അബ്രഹാമികള്‍: സുദീപ് ടി ജോര്‍ജ് എഴുതിയ കഥ

തോളിലെ ചണസഞ്ചിയില്‍ ആകെയുണ്ടായിരുന്നത് ഒരു കറുത്ത ളോഹ മാത്രമായിരുന്നു. 
ചിത്രീകരണം - ഗോപീകൃഷ്ണന്‍
ചിത്രീകരണം - ഗോപീകൃഷ്ണന്‍

പുലിക്കുന്നിന്റെ അടിവാരത്ത് രാത്രിലോറിക്കു വന്നിറങ്ങിയപ്പോഴാണ് വേദപുസ്തകം മറന്ന കാര്യം അറീലിയോസച്ചന്‍ ഓര്‍ത്തത്. തോളിലെ ചണസഞ്ചിയില്‍ ആകെയുണ്ടായിരുന്നത് ഒരു കറുത്ത ളോഹ മാത്രമായിരുന്നു. 
കുന്നുകേറിമറിഞ്ഞുകിടക്കുന്ന കാട്, കാടിന്റെ ഓരം പറ്റി മുള്ളുവേലി, അതിനിപ്പുറം കാപ്പിത്തോട്ടം, ആറേഴടി മാറി കൊക്കയിലേക്ക് ഇടിഞ്ഞുവീണു കിടക്കുന്ന റോഡ്, തൊട്ടരികിലെ കയ്യാലയില്‍ രണ്ടു മരങ്ങള്‍ക്കിടയില്‍ നാട്ടിയിരിക്കുന്ന മുളങ്കുരിശ്... രാവിലെതന്നെ പുറപ്പെടണമെന്ന കല്പനയുമായി അരമനയില്‍നിന്നു വിളിച്ചപ്പോള്‍ സെക്രട്ടറിയച്ചന്‍ പറഞ്ഞ അടയാളങ്ങളെല്ലാം കൃത്യം. പക്ഷേ, കാത്തുനില്‍ക്കുമെന്നു പറഞ്ഞയാളെ മാത്രം കാണുന്നില്ല. നോക്കിനിന്നു മടുത്തപ്പോള്‍ മടങ്ങിപ്പോയതാവും.

അറീലിയോസച്ചന്‍ കാട്ടിലേക്കു നോക്കി. കാപ്പിത്തോട്ടത്തിലേക്കും കൊക്കയിലേക്കും നോക്കി. അടയാളങ്ങള്‍ അച്ചനെ നോക്കി ചിരിച്ചു. കുറേ നേരം അത് തുടര്‍ന്നപ്പോള്‍ തവിട്ടു കുപ്പായം പൊക്കി കൊക്കയിലേക്കു മൂത്രമൊഴിച്ചിട്ട്, കുന്നിനെ ചുറ്റിയുള്ള ഒറ്റയടിപ്പാതയിലൂടെ അച്ചന്‍ നടക്കാന്‍ തുടങ്ങി. 

ആകാശത്ത് നക്ഷത്രങ്ങള്‍ ഏറെയുണ്ടായിരുന്നില്ല. ചന്ദ്രനെ കാണാനേയുണ്ടായിരുന്നില്ല. എങ്കിലും പര്‍വ്വതപ്രദേശങ്ങളിലും ഫോട്ടോകളിലെ വിശുദ്ധന്മാരുടെ തലയ്ക്കു ചുറ്റിലും മാത്രം കാണാറുള്ള ഒരു വെട്ടം അച്ചന് വഴി കാണിച്ചു. കാപ്പിത്തോട്ടത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന മുള്ളുവേലി പിന്നീടങ്ങോട്ട് കല്ലുകള്‍ പിടന്നും കമ്പികള്‍ പൊട്ടിയും തലതാഴ്ത്തി കിടന്നു.
''പാപ്പിയേ... യ്'' അച്ചന്‍ ചുമ്മാ നീട്ടിവിളിച്ചു. കൊക്കയുടെ അടിത്തട്ടില്‍ ചെന്നിടിച്ച് അച്ചന്റെ ഒച്ച കൊച്ചുകൊച്ചു കഷണങ്ങളായി ചിതറി. കാത്തുനില്‍ക്കുമെന്നു പറഞ്ഞയാളിന്റെ പേര് പാപ്പിയെന്നായിരുന്നില്ല. പാപ്പിയെന്നു പേരുള്ള ഒരുവനെ അച്ചന് അറിയുമായിരുന്നുമില്ല. പെട്ടെന്നു മനസ്സില്‍ വന്നയൊരു പേരാണ്. അതങ്ങ് വിളിച്ചു.

മലമുകളില്‍നിന്നു പുറപ്പെട്ടുവന്ന കാറ്റ് കുപ്പായത്തെ വട്ടം ചുഴറ്റിയപ്പോള്‍ തണുത്തു. പോക്കറ്റില്‍ തപ്പിനോക്കി. ഭാഗ്യം. രണ്ടെണ്ണം ബാക്കിയുണ്ട്. കാറ്റിനു പുറംതിരിഞ്ഞ്, മരത്തിനു മറഞ്ഞുനിന്ന് ഒരെണ്ണം കത്തിച്ചു. പുകച്ചുരുളുകളെ കൂട്ടിനു കിട്ടിയപ്പോള്‍ കാറ്റൊന്നടങ്ങി. 
കാറ്റിന്റെ കാട്ടുപൂച്ചകള്‍ മലമടക്കുകളില്‍ കഴുത്തുരുമ്മി കരഞ്ഞ് കാപ്പിത്തോട്ടം കടന്നുപോയിട്ടും വിട്ടുപോവാതെ ഇളകിക്കളിച്ചുനിന്ന വാലിന്റെയറ്റത്ത് ഒരു കാട്ടുപോത്തിന്‍കൂട്ടത്തിന്റെ ചൂര് അറീലിയോസച്ചന്‍ അറിഞ്ഞു.
പാത കൂടുതല്‍ ദുര്‍ഘടം പിടിച്ചതും ഇരുണ്ടതുമായി മാറുകയായിരുന്നു. ഇടയ്ക്കിടയ്ക്കത് കാട്ടിലേക്കു കേറുകയും താഴ്വരയിലേക്കു തെന്നിയിറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. മലമണ്ടയിലേക്കാണോ കൊക്കയിലേക്കാണോ താന്‍ പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് അറീലിയോസച്ചന് പിടികിട്ടുന്നുണ്ടായിരുന്നില്ല. മുകള്‍ഭാഗം എന്നോ പിളര്‍ന്നുപോയ വലിയൊരു പാറയിലൂടെ നിരങ്ങിയിറങ്ങിയതും വഴിയവസാനിച്ചുവെന്നും താനൊരു കൊക്കയുടെ വിളുമ്പില്‍ നില്‍ക്കുകയാണെന്നും അച്ചന് മനസ്സിലായി.
കുന്നു കേറിയിറങ്ങിയാല്‍ പുഴയുടെ തീരത്തെത്തും. പിന്നെ വടക്കോട്ട് ഒന്നര മൈല്‍ ചെന്നാല്‍ മലയിടുക്കായി. രണ്ടു മൊട്ടക്കുന്നുകളെ തമ്മില്‍ കോര്‍ത്തുകൊണ്ട് അവിടെയൊരു തൂക്കുപാലമുണ്ടാവും. പാലം കടന്ന് പുഴയോരത്തൂടെ പിന്നെയും ഒരു മൈലോളം നടക്കണം. നാലാമത്തെ തിരിവെത്തുമ്പോള്‍ ദൂരെ വെട്ടം കാണാം. അതാണ് സ്ഥലം. 
അടയാളങ്ങളെല്ലാം ഓര്‍മ്മയുണ്ട്. പക്ഷേ, വഴിയെവിടെ?
പാറപ്പുറത്തിരുന്ന് അറീലിയോസച്ചന്‍ അവസാനത്തെ ബീഡിയും കത്തിച്ച് ഒട്ടും തിടുക്കമില്ലാതെ വലിച്ചു. തീ വന്ന് വിരലില്‍ തൊട്ടപ്പോള്‍, ആഞ്ഞൊരു പുകയെടുത്ത് ബീഡി ചവിട്ടിക്കെടുത്തി കാട്ടിലേക്കു കയറി മലമണ്ടയിലേക്കെന്നു തോന്നിച്ച ദിക്കേ നടക്കാന്‍ തുടങ്ങി...
പുലിക്കുന്നിലൊരു ഇടവക തുടങ്ങാന്‍ സഭയ്ക്കൊരു താല്‍പ്പര്യവും ഉണ്ടായിരുന്നില്ല. കാടും കാപ്പിത്തോട്ടവും നാലുചുറ്റും മലകളും നടുക്കൂടൊരു പുഴയും. അതാണ് പുലിക്കുന്ന്. പള്ളിക്കൂടമോ മൊബൈല്‍ റെയ്ഞ്ചോ കടകള്‍ പോലുമോ ഇല്ല. റോഡെന്നു പറയുന്ന സാധനം കാണണമെങ്കില്‍, അറീലിയോസച്ചന്‍ ലോറിയില്‍ വന്നിറങ്ങിയ കുരിശുനാട്ടിയില്‍ ചെല്ലണം. ബസില്‍ കേറണേല്‍ പിന്നേം നടക്കണം ആറു കിലോമീറ്റര്‍. അതുകൊണ്ടുതന്നെ പുലിക്കുന്നുകാര്‍ക്ക് പുറംലോകവുമായി പറയത്തക്ക ബന്ധമൊന്നും ഉണ്ടായിരുന്നില്ല.


ആകെപ്പാടെ പുലിക്കുന്നിലുള്ളത് ഇരുപത്തിരണ്ട് വീട്ടുകാരാണ്. ആളുകളുടെ എണ്ണം നോക്കിയാല്‍ നൂറില്‍ താഴെയേ വരൂ. പത്തിരുപത് കൊല്ലം മുന്‍പു വരെ എണ്‍പതോളം കുടുംബങ്ങളുണ്ടായിരുന്നു. തുടരെത്തുടരെയുള്ള ഉരുള്‍പ്പൊട്ടലില്‍ കൃഷിയിടമെല്ലാം ഒലിച്ചുപോയതോടെ ശപിച്ചും കരഞ്ഞും മിക്കവരും മലയിറങ്ങി. അവര്‍ക്കൊക്കെ പോകാന്‍ പിറവത്തും കടമറ്റത്തും വെണ്ണിക്കുളത്തുമൊക്കെ ബന്ധുവീടുകളുണ്ടായിരുന്നു. അതില്ലാത്തവര്‍ പുലിക്കുന്നിലെ മലമടക്കുകളില്‍, ഉരുള്‍പ്പൊട്ടലില്‍ തെറിച്ച പാറക്കല്ലുകള്‍ പോലെ ചിതറിക്കിടന്നു.

