ത ഒരു തെളിഞ്ഞ ദിവസമായിരുന്നു. അത് അവന്റെ ഹരം കൂട്ടി. ഇത്ര നല്ല ദിവസമായിട്ടും പറക്കാന്‍ കൂട്ടുകാരെ ആരെയും അവിടെ കണ്ടില്ല. അതിനെന്താ അവന്‍ ഒറ്റയ്ക്കു പറന്നു. അവനതിനു മടിയില്ല. ഒരു മല്ലയുദ്ധത്തിനുള്ള മനസ്സുണ്ടായിരുന്നു. അതിനുപോന്ന ആരെയും കിട്ടിയില്ലെന്ന നിരാശ മാത്രം. 

കുറേ കഴിഞ്ഞപ്പോള്‍ ദൂരെ ഒരിടത്ത് അതാ ഒരു കറുത്ത പൊട്ട്. ഒരു സരസില്‍നിന്നു നീന്തിവരുന്നപോലെ അതനായാസമായി നിവരുന്നു, മുങ്ങിത്താഴുന്നു. ദൃഷ്ടിയില്‍നിന്നു കാണാതാകുന്നു. പിന്നെയും ഉയരുന്നു. ഇടത്തോട്ടും വലത്തോട്ടും തിരിയുന്നു. ചെരിഞ്ഞു പറക്കുന്നു. പൊന്തിത്താഴുന്നു. അഴകിയന്ന ആ വരവു നോക്കി ദക്ഷന്‍ നിന്നു. ആരായാലും നിന്നുപോകും. കാറ്റ് തക്കത്തിനില്ലാത്ത ഇടത്തായിരുന്നു ദക്ഷന്റെ നില്‍പ്പ്. സാധാരണഗതിയില്‍. നല്ലവണ്ണം ചിറകിട്ടടിക്കണം ആ സമയത്ത്. അല്ലെങ്കില്‍ കല്ലു വീഴുന്നതുപോലെ താഴോട്ടിറങ്ങും. എന്നിട്ടും ആ വരവും പാര്‍ത്ത് ചിറകിളക്കാതെ ദക്ഷന്‍ നിന്നു. 
വിവാഹസമയത്ത് പരുന്തുകള്‍ക്കിടയില്‍ പതിവുള്ളതുപോലെ. ഈരണ്ടെണ്ണമായി പന്തയം പിടിക്കുകയും ആകാശത്തില്‍ മല്ലയുദ്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ താല ചോദിച്ചിട്ടുണ്ട്, ദക്ഷന്‍ അന്നെങ്ങനെയാണ് അത്രയും നേരം വീഴാതെ നിന്നതെന്ന്. 
അതു നീയെങ്ങനെ കണ്ടെന്നായിരുന്നു ദക്ഷന്റെ മറുചോദ്യം. അപ്പോള്‍ എല്ലാ പരുന്തുകള്‍ക്കും വേണ്ടി താല മനസ്സു തുറന്നു. 

എങ്ങും തൊടാതെ നില്‍ക്കുന്നു എന്നാല്‍, എവിടെ നിന്നായാലും കാണാവുന്ന സൂര്യനോടല്ലേ ആകാശത്ത് നമ്മുടെ മത്സരം. അന്നു ഞാന്‍ ഊളിയിട്ടു വന്നപ്പോള്‍ എന്റെ ദൃഷ്ടി ചെന്നു നില്‍ക്കേണ്ടതും ആ തീഗോളത്തില്‍ തന്നെയായിരുന്നു. അപ്പോഴാണ് ഞാന്‍ ഉജ്ജ്വലിച്ചു നില്‍ക്കുന്ന രണ്ടു കൂര്‍ത്ത കണ്ണുകള്‍ കണ്ടത്. എന്നെയല്ലാതെ ഈ ലോകത്ത് വേറാരേയും നോക്കാനില്ലെന്ന മട്ടില്‍ നില്‍ക്കുന്ന കണ്ണുകള്‍. അങ്ങനെയൊരാള്‍ എന്നെ നോക്കുന്നത് അതാദ്യമായിരുന്നു. അതിനു മുന്നില്‍ എനിക്കാ തീഗോളം ഒന്നുമല്ലെന്നു തോന്നി. 

