അപരന്‍: ധന്യാരാജ് എഴുതിയ കഥ

''ശ്രീജയോട് ഒന്നും പറഞ്ഞുതരേണ്ട ആവശ്യമില്ല. എന്നാലും പറയുവാ. ഇടയ്‌ക്കൊക്കെ പാര്‍ട്ടിക്കാര്യങ്ങളിലും ഒരു പ്രാതിനിധ്യം വേണം.''
ചിത്രീകരണം - ലീനാരാജ് ആര്‍.
ചിത്രീകരണം - ലീനാരാജ് ആര്‍.

വീട്ടുമുറ്റത്ത് അതിരിനോടു ചേര്‍ന്ന് പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഞാവല്‍മരത്തിന്റെ താഴെയായിരുന്നു സഞ്ജുവിന്റെ ക്രിക്കറ്റ് പിച്ച്. ഇടയ്ക്കിടെ വീശുന്ന കാറ്റത്ത് പൊഴിഞ്ഞു വീണുകൊണ്ടിരുന്ന ഞാവല്‍പ്പഴങ്ങള്‍ കളിക്കിടയില്‍ അവന്റെ ശ്രദ്ധ തെറ്റിച്ചുകൊണ്ടിരുന്നു. നിലത്തുവീണു ചിതറിക്കിടന്ന അവ ദൂരെനിന്നും നോക്കുമ്പോള്‍ ഒരു വെല്‍വറ്റ് പരവതാനിപോലെ തോന്നിച്ചു. ആരെയും ആകര്‍ഷിക്കുന്ന വയലറ്റ് നിറത്തിലുള്ള ഒന്ന്.
''ഇങ്ങോട്ടൊന്നു വരണമെന്നു കുറച്ചു ദിവസമായി ഞാന്‍ ആലോചിക്കുന്നു. ഞാന്‍ മാത്രമല്ല, ഞങ്ങളെല്ലാവരും.''
ഉമ്മറത്തിരുന്ന പാര്‍ട്ടിനേതാവ് ദിവാകരേട്ടന്‍ പറഞ്ഞു. അദ്ദേഹത്തോടൊപ്പം വന്ന മൂന്നുനാലു ചെറുപ്പക്കാര്‍ അതു ശരിവെച്ചു.
''ശ്രീജ ഞങ്ങളെ സംബന്ധിച്ച് രഞ്ജിത്തിന്റെ വിധവ മാത്രമല്ല, ഞങ്ങളിലൊരാള്‍ തന്നെയാണ്.'' ദിവാകരേട്ടന്‍ തുടര്‍ന്നു. 'വിധവ' എന്ന വാക്കു കേട്ടപ്പോള്‍ ശ്രീജയുടെ മുഖമിരുണ്ടത് ദിവാകരേട്ടന്‍ ശ്രദ്ധിച്ചു. അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് അദ്ദേഹത്തിനു തോന്നി.
''ശ്രീജയോട് ഒന്നും പറഞ്ഞുതരേണ്ട ആവശ്യമില്ല. എന്നാലും പറയുവാ. ഇടയ്‌ക്കൊക്കെ പാര്‍ട്ടിക്കാര്യങ്ങളിലും ഒരു പ്രാതിനിധ്യം വേണം.'' ദിവാകരേട്ടന്‍ ഒരു തുടര്‍ച്ചയെന്നോണം പറഞ്ഞു.
''അതെ.'' ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാര്‍ വീണ്ടും തലകുലുക്കി.
ശ്രീജ ഒന്നും പറഞ്ഞില്ലെങ്കിലും അവളുടെ മുഖം ഒന്നുകൂടി ഇരുണ്ടുവെന്ന് രജീഷിനു തോന്നി.
''പാര്‍ട്ടിക്കാര്യം മാത്രമല്ല, വീട്ടുകാര്യവും ഏട്ടത്തിക്ക് വലിയ പിടിയില്ലായിരുന്നു.'' സന്ദര്‍ഭത്തിന് അയവു വരുത്താനെന്നോണം രജീഷ് ഇടയില്‍ക്കയറി പറഞ്ഞു: ''രഞ്ജിത്തേട്ടനായിരുന്നല്ലോ എല്ലാം.''
''ഉം.'' തൂണുംചാരിനിന്ന അമ്മ ഒരു നെടിവീര്‍പ്പോടെ പറഞ്ഞു.
''രഞ്ജിത്തുണ്ടായിരുന്നപ്പോ ഒരു കടേല് പോയി സാധനം വാങ്ങിയിട്ടുപോലുമില്ലായിരുന്നു ഇവള്.''

അമ്മ ഇന്ന് സംസാരിച്ചു കാടുകയറുമെന്ന് ശ്രീജ ഊഹിച്ചു. കാടും പടലവും നിറഞ്ഞ ദുര്‍ഘടവഴികളിലൂടെ അവരുടെ വര്‍ത്തമാനം നീണ്ടുപോകും. ഒടുവില്‍ എല്ലാ വഴികളുമവസാനിക്കുന്ന ഒരു മുനമ്പില്‍ അവരുടെ വാക്കുകള്‍ തറഞ്ഞുനില്‍ക്കും. പിന്നീട് കരച്ചിലിന്റെ ഒറ്റപ്പെട്ട മറ്റൊരു വഴിയിലൂടെയാകും മടക്കയാത്ര.
സഞ്ജു ചെറിയ ചില ആര്‍പ്പുവിളികളോടെ കളി തുടരുന്നത് ശ്രീജ തല ചെരിച്ചുനോക്കി. അവന്റെ സ്ഥിരം കാണികളായ ചില നഴ്‌സറിപ്പെണ്‍കുട്ടികള്‍ ഇത്തവണയും വേലിക്കപ്പുറത്ത് സന്നിഹിതരായിരുന്നു. സഞ്ജു കിണറ്റിന്‍കരയിലേയ്ക്ക് ബൗണ്ടറി പായിച്ചപ്പോഴൊക്കെ അവര്‍ കയ്യടിച്ചു. ആ കുഞ്ഞുടുപ്പുകാരികളെ അവന്‍ 'ചിയര്‍ഗേള്‍സാ'യി സങ്കല്‍പ്പിച്ചു. അവരുടെ ചെറിയ നൃത്തച്ചുവടുകള്‍ അവന്‍ ആവേശത്തോടെ ഏറ്റുവാങ്ങി. ആ സമയത്തെ സഞ്ജുവിന്റെ ശരീരചലനങ്ങള്‍ എല്ലായ്പോഴും ശ്രീജയെ ചിരിപ്പിച്ചു. അനുകരണകലയില്‍ കുട്ടികളെക്കാളും മികവു പുലര്‍ത്തുന്നവരായി  ആരുണ്ട്?
