സരസ്വതീവിലാസം കാത്തിരിപ്പു കേന്ദ്രം: എസ്ആര്‍ ലാല്‍ എഴുതിയ കഥ

നഗരം തിരക്കിലേക്ക് കടക്കുന്നതേയുള്ളൂ. ട്രെയിന്‍ പതിവിലും ലേറ്റാണെന്നു പറഞ്ഞ് സഹയാത്രികരായ ചിലരൊക്കെ അസ്വസ്ഥരാകുന്നുണ്ടായിരുന്നു.
ചിത്രീകരണം- ചന്‍സ്
ചിത്രീകരണം- ചന്‍സ്

ട്രെയിനിറങ്ങി റോഡ് മുറിച്ചുകടന്ന് ഓട്ടോസ്റ്റാന്റിലേക്ക് നടന്നു. എത്രയോ നാള്‍ പരിചിതമായ നഗരത്തിലെന്നപോലെയാണ് അവനത് ചെയ്തത്. നഗരം തിരക്കിലേക്ക് കടക്കുന്നതേയുള്ളൂ. ട്രെയിന്‍ പതിവിലും ലേറ്റാണെന്നു പറഞ്ഞ് സഹയാത്രികരായ ചിലരൊക്കെ അസ്വസ്ഥരാകുന്നുണ്ടായിരുന്നു. ഓടിവരുന്ന ഓട്ടോകള്‍ക്കൊന്നിന് കൈകാണിക്കാവുന്നതേയുള്ളൂ. ഓട്ടോസ്റ്റാന്റിലേക്കുതന്നെ പോകാം എന്നു തീരുമാനിച്ചു. ഇനിയും എത്രയോ സമയമുണ്ട് ബാക്കി. നഗരക്കാഴ്ചകള്‍ ധാരാളമുണ്ട്. പക്ഷേ, മറ്റൊരിടത്ത് സമയം ചെലവഴിക്കാനൊന്നും അന്നേരം മനസ്സ് പാകപ്പെട്ടിരുന്നില്ല. തിരക്കിട്ടു പോകുന്നവര്‍ക്കായി വഴിയൊഴിഞ്ഞ് റെയില്‍വേ സ്റ്റേഷന്റെ കൂറ്റന്‍ തൂണുകള്‍ക്കു മുന്നില്‍ ആരെയോ കാത്തെന്നവണ്ണം നില്‍ക്കുകയാണ് ആകെ ചെയ്തത്. ഫോണ്‍ ഒന്നുരണ്ടുവട്ടം പരിശോധിക്കാന്‍ ഇതിലെ കുറച്ചു സമയം വിനിയോഗിച്ചു. വിരസതയും യാത്രാച്ചടവും വന്നുനിറഞ്ഞ് രണ്ടു തവണ കോട്ടുവായിട്ടു. 

ഓട്ടോക്കാരന്‍ പയ്യന് പറഞ്ഞ സ്ഥലം മനസ്സിലായില്ല. അവന്‍ പുതിയ ആളാകാം. വ്യക്തമായി പറഞ്ഞുകൊടുക്കാനറിയില്ല. വഴിയറിയാമോ? ഓട്ടോക്കാരന്‍ പയ്യന്റെ ചോദ്യത്തിന് ഇല്ലെന്ന് നിസ്സഹായനായി. പുറകിലെ അല്‍പ്പം മുതിര്‍ന്നയാളോട് ഓട്ടോപയ്യന്‍ സ്ഥലത്തെപ്പറ്റി തിരക്കി. മുതിര്‍ന്ന ആള്‍ പിന്നിലെ ഓട്ടോ കൈകൊണ്ട് തള്ളി മുന്നിലേക്ക് ഇടുകയായിരുന്നു. മുതിര്‍ന്നയാള്‍ക്ക് സ്ഥലം നിശ്ചയമുണ്ട്. അതില്‍ കയറിക്കോ- ഓട്ടോപയ്യന്‍ പുറകിലെ ഓട്ടോയിലേക്ക് അവനെ വഴിമാറ്റി മാതൃകയായി. 