ദക്ഷന്‍ പുളകിതനായി. അവന്‍ ഹ്വീ... ഹ്വീ... എന്ന് ഉറക്കെ ശബ്ദമുണ്ടാക്കി. വലിയ ചിറകുകള്‍ അക്ഷമയോടെ കുടഞ്ഞു. അവന്‍ പറക്കാന്‍ ഭാവിച്ചതാണോ എന്ന് താലയ്ക്ക് തെല്ലിട സംശയം തോന്നി. അല്ലെന്നു കണ്ടപ്പോള്‍ താല ചിരി പൊഴിച്ചുകൊണ്ട് തുടര്‍ന്നു. 
പെട്ടെന്നു ഞാന്‍ വിവേകം വീണ്ടെടുത്തു. അതിവേഗം താഴത്തേയ്ക്കുള്ള ആഴം ഗണിച്ചു. കാറ്റില്ലാത്തിടത്ത് ഒരു പരുന്തിന് എത്രനേരം ഇങ്ങനെ നില്‍ക്കാനാകും. ഇനിയും നിന്നാല്‍ അധികം വേണ്ടിവരില്ല നിലം തൊടാനെന്ന് എനിക്കു മനസ്സിലായി. പിന്നെ ഞാന്‍ ഒട്ടും അമാന്തിച്ചില്ല. ചിറകു വിരുത്തി കൂടെ പറക്കാന്‍ ക്ഷണിച്ചു. 

താല പറഞ്ഞതെല്ലാം ദക്ഷന്‍ ഒരിക്കല്‍ക്കൂടി തന്റെ മനോദര്‍പ്പണത്തില്‍ കണ്ടു. അയാള്‍ അവളുടെ ആ ക്ഷണം നിരാകരിച്ചില്ല. അവര്‍ ഒന്നിച്ചു പറന്നു. അന്നത്തെ വേഗത്തില്‍ പിന്നീടവര്‍ ഒരിക്കലും പറന്നിട്ടുമില്ല. തിരമാലകള്‍പോലെ കാറ്റ് ഉയരം വെച്ചുവന്ന ഒരിടത്ത് എത്തിയപ്പോള്‍ അവര്‍ അന്യോന്യം വിരലുകള്‍ കോര്‍ത്തുപിടിച്ചു. വട്ടത്തില്‍ കറങ്ങി ആരോഹണം ചെയ്തു. കാറ്റ് കുറവായ ഇടത്ത് എത്തിയപ്പോള്‍ ചുഴലിപോലെ തൂര്‍ന്നിറങ്ങി. ആ ഭ്രമണത്തിന്റെ ഊക്കുകണ്ട് പരുന്തുകള്‍ തറയില്‍ വന്നിടിച്ച് മരിക്കുമോ എന്നു താഴെക്കൂടെ നടന്നുപോയ ഒരു ശിക്കാര്‍സംഘം. സംശയിച്ചു. അതു കാണാന്‍ ശിക്കാരികള്‍ അവിടെ കാത്തുനില്‍ക്കെ മുപ്പത് നാല്‍പ്പതടി ഉയരത്തില്‍ എത്തിയ അവര്‍ അന്യോന്യം പിടിവിട്ട് സ്വതന്ത്രരായി പറന്നുപൊങ്ങി. 

