ഡ്രാക്കുള: വികെകെ രമേഷ് എഴുതിയ കഥ

1897-ലെ മഞ്ഞുവീഴുന്ന നശിച്ച സന്ധ്യയില്‍ കാര്‍പ്പാത്തിയന്‍ മലമടക്കുകള്‍ക്കിടയിലൂടെ സഞ്ചരിക്കുകയായിരുന്നു ഞാന്‍.
ചിത്രീകരണം - ചന്‍സ്
ചിത്രീകരണം - ചന്‍സ്

1897-ലെ മഞ്ഞുവീഴുന്ന നശിച്ച സന്ധ്യയില്‍ കാര്‍പ്പാത്തിയന്‍ മലമടക്കുകള്‍ക്കിടയിലൂടെ സഞ്ചരിക്കുകയായിരുന്നു ഞാന്‍. രണ്ടു കുതിരകളെ പൂട്ടിയ സാമാന്യം വലിയൊരു വണ്ടിയിലായിരുന്നു യാത്ര. കുഴമഞ്ഞ് ഇടതടവില്ലാതെ കനത്തില്‍ വീഴ്ത്തിക്കൊണ്ടിരുന്ന പുകമൂടിയ ആകാശത്തേക്ക് കുത്തനെ തലതുളച്ചു നില്‍ക്കുന്ന കൂറ്റന്‍മരങ്ങളുടെ പ്രേതനിഴലുകള്‍ കടന്നുപോകുന്ന പാതയിലെമ്പാടും വിലങ്ങനെ വീണുകിടന്നു.
''നശിച്ച കൊടുങ്കാറ്റ് തുടങ്ങുന്നതിനു മുന്‍പ് എനിക്ക് തിരിച്ചുപോകണം.''
വണ്ടിക്കാരന്‍ മുരണ്ടു.

വെളുത്ത മഞ്ഞിലേക്ക് കറുത്ത പുകയൂതിക്കൊണ്ട് ആ ചെറിയ സ്റ്റേഷനില്‍നിന്നു തീവണ്ടി നീങ്ങിപ്പോയപ്പോള്‍ അതില്‍നിന്ന് ഒരു തോള്‍സഞ്ചി മാത്രം വഹിച്ച് ചുറുചുറുക്കോടെ ഇറങ്ങിയ ഏകയാത്രക്കാരനായ എന്നെ സ്വീകരിക്കാന്‍ അയാള്‍ കാണിച്ച ഉത്സാഹം, വണ്ടിയില്‍ക്കയറി പോകേണ്ട സ്ഥലം അറിയിച്ചതോടെ നിമിഷംകൊണ്ട് മങ്ങിപ്പോകുകയാണുണ്ടായത്.
''കാര്‍പ്പാത്തിയന്‍ മലയിലേക്ക്.''
പ്രഭുവിന്റെ ചൂടുമാറാത്ത ക്ഷണക്കത്ത് അകത്തെ കുപ്പായക്കീശയില്‍ വഹിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. അന്നേരം അയാള്‍ ആകാശത്തേയ്ക്കു നോക്കി കുരിശുവരച്ചു.

ഉള്‍നാടന്‍ സ്റ്റേഷനു മുന്നിലെ ചെളിയും മഞ്ഞും കുതിര്‍ന്നു കുഴഞ്ഞ മണ്ണില്‍ ചവിട്ടാതെ വരാന്തയില്‍നിന്നും നേരെ ഞാന്‍ വണ്ടിയില്‍ കയറിപ്പറ്റി. ദൂരെ കാര്‍പ്പാത്തിയന്‍ മലമടക്കുകള്‍ കനംകുറഞ്ഞ ഉച്ചവെയിലില്‍ തെളിഞ്ഞുകാണാമായിരുന്നു. സത്യം പറഞ്ഞാല്‍ വൈകുന്നേരം തന്നെ അവിടെ ഓടിയെത്തുമെന്നായിരുന്നു എന്റെ നിഗമനം. വണ്ടിക്കാരന്റെ ആഗ്രഹവും മറ്റൊന്നായിരിക്കില്ല. അതിനായി അയാള്‍ കഴിവതും വേഗതയോടെ, എന്നാല്‍ മഞ്ഞില്‍ തെന്നാതെ സമര്‍ത്ഥമായി വണ്ടി നീക്കി.
''എന്തിനുവേണ്ടി വന്നതാണ് നിങ്ങള്‍?''
വണ്ടിക്കാരന്‍ ചോദിച്ചു.
ഡ്രാക്കുള പ്രഭുവിനുവേണ്ടി നിയമകാര്യസംബന്ധിയായി ചിലതു പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് വന്നെത്തിയ വക്കീലാണ് എന്ന വസ്തുത എന്തുകൊണ്ടോ രഹസ്യമാക്കിവെക്കാനാണ് തോന്നിയത്.
''ഞാനൊരു നോവലെഴുതാനായി വന്നതാണ്. പ്രസാധകനാണ് എന്റെ ചിലവുകള്‍ മുഴുവന്‍ വഹിക്കുന്നത്.''
''എന്താണ് അങ്ങയുടെ പേര്?''
''കോട്ടയം പുഷ്പനാഥ്.''
ആ പേര് കാര്‍പ്പാത്തിയന്‍ പര്‍വ്വതനിരകള്‍ അതിര്‍ത്തിയായുള്ള ഒരു രാജ്യത്തും പരിചിതമായിരുന്നില്ലെന്നു തോന്നുന്നു.
വിശാലമായ കൃഷിയിടങ്ങള്‍ പിന്നിട്ട് ഉള്‍നാടന്‍ പാതയില്‍നിന്നു പര്‍വ്വതദിശയിലേക്കുള്ള മലമ്പാതയിലേക്കു കയറിയതോടെ വണ്ടിക്കാരന്‍ നിശ്ശബ്ദനായി. വഴിയില്‍ അപൂര്‍വ്വമായി കണ്ടുമുട്ടിയ ചിലര്‍ ഞങ്ങളെ നോക്കി കുരിശുവരച്ചു. എവിടെയോ എന്തോ ഒന്നുപിശകിയോ എന്നു സംശയം തോന്നി.
വെളിച്ചത്തെ മല തടഞ്ഞതോടെ പുതപ്പിട്ടതുപോലെ ഇരുട്ട് പുറത്തുചാടി. കുഴമഞ്ഞു ചേര്‍ത്ത് ഭൂമിയെ കാറ്റ് കുഴച്ചെടുക്കുകയായിരുന്നു. അതിനിടയിലൂടെ കല്ലിനോളം വലിപ്പമുണ്ടായിരുന്ന മഞ്ഞിന്റെ പടലങ്ങള്‍ വീശിപ്പാറിവന്നു. വണ്ടിയുടെ കവചത്തില്‍ത്തട്ടി അവ പാതയിലേക്ക് ശബ്ദായമാനമായി വീണുകൊണ്ടിരുന്നു. 

