നിത്യാര്‍ത്തവാംബിക: ബിജു സിപി എഴുതിയ കഥ

ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയവര്‍കളോടൊപ്പം ഒരിക്കല്‍ ഹരിപ്പാട്ടുനിന്ന് കോട്ടയത്തിറങ്ങി, മേല്‍, കൊടുങ്ങല്ലൂരോളം വഞ്ചിയില്‍ സഹയാത്ര ചെയ്യാനുള്ള മഹാഭാഗ്യം ഈയുള്ളവന് കൈവന്നിട്ടുണ്ട്. 
നിത്യാര്‍ത്തവാംബിക: ബിജു സിപി എഴുതിയ കഥ

ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയവര്‍കളോടൊപ്പം ഒരിക്കല്‍ ഹരിപ്പാട്ടുനിന്ന് കോട്ടയത്തിറങ്ങി, മേല്‍, കൊടുങ്ങല്ലൂരോളം വഞ്ചിയില്‍ സഹയാത്ര ചെയ്യാനുള്ള മഹാഭാഗ്യം ഈയുള്ളവന് കൈവന്നിട്ടുണ്ട്. വഞ്ചി കുമരകം കടന്നപ്പോള്‍ അകലെ കരപ്പുറത്ത് ഇടിഞ്ഞു പൊളിഞ്ഞ്, ഒരു ക്ഷേത്രമാതിരിയില്‍ വള്ളിക്കെട്ടുകളും മറ്റും നിറഞ്ഞ് നാഗത്താന്മാരുടെ കാവുപോലെ കിടന്ന ഒരിടത്തേക്ക് കണ്ണു ചൂണ്ടിക്കൊണ്ട് അദ്ദേഹം വഞ്ചിയിലുണ്ടായിരുന്നവരോടു പറഞ്ഞതാണ് നിത്യാര്‍ത്തവാംബികയുടെ കഥ.

ശങ്കുണ്ണി അവര്‍കളുടെ കേരളീയ ചരിത്രകഥാ സമ്പുടമായ ഐതിഹ്യമാല എന്ന ബ്രഹദ്ഗ്രന്ഥത്തെക്കുറിച്ച് കേള്‍ക്കാത്തവരായി മലയാളക്കരയില്‍ ആരെങ്കിലുമുണ്ടാവുമോ! അങ്ങനെ കരുതാന്‍ വകയൊന്നും കാണുന്നില്ലെന്നേ പറഞ്ഞുകൂടൂ. ശ്രീമാന്‍ ശങ്കുണ്ണിയവര്‍കള്‍ കോട്ടയം കരയില്‍ ജനിച്ചുവളര്‍ന്നയാളാണല്ലോ. അദ്ദേഹം കൊടുങ്ങല്ലൂര്‍ മുതലായ ദേശങ്ങളിലേക്കും തിരുവനന്തപുരത്തേക്കും സഞ്ചാരം പതിവുള്ളയാളുമായിരുന്നു. ബ്രിട്ടീഷുദ്യോഗസ്ഥന്മാരുമായും കോട്ടയത്തെ പാതിരിമാരുമായും അവരുടെ കൈകാര്യകര്‍ത്തൃത്വത്തില്‍ നടത്തിപ്പോന്നിട്ടുള്ളതായ വിദ്യാലയങ്ങളിലെ പഠിതാക്കളുമായും നിതരാം ഇടപെടുന്നയാളുമായിരുന്നു. കുമരകം മുതലായ ദേശങ്ങളില്‍ ധാരാളമായി കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നിട്ടുമുണ്ട്. അങ്ങാടികളിലും മറ്റും ചെല്ലുക, വയല്‍ക്കരകളില്‍ പോയി നില്‍ക്കുക തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രിയ വിനോദങ്ങളായിരുന്നു എന്നും കാണുന്നുണ്ട്. അങ്ങാടികളിലെ മുഷ്‌കന്മാരുമായും തരകുകാരുമായൊക്കെ ഇടപെടുക, വയലുകളിലെ വര്‍ത്തമാനപ്രിയരുമായി നേരം ചെലവഴിക്കുക തുടങ്ങിയവയൊക്കെ ശ്രീമാന്‍ ശങ്കുണ്ണിയവര്‍കളുടെ വിനോദങ്ങളില്‍ പെടുന്നവയുമാണ്. ശങ്കുണ്ണിയവര്‍കള്‍ അപ്രകാരം ചെയ്തിരുന്നത് അവരുടെയൊക്കെ നാവിന്മേല്‍ വിളയാടിയിരുന്ന കഥാശകലങ്ങളെ സ്വന്ത സമ്പാദ്യത്തിലേക്ക് സ്വരുക്കൂട്ടാന്‍ വേണ്ടിയായിരുന്നു. എന്നാല്‍, അത്തരം കഥകളൊന്നും അദ്ദേഹം തന്റെ സൂര്യശോഭമായ ഗ്രന്ഥത്തിങ്കല്‍ ചേര്‍ത്തു കാണുന്നില്ല എന്നത് അനല്പമായ ഖേദത്തെ ഉളവാക്കുന്നു എന്നു പറയാതിരിപ്പാന്‍ നിര്‍വ്വാഹമില്ല. 

ശ്രീമാന്‍ ശങ്കുണ്ണി അവര്‍കള്‍ സമാഹരിച്ചു പ്രസാധനം ചെയ്തിട്ടുള്ളതായ കേരളീയ കഥാസമ്പുടത്തിങ്കല്‍ ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാദികളുടെ മാഹാത്മ്യകഥകള്‍ മാത്രമേയുള്ളൂ എന്നതും കാണാതിരുന്നു കൂടാ. പേരിന് ഒരു കത്തനാരുടെ കഥയുണ്ട്. മഹമ്മദീയരുടെ കഥകളാകട്ടെ, എല്ലാം തസ്‌കരവിക്രമഗാഥകളാണു താനും. ഇത്തിക്കര പക്കി, മുളമൂട്ടില്‍ അടിമ തുടങ്ങി തസ്‌കരപ്രവരന്മാരായി അറിയപ്പെടുന്ന പലരുടേയും കാര്യത്തിങ്കലാകട്ടെ, ശങ്കുണ്ണിയവര്‍കള്‍ തന്റെ കഥാസമ്പുടത്തില്‍ അവര്‍ക്ക് പ്രവേശനം പോലും നല്‍കിയതുമില്ല. 

