ചിഹ്നമില്ലാച്ചീട്ട്: അശോകന്‍ എഴുതിയ കഥ

''അരവിന്ദാ, നീ തിരക്കിലാണോ?''''അല്ല, കേള്‍ക്കാം! തിരക്കവിടെ നില്‍ക്കട്ടെ...''
ചിഹ്നമില്ലാച്ചീട്ട്: അശോകന്‍ എഴുതിയ കഥ


''അരവിന്ദാ, നീ തിരക്കിലാണോ?''
''അല്ല, കേള്‍ക്കാം! തിരക്കവിടെ നില്‍ക്കട്ടെ...''
''ചെറിയൊരു പ്രശ്‌നം... ചെറുതെന്ന് പറയാന്‍ പറ്റില്ല... എന്നാലും ഒരു കുരുക്ക്... പഴയതുപോലെ...''
ഈ അവിനാശ് ഇങ്ങനെയാണ്. ഏതെങ്കിലും പെണ്ണിനെ കണ്ട് മതിമറന്നിരിക്കണം. അതാണ് വിളിക്കുന്നത്.
''അരവിന്ദാ, നിനക്കത് ഊഹിച്ചറിയാം... പെണ്‍കാര്യം... ചെറിയൊരു സെറ്റപ്പ്...''
''പറയ്...''
''ചെറിയൊരു സെറ്റപ്പ്... അല്ല,... അതല്ല, ഇതിന് കുറച്ചൊരു ഗൗരവം കണക്കാക്കണം.''
''ങും... പറയ്!''
''എടാ, പെണ്‍ജിമ്മില്‍ ഒരുത്തി...''
വലിയ ബിസിനസ്സ് മാഗ്‌നറ്റാണ് അവിനാശ്. 
കോര്‍പ്പറേഷനിലെ ഏറെക്കുറെ എല്ലാ ജിംനേഷ്യങ്ങളും അവന്റേതാണ്. ആണിനും പെണ്ണിനും വേറെ വേറെ. ഇറക്കുമതി ഉപകരണങ്ങള്‍, ഇന്‍സ്ട്രക്ടര്‍മാര്‍, പ്രമോട്ടര്‍മാര്‍; കോര്‍പ്പറേഷന്‍ നിറയെ വിപുലമായ സംവിധാനങ്ങള്‍. ജിംനേഷ്യ ശൃംഖല കൂടാതെ പലപല എസ്റ്റാബ്ലിഷ്മെന്റ് ചെയിനുകള്‍ വേറെയുമുണ്ട്.
''അരവിന്ദാ, ഞാന്‍ അത്... അവളെ... എങ്ങനെയാ അവതരിപ്പിക്കുക?''
''ഗൗരവമല്ലേ... പറയ്യ്...''
അരവിന്ദന്റെ പ്രൊഫഷണല്‍ മിടുക്കുകളില്‍ അവിനാശിന് വിശ്വാസവും മതിപ്പുമാണ്. 
അതാണവന്‍ ഗ്രഹചാരവിചാരങ്ങള്‍ അറിയാന്‍ എന്നും അരവിന്ദനെ സമീപിക്കുന്നത്. ഓരോ പ്രവചനത്തിനുശേഷവും അവന്‍ അരവിന്ദന്റെ കഴിവുകളെ സമ്മതിച്ചു പറയും: ''അരവിന്ദാ, ആസ്ട്രോളജിയിലുള്ള നിന്റെ കഴിവുകള്‍; അതു ഞാന്‍ സമ്മതിച്ചിരിക്കുന്നു. കോര്‍പ്പറേഷനിലെ മറ്റാരെക്കാളും മികവ് നിനക്കതിലുണ്ട്!''
''അരവിന്ദാ... അത്... അത്, പഴയ എന്റെ പെണ്‍വിചാരം പോലൊന്നുമല്ല.''
''ങ്ങും.''
അവന്റെ പഴയ പെണ്‍വിചാരങ്ങള്‍. 
അതൊക്കെ അവന്റെ നൊസ്സുകളായിരുന്നു. നൊസ്സെന്നു പറഞ്ഞാല്‍ ചെറിയതരം കിറുക്കുകള്‍; പഞ്ചാരയില്‍ പൊതിഞ്ഞവ. ഇമ്പമുണ്ടാക്കാന്‍ പെണ്ണുങ്ങളുടെ മേല്‍ പലതരം ആലോചനകള്‍ അവന്‍ തിരുകിവെക്കും. അതാണവന്റെ നൊസ്സ്. എന്തിനും അവന് സാമൂഹ്യമായൊരു കനം വേണം. അവള്‍ മരിച്ചുപോയ വിപ്ലവകാരിയുടെ മകള്‍, അല്ലെങ്കില്‍ ക്ഷയിച്ച് അറ്റംവന്ന തറവാട്ടിലെ കന്യക, അതുമല്ലെങ്കില്‍ ബുദ്ധിയുണ്ടായിട്ടും എന്‍ജിനിയറിങ്ങ് പാതിവഴിക്ക് ഉപേക്ഷിച്ച് ആര്‍ട്ടിന്റെ വഴിക്ക് പോയവള്‍... പിന്നെ അവരെക്കുറിച്ചുള്ള പറച്ചിലില്‍ ആളുകളും ബന്ധങ്ങളും വന്നുനിറയും; പൊയ്പ്പോയ വിപ്ലവസ്വപ്നങ്ങള്‍, അതു കൊണ്ടുനടന്നവരുടെ മനോവേദനകള്‍; തറവാടുവളപ്പിന്റെ ആലസ്യങ്ങളില്‍ രാജിയായിപ്പോയവര്‍, അവരുടെ നൊമ്പരങ്ങള്‍; സ്വയം കണ്ടെത്താനായി കലയെ തേടിപ്പോയവര്‍... ഏതൊരുവളെക്കുറിച്ചും അവന് കാഴ്ചകളും കാഴ്ചപ്പാടുകളും ഉണ്ട്. ''ഞാനവള്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കും...'' അവിനാശ് അങ്ങനെയാണ് പറഞ്ഞുതുടങ്ങുക. 
''അരവിന്ദാ, നീ കേള്‍ക്കുന്നില്ലേ?''
''കേള്‍ക്കുന്നുണ്ട്!''
''എടാ, ഇതൊരു ഭാരതി... ഫിറ്റ്നസിന് വന്നിരിക്കുന്നവള്‍...''
''ഭാരതി, നല്ല പേര്... പേരില്‍ത്തന്നെ വല്ലാത്തൊരു പ്രത്യേകത!''
അവിനാശ് പേരിന്റെ പ്രത്യേകതയൊന്നും അത്രയ്ക്കങ്ങ് ആലോചിച്ചുവെച്ചിരുന്നില്ല. 
ഭാരതി, ഭാരതി തന്നെ. പശ്ചാത്തല വിവരണം ആവശ്യപ്പെടാത്തവളാണ് അവളെന്ന് ആദ്യ കാഴ്ചയില്‍ത്തന്നെ അവന് തോന്നിയിരിക്കുന്നു. 
''അരവിന്ദാ, ഇതിലെ ബന്ധത്തെക്കുറിച്ചും ഒഴിഞ്ഞുപോക്കിനെക്കുറിച്ചും നീ പ്രവചിക്കണം. എന്നാലെ അവളുടെ അടുത്ത് ഇറങ്ങാനാകൂ...''
താന്‍ സാധാരണ പറയാറുള്ള സ്ഥിതിവിവരണം ഭാരതിക്ക് ആവശ്യമില്ലെന്ന് അവന്‍ കരുതുന്നു. അതാണ് നേരെ ആവശ്യത്തിലേക്ക് കടന്നത്. 
''എടാ, ഭാരതി... അവള്‍ക്കൊരു കോസ്മോപൊളിറ്റന്‍ സ്വഭാവമാണ്. ഉടലിനും മനസ്സിനും...''