ഞങ്ങളുടെ പാവം കുതിരകള്‍ക്ക് വിചാരിച്ചതുപോലെ വൈകുന്നേരത്തിന് മുന്‍പ് ലക്ഷ്യസ്ഥാനം പിടിക്കാന്‍ കഴിഞ്ഞില്ല. ചമ്മട്ടിപ്രയോഗങ്ങള്‍ക്കൊന്നും അവയെ ത്വരിതമാക്കാന്‍ കഴിഞ്ഞില്ല. ചക്രങ്ങളെ ചുമന്നുനിന്നിരുന്ന അച്ചാണിയില്‍ മഞ്ഞിന്‍പടലങ്ങള്‍ അനുനിമിഷം വന്നുകയറി പറ്റിപ്പിടിച്ചു. അവയെക്കൂടി പൊട്ടിച്ചുകൊണ്ടുവേണമായിരുന്നു ചക്രങ്ങള്‍ക്കു തിരിയാന്‍. അങ്ങനെ പാവം കുതിരകളുടെ ബലം പലവിധ തടസ്സങ്ങള്‍ പാഴാക്കിക്കൊണ്ടിരുന്നു.
''സാര്‍, നമുക്കു തിരിച്ചുപോയാലോ?''


വണ്ടിക്കാരന്‍ ഇടയ്ക്കിടെ ചോദിച്ചുതുടങ്ങി. അയാള്‍ക്ക് എങ്ങനെയെങ്കിലും ഈ യാത്ര അവസാനിപ്പിച്ചാല്‍ മതിയെന്നായിക്കഴിഞ്ഞിരുന്നു. കോട്ടയംപോലെ വിദൂരസ്ഥമായൊരു സ്ഥലത്തുനിന്നും എത്തിച്ചേര്‍ന്ന മാന്യനെന്നു തോന്നിക്കുന്ന എന്നെപ്പോലൊരാളെ മലമടക്കുകള്‍ക്കിടയില്‍ മഞ്ഞു കുമിഞ്ഞുവീഴുന്നൊരു രാത്രിയില്‍ ഉപേക്ഷിക്കാന്‍ അയാള്‍ക്ക് മനസ്സുവരുന്നില്ലായിരിക്കാം.
ദൂരെനിന്നും ചെന്നായ്ക്കളുടെ ഓരി കേള്‍ക്കാന്‍ തുടങ്ങി. അവയുടെ മൂര്‍ച്ചയേറിയ കടിപോലെ ശബ്ദം ഹൃദയത്തില്‍ വന്നുകൊണ്ടു. കറുത്ത മരങ്ങള്‍ തലകുടഞ്ഞ് മഞ്ഞു തെറിപ്പിച്ചുകൊണ്ട് കിടന്നാടാന്‍ തുടങ്ങി. കാറ്റ് ശക്തിപ്രാപിക്കുകയായിരുന്നു.
''കൊടുങ്കാറ്റ്...''വണ്ടിക്കാരന്‍ വിറയലോടെ പറഞ്ഞു.
പൊടുന്നനെ കുഴിയില്‍പ്പെട്ടിട്ടെന്നപോലെ വണ്ടിയൊന്ന് കുലുങ്ങിയാടിനിന്നു. കുതിരകളുടെ ചിനപ്പ് കേട്ടു. ചതുപ്പില്‍ പൂന്തുപോയിരുന്നു വണ്ടി. വണ്ടിക്കാരന്‍ ചാടിയിറങ്ങി ഉന്തിക്കയറ്റാന്‍ നോക്കിയിട്ട് നടന്നില്ല. ബാഗ് ഇരിപ്പിടത്തില്‍വെച്ച് ഞാന്‍ കൂടി ഇറങ്ങിത്തള്ളിയപ്പോഴാണ് കയറ്റാന്‍ കഴിഞ്ഞത്. വല്ലവിധേനയും വണ്ടിയില്‍ തിരിച്ചുകയറാന്‍ ശ്രമിക്കുമ്പോള്‍ മഞ്ഞിന്‍പടലം പുതച്ച ഒരു ഭീമാകാരമായ പുതപ്പ് മടക്കുവിടര്‍ന്ന് താഴോട്ടു വീണതുപോലെ ഒരു കാറ്റുവീശി വന്നു ഞങ്ങളെ തട്ടിയിട്ടുകളഞ്ഞു. കൊടുങ്കാറ്റ് ഊതിവീശിവരുന്ന ശബ്ദം ഇരുട്ടില്‍ പുതഞ്ഞുനില്‍ക്കുന്ന മലമടക്കുകള്‍ക്കിടയില്‍നിന്ന് കേട്ടുതുടങ്ങി.
''കര്‍ത്താവേ...''
വണ്ടിക്കാരന്‍ മുട്ടുകുത്തിനിന്നു കുരിശുവരച്ചു.
സൂചിപോലെ അഗ്രങ്ങളുള്ള ഇടിമിന്നല്‍ മരങ്ങള്‍ക്കിടയിലൂടെ ഇടിഞ്ഞുവീഴാന്‍ തുടങ്ങി. ഇടിയുടെ ശബ്ദം മരങ്ങളുടെ ചെവികളെപ്പോലും മരവിപ്പിക്കാന്‍ പോന്നതായിരുന്നു.
''വണ്ടിയിലേക്കു കയറിയിരിക്കൂ.''
വണ്ടിക്കാരന്‍ തിടുക്കംകൂട്ടി.
ഞങ്ങള്‍ വണ്ടിയില്‍ കയറിയിരുന്നു. തൊപ്പി മുഖം മറയുംവിധം ചെരിച്ചുവെക്കുകയും ഓവര്‍ക്കോട്ടിന്റെ കോളര്‍ പരമാവധി ചെവി മൂടുംവിധം കയറ്റിവെക്കുകയും ചെയ്തുകൊണ്ട് മിന്നല്‍ മിന്നായംപോലെ തെളിച്ചുതരുന്ന മുന്നിലെ വഴിയിലേക്കു നോക്കി ഞങ്ങള്‍ ഗതികെട്ടവരെപ്പോലെ തളര്‍ന്നിരുന്നു. അങ്ങനെയിരിക്കെ, മഴയോ അതോ മഞ്ഞോ പാതവഴി തെളിച്ചുകൊണ്ടുവന്ന വെള്ളം കൂലംകുത്തി മുന്നില്‍നിന്നും പാഞ്ഞുവന്നു. വണ്ടിയേയും മുക്കിക്കൊണ്ട് അത് പാതയിലൂടെ ചാലിട്ട് താഴോട്ടൊഴുകി. ഭീമാകാരങ്ങളായ പൊങ്ങുതടികള്‍ ഒഴുകിനില്ക്കുന്ന അലാസ്‌കയിലെ മഞ്ഞുതടാകത്തിലേക്കു വീണതുപോലെയായി. നനയാന്‍ ഒരിഞ്ചുസ്ഥലം ബാക്കിയില്ല.


