ഭഗവതിയുടെ ജട: കെ.വി. മണികണ്ഠന്‍ എഴുതിയ കഥ

ജോണ്‍ എബ്രഹാം ഒരു സ്ഥലത്തെത്തിയെന്നു വിചാരിക്കുക. ഗ്രാമമാകട്ടെ, നഗരമാകട്ടെ. അവിടെയാകെയൊരു ജോണ്‍മണം പരക്കും എന്നു കേട്ടിട്ടില്ലേ?
ഭഗവതിയുടെ ജട: കെ.വി. മണികണ്ഠന്‍ എഴുതിയ കഥ

ജോണ്‍ എബ്രഹാം ഒരു സ്ഥലത്തെത്തിയെന്നു വിചാരിക്കുക. ഗ്രാമമാകട്ടെ, നഗരമാകട്ടെ. അവിടെയാകെയൊരു ജോണ്‍മണം പരക്കും എന്നു കേട്ടിട്ടില്ലേ? ഇല്ലെങ്കില്‍ ഇപ്പോ കേട്ടോ. അങ്ങനെ ഒരു സംഭവമുണ്ടായിരുന്നു. ആ, അതെന്തെങ്കിലുമാകട്ടെ. ഇതേപോലെ തന്നെയാണ് ഈ പ്രവാസിയായ സാഹിത്യകാരന്‍ തൃശൂര്‍ നഗരത്തിലെത്തിയാല്‍ ഉണ്ടാവുക. 
കക്ഷി കുടുംബസമേതം ഷാര്‍ജയില്‍. ജോലി ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍. രാവിലെ ഏഴു മുതല്‍ ഉച്ച രണ്ടു വരേ ഉള്ളൂ ജോലി. തിരിച്ചെത്തി ഊണുകഴിച്ച് രണ്ടുമണിക്കൂര്‍ സുഖമായൊന്നുറങ്ങി എണീറ്റാലുടനെ കുളി. ദ ഓണ്‍ളി ബാത്ത് ആഫ് ദ ഡേ! ന്നട്ട് ഫ്രഷ് ആയി ഇറങ്ങും. വില്ലയ്ക്കടുത്തുള്ള ഇക്കയുടെ കടേന്ന് ഒരു ലിപ്റ്റണ്‍ ചായ പ്ലസ് ചൂടന്‍ പഴം പൊരി അടിക്കും. ടിഷ്യൂപേപ്പറിലെ എണ്ണ കാണുമ്പോ സ്വന്തം വയറിനു ചുറ്റുമുള്ള ടയര്‍ അറിയാതെ തലോടിപ്പോകും. നാളെ മുതല്‍ വറവ് ഉപേക്ഷിക്കുമെന്ന് ഓണ്‍ദ സ്പോട്ട് രഹസ്യപ്രതിജ്ഞയെടുക്കും, ഡെയിലി! കഫ്തീര്യേലെ റേഡിയോവില്‍ അഞ്ചുമണീടെ മലയാളം വാര്‍ത്ത കേട്ട് കഴിയുമ്പോള്‍ ച്ചടേന്ന് താനൊരു സാംസ്‌കാരിക പ്രവര്‍ത്തകനാണല്ലോ എന്ന് ഓര്‍മ്മവരും. നേരെ അസോസിയേഷനിലേക്ക്. 

പിന്നെ കൊണ്ടുപിടിച്ച സാംസ്‌കാരിക പ്രവര്‍ത്തനമാണ്. തളരുമ്പോള്‍ ഇറങ്ങും. മടങ്ങിയെത്തി അന്നത്തെ കുപ്പൂസടിച്ച് കിടക്കയില്‍ വീഴും. മിനിസ്ട്രി നഴ്സ് ആയ ഭാര്യ ഷിഫ്റ്റുകാരിയാണ്, അഭിമാനിയും. ഇടയ്ക്കിടെ മലയാളപത്രങ്ങളുടെ ഗള്‍ഫ് എഡീഷനിലൊക്കെ കഥയോ അനുഭവമോ അടിച്ച് വരുന്ന തന്റെ ഭര്‍ത്താവിന്റെ കലാ-സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താനൊരു ജിഹ്വ ആണെന്ന് അവര്‍ക്ക് ശരിക്കറിയാം. സോ നൊ മുറുമുറുപ്പ്. ഈ ജിഹ്വ പ്രയോഗം, പെരിഞ്ഞനം എന്‍.എസ്.എസ് കൂട്ടായ്മ (ഷാര്‍ജ ഘടകം) ഭര്‍ത്താവിനെ ആദരിച്ച ചടങ്ങില്‍ (ദുബായ് മലയാളി സമാജം നടത്തിയ കഥാമത്സരത്തില്‍ രണ്ടാംസ്ഥാനം കിട്ടിയതിനാല്‍) വച്ച് ഏതോ ആശംസാ പ്രാസംഗികന്‍ തൊടുത്തുവിട്ടത് പിടിച്ചെടുത്തതാണീ ഉത്തമ ഭാര്യ!
സ്പോണ്‍സര്‍ ഗവണ്‍മെന്റ് ആയതോണ്ട് പ്രവാസ സാഹിത്യകാരന് പാസ്പോര്‍ട്ട് കയ്യില്‍ വയ്ക്കാം. സോ, നാലു നാള്‍ ലീവ് കിട്ടിയാല്‍ അടുത്ത എയററേബ്യ പിടിക്കും. ദങ്ങനത്തെ വരവ് കുടുംബമില്ലാത്ത വരവാണ്. മണം പരക്കും.

ആ മണം പിടിച്ച് എത്തിയവരാണ് ഇന്നിപ്പോള്‍ ഈ ലോഡ്ജില്‍ കൂടിയിരിക്കുന്നത്. രാജകുടുംബത്തിന്റെ ജാതിവാലിനാല്‍ അറിയപ്പെടുന്ന ടി ലോഡ്ജില്‍ പുരാതനമാണ് എല്ലാം. മ്യൂസിയം പീസ് ലുക്കുള്ള ശൂദ്രന്‍ (ആന്‍ഡ് ഹി ഈസ് വെരി മച്ച് പ്രൗഡ് ഓണ്‍ ഇറ്റ്!) ആണ് മാനേജര്‍ മുതല്‍ റൂം ബോയ് വരെ എല്ലാ റോളിലും.

പ്രവാസ സാഹിത്യത്തിന്റെ നെല വച്ച് ഇജ്ജാദ്ദി സ്ഥലത്ത് മുറിയെടുക്കേണ്ടുന്നവനല്ല. പക്ഷേ, തുരുമ്പുപിടിച്ച ജനല്‍ക്കമ്പികളുള്ള, അതില്‍ക്കൂടി നോക്കിയാല്‍ ലോഡ്ജിനു പിറകിലുള്ള അരികു ജീവിതം കാണാനൊക്കുന്ന, മൂട്ടമണ ബെഡുള്ള, പുറകില്‍ അക്ഷരങ്ങള്‍ തമ്മില്‍ ഗ്യാപ് കൂടുതലിട്ട് VARMA എന്നു പണ്ടെന്നോ സ്റ്റെന്‍സില്‍ ചെയ്ത, മടക്കുന്ന ഇരുമ്പു കസേരകളുള്ള ആ ലോഡ്ജ് റൂമില്‍ വന്നിരുന്നു പ്രിയപ്പെട്ടവരുമൊത്ത് ഒത്തുകൂടുന്ന ആ 'ഒരിദ്', വൃത്തിയും ചിട്ടയുമുള്ള, അകത്തുനിന്നു നോക്കിയാല്‍ പുറം ലോകംപോലും വെടിപ്പായി കാണുന്ന സ്റ്റാര്‍ ഹോട്ടലുകളില്‍ കിട്ടുമോ എന്ന് എല്ലാ കൂടിച്ചേരലിലും നാലാം പെഗ്ഗില്‍ പ്രവാസി ചോദിക്കും. മണം പിടിച്ചെത്തിയവര്‍ എവിടന്നു കിട്ടാന്‍ എന്ന് അംഗീകരിക്കുകയും ചെയ്യും. 
ഇവര്‍ അത്ര നിസ്സാരക്കാരൊന്നും അല്ലാട്ടാ! ആരൊക്കെയെന്നു കേട്ടോളേന്‍

1. യുവാവായ കഥാകൃത്ത്. മലയാള സാഹിത്യത്തിലെ ദ്രോണാചാര്യന്‍ എന്നു വാഴ്ത്തപ്പെടുന്ന (നോട്ട് ദ പോയന്റ്; നോട്ട് ഭീഷ്മാചാര്യന്‍) വയോധികന്‍, യുവ എഴുത്തുകാരിലെ എന്റെ ഏക പ്രതീക്ഷ എന്ന് ഈയിടെ പരസ്യമായി പ്രഖ്യാപിച്ച ബോഡിയാണ് ഇവന്‍. മുപ്പതായിട്ടില്ല. പി.എസ്.സി ലിസ്റ്റില്‍ കേറീട്ട്ണ്ട്. വല്ല ആര്‍ക്കിയോളജി, മുന്നോക്ക വികസന കോര്‍പ്പറേഷന്‍ മുതലായ ഈച്ചയാട്ടിയിരിക്കാന്‍ കോളുള്ള വകുപ്പില്‍ കേറിപ്പറ്റി ശിഷ്ടകാലം സാഹിത്യത്തെ ഉദ്ധരിക്കല്‍ മാത്രം സ്വപ്നം കണ്ട് ജീവിക്കുന്ന ശുദ്ധന്‍!

2. ഫേസ്ബുക്ക് സെലിബ്രിറ്റി. മഴയെപ്പറ്റിയും പഴമയെപ്പറ്റിയും പ്രണയത്തെപ്പറ്റിയുമൊക്കെ എഴുതിയെഴുതി സോഷ്യല്‍ മീഡിയയിലെ വമ്പന്‍ താരമായി മാറിയ ഒരു ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപകനാണ് ഇദ്ദേഹം. ഒരിക്കല്‍ ഒരു പരീക്ഷണം എന്ന നിലയില്‍ B എന്നു മാത്രം ഒരു എഫ്.ബി സ്റ്റാറ്റസ് കാച്ചി പഹയന്‍. പതിനേഴായിരത്തോളം ലൈക്കും എണ്ണായിരത്തോളം കമന്റും വാങ്ങി വൈറലായ്പ്പോയി ആ B. ഇതൊഴിച്ചാല്‍ വേറെ അപകടങ്ങള്‍ ഒന്നുമില്ല. സാധു! എടീയെം വരെ ഭാര്യയെ ഏല്‍പ്പിച്ച നിസ്വന്‍! 