പെട്ടെന്ന് എവിടെനിന്നില്ലാതെ ഒരു ചാറ്റല്‍മഴ പാറിവന്ന് ശ്രീജയുടെ കാഴ്ചയെ മറച്ചു. തെളിഞ്ഞ വെയിലിനൊപ്പം മഴ ഏതാനും നിമിഷങ്ങള്‍ തിമിര്‍ത്തു പെയ്തു. കാറ്റടിച്ചപ്പോള്‍ നിലത്തുവീണു ചതഞ്ഞ ഞാവല്‍പ്പഴങ്ങള്‍ മുറ്റത്തെ വെള്ളക്കെട്ടുകളെ കടുംനിറമുള്ളതാക്കി. സഞ്ജുവിന്റെ കളിസ്ഥലം വയലറ്റു മഷി തട്ടിമറിഞ്ഞ കാന്‍വാസുപോലെയായി.

''ഓ... ഒരു നശിച്ച മഴ. പിച്ചാകെ കേടായി.'' സഞ്ജു നിരാശയോടെ പറഞ്ഞു. അവന്‍ ഉടന്‍ തന്നെ ഒരു പ്ലാസ്റ്റിക് ഷീറ്റെടുത്തു കൊണ്ടുവന്നു പിച്ച് മറച്ചു. അവന്റെ കാണികളായ കുഞ്ഞുടുപ്പുകാരികള്‍ ഇതിനകം വീടുകളിലേക്കോടിപ്പോയിരുന്നു. സഞ്ജു കൈവിരലുകള്‍ ഒരു ചെറിയ കുടപോലെ തലയ്ക്കുമീതെ അമര്‍ത്തിപ്പിടിച്ച് അടുക്കള വാതിലിലൂടെ ഓടിക്കയറി വന്നു.
''വരുന്ന ബുധനാഴ്ച, ഇരുപത്തിയൊന്നാം തീയതിയാണല്ലോ രഞ്ജിത്തിന്റെ ഒന്നാം ചരമവാര്‍ഷികം.'' ഉമ്മറത്തിരുന്ന ചെറുപ്പക്കാരന്‍ സംസാരിച്ചു തുടങ്ങി.
''ചരമവാര്‍ഷികമല്ല രക്തസാക്ഷിത്വ ദിനം.'' ദിവാകരേട്ടന്‍  ഉറച്ച ശബ്ദത്തില്‍ തിരുത്തി.
''അതെയതെ.'' ചെറുപ്പക്കാരന്‍ തിടുക്കത്തില്‍ പറഞ്ഞു:
''രഞ്ജിത്തേട്ടനു മരണമില്ല. കാരണം രക്തസാക്ഷി മരിക്കുന്നില്ല.''
ശ്രീജ നഖം കടിച്ചുകൊണ്ട് ഇരുവരേയും മാറി മാറി നോക്കി. അവളുടെ മനസ്സിലൂടെ ഏതൊക്കെയോ ഓര്‍മ്മകള്‍ ഒരു ജാഥപോലെ മുദ്രാവാക്യം വിളിച്ചും കൊടിപിടിച്ചും കടന്നുപോകുന്നുണ്ടെന്ന് ദിവാകരേട്ടന്‍ ഊഹിച്ചു. ''എന്നാലും ഒരു വര്‍ഷം... എത്ര പെട്ടെന്നാണ് പോയത്.'' മറ്റൊരു ചെറുപ്പക്കാരന്‍ അതിശയിച്ചു.
''ദിവസം കഴിയുന്തോറും മനസ്സില്‍ തെളിഞ്ഞു തെളിഞ്ഞു വരുവാ എല്ലാം.''
''പറഞ്ഞുവരുമ്പോള്‍ കണക്കുകള്‍  ഇപ്പോഴും ബാക്കിയാണ്.'' രജീഷ് വിദ്വേഷം നിറഞ്ഞ ശബ്ദത്തില്‍ പെട്ടെന്നു പറഞ്ഞു.
''അവസാനിപ്പിച്ചിടത്തു നിന്നുതന്നെ തുടങ്ങേണ്ടിയിരിക്കുന്നു പലതും.'' ശ്രീജ അസ്വസ്ഥതയോടെ രജീഷിനെ നോക്കി.
''ഏയ്...'' ദിവാകരേട്ടന്‍ രജീഷിനെ വിലക്കി.
''അതൊന്നും പറയേണ്ട അവസരമല്ല ഇത്.'' ഞങ്ങള്‍ വന്നത് മറ്റൊരു കാര്യത്തിനാണ്. ബുധനാഴ്ചയാണ് രക്തസാക്ഷിത്വ ദിനം. കുടുംബസഹായനിധിയിലൂടെ ഞങ്ങള്‍ ഒരു തുക സമാഹരിച്ചിട്ടുണ്ട്. ഒരു അഞ്ചു ലക്ഷം രൂപയോളം വരും. ശ്രീജ നേരിട്ടു വന്നുവേണം അതു വാങ്ങാന്‍.
ശ്രീജയുടെ ശൂന്യമായ കണ്ണുകളില്‍നിന്നും ദിവാകരേട്ടന്‍ നോട്ടം പിന്‍വലിച്ചു. അവളുടെ കൃഷ്ണമണികളില്‍ രഞ്ജിത്തിന്റെ രൂപം പ്രതിഫലിക്കുന്നുണ്ടെന്ന് അയാള്‍ക്കു തോന്നി. ശ്രീജയുടെ ഉള്ളില്‍ പറയാനാവാത്ത വാക്കുകളുടെ ഒരു കടല്‍ തന്നെ ഇരമ്പുണ്ടെന്നും.
പഴയൊരു ബാറ്റുമായി സഞ്ജു ഉമ്മറത്തേയ്ക്ക്  പാഞ്ഞുകയറി വന്നു. ദിവാകരേട്ടനും ചെറുപ്പക്കാരനും അവനെ അപരിചിതത്വത്തോടെ നോക്കി.
''ഈ കുട്ടി...?'' ചെറുപ്പക്കാരിലൊരാള്‍ സംശയത്തോടെ ചോദിച്ചു.
''ഇത് സഞ്ജുവാ. രഞ്ജിത്തേട്ടന്റെ...'' രജീഷ് പറഞ്ഞു.
''അയ്യോ! മോനെ കണ്ടിട്ട് ഞങ്ങള്‍ക്കു പെട്ടെന്നു മനസ്സിലായില്ല.''
ദിവാകരേട്ടന്‍ കുറ്റബോധത്തോടെ പറഞ്ഞു.