അറയ്ക്കല്‍ ബീവിയെക്കുറിച്ചുള്ള കഥാകുസുമവും ബ്രാഹ്മണ മഹിമാവര്‍ണ്ണനം തന്നെയെന്നേ കണക്കാക്കാവൂ. ശ്രീമാന്‍ ശങ്കുണ്ണിയവര്‍കള്‍ തന്റെ കഥാ തല്ലജങ്ങളെല്ലാം പ്രസിദ്ധം ചെയ്തിട്ടുള്ളത് ഭാഷാപോഷിണി, മനോരമ, വിദ്യാവിനോദിനി മുതലായ പത്രമാസികാദികളിലാണെന്ന വസ്തുത സുവിദിതമാണല്ലോ. അമ്മാതിരി പുസ്തകങ്ങളെല്ലാറ്റിന്റേയും വായനക്കാരായിരിക്കുന്ന ബ്രാഹ്മണ ശൂദ്രാദികള്‍ക്ക് പാരായണസുഖം കൈവരുന്നതും തദ്വാരാ അവര്‍ക്ക് ഉദ്ഭൂതമാകുന്ന മനസ്സുഖം കൈവരുന്നതും തങ്ങളുടെ വംശമഹിമാ വര്‍ണ്ണനം വായിക്കുന്നതുകൊണ്ടു കൂടിയാണെന്നു പറയാതിരിപ്പാന്‍ നിവൃത്തിയില്ല. 


എഴുത്തുകാരന്മാരുടേയും വായനക്കാരുടേയും ഹൃദയാന്തര സമീപനങ്ങള്‍ ഏകോദരജാതമാവുമ്പോഴാണല്ലോ കൃതികള്‍ അത്യധിക പ്രശസ്തങ്ങളായിത്തീരുന്നത്. മാസികാദി ഗ്രന്ഥങ്ങള്‍ വിലകൊടുത്തു വാങ്ങിപ്പാന്‍ തക്ക ശേഷിയുള്ളവരും ഇരുന്നു വായിക്കാന്‍ തക്ക ഒഴിവു നേരമുള്ളവരുമാണല്ലോ വായനക്കാരായിത്തീരുന്നത്. ഏതല്‍ ജാതികളായ മലയാള പ്രവരന്മാരുടെ പ്രീതിപാത്രമായിത്തീരാനുള്ള ശ്രീമാന്‍ ശങ്കുണ്ണിയവര്‍കളുടെ ബുദ്ധികൗശലമാണ് ഇത്തരത്തില്‍ ചില ചില വിഭാഗങ്ങളെ അധികാധികമായി ഉള്‍പ്പെടുത്താനും പലപല വിഭാഗങ്ങളേയും സമ്പൂര്‍ണ്ണമായി ഗളഹസ്തം ചെയ്യാനും ഇടവന്നതെന്ന് ആരെങ്കിലും ആക്ഷേപിക്കുന്നതായാല്‍ തെറ്റു പറയാനാവില്ലെന്നേ പറഞ്ഞുകൂടൂ. 

കോല്‍വിളക്കിന്റെ പ്രഭ മുഖത്തു പതിപ്പാന്‍ തക്കവണ്ണം അതിനൊപ്പമായി നില്‍ക്കുന്നവര്‍ മാത്രമല്ലേ കാഴ്ചയില്‍ പെടുകയുള്ളൂ. 32 അടിയും 64 അടിയും അതിലുമധികം അടിയോടടികളുമായി അകറ്റിനിര്‍ത്തപ്പെടുന്നവര്‍ ദൃഷ്ടിഗോചരമാവുകയില്ലെന്നത് സ്വാഭാവികം തന്നെ. തന്റെ ജ്ഞാനസമ്പ്രദായത്തിനുതകുംവണ്ണം ശങ്കുണ്ണിയവര്‍കള്‍ വാണീപൂജ ചെയ്കയേ ചെയ്തിട്ടുള്ളൂ. അപ്പോള്‍ പക്ഷേ, അദ്ദേഹത്തിനു തന്നെ സുതരാം ബോധ്യമുള്ളതും പില്‍ക്കാല കൗതുകങ്ങള്‍ക്കും ജ്ഞാനവിസ്താരത്തിനും ഉതകുമായിരുന്നതുമായ എത്രയെത്ര മനുഷ്യചരിതങ്ങളാണ് പൂമുള്ളിന്‍ പടര്‍പ്പിനു ചുവടേ ഞെരുങ്ങിയൊടുങ്ങിപ്പോയ ഔഷധവനം പോലെ നിരാധാരമായിത്തീര്‍ന്നത്! ആ ചരിത്രകഥാ ഭണ്ഡാഗാരത്തില്‍ പ്രവേശനം പോലും ലഭിക്കാതെ തട്ടിത്തൂളി എറിയപ്പെട്ട മഹിമയാര്‍ന്ന നരചരിതങ്ങള്‍ എത്രയേറെയാണ്! 

ശ്രീമാന്‍ ശങ്കുണ്ണിയവര്‍കള്‍ എഴുതി മനോരമയിലും ഭാഷാപോഷിണിയിലും ഇടയ്ക്ക് വിദ്യാവിനോദിനിയിലും പ്രസിദ്ധം ചെയ്തു വരുന്നതായ കഥകളെല്ലാം പിപാസുവിന് സംഭാരം കൈവന്നാലെന്നപോലെ അത്യന്തം ആഹ്ലാദത്തോടെയും ആര്‍ത്തിയോടെയും പാനം ചെയ്യാറുള്ളവനാണ് ഈയുള്ളവനും. എന്നാല്‍, നിത്യാര്‍ത്തവാംബികയുടെ കഥ ഒരിക്കല്‍പ്പോലും അദ്ദേഹം പ്രസിദ്ധം ചെയ്യുകയുണ്ടായില്ല. അദ്ദേഹത്തിന്റെ മുഖത്തുനിന്നുതന്നെ കേള്‍ക്കാനിടവന്നിട്ടുള്ള നിരവധി ഈഴവ വൈദ്യന്മാരുടെ കഥയും അദ്ദേഹം പ്രസിദ്ധം ചെയ്യാതിരുന്നിട്ടുണ്ട്. എഴുമാന്തുരുത്തിലെ എടനാട്ടു വീരന്റെ കഥപോലെ വേറെയും നിരവധിയനവധി കഥാ തല്ലജങ്ങളെ ആ മഹാനുഭാവന്‍ തന്റെ ഐതിഹ്യസമ്പുടത്തില്‍നിന്ന് ഏതു പ്രകാരത്താലോ നിഷ്‌കാസനം ചെയ്തുകളഞ്ഞു. 