അപ്പോഴൊന്നും ദൈവവിശ്വാസവും പള്ളിയോടുള്ള കൂറും അവരെ വിട്ടുപോയിരുന്നില്ല. ചിലപ്പോഴൊക്കെ അവര്‍ പത്തിരുപത്തിനാലു കിലോമീറ്റര്‍ അപ്പുറത്തുള്ള ലാസര്‍സിറ്റിയില്‍ പോയി ദൈവമാതാവിന്റെ പള്ളിയില്‍ കുമ്പസാരിച്ച് കുര്‍ബ്ബാനയും കൂടിയിരുന്നു. എന്നാല്‍ പിന്നത്തെ തലമുറ കാര്യങ്ങള്‍ ഏറ്റെടുത്തതോടെ എല്ലാം മാറി. പുലിക്കുന്നിലെ ആദിമ കല്പനകള്‍ ഒന്നൊന്നായി ലംഘിക്കുന്നതില്‍ അവര്‍ മത്സരിച്ചു. ഏലമലക്കാടുകളുടെ നെറുകയില്‍നിന്ന് അടിവാരത്തേക്കു ചരിഞ്ഞിറങ്ങിയ കാറ്റുകളുടെ ചുണ്ടില്‍ ഏതുനേരവും ലഹരിപ്പുല്ല് പുകഞ്ഞു. ഉച്ചനേരങ്ങളില്‍ പോലും കൊടിമരച്ചോടുകളിലും കവുങ്ങിന്‍തടങ്ങളിലും പോത്തുംകണ്ടത്തിലെ പാറപ്പുറത്തും ഇറച്ചി ഇറച്ചിയെ തേടി. ഉടലില്‍ പെണ്ണായവരും ആണായവരുമെല്ലാം, മുഖം മുഖത്തെ നോക്കാതെ തമ്മില്‍ത്തമ്മില്‍ സ്വന്തം ഇടുക്കുകളിലേയ്ക്ക് ഉള്‍ക്കൊണ്ടു. അളവില്ലാത്ത ആനന്ദത്തെ സ്തുതിച്ചുകൊണ്ട് അപ്പോഴൊക്കെയും അവര്‍ നിലവിളിക്കുകയും ആര്‍ക്കുകയും ചെയ്തു. ഒന്നും പക്ഷേ, അടിവാരം കടന്നു പുറത്തു പോയില്ല. 

രണ്ടാമത്തെ മകന്‍ ഗില്‍ബര്‍ട്ടിന്റെ പിറവിയെത്തുടര്‍ന്നു ഭാര്യയുടെ നിര്‍ബന്ധം മുറുകിയതോടെ ഇരുപത്തിരണ്ടുകൊല്ലം മുന്‍പ് സുള്ളിയയിലേക്കു പലായനം ചെയ്ത ദേവസ്യാച്ചന്‍, കഴിഞ്ഞയാണ്ടില്‍ പഴയ കൂട്ടുകൈകളെ കാണാന്‍ വന്നതോടെയാണ് പുലിക്കുന്നിന്റെ ഇന്നത്തെ അവസ്ഥ പുറംലോകമറിഞ്ഞത്. ശ്വാസം വിലങ്ങി നിന്നുപോയ ദേവസ്യാച്ചന്‍ മടക്കയാത്രയ്ക്കിടയില്‍, അച്ചന്‍പട്ടത്തിനു പഠിക്കുന്ന ഗില്‍ബര്‍ട്ടിനേയും കൂട്ടി അരമനയില്‍ച്ചെന്ന് മെത്രാച്ചനെ കണ്ടു.

''എന്തെങ്കിലും ചെയ്യണം തിരുമേനീ. അല്ലേല്‍ അടുത്ത *സൊദോം ഗൊമോര അവിടാരിക്കും.''
സ്വര്‍ഗ്ഗത്തില്‍നിന്ന് അഗ്‌നിയിറങ്ങി പുലിക്കുന്നിനെ ചുടുന്നത് ഉള്ളാലെ കണ്ട് കൈമുത്തി വിലപിച്ച ദേവസ്യാച്ചനെ പുറത്തുതട്ടി ആശ്വസിപ്പിച്ച മെത്രാച്ചന്‍, സെക്രട്ടറിയച്ചനായ ഫാ. ജോണ്‍ കടുത്താനത്തെ വിളിച്ചുവരുത്തി. പിറ്റേന്നത്തെ പകലില്‍ കടുത്താനം അച്ചനും ദേവസ്യയും ഗില്‍ബര്‍ട്ടും കൂടി പുലിക്കുന്നിലെ തലമുതിര്‍ന്ന കാരണവരായ കുരുവിള ചാക്കോയുടെ വീട്ടില്‍ ചെന്നു.
മുറ്റത്തൊന്നും ആരെയും കണ്ടില്ല. ഒരു പെരുമരത്തിന്റെ കുറ്റിയില്‍ ചാരനിറമുള്ള രണ്ടു കാട്ടുമുയലുകളെ കെട്ടിയിട്ടിട്ടുണ്ട്. സന്ദര്‍ശകര്‍ മുറ്റത്തു ചവിട്ടിയതും അവറ്റകള്‍ കിടന്നു ചാടാന്‍ തുടങ്ങി. ദേവസ്യ അത് കുറച്ചുനേരം നോക്കിനിന്നിട്ട് വാതിലില്‍ മുട്ടി: ''കുരുവിളച്ചായോ.''

രണ്ടുമൂന്നുവട്ടം വിളിച്ചപ്പോള്‍ അകത്തുനിന്നൊരു ചുമയും ആരാ എന്ന ചോദ്യവും ബദ്ധപ്പെട്ടു തെറിച്ചുവന്ന് പുറത്തെ കുള്ളന്‍തെങ്ങിന്റെ ചോട്ടില്‍ ഇളകിക്കിടക്കുന്ന മണ്ണില്‍ തലചുറ്റിവീണു. 
വാതിലില്‍ തള്ളി ദേവസ്യ ആദ്യവും മറ്റുള്ളവര്‍ പിന്നാലെയും അകത്തു കയറി. ഒടിഞ്ഞുവളഞ്ഞ കാല്‍ താങ്ങിപ്പിടിച്ച് കുരുവിള കട്ടിലില്‍നിന്നു തല പൊക്കി നോക്കിയതും ദേവസ്യയെ കാണുകയും ആത്മാവില്‍ തിരിച്ചറിഞ്ഞ് ആനന്ദിക്കുകയും ചെയ്തു. 


''നീ വന്ന കാര്യം ഞാന്‍ അറിഞ്ഞാരുന്നു. ഇങ്ങോട്ടൊന്നു കേറാതെ പൊയ്ക്കളഞ്ഞല്ലോന്നു വിചാരിക്കേം ചെയ്തു.''
ഒരുപാടു തൂമ്പ പിടിച്ച, തെങ്ങിന്റെ തടമെടുക്കാന്‍ ആദ്യമായി പഠിപ്പിച്ച കുരുവിളച്ചായന്റെ കിടപ്പു കണ്ട് നൊമ്പരപ്പെട്ടും വേരുപടലങ്ങള്‍ പടര്‍ന്ന ആ വിരലുകള്‍ കൈയിലെടുത്ത് തിരുമ്മിക്കൊണ്ടും ദേവസ്യ മിണ്ടാതിരുന്നു. 
''വേറാരുമില്ലേ ഇവ്ടെ?'' അടുക്കളയിലേക്കും ജനലിലൂടെ പരിയംമുറ്റത്തേക്കും പാളിപ്പാളി നോക്കി കടുത്താനം അച്ചന്‍ ചോദിച്ചപ്പോള്‍ കൈകള്‍ നീട്ടി ഒരു കരച്ചിലിന്റെ കാതലില്‍ കുരുവിള മുറുക്കെ പിടിച്ചു. 
''കെട്ട്യോള് ചത്തു. ചത്തതല്ല, കൊന്നതാ... എളയ സന്തതി. ആ കയ്യാലേന്നു തള്ളിയിടുന്നത് ഞാനിവടെ കെടന്നോണ്ടാ കണ്ടെ.''
കടുത്താനം അച്ചന്‍ വല്ലാണ്ടായി, കര്‍ത്താവേന്നൊരേമ്പക്കം വിട്ടു. 

''അതില്‍പ്പിന്നെ അവനിങ്ങോട്ടു വന്നിട്ടില്ല. മൂത്തവന്‍ വല്ലപ്പോഴും വരും. പറമ്പിലെ തേങ്ങേം പാക്കുമൊക്കെ ഇടീക്കും. ഏലോം കാപ്പിക്കുരൂം പറിപ്പിക്കും. മൂന്നിന്റന്നു ചൊമട്ടുകാരേം കൊണ്ടുവന്ന് എല്ലാം തൂത്തുവാരി കൊണ്ടോം. എനിക്കിച്ചിരി കഞ്ഞി കൂടി വെച്ചുതരത്തില്ല. മുടിഞ്ഞോനേ...'' അടിവയറ്റീന്നു പുറപ്പെട്ട തെറി അച്ചനും കര്‍ത്താവും കേള്‍ക്കാതിരിക്കാന്‍ കൃത്യസമയത്ത് മറ്റൊരു കരച്ചില്‍ ഇടപെടുകയും കുരുവിളയുടെ വായ പൊത്തുകയും ചെയ്തു. എന്നിട്ടും കരച്ചിലിന്റെ വേലിപ്പഴുതിലൂടെ കുരുവിളയുടെ സങ്കടം ഇത്രയും കൂടി ചിതറി: ''നമ്മളൊക്കെ എങ്ങനെ കഴിഞ്ഞതാടാ ദേവസ്യേ. എല്ലാം മുടിഞ്ഞെടാ. കല്ലിന്‍മേല്‍ കല്ല് ശേഷിക്കാതെ പോയി.''

ദേവസ്യ, കുരുവിളയുടെ നെഞ്ചു തിരുമ്മുമ്പോള്‍ കടുത്താനം അച്ചന്‍ ഒച്ചതാഴ്ത്തി നിര്‍ത്തിനിര്‍ത്തി പറഞ്ഞു: ''അങ്ങനെ എല്ലാമൊന്നും മുടിഞ്ഞിട്ടില്ല. രക്ഷയുടെ വെളിച്ചം ഇപ്പോളും ഈ മലമോളില്‍ പതിക്കുന്നൊണ്ട്. എല്ലാരും കൂടെ പഴേപോലെ പള്ളീലൊക്കെ ഇനീം പോണം.''
''ആഗ്രഹമില്ലാഞ്ഞല്ലച്ചോ. ഞങ്ങക്കൊന്നും മലയെറങ്ങാനോ കേറാനോ മേലാതായി. ഇപ്പഴത്തെ സാത്താന്റെ സന്തതികള്‍ക്ക് അതിനൊന്നും നേരോമില്ല.''
''കുരുവിളച്ചായന്‍ വിഷമിക്കണ്ട. അങ്ങോട്ട് ചെല്ലാന്‍ വയ്യാത്തോര്‍ക്കായി പള്ളി ഇങ്ങോട്ട് വരും.''
''അതെങ്ങനെ?'' ഒന്നും മനസ്സിലാവാതെ കുരുവിള, അച്ചന്റെ കണ്ണിലും വീടിന്റെ ഉത്തരത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന കഴുക്കോലിലും നോക്കി, വല്ലാത്തൊരു ആശയക്കുഴപ്പം മേലുകീഴായി തൂങ്ങിക്കിടക്കുന്നത് കണ്ടു.
അത് മനസ്സിലാക്കിയ കടുത്താനം അച്ചന്‍, തിരുമേനിയുടെയും തിരുസഭയുടെയും മനസ്സിലിരിപ്പ് വെളിപ്പെടുത്തി: ''നമ്മക്കൊരു പള്ളിയങ്ങ് പണിയാം. ഇവിടെത്തന്നെ. ഇടയ്ക്കൊക്കെ വന്ന് കുര്‍ബ്ബാന നടത്താന്‍ ഒരച്ചനേം ഏര്‍പ്പാടാക്കാം.''
''എന്റെ കര്‍ത്താവേ...!'' തെറ്റിമാറിനിന്ന കഴുക്കോലുകള്‍ ഉത്തരത്തിലെ വിടവിലേക്ക് കേറി ഇരുന്നു. ആനന്ദംകൊണ്ട് കുരുവിള നെഞ്ചത്തിടിച്ചു.
പള്ളി പണിയാന്‍ പോകുന്നെന്ന് അറിഞ്ഞതോടെ പഴമക്കാരെല്ലാം

കുരുവിളച്ചായന്റെ വീട്ടില്‍ കൂടി. അന്ത്രയോസും മത്തിയാസും ലൂക്കോയും ദീനാമ്മയും സേവ്യറും പയസും കുഞ്ഞോമയും എല്‍സമ്മയും ലില്ലിയും ത്രേസ്യയുമെല്ലാം അടങ്ങുന്ന വിശ്വാസിക്കൂട്ടം പാട്ടുപാടി ദൈവനാമത്തെ പ്രകീര്‍ത്തിച്ചു. കൂട്ടായ്മ കഴിഞ്ഞ് കുരിശും വരച്ച് മടങ്ങുന്ന നേരത്ത്, പെരുമരത്തിന്റെ കുറ്റിക്കു ചുറ്റും കിടന്നു വട്ടം കറങ്ങിയിരുന്ന കാട്ടുമുയലുകളെ രണ്ടിനേം ദേവസ്യാച്ചന്‍ കെട്ടഴിച്ചുവിട്ടു. മലമുകളിലെ പൊന്തയിലേക്ക് അവ തെറിച്ചുചാടി പോവുന്നതു കണ്ടപ്പോള്‍ ദേവസ്യയറിയാതെ ദേവസ്യയുടെ കൈകള്‍ ഗില്‍ബര്‍ട്ടിനെ തേടിച്ചെന്നു.