ഓട്ടോക്കൊപ്പം നഗരവും സഞ്ചരിച്ചു. ഇതിനിടയില്‍ പാന്‍സിന്റെ പോക്കറ്റില്‍നിന്നും ശ്രമപ്പെട്ട് മൊബൈല്‍ വലിച്ചെടുത്ത് ആരെങ്കിലും വിളിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചു. നെറ്റ് ഓണാക്കി വാട്ട്സാപ്പ് മെസ്സേജുകള്‍ പരതി. അതവന് അത്ര പരിചിതലോകമല്ല. പഠിച്ചുവരുന്നതേയുള്ളൂ. ഓട്ടോയില്‍നിന്നും ഇറങ്ങിയശേഷം വിശദമായി അതെല്ലാം നോക്കാമെന്ന് ആശ്വസിച്ച് പഴയ സ്ഥലത്തേക്ക് മൊബൈലിനെ കുത്തിത്തിരുകി. ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഇടാന്‍ കഴിഞ്ഞെങ്കില്‍ നന്നായേനെ. പക്ഷേ, ഷര്‍ട്ടിന്റെ പോക്കറ്റിനെക്കാളും വലുപ്പം മൊബൈലിനുണ്ട്. ഷര്‍ട്ടു വാങ്ങുമ്പോള്‍ ഈയൊരു കാര്യംകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പെട്ടെന്നു മൊബൈല്‍ റിങ് ചെയ്യുന്നതു കേട്ടു. വേഗത്തില്‍ അതെടുക്കുമ്പോഴേയ്ക്കും ഒച്ച നിന്നുകഴിഞ്ഞു. പരിചയമുള്ള നമ്പരല്ല. ഫോണ്‍ റിങ് ചെയ്താല്‍ ഏതു തിരക്കിനിടയിലും അവന്‍ എടുത്തിരിക്കും. എത്ര തവണ ഫോണടിച്ചാലും നിര്‍വ്വികാരരായിരിക്കുന്ന സുഹൃത്തുക്കളെക്കണ്ട് അവന്‍ അതിശയിക്കാറുണ്ട്. 
''എടാ കിഷോറേ, അത്യാവശ്യക്കാരാണെങ്കില്‍ വീണ്ടും വിളിച്ചോളും'' അവന്റെ സുഹൃത്തായ രമേശന്‍ പറഞ്ഞു. ''നമുക്കാവശ്യമുള്ളവരാണെങ്കി നമ്മളെടുക്കണം.''

മറ്റൊരു സുഹൃത്തായ ഷാജിയും അതിനെ പിന്‍തുണച്ചു. അവര്‍ സൂര്യബാറില്‍ അന്നേരം ഇരിക്കുകയായിരുന്നു. അതിനിടയില്‍ കിഷോറിനു വന്ന ഫോണുകളാണ് അവരെ പ്രകോപിപ്പിച്ചത്. രമേശന്‍ വളരെ ഗൗരവപ്പെട്ട ചില കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടിരിക്കുകയാണ്. അയാള്‍ക്ക് സുഹൃത്തുക്കളില്‍നിന്നും ചില അഭിപ്രായങ്ങളും പൊടുന്നനെ സ്വരൂപിക്കേണ്ടതുണ്ട്. രമേശന്റെ ക്ഷണം സ്വീകരിച്ച് സൂര്യയിലേക്ക് ഞായറാഴ്ചപ്പതിവു തെറ്റിച്ച് അവരെല്ലാം വന്നുചേര്‍ന്നത് അതിനാണ്. ഫോണ്‍ വന്നയുടന്‍ കിഷോര്‍ മറ്റൊരിടത്തേക്ക് മാറി ചെവികൂര്‍പ്പിച്ചു. തിരിച്ചുവരുംവരെ രമേശന് സംസാരം നിര്‍ത്തിവയ്ക്കേണ്ടിവന്നു. കേട്ടിരുന്നവരുടെ തുടര്‍ച്ചയെ അത് നഷ്ടപ്പെടുത്തുന്നുണ്ട്. രമേശനാകട്ടെ, കിഷോറില്ലാതെ കഥനം പൂര്‍ത്തിയാക്കാന്‍ തയ്യാറുമല്ല. രമേശന്റെ പല കേസുകളിലും നെഞ്ചുംവിരിച്ച് മുന്നില്‍ നിന്നിട്ടുള്ളത് കിഷോറാണ്. എന്തിനും പോന്ന തന്റേടം അവനുണ്ട്. സഹികെട്ട് രമേശന്‍ ചാടയെണീറ്റ് കിഷോറിനു നേരെ കൈചൂണ്ടി: ''കോപ്പേ നിനക്ക് കേള്‍ക്കാന്‍ താല്‍പ്പര്യോല്ലങ്കീ എണീറ്റുപോടാ... ആളുകള് സീരിയസ്സായിട്ട് കാര്യം പറഞ്ഞോണ്ടിരിക്കണേനെടേലാണ് അവന്റെ മറ്റേടത്തെ...''
''ഫോണ്‍ കുറച്ചു നേരത്തേയ്ക്ക് സ്വിച്ച്ഓഫ് ചെയ്തുവയ്ക്കടാ.'' ഷാജി ഇടനിലക്കാരനായി. ''അവനൊരു പ്രധാനപ്പെട്ട കാര്യം പറയേല്ലേ...''
''നിന്റെ ഭാര്യ പ്രസവിക്കാന്‍ കെടക്കേണാ ആശുപത്രീല്...'' കൊന്ന അനിക്കും അരിശം വന്നു.
''ഇനി അങ്ങനെങ്ങാനുമുണ്ടോന്ന് ആര്‍ക്കറിയാം'' അതുവരെയും നിശ്ശബ്ദനായിരുന്ന ടോജോ ചിരിച്ചു. 
''അങ്ങനാണേ എനിക്ക് പരാതിയില്ലേ...'' രമേശന്റെ മുഖത്തെ കലിപ്പു മാഞ്ഞു. വെയില്‍ പരന്നു.

അന്തരീക്ഷം ക്രമേണ ലഘൂകരിക്കപ്പെട്ടു. രമേശന്‍ കഥ തുടര്‍ന്നു:
പലിശയ്ക്കു കൊടുത്തിരുന്ന ഒരു ലക്ഷം രൂപയുമായി മുങ്ങിയ ധനപാലനെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതായിരുന്നു അന്നത്തെ മുഖ്യ അജന്‍ഡ. എസ്.ഐ. ആന്‍ഡ്രൂസ് സാര്‍ കൂടി എത്തുമ്പോഴേ ഈ ചര്‍ച്ച പൂര്‍ത്തിയാകൂ. അദ്ദേഹത്തെക്കൂടി പരിഗണിച്ച് സ്വകാര്യമായ മുറിയായിരുന്നു രമേശന്‍ സൂര്യയില്‍ പറഞ്ഞുവച്ചിരുന്നത്. രമേശന്റെ പൈസയുമായി മുങ്ങിയ ധനപാലന്‍, ആന്‍ഡ്രൂസ് സാറിന്റെ സ്റ്റേഷന്‍ പരിധിയിലുണ്ട്. രായ്ക്കുരാമാനം അവന്‍ താമസം മാറ്റിയതാണ്. രമേശന് സ്വന്തമായി കൈകാര്യം ചെയ്യാവുന്ന വിഷയമാണ്. എങ്കിലും എടങ്ങേറാക്കാതെ തീര്‍ക്കാമോ എന്ന കാര്യമാണ് പരിഗണിക്കുന്നത്. അതിനിടയില്‍ രണ്ടുതവണ കൂടി കിഷോറിന്റെ ഫോണില്‍ വെളിച്ചം നിറഞ്ഞു. രമേശന്റെ കണ്ണില്‍പ്പെടാതെ കിഷോര്‍ ഫോണിലേക്ക് പാളിനോക്കി. യാമിനിയാണ്. കിഷോറിന്റെ ശ്രദ്ധ രമേശനില്‍നിന്നും ക്രമേണ യാമിനീ ദ്വീപിലേക്ക് ഒഴുകിപ്പോയി. തിരിച്ചുവിളിക്കാമെന്ന് യാമിനിയോട് പറയണമെന്ന് ആഗ്രഹിച്ചെങ്കിലും ആന്‍ഡ്രൂസ് സാറിന്റെ പൊടുന്നനെയുള്ള ആഗമനം അതിന് വിഘാതമായി. സാറ് ധൃതിയിലായിരുന്നു. പെട്ടെന്ന് രണ്ടടിച്ച്, കുറച്ച് നട്ട്സും കഴിച്ച് രമേശനോട് വേണ്ടതു ചെയ്യാമെന്ന് ഉറപ്പുനല്‍കി വേഗന്ന് അപ്രത്യക്ഷനായി. രമേശന്‍, ആന്‍ഡ്രൂസ് സാറ് പോയവഴി നോക്കി പച്ചത്തെറി വിളിച്ച് സംതൃപ്തനായി. ''ഈ കോപ്പ് ആന്‍ഡ്രൂസിനുവേണ്ടി ഒരുത്തനെ തല്ലീട്ട് രണ്ടാഴ്ചയാ ഞാനും കിഷോറും ജയിലീക്കെടന്നത്. ഇപ്പഴും കോടതീല് കേസ് തീര്‍ന്നിട്ടില്ല. ഇവനെക്കൊണ്ട് നടക്കത്തില്ല, നമ്മളുതന്നെ ഇറങ്ങേണ്ടിവരും കിഷോറേ.'' സമീപമിരുത്തി അതിനുള്ള ഗൂഢാലോചനകളിലേക്ക് കടക്കുന്നതിനു മുന്നേ കിഷോര്‍ ഒരത്യാവശ്യമുണ്ടെന്നു പറഞ്ഞ് പതിയെ ഇരിപ്പിടത്തില്‍നിന്നും പൊന്തി. 

പോറ്റിസാറാണ് കിഷോറിനെ നഗരത്തിലെ പലിശയിടപാടുകാരുടെ സംഘവുമായി അടുപ്പിച്ചത്. പത്തു പേരടങ്ങുന്ന സംഘം എല്ലാ ഞായറാഴ്ചയും സൂര്യബാറില്‍ ഒത്തുകൂടി.  കിഷോറില്‍ പോറ്റിസാറിന്റെ നോട്ടമെത്തിയത് എങ്ങനെയെന്നത് ഇന്നും അവന് അജ്ഞാതമാണ്. അടിപിടി കേസില്‍പ്പെട്ട് സ്റ്റേഷനിലെത്തിയതായിരുന്നു. പോറ്റി സാറുമായി മുന്‍പരിചയമൊന്നുമില്ല. ''ഇവനെ ആരും തൊട്ടേക്കരുത്'' -ഡ്യൂട്ടിയിലുള്ള പൊലീസുകാരെ താക്കീതു ചെയ്താണ് അദ്ദേഹം ക്വാര്‍ട്ടേഴ്സിലേക്ക് പോയത്. കൊലുന്നനെയുള്ള ദേഹമാണ് അന്നവന്. എങ്കിലും എതിരെ വരുന്ന ഏത് കൊമ്പന്റേയും മസ്തകം തകര്‍ക്കാന്‍ കഴിയുമെന്ന ആത്മധൈര്യമുണ്ട്. അതു ചെലപ്പോ പോറ്റി സാറിനും പിടികിട്ടിക്കാണും. ക്വാര്‍ട്ടേഴ്സീന്ന് വന്നപ്പോ സാറ് ചൂട് ദോശ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ഭാര്യ ഉണ്ടാക്കിയതാണ്. തൊണ്ടേല് കരച്ചിലു വന്നിരുന്നിട്ട് ഉള്ളിലോട്ട് ഇറങ്ങുന്നില്ല. കണ്ണീരു വന്നത് എത്ര തുടച്ചിട്ടും നിക്കുന്നില്ല. സാറ് അടുത്തിരുന്ന് തഞ്ചത്തില്‍ കാര്യങ്ങളൊക്കെ ചോദിച്ചു. രാവിലെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചോണ്ടു പോയി. സാറിനന്ന് ചെറിയ രീതിയില്‍ ബ്ലേഡുണ്ട്. അദ്ദേഹം ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ ഭാഗത്തൊക്കെ ജോലി നോക്കിയിരുന്നു. മണിച്ചന്‍ കേസൊക്കെ വരുന്നതിന് മുന്‍പാണ്. അതീക്കിട്ടിയ പൈസയാണ് ബ്ലേഡിന് ഇറക്കിയിരിക്കുന്നതെന്ന് അസൂയക്കാര് പറഞ്ഞുപരത്തിയിരുന്നു. അവന് അതൊന്നും അറിയേണ്ട കാര്യമില്ല. ബിനാമിയായി പോറ്റിസാറിന് ഒപ്പംകൂടി. 
പോറ്റിസാറിന് രണ്ട് പെണ്‍മക്കളായിരുന്നു. തന്നിഷ്ടപ്രകാരം രണ്ടും രണ്ടുവഴിക്കു പിരിഞ്ഞതോടെ സാറിന് എല്ലാത്തിനോടും വിമുഖതയായി. അതോടെ സാറ് നേരിട്ടു നടത്തിയിരുന്ന ഇടപാടുകളില്‍ പലതും തിരിച്ചുകിട്ടാതെയുമായി. 
''ഞാനിനി ഒന്നിനുമില്ലെടാ കിഷോറേ. കിട്ടുമെന്നുള്ളത് നീ പിരിച്ചെടുത്തോ. എനിക്കൊന്നും തരണ്ട. നീയിനി സ്വന്തം നിലയിലായിക്കോ'' -പോറ്റിസാര്‍ സര്‍വ്വസംഗ പരിത്യാഗിയായി.
അവനെപ്പറ്റി നഗരത്തില്‍ അത്യാവശ്യം വേണ്ടുന്ന ചീത്തപ്പേരുണ്ടായിരുന്നു.  നീയുമായിട്ടല്ലല്ലോ ഇടപാടെന്നു പറഞ്ഞ് ഇടങ്ങേറു നിന്നവന്റെ പള്ളയില്‍ കത്തി കേറ്റിയതോടെ ഓരോരുത്തരായി പലിശസഹിതം പൈസയും കൊണ്ടുവന്നു. ആ മൂലധനത്തിലാണ് കിഷോര്‍ സ്വന്തമായി പണമിടപാട് തുടങ്ങിയത്. വല്ലപ്പോഴും പോറ്റി സാറിനെ കാണാന്‍ പോകും. ഭാര്യയൊക്കെ മരിച്ച് ആകെ ഒറ്റപ്പെടലാണ്. സംസാരിച്ചിരുന്നാ ചാകാന്‍ തോന്നുംവിധം ജീവിതവിരക്തിവരും. 
അങ്ങനെയൊള്ളോരോട് കൂട്ടുവേണ്ടെന്നാണ് യാമിനി പറയാറ്. ''നമ്മക്കും നെഗറ്റീവ് എനര്‍ജിയാവും. എന്തൊക്കെയായാലും നമ്മള് ജീവിക്കണമെടാ. അല്ലാതെപിന്നെ തോറ്റോടുന്നതെങ്ങോട്ടാ.''