നിരലങ്കാരസുഭഗമായ ദൃഢഗദ്യത്തില്‍ ശ്രീമാന്‍ ശങ്കുണ്ണിയവര്‍കള്‍ ആലേഖനം ചെയ്തിട്ടുള്ളതായ ആ മഹിതഗ്രന്ഥം മലയാളദേശത്തിന്റെ ഐതിഹ്യചരിതം കൂടിയാണെന്ന വസ്തുത നിസ്തര്‍ക്കമാണല്ലോ. ഒരു ദേശത്തിന്റെ ചരിത്രഗാഥയില്‍നിന്നു ജനവിഭാഗങ്ങളെത്തന്നെ, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍, ഇളംകാറ്റില്‍ നെല്ലിച്ചപ്പു പൊഴിയുന്നത്ര ഭേരി പോലുമുയരാതെ സ്വാഭാവികമായെന്നോണം വീഴ്ത്തിക്കളയുന്നത് അതികൗശലമാര്‍ന്നൊരു ഗൂഢപ്രവൃത്തി തന്നെ. ഐതിഹ്യങ്ങളേയും കഥകളേയും പാഴ്മണ്ണിലെറിഞ്ഞ് അവഗണിക്കുന്നത് മനുഷ്യവംശത്തിന്റെ സ്മരണകളെ ചെത്തിക്കോരി നിരത്തുന്നതുപോലെയാണ്. അവിടെ പിന്നെ പുതുവിത്തുകള്‍ പാകിമുളപ്പിക്കും. ഒരു ജനതതിയാകെ ചരിത്രത്തില്‍നിന്നും ഓര്‍മ്മകളില്‍നിന്നും നിഷ്‌കാസിതരാകും. ചരിത്രവും ഓര്‍മ്മകളും പോലും ഒരു കൂട്ടരുടേതു മാത്രമായിത്തീരും. 

കഥകളുടേയും പാട്ടുകളുടേയും നാട്ടാചാരങ്ങളുടേയും കാര്യത്തില്‍ പറയരും പുലയരും ഈഴവരും മറ്റു ഹീനജാതിക്കാരും ഏറെ സമ്പന്നരാണെന്ന് പറയാതെ വയ്യ എന്ന് കൊടുങ്ങല്ലൂര്‍ യോഗത്തില്‍ ഒരിക്കല്‍ സാക്ഷാല്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തന്നെ പറയുന്നത് ഈയുള്ളവനും സ്വകര്‍ണ്ണികയാ കേട്ടതാണ്. ആ യോഗത്തിങ്കലാകട്ടെ, ശ്രീമാന്‍ ശങ്കുണ്ണിയവര്‍കള്‍ മൂന്നില്‍ കുറയാതെ കേമപ്പെട്ട കഥകളാണ് പുലയരുടേതും പറയരുടേതുമായി പറഞ്ഞു കേള്‍പ്പിച്ചത്. 

അത്തരം കഥകളുടെ കൂട്ടത്തില്‍നിന്നു മാതൃകാന്യായേന ഒരു കഥ രേഖപ്പെടുത്തണമെന്നു മാത്രമേ ഈയുള്ളവന്‍ ഇവിടെ വിചാരിച്ചിട്ടുള്ളൂ. ശ്രീമാന്‍ ശങ്കുണ്ണിയവര്‍കളെപ്പോലെ സരസ്വതീ കടാക്ഷം കൈവന്നിട്ടുള്ളവനല്ലായ്കയാല്‍ രസികത്തത്തിന് ലോപമുണ്ടാവാന്‍ വഴിയുണ്ടെന്നു പ്രത്യേകമായി പ്രസ്താവിക്കേണ്ടതില്ലല്ലോ. അതിന്മേല്‍ ക്ഷമാപണം ചെയ്തുകൊണ്ടും ശ്രീമാന്‍ ശങ്കുണ്ണിയവര്‍കള്‍ക്ക് പാദനമസ്‌കാരം ചെയ്തുകൊണ്ടും കഥ പറയട്ടെ.

നിത്യാംബിക അഥവാ തീണ്ടാരിക്കാവിലമ്മ
വടക്കുംകൂര്‍ രാജാവിന്റെ ആശ്രിതരായി കടുത്തുരുത്തിക്കു തെക്കുമാറി എഴുമാന്തുരുത്തു പാടശേഖരത്തിന്റെ സിംഹഭാഗത്തിന്റേയും ഉടമകളായി കോച്ചേരിത്താഴത്തുമന എന്നു പ്രശസ്തമായ ഒരു ബ്രാഹ്മണകുടുംബം പാര്‍ത്തിരുന്നു. വടക്കുംകൂര്‍ രാജ്യത്ത് മുളക്കുളം ദേശത്തുള്ള പ്രശസ്തമായ കോച്ചേരിത്താഴത്തു മനയിലേക്ക് ഈ കുടുംബം പിന്നീട് ലയിച്ചു ചേരുകയാണുണ്ടായത്. സമീപസ്ഥ മനകളായ മനയത്താറ്റ്, തല്പനശ്ശേരി, പടുതോള്‍, കരിക്കമ്പള്ളി തുടങ്ങിയ കുടുംബങ്ങളെപ്പോലെയൊന്നും പ്രാമാണ്യമുള്ളവരായിരുന്നില്ല കോച്ചേരിത്താഴത്തു മനക്കാര്‍. കോച്ചേരി കൊച്ചുഗോവിന്ദന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു കരിവീരനാണ് മനയുടെ പ്രശസ്തി പുറംനാടുകളിലും എത്തിച്ചിരുന്നത്. ഉത്സവങ്ങള്‍ക്ക് കോച്ചേരി കൊച്ചുഗോവിന്ദന്‍ ഒരുക്കുന്ന ചന്തം ഒന്നു വേറെ ആയിരുന്നു. എന്നാലാകട്ടെ, തൃപ്പൂണിത്തുറെ തുടങ്ങി കൂടല്‍മാണിക്യത്ത് സമാപിക്കുന്ന ഒരുത്സവകാലത്ത് ഒരാളെയെങ്കിലും കൊമ്പില്‍ കോര്‍ക്കാതെ കൊച്ചുഗോവിന്ദന്‍ കോച്ചേരിത്താഴത്തേക്ക് മടങ്ങാറുമില്ല. 

