യാങ്ബാ: യമ എഴുതിയ കഥ 

ട്രെയിനിന്റെ കൂക്കുവിളി തലയ്ക്കുമീതെ കടന്നുപോയതും അനിത ഞെട്ടിയുണര്‍ന്നു.
യാങ്ബാ: യമ എഴുതിയ കഥ 

ട്രെയിനിന്റെ കൂക്കുവിളി തലയ്ക്കുമീതെ കടന്നുപോയതും അനിത ഞെട്ടിയുണര്‍ന്നു. അവള്‍ കണ്ണുതുറന്നപ്പോള്‍ സുതാര്യമായ കറുത്ത തുണിയിലൂടെ നോക്കിയാലെന്നപോലെ മുറി മങ്ങിക്കിടന്നു. ട്രെയിനിന്റെ ഇരുമ്പ് ചിതറുന്ന ഒച്ചയില്‍നിന്നും അടര്‍ന്നു തെറിച്ച ഒരു തല അപ്പോഴും അവള്‍ ഇരുട്ടത്ത് പരതി. ഒരു ഹാളിനു സമമായ ആ മുറിയില്‍ ചുവരിനോട് ചേര്‍ന്ന് പലയിടത്തായി നീല മിന്നാമിനുങ്ങുകള്‍പോലെ എല്‍.ഇ.ഡികള്‍ തിളങ്ങിനിന്നു. ആ മുറിയില്‍ അവളുടെ കൂടെ താമസിക്കുന്ന പെണ്ണുങ്ങള്‍ ചാര്‍ജ് ചെയ്യാനായി ഫോണുകള്‍ കുത്തിയിട്ടിരിക്കുകയാണ്. ഇലക്ട്രിക് നീലയില്‍ തിളങ്ങിയ ഇരുട്ടില്‍ മറ്റു കിടക്കകളില്‍ കിടന്നിരുന്ന ശരീരങ്ങള്‍ ശവങ്ങളെപ്പോലെ അനങ്ങാതെ കിടക്കുന്നു. ഡോര്‍മെറ്ററി ഇപ്പോള്‍ ഒരു മോര്‍ച്ചറി പോലെ തോന്നിച്ചു. സ്വപ്‌നലോകത്തുനിന്നും വിടുതല്‍ കാത്തുകിടക്കുന്ന ശവങ്ങളാണ് ചുറ്റും. മുറിയില്‍ പലയിടത്തായി ചുഴറ്റിത്തിരിയുന്ന ഫാനുകളുടെ ഒച്ചയ്ക്ക് കീഴെ ഉറക്കത്തിലേക്കു കൂപ്പുകുത്തിയ ശരീരങ്ങളെ നോക്കിക്കൊണ്ട് അനിത കിടക്കയില്‍ത്തന്നെയിരുന്നു. ഏതോ വിദേശ സിനിമയില്‍ മുന്‍പ് കണ്ടിട്ടുള്ളതുപോലെ അവരുടെ ഉറക്കങ്ങളില്‍നിന്നും തിളങ്ങുന്ന രോമങ്ങളും തൂവലുകളും ഉള്ള പക്ഷികളും ജന്തുക്കളും ഇറങ്ങിവരുമെന്നും നിശ്ശബ്ദമായി കിടക്കകള്‍ക്കിടയിലൂടെ ഉലാത്തുമെന്നും അവള്‍ കരുതി. വലതുഭാഗത്തുള്ള മൂലയിലെ പ്ലഗ് പോയിന്റില്‍ കുത്തിയിട്ട ഫോണ്‍ കണ്ണ് തുറന്നു.

അതിന്റെ സ്‌ക്രീനിലെ വെള്ളിവെളിച്ചം കൊണ്ട് മുറി പ്രകാശഭരിതമായി. പാതിരാത്രിക്ക് ആരാവും ആ പെണ്ണിനെ വിളിക്കുന്നത്? കാമുകനാവും. അല്ലെങ്കില്‍ അവളുടെ നമ്പര്‍ കയ്യില്‍പ്പെട്ട ഏതോ ഞരമ്പുരോഗി. തന്റെ ലിംഗത്തില്‍ അമര്‍ത്തിത്തടവിക്കൊണ്ടു ഫോണ്‍ റിംഗ് ചെയ്യുന്നതും ശ്രദ്ധിച്ച് അങ്ങേത്തലയ്ക്കലെ ഇരുട്ടില്‍ കിടക്കുന്നുണ്ടാവും. അയാളുടെ നിശ്വാസങ്ങളുടെ ഘനം പേറിയാണ് ആ ഫോണ്‍ തുള്ളുന്നത്. അതോ ആരെങ്കിലും ബന്ധുവിന്റെ മരണവാര്‍ത്ത അറിയിക്കാന്‍ വിളിക്കുന്നതാവുമോ? അനിത നോക്കിയിരിക്കെ ഫോണ്‍സ്‌ക്രീന്‍ കുറച്ചു നേരംകൂടി അമര്‍ത്തിച്ചിരിക്കുന്നതുപോലെ  തിളങ്ങി; പിന്നെ കെട്ടു. 

അനിത ഇരുട്ടത്തെണീറ്റ് ആ മുറിയുടെ തലങ്ങും വിലങ്ങും നടന്നു. എല്ലാവരും തലയിലൂടെ പുതപ്പു മൂടി മുഴുഉറക്കത്തിലാണ്. അവള്‍ തലയിണക്കീഴില്‍നിന്നും ടോര്‍ച്ചെടുത്ത് പവര്‍ ബട്ടണ്‍ ഓണ്‍ ചെയ്ത് നാലുപാടും പതിയെ ചുഴറ്റി. ഒരു സെര്‍ച്ച് ലൈറ്റ് പോലെ എന്തിനെയെന്നൊക്കെയറിയാതെ കയ്യില്‍ കിട്ടിയതിനെയൊക്കെ മുന്‍വിധികളില്ലാതെ വെളിപ്പെടുത്തി. വീടുടമസ്ഥന്‍ ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന യേശുവിന്റേയും ഗണപതിയുടേയും മെക്കയിലെ കബ്ബായുടേയും ദൃശ്യങ്ങള്‍ ഒരുമിച്ചു കാണിച്ചിരിക്കുന്ന ചുവര്‍ച്ചിത്രത്തില്‍ പലപ്പോഴായി പ്രകാശം ചെന്ന് തട്ടി. യേശുവിന്റെ നെഞ്ചിനു നടുക്ക് മുള്ളുകൊണ്ട്  തടവിലാക്കപ്പെട്ട ഹൃദയം അപ്പോഴെല്ലാം ചുവന്നുതിളങ്ങി. പകലത്ത് ചിലപ്പോഴൊക്കെ അതിലെ യേശു ഒരു തടവുകാരനെപ്പോലെ ഏഴെട്ടു പെണ്ണുങ്ങളുടെ ഇടയില്‍ വിമ്മിഷ്ടപ്പെട്ടിരിക്കാറുണ്ട്. തുണിയുടുക്കാതെ പെണ്ണുങ്ങള്‍ മുറിക്കുള്ളില്‍ നടക്കുമ്പോള്‍ ആ ചിത്രം അവിടെക്കൊണ്ടു വച്ചതിന്റെ ഔചിത്യാനൗചിത്യത്തെക്കുറിച്ചോര്‍ത്ത് അവള്‍ക്കു ചിരി വരാറുണ്ട്. മതനിരപേക്ഷമായ ഒരിടം എന്നു സൂചിപ്പിക്കാന്‍ ഉടമസ്ഥന്‍ ചെയ്ത കുറുക്കുവഴിയാണ്. ബിസിനസ്സില്‍ എന്ത് വര്‍ഗ്ഗീയത? 
ചിത്രങ്ങള്‍ക്ക് ശബ്ദമുണ്ടാക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ രാത്രി തങ്ങള്‍ ഉറങ്ങുമ്പോള്‍ മുള്‍ക്കിരീടം ചൂടിയ യേശുവിന്റെ തേങ്ങുന്ന സ്വരം ചിലപ്പോള്‍ കേള്‍ക്കാന്‍ കഴിഞ്ഞേനെ. കബ്ബയിലെ ഇരമ്പുന്ന ജനക്കൂട്ടത്തിന്റെ ശബ്ദം കൊണ്ട് മുറി നിന്ന് വിങ്ങിപ്പൊട്ടിയേനെ! അതുപോലെ തന്നെ നഗരങ്ങളിലെ ഫ്‌ലക്‌സ് ബോര്‍ഡുകളില്‍നിന്നും സിനിമാ പോസ്റ്ററുകളില്‍നിന്നും ചുവര്‍ച്ചിത്രങ്ങളില്‍നിന്നും ഒക്കെ ശബ്ദങ്ങള്‍ പുറപ്പെട്ടുകൊണ്ടിരിക്കുമായിരുന്നു. ഭിത്തികള്‍ക്ക് തുറന്ന വായ പിടിപ്പിച്ചതുപോലെയാവും അത്. ഭാഗ്യം! മനുഷ്യര്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ സംസാരിക്കാത്തത്. അല്ലെങ്കില്‍ അവയെ ശബ്ദിക്കാന്‍ മനുഷ്യര്‍ അനുവദിക്കാത്തത്! ചലച്ചിത്രങ്ങളും വീഡിയോകളും കൊണ്ടുതന്നെ പൊറുതിയില്ല. ഛായാചിത്രങ്ങള്‍ കൂടി സംസാരിച്ചിരുന്നുവെങ്കില്‍ രഹസ്യങ്ങളില്ലാത്ത ജീവിവര്‍ഗ്ഗമായേനെ നമ്മള്‍. ഒക്കെയും അതൊക്കെ വിളിച്ചുകൂവിയേനെ! രഹസ്യങ്ങള്‍കൂടി കൂട്ടില്ലെങ്കില്‍ പിന്നെന്തിനു ജീവിക്കുന്നു? ചിത്രത്തിലെ ഗണപതിയുടെ ശബ്ദം എന്തായിരിക്കും എന്നൂഹിക്കാന്‍ കൂടി അവള്‍ക്കു കഴിഞ്ഞില്ല. ഡബ് ചെയ്തു വരുന്ന പുരാണ ഹിന്ദി സീരിയലിലെ മനുഷ്യശബ്ദം ഗണപതിക്ക് എങ്ങനെ ചേരും! ആനത്തലയില്‍നിന്നും മനുഷ്യശബ്ദം ഉണ്ടാകുമോ? ദൈവത്തിന്റെ സ്വരം എന്തായിരിക്കും എന്നതിനെക്കുറിച്ച് പലപ്പോഴും അവള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ട്. എന്തായാലും ജന്തുക്കളുടെ ഭാഷ അതിജീവനത്തിനുള്ള ഉപാധി മാത്രമാണ്. അതില്‍ ദൈവത്തിനെന്തു കാര്യം? 
ഈ നഗരത്തില്‍ ഈ കടുത്ത ചൂടില്‍ ഇപ്പോള്‍ മനുഷ്യര്‍ എവിടെയൊക്കെ കിടന്നുറങ്ങുന്നുണ്ടാവും? അതില്‍ ഉറക്കം കിട്ടിയവരെത്ര? അല്ലാത്തവരെത്ര? വിയര്‍ത്തൊലിക്കുന്നവരെത്ര? അല്ലാത്തവരെത്ര? എ.സിയില്‍ കിടക്കുന്നവരെത്ര? ഫാനിനടിയില്‍ കിടക്കുന്നവരെത്ര? വീടുള്ളവരെത്ര? കടത്തിണ്ണയില്‍ കിടക്കുന്നവരെത്ര? 

'സെന്‍സസ് ഉറക്കത്തിന്റെ അടിസ്ഥാനത്തിലും എടുക്കാം.' അനിത പതിയെ പറഞ്ഞത് അവര്‍ക്കു കൂടി കേള്‍ക്കാനായില്ല. മൂടിപ്പുതച്ചു കിടക്കുന്ന പെണ്‍കുട്ടികള്‍ക്ക് മീതെ ഡിം മോഡിലിട്ട ടോര്‍ച്ചുവെട്ടം പതിയെ വലിച്ചുനീക്കി അനിത ഇരുട്ടിലൂടെ നടന്നു.
'എനിക്ക് നിങ്ങളുടെ സ്വപ്‌നങ്ങള്‍ വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍! പകലത്ത് എന്റെ മുഖത്ത് കൂടി നോക്കാന്‍ താല്പര്യമില്ലാത്തവരാണ് നിങ്ങളില്‍ പലരും. നിങ്ങളുടെ സ്വപ്‌നങ്ങളില്‍ എനിക്ക് പ്രവേശനം ഉണ്ടായിരുന്നെങ്കില്‍!' അവളുടെ സ്വരം ഇപ്പോള്‍ വായില്‍നിന്നും അടര്‍ന്ന് കാതിന്റെ ചോണയില്‍ തട്ടി തെറിച്ചു ദൂരേക്ക് വീണു. 

ഒരുപക്ഷേ, പകല്‍വെട്ടത്ത് മറ്റുള്ളവരില്‍ എന്തെങ്കിലും താല്പര്യം ജനിപ്പിക്കാന്‍ കഴിയാത്തവളാണ് ഞാന്‍. വെറുതെ ചുറ്റുമുള്ളവരെ എന്തിനു കുറ്റക്കാരാക്കുന്നു! സ്‌കൂളില്‍ പഠിക്കുമ്പോഴും മറ്റുള്ള പെണ്‍കുട്ടികളോട് കാണിക്കുന്ന വാത്സല്യം ഒരിക്കലും അധ്യാപകര്‍ അവളോട് കാണിച്ചില്ല. വീട്ടില്‍ വാശിയെന്തെങ്കിലും കാണിച്ചാല്‍ 'എന്ത് കണ്ടിട്ടാണോ ഇങ്ങനെ കെടന്നു തുള്ളുന്നതു്' എന്ന് അമ്മ പറയാറുണ്ടായിരുന്നു. മുതിര്‍ന്നു കഴിയുമ്പോള്‍ താന്‍ അനുഭവിക്കാന്‍ പോകുന്ന ഒറ്റപ്പെടലിനെക്കുറിച്ച് കുട്ടിക്കാലം മുതല്‍ക്കു തന്നെ മുതിര്‍ന്നവര്‍ സൂചനകള്‍ തന്നുകൊണ്ടിരുന്നു. മുതിര്‍ന്നപ്പോള്‍ എതിരെ വഴിയിലൂടെ നടക്കുന്ന ചെറുപ്പക്കാര്‍, ആണും പെണ്ണും, അവളുടെ കണ്ണുകളെ കണ്ടില്ലെന്നു നടിച്ചു. അകന്നുപോകുന്ന ലക്ഷ്യങ്ങളിലേയ്ക്ക് കണ്ണുകള്‍ പ്രതീക്ഷയുടെ അമ്പുകള്‍ എയ്തുകൊണ്ടിരുന്നു. ഈ ശരീരം പോലെത്തന്നെ ശുഷ്‌കമായൊരു ബുദ്ധിയും മനസ്സും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് അവള്‍ ആശിച്ചുപോയിട്ടുണ്ട്. സ്വന്തം ചിന്തകളെ താങ്ങാന്‍ കെല്പില്ലാത്ത ചുരുങ്ങിയ പുറന്തോടും പേറിയുള്ള നടപ്പ് പോലെ മറ്റെന്തു ഭാഗ്യക്കേടുണ്ട്. അതിനിഗൂഢമായി ലോകത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും താന്‍ ചിന്തിക്കാറുണ്ടെന്നു ഒരുപക്ഷേ, ആളുകള്‍ക്ക് തന്നെ കണ്ടാല്‍ തോന്നുന്നുണ്ടാവില്ല. അഴകും ആരോഗ്യവും ഉള്ള പെണ്ണുങ്ങളുടെ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും മാത്രമേ കനമുള്ളൂ എന്ന് ലോകം നിശ്ചയിച്ചിട്ടുണ്ടാവും. അല്ലെങ്കില്‍ത്തന്നെ ആണുങ്ങള്‍ വാഴുന്നിടത്ത് അവരെ ഉത്തേജിപ്പിക്കാത്ത ഒരു പെണ്ണിന്റെ ചിന്തകള്‍ക്ക് വില എന്തിരിക്കുന്നു! കൊഴുപ്പും മുഴുപ്പുമുള്ള സ്ത്രീകളെ അടുത്ത് കാണുമ്പോള്‍ അവള്‍ക്കു തന്നോട് തന്നെ അമര്‍ഷം തോന്നാറുണ്ട്. ഓഫീസില്‍ ആവശ്യങ്ങള്‍ക്കായെത്തുന്ന സ്ത്രീകളോട് വിചാരിച്ചാല്‍ത്തന്നെ അവള്‍ക്കു സ്‌നേഹത്തോടെ പെരുമാറാന്‍ കഴിയാറില്ല.
വൈകുന്നേരങ്ങളില്‍ കുളിമുറിയില്‍ ഷവറിനു കീഴെ നിന്ന് കുളിക്കുമ്പോള്‍ താന്‍ സ്‌നേഹശൂന്യമായി പെരുമാറിയ സ്ത്രീകളുടെ മുഖഭാവങ്ങള്‍ അവള്‍ ഓര്‍ത്തെടുക്കാറുണ്ട്. 

