അവിചാരിത മരണങ്ങള്‍: ടിസി രാജേഷ് എഴുതിയ കഥ

''ഡോക്ടര്‍, പറയുമ്പോള്‍ കുറച്ചൊക്കെ എത്തിക്സ് വേണം. എനിക്ക് വലുത് എന്റെ അച്ഛന്റെ ജീവനാണ്; നിങ്ങള്‍ക്ക് അതെത്ര നിസ്സാരമായാലും...''
ചിത്രീകരണം - ചന്‍സ്
ചിത്രീകരണം - ചന്‍സ്

''ഡോക്ടര്‍, പറയുമ്പോള്‍ കുറച്ചൊക്കെ എത്തിക്സ് വേണം. എനിക്ക് വലുത് എന്റെ അച്ഛന്റെ ജീവനാണ്; നിങ്ങള്‍ക്ക് അതെത്ര നിസ്സാരമായാലും...''
മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിനു മുന്നില്‍ നിന്ന് വിറയ്ക്കുകയായിരുന്നു റീന കുര്യന്‍. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യമാണ് ഡോക്ടര്‍ ചാരുദത്തനില്‍നിന്ന് ഉണ്ടായത്. അത്തരമൊരു ചോദ്യം ചോദിക്കാന്‍ ഡോക്ടര്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് റീനയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. 

ഒരാഴ്ച പിന്നിടുകയാണ് അച്ഛന്റെ ആശുപത്രി വാസം. വീട്ടില്‍നിന്ന് ആശുപത്രിയിലെത്തിയതിന്റെ മൂന്നാം ദിവസം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതാണ്. വൈകുന്നേരം അനുവദിക്കപ്പെട്ട നിശ്ചിത സമയം മാത്രം ചെറിയൊരു ചതുരത്തിലൂടെ അച്ഛനെ കാണാം. അകത്ത് തീവ്രവെളിച്ചത്തില്‍ അച്ഛന്‍ കണ്ണടച്ചു കിടക്കുകയാണ്. തെല്ലെങ്കിലും വെളിച്ചം മുഖത്തുതട്ടിയാല്‍ അച്ഛന് ഉറങ്ങാനാകില്ലെന്ന് റീനയ്ക്കറിയാം. അതുകൊണ്ടുതന്നെ നേരം പരപരാ വെളുക്കുമ്പോഴേ ഉണരുന്നതാണ് പണ്ടുമുതലേ ശീലം. ഇവിടെ, പക്ഷേ, ചുറ്റിനും കത്തിനില്‍ക്കുന്ന വിളക്കുകള്‍ അച്ഛനില്‍നിന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാവിനേയും പകലിനേയും അകറ്റി നിറുത്തിയിരിക്കുന്നു.  രാവെത്തുന്നതറിയാത്തതിനാല്‍ അച്ഛന്‍ ഉറങ്ങുന്നുണ്ടാകുമോ ആവോ!  

മൊബൈല്‍ ഫോണ്‍ ഊര്‍ജ്ജം ചോര്‍ന്ന് നിശ്ചലമായിട്ട് മണിക്കൂറുകളായി. പേ വാര്‍ഡില്‍ മുറിയെടുത്തിട്ടുണ്ടെങ്കിലും അത് അടുത്ത ബ്ലോക്കിലാണ്. ചാര്‍ജു ചെയ്യാനായി കുത്തിവയ്ക്കാന്‍ അവിടെ വരെ ഒന്നുപോകാന്‍ തോന്നുന്നില്ല. അച്ഛന്‍ ഉണരുന്നതും നഴ്സ് പുറത്തെത്തി തന്നെ വിളിച്ച് അച്ഛനെ മുറിയിലേക്കു കൊണ്ടുപോയ്ക്കൊള്ളാന്‍ പറയുന്നതും കാത്തുള്ള ഇരിപ്പാണ്. അവരന്വേഷിക്കുമ്പോള്‍ ബൈസ്റ്റാന്‍ഡര്‍ അവിടെയുണ്ടാകാതെ പറ്റില്ലെന്ന് മനസ്സ് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. 
ഐസിയുവില്‍നിന്ന് ഡോക്ടര്‍ ചാരുദത്തന്‍ വീണ്ടും പുറത്തേക്കു വന്നു.  റീനയ്ക്ക് ആ മുഖത്തേക്കു നോക്കാന്‍ പോലും തോന്നിയില്ല. 
''നിസ്സഹായതകൊണ്ടാണ് വീണ്ടും ചോദിക്കുന്നത്; തെറ്റാണെന്നറിഞ്ഞുകൊണ്ടുതന്നെ. തീരുമാനമെടുക്കാന്‍ വൈകുന്തോറും ഞങ്ങള്‍ക്കു മുന്നിലെ ഓരോ സാധ്യതകളായി ഇല്ലാതാകുകയാണ്. ഇനിയെല്ലാം നിങ്ങളുടെ കയ്യിലാണ്.''

മറുപടിക്കു കാക്കാതെ അത്രയും മാത്രം പറഞ്ഞുകൊണ്ട് ഡോക്ടര്‍ ദത്തന്‍ മെല്ലെ മുന്നോട്ടു നടന്നു. ഐ.സി.യുവിലെ തണുപ്പില്‍നിന്ന് ഇറങ്ങിവന്നിട്ടും അയാള്‍ വിയര്‍ക്കുന്നുണ്ടെന്ന് റീനയ്ക്കു തോന്നി. നീലം വടുക്കള്‍ തീര്‍ത്ത വെളുത്ത കോട്ടില്‍, വിയര്‍ത്ത കൈകള്‍ തുടയ്ക്കുന്നതിനാലാകണം, ചിലയിടത്തൊക്കെ ചെളിനിറം പടര്‍ന്നിരിക്കുന്നു. 