കൊച്ചുഗോവിന്ദന് പാപ്പാന്മാരായി മൂന്നു നാലുപേര്‍ സ്ഥിരമായി ഉണ്ടായിരുന്നെങ്കിലും അവന്‍ ഇടഞ്ഞുകഴിഞ്ഞാല്‍ അടക്കിനിര്‍ത്തണമെങ്കില്‍ കോച്ചേരിത്താഴത്തു മനയിലെ അപ്ഫനായ കോച്ചേരി കൊച്ചുതുപ്രനെക്കൊണ്ടല്ലാതെ മറ്റാരെക്കൊണ്ടും കഴിയുമായിരുന്നില്ല. കൊച്ചു തുപ്രന്റെ കാലമായപ്പോഴേക്ക് കോച്ചേരിത്താഴത്തു മനയുടെ സ്ഥിതി ഒരു മട്ട് ദരിദ്രമായിട്ടുണ്ടായിരുന്നു. എഴുമാന്തുരുത്തു പാടശേഖരത്തില്‍ കൃഷി അത്ര എളുപ്പമായിരുന്നില്ലെന്നതാണ് ഒരു പ്രധാന കാരണം. നിലാവു കണ്ടാല്‍ ഉണങ്ങിപ്പോകുന്ന പാടം പക്ഷേ, ഒറ്റ മഴയ്ക്ക് പ്രളയത്തില്‍ പെട്ടതു പോലെ ആകുമായിരുന്നു. മനയ്ക്കലെ കാര്യസ്ഥന്മാര്‍ പിടിപ്പതു ശ്രമിച്ചെങ്കിലും പതിനായിരം പറ നെല്ല് പാട്ടം കിട്ടാവുന്ന പാടശേഖരത്തില്‍നിന്ന് അതിന്റെ ദശാംശം പോലും കിട്ടാന്‍ വിഷമമായി വന്നു. എഴുമാന്തുരുത്തു കായല്‍ വഴി പോകുന്ന വള്ളക്കാര്‍ രാത്രി നെല്ലു കൊയ്തുകൊണ്ടു പോകുന്നതും നടയില്‍ നില്‍ക്കുന്ന കേരവൃക്ഷങ്ങളില്‍നിന്നു കരിക്കു പാകം മുതല്‍ നാളികേരം പറിച്ചു കൊണ്ടുപോകുന്നതും പതിവായിരുന്നു. ഇല്ലത്തെ അവസ്ഥ അത്ര പന്തിയല്ലാതായതോടെ അപ്ഫന്മാര്‍ പലരും പലവഴി കടന്നു. കോച്ചേരി കൊച്ചുതുപ്രനാകട്ടെ, ദേശവാസികളായ ശൂദ്രയുവാക്കളുമായി ചേര്‍ന്നു പകിട കളി, മദ്യപാനം തുടങ്ങി സാധ്യമായ കന്നത്തരങ്ങളിലെല്ലാം പ്രാവീണ്യം നേടി. ആഭിജാത്യമുള്ള ഒരു കൊള്ളക്കൂട്ടം എന്നു പറയാവുന്ന നിലയില്‍ കൊച്ചുതുപ്രനും ഏതാനും നായര്‍ യുവാക്കളും എഴുമാന്തുരുത്തു കായലില്‍ രാത്രി വിളയാട്ടങ്ങള്‍ തുടങ്ങി. പാടത്തും വരമ്പത്തും കാവല്‍ എന്ന മട്ടിലാണ് തുപ്രനും സംഘവും ചെറുവള്ളങ്ങളിലും മറ്റുമായി കായലില്‍ ഉലാത്താന്‍ തുടങ്ങിയത്. എന്നാല്‍, വളരെ വേഗം തന്നെ തുപ്രന്റെ സംഘം കൊച്ചിശ്ശീമയില്‍നിന്നു വന്നുപോകുന്ന വള്ളങ്ങളില്‍നിന്നു പണപ്പിരിവു നടത്തുന്ന ഒരു കൂട്ടം കപ്പല്‍ക്കൊള്ളക്കാരെപ്പോലെ ആയിത്തീര്‍ന്നു.

ഏതാനും ശൂദ്രസ്ത്രീകളുമായി സംബന്ധമുണ്ടായിരുന്നെങ്കിലും പതിവായി കറുപ്പ് കഴിച്ചു തുടങ്ങിയതോടെ തുപ്രന് അവരൊന്നും തികയാത്ത നിലയായി. നിത്യേനയെന്നോണം രാക്കൂട്ടിന് പുതിയ ഇണയെത്തേടുന്ന തങ്ങളുടെ തമ്പുരാന് ഇരതേടുന്നതില്‍ തുപ്രന്റെ സംഘാംഗങ്ങള്‍ക്ക് ഉത്സാഹവും പ്രാവീണ്യവും ഏറെയായിരുന്നു. ഏതാണ്ട് 25 വയസ്സായപ്പോഴേക്കും തുപ്രന്റെ സംഘം നാട്ടിലെ ഹീനജാതിക്കാരുടെ പേടിസ്വപ്നമായിത്തീര്‍ന്നു എന്നു പറഞ്ഞാല്‍ തീര്‍ന്നു. പകല്‍ 64 അടിയും 32 അടിയും 16 അടിയും ഒക്കെ മാറിനില്‍ക്കേണ്ട പറയപ്പെണ്ണുങ്ങള്‍ക്കും പുലയപ്പെണ്ണുങ്ങള്‍ക്കും ഈഴവപ്പെണ്ണുങ്ങള്‍ക്കുമൊക്കെ സൂര്യാസ്തമയമായിക്കഴിഞ്ഞാല്‍ ഒരു തരത്തിലുള്ള അയിത്തദോഷങ്ങളുമില്ലാതെ തുപ്രന്‍ തിരുമേനിയുടെ ശയ്യയില്‍ ഇരയാവാം. മനയ്ക്കല്‍നിന്ന് എടുത്തുകൊണ്ടുപോകുന്ന ഉരുപ്പടികളും മറ്റും യഥേഷ്ടം കൊണ്ടുചെന്നു കൊടുത്തിരുന്നതിനാല്‍ ചുരുക്കം ചില ശൂദ്രസ്ത്രീകള്‍ക്ക് തുപ്രനെ കാര്യമായിരുന്നു. 

അങ്ങനെയിരിക്കെ, ഒരിക്കല്‍ കുമരകത്തിനു കുറച്ചു വടക്കുമാറി കായല്‍നിലങ്ങള്‍ക്കരികിലൂടെ വഞ്ചിയില്‍ സഞ്ചരിക്കുമ്പോള്‍ തുപ്രന്‍ ഒരു പെണ്‍കുട്ടിയെ കാണുകയുണ്ടായി. നിറം കറുപ്പാണെങ്കിലും അവളുടെ മുഖത്ത് ബാലാര്‍ക്കന്റെ ചൈതന്യശോഭയുണ്ടായിരുന്നു. ആരാണാ പെണ്‍കുട്ടി എന്ന് തുപ്രന്‍ ചോദിച്ചതും തിരുമേനിയുടെ ശിങ്കിടികള്‍ വള്ളം അടുപ്പിച്ച് അവളെ തേടി അടുത്ത കുടികളിലെത്തി. സന്ധ്യയാകും മുന്‍പുതന്നെ കുളിച്ചു ശുദ്ധയായി അടുത്തു തന്നെയുള്ള കളപ്പുരയിലെത്തിയിരിക്കണമെന്നും തിരുമേനി നിനക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും പറഞ്ഞ് അവര്‍ മടങ്ങി. കുട്ടിക്കു പറയാനുള്ളത് എന്താണെന്നു ശ്രദ്ധിക്കുക സ്വതേ അവരുടെ രീതി ആയിരുന്നില്ലാത്തതിനാല്‍, കാര്യങ്ങള്‍ക്ക് എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് അവര്‍ കരുതിയിരുന്നില്ല.