ക്യോ... ക്യോ... പനമ്പുകൊട്ടയില്‍നിന്ന് ഇറങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ കോഴിക്കുഞ്ഞുങ്ങള്‍ പിന്നെയും ഒച്ചകൂട്ടി. ദക്ഷന്‍ ഓര്‍മ്മകളില്‍നിന്ന് ഉണര്‍ന്നു. അങ്ങനെയൊരു സ്ഥലത്ത് താന്‍ എപ്പോഴാണ് വന്നിരുന്നതെന്ന് അയാള്‍ക്ക് തിട്ടമില്ല. പ്രായമാകാന്‍ തുടങ്ങിയിരിക്കുന്നു. ഓര്‍മ്മ മങ്ങുന്നു. അത് ആരെയൊക്കെയോ കുറ്റപ്പെടുത്തിക്കൊണ്ട് അവിടവിടെയായി പിടിച്ചുകയറാന്‍ തുടങ്ങുന്നു. 
ഒരുപാട് കാലം കഴിഞ്ഞാണ് ദക്ഷനും താലയ്ക്കും ഒരു ആണ്‍തരി പിറക്കുന്നത്. പാറക്കൂട്ടങ്ങള്‍ക്കു നടുവില്‍ തപസു ചെയ്യുന്ന വലിയൊരു ആലിന്റെ കവരത്തിലാണ് താല മുട്ടയിട്ടത്. കുറേ ചുള്ളികള്‍ ശേഖരിച്ച് കൂട്ടിവെച്ചപോലെ തോന്നുന്ന ആ കൂടിന് ഇത്തവണ വേണ്ടുവോളം ബലമുണ്ടായിരുന്നു. മുട്ടയ്ക്ക് ഒന്നും പറ്റാതിരിക്കാന്‍ ദക്ഷന്‍ കാവല്‍ ശക്തമാക്കി. മുന്‍പ് പലതവണ മുട്ടകള്‍ പാറയില്‍ തലതല്ലി തെറിച്ചു പോയിട്ടുണ്ട്. ഇനി അതു പാടില്ല. അവന്‍ ഉറങ്ങാന്‍ പോലും കൂട്ടാക്കിയില്ല. കണ്ണടച്ചതുമില്ല. മുട്ട വിരിയുമ്പോള്‍ ആദ്യം കാണണ്ടേ.