'താന്‍... ഞാന്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടോ?' ആരെങ്കിലുമൊക്കെ ഒന്നിലധികം തവണ ഇങ്ങനെ അവളോട് സഹികെട്ടു ഓഫിസില്‍ വച്ച് ചോദിച്ചിട്ടുണ്ട്. പുരികം വളച്ച് അവരുടെ അന്വേഷണം എത്രയും തുച്ഛമാണ് എന്ന് സമര്‍ത്ഥിക്കാന്‍ അവള്‍ ആവതു ശ്രദ്ധിക്കും. അങ്ങനെ ക്രൂരയാകാന്‍ തനിക്കു മനസ്സുണ്ടായിട്ടില്ല. താനെന്തിനു അങ്ങനെ പെരുമാറി എന്നതിന് അവള്‍ക്കു തന്നെ ഉത്തരം കണ്ടെത്താന്‍ കഴിയാറില്ല. അതേസമയം പുരുഷന്മാര്‍ തന്നോട് എത്ര അശ്രദ്ധമായി പെരുമാറുന്നു എന്നാലോചിക്കുമ്പോള്‍ അവള്‍ക്ക് സ്ത്രീകളോട് അങ്ങനെ പെരുമാറുന്നതില്‍ വിഷമം തോന്നാറുണ്ട്.

വീട്ടിലെ മോശമായ സാമ്പത്തികാന്തരീക്ഷത്തിലും വാങ്ങിക്കഴിച്ച ആയുര്‍വ്വേദ ലേഹ്യങ്ങളുടെ കണക്കു നോക്കിയാല്‍ രണ്ടു പവന്‍ പൊന്നിന്റെ കാശെങ്കിലും ചെലവായിക്കാണും എന്ന് കലിപിടിച്ചിരിക്കുന്ന നേരങ്ങളിലെങ്കിലും അമ്മ മുറുമുറുത്തു പോകാറുണ്ട്. പാവം, അവര്‍ക്കു സങ്കടം കാണുമായിരിക്കും തന്റെ കാര്യമോര്‍ത്ത്. ഇളയതിന്റെ ഒക്കെ കല്യാണം കഴിഞ്ഞിട്ടും താനിങ്ങനെ നടക്കുവല്ലേ? അവള്‍ കഴിഞ്ഞ തവണ വീട്ടില്‍ പോയപ്പോള്‍ മാട്രിമോണിയല്‍ പരസ്യത്തില്‍ ഏതു ജാതിയായാലും പരിഗണിക്കും എന്ന് എഴുതിച്ചേര്‍ക്കാന്‍ മാമനോട് അച്ഛന്‍ പറയുന്നത് കേട്ടു. സൗന്ദര്യവും കാശും ഇല്ലാത്തവള്‍ക്കു ആരായാലും മതി എന്ന നിലയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് വീട്ടുകാര്‍. കാശെങ്കിലും കുറേ ഉണ്ടായിരുന്നെങ്കില്‍ ജാതി വിട്ടുള്ള കളിക്കൊന്നും വീട്ടുകാര്‍ പോവില്ല എന്നവള്‍ക്കറിയാം. തന്നെപ്പോലത്തെ ഒരെണ്ണത്തെ മറ്റു ജാതിയിലുള്ള ഒരുത്തന്‍ ഏറ്റെടുക്കും എന്ന് അവര്‍ എങ്ങനെ കരുതുന്നു എന്ന് ചോദിക്കാന്‍ തോന്നും ചിലപ്പോള്‍. കല്യാണം കഴിച്ചില്ലെങ്കില്‍ ഞാന്‍ ചത്തുപോകാനൊന്നും പോകുന്നില്ല എന്ന് അച്ഛനോട് പറയണം എന്നവള്‍ പലതവണ കരുതിയതാണ്. എന്തൊരു അപമാനമാണിത്? ഓരോരുത്തന്മാരുടെ മുന്നില്‍പ്പോയി കെട്ടിയൊരുങ്ങി നിന്ന് അവരുടെ തിരസ്‌കാരം ഏറ്റുവാങ്ങുന്നത്! കോട്ടണ്‍ സാരി എത്ര സ്റ്റാര്‍ച്ചിട്ട് ഉടുത്താലും, മുന്നും പിന്നും തള്ളിക്കാണിച്ചാലും എന്നെങ്കിലും ഒരുത്തന്‍ തുണി പറിച്ച് നോക്കുമ്പോള്‍ എല്ലിന്മേല്‍ തൊലി ചുറ്റിയ ഒരു ശരീരം കാണേണ്ടി വരുമെന്ന് അമ്മയ്ക്ക് എന്താണ് ബോധമില്ലാത്തത്? ഒറ്റയടിക്കു വീട്ടുകാരെയെല്ലാം കൊന്നുകളഞ്ഞാലോ എന്ന് സങ്കടം തികട്ടുമ്പോള്‍ അവള്‍ അരിശപ്പെടാറുണ്ട്. 

അനിത ചുരിദാറിനടിയിലൂടെ ടോര്‍ച്ചു കടത്തി പ്രകാശം തെളിയിച്ചു. മുഷിഞ്ഞ ബ്രായ്ക്കുള്ളില്‍ പൊന്തിത്താഴുന്ന ഒരു എല്ലിന്‍കൂട്. പെണ്ണുങ്ങള്‍ എല്ലാം ബ്രാ ഇടുന്നതുകൊണ്ട് താനും ഇടുന്നു. ആ     മുറിയിലെ പല പെണ്‍കുട്ടികളും ബ്രായും അടിവസ്ത്രവും ഇട്ടു മുറിയില്‍ അലക്ഷ്യമായി ഉലാത്താറുണ്ട്. പലപ്പോഴും അഴിച്ചു മാറ്റുന്ന ബ്രായ്ക്ക് വശങ്ങളില്‍ കനത്ത മാംസം തുള്ളി വീഴുന്നത് കാണുമ്പോള്‍ അങ്ങനെ ഒരു ദൃശ്യത്തിന്റെ സാധ്യതയെത്തന്നെ തള്ളിക്കളഞ്ഞുകൊണ്ടു അവള്‍ മുഖം തിരിക്കും. ഉള്ളില്‍ പരശ്ശതം കൊക്കപ്പുഴുവിനേം കൊണ്ടാണ് താന്‍ ജനിച്ചതെന്ന് അവള്‍ക്കു തോന്നാറുണ്ട്. തിന്നതൊക്കെ എവിടേയ്ക്ക് പോകുന്നു! 32 വയസ്സുള്ള തനിക്ക് ഒരു പത്താം ക്ലാസ്സുകാരിയുടെ വളര്‍ച്ചപോലുമില്ല. 

വസ്ത്രത്തിനടിയില്‍നിന്നും ടോര്‍ച്ച് പുറത്തേയ്‌ക്കെടുത്ത് ബെഡിലിരുന്ന് അനിത ചുറ്റും വെളിച്ചം പാളിച്ചു. രണ്ടുമൂന്നു തവണ ചുഴറ്റിയപ്പോഴാണ് അവള്‍ ഒരു കാര്യം ശ്രദ്ധിച്ചത്; അവളിരിക്കുന്നതിനു ഇടതുവശത്തുള്ള തുറന്ന ജനാലയിലൂടെ ഒരു വെളിച്ചം വട്ടത്തില്‍ മുറിയിലേക്ക് കടന്നുനില്‍ക്കുന്നു. നേരത്തെ പാളിച്ച ടോര്‍ച്ചു വെട്ടത്തില്‍നിന്നും കുറച്ചെടുത്ത് അവിടെ ഒട്ടിച്ചുവച്ചതുപോലെ. പക്ഷേ, ആ പ്രകാശം പുറത്തുനിന്നും വരുന്നതാണെന്ന് മനസ്സിലാക്കാന്‍ അവള്‍ക്കു നിമിഷങ്ങള്‍ അധികം എടുത്തില്ല. അവള്‍ പൊടുന്നനെ കയ്യിലെ ടോര്‍ച്ചു വെട്ടം കെടുത്തിക്കളഞ്ഞു. ഫാനിന്റെ മുഴക്കത്തില്‍ ചൂട് തങ്ങി നിന്ന മുറിയിലിരുന്ന് അവള്‍ പേടിച്ച് വിയര്‍ത്തു. ആരായിരിക്കും അത്! താഴെ നിന്ന് കെട്ടിടത്തിന്റെ ഉടമസ്ഥന്‍ മുകളിലേക്ക് ടോര്‍ച്ചടിക്കുന്നതാവുമോ? ചിലപ്പോള്‍ സ്ഥിരമായി ഇവിടെ വെട്ടം കാണാറുണ്ടെന്നു ആരെങ്കിലും പറഞ്ഞുകൊടുത്തു കാണും. അങ്ങനെയാണെങ്കില്‍ മിക്കവാറും തന്നോടു വന്നു കയര്‍ത്ത് സംസാരിക്കാന്‍ സാധ്യതയുണ്ട്. അതോ ഇനി ഇവിടെനിന്ന് ഇറക്കിവിടുമോ? കൂടെ താമസിക്കുന്ന ആരുടെയെങ്കിലും എന്തെങ്കിലും കളവുപോയിട്ടുണ്ടെങ്കില്‍ അത് തന്റെ തലയിലാവാനും മതി. പലരുടേയും അണ്ടര്‍വെയര്‍ നഷ്ടപ്പെട്ടതായി മുറിയിലെ പെണ്ണുങ്ങള്‍ പറയുന്നുണ്ട്. പുറത്തുനിന്ന് ആര്‍ക്കും കെട്ടിടത്തിനുള്ളില്‍ മുകളിലത്തെ നിലയില്‍ പ്രവേശനം ഇല്ലാത്തതാണ്. ബാഗ് പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കൂട്ടത്തില്‍ ആരോ അതൊക്കെ മോഷ്ടിച്ചിട്ടുണ്ട് എന്ന് തീര്‍ച്ച. രാത്രി താന്‍ ഉണര്‍ന്നിരിക്കാറുണ്ട് എന്നു കണ്ടാല്‍ മോഷ്ടാവ് താനാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ വല്യ പ്രയാസമൊന്നുമില്ല. പക്ഷേ, ടോര്‍ച്ചടിച്ചതു താനാണെന്ന് ആര്‍ക്കും അറിയില്ലല്ലോ! ഓരോന്ന് ചിന്തിച്ച് അവളുടെ തല ചൂടുപിടിച്ചു. മെത്തയ്ക്ക് കീഴെ ടോര്‍ച്ച് ഒളിപ്പിച്ചുവച്ചശേഷം തറയിലൂടെ നിരങ്ങി അവള്‍ വെട്ടം തങ്ങിനിന്ന ജനലിനു കീഴെയെത്തി. അതിനിടയിലെപ്പോഴോ ആ വെട്ടം അണഞ്ഞുപോയിരുന്നു. അവള്‍ കുറച്ചുനേരം അനങ്ങാതെ ജനലിനു കീഴെത്തന്നെയിരുന്നു. പുറത്തെന്തെങ്കിലും ശബ്ദം കേള്‍ക്കുന്നുണ്ടോ എന്നവള്‍ ചെവിയോര്‍ത്തു. ഉറങ്ങുന്ന ജീവനുള്ള ശവങ്ങള്‍ക്കു മുകളില്‍ ഫാന്‍ ഇരമ്പുന്ന സ്വരമല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല. 

അവള്‍ പതിയെ തല ഉയര്‍ത്തി നോക്കി. കെട്ടിടത്തിന്റെ കോംപൗണ്ടിനു മുന്നില്‍ നിയോണ്‍ വെട്ടം തെളിഞ്ഞു വിജനമായ റോഡ്. ഇടയ്ക്കു ഒന്നോ രണ്ടോ വണ്ടികള്‍ മഞ്ഞവെട്ടം പാളിച്ച് പാഞ്ഞുപോയി. പിന്നെ ആരാണ് ജനലിലേക്കു വെട്ടം തെളിയിച്ചത്? അപ്പോഴാണ് അവള്‍ ഒരു മാറ്റം ശ്രദ്ധിച്ചത്. റോഡിനപ്പുറത്ത് തമിഴ് നടന്‍ വിജയ് യുടെ ഒരു കൂറ്റന്‍ കട്ട്ഔട്ട് നാട്ടി നിര്‍ത്തിയിരിക്കുന്നു. അയാളുടെ വിഷുപ്പടത്തിനു മുന്നോടിയായുള്ള പ്രകടനമാണ്. ഉറങ്ങാന്‍ കിടക്കുന്നതുവരെയും അത് അവിടെ ഉണ്ടായിരുന്നില്ല. രാത്രികളില്‍ നഗരങ്ങള്‍ എത്ര പെട്ടെന്നാണ് മാറുന്നത്! പടത്തിന്റെ റിലീസിനു മുന്നോടിയായി പാലഭിഷേകമോ പടക്കം പൊട്ടിക്കലോ ഒക്കെ ഉണ്ടാവും. മറ്റൊരു നടന്റെ കട്ടൗട്ടില്‍ വലിഞ്ഞു കയറിയ ഒരു ചെറുക്കന്‍ വീണ് ഊരയൊടിഞ്ഞു കിടപ്പിലായെന്ന് ഈയിടയ്ക്ക് വാര്‍ത്തയില്‍ കേട്ടതവളോര്‍ത്തു. 'ഈ ചെറുക്കന്മാര്‍ക്കൊക്കെ ഭ്രാന്ത് തന്നെ!' അനിത പിറുപിറുത്തു. 'ഓരോരുത്തന്മാരുടെ മുട്ടന്‍ മുട്ടന്‍ കോലം ഉണ്ടാക്കി അതില്‍ വലിഞ്ഞുകേറി വീഴാന്‍...!'