ഇതുവരെ കണ്ട പെണ്ണുങ്ങളെപ്പോലെ നീന്തിക്കടക്കാന്‍ പാകത്തില്‍ ആഴമില്ലാത്ത നദിയല്ല അവളെന്ന് അരവിന്ദന്‍ ഗ്രഹിച്ചിരിക്കുന്നു. അവന് അതൊരു കടലായിരിക്കണം. ഭാരതിയെന്ന പേരില്‍ അതുണ്ട്; ഒരുതരം ഗ്രാവിറ്റിയും ഗ്രേയ്സും; ആഴക്കടലുപോലെ. സാമൂഹ്യശാസ്ത്രം, സയന്‍സ്, കള്‍ച്ചര്‍- ഒന്നിന്റേയും റഫറന്‍സില്‍ അവളെ അവന് വിലയിരുത്താന്‍ ആകുന്നുണ്ടാകില്ല. അതാണ് സാധാരണയില്ലാത്ത വാക്കുകളും വേച്ചുപറച്ചിലും. അവന്‍ കണ്ടെടുക്കുന്ന പെണ്ണിനെ വീഴ്ത്താനുള്ള സൂത്രങ്ങള്‍ അവന്റെ കൈയിലുണ്ട്. എന്നിട്ടും അവന്‍ പ്രവചനങ്ങളില്‍ വിശ്വസിക്കുന്നു. അനുകൂലതകള്‍ എത്ര വരുമെന്ന് അവന് അളന്നെടുക്കണം. അതറിയാനാണ് ഗ്രഹനില നോക്കാന്‍ പറയുന്നത്.
''അ... ത്... അതൊരു പ്രത്യേകതയാണ്...''
''അവിനാശ്, ഒരു മിനിട്ടേ, ഒന്ന് ഹോള്‍ഡ് ചെയ്തേ...''
സംസാരത്തിനിടെ അരവിന്ദന്‍ അടുക്കളയിലേക്ക് കടക്കുന്ന പൂച്ചയെ കണ്ടു. 
ഇവിടെങ്ങും ഇതുവരെ കാണാത്ത പൂച്ചയാണത്. പമ്മിക്കയറുന്ന അതിനെ തുരത്താനായി അരവിന്ദന്‍ ഒച്ചവെച്ചോടി...
''...ങ്ഹ്. അവിനാശേ, പറയ്...''
''അരവിന്ദാ, അവിടെ നിന്റെ ആകാശത്ത് മഴവില്ലു വീണോ! നീ ഓടിച്ചാടുന്നത് കേട്ടു!...''
ഇവിടെ ആകാശത്ത് മഴവില്ല് പൂത്തെന്നത് അവന്റെ തോന്നലാണ്. കാര്യം, കള്ളപ്പൂച്ചയാണ്. 
പൂച്ച ഇവിടുത്തേയ്ക്ക് വലിഞ്ഞുകേറി വരുന്നത് ഫോണിന്റെ അങ്ങേ അറ്റത്തിരിക്കുന്നയാള്‍ എങ്ങനെ അറിയാനാണ്! ദൈവത്തോടായാലും ഇത്തരം സന്ദര്‍ങ്ങളില്‍ മനുഷ്യന്‍ സംസാരം നിര്‍ത്തുകയാണ് പതിവ്.
''അവിനാശേ, പറയ്യ് എന്താ... എന്താ അവളുടെ പ്രത്യേകത?''
''ങ്ങും... അവളുടെ തലമുടി, കണ്ണ്, ചുണ്ടുകള്‍, മാറിടം, വയറ്, പിന്‍ഭാഗം ഒക്കെ എനിക്ക് മനസ്സിലാക്കാം. പക്ഷേ, അതിലൊന്നും ഒന്നുമില്ല...''
അതിലൊക്കെ പലതും ഉണ്ടെന്നാണ് അവന്‍ ഇതുവരെ പറഞ്ഞിരുന്നത്. 
വന്നുപോയ പെണ്ണിലൊക്കെ അവനെ ആകര്‍ഷിച്ചടുപ്പിച്ചത് അവയൊക്കെ ആയിരുന്നു. അവയവങ്ങളുടെ പ്രത്യേകതകള്‍, മാതിരികള്‍, വടിവുകള്‍, അലങ്കാരങ്ങള്‍, വെടിപ്പുകള്‍.
''അത്... അവളുടെ പാദം, പാദത്തിലാണ് കാര്യം... അതില്‍ നിറയെ രതിയാണ്!''
''പാ... ദം?''
''അതെ!''
പാദത്തെക്കുറിച്ചുള്ള എല്ലാ പ്രവചനവും തെറ്റും!
അതങ്ങനെയാണ്, അനര്‍ത്ഥം ഭവിക്കും! 
ഇതിലും മറിച്ചാകാന്‍ വഴിയില്ല. പാദം എന്ന ശബ്ദംതന്നെ അങ്ങനൊരു വിത്തിനെ പേറുന്നുണ്ട്. ഒരാളുടെ നിലയെ കുറിക്കുന്ന, അടിസ്ഥാനത്തെ കുറിക്കുന്ന ഓര്‍മ്മപ്പെടുത്തലാണത്. 
''അരവിന്ദാ, നീയത് നോക്കണം; ഗ്രഹനില ഗണിക്കണം. ഭാരതിയെക്കുറിച്ച് എനിക്ക് പനിച്ചുതുടങ്ങി...''
പാദത്തെക്കുറിച്ചുള്ള കഥകളിലൊക്കെ പനിയുണ്ട്, അപായങ്ങളുമുണ്ട്.
പുരാണത്തിലായാലും പൂതായണത്തിലായാലും അതങ്ങനെതന്നെ. 
പുരാണത്തിലെ നഹൂഷന്റെ കഥ അതാണ്. ഇന്ദ്രാണിയുടെ പാദത്തിലാണ് നഹൂഷന്‍ രതി കണ്ടത്. കാമാത്മാവായത്. അതാണയാളെ വീഴ്ത്തിയത്; പെരുമ്പാമ്പിന്റെ ജന്മം നല്‍കിയത്. പെരുമ്പാമ്പ് ഒരു നുണയോ കെട്ടുകഥയോ ആണെന്നു പറയാന്‍ പറ്റില്ല. പെരുമ്പാമ്പ് ഭൂമുഖത്തുണ്ടെങ്കില്‍ നഹൂഷനും ഉണ്ടായിരുന്നു. അത് കഥകളിലെ സൂര്യചന്ദ്രന്മാരെ പോലയാണ്. അവ കഥയിലുണ്ട്; അവ യാഥാര്‍ത്ഥ്യത്തിലും ഉണ്ട്. ആള്‍നോയിപ്രഭുവിന്റെ പൂതായണവും അങ്ങനൊരു പാദകഥയാണ്. രാജ്ഞിഎലിസബത്തിന്റെ പാദത്തില്‍ രമിച്ചതിനാണ് ആള്‍നോയിപ്രഭു വെടിയേറ്റ് ഭൂമിയില്‍ ഇഴഞ്ഞത്. അതൊരു വലിയ അപായമാണ്. വെടിയേറ്റ് ഭൂമിയില്‍ ഇഴയുന്നതോ പെരുമ്പാമ്പായി മാറുന്നതോ അല്ല അപായം; പാദത്തില്‍ രതികാണുന്നതും അതില്‍ രമിക്കുന്നതും.
ഭാരതിയുടെ പാദത്തില്‍ അവന്‍ അടിപതറി വീഴും! 
ഒരാളുടെ വീഴ്ച മറ്റൊരാള്‍ പ്രവചിക്കാന്‍ പാടില്ലാത്തതാണ്. 
വീണവരുടെ കഥകളൊന്നും അവിനാശ് കേള്‍ക്കില്ല. അതൊക്കെ മോറല്‍ സയന്‍സ്, മാര്‍ക്ക് കിട്ടാന്‍ പഠിച്ച ഗുണപാഠ കഥകള്‍ എന്നൊക്കെയാണ് അവന്‍ പറയുക. എന്നാലും ഒരാള്‍ക്ക്, അയാള്‍ ഏതൊരാളായാലും തുണ്ടുകടലാസില്‍ ''നിന്റെ മരണം അടുത്തു'' എന്നു കുറിച്ചുകൊടുക്കുന്നതിനു പകരം പെരുമ്പാമ്പായോ വെടിയേറ്റോ ഇഴയുന്നതിന്റെ കഥ പറഞ്ഞ് അറിയിക്കുന്നതിലാണ് മനുഷ്യത്വവും ആദരവും. എനിക്കും അത് അങ്ങനെയേ ചെയ്യാനാകൂ. എനിക്ക് മറ്റുള്ളവരോട് മനുഷ്യത്വവും ആദരവും സൂക്ഷിക്കണം.
''അവിനാശേ, നിന്റെ ഭാരതി... ഭാരതിയുടെ പാദത്തെപ്പറ്റി ഞാനൊരു കഥ പറയട്ടെ?''