''അഞ്ചാറു മാസമായില്ലേ ഇങ്ങോട്ടു വന്നിട്ട്. ഇപ്പോ ഇവനു കുറച്ചുകൂടി പൊക്കം വച്ചിട്ടുണ്ടെന്നു തോന്നുന്നു. ഏതു ക്ലാസ്സിലാ പഠിക്കുന്നെ?''
''നാലില്.'' സഞ്ജു പറഞ്ഞു.
''മോന്‍ പഠിച്ചു മിടുക്കനാവണം.'' ചെറുപ്പക്കാരിലൊരാള്‍ അവന്റെ കവിളില്‍ തലോടിക്കൊണ്ടു പറഞ്ഞു.
''നല്ല പഠിത്തമാ നടക്കുന്നെ.'' രജീഷ് പറഞ്ഞു.
''അവനിപ്പോ കളി കളീന്നൊരു വിചാരമേയുള്ളൂ. പുസ്തകം തുറന്ന് ഒരക്ഷരം വായിക്കത്തില്ല.''
''പന്ത് ടെറസിന്റെ മുകളീപ്പോയി.'' സഞ്ജു മേലോട്ടു കൈ ചൂണ്ടിക്കൊണ്ടു പറഞ്ഞു.
''പോയെങ്കി കണക്കായിപ്പോയി.'' രജീഷ് ദേഷ്യത്തോടെ പറഞ്ഞു.
''വീടിന്റെ ഷേഡിന്റെ മുകളീന്ന് അഞ്ചാമത്തെ ബോളാ ഞാന്‍ എടുക്കുന്നെ.''
''പിന്നെ അവന് വലിയ കുരുത്തക്കേടും ബഹളവുമൊന്നുമില്ല. ഏതു കളിയും അവന്‍ ഒറ്റയ്ക്കിരുന്നു കളിച്ചുകൊള്ളും.'' അമ്മ പറഞ്ഞു.
''ഒറ്റയ്ക്കല്ല.'' സഞ്ജു പെട്ടെന്നു പറഞ്ഞു.
''ആദിയുടെ കൂടെയാ കളിക്കുന്നെ.''
ശ്രീജയും രജീഷും ഞെട്ടലോടെ പരസ്പരം നോക്കി. അമ്മ വെപ്രാളത്തോടെ ഇടപെട്ടു.
''മോന്‍ അപ്പുറത്തെങ്ങാനും പോയിക്കളിച്ചോ. എടാ രജീഷേ, നീയാ പന്തൊന്നെടുത്തു കൊടുക്ക്.'' രജീഷ് മുറ്റത്തേയ്ക്കിറങ്ങി.
''എന്നാല്‍പ്പിന്നെ എല്ലാം പറഞ്ഞതുപോലെ.'' ദിവാകരേട്ടന്‍ ഒഴിഞ്ഞ ചായ ഗ്ലാസ്സ് നീക്കിവെച്ചിട്ട് എഴുന്നേറ്റു. ചെറുപ്പക്കാര്‍ ഓരോരുത്തരായി ശ്രീജയോട് യാത്ര പറഞ്ഞു.
''ശ്രീജ വരുമ്പോ മോനെ കൊണ്ടുവരാന്‍ മറക്കണ്ട.'' ദിവാകരേട്ടന്‍ പോകുംമുന്‍പു പറഞ്ഞു. ''ജനപ്രതിനിധികളൊക്കെ പങ്കെടുക്കുന്ന ചടങ്ങാ.''
സഞ്ജു അടുക്കള മുറ്റത്ത് ആകാശം നോക്കിനില്‍ക്കുന്നതു കണ്ടു. മഴ കാരണം പാതിവഴിയില്‍ നിര്‍ത്തിയ കളിയെപ്പറ്റി അവന്‍ മറന്നുകഴിഞ്ഞിരുന്നു. പയറുവള്ളികള്‍ പടര്‍ന്നുവളരുന്ന കൊച്ചുതോട്ടത്തില്‍നിന്നും നോക്കിയാല്‍ വീടിനോടു ചേര്‍ന്ന ഇടവഴിയിലൂടെ നടന്നുവരുന്നവരെ കാണാം. അവിടെയാണ് സഞ്ജു അവന്റെ ക്ലാസ്സിലെ കൂട്ടുകാരന്‍ ആദിയെ കാത്തുനില്‍ക്കാറുണ്ടായിരുന്നത്. രജീഷ് ശ്രദ്ധയോടെ നട്ടുനനച്ചു വളര്‍ത്തിയ പച്ചക്കറിത്തോട്ടത്തിലെ ഉരുണ്ട വഴുതനങ്ങകളും മൂപ്പെത്താത്ത തക്കാളിയും പറിച്ചെടുത്ത് അവര്‍ പരസ്പരമെറിഞ്ഞു കളിക്കും.
ശ്രീജ അസ്വസ്ഥതയോടെ ആദി എന്ന ആദിത്യനെയോര്‍ത്തു. ഊണിലും ഉറക്കത്തിലും വര്‍ഷങ്ങളോളം സഞ്ജുവിനൊപ്പമുണ്ടായിരുന്നവന്‍. അവന്റെ വികൃതികളുടേയും തിരിച്ചറിവുകളുടേയും പാതി അവകാശി. ഇവിടെ നിന്നും വലത്തോട്ടുള്ള ഒരു ചെറിയ ഇടവഴി തീരുന്നിടത്താണ്  ആദിയുടെ വീട്. ആദി വരാതായിട്ടും സഞ്ജു അവനു കിട്ടുന്ന മിഠായികളുടേയും കളിപ്പാട്ടങ്ങളുടേയും പാതി ആദിക്കുവേണ്ടി നീക്കിവയ്ക്കുന്നു.
ഇപ്പോള്‍ മഴ തോര്‍ന്ന മുറ്റത്ത് സഞ്ജു വീണ്ടും കളി തുടങ്ങിയിരിക്കുന്നു. സ്വയം ബാറ്റു വീശുകയും ഫീല്‍ഡ് ചെയ്യുകയും ചെയ്തുകൊണ്ട് വിചിത്രമായ ഒരു കളിയാണ് അവന്‍ കളിക്കുന്നതെന്ന് ശ്രീജ കണ്ടുപിടിച്ചു. സഞ്ജുവിന്റെ മനസ്സില്‍ ഫീല്‍ഡറുടെ സ്ഥാനത്ത് ആദി തന്നെയാകണം.