അതു കണ്ടിട്ടാകാം വിധി ഇത്തവണ അവരോട് കരുണ കാട്ടി. മുട്ട കൂട്ടില്‍ത്തന്നെ കിടന്നു. അതില്‍നിന്ന് ഒരു ദിവസം മയന്‍ പുറത്തുവന്നു. അതുവരെ മയനെ ഉള്ളില്‍ വച്ചിരുന്ന ആ മുട്ട തനിയേയല്ല വിരിഞ്ഞതെന്ന് താല എപ്പോഴും പറയും. നോക്കി നോക്കിയാണ് ദക്ഷന്‍ അതിനെ വിരിയിച്ചത്. ആ നോട്ടം എല്ലാക്കാലത്തേയ്ക്കുമായിരുന്നു. അവന്‍ വളര്‍ന്നു വളര്‍ന്ന് ദക്ഷനേക്കാളും മുട്ടനായപ്പോഴും കൊളുത്തിവലിക്കുന്ന ആ നോട്ടം വിട്ടുപോയില്ല. പോകുന്നിടത്തെല്ലാം മയനെ അതു പിന്തുടര്‍ന്നു. എന്നിട്ടും മയന്റെ കഴുത്തില്‍ വല വീണില്ലേ. അതോര്‍ത്തപ്പോള്‍ ദക്ഷന്റെ ഉള്ള് നീറി. കര്‍ണക ദേശത്തിന്റെ എല്ലാ ഊടുവഴികളിലൂടെയും ദക്ഷന്‍ പറന്നു കഴിഞ്ഞിരുന്നു. പലവട്ടം. മയനെ മാത്രം എവിടെയും കണ്ടില്ല. 
ആരാകാം അവനെ പിടിച്ചുകൊണ്ടു പോയത്. എന്താകാം അവരുടെ ഉദ്ദേശ്യം. ഒന്നും ദക്ഷന് അറിയില്ല. പറന്ന വഴികളിലൂടെത്തന്നെ പിന്നെയും പിന്നെയും അതലഞ്ഞു. രാത്രികാലങ്ങളില്‍ ആര്‍ത്തനായി നിലവിളിച്ചു.
ഠേ. ഒരു വെടിയൊച്ച. അപൂര്‍വ്വയിനം പക്ഷികളെ വെടിവയ്ക്കാന്‍ വാസനയുള്ള ഒരു തോക്കില്‍ നിന്നായിരുന്നു അത്. പ്രജനന കാലമായിരുന്നു. മയന് ഒരു കൂട്ടുവേണമെന്ന് ദക്ഷനും താലയും ആശിച്ച കാലം. ഉച്ചത്തില്‍ ശബ്ദിച്ചുകൊണ്ട് ആ പൂവനും പിടയും ആകാശത്തേയ്ക്കുയര്‍ന്നു. അവര്‍ കാമികളായി അന്യോന്യം തുരത്തുകയും കരണംമറിയുകയും വിരലുകള്‍ കോര്‍ത്ത് ചക്രം തിരിയുകയും ചെയ്തു. ഇണയോടുള്ള ഉന്മാദത്താല്‍ സീല്‍ക്കാര ശബ്ദം പുറപ്പെടുവിച്ചു. പിന്നെ വേര്‍പെട്ടു. ആദ്യം ആരടുത്തു വരുമെന്നറിയാന്‍ ലാലസഭാവത്തില്‍ നോട്ടമെയ്തു. വീണ്ടും കൂട്ടുചേരാന്‍ ഒരുമ്പെട്ടു. പെട്ടന്നായിരുന്നു ഠേ ശബ്ദം. ചക്രത്തില്‍നിന്നു താല വേര്‍പെട്ടപോലെ ദക്ഷനു തോന്നി. ആരോ അവളെ പിടിച്ചുകൊണ്ടു പോകുന്നപോലെ. അതവളുടെ കുസൃതിയാകുമെന്നാണ് ആദ്യം കരുതിയത്. താലയ്ക്ക് തിരികെ വന്നു കൈകള്‍ കോര്‍ക്കാന്‍ ദക്ഷന്‍ വിരലുകള്‍ നീട്ടിക്കാണിച്ചു കൊടുത്തു. ഇല്ല. അടുത്തേയ്ക്കല്ല അവള്‍ വരുന്നത്. മാറിമാറിപ്പോവുകയാണ്. പിന്നാക്കമാണ് അവളുടെ ഗതി. ചിറക് ചലിപ്പിക്കാനാകാതെ വന്നപ്പോള്‍ കാല്‍നഖം കൊണ്ട് അവള്‍ ആകാശത്ത് എന്തോ പടം വരച്ചു. അതില്‍ പിടിച്ച് കയറാന്‍ ഒരുവട്ടം നോക്കി. എന്നാല്‍, താഴേയ്ക്ക് ഇറങ്ങുന്നപോലെ വേഗം തൂര്‍ന്നുപോയി. അവനെ ഒന്നു നോക്കുകപോലും ചെയ്യാതെ. കൂടെപ്പറന്ന ഒരാള്‍ ഇത്ര പെട്ടന്നു വീണുപോകുന്നത് ആ പറവയുടെ കണ്ണില്‍ അതാദ്യമായിരുന്നു. അവന്‍ എട്ടുദിക്കും പിടികിട്ടാതെ നിന്നു. കീഴ്പോട്ടു നോക്കിയപ്പോള്‍ താഴെ മദിച്ചുനില്‍ക്കുന്ന ശിക്കാര്‍ സംഘത്തെ കണ്ടു. അവര്‍ക്കിടയിലേയ്ക്കു തന്നെയാണ് താല പോകുന്നത്. 

അലവി തത്തയുടെ കൂട് മയന്റെ അടുത്ത് സ്ഥാപിച്ചത് വെറുതെയല്ല. ഒരുതരത്തിലും അവന്‍ വഴങ്ങുന്നില്ലെന്നു കണ്ട അയാള്‍ ഒടുക്കം വിദിശയിലേയ്ക്ക് ഒരു ദൂതനെ പറഞ്ഞയച്ചു. പണ്ട് അച്ഛന്‍ മൃഗശാല നടത്തുമ്പോള്‍ കൂടെയുണ്ടായിരുന്ന ഒരു പരമുപിള്ളയെ വിളിച്ചുകൊണ്ടുവരാന്‍. പേരുകേട്ട മൃഗശിക്ഷകനായിരുന്നു പരമുപിള്ള. ഒരു നോട്ടം കൊണ്ട് ഒറ്റയാനെ വരെ തളയ്ക്കും. എന്നാല്‍, വിദിശയില്‍നിന്ന് ദൂതന്‍ വെറുംകയ്യോടെ മടങ്ങി. പരമുപിള്ള കിടന്നുപോയിരിക്കുന്നു. പഴയപോലെ ഇനി ഒന്നിനും വയ്യ. എന്നാലും ചങ്ങാതിയുടെ മകനാണ് സഹായം ചോദിച്ചു വന്നിരിക്കുന്നത്. പറ്റില്ലെന്നു പറയാന്‍ വയ്യ. അതുകൊണ്ട് പരമുപിള്ള ദൂതന്‍വശം ഒരു ഉപായം പറഞ്ഞുകൊടുത്തു. ക്ഷീണകാലമടുത്ത ഒരു തത്തയെ അവന്റെ കൂട്ടിനടുത്തു കൊണ്ടുത്തൂക്കുക. 