പെട്ടെന്നു വണ്ടിക്കാരന്‍ പാഞ്ഞുവരുന്ന വെള്ളപ്പാച്ചിലിലൂടെ അതിനെതിരെ കുതിരകളെ തെളിച്ചുകൊണ്ട് മുകളിലെത്തി. അതോടെ കുതിരകള്‍ മുട്ടുമടക്കി. മുകളിലെത്തിയതോടെ വെള്ളപ്പാച്ചിലില്‍നിന്ന് രക്ഷകിട്ടി. അവിടെനിന്നും വഴി താഴോട്ടിറങ്ങുകയായിരുന്നു. അത് ഇറങ്ങിയെത്തുന്നിടത്താണ് ഡ്രാക്കുളക്കോട്ടയിലേക്കുള്ള ശരിയായ കയറ്റം തുടങ്ങുന്നത്. മലയുടെ അവസാനത്തെ ഉച്ചിയില്‍, താഴ്വരയിലേക്ക് ചെങ്കുത്തായി തൂങ്ങിനില്ക്കുന്ന അതിന്റെ ചെറിയൊരു പടവില്‍ കോട്ട ചെരിഞ്ഞുനിന്നു. മഞ്ഞും മഴയും ഇരുട്ടും പൊതിഞ്ഞുനില്‍ക്കുന്ന കനത്ത ആവരണത്തെ ഭേദിച്ചുകൊണ്ട്, കോട്ടയില്‍ കത്തുന്ന വെളിച്ചം നാഴികകള്‍ താണ്ടി വന്നുകൊണ്ടിരുന്നു. പുരാതനമായൊരു ഗൗളിയെപ്പോലെ അത് താഴ്ചയിലേക്കു നോക്കി തൂങ്ങിക്കിടക്കുന്നത് ഇടിയുടെ വെളിച്ചത്തില്‍ ഇടവിട്ട് കാണാനായി.

വണ്ടിക്കാരന്‍ അവിടെനിന്ന് ഒരടി മുന്നോട്ടുനീങ്ങാന്‍ തയ്യാറായില്ല. നടന്നുകയറാന്‍ മാത്രമുള്ള ദൂരമേയുള്ളുവെന്നു തോന്നിയതുകൊണ്ട് ഞാന്‍ നിര്‍ബന്ധിക്കാനും നിന്നില്ല. പറഞ്ഞുറപ്പിച്ചതിന്റെ ഇരട്ടിക്കൂലി കൊടുത്തപ്പോഴും അയാള്‍ തെളിഞ്ഞില്ല. തിരിച്ചുപോവാനുള്ള വിഷമം ഓര്‍ത്തായിരിക്കാമെന്നു വിചാരിച്ചത് വെറുതെയായി. എന്നെ തനിച്ചുവിടേണ്ടിവരുന്നതിലായിരുന്നു അയാളുടെ പ്രയാസം. എനിക്കപ്പോള്‍ കുറ്റബോധം തോന്നി. പക്ഷേ, എനിക്ക് തിരിഞ്ഞുപോകാന്‍ കഴിയില്ല. നിര്‍ബന്ധിതമായി ഏതെല്ലാമോ നിയോഗങ്ങളില്‍ കുരുങ്ങുന്നതിനെയാണല്ലൊ ജീവിതം എന്നു വിളിക്കുന്നത്. 

പോകാനുള്ള ഇറക്കത്തിലേക്ക് ഞാനും പിന്‍തിരിയാനുള്ളതിലേക്ക് വണ്ടിക്കാരനും ഇറങ്ങിയതോടെ പ്രകൃതി ഉദാരമായി. മഴ നിന്നു. ശബ്ദമില്ലാതെ ഇടി, മിന്നലായി നിന്നുകൊണ്ടു വഴി കാണിച്ചുതന്നു. തെളിഞ്ഞ നിലാവ് മറവിടങ്ങള്‍ പിന്നിട്ട് പൂത്തുവീശി.
വണ്ടി പോകുന്നതു നോക്കി തെല്ലിട നിന്നപ്പോള്‍ ഒരത്ഭുതം സംഭവിച്ചതു മാത്രമായിരുന്നു നടക്കുമ്പോള്‍ അനുഭവിച്ചിരുന്ന സമാധാനത്തിനിടയ്ക്ക് കരടായി നിന്നത്. അതുവരെ സൗമനസ്യത്തോടെ എന്നെ കണ്ട വണ്ടിക്കാരന്‍ ഞാന്‍ നില്‍ക്കുന്നതു നോക്കി യാത്രപറയാനെന്നവണ്ണം കൈവീശാന്‍വേണ്ടി തിരിഞ്ഞപ്പോഴാണ് അത് സംഭവിച്ചത്. ഒരുമാത്ര അയാള്‍ എന്തോ കണ്ടു പേടിച്ചതുപോലെ നില്‍ക്കുന്നതു കണ്ടു. പിന്നീട് ഒരു നിലവിളിയോടെ വണ്ടിയിലേക്ക് ചാടിക്കയറി, അതോടിച്ച് എത്രയും വേഗം താഴേയ്ക്കു കുതിച്ചു. നിലവിളി നിലാവില്‍ ഉരഞ്ഞ് തേഞ്ഞുപോകുന്നതുവരെ ഞാന്‍ അതേ നില്‍പ്പു തുടര്‍ന്നു.

എന്നെ കണ്ടിട്ടാണ് അയാള്‍ ഭയന്നുപോയതെന്നു വിചാരിക്കാനുള്ള വിഡ്ഢിത്തം എനിക്കില്ല. ഒരുവേള അയാള്‍ പേടിക്കുമ്പോള്‍ എനിക്കു പിന്നിലായി എന്തെങ്കിലും ഉണ്ടായിരിക്കണം. നടക്കുമ്പോള്‍ വഴിയില്‍ എവിടെയും അങ്ങനെയൊരു സാന്നിദ്ധ്യം അറിഞ്ഞതുമില്ല.