മുറ്റത്തെ അതിരിനോടു ചേര്‍ന്നു  നിരയായി നട്ട ചീനിക്ക് തടമെടുക്കുകയായിരുന്ന രജീഷും സഞ്ജുവിനെ ശ്രദ്ധിക്കുകയായിരുന്നു. ആ നിമിഷത്തില്‍ അയാള്‍ക്ക് എന്തെന്നില്ലാത്തൊരമര്‍ഷം തോന്നി. ''ദിവാകരേട്ടനോട് സഞ്ജു പറഞ്ഞത് ഏട്ടത്തി കേട്ടില്ലേ അവന്‍ ആദിയുടെ കൂടെയാണ് കളിക്കന്നതെന്ന്'' ശ്രീജയോട് രജീഷ് പറഞ്ഞു.
''ആദിയാരാണെന്ന് ദിവാകരേട്ടന് അറിഞ്ഞുകൂടല്ലോ.'' ശ്രീജ പറഞ്ഞു.
''പറഞ്ഞുകൊടുക്കാമായിരുന്നല്ലോ ഏട്ടത്തിക്ക് രഞ്ജിത്തേട്ടനെ കൊന്നവന്റെ മോനാണ് ആദിയെന്ന്. എല്ലാവരുമറിയട്ടെ.''
''അതിന് ആദി ഇപ്പോള്‍ വരാറേയില്ലല്ലോ.'' ശ്രീജ പതിയെ പറഞ്ഞു.
''ആദി ഇവിടെയില്ലേ?'' രജീഷ് ഒച്ചയുയര്‍ത്തി.
''എവിടെ ഇല്ല എന്നാണ്? സഞ്ജുവിന്റെ മനസ്സില്‍ അവനില്ലേ?''
''മനസ്സില്‍...?'' ശ്രീജ നിസ്സാരമായി പറഞ്ഞു.
''മനസ്സിലുള്ള കാര്യങ്ങള്‍ ആര്‍ക്കാണ് തുടച്ചുമാറ്റാന്‍ കഴിയുക?''
''അപ്പോ ഏട്ടത്തിക്ക് ഇതിലൊന്നും ഒരു കുഴപ്പവും തോന്നുന്നില്ല അല്ലേ? ആ നശിച്ച ചെക്കനെ ഇങ്ങോട്ടു കയറ്റരുതെന്ന് എത്ര വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞാന്‍ പറഞ്ഞതാണ്. ചേരയാണെങ്കിലും പാമ്പാണല്ലോ ഇനം.''
ശ്രീജ ഒന്നും മിണ്ടിയില്ല. അവള്‍ ചിന്തിക്കുന്നതെന്താകുമെന്ന് ഊഹിക്കാന്‍ പോലും തനിക്കു കഴിയുന്നില്ലല്ലോ എന്ന് രജീഷ് ഖേദിച്ചു. ഈയിടെയായി ശ്രീജയുടെ പെരുമാറ്റത്തില്‍ ദുരൂഹതകളേറെയുണ്ടെന്ന് അയാള്‍ക്കു തോന്നി.
''ദിവാകരേട്ടനോട് ഏട്ടത്തി ഒന്നും സംസാരിച്ചില്ല.'' കുറച്ചു സമയത്തിനുശേഷം രജീഷ് കുറ്റപ്പെടുത്തുന്ന മട്ടില്‍ പറഞ്ഞു.
''ഏട്ടത്തിയുടെ മട്ടും ഭാവവും കണ്ടാല്‍ അവര്‍ വന്നത് ഇഷ്ടായില്ലെന്നേ തോന്നുമായിരുന്നുള്ളൂ.''
''ഞാന്‍ പറഞ്ഞല്ലോ എല്ലാവരുടേയും തോന്നലുകള്‍ മാറ്റാനൊന്നും നമുക്കു പറ്റില്ല.'' ശ്രീജ പറഞ്ഞു.
''എന്നുവച്ച്... അങ്ങനെ അവഗണിക്കേണ്ട ഒരാളാണോ ദിവാകരേട്ടന്‍? പാര്‍ട്ടിയും ദിവാകരേട്ടനും  ഒന്നാണെന്ന് രഞ്ജിത്തേട്ടനും വിശ്വസിച്ചിരുന്നില്ലേ?''
''എന്നിട്ടെന്തുണ്ടായി?'' ശ്രീജയുടെ കണ്ണുകള്‍ കൂര്‍ത്തു.
''വിശ്വാസം അദ്ദേഹത്തെ രക്ഷിച്ചുവോ? രഞ്ജിത്തേട്ടന്‍ പോയപ്പോള്‍ നഷ്ടമുണ്ടായതാര്‍ക്കാ?''
''എല്ലാവര്‍ക്കും... എല്ലാവര്‍ക്കും...'' വാക്കുകള്‍ നഷ്ടപ്പെട്ട് ഏതാനും നിമിഷങ്ങള്‍ നിന്നതിനുശേഷം രജീഷ് ബദ്ധപ്പെട്ടു പറഞ്ഞു. ശ്രീജയുടെ സംസാരം അവിശ്വസനീയമായി അയാള്‍ക്കു തോന്നി.
''ആ ദിവസങ്ങളിലൊക്കെ എല്ലാവരും പറഞ്ഞ ഒരു കാര്യമുണ്ട്. അവര്‍ ആളുമാറിയാകും ഏട്ടനെ കൊന്നതെന്ന്. ഞാനായിരുന്നിരിക്കണം അവരുടെ ടാര്‍ജറ്റ്. ഞങ്ങള്‍ക്ക് ഏറെക്കുറെ ഒരേ പൊക്കവും വണ്ണവുമായിരുന്നല്ലോ. രാത്രിയില്‍ ആ സമയത്ത് സ്‌കൂട്ടറില്‍ വന്നത് ഞാനാണെന്ന് അവര്‍ തെറ്റിദ്ധരിച്ചിരിക്കും. ഏട്ടന്‍ വാസ്തവത്തില്‍ പാര്‍ട്ടിയുടെ ഒരു സജീവ പ്രവര്‍ത്തകനാണെന്നുപോലും പറയാന്‍ പറ്റില്ലായിരുന്നു. ഒരു പാര്‍ട്ടി അനുഭാവിയെന്നേ കരുതാന്‍ പറ്റൂ.  എന്നാല്‍, ഞാനങ്ങനെയല്ലല്ലോ. എല്ലാത്തിനും ഞാന്‍ പോയിട്ടുണ്ട്. വാക്തര്‍ക്കത്തിനും അടിപിടിക്കും ഒക്കെ. കൊല്ലാനും ചാവാനും എനിക്ക് പേടിയുമില്ലായിരുന്നു. എന്നാല്‍, എല്ലാത്തിനുമുള്ള ശിക്ഷ അനുഭവിക്കേണ്ടിവന്നത് ഏട്ടനാണെന്നറിഞ്ഞ ദിവസം... അന്ന് വാസ്തവത്തില്‍ ഞാന്‍ മരിച്ചുകഴിഞ്ഞു.'' രജീഷിന്റെ ശബ്ദമിടറി. ശ്രീജ രജീഷിനെ നോക്കി. ചുവന്ന രേഖകള്‍ തെളിഞ്ഞ അയാളുടെ കണ്ണുകള്‍ മരിച്ചവരുടേതുപോലെ നിര്‍ജ്ജീവമാണെന്ന് അവള്‍ക്കു തോന്നി.


