'ജയന്റ് മാള്‍'- സോണിയ റഫീക്ക് എഴുതിയ കഥ

റോഡിലേക്ക് ഉന്തിനില്‍ക്കുന്ന കൂറ്റന്‍ കെട്ടിടത്തിനു 'ജയന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ്' എന്ന് പേരിട്ട ദിനം മുതല്‍ പ്രവീണ്‍ അവിടുത്തെ സൂപ്പര്‍വൈസറാണ്
'ജയന്റ് മാള്‍'- സോണിയ റഫീക്ക് എഴുതിയ കഥ

ങ്ങനൊരു ഷോപ്പിംഗ് മാള്‍ ഈ നഗരത്തില്‍ ഇതാദ്യം. റോഡിലേക്ക് ഉന്തിനില്‍ക്കുന്ന കൂറ്റന്‍ കെട്ടിടത്തിനു 'ജയന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ്' എന്ന് പേരിട്ട ദിനം മുതല്‍ പ്രവീണ്‍ അവിടുത്തെ സൂപ്പര്‍വൈസറാണ്. ഏതോ അറബിക്കഥയിലെ ഗര്‍ഭിണിയായ പെണ്‍ഭൂതത്തിന്റെ വയറു പോലാണ് മാളിന്റെ മുന്‍ഭാഗമെന്ന് കാഷ് കൗണ്ടറിലെ പയ്യനോട് അയാളൊരിക്കല്‍ പറഞ്ഞപ്പോള്‍ അറബിക്കഥകളില്‍ ഭൂതത്താന്മാരെയുള്ളൂ ഭൂതത്തികളില്ലെന്ന് അവന്‍ തിരുത്തി. ശരിയാണ്! സൗദി അറേബ്യയില്‍നിന്ന് മടങ്ങിവന്ന ശേഷമാണ് അറബിക്കഥകളെ ഉപമകളാക്കുന്ന ശീലം തുടങ്ങിയത്. സൗദിയില്‍ ഇതുപോലൊരു ഷോപ്പിംഗ് സമുച്ചയത്തിന്റെ സൂപ്പര്‍വൈസറായിരുന്നു പ്രവീണ്‍. അന്ന് ഉപമകളെല്ലാം നാടുമായി ബന്ധപ്പെട്ടവയായിരുന്നു. നെല്‍പ്പാടം പോലെ പരന്നുകിടക്കുന്ന എണ്ണപ്പാടങ്ങള്‍ എന്നൊക്കെ പറഞ്ഞിരുന്നത് എന്തിനായിരുന്നു!

അന്ന് രാവിലെ അല്പം വൈകിയാണ് പ്രവീണ്‍ ജോലിക്കെത്തിയത്. തലേന്ന് രാത്രി അനിതയുമായുണ്ടായ വഴക്കിന്റെ അംശങ്ങള്‍ തന്റെ മുഖത്ത് ഉറക്കക്ഷീണമായി പറ്റിയിരിക്കുന്നെന്ന് തോന്നിയതിനാല്‍ അയാള്‍ നേരെ പാന്‍ട്രിയില്‍ പോയി മുഖം കഴുകി ഒരു ചായയുണ്ടാക്കി കുടിച്ചു. മാളില്‍ ആളുകള്‍ വന്നു തുടങ്ങുന്നേയുള്ളു. കുളിച്ചു ഈറന്‍ മുടിയോടെ വന്നുകയറിയ തൂപ്പുതുടപ്പ് ജോലിക്കാരികള്‍ യാതൊരു മടിയും കൂടാതെ തലേദിവസം ഊരിയിട്ട മുഷിഞ്ഞ നീല യൂണിഫോം എടുത്തു ധരിക്കുന്നു. ഷെല്‍ഫുകളില്‍ പുത്തന്‍ ചിരിയുമായി ഇരിക്കുന്ന സാധനങ്ങള്‍ ഓരോ ദിവസവും അവരിലൂടെ കയറിയിറങ്ങി പോകുന്ന കണ്ണുകളുടെ കണക്കെടുപ്പ് തുടരുന്നു. പ്രവീണ്‍ ഓര്‍ത്തു, അക്കൂട്ടത്തില്‍ 60 ശതമാനവും കുട്ടികള്‍ക്കുള്ളവയാണ്; തനിക്ക് ആവശ്യമില്ലാത്തവ.

മാള്‍ തുറന്നിട്ട് ഒരു മണിക്കൂറോളമായി. ഗ്രൗണ്ട് ഫ്‌ലോറിലെ ഒച്ചയും ബഹളവും കേട്ടാണ് പ്രവീണ്‍ ഓഫീസ് മുറിയില്‍ നിന്നിറങ്ങി നോക്കിയത്. സ്ത്രീകള്‍ക്കുള്ള ടോയ്ലറ്റിനു മുന്നില്‍ പത്തുപന്ത്രണ്ടു പേര്‍ കൂടിനില്‍ക്കുന്നു. ഒന്നുകില്‍ പിടിച്ചുപറി, അല്ലെങ്കില്‍ ആര്‍ക്കോ എന്തോ നഷ്ടപ്പെട്ടു. ക്ലീനിംഗ് സ്റ്റാഫിലെ മൂന്നു സ്ത്രീകളും ആകെ പരിഭ്രാന്തരാണ്. കൂടിനിന്നവരില്‍ ഒരു സ്ത്രീ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മറ്റുള്ളവരെ കാണിക്കുന്നു. ജയന്റ് മാളിന്റെ മാനേജരായ ഉദയന്‍ അവര്‍ക്ക് നടുവില്‍ നില്‍പ്പുണ്ട്. അയാള്‍ ക്ലീനിംഗ് പെണ്ണുങ്ങള്‍ക്ക് എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ കൊടുത്തശേഷം എത്രയും വേഗം ഹൈപ്പര്‍ മാര്‍ക്കറ്റ് അടക്കാനുള്ള അനൗണ്‍സ്മെന്റ് നല്‍കാന്‍ പ്രവീണിനോട് പറഞ്ഞു. കൂടിനിന്നവരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് അയാള്‍ അന്തംവിട്ടു നിന്ന പ്രവീണിനെ ആണ്‍ ശുചിമുറിയുടെ അകത്തേക്ക് വലിച്ചുകൊണ്ടു പോയി. സമ്മര്‍ദ്ദമേറുമ്പോള്‍ ഉദയന്റെ മൊട്ടത്തല തിളങ്ങും. 

