'ഇ.എം.എസ്സിന്റെ പ്രസംഗങ്ങള്‍': വി. സുരേഷ്‌കുമാര്‍ എഴുതിയ കഥ

പ്രകാശന്‍ നിലത്തേക്ക് കുനിഞ്ഞ് പുസ്തകം കയ്യിലേക്ക് എടുത്ത് അതില്‍ പുരണ്ട പൊടിയും കരിയും കൈകൊണ്ട് തുടച്ചു, പേജുകള്‍ തുറന്ന് വെറുതെ മറിച്ചുനോക്കി. 
ചിത്രീകരണം - ഗോപീകൃഷ്ണന്‍
ചിത്രീകരണം - ഗോപീകൃഷ്ണന്‍

ലൈബ്രറിയിലെ കരിയും പുകയും മൂടിയ പുസ്തക ഷെല്‍ഫുകള്‍ ഒന്നൊന്നായി നോക്കി പ്രകാശന്‍ മുന്നോട്ട് നീങ്ങി. ചില പുസ്തകങ്ങളില്‍ അറിയാതെ കൈ തട്ടിയപ്പോള്‍ വലിയ കോടമഞ്ഞ്‌പോലെ പൊടിക്കാറ്റ് ഉയര്‍ന്നു. ഓരോ പൊടിക്കൂന്നയും വായുവിലേക്ക് തെറിക്കുമ്പോള്‍, ലൈബ്രററിയുടെ അകത്തെ മീറ്റിംഗ് മുറിയില്‍നിന്നും ആരൊക്കെയോ ഒച്ചത്തില്‍ ചുമയ്ക്കുകയും ദേഷ്യത്തോടെ പിറുപിറുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവര്‍ പുസ്തകങ്ങളെ കുറിച്ചായിരുന്നില്ല സംസാരിക്കുന്നതെന്നും വരാന്‍പോകുന്ന ഇലക്ഷനെയും അതില്‍ നേടേണ്ടുന്ന വിജയത്തെയും ആണെന്നും പ്രകാശന് മനസ്സിലായി. ലൈബ്രററി ഗ്രാന്‍ഡ് എളുപ്പം തീര്‍ക്കുന്നതിനായി മേടിച്ച വിലകൂടിയതും ഭീകര അറിവുകള്‍ കുത്തിനിറച്ചതും ആയ മഹാഗ്രന്ഥങ്ങള്‍ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും കെട്ടുപോലും അഴിക്കാതെ അങ്ങനെ തന്നെ അലമാരകളില്‍ കിടക്കുന്നത് പ്രകാശന്‍ കണ്ടു. പ്രകാശന്‍ തനിക്ക് വേണ്ടുന്ന പുസ്തകത്തിനായി ഓരോന്നും നോക്കി അടുത്ത ഷെല്‍ഫിലേക്ക് നടക്കുമ്പോള്‍ തട്ടില്‍നിന്നും എന്നോ നിലത്തേക്ക് വീണ 'ഇ.എം.എസ്സിന്റെ പ്രസംഗങ്ങള്‍' കണ്ടു. പ്രകാശന്‍ നിലത്തേക്ക് കുനിഞ്ഞ് പുസ്തകം കയ്യിലേക്ക് എടുത്ത് അതില്‍ പുരണ്ട പൊടിയും കരിയും കൈകൊണ്ട് തുടച്ചു, പേജുകള്‍ തുറന്ന് വെറുതെ മറിച്ചുനോക്കി. 

''ഇന്ന് കേരളത്തിലെ വ്യവസായത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികളും കൃഷിക്കാരും നാട്ടിന്‍പുറങ്ങളിലും പട്ടണങ്ങളിലുമുള്ള മറ്റു പാവപ്പെട്ടവരും ഇടത്തരക്കാരും എന്നിവര്‍ ചേര്‍ന്ന് ഒരു ബഹുജനസമര മുന്നണി രൂപപ്പെടുന്നുണ്ട്... അതിലെ പ്രധാന ഘടകമാണ് അധ്യാപകര്‍!'' ഇ.എം.എസ് 1988 ഏപ്രില്‍ 9-ന് കോട്ടയത്തുവെച്ച് നടത്തിയ മുണ്ടശ്ശേരി സ്മാരക പ്രഭാഷണം വായിക്കവേ... മീറ്റിംഗ് മുറിയില്‍നിന്നും ലൈബ്രറേറിയനും മറ്റുള്ളവരും പ്രകാശന്റെ മുന്നിലേക്കു വന്നു. അവര്‍ എല്ലാവരും ടൗവ്വല്‍കൊണ്ട് മുഖം പൊത്തിയിട്ടും ഹൈസ്‌കൂളിലെ ഗോപാലന്‍കുട്ടി മാഷിനെ പ്രകാശന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞു. 
ഗോപാലന്‍കുട്ടി മാഷ് പ്രകാശനെയും വായിക്കുന്ന പുസ്തകത്തെയും മാറിമാറി നോക്കി എല്ലാവരും കേള്‍ക്കെ പുച്ഛത്തോടെ പറഞ്ഞു: ''ഇ.എം.എസ്സിന്റെ പ്രസംഗങ്ങളോ... ഇവനോ...?മര്യാദയ്ക്ക് വര്‍ത്തമാനം പറയാന്‍ കഴിയാത്ത ഇവനൊക്കെ ഇതും വായിച്ച് എന്ത് ഉണ്ടാക്കാനാണ്...?''
ഗോപാലന്‍കുട്ടി മാഷ് ചിരിച്ചപ്പോള്‍ കൂടെയുള്ള നാലഞ്ച് പേരും അയാളെക്കാള്‍ ഉച്ചത്തില്‍ ചിരിച്ചു. 

ലൈബ്രറേറിയന്‍ പ്രകാശന്റെ കയ്യില്‍നിന്നും ഇ.എം.എസ്സിന്റെ പുസ്തകം തിടുക്കത്തില്‍ മേടിച്ച് ഷെല്‍ഫിലേക്ക് വെക്കുന്നതിനിടയില്‍ ചോദിച്ചു: ''നീയിവിടെ കുറേ നേരം ആയല്ലോ. ആടിനെ പോലെ പൊടിപ്പാറ്റി നടക്കാന്‍ തുടങ്ങിയിട്ട്... ഏത് പുസ്തകം ആണ് നിനക്ക് വേണ്ടത്...?''
പ്രകാശന്‍ കണ്ണുകളടച്ച് ശ്വാസം ആഞ്ഞുവലിച്ച് 'ഹെലന്‍ കെല്ലറുടെ ആത്മകഥ' എന്ന പേര് മനസ്സില്‍ നിറച്ച് ഉള്ളിലുള്ള ശബ്ദത്തെ ആവുന്നത്രയും ഊക്കോടെ പുറത്തേക്ക് വലിച്ചു. എന്നാല്‍, വിക്കല്ലാതെ വാക്കുകളൊന്നും തരിപോലും പുറത്തേക്ക് വന്നില്ല. 
''ഇവനെന്താ... ഇ.എം.എസ്സിനെ പരിഹസിക്കുകയാണോ...'' ഗോപാലന്‍കുട്ടി മാഷ് ആക്രോശിച്ചു.
പ്രകാശന്‍ തലകുനിച്ച് ലൈബ്രററിയില്‍നിന്നും പുറത്തേക്ക് നടന്നു. 

ചില വാക്കുകള്‍ എന്നെ സംബന്ധിച്ച് കൊടുമുടിയില്‍നിന്നും താഴേക്ക് വീണ മനുഷ്യരെപ്പോലെയാണ്. ഇപ്പോള്‍, കരകയറുമെന്ന പ്രതീക്ഷയില്‍ ഒപ്പമുള്ളവര്‍ അവരുടെ പേര് ഒച്ചത്തില്‍ നിലവിളിക്കുകയും കരയില്‍നിന്നും കയറോ വടിയോ താഴ്ത്തി അവസാനത്തെ പിടിവള്ളിയുമായി കാത്തുനില്‍ക്കുകയും ചെയ്യും. എന്നാല്‍, ആഴങ്ങളില്‍നിന്നും അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുമ്പോഴേക്കും തെളിവുകളൊന്നും ബാക്കിവെക്കാതെ അവര്‍ നിലയില്ലാക്കയത്തിലേക്ക് താഴ്ന്ന് താഴ്ന്ന് ഇല്ലാതാകും. 
തന്റെ ഉള്ളില്‍നിന്നും താഴേക്ക് വീണുപോകുന്ന വാക്കുകള്‍ ഇനി ഏത് കയറിട്ടാണ് മുകളിലേക്ക് വലിച്ചു കയറ്റേണ്ടത്. പ്രകാശന് ദ്വേഷ്യവും സങ്കടവും തോന്നി. പുറത്തേക്ക് വരാതെ മരിച്ചുപോയ വാക്കുകളുടെ വലിയൊരു ശവപ്പറമ്പാണ് താനെന്ന് ആ ലൈബ്രററിയില്‍നിന്നും പുറത്തേക്ക് നടക്കുമ്പോള്‍ പ്രകാശന്‍ ഉറപ്പിച്ചു.

അധ്യാപകരാല്‍ കൊല്ലപ്പെടാന്‍ ഒരുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വായിക്കാതെ മരണത്തിന് വിട്ടുകൊടുക്കുന്ന പുസ്തകങ്ങള്‍ക്കും വേണ്ടി ആണ് നമ്മുടെ നാട് ഏറ്റവും കൂടുതല്‍ പണവും സൗകര്യവും ഒരുക്കുന്നതെന്നും ചിന്തിച്ച് പ്രകാശന്‍ വായനശാലയില്‍നിന്നും വീട്ടിലേക്കുള്ള നീളന്‍ വഴി നടന്നുതീര്‍ത്തു. 
വെയിലും മഴയും ഒരുപോലെ പെയ്ത ആ വേനലവധിക്കുശേഷം പ്രകാശനെ അവന്റെ അമ്മ ഏഴാം ക്ലാസ്സില്‍നിന്നും യു.പി സ്‌കൂളിന്റെ അതേ പറമ്പില്‍ത്തന്നെയുള്ള ഹൈസ്‌കൂളിലേക്ക് ചേര്‍ത്തു. അഡ്മിഷന്‍ ദിവസം അവന്റെ അമ്മ ഹെഡ്മാഷോടു പറഞ്ഞു: ''മാഷെ, ഓന് ചില വാക്കുകള്‍ പറയുമ്പം ഒരു ചെറിയ വിക്കുണ്ട്... എന്നാലും എന്റെ മോന്‍ നല്ലോണം പഠിക്കും,. ലൈബ്രററിയിലൊക്കെ പോയി പുസ്തകങ്ങള്‍ വായിക്കും. മലയാളം ആണ് ഓന് ഏറ്റവും ഇഷ്ടം. വിക്കിയിട്ട് ആണെങ്കിലും മോന്‍ ഈണത്തില്‍ കവിതയൊക്കെ ചൊല്ലും മാഷെ... കുറേ സമ്മാനവും കിട്ടിയിട്ടുണ്ട്.''
താന്‍ കവിത ചൊല്ലി കഴിഞ്ഞതും ഏഴാം ക്ലാസ്സിലെ കുട്ടികള്‍ മുഴുവന്‍ കയ്യടിക്കുന്നതും മലയാളം മാഷ് അവന്റെ പുറത്ത് തട്ടുന്നതും പ്രകാശന്‍ കണ്ടു. അവന്‍ ഹെഡ്മാഷോട് ചിരിച്ചു. ഹെഡ്മാഷ് അവനോടും, അമ്മയോടും. 
നാട്ടിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനും അധ്യാപകസംഘടന നേതാവും ആയ ഗോപാലന്‍കുട്ടി മാഷ് ആയിരുന്നു എട്ടാംക്ലാസ്സിലെ അവന്റെ മലയാളം മാഷ്. 
പലതരം ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാല്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ മാഷ് സ്‌കൂളില്‍ വരാറുള്ളൂ. ഗോപാലന്‍കുട്ടി മാഷെ ദൂരെനിന്നും കാണുമ്പോഴെ സ്‌കൂള്‍ ഒഴിച്ച് ബാക്കി എല്ലാം തനിയെ തനിയെ എഴുന്നേറ്റ് നില്‍ക്കുന്നത് പ്രകാശന്‍ കാണും. സ്‌കൂളിലെ ഹെഡ്മാഷ് പോലും...!
''ജ്ഞാനരൂപിണിയാകും വിദ്യയായതു മറ്റേ-
താനന്ദ പ്രാപ്തി ഹേതുഭൂതയെന്നറിഞ്ഞാലും
മായകല്പിതം പരമാത്മനി വിശ്വമെടോ...!
മായ കൊണ്ടല്ലോ വിശ്വമുണ്ടെന്ന് തോന്നിക്കുന്നു
രജ്ജുഖണ്ഡത്തിങ്കലേ പന്നഗ ബുദ്ധിപോലെ
നിശ്ചയം വിചാരിക്കിലേതുമൊന്നില്ലയല്ലോ...''*