മറുപടി പറയാന്‍ പോയിട്ട് ഉമിനീരുപോലും ഇറക്കാനാകാത്ത സ്ഥിതിയിലാണ് റീന. പെരുവിരല്‍ തൊട്ട് ഒരു വിറയല്‍ ശരീരമാകെ പിന്നെയും പടരുന്നത് അവരറിഞ്ഞു. മനസ്സിലെ ഭാരം ഒന്നിറക്കിവയ്ക്കാന്‍ മാത്രം പരിചയമുള്ളവരാരും അടുത്തെങ്ങുമില്ല. വീട്ടില്‍നിന്ന് സാമുവല്‍ ഉടന്‍ എത്തുമെന്നു കരുതി പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഡോ. ചാരുദത്തന്റെ ചോദ്യം അശനിപാതം പോലെ വന്നു പതിച്ചത്. സാമുവലിനെ വിളിക്കാനും വിവരം പറയാനും അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ല.  
മറ്റാരുടെയെങ്കിലും ഫോണ്‍ വാങ്ങി വിളിക്കാമെന്നു വച്ചാല്‍, സ്വന്തം ഭര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍ ഓര്‍മ്മയിലൊരിടത്തും ഒളിഞ്ഞുപോലുമിരിപ്പില്ലെന്ന് മനസ്സിലായത് ഫോണ്‍ നിശ്ചലമായപ്പോള്‍ മാത്രമാണ്. 
കഴിഞ്ഞ നാല്‍പതു വര്‍ഷമായി വിരല്‍ത്തുമ്പില്‍ പിടിച്ച് കൂടെക്കൊണ്ടു നടന്ന അച്ഛനാകട്ടെ, അകത്ത് ഇതൊന്നും അറിഞ്ഞോ അറിയാതെയോ ഉറക്കം നടിച്ചു കിടക്കുകയാണ്. 
സാമുവല്‍ വരുന്നതുവരെ കാത്തിരിക്കുകതന്നെ. ടെന്‍ഷന്‍ കാരണം വൈകിട്ട് രണ്ടുമൂന്നു തവണ സാമുവലിനെ വിളിച്ചിരുന്നു. ഓഫീസില്‍നിന്ന് അപ്പോഴേക്കും വീട്ടിലെത്തിക്കാണുമെന്ന് അറിയാമായിരുന്നു. പക്ഷേ, താന്‍ നിരന്തരമായി വിളിക്കുന്നതിന്റെ ദേഷ്യത്തിലാണ് കക്ഷി. തനിക്ക് ടെന്‍ഷന്‍ വരുമ്പോള്‍ വേറേ ആരെ വിളിക്കാന്‍! ഇങ്ങനെ എപ്പോഴുമെപ്പോഴും വിളിച്ചു ശല്യപ്പെടുത്തിയാല്‍ ഇനി ഫോണെടുക്കില്ലെന്നായിരുന്നു ഭീഷണി. പിന്നെ വിളിച്ചില്ല. 
പാവം. ഓഫീസില്‍നിന്ന് വീട്ടിലെത്തിയാല്‍ മോശമല്ലാത്തത്ര ജോലികള്‍ കിടപ്പുണ്ട്. വീട്ടുജോലികളില്‍ മടികൂടാതെ സഹായിക്കുന്ന സ്വഭാവം സാമുവലിനുള്ളതിനാല്‍ ഇതുവരെ ജോലിക്കാരെ വയ്ക്കണമെന്നു തോന്നിയിട്ടില്ല. നാലഞ്ചു ദിവസത്തെ തുണികള്‍ അലക്കാന്‍ കിടപ്പുണ്ട്. വാഷിംഗ് മെഷീനുണ്ടെങ്കിലും അതിലിട്ടു കഴുകിയാല്‍ വൃത്തിയാകില്ലെന്ന പക്ഷക്കാരനാണ് കക്ഷി. ഷര്‍ട്ടും പാന്റുമൊക്കെ അല്ലാതെ കഴുകിയുണക്കി ഇസ്തിരിയിടും. അതിന്റെ തിരക്കിനിടയിലായിരുന്നു തന്റെ ഇടമുറിയാത്ത വിളികള്‍. അച്ഛന്റെ ബോധം തെളിയാത്തതിന്റെ ആശങ്ക ഭര്‍ത്താവിനോടു പങ്കുവയ്ക്കാമെന്നു മാത്രമേ അപ്പോള്‍ താന്‍ കരുതിയുള്ളു. പക്ഷേ, തിരക്കിനിടയില്‍ അതൊക്കെ പുള്ളിക്കു ബുദ്ധിമുട്ടായി. ഇപ്പോഴൊരു സന്നിഗ്ദ്ധാവസ്ഥയിലാകട്ടെ, വിളിക്കാനുമാകുന്നില്ല.  
''എന്റെ അച്ഛനെ കൊന്നോട്ടെ എന്നാണ് ഡോക്ടര്‍ ചോദിക്കുന്നത്!''
ഐ.സി.യുവിനു വെളിയിലെ കസേരയിലിരുന്ന്, മുകളിലൊരു മൂലയില്‍ ഒരു പ്രാണിയുടെ ജീവനെ ലക്ഷ്യമിട്ട് കണ്ണുകൂര്‍പ്പിച്ചിരിക്കുന്ന പല്ലിയോടായി റീന പിറുപിറുത്തു.  
ഉറ്റവരുടെ ജീവനു കാവലാളുകളായി വിളിപ്പുറത്ത് കാത്തിരിക്കുന്നവരിലാരൊക്കെയോ റീനയിലേക്കു തിരിഞ്ഞു. 
''കുടിക്കാന്‍ വെള്ളം വേണോ?''
അവരിലൊരാളുടെ ചോദ്യം റീന കേട്ടില്ല. കാതില്‍ മുഴങ്ങുന്നത് ഡോക്ടര്‍ ചാരുദത്തന്റെ ശബ്ദം മാത്രമാണ്. 
അത്യാഹിത വിഭാഗത്തിനു മുന്നിലെ ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ഡോക്ടര്‍ ചാരുദത്തന് മുന്നില്‍ വീണ്ടും അനിശ്ചിതത്വം മാത്രമാണ് ഉണ്ടായിരുന്നത്. ഡ്യൂട്ടിയിലുള്ള സീനിയര്‍ റെസിഡന്റുമാര്‍ പരക്കം പായുന്നു. 
ഒരു മണിക്കൂറില്‍ എത്തുന്നത് ചോരയൊലിക്കുന്ന നൂറുകണക്കിനാളുകളാണ്. സ്വയം മുറിവേല്‍പ്പിക്കുന്നവര്‍ മുതല്‍ അക്കൂട്ടത്തിലുണ്ട്. ഒരാള്‍ മരിക്കാന്‍ തീരുമാനിച്ചുറച്ച് കഴുത്തു മുറിച്ചാലും അവരുടെ മുറിവുകള്‍ തുന്നിക്കെട്ടി ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുപോകുകയാണ് ഡോക്ടര്‍മാരുടെ ദൗത്യം. നിസ്സഹായമായ ജീവിതങ്ങളെ 1യൂത്തനേസ്യയിലേക്കു കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള സംവാദങ്ങള്‍ സജീവമാകുമ്പോഴും മരിക്കാന്‍ സ്വയം തീരുമാനിച്ചവരെ അതിനനുവദിക്കാതിരിക്കുക എന്നൊരു ദൗത്യം കൂടി അത്യാഹിത വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കുണ്ട്. മുറിവുകള്‍ തുന്നിക്കെട്ടുമ്പോള്‍ മുന്നില്‍ കിടക്കുന്നത് പേരോ ഊരോ അറിയില്ലാത്ത മനുഷ്യശരീരങ്ങള്‍ മാത്രമാണ്. അക്കൂട്ടത്തില്‍ കുബേരനും കുചേലനുമില്ല; ആണും പെണ്ണുമില്ല; മനുഷ്യന്‍, മനുഷ്യന്‍ മാത്രം. ആര് എന്തിന് ചെയ്തുവെന്ന ചോദ്യത്തിനോ എങ്ങനെ സംഭവിച്ചുവെന്നതിനോ പ്രസക്തിയില്ല. അവരുടെ ഉള്ളില്‍ തുടിക്കുന്ന ജീവന്റെ തരികളിലേക്ക് അല്‍പ്പം കൂടി ഊര്‍ജ്ജം പകരുക. അതുമാത്രമാണ് ഓരോ നിമിഷത്തിലും ഡോക്ടറെന്ന നിലയില്‍ ചെയ്യുന്നതെന്ന് ചാരുദത്തന്‍ പറയാറുണ്ട്. 