പ്രവീണിനെ ചുമരിനോട് ചേര്‍ത്തുനിര്‍ത്തി പതിഞ്ഞ സ്വരത്തില്‍ അയാള്‍ പറഞ്ഞു: ''എടോ ടോയ്ലറ്റില്‍ ഒരു കൊച്ച്...''
വെട്ടിത്തിളങ്ങുന്ന മൊട്ടത്തല നോക്കി മിഴിച്ചുനിന്ന പ്രവീണിനെ പിടിച്ചുകുലുക്കിക്കൊണ്ട് അയാള്‍ വീണ്ടും: ''ആരോ പെറ്റിട്ടേക്കുന്നു, കളഞ്ഞിട്ട് പോയതാന്നാ തോന്നണത്, ചോരയില്‍ കുളിച്ചങ്ങനെ...ഹൊ...ഞാന്‍ ഒന്നേ നോക്കിയുള്ളൂ.''
''ജീവനുണ്ടോ?''
''ഉള്ള ലക്ഷണമാ. മൂന്നാല് കസ്റ്റമേഴ്സ് മാത്രമേ കണ്ടിട്ടുള്ളൂ. മാളിന്റെ റെപ്യൂട്ടേഷനെ ബാധിക്കുന്ന കാര്യമാ. എന്താടോ ചെയ്യുക?''
പ്രവീണ്‍ ആകെ വിയര്‍ത്തുപോയി. ഒടുവില്‍ അറബിക്കഥയിലെ ഭൂതത്തിപ്പെണ്ണ് പ്രസവിക്കുക തന്നെ ചെയ്തു! അയാള്‍ ടോയ്ലറ്റിനുള്ളിലേക്ക് കടന്നു. ശുചീകരണ പെണ്ണുങ്ങള്‍ കൂടിനില്‍പ്പുണ്ടവിടെ. 
''സാറേ ആരാണെന്നറീല്ല. രാവിലെ മുതല്‍ ഞാനിവിടണ്ട്. മൂന്നോ നാലോ പേരെ ഉള്ളില്‍ കയറിയിട്ടുള്ളൂ.''
''സി.സി.ടി.വി കാമറ നോക്കിയാ ഇപ്പോ പിടിക്കാം.'''
നാലു ടോയ്ലറ്റുകളില്‍ അവസാനത്തേതിലായിരുന്നു സംഭവം. ചുമരിനോട് ചേര്‍ന്ന് ഒരു വശം ചെരിഞ്ഞ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ട കുഞ്ഞിനെ ഗ്ലൗസ് ഉപയോഗിച്ച് വാഷ് ബെയ്സിന്റെ സ്ലാബില്‍ കൊണ്ടുവച്ചത് കൂട്ടത്തില്‍ പ്രായം ചെന്ന തുളസി എന്ന ജീവനക്കാരിയായിരുന്നു.
അവര്‍ അതിന്റെ കാല്‍വെള്ളയില്‍ ഞൊടിച്ചപ്പോള്‍ അവനൊന്നിളകി. കണ്ണുതുറന്നിട്ടില്ല, പക്ഷേ, അനക്കമുണ്ട്.
''നെലവിളി തുടങ്ങിയാല്‍ തീര്‍ന്നു, ഭാഗ്യം ഇത് വാ തുറക്കുന്നില്ല.''
പ്രവീണ്‍ കുഞ്ഞിന്റെ നെറ്റിയില്‍ തൊട്ടപ്പോള്‍ അവന്‍ നാവു നീട്ടി ഉണങ്ങിയ ചുണ്ടു നക്കി.
''ഇതിവിടെക്കിടന്ന് ചത്തുപോകും. പൊലീസിനെ വിളി സാറെ.''
പ്രവീണിനറിയാം ഉദയനൊരിക്കലും അത് ചെയ്യില്ലെന്ന്. സീനിയര്‍ മാനേജര്‍മാര്‍ അറിയും മുന്‍പ് ഒതുക്കിത്തീര്‍ക്കാനാണ് അയാള്‍ ശ്രമിക്കുന്നത്. പത്രവും ചാനലും തീരെയും അറിയാന്‍ പാടില്ല. ആരും ഇപ്പോള്‍ സ്വന്തം വീടുകളിലേക്കും ഈ വിവരം അറിയിക്കണ്ടെന്ന് ഉദയന്‍ താക്കീതു നല്‍കി.
അനിത ഇന്നലേയും പറഞ്ഞു, ഗപ്പി മീനുകളുടെ കാര്യം. ഒരു കൂട്ടുകാരിയുടെ വീട്ടില്‍ ബര്‍ത്ഡേ പാര്‍ട്ടിക്ക് പോയപ്പോള്‍ കണ്ടതാണ്. 

''എത്രയാ പെറ്റുക്കൂട്ടിയിരിക്കുന്നത്! ഗപ്പികള്‍ മുട്ടയിടില്ല, പ്രസവിക്കുകയാ ചെയ്യുക.'' അവള്‍ അതിശയത്തോടെ കണ്ണുകള്‍ വിടര്‍ത്തി. ഗപ്പികള്‍ വേഗത്തില്‍ പ്രജനനം നടത്തുമെന്നും അവയെ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാമെന്നും മറ്റും പറഞ്ഞു പറഞ്ഞ് അനിത സ്വന്തം വയറിന്റെ ശൂന്യതയിലേക്ക് വിഷയമെത്തിച്ചു.