ഗോപാലന്‍കുട്ടി മാഷുടെ ക്ലാസ്സില്‍ കവിതചൊല്ലലാണ് ഏറ്റവും പ്രശ്‌നം. ലൈബ്രററിയില്‍നിന്നും കണ്ടത് മുതല്‍ മാഷെ എവിടെ കാണുമ്പോഴും വിക്ക് തുടങ്ങും... കുറേ വിക്കി, വിക്കി എങ്ങനെയെങ്കിലും ഉത്തരം പറയാന്‍ തുടങ്ങുമ്പോഴേക്കും ചൂരല് നടുപ്പുറത്ത് വീണു തുടങ്ങും. അതോടെ പുറത്തേക്ക് വരാന്‍ കാത്തുനില്‍ക്കുന്ന ബാക്കി വാക്കുകളൊക്കെയും വലിയ ഗുഹകളിലേക്ക് ഓടിക്കയറും. പിന്നീട് ഓരോ വാക്കുകള്‍ മുങ്ങിപ്പോകുമ്പോഴും അതിന്റെ ഇരട്ടി അടി ആയിരുന്നു അയാളുടെ ശിക്ഷ!
''വിക്ക്... നിന്റെ പഠിക്കാതിരിക്കാനുള്ള സാമര്‍ത്ഥ്യം... വലിയ വായനക്കാരനാണ് പോലും... ഒക്കെയും ഞാന്‍ തീര്‍ത്തുതരും... നീയൊക്കെ വിക്കി വിക്കി ഇവിടെത്തന്നെ ഇരിക്കും... ഇല്ലേല്‍ വീട്ടില്‍...'' ഇതും പറഞ്ഞ് അയാള്‍ ഒച്ചത്തില്‍ ചൂരലും ഉയര്‍ത്തി അലറിവിളിക്കും. 
കരഞ്ഞ് കരഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും തലങ്ങും വിലങ്ങും ചൂരല് വീണിടം കസേല മടഞ്ഞതുപോലെ ചുകന്ന് വീര്‍ത്തിരിക്കും. ചോര കല്ലിച്ച ശരീരത്തെ അമ്മയെ കാണിക്കാതെ പൊതിഞ്ഞുവെക്കലാണ് ഏറ്റവും വലിയ പ്രയാസം. 
അമ്മയെ എനിക്ക് അറിയാമായിരുന്നു. എന്റെ ശരീരത്തില്‍ എവിടെയെങ്കിലും ഒന്നു മുറിഞ്ഞാല്‍ അതുമതി അമ്മയുടെ നിലതെറ്റാന്‍. സങ്കടങ്ങളുടെ വന്‍ പര്‍വ്വതങ്ങളെ കയറിയിറങ്ങിയാണ് അമ്മ ഓരോ ദിനവും നീക്കിയത്. പര്‍വ്വതങ്ങളെ വന്നുമൂടാറുള്ള മഞ്ഞ് പോലെ ദുരിതങ്ങളുടെ പാളികള്‍ ഓരോ ദിനവും അമ്മയുടെ ജീവിതത്തില്‍ കൂടുകയല്ലാതെ കുറയാറില്ല. എനിക്കെന്തെങ്കിലും പറ്റിയാല്‍ അമ്മ പിന്നീടൊരിക്കലും ജീവിതത്തിലേക്ക് എഴുന്നേല്‍ക്കില്ല എന്ന് എനിക്കുറപ്പാണ്. ഞാന്‍ പഠിക്കുന്നതും വളരുന്നതും വലുതാകുന്നതും മാത്രമാണ് അമ്മയുടെ സ്വപ്നം. അതുകൊണ്ട് മാത്രം ഞാന്‍ വേദനയൊന്നും പുറമെ കാണിക്കാതെ ഒരു കയറിന്‍ തുമ്പിലൂടെ എന്നപോലെ നിരങ്ങി നിരങ്ങി വീണ്ടും അതേ സ്‌കൂളിലേക്ക്, അതേ ക്ലാസ്സിലേക്ക് തന്നെ ഓടിക്കയറി. എങ്ങനെയെങ്കിലും പഠിച്ച് അമ്മയ്ക്ക് ഒരു തുണയാകണം. പ്രകാശന്‍ ഇരുട്ടില്‍ എഴുന്നേറ്റിരുന്നു കരഞ്ഞു. അമ്മയുടെ കൈകള്‍ ഉറക്കത്തിലും അവനെ തൊട്ടിരുന്നു. 

ഗോപാലന്‍കുട്ടി എന്ന ഭൂലോക ദുരന്തം 8-ാം ക്ലാസ്സോടെ തീരുമെന്നാണ് പ്രകാശന്‍ കരുതിയത്. എന്നാല്‍, പ്രകാശന്റെ സ്വപ്നങ്ങളെ മുഴുവന്‍ തകര്‍ത്ത് തരിപ്പണമാക്കി അതൊരു വലിയ കൊടുമുടിയായി 9-ാം ക്ലാസ്സിലേക്കും പടര്‍ന്നുകയറി, വലിയ ഭൂമിശാസ്ത്രത്തിന്റെ രൂപത്തില്‍. 9-ാം ക്ലാസ്സില്‍ ഗോപാലന്‍കുട്ടി ആയിരുന്നു ഭൂമിശാസ്ത്രം മാഷ്. തന്റെ നൂറായിരം തിരക്കുകള്‍ക്കിടയില്‍ മലയാളം ടെക്സ്റ്റ് തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ ഈ വര്‍ഷം മുതല്‍ ഭൂമിശാസ്ത്രം മാഷ് സ്വയം തിരഞ്ഞെടുത്തതായിരുന്നു. ഭൂമിശാസ്ത്രത്തില്‍ പാഠഭാഗങ്ങള്‍ കുറവാണ്. പഠിപ്പിക്കാനുള്ളതാണെങ്കില്‍ എല്ലാം ടെക്സ്റ്റില്‍ത്തന്നെ ഉണ്ട് താനും. 

''ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി...? പ്രകാശന്‍ പറ.'' 
പ്രകാശന്‍ തന്റെ ഉള്ളില്‍ കിടന്ന് വളരുന്ന എവറസ്റ്റിനെ ഊക്കോടെ വലിച്ച് പുറത്തിടാന്‍ ആവുന്നതും നോക്കി. കുട്ടികള്‍ ചിലര്‍ പ്രകാശന്റെ മരണവെപ്രാളം കണ്ട് ചിരിക്കുന്നുണ്ട്. മറ്റു ചിലര്‍ ചുഴലിബാധ കയറിയപോലുള്ള അവന്റെ മുഖം കാണാന്‍ കഴിയാതെ കണ്ണുകള്‍ അടച്ചു. 


ശരിക്കും ഉള്ളില്‍ ചുഴലിക്കാറ്റായിരുന്നു. അതില്‍പ്പെട്ട് എവറസ്റ്റിന്റെ പാതിയും തകര്‍ന്നു. ചുണ്ടും മുഖവും കണ്ണുകളും പല ഭാഗത്തേക്ക് തെന്നി. ഗോപാലന്‍കുട്ടി പേപിടിച്ച നായയെപ്പോലെ ചൂരല് കൊണ്ട് പ്രകാശന്റെ നാലുഭാഗവും കടിച്ചുപറിച്ചു തുടങ്ങി. ''നിന്റെ വിക്ക് മാറാതെ ഞാന്‍ 9-ാം ക്ലാസ്സ് കടത്തൂലാ...'' അയാള്‍ ഒച്ചത്തില്‍ അലറി. ശേഷം ഇടിമിന്നല്‍ കണക്കെ തുടരെ ചൂരല് വന്നു വീണു. കുറച്ചു നേരത്തിനു ശേഷം ഒരു വലിയ ഞരക്കത്തോടെ പ്രകാശന്‍ ബെഞ്ചിനും ഡെസ്‌ക്കിനും ഇടയിലേക്ക് ഒരു ഭൂമികുലുക്കത്തിലെന്നപോലെ മറിഞ്ഞുകെട്ടി വീണു. 

പ്രകാശനെ ആരൊക്കെയോ ചേര്‍ന്ന് വീട്ടിലേക്ക് കൊണ്ടുകിടത്തി. പനി വന്നു വീണെന്നായിരുന്നു അവര്‍ അവന്റെ അമ്മയോട് പറഞ്ഞത്. 
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി... എവറസ്റ്റ്. പ്രകാശന്‍ ഉറക്കത്തിലും ഉണര്‍വ്വിലും പിറുപിറുത്തു. അവന്‍ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഗോപാലന്‍ മാഷ് വലിയ ചൂരലുമായി അവന്റെ പിന്നാലെ ഉണ്ടായിരുന്നു. അയാളെ കണ്ടതോടെ അക്ഷരങ്ങള്‍ ഉറഞ്ഞുകെട്ടിയ ജലംപോലെ ഒഴുക്ക് നിലച്ചു നിന്നു. ഒരു അക്ഷരത്തില്‍പ്പോലും ചവിട്ടിക്കയറാന്‍ പറ്റാതെ അവന്‍ നിന്നനില്‍പ്പിലായി. ഇപ്പോള്‍ ഗോപാലന്‍കുട്ടി ശിക്ഷയുടെ ഭാഗമായി പ്രകാശനെ എവറസ്റ്റ് കയറ്റുകയായിരുന്നു. ഉയരത്തില്‍ എത്തിയതോടെ പ്രകാശന്റെ വിക്ക് കൂടുകയും ശ്വാസം തീരെ കിട്ടാതെ മരണവെപ്രാളത്തില്‍ പെടുകയും ചെയ്തു. അവന്‍ ബോധം മറഞ്ഞ് വലിയ മഞ്ഞ് കുഴിയിലേക്ക് വീണു. ഗോപാലന്‍കുട്ടി ഒരു വലിയ ഇരുമ്പുവടിയുടെയത്രയും വരുന്ന ചൂരലും പുറത്തേക്ക് വലിച്ച് പ്രകാശന്റെ കണ്ണിലേക്ക് ഓങ്ങി. 
ഭയന്ന് വിറച്ചു വെറും നിലത്ത് കിടന്ന് കൈകാല്‍ ഇട്ടടിച്ച് കരയുന്ന പ്രകാശനെ അവന്റെ അമ്മ ചേര്‍ത്തുപിടിച്ചു. 

''നീ ഉറങ്ങ് മോനേ... എത്ര ദിവസം ആയി ഇങ്ങനെ ഉറങ്ങാതെ പിച്ചും പേയും പറയുന്നു. ഈ എവറസ്റ്റും കിവറസ്റ്റൊന്നും അത്ര വലിയ കാര്യം അല്ല. അതൊക്കെ പറയാനും കയറാനും എന്റെ മോനെക്കൊണ്ടും പറ്റും. എന്റെ മോന്‍ എവറസ്റ്റ് മാത്രം അല്ല, അതിലും അപ്പുറമുള്ളതും കയറും... മോന്‍ ഉറങ്ങ്...''
അമ്മ അവന്റെ തലയില്‍ കൈവെച്ചു. 
പ്രകാശന്‍ അമ്മയോട് ചേര്‍ന്നു കിടന്നു. ഉള്ളാലെ പറഞ്ഞു: ഉള്ളിലുള്ള എവറസ്റ്റിനെയും വലിച്ച് ഞാന്‍ ആ കൊടുമുടിയുടെ ഉയരത്തിലെത്തും... ആ ഗോപാലന്‍കുട്ടി ചാകുന്നതിനും മുന്നേ...!
9-ാം ക്ലാസ്സില്‍ ആ എവറസ്റ്റിന്റെ താഴെവെച്ച് പ്രകാശന്‍ സ്‌കൂളില്‍ പോക്ക് അവസാനിപ്പിച്ചു. പാഠപുസ്തകത്തില്‍നിന്നും എവറസ്റ്റ് കൊടുമുടിയെ മാത്രം മുറിച്ച് വീടിന്റെ സിമന്റ് തേക്കാത്ത കട്ടച്ചുമരിലേക്ക് ആണികൊണ്ട് അടിച്ചുകയറ്റുകയും ശേഷം പ്രകാശന്‍ എവറസ്റ്റിലേക്കുള്ള വഴികള്‍ കരിക്കട്ടകൊണ്ട് അമര്‍ത്തിവരക്കുകയും ചെയ്തു. പിന്നീട് രാവിലെ കുളിയൊക്കെ കഴിഞ്ഞ് കവലയില്‍ ടൂവീലര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ബാബു ഏട്ടന്റെ ഷോപ്പിലേക്ക് ചെന്നു. 
പ്രകാശന്‍ നടന്ന കാര്യങ്ങള്‍ മുഴുവന്‍ വലിയ വിക്കില്ലാതെ ബാബു ഏട്ടനോട് പറഞ്ഞുതീര്‍ത്തു. 
''ആ മയിരനൊന്നും ഇനിയും റിട്ടയേര്‍ഡ് ആയില്ലേ...'' ബാബു ഏട്ടന്‍ എണ്ണയും ഗ്രീസും പുരണ്ട കൈ തുണിയില്‍ തുടയ്ക്കുന്നതിനിടയില്‍ പ്രകാശനെ നോക്കി. ''പിന്നെ എന്നെയൊക്കെ നല്ലൊരു ബൈക്ക് മെക്കാനിക്ക് ആക്കിയതില്‍ ആ മൈരന്‍ മാഷ്‌ക്കുള്ള പങ്ക് വളരെ വലുതാണ്.'' ബാബു ഏട്ടന്‍ ഇതും പറഞ്ഞ് ഒരു സ്‌കൂട്ടര്‍ തള്ളി പ്രകാശന്റെ മുമ്പിലേക്ക് വെച്ചു. 
വര്‍ക്ക് ഷോപ്പില്‍ എത്തി ഒന്നുരണ്ട് മാസങ്ങള്‍ക്കുള്ളില്‍ ബാബു ഏട്ടന്‍ പ്രകാശനെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചു. പ്രകാശന്‍ ഒറ്റയ്ക്ക് ബൈക്ക് ഓടിക്കാന്‍ ആയപ്പോള്‍ ബാബു ഏട്ടന്‍ പറഞ്ഞു: ''പതിനെട്ട് വയസ്സിലേ ലൈസന്‍സ് കിട്ടൂ... ലൈസന്‍സ് എടുത്താലേ റോഡിലേക്ക് കയറ്റാവൂ... ഇല്ലേല്‍ പണികിട്ടും.'' ബൈക്ക് പഠിച്ചതു മുതല്‍ വര്‍ക്ക്‌ഷോപ്പിലേക്ക് വരുന്ന ഏത് പൊട്ട ബൈക്കും എടുത്ത് പ്രകാശന്‍ റോഡ് ടച്ച് ചെയ്യാതെ ഉള്ളതും ഇല്ലാത്തതും ആയ വഴികളിലൂടെ നാട്ടിലെ കുന്നും പറമ്പും കയറി. പ്രകാശന്റെ മനസ്സ് മുഴുവന്‍ എവറസ്റ്റിലേക്കായതിനാല്‍ വഴികളൊന്നും അവന് പ്രശ്‌നം ആയില്ല. നാട്ടിലെ പറമ്പുകളിലും പാറകളിലും അവനും അവന്റെ പഴഞ്ചന്‍ ബൈക്കും റോയല്‍ എന്‍ഫീല്‍ഡിനെപ്പോലെ രാജകീയമായി മുരണ്ട് നീങ്ങി. 
എല്ലാ ദിനവും വര്‍ക്ക്‌ഷോപ്പിലേക്ക് പോകുന്നതിനും മുന്നേ രാവിലെ എഴുന്നേറ്റ് അഞ്ച്, പത്ത് കിലോമീറ്റര്‍ ഓട്ടവും സ്ഥിരമാക്കിയതോടെ വര്‍ഷം ഒന്നു കഴിയുമ്പോഴേക്കും പ്രകാശന്‍ ബൈക്ക് നന്നാക്കാന്‍ മാത്രമല്ല, ആരോഗ്യത്തിലും കൂടുതല്‍ മെച്ചപ്പെട്ടു. 