''വേണോ... അരവിന്ദാ, നിനക്കറിയില്ലേ എന്റെ തിരക്ക്... പിന്നെ കഥകള്‍, അതൊന്നും കൊള്ളാത്തതാണെന്റെ മനസ്സ്. കോളേജില്‍ ഞാന്‍ സയന്‍സും നീ ഭാഷയും പഠിച്ചതിന്റെ കേടാണത്...''
''കേട്ടാല്‍ നല്ലത്.''
''വേണ്ട! നീ പ്രവചിച്ചാല്‍ മതി. അവളിലേക്കുള്ള എന്റെ ദൂരം, പോക്കുവരവുകള്‍; അതൊക്കെ. ഇതുവരെ ചെയ്തതുപോലെ ഷാര്‍പ്പായി, ഗ്രഹത്തിന് ഗ്രഹം ചേര്‍ത്ത്...''
''ശ്രമിക്കാം...''
''ങ്... അന്നു വരുമ്പോ കുറിച്ചു വന്നാല്‍മതി. പ്രദര്‍ശനമത്സരത്തിന്റെ അന്ന്. ഭാരതിയെ നിനക്ക് അവിടെ കാണാം. അവള്‍ക്കുവേണ്ടി എനിക്ക് ചില പദ്ധതികളൊക്കെ ഉണ്ട്. ഇത് അറിഞ്ഞിട്ട് അത് നോക്കാം...''
''ശരി...''
പ്രദര്‍ശനമത്സര ദിവസം വന്നു.
അവിനാശിനെ കാണാന്‍ അരവിന്ദന്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക് പോയി.
അവിടെ ആള്‍ത്തിരക്കായിരുന്നു. 
കോര്‍പ്പറേഷന്‍ പരിധിക്കുള്ളിലെ ജനം മുഴുവനും അവിടേക്ക് ഒഴുകുകയാണ്.
സ്റ്റേഡിയം ഓഫീസിനു പുറത്ത് അവിനാശിനെ കാണാന്‍ നില്‍ക്കുകയായിരുന്നു അരവിന്ദന്‍. 
ഗാലറിയിലേക്ക് നടക്കുന്നവരുടെ ഭാവങ്ങള്‍ ഒരുപോലാണ് എന്നത് അയാള്‍ ശ്രദ്ധിച്ചു. 
അത് ശരിയായിരുന്നു. ഒരേയിടത്ത്, ഒരേ കളി കാണാന്‍ കൂടുന്നവരുടെ സമാനത; അതാണവരുടെ മുഖത്ത് തെളിയുന്നത്. മറ്റെല്ലാ ഭാവവും മാറ്റിവെക്കാന്‍ അത് അവരോട് ആവശ്യപ്പെടുന്നുണ്ടാവണം. യുദ്ധങ്ങളിലും ഉത്സവങ്ങളിലും അതങ്ങനെയാണ്...
അവിടെയുള്ള നില്‍പ്പില്‍ അരവിന്ദന് മുഷിവു തോന്നിത്തുടങ്ങി.
''അവിനാശ്, കളിക്കളത്തിലായിരിക്കും. ഇന്നിനി കാണാന്‍ തരമില്ല.''
ഓഫീസിന് അകത്തുണ്ടായിരുന്ന ഒരുവള്‍ പുറത്തിറങ്ങിവന്ന് അരവിന്ദനെ അറിയിച്ചു.
''ഇനി വിധിയാണ് അവനെ വഴി നടത്തുക!'', അവിനാശിനെ അവിടെവെച്ച് കാണാനിടയില്ലെന്ന വിചാരത്തില്‍ അരവിന്ദന്‍ തന്നോടു തന്നെ പറഞ്ഞു.
തന്റെ ബാഗില്‍ കരുതിവെച്ച കുറിപ്പ് തപ്പിനോക്കി അത് അവിടെത്തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനിടെ അരവിന്ദന്‍ അതിലെഴുതിയ വാചകത്തെക്കുറിച്ച് ഓര്‍ത്തു.
''പെരുമ്പാമ്പായോ വെടിയേറ്റോ ഇഴയേണ്ടിവരും.''
ഒരുപക്ഷേ, അവിനാശിനെ കാണാത്തതു നന്നായി എന്നു തോന്നി അയാള്‍ക്ക്. ഗ്രഹനിലയാണ് കുറിപ്പില്‍ പറയുന്നതെങ്കിലും അതിന്റെ എഴുത്തില്‍ എന്തോ പോരായ്കയോ പ്രച്ഛന്നതയോ ചുവയ്ക്കുന്നുണ്ടായിരുന്നു. വീട്ടില്‍നിന്നും ഇറങ്ങുമ്പോഴേ ഉള്ളില്‍വന്ന വിചാരമായിരുന്നു അത്.
''മരണമെന്ന വാക്ക് അതില്‍ ഇല്ലായിരുന്നു. പക്ഷേ, മരണത്തെ അത് പേറുന്നുണ്ട്. ഭാഷാസൂത്രം അറിയാവുന്ന കവിയെപ്പോലെയാണ് ഞാന്‍ അതില്‍ മരണത്തെ അടക്കിയത്.'' കുറിപ്പായി എഴുതിയതിന്റെ പ്രച്ഛന്നതയെക്കുറിച്ചുള്ള വിചാരങ്ങള്‍ക്കിടെ അരവിന്ദന്‍ തന്റെ വാക്കുകള്‍ക്ക് സ്വയം കണക്കുവെച്ചു.
ഗാലറിയിലെ മൈക്കില്‍നിന്നും സ്വാഗത അറിയിപ്പ് വന്നുകൊണ്ടിരുന്നു.
അരവിന്ദന്‍ ഗാലറിയിലേക്ക് നടന്നു.

ഇത്തരം കായികക്ഷമതാ മത്സരങ്ങള്‍ കോര്‍പ്പറേഷനില്‍ ഈയിടെയായി പതിവാണ്. കോര്‍പ്പറേഷന്‍ മേയറാണ് അതിന് തുടക്കമിട്ടത്. മേയര്‍ക്ക് തന്റെ മത്സരബുദ്ധിയെന്ന ദുര്‍ബ്ബല നിമിഷത്തില്‍ തോന്നിയ തോന്നലായിരുന്നു അത്; ഒന്ന് ആരോടെങ്കിലും ശക്തിപരീക്ഷണത്തിനു മുതിരാമെന്നത്. കോര്‍പ്പറേഷന് അതുണ്ടാക്കുന്ന അധിക ചെലവിനെക്കുറിച്ചുള്ള ആലോചനയൊന്നും മേയറുടെ തലയില്‍ ഉദിച്ചിരുന്നില്ല. മത്സരത്തോടെ മേയര്‍ ദൈവത്തെപ്പോലെ അതിശക്തനായി. പിന്നീട് അതൊരു ഫാഷനായി, ഏത് മേഖലയിലുള്ളവരും പരസ്പരം പിടിച്ചു ശക്തി തെളിയിക്കുന്ന പ്രദര്‍ശനമത്സരമായി മാറി. സിനിമാക്കാര്‍, ക്രിക്കറ്റര്‍മാര്‍, ഫുട്ബോളര്‍മാര്‍, ആര്‍ട്ടിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍- ആരും ആരോടും മത്സരക്കളി തന്നെ. ടിക്കറ്റുവച്ചും സ്പോണ്‍സര്‍ഷിപ്പ് വഴിയും ആളുകള്‍ അതിനു പണം സ്വരൂപിച്ചുവന്നു.
ഗാലറിയില്‍ ആള്‍ നടക്കുന്ന ഇടവരിക്കടുത്ത തുടക്കസീറ്റില്‍ അരവിന്ദന്‍ ഇരിപ്പ് കണ്ടെത്തി.

അയാളുടെ മനസ്സില്‍ അവിനാശിന്റെ വിധിക്കടലാസായിരുന്നു.
അങ്ങനെയാണ് വിധിയെങ്കില്‍ അവിനാശ് ഇല്ലാതാകും... അയാളുടെ എല്ലാ എസ്റ്റാബ്ലിഷ്മെന്റുകളും മണ്ണടിയും... 
അരവിന്ദന്റെ മനസ്സ് ഒരോന്നു നിരൂപിച്ചുകൊണ്ടിരുന്നു.
അവിനാശിന് കോര്‍പ്പറേഷനില്‍ ജിംനേഷ്യം ശൃംഖല മാത്രമല്ല ഉള്ളത്. അവിടുത്തെ പേ-ടോയ്ലറ്റുകള്‍, ഇ-ടോയ്ലറ്റുകള്‍ എല്ലാം അവന്റേതാണ്. അവന് പണം പെയ്തുകൊടുക്കുന്ന മരങ്ങളാണവ. അവന്റെ പശുവിറച്ചി ഉല്‍പ്പാദനകേന്ദ്രമാണ് ഏറ്റവും പണം ചുരത്തുന്ന സ്ഥാപനം. പശുവിറച്ചി എന്നു പറഞ്ഞാല്‍ യഥാര്‍ത്ഥ പശുവിറച്ചിയെ വെല്ലുന്ന വെജ്-പശുവിറച്ചി. പശുവിറച്ചിയുടെ അതേ രുചിയും മണവും കാഴ്ചയുമുള്ള റഡ്മീറ്റ്. ഒരിക്കല്‍ കഴിച്ചാല്‍ പിന്നെയും പിന്നെയും കഴിക്കും, അത്രയ്ക്കും ഇറച്ചിസ്വഭാവമാണതിന്. 