പയസ്സിന്റെ പുരയിടത്തിലാണ് പള്ളി പണിതത്. കല്ലന്‍മുളയുടെ കാലുകള്‍ നാട്ടി പനയോല മേഞ്ഞ നിര്‍മ്മിതി. ഇനി കുരിശും കൂടി നാട്ടിയാല്‍ പള്ളിയായി. സേവ്യറിന്റെ തോളില്‍ കൈ ചുറ്റി ഒത്തിയൊത്തിയും ചാടിച്ചാടിയും കുരുവിള അത് കാണാന്‍ ചെന്നു. ഈ മണ്ണില്‍ ഒരു ദൈവാലയം ഉയരുന്നത് കാണാന്‍ *ശലോമോന്റെ ദൈവം തന്റെ കണ്ണുകളെയും അനുഗ്രഹിച്ചിരിക്കുന്നു! കുരുവിളയ്ക്ക് ഒന്നൂടെ കരയണമെന്നു തോന്നി.
''കുരിശിനി എന്തോംകൊണ്ടാടാ?''

എല്ലാരും കേള്‍ക്കെ കുരുവിള ചോദിച്ച ചോദ്യത്തിന് കുരുവിള തന്നെ ഉത്തരവും അരുളി: ''നമ്മക്കീ കാട്ടിലും മലേലും ഇക്കാണുന്നതൊക്കെ തന്നത് കാപ്പിയാ. അപ്പോ കുരിശും കാപ്പീടെ മതി.''
ഉള്ളതില്‍ മുട്ടന്‍ രണ്ട് കാപ്പിക്കമ്പ് വെട്ടിയത് പയസ്സാണ്. അവ രണ്ടും നെടുകെയും കുറുകെയും വെച്ച് കയറിട്ടുകെട്ടി. മത്തിയാസും സേവ്യറും മുകളില്‍ക്കയറി ദേവാലയത്തിന്റെ കൃത്യം ഉച്ചിയില്‍ കാപ്പിക്കുരിശ് ഉറപ്പിച്ചു. പെണ്ണുങ്ങള്‍ തലയില്‍ തുണിയിട്ടും ആണുങ്ങള്‍ തുണിയിടാതെയും യഹോവയെ സ്തുതിച്ചു.

എല്‍സമ്മയുടെ പഴുത്ത കാപ്പിക്കുരു പോലത്തെ തുടയില്‍ കുഞ്ഞോമ ആരും കാണാതെ നുള്ളി: ''ഇനി അച്ചന്‍ വന്നു കൂദാശേം കൂടി നടത്തിയാ പള്ളി പള്ളിയായി. പിന്നെ ചാകുന്ന വരെ നമ്മക്കിവടെത്തന്നെ കുര്‍ബ്ബാന കൂടാമെടീ..!''
അടിവാരത്ത് ലോറിയിറങ്ങി, മലചുറ്റിയും കാട്ടിലൂടെ വഴിതെറ്റിയും പുലിക്കുന്നിലേക്ക് ക്രിസ്തുമസ് രാത്രിയില്‍ അറീലിയോസച്ചന്‍ വന്നുകൊണ്ടിരിക്കുന്നത് അതിനാണ്; പുലിക്കുന്നിലെ ഇടവകപ്പള്ളി കൂദാശ ചെയ്യാന്‍. ഈ രാത്രി വെളുക്കും മുന്‍പ് അവിടുത്തെ ആദ്യത്തെ കുര്‍ബ്ബാന ചൊല്ലാന്‍.

ഉപ്പൂറ്റി വിണ്ട കാലുമായി മലകേറിപ്പോകുമ്പോള്‍ അറീലിയോസച്ചന് രസം തോന്നി. ഇതിപ്പോള്‍ കാട്ടിലൂടെയല്ലേ. കുറ്റിച്ചെടികളില്‍ പിടിച്ചുപിടിച്ചും ഉരുളന്‍കല്ലുകളില്‍ ചവിട്ടിത്തെന്നിയും പണ്ടൊരു കേറ്റം കേറിയിട്ടുണ്ട്. പത്തുനാല്പതു കൊല്ലം മുന്‍പ്. സെമിനാരിയില്‍ അച്ചന്‍പട്ടത്തിന് പഠിക്കുന്ന കാലമാണ്. ശെമ്മാശ്ശന്മാര്‍ കുര്‍ബ്ബാനയ്ക്ക് പോയ ഒരു ഞായറാഴ്ച പുലര്‍ച്ചെ ആരും കാണാതെ അവിടെനിന്നു പുറപ്പെട്ടു. ആരുമില്ലാത്ത ഒരു കവലയില്‍ ബസിറങ്ങിയപ്പോള്‍ വെയില്‍ മൂത്തിരുന്നു. നടക്കാന്‍ തുടങ്ങി. ഏത്തവാഴകള്‍ കുലച്ചുനില്‍ക്കുന്ന പാടങ്ങളും വീടുകള്‍ക്കു ചുറ്റും കാലുനീട്ടി ചരിഞ്ഞുകിടക്കുന്ന പറമ്പുകളും അകത്തോ പുറത്തോ എന്ന വേവലാതിയേശാതെ അതിരുകളില്‍ പൂത്ത വേലിച്ചെടികളും പിന്നിട്ട് മലമൂട്ടിലെത്തുമ്പോള്‍ മുളങ്കൂട്ടങ്ങള്‍ മൂത്തുനില്‍പ്പുണ്ടായിരുന്നു. കമ്പൊരെണ്ണം ഒടിച്ചെടുത്ത് വരണ്ട മണ്ണില്‍ കുത്തി മല കേറാന്‍ ആരംഭിച്ചു.


ഉച്ചിയില്‍നിന്നു പുറപ്പെട്ട വിയര്‍പ്പിന്റെ അരുവികള്‍ കാല്‍വണ്ണകളെ നനയ്ക്കുകയും വെയിലിന്റെ തൂവാലകള്‍ അതെല്ലാം ഒപ്പിയെടുക്കുകയും ചെയ്തു. സാമാന്യം വലിയൊരു വേരില്‍ പിടിച്ച് പാറക്കല്ലില്‍ ചവിട്ടി മലമുകളിലെ പരപ്പിലേക്കു കയറി. വീതി കുറഞ്ഞ് നീളം കൂടിയ ഒരു മൈതാനം. അവിടവിടെയായി തണലുണ്ട്. അധികം പൊക്കത്തിലല്ലാതെ ചരിഞ്ഞുനിന്ന ഒരു മാവ് കണ്ടതും അതിന്റെ കീഴിലേക്കു വീണ് മലര്‍ന്നു. ഉണര്‍ന്നപ്പോള്‍ പക്ഷേ, മാവിന്റെ ചോട്ടിലായിരുന്നില്ല. കുറച്ചപ്പുറത്തുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാഞ്ഞിരത്തില്‍ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു! മരത്തിന്റെ കൊമ്പുകള്‍ക്കടിയില്‍ പാതിയും വീണുപോയ ഒരു ക്ഷേത്രം. അതിനുള്ളിലൂടെ കേറിയിറങ്ങി നടക്കുമ്പോള്‍ അടയാളശബ്ദം കേട്ടു. ഇത്തിരി കഴിഞ്ഞതും മറുവശത്തുകൂടി മല കയറി അയാള്‍ വന്നു. ചെറിയ ചട്ടുണ്ടായിരുന്നു അയാള്‍ക്ക്. ദുര്‍ബ്ബലമെന്നു തോന്നിച്ച നീണ്ട ശരീരം വിയര്‍ത്തു നനഞ്ഞിരുന്നു. 
അമര്‍ത്തിയ സ്വരത്തില്‍ അടയാളവാക്യം അറീലിയോസ് മുഴുമിപ്പിച്ചതും അയാള്‍ കൈനീട്ടി. ഉള്ളിലെന്താണെന്നറിയാത്ത ഒരു വീര്‍ത്ത പൊതിയും ഒട്ടിച്ച ഒരു കത്തും അയാള്‍ക്കു കൈമാറി. ജോസഫ് തന്നെ ഏല്പിച്ച ജോലി കഴിഞ്ഞിരിക്കുന്നു. 

ചുറ്റും നോക്കിക്കൊണ്ട് അയാള്‍ കത്തും പൊതിയും ജട്ടിക്കകത്തേയ്ക്കു വെച്ചു. മാവില്‍ പടര്‍ന്നിരുന്ന ഇത്തിള്‍ക്കണ്ണിയില്‍നിന്ന് ഒരു വള്ളി പൊട്ടിച്ചെടുത്ത്, ഊര്‍ന്നു വീഴാന്‍ പോയ പാന്റ്സിനു മുകളിലൂടെ അയാള്‍ അരയില്‍ മുറുക്കിക്കെട്ടി. അതുകൂടി കഴിഞ്ഞതും ഒരിക്കല്‍ ശ്രീകോവിലായിരുന്നുവെന്ന് തോന്നിച്ച ഭാഗത്ത് പുറത്തേക്കു തള്ളി നിന്നിരുന്ന ഭിത്തിയില്‍ പിടിച്ച് അയാള്‍ ദീര്‍ഘമായി അണയ്ക്കാന്‍ തുടങ്ങി. നന്നായി ദാഹിക്കുന്നുണ്ടായിരുന്നു. വെള്ളവും തിരഞ്ഞ് അറീലിയോസ് അവിടെയെല്ലാം നടന്നു. കൂടുതല്‍ ദാഹിച്ച് തിരിച്ചെത്തിയപ്പോഴേക്കും അയാള്‍ പൊയ്ക്കഴിഞ്ഞിരുന്നു. ഞൊണ്ടിഞൊണ്ടി മലയിറങ്ങിപ്പോകുന്ന ഒരു ഉടലിനായി കണ്ണുകള്‍ ഏറെ പരതിയെങ്കിലും കണ്ടുകിട്ടിയില്ല. പടിഞ്ഞാറേ ചരുവിലെ ഇലഞ്ഞിമരത്തില്‍ ചാരി കുറച്ചുനേരം കൂടി ഇരുന്നിട്ട് ജോസഫ് പറഞ്ഞതുപോലെ തന്നെ മറ്റൊരു വഴിക്കാണ് അന്ന് മലയിറങ്ങിപ്പോന്നത്...