പതിനെട്ട് വയസ്സ് പൂര്‍ത്തിയായ അന്ന് പ്രകാശന്‍ തന്റെ ആദ്യത്തെ ചാന്‍സില്‍ത്തന്നെ ടൂവീലര്‍ ഓടിക്കാനുള്ള ലൈസന്‍സ് നേടി. ലൈസന്‍സ് കിട്ടിയതോടെ ബൈക്കിന്റെ ഓട്ടം റോക്കറ്റ് വേഗത്തിലാക്കി. 
ജെ.സി.ബി പാതിയും തിന്നുതീര്‍ത്ത 'പൂതപ്പാറ'കുന്നിലൂടെ ബൈക്ക് ട്രയല്‍ ഓടിക്കവേ... പ്രകാശനും ബൈക്കും ഒന്നാകെ മറിഞ്ഞുകെട്ടി വലിയ കുഴിയിലേക്ക് വീണു. ബൈക്കിന് ഒന്നും പറ്റിയില്ലെങ്കിലും പ്രകാശന്റെ കയ്യിലെ തൊലി നന്നായി അടര്‍ന്നുപോയി.

ബാബു ഏട്ടന്‍ അവനെയും കൊണ്ട് ആശുപത്രിയില്‍നിന്നും മടങ്ങവേ അന്ന്, ആദ്യമായി ഇച്ചിരി കടുപ്പത്തില്‍ ചോദിച്ചു: ''നിനക്ക് തലയ്ക്ക് എന്തെങ്കിലും തകരാര്‍ ഉണ്ടോ? ഈ ബെല്ലും ബ്രേക്കുമില്ലാത്ത പൊട്ടവണ്ടികളും എടുത്ത് കുന്നും മലയും കയറാന്‍...?'' പ്രകാശന്‍ തന്റെ ബാന്‍ഡേജ് ഇട്ട കൈകള്‍കൊണ്ട് ബാബു ഏട്ടനെ തൊട്ടു മെല്ലെ പറഞ്ഞു: ''ബാബു... ഏട്ടാ... എനിക്ക് എ...വറസ്റ്റ് കയറണം...!'' പ്രകാശന്‍ 'എവറസ്റ്റ്' എന്നു പറഞ്ഞുതുടങ്ങി. അതു വിക്കി തീര്‍ന്നപ്പോഴേക്കും ബാബു ഏട്ടനും വണ്ടിയും ആശുപത്രിയില്‍നിന്നും മൂന്ന് കിലോമീറ്റര്‍ പിന്നിട്ട് വര്‍ക്ക്‌ഷോപ്പില്‍ എത്തിയിരുന്നു. 
ബാബു ഏട്ടന്‍ പ്രകാശനെ ആകമാനം നോക്കി പറഞ്ഞു: ''അതങ്ങ് നേപ്പാളിലല്ലേ... നിനക്ക് തല്‍ക്കാലം ഇവിടെ അടുത്ത് എവിടെയെങ്കിലും എളുപ്പത്തില്‍ നടന്നു കയറാവുന്ന ചെറുത് ഏതെങ്കിലും പോരെ...?'' ഇതും പറഞ്ഞ് ബാബു ഏട്ടന്‍ ഒച്ചത്തില്‍ ചിരിച്ചു. 

പ്രകാശന് നീണ്ടകാലത്തിനുശേഷം ഗോപാലന്‍കുട്ടി മാഷിനെയും അയാളുടെ ചൂരലിനെയും ഓര്‍മ്മ വന്നു. 9-ാം ക്ലാസ്സില്‍ പാതിയില്‍ കയറ്റം നിര്‍ത്തിയ പഠനത്തെയും... പ്രകാശന്റെ മുഖത്തേക്ക് കണ്ണീര്‍ത്തുള്ളികള്‍ മഞ്ഞുപോലെ ഉരുണ്ടിറങ്ങുന്നത് ബാബു ഏട്ടന്‍ കണ്ടു. 

പ്രകാശനോട് ഒന്നും പറയാതെ ബാബു ഏട്ടന്‍ വര്‍ക്ക്‌ഷോപ്പിന്റെ ഉള്ളിലേക്ക് നടന്നു. ഷോപ്പിന്റെ ഉള്ളിലെ മൂലയില്‍ വലിയൊരു തുണിയിട്ട് മൂടിയ ബജാജിന്റെ പഴയ 'ഹൂഡിബാബ'യെ തുറന്നു. നീണ്ടകാലം അനക്കാതെ വെച്ചതിനാല്‍ അതില്‍ നിറയെ മണ്ണും കരിയും പൊടിയും കയറിയിരുന്നു. ബാബു ഏട്ടന്‍ തുണിയെടുത്ത് അതിന്റെ മുക്കും മൂലയും തുടച്ചു. ശേഷം ബെല്ലും ബ്രേക്കും കണ്ണാടിയും ഒക്കെ ശരിയാക്കിയതിനുശേഷം മെല്ലെ സ്റ്റാര്‍ട്ട് ചെയ്തു. രണ്ട് മൂന്ന് മിനുട്ടിലെ പരിശ്രമത്തിനുശേഷം ബൈക്ക് മെല്ലെ മുരണ്ട് തുടങ്ങി. ബാബു ഏട്ടന്‍ പ്രകാശനോട് ഒന്നും പറയാതെ ഹൂഡിബാബയേയും കൊണ്ട് പുറത്തേക്ക് പോയി. നാട്ടിലേക്കുള്ള റോഡിലൂടെ ഒന്നു രണ്ട് റൗണ്ട് ഓടിച്ചതിനുശേഷം തിരികെ വര്‍ക്ക്‌ഷോപ്പിനു മുന്നില്‍ കൊണ്ടുവന്ന് ഹൂഡിബാബയെ സ്റ്റാന്റിലിട്ടു. ശേഷം ബാബു ഏട്ടന്‍ പ്രകാശന്റെ അരികിലേക്ക് വന്നു പറഞ്ഞു: ''ഞാനീ ബുള്ളറ്റ് എടുക്കുന്നതിനും മുന്നേയുള്ള എന്റെ ആദ്യത്തെ വണ്ടിയാണ്. അന്നത്തെ വലിയൊരു സ്വപ്നത്തിന്റെ സ്മാരകം. ഇനി മുതല്‍ ഈ വണ്ടി നിനക്കാണ്. പൈതല്‍ മലയിലേക്കോ... ഹിമാലയത്തിലേക്കോ എവിടേക്കും നിനക്ക് പോകാം... എവിടെ പോയാലും തിരികെ ബാബു ഏട്ടന്റെ വര്‍ക്ക്‌ഷോപ്പിലെത്തണം. വണ്ടിക്കും നിനക്കും കേടൊന്നും പറ്റാതെ...''
പ്രകാശന് ഒരു മഞ്ഞുവീഴ്ചയിലെന്നപോലെ കരച്ചില് വന്നു. ഏത് കൊടുമുടിയുടെ മുകളിലേക്ക് കയറാനും ഇറങ്ങാനും ഒരു പിടിവള്ളി ഉണ്ടാകും. നമ്മളത് കണ്ടെത്തുമോ എന്നതാണ് ജീവിതത്തില്‍ പ്രധാനം. പ്രകാശന്‍ ബാബു ഏട്ടന്റെ ശരീരത്തോടു ചേര്‍ന്നു. പ്രകാശന്‍ കൈയിലെ ബാന്‍ഡേജ് അഴിച്ചതും പിറ്റേന്ന് രാവിലെ പൈതല്‍മലയിലേക്ക് പുറപ്പെട്ടു. 
പൂതപ്പാറയില്‍നിന്നും കണ്ണൂര്‍, കണ്ണൂരില്‍നിന്നും തളിപ്പറമ്പ്. തളിപ്പറമ്പില്‍നിന്നും നടുവില്‍.


പുലര്‍ച്ചെ 5.30-ന് ആയിരുന്നു പ്രകാശന്‍ നടുവിലില്‍ എത്തിയത്. ചുറ്റോടു ചുറ്റും കുന്നുകളും മലകളും അതിന് നടുവില്‍ ആയിരുന്നു 'നടുവില്‍' എന്ന പ്രദേശം. നീണ്ടുകിടക്കുന്ന റബ്ബര്‍ത്തോട്ടങ്ങള്‍ക്കിടയിലൂടെ പ്രകാശന്‍ ഹൂഡിബാബയെ പായിച്ചു. ഇടയ്ക്കിടെ കാണുന്ന പല ഭാഗത്തേക്കും ഉള്ള ചെറിയ റോഡുകള്‍. പ്രകാശന് വഴി സംശയത്തിലായി. എന്തെങ്കിലും ചോദിക്കാന്‍ ആണെങ്കില്‍ എവിടെയും ആരും ഇല്ലായിരുന്നു. 

റോഡ് വീണ്ടും ഒരു വലിയ കുന്നിലേക്ക് നീണ്ടു. ബൈക്ക് ആ ഉയരന്‍ കുന്നിനെ മെല്ലെ മെല്ലെ വലിച്ചു കയറ്റി. ദൂരെ മഞ്ഞിനുള്ളില്‍നിന്നും ഒരു മനുഷ്യരൂപം തെളിഞ്ഞുവരുന്നത് പ്രകാശന്‍ കണ്ടു. 
കുന്നു കയറിയതും ഹൂഡിബാബ വേഗത്തിലോടി അയാളുടെ അരികിലെത്തി. 
അയാള്‍ പ്രകാശനെ നോക്കി ചിരിച്ചു: ''പൈതല്‍മലയിലേക്കാണോ മോനേ...?''
പ്രകാശന്‍ അതെ എന്ന് എളുപ്പം പറഞ്ഞു. 

അയാള്‍ മഞ്ഞിലേക്ക് കൈചൂണ്ടി പറഞ്ഞു: ''ഇവിടന്ന് നേരെ പോയാല്‍ പൊട്ടന്‍ പ്ലാവ്. പൊട്ടന്‍ പ്ലാവില്‍നിന്നും ഒരു പന്ത്രണ്ട് കിലോമീറ്റര്‍. പിന്നെ അങ്ങോട്ട് മല നടന്ന് കയറണം... പക്ഷേ, നമ്മളീ വഴി പൈതല്‍മലയില്‍ കയറുന്നത് ആനേന്റെ പിറകിലൂടെ അതായത് വാലിലൂടെ കയറുന്നപോലത്തെ ഒരു ഏര്‍പ്പാടാകും... ഒരു ആനേന്റെ മുകളില്‍ എപ്പോഴും അതിന്റെ മുന്നിലൂടെ തന്നെ കയറണം. എന്നിട്ട് അതിന്റെ തല പിടിച്ചിരിക്കണം... അപ്പോഴേ നമുക്കതിന്റെ ഉയരവും ഗമയും മനസ്സിലാകൂ... നമ്മുടെ ഈ പൈതല്‍മല ഒരു ആനയാണ്... നല്ല തലയെടുപ്പുള്ള ഒറ്റക്കൊമ്പന്‍...! അവന്റെ മുന്നിലൂടെ കയറണമെങ്കില്‍ മോന്‍ ഇവിടന്ന് നേരെ ഒറ്റത്തൈയില്‍ പോവുക. അവിടന്ന് കാപ്പിമല വഴി മഞ്ഞപ്പുല്ലിലെത്തും. മഞ്ഞപ്പുല്ലില്‍നിന്നും നേരെ അടിവാരം... അവിടന്ന് നോക്കിയാല്‍ അറിയും ആരാണ് ശരിക്കും പൈതല്‍മലയെന്ന്... പിന്നിലൂടെ കയറുന്നതത്രയും എളുപ്പമല്ല മുന്നിലൂടെ കയറാന്‍. നീ ഒരു ഉശിരുള്ള ചെറുപ്പക്കാരന്‍ അല്ലേ... അതു വഴി തന്നെ പോ... ഇനിയും എത്ര മല കയറാന്‍ ബാക്കി ഉള്ളതാ...!''
അയാള്‍ ചിരിച്ചു. 

പ്രകാശന്‍ അയാളെ നോക്കി തൊഴുതു. വണ്ടി തിരിച്ചു. 
ചാറ്റല്‍ മഴ, മിനുസമുള്ള റോഡിലേക്ക് കൃത്യം അളവിട്ടതുപോലെ പെയ്യുന്നുണ്ടായിരുന്നു. കുന്നുകളില്‍നിന്നും കുന്നുകളിലേക്ക് വലിയ മഞ്ഞിന്‍കൂട്ടങ്ങളേയും കൊണ്ട് കാറ്റ് പറന്നുനടക്കുന്നു. 
റോഡിനിരുപുറവും സ്‌കൂള്‍ അസംബ്ലിയില്‍ അച്ചടക്കത്തോടെ നിരന്നുനില്‍ക്കുന്ന കുട്ടികളെപ്പോലെ ഏലവും കാപ്പിയും വരിതെറ്റാതെ, അനങ്ങാതെ നില്‍ക്കുന്നുണ്ട്. 


പ്രകാശന്‍ ബൈക്കില്‍നിന്നും ആകാശത്തിലേക്ക് നോക്കി. ഏകദേശം 4000 അടി ഉയരത്തില്‍ മഞ്ഞിലും മഴയിലും ഏകാഗ്രതയും ഗൗരവവും കൈവിടാതെ തല ഉയര്‍ത്തി നില്‍ക്കുന്ന പൈതല്‍മല. റോഡ് അവസാനിച്ചിരുന്നു. 
പ്രകാശന്‍ പൈതല്‍മല താഴേക്ക് നീട്ടിപ്പിടിച്ച തുമ്പിക്കൈ പോലുള്ള ഭാഗത്തേക്ക് കയറി. താഴ്ന്നു വീഴാന്‍ പാകത്തില്‍ നില്‍ക്കുന്ന പാറകള്‍, കാല് തെറ്റിയാല്‍ ഇടിഞ്ഞുവീഴാവുന്ന മണ്‍കൂനകള്‍... കാറ്റിന് മറിച്ചിടാന്‍ പാകത്തില്‍ ഊഞ്ഞാല്‍ ആടുന്ന ഭീമന്‍ മരങ്ങള്‍... പ്രകാശന്‍ ക്ഷീണമോ കിതപ്പോ ഇല്ലാതെ മൂന്ന് മണിക്കൂര്‍കൊണ്ട് ആനയുടെ നടുപ്പുറം കയറി ഇരുന്നു. നാലു ഭാഗത്തുനിന്നും വരുന്ന വലിയ കോടമഞ്ഞ് ആനയെ ഒന്നാകെ മൂടുന്നുണ്ടായിരുന്നു. പ്രകാശന്‍ മുന്നും പിന്നും കാണാഞ്ഞിട്ടും മലയിലൂടെ പല ഭാഗത്തേക്കും നടന്നു. 
വൈകുന്നേരം ആകുമ്പോഴേക്കും പ്രകാശന്‍ നാലു പ്രാവശ്യം പൈതല്‍മല കയറുകയും ഇറങ്ങുകയും ചെയ്തു. പൈതല്‍മലയില്‍നിന്നും മടങ്ങുമ്പോള്‍ അവന്‍ വെറുതെ എവറസ്റ്റിനെ സ്വപ്നം കണ്ടു. എവറസ്റ്റിലേക്കുള്ള ദൂരവും ഉയരവും മനസ്സില്‍ കണക്ക് കൂട്ടി. പതിനഞ്ച് പൈതല്‍മല = ഒരു എവറസ്റ്റ്. 
രാത്രി ബാബു ഏട്ടന്‍ കടയടച്ച് പോകാന്‍ നോക്കുമ്പോഴേക്കും പ്രകാശന്‍ ഹൂഡിബാബയേയും കൊണ്ട് വര്‍ക്ക്‌ഷോപ്പിലെത്തി. 
പ്രകാശനെ കണ്ടതും ബാബു ഏട്ടന്‍ എന്‍ജിന്‍ തകരാര്‍ ആയ ബൈക്ക് പോലെ വല്ലാതെ ചൂടായി: ''ഈ തിരക്കുള്ള ദിവസം തന്നെ എന്നോട് ഒന്നും പറയാതെ നീ എവിടെ ആയിരുന്നു?''
''ഞാന്‍ പൈതല്‍മലയില്‍...''