മുപ്പത്തി എട്ടാം വയസ്സില്‍ സൗദിയില്‍നിന്നും മടങ്ങിയെത്തിയൊരു പ്രവാസിക്ക് സ്വാഭാവികമായി കുട്ടിയുണ്ടാകാനുള്ള സാധ്യതകള്‍ കുറവാണെന്ന് ഇരുവര്‍ക്കുമറിയാം. എന്നാല്‍, പ്രവീണിനെന്തോ കുഴപ്പമുള്ളത് മറച്ചുവയ്ക്കുവാനാണ് അയാള്‍ വന്ധ്യതാ ചികിത്സയ്ക്ക് തയ്യാറാവാത്തതെന്നാണ് അനിതയുടെ കണ്ടെത്തല്‍. എത്രയോ രാത്രികളുടെ ഉറക്കം നഷ്ടപ്പെടുത്തിയ ഈ ചര്‍ച്ച തലേന്ന് രാത്രിയും സംഭവിച്ചിരുന്നു. പ്രവീണ്‍ ഉറക്കക്ഷീണത്തില്‍ കണ്ണു തിരുമ്മി. അപ്പൊഴേക്കും ഉദയന്‍ അടുത്തുള്ള ക്ലിനിക്കില്‍നിന്ന് പരിചയക്കാരിയായ ഒരു നഴ്സുമായെത്തി. ''പൊലീസിലോ മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ ഉടന്‍ വിവരം അറിയിച്ചോണം. അവര് കൊണ്ടുപോട്ടെ. ഇല്ലെങ്കില്‍ പണി പാളും.'' അവര്‍ ഉറപ്പിച്ചു പറഞ്ഞു.
എന്തുചെയ്യണമെന്നറിയാതെ നിന്ന ഉദയനോട് ഐ.റ്റി. സ്റ്റാഫിലെ സമീര്‍ പറഞ്ഞു: ''നാലു പേരുണ്ട്, കാമറയില്‍ മുഖം ക്ലിയറാണ്, വന്നു നോക്കിക്കോ സാര്‍.''

ഉദയന്‍ സ്‌ക്രീന്‍ ഇരിക്കുന്ന മുറിയിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ പ്രവീണ്‍ പിന്നില്‍നിന്നും തളര്‍ന്ന ശബ്ദത്തില്‍, ''തല്‍ക്കാലം ആരുടെയാണെന്നറിയണ്ട, കുഞ്ഞിനെ ഞാന്‍ എടുത്തോളാം.'' ഉദയന്റെ മൊട്ടത്തല വീണ്ടും തിളങ്ങാന്‍ തുടങ്ങി. പ്രവീണ്‍ അയാളുടെ കൈകള്‍ ചേര്‍ത്ത് നെഞ്ചത്തുവച്ചുകൊണ്ട് പറഞ്ഞു; ''ഇതിനെ എനിക്ക് താ, ആരും അറിയണ്ട.''
''ഇതിനൊക്കെ ഒരുപാട് ഫോര്‍മാലിറ്റീസ് ഉണ്ട് കേട്ടോ. നിങ്ങള്‍ വിചാരിക്കുമ്പോലല്ല. വഴിയില്‍ കിടക്കുന്ന പിള്ളേരെ എടുത്തോണ്ടുപോയി വളര്‍ത്തുന്ന കാലമൊക്കെ കഴിഞ്ഞു. നിയമങ്ങളുണ്ടിപ്പോ. പറഞ്ഞില്ലെന്നു വേണ്ട.'' നഴ്സ് ഫ്‌ലാസ്‌കില്‍ നിന്നല്പം  ചൂടുവെള്ളം സ്പൂണില്‍ കോരി കുഞ്ഞിന്റെ ചുണ്ടു നനച്ചുകൊടുത്തു. കരയാന്‍ തുടങ്ങിയത് പെട്ടെന്നായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ പലരും പലവഴിക്കോടി. ഉടന്‍ തന്നെ ഉദയന്‍ കുഞ്ഞിനെ ഓഫീസ് മുറിയിലേക്ക് മാറ്റി. കരച്ചില്‍ നിന്നപ്പോള്‍ പ്രവീണ്‍ മെല്ലെ സോഫയില്‍ കിടക്കുന്ന കുഞ്ഞിനരികിലെത്തി അവനെ വാരിയെടുത്തു, ''ഞാനങ്ങ് വീട്ടില്‍ കൊണ്ടുപോകുവാ ഇവനെ.''
''എടോ, തനിക്ക് ഭാര്യയോടൊന്ന് ചോദിക്കണ്ടേ?'' ഉദയന്‍ തടഞ്ഞു.
പ്രവീണിനറിയാം പിണങ്ങിയിരിക്കുമ്പോള്‍ അനിത കോള്‍ എടുക്കാറില്ലെന്ന്. അയാള്‍ കുഞ്ഞിന്റെ ഫോട്ടോ എടുത്ത് അവള്‍ക്ക് വാട്ട്സാപ്പ് ചെയ്തു. ചൂടുവെള്ളം കുടിച്ചതിന്റെ നിറവില്‍ മയങ്ങിക്കിടക്കുകയാണവന്‍. ഫോട്ടോ കിട്ടിയയുടന്‍ വന്നു അനിതയുടെ വിളി. കാര്യങ്ങള്‍ പൂര്‍ണ്ണമായി വിശദീകരിക്കും മുന്‍പ് അവള്‍ ഭീമാകാരമായൊരു 'നോ' പ്രവീണിനു മുന്നില്‍ ഊന്നിനിര്‍ത്തി.