ഉപ്പൂറ്റി നൊന്തപ്പോള്‍ അറീലിയോസച്ചന്‍ മലകയറ്റം മെല്ലെയാക്കി. മരുത് പൂത്തതിന്റെ മണം വരുന്നുണ്ടായിരുന്നു. പുലിക്കുന്നിന്റെ മുകളില്‍നിന്നോ അതോ ചുറ്റുപാടുമുള്ള കാട്ടില്‍നിന്നോ എന്നു തിരിച്ചറിയാനാവാത്ത ഒരു നിലവിളി കേട്ടു. മറിഞ്ഞുവീണുകിടന്ന ഒരു പൊണ്ണന്‍മരം കവച്ചുകടക്കുമ്പോള്‍ നിലവിളിയുടെ നേര്‍ത്തുപോവുന്ന നൂലിലെ പിടി വിട്ടുപോവാതിരിക്കാന്‍ പാടുപെടുകയായിരുന്നു അറീലിയോസച്ചന്‍. പക്ഷേ, അപ്പോള്‍ത്തന്നെ ഏറെ അകലെയല്ലാതെ ആരൊക്കെയോ ഓടിപ്പോവുന്നതിന്റെ ഒച്ച പാഞ്ഞുവന്ന് ആ നൂല് പൊട്ടിച്ചുകളഞ്ഞു. ഇത്തിരി നേരം എന്തു ചെയ്യണമെന്നറിയാതെ, ഒച്ചകള്‍ ഓടിമറഞ്ഞ ദിക്കിലേക്ക് നോക്കിനിന്നിട്ട് അതിനു പിന്നാലെ അച്ചനും ഓടാന്‍ തുടങ്ങി. എങ്ങോട്ടാണെന്നറിയാതെ എന്തിന്റെയെങ്കിലും പുറകെ പോകുന്നതില്‍ വല്ലാത്തൊരു രസമുണ്ട്. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ചില സുഖങ്ങള്‍ അത് തരും. അച്ചനത് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. 

ഓടുന്നവരെ കാണാനുണ്ടായിരുന്നില്ല. അവരാരും ഒന്നും സംസാരിച്ചിരുന്നുമില്ല. ഓട്ടം. ഓട്ടം മാത്രം. എങ്കിലും മണ്ണില്‍ പതിക്കുന്ന കാലടികളുടെ ശബ്ദത്തില്‍നിന്ന് അവര്‍ അഞ്ചാറാളുകളുണ്ടെന്ന് അച്ചന്‍ ഊഹിച്ചു. മണ്ണില്‍ പതിക്കുന്നത് പാദങ്ങളല്ല, ബൂട്ടുകളാണെന്ന് ഒരുവേള വെറുതെ തോന്നി. ബൂട്ടുകള്‍... ബൂട്ടുകള്‍! തൊട്ടടുത്ത നിമിഷം എന്തിലോ തട്ടി അച്ചന്‍ മറിഞ്ഞുവീണു. ഒരു ചോല മുറിച്ചുകടക്കുകയായിരുന്നു അപ്പോള്‍. കൃത്യം നടുക്ക് ഒഴുക്കിനെ പതപ്പിച്ചുകൊണ്ട് പരന്നുപൊങ്ങി നില്‍ക്കുന്ന വലിയൊരു വെള്ളാരങ്കല്ലില്‍ വീണുകിടക്കുന്ന തന്നെ ഇത്തിരി നിലാവെട്ടത്തില്‍ അച്ചന്‍ തൊട്ടുനോക്കി. തുട മുറിഞ്ഞൊലിക്കുകയായിരുന്നു. അരകവിഞ്ഞൊഴുകുന്ന വെള്ളത്തില്‍ കല്ലിനുമേലിരുന്നപ്പോള്‍ കാല് നീറി. ജോസഫ് തന്നെയേല്‍പ്പിക്കുകയും മലമുകളിലെ ക്ഷേത്രത്തില്‍ വെച്ച് താന്‍ കൈമാറുകയും ചെയ്ത പൊതിയും വാങ്ങി അപ്രത്യക്ഷനായ ഞൊണ്ടുകാലനെ അപ്പോള്‍ വീണ്ടും ഓര്‍മ്മവന്നു; പിന്നീടെപ്പോഴോ കാട്ടിലെ പാറപ്പുറത്ത് അയാളൊരു പടമായി മലച്ചുകിടക്കുന്നതും.

സെമിനാരിയിലെ തന്റെ മുറിയുടെ ജനാലയ്ക്കല്‍ പിന്നെയും പലവട്ടം അശരീരിയായി വന്നു നിന്നിട്ടുണ്ട് ജോസഫ്. പാതിരാത്രി കഴിഞ്ഞാണ് വരിക. ചിലപ്പോള്‍ പൊതികളും മറ്റുചിലപ്പോള്‍ പൊതിയാത്ത പുസ്തകങ്ങളും ഏല്പിക്കും. വരുന്നത് അറിയാം. പോകുന്നത് അറിയില്ല. വര്‍ഷങ്ങളോളം അതങ്ങനെ തുടര്‍ന്നെങ്കിലും ഒരിക്കലും അയാളെ കണ്ടിട്ടില്ല. കാണണമെന്ന് തോന്നിയിട്ടുമില്ല. ജോസഫ് തനിക്കെന്നും ഒരൊച്ച മാത്രമായിരുന്നു. ഇരുട്ടില്‍ തനിക്കു മുന്നേ നടന്ന ഒരു ശബ്ദം. താനതിനെ പിന്തുടരുക മാത്രം ചെയ്തു. 

തോടിനപ്പുറത്തെ വെളിമ്പ്രദേശത്തേക്ക് ചന്ദ്രന്‍ വെട്ടം അടിച്ചപ്പോള്‍ വെള്ളാരങ്കല്ലില്‍നിന്ന് എഴുന്നേറ്റ് അച്ചന്‍ അങ്ങോട്ട് നടന്നു. അത്രയൊന്നും വലുപ്പമില്ലാത്ത ഒരു പുല്‍മേടായിരുന്നു അത്. ഇടയ്ക്കിടെ കറുത്ത ചെറു പാറകള്‍. മേടിന്റെ നടുക്കു ചെന്ന് അച്ചന്‍ ആകാശത്തേക്കു നോക്കിനിന്നു. വലത്തെ കണ്‍പോളയിലാണ് ആദ്യത്തെ തുള്ളി വീണത്. പിന്നെ, മൂക്കില്‍, ചെവിയില്‍, കവിളുകളില്‍... നനഞ്ഞ തോര്‍ത്തുപോലെ ആകാശം പിഴിയാന്‍ തുടങ്ങി. അച്ചന്റെ നരച്ച താടിനൂലുകള്‍ ചാലുകളാക്കി പാദങ്ങളിലേക്ക് മഴ ഒലിച്ചു. മലമുകളില്‍നിന്ന് ഉരുണ്ടുവന്ന പാറക്കല്ലുകള്‍ തോട്ടില്‍ ചെന്നുവീണതിനു പിന്നാലെ പെയ്ത്ത് നിലച്ചു. ഉടുത്തിരുന്ന കുപ്പായവും അടിയിലുണ്ടായിരുന്നതും എല്ലാം അഴിച്ചെടുത്ത് അച്ചനും പിഴിയാന്‍ തുടങ്ങി. പെട്ടെന്നാണ് പിന്നിലെ മരക്കൊമ്പില്‍നിന്ന് മുറിവേറ്റ കാട്ടുപൂച്ചയുടേതെന്നു തോന്നിക്കുന്ന ഒരു ഞരക്കം കേട്ടത്. കുപ്പായവും അടിവസ്ത്രങ്ങളും പാറപ്പുറത്തു വെച്ച്, ഇരുട്ടുനിറഞ്ഞ നാടകശാലയിലെ കത്തുന്ന ഒരേയൊരു വിളക്കിന്റെ വെട്ടം കാണിച്ചുതരുന്ന കഥാപാത്രത്തെപ്പോലെ അച്ചന്‍ മരച്ചോട്ടിലേക്കു നടന്നു. അപ്പോള്‍ അതുവരെ മറഞ്ഞിരുന്ന ഒരു കഥാപാത്രം കേറിവന്നു. അച്ചന്റെ തലയ്ക്കു തൊട്ടുമുകളിലൂടെ അത് മരത്തിനുനേര്‍ക്കു ചാടി. അതിന്റെ മൂക്കില്‍നിന്നു ചീറ്റിയ കാറ്റ് അച്ചന്റെ താടിരോമങ്ങള്‍ക്കിടയില്‍ ഓളമുണ്ടാക്കി. മരത്തിലൂടെ പാഞ്ഞുകേറിപ്പോകുന്ന അത് ഒരു പുലിയാണെന്ന് അച്ചന്‍ കണ്ടു. ചില്ല തായ്ത്തടിയുമായി ചേരുന്നിടത്തെത്തിയപ്പോള്‍ പുലി നിന്നു. അവിടെ കുടുക്കിയിട്ടിരുന്ന, നേര്‍ത്തൊരു ഞരക്കം ബാക്കിയുണ്ടായിരുന്ന കുഞ്ഞുകഴുത്തില്‍ ഒരിക്കല്‍ക്കൂടി കടിച്ചു. പല്ലില്‍ പറ്റിയ ചോര നാവിലെടുത്ത് നുണഞ്ഞ് ഇരയെ കഴുത്തില്‍ കടിച്ച് പൊക്കിയെടുത്ത് പുലി, വന്ന വഴിയേ തിരിച്ചു ചാടി. പുല്‍മേട്ടില്‍ വന്നുവീണതും ഇരയുടെമേലുള്ള കടി വിടാതെ തന്നെ അത്, തനിക്കു പിന്നില്‍ രണ്ടുകാലില്‍ നില്‍ക്കുന്ന താടിയും മുടിയുമുള്ള ജീവിയെ തിരിഞ്ഞുനോക്കി ഒന്നു മുരണ്ടു. ഒരു വിളക്കണയുന്ന വേഗത്തില്‍ അത് ഇരുട്ടിലേക്ക് മറഞ്ഞു. കണ്ണുകള്‍ രണ്ടും പുലിയിലായിരുന്നതിനാല്‍ ഇരയെ അച്ചന്‍ അത്രയ്ക്കങ്ങോട്ട് കണ്ടില്ല. എങ്കിലും അതൊരു കാട്ടുപൂച്ചയല്ലെന്നും കുട്ടിത്തം മാറിയിട്ടില്ലാത്ത ഒരു കുരങ്ങാവാനാണ് സാധ്യതയെന്നും അച്ചന്‍ ഊഹിച്ചു. കാട്ടിലെ ഇരുട്ടില്‍ പുലിയും ഒരൊച്ചയായി മാറിയപ്പോള്‍ മറ്റെല്ലാം മറന്ന് വെളിച്ചത്തില്‍നിന്നു പുറത്തുചാടി അച്ചന്‍ അതിനു പിന്നാലെ പാഞ്ഞു. 
പുലിയൊച്ച മറഞ്ഞിട്ട് നേരത്തോടു നേരമായി. അറീലിയോസച്ചന്‍ കാട്ടിലൂടെ വഴിതെറ്റി നടന്നു. പുതിയ ഒച്ചകള്‍ വല്ലതും കേള്‍ക്കുന്നുണ്ടോയെന്ന് ശ്രദ്ധിച്ചുശ്രദ്ധിച്ച് വേരുകളിലും പടര്‍പ്പുകളിലും ഇടയ്ക്കിടെ കാലുതട്ടിയ പാറക്കല്ലുകളിലും പിടിച്ചുപിടിച്ച് അച്ചന്‍ ഒരു കയറ്റം കയറിക്കൊണ്ടിരുന്നു. കൂടിപ്പിണഞ്ഞ് തൂങ്ങിക്കിടന്ന വണ്ണമുള്ള വള്ളിയില്‍ ഉച്ചി മുട്ടിയതും അച്ചന്‍ നിവര്‍ന്നു. അതില്‍പ്പിടിച്ച് ഏറെ നേരം അണച്ചു. നാല് ചുവടുകൂടി വെച്ചതും ഒരു മരത്തില്‍ തൊട്ടു. അപ്പോള്‍ അങ്ങുദൂരെ മറ്റൊരു മലമ്പള്ളയില്‍ ഒരു വെളിച്ചം കണ്ടു. പുലിക്കുന്ന്...! തെറ്റിയെന്ന് പലവട്ടം തോന്നിപ്പിക്കുന്ന വഴികളൊക്കെയും തന്നെ എത്തേണ്ടിടത്തുതന്നെയാണല്ലോ എത്തിക്കുന്നതെന്ന് അറീലിയോസച്ചന്‍ ആനന്ദത്തോടെ ഓര്‍ത്തു.