അവിനാശ് സയന്‍സ് പഠിച്ചതിന്റെ ബലമാണത്. ധാന്യപ്പൊടി രാസപദാര്‍ത്ഥങ്ങളില്‍ വിളയിച്ച് എങ്ങനെ പശുവിറച്ചി ഉണ്ടാക്കാമെന്ന് അത് അവന് അറിവുകൊടുക്കുന്നുണ്ട്. ഭാഷയാണ് എന്റെ പഠിപ്പ്. അതാണ് എനിക്ക് പ്രവചനങ്ങളെഴുതി ഞെരുങ്ങി ജീവിക്കേണ്ടിവരുന്നത്...
തന്റെ പണസ്ഥിതിയെക്കുറിച്ചുള്ള ആലോചനയില്‍ അരവിന്ദന് നിരാശ തോന്നി. 
അടുത്തുവന്നിരുന്ന പെണ്‍കുട്ടിയെ നോക്കി അരവിന്ദന്‍ ചിരിച്ചുകൊണ്ട് ഒന്നനങ്ങിയിരുന്നു.

പെണ്‍കുട്ടി അയാളെ അഭിവാദ്യം ചെയ്തു. അയാള്‍ തിരിച്ചും. 
അരവിന്ദന്‍ അവളുടെ പാദങ്ങളിലേക്ക് നോക്കി.
അതൊരു പ്രേരണയായിരുന്നു; ഭാരതിയുടെ പാദം ഇളക്കിവിട്ട ഓര്‍മ്മ. 
കൈവെച്ച് മുഖത്തിന്റെ വശം മറച്ചുകൊണ്ടുള്ള കാണാനോട്ടമായിരുന്നു അയാളുടേത്. അവളപ്പോള്‍ കൈക്കണ്ണാടി നോക്കി ലിപ്സ്റ്റിക്കിന്റെ കനം മാഞ്ഞത് ചുണ്ടുകള്‍ കോട്ടിയടച്ചും നിവര്‍ത്തിയും നേരെയാക്കുകയായിരുന്നു. അതയാള്‍ക്ക് അവള്‍ കാണാതെയുള്ള നോട്ടത്തിനു സൗകര്യമൊരുക്കി. 
അവളുടെ കാല്‍പ്പാദം തിളക്കമുള്ള ചുമപ്പ് ഷൂസില്‍ പൊതിഞ്ഞിരുന്നു. അതിന്റെ ചുമപ്പിന് നിഗൂഢരസം അനുഭവിപ്പിക്കാന്‍ ആകുന്നുണ്ട്. ചുമപ്പിന്റെ അഞ്ചിപ്പ് ഇവിടെങ്ങും കാണാത്തതാണ്; മരങ്ങള്‍ക്കോ ജീവികള്‍ക്കോ പദാര്‍ത്ഥങ്ങള്‍ക്കോ അങ്ങനൊരു നിറമില്ല. പുറംരാജ്യത്തെ തയ്യാറിപ്പായിരിക്കണം അത്. 
പെണ്‍കുട്ടിയുടെ ഷൂസിന്റെ അനുഭവത്തില്‍നിന്നും മാറി അരവിന്ദന്‍ കളിയിടത്തിലേക്കു നോക്കി.

ഗാലറിയില്‍നിന്നും മൈതാനത്തിലേക്കുള്ള കാഴ്ച; അത് ഗാലറിയില്‍ എവിടെ ഇരുന്നാലും നേര്‍ക്കുനേര്‍ ആയിരിക്കുമെന്നത് തെറ്റായ വിചാരമായിരുന്നു. ഒരുപക്ഷേ, കളികളില്‍ ഏര്‍പ്പെട്ടവരെ കാണുമ്പോള്‍ അതങ്ങനെ ആയെന്നു വരാം. ചലിച്ചുകൊണ്ടിരിക്കുന്ന കളിക്കാരന്‍ ഏതെങ്കിലും അവസരത്തില്‍ കാഴ്ചക്കാരന്റെ നേര്‍ക്കുനേര്‍ വരുന്നതോ കാണുന്നതോ ആയ സന്ദര്‍ഭം മാത്രമാണത്. അതിനെ ഗതികമായൊരു കാഴ്ച എന്നേ പറയാനാകൂ. വീട്ടിലിരുന്നാല്‍, ടിവിയില്‍ എല്ലാ സമയവും നേര്‍ക്കുനേര്‍ കാഴ്ചയോ ക്ലോസപ്പുകളോ ആയി മുഴുവന്‍ കളിയും കാണാനാവുമായിരുന്നു. 
ഗാലറികളിലെ കാഴ്ചയുടെ പരിമിതിയെക്കുറിച്ചുള്ള ആലോചനയ്ക്ക് തടവുവീഴ്ത്തി അരവിന്ദന്റെ മനസ്സിലേക്ക് അവിനാശിന്റെ വിധിക്കുറിപ്പ് എഴുന്നുനിന്നു.

മത്സരപ്രദര്‍ശനത്തിന്റെ അന്നു കാണാമെന്നത് അരവിന്ദന്റെ നിര്‍ബന്ധമായിരുന്നു. എനിക്കവന് അങ്ങനെയെന്നു വാക്കും കൊടുക്കേണ്ടിവന്നു. അവനെ കണ്ടുകിട്ടിയില്ല. അവനെ കാണാതെ കളികണ്ടു മടങ്ങുക എന്നത് അസംബന്ധമാണ്. അതും ആളുകളെ ചെറുതായ രൂപങ്ങളില്‍, അടുത്തല്ലാതെ, തീരുന്നതുവരെ കണ്ടിരിക്കുക; അതാണ് കളി കാണുന്നതിനെ കൂടുതല്‍ അസംബന്ധമാക്കുന്നത്. 

കളി കാണാതെ പോയാലോ എന്ന ആലോചനയായി അരവിന്ദന്.
നോ, ഏതായാലും വന്നില്ലേ... ഭാരതി, ഭാരതിയെ നേരെ കാണാമല്ലോ! 
അരവിന്ദന്റെ മനസ്സില്‍ ഭാരതിയുടെ രതിപാദത്തിന്റെ രൂപം ഭവിച്ചുവന്നു.
അത് താമരനൂലുകൊണ്ട് നിര്‍മ്മിച്ചതായിരിക്കണം; പട്ടുപരുവത്തില്‍ ലോലമായത്. അതേ മണം, അതേ വെണ്‍മയം... ഒരാഗ്രഹത്താല്‍ എങ്ങനെയും ആകൃതിവെപ്പിക്കാനാകുന്ന കുഴപ്പരുവമായിരിക്കും അതിന്...
മത്സരം തുടങ്ങുന്നതിനുള്ള അറിയിപ്പിനൊപ്പം സ്വാഗതപ്പാട്ടു കേട്ടുതുടങ്ങി.
കളിക്കളത്തിലേക്കുള്ള പ്രകാശത്തിന്റെ തികവ് ആയിരം മടങ്ങ് കൂടിവരുന്നത് അരവിന്ദന് കാണാനായി. തെളിഞ്ഞുകത്തുന്ന വൃത്തദേശമായി അത്. ഗാലറിയിലെ ഇരുളില്‍ ഇരുന്നുകൊണ്ടുള്ള അതിന്റെ കാഴ്ച അപാരമായൊരു വെളിച്ചവിരുന്നായിരുന്നു. 

സംഗീതത്തിന്റെ അകമ്പടിയില്‍ വൃത്തദേശത്തിലേക്ക് പെണ്‍കളാണ് ആദ്യം വന്നത്. വശംമാറിനിന്ന അവര്‍ക്കടുത്തേക്ക് മത്സരാര്‍ത്ഥികളായ ആണ്‍കളും വന്നു. ഒരാള്‍ക്ക് കയറിക്കിടന്നു കളിക്കാവുന്ന വായുനിറച്ച പലനിറപ്പന്തുകള്‍ ആള്‍ക്കണക്കായി അവിടുത്തേക്ക് ഒഴുകി എത്തിക്കൊണ്ടിരുന്നു. പന്തിന്റെ വരവുനിന്നതോടെ പെണ്ണും ആണും അതിന്മേല്‍ കമഴ്ന്നും മലര്‍ന്നും കിടന്ന് കളിയിലേര്‍പ്പെട്ടു. അതൊരു സജീവമായ ജീംനേഷ്യമായി മാറി.
പന്ത് പെട്ടിയാലോ? 