3. ആര്‍ഷനായ നിരൂപകന്‍. താന്‍ മൂത്രമൊഴിച്ച് വളര്‍ത്തിയ സ്വന്തം തെങ്ങിലെ നാളികേരം ചിരകി പിഴിഞ്ഞെടുത്ത പാല്‍ വാറ്റിയെടുത്ത ഉരുക്കുവെളിച്ചെണ്ണയില്‍ തുളസിയില/ചെമ്പരത്തിയിതള്‍ ഇത്യാദി ഇട്ട് കാച്ചി അത് തേച്ചേ കുളിക്കൂ. കള്ളടിച്ചാല്‍ രാത്രി പുലരുമ്പോഴെ കുളിച്ച് കുട്ടപ്പനായി വീടിനടുത്തുള്ള ക്ഷേത്രത്തില്‍ പോയി തൊഴും. ചിലപ്പോഴൊക്കെ ഷെയര്‍ ഇടാറുള്ള കീഴ്ശാന്തി കിണ്ടിയില്‍നിന്നു കനിഞ്ഞൊഴിച്ചു കൊടുക്കുന്ന തീര്‍ത്ഥം മടമടാന്നു കുടിച്ച് ഹാങോവര്‍ മാറ്റും.

ഓരോ മിനിറ്റിലും പാശ്ചാത്യരെ ക്വോട്ടും ആര്‍ഷനായ നിരൂപകന്‍. പക്ഷേ, പൗരസ്ത്യനാണ്. അടുത്തെത്തിയാല്‍ ആയുര്‍വ്വേദമണമാണ്. റോഡില്‍ കിടക്കുന്ന പിണ്ഡം കണ്ടാല്‍ ആനയുടെ പേരു പറയുന്ന ഹാര്‍ഡ് കോര്‍ ആനപ്രേമി! ഒട്ടനവധി ന്യൂജെന്‍ ഓണ്‍ലൈന്‍ (പെണ്‍)കവികള്‍ക്ക് ദയാപൂര്‍വ്വം എഡിറ്റ് ചെയ്ത് കൊടുക്കുന്ന മനുഷ്യസ്‌നേഹി ഉപജീവനത്തിനായി ദേവസ്വംബോര്‍ഡിലെ ഗുമസ്തപ്പണി ഉണ്ട്.

ബുള്ളറ്റ് ടീംസല്ലേ? എന്തായാലും ഇന്നത്തെ കൂടിച്ചേരലില്‍, ടീപ്പോയില്‍ ഇരിക്കുന്നത് ജാക് ഡാനിയല്‍സ് ആണ്. കുപ്പിയെ സൂക്ഷിച്ച് നോക്കിയേ. അതിന്റെ ഇരിപ്പില്‍ത്തന്നെ ഉണ്ട് ഒരു കുണ്ഠിതം. ഈ നാലാംകിട ലോഡ്ജിലെ ഒറ്റവലിക്ക് കമിഴ്ത്തുന്ന ഇവന്മാരുടെ ഇടയില്‍ എത്തേണ്ടവനല്ല ഞാന്‍, ഹൊ വിധിയുടെ വിളയാട്ടം എന്ന ഭാവം. പന്ത്രണ്ടാല്‍ മസജം സതംതഗുരുവും ശാര്‍ദ്ദൂല വിക്രീഡിതം എന്നു മൂളാന്‍ തോന്നിപ്പിക്കുമാറ് നെടുകെ ഛേദിക്കപ്പെട്ട ആറ് കോഴിമുട്ടകള്‍ സെക്‌സിയായ് മലര്‍ന്ന് ഒരു വാഴയിലയിലിരുപ്പുണ്ട്. ശൂദ്രന്റെ ഒരു സൈഡ് ഇന്‍കം ആണീ പുഴുങ്ങിയ മുട്ടസപ്ലൈ.

മുറിയുടെ ഒരു മൂലയില്‍ മൂന്നേ മൂന്ന് ഇലകളുള്ള ഒരു കൊച്ചുമരത്തൈ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന കണ്ടോ? സൂക്ഷിച്ച് നോക്ക്. പ്രവാസ സാഹിത്യകാരന്റെ ഗള്‍ഫ് വില്ലയില്‍ സണ്‍സൈഡിലും ടെറസ്സിലും എപ്പോഴും ആല്‍ച്ചെടി മുളയ്ക്കും. പറിച്ചുകളഞ്ഞ് മടുത്തു അവര്‍. ഇക്കാര്യം സന്ദര്‍ഭവശാല്‍ ഒരിക്കല്‍ സൂചിപ്പിച്ചപ്പോള്‍ വീട്ടുമുറ്റത്തൊരാല്‍മരം തന്റെ വലിയ സ്വപ്നമാണെന്നു നിരൂപകന്‍ പറയുകയുണ്ടായി. ദ എറ്റേണല്‍ ഓക്‌സിജന്‍ പ്രൊഡ്യൂസര്‍ ആണത്രേ ആല്‍മരം! പ്രവാസികള്‍ കരുണാമയന്മാരാണല്ലൊ; ഇത്തവണ ഒരു തൈ വിമാനത്തില്‍ കടത്തിക്കൊണ്ടുവന്നു. എന്നാല്‍, ടീ ഐഡിയ ഇതിനിടയില്‍ നിരൂപകന്റെ അത്രയൊന്നും ആര്‍ഷ അല്ലാത്ത ഭാര്യ കാര്യകാരണസഹിതം -വീടിന്റെ അസ്ഥിവാരം തോണ്ടും ആലിന്റെ വേരുകള്‍- തള്ളിക്കളഞ്ഞതിനാല്‍ ഇതാ ആര്‍ക്കും വേണ്ടാതെ ഈ ലോഡ്ജില്‍ ഒടുങ്ങാന്‍ പോകുന്നു മഹാവൃക്ഷം! ഹാ കഷ്ടം!

ശരി, അതു വിടാം. ഇപ്പോള്‍ യുവകഥാകൃത്ത് തന്റെ പുതിയ കഥ ഇവര്‍ക്ക് മുന്നില്‍ വായിച്ചു തീര്‍ത്ത് ഒരു സ്മോള്‍ സമം സോഡ ഒഴിച്ച് ആവേശത്തോടെ മോന്തി, കിതച്ചിരിക്കുകയാണ്. വായനയില്‍ മുഴുകി അയാളാകെ തളര്‍ന്നെന്നു തോന്നും. ഇക്കഥ അടുത്ത ആഴ്ച പ്രസിദ്ധീകരിക്കപ്പെടുകയാണ്. അതിന്റേതായ ഒരു അഹന്ത യുവാവിന്റെ മുഖത്ത് ഒളിഞ്ഞുകിടപ്പുണ്ട്.

കഥയില്‍നിന്നു പുറത്ത് കടക്കാനാവാതെയെന്നവണ്ണം മൂന്നുപേരും നിശ്ശബ്ദരായിരുന്നു. ശേഷം ആര്‍ഷനായ നിരൂപകന്‍ ശബ്ദിച്ചു: ''യുവാവായ കഥാകൃത്തേ, കഥ മൊത്തത്തില്‍ കുഴപ്പമില്ല. ഞാന്‍ നോട്ട് ചെയ്തുവച്ച ഒന്നുരണ്ട് പോയന്റ് പറയാം. ആധുനികതയുടെ പ്രേതം, ആധുനികത ജനിക്കുന്നതിനു മുന്‍പേ സാഹിത്യത്തില്‍ കേറിപ്പറ്റി എന്ന ഒരു സംഗതി നീ കേട്ടിട്ടുണ്ടോ? എവടന്ന് കേക്കാന്‍! അത് വിടാം. നിന്റെ കഥാവായനയ്ക്കിടെ സാര്‍ത്ര് ബുവേ സംവാദം ആണ് ഞാന്‍ ഓര്‍ത്തത്'' ''അതെന്തിനാണി നീയിപ്പ അവരെ ഓര്‍ത്തത്'' ഫേസ്ബുക്ക് സെലിബ്രിറ്റി ചോദിച്ചു. ''മാഷ് മിണ്ടാതിരിക്കണം. എടോ യുവാവായ കഥാകൃത്തേ... ചില പ്രയോഗങ്ങള്‍ കിടിലന്‍. ഇക്കാലത്ത് ജനിച്ചതുകൊണ്ട് മാത്രം നിനക്കെഴുതാന്‍ കഴിയുന്ന ചില കല്പനകള്‍... ദാ, സൈലന്റ് മോഡില്‍ വൈബ്രേറ്റ് ചെയ്യുന്ന മൊബൈല്‍ കണക്ക് സുല്‍ത്താനയുടെ ജനനേന്ദ്രിയം വിറച്ചു... ഹൊ ശരിക്കും വായിച്ചുകേട്ട ഞങ്ങളുടെ ആണ് വിറച്ചത്. സ്വയമ്പന്‍ പ്രയോഗം. ആഹഹ!''
യുവാവായ കഥാകൃത്ത് പുകഴ്ത്തലൊന്നും തന്നെ ഏശില്ല എന്ന മട്ടില്‍ ഫേസ് ബുക്ക് സെലിബ്രിറ്റി വലിക്കുന്ന ഗള്‍ഫ് സിഗററ്റ് വാങ്ങി ഒന്ന് ഇരുത്തി വലിച്ച് തിരികെ കൊടുത്തു.
ഇവരെപ്പറ്റി അല്പം പറയാം. അതൊന്നു കേട്ടട്ട് ബാക്കി. ആര്‍ഷനായ നിരൂപകനായിരുന്നു മുന്‍പൊക്കെ യുവാവായ കഥാകൃത്തിന്റെ ആദ്യ വായനക്കാരന്‍. കഥ മെയിലില്‍ അയച്ച് കൊടുത്താലൊന്നും ഗെഡി വായിക്കില്ലായിരുന്നു. (പെണ്‍കവികളുടെ വായിക്കും!) ഹാര്‍ഡ് കോപ്പി മുഖതാവില്‍ സമര്‍പ്പിക്കണം. നിരൂപകനു സമയം കിട്ടുമ്പൊ വായിക്കും! യുവാവ് കാത്തിരിക്കും ക്ഷമയോടെ. നിറയെ തിരുത്തി തിരികെ കൊടുക്കും. സാറിനെപ്പോലെ ഒരു ജ്ഞാനിയുടെ സംസര്‍ഗ്ഗം ലഭിച്ച താനെന്ത് ഭാഗ്യവാന്‍ എന്നു യുവാവായ കഥാകൃത്ത് ഒളിഞ്ഞും തെളിഞ്ഞും ആള്‍ക്കൂട്ടത്തിലും പറഞ്ഞിട്ടുണ്ട്. 


പക്ഷേ, ആ യുവാവ് ഒരു ദിനം വാണം തൊടുത്തുവിട്ടപോല്‍ പ്രസിദ്ധനാവുകയാണ്. നിരൂപകനെ പത്തു പേര്‍ അറിയുമെങ്കില്‍ കഥാകൃത്തിനെ ലക്ഷം പേര്‍ അറിയുന്നു. അനേകം ഏകലവ്യന്മാര്‍ ശിഷ്യന്മാരായിട്ടുള്ള സാഹിത്യ കുലപതി ദ്രോണാചാര്യന്‍ ഇതാ എന്റെ അര്‍ജുനന്‍ എന്നു പരസ്യമായി യുവാവായ കഥാകൃത്തിനെ വിശേഷിപ്പിക്കുന്നു. ആര്‍ഷനല്ലേ, പാവം നിരൂപകനിതൊക്കെ ഉള്ളില്‍ വലിയ വിഷമമുണ്ടാക്കി. അസൂയ ഒരു കുറ്റമല്ലല്ലോ? ഈ സദസ്സില്‍ പണ്ട് മുതലേ സോഡാ വെള്ളം കിള്ളം ടച്ചിംഗ്സ് ഒക്കെ വാങ്ങിക്കൊണ്ടുവരാന്‍ ഇവര്‍ ഓടിച്ചിരുന്ന പയ്യനാണിത്. ഈയിടെ ഇവരാരും അങ്ങനെ ആജ്ഞാപിക്കാറില്ല. എങ്കിലും യുവാവായ കഥാകൃത്ത് അതൊക്കെ സ്വയം അറിഞ്ഞ് ചെയ്യും. കഴിഞ്ഞകാലം മറക്കാത്തവനാണ്.
ശരി, ഇനി തിരിച്ച് പുരാതന ലോഡ്ജിലേക്ക് വരാം. നിരൂപകന്‍ തുടരുകയാണവിടെ.