രാത്രിയായിട്ടും കുട്ടി കളപ്പുരയിലേക്കെത്താതിരുന്നതിനാല്‍ ഏതാനും ശിങ്കിടികള്‍ കുടികളിലേക്കെത്തുകയും കണ്ണില്‍ കണ്ടവരെയൊക്കെ പലപാട് ഉപദ്രവിക്കുകയും ചെയ്തു. എന്നാല്‍, തമ്പുരാക്കന്മാരുടെ കോപത്തിനു കാരണമെന്ത് എന്ന് ആര്‍ക്കും മനസ്സിലായിരുന്നില്ല. പുലര്‍ച്ചെ തന്നെ ശിങ്കിടികള്‍ വീണ്ടും കുടികളിലെത്തി. അവരുടെ കയ്യിലുണ്ടായിരുന്ന ആറടിയോളം നീണ്ട മുളവടികൊണ്ട് ഏതാനും പുലയക്കിടാത്തന്മാരെ അവര്‍ തല്ലി. ആരെ തേടിയാണ് അവര്‍ കുടിയിലെത്തിയത് എന്നറിയാത്തതിനാല്‍ അടിയാന്മാര്‍ ആകെ അങ്കലാപ്പിലായിരുന്നു. 

അമ്പിച്ചി എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്. അംബിക എന്നാണ് അവളുടെ മാതാവ് കുട്ടിക്കു പേരിടാനാഗ്രഹിച്ചിരുന്നതെങ്കിലും അടിയാന്മാര്‍ക്ക് ആ പേര് അനുവദനീയമായിരുന്നില്ല അക്കാലത്ത്. അതിനാലാണ് പേര് അമ്പിച്ചി എന്നാക്കിയത്. കോച്ചേരിത്താഴത്ത് മനയില്‍ അക്കാലത്ത് ചെറുപ്പത്തിലേ വിധവയായ ഒരു അന്തര്‍ജ്ജനമുണ്ടായിരുന്നു. തന്റെ പതിന്നാലാമത്തെ വയസ്സില്‍ അമ്പതു പിന്നിട്ട ഒരു മൂസ്സാമ്പൂരിയുടെ നാലാം വേളിയായി കോച്ചേരിത്താഴത്തു മനയില്‍ എത്തിയതാണ് അംബികത്തമ്പുരാട്ടി. ഒന്നുരണ്ടാണ്ടു പിന്നിടുമ്പോഴേക്ക് അംബികത്തമ്പുരാട്ടി വിധവയായി. വേളിക്കു മുന്‍പു തന്നെ കണക്കുകാര്യങ്ങളിലും ഭാഷയിലും സംസ്‌കൃതത്തിലും സാമാന്യം വ്യുല്‍പത്തി നേടിയിരുന്ന അംബികത്തമ്പുരാട്ടി കൃഷികാര്യങ്ങളിലും ഗ്രന്ഥപാരായണാദി കാര്യങ്ങളിലും സാമാന്യത്തിലധികം താല്‍പ്പര്യം കാണിച്ചിരുന്നു. 


ഒരിക്കല്‍ തിരുനക്കരെ ഉത്സവത്തിനു പോയ കൂട്ടത്തില്‍ കോട്ടയം പട്ടണത്തിലുള്ള ചില സായ്പന്മാരുടേയും മറ്റും ഗൃഹാങ്കണങ്ങളില്‍ പൂവിട്ടു നിന്നിരുന്ന ചെടികളും നിരയായി വെച്ചിരുന്ന ചെറുതരം ഫലവൃക്ഷങ്ങളും കണ്ട് അംബികത്തമ്പുരാട്ടിക്ക് കൗതുകം തോന്നി. അക്കാലത്ത് കേരളീയ ഗൃഹാങ്കണങ്ങളില്‍ പൂവിടുന്ന ചെടികള്‍ പ്രത്യേകമായി വെച്ചുപിടിപ്പിക്കുന്ന പതിവുണ്ടായിരുന്നില്ല. ഗൃഹാങ്കണങ്ങളില്‍ പൂച്ചെടികളും യൂറോപ്യന്‍ മാതിരിയിലുള്ള ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുന്നതിനെക്കുറിച്ച് ആ സായ്പന്മാരോടു ചോദിച്ചു മനസ്സിലാക്കി വരാന്‍ പറഞ്ഞ് അംബികത്തമ്പുരാട്ടി വൃഷളിമാരെ അയച്ചു. നിരവധി ചെടിക്കമ്പുകളും വിത്തുകളും വൃക്ഷത്തൈകളുമായാണ് ആ ശൂദ്രസ്ത്രീകള്‍ മടങ്ങിയെത്തിയത്. 

എന്നാല്‍, മനയ്ക്കല്‍ മടങ്ങിയെത്തിയപ്പോളാണ് ഈ വിത്തുകളും തൈകളും കമ്പുകളുമൊക്കെ യഥാവിധി നട്ടുനനച്ചു വളര്‍ത്തണമെങ്കില്‍ അതിനു വേണ്ട പ്രത്യേക പരിചരണങ്ങള്‍ നല്‍കാന്‍ ഗ്രാഹ്യവും താല്‍പ്പര്യവുമുള്ള പണിക്കാര്‍ വേണമല്ലോ എന്ന് അംബികത്തമ്പുരാട്ടി ഓര്‍ത്തത്. അതിനും പരിഹാരമുണ്ടാക്കി തമ്പുരാട്ടിയുടെ പ്രിയപ്പെട്ട വാല്യക്കാരികള്‍. തമ്പുരാട്ടി മനസ്സില്‍ കരുതിയതിനെക്കാള്‍ കേമമായി ചെടികള്‍ നട്ടു പരിപാലിച്ചു വളര്‍ത്തിയത് ഒരു പുലയ സ്ത്രീയായിരുന്നു. പുലയിയാണെന്നതൊന്നും വകവെക്കാതെ അംബികത്തമ്പുരാട്ടി അവളുടെ അടുത്തു ചെല്ലുകയും നേരിട്ടുതന്നെ സംസാരിക്കുകയുംകൂടി ചെയ്യാന്‍ തുടങ്ങി. തമ്പുരാട്ടി അടുത്തേക്കെത്തുമ്പോള്‍ ആദ്യമൊക്കെ ആ പുലയി ഭയാദരവുകളോടെ ഓടി മാറുമായിരുന്നു. എന്നാല്‍, കാലാന്തരേണ അവര്‍ ഏതാണ്ടൊരു മട്ടില്‍ മിത്രങ്ങളെപ്പോലെ ആയിത്തീര്‍ന്നു. 