അവര്‍ കസര്‍ത്തുകാട്ടുന്ന പന്തിനെക്കുറിച്ച് അരവിന്ദന് വേവലാതി തോന്നി.
അരവിന്ദന്റെ വേവലാതിയില്‍ അടുത്തിരിക്കുന്ന പെണ്‍കുട്ടി പറഞ്ഞു:
''ഇല്ല ചേട്ടാ, അത് പൊട്ടില്ല. പൊട്ടിയാലും അത് കളിക്കുന്ന ആളിനെ പൊതിഞ്ഞുമൂടി ശ്വാസം കെടുത്തില്ല. പൊട്ടുകില്‍ അത് താഴേക്കേ പൊട്ടൂ. എന്നിട്ട്, നിലത്തെ പൊതിയും. അതൊരു ഇന്‍ബില്‍ട്ട് സൂത്രമാണ്.''
അരവിന്ദന്‍ ഇരിപ്പില്‍നിന്നും അനങ്ങിയിരുന്നു. പെണ്‍കുട്ടിയെ നോക്കി ചിരിച്ചു.
''ഇവള്‍ ജിംനേഷ്യത്തില്‍ കളിക്കുന്നവളായിരിക്കും.''
അവളെക്കുറിച്ചുള്ള അയാളുടെ ഊഹം ശരിയല്ലായിരുന്നു.
പെണ്‍കുട്ടിയെ വിട്ട് അരവിന്ദന്‍ കളിസ്ഥലത്തേക്ക് നോക്കി.
പെണ്ണുമാണും അവിടെ പ്രദര്‍ശനക്കളി കളിച്ചുകൊണ്ടിരുന്നു.
പന്തിന്മേല്‍ മലര്‍ന്നും കമഴ്ന്നും കിടന്നു ചെയ്യുന്ന കളിക്ക് എന്തോതരം അശ്ലീലച്ചുവയുണ്ടെന്ന് അരവിന്ദനു തോന്നി. അതിനു വഴിവെച്ചത് പെണ്ണിന്റെയും ആണിന്റെയും ജിം സ്യൂട്ടാണ്. തുടകള്‍ക്കിടയിലെ വണ്ണിപ്പ്, അത് അവിടത്തെ പെരുപ്പിച്ചും ആകൃതിവെപ്പിച്ചും കാട്ടുന്നതായിരുന്നു. വണ്ണിപ്പിനും രൂപത്തിനും വേണ്ടിതരമായ ഉപാധികള്‍ അവര്‍ അവിടെ തിരുകിവെച്ചിരിക്കണം...

ആലോചനയ്ക്കിടെ അരവിന്ദന്‍ അടുത്തിരിക്കുന്ന പെണ്‍കുട്ടിയെ പാളിനോക്കി. അവളുടെ കണ്ണുകള്‍ അയാളുടെ സന്ദേഹിയെ തിരിച്ചറിഞ്ഞു.
''ചേട്ടാ, അത് മറ്റൊന്നുമല്ല, അവിടം എടുപ്പിച്ചുകാട്ടുന്ന അണ്ടര്‍വെയറുകളാണ്. പെണ്ണിന് കാമല്‍ ടോ, ആണിന് കാമല്‍ ഡോ.''
അരവിന്ദന് തന്റെ അറിവുകേടില്‍ സങ്കോചം തോന്നാതിരുന്നില്ല. കൃത്രിമമായ പശുവിറച്ചിപോലെ ഇതുകളും സയന്‍സ് തരുന്ന വസ്തുലോകത്തിന്റെ സൗകര്യങ്ങളാണ്.

വസ്തുലോകം തരുന്ന സൗകര്യങ്ങളെക്കുറിച്ചായി അരവിന്ദന്റെ ആലോചന.
വസ്തുക്കളും ഉപകരണങ്ങളും ശരീരത്തെ അധികരിപ്പിക്കുകയാണ്. ശരീരത്തെ അധികരിപ്പിക്കുന്ന പല ഉപകരണവിദ്യകളും എനിക്ക് പഠിക്കേണ്ടതുണ്ട്...
ആലോചനയ്ക്കിടെ, പെട്ടെന്ന് പൊട്ടിവീണതുപോലാണ് മറ്റൊരു തോന്നല്‍ അയാളുടെ മനസ്സിനെ കൊളുത്തിയത്. 
അരവിന്ദനില്‍ അതുണ്ടാക്കിയത് സംശയനിവൃത്തിയല്ല, അങ്കലാപ്പാണ്.
അടുത്തിരിക്കുന്ന ഇവള്‍ക്ക് എന്റെ മനസ്സ് വായിക്കാനറിയാം!
അയാള്‍ പെണ്‍കുട്ടിയെ ഭയന്നുതുടങ്ങി.
ഇനിയിവിടെ ഇരുന്നാല്‍ പന്തിയാവില്ല. ഭാരതിയുടെ പാദങ്ങള്‍ കാഴ്ചപ്പുറത്തെങ്ങാനും വന്നാല്‍ എന്റെ മനസ്സില്‍ രതിനിറയും. ഇവള്‍ക്കത് ഗ്രഹിച്ചെടുക്കാനുമാകും. പൊതുസ്ഥലങ്ങളില്‍ നിയമങ്ങള്‍ കൃത്യതയോടെ പാലിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും. എന്റെ മനസ്സിലിരിപ്പുകളെ എനിക്ക് വിശ്വാസമില്ല. അത് മാറുന്നത് എപ്പോഴാണെന്ന് പറയാന്‍ വയ്യ. അപകടം പിണഞ്ഞാല്‍ തടയാനോ താങ്ങാനോ ആകില്ല.
അരവിന്ദന്‍ ഫോണ്‍ടോര്‍ച്ച് തെളിച്ചുകൊണ്ട് ഇടവരിയിലൂടെ പുറത്തേക്ക് നടന്നു.


അവിനാശിന്റെ കുറിപ്പ്?
അത് അടുത്ത ദിവസം കൊടുക്കാമെന്ന് അയാള്‍ ചിന്തിച്ചു.
വിധിയാണ് അവിനാശിന്റെ മേല്‍ കളിക്കുന്നത്. അതില്‍നിന്നും അവന് മാറിപ്പോകാനാകില്ല!
വീട്ടിലേക്കുള്ള വഴിയില്‍ അരവിന്ദന്‍ പെരുമ്പാമ്പിനെക്കുറിച്ച് ഓര്‍ത്തു.
''അതൊരു പാവം ജീവിയാണ്, മനുഷ്യ കായത്തിന് ഉതകുന്ന മരുന്ന്.''
പണ്ട് വല്യമ്മ അങ്ങനൊന്നിനെപ്പറ്റി വീട്ടില്‍ പറയാറുണ്ട്.
വല്യമ്മയുടെ പച്ചയായ അനുഭവം തന്നെയാണത്.
കാലില്‍ വാതപ്പൊട്ടുമായി നരകിച്ച വല്യമ്മയ്ക്ക് മരുന്നുമായി വന്ന പെരുമ്പാമ്പ്.
''കാലിലെ വ്രണം കരിയാന്‍ പെരുമ്പാമ്പിന്റെ നെയ്യ് സേവിക്കണം!'' അവസാനത്തെ വൈദ്യന്റെ കല്പനയുമായി അവരുടെ ഭര്‍ത്താവ് ഉഴറിനടന്നു. വല്യമ്മ പറഞ്ഞു: ''കുറച്ച് കാക്കുന്നേ, അവന്‍ എന്നെത്തേടി വരുന്നുണ്ട്!'' അവള്‍ ഭ്രാന്തു പറയുന്നതാണെന്ന് വല്യച്ഛന്‍ കരുതി. വല്യമ്മ പറഞ്ഞത് നേരായിരുന്നു. എവിടുന്നാണ് എന്നറിയില്ല, പെരുമ്പാമ്പ് വീട്ടുവളപ്പിലേക്ക് വന്നു. വല്യച്ഛന്‍ അവനെ കാണും മുന്നേ വല്യമ്മ അവനെ കണ്ടു. അവന്‍ വല്യമ്മയുടെ വ്രണിച്ച കാല്‍പ്പാദം തഴുകി. എന്നിട്ട് പറമ്പിലേക്ക് പോയി. വാകമരത്തിന് വാലും വേപ്പിന് തലയും ചുറ്റി അവന്‍ ഉടല്‍ വലിവാക്കി കിടന്നു. വല്യൊരു പാലമാണ് അതെന്ന് എല്ലാവരും പറഞ്ഞു. വല്യച്ഛന് അവന്റെ ഉടലില്‍ കൈപായിക്കാന്‍ പാകത്തിലായിരുന്നു കിടപ്പ്. രാകിയ പിച്ചാത്തിയും ചാക്കുസൂചിയും തടനൂലുമായി വല്യച്ഛന്‍ പണിതുടങ്ങി. പെരുമ്പാമ്പിന്റെ കീറിയ ഉടലില്‍നിന്നും പാത്രത്തിലേക്ക് നെയ് ചുരന്നു. നെയ് വരവ് നിലച്ചപ്പോള്‍ വല്യച്ഛന്‍ തടനൂലുകൊണ്ട് അവന്റെ ഉടലു ചേര്‍ത്തു തുന്നി. പതിന്നാലുനാള്‍ അവന്‍ അവിടെ, വാകയ്ക്കും വേപ്പിനും കുറുകെ അങ്ങനെ പാലമായി കിടന്നു. പതിഞ്ചാം നാള്‍, നിലാവു മൂത്ത പാതിരാനേരത്ത് അവന്‍ പതിഞ്ഞൊരു ശീല്‍ക്കാര ശബ്ദമുണ്ടാക്കി. വ്രണം കരിഞ്ഞുതുടങ്ങിയ തന്റെ കാല്‍പ്പാദത്തില്‍ വല്യമ്മ അതു കേട്ടു. അവര്‍ കിടക്കവിട്ടെഴുന്നേറ്റ് മച്ചിന്‍മേലേക്കുള്ള ഏണിപ്പടി കയറി. അവരുടെ നടപ്പിന് വേദനയോ വേഗക്കുറവോ ഇല്ലായിരുന്നു. അവിടുത്തെ കിളിവാതിലില്‍ക്കൂടി വല്യമ്മ പുറത്തേക്കു നോക്കി. യൗവ്വനത്തില്‍ രഹസ്യകാമുകനെ നോക്കുന്ന അതേ കിളിവാതിലും അതേ നോട്ടവുമായിരുന്നു അത്. വേപ്പുമരത്തില്‍നിന്നും തലച്ചുറ്റഴിച്ച് പെരുമ്പാമ്പ് നിലത്തേക്ക് ഇറങ്ങി. അവന്‍ മണ്ണില്‍ വലംചാരിയും ഇടംചാരിയും വലിഞ്ഞയഞ്ഞ് തിരയുന്നതാണ് കണ്ടത്. തുന്നിക്കുത്തിയ തടനൂലിന്റെ ഇറുക്കം അയവാക്കുന്നതിനായിരുന്നു അത്. പിന്നവന്‍ പതിയെ കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങി. നിലാവിന്റെ കുളിര്‍വെളിച്ചം പുതച്ച് അവന്‍ പോകുന്നത് വല്യമ്മ കിളിവാതിലിലൂടെ കണ്ടുനിന്നു...