''എടാ, നീ സുഖിക്കണ്ട. പുകഴ്ത്തല്‍ മാത്രം ചെയ്യുന്നവര്‍ സുഹൃത്തുക്കളല്ല. ഓര്‍ത്തോ. അതിങ്ങ് തന്നേ... ആ.. ദാ... ഇതാ നോക്ക്... നാലാം പാരഗ്രാഫിലെ ഈ പ്രയോഗമില്ലേ. ഞാന്‍ വായിക്കാ... സൈകതത്തിലെ കൊടുംചൂടില്‍ അപൂര്‍വ്വമായ് കായ്ച് ആല്‍മരത്തിന്റെ പഴം തിന്ന് അറബിക്കടലും അറബിക്കടലാടിയും ഭാരതമാമലകളും താണ്ടി ഈ മരുഭൂവിലെത്തി കാഷ്ഠിച്ച വിത്തിനെ ആദിയിലെ ദൈവം പൊഴിച്ച മഴ തളിര്‍പ്പിച്ച്, വെയില്‍ കുടപിടിച്ച്, കാറ്റ് തലോടി വളര്‍ത്തി വലുതാക്കി. ആ പെരും വൃക്ഷത്തിന്റെ വേരില്‍ ചാരിയിരുന്ന് തന്റെ ഹൈദരാബാദ് ചരസ്സ് ചുരുട്ടിവലിച്ച് അബ്ദുള്ള കിതപ്പാറ്റി...

എന്തോന്നെടെ ഇത്... ഒരു ആല്‍മരത്തില്‍ ചാരിയിരുന്ന് അബ്ദുള്ള കിതപ്പാറ്റീന്ന് പോരേ? എന്താണ് അതിന്റെ മുകളിലുള്ള നെടുങ്കന്‍ വരികള്?'' സംഗതി ശരിയാണല്ലോ എന്നു പ്രവാസി സാഹിത്യകാരന്‍ ചിന്തിച്ച് തുടങ്ങുമ്പഴയ്ക്കും ഫേസ് ബുക്ക് സെലിബ്രിറ്റി പൊട്ടിച്ചിരി തുടങ്ങി. ചിരിച്ചതിനിടയില്‍ മദ്യം ശിരസ്സില്‍ കേറി. അത് വകവെക്കാതെ കിതച്ചും തുമ്മിയും സെലിബ്രിറ്റി പറഞ്ഞൊപ്പിച്ചു. ''ആര്‍ഷനായ നിരൂപകാ... പറഞ്ഞ് കൊടുക്കടോ... പറഞ്ഞ് കൊടുക്ക്. പഠിച്ച് പഠിച്ച് പിള്ളേര്‍ക്കിപ്പ തല കീഴ്ക്കണാംപാടായി. സൂക്ഷ്മത എന്താന്നറിയില്ല. സ്ഥൂലതയുടെ കുഴലൂത്തുകാരാവുന്നു പുതിയ തലമുറ. എന്ത്യേ? ശരിയല്ലേ?''
നിരൂപകന്‍ ഉഷാറായി:

''അല്ലാ, എന്തൊരു പാടാന്ന് നോക്ക്. മോനേ യുവാവായ കഥാകൃത്തേ, ഭാഷ ജന്മനാ സുന്ദരി ആണ്. നീ നോക്ക്, ഒരു സുന്ദരിത്തരുണി ഏറ്റവും സൂപ്പര്‍ ആയി നമുക്ക് തോന്നുക എപ്പോഴാണ്? അവള്‍ തുണി ഇല്ലാണ്ട് നിക്കുമ്പ... ല്ലേ?'' ഇരുകൈകള്‍കൊണ്ടും വായുവില്‍ പെണ്ണുടല്‍ വകഞ്ഞു കാട്ടിക്കൊണ്ട് ആര്‍ഷന്‍ തുടര്‍ന്നു. ''ആ ഒരു സ്ട്രക്ച്ചറും ആ ഒരു... ഇതും... അല്ലേ? അത് തന്ന്യാണ്ടാ ഇവനേ ഭാഷേടെ കാര്യോം. അതില് ആഭരണങ്ങള്‍ടെ ധാരാളിത്തവും അനാവശ്യമാണ് മോനേ... ആവാം, ഒരു മൂക്കുത്തി. അരക്കെട്ടിലൊരു വെള്ളിയരഞ്ഞാണം. അല്ലാണ്ട് സര്‍വ്വാഭരണ ഭൂഷിതയാവുമ്പ ചെടിക്കുമെടാ... ഇതൊന്നൂല്ല്യാണ്ട് നീ ചുമ്മ എഴുതറാ കുട്ടാ. അയിലു ലൈഫ് ഉണ്ടാവുംടാ ലൈഫ്. ചെറുപ്പത്തിലേ മരിച്ച അര്‍ജന്റീനിയന്‍ നിരൂപകന്‍ ഡി. അമരാന്‍ഡോ പറഞ്ഞ മാതിരി ഉപ്പും മുളകും മസാലയുമില്ലാത്ത ഞണ്ടിറച്ചിയാണ് ഏറ്റവും സ്വാദ്...'' ആര്‍ഷന്‍ ലാറ്റിനമേരിക്ക വഴി സ്പെയിനിലേക്ക് പ്രവേശിക്കുകയാണ്. പ്രവാസി സാഹിത്യകാരനു മൊത്തം ബോധിച്ചു. അയാള്‍ ഗ്ലാസ്സില്‍ മദ്യം ഒഴിച്ച്, സോഡ എടുക്കുമ്പോഴേക്കും യുവാവായ കഥാകൃത്ത് അതെടുത്ത് ഒറ്റ കമിഴ്ത്ത്.

അവന്റെ തൊണ്ടക്കുഴിയിലൂടെ ഒരു തീസുനാമി താഴേക്കിറങ്ങി വഴിനീളെ കരിച്ച് ആമാശയത്തെ മഞ്ഞപ്പിക്കുന്നത് കാണാന്‍ കഴിയുമാറ്. മേലോട്ട് വന്ന ഇക്കിള്‍ അമര്‍ത്തി യുവാവ്. മദ്യത്തേക്കാള്‍ തന്റെ വാക്കുകളാണവന്റെ ഉള്ള് എരിച്ചതെന്ന സംതൃപ്തിയില്‍ ആര്‍ഷനായ നിരൂപകന്‍ തുടര്‍ന്നു: ''അപ്പ അത് കൊളസ്‌ട്രോള്‍. ഞാന്‍ ഒരു ഉദാഹരണം പറഞ്ഞന്നേ ഉള്ളൂ. ഇനിയുമേറെ ഞാന്‍ നോട്ട് ചെയ്തിട്ടുണ്ട്. നിനക്ക് വേണേല്‍ പറഞ്ഞുതരാം. അതവടെ നിക്കട്ടെ, ഇനി ദാ, ക്ലൈമാക്‌സ്. നോക്കിയേ അവിടെ കഥാകൃത്ത് എന്തുചെയ്യണമെന്നറിയാതെ ഉഴറുകയാണ്. കഥ തുടങ്ങീമ്പോയി. പരിചയമില്ലാത്ത ഭൂമീല്‍ക്ക് കേറേം ചെയ്തു. ഒരുവനും കാണാത്ത, മരുഭൂമിയിലെ മുള്‍ച്ചെടിയൊക്കെ ഞെരടി മണത്ത് കാട്ടീംകളഞ്ഞ്. എന്നട്ട് വേണ്ട സാധനം കിട്ട്യാ? അതൂല്ല. എന്നാ ഇതൊന്ന് അവസാനിപ്പിക്കണ്ടേ? മെഗാസീരിയല്‍ അല്ലല്ലോ ലോകാവസാനം വരെ നീട്ടാന്‍. അപ്പപ്പിന്നെ എന്താണൊരു വഴി?'' പ്രവാസിയായ സാഹിത്യകാരന്‍ താല്പര്യത്തോടെ തന്നെയാണ് കേള്‍ക്കുന്നത്. ഇങ്ങനെ ചില മൊഴിമുത്തുകള്‍ കേള്‍ക്കുക എന്നതാണ് ഇയാളുടെ ഇത്തരം കൂടലുകളുടെ ലക്ഷ്യം തന്നെ. എന്നാല്‍, ഒരു സങ്കടമുണ്ട്. തന്റെ കഥ വല്ലതും അയച്ചുകൊടുത്താല്‍ ഈ ആര്‍ഷന്‍ നിരൂപകന്‍ കൊള്ളാം, നന്നായി, മാക്‌സിമം ഒന്നൂടി ട്രിം ആക്കി ആര്‍ക്കെങ്കിലും അയക്കൂ, ഇനിയെന്നാ ഇങ്ങോട്ടൊക്കെ ഇറങ്ങുന്നത്.. എന്നാണ് സ്ഥിരം മറുപടി. വൃത്തികെട്ടവന്‍ എന്നു ചിന്തിച്ച്‌കൊണ്ടിരിക്കുമ്പോഴാണ് അപ്പപ്പിന്നെ കഥ അവസാനിപ്പിക്കാന്‍ എന്താണൊരു വഴി എന്നു നിരൂപകന്‍ പ്രവാസിയോട് ചോദിക്കുന്നത്.
പ്രവാസിയായ സാഹിത്യകാരന്‍ മറുപടി ആയി, ഗൗരവം പൂണ്ട മൗനത്തോടെ ഒരു പെഗ് ഫിക്‌സ് ചെയ്ത് മുളകുപൊടിയും ഉപ്പും വിതറിയ മുട്ടപ്പകുതിയോടെ നീട്ടി.