തമ്പുരാട്ടി അവളോട് രാമായണാദി കഥകളും മറ്റും പറവാനും വയലിലേയും മറ്റും വിശേഷങ്ങള്‍ ചോദിപ്പാനും തുടങ്ങി. ഇങ്ങനെ അംബികത്തമ്പുരാട്ടിയുമായുണ്ടായ അടുപ്പത്താലാണ് അവള്‍ക്കൊരു പെണ്‍കുഞ്ഞു പിറന്നപ്പോള്‍ അതിന് അംബിക എന്നു പേരിടണമെന്ന് ആഗ്രഹിച്ചത്. ഒരു വൃഷളി വഴി പറഞ്ഞുകേട്ട് തമ്പുരാട്ടി ഇക്കാര്യമറിഞ്ഞപ്പോള്‍, അതിനെന്താ പേര് ആരുടേയും തറവാട്ടു സമ്പാദ്യമൊന്നുമല്ലല്ലോ, എനിക്കോ കുഞ്ഞുങ്ങളില്ല, ആ കുഞ്ഞ് കുടിയില്‍ കിടന്നാണെങ്കിലും എന്റെ വാത്സല്യം കൂടി ഏറ്റു വളരട്ടെ എന്നാണ് അംബികത്തമ്പുരാട്ടി പറഞ്ഞത്. എന്നാല്‍, ഇക്കാര്യം ആ പുലയിയോടു പറഞ്ഞ് അവളെ വഷളാക്കേണ്ടതില്ല എന്നായിരുന്നു ആ ശൂദ്രസ്ത്രീകളുടെ തീരുമാനം. ഇനി അഥവാ അവര്‍ അവളോടതു പറഞ്ഞിരുന്നെങ്കിലും കുഞ്ഞിന് അവള്‍ അംബിക എന്നു പേരിടുമായിരുന്നില്ലല്ലോ. അങ്ങനെയാണ് അമ്പിച്ചി എന്നു കുഞ്ഞിന് പേരിട്ടത്. 

പത്തു പതിനേഴു കൊല്ലത്തോളമായി മനയ്ക്കലെ പറമ്പില്‍ പണികള്‍ക്കെത്താറുള്ള പുലയിയുടെ കുട്ടിയായിട്ടും പറഞ്ഞതിന്മണ്ണം കളപ്പുരയില്‍ തന്റെ ശയ്യാഗൃഹത്തിലെത്താതിരുന്ന അമ്പിച്ചിയേയും പുലയരേയും ഒരു പാഠം പഠിപ്പിക്കണമെന്ന് തുപ്രനും കൂട്ടരും തീരുമാനിച്ചു. എന്നാല്‍, അമ്പിച്ചിയെ തേടി കുടിയിലെത്തിയ തുപ്രന്റെ ശിങ്കിടികള്‍ അറിഞ്ഞത് അവള്‍ തീണ്ടാരിയായി മറപ്പുരയിലാണ് എന്നായിരുന്നു. നാലാം ദിവസം മറ്റൊരാള്‍ വീണ്ടും അമ്പിച്ചിയെ തേടിയെത്തുകയും മുഠാളനായിരുന്ന ആ ശൂദ്രന്‍ അവളുടെ മുടിയില്‍ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് കളപ്പുരയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. തന്റെ തീണ്ടാരിക്കാലം കഴിഞ്ഞിട്ടില്ലെന്ന് അവള്‍ കരഞ്ഞു നിലവിളിച്ചെങ്കിലും ആ ശഠന്മാര്‍ അവളുടെ രോദനത്തെ ചെവിക്കൊണ്ടില്ല. പുലയസ്ത്രീകള്‍ക്കു പതിവില്ലാത്തതിന്‍വണ്ണം അമ്പിച്ചി ഒന്നര തറ്റുടുത്തിരുന്നു. അവളുടെ മേല്‍മുണ്ട് വലിച്ചഴിച്ച അവര്‍, അവള്‍ തറ്റുടുത്തിരിക്കുന്നതു കണ്ടതോടെ കൂടുതല്‍ കോപാകുലരായി. നീയാരെടി അമ്പിച്ചിയമ്യാരോ അതോ അന്തര്‍ജ്ജനമോ എന്നു ചോദിച്ച് ഒരു ദയവും കൂടാതെ അവളുടെ ഒന്നര വലിച്ചഴിച്ചു. നഗ്‌നയായിപ്പോയ അമ്പിച്ചി കൈകള്‍ കൊണ്ട് തന്റെ ഗുഹ്യം മറച്ചെങ്കിലും അവര്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന ആറടിയോളം നീളമുള്ള ദണ്ഡ് ഉപയോഗിച്ച് അവളുടെ കൈകളില്‍ ആഞ്ഞു കുത്തി. അവളുടെ ഇന്ദ്രിയത്തിലെ രക്തസാന്നിധ്യം മനസ്സിലാക്കി തീണ്ടാരി... തീണ്ടാരി... എന്ന് അറപ്പോടെ ആട്ടിക്കൊണ്ട് അവളെ തങ്ങളുടെ കുറുവടികൊണ്ട് കുത്തിയോടിച്ചു. 

പിന്നെയും ഏതാനും നാള്‍ കഴിഞ്ഞ് ഒരു ദിവസം ഒരു മുന്നറിയിപ്പും കൂടാതെ ഒരു ത്രിസന്ധ്യാ നേരത്ത് മുഠാളന്മാരായ രണ്ടു വാല്യക്കാര്‍ ചെന്നു പിന്നെയും അമ്പിച്ചിയെ മുടിക്കു കുത്തിപ്പിടിച്ച് വലിച്ചിഴച്ച് കളപ്പുരയിലെ തുപ്രന്റെ ശയ്യയിലെത്തിച്ചു. അപ്പോഴും അവള്‍ രജസ്വല തന്നെ എന്നു കണ്ട് അതിശയത്തോടെയും അറപ്പോടും വെറുപ്പോടും കൂടിയും അവര്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന നീണ്ട മുളവടികൊണ്ട് അവളുടെ ഇന്ദ്രിയത്തില്‍ കുത്തി പരിക്കേല്പിച്ചു. സുരാപാനത്തില്‍ മുഴുകി ലക്കുകെട്ട ആ മുഠാളന്മാര്‍ അന്നു വെളുപ്പിന് അവളുടെ കുടിലിന് തീയിട്ടു കളഞ്ഞു. ഓടി രക്ഷപ്പെടാന്‍ കഴിയാഞ്ഞിട്ടോ കൂട്ടാക്കാഞ്ഞിട്ടോ അമ്പിച്ചി ആ കുടിലിനുള്ളില്‍ വെന്തു മരിച്ചു. 