വീടെത്തിയിട്ടും അവിനാശിന്റെ ചീട്ടിനെക്കുറിച്ച് വ്യക്തമായ ധാരണയിലെത്താന്‍ അരവിന്ദന് കഴിഞ്ഞില്ല.
''അവിനാശിന് ഏതായാലും നഹൂഷഗതി വരില്ല. വെടിയേല്‍ക്കുകയായിരിക്കും വിധി.''
ടിവി ഓണ്‍ ചെയ്യുന്നതിനിടെ അരവിന്ദന്‍ കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ എന്നോണം പറഞ്ഞു.
കോര്‍പ്പറേഷന്‍ ടിവിയില്‍ ഭാരതിയെക്കുറിച്ചുള്ള വാര്‍ത്തയാണ് അയാള്‍ കേട്ടത്.
അവിനാശ് ജിംനേഷ്യത്തിന്റേയും ഇ-ടോയ്ലറ്റുകളുടേയും പശുവിറച്ചിയുടേയും ബ്രാന്റ് അംബാസഡറായി ഭാരതിയെ നിയമിച്ചുകൊണ്ടുള്ള അറിയിപ്പായിരുന്നു അത്. അറിയിപ്പിനൊപ്പം സ്‌ക്രീനില്‍ തെളിഞ്ഞത് വാര്‍ത്തയുടെ അവസാനഭാഗ ചിത്രമാണ്. ഭാരതിയുടേയും അവിനാശിന്റേയും കോര്‍പ്പറേഷന്‍ മേയറുടേയും ഒത്തുചേര്‍ന്നുള്ള നില്‍പ്പല്ലാതെ മറ്റൊന്നും അതില്‍ അരവിന്ദന് കാണാനായില്ല. അംബാസഡര്‍ ഓഫീസിന്റെ താക്കോല്‍ കൈമാറി നില്‍ക്കുന്ന നില്‍പ്പായിരുന്നു അവരുടേത്.

കുറച്ചു നേരത്തെ ടി.വി ഓണ്‍ ചെയ്യേണ്ടതായിരുന്നു!
അരവിന്ദന് വന്നയുടനെ ടി.വി തുറക്കാത്തതില്‍ നഷ്ടം തോന്നി. വൈകി തുറന്നതു കൊണ്ടാണ് അവരുടെ മുഴുക്കാഴ്ചകള്‍ നഷ്ടമായത്. നിമിഷങ്ങള്‍ മാത്രമാണെങ്കിലും ചില കാര്യങ്ങള്‍ അങ്ങനെയാണ്; വിലയുള്ളത് നഷ്ടപ്പെടും.
ചാഞ്ഞുള്ള കിടപ്പില്‍ അരവിന്ദന്‍ അവിനാശിന്റെ ചീട്ട് എങ്ങനെയാണ് മാറ്റി എഴുതേണ്ടത് എന്ന് ആലോചിച്ചു.
''സൂക്ഷിക്കണം. വിചാരപ്രകാരം പിഴവുണ്ട്.''
ചീട്ടില്‍ അങ്ങനൊന്നു മാറ്റി എഴുതുന്നത് നല്ലതായിരിക്കുമെന്നു തീരുമാനിക്കാന്‍ അധികനേരം വേണ്ടിവന്നില്ല അയാള്‍ക്ക്. എന്നിട്ടും അതില്‍നിന്നും മനസ്സ് വിട്ടുപോവുകയാണുണ്ടായത്.

അല്ലെങ്കിലും ശരികളും യാഥാര്‍ത്ഥ്യങ്ങളും വാക്കുകള്‍ കരുതിവെക്കുന്നുണ്ട് എന്നത് വെറും തോന്നലാണ്. മനസ്സിലാക്കാനും സമര്‍ത്ഥിക്കാനുമാണ് അതിനെ വാക്കുകളില്‍ പൊതിയുന്നത്. ജീവിതത്തെ ഗ്രഹങ്ങളില്‍ ചാരിവെച്ച് വായിക്കുന്നതുപോലെ. 
ഗാലറിയില്‍ അടുത്തിരുന്നു കണ്ട പെണ്‍കുട്ടിയുടെ ഷൂസിന്റെ നിറം അരവിന്ദന്റെ മനസ്സില്‍ മിന്നിമറഞ്ഞു. കാണാനാവാത്ത അവളുടെ കാല്‍പ്പാദങ്ങള്‍; ഷൂസ് അവളുടെ പാദങ്ങളെക്കുറിച്ചു പറയേണ്ടത് ഒളിച്ചുവെക്കുകയാണ്. അവളുടെ പാദങ്ങള്‍, അത് ഭാരതിയുടേതുപോലെ രതി നിറച്ചതായിരിക്കും; ആക്കംമുറ്റിവരുന്ന രതിയുടെ തിരമാലകള്‍ ഉള്ളത്. ഭാരതിയും അതുപോലൊരു ഷൂസണിഞ്ഞ് തന്റെ നഗ്‌നതയും രതിയും മറച്ചായിരിക്കും നടക്കുന്നത്.
ഭാരതി ഇപ്പോള്‍ എവിടെയായിരിക്കും, അവിനാശിന്റെ ചേമ്പറില്‍? 
ഊഹിക്കാനാകില്ല!

ഇന്ദ്രാണിയുടെ പാദത്തില്‍ ഭ്രമിച്ച് കാമാത്മാവായ നഹൂഷന്റെ വിധിയായിരിക്കില്ല അവിനാശിന്റെത്. അയാളെ ചാരിയ ഗ്രഹം മറ്റൊന്നാണ് പറയുന്നത്. ഭാരതിയെപ്രതി അയാള്‍ മണ്ണില്‍ ഇഴയേണ്ടിവരിക വെടിയേറ്റായിരിക്കും...
അരവിന്ദന്‍ അവിനാശിനുവേണ്ടി നഹൂഷന്റെ പുരാണവും ആള്‍നോയിയുടെ പൂതായണവും ഒത്തുനോക്കി. പെരുമ്പാമ്പും വെടിയും; പെരുമ്പാമ്പിന്റെ അസ്സല്‍ നഹൂഷനാണെങ്കില്‍ വെടിയുടെ അസ്സല്‍ ആള്‍നോയി പ്രഭുവാണ്... 
അരവിന്ദന്‍ ആള്‍നോയിയുടെയും എലിസബത്തിന്റെയും കഥ ഓര്‍ത്തു.
ആണ്ടും തീയതിയുമുള്ള കഥയാണത്. ഗ്രഹചാരരാശിയും ഗതിയുമറിഞ്ഞ പൂതായണം...
''എന്റെ പെറാ...'' എലിസബത്ത് ആള്‍നോയിയെ അയാളുടെ ഒന്നാം പേരില്‍ വിളിച്ചു. 
''ഓ... ഗ്ലോറീ...''
ആള്‍നോയി എലിസബത്തിന്റെ വിളികേട്ടു. 