പെട്ടെന്ന് പ്രതീക്ഷിക്കാതെ അവളുടെ കണ്ണുകളിലേക്കു റേസര്‍ ബ്ലേഡിന്റെ മൂര്‍ച്ചയില്‍ വെള്ളിവെട്ടം തുളഞ്ഞുകയറി. തലയ്ക്കു മുന്നേ അവളുടെ ശരീരം പ്രവര്‍ത്തിച്ചു. ജനലിന്റെ വശത്തുള്ള മറവിലേയ്ക്ക് ചാടിമാറി നിന്ന അവളുടെ ഹൃദയം മിടിക്കുന്നത് നിന്നുവെന്നു തോന്നി. അവള്‍ വായ തുറന്നുപിടിച്ചു. ആരാണ് ടോര്‍ച്ചടിച്ചത്? അവള്‍ നിലത്തേക്കിരുന്നു. തറയിലൂടെ നിരങ്ങി ഭിത്തിയോട് ചേര്‍ത്തിട്ടിരുന്ന ലോക്കര്‍ അലമാരയ്ക്കരുകിലെ തുറന്നിട്ട ജനലിലൂടെ അവള്‍ പുറത്തേയ്ക്കു പാളിനോക്കി. ആരോ കട്ടൗട്ടിനു മുകളിലിരുന്ന് താന്‍ മുന്നേ നിന്ന ജനല്‍ ലക്ഷ്യമാക്കി ടോര്‍ച്ചടിക്കുകയാണ്. താഴത്തെ കോളനിയിലെ പിള്ളേര്‍ ആരെങ്കിലുമാവും. തന്നെ കണ്ടുകാണുമോ? അവള്‍ തിരികെ വന്ന് കട്ടിലില്‍ കിടന്നു. ജനലിലൂടെ പിന്നെയും കുറച്ചു നേരത്തേക്ക് പ്രകാശം കടന്നുവന്നു. രണ്ടു മൂന്നുതവണ മിന്നിയണഞ്ഞു പിന്നെ കാണാതെയായി. ഉറക്കം ഉണര്‍ന്നപ്പോള്‍ ടോര്‍ച്ച് വെളിച്ചം ഇല്ലാതെയായതിനു ശേഷമാണോ താന്‍ ഉറങ്ങിയത് എന്നത് അവള്‍ക്കു ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. ഉറക്കത്തില്‍ വീണ്ടും ഇരുട്ടത്ത് പായുന്ന ട്രെയിനുകളെയാണ് സ്വപ്‌നം കണ്ടതെന്ന് അവളോര്‍ത്തു. ടോര്‍ച്ചുകള്‍ പോലെ ആകാശത്തൂടെ അലറിപ്പായുന്ന ട്രെയിനുകള്‍. വെളുക്കുന്നേടം വരെ അവ പാളമില്ലാതെ പറക്കുകയായിരുന്നു. 
മുറിയില്‍ പെണ്‍കുട്ടികള്‍ പലരും പല്ലുതേച്ച് റെഡിയായിരിക്കുന്നു. മുറിയില്‍ വാസന പൗഡറിന്റേയും ക്രീമുകളുടേയും ഗന്ധം. ഭക്ഷണം കഴിക്കാന്‍ തയ്യാറായി മെസ്സിലേക്കു പോകാനായി നില്‍ക്കുകയാണ് ചിലര്‍. വീട്ടുടമസ്ഥന്‍ തന്നെയാണ് ചെറിയൊരു വില ഈടാക്കി ഭക്ഷണവും നല്‍കുന്നത്. ചവറു പോലുള്ള ഭക്ഷണം കഴിച്ചു മടുത്തു. പക്ഷേ, പുറത്തുനിന്ന് ഭക്ഷണം കഴിച്ചാല്‍ ചെലവാകുന്ന കാശോര്‍ത്ത് എല്ലാവരും സഹിക്കുകയാണ്. അനിത കുളിമുറിക്കു നേരെ നോക്കി. വാതില്‍ പകുതി തുറന്ന നിലയിലാണ്. അകത്താളില്ല എന്ന് തോന്നുന്നു. അനിത ചാടിയെണീറ്റ് ബെഡിനു കീഴെ ബാഗിനു മുകളിലായി വച്ചിരുന്ന അലക്കിയ ചുരിദാറും അതിനുള്ളില്‍ ചുരുട്ടിയ നിലയില്‍ പൊതിഞ്ഞുവച്ച തോര്‍ത്തും അടിവസ്ത്രങ്ങളുമെടുത്ത് ഒറ്റച്ചാട്ടത്തിന് കുളിമുറിയിലേക്ക് കയറി. ഷവര്‍ തുറന്നതും പുറത്തുനിന്ന് ശബ്ദം കേള്‍ക്കുന്നു. അവള്‍ ഷവര്‍ ഓഫ് ചെയ്തു. 
'ഇതാരാ അകത്ത്? ഞാന്‍ തുണി ഹാങ്ങറില്‍ ഇട്ടിരിക്കുന്നത് കണ്ടില്ലേ? ബക്കറ്റെടുക്കാന്‍ പോകുന്നതിനിടയ്ക്കു ആരാണ് ചാടിക്കേറിയത്?'
ശരിയാണ് അവള്‍ കയറുമ്പോള്‍ ഹാങ്ങറില്‍ ഒരു പുഷ്അപ് ബ്രായും ഷഡിയും തൂക്കിയിട്ടിട്ടുണ്ടായിരുന്നു. അനിത കരുതിയത് നേരത്തെ കുളിച്ച ആരോ മറന്നുവച്ച് പോയതാണ് എന്നാണ്. അത് ഒരുവശത്തേയ്ക്ക് നീക്കിയിട്ടാണ് അവള്‍ തന്റെ വസ്ത്രങ്ങള്‍ ഹാങ്ങറിലിട്ടത്. പുഷ് അപ് ബ്രാ കണ്ടപ്പോള്‍ മുകളിലേക്കാക്കി നിര്‍ത്താന്‍ തനിക്കു കനത്തില്‍ ഒന്നുമില്ലല്ലോ എന്ന് അസ്വസ്ഥതയോടെ ഓര്‍ക്കുകയും ചെയ്തിരുന്നു. ശബ്ദം കേട്ടിട്ട് പ്രിന്‍സിയാണെന്നു തോന്നുന്നു. ആള്‍ മഹാതന്റേടിയാണ്. പ്രായത്തില്‍ തന്നെക്കാള്‍ നല്ല ഇളപ്പമാണ്. അതു പറഞ്ഞിട്ട് കാര്യമില്ല. വായിലിരിക്കുന്നതു മുഴുവന്‍ കേള്‍ക്കേണ്ടിവരും. 
'ആരാ അകത്തെന്ന്...?' വാതിലില്‍ മുട്ടുകയാണ്.
'അനിതയാണ്... ഇപ്പൊ എറങ്ങാം. കേറാന്‍ ആളുണ്ടെന്ന് മനസ്സിലായില്ല. സോറി.'
'ഓ... നിങ്ങളാ? അകത്തു കയറി കുളി തുടങ്ങീട്ട് സോറി എന്ന് പറഞ്ഞാ മതിയല്ലാ... ഓരോരുത്തരുടെ സാമര്‍ത്ഥ്യം...!' 
പിന്നെ കുറച്ചു നേരത്തേയ്ക്കു ശബ്ദം ഒന്നും കേട്ടില്ല. അനിത കുളി തുടര്‍ന്നു. തിടുക്കത്തില്‍ സോപ്പുതേച്ചു കുളിച്ച് മുടി തുവര്‍ത്തുമ്പോഴേക്കും വീണ്ടും വാതിലില്‍ കൊട്ട് തുടങ്ങി. അവള്‍ വാതില്‍ തല്ലിപ്പൊളിച്ചേക്കുമെന്ന് അനിതയ്ക്കു തോന്നി. എന്തൊരു കഷ്ടമാണ്!
'ഒന്നിറങ്ങിയേ... എനിക്ക് കുറച്ചു തിടുക്കമൊണ്ട്.' മുട്ടലിന്റെ ആക്കം കൊണ്ട് ഫൈബര്‍ ഡോര്‍ നിന്നു വിറച്ചു.
'ദാ ഇറങ്ങുന്ന്...' അനിത മുടിയില്‍ തോര്‍ത്ത് കെട്ടിവച്ച് ഷഡി വലിച്ചു കയറ്റി. ദേഹം തുടയ്ക്കാത്തതു കാരണം അത് പകുതിയും ഈര്‍പ്പനടിച്ചു. ബ്രാ ഇടാന്‍ ശ്രമിക്കുന്നതിനിടെ കൈ പലതവണ ചുമരിലിടിച്ച് അനിതയ്ക്ക് വേദനിച്ചു. പുറത്ത് വീണ്ടും കൊട്ട് തുടരുകയാണ്. 
'ഷഡിയും ബ്രായും ഇട്ടെങ്കി തോര്‍ത്ത് കെട്ടി പൊറത്തോട്ടെറങ്ങ്. എനിക്ക് ഇന്ന് കുറച്ച് അത്യാവശ്യമുള്ളതാണ്... കൊറേ നേരമായല്ലോ കേറീട്ട്...'
അനിത ചുരിദാറിന്റെ ടോപ് തല വഴി വലിച്ച് കയറ്റി. ശരീരത്തില്‍ വെള്ളം തങ്ങി നില്‍ക്കുന്നത് കാരണം അത് പകുതിയില്‍ വച്ച് അനങ്ങാപ്പാറപോലെ നില്‍ക്കുകയാണ്. വലിച്ചിട്ടു താഴേയ്ക്ക് വരുന്നില്ല. തിരികെ എടുക്കാമെന്ന് കരുതുമ്പോ തിരിച്ചും വരുന്നില്ല. അവള്‍ക്കു കഴുത്ത് കഴച്ചു. 
'മൈര്. ഏതു നേരത്താണോ ചാടിക്കയറാന്‍ തോന്നിയത്.'
പുറത്ത് ആരൊക്കെയോ സംസാരിക്കുന്നു. ടോപ് എങ്ങനെയോ തിരിച്ചു വലിച്ചെടുത്ത് വീണ്ടും അവള്‍ കഴുത്തിലൂടെ താഴെ ഇറക്കാന്‍ തുടങ്ങി.
'രാജ്ഞി മുഴുവന്‍ ഇട്ടേ ഇറങ്ങത്തൊള്ളൂ.. കുളിച്ചെങ്കി പൊറത്തോട്ടെറങ്ങി ആ മൂലേലെങ്ങാനും പോയി നിന്ന് തുണി മാറ്റിയാപ്പോരേ? ദൈവമേ! ഇന്ന് ബസ് കിട്ടൂല്ല.'
ഭക്ഷണം കഴിച്ചു തിരിച്ചുവന്ന ആരോടോ പ്രിന്‍സി രോഷത്തോടെ സംസാരിക്കുകയാണ്. അനിത വെപ്രാളപ്പെട്ട് ചുരിദാര്‍ ധരിച്ച് പുറത്തേക്കിറങ്ങിയതും പ്രിന്‍സി വാതിലിനു പുറത്ത് അക്ഷമയായി ഇടുപ്പില്‍ കൈ കൊടുത്ത് ഉലാത്തുകയാണ്. അവളെ കണ്ടതും മൂക്ക് തുറുപ്പിച്ച് ഒരു നോട്ടം നോക്കി.
'അകത്ത് ആളില്ലാത്തപ്പോ ഞാന്‍ കരുതി ആരും അപ്പോള്‍ കുളിക്കാന്‍ കേറുന്നില്ല എന്ന്. അതാണ് കേറിയത്. പിന്നെ അങ്ങനെ ആരും തുണിവച്ച് ബുക്ക് ചെയ്ത് പോകാറില്ലല്ലോ ഇവിടെ.' അനിതയും വിട്ടില്ല. 
'കുളിച്ചിട്ട് തുണി ഇറങ്ങീട്ട് മാറ്റിയാപ്പോരാരുന്നോ? കുറച്ചു അത്യാവശ്യം ആയതുകൊണ്ടല്ലേ ഇറങ്ങാന്‍ പറഞ്ഞത്...' അനിത മറുപടിയൊന്നും പറയാതെ കുളിമുറിയിലേക്ക് ചാടിക്കയറുന്ന പ്രിന്‍സിയെ കടന്ന്  മുന്നോട്ടു പോയി.
'ഓ... അതിനുമാത്രം എന്തോന്ന് അതില്‍ കാണാനിരിക്കുന്നു. കാണാനും കൂടി വല്ലോം ഉണ്ടാരുന്നെങ്കി നിലത്തു കിടക്കൂല്ലാരുന്ന്...' പ്രിന്‍സി അവിടെ ഉണ്ടായിരുന്ന രേവതിയോടു പറയുന്നത് അനിത കേട്ടു. 'പാവോടേ... അങ്ങനെ പറയരുത്...' രേവതി കുളിമുറിവാതിലിനടുത്ത് പോയി കുശുകുശുക്കുന്നതും  അവള്‍ കേട്ടു.

പ്രത്യേകിച്ച് കാണാന്‍ ഒന്നുമില്ലാത്തകൊണ്ടാണ് താനിങ്ങനെ മറഞ്ഞുനിന്ന് വസ്ത്രം മാറുന്നത് എന്നവള്‍ക്കു പറയണമെന്നുണ്ടായിരുന്നു. താനങ്ങനെ പറഞ്ഞാല്‍ ഒരുപക്ഷേ, പ്രിന്‍സിയുടെ മുഖം കുറ്റബോധം കൊണ്ട് കുനിഞ്ഞുപോയേക്കും. അത് അവള്‍ ഒരു സോപ് സീരിയല്‍ സ്ലോമോഷന്‍ ഷോട്ട് മനസ്സില്‍ കണ്ടു. പ്രിന്‍സിയുടെ ശകാരത്തെക്കാള്‍ രേവതിയുടെ 'പാവോടെ...' അഭിസംബോധനയാണ് അനിതയെ വേദനിപ്പിച്ചത്. അവളുടെ ഒലക്കേലത്തെ കാരുണ്യം! താനെന്തു കുറ്റം ചെയ്തിട്ടാണ് ഇങ്ങനെ നിരുന്മേഷകരമായ ഒരു ജീവിതവും ജീവസ്സില്ലാത്ത ഒരു ശരീരവും ദൈവം തന്നതെന്നു തനിക്കറിയില്ല. ഒരുപക്ഷേ, തന്നെപ്പോലുള്ളവരാണ് ഏറിയും കുറഞ്ഞും ചുറ്റും കൂടുതല്‍. കടിപിടി കൂടാനുള്ള ശേഷിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ നിന്ന് പിഴയ്ക്കാമായിരുന്നു. 


എട്ടുപേര്‍ താമസിക്കുന്ന ഡോര്‍മിറ്ററിക്ക് ഒരു കക്കൂസും കുളിമുറിയുമേയുള്ളൂ. രാവിലെ ഈ ബഹളം പതിവാണ്. കൂടെ താമസിക്കുന്ന പലരും നഗരത്തിലെ പലയിടത്തായി ജോലി ചെയ്യുന്നവരാണ്. എല്ലാവരും ഇരുപതിനു താഴെ മാത്രം മാസശമ്പളം ഉള്ളവര്‍. പലര്‍ക്കും പതിനഞ്ചിലും താഴെയാണ് ശമ്പളം. തമാശ എന്തെന്നാല്‍ ഇരുപത്തഞ്ചു കഴിഞ്ഞ അവരുടെയാരുടേയും വിവാഹം കഴിഞ്ഞിട്ടില്ല. പലതരം പ്രാരാബ്ധമുള്ള വീടുകളില്‍ നിന്നുള്ളവരാണ്. പലര്‍ക്കും ആണ്‍കൂട്ടുകാര്‍ ഉണ്ട്. അതില്‍ ഒന്നോ രണ്ടോ പേര് തമ്മിലുള്ള വിവാഹം ചിലപ്പോ നടന്നേക്കും. ഒരുത്തിയുടെ കൂടെ രണ്ടാഴ്ച കൂടുമ്പോള്‍ പുതിയ ഒരാളെ കാണാം. റൂമിലെ മറ്റുള്ളവര്‍ ആ പെണ്ണിനെപ്പറ്റി വായില്‍ തോന്നിയതു പറയുമ്പോഴും അനിതയ്ക്കു ആ പെണ്ണിനോട് മതിപ്പാണ്. എങ്ങനെ സാധിക്കുന്നു ഇതൊക്കെ! അത് ഒരുങ്ങിച്ചമഞ്ഞു പോകുന്നത് കാണാന്‍ തന്നെ ഒരു ചന്തമാണ്. ഒരുപക്ഷേ, അനിതയോട് അവിടെ ഏറ്റവും നന്നായി ഇടപെടുന്ന ഒരേയൊരാള്‍ ആ പെണ്ണാണ്. എവിടെയോ ഫ്രന്റ് ഓഫീസ് റിസപ്ഷനിസ്റ്റാണ് അവള്‍. ഓഫീസിലേയ്ക്ക് പോകും വഴി താന്‍ പോകുന്നു എന്ന മട്ടില്‍ അനിതയുടെ ചുമലില്‍ കൈകൊണ്ടു തൊടും. ആ തൊടലില്‍ അധികാരമോ അതിവര്‍ണ്ണനയോ ഒന്നുമില്ല. സ്‌നേഹത്തോടെ തൊട്ടുപോകും. അവളുടെ നോട്ടവും തൊടലും എല്ലാം സ്‌നേഹമാണ്. അതാണ് പുരുഷന്മാര്‍ അവളെ കൊണ്ടുനടക്കുന്നത് എന്നാണ് അനിത അവളെക്കുറിച്ചുണ്ടാക്കിയ തിയറി. അവള്‍ക്കു സ്‌നേഹിക്കാനറിയാം. ഒരുപക്ഷേ, തനിക്കതറിയില്ല. തനിക്കു ഭയമാണ്, സംശയമാണ്; എല്ലാത്തിനേയും. മെലിഞ്ഞ ഒരു ആത്മാവിനെ പൊതിഞ്ഞുനില്‍ക്കുന്ന ഒരു ലോഹകവചമുണ്ട് തനിക്കു ചുറ്റും. താനാണ് ഉള്ളിലേയ്ക്ക് കയറാന്‍ ആരെയും അനുവദിക്കാത്തത്. 
അനിത തിടുക്കത്തില്‍ ഭക്ഷണം കഴിച്ച് ബാഗുമെടുത്ത് പുറത്തേയ്ക്കിറങ്ങി. അപ്പോഴൊക്കെ ഉള്ളില്‍ സങ്കടം തിക്കുമുട്ടിനിന്ന കാരണം അവള്‍ ഉള്ളാലെ കരഞ്ഞുകൊണ്ടിരുന്നു. പലപ്പോഴും തൊണ്ടയില്‍ വേദന കുടുങ്ങി അവള്‍ക്കു വേദനിച്ചു. കണ്ണിനിരുവശത്തും ഇടയ്‌ക്കെപ്പോഴൊക്കെയോ ഉപ്പുനീര് പൊടിഞ്ഞ് തിരികെ കണ്ണിനുള്ളിലേയ്ക്ക് തന്നെ വീണു. രാവിലെ തന്നെ എന്തൊരു പുഴുങ്ങലും ചൂടും! അവള്‍ ധരിച്ചിരുന്ന തുണിഷൂസിന്റെ സോളിനടിയില്‍ കുടുങ്ങിയ കരിങ്കല്‍ ചീളിന്റെ അഗ്രം അവളുടെ വലതു കാല്‍വെള്ളയെ ഇടയ്ക്കിടെ കുത്തിനോവിച്ചു. റോഡിനെതിര്‍വശത്തെ വിജയ് യുടെ കട്ട്ഔട്ട് ദൂരേക്കെവിടെയോ നോക്കി കയ്യിലെ ധോത്തി ചുഴറ്റുന്നു. പ്രഭാതസൂര്യന്റെ വെളിച്ചമേറ്റ് അതങ്ങനെ അനങ്ങാതെ നില്‍ക്കുന്നു. സിനിമ കഴിയുമ്പോ അത് എവിടെയെങ്കിലും ഒടിച്ചുമടക്കി കളയുമായിരിക്കും. അവള്‍ റോഡ് ക്രോസ് ചെയ്ത് ഫ്‌ലക്‌സ് കടന്നു നടക്കാന്‍ തുടങ്ങിയതും... 
'രാത്രി മുറീല്‍ പാറ്റ പറക്ക്ന്നാ?' അനിത ഫ്‌ലെക്‌സിലേയ്ക് നോക്കി. ആരാ അത് വിളിച്ചു പറഞ്ഞത്? പുറകെ ഒരു ചിരിയും.