സഞ്ജു പന്തുമായി അവരുടെയിടയിലൂടെ ഓടിപ്പോയി. ''അവന്റെ ഷര്‍ട്ട് കണ്ടില്ലേ? ഞാവല്‍പ്പഴത്തിന്റെ കറ വീണ് ആകെ വൃത്തികേടായിരിക്കുന്നു. ആ മരം മുറിച്ചുകളയണമെന്ന് കുറേ നാളായി ഞാന്‍ വിചാരിക്കുന്നു.'' രജീഷ് പറഞ്ഞു.
''ചില കറകള്‍ അങ്ങനെയാണ്.'' ശ്രീജ പറഞ്ഞു.
''കയ്യില്‍ പറ്റിയാല്‍ അത്രയെളുപ്പമൊന്നും അതു പോകില്ല.''
''ഏട്ടത്തി എന്താണുദ്ദേശിച്ചത്? രജീഷ് അമ്പരപ്പോടെ ചോദിച്ചു.
ശ്രീജ മറുപടി പറയാതെ നിന്നത് അയാളെ അസ്വസ്ഥനാക്കി. എന്നാല്‍, അവള്‍ അവിടെനിന്നും പോയപ്പോള്‍ അയാള്‍ക്ക് അല്‍പ്പമൊരാശ്വാസം തോന്നുകയും ചെയ്തു. രജീഷ് ഉള്ളംകൈ വിടര്‍ത്തി നോക്കിക്കൊണ്ട് ഏറെ സമയം നിശ്ചലനായി നിന്നു. കൈവെള്ളയില്‍ ആരുടെയൊക്കെയോ രക്തം മണക്കുന്നുണ്ടെന്ന് അപ്പോഴയാള്‍ക്കു തോന്നി.
''എന്താടാ? എന്താ ശ്രീജ നിന്നോടു പറഞ്ഞെ?'' മുറ്റത്തെ അയയില്‍ തുണി ഉണക്കാനിടുന്നതിനിടയില്‍ അമ്മ രജീഷിനോടു ചോദിച്ചു.
ശ്രീജയുടെ ജോലികളെല്ലാം അടുക്കളയില്‍ ബാക്കി കിടക്കുകയാണെന്ന്  അവര്‍ ഓര്‍മ്മിച്ചു.
''ശ്രീജേട്ടത്തിയുടെ  വര്‍ത്തമാനം കേട്ടാല്‍ തോന്നും ഏട്ടന്‍ പോയതില്‍ ഏട്ടത്തിക്കു മാത്രമേ വിഷമമുള്ളൂ നമുക്കാര്‍ക്കും ഒരു സങ്കടവുമില്ല എന്ന്. ഇന്ന് ദിവാകരേട്ടന്‍ വന്നപ്പോഴും ഏട്ടത്തി വല്ലാത്തൊരകല്‍ച്ച കാണിച്ചത് അമ്മ ശ്രദ്ധിച്ചില്ലേ?'' രജീഷ് ചോദിച്ചു.
''ഓരോ തവണ ചിന്തിക്കുമ്പോഴും ഓരോന്നാണ് ശരിയെന്നു തോന്നുക.''
അമ്മ ഏതാനും നിമിഷങ്ങള്‍ എന്തോ ആലോചിച്ചിട്ടു പറഞ്ഞു.
''അതാരുടേയും കുറ്റമല്ല.''
''എന്നാലും അമ്മയ്ക്കറിയാമല്ലോ രഞ്ജിത്തേട്ടനോട് ദിവാകരേട്ടന് എന്തു സ്‌നേഹമായിരുന്നൂന്ന്. അതെല്ലാം മറന്നുകൊണ്ട് ഏട്ടത്തി പെരുമാറരുത്.'' രജീഷ് കുറ്റപ്പെടുത്തുന്ന മട്ടില്‍ പറഞ്ഞു.
ശ്രീജ മുറ്റം തൂക്കുന്നതും തുണിയലക്കുന്നതും അമ്മ ശ്രദ്ധിച്ചു.
അതുവരെയില്ലാത്തൊരു മടുപ്പും വിരക്തിയും അവളുടെ ചലനങ്ങളിലുണ്ടെന്ന് അവര്‍ക്കു തോന്നി. മുറ്റത്തെ മണലില്‍ പതിഞ്ഞ ഈര്‍ക്കിലിന്റെ അടയാളങ്ങളിലൂടെ ശ്രീജ വീണ്ടും വീണ്ടും ചൂലോടിച്ചു. ഓര്‍മ്മകളുടെ ഏത് അടയാളങ്ങളെയാണ് അവള്‍ മായിച്ച് കളയാന്‍ പരിശ്രമിക്കുന്നതെന്ന് അവര്‍ അതിശയിച്ചു.
എല്ലാ അവധി ദിവസങ്ങളിലും ചെയ്യാറുള്ളതുപോലെ വൈകുന്നേരം ശ്രീജ സഞ്ജുവിന്റെ പഠനമുറിയില്‍ ഏറെ സമയം ചെലവഴിച്ചു. സഞ്ജു പഠിത്തത്തില്‍ ഒരു താല്‍പ്പര്യവും കാട്ടിയില്ല. അവന്റെ നോട്ട് പുസ്തകങ്ങളില്‍ അക്ഷരങ്ങളും അക്കങ്ങളും ഒറ്റപ്പെട്ട മനുഷ്യരെപ്പോലെ ചിതറിക്കിടന്നിരുന്നു.