കാപ്പിക്കൊമ്പുകളില്‍ കൈ ചുറ്റിച്ചുറ്റിയാണ് മലയിറങ്ങിത്തുടങ്ങിയത്. എന്നിട്ടും നനഞ്ഞ ഇലകളില്‍ എപ്പോഴോ കാലൊന്ന് വഴുതി. പുഴയോരത്താണ് ചെന്നുവീണത്. എഴുന്നേറ്റപ്പോള്‍ മങ്ങിയ വെട്ടത്തില്‍ മുന്നില്‍ തൂക്കുപാലം കണ്ടു. അതിലേക്കു കയറുമ്പോള്‍ പക്ഷേ, പനിപിടിച്ച മൈതാനത്തൂടെ ഉരുണ്ടുപോകുന്ന പന്താണ് താനെന്ന് അറീലിയോസച്ചന് സത്യമായിട്ടും തോന്നി. 

പാലം കിടന്നാടുന്നത് തന്റെ കനം കൊണ്ടാണെന്നാണ് ആദ്യം കരുതിയത്. അല്ലെന്ന് മനസ്സിലായത് പാതിയോളം എത്തിയപ്പോള്‍. കയറുകൊണ്ടു കെട്ടിയ കൈവരികളില്‍നിന്ന് ആറ്റിലേക്ക് വീണുകിടക്കുന്ന നീണ്ട വാലുകളാണ് ആദ്യം കണ്ടത്. കയറഴികളിലും പാലത്തെ താങ്ങിനിര്‍ത്തുന്ന തൂണുകളുടെ മുകളറ്റത്തെ കൊളുത്തുകളിലേക്കു വലിച്ചുകെട്ടിയ വടങ്ങളിലും തൂങ്ങിക്കിടന്നാടുന്ന രോമം നിറഞ്ഞ ഉടലുകള്‍ പിന്നീടാണ് വെളിപ്പെട്ടത്. അവ പുറകെ വന്നു. ഇരുവശത്തേയും വടങ്ങളില്‍ പിടിച്ച് വിരിഞ്ഞുനിന്ന് അറീലിയോസച്ചന്‍ അലറിയതും എല്ലാംകൂടി എടുത്തുചാടി ഓടി. ചിലതെല്ലാം ആറ്റില്‍ വീഴുന്ന ഒച്ച കേട്ടു. അപ്പോള്‍ കൊളുത്തിനു മുകളില്‍നിന്ന് ഒത്ത പൊക്കവും വണ്ണവുമുള്ള ഒരെണ്ണം എളിയില്‍ ചേര്‍ത്തുപിടിച്ച അതിന്റെ കുഞ്ഞിനെയും കൊണ്ട് പാലത്തിലേക്കു ചാടിവീണു. അത് തനിക്കു നേരെ വരുന്നതു കണ്ടപ്പോള്‍ വടങ്ങളില്‍ വിരല്‍ച്ചുറ്റി അച്ചന്‍ അതേപടി നിന്നുപോയി. തൊട്ടുമുന്നില്‍ വന്നുനിന്ന് കൂര്‍ത്ത കണ്ണുകൊണ്ട് അച്ചനെ മുഴുവനായും നോക്കിയിട്ട് ഒട്ടും ധൃതിയില്ലാതെ അത് തിരികെ നടന്നുപോയി. എവിടെനിന്നൊക്കെയോ കുറേയെണ്ണംകൂടി പാലത്തിലേക്കിറങ്ങിവരികയും നിശ്ശബ്ദമായി അതിനെ പിന്തുടരുകയും ചെയ്തു. കക്ഷത്തിലൂടെ തലയിട്ട് ആ കുഞ്ഞ് മാത്രം പേടിച്ച കണ്ണുകളോടെ ഇടയ്ക്കിടെ അച്ചനെ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. പാലമിറങ്ങി, ആറ്റിനക്കരെ കാപ്പിച്ചെടികള്‍ നിറഞ്ഞ മലഞ്ചെരുവില്‍ അവിടവിടെയായി കണ്ട വെളിച്ചത്തിനുനേര്‍ക്കു നടക്കുമ്പോള്‍, മൈതാനത്തിന്റെ പനി പന്തിലേക്കും പടരുന്നത് അച്ചനറിഞ്ഞു...
മരത്തില്‍ ചാരിയിരുന്നുറങ്ങിപ്പോയ അച്ചനെ ഒരു കരച്ചിലാണുണര്‍ത്തിയത്. തല പൊക്കിയപ്പോള്‍ മലമ്പള്ളയില്‍ ഏറെയകലെയല്ലാതെ വെളിച്ചമുള്ള നാല് വീടുകള്‍ കണ്ടു. ഒന്നാമത്തെ വീട് തുറന്നു കിടക്കുകയായിരുന്നു. ഉള്ളില്‍ ആരെയും കണ്ടില്ല. പറന്നു കളിക്കുകയും ഇടയ്ക്കിടെ ചുവരില്‍ വന്നിടിക്കുകയും ചെയ്യുന്ന ഒരു വണ്ടിനെ അടിച്ചിടാന്‍ കൈപൊക്കി ചാടിക്കൊണ്ട് ഒരു കുഞ്ഞുപൂച്ച മാത്രം വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരുന്നു. രണ്ടാമത്തേയും മൂന്നാമത്തേയും വീടുകളിലും ഇതേ കാഴ്ച തന്നെ ആവര്‍ത്തിച്ചപ്പോള്‍, ആദ്യം കണ്ട വീട് ഒരേ കാഴ്ചയുമായി തനിക്കൊപ്പം സഞ്ചരിക്കുകയാണെന്ന് അച്ചന് തോന്നി. എന്നാല്‍, അടഞ്ഞുകിടന്ന നാലാമത്തെ വീട് ആ ധാരണയെ തിരുത്തി. അതിന്റെയുള്ളില്‍ ഒരു ഞരക്കം കേള്‍ക്കാം. വെട്ടം വരുന്ന മുറിയിലേക്ക് എത്തിനോക്കിയപ്പോള്‍ ആരെയും കാണാനില്ല. അച്ചന്‍ വീടിനു ചുറ്റും നടന്നുനോക്കി. അടുക്കളഭാഗത്തെത്തിയപ്പോള്‍ ഒരു ജനല്‍ തുറന്നു കിടക്കുന്നു. അതിനു ചോട്ടിലായി ചാണകവെള്ളം കെട്ടിക്കിടപ്പുണ്ട്. സമീപത്തെ തൊഴുത്തില്‍ ചരിഞ്ഞുകിടന്ന് രണ്ട് പശുക്കള്‍ അയവിറക്കുന്നു. തള്ളപ്പശുവിന്റെ ദേഹത്തൊട്ടിക്കിടക്കുന്ന മൂരിക്കിടാവ് തലപൊക്കി നോക്കിയപ്പോള്‍, മിണ്ടല്ലേന്ന് അച്ചന്‍ ആംഗ്യം കാട്ടി. തൊഴുത്തിന്റെ കോണില്‍ അരിഞ്ഞിട്ടിരിക്കുന്ന വാഴപ്പിണ്ടികള്‍ക്കിടയില്‍നിന്നു മുട്ടനൊരു കല്ല് പൊക്കിക്കൊണ്ടുവന്നു ചാണകവെള്ളത്തിലിട്ടിട്ട് അച്ചന്‍ അതിന്റെ മുകളില്‍ കയറിനിന്ന് അടുക്കളയ്ക്കകത്തേക്ക് എത്തിനോക്കി. അവിടെ വട്ടംകൂടിയിരിക്കുന്ന എട്ടുപത്ത് പെണ്ണുങ്ങള്‍. അവര്‍ക്കു നടുവില്‍ ഇച്ചിരി പ്രായമായ ഒരു അമ്മാമ്മയുടെ മടിയില്‍ തലവെച്ച് തറയില്‍ ഒരു യുവതി ചരിഞ്ഞുകിടക്കുന്നു. അത് റെബേക്കയാണെന്ന് അച്ചന് അറിയില്ല. അവരെയാരെയും അച്ചന് പരിചയമില്ല. ലേശം മുന്‍പുവരെ പലപ്പോഴായി താന്‍ കേട്ട കരച്ചില്‍ പുറപ്പെട്ടു വന്നത് ഈ കിടക്കുന്ന പെങ്കൊച്ചില്‍ നിന്നായിരിക്കുമെന്ന് അച്ചന്‍ ഊഹിച്ചു. കൂട്ടത്തില്‍ ഏറ്റവും സുന്ദരിയായ ഒരു സ്ത്രീ റെബേക്കയുടെ കാല് തടവിക്കൊണ്ട് കുത്തിയിരിപ്പുണ്ട്. അവളുടെ പേര് ഏലമ്മ എന്നായിരുന്നു. അവരെത്തന്നെ നോക്കിനില്‍ക്കുന്നതിനിടെ, തറയില്‍ കിടന്ന പെണ്ണ് പിടഞ്ഞെണീറ്റ് നെഞ്ചത്തടിക്കുന്നതും ബാക്കി പെണ്ണുങ്ങളെല്ലാം കൂടി അവളെ തടയുന്നതും കണ്ടു. തായ്ത്തടി വിണ്ടുകീറുന്ന ഒച്ചയില്‍ റെബേക്ക കരഞ്ഞു. എല്ലാവരും ചേര്‍ന്നു ചുറ്റിപ്പിടിച്ചതും അവള്‍ വീണ്ടും പ്രായമായ അമ്മാമ്മയുടെ മടിയില്‍ തലവെച്ച് മുന്‍പത്തെ അതേ മട്ടില്‍ തറയില്‍ ചരിഞ്ഞുകിടന്നു. അച്ചന് ഒന്നും മനസ്സിലായില്ല. വിശുദ്ധ ബലിപീഠത്തില്‍നിന്നു കുര്‍ബ്ബാനയര്‍പ്പിക്കുമ്പോള്‍ താനടക്കമുള്ള വൈദികര്‍ ആകാശത്തേക്ക് കൈകളുയര്‍ത്തി ചെയ്യാറുള്ള ഒരു പതിവ് അനുഷ്ഠാനം പോലെയാണ് അച്ചനത് അനുഭവപ്പെട്ടത്.