''സര്‍, ആ അണ്‍ ഐഡന്റിഫൈഡിന്റെ 2ജി.സി.എസ്. ആറിലാണ് നില്‍ക്കുന്നത്. എത്രനേരം 3ആംപ്യുബാഗില്‍ പിടിച്ചുനില്‍ക്കുമെന്നറിയില്ല. താമസിക്കുന്തോറും പേഷ്യന്റ് ബ്രെയിന്‍ ഡെത്തിലേക്കു പോകുകയാണ്...''
സീനിയര്‍ റെസിഡന്റ് ഡോ. ബിലാല്‍ മുഹമ്മദ് ഡോ. ചാരുദത്തനെ ഓര്‍മ്മിപ്പിച്ചു. അത്യാഹിത വിഭാഗത്തിലെ കിടക്കകളിലൊന്നില്‍ അനക്കമില്ലാതെ കിടക്കുകയാണ് അജ്ഞാതനായ ആ മനുഷ്യന്‍. ഹൃദയത്തിന്റെ താളം മന്ദഗതിയിലാകുകയാണ്, ശ്വാസോച്ഛ്വാസം നിലയ്ക്കുകയാണ്, തലച്ചോറിന്റെ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരാള്‍ മരണത്തിലേക്ക് മെല്ലെമെല്ലെ പദംവച്ചു പോകുകയാണ്...
ശരീരത്തില്‍ മറ്റൊരിടത്തും പരിക്കുകളില്ല. തലയ്ക്കേറ്റ കനത്ത ആഘാതമാണ് അയാളുടെ ബോധം നഷ്ടപ്പെടുത്തിയിരിക്കുന്നത്. ഹെല്‍മറ്റ് വയ്ക്കാതിരുന്നതിന്റെ ഫലം. കയ്യില്‍ തിരിച്ചറിയാനുതകുന്ന യാതൊരു രേഖകളുമില്ല. മൊബൈല്‍ഫോണ്‍ തകര്‍ന്നു തരിപ്പണമായിരുന്നു. ഏതോ അജ്ഞാത വാഹനം ഇടിച്ചിട്ടുപോയ അജ്ഞാത മനുഷ്യന്‍. ഓടിച്ചിരുന്ന ബൈക്കിന്റെ നമ്പര്‍ മാത്രമാണ്  ഏക അടയാളം. അതുവച്ച് ആളെ കണ്ടെത്തണമെങ്കില്‍ ഇനി നേരം വെളുക്കണം. അല്ലെങ്കിലും ആളെ കണ്ടെത്തുക എന്നതല്ല പരമപ്രധാനം, ജീവന്‍ രക്ഷിക്കുക എന്നതാണ്. പക്ഷേ, ചാരുദത്തന്‍ മാത്രമല്ല, ഓരോ ഡോക്ടര്‍മാരും നിസ്സഹായരായിരുന്നു.
അത്യാഹിത വിഭാഗത്തില്‍, തിരിച്ചറിയപ്പെട്ടവരും കൂട്ടിരിപ്പുകാരും ചെറുതും വലുതുമായ പരുക്കേറ്റവരും ബോധമുള്ളവരും ഇല്ലാത്തവരും മരണം ഉറപ്പാക്കിയവരും ഉറപ്പാക്കിക്കൊണ്ടിരിക്കുന്നവരും അവര്‍ക്കു നടുവില്‍ യാന്ത്രികമായി ഓരോരോ ജീവനുകളെയായി സ്‌നേഹത്തോടെ വിളിച്ച് പരിചരിച്ച് സാന്ത്വനിപ്പിച്ച് കുറേ വെളുത്ത വസ്ത്രം ധരിച്ചവരും അവരുടെ തിരക്കും... 