ബാബു ഏട്ടന്‍ പ്രകാശനെ ഒന്നമര്‍ത്തി നോക്കുക മാത്രം ചെയ്തു. 
അന്നത്തെ പൈതല്‍മലയിലേക്കുള്ള യാത്രയ്ക്ക് ശേഷം പ്രകാശന്റെ യാത്രകള്‍ കൂടുകയും, ബാബു ഏട്ടന്‍ പ്രകാശനോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന തിരിച്ചറിവില്‍ വെറുതെ പോലും നോക്കാതെയും ആയി. 
പേരറിയാത്ത ഏതോ നാട്ടിലെ ഒരു വന്‍മല കയറി വന്നതിന്റെ അന്ന് രാത്രി ബാബു ഏട്ടന്‍ പ്രകാശനെ അടുത്ത് വിളിച്ച് സ്‌നേഹത്തോടെ ഒന്ന് രണ്ട് പുസ്തകം അവന്റെ കയ്യിലേക്ക് കൊടുത്തു പറഞ്ഞു: ''ഞാന്‍ ആദ്യം കരുതിയത്, എവറസ്റ്റ്... നീ ഒരു തമാശ പറഞ്ഞതാകാം എന്നാണ്.''

ഈ പുസ്തകങ്ങളില്‍ നിറയെ നിന്നെപ്പോലെ ആ ഉയരം കീഴടക്കാന്‍ പോയവരുടെ കഥയാണ്... പുറപ്പെട്ടവരില്‍ പകുതി പേരുടെ വിവരങ്ങളേ ഇതില്‍ ഉള്ളൂ. അതിലും വളരെ കുറച്ചു പേരെ തിരികെ ഭൂമിയിലേക്ക് വന്നിട്ടുള്ളൂ... ആ ഗോപാലന്‍കുട്ടിയൊക്കെ ആലോചിക്കുമ്പോള്‍ നിനക്ക് മാത്രമല്ല, എനിക്കും എവറസ്റ്റ് കയറാന്‍ തോന്നാറുണ്ട്. പക്ഷേ, അതത്ര എളുപ്പവും അല്ല. അവിടേക്ക് കയറുമ്പോള്‍ നമ്മോടൊപ്പം കൂട്ടിനു വരുന്നത് മരണം മാത്രമാണ്. 
രാത്രി വീട്ടിലെത്തിയതും പ്രകാശന്‍ പുസ്തകങ്ങള്‍ തുറന്നു
ഇന്ത്യ, നേപ്പാള്‍, ടിബറ്റ്, ചൈന രാജ്യങ്ങളിലായി പടര്‍ന്ന് കിടക്കുന്ന മഞ്ഞിന്റെ നിഗൂഢ വിസ്മയം. ഉയരങ്ങളിലേക്ക് കയറിപ്പോയ അനേകം കൊടുമുടികള്‍... മഴയും മഞ്ഞും കാറ്റും മേഘവും എപ്പോഴും തുറന്ന് വിടാവുന്ന പ്രകൃതിയുടെ വലിയൊരു ഫാക്ടറി. 1865-ല്‍ ബ്രിട്ടീഷ് സര്‍വ്വേയറും ആര്‍മി ഓഫീസറും ആയിരുന്ന 'സാര്‍ ആന്‍ഡ്രൂവോ' തന്റെ മുന്‍ഗാമി ആയിരുന്ന 'സാര്‍ ജോര്‍ജ്' എവറസ്റ്റിന്റെ ഓര്‍മ്മയ്ക്ക് മഞ്ഞുമലകളുടെ ഈ രാജ്ഞിയെ എവറസ്റ്റ് എന്നു വിളിച്ചു.

രാത്രിയില്‍ അമ്മ ഉണര്‍ന്ന് നോക്കിയപ്പോള്‍ പ്രകാശന്‍ സമയവും കാലവും പ്രകൃതിയും നഷ്ടപ്പെട്ട് 8849 മീറ്റര്‍ ഉയരത്തില്‍ എത്തിയിരുന്നു. 
ലോകത്തിന്റെ പല ഭാഗത്തുനിന്നും അനേകം മനുഷ്യര്‍ ആ മഞ്ഞുദേവതയെ പുല്‍കാനായി ആവേശത്തോടെ വന്നുകൊണ്ടിരുന്നു. എന്നാല്‍, അവരില്‍ പലരുടെയും പേര് പോലും ബാക്കിവെക്കാതെ അവരെയൊക്കെ ആ നിഗൂഢ ദേവത തന്റെ ആഴങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തി.

നേപ്പാളിയായ ടെന്‍സിംഗിന്റെ ജീവിതം എവറസ്റ്റിന്റെ താഴ്വരയിലായിരുന്നു. കുട്ടിക്കാലം മുതലെ എവറസ്റ്റിന്റെ ഓരോ ചലനങ്ങളും അയാള്‍ അടുത്തറിഞ്ഞു. ടെന്‍സിംഗിനെ സംബന്ധിച്ച് എവറസ്റ്റ് സ്വന്തം അമ്മയെപ്പോലെ വളരെ അടുത്തൊരാള്‍ മാത്രം ആയി. 

ന്യൂസിലാന്റുകാരനായ ഹിലാരി തന്റെ എവറസ്റ്റ് ദൗത്യത്തിനായി വഴികാട്ടിയായും കൂടപ്പിറപ്പായും ഒപ്പം കൂട്ടിയത് ടെന്‍സിംഗിനെ ആയിരുന്നു. അവര്‍ അവള്‍ പോലും അറിയാതെ 1953 മെയ് 29-ന് ആദ്യമായി അവളുടെ തലയില്‍ ചുംബിച്ചു. അപ്പോള്‍ മാത്രമാകണം അവള്‍ ടെന്‍സിംഗിനെയും ഹിലാരിയേയും കണ്ടത്. എവറസ്റ്റ് എന്ന ദേവതയുടെ മുക്കും മൂലയും വളവും തിരിവും ശാന്തതയും ക്ഷോഭവും ടെന്‍സിംഗിന് തന്റെ ഉള്ളംകയ്യിലെ രേഖകളെക്കാളും വ്യക്തതയുള്ളതായിരുന്നു. 

പുസ്തകം വായിച്ചുകഴിഞ്ഞതോടെ പ്രകാശന്റെ മനസ്സ് ഒരു യോഗിയുടെയത്രയും ഏകാഗ്രമായി. മകരമാസത്തിലെ പുലര്‍മഞ്ഞ് ആ രാത്രി പ്രകാശന്റെ ചുറ്റുപാടും ഒരു വലിയ വലയം വരച്ച് പൂര്‍ത്തിയാക്കിയിരുന്നു. 
നേരം വെളുക്കുമ്പോഴേക്കും ബാബു ഏട്ടന്റെ ബുള്ളറ്റ് പ്രകാശന്റെ വീട്ടുമുറ്റത്തെത്തി. ഉറങ്ങാതെ മഞ്ഞില്‍ കുളിച്ചിരിക്കുന്ന പ്രകാശനെ പൊക്കിയെടുത്ത് ബാബുവിന്റെ ബുള്ളറ്റ് വേഗത്തില്‍ പോകുന്നത് അമ്മ കണ്ടു. കൊണ്ടുപോയത് ബാബു ആയതിനാല്‍ അമ്മ ഒന്നും പറയാതെ തലയിലേക്ക് ഒരു തുണിയുംകെട്ടി പതിവുപോലെ മുറ്റത്തേക്കിറങ്ങി. മകരത്തിലെ മഞ്ഞ് മഴപോലെ വീഴുന്നുണ്ടായിരുന്നു. 

ഒരു ചില്ല് ഗ്ലാസ്സ് ഉടഞ്ഞുവീണതുപോലെ ചിതറിത്തെറിച്ചു കിടക്കുന്ന കുളത്തിലെ ഐസ് കഷണങ്ങളെ പ്രകാശന്‍ രണ്ടു ഭാഗത്തേക്കും കൈകള്‍കൊണ്ട് നീക്കിയതും ഒരു പറവയെപ്പോലെ കുളത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്നുവീണു. 
ബാബു ഏട്ടന്‍ മൂന്നു പ്രാവശ്യം കുളിച്ച് കരയില്‍ കയറിയിട്ടും പ്രകാശന്‍ കുളത്തില്‍നിന്നും കരയിലേക്ക് കയറിയില്ല. 
''എടാ... പോത്തേ നീ കരകയറ്... കുളത്തില്‍ കിടക്കാനല്ല ഞാന്‍ നിന്നെ രാവിലെ ഉണര്‍ത്തി കൊണ്ടുവന്നത്. നിന്നെയൊക്കെ ഒന്ന് നേരെ ആക്കി എടുക്കാനാണ്... മാലയിട്ട് ശബരിമല ചവിട്ടിക്കാന്‍...''
ശബരിമല എന്ന് കേട്ടതും പ്രകാശന്‍ വെള്ളത്തില്‍നിന്നും ഉയര്‍ന്നു. 
''നീ ഈ ഐസ് വെള്ളത്തില്‍ മീന്‍ പിടിക്കുകയായിരുന്നോ...?'' ബാബു ഏട്ടന്‍ ചോദിച്ചു. 
''അല്ല ഞാന്‍ വെള്ളത്തില്‍ പരമാവധി സമയം ശ്വാസം പിടിച്ചു കിടന്നു നോക്കി.'' പ്രകാശന്‍ ഒരു ടോപ്പ് ഗിയറില്‍ ഓടുന്ന വണ്ടിയുടെയത്രയും ശാന്തതയോടെ പറഞ്ഞു.


ബാബു ഏട്ടന്‍ തന്റെ വണ്ടിയുടെ മിറര്‍ ഗ്ലാസ്സിലൂടെ കുറേ നേരം പ്രകാശനെ മാത്രം നോക്കി. മാലയിട്ടതിനുശേഷം ഉള്ള 41 ദിവസവും പ്രകാശന്‍ പുലര്‍ച്ചെ 4.30-നും ബാബു ഏട്ടന്‍ 6 മണിക്കും വന്ന് കുളത്തില്‍ കുളിക്കും. ബാബു ഏട്ടന്‍ കുളിച്ച് കയറിയാലും പ്രകാശന്‍ കുളത്തില്‍ ഉണ്ടാകും. വെള്ളത്തില്‍ മുങ്ങുമ്പോഴും നീന്തുമ്പോഴും അവന്‍ എവറസ്റ്റ്, എവറസ്റ്റ് എന്നു മാത്രം മന്ത്രിച്ചു. 
41 ദിവസം വ്രതം പൂര്‍ത്തിയായതിന്റെ തൊട്ടടുത്ത ദിവസം ബാബു ഏട്ടനും ആള്‍ക്കാരും കെട്ടും നിറച്ച് ശബരിമലയിലേക്ക് പുറപ്പെട്ടു. പ്രകാശനടക്കം രണ്ട് മൂന്ന് പേര്‍ കന്നിസ്വാമിമാര്‍ ഉണ്ടായതിനാല്‍ എരുമേലിയില്‍വെച്ച് എല്ലാവരും ഗംഭീരമായി പേട്ടതുള്ളി. വാവര് സ്വാമിയെ ദര്‍ശിച്ചതിനുശേഷം എല്ലാവരും ബസില്‍ കയറാന്‍ തിരിക്കവേ പ്രകാശന്‍ ബാബു ഏട്ടനെ വിളിച്ചു സ്വകാര്യം പോലെ പറഞ്ഞു: ''സ്വാമി... ഞാനീ ബസില്‍ വരുന്നില്ല. നിങ്ങള് പൊയ്‌ക്കോ... ഞാന്‍ കരിമല വഴി നടന്ന് കയറിക്കോളാം.'' ബാബു ഏട്ടന്‍ അന്ധംവിട്ടു പറഞ്ഞു: കരിമല ചവിട്ടിക്കയറുക ചില്ലറ പണിയല്ല. അതുമാത്രം അല്ല നീ കരിമല വഴി... ആരുടെ കൂടെ പോകും... കന്നി സ്വാമി അല്ലേ...''
''ആരെങ്കിലും ഉണ്ടാകും... ബാബു ഏട്ടന്‍ പൊയ്‌ക്കോ...'' ഇത്രയും പറഞ്ഞ് പ്രകാശന്‍ ബാബു സ്വാമിയുടെ കാല്‍ക്കലേക്ക് വീണു. 
ബാബു പ്രകാശനെ ചേര്‍ത്തുപിടിച്ചു ചോദിച്ചു: ''നീയെങ്ങനെ നാട്ടിലേക്ക് മടങ്ങും...''
''ഞാന്‍ നാട്ടിലേക്കില്ല... ഇവിടന്ന് നേരെ പോകും...''
''എവിടേക്ക്...?''
''എവറസ്റ്റ്...!''
''നിന്റെ അമ്മ ചോദിച്ചാല്‍ ഞാനെന്ത് പറയും...?''
''അമ്മയ്ക്കറിയും എവറസ്റ്റ്... കേറാന്‍ പറ്റുന്നത്രയും കേറാനാണ് അമ്മ പറഞ്ഞത്. ചിലപ്പോള്‍ നമ്മള്‍ വിചാരിക്കുന്നത്ര ഉയരം ഉണ്ടാകണം. ഇല്ലായെന്നും അമ്മ പറഞ്ഞിട്ടുണ്ട്... ആഗ്രഹം തീവ്രമാകുമ്പോള്‍ അധ്വാനം കുറയും. അമ്മയുടെ അനുഭവം അങ്ങനെ ആണ്.'' ബാബു പ്രകാശന്റെ ചുമലില്‍ കൈവെച്ചു. നേരെ ചൂണ്ടി പറഞ്ഞു:

''ആ കാണുന്ന വഴിയാണ്... കരിമലയിലേക്കുള്ളത്.'' 
പ്രകാശന്‍ ഒഴുകി വരുന്ന നൂറു കണക്കിന് കറുപ്പിലേക്ക് ചേര്‍ന്നു. അവരൊക്കെയും ഒന്നായി വലിയൊരു കറുപ്പ് മലയായി. 
ഒറ്റയ്ക്ക് കുറച്ചു ദൂരം നടന്നപ്പോഴേക്കും പ്രകാശന്‍ ഒരു ഗുരുസ്വാമിയെ കണ്ടെത്തി. 25 വര്‍ഷവും കരിമല ചവിട്ടി മലകയറുന്ന കറുപ്പന്‍ എന്ന തമിഴനെ. 
പ്രകാശന്‍ കറുപ്പന്‍ സ്വാമിയുടെ പിന്നാലെ നടന്നു. കറുപ്പന്‍ സ്വാമി പ്രകാശനോട് വിശേഷങ്ങള്‍ ചോദിച്ചു. പ്രകാശന്‍ താന്‍ ഒറ്റയ്ക്കാണെന്നും കറുപ്പന്‍ സ്വാമി തന്നെയും മലയിലേക്ക് കൂടെ കൂട്ടണമെന്നും പറഞ്ഞു. 