അലവി അതനുസരിച്ചു. ക്രോധം കൊണ്ടു പൊട്ടിത്തെറിക്കാന്‍ നില്‍ക്കുന്ന ഒരുവന്റെ അടുത്ത് അനുസരണ മാത്രം ശീലമാക്കിയ ഒരാളെ കൊണ്ടു ചെന്നിടുക. അതുപോലൊരു ശിക്ഷ ലോകത്ത് കണ്ടുപിടിച്ചിട്ടില്ല. പരമുപിള്ള അതെത്രവട്ടം പ്രയോഗിച്ചിരിക്കുന്നു. പരുന്തിനെ തത്തയാക്കുന്ന തന്ത്രം. അങ്ങനെ ആ മനശ്ശാസ്ത്ര യുദ്ധം തുടങ്ങി. 

തത്തയ്ക്ക് എന്തൊക്കെ കൊടുക്കുമോ അതേ പരുന്തിനും കൊടുക്കൂ. ഒരേ നിറത്തിലുള്ള കൂട്. വെള്ളം കുടിക്കാന്‍ വലിപ്പ വ്യത്യാസമില്ലാത്ത കോപ്പ. തീറ്റയുടെ അളവും തുല്യം. കൂടുകള്‍ രണ്ടും ഒറ്റപ്പെട്ട ഒരു വെളിയിടത്തില്‍ കൊണ്ടുപോയി അടുത്തടുത്തായാണ് സ്ഥാപിച്ചത്. ഉറങ്ങുമ്പോഴും ഉണരുമ്പോഴും മയന്‍ തത്തയെ അല്ലാതെ വേറൊന്നിനേയും കാണരുത്. പരമുപിള്ള പ്രത്യേകം പറഞ്ഞയച്ചു. കുറച്ചുകാലമൊക്കെ പരുന്തിന് പഴയ വീര്യം ചോരാതെ നില്‍ക്കും. ആദ്യമൊന്നും അതു തത്തയെ കണ്ടഭാവം നടിക്കില്ല. പിന്നെപ്പിന്നെ താനും ആ തത്തയും തമ്മില്‍ എന്തു വ്യത്യാസമെന്ന ചിന്ത അതിനെ അലട്ടിത്തുടങ്ങും. രണ്ടും ഒരു കൂടാണെന്നു തോന്നുന്ന വിഭ്രമത്തില്‍ എത്തിയാല്‍പ്പിന്നെ പരുന്തിനെ മൃഗശാലയിലേയ്ക്കു മാറ്റാം. 
പരമുപിള്ളയുടെ ബുദ്ധിസാമര്‍ത്ഥ്യത്തെ അലവി മനസ്സാ വണങ്ങി. പരുന്തിനെ പാട്ടിലാക്കാന്‍ അലവി ചാട്ട ചുഴറ്റുന്ന ശബ്ദമോ, നീ വഴങ്ങില്ലേ എന്ന അയാളുടെ ആക്രോശമോ. പിന്നീട് അവിടെ മുഴങ്ങിയില്ല. അലവി അങ്ങോട്ടു തീരെ വരാതായി. അവിടെ തത്തയും അവനും മാത്രമായി. അലവിയെ കുറേക്കാലം കാണാതായതോടെ മയന്റെ ഉദ്ധൃത ഭാവത്തിന് ചെറിയൊരിടര്‍ച്ച സംഭവിച്ചു. ശത്രുവിന്റെ തലവെട്ടം കാണാതെ വിദ്വേഷത്തിന് എത്ര നേരമാണ് പിടിച്ചുനില്‍ക്കാന്‍ കഴിയുക. പുറത്ത് ആളിക്കത്തുന്ന വെയിലില്‍ കോപ്പയിലെ വെള്ളം കൂടി വറ്റിപ്പോയാല്‍ പിന്നെ പക തോന്നാന്‍ താന്‍ എന്തു ചെയ്യുമെന്ന് അവന്‍ ഭയന്നു. അവന്‍ അറിയുന്നില്ലല്ലോ വിധിയുടെ വെട്ടുകൊണ്ടു കിടക്കുന്ന പരമുപിള്ള ദൂരദേശത്തുനിന്ന് അവന്റെ വംശാവലിയെ വെല്ലുവിളിക്കുന്നത്.