''എവിടുന്നോ വന്നൊരുത്തി. കക്കൂസില്‍ ഉപേക്ഷിച്ച ഗര്‍ഭം. ഊരും പേരും അറിയാത്ത ഒന്നിനെ ഞാനെന്റെ വീട്ടില്‍ കയറ്റില്ല. ഉമ്മവയ്ക്കുമ്പോള്‍ അതിന്റെ കവിളില്‍ എനിക്കെന്റെ രക്തം മണക്കണം, ഇങ്ങനൊന്നിനെ എന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കണ്ട.''
ആ നഴ്സിനു പ്രായത്തില്‍ കവിഞ്ഞ പക്വതയാണ്, അവര്‍ കണ്ണട ഒന്നുകൂടി മൂക്കിനു മുകളിലേക്കുയര്‍ത്തിവച്ച് തളര്‍ന്നിരുന്ന പ്രവീണിനരികില്‍ വന്നിരുന്നു. തുടര്‍ന്ന് ആദ്യം പറഞ്ഞതുതന്നെ അവര്‍ വീണ്ടും ആവര്‍ത്തിച്ചു. അനിതയുടെ വാട്ട്സാപ്പ് സന്ദേശങ്ങള്‍ തുരുതുരാ വരുന്നു: ''ഇതേത് ജാതിയെന്ന് എങ്ങനറിയും, ബന്ധുക്കളോട് എന്തു പറയും, നിങ്ങള്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിവാകാന്‍ നോക്കുകയാണ്, എനിക്ക് ആരുടേയും പാപം പേറാന്‍ വയ്യ...'' ഗതികെട്ട് അയാള്‍ ഫോണ്‍ ഓഫ് ചെയ്തു. 
സി.സി.ടി.വി ക്യാമറയില്‍ കണ്ട 4 പെണ്ണുങ്ങളുടേയും മുഖം സമീര്‍ സ്‌ക്രീന്‍ ഷോട്ട് എടുത്തു എല്ലാര്‍ക്കുമയച്ചു. അവരില്‍ 60 വയസ്സോളമുള്ള നര കയറിയ സ്ത്രീയെ ആദ്യം തന്നെ സംശയത്തില്‍നിന്നും ഒഴിവാക്കി. ബാക്കി മൂന്ന് പേര്‍ ചെറുപ്പക്കാരികള്‍, അവര്‍ എപ്പൊഴേ മാള്‍ വിട്ടു പോയിട്ടുണ്ടാവും. ആളുകളെ ഒഴിപ്പിച്ചത് വിഡ്ഢിത്തമായിപ്പോയെന്ന് സമീര്‍ ഉദയനെ ഓര്‍മ്മിപ്പിച്ചു. 

അനിത കുഞ്ഞിനെ തിരസ്‌കരിച്ചതോടുകൂടി നഴ്സ് പറഞ്ഞ മാര്‍ഗ്ഗത്തിലേക്കുതന്നെ നീങ്ങാമെന്ന് ഒടുവില്‍ ഉദയനും തീരുമാനിച്ചു. മാളിന്റെ പേരിനു കളങ്കം വരാത്ത രീതിയില്‍ കാര്യങ്ങള്‍ ഒതുക്കിത്തീര്‍ക്കാന്‍ സഹായം ആവശ്യപ്പെട്ട് അയാള്‍ ബന്ധപ്പെട്ട പലരേയും വിളിക്കാന്‍ തുടങ്ങി. അപ്പോഴാണ് സ്റ്റോര്‍ക്കീപ്പറായ മനു ഓടിക്കിതച്ചുവന്നത്. സ്റ്റെയര്‍ക്കേസിലേക്കുള്ള വാതിലിനു പിന്നില്‍ ഇരുട്ടത്ത് ഒരു പെണ്‍കുട്ടി കൂനിക്കൂടിയിരിക്കുന്നെന്ന്. ചോദിച്ചിട്ടു ഒന്നും മിണ്ടുന്നില്ലത്രെ. പതിനേഴ് തോന്നുന്ന അവളുടെ ഭയം പടര്‍ന്ന മുഖം കണ്ട് പ്രവീണ്‍ വല്ലാതെ തളര്‍ന്നുപോയി. എല്ലാവരേയും ഒരുമിച്ചു കണ്ടപ്പോള്‍ കുട്ടി ശബ്ദമുണ്ടാക്കാതെ വിതുമ്പാന്‍ തുടങ്ങി. അവളാകെ ക്ഷീണിതയായിരുന്നു, നീല ജീന്‍സില്‍ അങ്ങിങ്ങായി രക്തക്കറ കാണാം. മുഖമാകെ വിളറി വെളുത്ത് കൃഷ്ണമണികള്‍ മുകളിലേക്ക് മലര്‍ന്നു പോകുന്ന അവസ്ഥ. കയ്യും കാലും വിറക്കുന്നതിനാല്‍ എഴുന്നേറ്റു നില്‍ക്കാനുള്ള കെല്‍പ്പില്ല. വെള്ളം കൊടുത്ത് അവളെ എഴുന്നേല്‍പ്പിച്ചു കസേരയില്‍ ഇരുത്തിയപ്പോള്‍  എല്ലാം നോക്കിനിന്ന ക്ലീനിങ്ങ് സ്റ്റാഫിലെ ആ മൂന്ന് സ്ത്രീകള്‍ തമ്മില്‍ ചുരണ്ടി. അവര്‍ ഓര്‍ക്കുന്നു ഈ പെണ്‍കുട്ടിയെ. ''ഇപ്പോഴത്തെ ഓരോ വസ്ത്രങ്ങളിട്ടാല്‍ വയറൊന്നും തെളിഞ്ഞു കാണില്ലെന്നേ. മനുഷ്യനെ മിനക്കെടുത്താന്‍ ഓരോന്ന്...'' തുളസി തല ചൊറിഞ്ഞുകൊണ്ട് കൂട്ടം പിരിഞ്ഞുപോയി. 

പ്രവീണ്‍ ചോദിച്ചപ്പോള്‍ പേരും അഡ്രസ്സും അവള്‍ അനുസരണയോടെ പറഞ്ഞുകൊടുത്തു. അമ്മൂമ്മയുടെ കൂടെയാണ് താമസം. അച്ഛനമ്മമാര്‍ ആസ്ട്രേലിയയില്‍. 
''കുഞ്ഞിനെ എന്തു ചെയ്യണം? അതിനു ജീവനുണ്ട്.'' നഴ്സിന്റെ ചോദ്യം പതിവുപോലെ അറുത്തുമുറിച്ചു തന്നെയായിരുന്നു.