അവള് പറയുംപോലെ പോറ്റിസാറിനെ അപ്പടി ഉപേക്ഷിക്കാന്‍ പറ്റ്വോ? പൊലീസിലെ സാറിന്റെ അവസാനിക്കാത്ത സൗഹൃദങ്ങളുടെ തണലിലാണ് അവന്‍ പല കേസീന്നും രക്ഷപ്പെട്ടിട്ടുള്ളത്. അതൊന്നും അവളോട് വിട്ടുപറയാന്‍ പറ്റില്ലല്ലോ.
അവനിതുവരെ കല്യാണം കഴിച്ചിട്ടില്ലെന്നറിഞ്ഞപ്പോ അവള് ചിരിയോചിരി. 
''അതെന്താടാ? നിനക്കെന്തേലും കുഴപ്പോണ്ടോ?''
''ആരെങ്കിലും ഉല്‍സാഹിക്കാനില്ലെങ്കീ ഒരു പ്രായംകഴിഞ്ഞാ വിവാഹമൊക്കെ വലിയ പ്രയാസാടീ. ഇല്ലേല്‍ വല്ല പ്രേമത്തിലും ചെന്നുപെടണം. അതിനുള്ള പ്രായോം കഴിഞ്ഞു. നോക്കണം.''
''നോക്കാന്നോ. അതിന് നിനക്കിപ്പോ എത്ര പ്രായായീന്നാ. ഇനീപ്പൊ രണ്ടാംകെട്ടാടാ നല്ലത്. അങ്ങനെ വല്ല ആലോചനേമുണ്ടെങ്കീ, ഒരു സുന്ദരി ഇവിടൊണ്ട്. മറക്കല്ലേ.''


അവനപ്പൊ വാക്കൊന്നും കിട്ടിയില്ല. പക്ഷേ, പിന്നീടെപ്പഴും അതങ്ങനെ ഉള്ളില്‍ക്കിടന്ന് വട്ടംകറങ്ങി കളിച്ചു. അവളോട് എപ്പഴും സംസാരിക്കണമെന്നു തോന്നും. രാത്രി ഒന്‍പതു മണിയോടെയേ അവളെ ഫോണില്‍ കിട്ടൂ. പത്തുമിനിട്ടില്‍ കൂടുതല്‍ സംസാരിക്കാന്‍ കിട്ടാറുമില്ല. അവള്‍ക്കെപ്പഴും തിരക്കാണ്. അതിനിടയിലും അവള്‍ ഒപ്പം ജോലി ചെയ്യുന്നവരെക്കുറിച്ചും അവരുടെ തമാശകളെക്കുറിച്ചുമൊക്കെ പറയും. സൂപ്പര്‍മാര്‍ക്കറ്റിലാണ് പണി. അവിടെ ചെന്നാല്‍ ഫോണ്‍ ഓഫാക്കി വയ്ക്കണം. എന്തൊരു നശിച്ച ലോകനിയമങ്ങളാണ്. 

നിനക്കെന്താടാ നമ്മളറിയാത്ത അത്യാവശ്യമെന്നു മുരണ്ട് രമേശന്‍ മണംപിടിച്ചു പിന്നാലെ കൂടി. ''അതു ഞാന്‍ പിന്നെപ്പറയാമെടാ'' -കിഷോര്‍ തിരിഞ്ഞു കളിച്ചു. രമേശന്‍ കുറച്ചു ദിവസമായി തന്റെ പെരുമാറ്റത്തിലെ അസ്വാഭാവികതകളില്‍ സംശയാലുവാണെന്ന് അവന് അറിയാം. സൂര്യബാറിന്റെ ഇരുണ്ട ഇടനാഴിയില്‍നിന്ന് യാമിനിയെ തിരിച്ചുവിളിക്കാന്‍ കിഷോര്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒന്നുരണ്ടുപേര്‍ അവനെ തോളില്‍മുട്ടി കടന്നുപോയി. അതിലൊരാള്‍ അവനെ തിരിച്ചറിഞ്ഞ്, മടങ്ങിവന്ന് ക്ഷമ ചോദിച്ചു. യാമിനിയെ കിട്ടാത്തതിന്റെ നിരാശയില്‍ സംഘത്തിലേക്ക് തിരിച്ചുകയറണോ എന്ന് ഒരുവേള ചിന്തിക്കുകയും പിന്നെ വേണ്ടെന്നുവച്ച് ഇരുട്ടിനെ പുണരുകയും ചെയ്തു. 