ക്ലാസ്സ് പരീക്ഷകളിലെ സഞ്ജുവിന്റെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അവന്റെ രക്ഷിതാവ് എത്രയും പെട്ടെന്ന് സ്‌കൂളിലെത്തണമെന്ന ക്ലാസ്സ് ടീച്ചറുടെ ഭീഷണി അവന്റെ ഡയറിയില്‍ ശ്രീജ കണ്ടെത്തി. സഞ്ജുവിനെ ഹോംവര്‍ക്കുകള്‍ ചെയ്യാന്‍ ഏര്‍പ്പെടുത്തിയിട്ട് ശ്രീജ അല്‍പ്പമകലെനിന്നും അവനെ നിരീക്ഷിച്ചു. പാതി തുറന്ന പുസ്തകത്തിലെ കണക്കുകളുടെ ഉത്തരങ്ങള്‍ അവന്‍ ആദിയോടു ചോദിക്കുന്നത് ശ്രീജ കേട്ടു. സഞ്ജുവിന്റെ തൊട്ടടുത്തുള്ള കസേരയില്‍ ചിന്താഭാരത്തോടെ ആദിയിരിക്കുന്നത് ശ്രീജ സങ്കല്‍പ്പിച്ചു. സഞ്ജുവിന്റെ പാതി ഉത്തരങ്ങളുടെ അവകാശി! ശ്രീജയ്ക്ക് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും വന്നു. സഞ്ജുവിനുള്ള ശാപവാക്കുകള്‍ അവള്‍ ചുണ്ടുകള്‍ കടിച്ചൊതുക്കി. ഊണ്‍മേശയിലും സഞ്ജു ആദിയോട് സംസാരിക്കുന്നതും അവന്റെ ഭക്ഷണം മറ്റൊരു പാത്രത്തിലേക്കു പകുത്തു നല്‍കുന്നതും ഈ ദിവസങ്ങളില്‍ പതിവായിരുന്നു. സഞ്ജുവിന്റെ കണ്ണുകള്‍ക്കു മാത്രം കണ്ടെത്താനാകുന്ന വിധത്തില്‍ ആദി അവിടെയെങ്ങാനും പതിയിരിക്കുന്നുണ്ടോന്ന് അപ്പോഴൊക്കെ ശ്രീജ സംശയിക്കും.
''തീരെ കൊച്ചിലേ തുടങ്ങിയ കൂട്ടായിരുന്നല്ലോ. പെട്ടെന്നൊരു ദിവസം അവനെ കാണാതായപ്പോ മോനതു താങ്ങാന്‍ പറ്റിയിട്ടുണ്ടാവില്ല.''
അമ്മ സാന്ത്വനിപ്പിക്കുന്ന മട്ടില്‍ പറഞ്ഞു.
''എത്ര നന്നായി പഠിച്ചുവന്ന കുട്ടിയായിരുന്നു.'' ശ്രീജ പതിയെ പറഞ്ഞു.
''ഇപ്പോ അക്ഷരങ്ങളുതന്നെ മറന്ന മട്ടായി. എന്തതിശയമാണെന്നറിയില്ല അവന്റെ മനസ്സില്‍നിന്നും ഒക്കെ മാഞ്ഞതുപോലെയാണ്.''
''എന്നുവെച്ചാല്‍ കുട്ടിക്ക് സഹിക്കാന്‍ പറ്റുന്ന കാര്യങ്ങളാണോ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായത്. അവന്റെ അച്ഛനെയല്ലേ അവര്‍...''
അമ്മയുടെ തൊണ്ടയിടറി. കുറച്ചു സമയത്തിനുശേഷം അവര്‍ തുടര്‍ന്നു:
''പിന്നെയീ വീട്ടില്‍ സമാധാനമുണ്ടായിട്ടുണ്ടോ? രാത്രിയെന്നോ പകലെന്നോയില്ലാതെ ആളും ബഹളവുമല്ലായിരുന്നോ? എന്റെ കുഞ്ഞാകെ പേടിച്ചുപോയി.''
ശ്രീജ ഒന്നും മിണ്ടിയില്ല. അവള്‍ സഞ്ജുവിന്റെ മുടിയില്‍ തലോടിക്കൊണ്ട് നിസ്സഹായതയോടെ  അമ്മയെ നോക്കി.
''ആദി എന്റെ കണക്ക് നോട്ടും കൊണ്ട് അവന്റെ വീട്ടില്‍ പോയി.'' സഞ്ജു പെട്ടെന്നു തലയുയര്‍ത്തി പറഞ്ഞു.
''ആദിയോ? ആദിയിവിടെയയൊന്നും വന്നിട്ടില്ല.'' അമ്മ പെട്ടെന്നു രൂക്ഷമായ ശബ്ദത്തില്‍ പറഞ്ഞു.
''അവന്റെ അച്ഛനും കൂട്ടാളികളും ഇപ്പോ ജയിലിലാ. ആദിയെ അവന്റെ വീട്ടുകാര്‍ ടൗണിലെ ബോര്‍ഡിങ്ങ് സ്‌കൂളിലാക്കി.''
''ഇല്ല, ഇല്ല...'' സഞ്ജു തല വിലങ്ങനെയാട്ടി.
''ആദി ഇപ്പോഴും എന്റെ കൂടെയാ.'' സഞ്ജു മുറ്റത്തേക്കോടിപ്പോകുന്നതിനിടയില്‍ പറഞ്ഞു.
''ഇവനിങ്ങനെയായാല്‍ എങ്ങനാ?'' അമ്മ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.  ''ഓര്‍ത്തിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.''
ശ്രീജ എന്തു ചെയ്യണമെന്ന ആശയക്കുഴപ്പത്തോടെ ഏറെ സമയമിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും കാര്യങ്ങളൊക്കെ സങ്കീര്‍ണ്ണമാകുകയാണെന്ന് അവള്‍ക്കു തോന്നി.
''സഞ്ജുവിന്റെ സ്‌കൂളിലേക്ക് ഞാന്‍ പോകാം.'' രാത്രിയില്‍ വീട്ടിലെത്തിയപ്പോള്‍ രജീഷ് എല്ലാം കേട്ടതിനുശേഷം പറഞ്ഞു.
''അവന്റെ ടീച്ചറോട് കാര്യങ്ങളൊക്കെ ഒന്നു വിശദമായി സംസാരിക്കാം.''
''എന്നാലും കാര്യമുണ്ടാകുമെന്നു തോന്നുന്നില്ല.'' ശ്രീജ നിരാശയോടെ പറഞ്ഞു. ''അവനിപ്പോഴും പഴയപടി തന്നെ.''
''സഞ്ജുവിന്റെ ചില സമയത്തെ പെരുമാറ്റം കണ്ടാല്‍ പേടിയാകും.  ഇപ്പോഴും  ആ ചെക്കന്‍ ഈ വീട്ടിലുണ്ടെന്നാ സഞ്ജുവിന്റെ വിചാരം.'' അലമാരയിലെ കൊച്ചുകുപ്പിയില്‍ അവശേഷിച്ച കുഴമ്പ് കാല്‍വണ്ണകളില്‍ തേച്ചുപിടിപ്പിക്കുന്നതിനിടയില്‍ അമ്മ പറഞ്ഞു. നീരുവന്നു വീര്‍ത്ത അവരുടെ കാല്‍മുട്ടു കണ്ടപ്പോള്‍ അമ്മയുടെ മരുന്നു വാങ്ങാന്‍ മൂന്നാം ദിവസവും താന്‍ മറന്നുവെന്ന് രജീഷ് കുറ്റബോധത്തോടെ ഓര്‍ത്തു.