യുവാവായ കഥാകൃത്തിന്റെ വിഷണ്ണ മുഖവും കണ്ടവനടികൊള്ളുമ്പോ കാണാനെന്തു ചേലെന്ന ഭാവത്തിലിരിക്കുന്ന എഫ്.ബി സെലിബ്രിറ്റിയുടെ സംതൃപ്ത മുഖവും ഓട്ടക്കണ്ണാല്‍ നോക്കി നിരൂപകന്‍ ഒറ്റവലിക്ക് എന്നാല്‍, സാവധാനം ഗ്ലാസ്സ് കാലിയാക്കി. മുട്ടപ്പാതി മിഴുങ്ങുന്നതിനിടയില്‍ ചോദിച്ചു: ''അപ്പപ്പിന്നെ എന്താണൊരു വഴി? ഫേസ് ബുക്ക് സെലിബ്രിറ്റി പറ. എങ്ങനെ കഥ അവസാനിപ്പിക്കും?'' സെലിബ്രിറ്റി ആഹ്ലാദത്തോടെ അറിയാന്മേലായേ എന്നു കൈ മലര്‍ത്തിക്കാട്ടി. നിരൂപകന്‍ ഒന്നെണീറ്റ് വലതുകാല്‍ നിലത്താഞ്ഞ് ചവുട്ടി നാടകീയമായി ഉറക്കെ പറഞ്ഞു: 

''ഫാന്റസി! ഹ ഹ ഹ! ഫാന്റസി. ഇത്രനേരം താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണോ അല്ലയോ എന്നൊരു പൊഹ ഉണ്ടാക്കുക. ആ പൊഹേടെ എടേലു വായനക്കാരന്‍ കാണാതെ കഥാകൃത്ത് സ്‌കൂട്ടാവുക. ഹാാാാ ഹാാാ ഹാാ ഹാാ.'' നിരൂപകന്‍ തലയറഞ്ഞ് ചിരിച്ച് രണ്ടു കൈകളും നീട്ടിയപ്പോള്‍ പ്രവാസിയും അറിയാതെ കൈകള്‍ നീട്ടി. ആ കൈകളില്‍ നിരൂപകന്‍ അടിച്ചു. യുവാവായ കഥാകൃത്ത് ഒന്നും മിണ്ടാതെ എല്ലാം സഹിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരലര്‍ച്ച! എല്ലാരുമൊന്ന് കിടുങ്ങിപ്പോയി.

''ഫാന്റസിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്.''  ഫേസ് ബുക്ക് സെലിബ്രിറ്റിയാണ്. 
ഇത്ര ഒച്ച ഇങ്ങേര്‍ക്കുള്ളിലുണ്ടെന്നു വിശ്വസിക്കാന്‍ പ്രയാസം! ഓണ്‍ലൈന്‍ എവര്‍ഗ്രീന്‍ ട്രെന്റായ പ്രമപുമ (പ്രണയം മഴ പുഴ മരണം) ചിന്താധാരയുടെ അപ്പോസ്തലനായ എഫ്.ബി സെലിബ്രിറ്റി! ജീവിതത്തിലെ ആദ്യകാല ഫാന്റസി ഒക്കെ വെറും പൊഹ ആണെന്നു മനസ്സിലാക്കി അടുക്കളയും ജോലിയും പെറലും വഴിപാടും രതിയും ഓട്ടവുമായി കഴിയുന്ന, വീണ്ടും ഫാന്റസിയേ ഉള്ളൂ രക്ഷ എന്ന മനസ്സിലാക്കിയ അനേകം സ്ത്രീകളുടെ ആരാധനാപാത്രമായ ടിയാന്‍ മുരണ്ടു. ''ഫാന്റസി ഇല്ലെങ്കില്‍ ഈ ലോകം എന്നേ അവസാനിച്ചേനെ. വെറും ഇറച്ചികളായേനെ നമ്മള്‍ മനുഷ്യരൊക്കെ'' നിരൂപകന്‍ അത് ശ്രദ്ധിച്ചില്ല. നിരൂപകന്‍ ഓണ്‍ലൈന്‍ സാഹിത്യത്തെ ശ്രദ്ധിക്കാറേ ഇല്ല! അയാള്‍ പേജുകള്‍ മറിച്ച് കഥയുടെ അവസാനം എടുത്തു.
''യുവാവേ നീ കേള്‍ക്ക് ഞാന്‍ വായിക്കാം'' കണ്ഠശുദ്ധി വരുത്തി നിരൂപകന്‍ തുടങ്ങി.

''തിരികെ നടക്കുവാനായി അബ്ദുള്ളയുടെ തീരുമാനം. പക്ഷേ, എങ്ങോട്ട്? മരുഭൂമിയില്‍ ദിശപോയവനു തിരികെ എന്നൊന്നുണ്ടോ? ഊഹം ശരണം ഗച്ഛാമി! സൂര്യന്‍ ഉച്ചിക്ക് മുകളിലാണ്. അയാള്‍ നിസ്സഹായതയോടെ സൂര്യനെ നോക്കി. വെളിച്ചങ്ങളുടെ മാതാവേ, അബ്ദുള്ള മുട്ടുകുത്തി കൈകളുയര്‍ത്തി ഊര്‍ജ്ജത്തിന്റെ മഹത്തായ ഉറവിടത്തെ നോക്കി കരഞ്ഞു. ഒരു നിമിഷം! സൂര്യനില്‍ നിന്നതാ വെളിച്ചത്തിന്റെ നദി. കുലം കുത്തിയൊഴുകി വരുന്നു! ആര്‍ത്തലച്ചു വരുന്ന പ്രകാശപ്പുഴ! ഹോ, അതിനു നടുവില്‍ ഒരു ചങ്ങാടം. ചങ്ങാടത്തിലതാ അവള്‍. ബീഗം സുല്‍ത്താന. തന്നെ ഒറ്റയ്ക്കാക്കി പടച്ചവന്റടുത്ത് പോയ തന്റെ സ്വന്തം സുല്‍ത്താന! ആ ചങ്ങാടം ഉലഞ്ഞുലഞ്ഞു വരികയാണ്. 

പെട്ടന്നവിടെ പൊട്ടിവീണൊരു സംഗീത മഴ! അബ്ദുള്ള ചുറ്റും പകച്ചുനോക്കി. അവിടെയിവിടെ നില്‍ക്കുന്ന കള്ളിമുള്‍ച്ചെടികള്‍ ഇപ്പോള്‍ വാദ്യോപകരണങ്ങള്‍ വായിക്കുകയാണ്. ഓ! മുള്‍ച്ചെടികള്‍ക്കെല്ലാം മനുഷ്യരുടെ മുഖം. കൈകളുമുണ്ട്. ദൈവമേ! തന്റെ പൂര്‍വ്വികര്‍... അവരെന്തിനാണ് സംഗീതം പൊഴിക്കുന്നത്. അയാള്‍ക്ക് സൂഫി നൃത്തം ചവിട്ടാന്‍ തോന്നി. അയാള്‍ താളത്തിനൊപ്പിച്ച് കറങ്ങിത്തുടങ്ങി.
ലാവയൊഴുകി വരുമ്പോലെ ആ സ്വര്‍ണ്ണവെളിച്ചം അയാളിലേക്ക് പാഞ്ഞെത്തി. നൃത്തം ചെയ്യുന്ന അബ്ദുള്ളയെ മായ്ചുകളഞ്ഞുകൊണ്ട് പുഴ അയാള്‍ക്ക് മീതെ ഒഴുകി.''
ആര്‍ഷനായ നിരൂപകന്‍ ഘനഗാംഭീര്യത്തോടെ ഇതു വായിച്ചപ്പോള്‍ പ്രവാസിയായ സാഹിത്യകാരനു താന്‍ കഞ്ചാവ് ലഹരിയിലാണെന്നു തോന്നി. സംഗതി കിടുക്കീട്ട്ണ്ടല്ലാന്ന് അയാള്‍ മനസ്സില്‍ പറഞ്ഞു.
വായന നിര്‍ത്തി നിരൂപകന്‍ മൂന്നുപേരെയും മാറിമാറി നോക്കി.
എന്നിട്ട് യുവാവായ കഥാകൃത്തിനെ നോക്കി പൊട്ടിച്ചിരിച്ചു. ''അല്ലാണ്ടെന്ത് ചെയ്യാനാ അല്ലേടാ? കഥ അവസാനിപ്പിക്കണ്ടേ... ഹ ഹ ഹ. സര്‍വ്വം ഭ്രമാത്മകം'' എല്ലാവരും ചിരിച്ചു എന്നുള്ളത് സത്യമാണ്. പക്ഷേ, യുവാവായ കഥാകൃത്ത് ഇങ്ങനെ ചോദിക്കുമെന്ന് ആരും കരുതിയില്ല. ചിരികളെല്ലാം അടങ്ങിക്കഴിഞ്ഞപ്പോഴായിരുന്നു ചോദ്യം. ''താന്‍ ഒരു സംഘി അല്ലേടാ? അമ്പലം നെരങ്ങി. തനിക്കെന്ത് യോഗ്യത എന്റെ കഥയെപ്പറ്റി പറയാന്‍?'' മറ്റുള്ളവര്‍ ഒന്നു ഞെട്ടിപ്പോയി. കാര്യമെന്തെന്നു വച്ചാല്‍ ആര്‍ഷനായ നിരൂപകനെപ്പറ്റി അങ്ങനെ ഒരു കിംവദന്തി ഉണ്ട്. ലുക്കിലും ഒരു സംഘിയിസം ഇല്ലാതില്ല. തൊഴിലും ദേവസ്വത്തിലാണല്ലോ. കയ്യില്‍ ജപിച്ച ചരടുകളും എത്ര മുഖം കഴുകിയാലും മായാത്തൊരു ചന്ദനക്കുറിയും ഉണ്ട്. പക്ഷേ, ഒരാളും ഇന്നേവരെ ഇങ്ങനെ നേരിട്ട് ചോദിച്ചിട്ടില്ല. നിരൂപകന്‍ ആകെ ഒന്ന് ഉലഞ്ഞുപോയി. (ബൈ ദ വേ, ഈ ആര്‍ഷന്‍ ജീവിതത്തിലൊരിക്കലും ജാതിചിന്ത വച്ച് പുലര്‍ത്തിയിട്ടില്ല എന്നതിനു വലിയ വലിയ തെളിവുകളുള്ള കാര്യം പറയാതെ വയ്യ കേട്ടോ!) 'അതെന്താ യുവാവായ കഥാകൃത്തേ ഈ ടൈപ്പ് വര്‍ത്താനം?'' ''തനിക്ക് എന്ത് തന്തയില്ലാഴികേം പറയാം. തന്റെ തോന്നലുകള്‍ വെളമ്പാം. ഞാന്‍ കാര്യം പറഞ്ഞപ്പോ പറ്റാണ്ടായാ?'' ''എടാ, നീ ചെക്കനാ. എന്റെ ആദ്യത്തെ (കൈകൊണ്ട് സ്വയംഭോഗം ചെയ്യുന്ന അശ്ലീല ആംഗ്യം കാട്ടിക്കൊണ്ട്) ഒരു ഗര്‍ഭപാത്രത്തില്‍ക്കാര്‍ന്നെങ്കി നിന്റത്രേം വന്ന മോന്‍ എനിക്കിണ്ടായേനം. അപ്പ ഇച്ചിരി സൂക്ഷിച്ച് വര്‍ത്താനം പറയണ നല്ലത, കേട്ടറാ?'' ''അമ്മാവന്‍ സിന്‍ഡ്രോം എടുക്കണ്ടോരടടുത്ത് പോയി എടുക്ക്. എനിക്ക് ഒരു നിരൂപകന്റേം താങ്ങലു വേണ്ട. കാലം മാറി. പണ്ടൊക്കെ തന്നെപ്പോലുള്ളോന്മാരുടെ പൊക്കലു വേണ്ടീരുന്നിരിക്കും നാലാളു നമ്മളെ വായിക്കാന്‍. ഇന്നു നല്ല അസ്സലു വായനക്കാരുണ്ട്. വായിക്ക മാത്രല്ല, നല്ലതിനെ നല്ലത് ന്ന് പറഞ്ഞ് ആയിരമാളെ അവരു അറീക്കും. തന്റെ ഒക്കെ ഒരു കീറിമുറി. ഒന്നു പോ കാര്‍ന്നോരേ! ഇത് അടുത്ത ആഴ്ച എറങ്ങാമ്പോണ കഥയാണ്. നോക്കിക്കോട്ടാ എഫ്.ബീലും വാട്സാപ്പിലും. തന്റെ പോലെ കൊറച്ച് ഫോറിന്‍ ബുക്ക് ബ്ലര്‍ബ് വായിച്ച് ക്വോട്ടി എഴുതണ ഊള പണ്ഡിതരല്ല, നല്ല ബെസ്റ്റ് വായനക്കാര്. ഒര്‍ജിനല്‍ വായനക്കാര്'' ആര്‍ഷന്റെ അവിശ്വസനീയതയോടെയുള്ള നില്പ് കാണേണ്ട കാഴ്ച തന്നെ! ഈ നരന്ത് ചെക്കന്‍ തന്നെ എടാ പോടാ എന്ന്! 
യുവാവായ കഥാകൃത്തിനു ആ മൗനം ആവേശം കൂട്ടി. ''പ്രവാസ സാഹിത്യകാരനായ ചേട്ടാ, ങ്ങക്കറിയോ ഈ ഊള, ഈ മരയൂള മൂന്ന് കഥ എഴുതീട്ട്ണ്ട്. അറിയോ. പണ്ട്. ഒക്കെ തിരിച്ച് വന്ന്. അതിലു രണ്ടെണ്ണം എനിക്ക് വായിക്കാന്‍ തന്നു. ബേ... ഛര്‍ദ്ദിക്കാന്‍ വരും. എഴുതാന്‍ പറ്റില്ലാന്നു മനസ്സിലായപ്പഴാ ചുള്ളന്‍ നിരൂപകവേഷം കെട്ടീത്. പരാന്നഭോജനം! ഇത്തിക്കണ്ണി. എച്ചിലുനക്കി. ത്ഫൂൂ...'' യുവാവായ കഥാകൃത്ത് അല്പം ഓവറാക്കി എന്നു പ്രവാസി വിചാരിക്കുന്നതിനിടയില്‍ സംഗതി നടന്നുകഴിഞ്ഞു. നിരൂപകന്‍ കഥാകൃത്തിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. പ്രവാസി ഹെയ് എന്തായിത് എന്നൊക്കെ ചോദിച്ച് ഇടയില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ കഥാകൃത്തും നിരൂപകനും പരസ്പരം കോളറുകള്‍ കുത്തിപ്പിടിച്ച് കണ്ണില്‍ക്കണ്ണില്‍ തീപാറുന്ന നോട്ടത്തോടെ നില്‍ക്കുകയാണ്. പ്രവാസി ഭയന്നു ഫേസ്ബുക്ക് സെലിബ്രിറ്റിയെ നോക്കി. ജനലഴികളില്‍ പിടിച്ച് പകുതി നോട്ടം പുറത്തേക്കും പകുതി ഇവിടേയ്ക്കുമായി നില്‍ക്കുകയായിരുന്ന സെലിബ്രിറ്റി കണ്ണുകള്‍കൊണ്ട് സാരമില്ലടോ അവരു തീര്‍ക്കട്ടെ എന്നു പറഞ്ഞു. അതോടെ പ്രവാസിയും ജനലയ്ക്കരികില്‍ വന്നു സിഗററ്റ് കത്തിച്ചു. ഒന്നു സെലിബ്രിറ്റിക്കും കൊടുത്തു. കഥാകൃത്തും നിരൂപകനും പരസ്പരം വടംവലി മത്സരംപോലെ അങ്ങോട്ടും ഇങ്ങോട്ടും ഉന്തലും തള്ളലുമാണ്. അവര്‍ക്ക് സൗകര്യത്തിനു ഇതിനിടയില്‍ സെലിബ്രിറ്റി ടീപ്പോയിയും കസേരകളും മാറ്റി ഇട്ടുകൊടുത്തു. കുപ്പി വാല്യൂവബിള്‍ ആണല്ലോ!