അവര്‍ക്കിടയിലൊരാളായി ആ അജ്ഞാതന്‍ കിടക്കുകയാണ്. ആ അജ്ഞാതന്റെ ജി.സി.എസ്. ആറാണ്. വെന്റിലേറ്ററിലേക്കു മാറ്റിയാല്‍ രക്ഷപ്പെടുത്താനായേക്കും, ഒരു ന്യൂറോ സര്‍ജറി കൊണ്ടെങ്കിലും. അല്ലാതെ ജീവന്‍ രക്ഷിക്കാനാകില്ല. 
പക്ഷേ, നിലവില്‍ ഒരു വെന്റിലേറ്റര്‍പോലും ആശുപത്രിയില്‍ ഒഴിവില്ല. ഒഴിവുണ്ടായിരുന്ന രണ്ടെണ്ണത്തിലേക്ക് അല്‍പ്പം മുന്‍പ് അപകടത്തില്‍പ്പെട്ടുവെന്ന രണ്ടുപേരേ കിടത്തിയതേയുള്ളു. അന്‍പതിലേറെ വെന്റിലേറ്ററുകള്‍ ഉപയോഗത്തിലിരിക്കുന്നു. പത്തു പതിനഞ്ചെണ്ണമെങ്കിലും 4സ്റ്റാന്‍ഡ്ബൈ ആയി മാറ്റിവച്ചിട്ടുണ്ട്. അവയെല്ലാം ഓരോരോ മനുഷ്യര്‍ക്കായി അടയാളപ്പെടുത്തിയിരിക്കുകയാണ്. അവയുടെ ബലത്തില്‍ ശസ്ത്രക്രിയാ മുറികളില്‍ ഒട്ടേറെപ്പേര്‍ കീറിമുറിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞവര്‍ ജീവിതത്തിലേക്ക് ഉറ്റുനോക്കി കിടക്കുന്നു. ഏതു നിമിഷവും അവര്‍ക്കത് ആവശ്യമായി വരാം. മറ്റൊരാള്‍ക്കുവേണ്ടി തല്‍ക്കാലം അവ ഉപയോഗിക്കാന്‍ നിവൃത്തിയില്ല. ന്യൂറോളജിയിലേയും കാര്‍ഡിയോളജിയിലേയും ഓരോ വെന്റിലേറ്ററുകളാകട്ടെ, വൈകിട്ട് നഗരത്തിലെത്തിയ വി.വി.ഐ.പിക്കുവേണ്ടി പ്രത്യേകം റിസര്‍വ്വ് ചെയ്തു വച്ചിരിക്കുകയാണ്. ഏതു സാഹചര്യത്തിലായാലും അത് ഒരു സമ്മതിദായകനുവേണ്ടി വിനിയോഗിക്കാനാകില്ല. 

സാധാരണ അപകടത്തില്‍പ്പെട്ട് ഒരാളെത്തിയാല്‍ സൗകര്യം നോക്കുക പതിവില്ല. ഒ.പി. ടിക്കറ്റെഴുതി നേരെ അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കും. ആളിന് ഭാഗ്യമുണ്ടെങ്കില്‍ ഏതെങ്കിലും വിഭാഗത്തില്‍ നിന്ന് തുടര്‍ ചികില്‍സകള്‍ക്കായി തയ്യാറെടുക്കാന്‍ ഒരു വെന്റിലേറ്റര്‍ കിട്ടും. ഇല്ലെങ്കിലാകട്ടെ, അനിവാര്യമായ മരണവും.  
വെന്റിലേറ്റര്‍ ഒരെണ്ണമെങ്കിലും ഒഴിച്ചെടുക്കാനാകുമെന്ന സാധ്യത തേടലിലായിരുന്നു  അജ്ഞാതനായ അയാള്‍ക്കായി ഡോക്ടര്‍ ചാരുദത്തന്‍ കുറേ സമയം മെനക്കെടാന്‍ തീരുമാനിച്ചത്. പക്ഷേ, അതും പരാജയപ്പെട്ടിരിക്കുന്നു.