ഫ്‌ലക്‌സിനു വശത്തായി കറുത്ത് മെലിഞ്ഞ ഒരാള്‍ നില്‍ക്കുകയാണ്. അവനു എത്ര വയസ്സു വരും? അവള്‍ക്ക് ഊഹിക്കാനായില്ല. വയസ്സില്ലാത്ത ഒരുത്തന്‍. ചെറുക്കാനാണോ ചെറുപ്പക്കാരനാണോ എന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല. ഒരു നിറം മങ്ങിയ നീല ചെക്ക് ഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ചിട്ടുണ്ട്. ഷര്‍ട്ടിനുള്ളില്‍ അവനെപ്പോലെ ഇനിയും ഒരാള്‍ക്കു കൂടി കടക്കാനുള്ള സ്ഥലമുണ്ട്. കണ്ണുകളില്‍ മഷിയെഴുതി കൈകള്‍ താടിക്കു കൊടുത്തു വളഞ്ഞുനില്‍ക്കുകയാണ്. അവന്റെ കൃഷ്ണമണികള്‍ മഷിയെഴുതിയ കണ്‍വരമ്പുകള്‍ക്കുള്ളില്‍ കിടന്നു തിളങ്ങുന്നു. മെലിഞ്ഞു കറുത്ത ചുണ്ടുകളില്‍ വാസലിന്‍ പോലെ എന്തോ പുരട്ടിയിട്ടുണ്ട്. 
അനിത നെറ്റിചുളിച്ച് പെട്ടെന്ന് അയാളെ കടന്നുപോകാന്‍ ധൃതിപ്പെട്ടു. 
'ചോദിച്ചെന്നേ ഉള്ളൂ... ദിവസോം ടോര്‍ച്ചടിച്ചു കളിക്കലാണല്ലേ പരിപാടി? ഒറക്കൊന്നും ഇല്ലേ?'
അനിത തിരിഞ്ഞുനോക്കി. അവന്‍ കട്ടൗട്ടില്‍ കൈ ചാരിനിന്ന് ചിരിക്കുകയാണ്. അപ്പൊ ടോര്‍ച്ചടിച്ചത് താനാണെന്ന് അവന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. താന്‍ സ്ഥിരമായി ടോര്‍ച്ചടിക്കുന്നത് ഇവന്‍ എങ്ങനെ കണ്ടു? ഇനീപ്പോ ഇതു വഴി പോകുമ്പോ മറ്റു കോളനിപ്പിള്ളേരും കളിയാക്കുമോ? അവള്‍ക്കു നാണക്കേട് തോന്നി. അന്ന് പകല്‍ മുഴുവന്‍ ഓഫീസില്‍ തിരക്കായിരുന്നു. രാവിലെ ഓഫീസില്‍ കയറി തിരികെ ഇറങ്ങുംവരേയ്ക്കും അനിത ആ ചെറുപ്പക്കാരനെ ഓര്‍ത്തില്ല. ബസിലെ തിരക്കിനിടയില്‍നിന്നും താമസസ്ഥലത്തിനടുത്തുള്ള സ്‌റ്റോപ്പില്‍ ഇറങ്ങിയപ്പോഴാണ് അവള്‍ അവനെ ഓര്‍ത്തെടുത്തത്. അവള്‍ നന്നായി ക്ഷീണിച്ചിരുന്നു. കിടക്ക കണ്ടാല്‍ ചാടിവീണ് ഉറങ്ങിയേക്കാം എന്ന മട്ടാണ്. പോരാത്തതിന് അന്തരീക്ഷത്തിലെ ചൂടും പൊടിയും കൊണ്ട് കണ്ണൊക്കെ പുകയുന്നു. എന്നിട്ടും ദൂരെനിന്നു വച്ച് തന്നെ അവനെ കണ്ടു. ആ കട്ടൗട്ടിന്റെ പുറകിലെ പലകകൊണ്ടുള്ള തട്ടില്‍ കാലുമാട്ടി ഇരിക്കുകയാണ്. അവളെ കണ്ടതും അവന്‍ ചാടിത്താഴെയിറങ്ങി. ഈ ചെറുക്കന്‍ തന്നെയും കാത്തിരിക്കുവാണോ? വേറെ പണീം തിരക്കൊന്നും ഇല്ലായിരിക്കും. അവള്‍ സന്ദേഹത്തോടെ നടന്നു. അവിടെയെത്തിയാല്‍ അവന്‍ എന്തെങ്കിലും പറയും എന്നുറപ്പാണ്. റോഡ് ക്രോസ് ചെയ്ത് അപ്പുറത്തൂടെ പോയാലോ? പക്ഷേ, അവള്‍ നേരെ നടന്നു. ഈ പീക്കിരി ചെക്കനെ പേടിക്കാന്‍ താനാരേം കൊന്നിട്ടൊന്നുമില്ലല്ലോ. 
എന്നിട്ടും അവന്റെ അടുത്തെത്തിയപ്പോ അവള്‍ക്കു വീണ്ടും അസ്വസ്ഥത തോന്നി.
'നിങ്ങള് അവിടന്ന് ടോര്‍ച്ചടിക്കണത് ചെലപ്പഴക്ക ഞാന്‍ കാണാറൊണ്ട്.' അവന്‍ ചിരിക്കുകയാണ്. രണ്ടു കൈപ്പത്തിയിലേയും വിരലുകള്‍ മാറിന് നടുക്കായി പിണച്ചുപിടിച്ചിട്ടുണ്ട്. നീട്ടിവളര്‍ത്തിയ നഖങ്ങളില്‍ നീലനിറത്തില്‍ നെയില്‍പോളിഷ് പൂശിയിട്ടുണ്ട്. നന്നായി എണ്ണ തേച്ച കറുത്ത മുടിയിഴകള്‍ നെറ്റിക്ക് മുകളില്‍ സ്പ്രിങ്ങുകള്‍പോലെ നിന്ന് തെറിക്കുന്നു. ആകപ്പാടെ കാണാന്‍ നല്ല ചന്തം. 
'തനിക്കെന്താ വട്ടുണ്ടോ?' അനിത തിരിഞ്ഞുനിന്ന് ചോദിച്ചു.
'രാത്രി ഒണര്‍ന്നിരുന്ന് ടോര്‍ച്ചടിക്കണവര്‍ക്കല്ലേ വട്ട്? രാത്രി ടോര്‍ച്ചടിച്ചാ നമ്മള്‍ വെട്ടം തെളിക്കണ സ്ഥലത്തേക്കാളും നമ്മളെയായിരിക്കും കാണാന്‍ പറ്റുന്നത്...'
'ഞാന്‍ തന്നോട് വല്ലോം ചോദിച്ചോ?'
'ഒന്നും സംസാരിക്കാത്തവരാണ് രാത്രി ഒണര്‍ന്നിരിക്കണത്. അപ്പൊ സംസാരിക്കാന്‍ അറിയണവര് അങ്ങ് ചോദിക്കേം പറയേമൊക്ക ചെയ്യണം.' അവന്‍ പുഞ്ചിരിക്കുകയാണ്. അനിതയെ കുറച്ചുനേരം നോക്കിക്കൊണ്ടു നിന്നിട്ട് അവന്‍ തിരികെ പലകയില്‍ ചാടിക്കയറിയിരുന്നു.
'രാത്രി ഒറങ്ങണ ആളാണെങ്കി ഞാന്‍ ടോര്‍ച്ചടിക്ക്ന്നത് എങ്ങനെ കണ്ടു? ഇവിടത്തെ സ്ഥിരം കുറ്റിയാണല്ലേ? എണീറ്റ് പണിക്കൊക്കെപ്പോയാ വല്ലോരോടും സംസാരിക്കാന്‍ ഇങ്ങനെ സമയം ഒണ്ടാവൂല്ല.'
അവന്‍ അനിതയെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു. പാവം ചെറുക്കനാണ്. പക്ഷേ, എന്തോ ഒരു വശപ്പിശകുണ്ട് എന്ന് അനിതയ്ക്കു തോന്നി. അല്ലെങ്കില്‍ ഇങ്ങനെ കിന്നരിച്ച് വര്‍ത്താനം പറയുവോ? അനിത തിരിഞ്ഞ് വീണ്ടും മുന്നോട്ടു നടന്നു. 
'ഒന്ന് നിക്ക്വൊ?' അനിത തിരിഞ്ഞപ്പോള്‍ അവന്‍ വീണ്ടും പലകയില്‍നിന്നും ഇറങ്ങി താഴെ നില്‍ക്കുകയാണ്.
'നിങ്ങടെ ഹോസ്റ്റലില്‍നിന്നാ ദാ ആ പണിതീരാത്ത കെട്ടിടത്തിന്റെ മോള്‍ഭാഗം കാണാന്‍ പറ്റുവോ?'
'ഏതു പണിതീരാത്ത കെട്ടിടം?'
'ആ തൂങ്ങിച്ചത്ത കോണ്‍ട്രാക്ടര്‍!'
ഒരു കിലോമീറ്ററിനപ്പുറമുള്ള പണിതീരാത്ത കെട്ടിടത്തെപ്പറ്റിയാണയാള്‍ ചോദിക്കുന്നത്. ആ കെട്ടിടം പണിയുന്ന കാലത്ത് പതിനഞ്ചു നില കെട്ടിപ്പൊക്കിയപ്പോള്‍ കെട്ടിടസ്ഥലത്തില്‍ എന്തോ നിയമപ്രശ്‌നം ഉണ്ടെന്നു പറഞ്ഞ് സര്‍ക്കാര്‍ പണി നിര്‍ത്തിവയ്ക്കാന്‍ കോണ്‍ട്രാക്ടറോട് ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തോളം അയാള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി. കടം കയറി നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ കാശ് കൊടുത്തവരൊക്കെ അയാളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. അങ്ങനെയൊരു ദിവസം അയാള്‍ ആ കെട്ടിടത്തിന്റെ ഒന്‍പതാമത്തെ നിലയില്‍ കയറില്‍ തൂങ്ങി. അയാള്‍ നാടുവിട്ടുപോയതാണെന്നു കരുതി പൊലീസ് കേരളത്തിനു പുറത്തും അന്വേഷണം തുടങ്ങിയെങ്കിലും മാസങ്ങളോളം അയാളെക്കുറിച്ച് ആര്‍ക്കും ഒരു വിവരവും കിട്ടിയില്ല. കെട്ടിടം നിന്നിരുന്ന സ്ഥലം കമ്പിവേലി കെട്ടി സീല്‍ വയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ വന്ന ദിവസമാണ് കയറില്‍ കാറ്റത്താടുന്ന ഒരു അസ്ഥികൂടത്തെ കണ്ടെത്തുന്നത്. അഴുകിയ മാംസം ഉണങ്ങിപ്പിടിച്ച് കറുത്തുപോയ, ഒരിക്കല്‍ വെള്ളയായിരുന്ന, ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഒരു ആത്മഹത്യാക്കുറിപ്പും ഉണ്ടായിരുന്നു. ദ്രവിച്ചുപോയ ആ പേപ്പറില്‍ എഴുതിയതൊന്നും തന്നെ പല പ്രയത്‌നത്തിനു ശേഷവും ഫോറന്‍സിക് ലാബിലുള്ളവര്‍ക്കു വായിച്ചെടുക്കാന്‍ കഴിഞ്ഞില്ല. മരിക്കുന്നതിന് മുന്‍പ് അയാള്‍ ജീവിച്ചിരിക്കുന്നവരോട് എന്താവും പറയാന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക?ഒരു ദുരന്തനാടകവേദിയാണ് ആ കെട്ടിടം. വിധിക്കു കീഴ്‌പെട്ടു മരിച്ചുപോയ ദുരന്തനായകനാണ് ആ കോണ്‍ട്രാക്ടര്‍. പക്ഷേ, ഇവനിപ്പോ ആ കെട്ടിടത്തെപ്പറ്റി എന്തിനു തന്നോട് ചോദിക്കുന്നു?
'ഞങ്ങടെ മുറീല് നിന്നാ കാണാന്‍ പറ്റും? എന്താ ചോദിച്ചത്?'
'അവിടന്ന് വല്ലപ്പഴും വല്ല വെട്ടവും കണ്ടിട്ടൊണ്ടാ?'
അനിത നെറ്റിചുളിച്ച് അവനെ നോക്കി. അവള്‍ക്കു നല്ല ക്ഷീണം ഉണ്ടായിരുന്നു.
'ഇല്ല. ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. എനിക്ക് നല്ല സുഖമില്ല. ഞാന്‍ പോട്ടെ?' അനിത മുന്നോട്ട് നടന്നു റോഡ് ക്രോസ്സ് ചെയ്തു ഡോര്‍മിറ്ററിയിലേക്ക് കയറിപ്പോയി. മുറിയിലെത്തിയ അവള്‍ ജനലിലൂടെ പുറത്തെ റോഡിലേക്ക് നോക്കി. ചെറുക്കന്‍ അവിടെത്തന്നെയുണ്ട്. മുകളിലേയ്ക്കു നോക്കുകയാണ്. ഓണര്‍ എങ്ങാനും കണ്ടുകൊണ്ട് വന്നാല്‍ എന്തായിരിക്കും അവസ്ഥ. അവള്‍ ഹാന്‍ഡ് ബാഗ് ബെഡിലേക്കിട്ട് അതിനെ ഒരു വശത്തേയ്ക്ക് നിരക്കിയിട്ട് ബെഡില്‍ വളഞ്ഞുകിടന്നു. കുറേ നേരം തലയണയില്‍ പ്രിന്റ് ചെയ്തിരുന്ന മങ്ങിയ രാജസ്ഥാനി ഫാബ്രിക് പ്രിന്റ് നോക്കിക്കിടന്ന് എപ്പോഴോ അവളുടെ കണ്ണടഞ്ഞു. 
ആരോ ചുമലില്‍ പിടിച്ച് കുലുക്കുന്നതറിഞ്ഞാണ് അനിത ഉണര്‍ന്നത്. ഗാഢനിദ്രയിലേക്കു പോയത് കാരണമാവും വായുടെ വശത്തുനിന്ന് തലയിണയിലേയ്ക്ക് ഈള പടര്‍ന്നു നനഞ്ഞിരുന്നു. തൊട്ടടുത്ത ബെഡിലെ ശ്രീലക്ഷ്മിയാണ് വിളിക്കുന്നത്. മെസ് പൂട്ടാന്‍ സമയമായി. ഭക്ഷണം പോയെടുത്ത് കഴിക്കാന്‍ വിളിക്കുകയാണ്. മിക്കവരും ഭക്ഷണം കഴിപ്പൊക്കെ കഴിഞ്ഞ് കിടക്കയിലേക്ക് ചാഞ്ഞിട്ടുണ്ട്. അനിത മുഖം കഴുകി മെസ്സിലേയ്ക്ക് പോയി. കഞ്ഞിയും പയറും അച്ചാറും അടച്ചുവച്ചിരിക്കുന്നു. അവള്‍ക്കു നന്നായി വിശന്നതുകൊണ്ട് ചെന്നപാടെതന്നെ അതെടുത്ത് കഴിച്ചു. തിരികെ റൂമിലെത്തുമ്പോള്‍ റൂമിലെ ലൈറ്റുകള്‍ അണച്ചിരുന്നു. അവള്‍ ഇരുട്ടിലേക്ക് കയറി തപ്പിത്തടഞ്ഞു ബെഡിനരുകിലെത്തി. വൈകുന്നേരം കിടന്നുറങ്ങിയത് കാരണം ഇനി എപ്പോഴാണാവോ ഉറക്കം വരുന്നത്? അവള്‍ ജനലിനടുത്ത് പോയി താഴേയ്ക്ക് നോക്കി. ഇപ്പോഴവിടെയാരേയും കാണുന്നില്ല. ഒരുപക്ഷേ, ചെറുക്കന്‍ കഴിക്കാനോ മറ്റോ പോയതാവും. അവന്‍ അവിടെയാണോ സ്ഥിരം കിടക്കുന്നതെന്നു അവള്‍ അതിശയിച്ചു. രാത്രിയാണെങ്കിലും ഇലക്ട്രിക് വെളിച്ചത്തില്‍ നഗരം മുഴുവന്‍ കാണാം. ഹോസ്റ്റല്‍ ഇരിക്കുന്നയിടം ഒരു തേരിയാണ്. പണ്ട് ഇതൊരു കുന്നായിരുന്നിരിക്കണം. അതിനു താഴെയാണ് റോഡ്. അവള്‍ ഇരുട്ടിലൂടെ ദൂരേയ്ക്ക് നോക്കി. പല സ്റ്റാര്‍ ഹോട്ടലുകളുടേയും നെയിം ബോര്‍ഡില്‍ എല്‍.ഇ.ഡിയില്‍ എഴുതിയ ഇംഗ്ലീഷ് അക്ഷരങ്ങള്‍ അവള്‍ക്കു കാണാം. രാത്രി മുഴുവന്‍ കൃത്രിമപ്രകാശത്തില്‍ തെളിഞ്ഞുകിടക്കുന്നു. 