ചിലപ്പോള്‍ നിരൂപകനെ ചുമരില്‍ ചാരിനിര്‍ത്തി കഥാകൃത്ത്. ബലപരീക്ഷയ്ക്കിടയില്‍ ഇടയ്ക്ക് കഥാകൃത്താകും ചുമരില്‍. ശ്രദ്ധിക്കേണ്ട ഒരു വസ്തുത എന്തെന്നാല്‍ ഇതിനിടയിലൊക്കെ ഇവര്‍ കണ്ണും കണ്ണും പരസ്പരം കോര്‍ത്തിട്ടാണ്. ഇമ ചിമ്മുന്നില്ല എന്നുപോലും തോന്നും. മത്സരം ആരാണ് നോക്കി തോല്‍പ്പിക്കുക എന്ന നിലയിലായോ എന്നു കാണുന്നവര്‍ക്ക് തോന്നും. കൂട്ടത്തില്‍ അവിടെ കിടന്നിരുന്ന ആലിന്‍തൈ ഇവരാല്‍ ചവുട്ടിമെതിക്കപ്പെടുന്നുണ്ട്. ഒരു ശബ്ദവും പുറത്ത് കേള്‍പ്പിക്കാതിരിക്കാന്‍ മുരളലിതൊക്കിയിട്ടാണ് ഈ അങ്കം അത്രയും! അങ്ങനെ അവസാനം രണ്ടുപേരും പരസ്പരം ഉന്തിത്തെറിച്ച് രണ്ടു ചുമരുകളിലായി ചെന്ന് ഇടിച്ച്‌നിന്നു. അവിടെനിന്നു കിതയ്ക്കുമ്പോഴും പരസ്പരമുള്ള ആ നോട്ടം കടുകിട മാറിയിരുന്നില്ല. കഥാകൃത്തിനു പ്രവാസി ഒരു ചെറുത് ഒഴിച്ച് കൊണ്ടുകൊടുത്തു. അതേസമയം സെലിബ്രിറ്റി, നിരൂപകന് സിഗററ്റ് ചുണ്ടില്‍വച്ചു കത്തിച്ച് കൊടുക്കുന്നുണ്ടായിരുന്നു. ഇനിയാണ് രസം. കൃത്യം ഈ സമയം വാതില്‍ക്കല്‍ മുട്ട് കേട്ടു. എല്ലാരേയും ഒന്നു നോക്കി സംഗതികളെല്ലാം നോര്‍മലിലാണെന്ന് ഉറപ്പ് വരുത്തീട്ട് പ്രവാസ സാഹിത്യകാരന്‍ പോയി വാതില്‍ തുറന്നു. അകത്തേയ്ക്ക് തലയിട്ട് നോക്കിയത് ഒരു യുവതി ആയിരുന്നു. പിറകില്‍ ഒരു വഷളന്‍ ചിരിയോടെ പുരാതന ശൂദ്രനുമുണ്ടായിരുന്നു.
ജീന്‍സും ആണുങ്ങള്‍ ഇടുന്ന തരം ഷര്‍ട്ടുമാണ് പെണ്ണിന്റെ വേഷം. അവള്‍ അകത്തേയ്ക്ക് കയറിയതിന്റെ കൂടെ നുഴഞ്ഞുകയറാന്‍ നോക്കിയ ശൂദ്രനെ പ്രവാസി അകത്ത് കേറാന്‍ ഇടകൊടുക്കാതെ വാതില്‍ ചാരി.

ആദ്യ മുപ്പതു സെക്കന്റ് എല്ലാരും വായ തുറന്നു നിന്നു. സ്വാഭാവികം! ഇത്ര സുന്ദരി ആയൊരു സ്ത്രീക്ക് ഇങ്ങനെ കൂസലേന്യ കയറിവരാന്‍ പറ്റിയ ഒരു ലോഡ്ജ് അല്ല ഇത് എന്നാണ് പൊതുധാരണ. ഇവള്‍ എഫ്.ബിയിലാകെ കാണാറുള്ള കവി ആണെന്നു മനസ്സിലായപ്പോ, ആളെ പിടികിട്ടിയപ്പോ വായകള്‍ ഒന്നൊന്നായി അടഞ്ഞു! നിരൂപകന്റെ അടുത്ത ആളാണിവള്‍ എന്ന് എല്ലാര്‍ക്കുമറിയാം. അവള്‍ നിരൂപകനോട്, ചേട്ടാ, ആരും എന്നെ ഇത്തിരിനേരം ശല്യം ചെയ്യല്ലേ എന്നു പറഞ്ഞ് ഒരു കസേരയില്‍ ഇരുന്നു. പിന്നെ നാലുപേരേയും ഒന്നു നോക്കിയിട്ട് നെടുവീര്‍പ്പോടെ എനിക്ക് ഇത്തിരി നേരം ഒന്നു സ്വസ്ഥമായിരുന്നു കരയണം എന്നും കൂട്ടിച്ചേര്‍ത്തു.
ഇതെന്ത് മറിമായം എന്നു നാലു ആണുങ്ങള്‍ അന്തിച്ച് നില്‍ക്കുമ്പോള്‍ 
കൈകള്‍ കൊണ്ട് മുഖം പൊത്തി യുവതിയായ കവി പൊട്ടിപ്പൊട്ടി കരച്ചില്‍ തുടങ്ങി.

ഏകദേശം ഒരു പത്ത് മിനിറ്റ് യുവതിയായ കവി അങ്ങനെ ഇരുന്നു കരയുകയായിരുന്നു. അവളുടെ അടിവയറ്റില്‍നിന്നായിരുന്നു തേങ്ങലിന്റെ ആന്തല്‍ ഉത്ഭവിച്ചിരുന്നത്. നാലു പുരുഷന്മാരും ഇതെന്ത് എന്ന അദ്ഭുതത്തില്‍ ചലനമറ്റ് നില്‍ക്കുകയായിരുന്നു ആദ്യമൊക്കെ. യുവാവായ കഥാകൃത്തും ആര്‍ഷനായ നിരൂപകനും അവരറിയാതെ കൈകള്‍ കോര്‍ത്തിരുന്നു. നിരൂപകന്‍ തന്റെ മൊബൈലില്‍ യുവതിയായ കവിയുടെ മെസ്സേജ് കഥാകൃത്തിനു കാട്ടിക്കൊടുത്തു. കഥാവായനയ്ക്കിടെ വന്നതായിരുന്നു. അത് ഇപ്രകാരമായിരുന്നു.
*ചേട്ടാ എവിടുണ്ട്? എനിക്കൊരു സഹായം വേണം. അര്‍ജന്റ്!
*ബിസി. @പുരാതന ലോഡ്ജ്. പ്രവാസിയുടെ തലതീറ്റ. ഫിറ്റ്. നോ വേ!
*@%?#%&. ആവശ്യം നേരത്ത് ഇങ്ങളെന്നും ബിസിയാണല്ലോ.
കഥാകൃത്ത് അത് വായിക്കുമ്പോഴേക്കും പ്രവാസിയും സെലിബ്രിറ്റിയും എത്തിനോക്കി. തലതിന്നല്‍ പ്രയോഗം പ്രവാസി വായിക്കുന്നതിലെ അനൗചിത്യം അന്നേരം ആര്‍ഷനായ നിരൂപകന്‍ ഓര്‍ത്തില്ല. യുവതിയായ കവി ഇവിടെ എത്തപ്പെട്ട വഴി തിരിഞ്ഞ ആശ്വാസത്തോടെ ഓരുത്തരായി അവിടെയും ഇവിടെയും പോയി ഇരുന്നു. ഇടയ്ക്ക് കൈത്തലങ്ങളില്‍നിന്നു മുഖം ഉയര്‍ത്തി യുവതി കരച്ചിലോടെ അവരെ മാറിമാറി നോക്കി. കരയുന്ന ഒരു യുവതിയുടെ നോട്ടം നേരിടാന്‍ കഴിവില്ലാത്ത വെറും പുരുഷന്മാരാണ് തങ്ങളെന്ന് അവര്‍ തിരിച്ചറിഞ്ഞു.