''കാര്യങ്ങള്‍ എത്ര തവണ പറഞ്ഞാലും അവന്റെ തലയില്‍ കയറണ്ടേ?''
ചുവരില്‍ ചാരിനിന്നുകൊണ്ട് ശ്രീജ പിറുപിറുത്തു.
''എപ്പോഴും പിടിവാശിയാ.''


''അതുകൊണ്ടാണ് ഞാന്‍ ഏട്ടത്തിയോട് പറഞ്ഞത് സഞ്ജുവിനെ നമുക്ക് കൗണ്‍സലിംഗിനു കൊണ്ടുപോകാമെന്ന്. അവന്റെ ഈ പ്രശ്‌നങ്ങളൊക്കെ മാറാന്‍ അതു തന്നെയാ നല്ല മാര്‍ഗ്ഗം.''
''സൈക്കോളജിസ്റ്റിനെ കാണാനോ?'' ശ്രീജ  അസ്വസ്ഥതയോടെ പറഞ്ഞു.
''കൊച്ചുകുട്ടിയാ സഞ്ജു. ആളുകളറിഞ്ഞാല്‍ അതുമിതും പറയും. അവന്റെ ഭാവിയെന്താകും?''
അവന്റെ ഭാവിയെപ്പറ്റി ഓര്‍ത്തിട്ടാണ് കൗണ്‍സലിംഗ് വേണമെന്ന് ഞാന്‍ പറയുന്നത്.'' രജീഷ് പറഞ്ഞു.
''എന്തൊക്കെ പറഞ്ഞാലും  ഇപ്പോ അവനെ  എങ്ങും കൊണ്ടുപോകുന്നില്ല.'' ശ്രീജ  ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. വീണ്ടും എന്തോ പറയാന്‍ വന്നത് വേണ്ടെന്നു വെച്ചിട്ട് അവള്‍ തലകുമ്പിട്ടു നിന്നു.
''ഞാനിന്ന് ദിവാകരേട്ടനെ കണ്ടിരുന്നു.'' രജീഷ് പെട്ടെന്നു വിഷയം മാറ്റിക്കൊണ്ടു പറഞ്ഞു.
''മറ്റന്നാളാണല്ലോ ഏട്ടന്റെ രക്തസാക്ഷിത്വ ദിനാചരണം. പരിപാടിക്ക് രാവിലെ പത്തുമണിക്കു തന്നെ എത്തണമെന്ന് ദിവാകരേട്ടന്‍ ഓര്‍മ്മിപ്പിച്ചു.''
''ഞാന്‍ അതിനു പോകുന്നില്ലെന്നു തീരുമാനിച്ചു.'' കുറച്ചു സമയത്തെ നിശ്ശബ്ദതയ്ക്കുശേഷം ശ്രീജ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. രജീഷ് ഒരു നിമിഷം സ്തബ്ധനായി.
''ഏട്ടത്തി എന്തായീപ്പറയുന്നത്?'' തൊണ്ടയില്‍ കുരുങ്ങിക്കിടന്ന വാക്കുകളെ പുറത്തെടുക്കാന്‍ യത്‌നിച്ചുകൊണ്ട് അയാള്‍ ചോദിച്ചു. ശ്രീജ ഭാവഭേദമില്ലാതെ നിന്നു. അവളുടെ നിശ്ശബ്ദത ആഞ്ഞുവീശാനൊരുങ്ങുന്ന ഒരു കൊടുങ്കാറ്റിന്റെ സൂചനയാണെന്ന് അയാള്‍ക്കു തോന്നി. അമ്മ ആശയക്കുഴപ്പത്തോടെ രണ്ടു പേരെയും മാറിമാറി നോക്കി.
''ഏട്ടത്തി തീരുമാനം മാറ്റണമെന്നേ എനിക്കു പറയാനുള്ളൂ.'' രജീഷ് ദുര്‍ബ്ബലമായ ശബ്ദത്തില്‍ പറഞ്ഞു.
''എനിക്ക് നിര്‍ബന്ധിക്കാനാകില്ല.''
മ്ലാനമായ മുഖത്തോടെ അകത്തേയ്ക്കു കയറിപ്പോകുന്ന രജീഷിനെ കണ്ടപ്പോള്‍ അയാളുടെ ചുവടുകള്‍ ഇടറിത്തുടങ്ങിയെന്നു ശ്രീജയ്ക്കു തോന്നി. രജീഷ് ഭാരമേറിയ മനസ്സോടെ തന്റെ മുറിയിലെ കട്ടിലിലിരുന്നു. ചുവരില്‍ പതിച്ചുവെച്ചിരുന്ന ഒരു ചിത്രത്തിലേയ്ക്ക് അയാള്‍ കണ്ണോടിച്ചു. കണ്ണീരൊലിപ്പിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ പടമായിരുന്നു അത്. നോക്കിനില്‍ക്കെ അത് സഞ്ജുവിന്റെ മുഖമായി മാറുന്നത് രജീഷ് ഞെട്ടലോടെ കണ്ടു. പേരറിയാത്ത ഒരു പറ്റം കുട്ടികളുടെ കണ്ണീരൊഴുകുന്ന മുഖങ്ങള്‍ ചുവരില്‍ നിറഞ്ഞു. തീര്‍ത്തും അസ്വസ്ഥനായി കിടക്കയിലേക്ക് ചായുമ്പോള്‍ അത്ര കാലവും മനസ്സിലുറപ്പിച്ച വിശ്വാസത്തിന്റെ ഊന്നുവടി നിലംപതിക്കുന്നത് അയാള്‍ അറിഞ്ഞു. ഏതൊക്കെയോ ഓര്‍മ്മകളില്‍ നൊന്തുപിടഞ്ഞുകൊണ്ട് രജീഷ് കണ്ണുകള്‍ ഇറുക്കിയടച്ചു.
പിറ്റേ ദിവസം വൈകിട്ട് സഞ്ജു സ്‌കൂളില്‍നിന്നും വന്നയുടനെ ബാഗ് ഉമ്മറത്തേയ്ക്ക് വലിച്ചെറിഞ്ഞിട്ട് ക്രിക്കറ്റ് കളിക്കാനോടുന്നത് ശ്രീജ കണ്ടു. അവനോട് യൂണിഫോം മാറ്റാനും ചായ കുടിക്കാനും പറഞ്ഞു മടുത്ത് അമ്മ അരിശത്തോടെ ശ്രീജയെ നോക്കി.