''...നീ എന്റെയീ ഭവനത്തിന് തീകൊളുത്തുക! അറുന്നൂറ്റി അറുപത്തിയാറ് മുറികളുള്ള ഈ ഭവനം; നിശ്ശബ്ദതയും ഭയവും തിളക്കവും മിനുപ്പും നിറഞ്ഞ ഇടമാണിത്. നാലുവയസ്സുതൊട്ട് എനിക്ക് ശീതകാലം നഷ്ടപ്പെടുത്തിയ ഇതിഹാസങ്ങള്‍... എന്നിലെ മുറിവുകളാണവ. അകത്തു നീ കണ്ട, ഒരുക്കിനിര്‍ത്തിയ വസ്ത്രങ്ങള്‍, അവ ധരിച്ചു നടന്നവര്‍; അവരിന്നില്ല. മരിച്ചവര്‍ കൊണ്ടുനടന്ന നിയമങ്ങള്‍, വങ്കത്തങ്ങള്‍, ക്രൂരതകള്‍, ആജ്ഞകള്‍... അതാണവ. തിളയ്ക്കുന്ന തീയിലവ വെന്തുരുകും. ഇവിടം എനിക്കു തന്ന ശീതകാലവസ്ത്രത്തിന്റെ അടുക്കുകള്‍, എന്നില്‍നിന്നും ഒന്നൊന്നായി നീ അഴിച്ചുമാറ്റുക... സ്വപ്നങ്ങള്‍ കൊണ്ടലങ്കരിച്ച എന്റെ പാദങ്ങള്‍; അതു നീ കണ്ടെടുക്കുക... കത്തും വെളിച്ചത്തില്‍ അവിടം ചുംബിച്ചുതുടങ്ങുക...''
ശീതകാലഭവനത്തിന് തീകൊളുത്തി അതിന്റെ തീപ്രഭയില്‍ എലിസബത്തിനേയും കോരിയെടുത്ത് പുറത്തുവരുന്ന ആള്‍നോയി പ്രഭുവിന്റെ ചിത്രം അരവിന്ദന്റെ മനസ്സില്‍ തെളിഞ്ഞു. 

രാജ്ഞിയുടെ ആഗ്രഹമായിരുന്നു അത്. കത്തുന്ന ഭവനത്തിന്റെ തീവെളിച്ചത്തില്‍ ഒരാളെ പ്രാപിക്കുക എന്നത്. അവള്‍ക്ക് പാദങ്ങളിലായിരുന്നു രതി. ആള്‍നോയിക്ക് അത് തുറന്നെടുക്കാനായിരുന്നു. രതിക്കിടെ അയാള്‍ മറ്റൊന്നും അറിഞ്ഞില്ല. വെടിയുണ്ടയേറ്റ ഹൃദയവുമായി അയാള്‍ അവിടുത്തെ മണ്ണില്‍ ഇഴഞ്ഞു...

അരവിന്ദന്‍ അവിനാശിന്റെ ചീട്ട് മാറ്റി എഴുതാനായി മേശമേല്‍ എടുത്തുവെച്ചു.
എഴുത്തുമേശയില്‍ ഗ്രഹചാര വിചാരത്തിനൊപ്പം ഭാരതി വന്നു.
രതിക്കു മുന്നേ അവിനാശിന് ഭാരതി കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍; അതാണ് അരവിന്ദന്റെ ചിന്തയിലേക്ക് പാളിയെത്തിയത്.
''അവിനാശ്, നീയാണ് എന്നെ കണ്ടെത്തിയത്. ഞാന്‍ കണ്ട യഥാര്‍ത്ഥ ആണ് നീയാണ്. എന്റെ പാദങ്ങള്‍; അവിടെയാണ് എന്റെ വികാരം മുഴുവന്‍. ഉടലില്‍ കുതിക്കുന്ന രതിയുടെ ആകെ; അതവിടെയാണ്...''
ഭാരതി അവിനാശിന് നിര്‍ദ്ദേശങ്ങള്‍ കൊടുത്തുതുടങ്ങി.
''...അതിന് നീ എന്നെ കേള്‍ക്കേണ്ടതുണ്ട്. യൗവ്വനം വന്നതു മുതലുള്ള എന്റെ ആഗ്രഹവും സ്വപ്നവുമാണത്. ഒരു പുരുഷന്‍ എന്നെ പ്രാപിക്കുന്നു; എന്റെ വീടിന് തീ കൊളുത്തിവേണം അയാള്‍ അതുചെയ്യാന്‍. കത്തിയെരിയുന്ന വീട്, അതിന്റെ ഉജ്ജ്വല ജ്വാലകള്‍; അതുണ്ടാക്കുന്ന തീവ്രപ്രകാശത്തില്‍ വേണം എനിക്ക് ആണിനെ കാണാന്‍. അതിന്റെ പൊന്‍വെളിച്ചം, അതില്‍ കുളിച്ചുവേണം കാര്യങ്ങള്‍...''
ആലോചനയ്ക്കിടെ അരവിന്ദന്‍ അവിനാശിന്റെ ചീട്ടില്‍ ഇത്രയും എഴുതി:
സൂക്ഷിക്കുക...
മറ്റൊരു വാക്കെഴുതാന്‍ അയാളുടെ കൈ അനങ്ങിയില്ല.
മനസ്സിലേക്ക് ഭാരതിയുടെ തീയാളുന്ന വീടും വീട്ടുപറമ്പും വന്നു. പിന്നെ കത്തിയാളുന്ന തീയുടെ പശ്ചാത്തലത്തില്‍ മുറ്റത്ത് തുളസിത്തറയ്ക്ക് ചേര്‍ത്തുവെച്ച കട്ടിലും മെത്തയും വന്നു. 
അതൊരു പഴയ വീടായിരുന്നു. 

അതിനെ പഴയ വീടെന്ന് പറയുന്നതിലും നല്ലത് പുരാതന ഭവനമെന്നോ മാന്‍ഷന്‍ ഹൗസെന്നോ പറയുന്നതാണ്. കത്തിത്തീരാന്‍ അത്രയ്ക്കുമാത്രം ഉണ്ടതില്‍.
ഭവനത്തിനു ചുറ്റുമുള്ള പറമ്പ്, അതൊരു മരമേടായിരുന്നു. അവിടെ ജനിച്ചു മരിച്ചുപോയവര്‍ അവരുടെ പേരില്‍ നട്ടുപിടിപ്പിച്ച മരങ്ങള്‍; അനേകങ്ങളായി അവ അവിടെ തൂര്‍ന്നുതിങ്ങി വളര്‍ന്നു. താന്നി, മരുത്, മാതളം, മന്ദാരം, അശോകം, പാരിജാതം, ചമ്പകം; വന്മരങ്ങള്‍, പൂമരങ്ങള്‍, ആള്‍നീളച്ചെടികള്‍, താഴ്നിലച്ചെടികള്‍, വള്ളികള്‍, പടര്‍പ്പുകള്‍; അവയ്ക്കോരോന്നിനും ആള്‍പ്പേരുകള്‍. ആള്‍പ്പേരുള്ള മരങ്ങളുടെ മേടായിരുന്നു അത്.
ഭാരതിയും അവിനാശും ഭവനത്തിനകത്താണ്...
അവിനാശ് ഭവനത്തിനു തീകൊളുത്തി.
അത് ഗംഭീരമായി കത്തിത്തുടങ്ങി. ആകാശം മുട്ടെ അതിന്റെ തീനാമ്പുകള്‍ പടര്‍ന്നുകയറി.
അവിടം വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും മേളനമായി.
അവിടുത്തെ മരങ്ങളില്‍ കാറ്റുപിടിച്ചു തുടങ്ങിയിരുന്നു.
ആളുന്ന തീ അഴിച്ചുവിടുന്ന ചുടുപ്രവാഹത്തിലേക്ക് മരങ്ങള്‍ ശീതപ്രവാഹം അഴിച്ചുവിട്ടു. അതുണ്ടാക്കിയ കമ്പനങ്ങളില്‍ കാറ്റിന്റെ ചുഴിയിളകി; മരച്ചില്ലകളില്‍ അത് വേഗക്കാറ്റായി വീശി. ചൂടില്‍ ശൂന്യസ്ഥലം വീണ മേലാകാശത്തില്‍ ഇലകള്‍ ഭാരമറ്റ തിരകള്‍തിരച്ച് പമ്പരം കറങ്ങി... 
കത്തുന്ന ഭവനം, അതിലെ തീ, അത് വെളിച്ചത്തിന്റെ അവസാന വാക്കായി, ആര്‍പ്പായി, മണമായി, കത്തുംനിറമായി, ഉരുകുംചൂടായി, മഹാവേഗമായി...
ഭാരതിയേയും കോരിയെടുത്ത് അവിനാശ് വാതില്‍പ്പടി കടന്ന് പുറത്തേയ്ക്കു വന്നു.