പക്ഷേ, കുറച്ചകലെ കോണ്‍ട്രാക്ടറുടെ കെട്ടിടം കറുകറുത്ത് നെടുങ്ങനെ നിന്നു. കാറ്റത്തു പാറിയ മുടിപോലെ ഇരുമ്പുകമ്പികള്‍ അതിന്റെ ഉച്ചിയില്‍ എഴുന്നുനില്‍ക്കുന്നു. പകല്‍വെട്ടത്തു നോക്കിയാലും അത് ഇരുണ്ടുതന്നെയാണ് കാണപ്പെടുന്നത്. ഒരു തമോഗര്‍ത്തം പോലെ ഈ നഗരത്തിന്റെ മുഴുവന്‍ ഇരുട്ടും ആവാഹിച്ചെടുത്തപോലെ. എന്തിനാണ് ആ ചെറുക്കന്‍ അവിടെ വെട്ടം കാണാറുണ്ടോ എന്ന് ചോദിച്ചത്? ചത്തു പോയ കോണ്‍ട്രാക്ടറുടെ ആത്മാവിനെ കണ്ടോ എന്നാണോ അവന്‍ ഉദ്ദേശിച്ചത്. അതാലോചിച്ചപ്പോ അവള്‍ക്കു പേടി തോന്നി തിരികെ കട്ടിലില്‍ വന്നുകിടന്നു. ഉറക്കം വരില്ല എന്ന് കരുതിയെങ്കിലും അവള്‍ വീണ്ടും അഗാധമായ ഉറക്കത്തിലേക്കു വീണുപോവുകയാണുണ്ടായത്. പിന്നെ ഓഫീസിലേയ്ക്ക് പോകുമ്പോ പലപ്പോഴും ആ ചെറുപ്പക്കാരനെ അവള്‍ കണ്ടു. മിക്കപ്പോഴും അവന്‍ ചിരിക്കും. ഇടയ്ക്ക് അവളും തിരികെ പുഞ്ചിരിക്കും. 

ഒരു വെള്ളിയാഴ്ച വൈകുന്നേരം പഴയ മാര്‍ക്കറ്റില്‍ കയറി രണ്ടു കിലോ കരിപ്പട്ടിയും രണ്ടു ബെഡ്ഷീറ്റും അടിവസ്ത്രവുമൊക്കെ വാങ്ങി മാര്‍ക്കറ്റ് റോഡിലൂടെ തിരക്കില്‍ തട്ടിയും മുട്ടിയും നടക്കുമ്പോഴാണ് ആരോ തോളില്‍ കൈവച്ചത്. അമ്മയ്ക്ക് കഠിനമായ ശ്വാസപ്രശ്‌നം ഉള്ളതുകൊണ്ട് വീട്ടില്‍ കരിപ്പെട്ടി സ്‌റ്റോക്ക് ചെയ്തു വയ്ക്കാറുണ്ട്. അത് തീരുമ്പോഴൊക്കെ പഴയ ചന്തയില്‍ പോയി കരിപ്പെട്ടി വാങ്ങിയാണ് അനിത വീട്ടിലേയ്ക്കു പോകാറുള്ളത്. മാര്‍ക്കറ്റിലെ തിരക്കാലോചിക്കുമ്പോള്‍ അങ്ങോട്ട് പോകാന്‍ അനിത മടിക്കും. സാധനവും വാങ്ങി തിരികെ വരുമ്പോഴാണ് ആരോ ചുമലില്‍ ശക്തിയായി പിടിച്ചുവലിച്ചത്. തിരക്കില്‍ ഏതവനെങ്കിലും തോണ്ടാന്‍ പരിപാടിയാണോ എന്ന് തിരിഞ്ഞുനോക്കുമ്പോ ആ കോളനിയിലെ ചെറുപ്പക്കാരനാണ്. അവന്‍ നന്നേ വിയര്‍ത്തിരുന്നു. 
'സാധനം വാങ്ക്യാന്‍ വന്നതാണാ?' അവന്‍ ചോദിച്ചു.
'അല്ലാത ഞാനിവിടെ എന്തിനു വര്ന്ന്. താനും സാധനം വാങ്ങിക്കാന്‍ വന്നതാണാ?'
'അല്ല ഞാന്‍ ഇവിടെ ഒരു കടേല്‍ മാല കെട്ടാന്‍ നിക്കേണ്.' അവന്റെ കിതപ്പിനൊത്ത് തോളെല്ലുകള്‍ ഉയര്‍ന്നുതാണു. ആ താളത്തിനൊത്ത് ചെമ്പുകമ്പിയില്‍ കറുത്ത മുത്തുകള്‍ കൊരുത്ത മാല വിയര്‍പ്പില്‍ കുതിര്‍ന്നു തിളങ്ങി. 
'തന്നെ മുഴുവന്‍ സമയത്തും റോഡ് വക്കത്ത് കാണാലോ. എപ്പഴാണ് അപ്പൊ മാല കെട്ടാന്‍ സമയം?'
'ഓ ഞാന്‍ എപ്പഴും അവടെ ഇരിക്കാറൊന്നൂല്ല... കടേല്‍ പോവാത്ത ദെവസം ചെലപ്പോ ഇരുന്നെന്നൊക്കെ വരും.'
അനിത തിരക്കിനിടയിലൂടെ മുന്നോട്ടു നടന്നു. 
'എന്താ തന്റെ പേര്?'
'രതീഷ്'
'ചേച്ചീടെ?'
'അനിത.'
അവള്‍ക്കു മുന്നിലുള്ള തിരക്കിനിടയിലൂടെ ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസ് വന്നു, കൂട്ടത്തോടെ ഇടിച്ചു കയറാന്‍ തുടങ്ങി. ചെറുപ്പക്കാരനെ വകവയ്ക്കാതെ ബസ് കണ്ടമാത്രയില്‍ ഓടി അവള്‍ ആ ആള്‍ത്തിരക്കിലൂടെ ബസിന്റെ ഡോറിലേക്കെത്താന്‍ പണിപ്പെട്ടു. ഈ ബസ് പോയാ ഇനി മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാലേ തന്റെ റൂട്ടിലേയ്ക്ക് അടുത്ത ബസുള്ളൂ. അതില്‍ക്കയറിപ്പോകാമെന്നു വച്ചാല്‍ ആ സമയത്തു അന്യദേശ തൊഴിലാളികളും കെട്ടിടം പണിക്കാരെയുമൊക്കെ കൊണ്ട് ബസ് നിറഞ്ഞുനില്‍ക്കും. ഒന്ന് ശ്വാസം വിടാന്‍ പോലുമുള്ള ഇടമുണ്ടാവില്ല അതിനുള്ളില്‍. മാത്രമല്ല, ആ സമയത്തു സ്ത്രീകളും അധികം കാണില്ല. തോണ്ടാനും പിടിക്കാനും ആരെങ്കിലും വന്നാല്‍ തിരക്ക് സമയമായതുകൊണ്ട് ഇടപെടാന്‍ കണ്ടക്ടര്‍ പോലും മടിക്കും. ഇപ്പൊത്തന്നെ നേരം ഇരുട്ടി. 

'എന്തിന് അതില് കെടന്നു തെരക്കണത്... അടുത്ത വണ്ടിക്കു പോയാപ്പോരേ?'
അവനതു പറഞ്ഞില്ലെങ്കിലും താന്‍ തിരികെപ്പോരുമായിരുന്നു എന്ന് ഒരു വശത്തേയ്ക്ക് മാറി നിന്ന് അവള്‍ മനസ്സില്‍ പറഞ്ഞു: 'എന്തൊരു തിരക്ക്.'
'വാ നമുക്ക് ആ പാര്‍ക്കീ ഇരിക്കാം. കൊറച്ചു കഴിഞ്ഞ് ഇവിടെ വന്നു നിക്കാം.'
'ഞാന്‍ ഇവിടെ നിന്നോളാ' അവള്‍ കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ നെഞ്ചിനോട് ചേര്‍ത്തുപിടിച്ച് അവിടെത്തന്നെ നിന്നു.