അച്ചന്റെ കൈ തട്ടി ജനാല ശബ്ദിച്ചപ്പോള്‍ ഏലമ്മ തലപൊക്കി നോക്കി. അച്ചന്‍ കല്ലില്‍നിന്ന് ഒരു കാപ്പിച്ചെടിയുടെ മറവിലേക്കു ചാടി. ഇലകളില്‍നിന്നു വെള്ളം ഇറ്റുവീഴുന്നു. ഇലച്ചോട്ടില്‍ അച്ചന്‍ വായ പൊളിച്ചുനിന്നു. കാപ്പിത്തണുപ്പ് വയറ്റിലേക്കിറങ്ങിപ്പോയി. ഇലകളിലൊന്നില്‍ അച്ചന്‍ കടിച്ചു. നല്ല സ്വാദ്. നാലഞ്ചെണ്ണം കൈതൊടാതെ ചവച്ചു തിന്നു.
ഏലമ്മ വാതില്‍ തുറന്ന് ഇറങ്ങിവന്നത് അപ്പോഴാണ്. തൊഴുത്തിനോടു ചേര്‍ന്നുനില്‍ക്കുന്ന കാപ്പിച്ചെടിയുടെ ചോട്ടിലിരുന്ന് അവള്‍ തുണിപൊന്തിച്ച് മുള്ളാന്‍ തുടങ്ങി. അതും നോക്കി അച്ചന്‍ കാപ്പിയുടെ മറവില്‍ത്തന്നെയിരുന്നു. തുട തുടച്ച് ഏലമ്മ തിരിച്ചുകയറാന്‍ നേരം അച്ചന്‍ വെളിച്ചപ്പെട്ടു. 
''ആ പെങ്കൊച്ചെന്തിനാ കരയുന്നേ, എന്തവാ പറ്റിയേ?''
ഒട്ടും വിചാരിക്കാത്ത നേരത്ത് അങ്ങനൊരൊച്ച കേട്ടതിന്റെ ആന്തലില്‍ വട്ടംതിരിഞ്ഞ ഏലമ്മ തൊട്ടുപിന്നില്‍ നില്‍ക്കുന്ന കറുത്ത രൂപം കണ്ട് അന്ധാളിച്ചു. അച്ചന്റെ ദേഹത്തേക്ക് നോക്കി കണ്ണുപൊളിച്ചുനിന്നുപോയ അവള്‍ നിലവിളിച്ചുകൊണ്ട് അകത്തേക്കോടി. പെണ്ണുങ്ങളേയും കൂട്ടി അവള്‍ മടങ്ങിവരുന്നതുവരെയുള്ള ഇടവേളയെ, ''ഇവളെന്തിനാ കെടന്ന് നൊലോളിക്കുന്നേ''ന്നുള്ള ആലോചനയാല്‍ അച്ചന്‍ നിറച്ചു.
അപ്പൊഴേയ്ക്കും പെണ്ണുങ്ങളെല്ലാം കൂടി വാതില്‍ക്കല്‍ വന്നുകഴിഞ്ഞിരുന്നു. അവരെല്ലാവരും തന്റെ അരയിലേക്ക് നോക്കിയാണ് ഒച്ചയുണ്ടാക്കുന്നതെന്നു മനസ്സിലായപ്പോള്‍ അച്ചനും അതിലേക്കുതന്നെ നോക്കുകയും സ്വയം നഗ്‌നനാണെന്നു തിരിച്ചറിയുകയും പുല്‍മേട്ടിലെ പാറപ്പുറത്ത് ഊരിപ്പിഴിഞ്ഞുവെച്ച കുപ്പായങ്ങളെ ഓര്‍ക്കുകയും കാപ്പിച്ചെടികള്‍ക്കിടയിലൂടെ നിര്‍ത്താതെ പായുകയും ഒരു ഒറ്റയടിപ്പാതയിലെത്തുകയും ചെയ്തു. പാത തന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് അച്ചന് അറിയില്ലായിരുന്നു. എന്നാലത് ശരിക്കും പള്ളിയിലേക്കുള്ള വഴി തന്നെയായിരുന്നു.

ഒച്ചകളെ എപ്പോഴും പിന്‍തുടരാറുള്ള താന്‍ ഇപ്പോള്‍ അതില്‍നിന്ന് ഓടിപ്പോന്നത് ഓര്‍ത്തപ്പോള്‍ അച്ചന് ചിരി വന്നു. വീടുകളെയും വിളികളെയും പിന്നിലാക്കി അച്ചന്‍ പള്ളിമുറ്റത്തെത്തി. പ്രതീക്ഷിച്ചതിനേക്കാള്‍ തലയെടുപ്പുണ്ടായിരുന്നു പള്ളിക്ക്. മുഖവാരവും മുകളിലെ കുരിശും പലനിറങ്ങളിലുള്ള നക്ഷത്രങ്ങളിലും കത്തിയണഞ്ഞുകത്തുന്ന അലങ്കാരവിളക്കുകളിലും തിളങ്ങിക്കിടന്നു. അച്ചന്‍ മുകളിലേക്കു നോക്കി പീലിപ്പോസേ പീലിപ്പോസേന്നു വിളിച്ചു. ആ പേരുള്ള ആരെയും അറിയില്ലെങ്കിലും അതുതന്നെ ആവര്‍ത്തിച്ചുകൊണ്ട് അച്ചന്‍ പള്ളിക്കു ചുറ്റും നടന്നുകൊണ്ടിരുന്നു. 
വെള്ളം കയറിയ പാടത്ത് ധ്യാനിച്ചുനില്‍ക്കുന്ന കൊക്കിനെപ്പോലെ പള്ളി അച്ചനെ നോക്കി.

ആ നേരത്ത് അച്ചന്റെ നോട്ടം ചെന്നു മുട്ടിയത് പിന്‍വശത്തെ മുറ്റത്ത് തെക്കോട്ടു ചരിഞ്ഞ് പടര്‍ന്നുനില്‍ക്കുന്ന കുടപ്പനയുടെ തണ്ടില്‍ തൂങ്ങിക്കിടക്കുന്ന തോര്‍ത്തിലായിരുന്നു. ഇത്തിരിമുന്‍പ് കുളിച്ചിട്ട് ആരോ വിരിച്ചിട്ട പോലെയായിരുന്നു അതിന്റെ കിടപ്പ്. അറ്റം ചുരുട്ടിക്കെട്ടി അടയാളമിട്ട അതില്‍ അപ്പോഴും ഒരു ഉടല്‍ മണത്തിരുന്നു. അച്ചന്‍ ചുറ്റും നോക്കി. ആരെയും കണ്ടില്ല. തോര്‍ത്ത് കുടഞ്ഞുടുത്തപ്പോള്‍ പനയുടെ ഉള്ളില്‍ സുഖം പിടിച്ചിരിക്കുകയായിരുന്ന നരിച്ചീറുകള്‍ വായുവില്‍ തുളകളുണ്ടാക്കിക്കൊണ്ട് പറന്നുപോയി. അടുത്തെവിടെനിന്നോ ഒഴുക്കുവെള്ളത്തിന്റെ തീരെ പതിഞ്ഞ വിളി വരുന്നുണ്ട്. കാട് വന്നു തൊട്ടുനില്‍ക്കുന്ന പടിഞ്ഞാറേ മുറ്റത്തുനിന്ന് ഒരു പാറയിലൂടെ പിടിച്ചുപിടിച്ച് അച്ചന്‍ താഴോട്ടിറങ്ങി. കാല് ചെന്നുചവിട്ടിയത് നല്ലോണം തണുത്ത വെള്ളത്തില്‍. മുങ്ങാനും മാത്രമില്ല. എന്നിട്ടും അച്ചനവിടെ കൈകള്‍ വിരിച്ച് മലര്‍ന്നുകിടന്ന്, ആകാശം ആനന്ദത്തോടെ ഭൂമിയെ നോക്കുന്നത് കണ്ടു.

അച്ചന്റെ വായിലൂടെ കേറുന്ന തോട് മൂക്കിലൂടെ പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു. ഇടയ്ക്ക് തോടിനെ പുറത്തേക്കു തുപ്പി പിന്നിലേക്ക് വലിഞ്ഞു നിരങ്ങി തലയൊരു കല്ലിനുമേല്‍ വെച്ചു. വലംകാല്‍ ഇടംകാലിന്റെ പുറത്തുവെച്ച്, കൈകള്‍ വിരിച്ച്, തല വലത്തേക്ക് ചായ്ച്ചു കിടന്നു. അപ്പോള്‍ കാനേഷുമാരിപ്പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നസറേത്തില്‍നിന്ന് യെഹൂദ്യയിലേക്കുള്ള വഴിയേ നടക്കുകയായിരുന്നു യോസേഫ് എന്ന ആശാരി. ഒപ്പമുള്ള കഴുതയുടെ പുറത്തിരുന്ന് അയാളുടെ ഭാര്യ മറിയ പലവട്ടം പുളഞ്ഞു. അവള്‍ക്കു പ്രസവിക്കാന്‍ പറ്റിയ ഒരിടം തേടുകയായിരുന്നു യോസേഫിന്റെ കണ്ണുകള്‍. ഒരു തോട്ടം കടന്നതും മലഞ്ചരുവില്‍ നാല് വീടുകള്‍ കണ്ടു. നാലിലും വെളിച്ചമുണ്ടായിരുന്നു. പക്ഷേ, ആദ്യത്തെ മൂന്നു വീടുകളിലും ആരെയും കണ്ടില്ല. വിളിച്ചു നോക്കിയെങ്കിലും ആരും കേട്ടില്ല. നാലാമത്തെ വീടിന്റെ പിന്നാമ്പുറത്തെ ജനാലയിലൂടെ നോക്കിയപ്പോള്‍, ആറേഴ് സ്ത്രീകള്‍ തറയില്‍ വട്ടമിട്ടിരുന്നു കരയുന്നു. നോവേറി, മറിയയും കരയാന്‍ തുടങ്ങിയിരുന്നു. എന്നിട്ടും യോസേഫിന് ആ സ്ത്രീകളെ വിളിക്കാന്‍ തോന്നിയില്ല. വിലാപത്തിന്റെ ഈ ഭവനത്തിലല്ല തന്റെ മകന്‍ പിറക്കേണ്ടതെന്ന കാര്യത്തില്‍ അയാള്‍ക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. ജനിക്കാന്‍ പോകുന്നത് മകനാണെന്നും അയാള്‍ ഉറപ്പിച്ചിരുന്നു. താന്‍ മറഞ്ഞാലും തന്റെ പേര് ഈ ഭൂമിയില്‍ നിലനിര്‍ത്താന്‍ ഇതാ തനിക്കൊരു പുത്രനെ ലഭിക്കാന്‍ പോകുന്നു. പക്ഷേ, അവന് ജനിച്ചുവീഴാന്‍ ഒരിടമെവിടെ? വീടുകളെ പുറകില്‍ വിട്ട് അതിവേഗം നടന്ന യോസേഫും കഴുതയും തോട്ടത്തിനു നടുവില്‍ ഒരു തൊഴുത്തു കണ്ടു. തൊഴുത്തില്‍ ഒരു മുഴുത്ത മൂരിയും പൊക്കം കുറഞ്ഞ ഒരു പശുവുമാണുണ്ടായിരുന്നത്. അവയ്ക്കു കൊടുക്കാനായി അവിടെ കൂട്ടിവെച്ചിരുന്ന പുല്ലും ഇലകളും തറയില്‍ വിരിച്ച് തൊഴുത്തിന്റെ കോണില്‍ മറിയയ്ക്കായി യോസേഫ് ഒരു മെത്തയൊരുക്കി. മറിയയുടെ നെറ്റിയും വയറും തടവിക്കൊണ്ട് മുട്ടുകുത്തിയിരുന്നപ്പോഴാണ്, കൗതുകത്തോടെ തങ്ങളെ നോക്കുന്ന കാലികള്‍ക്കു നടുവില്‍, ഉറങ്ങിക്കിടക്കുന്ന മുലകുടി മാറാത്ത മൂരിക്കിടാവിനെ കണ്ടത്. അതോടെ യോസേഫ് ഉറപ്പിച്ചു; തന്റെ മകന്‍, തന്റെ പിന്തുടര്‍ച്ചക്കാരന്‍ പിറന്നുവീഴേണ്ടത് ഇവിടെത്തന്നെ.
''ആരാ?''

കാലിത്തൊഴുത്തില്‍ ആളനക്കം കേട്ട് വിലാപവീട്ടില്‍നിന്ന് ആരോ വിളിച്ചുചോദിച്ചതാണെന്നാണ് അച്ചന്‍ ആദ്യം വിചാരിച്ചത്. ചോദ്യം യോസേഫിനോടും മറിയയോടുമല്ല തന്നോടാണെന്ന് മനസ്സിലാക്കാന്‍ അറീലിയോസച്ചന്‍ നാലഞ്ചു നിമിഷമെടുത്തു. അപ്പോള്‍, പാറയുടെ മുകളില്‍ ഒരു രൂപം കണ്ടു. അതിന്റെ ചുണ്ടുകളില്‍ ഒരു ബീഡിയുടെ കനല്‍ വിരിയുന്നു. അതൊരു സുഖമുളള കാഴ്ചയായിരുന്നു. 

രൂപം പിന്നെയും അതുതന്നെ ചോദിച്ചു: ആരാ? മറുപടിയായി അച്ചന്‍ തോട്ടില്‍നിന്നെണീറ്റ് പാറയില്‍ പിടിച്ചുപിടിച്ച് പള്ളിമുറ്റത്തേക്കു കരേറി.
ഭൂമിയില്‍നിന്ന് ആറേമുക്കാലടി പൊക്കത്തില്‍ നില്‍ക്കുന്ന കണ്ണുകളിലൂടെ രൂപം അച്ചനെ നോക്കി. ചുരുക്കം വാക്കുകളില്‍ അച്ചന്‍, തന്നെ വിവരിച്ചു. ഇടംകൈയില്‍ പിടിച്ചിരുന്ന കാപ്പിക്കമ്പുകൊണ്ട് പാറപ്പുറത്ത് മൂന്നുതവണ കൊട്ടുന്നതിനിടയില്‍ പീലിപ്പോസ് എന്ന രൂപം, നനഞ്ഞൊലിച്ചുനില്‍ക്കുന്ന അച്ചന്റെ താടിയിലും ഉടുത്തിരിക്കുന്ന തോര്‍ത്തിലും അനുതാപത്തോടെ നോക്കി അശരീരി പോലെ പറഞ്ഞു: ''അച്ചന് വഴിതെറ്റി. ഇത് പന്നിമലയാ. പുലിക്കുന്ന് ദേ ആ കാണുന്നതാ.''

പീലിപ്പോസ് ചൂണ്ടിയിടത്തേക്ക് നോക്കി, ദൂരെ മലഞ്ചെരുവിനപ്പുറം പുലിക്കുന്നിനെ മറച്ചുപിടിച്ചിരിക്കുന്ന കാടിനെ അച്ചന്‍ കണ്ടു. അവിടെത്തന്നെ കാത്തുനില്‍ക്കുന്ന ജനത്തെ അച്ചന്‍ ഓര്‍ത്തു. അപ്പോള്‍ പിന്നില്‍നിന്ന് വീണ്ടും പീലിപ്പോസിനെ കേട്ടു: ''അച്ചന്‍ അങ്ങോട്ടു പോകാണ്ടിരിക്കുന്നതാ നല്ലെ. അതുകൂട്ട് നശിച്ച ജനമാ.''
കാടിനുള്ളില്‍ മറഞ്ഞുകിടക്കുന്ന തന്റെ ഇടവകയെ, മോശ കനാന്‍ദേശത്തെ എന്നപോലെ, അറീലിയോസച്ചന്‍ നോക്കിക്കൊണ്ടിരുന്നു.
''അച്ചനേതായാലും നില്ല്.'' പള്ളിക്കകത്തേക്കു കേറിപ്പോയ പീലിപ്പോസ് മടങ്ങിവന്നത് ഒരു വെളുത്ത ളോഹയുമായിട്ടാണ്.
''ഞങ്ങടച്ചന്റെയാ. പാകമാകത്തില്ല. എന്നാലും ഇട്ടോ.''
അച്ചന്‍ കുപ്പായത്തിനകത്തു കേറി. അയഞ്ഞുതൂങ്ങിക്കിടന്ന അതിനകം നിറയണമെങ്കില്‍ ഒരാള്‍കൂടി വേണമായിരുന്നു. 
പള്ളിക്കു ചുറ്റും വെളിച്ചത്തിന്റെ മാലാഖമാര്‍ ചിറകടിച്ചുകൊണ്ടിരുന്നു. 
''പുലിക്കുന്നിലേക്ക് ഇവിടുന്ന് വഴിയെങ്ങനാ?''
''ഒരു വഴീമില്ല. അവരുമായിട്ട് ഞങ്ങക്കൊരെടപാടുമില്ല. ഒണ്ടാരുന്ന വഴിയൊക്കെ പണ്ടേക്കുപണ്ടേ അടച്ചു. പിന്നെ പോണോന്ന് നിര്‍ബന്ധാണേല് ദേ ഈ ചോല കടന്ന് താഴേക്കിറങ്ങി കാട്ടിലൂടെ മല കേറണം. പക്ഷേ, അച്ചന്‍ ഒറ്റയ്ക്കു പോയാല്‍ എങ്ങുമെത്തത്തില്ല. കെടന്നു തിരിയത്തെയൊള്ളൂ. ആരെയേലും കൂട്ടി വിടാമെന്നു വെച്ചാ, ആണുങ്ങളൊരെണ്ണം പോലും സ്ഥലത്തില്ല. എല്ലാരൂടെ കാട് കേറീരിക്കുവാ.''
''എന്തിന്?''
''എന്തോ പറയാനാ! ഞങ്ങടെ കത്തനാരടെ കൊച്ചിനെ സന്ധ്യക്ക് പുലി കൊണ്ടുപോയി. നല്ല തങ്കക്കൊടം പോലത്തെ പൈതലാരുന്നു.''
പീലിപ്പോസ് പാറയില്‍ ആഞ്ഞടിച്ചു. അയാള്‍ അതുതന്നെ ആവര്‍ത്തിച്ചപ്പോള്‍, കാറ്റുകേറി വീര്‍ത്ത ളോഹ ഒരു ഭീമന്‍ ബലൂണിനെപ്പോലെ തന്നെ പറത്തിക്കൊണ്ടു പോയേക്കുമെന്നു ഭയന്ന് അച്ചനതിന്റെ തുഞ്ചത്തു പിടിച്ചുവലിച്ചു.
കാപ്പിക്കമ്പിന്റേയും പീലിപ്പോസിന്റേയും ഒച്ചകള്‍ ഒരേപോലെ അച്ചന്റെ നെഞ്ചില്‍ വന്നടിച്ചുകൊണ്ടിരുന്നു. 
*''ബസ്‌കിയാമ തിണ്ണേലിരുത്തി കൊച്ചിന് ചോറ് വാരിക്കൊടുക്കുവാരുന്നു. അന്നേരമാ തള്ളേടെ മേലപ്പിടി മാന്തിപ്പറിച്ച് അതിനേംകൊണ്ട് ആ ജന്തു പോയെ. ഇക്കൊല്ലം ഇത് നാലാമത്തെയാ; എല്ലാം ആങ്കൊച്ചുങ്ങളും!''
അന്നേരം മലമ്പള്ളയില്‍നിന്ന് ഉച്ചത്തില്‍ നിലവിളി കേട്ടു. തൊട്ടുപിന്നാലെ പീലിപ്പോച്ചായോന്ന് വിളിച്ച് ഏലമ്മ ഓടിക്കൊണ്ടു വന്നു. 
''കിട്ടിയോ ഏലേ?''
''കിട്ടി.''

ഏങ്ങലടിച്ചും അതിന്റെ ഇടവേളകളില്‍ നെഞ്ചത്തടിച്ചും പ്രാകുന്ന ഏലമ്മയുടെ കൈ പിടിച്ചു വലിച്ചുകൊണ്ട് പീലിപ്പോസ് വീടുകളുടെ നേര്‍ക്ക് ഓടിക്കൊണ്ടുപോയി. അയാള്‍ ഇട്ടേച്ചുപോയ, തൊലി ചീകിയ കാപ്പിക്കമ്പെടുത്ത് പാറപ്പുത്ത് വെറുതെ അടിച്ചുകൊണ്ട് അച്ചന്‍ വീടുകളുടെ നേര്‍ക്കും പുലിക്കുന്നിന്റെ ദിക്കിലേക്കും മാറിമാറി നോക്കി.
യോസേഫ് അപ്പോള്‍ മറിയയുടെ അരികിലിരുന്ന് അവളുടെ വയറില്‍ തടവുകയായിരുന്നു. അവളുടെ ഉള്ളിലെ ഇളക്കങ്ങളിലൂടെ അയാള്‍ ആനന്ദത്തോടെ വിരലോടിച്ചു. പശുക്കള്‍ ഉണര്‍ന്നെണീറ്റ് മറിയ പെറ്റുവോന്നു നോക്കി. സമയമാവുന്നു സമയമാവുന്നു എന്ന് യോസേഫിന്റെ ഉള്ളം തുടിച്ചു. തന്റെ മകനെ, തന്റെ സ്ത്രീയുടെ പൈതലിനെ അപഹരിക്കാന്‍ ദൈവം കാത്തിരിക്കുകയാണെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍, താന്‍ അവനെ ഒരുനാളിലും വിട്ടുകൊടുക്കാന്‍ പോകുന്നില്ലെന്ന് യോസേഫ് പശുക്കളോട് പറഞ്ഞു. 