ചെന്നായ്ക്കളുടെ ഓരി വീണ്ടും കേള്‍ക്കാനാരംഭിച്ചു. ഇപ്പോള്‍ അത് കൂടുതല്‍ അടുത്തുവരുന്നതായി തോന്നിച്ചു. അസ്ഥികളുടെ സന്ധികളില്‍ മഞ്ഞുപിടിച്ചതുകൊണ്ട് വേഗത്തില്‍ നടക്കാന്‍ കഴിഞ്ഞില്ല. വണ്ടിയിറങ്ങിയതു മുതല്‍ ഈ നിമിഷംവരെ സംഭവിച്ചത് ഒന്നൊന്നായി ഓര്‍ത്തുനോക്കി. അസ്വാഭാവികമായി എന്തെങ്കിലും നടന്നതായി തോന്നിയില്ല. പക്ഷേ, കോട്ടയിലേക്കുള്ള പാതയില്‍ കാല്‍വെച്ചതു മുതല്‍ എന്തോ ചിലത് സംഭവിച്ചിട്ടുണ്ട്. വണ്ടിക്കാരന്‍ ഭയന്നതു മാത്രമല്ല, പ്രകൃതി ഉദാരമായത് വിചിത്രം തന്നെ. നിറനിലാവില്‍ ഇടിമിന്നുന്നതെങ്ങനെ! ആകാശം ഡ്രാക്കുളക്കോട്ടയിലേക്കുള്ള ടോര്‍ച്ച് ലൈറ്റാവുകയാണോ!
ഇറക്കം കഴിഞ്ഞ് ചെങ്കുത്തായ കയറ്റം തുടങ്ങുന്നിടത്തുവെച്ച് ചെന്നായ്ക്കള്‍ ചാടിവീണു. കുപ്പിച്ചില്ലുകള്‍പോലുള്ള കണ്ണുകള്‍ നിലാവില്‍ മിന്നിച്ചുകൊണ്ട് അവ പിന്നില്‍നിന്നു പല്ലിളിച്ചു. മരപ്പടര്‍പ്പുകള്‍ക്കിടയില്‍നിന്ന് അനുനിമിഷമെന്നോണം അവയുടെ സംഖ്യ പെരുകിവന്നു.
തിരിഞ്ഞുനോക്കിക്കൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു. അവ പിന്‍തുടര്‍ന്നു. നിന്നപ്പോള്‍ അവയും നിന്നു. ആക്രമിക്കുകയല്ല, അനുധാവനം ചെയ്യുകയാണ് അവയുടെ ഉദ്ദേശ്യമെന്നു തോന്നി. ചുമ്മാ കൈയുയര്‍ത്തി ഒന്നു വീശിയപ്പോള്‍ അവയത്രയും മാന്ത്രികവടിയെ നേരിട്ടതുപോലെ പിന്നോട്ടോടി മറഞ്ഞു.
കയറ്റം മുഴുവനാക്കി കോട്ടയുടെ മുന്‍വശത്തെത്തുമ്പോള്‍ പുല്ലുപിടിച്ച അതിന്റെ മുറ്റത്ത് വെളുത്ത രണ്ടു പക്ഷികള്‍ കൂടിനിന്ന് എന്തോ തിന്നാന്‍ ശ്രമിക്കുന്നതു കണ്ടു. മനുഷ്യനോളം വലിപ്പമുണ്ടായിരുന്ന അവ മഞ്ഞുപോലെ വെളുത്തിരുന്നു. നിലാവില്‍ വെണ്‍മ തിളക്കമുണ്ടാക്കി.
പുല്ലിലേക്ക് ആദ്യത്തെ കാലുവെച്ചപ്പോള്‍ പക്ഷികള്‍ രണ്ടും ഇരയെ വിട്ട് മുകളിലേക്കു പറന്നു. ഒരു കുഞ്ഞിന്റെ കരച്ചിലും കേട്ടു. 
ചാക്കുകെട്ടുപോലെ എന്തോ ഒന്ന് അനങ്ങുന്നതു കണ്ടു. നിലവിളി വരുന്നത് അതിനകത്തുനിന്നായിരുന്നു. പക്ഷികളെന്ന് ഒറ്റനോട്ടത്തില്‍ തോന്നിച്ചവ സത്യത്തില്‍ അതായിരുന്നില്ല, വെള്ള വിവാഹവസ്ത്രങ്ങളണിഞ്ഞ രണ്ടു സ്ത്രീകളായിരുന്നു. പുല്‍പ്പരപ്പിനു മുകളില്‍, കോട്ടയുടെ ആകാശത്ത് താഴോട്ട് തലതൂക്കി അവര്‍ പറന്നുനടന്നു.
ചാക്കുകെട്ട് ബലം പ്രയോഗിച്ച് അഴിച്ച് കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ സ്ത്രീകള്‍ നിലത്തിറങ്ങി, ഇരുപതടി മാറി, ദൂരെ പുല്ലില്‍ നിലംപറ്റിനിന്ന് എന്നെ ശപിക്കാന്‍ തുടങ്ങി.

''ഞങ്ങള്‍ കഷ്ടപ്പെട്ട് നേടിയത് ഒറ്റക്കു തട്ടിയെടുത്തു, ദുഷ്ടന്‍!''
ഉളിപ്പല്ലുകള്‍ പുറത്തുകാണിച്ച് അവര്‍ ഗോഷ്ഠി കാണിച്ചു. അടുത്തുവരാനുള്ള ധൈര്യം അവര്‍ കാണിക്കാത്തതെന്തെന്ന് ഞാന്‍ അദ്ഭുതപ്പെട്ടു. കേവലം തപാല്‍ബന്ധം മാത്രം പരിഗണിച്ചുകൊണ്ട് പ്രഭുവിന്റെ കോട്ടയില്‍ നിരായുധനും ഏകനുമായി എത്തിയ എന്നെപ്പോലൊരാളെ ഇത്രയും പേര്‍ പേടിക്കുന്നതെന്തിനാണ്!
''അച്ഛാ...''
ചാക്കിനകത്തുനിന്നും കുഞ്ഞ് വിളിച്ചു. പാവം അവനറിയുന്നുണ്ടാവില്ല, താനെവിടെയാണെന്ന്. 
''ഒടുവില്‍ ആ പിശാചിനികളില്‍നിന്ന് അങ്ങ് എന്നെ രക്ഷിച്ചുവല്ലേ, അങ്ങെന്താണ് വരാന്‍ വൈകിയത് എന്റെ പൊന്നച്ഛാ...''
കെട്ടഴിഞ്ഞ് പുറത്തെത്തിയപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന എന്നെ കണ്ട് അവന്‍ ജാള്യത്തോടെ ചിരിച്ചു.
''കുഞ്ഞ് പേടിക്കേണ്ട കേട്ടോ.''
ഞാന്‍ തിടുക്കത്തോടെ പറഞ്ഞു.

മഞ്ഞുപോലെ ശുദ്ധനും സുന്ദരനുമായ ഒരു കുഞ്ഞായിരുന്നു അവന്‍. നാലു വയസ്സുണ്ടാവണം അവന്. സ്വര്‍ണ്ണമുടി മുഖത്തേക്കു വീഴ്ത്തി, വിളറിയ ചിരിയോടെ നില്ക്കുമ്പോഴും അവന്റെ കവിളുകള്‍ സിന്ദൂരംപോലെ ചുവന്നിരിക്കുന്നു. അന്തസ്സുള്ള ഒരമ്മ അവനെ പൊന്നുപോലെ വളര്‍ത്തിയിരിക്കണം. കാര്‍പ്പാത്തിയന്‍ മലയുടെ താഴ്വരകളിലെ വിഷാദഭരിതമായി മുനിഞ്ഞുനില്‍ക്കുന്ന മധ്യകാല ഗ്രാമങ്ങളിലൊന്നില്‍ ഇപ്പോള്‍ അവന്റെ ജീവനുവേണ്ടി പ്രാര്‍ത്ഥനകള്‍ നടക്കുന്നുണ്ടാകും.
അവന്റെ കുഞ്ഞിച്ചുമലുകളില്‍ ഞാന്‍ കൈചേര്‍ത്തു.
''മാമന്‍ ആരാ?''
അവന്‍ തെല്ല് ആശ്വാസത്തോടെ ചോദിച്ചു.
''ഡ്രാക്കുള...''