അവര്‍ രണ്ടുപേരും നഗ്‌നരായിരുന്നു.
ഭാരതിയുടെ പാദം; തീനാളത്തിന്റെ മഞ്ഞമഹാപ്രഭാവത്തില്‍ അതിന്റെ എല്ലാ പ്രസരിപ്പുകളിലും വികാരം വെച്ചുനിന്നു. 
അവിനാശ് മുറ്റത്തുവിരിച്ച മെത്തയിലേക്ക് ഭാരതിയെ ചായ്ചു കിടത്തി.
കാല്‍പ്പാദങ്ങള്‍കൊണ്ട് ഭാരതി അവിനാശിനെ തഴുകുകയാണ്. 
അവന്റെ ശരീരത്തിലത് രതിയുടെ ഉത്സവമൊരുക്കി. 
അവളുടെ പാദങ്ങള്‍; മസൃണമായ അതിന്റെ കുഴപ്പരുവത്തില്‍ അത് അവളുടെ മുടിയിഴകളായും കണ്ണുകളായും ചെവിക്കുടയായും ചുണ്ടുകളായും മുലകളായും നാഭിത്തടമായും തുടയിടകളായും രൂപാന്തരപ്പെട്ടുകൊണ്ടിരുന്നു. 
അവിനാശ് കട്ടിലില്‍ ചാഞ്ഞുനില്‍ക്കുകയാണ്. 
ഭാരതി തന്റെ പാദങ്ങള്‍ കോര്‍ത്ത് അവന്റെ അവയവത്തെ ഉന്മത്തമാക്കിത്തുടങ്ങി...

അവിനാശിന്റെ പുറംകീറി നെഞ്ചിനകത്തൊരു കുത്തുന്ന വേദന കിനിഞ്ഞു. അനക്കമില്ലാതെയാണ് അത് വന്നത്; ശബ്ദമില്ലാത്ത ശബ്ദമായി, തീയില്ലാത്ത തീയായി.
അകത്തു കിനിയുന്ന വേദനയില്‍ തീവെളിച്ചത്തിന്റെ മഞ്ഞമഹാപ്രഭാവം, ഭാരതിയുടെ പാദങ്ങള്‍, തന്നില്‍ തുടുക്കുന്ന രതി; എല്ലാം അവിനാശില്‍ ഇരുളായടഞ്ഞു. 
പറമ്പില്‍ മരമായി നിന്ന ഒരമ്മാവനാണ് അത് ചെയ്തത്. 
അയാള്‍ പോയകാലത്തെ മനുഷ്യന്‍! 
''അയാള്‍ എന്റെ അച്ഛന്‍ ഗോപാലനെ കണക്കായിരിക്കണം. തന്റെ അനുഭവത്തില്‍ മാത്രം ജീവിതത്തെ വെച്ചുമാറിയ വരട്ടുവാദി!''
മരമായിനിന്ന് കൈത്തോക്കിന് വെടിവെച്ച ഭാരതിയുടെ അമ്മാവനെ മനസ്സിലാക്കാന്‍ അരവിന്ദന്‍ ശ്രമിച്ചു. തന്റെ അച്ഛനുമായി അയാളെ താരതമ്യം ചെയ്തു.

''അതെ, അയാള്‍ എന്റെ അച്ഛന്‍ ഗോപാലന്‍ തന്നെ!''
അരവിന്ദന്‍ അച്ഛന്റെ അധികാരത്തെക്കുറിച്ചോര്‍ത്തു. 
കുട്ടികളുടെ ബഹുമാനം തിന്ന് കുട്ടികളെ ശിക്ഷിച്ചു തീര്‍ന്നുപോയൊരാള്‍. കുട്ടികളുടെ ജീവിതത്തില്‍ ഇലയനക്കങ്ങളായും പറവച്ചിലപ്പായും ചിറകടിയായും അടുത്തുള്ളവന്റെ ചെറുചിരിയായും വന്ന ജീവിതത്തെ എടുത്തെറിഞ്ഞ ആള്‍.

മാഷായിരുന്നു ഗോപാലന്‍; സ്വന്തം സ്‌കൂളിലെ ഹെഡ്മാഷ്.
രാവിലത്തെ സ്‌കൂള്‍ പ്രാര്‍ത്ഥനായോഗം, അല്ലെങ്കില്‍ നാലുമണിയുടെ ജനഗണമന; കുട്ടികള്‍ക്ക് ശിക്ഷയുടെ കല്പിത മൂഹൂര്‍ത്തങ്ങളാണവ. ആരെങ്കിലും ഒന്നനങ്ങിയാല്‍, നിലവിട്ട് അടുത്തവനെ നോക്കിയാല്‍, ആകാശത്ത് അല്ലെങ്കില്‍ അടുത്ത മരക്കൊമ്പില്‍ പറവകള്‍ പറക്കുന്നതിലോ ശബ്ദമിടുന്നതിലോ മനസ്സു പാഞ്ഞാല്‍ തീര്‍ന്നതുതന്നെ. അവനെയോ അവളെയോ മാഷ് കുറിച്ചെടുക്കും.
പിറ്റെന്നാള്‍ രാവിലെയായിരിക്കും ശിക്ഷ. ചൂരല്‍ വളച്ച് ഉള്ളംകയ്യില്‍ കിട്ടുന്ന രണ്ട് അടി. 

അടികിട്ടിയ കയ്യില്‍ ഒരുമൂട കല്‍ക്കണ്ടം തിരുകിക്കൊടുക്കും മാഷ്. ''ഇനിയിത് ആവര്‍ത്തിക്കില്ല, മധുരം തിന്നോളു, കയ്പു മാറും'' എന്നു പറയും. വേദനയില്‍ പൊതിഞ്ഞ കല്‍ക്കണ്ടവുമായി കുട്ടികള്‍ അരവിന്ദന്റെ അടുത്തേക്കാണ് ഓടുക; കല്‍ക്കണ്ടം കൊണ്ട് അവന്റെ തലമണ്ട എറിഞ്ഞു പൊളിക്കാനാണ് അവരുടെ വരവ്. അവന്‍ എന്നും രാവിലെ മൂത്രപ്പുരയ്ക്ക് മറവില്‍ എവിടെങ്കിലും ഒന്‍പതുവരെ ഒളിഞ്ഞിരിക്കും. കല്‍ക്കണ്ടത്തിന്റെ ഏറു കൊള്ളാതിരിക്കാനാണ് അത്. അവനെ കിട്ടിയില്ലെങ്കില്‍ കല്‍ക്കണ്ടത്തിന്റെ ഏറ് കൊള്ളുന്നത് മൂത്രപ്പുരയുടെ മേല്‍ക്കെട്ടിനായിരിക്കും. അവിടെ, അരവിന്ദന്‍ കാണും എന്ന വിശ്വാസത്തില്‍ അവര്‍ അവന്റെ നേരെ കൊഞ്ഞനം കുത്തും. ''ഗോപാലപൂച്ചി'' എന്നു വിളിക്കും. അങ്ങനെ മാഷിനോടുള്ള ദേഷ്യം മാഷിന്റെ മോനോട് തീര്‍ക്കും...

അരവിന്ദന്‍ അവിനാശിന്റെ ഗ്രഹചാരച്ചീട്ടിലേക്ക് നോക്കി.
''സൂക്ഷിക്കണം'' എന്നെഴുതിയത് ഒരാവര്‍ത്തി വായിച്ചു.
അതുവേണ്ട. നേരെയങ്ങ് എഴുതുന്നതാണ് നല്ലത്.
മറ്റൊരു ചീട്ടെടുത്ത് അയാള്‍ ഇങ്ങനെ എഴുതി: 
''നേര്‍ക്കുനേരാണ് മരണകാരകന്‍!''
അരവിന്ദന്‍ അതില്‍ കണ്ണോടിച്ചു.
''നേര്‍ക്കുനേരാണ് മരണകാരകന്‍!'' വാക്യത്തിലെ ഊന്നല്‍ തെറ്റിയിരിക്കുന്നു. 
അവിനാശിന്റെ ഗ്രഹചാരത്തില്‍ മരണത്തിനാണ് പ്രമുഖ്യം. മരണത്തെയാണ് ആദ്യം എഴുതേണ്ടത്. ആശ്ചര്യചിഹ്നം; അത് ഭാഷ പഠിച്ചതുകൊണ്ടുള്ള എന്റെ പിഴവാണ്. 
പ്രവചനച്ചീട്ടില്‍ ചിഹ്നങ്ങളുടെ ആവശ്യമില്ല.
പുതിയൊരു ചീട്ടെടുത്ത് അരവിന്ദന്‍ വാചകം മാറ്റിയെഴുതി: 
മരണകാരകന്‍ നേര്‍ക്കുനേരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com