'ഞാന്‍ വിളിച്ചോണ്ടല്ലേ വരാത്തത്.' ഉറപ്പായും അതുകൊണ്ടുതന്നെയാണ് അവള്‍ പോകാതിരുന്നത് എങ്കിലും അല്ല എന്ന ഭാവത്തില്‍ അനിത ചിരിച്ചു.
'എന്തരു ചേച്ചീ ആ പാര്‍ക്കീ പോയി കൊറച്ചു നേരം ഇരിക്കണേന്. അവിടേം ആള്ക്കാര് തന്നെല്ലേ ഇരിക്കണത്? വണ്ടി ഇപ്പഴൊന്നും വരൂല്ലല്ലാ.'
ഹോസ്റ്റലിന്റെ അടുത്ത് വച്ച് കണ്ടിട്ടുണ്ട് എന്നല്ലാതെ ഈ ചെറുക്കനെപ്പറ്റി തനിക്കൊന്നുമറിഞ്ഞുകൂട. പോരാത്തേന് ആ കോളനീലോ മറ്റോ ഉള്ളതാണ്. എന്ത് തരത്തിലുള്ളതാണെന്നു ആര്‍ക്കറിയാം! ഇനി തന്റെ ഭാഗ്യക്കേടിനു പരിചയക്കാരോ ബന്ധുക്കളോ ആരെങ്കിലും ഈ തിരക്കിനുള്ളില്‍ ഉണ്ടെങ്കിലോ? കല്യാണം നടക്കാത്ത കാരണം വഴീല്‍ക്കണ്ട ചെറുക്കന്മാരോട് തെണ്ടിനടക്കുന്നുവെന്നേ ആള്‍ക്കാര്‍ പറയൂ. ഇതൊക്കെ ആലോചിച്ചെങ്കിലും അവള്‍ അവന്റെ പിന്നാലെ നടന്നു റോഡ് ക്രോസ്സ് ചെയ്തു നഗരത്തിന്റെ മധ്യത്തിലുള്ള ആ പാര്‍ക്കില്‍ പോയിരുന്നു. എവിടേക്കൊക്കെയോ ഉള്ള ബസ് കാത്തിരിക്കുന്നവര്‍. തൊട്ടടുത്തുള്ള സിനിമാ തിയേറ്ററിലെ അടുത്ത ഷോയ്ക്കുള്ള സമയം വരേയ്ക്കും സമയം കൊല്ലുന്നവര്‍. ഭിക്ഷക്കാര്‍, നാടോടികള്‍, നടന്നു വില്‍പ്പനക്കാര്‍ അങ്ങനെ ഒരുപാട് ആളുകള്‍. 
കഷ്ടപ്പാടും ദുരിതവും നിറഞ്ഞ മുഖങ്ങളുള്ളവരാണ് അവിടെ ഇരിക്കുന്നവരില്‍ കൂടുതലും എന്നവള്‍ക്കു തോന്നി. വിയര്‍ത്തൊലിച്ച് മുഖം കരുവാളിച്ചവര്‍. തദ്ദേശീയരെക്കാളും എണ്ണത്തില്‍ അന്യദേശത്തൊഴിലാളികളാണ് അവിടെ ഉണ്ടായിരുന്നവര്‍. അവിടെ കടല വിറ്റുനടന്നയാളില്‍നിന്ന് രണ്ടു കടലപ്പൊതികളും വാങ്ങി രതീഷ് മടങ്ങിവന്ന് അവളുടെ അരുകില്‍ ഇരുന്നു. അവന്‍ തലയില്‍ കെട്ടിയിരുന്ന തൂവാലയഴിച്ച് തലമുടി കൈകൊണ്ടു ചീകി അതിനുള്ളിലേക്ക് കാറ്റ് കടത്തിവിടും പോലെ വായകൊണ്ട് ശബ്ദമുണ്ടാക്കി.
'ഷൂയ്...' അവന്‍ ചിരിച്ചപ്പോള്‍ അവന്റെ മെലിഞ്ഞ കവിളില്‍ രണ്ടു കറുത്ത നുണക്കുഴികള്‍ തിളങ്ങി.
'നിങ്ങള്‍ എവിടെണ് ജോലി ചെയ്യണ?'
'അക്ഷയ സെന്ററില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ആണ്.'
'കംപ്യൂട്ടര്‍ ഒക്കെ നല്ലോണം അറിയോ?'
'ഡാറ്റ എന്‍ട്രി കോഴ്‌സ് പഠിച്ചിട്ടൊണ്ട്. അല്ലാതെ വല്യ കംപ്യൂട്ടര്‍ സംഭവങ്ങളൊന്നും അറിഞ്ഞൂട.'
'എന്തായാലും പഠിക്കുമ്പോ വല്യതു തന്നെ പഠിച്ചൂടെ?' അവന്‍ ചിരിച്ചുകൊണ്ട് ദൂരേയ്ക്ക് നോക്കിയിരിക്കുകയാണ്.
'പഠിക്കുമ്പോ എല്ലാം വല്യ സംഭവമായിട്ട് തന്നേണ് തോന്നുന്നത്. എന്തെങ്കിലും പഠിച്ചു കഴിയുമ്പോ മനസ്സിലാവും ഇനീം കെടപ്പൊണ്ടെന്ന്. മനുഷ്യരേ പഠിച്ച് പഠിച്ച് ചാവും.' കടവായിലെ പല്ലിന്റെ പോടില്‍ ഒരു കടല കുടുങ്ങി അവള്‍ക്കു വേദനിച്ചു. നാക്കുകൊണ്ട് ആ കടലയെ പുറത്തെടുത്തു ആശ്വാസത്തോടെ കുറച്ചു നേരം കണ്ണടച്ചിരുന്നു.
'ഒറങ്ങേണാ?'
സത്യം പറഞ്ഞാല്‍ ആ വാഹനങ്ങളുടെ പുകയും ശബ്ദകോലാഹലങ്ങളും നിറഞ്ഞ പാര്‍ക്കിനു നടുവിലിരുന്നു ഉറങ്ങാനാണ് അനിതയ്ക്കു തോന്നിയത്. ഇപ്പൊ പൊട്ടും എന്ന നിലയില്‍ അന്തരീക്ഷം ഈര്‍പ്പം കൊണ്ട് കനത്തു. ചുറ്റും ഇരുട്ട് കൂടിവന്നു. ഇലക്ട്രിക് വെട്ടത്തില്‍ പാര്‍ക്ക് ഒരു ദ്വീപ് പോലെ തോന്നിച്ചു.
'എന്തിനാണ് അന്ന് ആ കെട്ടിടത്തില്‍ വെളിച്ചം കാണാറൊണ്ടാന്ന് ഇയാള് ചോദിച്ചത്?' അനിത ആരാഞ്ഞു.
പെട്ടെന്ന് അവന്റെ മുഖത്തെ ചിരി മാഞ്ഞു. നിശ്ശബ്ദനായിരുന്നു കടലപ്പൊതിയില്‍ കയ്യിട്ടിളക്കി. അനിത അവന്റെ കഴുത്തില്‍ പിണഞ്ഞ ഞരമ്പുകളിലേയ്ക്കും ചുവന്ന ചുണ്ടിനു താഴയുള്ള കറുത്ത വരമ്പിലേയ്ക്കും നോക്കി. അവന്റെ കറുത്തതൊലി തിളങ്ങി. താനാദ്യമായാണ് ഒരു പുരുഷന്റെ അരുകില്‍ ഇങ്ങനെ ഇരിക്കുന്നത് എന്നവളോര്‍ത്തു. അവള്‍ കടലപ്പൊതി വശത്തേയ്ക്ക് മാറ്റി മുഖം അമര്‍ത്തി ഉഴിഞ്ഞ് പ്രസന്നയാകാന്‍ ശ്രമിച്ചു. ആ സമയം അവള്‍ കണ്ടിട്ടുള്ള അനേകം സുന്ദരികളുടെ ഭാവവും മുഖവും തനിക്കുണ്ടെന്ന് അവള്‍ ഭാവനയില്‍ കണ്ടുകൊണ്ടിരുന്നു. തന്റെ മുഖം ഒഴികെയുള്ള സുന്ദരമുഖങ്ങളുടെ ആകെത്തുകയായിരുന്നു അപ്പോള്‍ അവള്‍. 
'എന്ത് പറ്റി?' അവന്റെ മുഖത്തിന് മുന്നിലേയ്ക്ക് സ്വന്തം മുഖം കൊണ്ടുവന്ന് അവന്റെ കണ്ണുകളിലേയ്ക്ക് നോക്കാന്‍ ശ്രമിക്കുന്നതിനിടെ അവള്‍ ഉച്ചത്തില്‍ ചിരിച്ചു. എന്തിനാണ് അനാവശ്യമായി താനപ്പോള്‍ ചിരിച്ചത് എന്നാലോചിച്ച് അവള്‍ പോലും അമ്പരന്നു. 
'എന്റെ ഒരു കൂട്ടുകാരനെ കാണാതെയായിട്ട് കൊറേയായ്. അവന്‍ മലയാളിയല്ല, മണിപ്പൂരുകാരനാണ്. ഞങ്ങള്‍ടെ കോളനീന്നു എറങ്ങണ മുടുക്കിന്റ വശത്ത് ഒരു രണ്ടു നിലക്കെട്ടിടം ഒണ്ട്. പൊറത്തു നിന്ന് വരണ പണിക്കാര്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കണ കെട്ടിടം. അവടേണ് അവന്‍ താമസിച്ചിരുന്നത്. പണ്ടേ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു വേണ്ടി അടിയൊണ്ടാക്കാനും വസ്തു പിടിച്ചോണ്ട് വരാനുമൊക്ക ഞങ്ങള കോളനീന്നാണ് ആള് പൊയ്‌ക്കൊണ്ടിരുന്ന. ഇപ്പം കൊറഞ്ഞ പൈസ കൊടുത്താ മതിയെന്നകൊണ്ട് പാര്‍ട്ടിക്കാര് അവന്മാരേം വിളിക്കും. അവന്മാര്‍ക്ക് തുള്ളി പൈസേം കുടിക്കാനും വാങ്ങിച്ചു കൊടുത്താ മതി. പോണ സമയത്ത് അവന്മാരും നമ്മളെ കൂടത്തന്ന വരണത്. പിന്നെ കൂട്ടായപ്പോ കൊറേപ്പേരൊക്കെ ഇടയ്ക്ക് കോളനി വരും. യാങ്ബ അങ്ങനെ വരാറുണ്ടായിരുന്ന്. താങ്താ എന്ന് കേട്ടിട്ടോണ്ടാ?'
'ങേ?' അവന്‍ എന്താണ് ചോദിച്ചതെന്ന് അനിതയ്ക്ക് മനസ്സിലായില്ല. മനസ്സിലാവായ്കയില്‍ തുറന്ന വായടയ്ക്കാന്‍ അവള്‍ മറന്നു. രതീഷ് സിമന്റ് സ്ലാബില്‍ അവള്‍ക്കരുകിലായി കമിഴ്ന്നു കിടന്നു. യാങ്ബായുടെ കഥപറഞ്ഞുതീരും വരെയും അവന്‍ ആ കിടപ്പുകിടന്നു.
***********
യാങ്ബ മൂന്നുവര്‍ഷക്കാലം സര്‍ക്കസിലെ ഒരഭ്യാസിയായിരുന്നു. കണ്ണൂരില്‍ നിന്നുള്ളൊരു സര്‍ക്കസ് കമ്പനിയിലെ മാനേജരാണ് അവനേയും അവന്റെ നാട്ടുകാരായ മറ്റു മൂന്നുപേരേയും അക്രോബാറ്റിക് പെര്‍ഫോമന്‍സിനായി സര്‍ക്കസിലേക്കു റിക്രൂട്ട് ചെയ്തത്. അവരെല്ലാം തന്നെ താങ്താ കായിക അഭ്യാസികളായിരുന്നു. മണിപ്പൂരിലെ ഒരു കുഗ്രാമത്തില്‍ വളര്‍ന്നവനാണവന്‍, യാങ്ബ. ഗോത്ര സ്വഭാവമുള്ള അന്നാട്ടില്‍ അവരുടെ നാട്ടിലെ ചെറുപ്പക്കാരിലധികവും കുട്ടിക്കാലം മുതല്‍ക്കു തന്നെ കായികാഭ്യാസം പരിശീലിച്ചു തുടങ്ങും. വളരെ ദരിദ്രമായ ചുറ്റുപാടില്‍ വളര്‍ന്ന അവന്‍ മുതിര്‍ന്നപ്പോള്‍ നാട്ടിലെ പല ചെറുപ്പക്കാരേയും പോലെ വയലില്‍ പണിയെടുത്തു. അങ്ങനെയിരിക്കെയാണ് സര്‍ക്കസിലേയ്ക്ക് റിക്രൂട്ട് ചെയ്യാനായി ഒരു സര്‍ക്കസ് മാനേജര്‍ അവിടെയെത്തുന്നത്. യാങ്ബായേക്കാളും തടിമിടുക്കുള്ളവര്‍ ഉണ്ടായിട്ടും കൂട്ടത്തിലൊരാളായി അവനെ മാനേജര്‍ തെരഞ്ഞെടുക്കാനുണ്ടായ സാഹചര്യം അവന്റെ അതിസുന്ദരമായ മുഖം തന്നെയാണ്. അവന്‍ നല്ല അഭ്യാസിയല്ലെന്നല്ല അതിനര്‍ത്ഥം. അതിനുമുപരി അവനൊരു സുന്ദരനാണ്. ഷോ ബിസിനസില്‍ അതും ഗുണം ചെയ്യും എന്ന് മാനേജര്‍ക്കറിയാം. 

മൂന്ന് വര്‍ഷത്തോളം സര്‍ക്കസില്‍ ജോലി ചെയ്തപ്പോഴാണ് സ്വാതന്ത്ര്യം എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കെന്താണ് എന്ന് യാങ്ബായ്ക്കു മനസ്സിലായത്. കൂട്ടിലകപ്പെട്ട വന്യമൃഗത്തിന്റെ ദയനീയത അവന്റെ ദിനങ്ങള്‍ക്കുണ്ടായിരുന്നു. ദിവസേനയുള്ള മൂന്ന് പെര്‍ഫോമന്‍സ് കഴിയുമ്പോഴേയ്ക്കും ശരീരത്തിലെ ഓരോ ഞരമ്പും വേദനകൊണ്ട് പുളയും. എന്നാലും സ്‌റ്റേജില്‍ ഓരോ തവണ കയറുമ്പോഴും അഭിമാനംകൊണ്ട് ശരീരം ത്രസിക്കും. എങ്കിലും സര്‍ക്കസിലെ കരാര്‍ സമയം കഴിഞ്ഞ് കൂട്ടുകാര്‍ അത് പുതുക്കാന്‍ തീരുമാനിച്ചപ്പോള്‍ യാങ്ബാ അത് വേണ്ടെന്നു വച്ചു. നല്ല വസ്ത്രം ധരിച്ചു കാഴ്ചക്കാരെ ഭ്രമിപ്പിക്കുന്നതില്‍ ഹരമുണ്ടെങ്കിലും അത് ചെയ്താല്‍ കിട്ടുന്ന തുച്ഛമായ കൂലി അവനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. മാത്രമല്ല, മുഴുവന്‍ സമയവും സര്‍ക്കസ് മാനേജരുടെ നോട്ടത്തിനു കീഴിലാണവര്‍. സ്ത്രീകളോട് സംസാരിക്കാന്‍ കഴിയില്ല. ഇഷ്ടപ്രകാരം ഇറങ്ങി നടക്കാന്‍ കഴിയില്ല.  കോഴിക്കോട് സര്‍ക്കസ് കളിക്കുന്ന സമയത്തു പരിചയപ്പെട്ട ഒരു ഇലക്ട്രീഷ്യനാണ് അവനു ഒരു ഹോട്ടലില്‍ വെയിറ്ററായി ജോലി ശരിയാക്കിക്കൊടുത്തത്. 

ഒരു ദിവസം ഹോട്ടലില്‍ സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ധനികന്‍ അവനെ അടുത്ത് വിളിച്ചു. തിരുവനന്തപുരത്തു നല്ല ജോലി കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. ഇപ്പോള്‍ കിട്ടുന്നതിലും കൂടുതല്‍ കാശ് കൊടുക്കും എന്ന് ഉറപ്പുകൊടുത്തു. അന്ന് രാത്രി അവര്‍ തിരുവനന്തപുരത്തേക്ക് പുറപ്പെടുമ്പോള്‍ അവനും കൂടെക്കൂടി. ഒരുപാട് ബിസിനസ് ഇടപാടുകളുള്ള വളരെ പിടിപാടുകളുള്ള ലോഹിതാക്ഷന്‍ തമ്പിയായിരുന്നു അയാള്‍. അയാളുടെ നിയന്ത്രണത്തില്‍ പല നദികളില്‍നിന്നും അനധികൃതമായും അല്ലാതെയും മണല്‍വാരല്‍ നടക്കുന്നുണ്ടായിരുന്നു. അതിലേക്കാണ് അയാള്‍ യാങ്ബയെ കൂട്ടിയത്. മറ്റു മണല്‍വാരല്‍ സംഘങ്ങളില്‍നിന്നും കരയിലേയ്ക്ക്  വാരിയിട്ട മണലിനു കാവല്‍നില്‍ക്കലാണ് പ്രധാന പണി. അതിനനുബന്ധമായുണ്ടാകുന്ന തല്ലുപിടിയില്‍ അവനും ഭാഗഭാക്കായി. നഗരത്തിലെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയുമായും ലാന്‍ഡ് മാഫിയയുമായും ബന്ധമുണ്ടായിരുന്ന ആ ധനികന്റെ പ്രധാന കൂലിത്തല്ലുകാരന്‍ എന്ന നിലയിലേക്കാണ് അവനു പ്രമോഷന്‍ കിട്ടിയത്. 

എന്നാല്‍, ജോലിക്കെടുക്കുന്നതിനുമപ്പുറം അയാള്‍ക്ക് യാങ്ബായില്‍ താല്പര്യം ഉണ്ടായിരുന്നു. വൈകിയാണ് യാങ്ബായ്ക്ക് അത് മനസ്സിലായത്. പ്രത്യേകിച്ച് വിരോധമോ എന്തെങ്കിലും ഇഷ്ടമോ തോന്നാതെ പലപ്പോഴും യാങ്ബാ അയാളുടെ കൂടെക്കിടന്നു. തിയേറ്ററുകളില്‍ ബോളിവുഡ് സിനിമകള്‍ കളിക്കുമ്പോള്‍ അതിലെ നടിമാരെ കാണാന്‍ വേണ്ടി മാത്രം അവന്‍ ടിക്കറ്റെടുത്ത് സിനിമാഹാളില്‍ കയറി. സര്‍ക്കസിലായിരുന്നപ്പോള്‍ അവനെ തിളങ്ങുന്ന കണ്ണുകള്‍കൊണ്ട് നോക്കിയ പെണ്‍കുട്ടികളേയും സ്ത്രീകളേയും അവന്‍ ഓര്‍ത്തു. സ്വന്തം നാട്ടിലെ സുന്ദരികളായ പെണ്‍കുട്ടികളെ ഓര്‍ത്തു. അപ്രാപ്യമായ എന്തിനെയോ അവഗണിക്കാനെന്നോണം അവന്‍ തല കുനിച്ചു നടന്നു. അവന്റെ ബലിഷ്ഠമായ ചുമലുകളും നെഞ്ചും എപ്പോഴും അകത്തേയ്ക്കു ഉള്‍വലിഞ്ഞു. മാസാമാസം കിട്ടുന്ന തുകയുടെ നല്ലൊരു പങ്ക് അവന്‍ വീട്ടിലേക്കയക്കുമായിരുന്നു. മഞ്ഞള്‍ തേച്ചപോലുള്ള അവന്റെ ദേഹം നാള്‍ക്കുനാള്‍ തിളക്കം വച്ച് വന്നു. ഇതിനിടെ അവന്‍ ദാദാ എന്ന് വിളിക്കുന്ന അവന്റെ മുതലാളിയുടെ സന്തതസഹചാരിയായി മാറിയിരുന്നു അവന്‍. ദാദായോടു അവന് വിധേയത്വത്തെക്കാള്‍ കൂടുതല്‍ ഒരച്ഛനോടെന്നപോലെ ഒരുതരം മമതയുമുണ്ടായിരുന്നു എന്ന് പറയുന്നതാണ് ശരി. ഒരു വല്യ ഗോപുരത്തിനു താഴെനിന്നു മുകളിലേക്ക് നോക്കുന്ന കുട്ടിയെപ്പോലെ അവന്‍ അധീരനാകും അയാളെ കാണുമ്പോള്‍. എങ്കിലും ഭക്ഷണം കഴിക്കുമ്പോള്‍ പോലും വായില്‍ കയ്ക്കുന്ന ശുക്ലത്തിന്റെ ഗന്ധം മറയ്ക്കാന്‍ അവന്‍ മീട്ടാപാന്‍ വാങ്ങിച്ചവയ്ക്കും. 