ദൂരെ മാറി ഞങ്ങളെത്തന്നെ നോക്കിയിരിക്കുന്ന പിശാചിനികള്‍ ആര്‍ത്തുവിളിച്ചു.
''പ്രഭുവിനെ കാണാന്‍ വന്ന ഒരു വക്കീലാണ് മോനേ മാമന്‍.''
''എന്നെ രക്ഷിക്കാമോ മാമാ?''
''രക്ഷിക്കാം.''
''എനിക്ക് തണുക്കുന്നു മാമാ.''
''നമുക്ക് തല്‍ക്കാലം കോട്ടയിലേക്ക് കയറാം. അവിടെ മഞ്ഞുവീഴില്ല.''
അവന്‍ സമ്മതിച്ചു.
ഞങ്ങള്‍ എഴുന്നേറ്റ് പുല്‍പ്പരപ്പിലൂടെ ഗോഥിക് കോട്ടയിലേക്കു നീങ്ങി. 'ഡെഡ് സോണി'ലാണെന്നു തോന്നുന്നു കോട്ടയുടെ നില്‍പ്പ്. ചുറ്റിനും തഴച്ചുകൊഴുത്തുനില്‍ക്കുന്ന കാടിനു നടുവിലായി മരംമുളക്കാത്ത ഒരു ദീര്‍ഘവൃത്തം പ്രകൃതി കോട്ടയ്ക്കുവേണ്ടി വിന്യസിച്ചിരിക്കുന്നു. അതുകൊണ്ട് ഒരു വൃത്തം ആകാശം സൂര്യചന്ദ്രന്മാരോടും നക്ഷത്രങ്ങളോടുംകൂടി എല്ലായ്പോഴും കാണാം. എന്നാല്‍, വിഷാദഭരിതമായ ഏതു വെളിച്ചങ്ങള്‍ക്കും കടന്നുകയറാന്‍ കഴിയാത്തവിധം കോട്ട കൊട്ടിയടയ്ക്കപ്പെട്ടതായിക്കണ്ട് ഞാന്‍ നടുങ്ങി. വാതിലുകള്‍ പൂട്ടിയിരിക്കുന്നത് പുറമെനിന്നായിരുന്നു. അതിഥിയെ അരക്ഷിതനാക്കി ഉപേക്ഷിക്കാന്‍ എന്റെ ആതിഥേയന്‍ കാണിച്ച ശുഷ്‌കാന്തി അപാരം!
കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് എന്തുചെയ്യേണ്ടൂ എന്നറിയാതെ നില്‍ക്കുമ്പോള്‍ പിശാചിനികള്‍ വസ്ത്രത്തോടെ പറന്നു കോട്ടയെ ഒരര്‍ദ്ധവൃത്തത്തില്‍ ചുറ്റി, മുനമ്പില്‍ അഗാധതയിലേക്ക് തലതൂക്കിനില്‍ക്കുന്ന അതിന്റെ പിന്‍ഭാഗത്തേയ്ക്ക് പറന്നുപോയി. ഒരു വശത്തേക്കു നീങ്ങി ആകാവുന്നിടത്തോളം എത്തിച്ചുനോക്കിയപ്പോള്‍, ഉതിര്‍ന്നുവീണു കൊണ്ടിരിക്കുന്ന മഞ്ഞിലൂടെ ചവിട്ടി, പിശാചിനികള്‍ തുറന്നുകിടക്കുന്ന കോട്ടയുടെ ജാലകത്തിലൂടെ പുകപോലെ അകത്തേക്കു കയറിപ്പോകുന്നതു കണ്ടു.
ക്രമേണയെന്നോണം അടരുകളായി വീണുകൊണ്ടിരിക്കുന്ന മഞ്ഞിന്റെ പുതപ്പിന് കനംവെച്ചു. തറ കവിഞ്ഞ് അതു മുകളിലേക്ക് വളരാന്‍ തുടങ്ങി.
''മാമാ, തണുക്കുന്നു.''

തണുപ്പില്‍ കുട്ടി വിറച്ചു. എന്തെങ്കിലും ചെയ്തില്ലെങ്കില്‍, കോട്ടക്കു മുന്നില്‍ നാളത്തെ പ്രഭാതം കാണാന്‍ പോകുന്നത് രണ്ടു ശവങ്ങളെയാണ്.
ചുറ്റും നടന്നുനോക്കിയപ്പോഴാണ് കെണി ശരിക്കും മനസ്സിലായത്. പിശാചിനികള്‍ കയറിപ്പോയ ജാലകങ്ങളൊഴിച്ചാല്‍ കോട്ടയിലേക്ക് കയറിപ്പറ്റാന്‍ തല്ക്കാലം മറ്റു വഴികളൊന്നുമില്ല. മുനമ്പില്‍ ഒരിഞ്ചുഭൂമി ബാക്കിവെക്കാതെ കിടങ്ങിനോട് ചേര്‍ന്നാണ് കോട്ടയുടെ ചുമര്‍. ഭൂമിയുടെ പിടിവലി വകവെക്കാതെ സമാന്തരമായി തൊണ്ണൂറ് ഡിഗ്രി ചെരിഞ്ഞ് യാത്രചെയ്യാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ആ വഴി തെരഞ്ഞെടുക്കാന്‍ പറ്റുകയുള്ളൂ.