നടന്ന് നടന്ന് വര്‍ത്തമാനം പറഞ്ഞ് അവര്‍ ഇഞ്ചപ്പാറയിലെത്തിയിരുന്നു. 
കറുപ്പന്‍ സ്വാമി പ്രകാശനോട് പറഞ്ഞു: '...ഇവിടെ ഈ കറുത്തമലയില്‍ എത്തുമ്പോള്‍ മാത്രമാണ് ഞാനുമൊരു മനുഷ്യന്‍ ആകുന്നത്. ഇവിടന്ന് പോയി കഴിഞ്ഞാല്‍ ഞാനൊക്കെ വെറും മലം മാത്രം ആണ് മലം...!''
കറുപ്പന്‍ സ്വാമി പ്രകാശനോട് തന്റെ ജീവിതകഥ പറഞ്ഞു മെല്ലെ നടന്ന് കുന്ന് കയറി. 

''ഞങ്ങളുടേത് ഒരു തോട്ടി കുടുംബം ആണ്. അച്ഛന്‍ തോട്ടി ആയിരുന്നു. ഇപ്പോള്‍ ഞാനും. എന്റെ മക്കളും. അവരുടെ കുഞ്ഞുങ്ങളും എല്ലാവരും തോട്ടികളാണ്...! മറ്റു മനുഷ്യരുടെ മലം വാരി വൃത്തിയാക്കി കൊടുക്കേണ്ടവര്‍... അവരുടെ ഉച്ഛിഷ്ടം വാരി നമ്മള്‍ അവരെ വൃത്തിയാക്കുമ്പോഴും അവര്‍ക്ക് നമ്മോട് വെറുപ്പ് മാത്രമായിരിക്കും. അതാണ് ഇതിലെ ഏറ്റവും സങ്കടം. ഗവണ്‍മെന്റ് തോട്ടിപ്പണി നിര്‍ത്തിയെങ്കിലും ഇപ്പോഴും ആരും നമ്മളെ ആ ജോലിക്ക് മാത്രമേ വിളിക്കൂ. ഇതൊക്കെ ഒഴിവാക്കി മറ്റെന്തെങ്കിലും ജോലി ഞങ്ങള്‍ ചെയ്താല്‍ അതൊന്നും ആരും നോക്കുക പോലും ചെയ്യില്ല. ഞങ്ങള്‍ വിളയിച്ച പച്ചക്കറി. ഞങ്ങളുടെ കോഴിയുടെ മുട്ട ഒക്കെയും ചീഞ്ഞ് നാറുക മാത്രം ചെയ്യും... അതുകൊണ്ട് ഇപ്പോള്‍ വലിയ വീടുകളിലെ, ഹോട്ടലുകളിലെ, കമ്പനികളിലെ ബ്ലോക്കായ കക്കൂസ് മാലിന്യം വൃത്തിയാക്കി കൊടുത്തു ജീവിക്കുന്ന എനിക്ക് വയസ്സായി. പെണ്‍മക്കളുടെ കൂടെ പോകും... എല്ലാം വൃത്തിയായി കഴിയുന്നതോടെ ഞാനും മക്കളും ദൂരത്താകും... മലത്തെക്കാളും ദൂരത്തില്‍... ആരും തൊടില്ല, വിളിക്കില്ല, കൂട്ടത്തി കൂട്ടില്ല...'' കറുപ്പന്‍

സ്വാമി കണ്ണുകളടച്ചു. 
വലിയൊരു പാറക്കെട്ടിനു മുന്നില്‍നിന്ന് കറുപ്പന്‍ സ്വാമി കിതച്ചു... സ്വാമി തന്റെ വിറയ്ക്കുന്ന കൈ പ്രകാശന് നേരെ നീട്ടി. 
ദര്‍ശനം കഴിഞ്ഞ് മലയിറങ്ങിയപ്പോള്‍ ബാബു ഏട്ടന്‍ പ്രകാശനെ നോക്കി. ബാബുവിന്റെ മുന്നിലൂടെ അയ്യപ്പന്‍മാരെയും ചുമന്നുകൊണ്ട് തിടുക്കത്തോടെ പോകുന്ന 'ട്രോളി'ക്കാരുടെ കൂയ്, കൂയ് എന്ന ശബ്ദം നിറഞ്ഞു. ബാബു ഏട്ടന്‍ തിടുക്കത്തോടെ അവര്‍ക്ക് വഴിമാറി കൊടുത്തു. 
ആയിരക്കണക്കിനാളുകള്‍ നടന്നും ചിലര്‍ ഇഴഞ്ഞും മറ്റു ചിലരെ ചുമന്നും ആളുകള്‍ നിരന്തരം മല കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടേയിരുന്നു. അവര്‍ക്കിടയിലൂടെ ബാബു ഏട്ടനും മലയിറങ്ങി. 
പ്രകാശന്‍ ശബരിമലയിലെത്തുമ്പോള്‍ ചുമലില്‍ വഴിയില്‍ നടക്കാന്‍ വയ്യാത്തവിധം തളര്‍ന്നു വീണുപോയ കറുപ്പന്‍ സ്വാമിയും ഉണ്ടായിരുന്നു. 
ഒരാളെ ഒറ്റയ്ക്ക് ചുമന്ന് കരിമല വഴി നടന്നുകയറിയ പ്രകാശനെ കണ്ടതും എല്ലാ സ്വാമിമാരും ഒച്ചത്തില്‍ ആദരവോടെ ശരണം വിളിച്ചു. 
പ്രകാശന്റെ ചുമലില്‍നിന്നും തനിക്ക് ആവുന്നത്രയും ഊക്കോടെ കറുപ്പന്‍ സ്വാമിയും ശരണം വിളിച്ചു. കറുപ്പന്‍ സ്വാമിയുടെ ശരണത്തിന് മറുശരണം ആയി പ്രകാശനും ഏറ്റുവിളിച്ചു. ഒട്ടും കിതയ്ക്കാതെ...!
പ്രകാശന്‍ ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്നതും നോക്കി രണ്ട്മൂന്ന് പേര്‍ താഴെ കാത്തുനിന്നു. ശബരിമലയിലെ ട്രോളിയുടെ കോണ്‍ട്രാക്റ്റ് എടുത്ത ദേവദാസന്‍ മുതലാളിയുടെ ആള്‍ക്കാരായിരുന്നു അവര്‍...
ദേവദാസന്‍ പ്രകാശനെ ഓഫീസിലേക്ക് വിളിക്കുകയും കാര്യങ്ങള്‍ തെളിച്ചത്തോടെ പറയുകയും ചെയ്തു. 
''മല ചവിട്ടിക്കയറാന്‍ കഴിയാത്ത സമ്പന്നരെ പമ്പയില്‍നിന്നും ചുമന്ന് ശബരിമലയിലെത്തിക്കണം. ഇവിടുത്തെ ഈ വര്‍ഷത്തെ കോണ്‍ട്രാക്റ്റ് എനിക്കാണ്. ഇനിയും ഒരു  നാലഞ്ച് ജോലിക്കാരെ എനിക്ക് വേണം. ആരെയെങ്കിലും കിട്ടിയിട്ടും കാര്യമില്ല. നല്ല ആരോഗ്യമുള്ള മല ഓടിക്കയറാന്‍ കഴിയുന്ന ആളെത്തന്നെ വേണം. നല്ല നേപ്പാളി ഷെര്‍പ്പകളുടെ ആരോഗ്യം... നിനക്കതുണ്ട്... ഒരു ദിവസം മിനിമം അഞ്ചുപേരെ കയറ്റുകയും ഇറക്കുകയും ചെയ്യണം. അധികം എത്ര വേണമെങ്കിലും ആകാം. ഒറ്റ സീസണ്‍കൊണ്ട് രാജാവായിട്ട് നാട്ടിലേക്ക് പോകാം...''
പ്രകാശന്‍ ഓഫീസില്‍നിന്നും താഴേക്ക് നോക്കി. 
വളഞ്ഞ് പുളഞ്ഞ് പോകുന്ന കുന്നിറക്കങ്ങള്‍... കയറ്റം, ഇറക്കം, വീണ്ടും കയറ്റം... നടന്നുവരുന്ന ആയിരങ്ങള്‍ക്കിടയിലൂടെ കുതിരയുടെ വേഗതയോടെ അപ്പുറവും ഇപ്പുറവും ചുമലില്‍ താങ്ങി ട്രോളികള്‍... ഒരിക്കലും അവസാനമില്ലാത്ത കറുപ്പിന്റെ മഹാസമുദ്രം...!
പ്രകാശന്‍ ദേവദാസനെ നോക്കി പുഞ്ചിരിച്ചു. 
ഒന്നുരണ്ട് ദിവസത്തിനുശേഷം ദേവദാസന്‍ പ്രകാശനെയും നോക്കി ചിരിച്ചു. 
പ്രകാശന്‍ ഒറ്റയ്ക്കായിരുന്നു ആളെ ചുമന്ന് മല കടത്തിയത്. 
ചില ദിവസങ്ങളില്‍ പത്ത് തവണ വരെ...!
ഓരോ തവണ മല കയറുമ്പോഴും പ്രകാശന് ടെന്‍സിംഗ് നോര്‍ഗേ എന്ന നേപ്പാളി ഷെര്‍പ്പയുടെ ജീവിതം ഓര്‍മ്മവരും... എവറസ്റ്റിലേക്ക് പോകുന്ന ഓരോരുത്തര്‍ക്കും വഴിയും കരുത്തും ആയ ടെന്‍സിംഗ് നോര്‍ഗെ...!
ഒരു മാസത്തെ മലകയറ്റ ജീവിതത്തിനുശേഷം പ്രകാശന്‍ ദേവദാസനെ കണ്ട് മലയിറങ്ങുന്ന കാര്യം പറഞ്ഞു. ദേവദാസന്‍ ആകെ വല്ലാതായി. 
''സീസണ്‍ കഴിയുന്നതിനും മുന്നേ നീ പോയാല്‍... കൂലി കൂടുതല്‍ വേണം എങ്കില്‍ ഞാന്‍ ഇനിയും കൂട്ടാം... നിനക്ക് നീ പറയുന്ന പൈസ ഞാന്‍ തരും...''
പ്രകാശന്‍ ബാഗിലേക്ക് തന്റെ സാധനങ്ങള്‍ നിറച്ചു. ''അല്ല നീ ഇത്ര തിടുക്കത്തില്‍ ഇതിപ്പോ എങ്ങോട്ടേക്കാണ്?'' ദേവദാസന്‍ വീണ്ടും ചോദിച്ചു. 
''ഞാന്‍ വലിയ മല കയറാന്‍ പുറപ്പെട്ടവനാണ്... അതിന്റെ ഒരുക്കത്തിലായിരുന്നു ഇതുവരെയുള്ള ഓരോ ദിനങ്ങളിലും...'' ''ശബരിമലയെക്കാളും... വലിയ മലയോ... അതേത് മല...?''
ദേവദാസന്‍ അന്തംവിട്ടു.
''എവറസ്റ്റ്'' പ്രകാശന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു. 
ദേവദാസന് ബോധം തിരികെ വരുമ്പോഴേക്കും പ്രകാശന്‍ വണ്ടിയില്‍ ഷൊര്‍ണ്ണൂര്‍ കഴിഞ്ഞിരുന്നു. 
രണ്ട് രാത്രിയും ഒരു പകലും കഴിഞ്ഞു മറ്റൊരു രാത്രിയുടെ തുടക്കത്തില്‍ പ്രകാശന്‍ ബീഹാറിലെത്തി. 
രാത്രി ഏത് വഴിയിലൂടെ എങ്ങോട്ട് പോകണം എന്നറിയാതെ പ്രകാശന്‍ സ്റ്റേഷനില്‍ ഇരുന്നു നേരം പുലര്‍ത്തി. 
പുലര്‍ന്നതോടെ തന്റെ മുന്നിലൂടെ പോകുന്ന ആരോടും പ്രകാശന്‍ നേപ്പാള്‍ എന്നും എവറസ്റ്റ് എന്നും ഇടറിയും വിക്കിയും ചോദിച്ചുകൊണ്ടേയിരുന്നു. 
പലരും അവന്റെ മുഖത്തേക്ക് തുറിച്ചുനോക്കിയെങ്കിലും ആരും വഴിയൊന്നും പറഞ്ഞുകൊടുത്തില്ല. 