അവള്‍ വീണ്ടും കരയാന്‍ തുടങ്ങി, ''എനിക്കറിയില്ല. അച്ഛനും അമ്മയും അറിഞ്ഞാല്‍ അവര്‍ പാവം യദുവിനെ കൊന്നുകളയും. അവരത് ചെയ്യുമെന്നുറപ്പാ.'' അവള്‍ മൂക്കും കണ്ണും തുടക്കാതെ ഉറക്കെ നിലവിളിച്ചു. യദു കൂടെ പഠിക്കുന്ന കുട്ടിയാവാം; അവളുടെ കാമുകന്‍. അവന്‍ മാളിന്റെ പുറത്ത് നില്‍പ്പുണ്ട്. അവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചു വീട്ടില്‍ നിന്നിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയായിരുന്നു. ഗോവയിലേക്ക് പോകാന്‍ ടിക്കറ്റും ബുക്ക് ചെയ്തിരുന്നതാണ്. ഓട്ടോ കാത്തുനില്‍മ്പോള്‍ പെട്ടെന്ന് വയറിനൊരു അസ്വസ്ഥത തോന്നി മാളിലെ ടോയ്ലറ്റില്‍ കയറിയതാണ്.
ഉദയന്റെ ഫോണിലേക്ക് അനിത തുടരെത്തുടരെ വിളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ പ്രവീണ്‍ അവളോട്  വേഗം മാളിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. വന്നേ പറ്റൂ എന്ന കര്‍ശന സ്വരം ഒരുപക്ഷേ, അവള്‍ പ്രവീണില്‍നിന്ന് ആദ്യമായാവും കേട്ടിട്ടുണ്ടാവുക. പുറത്ത്, ഒരു പറക്കും പുഴുവിനെപ്പോലെ മെട്രോ പാഞ്ഞുപോകുന്നു. കണ്ണാടിച്ചില്ലിലൂടെ അതിനെ നോക്കിനില്‍ക്കുമ്പോള്‍ പ്രവീണ്‍ ഓര്‍ത്തത് ഗര്‍ഭമൊഴിഞ്ഞ ആലസ്യത്തില്‍ ഉണര്‍ന്നെണീറ്റൊരു ഭൂതത്തിപ്പെണ്ണിനെയാണ്. അമ്മയും കുഞ്ഞും ഓഫീസ് മുറിയില്‍ ഒരുമിച്ചായപ്പോള്‍ ഇനി മാള്‍ തുറന്നുകൊടുക്കാമെന്നായി. വെറുതെ ചാനലുകാരുടെ ശ്രദ്ധ ആകര്‍ഷിക്കേണ്ടെന്ന് ജനറല്‍ മാനേജരും പറഞ്ഞു. 

പ്രവീണ്‍ ഫോണിന്റെ ഗാലറിയില്‍നിന്ന് അനിതയുടെ ഒരു ചിത്രമെടുത്ത് നോക്കിയിരുന്നു. അവള്‍ സുന്ദരിയാണ്. പെണ്ണുകാണാന്‍ ചെന്നപ്പോള്‍ പ്രവീണിന്റെ അമ്മ അവളുടെ നിറവും നീണ്ട മുടിയും കണ്ടു വീണുപോയത് വെറുതെയല്ല. ഈ 35 വയസ്സിലും അവള്‍ക്ക് ഇരുപത്തിരണ്ടേ തോന്നൂ. സിറ്റിയിലെ താമസം അവളില്‍ ദുശ്ശീലങ്ങളൊന്നും വരുത്തിവയ്ക്കാത്തതില്‍ അമ്മ ഇപ്പോഴും അഭിമാനിക്കുന്നു. ഒരു ദിവസം പോലും അമ്പലത്തില്‍ പോകാതിരിക്കില്ല. എണ്ണ തേയ്ക്കാതെ കുളിക്കുന്ന ഇളയ മരുമകള്‍ക്ക് കാച്ചിയ എണ്ണ തേച്ചു കറുപ്പിച്ച അനിതയുടെ മുടി കാട്ടി അമ്മ കൊതിപ്പിക്കാറുണ്ട്. വീണ്ടും അടുത്ത മെട്രൊ ട്രെയിന്‍; പുല്‍ക്കൂട്ടില്‍ ഉണ്ണിയേശു പിറന്നപ്പോള്‍ ഇടയന്മാര്‍ കാണാനെത്തിയതുപോല്‍ ജയന്റ് മാള്‍ എന്ന ഈ പെണ്‍ഭൂതത്തിന്റെ വയറൊഴിയല്‍ കാണാന്‍ ഒരു ആകാശപ്പുഴു പാഞ്ഞുവരുന്നു.