 
ഒരു അജ്ഞാതനില്‍ മറ്റൊരു ജ്ഞാതനിലേക്കായി ഡോക്ടര്‍ ചാരുദത്തന്റെ സഞ്ചാരം. നൂറോളം രോഗികളെ നോക്കാന്‍ വിരലിലെണ്ണാവുന്ന നഴ്സുമാരേയുള്ളു. അവരില്‍ ഒരാള്‍ അധികം പരാതിയൊന്നും പറയാതെ, ആംപ്യു ബാഗ് ഉപയോഗിച്ച്, കൂട്ടിരിപ്പുകാരില്ലാത്ത ആ അജ്ഞാതന്റെ ശ്വാസഗതിക്കു താളം പകര്‍ന്നുകൊണ്ടിരിക്കുകയാണ്. മന്ദ്രസ്ഥായിയില്‍ ഒരു സംഗീതോപകരണം ഉപയോഗിക്കും പോലെ. അതിലെ സ്വരസ്ഥാനങ്ങള്‍ അജ്ഞാതനായ ആ യുവാവിന്റെ ശ്വാസകോശഭിത്തികളില്‍ താളം പിടിക്കുന്നുണ്ട്. ആ താളത്തിനു വേഗത കുറഞ്ഞാല്‍ ഒരു ജീവിതത്തിന്റെകൂടി സംഗീതം നിലയ്ക്കും. പിറ്റേന്ന് മോര്‍ച്ചറിയിലേക്കുള്ള വാതില്‍ പതിവുപോലെ തുറക്കും. അതിനുള്ളിലൊരാളായി ആ അജ്ഞാതനും മാറും. ഇപ്പോള്‍ ആ ജീവിതം താളം പകര്‍ന്നെടുക്കുന്നത് ഒരു നഴ്സിന്റെ വിരല്‍ത്തുമ്പുകളില്‍നിന്നു മാത്രമാണ്...
ചാരുദത്തനെ അന്വേഷിച്ച് ഒരാള്‍ അത്യാഹിത വിഭാഗത്തിന്റെ വാതില്‍ക്കലെത്തി. മറ്റൊരിടത്ത് തീപ്പൊള്ളലേറ്റുവന്ന രോഗിയില്‍ മരുന്നു പുരട്ടുകയായിരുന്നു ഡോക്ടര്‍.  അപ്പുറത്ത് ഒരു ചെറുപ്പക്കാരന്റെ അലറിക്കരച്ചില്‍ ഉയരുന്നുണ്ട്. കയ്യൊടിഞ്ഞ് അസ്ഥി പുറത്തുവന്ന അവസ്ഥയിലെ കൊടുംവേദനയില്‍ ആരാണ് കരയാത്തവര്‍? അത്തരം വേദനകളും ദീനരോദനങ്ങളും ഒരു ഡോക്ടറെ സംബന്ധിച്ച് പതിവുകള്‍ മാത്രം! അതിനിടയിലും കാണാനെത്തിയവര്‍ക്കു കണ്ണും കാതും കൊടുത്തില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ പലതായിരിക്കും. 
അന്വേഷിച്ചു വന്നയാളുടെ മുഖം കണ്ടുമറന്ന ഓര്‍മ്മയുണര്‍ന്നു ദത്തനില്‍. അയാളുടെ കണ്ണില്‍ ആരോടൊക്കെയോ ഉള്ള രോഷം പുകയുന്നുണ്ട്. 
''നിങ്ങള്‍ എന്താണ് ആ സ്ത്രീയോട് പറഞ്ഞത്? ഡോക്ടര്‍മാര്‍ക്കും കുറച്ചൊക്കെ മനുഷ്യത്വമാകാം...''
അപ്രതീക്ഷിതമായിരുന്നു വാക്കുകള്‍ കൊണ്ടുള്ള ആ ആക്രമണം. 
ആദ്യം ഒന്നമ്പരന്നെങ്കിലും ഡോക്ടര്‍ ദത്തന്‍ വളരെ പെട്ടെന്ന് യാഥാര്‍ത്ഥ്യബോധത്തിലേക്കെത്തി. ആളിന്റെ വരവ് മുകളിലെ തീവ്രപരിചരണ വിഭാഗത്തിനു പുറത്തുനിന്നാണ്. അവിടെ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന ഏതോ ഒരു രോഗിയുടെ ബൈസ്റ്റാന്‍ഡര്‍...
ചോദ്യം, റീനയോടുന്നയിച്ച ആവശ്യത്തെപ്പറ്റിയാണെന്നു മനസ്സിലാക്കിയ ഡോക്ടര്‍ ദത്തന്‍ ഒന്നു പുഞ്ചിരിച്ചു. യുദ്ധം ചെയ്യാനുള്ള സമയമല്ലിത്, വാക്കുകള്‍കൊണ്ടാണെങ്കില്‍പ്പോലും.
''ഇത് അത്യാഹിതവിഭാഗമാണ് സുഹൃത്തേ! ഓരോ മിനിട്ടിലും തങ്ങളുടെ ജീവനും ശരീരത്തിനുംവേണ്ടി ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നിടം. താങ്കള്‍ക്കുള്ള ഉത്തരം പറയാന്‍ വിശദമായ സമയം വേണം. തല്‍ക്കാലം നിവൃത്തിയില്ല. നമുക്കു പിന്നീട് സംസാരിക്കാം...''
അയാള്‍ക്കു മറുപടി കൊടുക്കാതെ ചാരുദത്തന്‍ വീണ്ടും ജ്ഞാതാജ്ഞാതന്മാര്‍ക്കിടയിലേക്കു സഞ്ചരിച്ചു. അത്യാഹിത വിഭാഗത്തിന്റെ വാതില്‍ക്കല്‍നിന്ന് എന്തൊക്കെയോ ശകാരവാക്കുകള്‍ അയാള്‍ ചൊരിഞ്ഞെങ്കിലും പരുക്കേറ്റവരുടേയും ജീവനുവേണ്ടി മല്ലിടുന്നവരുടേയും ദീനരോദനങ്ങളിലും ബഹളത്തിലും അത് അലിഞ്ഞസ്തമിച്ചു.   
തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ കുര്യന്‍ തോമസ് എന്ന തൊണ്ണൂറുകാരന്‍ കിടക്കുന്നത് ഇത് നാലാം ദിനമാണ്. അധികം വൈകാതെ ഉറപ്പായ അവസാന നിമിഷം കഴിയുന്നത്ര നീട്ടിക്കൊണ്ടുപോകാനുള്ള ഒരു മകളുടെ പോരാട്ടമാണത്. മരണത്തോടുള്ള പോരാട്ടം. ജീവിതദൗത്യങ്ങള്‍ അവസാനിപ്പിച്ച് വീട്ടിലെ സ്വച്ഛതയില്‍ മകളുടെ തലോടലേറ്റ് സാന്ത്വന വചനങ്ങള്‍ ശ്രവിച്ച് പതിയെപ്പതിയെ മടങ്ങിപ്പോകേണ്ട ഒരാള്‍ ആയിരം വാട്ടിന്റെ തീക്ഷ്ണപ്രകാശത്തില്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട് ശരീരത്തിലുടനീളം വയറുകള്‍ ഘടിപ്പിച്ച് ചലിക്കാത്ത ശരീരവും പിടഞ്ഞുപിടഞ്ഞു തളര്‍ന്ന ബോധവുമായി മരണത്തോട് ഗുസ്തിപിടിക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ മരണം ഉറപ്പാണ്. അതൊരു സ്വച്ഛന്ദ മൃത്യുവാക്കിക്കൂടേയെന്നു മാത്രമേ താന്‍ ആ മകളോടു ചോദിച്ചുള്ളു. 
ഒന്‍പതു പതിറ്റാണ്ടിന്റെ ജീവിതം ജീവിച്ചുതീര്‍ത്ത അച്ഛനെ പോകാനനുവദിക്കുക. ആ വെന്റിലേറ്ററിലേക്ക്, ജി.സി.എസ്. ആറില്‍ നില്‍ക്കുന്ന, ഒരല്‍പ്പം കരുണയും സാഹചര്യവും ഒത്തുവന്നാല്‍ ജീവിതത്തിലേക്കു തിരിച്ചെത്താന്‍ എല്ലാ സാധ്യതയുമുള്ള, ഒരു കുടുംബത്തിന്റെ അത്താണിയായേക്കാവുന്ന ഒരു അജ്ഞാത ജീവനെ എടുത്തുവയ്ക്കുക. 
അച്ഛനെ കൊന്നോട്ടെയെന്നു താന്‍ ചോദിച്ചെന്ന് ആ മകള്‍ അലറിയത് അതിനാണ്. അവരെ തെറ്റുപറയാനാകില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ആ മകള്‍ക്കു വലുത് അച്ഛന്റെ ജീവന്‍ തന്നെയാണെന്നു താന്‍ മനസ്സിലാക്കേണ്ടിയിരുന്നു. 
അത്യാഹിത വിഭാഗത്തിനകത്തു മാത്രമല്ല, പുറത്തും രാവും പകലും തിരിച്ചറിയാനാകാതാകുന്നു. ചുറ്റിനും ഒരേ വെളിച്ചം മാത്രം. റീന കുര്യന് ഒന്നു കണ്ണടയ്ക്കാന്‍ പോലുമാകുമായിരുന്നില്ല. അകത്തെ തണുപ്പില്‍ അച്ഛന്റെ ശരീരം മരിച്ചു വിറങ്ങലിക്കരുതേയെന്നു പ്രാര്‍ത്ഥിച്ച് അവര്‍ മെല്ലെ മയക്കത്തിലേക്കു വഴുതിവീണു.  