അതേനിമിഷം ഒരു ഞരക്കം കേട്ടു. മറിയയില്‍നിന്നാണ് അത് പുറപ്പെട്ടു വന്നതെന്ന് ആദ്യം സംശയിച്ചു. അല്ല, പള്ളിക്കകത്തുനിന്നാണെന്ന് തിരിച്ചറിയാന്‍ അറീലിയോസച്ചന്‍ ഇച്ചിരി സമയമെടുത്തു. ളോഹ പൊക്കിക്കുത്തി, ചാരിക്കിടന്ന വാതില്‍ തള്ളി അച്ചന്‍ അകത്തു കയറി. *കാസയുടേയും പിലാസയുടേയും ഗോല്യാത്ത് നിഴലുകള്‍ ചുവരില്‍ പതിപ്പിച്ചുകൊണ്ട് മദ്ബഹയിലെ ത്രോണോസിലിരുന്ന് ഒരു മെഴുതിരി കത്തുന്നുണ്ടായിരുന്നു. അതുമെടുത്ത് അച്ചന്‍ പള്ളിക്കകത്ത് ചുറ്റിനടന്നു പരതി. ഞരക്കം കുറേക്കൂടി ഉച്ചത്തിലായി. പടിഞ്ഞാറേ മൂലയ്ക്ക് തിരശ്ശീലയിട്ടു മറച്ച ഭാഗത്ത് ഒരനക്കം. വാതില്‍ കടന്നുവന്ന കാറ്റില്‍ വെട്ടത്തിന്റെ നാളങ്ങള്‍ അണയാതിരിക്കാന്‍ കൈകൊണ്ട് മെഴുതിരി മറച്ചുപിടിച്ച് അച്ചന്‍ അങ്ങോട്ടു ചെന്നു.
അവിടെ, നിലത്തു വിരിച്ചിരുന്ന ചാക്കിനുമേല്‍ ഒരു പിടച്ചില്‍. വെട്ടവുമായി കുനിഞ്ഞപ്പോള്‍ കണ്ടു; ഒന്നല്ല, രണ്ടു പിടച്ചിലുകള്‍. ഇരുണ്ട തവിട്ടുനിറമുള്ള രണ്ടു ജീവികള്‍. വായും കാലുകളും വരിഞ്ഞുകെട്ടിയിരിക്കുന്ന കയര്‍ പൊട്ടിക്കാന്‍ ചരിഞ്ഞുകിടന്നു കുതറുന്ന രണ്ടു പന്നികള്‍. മെഴുതിരി തറയിലുറപ്പിച്ച് അച്ചന്‍ അവയ്ക്കരികില്‍ കുത്തിയിരുന്നു. പള്ളിയുടെ ഏതൊക്കെയോ ദ്വാരങ്ങളിലൂടെ മൂളിവന്ന കാറ്റിലുലഞ്ഞ് തിരിവെട്ടം പന്നികള്‍ക്കുമേല്‍ ആടി. പുറത്തേക്കു തള്ളിയ കണ്ണുകള്‍ അച്ചനെ നോക്കി. ഓരോ കുതറലും പന്നികളെ ചാക്കിലൂടെ അല്പാല്പം നിരക്കിക്കൊണ്ടിരുന്നു. പള്ളിയുടെ മുഖവാരത്തില്‍നിന്നു തൂങ്ങിക്കിടന്ന മണിയുടെ കയറില്‍ ആണ്‍പന്നിയുടെ തേറ്റ മുട്ടി. ആടാന്‍ തുടങ്ങിയ മണിക്കയറില്‍ അച്ചന്‍ പിടിച്ചു.
''ക്രിസ്തുമസായിക്കൊണ്ട് അറക്കാന്‍ പിടിച്ചതാ, കാട്ടീന്ന്.''
പിന്നില്‍നിന്ന് പീലിപ്പോസിന്റെ ശബ്ദം കേട്ടതും പന്നികള്‍ക്കു നേരെ നീട്ടിയ കൈ അച്ചന്‍ പിന്‍വലിച്ചു.

''ക്രിസ്തുമസിന് എല്ലാക്കൊല്ലോം വെളുപ്പിനത്തെ കുര്‍ബ്ബാന കഴിഞ്ഞാല്‍ എടവകക്കാര്‍ക്കു മൊത്തം അപ്പോം കറീം പള്ളീന്നാ. ആ നശിച്ച പുലി കാരണം ഇത്തവണത്തേത് ഒരു വകയായി. ദോണ്ട്... ആ കൊച്ചിനെ പൊതിഞ്ഞുകെട്ടി കൊണ്ടുവന്നിട്ടൊണ്ട്. എന്തോന്നു കിട്ടീന്നാ... ഒരു തലേം രണ്ടു കാലും ഇച്ചിരി തൊലീം. എറച്ചി മുഴുവനും അത് തിന്നച്ചോ.''

ധൂപക്കുറ്റിയിലേക്ക് ഒരുപിടി കുന്തിരിക്കം വാരിയിട്ടുകൊണ്ട് പീലിപ്പോസ് ഇറങ്ങിപ്പോയി. ലോകത്തിന് ഒരു ദിവസം മറികടക്കാന്‍ എന്തുമാത്രം ഇറച്ചി വേണമെന്ന ചിന്ത അച്ചന്റെയുള്ളിലൂടെ ഒരു കാട്ടുമൃഗത്തെപ്പോലെ പാഞ്ഞു.
കാറ്റ് നിലച്ച് മെഴുതിരി ശാന്തമായി. പന്നികള്‍ നിരങ്ങിനിരങ്ങി തമ്മില്‍ കുറേക്കൂടി അടുത്തു. അവ ഇണകളാണെന്ന് അച്ചന് വെളിപ്പെട്ടു. അവയുടെ വെപ്രാളം കൂടിക്കൂടി വന്നു. അച്ചന്‍ ആണ്‍പന്നിയുടെ മുഖത്തെ ചുറ്റിക്കെട്ടഴിച്ചു. പെണ്‍പന്നിയപ്പോള്‍ വല്ലാതെ പുളഞ്ഞു. മുഖമൊന്നു കുടഞ്ഞ് ആണ്‍പന്നി അച്ചനെ നോക്കി നിര്‍ത്താതെ മുരണ്ടു. അതിന്റെ മൂക്കില്‍നിന്നു കുതിച്ച ചൂടുവായു അച്ചന്റെ ളോഹയെ ഉലച്ചു. കെട്ടഴിഞ്ഞ മുഖം, തേറ്റയുള്‍പ്പെടെ നിലത്തു കുത്തി അത് തന്റെ ഉടല്‍ ഇണയ്ക്കുനേരെ തള്ളി. തൊട്ടരികിലെത്തിയതും നാക്കു നീട്ടി അതിന്റെ വയറ്റില്‍ നക്കാന്‍ തുടങ്ങി. ഇണയുടെ പിടച്ചില്‍ കൂടിക്കൂടി വന്നു. കൊഴുത്തയൊരു ദ്രാവകം അതിന്റെ കാലിലൂടെ ഒഴുകുന്നത് അപ്പോഴാണ് കണ്ടത്. തല കുനിച്ചു നോക്കിയ അച്ചന്‍, അതിന്റെ പിന്‍ഭാഗത്തുകൂടി ഒരു കുഞ്ഞുതല പുറത്തേക്ക് തള്ളിവരുന്നതു കണ്ടു. ആന്തലോടെ ചാടിയെണീറ്റ അച്ചന്‍ പിന്നിലേക്കു വേച്ചു. വീഴാതിരിക്കാന്‍ പിടിച്ചത്, ചുവരില്‍ ആണിയടിച്ചു തൂക്കിയിരുന്ന ചിത്രങ്ങളില്‍. ആണിയിളകി ഒരെണ്ണം താഴെ വീണു. അതില്‍, അപ്പോള്‍ പെറ്റിട്ട തന്റെ കുഞ്ഞിനെ മാറില്‍ ചേര്‍ത്ത് കാലിത്തൊഴുത്തിലെ പുല്ലില്‍ മറിയ ചരിഞ്ഞുകിടന്നു. ആടിക്കൊണ്ടിരുന്ന മറ്റു ചിത്രങ്ങളില്‍, സ്വര്‍ഗ്ഗം തുറക്കപ്പെട്ടതും ആകാശത്തിനും ഭൂമിക്കുമിടയില്‍ ചാരിവെച്ച ഏണിയിലൂടെ *സ്രാപ്പേന്മാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും പാട്ടുപാടി സ്തുതിക്കുന്ന *ക്രൂബേന്മാര്‍ക്കു നടുവിലൂടെ അബ്രഹാമിന്റേയും ഇസഹാക്കിന്റേയും യാക്കോബിന്റേയും ദൈവം തന്റെ ജനത്തെ മാത്രം അന്ത്യനാളില്‍ പറുദീസയിലേക്ക് കരേറ്റിക്കൊണ്ടു പോകുന്നതും എല്ലാറ്റിനും സാക്ഷിയായി പിതാവാം ദൈവത്തിന്റെ വലതുഭാഗത്ത് പുത്രന്‍ മൂകനായി നില്‍ക്കുന്നതും അച്ചന്‍ കണ്ടു. എന്നാല്‍ അവര്‍ക്കിടയില്‍ യോസേഫിനെ മാത്രം കണ്ടില്ല! 

നേര്‍ത്തൊരു മണിയൊച്ച കേട്ടതും അച്ചന്‍ പന്നികളിലേക്കു മടങ്ങി. ഇണയോട് കുറേക്കൂടിയടുക്കാന്‍ ആണ്‍പന്നി മണിക്കയറിന്റെയറ്റത്തു കടിച്ചുവലിച്ചതാണ്. പെണ്‍പന്നിയുടെ പിന്‍കാലുകള്‍ക്കു പുറകിലേക്ക് വീണ്ടും നോക്കിയപ്പോള്‍, ചോലയിലെ വെള്ളത്തില്‍ മുങ്ങിക്കിടന്ന നേരത്ത് തന്നെ വിട്ടകന്ന പനിക്കുളിര്‍ മടങ്ങിവന്നു തന്റെ ശരീരരക്തങ്ങളെ വിറപ്പിക്കുന്നത് അച്ചന്‍ അറിഞ്ഞു. പിറവിയുടെ മുന്നില്‍ താനെന്തിനിങ്ങനെ നടുങ്ങുന്നുവെന്ന് അച്ചന്‍ അതിശയിച്ചു.
മലമ്പള്ളയില്‍നിന്നു പള്ളിക്കുനേരെ കുറേയേറെ വെളിച്ചങ്ങള്‍ കേറി വരുന്നുണ്ടായിരുന്നു. വേഗം പുറത്തിറങ്ങുന്നതിനിടയില്‍ അച്ചന്‍ ഒരിക്കല്‍ മാത്രം തിരിഞ്ഞുനോക്കി. ഇണയുടെ മുഖത്തെ കെട്ട് ആണ്‍പന്നി തേറ്റയാല്‍ പൊട്ടിക്കുന്നു. രണ്ടുപന്നികളും മണിക്കയറിന്റെ അറ്റത്തു കടിച്ചു വലിക്കുന്നു. കയര്‍ വിറയ്ക്കുന്നതിനൊത്ത് ഓട്ടുകവചത്തില്‍ മുട്ടിമുട്ടി മണിയും പന്നികളോടൊത്ത് പതുക്കെ കുതറാന്‍ തുടങ്ങി. 
പാറയിലൂടിറങ്ങി തോട് കടന്ന് അറീലിയോസ് ജോസഫ് എന്ന അറീലിയോസച്ചന്‍ പുലിക്കുന്നിനു നേര്‍ക്ക് നടക്കുമ്പോള്‍ പള്ളിയില്‍നിന്നു കൂട്ടമണി കേട്ടു.
---------------

അടിക്കുറിപ്പുകള്‍:
*സൊദോം, ഗൊമോര-ബൈബിളില്‍ പരാമര്‍ശിക്കുന്ന പുരാതന നഗരങ്ങള്‍. ഇവിടെ വസിച്ചിരുന്നവര്‍ പാപികളായിരുന്നതിനാല്‍ യഹോവ ആകാശത്തുനിന്നു തീയും ഗന്ധകവും ഇറക്കി അവയെ ചുട്ടെരിച്ചെന്ന് ബൈബിള്‍.
*ശലോമോന്‍-സോളമന്‍ രാജാവ്.
*ബസ്‌കിയാമ-പുരോഹിതന്റെ ഭാര്യ.
*കാസയും പിലാസയും-ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട് കുര്‍ബ്ബാനമദ്ധ്യേ പ്രതീകാത്മകമായി അദ്ദേഹത്തിന്റെ ശരീരവും രക്തവും വാഴ്ത്താന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍.
*സ്രാപ്പേന്മാര്‍, ക്രൂബേന്മാര്‍-മാലാഖമാരുടെ ഗണങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com