അങ്ങനെ കരച്ചില്‍ നിര്‍ത്തി മുഖം എല്ലാം തുടച്ച് യുവതിയായ കവി കുപ്പിയും അനുസാരികളും നോക്കി എല്ലാരോടും സോറി പറഞ്ഞു. 
''നിങ്ങളുടെ സദസ്സ് ഞാനായി നശിപ്പിച്ചു അല്ലേ?''
ഏയ് അങ്ങനെ ഒന്നുമില്ല പെങ്ങളേ എന്ന് പ്രവാസിയായ സാഹിത്യകാരന്‍ പെട്ടന്നു പ്രതികരിച്ചു. ആങ്ങളക്കളിയോട് പരമപുച്ഛമായിരുന്നെങ്കിലും യുവതിയായ കവിക്ക് പെട്ടന്ന് ഒരു കുളിര്‍മ്മ തോന്നി.
''എന്നെ ഇത്തിരിനേരം കേള്‍ക്കുമോ? ആരോടെങ്കിലും പറഞ്ഞില്ലെങ്കി ഞാന്‍ ചത്തുപോം. അതാ.'' യുവതിയായ കവി ആശയോടെ നാലുപേരെയും നോക്കി.
''തന്റെ കഥകള്‍ ഞാന്‍ വായിക്കാറുണ്ട്, യുവാവായ കഥാകൃത്തേ. ഇന്ന് എന്റെ മൂഡ് ശരിയല്ല. അല്ലെങ്കില്‍ നിങ്ങളെ കാണാനും മിണ്ടാനും പറ്റിയ ദിവസം എന്നായിരിക്കും എന്റെ ഇന്നിനെ ഞാന്‍ ഡയറിയില്‍ കോറിയിടുക.'' യുവാവായ കഥാകൃത്ത് ഉലഞ്ഞുപോയി. ഇവളുടെ വര്‍ത്താനംപോലും കവിതയാണല്ലോ എന്നോര്‍ത്ത് നെഞ്ചിലേയ്ക്ക് കൈത്തലം കൊണ്ടുപോയി ഭവ്യതയില്‍ ഒന്നു തലകുനിച്ചു അവന്‍.

''മാഷുടെ കട്ട ഫാന്‍ ആണ് ഞാന്‍. കമന്റാറില്ലെന്നെ ഉള്ളൂ. നമ്മടെ കമന്റൊക്കെ എന്തിനാ? ങ്ങളൊക്കെ എഴുതുന്ന കണ്ടിട്ടാണ് ഞാന്‍ കവിതയെഴുത്ത് തുടങ്ങിയത് തന്നെ'' ഫേസ് ബുക്ക് സെലിബ്രിറ്റിയും ഹാപ്പിയായി. 
പ്രവാസി സാഹിത്യകാരനെ അവള്‍ നോക്കിയപ്പോള്‍ അയാള്‍ ഒന്ന് ചൂളി. തനിക്ക് മാത്രം എന്തഡ്രസ്സ്! നേരാം വണ്ണം ഒന്നും അച്ചടിക്കപ്പെട്ടിട്ടില്ല. എനിക്ക് മനസ്സിലായില്ലല്ലോ എന്ന് ഇപ്പോള്‍ ഇവള്‍ ചോദിക്കുമെന്നു പ്രവാസി ഖിന്നപ്പെട്ട് നില്‍ക്കുമ്പോള്‍ യുവതി പറഞ്ഞു:
''ചേട്ടാ, ചേട്ടന്റെ സ്‌നേഹം ചേട്ടനറിയാതെ നെഞ്ചില്‍ ചേര്‍ത്ത് വയ്ക്കുന്നവളാണിവള്‍. ഇതു കണ്ടോ?'' എല്ലാരും അമ്പരന്നു നോക്കുമ്പോള്‍ യുവതി എണീറ്റുവന്നു പ്രവാസിയായ സാഹിത്യകാരന്റെ വലതു കൈ കവര്‍ന്നു. പ്രവാസി ആകെ വിളറിയും മറ്റുള്ളവര്‍ ആകെ പകച്ചും നില്‍ക്കുമ്പോള്‍ സ്വന്തം പോക്കറ്റില്‍നിന്ന് ഒരു പാര്‍ക്കര്‍ പേന വലിച്ചെടുത്ത് അവള്‍ തുറന്നു കാട്ടി.

''കണ്ടോ, ആര്‍ഷനായ നിരൂപകന്‍ ചേട്ടന്‍ എനിക്ക് സമ്മാനിച്ച തൂലിക ആണിത്.''
പ്രവാസി ഒന്നു ഞെട്ടി. പേന കളക്ഷന്‍ ഉള്ള തന്റെ ഭാര്യയ്ക്കാണെന്നു പറഞ്ഞ് കഴിഞ്ഞ തവണ തന്നെക്കൊണ്ട് നിരൂപകന്‍ വരുത്തിച്ച വിലകൂടിയ പാര്‍ക്കര്‍.
യുവതി ഒന്നു പുഞ്ചിരിച്ചു. കണ്ണീരുണങ്ങാത്ത ആ പുഞ്ചിരിയില്‍ അവള്‍ അത്യന്തം സുന്ദരിയായിരിക്കുന്നല്ലോ എന്നു യുവാവായ കഥാകൃത്ത് നിരീക്ഷിച്ചു. ''പ്രവാസിയായ സാഹിത്യകാരാ, എന്നും എപ്പോഴും എന്റെ നെഞ്ചിന്റെ താളം ഈ സ്‌നേഹത്തിന്മേല്‍ അടിച്ചുകൊണ്ടിരിക്കും.''
ആര്‍ഷനായ നിരൂപകന്‍ ധൃതിയില്‍ ചോദിച്ചു: ''നിനക്ക് എപ്പഴും ഓവര്‍ ഡ്രാമയാണ്. അതാണ് നിന്റെ കവിതേം രക്ഷപ്പെടാത്തെ. അതൊക്കെ പോട്ടെ, ഇത്ര കരയാന്‍ മാത്രം എന്താണ് നിനക്ക് പറ്റിയത്?''
ഇതിനകം എണീറ്റ് നിന്ന യുവതിയായ കവി ഇത് കേട്ടതും ഉറക്കെ കരഞ്ഞ് വീണ്ടും ഇരുമ്പു കസേരയില്‍ ശരീരം വീഴ്ത്തി.
കരച്ചിലിനിടെ അവള്‍ പറഞ്ഞു തുടങ്ങി.

''ഞങ്ങടെ ഹോസ്റ്റലിനു മുന്നിലാണ് റോസ് താമസിക്കുന്നത്. എന്റെ ഉറ്റ കൂട്ടുകാരി. അവള്‍ക്ക് ഒരു കാമുകന്‍ ഉണ്ടായി. സ്വാഭാവികം. അവരു തമ്മില്‍ രതിയിലേര്‍പ്പെട്ടു. അതൊരു തെറ്റാന്നു മറ്റാരു പറഞ്ഞാലും എഴുത്തുകാരായ നിങ്ങള്‍ പറയില്ലല്ലോ? ഇവള്‍ ഗര്‍ഭിണി ആയപ്പോഴേക്കും എല്ലാ ആണുങ്ങളേയും പോലെ അവന്‍ ഇവളെ ഉപേക്ഷിച്ചു. സെയിം സ്റ്റോറി! പിന്നെ അവന്റെ പൊടിപോലും ഞങ്ങള്‍ കണ്ടിട്ടില്ല. അതും തെറ്റല്ല. ആ വര്‍ഗ്ഗം തന്നെ അങ്ങനെ ആണ്.''
നാലുപേരും കൗതുകത്തോടെ കേട്ടിരിക്കുകയാണ്.
''രസമെന്താന്നു വച്ചാല്‍ റോസ് പ്രസവിക്കുന്ന ദിവസമടുക്കുന്തോറും എനിക്കായിരുന്നു ടെന്‍ഷന്‍. അവളെ ഹോസ്റ്റലിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ മേട്രണും മെസ് കമ്മിറ്റിക്കാരും എതിര്‍ത്തു. അങ്ങനെ ആ പാവം തെരുവില്‍ കിടന്നു പ്രസവിച്ചു.''
''ശ്ശൊ, ഹോസ്പിറ്റലില്‍ക്ക് കൊണ്ടോയില്ലേ?'' എഫ്.ബി സെലിബ്രിറ്റി ചാടി ചോദിച്ചു.
''ഇല്ല മാഷേ. അവള്‍ അനാഥയല്ലേ? ആരുണ്ട് ഞാനല്ലാതെ. പ്രസവം ഞാന്‍ കണ്ടില്ല. രാവിലെ നോക്കുമ്പ മൂന്നു കുട്ടികള്‍. എന്ത് രസമാണെന്നോ ജനിച്ച ഒടനെ കുഞ്ഞുങ്ങളെ കാണാന്‍. കണ്ണൊന്നും തുറക്കാന്‍ പറ്റാണ്ട് ഇങ്ങനെ തള്ളേടെ അമ്മിഞ്ഞ തപ്പിത്തപ്പി ഇങ്ങനെയിങ്ങനെ...'' യുവതിയായ കവി പട്ടിക്കുഞ്ഞുങ്ങളെ കണ്ണടച്ച് ചുണ്ട് കൂര്‍പ്പിച്ച് അഭിനയിച്ചു കാണിച്ചു.
''ഓ, ദേ പിന്നേം നെന്റെ ഒരു മെലോഡ്രാമ. റോട്ട്യേക്കെടന്ന് ഒരു പട്ടിപെറ്റ്. അയിന് ഇപ്പ നീയെന്തിനു ഇവിടെ ഇരുന്ന് മോങ്ങുന്നു? ഞങ്ങളിവടെ ഇവന്റെ പുതിയ കഥയുടെ ചര്‍ച്ചേലാണ്'' കഴുത്തിലെ വേദനയില്‍ ഒന്നു തടവി നിരൂപകന്‍ നീരസത്തോടെ പുലമ്പി.
ഇതിനിടയില്‍ ഗ്ലാസ്സ് നാലും ഫില്‍ ചെയ്യല്‍ ആരോ തുടങ്ങിയിരുന്നു. യുവതിയായ കവി നിരൂപകനെ ഒന്നു നോക്കി. തുടര്‍ന്നു:

''എന്റെ റൂം മൂന്നാം നെലേലാ. ജനാലേക്കോടെ താഴേക്ക് നോക്കിയാ കാണാ. റോസും പിള്ളേരും. പെറ്റട്ട് രണ്ടാം ദെവസാ അത്...'' യുവതി ഏങ്ങലടിച്ച് കൊണ്ട് തുടര്‍ന്നു. ''ജയ്ഹിന്ദ് ചന്തേന്ന് വന്ന പരുന്തുകള്. അവറ്റകളെ കുരച്ചുകൊണ്ട് ഓടിക്കണ റോസ്. ഹൊ! എന്റെ ജനലിന്റെ അടുത്തക്കോടെയാ ഒരു പരുന്ത് നഖങ്ങളാഴ്ത്തി ഒരു പട്ടിക്കുട്ടിയെ... എനിക്കതിന്റെ കരച്ചിലു ഇങ്ങനെ താഴേന്ന് എന്റടുത്തക്ക് വരണതും അകന്നകന്ന് ആകാശത്തക്ക് പോണതും... ഹെനിക്ക് ഓര്‍ക്കാനേ വയ്യ...''
ആര്‍ഷനായ നിരൂപകന്‍ ഗ്ലാസ്സില്‍ ഇത്തിരി മദ്യവും സോഡയുമൊഴിച്ച് അവള്‍ക്ക് നീട്ടി.
''എനിക്ക് വേണ്ട. ആഘോഷിക്കാനുള്ള ദെവസമല്ല ഇന്ന്. നിങ്ങളു ഞാന്‍ പറയണ ഒന്ന് കേക്ക് പ്ലീസ്.''