അന്തസ്സില്ലാത്ത മരണത്തിലേക്കുള്ള യാത്രയാണ് തന്റേതെന്ന് തീവ്രപരിചരണ വിഭാഗത്തിലെ കൊടുംശൈത്യത്തില്‍ കിടന്ന് കുര്യന്‍ തോമസിന്റെ ഉപബോധ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. കത്തിനില്‍ക്കുന്ന, തണുത്തുറഞ്ഞ, ഒരു സൂര്യനു തൊട്ടടുത്തായിരുന്നു അയാളപ്പോള്‍. മകളുടെ വിരലുകള്‍ പകരുന്ന ചെറുചൂടിനായി അയാള്‍ കൊതിച്ചു. കുട്ടിക്കാലത്ത് താന്‍ പാടിക്കൊടുത്ത താരാട്ടുപോലെ അവളുടെ ചെറിയ നിമന്ത്രണങ്ങളില്‍ ലയിച്ച് കൂര്‍ക്കം വലിച്ചുറങ്ങാന്‍ അയാള്‍ വല്ലാതെ വെമ്പി. തൊണ്ണൂറു വര്‍ഷം സ്വതന്ത്രമായി വിഹരിച്ച കൈകളും കാലുകളും വരിഞ്ഞുമുറുക്കപ്പെട്ടിരിക്കുന്നതറിഞ്ഞ് അയാള്‍ കുതറാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ, പറഞ്ഞുകേട്ടിട്ടുള്ള നരകജീവിതം അവിടെ അനുഭവിച്ചുതീര്‍ക്കാനാണ് തന്റെ വിധിയെന്ന് അയാള്‍ക്ക് തിരിച്ചറിയാനായില്ല.   

കുര്യന്‍ തോമസിന് വൈകി ജനിച്ച മകളാണ് റീന. റീനയ്ക്ക് നാലു വയസ്സുള്ളപ്പോള്‍ കുര്യന്റെ ഭാര്യ മരിച്ചു. അതോടെ അച്ഛനും മകളും മാത്രമായി. അവരവരിലേക്കൊതുങ്ങിയുള്ള ജീവിതം. പിന്നീട് റീന സ്വയം കണ്ടെത്തിക്കൊണ്ടുവന്നതാണ് സാമുവലിനെ. വിവാഹശേഷം മകള്‍ക്കൊപ്പം മരുമകനേയും കുര്യന്‍ തന്റെ വീട്ടിലേക്കു കൂട്ടുകയായിരുന്നു. വിവാഹം കഴിഞ്ഞു നാളേറെയായിട്ടും മക്കളുണ്ടാകാത്തതിനാല്‍ അവര്‍ അതിനുള്ള ചികില്‍സയിലാണ്. ഒരു കുഞ്ഞിക്കാലില്‍ മുത്തമിട്ടശേഷം മരിക്കണമെന്ന അച്ഛന്റെ ആഗ്രഹത്തെപ്പറ്റി റീനയ്ക്കും നല്ല ബോധ്യമുണ്ടായിരുന്നു. പക്ഷേ, അക്കാര്യത്തില്‍ മാത്രം ഇപ്പോഴും നിശ്ചയമൊന്നുമില്ല. 
''ആ ഡോക്ടറോട് രണ്ടെണ്ണം പറയാനായി പോയതാണ്.''
മയക്കം വിട്ട് റീന വീണ്ടും വെളിച്ചത്തിലേക്ക് ഞെട്ടി. 
റീന കണ്ണുതുറന്നതിന്റെ സന്തോഷത്തില്‍ സഹകൂട്ടിരിപ്പുകാരന്‍ തുടര്‍ന്നു:
''അയാള്‍ കാര്യം മനസ്സിലാക്കിയപ്പോള്‍ത്തന്നെ മുങ്ങിക്കളഞ്ഞു. കാഷ്വാലിറ്റിയിലെ തിരക്കും ബഹളവും കാരണമാണ്, അല്ലെങ്കില്‍ ഞാന്‍ രണ്ടു പൊട്ടിച്ചേനെ.''