ആ കാഴ്ചയെ മറച്ചുകൊണ്ട് അനിത അയാള്‍ക്കു മുന്നില്‍ വന്നുനിന്നു. കുങ്കുമം തൊടാതെ, കണ്ണെഴുതാതെ പുറത്തിറങ്ങാറില്ലാത്ത അനിത ഇതാ ഒരു കുന്നിടിഞ്ഞിറങ്ങി വന്നതുപോലെ ആകെയുലഞ്ഞു നില്‍ക്കുന്നു. 
''എവിടെ?''
''നീ വാ.''
അരിശം കടിച്ചുപിടിച്ച് പ്രവീണ്‍ അവളെ ഓഫീസ് ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അനിതയെ കണ്ടപ്പോള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച കുട്ടിയെ നഴ്സ് സോഫയില്‍ തന്നെ പിടിച്ചു കിടത്തി. അമ്മയ്ക്കും കുഞ്ഞിനും നേരെ ഒരു പരുക്കന്‍ നോട്ടം തൊടുത്തുവിട്ടിട്ട് അനിത മൊബൈല്‍ നോക്കിയിരിപ്പായി. 
ഇന്നലെ കൂട്ടുകാരിയുടെ വീട്ടില്‍ കണ്ട ഗപ്പികളെക്കുറിച്ചു അരുമയോടെ സംസാരിച്ച അനിതയ്ക്ക് ഇപ്പോള്‍ അവയെ ഓര്‍ക്കുമ്പോള്‍ ഓക്കാനം വരുന്നു. ഒന്നല്ല, പല പല ആണ്‍മീനുകളുടെ ബീജം പേറുന്നവളാണ് ഒരു ഗപ്പിപ്പെണ്ണ്. സൗകര്യം പോലെ ഓരോ ആണില്‍ ഉണ്ടായതിനേയും പലയിടത്തായി അത് പെറ്റോണ്ടിരിക്കും. അതുപോലൊന്നല്ലേ ഈ കിടക്കുന്നവള്‍ എന്നാലോചിച്ചപ്പോള്‍ അവള്‍ക്ക് ദേഷ്യം സഹിക്കാനായില്ല. അനിത പ്രവീണിനോട് കയര്‍ത്തു, ''നാണമില്ലേ നിങ്ങള്‍ക്ക് ഈ ജന്തുവിനേയും താലോലിച്ചിരിക്കാന്‍. ഒന്ന് പറഞ്ഞുവിടുന്നുണ്ടോ...''
''എനിക്ക് എങ്ങോട്ട് പോണമെന്നറിയില്ല. വീട്ടില്‍ അറിഞ്ഞാല്‍ കുഞ്ഞിനേയും കൊല്ലും, യദുവിനേയും ഇല്ലാതാക്കും.'' കുട്ടി തേങ്ങിക്കരഞ്ഞു. 
പ്രവീണ്‍ അനിതയോട് രഹസ്യമായി, ''ചെറിയ കുട്ടിയല്ലേ. നീയൊന്നടങ്ങ്...'' എന്ന് ഉപദേശിച്ചുനോക്കി.
''ചെറുതുപോലും. ഹും! ഇതു തന്നല്ലേ ഇതുങ്ങള്‍ക്ക് പണി. മൂന്ന് മാസമാകുമ്പോള്‍ മുതല്‍ പെറ്റു തുടങ്ങുന്ന ഗപ്പികളെപ്പോലെ. മുട്ടേന്ന് വിരിയണ്ട...''
അതുകൂടി കേട്ടപ്പോള്‍ പ്രവീണ്‍ അവളെ മുറിയില്‍നിന്നും വലിച്ചിറക്കിക്കൊണ്ടുപോയി. അനിതയെ ക്യാബിനു മുന്നിലൊരു കസേരയില്‍ ഇരുത്തിയിട്ട് അയാള്‍ ഗ്രൗണ്ട് ഫ്‌ലോറിലേക്ക് പോയി. താഴെ പെണ്‍ ടോയ്ലറ്റിനു മുന്നില്‍ കഴിഞ്ഞതെല്ലാമൊരു കെട്ടുകഥയെന്ന മട്ടില്‍ ആളിറങ്ങുന്ന മുറയ്ക്ക് കഴുകിയും തുടച്ചും നീല ഉടുപ്പിട്ട ചേച്ചിമാര്‍ പണി തുടര്‍ന്നു. അല്പസമയം മുന്‍പുവരെ ഇതൊരു പേറ്റുമുറിയായിരുന്നു എന്ന വസ്തുതയൊന്നും അവരെ ബാധിച്ചതേയില്ല. അല്ലെങ്കില്‍ത്തന്നെ ഒന്ന് ലോഷനൊഴിച്ചു നന്നായി കഴുകിയാല്‍ മാറാത്ത എന്തശുദ്ധി! ട്രോളികളില്‍ സാധനം നിറയുന്നു, ഒഴിയുന്നു, വീണ്ടും നിറയുന്നു. ഒരു കുടുംബത്തിന്റെ ഭാരം പേറിയിറക്കി മറ്റൊന്നിന്റെ ആവശ്യങ്ങള്‍ക്കായി അവര്‍ നിരനിരയായി വാ പിളര്‍ന്നു കിടക്കുന്നു. 
അതിനിടെ അവള്‍ രണ്ടു വട്ടം യദുവിനെ വിളിച്ചു കരഞ്ഞു. അവനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. അവനോട് എങ്ങോട്ടെങ്കിലും രക്ഷപ്പെടാനാണ് അവള്‍ ആവശ്യപ്പെടുന്നത്. ഈ വിവരം വീട്ടിലറിഞ്ഞാല്‍ ആദ്യമവര്‍ ചെയ്യാന്‍ പോകുന്നതെന്തെന്ന് അവള്‍ക്കറിയാം. 

സമയം വൈകുന്നേരമായി. നഴ്സ് വീട്ടിലേക്ക് പോയി. അന്നത്തെ ദിവസം അവര്‍ക്കൊരു പാഴ്ദിനമായിരുന്നുവല്ലോ. ക്ലിനിക്കിലെ ഡ്യൂട്ടി സമയത്ത് ഇവിടെ വന്നുനിന്ന് വേണ്ടാത്ത കാര്യത്തിലിടപെട്ട് സമയം കളഞ്ഞില്ലേ. പ്രവീണ്‍ ഉള്‍പ്പെടെ മാളിലെ ജോലിക്കാരെല്ലാം അവരവരുടെ ജോലികളില്‍ മുഴുകിക്കഴിഞ്ഞു. അനിത അപ്പോഴും കുഞ്ഞും തള്ളയുമിരിക്കുന്ന മുറിയുടെ മുന്നിലെ കസേരയില്‍ തന്നെയുണ്ട്. ഉദയന്‍ അങ്ങനൊരു സംഭവം തന്നെ നടന്നിട്ടില്ലെന്ന ഭാവത്തില്‍ തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഓടിനടക്കുന്നു. ആരും ശ്രദ്ധിക്കുന്നില്ലെന്ന് കാണുമ്പോള്‍ പെണ്‍കുട്ടി കുഞ്ഞുമായി എവിടേക്കെങ്കിലും ഇറങ്ങിപ്പൊയ്ക്കൊള്ളുമെന്ന് അവരെല്ലാം ഒരുപോലെ ചിന്തിച്ചിരുന്നിരിക്കണം. 
അല്പം കഴിഞ്ഞ് ഗ്രൗണ്ട് ഫ്‌ലോറില്‍നിന്ന് മുകളിലേക്ക് നോക്കിയപ്പോള്‍ പ്രവീണ്‍ കണ്ടത് അനിത ഇരിക്കുന്ന കസേരക്കരികില്‍ കുഞ്ഞുമായി നിലത്ത് വന്നിരിക്കുന്ന പെണ്‍കുട്ടിയെയാണ്. അയാള്‍  വേഗം അവിടേക്ക് ഓടിക്കയറിവന്നു. കണ്ണീര്‍ഗ്രന്ഥികള്‍ പ്രവര്‍ത്തനം നിര്‍ത്തിയതുകൊണ്ടാണോ എന്തോ അവളിപ്പോള്‍ കരയുന്നതേയില്ല. ഒരുതരം നിര്‍വികാരതയാണ് മുഖത്ത്. പ്രവീണിനെ കണ്ടതും 'പോകാം' എന്ന് പറഞ്ഞ് അനിത ബാഗുമെടുത്ത് എഴുന്നേറ്റു. പക്ഷേ, അവള്‍ക്ക് മുന്നോട്ട് നടക്കാനായില്ല, ആ കുട്ടി നിലത്തിരുന്നുകൊണ്ട് അനിതയുടെ കയ്യില്‍ ശക്തിയായി പിടിച്ചുവലിക്കുകയാണ്. 