ഒടുവില്‍, സൂക്ഷ്മപരിശോധനക്കുശേഷം ഞാന്‍ ഒരു വഴി കണ്ടുപിടിച്ചു. ചുവരിലൂടെ അതിന്റെ ചിമ്മിനിവരെ കയറിപ്പോകാവുന്ന ഒതുക്കുകല്ലുകള്‍ ചുമരില്‍ ഒട്ടിച്ചുവെച്ചിട്ടുണ്ട്. ഇതിലൂടെ പിടിച്ചുകയറിയാല്‍ ജാലകത്തിന് അഞ്ചടിയോളം ദൂരത്തിലെത്താം. അവിടെനിന്ന് എന്തുചെയ്യും? കയറുണ്ടായിരുന്നുവെങ്കില്‍ എളുപ്പമായേനെ. പിന്നൊരു വഴിയുള്ളത് കുഞ്ഞിനെ മുതുകില്‍ കെട്ടിയുറപ്പിച്ച് രണ്ടുംകല്പിച്ച് അവിടെനിന്നും ജാലകത്തിലേക്ക് ചാടുകയാണ്. കമ്പികളില്‍ പിടികിട്ടിയാല്‍ തൂങ്ങിക്കയറാം. ഇല്ലെങ്കില്‍ പ്രതലശൂന്യമായ വായുമേല്‍ കൈകാലടിച്ച്, വനഗഹ്വരങ്ങളുടെ താഴ്വാരത്തേക്ക് ഉണക്കിലപോലെ പാറിവീണു മരിക്കാം. മഞ്ഞില്‍ പുതഞ്ഞുമരിക്കുന്നതിലും ഭേദമാണല്ലൊ സാഹസികതയില്‍ ഒടുങ്ങുന്നത്. 
പുറംകുപ്പായം ഊരി, പിരിച്ച് കയറാക്കി കുഞ്ഞിനെ പിന്നില്‍ക്കെട്ടി ഞാന്‍ ആദ്യത്തെ ഒതുക്കുകല്ലില്‍ കാലമര്‍ത്തി, അത് കാലപ്പഴക്കത്തിന്റെ സ്വരം പുറപ്പെടുവിച്ചു. ചുമരിലല്ലാതെ മറ്റെവിടെയും പിടിക്കാനുണ്ടായിരുന്നില്ല. രണ്ടും കല്‍പ്പിച്ച് അടുത്ത കല്ലിലേക്ക് മാറി. അത് തെല്ലിളകി. അങ്ങനെ ആറു കല്ലുകള്‍ പിന്നിട്ടപ്പോഴേക്കും ഭൂമിയുടെ പിടിവലിയില്‍പ്പെടാതെ ഇളക്കമറ്റ് നീങ്ങാമെന്നായി. കല്ല് വിട്ട് വായുവിലൂടെ തെല്ലു നീന്തി ജാലകക്കമ്പിയില്‍ പിടിയിട്ടു. പ്രയാസം കൂടാതെ അകത്തുകയറിയപ്പോള്‍ അകത്തുനിന്നും പിശാചിനികള്‍ പരിഹാസത്തോടെയെന്നവണ്ണം ആര്‍ത്തുചിരിക്കുന്നത് കേള്‍ക്കായി. 

കോട്ടയുടെ അകത്തളങ്ങളിലെങ്ങും ഇരുട്ടായിരുന്നു. കുഞ്ഞിനെ കെട്ടഴിച്ച്, താഴെയിറക്കി ഞാന്‍ നടന്നു. കൈപിടിച്ച് അവന്‍ ചേര്‍ന്നുതന്നെയുണ്ടായിരുന്നു.
വാതില്‍ കടന്ന് എത്തിയത് മുകള്‍നിലയിലെ വരാന്തയിലായിരുന്നു. അതിനെ ചുറ്റി നാലുഭാഗങ്ങളിലും മുറികളായിരിക്കാം. അവ അടഞ്ഞ രൂപത്തിലുമാവാം. ഗോവണിപ്പടികള്‍ കണ്ടെത്തി, ഞങ്ങള്‍ താഴെ നിലയിലേക്കിറങ്ങി. അവിടെ ഉയര്‍ന്ന സിംഹാസനവും അതിനു മുന്നില്‍ ജലധാരയും കൊച്ചു പൂന്തോട്ടവും കണ്ടു. സിംഹാസനത്തില്‍ പൊടിപിടിച്ചിരുന്നില്ല. ഇപ്പോഴും ആരോ ഇരിക്കാറുള്ളതുപോലെ നേരിയ ചൂട്.

അതിനു മുന്നിലായി നൂറ്റാണ്ടുകളോളം കത്തിയിട്ടും തീരാത്തമട്ടില്‍ ഒരു കൂറ്റന്‍ മെഴുകുതിരി തൂണിനോളം വലിപ്പത്തില്‍ കുത്തി നിറുത്തിയിരുന്നു.
ഞാന്‍ സൂക്ഷിച്ചുനോക്കിയതുകൊണ്ടാണോ, ആവൊ, അത് തനിയെ കത്തി. 
അതിന്റെ വെളിച്ചത്തില്‍ ഞാന്‍ സിംഹാസനത്തില്‍ കയറിയിരുന്നു. പൊടുന്നനെ എനിക്കെന്തോ തോന്നി. അതെന്താണാവോ. അതോടെ ഈ വലിയ മധ്യകാല കോട്ട എനിക്ക് അപരിചിതമല്ലാതായി. ഉള്‍നാടന്‍ റെയില്‍വേ സ്റ്റേഷനില്‍ അന്നുച്ചക്ക് വണ്ടിയിറങ്ങിയത് ഞാനല്ല. മുനിഞ്ഞുകെട്ടി നില്‍ക്കുന്ന കൊച്ചുഗ്രാമങ്ങളേയും ചെറുമലകള്‍ക്കു മുകളിലായി ഉന്തിനില്‍ക്കുന്ന വിഷാദഭരിതമായ പള്ളികളേയും വനപാതയേയുമൊക്കെ പിന്നിട്ട് ഇവിടെയെത്തിയത് ഞാനല്ല. ഞാനിവിടെത്തന്നെയുണ്ടായിരുന്നു, ഉണ്ടായിരിക്കുകയും ചെയ്യും. ഞാന്‍ എവിടെനിന്നും വന്നവനല്ല. എന്നെ കാണാന്‍ എനിക്കു വരേണ്ടതില്ലല്ലൊ.
പൗര്‍ണ്ണമിയായിരിക്കണം, നിലാവങ്ങനെ തലയ്ക്കു മുകളില്‍ നിറഞ്ഞുനില്ക്കുന്നു. തലയ്ക്കു മുകളില്‍ മേല്‍ക്കൂരകളുടെ തടസ്സമില്ലാത്തവന്റെ കണ്ണുകള്‍കൊണ്ട് എല്ലാം എനിക്കു കാണാമെന്നായി.
ഞാന്‍ മനുഷ്യനെക്കാള്‍ ഉദാരനായി.
''കുഞ്ഞേ, ഞാന്‍ നിന്നെ രക്ഷിക്കാം.''
''എനിക്ക് അമ്മയെ കാണണം.''
അവന്‍ പറഞ്ഞു.
ദൂരെ ചുമരിനു മുകളില്‍ പിശാചിനികള്‍ പറക്കാന്‍ തുടങ്ങി.
''ഞങ്ങള്‍ക്കു താ,'' അവര്‍ നുണഞ്ഞുകൊണ്ട് ആവശ്യപ്പെട്ടു, ''ഞങ്ങള്‍ക്കിവനെ തിന്നണം.''
''പോ...''
ഞാന്‍ അലറിയെന്നു തോന്നുന്നു. അറിയാതെ എന്റെ നീണ്ടുകൂര്‍ത്ത ഉളിപ്പല്ലുകള്‍ പുറത്തുചാടി. സിംഹാസനത്തില്‍ കൈയടിച്ച് ഞാനൊന്നുകൂടി ശബ്ദമുണ്ടാക്കിയപ്പോള്‍ പിശാചിനികള്‍ തുണിയോടെ പറന്ന് കോട്ടയുടെ ഇരുട്ടില്‍ ഇല്ലാതായി. അവരുടെ നിലവിളികള്‍ക്ക് സമാന്തരമായി വവ്വാലുകളുടെ ചിറകടികള്‍ കടന്നുവന്നു.
കുഞ്ഞിനോട് കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു:
''ഓ, ചുമ്മാ...''
അവന് ആശ്വാസമായെന്നു തോന്നുന്നു.
''നമുക്കു കളിക്കാം?''
ഞാന്‍ ചോദിച്ചു.
''അമ്മയെ കാണണം.''
അവന്‍ പറഞ്ഞു.
ഞാന്‍ അവനെ ചേര്‍ത്തുപിടിച്ചു.
''ഈ രാത്രിയില്‍ പോയാല്‍ ചെന്നായ് പിടിച്ചുതിന്നും മോനേ, നമുക്ക് രാവിലെ പോകാം.''
അവന്‍ തെളിഞ്ഞില്ല. നാലുവയസ്സായെങ്കിലും അവനിപ്പോഴും അമ്മിഞ്ഞ കുടിക്കുന്നുണ്ടാവണം. അവനെ കളിപ്പിക്കാന്‍ ഞാന്‍ ചെന്നായെപ്പോലെ നാലുകാലില്‍ നടന്നുകാണിച്ചു. കരടിയെപ്പോലെ രണ്ടുകാലില്‍ നില്‍ക്കുന്ന വിദ്യ കാണിച്ചു. അവന് ചിരിവന്നു തുടങ്ങിയപ്പോള്‍ ഞാന്‍ മിമിക്രി തുടങ്ങി. മൊസാര്‍ട്ടിന്റെ സൊണാറ്റ ഞാന്‍ വായകൊണ്ട് പുനഃസൃഷ്ടിച്ചു. കോട്ടയുടെ ചുവരുകള്‍ സംഗീതം കേട്ട് തുടിക്കാന്‍ തുടങ്ങിയിട്ടുണ്ടാവണം. എന്റെ ദ്രുതഗതിയില്‍ തുടര്‍ച്ചയായി ചലിക്കുന്ന നാവ് വിവിധങ്ങളായ സ്ട്രിംഗിനെപ്പോലെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍, പുറമെ, ആകാശത്തിന്റെ പടിഞ്ഞാറെച്ചെരിവു നോക്കി വട്ടച്ചന്ദ്രന്‍ നൃത്തംവെച്ചു നീങ്ങുകയായിരുന്നു.