ക്ഷീണംകൊണ്ട് എപ്പോഴോ കണ്ണടഞ്ഞുപോയ പ്രകാശനെ വലിയ ശബ്ദത്തോടെ വന്നുനിന്ന ഒരു ട്രെയിന്‍ ഉറക്കത്തില്‍നിന്നും എഴുന്നേല്‍പ്പിച്ചു. 
പ്രകാശന്‍ ട്രെയിനിറങ്ങുന്ന ഓരോരുത്തരെയും പ്രതീക്ഷയോടെ നോക്കിയിരുന്നു. ട്രെയിന്‍ പുറപ്പെടുന്നതിനും തൊട്ടുമുന്നേ മധ്യവയസ്‌കനായ ഒരു കാവിവസ്ത്രധാരി തിടുക്കത്തോടെ പുറത്തിറങ്ങുന്നത് പ്രകാശന്‍ കണ്ടു. 
ഇയാളെപ്പോലെ ഒരാളെ ഞാന്‍ എപ്പോഴോ, എവിടെയോ കണ്ടിട്ടുണ്ട്- പ്രകാശന്‍ തീര്‍ച്ചപ്പെടുത്തി. 
ശബരിമലയില്‍ ആയിരിക്കുമോ...? പ്രകാശന്‍ വേഗതയോടെ അയാളുടെ പിന്നാലെ നടന്നു. 
സ്വാമി തന്റെ നടത്തത്തിന്റെ വേഗത കൂട്ടി. പ്രകാശന്‍ അയാളുടെ ഒപ്പം എത്താന്‍ ഒന്നുകൂടി വേഗം കൂട്ടി. 
സ്വാമി തിരിഞ്ഞുനോക്കി. പ്രകാശന്‍ ചെറിയ വിക്കലോടെ പറഞ്ഞു: ''നിങ്ങളെ ഞാന്‍ ഇതിനു മുന്നേ മറ്റ് എവിടെയോ...?''
അയാള്‍ നടക്കുന്നതിനിടയില്‍ പറഞ്ഞു- അന്ന്. പൈതല്‍മലയിലേക്കുള്ള വഴി ഞാനായിരുന്നു പറഞ്ഞുതന്നത്...!
പ്രകാശന്‍ ഒരു നിമിഷം സ്തംഭിച്ചുനിന്നു. പെട്ടെന്നുതന്നെ സമനില വീണ്ടെടുത്തു പറഞ്ഞു: ''സ്വാമി... എന്നെ കൈവിടരുത്. എനിക്ക് എവറസ്റ്റിലേക്കുള്ള വഴികൂടി പറഞ്ഞുതരണം...'' പ്രകാശന്‍ സ്വാമി, സ്വാമി എന്നും പറഞ്ഞ് അയാളുടെ പിന്നാലെകൂടി. അയാള്‍ പ്രകാശന്റെ കണ്ണുകളിലേക്ക് തീക്ഷ്ണതയോടെ നോക്കി പറഞ്ഞു: ''ഞാന്‍ ശരിക്കും ഒരു സ്വാമിയും അല്ല. മറിച്ച് നല്ല ഒന്നാംനമ്പര്‍ കള്ളസ്വാമിയും ആണ്. അതുകൊണ്ട് കൂടെക്കൂടെ ഇങ്ങനെ സ്വാമി എന്ന് വിളിക്കേണ്ട... നിനക്ക് വിളിക്കാന്‍ ഞാനൊരു പേര് പറയാം... പൗലോ... കൂടുതലൊന്നും ചോദിക്കില്ലായെങ്കില്‍ നമുക്കൊരുമിച്ച് എവറസ്റ്റ് കാണാം...''
പ്രകാശന് ആ വലിയ മനുഷ്യന്റെ കാല്‍ക്കല്‍ വീഴാന്‍ തോന്നി. പൈതല്‍മലയിലേക്കുള്ള വഴി പറഞ്ഞുതന്ന അതേ ആള്‍ തന്നെ എവറസ്റ്റിലേക്കും... പ്രകാശന്‍ അയാളുടെ മുന്നില്‍ ചെറുതായി കുനിഞ്ഞ് മെല്ലെ പറഞ്ഞുതുടങ്ങി: ''സ്വാമി പൗലോ...''
പ്രകാശന് ബാക്കി വാക്കുകള്‍ കിട്ടാതെ കടുത്ത വിക്കലും ശ്വാസം മുട്ടലും തുടങ്ങി. 

''സ്വാമി പൗലോ...'' അയാള്‍ അതും പറഞ്ഞ് ഒച്ചത്തില്‍ ചിരിച്ചു. ''മനുഷ്യര്‍ക്ക് ഓരോ സ്ഥലത്തും ഓരോ വേഷമാണ്. പേരും... ആലക്കോട് ചെന്നാല്‍ റബ്ബര്‍ കര്‍ഷകന്‍, മലപ്പുറത്ത് എത്തിയാല്‍ നല്ല ഒന്നാന്തരം പൊറോട്ട അടിച്ച് കൊടുക്കുന്നവന്‍. തിരുവനന്തപുരത്ത് ആണേല്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമരക്കാരന്‍. ഇനി ഇവിടെ ഹരിദ്വാറില്‍ എത്തിയാല്‍ നല്ല ഒന്നാന്തരം മൂത്ത സ്വാമി... നാരായണ, നാരായണ ലോകം മുഴുവന്‍ കള്ളന്‍മാര്‍ ആണല്ലോ...?'' അയാള്‍ ഇതും പറഞ്ഞ് ഒച്ചത്തില്‍ ചിരിച്ചു. വീണ്ടും അതുതന്നെ പറഞ്ഞ് അതേ ചിരിയും ചിരിച്ച് ഒരു കഞ്ചാവിന് തീ കൊളുത്തി. ലോകത്തിലെ നമ്പര്‍ വണ്‍ കഞ്ചാവ് അതിവിടെത്തെയാണ്... നാട്ടില്‍ കിട്ടുന്നത് വെറും നായിക്കാട്ടം... ഞാനത് തൊടാറില്ല. 

നടക്കുന്നതിനിടയില്‍ പൗലോ പ്രകാശിനോട് ചോദിച്ചു: ''അതെന്തിനാണ് എവറസ്റ്റ് കേറുന്നത്, ജീവന്‍ പോകുന്ന പരിപാടി അല്ലെ...?''
പ്രകാശന്‍ തന്റെ കഥ ഒരിക്കല്‍ക്കൂടി ഒന്നൊന്നായി ഓര്‍ത്തെടുത്ത് വള്ളിപുള്ളി തെറ്റാതെ പൗലോയോട് പറഞ്ഞു. ഗോപാലന്‍കുട്ടിയുടെ ഭാഗം എത്തിയപ്പോള്‍ മാത്രം പ്രകാശന് മഞ്ഞില്‍ വീണത്രയും ശ്വാസംമുട്ടല്‍ ഉണ്ടായി. എല്ലുകള്‍ പുകയുകയും പല്ലുകള്‍ കൂട്ടിമുട്ടി വിറക്കുകയും ചെയ്തു. 
പൗലോ പ്രകാശന്റെ പുറം തടവി. ഓടിച്ചെന്ന് അടുത്ത തട്ടുകടയില്‍നിന്നും ചൂട് ചായ വാങ്ങി പ്രകാശന് കൊടുത്തു. 

പൗലോ പ്രകാശനെ തന്റെ ശരീരത്തോട് ചേര്‍ത്ത്, വലിയൊരു പുതപ്പ് പുതച്ചു. എന്നിട്ട് പ്രകാശന്റെ കണ്ണില്‍ നോക്കി പറഞ്ഞു'' ''നീ എവറസ്റ്റ് കയറും... നിന്നെ ഞാന്‍ കയറ്റും...! ഇതിപ്പോ... നിന്റെ ആ മൊണ്ണമാഷിനെ തോല്‍പ്പിക്കാനൊന്നും അല്ല, മറിച്ച് ജീവിതത്തില്‍ ഒരു നല്ല കാര്യം ചെയ്യുന്നവന്റെ കൂടെ നില്‍ക്കാനുള്ള എന്റെ ആഗ്രഹത്തിനുവേണ്ടിക്കൂടിയാണ്. നമ്മള്‍ എന്തു തെറ്റ് ചെയ്താലും ഇല്ലെങ്കിലും ശരി മറ്റൊരാള്‍ ഒരു നല്ല കാര്യം ചെയ്യുന്നുണ്ടെങ്കില്‍, പറയുന്നുണ്ടെങ്കില്‍ അതിനൊരിക്കലും മുടക്കം പറയരുത്. അതാണ് എന്റെ പോളിസി... ഈ പൗലോയുടെ പോളിസി.'' പൗലോ അവസാനത്തെ പുകയും ആഞ്ഞുവലിച്ച് ഒച്ചത്തില്‍ ചിരിച്ചു.

സ്വാമി പൗലോ പ്രകാശനെയും കൊണ്ട് ഒരു ജീപ്പിലേക്ക് കയറി. ജീപ്പ് മഞ്ഞുമലകള്‍ക്ക് മുകളിലേക്ക് ഒരു ഒച്ചിനെപ്പോലെ ഇഴഞ്ഞുകയറി. പലപ്പോഴും അതു താഴേക്ക് വഴുതിവീഴുമെന്ന് പ്രകാശന്‍ ഭയന്നുപോയി. 
സ്വാമി പൗലോ അകലേക്ക് കൈചൂണ്ടി പറഞ്ഞു: ''ആ ഉയരത്തില്‍ കാണുന്നതാണ്... നമ്മുടെ മഞ്ഞിന്റെ തലസ്ഥാനം- എവറസ്റ്റ്...''
പ്രകാശന്‍ അതിന്റെ തലയിലേക്ക് നോക്കി. മേഘങ്ങള്‍ കൂട്ടത്തോടെ വന്ന് ചുംബിച്ച് പോകുന്നു. ചില മേഘങ്ങള്‍ വന്ന് ഒച്ചത്തില്‍ പൊട്ടിത്തെറിക്കുന്നു. മഞ്ഞും മഴയും ചിന്നിച്ചിതറുന്നു. ഇപ്പോള്‍ എവറസ്റ്റ് മഞ്ഞിലും മഴയിലും ലയിച്ചു വലിയൊരു കടലായി മാറി. പ്രകാശന്‍ ആ മായാജാലത്തിലേക്ക് മാത്രം നോക്കിയിരുന്നു. വലിയൊരു ശൂന്യത...
ഭയങ്കര നിഗൂഢതയുള്ള ഒരു ജീവിയാണ് എവറസ്റ്റ്. എപ്പോള്‍, എങ്ങനെയൊക്കെ പെരുമാറുമെന്ന് ആര്‍ക്കും മുന്‍കൂട്ടി പറയുവാന്‍ കഴിയില്ല... അവനെ ഉണ്ടാക്കിയ ഒടേതമ്പുരാന് പോലും... പൗലോ അടുത്ത സിഗരറ്റിനു കൂടി തീപിടിപ്പിച്ചു. 
ജീപ്പ് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നു.
പൗലോ ചാടിയിറങ്ങി നിമിഷനേരം കൊണ്ട് പേപ്പറുകള്‍ മുഴുവന്‍ ശരിയാക്കിയെടുത്തു. ശേഷം അവരുടെ ജീപ്പ് അതിര്‍ത്തി കടന്നു. 
പൗലോ ഡ്രൈവറോട് ഹിന്ദിയില്‍ എന്തൊക്കെയോ പറയുകയും വളഞ്ഞും പുളഞ്ഞും പോകുന്ന വഴികളിലേക്ക് കൈ ചൂണ്ടുകയും ചെയ്തു. 
ഡ്രൈവര്‍ പൗലോ ചൂണ്ടിക്കാണിക്കുന്ന വഴികളിലേക്ക് തന്റെ ജീപ്പിനെ മാറ്റി മാറ്റി തിരിച്ചു. 

കൂടുതല്‍ മഞ്ഞിലേക്കും കൂടുതല്‍ തണുപ്പിലേക്കും ജീപ്പ് വേഗതയോടെ പുളഞ്ഞ് കയറി. വലിയ മഞ്ഞിന്‍ കൂനകളിലേക്ക് ജീപ്പ് കയറുമ്പോള്‍ ചില്ല് ഗ്ലാസ്സ് വീണു നുറുങ്ങും പോലെ ശബ്ദം ചിതറി. 
പൗലോ പറഞ്ഞ ഒരു ചെറുപട്ടണത്തില്‍ ജീപ്പ് നിര്‍ത്തുമ്പേഴേക്കും വണ്ടി മുഴുവന്‍ മഞ്ഞ് പുതഞ്ഞ് ഒരു ദിനോസറിനെക്കാളും ഭീമാകാരം പൂണ്ടിരുന്നു. 
പൗലോ മഞ്ഞുകൂനയില്‍നിന്നെന്നപോലെ ജീപ്പില്‍നിന്നും ചാടിയിറങ്ങി. അയാളുടെ പിന്നാലെ പ്രകാശനും. 
ജീപ്പിന്റെ കൂലിയും കൊടുത്ത് തിരിച്ചു പോകുമ്പോഴേക്കും പൗലോയുടെ അരികിലേക്ക് ഒരു നേപ്പാളി മധ്യവയസ്‌കനും കുഞ്ഞു ബാലനും വന്നു.
പൗലോ അവരെ ആദരവോടെ ആലിംഗനം ചെയ്തു. പ്രകാശനെ പരിചയപ്പെടുത്തി. 