മയന്‍ ഇപ്പോള്‍ എത്രനേരം വേണമെങ്കിലും പറക്കും. ഹൂയ് എന്നു ശബ്ദം പുറപ്പെടുവിച്ചാലുടന്‍ തിരികെ വന്ന് ചുമലില്‍ ഇരിക്കും. ഒരു വെട്ടുകിളിയെ ഉയരത്തില്‍ പറത്തിവിട്ടിട്ട് പോയി കൊത്തിക്കൊണ്ടു വരാന്‍ പറഞ്ഞാല്‍ അതനുസരിക്കുന്നതാണ് അവന്റെ ഏറ്റവും വലിയ പ്രകടനം. അറബിദേശത്തുനിന്നുവന്ന സംഘത്തിന് അവനെ വല്ലാതങ്ങു പിടിച്ചു. അലവിയുടെ മൃഗശാലയില്‍നിന്ന് എന്തു വിലകൊടുത്തും സ്വന്തമാക്കണമെന്ന് അവര്‍ക്കു തോന്നിയതും അവനെത്തന്നെ. വിലപേശാന്‍ അവര്‍ നിന്നില്ല. ആ മോഹവില അലവിയുടെ കീശ കണ്ട ഏറ്റവും വലിയ സമ്പാദ്യമായി. 

മയനെ സ്വന്തമാക്കിയതോടെ അറബികള്‍ക്ക് പിന്നെ മറ്റു കൂടുകളൊന്നും കാണണ്ട. പവിഴക്കാലിയും ശരപ്പക്ഷിയും ചാരപ്പൂണ്ടനും കല്‍മണ്ണാത്തിയും ചോലക്കുടുവനും ഒക്കെക്കിടക്കുന്ന കൂടുകളിലേയ്ക്ക് അവര്‍ ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. ചോദിച്ചപ്പോള്‍ കാബൂളിലേയ്ക്കുള്ള യാത്ര വൈകുമെന്ന തൊടുന്യായം പറഞ്ഞു. അറബികളുടേത് വലിയൊരു സര്‍ക്കസ് കമ്പനിയാണ്. മയന്‍ ഇനി ലോകം ചുറ്റും. സര്‍ക്കസിനു പറ്റിയ പക്ഷിവിഭവങ്ങള്‍ തേടിനടക്കാന്‍ കാടും പള്ളവുമൊക്കെ കയറിയിറങ്ങേണ്ടതുകൊണ്ട് പല്ലക്കുപോലൊരു വാഹനത്തിലാണ് അറബികള്‍ വന്നത്. അവരുടെ കൂട്ടത്തില്‍ നല്ല ഉയരമുള്ള ഒരാളിനോടാണ് മയന്‍ വേഗം ഇണങ്ങിയത്. അമാലന്മാര്‍ മുന്‍പന്തിയില്‍ എടുത്തു നടന്നതും അയാള്‍ കയറിയ പല്ലക്കുതന്നെ. പല്ലക്കിനുള്ളില്‍ കാല്‍മുട്ടിനു മീതേ വിശ്രമിച്ച അറബിയുടെ വലം കൈയ്ക്കു മുകളിലായി, അലങ്കരിച്ച ഒരു പാനീയക്കുപ്പിപോലെ മയന്‍ വിളങ്ങിനിന്നു. 