കവി തുടര്‍ന്നു:
''രണ്ട് മക്കളേം കൊണ്ട് പരുന്ത് പിശാശുക്കള്‍ പോയി. റോസ് ഭ്രാന്തിപ്പട്ടിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടി. ഒരു കുട്ടിപ്പട്ടി മാത്രം കരഞ്ഞ് നടക്കുന്നുണ്ട്. കണ്ണ് തുറന്നു വരുന്നതെ ഉള്ളൂ... അന്നു ഞാന്‍ ജോലിക്ക് പോയില്ല. എന്റെ റോസ് ശരിക്കും ഭ്രാന്തിയായല്ലോ. അവള്‍ മനോവിഷമത്തില്‍ അതിലേ പോയ മൂന്നു പേരെ ചെര്‍തായി കടിച്ചു. നാട്ടുകാര്‍ അവളെ ഓടിച്ചിട്ട് തല്ലിത്തല്ലി കൊന്നു. ഒരു പരനാറി അതിന്റെ ഫോട്ടോ എഫ്.ബീല്‍ ഇട്ടട്ടുണ്ട്. തെണ്ടീ... സര്‍ബത്ത് കട നടത്തുന്നോനാ. അവന് ഞാന്‍ നല്ലോണം കൊടുത്തട്ട്ണ്ട്. അത് പോട്ടെ, ശേഷിച്ച ഒറ്റക്കുട്ടി അവടെ അങ്ങനെ അമ്മേടെ ശവത്തിന്റടുത്ത് കെടന്ന് കരച്ചില്. സഹിക്കില്ലാട്ടാ... ഫുള്ള് വെളുത്ത ഓമനക്കുഞ്ഞ്! ഞാന്‍ അതിനെ എടുത്ത് ഹോസ്റ്റലിലേക്ക് കൊണ്ടോയി. മേട്രന്‍ മുറ്റത്ത് വച്ചേ എന്നെ തിരിച്ചോടിച്ചു. എന്ത് ചെയ്യും ന്ന് വിചാരിച്ച് നിക്കുമ്പോഴാണ് ലാലൂരിലെ കാര്യം ഓര്‍ത്തേ. നിങ്ങളറിയില്ലേ. പേപ്പറിലൊക്കെ വന്നട്ട്ണ്ടല്ലോ. ഒരു ചേട്ടനും ചേച്ചീം. പരിക്ക് പറ്റീതും വയസ്സായതും ഒക്കെ ആയ നായ്ക്കളെ പോറ്റുന്ന നല്ല മനുഷ്യര്‍. ഞാന്‍ ജോലിക്ക് പോകാതെ നേരെ അങ്ങട്ടക്ക് വിട്ടു. അവരുടെ വീട്ടിലു നിറയെ നായ്ക്കളാ. അകത്തും മുറ്റത്തും പറമ്പിലും. എത്ര നല്ല ആള്‍ക്കാരാ. 'ശ്വാനരുടെ കാശി' എന്നൊരു കവിത വരെ എഴുതണമെന്നു തോന്നി എനിക്ക്. ഞാന്‍ ഈ കുഞ്ഞിപട്ടിക്കുട്ടിയെ അവരെ ഏല്‍പ്പിച്ചു. സന്തോഷത്തിനു ഒരു ആയിരം രൂപേം കൊടുത്തു. ചെലവുള്ളതല്ലേ? അങ്ങനെ ഞാന്‍ സമാധാനത്തോടെ തിരിച്ചുവന്നു. നല്ല സംതൃപ്തിയോടെ രണ്ടാഴ്ച ഉറങ്ങി. പിന്നെ തോന്നി ആ മൃഗസ്‌നേഹികളായ ചേട്ടനേം ചേച്ചിയേം ലോകത്തിനു പരിചയപ്പെടുത്തണമെന്ന്. ഒന്നൂടി പോയി ഫോട്ടമൊക്കെ എടുത്ത് ഒരു എഫ്.ബി പോസ്റ്റ് ഇടണമെന്ന്. അതിനു ഞാന്‍ പോയപ്പാഴാണ്. എനിക്ക് ഓര്‍ക്കാനേ വയ്യാ...''
യുവതിയായ കവി വീണ്ടും ഏങ്ങലടിച്ചു. വീണ്ടും ഇവര്‍ കരച്ചില്‍ മോഡ് ഓണ്‍ ചെയ്യുമോ എന്നു ഭയന്ന് ഫേസ്ബുക് സെലിബ്രിറ്റി ചോദിച്ചു: ''കൂള്‍, യുവതിയായ കവി, കൂള്‍. പറയൂ എന്താണ് വീണ്ടും അവിടെ എത്തിയപ്പോള്‍ കണ്ടത്?''

അവള്‍ ഒന്നു നിവര്‍ന്നിരുന്നു. ദീര്‍ഘമായി ശ്വസിച്ചു. തുടര്‍ന്നു:
''ആ നായ്ക്കൂട്ടത്തിനിടയില്‍ എന്റെ പട്ടിക്കുട്ടി. പറഞ്ഞാ നിങ്ങളു വിശ്വസിക്കില്ല. ആ കഴുകന്‍ അടുത്ത് കാത്തിരിക്കുന്ന ആഫ്രിക്കന്‍ കുട്ടീല്ലേ. അതു മാതിരി. തൊലിയൊട്ടി. എല്ലെണ്ണാം. നടക്കുവാന്‍പോലും ആവത് ഇല്ല. ശ്ശൊ! എന്നെ കണ്ടപ്പൊ അതിനു തിരിഞ്ഞു. അതിന്റെ ഈര്‍ക്കിളി വാല് ആട്ടി പാട്പെട്ട് കണ്ണുയര്‍ത്തി നോക്കുന്നു. അയ്യോ. എനിക്ക് ഓര്‍ക്കാനേ വയ്യ. ഞാന്‍ ആ ചേട്ടനേം ചേച്ചിയേം നെറയെ ചീത്തവിളിച്ചു. ഉരുട്ടി വായേലു കൊടുക്കാനൊന്നും പറ്റില്ല. കൂട്ടത്തീന്നു മിടുക്കുണ്ടെങ്കി തിന്ന് ജീവിക്കണമത്രേ. നിങ്ങടെ മക്കള്‍ ജനിച്ചുവീണപ്പത്തന്നെ ഓടിവന്നു വാരിത്തിന്നാറുണ്ടോന്ന് ഞാനൊന്നു ചോദിച്ച്‌പോയി. അയ്യോ എന്നെ മച്ചി എന്നു വിളിച്ചേ എന്നു പറഞ്ഞ് ആ ചേച്ചി കരച്ചില്. നെഞ്ചത്തടി. ചേട്ടന്‍ എന്നോട് എറങ്ങിപ്പോകാന്‍ പറഞ്ഞു.
ഞാന്‍ എന്റെ പട്ടിക്കുട്ട്യേം എടുത്ത് തിരിച്ച് പോന്നു. നമ്മടെ ചെമ്പുക്കാവിലെ വെറ്റിനറി ആസ്പത്രീല്‍ കൊണ്ടോയ്. അവടെ മുഴുവന്‍ തറവാടി പട്ടികളാ പേഷ്യന്റ്സ്. പാരമ്പര്യം തെളിയിക്കുന്ന ആര്‍സി ബുക്ക് ഉള്ള ജാടപ്പട്ടികള്‍. ഡോക്ടറു നല്ലവനാര്‍ന്നു. ഗ്ലൂക്കോസ് കേറ്റി. രക്ഷപ്പെടാന്‍ പ്രയാസാത്രെ. മരുന്നും തന്നു വിട്ടു.

ഞാന്‍ അതിനേക്കൊണ്ട് എവടെ പോകും? നിങ്ങപറ?''
''ഇപ്പ നീ പട്ടിയെ കൊണ്ടോവാന്‍ സ്ഥലമില്ലാണ്ടാണാ എന്നെ അന്വേഷിച്ച് വന്നത്?'' ആര്‍ഷനായ നിരൂപകന്‍ ചോദിച്ചു.
''ഓ ങ്ങള്‍ക്ക് മൃഗം എന്നാ ആന അല്ലേ ഒള്ളൂ. കപടന്‍.'' ചിറികോട്ടി
യുവതിയായ കവി ബാക്കി മൂന്നുപേരെ നോക്കി തുടര്‍ന്നു: ''നിങ്ങളു കേള്‍ക്ക്. ഞാന്‍ ഒരു അതിക്രമം ചെയ്തു. അതിക്രമം എന്നു നിങ്ങളു മനുഷ്യരു പറയും. ആ കുഞ്ഞിപ്പട്ടിയെ ഞാന്‍ ഷാളില്‍ ഒളിപ്പിച്ച് ഹോസ്റ്റലില്‍ എന്റെ മുറിയിലേക്ക് കടത്തി. നിപ്പിളു വാങ്ങി പാലു കൊടുത്തു. ബിസ്‌കറ്റ് കൊടുത്തു. നാലൂസം ഞാന്‍ ലീവെടുത്തു. ഇവള്‍ക്ക് ഞാന്‍ ലിറ്റില്‍ ഫ്‌ലവര്‍ എന്നു പേരിട്ടു. ചെറുപുഷ്പം. ഞാന്‍ ചെറു എന്നു വിളിക്കും. ഇവള്‍ എന്റെ നെഞ്ചിലു കെടന്ന് ഒറങ്ങി. ഇടയ്ക്ക് ഇവള്‍ക്ക് കളിക്കാന്‍ തോന്നുമ്പ പാട്ടു പാടും. അപ്പ ഞാന്‍ അവള്‍ടെ വായ അടച്ചുപിടിക്കും. പിന്നെ അവള്‍ക്ക് മനസ്സിലായി താന്‍ പട്ടി ആണെന്നും ഈ ഹോസ്റ്റല്‍ തനിക്ക് നിരോധിതമേഖല ആണെന്നും. അവള്‍ പിന്നെ ചിരിക്കാതെ ആയി. കരയാതെയും. അപ്പിയിടാന്‍പോലും തനിക്ക് നിയന്ത്രണമുണ്ടെന്നു തിരിച്ചറിഞ്ഞു ആ പാവം. ഞാന്‍ പോയാല്‍ വരുന്നത് വരെ അനക്കമില്ലാതെ ഒരു പഴയ ബാഗില്‍ ഒളിച്ചിരിക്കാന്‍ ശീലിച്ചു. ചേട്ടാ ഞാന്‍ ഇച്ചിരി സോഡ മാത്രം കുടിക്കട്ടെ.''