പൗലോ പറഞ്ഞു: ''ഇതാണ് ബഹദൂര്‍ ഷേര്‍പ്പ, എവറസ്റ്റ് ആര് കയറണം എന്ന് ഷേര്‍പ്പ തീരുമാനിക്കും. ഷേര്‍പ്പകളാണ് എവറസ്റ്റിന്റെ കാവല്‍ക്കാര്‍... അവരുടെ സൈന്യാധിപനാണ് ഈ ബഹദൂര്‍ ഷേര്‍പ്പ.''
ബഹദൂര്‍ ഷേര്‍പ്പ എന്ന മധ്യവയസ്‌കന്‍ പ്രകാശനെ ആകമാനം ഒന്നു നോക്കിയതിനുശേഷം പ്രകാശന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു അമര്‍ത്തി. 
''ദാ, ആ കാണുന്നതാണ് സാഗര്‍മാത... എവറസ്റ്റ്.'' അയാള്‍ പ്രകാശന്‍ നില്‍ക്കുന്ന സ്ഥലത്തുനിന്നും പിറകിലേക്ക് കൈകള്‍ ചൂണ്ടി. 
മുന്നില്‍ കാണുന്ന മഞ്ഞുമലകളില്‍നിന്നും പ്രകാശന്‍ ഷേര്‍പ്പ നോക്കുന്ന ദിക്കിലേക്ക് തിരിഞ്ഞുനോക്കി. 
ആകാശത്ത് സൂര്യനോളം ചെന്നുമുട്ടിയ ഒരു വന്‍ കൊടുമുടി. അതിലുള്ള വലിയ മഞ്ഞുമലകള്‍ ഇപ്പോള്‍ തന്റെ തലയില്‍ അടര്‍ന്നുവീഴുമെന്ന് പ്രകാശന് തോന്നി. 
''അപ്പോ, നമ്മളീ... മുന്നില്‍ കണ്ട മഞ്ഞുപര്‍വ്വതങ്ങള്‍ ഒക്കെ.'' പ്രകാശന്‍ പൗലോയെ നോക്കി. 
''നമ്മള്‍ ഇതുവരെ കണ്ടതൊക്കെ എവറസ്റ്റിന്റെ കുഞ്ഞുങ്ങളെ മാത്രമാണ്... എവറസ്റ്റിനെ ആര്‍ക്കും കാണാന്‍ കഴിയില്ല... അതെപ്പോഴും മഞ്ഞിന്റെയും മഴയുടേയും കാറ്റിന്റേയും മേഘങ്ങളുടേയും മറയ്ക്കുള്ളിലാണ്... എവറസ്റ്റ് ഒരു സ്വപ്നം ആണ്... വലിയൊരു മായസ്വപ്നം...'' പൗലോ ചിരിച്ചു. 
''നീ വണ്ടിയില്‍നിന്നും കണ്ടത് മായയെയാണ്... വെറും മായ...''
ഷേര്‍പ്പ ബാക്കി പറഞ്ഞു: ''ധീരന്മാര്‍ക്ക് മാത്രം കാണാവുന്ന മായാദേവീ...''
ബഹദൂര്‍ ഷേര്‍പ്പ തന്റെ കൂടെയുള്ള കുഞ്ഞിനെ പൗലോയുടെ അരികില്‍ നിര്‍ത്തി. പ്രകാശനേയും കൊണ്ട് മഞ്ഞുമലയിലേക്ക് നടന്നു. 
പ്രകാശനും ഷേര്‍പ്പയും മഞ്ഞുമലകളില്‍നിന്നും ഓടുകയും ചാടുകയും മറിഞ്ഞുവീഴുകയും ചെയ്യുന്നത് പൗലോ സന്തോഷത്തോടെ നോക്കിനിന്നു. അവര്‍ ഉയരങ്ങളിലേക്ക് വീണ്ടും വീണ്ടും കയറുമ്പോള്‍ പൗലോ കണ്ണുകളടച്ച് ധ്യാനത്തിലെന്നപോലെ ഇരുന്നു. 
ഏറെ നേരത്തെ അഭ്യാസത്തിനുശേഷം അവര്‍ മല ഇറങ്ങുമ്പോള്‍ ബഹദൂര്‍ ഷേര്‍പ്പ പ്രകാശന്റെ ചുമലില്‍ ആയിരുന്നു. പൗലോ ഒരു സിഗരറ്റിനു കൂടി തീ കൊളുത്തി ആസ്വദിച്ചു വലിച്ചു. 
പിന്നീടുള്ള ദിനങ്ങളില്‍ ഷേര്‍പ്പയും പ്രകാശനും അതിരാവിലെ വിവിധ മഞ്ഞുമലകളിലേക്ക് യാത്ര തിരിച്ചു. 
അവര്‍ മലയിറങ്ങി വരുന്നതുവരെയും പൗലോ ഒന്നിനു പിറകെ മറ്റൊന്നായി സിഗരറ്റും വലിച്ച് എവറസ്റ്റും നോക്കി വെറുതെ ഇരിക്കും. 
മൂന്നു മാസം ആണ് ഷെര്‍പ്പയുടെ പരിശീലനം. ആദ്യത്തെ പത്തുദിവസം കൊണ്ട് കുറേപ്പേര്‍ സ്വയം മടങ്ങും. അതിലും കൂടുതല്‍ പേരെ ഷേര്‍പ്പ തന്നെ നാട്ടിലേക്ക് മടക്കും. എവറസ്റ്റ് കയറാന്‍ വരുന്ന നൂറുപേരില്‍ 5 പേര്‍ മാത്രമാണ് അവസാനം ഉണ്ടാവുക. അതില്‍ ഒരാള്‍ മാത്രമായിരിക്കും എവറസ്റ്റിന്റെ പകുതിയെങ്കിലും എത്തുക... പൗലോ എഴുന്നേറ്റ് നിന്ന് എവറസ്റ്റിനു നേരെ കൈകൂപ്പി. 
ഇത്രയും അപകടം നിറഞ്ഞ ഒരിടം കയറാന്‍ ഒരാളെ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍, അതിനു കാരണം അയാളില്‍ നിറഞ്ഞുനില്‍ക്കുന്ന അപാരമായ നന്‍മ മാത്രമായിരിക്കണം... പൗലോ ഉറപ്പിച്ചു. തനിക്കൊക്കെ കുറഞ്ഞത് അഞ്ചാറ് ജന്മമെങ്കിലും കഴിഞ്ഞാലേ അങ്ങനെയൊന്ന് സ്വപ്നം പോലും കാണുവാന്‍ സാധിക്കൂ. പൗലോ ഒരു സിഗരറ്റിനു കൂടി തീ പിടിപ്പിച്ച് സ്വയം സമാധാനിച്ചു. 
പ്രകാശന്‍ ഒരു കയറിലൂടെ ഒരു വലിയ മഞ്ഞുമലയിലേക്ക് തൂങ്ങിക്കയറുന്നത് പൗലോ അത്ഭുതത്തോടെ നോക്കിനിന്നു. 

പത്തുപതിനഞ്ച് ദിവസത്തെ പരിശീലനത്തിനുശേഷം ഒരു ദിനം തിരികെ മല ഇറങ്ങി വരുമ്പോള്‍ ഷേര്‍പ്പയുടെ കൂടെ പ്രകാശന്‍ ഇല്ലായിരുന്നു. പൗലോ ഭയത്തോടെ ഷേര്‍പ്പയുടെ അരികിലേക്ക് ഓടി പ്രകാശനെ ചോദിച്ചു. 
ഷേര്‍പ്പ ഒന്നും സംഭവിക്കാത്തതുപോലെ പറഞ്ഞു: ''അവനെ ഞാന്‍ ഒരു മഞ്ഞുപൂഴിയിലേക്ക് വലിച്ചെറിഞ്ഞു... നീ പേടിക്കേണ്ട അവന്‍ കയറി വന്നോളും...! വന്നു കഴിഞ്ഞാല്‍ ഉടന്‍ അവന്റെ എവറസ്റ്റ് യാത്ര തുടങ്ങാം...''
''അവന്‍ തുടങ്ങിയിട്ട് പത്തു ദിവസം കഴിഞ്ഞതല്ലേ ഉള്ളൂ...'' പൗലോ സംശയിച്ചു. 
''ഏയ് അങ്ങനെ അല്ല... അവന്‍ അഞ്ചു വര്‍ഷം ആയി പര്‍വ്വതങ്ങള്‍ കയറാന്‍ തുടങ്ങിയിട്ട്... എനിക്ക് സംശയം അവന്‍ നേരത്തെ ഒരിക്കല്‍ എവറസ്റ്റും കയറിയിട്ടുണ്ടോ... എന്നാണ് എന്തായാലും അവന്റെ സമയം ആയിരിക്കുന്നു...'' ഷേര്‍പ്പ എവറസ്റ്റിന്റെ ശിഖരത്തിലേക്ക് നോക്കി പറഞ്ഞു: ''ഇപ്പോള്‍ കാലാവസ്ഥയും അനുകൂലമാണ്...''
വൈകുന്നേരത്തോടെ പ്രകാശന്‍ മഞ്ഞുപൂഴിയില്‍നിന്നും സാവധാനം താഴേക്കിറങ്ങി. 

പ്രകാശനെ കണ്ടതും പൗലോ ഓടിച്ചെന്ന് അവനെ എടുത്ത് ഉയര്‍ത്തി നടക്കാന്‍ ശ്രമിച്ചു. എന്നാല്‍, പൗലോ പെട്ടെന്ന് കിതയ്ക്കാന്‍ തുടങ്ങി. പ്രകാശന്‍ പൗലോയില്‍നിന്നും മെല്ലെ താഴേക്കിറങ്ങി. പൗലോയെ തന്റെ ചുമലിലേക്ക് എടുത്തുയര്‍ത്തി മഞ്ഞുമലകള്‍ക്കിടയിലൂടെ സന്തോഷത്തോടെ താഴേക്ക് ഓടി... പൗലോ ആഹ്ലാദത്തോടെ ആകാശത്തിലേക്ക് കൈകള്‍ ഉയര്‍ത്തി. പ്രകാശനോട് പറഞ്ഞു: ''ഷേര്‍പ്പ നിന്റെ യാത്രയുടെ കാര്യം പറഞ്ഞിരുന്നു.'' 
വൈകുന്നേരത്തോടെ ഷേര്‍പ്പ പ്രകാശന് പോകാനുള്ള രേഖകളും പേപ്പറുകളും ഔദ്യോഗികമായി ശരിയാക്കിയിരുന്നു. 

പൗലോ പ്രകാശന്റെ ബാഗും മറ്റു സാധനങ്ങളും ക്രമത്തോടെ അടുക്കിവെച്ചു. 
രാത്രി ഷേര്‍പ്പ പ്രകാശനെ അടുത്ത് വിളിച്ചു പറഞ്ഞു:
''നാളെ രാവിലെ യാത്ര തുടങ്ങും. സാഗര്‍മാത അനുഗ്രഹിക്കുമെങ്കില്‍ മെയ്മാസം 20-ാം തീയതിക്കു മുന്നേ നീ തിരികെ എത്തും. തിരികെ എത്തുക എന്നുള്ളത് നമ്മുടെ ആഗ്രഹവും പ്രാര്‍ത്ഥനയും മാത്രമാണ്... എവറസ്റ്റ് കയറുക എന്ന് പറഞ്ഞാല്‍ കരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കയറുക എന്ന് മാത്രം അല്ല അര്‍ത്ഥം... മറിച്ച് കടലിനെ നീന്തിക്കടക്കുക എന്ന് കൂടിയാണ്... എവറസ്റ്റ് ഇന്നുവരെയും ആരുടെയും മുന്നില്‍ കീഴടങ്ങിയിട്ടില്ല... ഇനിയൊട്ട് കീഴടങ്ങുകയും ഇല്ല... നമ്മള്‍ ആ മായയിലേക്ക് കയറുക മാത്രമാണ് ചെയ്യുന്നത്. കൊടുങ്കാറ്റിന്റെയും മഞ്ഞിന്റെയും മേഘങ്ങളുടെയും തലസ്ഥാനത്തിലേക്ക്... ഒരുപക്ഷേ, ജീവിതത്തിലെ അവസാനത്തെ യാത്ര... മനസ്സിനോ, ശരീരത്തിനോ ആശങ്കകളോ, ധൈര്യക്കുറവോ... ഭയമോ ഉണ്ടെങ്കില്‍ ഇപ്പോള്‍, ഇവിടെ വെച്ച് പിന്‍മാറാവുന്നതാണ്...''

പ്രകാശന്‍ ഷേര്‍പ്പയുടെ കാല് തൊട്ട് വന്ദിച്ചു പറഞ്ഞു: ''എവറസ്റ്റ് എനിക്കിപ്പോള്‍ ഞാന്‍ ചിന്തിച്ചതിനെക്കാളും വളരെ അടുത്താണ്. കയറാന്‍ പറ്റുന്നിടം വരെ കയറാനാണ് അമ്മ പറഞ്ഞത്. അതുകൊണ്ടുതന്നെ അതിന്റെ ഉയരമോ ദൂരമോ... ഇപ്പോള്‍ എന്നെ ആകുലപ്പെടുത്തുന്നുമില്ല...!''
പുലര്‍ച്ചെ അവര്‍ മൂന്നു പേരും യാത്ര തുടങ്ങി. അവരുടെ യാത്രയില്‍ ആദ്യം ഷേര്‍പ്പയും പിറകില്‍ പ്രകാശനും അവസാനം പൗലോയും നടന്നു. 
അവര്‍ ദൂരേക്ക് ദൂരേക്ക് മഞ്ഞുമലകള്‍ കയറി തുടങ്ങിയപ്പോഴേക്കും പൗലോ ഒരടി മുന്നോട്ട് നടക്കാന്‍ കഴിയാതെ മഞ്ഞില്‍ പൂണ്ട് നിന്നു. പിന്നീട് പൗലോ മെല്ലെ ആ മഞ്ഞിലേക്ക് ഇരുന്നു. 

ഒരു തുള്ളി വെള്ളം പോലും കഴിക്കാതെ പൗലോ ആ മഞ്ഞില്‍ അങ്ങനെ തന്നെ അന്നത്തെ പകലും രാത്രിയും മറ്റൊരു പകലും രാത്രിയും കൂടി കഴിച്ചു. 
മൂന്നാം ദിനം വൈകുന്നേരം ഷേര്‍പ്പ പൗലോയുടെ അരികിലെത്തി. ''പ്രകാശന്‍ മുകളിലേക്ക് കയറുകയാണ്. ആദ്യത്തെ ബേസ് ക്യാമ്പ് കഴിഞ്ഞു.''
ഷേര്‍പ്പയുടെ കണ്ണുകള്‍ ഇടുങ്ങുകയും ശരീരം മുഴുവന്‍ മഞ്ഞ് നിറയുകയും ചെയ്തിരുന്നു. 

''പൗലോ ഇവിടെത്തന്നെ നിന്നിട്ട് കാര്യം ഇല്ല. അവസാനത്തെ 750 മീറ്റര്‍ ഉയരം മാത്രമേ അവന് എന്തെങ്കിലും വെല്ലുവിളി വരുത്തുകയുള്ളൂ... അതും അതിശക്തമായ കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടെങ്കില്‍ മാത്രം. ഇരുപത്തിയഞ്ചാമത്തെ ദിനം പ്രകാശന്‍ സാഗര്‍മാതയുടെ നെറ്റിയില്‍ ചുംബിക്കും... മാതായുടെ അനുഗ്രഹത്താല്‍ നാല്‍പ്പതാം ദിനം അവന്‍ നമ്മുടെ അരികിലെത്തും.'' ഷേര്‍പ്പ ഇത്രയും പറഞ്ഞ് സാഗര്‍മാതയെ ഒരിക്കല്‍ക്കൂടി തൊഴുതു. 