'അത് വാങ്ങിച്ചു തിന്നുന്നേക്ക ശരി; വേറെ കൂറ സാധനങ്ങള്‍ ഒന്നും വാങ്ങിച്ചു തിന്നേക്കരുത്. പൊറത്തുന്നു വരുന്ന ചെറുക്കമ്മാര് മൊത്തം ഓരോ വൃത്തികെട്ട നാറ്റമുള്ള സാധനങ്ങള്‍ വാങ്ങിച്ച് വാ വൃത്തികേടാക്കും.' അവനെ ചുംബിക്കുന്ന സമയങ്ങളിലൊക്കെ അയാള്‍ അവനെ താക്കീതു ചെയ്യും.
കോളനിയിലുള്ള വിന്‍സ്റ്റണ്‍ ലോഹിതാക്ഷന്‍ തമ്പിയുടെ ഡ്രൈവറാണ്. തമ്പിയുടെ സ്വര്‍ണ്ണക്കടകളിലേക്കുള്ള കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണം വണ്ടിയില്‍ നിശ്ചിത സ്ഥലത്തേയ്ക്ക് എത്തിക്കുന്നത് വിന്‍സ്റ്റണാണ്. പലപ്പോഴും യാങ്ബാ വിന്‍സ്റ്റന്റെ കൂടെ എസ്‌കോര്‍ട്ട് പോകാറുണ്ട്. വിന്‍സ്റ്റണ്‍ വഴിയാണ് രതീഷിനു യാങ്ബായെ പരിചയം. ഇടയ്‌ക്കൊക്കെ വിന്‍സ്റ്റന്റെ കൂടെ അവന്‍ കോളനിയില്‍ വരും. കോളനിയിലെ ഡാന്‍സ് ട്രൂപ്പിലെ കുട്ടികളെ അവന്‍ താങ്താ പഠിപ്പിക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്. അങ്ങനെ പഠിപ്പിക്കാന്‍ വരുന്ന ദിവസങ്ങളില്‍ അവന്‍ വിന്‍സ്റ്റന്റെ വീട്ടില്‍ കിടക്കാറുണ്ട്. ഇതിനിടയില്‍ എപ്പോഴോ വിസ്റ്റന്റെ സഹോദരിയുമായി യാങ്ബാ പ്രണയത്തിലായി. യാങ്ബാ പ്രണയത്തിലായെന്ന് പറയുന്നതിനേക്കാളും ആ പെണ്‍കുട്ടി പ്രണയത്തിലായി എന്ന് പറയുന്നതാവും ശരി. അങ്ങനെയല്ലാത്ത ഒരു പെണ്ണും ആ കോളനിയിലില്ല എന്ന് പറയുന്നതാവും അതിലും ശരി. യാങ്ബാ വായുവില്‍ ശരീരം കൊണ്ട് കളം വരയ്ക്കുന്നത് നോക്കി നിന്നുപോകാത്ത ഒരു ജീവനും അവിടെയില്ല. കോളനിയിലെ പെണ്ണുങ്ങളുടെ കൈവിരലുകളില്‍ കറിക്കത്തി വരഞ്ഞു കീറുന്നത് പതിവായി. യാങ്ബാ ക്ലാസ് എടുക്കുമ്പോള്‍ പെണ്ണുങ്ങള്‍ വൈകുന്നേരത്തിനുള്ള കറിക്കരിയാനുള്ള പച്ചക്കറികളുമായി അവിടെപ്പോയിരിക്കും. ആ ക്ലാസ്സെടുക്കലുകള്‍ കോളനിയുടെ ഒരു ഒത്തുകൂടലായി മാറാന്‍ സമയം അധികം വേണ്ടിവന്നില്ല. വിന്‍സ്റ്റണ്‍ ഇടഞ്ഞേക്കും എന്നറിയാമായിരുന്നിട്ടും യാങ്ബാ ആ ബന്ധത്തിലേക്ക് കൂപ്പുകുത്തി വീണു. 
അതിശക്തമായ അവളുടെ സ്‌നേഹപ്രകടനത്തെ ചെറുക്കാന്‍ കഴിയാത്തവിധം ദരിദ്രവും പൊള്ളയുമായ അസ്തിത്വമായിരുന്നു അവന്റേത്. അവന്‍ ഇടയ്ക്കിടയ്ക്ക് വിന്‍സ്റ്റന്റെ വീട്ടില്‍ വരുന്നത് അവളെ കാണാന്‍ വേണ്ടി മാത്രമായി. 
പ്രണയത്തിലായ ഹൃദയത്തെ ഒറ്റിക്കൊടുക്കാനെന്നോണം ശരീരം എന്തുകൊണ്ടാണ് ഇങ്ങനെ പണിയെടുക്കുന്നത്? യാങ്ബാ വീട്ടില്‍ വരുന്നത് ഒഴിവാക്കാന്‍ വിന്‍സ്റ്റണ്‍ ശ്രമം തുടങ്ങി. ഒരു പരദേശി എന്നതുകൊണ്ടു മാത്രമല്ല, തമ്പിയുമായി യാങ്ബായ്ക്കു എന്തോ ബന്ധമുണ്ട് എന്ന് വിന്‍സ്റ്റണ് അറിയാം. യാങ്ബാ സ്വവര്‍ഗ്ഗാനുരാഗിയാണെന്നാണ് അതുവരെ വിന്‍സ്റ്റണ്‍ വിചാരിച്ചിരുന്നത്. തന്റെ സഹോദരിയില്‍ പെട്ടെന്നുണ്ടായ മാറ്റം തിരിച്ചറിയാന്‍ അയാള്‍ക്ക് വല്യ പ്രയാസം ഒന്നുമുണ്ടായില്ല. എന്നാല്‍, യാങ്ബായുടെ ഭാഗത്തുനിന്ന് അതിനനുകൂലമായ പെരുമാറ്റം കണ്ടുതുടങ്ങിയതില്‍ പിന്നെയാണ് വിന്‍സ്റ്റണ്‍ യാങ്ബായെ ഒഴിവാക്കാന്‍ തുടങ്ങിയത്. എങ്കിലും യാങ്ബാ പലപ്പോഴും ആ പെണ്‍കുട്ടി ജോലിക്കു പോകുന്ന സ്ഥലത്തുപോയി അവളെ കണ്ടു. അങ്ങനെയിരിക്കെ യാങ്ബാ താമസിക്കുന്ന കെട്ടിടത്തില്‍ ആ പെണ്‍കുട്ടിയെ കണ്ടു എന്ന് ആരോ വിന്‍സ്റ്റനോടു പോയി പറഞ്ഞുകൊടുത്തു. വിന്‍സ്റ്റണ്‍ വെട്ടുകത്തിയുമെടുത്ത് അന്യദേശത്തൊഴിലാളികള്‍ താമസിക്കുന്ന ആ കെട്ടിടത്തിലേയ്ക്ക് കയറി. പക്ഷേ, അയാള്‍ അവിടെ ചെന്നപ്പോള്‍ യാങ്ബായോ ആ പെണ്‍കുട്ടിയോ അവിടെ ഉണ്ടായിരുന്നില്ല. യാങ്ബാ സാധനങ്ങള്‍ ഒക്കെ എടുത്ത് പെണ്‍കുട്ടിയേയും കൂട്ടി എങ്ങോട്ടേക്കോ പോയിയെന്ന് കെട്ടിടത്തില്‍ താമസിക്കുന്ന ഒരുത്തന്‍ പറഞ്ഞു. വിന്‍സ്റ്റണ്‍ അവര്‍ പോയിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ വണ്ടിയോടിച്ചു. ഒരിടത്തും കാണാഞ്ഞു തിരികെ വീട്ടിലെത്തുമ്പോള്‍ യാങ്ബായും പെണ്‍കുട്ടിയും വീട്ടില്‍ ഉണ്ട്. വിന്‍സ്റ്റന്റെ അമ്മ ഒരിടത്തിരുന്നു കരഞ്ഞു പ്രാകുന്നു. കുറേപ്പേര്‍ വീടിനു പുറത്ത് നില്‍പ്പുണ്ട്. യാങ്ബായെ കണ്ടപാടെ വിന്‍സ്റ്റണ്‍ വെട്ടുകത്തി വീശി. ഒഴിഞ്ഞുമാറിയ യാങ്ബായെ കോളനിയിലുള്ള ചില ചെറുപ്പക്കാര്‍ പിടിച്ചു വച്ചു. എല്ലാവരും കൂടിച്ചുച്ചേര്‍ന്നു ആ ചെറുപ്പക്കാരനെ തല്ലിച്ചതച്ചു. 
'വീട്ടി കൊണ്ട് തിന്നാന്‍ തന്നതിന്റെ നന്ദിയാണല്ലേടാ തെണ്ടി?'
'ലീനക്ക് കൊടുക്കാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല. അവളെ തിരിച്ചുകൊണ്ട് വിട്ടതാണ്.' പൊളിഞ്ഞ മലയാളത്തില്‍ അവന്‍ കിടന്നകിടപ്പില്‍ പറഞ്ഞു. വിന്‍സ്റ്റണ്‍ കുറേ നേരം രക്തമൊലിച്ചു കിടന്ന അവനെ കണ്ണ് തുറിച്ചു നോക്കിനിന്നു.

'പക്ഷെ, എനിക്ക് ലീനയെ ഇഷ്ടമാണ്.' യാങ്ബായുടെ ചോരപതഞ്ഞ ശബ്ദം കേട്ടതും വിന്‍സ്റ്റണ്‍ കാലുപൊക്കി യാങ്ബയെ തൊഴിച്ചു. പെണ്‍കുട്ടി വീട്ടിനുള്ളിലെ അടഞ്ഞ മുറിയില്‍ക്കിടന്ന് അലമുറയിട്ടു. പക്ഷേ, അപ്രതീക്ഷിതമായി യാങ്ബാ ചാടിയെണീറ്റ് വിന്‍സ്റ്റന്റെ കയ്യിലെ വെട്ടുകത്തി പിടിച്ചുവാങ്ങി ചുഴറ്റി. തലങ്ങും വിലങ്ങും ചുഴറ്റി ചുറ്റുമുള്ള ആള്‍ക്കാരെ വകഞ്ഞ് അയാള്‍ ഇടവഴിയിലൂടെ ഇറങ്ങിയോടി. അവന്‍ എങ്ങോട്ടേയ്ക്കാണ് പോയതെന്ന് ആര്‍ക്കും ഒരു രൂപവുമുണ്ടായില്ല. അടുത്ത മാസത്തിനുള്ളില്‍ പെണ്‍കുട്ടിയുടെ വിവാഹവും നടന്നു. വിന്‍സ്റ്റന്റെ തന്നെ സുഹൃത്താണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ലോഹിതാക്ഷന്‍ തമ്പിയുടെ ആള്‍ക്കാര്‍ സിറ്റി മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും യാങ്ബായുടെ പൊടിപോലും കണ്ടെത്താനായില്ല. യാങ്ബാ തിരിച്ചുവരുമെന്ന് അയാള്‍ പ്രതീക്ഷിച്ചു. അയാള്‍ അവനേയും പ്രതീക്ഷിച്ച് വീട്ടില്‍ത്തന്നെയിരുപ്പായി. ബിസിനസ്സിലുള്ള അയാളുടെ താല്പര്യം ക്രമേണ കുറഞ്ഞുവന്നു. അയാളുടെ ഭാര്യയും മകളും അയാള്‍ക്കുണ്ടായ മാറ്റം കണ്ടമ്പരന്നു. എന്നെങ്കിലും യാങ്ബയെ കണ്ടാല്‍ ഉപദ്രവിക്കരുതെന്നും അയാളുടെ അടുത്തേയ്ക്കു കൊണ്ടുവരണമെന്നും വിന്‍സ്റ്റനോട് അയാള്‍ ആവശ്യപ്പെട്ടിരുന്നു.

പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞ് കുറേനാള്‍ക്കുശേഷം ഒരു മുടക്കിനടുത്തുവച്ചു വിന്‍സ്റ്റണ്‍ യാങ്ബായെ കണ്ടു. അവന്‍ ഒരു പ്ലാസ്റ്റിക് കവറില്‍ എന്തോ പൊതിഞ്ഞുപിടിച്ച് ഒരു മുടുക്ക് വളഞ്ഞ് വിജനമായ ഒരു വഴിയിലേക്ക് കയറുകയായിരുന്നു. തലയില്‍ തുണിയിട്ടു മറച്ചിട്ടും വിന്‍സ്റ്റണ് ആളെ മനസ്സിലായി. ഷോര്‍ട്ട് പാന്റ്‌സ് ധരിച്ചിരുന്ന അവന്റെ കാല്‍വണ്ണയിലെ വ്യാളിയുടെ പച്ചകുത്തിയ തല വിന്‍സ്റ്റണ്‍ തിരിച്ചറിഞ്ഞു. വിന്‍സ്റ്റണ്‍ ബൈക്ക് മുടുക്കിനുള്ളിലേയ്ക്ക് കയറിയതും യാങ്ബാ തിരിഞ്ഞുനോക്കി. വിന്‍സ്റ്റനെ കണ്ടതും അവന്‍ ഓടാന്‍ തുടങ്ങി. വശത്തുള്ള മതില്‍ ചാടിക്കടന്ന് യാങ്ബാ എങ്ങോട്ടേക്കോ അപ്രത്യക്ഷനായി. ആ സാഹചര്യത്തില്‍ യാങ്ബായെ പിന്തുടരുന്നതിനു പ്രത്യേകിച്ച് ന്യായീകരണമൊന്നും വിന്‍സ്റ്റനും തോന്നിയില്ല. അയാള്‍ തിരികെപ്പോന്നു. നേരെപോയി ലോഹിതാക്ഷന്‍ തമ്പിയോട് കാര്യം പറഞ്ഞു. അപ്പോഴേയ്ക്കും ആ സീസണിലെ ആദ്യത്തെ വേനല്‍മഴ ഭൂമിയെ വിറപ്പിച്ചുകൊണ്ട് പെയ്തിറങ്ങി. 

യാങ്ബായെ കണ്ട സ്ഥലത്ത് തന്നെക്കൊണ്ടാക്കാന്‍ തമ്പി വിന്‍സ്റ്റനോട് ആവശ്യപ്പെട്ടു. പെരുമഴയത്ത് കാറുമെടുത്ത് വിന്‍സ്റ്റണ്‍ കുറച്ചുമുന്‍പ് യാങ്ബായെ കണ്ട സ്ഥലത്തിനടുത്തെത്തിയപ്പോള്‍ വിന്‍സ്റ്റന്റെ സഹോദരി ആ വഴിയിലൂടെ നടന്നുപോകുന്നതവര്‍ കണ്ടു. കുട പിടിച്ചിരുന്നെങ്കിലും പെരുമഴയത്ത് അവള്‍ നനഞ്ഞുകുളിച്ചിരുന്നു. തമ്പിക്ക് അവളാരാണെന്നു ആദ്യം മനസ്സിലായിരുന്നില്ല. വിന്‍സ്റ്റന്റെ മുഖഭാവം കണ്ടപ്പോള്‍ അയാളാണ് അങ്ങോട്ട് ചോദിച്ചു മനസ്സിലാക്കിയത്. അവര്‍ കുറേ നേരം വണ്ടി ഒരിടത്ത് നിര്‍ത്തി കാത്തുകിടന്നു. പണിതീരാത്ത കെട്ടിടം നിന്നിരുന്ന പുരയിടത്തിലേയ്ക്ക് നയിക്കുന്ന വഴിയിലേക്ക് അവള്‍ കയറുന്നതവര്‍ കണ്ടു. വണ്ടി ഒരിടത്ത് നിര്‍ത്തി രണ്ടു പേരും അവള്‍ പോയ ഇടം നോക്കി നടന്നു. അവര്‍ അവിടെയെത്തിയതും അരക്കൊപ്പം വെള്ളം കയറിക്കിടന്ന കെട്ടിടത്തിനു മുന്നിലെ വെള്ളക്കെട്ടിലൂടെ അവള്‍ പ്രയാസപ്പെട്ടു മുന്നോട്ടു നീങ്ങുകയായിരുന്നു. കെട്ടിടത്തിലെ സിമന്റ് പൊടി നിറഞ്ഞ പടികളിറങ്ങി വരുന്ന യാങ്ബായേയും മങ്ങിയ വെളിച്ചത്തില്‍ അവര്‍ കണ്ടു. അതുകണ്ടു കലികൊണ്ട വിന്‍സ്റ്റണ്‍ കയ്യിലിരുന്ന കുട ദൂരേക്കെറിഞ്ഞ് 'എടീ' എന്ന് ഉച്ചത്തില്‍ അലറിക്കൊണ്ട് പെരുമഴയത്ത് മുന്നോട്ടോടി. പെണ്‍കുട്ടിയും യാങ്ബായും അത് കേട്ടു. പെണ്‍കുട്ടി പരിഭ്രാന്തയായി കെട്ടിടത്തിന്റെ ഓരത്തുകൂടി പുറകിലേക്കോടി. യാങ്ബാ കെട്ടിടത്തിന് മുകളിലേയ്ക്കും. എന്താണ് ചെയ്യേണ്ടതെന്നറിയാതെ തമ്പി മഴയത്ത് നനഞ്ഞൊലിച്ച് നിന്നിടത്തു തന്നെ നിന്നു. 