''ചേച്ചീ, ഞാന്‍ ലെജിറ്റിമേറ്റ് കുട്ടിയാണ്, എനിക്ക് മാതാപിതാക്കളുണ്ട്, ഊരും പേരുമുണ്ട്, നല്ല കുടുംബത്തിലാ ജനിച്ചത്. പക്ഷേ, എന്റെ കുഞ്ഞിനു ഇതൊന്നുമില്ല. അവന്‍ ചേച്ചി പറഞ്ഞതുപോലെ ഏതോ ആറ്റിലോ തോട്ടിലോ ജനിച്ച ഗപ്പിയാണ്.''
അവള്‍ നിലത്തുനിന്ന് എഴുന്നേറ്റു. കണ്‍മഷിയുടെ ജാടയില്ലാത്ത അനിതയുടെ വെളുത്ത കണ്ണുകളിലേക്ക് നോക്കി ചോദിച്ചു: ''എന്നെ ദത്തെടുക്കാമോ നിങ്ങള്‍ക്ക്?''
ആ സമയത്ത് കയ്യിലിരുന്ന കുഞ്ഞ് ഏകദേശം ശ്വാസം നിലച്ച അവസ്ഥയിലെത്തിയിരുന്നു. പാറകളില്‍ നിന്നൂറിവരുന്ന ചുണ്ണാമ്പു കല്‍പ്പുറ്റുപോലെ അതിന്റെ തണുത്ത കൈകാലുകള്‍ അനിതയുടെ നെഞ്ചിലേക്ക് തുളച്ചുകയറി. 
അനിത മുഖം തിരിച്ച് മുന്നോട്ടു നടന്നു. കുട്ടി അവള്‍ക്ക് പിന്നാലെയുണ്ട്.
''എന്റെ തറവാട്ടുപേരു പറഞ്ഞാല്‍ എല്ലാര്‍ക്കുമറിയാം. അമ്മ ഡോക്ടറാ. അമ്മയുടെ തറവാട് ഏതാണെന്നറിയണ്ടേ ...''
അനിത പ്രവീണിന്റെ കൈപിടിച്ച് എസ്‌കലേറ്ററില്‍ കയറുമ്പോള്‍ അവളുടെ സാരി പടിക്കെട്ടുകള്‍ക്കിടയില്‍ ഉടക്കി. വെപ്രാളപ്പെട്ടത് വലിച്ചെടുത്തപ്പോള്‍ സാരിക്കസവ് അപ്പാടെ കീറിപ്പോയിരുന്നു. തഴെയിറങ്ങിയ അനിത വേഗം പുറത്തേക്ക് നടന്നു, ഒപ്പം പ്രവീണും. അതാ ആ പെണ്‍കുട്ടി ഇപ്പോഴും അവര്‍ക്കു പിന്നില്‍ത്തന്നെയുണ്ട്. കൈകളില്‍ നിന്നൂര്‍ന്നു വീഴാന്‍ പോകുന്ന മാംസപിണ്ഡം പോലെ തൂങ്ങിയാടുന്ന കുഞ്ഞിന്റെ തല.  അവളുടെ ഓട്ടത്തിന്റെ വേഗതയില്‍ അതൊരു പെന്‍ഡുലം പോലെ ആടിക്കൊണ്ടിരുന്നു.
''ചേച്ചീ, എന്നെ ദത്തെടുക്കൂ...എന്റെ ജാതി ഏതാണെന്നറിയണ്ടേ? എന്റെ നിറം കണ്ടോ. ഞാന്‍ പഠിക്കാനും മിടുക്കിയാ...''
പ്രവീണും അനിതയും റോഡിലൂടെ ഓടുകയാണ്. അവളും അതേ വേഗത്തില്‍ പിന്നാലെയുണ്ട്. 
''കുഞ്ഞു ചത്തുകഴിഞ്ഞു. ഇതിനെ എങ്ങോട്ടേലും വലിച്ചെറിഞ്ഞേച്ച് ഞാന്‍ നിങ്ങളുടെ കൂടെ വരാം... വന്നോട്ടെ, വന്നോട്ടെ?''
വീടെത്തിയപ്പോള്‍ അനിതയ്ക്ക് തോന്നി എത്രയോ വര്‍ഷങ്ങളായി അവള്‍ ഈ ഓട്ടത്തിലായിരുന്നുവെന്ന്. എസ്‌കലേറ്ററില്‍ കുടുങ്ങിയ കീറിപ്പറിഞ്ഞ സാരി മേല്പ്പോട്ടുയര്‍ത്തി അവളത് രണ്ടായി വലിച്ചുകീറി. കണ്ണാടിക്കു മുന്നില്‍ അനങ്ങാതെ നിന്ന അനിതയ്ക്ക് മാറാനൊരു വസ്ത്രം കൊണ്ടുകൊടുത്തത് പ്രവീണ്‍ ആണ്. അവളത് വാങ്ങാതെ മണിക്കൂറുകള്‍ അതേ നില്‍പ്പ് നിന്നു. പിന്നീട് പലവട്ടം മുന്‍വാതിലിനരികിലെ ജനാല തുറന്നു ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ടിരുന്നു. അതിര്‍ത്തിയിലെ കാവല്‍ക്കാരെപ്പോലെ ഏതു നിമിഷവും ഒരാക്രമണം പ്രതീക്ഷിച്ചിരിക്കുന്ന മട്ട്.
''സമീര്‍ അയച്ചുതന്ന ആ പെണ്‍കുട്ടിയുടെ സ്‌ക്രീന്‍ ഷോട്ട് എവിടെ?'' കിടക്കാന്‍ നേരം അപ്രതീക്ഷിതമായി വന്ന അനിതയുടെ ചോദ്യം. 