അത്യന്തം ദാരുണമായ ആ വര്‍ത്തമാനമറിഞ്ഞ് മനയ്ക്കല്‍നിന്ന് അംബികത്തമ്പുരാട്ടി നേരെ ആ വയല്‍ക്കരയിലേക്കെത്തി. തന്റെ സഖിയെന്നുതന്നെ പറയാവുന്ന ആ പുലയസ്ത്രീയുടെ മകളെ തന്റെ മകളായിട്ടാണല്ലോ തമ്പുരാട്ടി കരുതിയിരുന്നത്. അധികം വൈകാതെ അംബികത്തമ്പുരാട്ടി തനിക്കൊപ്പം വരാന്‍ തയ്യാറായ ഒരു ശൂദ്രസ്ത്രീയേയും ആ പുലയിയേയും കൂട്ടി ഒരു വള്ളത്തില്‍ കോട്ടയത്തേക്കു പോവുകയും സായിപ്പന്മാരുടെ ഗൃഹത്തിലെത്തി തങ്ങള്‍ക്ക് ക്രിസ്തുവേദത്തിന്റെ മാര്‍ഗ്ഗത്തില്‍ ചേരാന്‍ താല്‍പ്പര്യമാണെന്ന് അറിയിക്കുകയും ചെയ്തു. അതിന്മണ്ണം അവര്‍ പ്രവര്‍ത്തിക്കുകയും അയിത്താദി ആചരണങ്ങളൊന്നുമില്ലാതെ സുഹൃത്തുക്കളെപ്പോലെ ഏതാനും നാള്‍ ഒരുമിച്ചു കഴിയുകയും ചെയ്തു. 

അന്നേക്ക് 35 വയസ്സോളം പ്രായമുണ്ടായിരുന്നെങ്കിലും അതീവ സുന്ദരിയും ബുദ്ധിചാതുര്യങ്ങള്‍ക്കുടമയുമായിരുന്ന അംബികത്തമ്പുരാട്ടിയെ സായിപ്പിന്റെ കൂട്ടത്തിലുണ്ടായിരുന്ന ഒരു ക്രൈസ്തവ യുവാവ് കല്യാണം കഴിക്കുകയും അവര്‍ കോട്ടയത്തുനിന്നു തെക്കുമാറി ഒരു പള്ളിയോടു ചേര്‍ന്നു സാമാന്യം വലിയൊരു ബംഗ്ലാവു പണിത് ക്രൈസ്തവ മര്യാദകള്‍ക്കൊത്തവണ്ണം സുഖമായി ജീവിക്കുകയും ചെയ്തു. മറിയം എന്നു പുതുനാമം കൈക്കൊണ്ട അംബികത്തമ്പുരാട്ടി രണ്ടു പുത്രന്മാര്‍ക്കു ജന്മം നല്‍കുകയും അവരിലൊരാള്‍ യഥാകാലം ലണ്ടനില്‍ പോയി ഇംഗ്ലീഷ് വൈദ്യം പഠിച്ച് പെരുമയാര്‍ജ്ജിക്കുകയും ചെയ്തു.

തമ്പുരാട്ടിക്കൊപ്പമുണ്ടായിരുന്ന ശൂദ്രസ്ത്രീയെ ക്രിസ്തുവേദത്തിലേക്കു മാര്‍ഗ്ഗം കൂടിയ ഒരു ഈഴവ യുവാവാണ് മിന്നുകെട്ടിയത്. ആ ശൂദ്രസ്ത്രീക്ക് അതില്‍ തെല്ലു മനസ്താപമുണ്ടായിരുന്നെങ്കിലും അയാള്‍ കോട്ടയം പട്ടണത്തിലെ കേള്‍വിപ്പെട്ട ഒരു ഗുമസ്തനായി ധാരാളം പണം കൈക്കൂലിയായും മറ്റും സമ്പാദിച്ച് വലിയ നിലയില്‍ കഴിഞ്ഞു കൂടുകയുണ്ടായതോടെ അവര്‍ മാതൃകാ ദമ്പതികളായിത്തീര്‍ന്നു. അമ്പിച്ചിയുടെ മാതാവായിരുന്ന പുലയിക്ക് അപ്പോള്‍ വയസ്സ് നാല്പതിനടുത്തുണ്ടായിരുന്നു. എങ്കിലും അവര്‍ സാധാരണ പുലയസ്ത്രീകളെക്കാള്‍ ഓജസ്സുള്ളവളായിരുന്നതിനാല്‍ ഭൈമീകാമുകരായി ചിലരൊക്കെ എത്താതിരുന്നില്ല. ബിലാത്തിയില്‍നിന്ന് സായ്പിന്റെ ഭവനത്തില്‍ വന്നുകൂടിയിരുന്ന ഒരു കറുമ്പന്‍ സായ്പ് അവളെക്കാള്‍ തെല്ല് ഇളപ്പമായിരുന്നിട്ടു കൂടി അവളെ വേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. അതിന്‍വണ്ണം അവര്‍ സായ്പിന്റെ ഭവനത്തിലെ അടുക്കളക്കാരും പുറം പണിക്കാരുമായി ദമ്പതികളായി അവിടെത്തന്നെ കൂടി. ക്രിസ്തീയ വേദത്തിലേക്കു ചേര്‍ന്ന പുലയരാദി ഹീനജാതിക്കാര്‍ക്കായി പ്രത്യേകമൊരു പള്ളിയുണ്ടാക്കുന്നതിന്റെ ചുമതലയും പുലയരാദി ജാതിക്കാര്‍ക്കിടയില്‍ ക്രിസ്തുമാര്‍ഗ്ഗം പ്രചരിപ്പിക്കുന്നതിന്റെ ചുമതലയും ആ ദമ്പതികള്‍ക്ക് വന്നുചേര്‍ന്നിരുന്നു.