പൗലോ പിന്നെയും എല്ലാ ദിവസവും രാവിലെ മുതല്‍ രാത്രിവരെ എവറസ്റ്റിലേക്കും നോക്കി അവിടെ ചെന്നിരുന്നു.
പ്രകാശന്‍ പോയി ഇരുപത്തിരണ്ടാം ദിവസം പൗലോ എണ്ണിത്തീര്‍ക്കവേ ചുറ്റോടു ചുറ്റും വലിയ മഞ്ഞ് കാറ്റടിച്ചു. പൗലോ എവറസ്റ്റിലേക്ക് നോക്കി: കൊടുങ്കാറ്റില്‍ എവറസ്റ്റ് ഇളകി ആടുന്നതായി പൗലോയ്ക്ക് തോന്നി. വലിയ കാറ്റിനോടൊപ്പം ചുറ്റോടു ചുറ്റും മഞ്ഞ് മലകള്‍ ഇളകി വീഴുന്നു. കാറ്റിലും മഞ്ഞിലും പൗലോയും വട്ടം കറങ്ങി. ഇതിനിടയിലൂടെ ഭീമന്‍ മിന്നലുകള്‍ വന്ന് പൗലോയുടെ കണ്ണ് കെടുത്തി. പൗലോ മഞ്ഞിലേക്ക് മലര്‍ന്നടിച്ചു വീണു. 
ഉയരങ്ങളിലെ ബേസ്മെന്റുകളില്‍ കെട്ടിവെച്ച ടെന്ററുകള്‍ പലതും ആകാശത്തിലൂടെ നൂല് പൊട്ടിയ പട്ടങ്ങള്‍പോലെ വട്ടം കറങ്ങുന്നു. പൗലോ തനിക്കറിയാവുന്ന എല്ലാ ദൈവങ്ങളുടേയും പേര് അബോധത്തിലും പിറുപിറുത്തു. 

നീണ്ടുനിന്ന പേമാരിയും കൊടുങ്കാറ്റും അടങ്ങിയതും എവറസ്റ്റ് വീണ്ടും വെളിച്ചത്തിലേക്ക് വന്നു. പൗലോ കണ്ണ് തുറന്ന് ഒന്ന് ആശ്വസിക്കുമ്പോഴേക്കും ആകാശം ഒരിക്കല്‍ക്കൂടി കറുത്തിരുണ്ടു. ഭ്രാന്തന്‍ നായയെപ്പോലെ നാലുഭാഗത്തേക്കും പരക്കംപാഞ്ഞു തുടങ്ങി. 
പൗലോ തനിക്കറിയാവുന്ന എല്ലാ ദൈവങ്ങളെയും ഒച്ചത്തില്‍ പേരെടുത്തു ചീത്ത വിളിച്ചു. 

സാഗര്‍മാതയ്ക്ക് ഭൂമിയിലെ നിയമങ്ങളൊന്നും ബാധകമല്ല. ആരുടെയെങ്കിലും ജനനമോ മരണമോ സാഗര്‍മാതയുടെ വിഷയവുമല്ല. 
ഒരിക്കലും രണ്ടു കാലും സാഗര്‍മാതായില്‍ ഉറപ്പിച്ചു വെക്കരുത്. നമ്മള്‍ നില്‍ക്കുന്നിടത്തിനു പോലും മാതാ ഒരു ഉറപ്പും ആര്‍ക്കും നല്‍കുന്നില്ല. എവറസ്റ്റ് കയറുക എന്നാല്‍ കൊടുമുടി കയറുക എന്നത് മാത്രം അല്ല അര്‍ത്ഥം. ക്ഷോഭിക്കുന്ന കടല് നീന്തിക്കടക്കുക എന്നുകൂടിയാണ്... പൗലോ മയക്കത്തിലായി. 

മഞ്ഞും മഴയും വെയിലും ഇല്ലാത്ത നാല്‍പ്പത്തിയൊന്നാം ദിനം പൗലോയുടെ അരികിലേക്ക് ഷേര്‍പ്പ വന്നു. ഷേര്‍പ്പ എവറസ്റ്റില്‍നിന്നും തിരിച്ചിറങ്ങാനുള്ള വഴികളിലൊക്കെ പ്രകാശനെ നോക്കി. 
ഷേര്‍പ്പ ഒരിക്കല്‍ക്കൂടി പ്രകാശന്‍ പോയ ദിനവും വഴികളും മഴയേയും കാറ്റിനേയും വിരലുകള്‍ കൊണ്ടും മനസ്സുകൊണ്ടും കണക്ക് കൂട്ടി... ശേഷം വൈകുന്നേരം മരവിച്ച മുഖത്തോടെ വീട്ടിലേക്ക് മടങ്ങി. 
എന്നാല്‍, പൗലോ എങ്ങും പോകാതെ അതേ കിടപ്പ് തന്നെ കിടന്നു. 
എവറസ്റ്റിലേക്ക് പോയവരില്‍ ആരാണ് തിരികെ വന്നിട്ടുള്ളത്...? പൗലോയ്ക്ക് കരച്ചില് വന്നു. ഞാനിനി രാജ്യത്തിന്റെ ഏതു ദിക്കിലേക്കാണ് ഒളിച്ചോടേണ്ടത്... ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്രയും നിരാശയും സങ്കടവും വന്നുകയറുന്നത്. ആരുടെ ആയാലും എത്ര വലുത് ആയാലും നല്ല കാര്യങ്ങള്‍ക്കൊന്നും കൂടെ നില്‍ക്കാതിരിക്കും.
പൗലോ തന്റെ കയ്യിലെ അവസാനത്തെ സിഗരറ്റിനും തീ കൊളുത്തി. 
സിഗരറ്റ് വലിച്ച് കഴിഞ്ഞതും കുറ്റിയോടൊപ്പം പൗലോയും നിലത്തേക്ക് മറിഞ്ഞുവീണു. 
പുലര്‍ച്ചെ എപ്പോഴോ ആകമാനം മഞ്ഞുമൂടിയ ഒരു വലിയ മനുഷ്യന്‍ വന്ന് പൗലോയെ തൊടുന്നതായി പൗലോ സ്വപ്നം കണ്ടു.
പൗലോ പാതിയുറക്കത്തില്‍നിന്നും ഞെട്ടി ഉണര്‍ന്നു. 
തന്നെ വന്നു തൊട്ട മഞ്ഞുമനുഷ്യനെ പൗലോ തന്റെ ചുമലിലേക്ക് വലിച്ചുകയറ്റി. പൗലോ പിന്നെ അയാളെയും കൊണ്ട് മഞ്ഞിലൂടെ ഓടുകയായിരുന്നു. ഓടുന്നതിനിടയില്‍ പൗലോ താന്‍ ചുമന്ന മഞ്ഞുമനുഷ്യന് ഇപ്പോള്‍ തീരെ ഭാരമില്ലെന്നും ചിലപ്പോള്‍ അയാള്‍ എന്നോ മരിച്ച ഒരു ശവം ആണെന്നും തോന്നി. എന്തായാലും അയാളെക്കാളും ഇരട്ടി ആരോഗ്യം ഇപ്പോള്‍ തനിക്കുണ്ടെന്ന് പൗലോ ഉറപ്പിച്ചു. 
പൗലോ അയാളെയും കൊണ്ട് മഞ്ഞും മലയും കടന്ന് താഴ്വാരത്തിലേക്ക് എത്തി. 
അകലെ നിര്‍ത്തിയിട്ട പട്ടാളവണ്ടിയിലേക്ക് ഒരു ഓട്ടമത്സരത്തിലെ അവസാനത്തെ കുതിപ്പിലെന്നപോലെ പൗലോ പാഞ്ഞു. 
ഡോക്ടര്‍മാര്‍ അടക്കം എല്ലാ സൗകര്യങ്ങളും ഉള്ള ഒരു പട്ടാളവണ്ടി ആയിരുന്നു അത്. 
അയാള്‍ പ്രകാശന്‍ ആണെന്ന് ഉറപ്പിക്കാന്‍ പോകുന്ന യാതൊരു തെളിവുകളും പൗലോയ്ക്ക് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. പൗലോ ഒരിക്കല്‍ക്കൂടി അയാളുടെ മുഖത്തേക്ക് നോക്കി. 
മുഖം ഉള്‍പ്പെടെ ശരീരം മുഴുവന്‍ മുറിയുകയും ചതയുകയും നീരുവെക്കുകയും ചെയ്തിട്ടുണ്ട്...
''ഉണരാന്‍ സമയം എടുക്കും... ശരീരം സാധാരണ നിലയില്‍ ആയി വരുന്നതേ ഉള്ളൂ...'' ഡോക്ടര്‍മാര്‍ ചതവുകളിലും മുറിവുകളിലും മരുന്ന്വെച്ച് പൊതിയവേ പൗലോയോട് പറഞ്ഞു. 
പൗലോ ഒന്നും പറയാതെ അവര്‍ പറയുന്നത് കേട്ടു. 
പ്രകാശന്റെ വീട് എവിടെ ആയിരിക്കും? അവന്റെ അമ്മയെ എങ്ങനെ തിരിച്ചറിയും...? ലൈബ്രററിയും ആ ഗോപാലന്‍കുട്ടി മാഷും ഇപ്പോഴും ബാക്കിയുണ്ടാകുമോ? ഇനി ഇവന്‍, പ്രകാശന്‍ അല്ലെങ്കില്‍ ഞാന്‍ എങ്ങോട്ട് പോകും... ഇവനെ ആര്‍ക്ക് ഏല്‍പ്പിക്കും... പൗലോ ആകെ അന്ധാളിപ്പിലായി. ഓരോരുത്തരോടും ഓരോ പേരും ഓരോ നാടും പറഞ്ഞുനടന്ന എന്നോടു തന്നെ... പൗലോയ്ക്ക് ചിരി വന്നു, കരച്ചിലും. ആരായാലും പോരാളി തന്നെ എവറസ്റ്റോടു യുദ്ധം ചെയ്തു ജയിച്ചു വന്നവന്‍...
പൗലോ അയാളെത്തന്നെ നോക്കി ഇരിക്കവേ... അയാള്‍ കണ്ണു തുറക്കുന്നു. പൗലോയെ നോക്കുന്നു. 


പൗലോ അയാളുടെ അരികിലേക്ക് നീങ്ങി. അയാളുടെ കൈകള്‍ പൗലോയുടെ കൈകളെ തൊട്ടു, മെല്ലെ ചുണ്ടനക്കി പറഞ്ഞു: ''മാസ്റ്റര്‍ പൗലോ... ഭൂമിയില്‍ എവറസ്റ്റോളം വളര്‍ന്ന രണ്ടോ മൂന്നോ പേരെ മാത്രമേ... ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ളൂ...'' പ്രകാശന്‍ പൗലോയുടെ കൈകള്‍ അമര്‍ത്തി മെല്ലെ കണ്ണുകളടച്ചു. 
ഡോക്ടര്‍മാര്‍ വീണ്ടും പ്രകാശന്റെ അരികിലേക്ക്  വന്നു. 
പട്ടാളവണ്ടിയില്‍നിന്നും പൗലോ ആത്മവിശ്വാസത്തോടെ എഴുന്നേറ്റ് ആര്‍മി ഓഫീസറുടെ സീറ്റിനരികിലേക്ക് ചെന്നു. പിന്നീട് മെല്ലെ ആര്‍മി ഓഫീസറോടു പറഞ്ഞു: ''ഞാന്‍ പൗലോ... മാസ്റ്റര്‍ പൗലോ...! ഈ പ്രകാശന്റെ...'' ഓഫീസര്‍ ബഹുമാനത്തോടെ പൗലോയോട് ചിരിച്ചു. 

xxx            xxx            xxx

ഒന്നുരണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ വായനശാലയുടെ 25-ാം വാര്‍ഷികത്തിന്റെ ഉദ്ഘാടകനായി വലിയ ആള്‍ക്കൂട്ടത്തിന്റെ നടുവിലൂടെ വായനശാലയിലേക്ക് കയറവേ പ്രകാശനില്‍ ഗോപാലന്‍കുട്ടി മാഷിന്റെ അസാന്നിധ്യം ആരെയും ഒട്ടും ബാധിച്ചിട്ടില്ല എന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാല്‍, ഇ.എം.എസ്സിന്റെ സാന്നിധ്യം വായനശാലയുടെ മുക്കിലും മൂലയിലും അന്നത്തെക്കാള്‍ കൂടുതലായി ഉണ്ടാവുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി ആരും കാലുകുത്താതെ കിടന്ന എവറസ്റ്റ് പോലെയുള്ള അന്നത്തെ ലൈബ്രററി, നീക്കം ചെയ്യപ്പെടാത്ത മഞ്ഞുപോലെ പുറംചട്ടകളില്‍ കട്ടപിടിച്ച് കിടന്നിരുന്ന അന്നത്തെ പൊടി ഒക്കെയും കുറേക്കൂടി തെളിഞ്ഞിരുന്നു. 
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അറിയാതെ കൈ തട്ടിയപ്പോള്‍ ഇ.എം.എസ്സിന്റെ പ്രസംഗങ്ങളില്‍നിന്നും ഉയര്‍ന്ന ആ പൊടി ഒരിക്കല്‍ക്കൂടി വലിയൊരു മഞ്ഞുകാറ്റിന്റെ ഊര്‍ജ്ജത്തോടെ പ്രകാശനില്‍നിന്നും അവിടെ കൂടിയ നൂറുകണക്കിനാളുകളിലേക്ക് തെറിച്ചു. 
അമ്മ പതിവുപോലെ പുല്ലും ചുമന്ന് റോഡിലൂടെയും ബാബു ഏട്ടന്‍ ഒരു പഴയ സ്‌കൂട്ടര്‍ അങ്ങനെ തന്നെ മറിച്ചും ശരിയാക്കുന്നുണ്ടായിരുന്നു. 
ഇപ്പോള്‍ വായനശാലയില്‍നിന്നും ഒരാള്‍ സൂര്യനെപ്പോലെ ചിരിച്ച് പുറത്തേക്ക് വരുന്നതായി പ്രകാശന് തോന്നി. അയാള്‍ക്ക് അനേകം നല്ല മനുഷ്യരില്‍ ഒരുപോലെ കണ്ട അതേ മുഖച്ഛായ ആയിരുന്നു. 

ചില വാക്കുകള്‍ കൊടുമുടിയില്‍നിന്നും താഴേക്ക് വീണ മനുഷ്യരെപ്പോലെയാണ്, ഗോപാലന്‍കുട്ടി മാഷിനെപ്പോലെ. ആരൊക്കെ, എങ്ങനെയൊക്കെ ശ്രമിച്ചാലും അവരെ കാലം കൂടുതല്‍ ആഴങ്ങളിലേക്ക് താഴ്ത്തും. എന്നാല്‍ മറ്റു ചിലര്‍ ആകട്ടെ, ഇ.എം.എസ്സിന്റെ പ്രസംഗങ്ങള്‍ പോലെയും. കാലം എത്ര കഴിഞ്ഞാലും ആ വാക്കുകള്‍ ജനങ്ങളെ ഒന്നാകെ കൊടുമുടി കയറ്റും. പ്രകാശന്‍ ഒന്ന് നിര്‍ത്തി ദൂരെ റോഡിലേക്ക് നോക്കി. നടക്കുന്നതിനിടയില്‍ അമ്മ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.

* അദ്ധ്യാത്മരാമായണം - എഴുത്തച്ഛന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com