ഏമ്പക്കത്തിന്റെ തൃപ്തിയോടെ അവള്‍ തുടര്‍ന്നു:
''അയല്‍ റൂമുകളിലെ പെണ്ണുങ്ങള്‍ക്ക് എന്തോ തിരിമറി മണത്തു. എന്റെ റൂമില്‍ ഞാന്‍ ആരെയും കയറ്റുന്നില്ല. എപ്പോഴും ലോക്ക്. ഞാനിന്നലെ ചെറൂനെ നാട്ടില്‍ക്കൊണ്ടോയി എന്റുമ്മാനെ ഏല്‍പ്പിക്കാനിരുന്നതാ. അപ്പ ആപ്പീസിലു ഒരു പെന്‍ഷന്‍ പാര്‍ട്ടി. വൈകി. ഇന്ന്, ഈ ഞായറാഴ്ച രാവിലെ മേട്രന്റെ നേതൃത്വത്തില്‍ റെയ്ഡ്. പട്ടിക്കരച്ചില്‍ ചിലര്‍ ഇടയ്ക്ക് കേട്ടതും ഞാന്‍ ജനലയ്ക്കല്‍ നിപ്പിള്‍ കുപ്പി ഉണക്കാന്‍ വച്ചതും ആണ് കാരണം. എന്തായാലും അവര്‍ ചെറൂനെ പിടിച്ചു. കയ്യോടെ എനിക്ക് നോട്ടീസും കിട്ടി.''
''നീ കാണിച്ചത് കടന്നകൈ ആയിപ്പോയി. അഹമ്മതി'' ആര്‍ഷനായ നിരൂപകന്‍ പറഞ്ഞു.

പ്രവാസി പറഞ്ഞു: ''ഇല്ല സിസ്റ്റര്‍. ദീനാനുകമ്പയാണിത്. എനിക്ക് അഭിമാനം തോന്നുന്നു നിങ്ങളെപ്പറ്റി.''
''ചേച്ചീ ചേച്ചിയുടെ വര്‍ഗ്ഗത്തില്‍, എഴുത്തുകാര്‍ എന്ന വര്‍ഗ്ഗത്തില്‍പ്പെട്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു.'' യുവാവായ കഥാകൃത്ത് പറഞ്ഞു.
യുവതിയായ കവി എഴുന്നേറ്റു.
''ഒരു സഹായം ചെയ്യാമോ? ഒന്നു വരാമോ നിങ്ങളെന്റെ കൂടെ?''
യുവതി ലോഡ്ജിനു താഴെ പാര്‍ക്ക് ചെയ്ത സ്‌കൂട്ടറിനു ചുറ്റുമാണവര്‍, അഞ്ചു പേര്‍ ഇപ്പോള്‍. കവി സീറ്റ് തുറന്നു.
ദയനീയമായി തങ്ങളെ നോക്കുമാറ് ചെരിഞ്ഞ് കിടക്കുന്ന പട്ടിക്കുട്ടിയുടെ ജഡം. ചുവന്ന ടര്‍ക്കിടവലില്‍. തൂവെള്ള പട്ടിക്കുഞ്ഞ്. നല്ല ഉരുണ്ട ദേഹം!
''മേട്രന്‍ ഇവള്‍ടെ കഴുത്തില്‍ തൂക്കി റോട്ടില്‍ക്ക് എറിഞ്ഞതാ. ഹോസ്റ്റല്‍ പറമ്പില്‍ നിക്കണ പ്ലാവില്‍ ചെന്നിടിച്ച്... എന്റെ ചെറൂ...'' കണ്ണീരോടെ യുവതിയായ കവി പറഞ്ഞൊപ്പിച്ചു.

യുവാവായ കഥാകൃത്ത് ആ സമയം അവളുടെ വലതുകൈപ്പത്തിയില്‍ അമര്‍ത്തിപ്പിടിച്ചു. ദൃഢമായൊരു പിടുത്തമായിരുന്നു അത്.
''എനിക്കിവളെ അടക്കണം. എനിക്കീ നഗരത്തില്‍ സ്ഥലമില്ല. ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ പറ്റില്ലാന്നു പറഞ്ഞ് മേട്രന്‍ ഇവളെ മുന്‍സിപ്പാലിറ്റി കുപ്പയില്‍ ഇടാന്‍ വാച്ചറെ ഏല്‍പ്പിക്കാന്‍ നോക്കി. ഞാന്‍ അവരുടെ മുഖത്ത് ഒന്നു പൊട്ടിച്ചു. തെറ്റാണോ?''
''അല്ല. അല്ലേ അല്ല. അവര്‍ അത് അര്‍ഹിക്കുന്നു. സിസ്റ്റര്‍ ഒരു മിനിറ്റ് ഞാനിപ്പോ വരാം.'' ഇത് പറഞ്ഞ് പ്രവാസിയായ സാഹിത്യകാരന്‍ മുറിയിലേക്കോടി. തിരിച്ച് വരുമ്പോള്‍ അയാള്‍ടെ കൈവശം ഹാന്‍ഡ് ബാഗ് ഉണ്ടായിരുന്നു.
തൃശൂര്‍ തേക്കിന്‍ കാട്ടില്‍ ഹൈറോഡ് മൂലയോടടുപ്പിച്ച്, ട്രാന്‍സ്ഫോര്‍മറിനും റൗണ്ടിനുമിടയില്‍ യുവാവായ കഥാകൃത്ത് ഒരു കുഴികുത്തി. ട്രാന്‍സ്ഫോര്‍മറിനടുത്ത് ട്രഞ്ച് കുഴിക്കുന്നവര്‍ സൂക്ഷിച്ചുവച്ചിരുന്ന തൂമ്പകൊണ്ട്.
യുവതിയായ കവി കണ്ണീരോടെ ലിറ്റില്‍ ഫ്‌ലവറിനെ ടവ്വലോടുകൂടി കുഴിയിലേക്ക് അരുമയോടെ കിടത്തി.
പ്രവാസിയായ സാഹിത്യകാരന്‍
തന്റെ ബാഗില്‍നിന്ന് ആലിന്‍ തൈ പുറത്തെടുത്ത് പട്ടിക്കുട്ടിയുടെ കൈകളില്‍ എന്ന പോലെ കുത്തനെ നിര്‍ത്തി.
പത്ത് കൈകളില്‍നിന്നു ക്ഷണനേരം കൊണ്ട് കുഴിയില്‍ നിറയെ മണ്ണ് വീണു.
അഞ്ചുപേരും കൈകള്‍ കെട്ടി തലകുനിച്ച് നിന്നു കുറച്ചു നേരം.
ഈ സമയമത്രയും തൃശ്ശൂര്‍ നഗരം കണ്ണടച്ചു.
അന്നേരം യുവാവായ കഥാകൃത്ത് പിറകില്‍ വളയുന്ന റൗണ്ടും ഹൈറോഡും കാണുമാറ് ഒരു സെല്‍ഫി അടിച്ചു.
അനുബന്ധം 1:
യുവാവായ കഥാകൃത്ത് വയസ്സനായ കഥാകൃത്തായി. അന്നത്തെ പ്രമുഖ ദിനപത്രത്തില്‍ എഡിറ്റോറിയല്‍ പേജിലെ തന്റെ ലേഖനം ഇങ്ങനെയായിരുന്നു അവസാനിപ്പിച്ചത്:
തലയില്ലെങ്കില്‍ ജട എന്തിന് എന്നു ചോദിക്കാന്‍ ശക്തനില്ലാത്ത കാലം. ഈ അഭിനവ കപട റെഡിന്ത്യന്‍ മൂപ്പന്മാരോടൊരുവാക്ക്. ഇതെങ്കിലും നിങ്ങള്‍ വായിക്കുക:
ജലം തേടി ദേശാന്തരങ്ങള്‍ അലഞ്ഞ, അസംഖ്യം വേരുകളാല്‍ നൂറ്റാണ്ടുകള്‍ നിലനിന്ന ഒരു മഹാവൃക്ഷത്തിന്റെ രുചികരമായ പഴംതിന്ന ഒരു വവ്വാല്‍ വിസര്‍ജ്ജിക്കാന്‍ ഒരു പ്രവാസി മലയാളിയുടെ വീടിന്റെ മേല്‍ക്കൂര തെരഞ്ഞെടുത്തത് യാദൃച്ഛികം. കോണ്‍ക്രീറ്റ് വിള്ളലിനുള്ളില്‍നിന്ന് ഒരു തൈ പൊടിച്ചു. ആ മലയാളി അറബിക്കടലിനു മുകളില്‍ക്കൂടി ആ തൈ നാട്ടിലേക്ക് കടത്തുന്നു. ഒരു വെറും പട്ടിക്കുഞ്ഞിനോടുള്ള ഒരുവളുടെ സ്‌നേഹത്തിനു മീതെ അത് വളര്‍ന്നു. ഇന്നതിനു അവകാശികളായി. ഇതിനോട് കൂടിയുള്ള ഫോട്ടോ എല്ലാം പറയും. അതില്‍ കാണുന്ന അഞ്ചുപേരാണ് ഈ മഹാവൃക്ഷത്തിന്റെ ഉടയോര്‍. കാലം ആവശ്യപ്പെടുന്നതിനാല്‍ അതീവ ലജ്ജയോടെ ഞാന്‍ വെളിപ്പെടുത്തട്ടെ; ഈ അഞ്ചില്‍ ഒരാള്‍ അമ്പലവാസി, ഒരാള്‍ നസ്രാണി, ഒരാള്‍ മുസ്ലിം, ഒരാള്‍ അവര്‍ണ്ണന്‍, ഒരാള്‍ ശൂദ്രന്‍. അന്നേരം ഞങ്ങള്‍ ഇതൊന്നും അല്ലാര്‍ന്നു. നട്ട ഞങ്ങള്‍ വെട്ടാന്‍ വിധിക്കുന്നു! വീഥി വീതിയാകട്ടെ!

അനുബന്ധം2:
തന്റെ മക്കളുടെ അമ്മയും താനും ഒരുമിക്കാന്‍ തീരുമാനിച്ച നിമിഷം പകര്‍ത്തിയതാണെന്നാണ് വയസ്സനായ കഥാകൃത്ത് ആ ഫോട്ടോയെ എന്നും വിശേഷിപ്പിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com