എവിടെനിന്നോ അവതരിച്ച രക്ഷകനെപ്പോലെയായിരുന്നു അയാളുടെ ആവര്‍ത്തിച്ചുള്ള അവതരിക്കല്‍. 
റീന ഒന്നു ചിരിക്കാന്‍ ശ്രമിച്ചെങ്കിലും ഉറക്കച്ചടവും സമ്മര്‍ദ്ദവും എല്ലാം ചേര്‍ന്ന് ചിരി കോടിപ്പോയി. 
''എനിക്ക് ഫോണൊന്നു തരുമോ?''
''അതിന് സാറിന്റെ നമ്പര്‍ ഓര്‍മ്മയില്ലെന്നല്ലേ പറഞ്ഞത്?''
''നിങ്ങളുടെ ഫോണിലെ സിമ്മൊന്നു മാറ്റി എന്റെ സിം ഒന്നിട്ടുനോക്കാം. സിമ്മിലാണ് നമ്പറെങ്കില്‍ വിളിക്കാമല്ലോ?'' 
സിം മാറ്റിയിടാന്‍ കരുണാമയനായ കൂട്ടിരിപ്പുകാരന്‍ സഹായിച്ചു. 
പക്ഷേ, നിരാശയായിരുന്നു ഫലം. ഭര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍ ഓര്‍ത്തു വയ്ക്കാത്ത ലോകത്തിലെ ഏക ഭാര്യ താനായിരിക്കുമോ എന്ന് റീന പശ്ചാത്തപിച്ചു. 
നിരാശയോടെ സിം തിരികെയിട്ട് അവര്‍ ഫോണ്‍ മടക്കിനല്‍കി. അകത്തുകിടക്കുന്ന തന്റെ ഉറ്റവരുടെ അവസ്ഥയെക്കാള്‍ അപ്പോള്‍ ആ കൂട്ടിരിപ്പുകാരനെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നത് റീനയുടെ വിഷാദങ്ങളായിരുന്നു. അവരൊന്നു കരഞ്ഞിരുന്നെങ്കില്‍ ആ കണ്ണീര്‍ ഒപ്പിക്കൊടുക്കാന്‍ അയാള്‍ വെമ്പിയേനെ. 
പുലര്‍ച്ചെ സുഹൃത്തുക്കളിലൊരാള്‍ തീവ്രപരിചരണ വിഭാഗത്തിനു മുന്നിലേക്ക് ഓടിക്കിതച്ചുവരുന്നതു കണ്ടപ്പോള്‍ റീന ഒന്നാശ്വസിച്ചു. 
''സാമുവലെവിടെ. എന്റെ ഫോണാണെങ്കില്‍ ചാര്‍ജും തീര്‍ന്നു. ഇവിടെ ഞാനാകെ പ്രശ്‌നത്തിനു നടുക്കാണ്.  ആരോടു പറയാന്‍. അച്ഛനെ വെന്റിലേറ്ററില്‍നിന്ന് മാറ്റി കൊല്ലാന്‍ വിടട്ടെയെന്നാണ് ഒരു ഡോക്ടര്‍ ചോദിച്ചത്. അയാളുടെ ആരെയോ വെന്റിലേറ്ററില്‍ കിടത്താനാണത്രെ. ഇവിടെ നിന്നിറങ്ങിയിട്ടുവേണം അയാളോട് രണ്ടെണ്ണം പറയാന്‍...''
ഒറ്റവാക്കില്‍ തന്റെ രോഷവും സങ്കടവും എല്ലാം കൂടി റീന കുര്യന്‍ ആഗതനിലേക്ക് ഇറക്കിവച്ചു. അയാള്‍ ഒന്നും മിണ്ടിയില്ല. റീനയുടെ സങ്കടത്തിനൊത്ത് അടുത്തുള്ള കൂട്ടിരിപ്പുകാരനും സങ്കടപ്പെട്ടു, രോഷംകൊണ്ടു. 
''റീന ഒന്നു വരുമോ?''
ആഗതന്‍ ചോദിച്ചു.
''എങ്ങോട്ട്?''
അയാള്‍ പെട്ടെന്ന് മറുപടിയൊന്നും പറഞ്ഞില്ല. എവിടെയോ വാക്കു മുട്ടുന്നപോലെ.
''മാഡം പോയ്ക്കോളൂ, ഇവിടെ തല്‍ക്കാലം ആവശ്യമൊന്നും വരില്ലല്ലോ. ഇനി വൈകിട്ടല്ലേ അച്ഛനെ കാണാനൊക്കൂ...''
സഹകൂട്ടിരിപ്പുകാരന്‍ സഹായത്തിനെത്തി. ശരിയാണ്. ഐ.സി.യുവിനുള്ളിലെ ശീതളിമയില്‍ കണ്ണിമയ്ക്കാതെ പരിചരിച്ചിരിക്കുന്ന നഴ്സുമാരുണ്ട്. വൈകിട്ട് അഞ്ചു മിനിട്ടു നേരത്തേക്ക് അച്ഛനെ കാണുന്നതിനു മാത്രമാണ് ഇരുപത്തിമൂന്ന് മണിക്കൂറും അന്‍പത്തഞ്ച് മിനിട്ടും നീളുന്ന തന്റെ കാത്തിരിപ്പെന്ന കാര്യം റീന ഓര്‍ത്തു.
പക്ഷേ, നാലു പതിറ്റാണ്ടോളം തന്നെ ജീവനോടു ചേര്‍ത്തുവച്ച അച്ഛനുവേണ്ടിയുള്ള ആ കാത്തിരിപ്പ് ഒരു ദൈര്‍ഘ്യമേറിയ കാര്യമായിരുന്നില്ല അവര്‍ക്ക്. 