സൊണാറ്റയില്‍ അലിഞ്ഞതോടെ കുഞ്ഞിനേയും കോട്ടയേയും കവച്ചുകൊണ്ട് എന്റെ കാലുകള്‍ തറവിട്ടുയര്‍ന്നു. സംഗീതത്തിന് ചിറകുകളുണ്ടെന്നത് വെറുതെ പറയുന്നതല്ല. കരിങ്കല്‍ച്ചുമരുകളെല്ലാം, മേല്‍ത്തട്ടിനേയും ഉരുമ്മിക്കൊണ്ട് പറന്നുനീങ്ങുന്ന ഞാന്‍ ഭൂമിയുടെ പിടിവിട്ട അകലത്തിലെത്തിക്കഴിഞ്ഞിരുന്നു. സര്‍ക്കസ് കണ്ടതുപോലെ കുഞ്ഞ് കൈകൊട്ടിച്ചിരിച്ചു. ഒരു ദൂരങ്ങളിലേക്കുമല്ലാത്ത യാത്രയില്‍ എന്നെ കയറ്റിവിട്ട സംഗീതം നയിച്ച വഴികളിലൂടെ, മുറികളില്‍നിന്നു മുറികളിലേക്ക്, ഇടനാഴികളില്‍നിന്ന് ഇടനാഴികളിലേക്ക് ഞാന്‍ പറന്നുനീങ്ങി. തറയിലൂടെ പിന്‍പറ്റിക്കൊണ്ട് കുഞ്ഞും. കോട്ടയിലെ മാനംനോക്കിക്കിടക്കുന്ന പൂന്തോട്ടത്തിലെത്തിയപ്പോള്‍ ഞാന്‍ അവനേയും എടുത്ത് മേലോട്ടുയര്‍ന്നു. കോട്ടയുടെ മൂന്ന് അഗ്രങ്ങള്‍ക്കും മുകളിലേയ്ക്ക് പറന്നു ഞങ്ങള്‍ താരം മറഞ്ഞുനില്‍ക്കുന്ന ചാന്ദ്രാകാശത്തെത്തി.
''നോക്കൂ, കോട്ട.''
ഞാന്‍ താഴോട്ടു വിരല്‍ചൂണ്ടി.
''ഹായ്!''
കുഞ്ഞു പറഞ്ഞു.
കമ്പളം വിരിച്ച തറയും വാള്‍പേപ്പള്‍ ഒട്ടിച്ചതിനോട് കിടപിടിക്കുംവിധം മിനുക്കി, ചിത്രമെഴുതിയ ചുമരുകളുമുള്ള അലങ്കരിക്കപ്പെട്ട ഒരു മുറിയിലേക്ക് ഞങ്ങള്‍ ഒഴുകിയിറങ്ങി. വില കൂടിയ തന്റെ സഹകാരികളെ പ്രഭു സ്വീകരിച്ചിരുന്ന മുറിയായിരിക്കാം അത്. എങ്കിലും എല്ലാ പളപളപ്പിനിടയിലും നിരാശയുടെ ഒരുതുള്ളിപോലെ തോന്നിച്ചു അവിടം. വിഷാദം പടര്‍ന്ന സോഫകള്‍ ഏതൊരു സന്ദര്‍ശകനേയും കരയിക്കുകയേ ഉള്ളൂ. ചുമരുകളില്‍ പലവിധ രാജാക്കന്‍മാരുടേയും മാടമ്പിമാരുടേയും മറ്റും ഛായാചിത്രങ്ങള്‍. ഓട്ടോമെന്‍ സാമ്രാജ്യത്വവുമായി പ്രതിരോധിച്ചുനിന്നിരുന്ന അവരില്‍ പലര്‍ക്കും തലയറ്റ ഉടല്‍കൊണ്ട് മണ്ണിനടിയിലേക്ക് പോകേണ്ടിവന്നതിന്റെ ചരിത്രം ഹ്രസ്വമായി അതിനു താഴെ പ്രസ്താവിച്ചിരുന്നു. മുറിയുടെ മധ്യഭാഗത്തായി പ്രത്യേകതയോടെ പരിപാലിക്കപ്പെട്ട വ്ളാഡ് എന്നു പേരെഴുതിയ രാജാവിന്റെ ചിത്രം കണ്ടതോടെ സംഗീതത്തിന്റെ കാറ്റുപോയി.
അത് ഞാനായിരുന്നു!