അംബികത്തമ്പുരാട്ടി മാര്‍ഗ്ഗം കൂടിയതോടെ തുപ്രനും കൂട്ടാളികളും അവിടേക്കു പോകാതാവുകയും മന വളരെ വേഗം കെട്ടുപോവുകയും ചെയ്തു. തുപ്രനാകട്ടെ, തന്റെ കൂട്ടാളികളോടൊപ്പം കൊച്ചിയിലേക്ക് പോവുകയും പില്‍ക്കാലത്ത് കൊച്ചി മുതല്‍ ലങ്ക വരെയുള്ള കടലിനെയാകെ വിറപ്പിക്കുന്ന കേള്‍വിപ്പെട്ട ഒരു കടല്‍ക്കൊള്ള സംഘത്തിന്റെ നേതാവായിത്തീരുകയും ചെയ്തു. 

ഇക്കാലത്ത് അവരുടെ വയലിലും വലിയ ചില സംഭവങ്ങളുണ്ടായി. കായല്‍ക്കരയില്‍ അമ്പിച്ചി കത്തിച്ചാമ്പലായ ഇടത്ത് അനല്പമായ ചൈതന്യമുണ്ടെന്ന് പുലയര്‍ തിരിച്ചറിഞ്ഞു. ഋതുമതികളായ പെണ്‍കുട്ടികള്‍ അമ്പിച്ചിയുടെ ചൈതന്യമറിഞ്ഞ് അവിടെയെത്തി തിരിവെക്കുന്നത് പതിവായി. ക്രമേണ അവിടെ അമ്പിച്ചിത്തറ എന്ന പേരില്‍ ഒരു കരിങ്കല്‍വിളക്കും പ്രതിഷ്ഠിക്കപ്പെട്ടു. തീണ്ടാരിക്കാലത്ത് വേദന തുടങ്ങിയ അസ്വാസ്ഥ്യങ്ങളും അധികസ്രാവം തുടങ്ങിയ പ്രശ്‌നങ്ങളുമുള്ള പുലയസ്ത്രീകള്‍ അമ്പിച്ചിത്തറയില്‍ വെറ്റില പാക്കു വെക്കുന്നതും ത്രിസന്ധ്യ നേരത്ത് തിരിവെക്കുന്നതും പതിവായി. ഇത്തരം വിഷമതകളുള്ള ഈഴവരാദി സ്ത്രീകളും ഇമ്മാതിരി ആചാരങ്ങള്‍ പാലിക്കുകയും അവര്‍ക്കൊക്കെ അനല്പമായ ആശ്വാസം കൈവരികയും ചെയ്തത് ശൂദ്രസ്ത്രീകളുള്‍പ്പെടെയുള്ളവരേയും  അമ്പിച്ചിത്തറയിലേക്ക് ആകര്‍ഷിച്ചു. 

ക്രമേണ മുപ്പട്ടു വെള്ളിയാഴ്ചകളില്‍ ത്രിസന്ധ്യ നേരത്ത് അമ്പിച്ചിത്തറയില്‍ ശൂദ്ര സ്ത്രീകള്‍ തിരി വെക്കുകയും പൂക്കളും മാലയും ചാര്‍ത്തുകയും ചെയ്യുന്നത് സാധാരണ കാര്യമായിത്തീര്‍ന്നു. ശൂദ്രസ്ത്രീകള്‍ തിരിവെച്ചു തുടങ്ങിയതോടെയാണ് അമ്പിച്ചി നിത്യാര്‍ത്തവാംബിക എന്ന പേരില്‍ ദേവീഭാവത്തിലേക്കു മാറിയത്. ആര്‍ത്തവം എന്നു പറയുന്നതിന് മടിയുള്ളവരാണ് ദേവിയുടെ പേര് നിത്യാംബിക എന്നും നിത്യാംബ എന്നും ചുരുക്കിയത്. പുലയരും ഈഴവരുമാകട്ടെ, അമ്പിച്ചിയെ തീണ്ടാരിക്കാവിലമ്മ എന്നു വിളിച്ച് ആരാധിപ്പാനും അമ്പിച്ചിത്തറ തീണ്ടാരിക്കാവ് എന്ന് അറിയപ്പെടാനും തുടങ്ങി. അങ്ങനെ ആ ദേവത തീണ്ടാരിക്കാവിലമ്മയുമായി.

തീണ്ടാരിയായി പുറത്ത് മാറിയിരിക്കുന്ന പുലയികളോ ഈഴവ സ്ത്രീകളോ മാത്രമാണ് ആദ്യകാലത്ത് അവിടെ വിളക്കുവെച്ചിരുന്നത്. ശൂദ്രസ്ത്രീകളും വന്നുതുടങ്ങിയതോടെ തീണ്ടാരിപ്പെണ്ണുങ്ങള്‍ വിളക്കുവെക്കുന്ന പതിവു നിന്നു. തീണ്ടാരിക്കാവിലമ്മ ശ്രീ മഹാകാര്‍ത്ത്യായനി തന്നെയാണെന്നു വന്നത് പ്രദേശത്തെ ഒരു വിദുഷി എഴുതി സമര്‍പ്പിച്ച ഒരു വന്ദനശ്ലോകത്തിലൂടെയാണ്. 
നിത്യാനന്ദമിയലും ശ്രീമഹാ കാര്‍ത്ത്യായനീ
സ്തുത്യാനന്ദം തരുന്നു മേ രാഗാദി രോഗാ
ദത്യാപത്തൊക്കെയിലും നിന്നു മുക്തിയി
ന്നിത്യാംബികേ ചണ്ഡികേ ശ്രീമഹേശ്വരൈ്യ നമഃ
എന്ന ഈ വന്ദനശ്ലോകം പ്രസിദ്ധമായതോടെ അമ്പിച്ചിത്തറ ക്ഷേത്ര പദവിയിലേക്ക് മാറുകയും അത് സാക്ഷാല്‍ ശ്രീഭദ്രകാളിയുടെ സാന്നിധ്യമുള്ള ഇടമായി പരിലസിക്കുകയും ചെയ്തു.

ശ്രീമാന്‍ ശങ്കുണ്ണിയവര്‍കളോടൊപ്പം ഈയുള്ളവന്‍ കായല്‍ സഞ്ചാരം നടത്തുമ്പോള്‍ ശങ്കുണ്ണിയവര്‍കള്‍ തന്നെ പറഞ്ഞ് അറിഞ്ഞിട്ടുള്ളതാണ് ഇക്കാര്യങ്ങളൊക്കെ. ഞങ്ങളുടെ യാത്രക്കാലമായപ്പോഴേക്കും തീണ്ടാരിക്കാവ് ഏതാണ്ട് കെട്ടടിഞ്ഞ് കാടുപിടിച്ച നിലയിലായിരുന്നു. എന്നാലും ഇപ്പോഴും മുപ്പട്ടു വെള്ളിയാഴ്ചകളില്‍ സ്ത്രീകള്‍ തിരിവെക്കാനെത്തുന്ന പതിവിന് ഭംഗമേതും വന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com