എങ്കിലും എവിടേക്കാണ് താനിപ്പോള്‍ ചെല്ലേണ്ടതെന്ന സംശയം റീനയെ ചൊടിപ്പിക്കുക തന്നെ ചെയ്തു. 
''ഡോ. ചാരുദത്തന്‍ റീനയെ ഒന്നു കാണണണെന്നു പറഞ്ഞു.''
''എനിക്കയാളെ കാണേണ്ട. ഇനിയും അക്കാര്യം ആവര്‍ത്തിച്ചാല്‍ ഡോക്ടറാണെന്നൊന്നും ഞാന്‍ നോക്കില്ല. മുഖമടച്ചൊന്നു കൊടുക്കും. അതു വേണോ?''
''അതല്ല. ഇത് അച്ഛന്റെ തുടര്‍ ചികില്‍സയുമായി ബന്ധപ്പെട്ട് എന്തോ കാര്യം പറയാനാണ്. സാമുവല്‍ അവിടെ കാത്തിരിക്കുന്നുണ്ട്.''
ഭര്‍ത്താവിന്റെ പേരു കേട്ടപ്പോള്‍ റീനയ്ക്ക് ശ്വാസം നേരെവീണു. ആവശ്യം വന്നാല്‍ വിളിക്കാന്‍ ആഗതന്റെ നമ്പര്‍ വാങ്ങി സഹകൂട്ടിരിപ്പുകാരന്റെ കയ്യില്‍ കൊടുത്ത് റീന ഐ.സി.യുവിന്റെ ഇടനാഴിയില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ തീവ്രപരിചരണ വിഭാഗത്തിനുള്ളില്‍ നഴ്സുമാരിലൊരാള്‍ കുര്യന്‍ തോമസിന്റെ മുഖത്തേക്കു വെള്ളത്തുണി വലിച്ചിട്ടശേഷം വെന്റിലേറ്റര്‍ ഒഴിവുവന്ന വിവരം കാഷ്വാലിറ്റിയില്‍ അറിയിക്കാനായി ഇന്റര്‍ക്കോമിനരികിലേക്കു നടന്നു.   
കുറച്ചപ്പുറത്ത്, അത്യാഹിത വിഭാഗത്തിനു മുന്നിലെ സ്ട്രെക്ചറില്‍, അജ്ഞാതന്‍ എന്ന ലേബലില്‍നിന്ന് സാമുവല്‍ എന്ന ജ്ഞാതനായി മോര്‍ച്ചറിയിലേക്കു യാത്ര ചെയ്യുകയായിരുന്നു ഒരാള്‍. 
അച്ഛനും ഭര്‍ത്താവിനും ഇടയില്‍ തുല്യ ദൂരത്തിലായിരുന്നു, അപ്പോള്‍, റീന.   
ഭര്‍ത്താവിന്റെ ജീവനുവേണ്ടിയായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കില്‍ അച്ഛന്റെ ജീവന്‍ പകരം വയ്ക്കാന്‍ റീന തയ്യാറാകുമായിരുന്നുവോ എന്ന കുഴക്കുന്ന ചോദ്യത്തിന് ഇടവരുത്താതെ കാഷ്വാലിറ്റിയിലെ ആംപ്യു ബാഗില്‍ നിന്നു മറ്റൊരു അബോധശരീരത്തെ വെന്റിലേറ്ററിലേക്ക് സ്ഥാനമാറ്റം ചെയ്യാനുള്ള തയ്യാറെടുപ്പു തുടങ്ങി, ഡ്യൂട്ടി സമയം അവസാനിച്ചിട്ടും ഡോ. ചാരുദത്തന്‍. 
-----------------------------------------------------------------------------
1. ദയാവധം
2. അപകടത്തില്‍പ്പെട്ടവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയുടെ അളവുകോലാണ് ജി.സി.എസ് അഥവാ ഗ്ലാസ്ഗോ കോമാ സ്‌കെയില്‍ (Glasgow Coma Scale). അപകട ചികില്‍സയിലെ പ്രധാന ഘടകം. കണ്ണിന്റെ ചലനം, സംസാരശേഷി, ശരീരത്തിന്റെ പ്രതികരണശേഷി എന്നീ മൂന്നു ഘടകങ്ങള്‍ പരിശോധിച്ചാണ് ഈ സ്‌കോര്‍ ഡോക്ടര്‍മാര്‍ നിര്‍ണ്ണയിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലെത്തുന്ന വ്യക്തിയുടെ ജി.സി.എസ് സ്‌കോര്‍ എത്രയാണെന്നു കണ്ടെത്താന്‍ ഒരു ഡോക്ടര്‍ക്ക് നിമിഷങ്ങള്‍ മാത്രം മതി. അതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ ചികിത്സ നിശ്ചയിക്കുക. ആരോഗ്യമുള്ള മനുഷ്യരുടെ ജി.സി.എസ് സ്‌കോര്‍ 15 ആണ്. ഏറ്റവും താഴ്ന്നത് മൂന്നും. രക്ഷപ്പെടാന്‍ സാധ്യത തീരെയില്ലാത്ത സ്‌കോറാണ് മൂന്ന്.  
3. വെന്റിലേറ്ററിനു പകരമുള്ള താല്‍ക്കാലിക സംവിധാനമാണ് ആംപ്യു ബാഗ്. ബലൂണ്‍പോലുള്ള ഭാഗത്ത് കൈകൊണ്ടു ഞെക്കി രോഗിക്ക് കൃത്രിമശ്വാസം നല്‍കുകയാണ് ഇതുപയോഗിച്ച് ചെയ്യുന്നത്. മറ്റൊരാളുടെ സ്ഥിരമായ സഹായത്തോടെയല്ലാതെ ആംപ്യു ബാഗ് പ്രവര്‍ത്തിപ്പിക്കാനാകില്ല. 
4. ഒരു രോഗിക്ക് സുപ്രധാന ശസ്ത്രക്രിയയും മറ്റും വേണ്ടിവരുമ്പോള്‍ അവര്‍ക്കായി അടയാളപ്പെടുത്തി മാറ്റിവയ്ക്കുന്നവയാണ് സ്റ്റാന്‍ഡ്ബൈ വെന്റിലേറ്ററുകള്‍. ശസ്ത്രക്രിയയ്ക്കിടയിലോ അതിനുശേഷമോ രോഗിക്ക് ഏതു നിമിഷവും വെന്റിലേറ്റര്‍ ആവശ്യമായി വന്നേക്കാമെന്ന ഡോക്ടര്‍മാരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ മാറ്റിവയ്ക്കുന്നത്. വെന്റിലേറ്റര്‍ സൗകര്യം ലഭ്യമാകുന്നതുവരെ പല ശസ്ത്രക്രിയകളും മാറ്റിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതിരാകുന്നത് അതിനാലാണ്. പ്രസ്തുത രോഗിക്ക് വെന്റിലേറ്റര്‍ ആവശ്യം വരില്ലെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുംവരെ ഒഴിഞ്ഞുകിടന്നാലും സ്റ്റാന്‍ഡ്ബൈ വെന്റിലേറ്ററുകള്‍ മറ്റൊരാള്‍ക്കായി ഉപയോഗിക്കാനാകില്ല. 
        

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com