പ്രഭു ആരായാലും അതെനിക്കൊരു പ്രശ്‌നമല്ല. എന്നാല്‍, ഞാന്‍ ആരാണെന്നത് എന്നെ ബലിയാക്കി. തൊട്ടടുത്തുള്ള മുറിതുറന്നപ്പോള്‍ താഴേയ്ക്കിറങ്ങിപ്പോകുന്ന കല്പടവുകള്‍ കണ്ടു. 
ഇറങ്ങിയെത്തിയത് സാമാന്യം വലിയൊരു കുളിത്തൊട്ടിയുടെ മുന്നിലായിരുന്നു. പക്ഷേ, അതൊരു ശവക്കല്ലറപോലെ തോന്നിക്കുകയും ചെയ്തു. തൊട്ടി കല്ലുകൊണ്ടുള്ളതായിരുന്നു. വലിയൊരു കല്പലകകൊണ്ട് അത് മൂടിയിരുന്നു. ഒരുവശം മാത്രം ആരോ ബലമായി തള്ളിനീക്കിയതുപോലെ തുറന്നുകിടന്നു. തലയിട്ട് നോക്കിയപ്പോള്‍ അത് ശവക്കല്ലറയാണെന്നു മനസ്സിലായി. ശവം മാത്രമില്ല. ബാക്കിയെല്ലാം യഥാസ്ഥാനത്തുണ്ട്. അടിയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നത് കണ്ടു:
''വ്ളാഡ്-II എന്ന ഡ്രാക്കുള. പിശാചിന്റെ കുട്ടി. മരണമില്ലാത്തവന്‍. കറുത്ത മാന്ത്രികതയാല്‍ എന്നും നില്പവന്‍. ഇവന്റെ മണ്ണുതൊടുന്നിടം ഇവന്റേത്. കുടിക്കാനിഷ്ടം ചോര. പകല്‍നിദ്ര. രാവില്‍ യാത്രയല്ലാത്ത യാത്ര...''
അര്‍ദ്ധരാത്രിയുടെ അങ്ങേപ്പകുതിയിലേക്ക് ചന്ദ്രന്‍ കാലുവെക്കാന്‍ ഇനിയില്ല ഏറെ നേരം.
എല്ലാം തെളിമയോടെ മനസ്സിലാവുന്നു.
പൈശാചികതയിലേക്ക് വിഷാദം കയറിവരുന്ന ഒരുനാള്‍ നിശ്ചയമായും നിയതി കാത്തുവെച്ചിരിക്കണം. ഓരോ പിശാചും ഇത് ഓരോ കാലത്തായി നിശ്ചമായും നേരിട്ടിരിക്കണം. പൈശാചികതയുടെ അധിവര്‍ഷങ്ങള്‍ വിഷാദത്തിന്റേതാകാം, പ്രഹര്‍ഷത്തിന്റേതാകാം. എന്നാല്‍ അന്ന് ഒരു തുള്ളി ചോരപോലും അതിന്റെ ഭാഗമായി ഭൂമിയില്‍ പതിക്കുകയില്ല. ആദ്യ സൂര്യരശ്മി പതിക്കും മുന്‍പ് മഹാകാലത്തിന്റെ നിശ്ചല നിശ്ശബ്ദതയിലേക്ക് ഉറങ്ങിപ്പോകുന്നതോടെ, പിന്നീടുണരുന്ന രാത്രികളില്‍ വിസ്മരിച്ചുപോകുന്ന ഓര്‍മ്മയായി ഈ അധിദിവസങ്ങള്‍ അമര്‍ന്നുപോയേക്കാം. ഒരടയാളവും ബാക്കിവെക്കാതെ. 
എങ്കിലും...
കുഞ്ഞിനേയുമെടുത്ത് ഞാന്‍ കോട്ടയില്‍നിന്ന് പൊങ്ങിപ്പറന്നു. പടിഞ്ഞാറെ ചെരിവിലേക്ക് പുഞ്ചിരിച്ചുകൊണ്ട് മേഞ്ഞുപോകുന്ന ചന്ദ്രനെ കണ്ടു. കിഴക്ക് ആരും കാണാത്ത ആദ്യവെളിച്ചമായി അരുണരശ്മി വന്നുവീഴാന്‍ ഏറെയില്ല നേരം.
ആകാശത്തൂടെ പറന്നു കുഞ്ഞിന്റെ ഗ്രാമത്തിലെത്തി. അവിടെ എല്ലാ വീടുകളും ഇരുളിലാണ്ടുകിടന്നപ്പോഴും അവന്റെ വീട്ടില്‍ വെളിച്ചവും ആളുമുണ്ടായിരുന്നു. പിശാചു കൊണ്ടുപോയ കുഞ്ഞിന്റെ കുഞ്ഞാത്മാവിന് മരണാനന്തരം കിട്ടേണ്ട ശുശ്രൂഷകള്‍ക്കായി പള്ളിയും പട്ടക്കാരും ഗ്രാമം മുഴുവനും അവിടെ തടിച്ചുകൂടി നിന്നിരുന്നു. കുഞ്ഞിന്റെ അമ്മ ബോധമില്ലാതെ കിടക്കുന്നു. അപ്പനും മൂത്ത കുട്ടികളും തുണയ്ക്കിരിക്കുന്നു. ഇല്ലാത്ത ശവത്തെ സങ്കല്പിച്ച് നടന്ന മരണത്തിന് ശുശ്രൂഷ.
ഞാന്‍ കുഞ്ഞിനെ വീട്ടുപടിക്കല്‍ ഇറക്കിക്കൊടുത്തു.
''മാമാ, പറക്കുന്ന മാമാ, ടാറ്റാ. ബൈ.''
ഞാന്‍ കൈവീശി. പുഞ്ചിരിച്ചാല്‍ കോമ്പല്ല് പുറത്തുചാടുമെന്നതുകൊണ്ട് അതു ചെയ്തില്ല. ആകാശസവാരിയുടെ പ്രഹര്‍ഷവുമായി മൊസാര്‍ട്ടിന്റെ സൊണാറ്റയും മൂളിക്കൊണ്ട് കുഞ്ഞ് വീട്ടിലേക്കു നടന്നു. മുറ്റത്തുനിന്നുതന്നെ അവന്‍ അകത്തേക്കു വിളിച്ചു. 
''മമ്മാ...''
ഞാനാണെങ്കില്‍ വല്ലവിധേനയും സ്വന്തം ഉടല്‍ തൂക്കിയെടുത്തു പറന്ന്, കോട്ടയ്ക്കകത്തെ കല്ലറയിലെ കല്പ്പെട്ടിക്കകത്തേക്ക് നൂണുകയറി.
സൂര്യന്റെ ആദ്യ രശ്മി മെല്ലെ പുറത്തുവന്നു. 
വരുംരാത്രികളില്‍ ഉരുവംകൊള്ളാനായി വിസ്മൃതിയിലേക്ക് ധൂളിയാവും മുന്‍പ് സ്വന്തം ശവപ്പെട്ടിമേല്‍ സ്‌നേഹത്തിന്റെ അധിദിനസ്മരണക്കായി ഒരിറ്റുകണ്ണീര്‍ക്കണം പൊഴിച്ചിടാന്‍ എനിക്കു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com