''അത് ഞാന്‍ അപ്പോഴേ ഡിലീറ്റ് ചെയ്തു.'' വിക്കലോടെയുള്ള പ്രവീണിന്റെ മറുപടി.
അടുത്ത ദിവസങ്ങളില്‍ പ്രവീണ്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍നിന്ന് മടങ്ങിയെത്തുമ്പോഴൊന്നും അനിത വീട്ടില്‍ ഉണ്ടാകാറില്ലായിരുന്നു. ചോദിക്കുമ്പോള്‍ കൂട്ടുകാരിയുടെ വീട്ടില്‍ പോയെന്നു പറയും. ചാറ്റല്‍മഴ പെയ്യുന്നൊരു വൈകുന്നേരം ഉണക്കാനിട്ട വസ്ത്രങ്ങള്‍ പെറുക്കാന്‍ പുറത്തിറങ്ങിയ പ്രവീണിന്റെ സ്ലിപ്പറിടാത്ത കാല്‍പ്പാദം നനഞ്ഞ മണ്ണില്‍ ആഴ്ന്നുപോയി. ചളിയില്‍നിന്ന് തിളങ്ങുന്ന കുമിളകള്‍പോലെ ഉയര്‍ന്നുവന്ന വസ്തു, എന്താണ്! 4 വര്‍ഷം മുന്‍പ് കന്യാകുമാരി യാത്രയില്‍ താന്‍ അനിതയ്ക്ക് വാങ്ങിക്കൊടുത്ത പവിഴമാലയുടെ മുത്തുകള്‍! അവള്‍ വന്നു കയറിയയുടന്‍ മുത്തുകള്‍ ഉപേക്ഷിക്കാനുള്ള കാരണം അയാള്‍ തിരക്കി.

''ഓഹ്...ഞാന്‍ അതങ്ങു കുഴിച്ചിട്ടു.''
''വിലപിടിപ്പുള്ളതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ? എന്നോടുള്ള വൈരാഗ്യം, അല്ലേ?''
''അതൊന്നുമല്ല. നോക്കൂ, ആ പവിഴമുത്തുകള്‍ ദിനംപ്രതി എന്റെ അലമാരച്ചെപ്പിലിരുന്നു പെരുകുകയാണെന്നേ. കടലിന്നടിയില്‍ ഏതോ മുത്തുച്ചിപ്പിക്കുള്ളിലാണെന്ന ഭാവത്തില്‍ ഒന്ന് രണ്ടാവുകയും രണ്ട് നാലാവുകയും ചെയ്യുന്ന കണ്ടപ്പോ എനിക്ക് പേടിയായി. ഒരു ദിവസം ഞാന്‍ അലമാര തുറക്കുമ്പോള്‍ എന്റെ മുഖത്തേക്കൊരു മുത്തുമല ഇടിഞ്ഞിറങ്ങിയാലോ. വേണ്ട, വേണ്ട...''
എല്ലാ രാത്രിയും അവള്‍ തനിക്ക് പിന്നാലെ ഓടിവരുന്ന ആ പെണ്‍കുട്ടിയുടെ വിളി കേട്ട് ഞെട്ടിയുണരും. അവളിപ്പോള്‍ കുപ്പിവളകള്‍ അണിയാറില്ല. ശബ്ദം പുറപ്പെടുവിക്കുന്ന തന്റെ ശരീരം ആരെയെങ്കിലും വിളിച്ചുവരുത്തിയാലോ എന്ന ഭയം. അടുക്കളയിലെ കുപ്പിപ്പാത്രങ്ങളെല്ലാം ഒരു അലമാരയിലാക്കി പൂട്ടിവച്ചു. കൈതട്ടി പൊട്ടിപ്പോയാലോ എന്ന് കരുതിയാണെന്നാണ് പ്രവീണ്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്.
 ഒരു ദിവസം അനിത വെള്ളം നിറച്ച പ്ലാസ്റ്റിക് കവറില്‍ നിറയെ ഗപ്പി മീനുകളുമായാണ് വീട്ടിലെത്തിയത്. ആ പെണ്‍കുട്ടിയുടെ തേങ്ങല്‍ ഒരിക്കലും തന്നെ വിട്ടുപോവില്ലെന്ന് അനിതയ്ക്ക് പൂര്‍ണ്ണബോധ്യമായി എന്ന് അതോടെ പ്രവീണ്‍ മനസ്സിലാക്കി. വീട്ടിലൊരു ഫിഷ് ടാങ്ക് പണിയും വരെ അവള്‍ അതിനെ ബക്കറ്റില്‍ വെള്ളം നിറച്ച് വളര്‍ത്തി. ഉറങ്ങാന്‍ നേരം ഗപ്പികള്‍ നിറഞ്ഞ ബക്കറ്റ് കിടക്കയ്ക്കരികില്‍ കൊണ്ടുവയ്ക്കും. ഉറങ്ങുംവരെ അതിലേക്ക് നോക്കി കിടക്കും. 

ഒരു രാത്രി പ്രവീണ്‍ ചോദിച്ചു: ''തിരികെ സൗദിക്ക് പോയാലോ എന്നൊരാലോചന. ഈ ജയന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഓരോ ദിവസവും ഭൂതപ്പെണ്ണിനെപ്പോലെ വയറു വീര്‍ത്തു വരുന്നു. എന്നെങ്കിലുമത് പൊട്ടിത്തെറിക്കും. അകത്തു കയറിയാല്‍ വല്ലാത്തൊരു ശ്വാസം മുട്ടലാണെനിക്ക്. അതുകൊണ്ട്...''
പക്ഷേ, ബക്കറ്റിലെ ഗപ്പികളെ നോക്കി കിടന്ന അനിത അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഇടക്കെപ്പോഴോ അവള്‍ അറിയാതെ മയങ്ങിപ്പോയി. എന്നത്തേയും പോലെ അന്നും അവള്‍ സ്വപ്നം കണ്ടത് തലയ്ക്കു മുകളിലായി പെന്‍ഡുലം പോലാടുന്നൊരു മാംസപിണ്ഡത്തെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com