മയനെ അറബിസംഘം കടത്തിക്കൊണ്ടു പോകുന്നത് ദക്ഷന്‍ ദൂരെയൊരിടത്തിരുന്നു കണ്ടു. പോകുമ്പോള്‍ താലയെപ്പോലെ തന്നെ അവനും ദക്ഷനെ നോക്കിയില്ല. ഠേ എന്ന ശബ്ദത്തില്‍ ഹൃദയം പൊട്ടിപ്പോകുമെന്നു ദക്ഷനു തോന്നി. ആയമെടുത്തു ചെന്ന് പല്ലക്കിനുള്ളിലൂടെ ഊളിയിട്ട് അറബി പോലുമറിയാതെ മയനെ റാഞ്ചാന്‍ അവന്റെ കാല്‍നഖങ്ങള്‍ വെമ്പല്‍കൊണ്ടു. എന്നാല്‍, പഴയകാലമല്ല. അവനിപ്പോള്‍ അതിനൊന്നും ആവതില്ല. 

ദക്ഷന്‍ കര്‍ണകത്തുനിന്നു മടങ്ങുകയാണ്. മയനില്ലാത്ത ദേശത്ത് അവനെന്തിനു തങ്ങണം. അവിടെക്കിടന്ന് എന്തിനു ജീവന്‍ വെടിയണം. ഒരിക്കല്‍ മയനെ അന്വേഷിച്ചു നടന്ന വഴികളിലൂടെ തിരിച്ചു പറക്കുമ്പോള്‍ താഴെ എന്തോ ഞാന്നു കിടക്കുന്നതു ദക്ഷന്‍ കണ്ടു. മയന്‍ കിടന്ന പഴങ്കൂട്. അതിനു പുറത്തുകടക്കാന്‍ കഴിയാഞ്ഞ് അവന്‍ പണ്ടെപ്പോഴോ മുരണ്ടതുപോലെ തുരുമ്പിച്ച വിജാഗിരി ഇളകി ഒച്ചവയ്ക്കുന്നു. അവനില്ലാത്ത ആ കൂടിനെത്തന്നെ നോക്കി തെല്ലിട അവിടെ ചുറ്റിക്കറങ്ങിയപ്പോള്‍ ഹൃദയത്തിനേക്കാള്‍ ഭാരമുള്ള വേറൊന്നുമില്ലെന്ന് ദക്ഷനു തോന്നി.

അപ്പോള്‍ ആകാശം പഴയൊരു സഹപാഠിയെപ്പോലെ ദക്ഷനെ വിളിച്ചു. അതിന്റെ മുഖത്തു നോക്കി ദക്ഷന്‍ ചോദിച്ചു. കാബൂളിലേയ്ക്ക് ഇവിടെനിന്ന് എത്ര ദൂരം കാണും. അതവന് പോകാനുള്ള വഴി പറഞ്ഞുകൊടുത്തു. ഒരു പനയുടെ ഉയരത്തില്‍ പൊന്തിയ ദക്ഷന്‍ ആദ്യം വട്ടമിട്ടു പറന്നു. പിന്നെ കാറ്റിന്റെ ഉയരം കൂടുന്നതിനനുസരിച്ച് മുന്നോട്ടു നീങ്ങി. അപ്പോള്‍ പറക്കാന്‍ തീരെ പ്രയാസമില്ലാതായി. കാറ്റു ചവുട്ടി ഇടയ്ക്കൊന്നു നില്‍ക്കുകയുമാകാം. വൃദ്ധന്മാര്‍ക്ക് പോകാന്‍ ആകാശം വേറെ പാത തെളിച്ചിട്ടിട്ടുണ്ട്. ആ വഴിക്കാണ് ദക്ഷന്റെ ഗമനം. കുറേ പറന്നുകഴിഞ്ഞപ്പോള്‍ അവന്‍ ഒരു കറുത്ത പൊട്ടായി മാറി. ക്രമേണ തീരെ കാണാതായിത്തീര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com