പെണ്‍കുട്ടിയെ തിരഞ്ഞു കെട്ടിടത്തിനു പുറകിലെത്തിയ വിന്‍സ്റ്റണ്‍ അവിടെ വശത്തായി ഒഴുകിയിരുന്ന കനാലിലെ വെള്ളപ്പാച്ചിലില്‍ സഹോദരി ഒഴുകിപ്പോകുന്നത് കണ്ട് അതിലേക്കു എടുത്ത് ചാടി. കുത്തൊഴുക്കില്‍ നീന്തി എങ്ങനെയോ കരയിലൊരിടത്ത് എത്തിപ്പെട്ടപ്പോഴേയ്ക്കും അയാള്‍ തളര്‍ന്നടിഞ്ഞുപോയിരുന്നു. പിറ്റേ ദിവസം കനാല്‍ ആറിലേയ്ക്കിറങ്ങുന്ന ഭാഗത്തു മരക്കമ്പുകള്‍ക്കിടയില്‍ തങ്ങിനിന്ന ഒരു പെണ്‍കുട്ടിയുടെ ജഡം നാട്ടുകാര്‍ കരയിലേക്ക് വലിച്ചുകയറ്റിയിട്ടു. തലേന്ന് യാങ്‌ബെയെ പിന്തുടര്‍ന്നു കെട്ടിടത്തിനു മുകളിലേയ്ക്കു കയറിയ തമ്പിക്ക് അവനെ കണ്ടെത്താനായിരുന്നില്ല. കെട്ടിടത്തിലെ പണിതീരാത്ത ഫ്‌ലാറ്റുകളിലെല്ലാം അയാള്‍ കയറിയിറങ്ങി. പണിതീരാത്ത ആ കെട്ടിടത്തിന്റെ ആകാശത്തേയ്ക്ക് നീണ്ട അവസാനത്തെ പടിയില്‍ കയറിനിന്ന് അയാള്‍ 'മോനേ....' എന്ന് നീട്ടി നിലവിളിച്ചു. താഴെ ഇരമ്പിയൊഴുകുന്ന കനാലിലേക്ക് എടുത്ത് ചാടാന്‍ പലതവണ അയാള്‍ക്കു ഉള്‍പ്രേരണയുണ്ടായി. എങ്കിലും കെട്ടിടത്തിനുള്ളിലെവിടെയോ യാങ്ബാ ഒളിച്ചിരിപ്പുണ്ടെന്ന ചിന്തയില്‍ അയാള്‍ വീണ്ടും അതിനുള്ളില്‍ തിരയാന്‍ തുടങ്ങി. കണ്ണുകാണാത്ത ഇരുട്ടില്‍ പലപ്പോഴും അയാള്‍ കാല്‍ തെറ്റി വീണു. അയാളുടെ ഓരോ നിലവിളിയിലും കെട്ടിടം കടവാതിലുകളെക്കൊണ്ട് ആത്മാവുകളെ ഉണര്‍ത്തിച്ചു. അന്നു രാത്രി മുഴുവന്‍ അവിടെത്തന്നെയിരുന്നു കരഞ്ഞുകൊണ്ടിരുന്ന അയാള്‍ വെളുപ്പാന്‍കാലത്തിറങ്ങി നടന്നു വീട്ടിലെത്തി. അയാളെ കാത്ത് പരിഭ്രമിച്ചിരുന്ന ഭാര്യയുടേയും മകളുടേയും മുന്നിലൂടെ നടന്ന് അയാള്‍ തന്റെ മുറിയിലേയ്ക്ക് കയറി. അതില്‍പ്പിന്നെ അയാള്‍ ആ വീട് വിട്ട് പുറത്തിറങ്ങിയിട്ടില്ല.
***
ജീവിതത്തിന്റെ മുഴുവന്‍ അനിശ്ചിതത്വവും മടുപ്പും പേറിയ രാത്രിശകടം പകല്‍പ്പണിയുടെ വിയര്‍പ്പില്‍ പുഴുങ്ങി നാറി. രതീഷിനുള്ള ടിക്കറ്റ് കൂടി അനിതയാണെടുത്തത്. രതീഷ് കുറച്ച് മാറി പുറകില്‍ നില്‍പ്പുണ്ട്. അനിതയടക്കം ആകെ മൂന്നു സ്ത്രീകളാണ് ബസിനുള്ളില്‍ ഉള്ളത്. മറ്റു രണ്ടുപേരും സീറ്റില്‍ ഇരിക്കുകയാണ്. അനിതയ്ക്കു ചുറ്റും പുരുഷന്മാരുടെ ഒരു കോട്ടയാണ്. അവള്‍ കയ്യില്‍ തൂക്കിപ്പിടിച്ചിരുന്ന പ്ലാസ്റ്റിക് ബാഗ് കാല്‍പ്പത്തിക്ക് മുകളില്‍ വച്ച് ഹാന്‍ഡ്ബാഗ് ഒരു കൈകൊണ്ട്  നെഞ്ചത്ത് ചേര്‍ത്ത് പിടിച്ചു. ചുറ്റും നില്‍ക്കുന്ന പലരും മദ്യപിച്ചിരുന്നു എന്നത് അവളില്‍ ഭയപ്പാടുണ്ടാക്കി. അവള്‍ ഏന്തിവലിഞ്ഞ് രതീഷിനെ നോക്കി. അയണ്‍റോഡില്‍ മുറുക്കിപ്പിടിച്ച കറുത്ത് മെലിഞ്ഞ അവന്റെ കൈ മാത്രം അവള്‍ക്കു കാണാന്‍ കഴിഞ്ഞു. ബസില്‍ കയറുന്നതുവരെയും അവളുടെ മനസ്സില്‍ യാങ്ബായും അവന്റെ കഥയിലെ മറ്റു കഥാപാത്രങ്ങളുമായിരുന്നു നിറഞ്ഞുനിന്നിരുന്നത്. ബസിലെ ആണ്‍തിരക്കിനുള്ളില്‍ ആ കഥയുടെ പ്രപഞ്ചം ആവിയായിപ്പോയി. ആരോ അവളുടെ യോനിയില്‍ കൈവിരലുകള്‍കൊണ്ട് പരതുന്നത് അവള്‍ക്കറിയാന്‍ കഴിഞ്ഞു. തിരക്കില്‍ അവള്‍ ഞെട്ടിത്തിരിയുമ്പോഴെല്ലാം ആ വിരലുകള്‍ ഞൊടിയിടെ പിന്‍വലിഞ്ഞു. ചുറ്റും നില്‍ക്കുന്ന അന്യദേശത്തൊഴിലാളികളെ അവള്‍ തുറുപ്പിച്ച കണ്ണുകൊണ്ടു നോക്കി. ഒടുവില്‍ അവള്‍ ആളെ തിരിച്ചറിഞ്ഞു. തൊട്ടുമുന്നില്‍ ഭാവഭേദമൊന്നുമില്ലാതെ നില്‍ക്കുന്ന പത്തമ്പത്തിയഞ്ചു വയസ്സ് പ്രായമുള്ള ഒരു മനുഷ്യനാണ്. കണ്ടാല്‍ മാന്യന്‍. വീണ്ടും ആ വിരലുകള്‍ തന്റെ ശരീരത്തിന് നേരെ നീളുന്നതവളറിഞ്ഞു.
'തനിക്കെന്തെടോ കൊഴപ്പം?' അവള്‍ ഹാന്‍ഡ്ബാഗ് ചുഴറ്റി അയാളുടെ മോന്തയ്ക്കു തള്ളി. 
'എന്തെടീ നെനക്ക്?' അയാള്‍ ഒരു കൂസലുമില്ലാതെ കൈചൂണ്ടി അവള്‍ക്കു നേരെ കുതിച്ചു. 
ഇനിയിപ്പോ അയാളല്ലേ എന്ന് അവള്‍ ഉറപ്പായും ചിന്തിച്ചുപോയി. തനിക്കു തെറ്റ് പറ്റിയതാണോ? അതിനൊരു വഴിയും ഇല്ല, കുറച്ചു മുന്നേ അയാള്‍ കൈ വലിക്കുന്നത് അവള്‍ കണ്ടതാണ്. എന്തൊരു അഭിനയമാണ് ആ പന്നയുടേത്. ചുറ്റും നിന്ന അന്യദേശത്തൊഴിലാളികള്‍  കുറച്ച് മാറി അവളെ വിട്ടു നില്ക്കാന്‍ ശ്രമം നടത്തി. 

'ഇവിടെ എന്താ പ്രശ്‌നം?' കണ്ടക്ടര്‍ തിക്കിത്തിരക്കി വന്നു.
'എവളെ ഞാന്‍ കേറിപ്പിടിച്ചെന്ന്!' ആ മനുഷ്യന്‍ ഒരുളുപ്പും ഇല്ലാതെ കണ്ടക്ടറോട് പറയുകയാണ്. 'കണ്ടാലും കേറിപ്പിടിച്ച് പോകും.' അയാള്‍ രോഷത്തോടെ തുള്ളുകയാണ്.
താന്‍ അയാളെപ്പിടിച്ച് തള്ളിയതിലുള്ള അരിശം അയാള്‍ തീര്‍ക്കുകയാണ്. അനിത കുറേ നേരം അയാളെ നോക്കിനിന്നു. കൊള്ളില്ലെങ്കില്‍ പിന്നെന്തിനു കേറിപ്പിടിച്ചു എന്നവള്‍ക്കു പോലും മനസ്സിലായില്ല. അവളറിയാതെ അവളുടെ കണ്ണിലൂടെ കണ്ണുനീര്‍ ഒഴുകിയിറങ്ങി. അത് കണ്ടിട്ടാണോ എന്തോ അയാള്‍ തിരിഞ്ഞ് അയാള്‍ക്ക് പിന്നിലെ തിരക്കിലേയ്ക്ക് മറഞ്ഞു. അവളുടെ കയ്യില്‍നിന്ന് വീണുപോയ ഹാന്‍ഡ്ബാഗ് അവിടെ നിന്നിരുന്ന ഒരാള്‍ എടുത്ത് കൊടുത്തു. പകലത്തെ കഠിനമായ പണിക്കൊടുവില്‍ തളര്‍ന്നുതൂങ്ങി സ്വന്തം കിടക്കകളിലേയ്ക്ക് യാത്ര ചെയ്യുന്ന പാവം പിടിച്ച ആണുങ്ങള്‍ക്ക് നടുവില്‍നിന്ന് അവള്‍ പിന്നെയും കരഞ്ഞു, അവള്‍ക്കു യാങ്ബായെ ഓര്‍മ്മവന്നു. മരിച്ചുപോയ ആ പെണ്‍കുട്ടിയേയും. അനിത പെട്ടെന്ന് ആ തിരക്കിലൂടെ ആള്‍ക്കാരെ വകഞ്ഞ് രതീഷ് നിക്കുന്നയിടത്തേയ്ക്കു പോയി നിന്നു. അവള്‍ കരയുന്നതു നിര്‍ത്തിയെങ്കിലും കണ്‍തടങ്ങളില്‍ കണ്ണുനീര്‍ അവശേഷിച്ചിരുന്നു. രതീഷ് അവളെ നോക്കി. അവന്‍ അവളുടെ ഹാന്‍ഡ് ബാഗ് വാങ്ങി കയ്യില്‍ പിടിച്ചു.

'അവിടെയെന്ത്! അടികൂടിയാ?' അവളൊന്നും പറഞ്ഞില്ല. പകരം രതീഷിന്റെ ഷര്‍ട്ടില്‍ അള്ളിപ്പിടിച്ചു. പുറത്തെ ഇരുട്ടിലേക്കു നോക്കുമ്പോഴും അവന്‍ പുഞ്ചിരിച്ചു. അമിതഭാരം കയറ്റിയ ബസ് കിതച്ചുകൊണ്ടിരുന്നു.
'അവിടെ റോഡില്‍ വച്ചിരിക്കുന്ന ഫ്‌ലക്‌സ്, സിനിമയൊക്കെ കഴിഞ്ഞാ, എന്ത് ചെയ്യും? കത്തിച്ച് കളയോ? പിന്നോട്ടോടുന്ന പുറത്തെ ഇരുട്ടിനെ നോക്കി നില്‍ക്കെ അവള്‍ അവനോടു ചോദിച്ചു.

'അത് കോളനീല ഏതെങ്കിലും വീട്ടില് കക്കൂസ് ചൊവരടിക്കാനാ പെരയ്ക്കു മേല്‍ക്കൂര കെട്ടാനാ ഒക്കെ എടുക്കും. കളയണേന്തിന്? നേതാക്കന്മാരും സൂപ്പര്‍സ്റ്റാറുകളും ഒക്കേണ് നമ്മളവിടെ കക്കൂസിലിരിക്കുമ്പോ  കാവല്‍ ഇരിക്കണത്.' അവന്‍ ചുമല്‍ കുലുക്കി ചിരിച്ചു.
ഹോസ്റ്റലിനു സമീപത്തെ ബസ് സ്റ്റാന്റില്‍ ഇറങ്ങിയശേഷം കുറേ നേരം അവര്‍ നിശ്ശബ്ദരായി അവിടെത്തന്നെ നിന്നു. 
'ആ മണിപ്പൂരിപ്പയ്യന്‍ എങ്ങോട്ടുപോയി?' അവള്‍ രതീഷിനോട് ചോദിച്ചു:
'ആര്‍ക്കറിയാം? ചെലപ്പോ ആ കെട്ടിടത്തില്‍ക്കാണും?'
'എന്നാ അവിടെപ്പോയി നോക്കിക്കൂടെ?'
'അവനവിടെ ഇല്ലെങ്കില്‍ പിന്നെ ഞാന്‍ എന്ത്‌ര് ചെയ്യും? മിക്കവാറും അവിടെന്നും കാണൂല്ല. ഇപ്പൊ അവിടെ ഉണ്ടെന്നെങ്കിലും ചുമ്മാ വിചാരിക്കാല്ലോ' രതീഷ് കാല്‍ക്കീഴില്‍ പൊടിപിടിച്ച് കിടന്നിരുന്ന ഒരൊറ്റച്ചെരുപ്പ് കാലുകൊണ്ട് തട്ടിക്കളിച്ചു. ഏതോ ചെറിയ കുഞ്ഞിന്റെ കളഞ്ഞുപോയ ചെരുപ്പാണ്. രതീഷ് ആ കൊച്ചു ചെരുപ്പ് കൈകളിലെടുത്ത് പിടിച്ചു. 
'എടുത്തോണ്ട് നടക്കുന്ന പിള്ളേര്‍ക്കൊക്കെ എന്തിനാണ് ചെരുപ്പ്? ഞാന്‍ പോട്ടെ!' രതീഷ് ചെരുപ്പ് ദൂരേക്കെറിഞ്ഞ് നടന്നകലുന്നത് നോക്കി അനിത നിന്നു. അവന്റെ ശബ്ദത്തില്‍നിന്ന് അവന്‍ കരയുകയാണെന്ന് അവള്‍ക്കു മനസ്സിലായിരുന്നു.
അടുത്ത ദിവസം വെളുപ്പാങ്കാലത്ത് തന്നെ ഉണര്‍ന്നു വീട്ടിലേയ്ക്കു പോണമല്ലോ എന്നോര്‍ത്ത് അനിത ഹോസ്റ്റലിലേക്ക് വേഗത്തില്‍ നടന്നു. ഹോസ്റ്റലിനു മുന്നിലെത്തിയപ്പോള്‍ മുകളിലത്തെ നിലയില്‍നിന്ന് പെണ്‍കുട്ടികളുടെ ബഹളം ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. മുകളിലേയ്ക്കുള്ള ഇടുങ്ങിയ കോണിപ്പടികള്‍ കയറവെ അവള്‍ക്ക് തന്റെ തന്നെ ചെരുപ്പിന്റെ ശബ്ദം അസഹനീയമായി തോന്നി. അടുത്ത നിമിഷം അവള്‍ കയ്യിലിരുന്ന പ്ലാസ്റ്റിക് കവറും ഹാന്‍ഡ്ബാഗും താഴേക്കിട്ടു. കാലിലെ തുണിച്ചെരുപ്പുകള്‍ കോണിപ്പടികള്‍ക്കു താഴെ ഊരിയെറിഞ്ഞു. താഴേക്കോ മുകളിലേയ്‌ക്കോ പോകാനാവാതെ അവള്‍ അവിടെത്തന്നെയിരുന്നു വാവിട്ടു കരയാന്‍ തുടങ്ങി. ഇടയ്ക്കിടെ റോഡിലൂടെ പോകുന്ന വണ്ടിവെളിച്ചം കണ്ണുകളെ പൊള്ളിക്കുന്നതു ഒഴിവാക്കാന്‍ അനിത പടിയില്‍ കമിഴ്ന്നുകിടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com