''ചെറുക്കനെ കയറൂരി വിട്ടാ ശരിയാകത്തില്ല.'' 
ഇടംകയില്‍ ഒരു പുളിങ്കമ്പും പിടിച്ചുകൊണ്ട്  മുറ്റത്തേയ്ക്കിറങ്ങുന്നതിനിടയില്‍ ശ്രീജ ഉറക്കെ പറഞ്ഞു: ''ഇന്നിവനിട്ട് ഞാന്‍ രണ്ടെണ്ണം പൊട്ടിക്കും.''
അപ്പോള്‍ രജീഷ് ഗേറ്റ് കടന്നുവരുന്നത് ശ്രീജ കണ്ടു. ഉമ്മറപ്പടിയിലേക്ക് ചെരുപ്പഴിച്ചു വയ്ക്കുന്നതിനിടയില്‍ അയാളും സഞ്ജുവിനെ ശ്രദ്ധിച്ചു. സഞ്ജു ചെത്തിമിനുസപ്പെടുത്തിയ രണ്ടു മരക്കുറ്റികള്‍ ഞാവല്‍മരത്തിന്റെ താഴെയായി സൂക്ഷ്മതയോടെ ഉറപ്പിച്ചുവച്ചു. പിന്നീട് പാന്റ്‌സിന്റെ പോക്കറ്റില്‍നിന്നും ഒരു വെളുത്ത ചോക്ക് കഷണമെടുത്തിട്ട് നിലത്തു മുട്ടുകുത്തിയിരുന്നു വലിയൊരു അതിര്‍ത്തി വരച്ചു. കളിസ്ഥലത്തു ചിതറിക്കിടന്ന  ഇലകളും കായകളുമൊക്കെ പെറുക്കി മാറ്റിയതിനുശേഷം അവന്‍ ചുവന്ന പന്തും ബാറ്റും കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി. മറുവശത്ത് ബാറ്റിങ്ങിനായി ആദി തയ്യാറായി നില്‍ക്കുന്നുവെന്ന തോന്നലായിരിക്കണം സഞ്ജുവിന്.
സഞ്ജുവിന്റെ പിന്നാലെയെത്തിയ ശ്രീജയുടെ കയ്യില്‍നിന്നും വടി പിടിച്ചുവാങ്ങി അനുനയിപ്പിച്ചുകൊണ്ട് രജീഷ് പറഞ്ഞു: ''ഏട്ടത്തീ, എന്റെ കൂടെ പഠിച്ച ഒരു മനോജ് മാധവന്‍ ഇപ്പോ സൈക്കോളജിസ്റ്റാ.  മിക്കപ്പോഴും ഞാനവനെ ടൗണില്‍ വച്ചു കാണാറുണ്ട്. ശ്രീജ ചോദ്യഭാവത്തോടെ രജീഷിനെ നോക്കി.
''സഞ്ജുവിന്റെ പ്രശ്‌നത്തെപ്പറ്റി ഞാനിന്ന്  മനോജിനോടു സംസാരിച്ചു. കാര്യങ്ങളൊക്കെ മനോജിന് അറിയാവുന്നതാണല്ലോ. അവന്‍ പറയുന്നത് ആദി എപ്പോഴും ഒപ്പമുണ്ടെന്നാണ് സഞ്ജു വിശ്വസിക്കുന്നതെങ്കില്‍ നമ്മള്‍ അതിനെ എതിര്‍ക്കണ്ട എന്നാണ്.''
''പിന്നെ നമ്മളെന്തു ചെയ്യണം?'' ശ്രീജ ചോദിച്ചു.
''അവന്റെ തോന്നലുകളൊക്കെ സമ്മതിച്ചുകൊടുക്കണമെന്നാണോ?''
''സഞ്ജുവിനെ നമ്മള്‍ പ്രകോപിപ്പിക്കരുത് എന്നാണ് മനോജിന്റെ അഭിപ്രായം.'' രജീഷ് പറഞ്ഞു.
''ദാ... ഇപ്പോള്‍ത്തന്നെ നോക്ക്. കളിക്കാന്‍ ആദി കൂടെയുണ്ടെന്നാണ് സഞ്ജുവിന്റെ വിചാരം. നമ്മള്‍ അതിനെ തിരുത്തണ്ട. അതിനു പകരം ആദിയുടെ കൂടെ കളിക്കരുത് എന്നു പറയുക. അതിന്റെ കാരണം അവനെ ബോദ്ധ്യപ്പെടുത്തുകയും വേണം.''
ശ്രീജ രജീഷിനെ സംശയത്തോടെ നോക്കിക്കൊണ്ട് സാവധാനം തലയാട്ടി.
''സഞ്ജു...'' രജീഷ് ഉറക്കെ വിളിച്ചു.
''മോനിതുവരെ യൂണിഫോം മാറ്റിയതുപോലുമില്ലല്ലോ. ഇനി ചായയൊക്കെ കുടിച്ചിട്ട്   ആദിയുടെ കൂടെ കളിക്കാം. ഇപ്പോള്‍ അവനെ പറഞ്ഞുവിട്.''
''അതിന് ആദി ഇവിടെയില്ലല്ലോ.'' സഞ്ജു രജീഷിന്റെ നേര്‍ക്കു  നോക്കാതെ പറഞ്ഞു.
''അപ്പോള്‍ ആദി നിന്റെ കൂടെയിപ്പോള്‍ കളിക്കുന്നില്ലെന്നാണോ?'' രജീഷ് അവിശ്വസനീയതയോടെ ചോദിച്ചു.
''അതെ.'' സഞ്ജു ചിരിയോടെ പറഞ്ഞു.
എന്നിട്ടവന്‍ പന്ത് നെഞ്ചോടടുക്കിപ്പിടിച്ചുകൊണ്ട് ഓടിവന്ന് സ്റ്റമ്പ് ലക്ഷ്യമാക്കി ബൗള്‍ ചെയ്യുന്നതിനിടയില്‍ പറഞ്ഞു:
''ഇത് ഞാന്‍.''
അടുത്ത നിമിഷത്തില്‍ സഞ്ജു  അന്തരീക്ഷത്തിലേക്കെറിഞ്ഞ പന്ത് ബൗണ്ടറിയിലേക്ക് അടിച്ചു തെറിപ്പിക്കുമ്പോള്‍ പറയുന്നതു കേട്ടു:
''ഇതും ഞാന്‍.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com