കുറച്ചുനാളേ ആയിട്ടുള്ളൂ യാമിനീ സൗഹൃദം ആരംഭിച്ചിട്ട്. പതിഞ്ഞുനേര്‍ത്ത ശബ്ദരൂപത്തിലായിരുന്നു അതു കടന്നുവന്നത്. ട്രാഫിക് ബ്ലോക്കിനിടയില്‍ പെട്ടു നിന്നതിനാല്‍ നേര്‍ത്ത ഒച്ചയെ അവന് പിടിച്ചെടുക്കാനായില്ല. പിന്നാലെ വീണ്ടും എത്തിയ വിളിയില്‍ സ്വയം പരിചയപ്പെടുത്തി, തുടര്‍ന്ന് അവന്റെ പേര് ഉറപ്പുവരുത്തി. കരുഞ്ഞാലക്കുഴിയിലല്ലേ സ്ഥലമെന്നു ചോദിച്ചു. അവന്‍ സമ്മതിച്ചു. പിന്നാലെ അവള്‍ സുമതിടീച്ചറുടെ ക്ലാസ്സില്‍ അവനെ കൊണ്ടിരുത്തി. അവന്‍ അവിടെ മൂക്കളതുമിച്ചും നിക്കര്‍ മുറുക്കിയും നെല്ലിക്കാമരത്തിനുചുറ്റും നടന്നു. സലാം സാറിന്റെ സൈക്കിളിനു പിന്നാലെ ഓടിയിരുന്ന ചെമ്മണ്‍പാതയില്‍ കൊണ്ടുവിട്ടു. അവന് വല്ലാത്ത അനുഭൂതി തോന്നി. പത്തുമുപ്പത്തിയേഴ് കൊല്ലങ്ങള്‍ക്കപ്പുറമാണ് യാമിനി കിഷോറിനെ കണ്ണുകെട്ടി നിര്‍ത്തിയത്. ശരീരമാകെ കോരിത്തരിച്ചതുപോലെ. പെട്ടെന്ന് ഫോണ്‍ നിലച്ചു. കിഷോര്‍ പലവട്ടം തിരിച്ചുവിളിക്കാന്‍ ശ്രമിച്ചെങ്കിലും യാമിനിയിലേക്കെത്തിയില്ല.

അന്നു മുഴുവന്‍ പുറത്തിറങ്ങാനാകാത്തവിധം അവന്‍ ചില ചിന്താധാരകളില്‍പ്പെട്ടുപോയി. അതുവരെ മറവിയില്‍ പുതഞ്ഞുകിടന്ന പലതും തലയുയര്‍ത്തി നോക്കി. സ്‌കൂള്‍ ബഞ്ചിലിരുന്നവരുടെ പേരുകള്‍ ഉരുവിട്ടെടുക്കാന്‍ ശ്രമിച്ചു. ഹെഡ്മാസ്റ്ററുടെ രൂപം ഓര്‍മ്മയുണ്ട്. തൂവെള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു വേഷം. കൈയില്‍ എപ്പോഴും ചൂരല്‍വടിയുണ്ടാവും. ആരെയും അടിക്കുന്നത് കണ്ടിട്ടില്ല. പക്ഷേ, എല്ലാവര്‍ക്കും ഹെഡ്മാസ്റ്ററെ പേടിയായിരുന്നു. 

പാതിരാവോളം ആലോചിച്ചിട്ടും യാമിനിയുടെ മുഖം തെളിഞ്ഞതേയില്ല. അരുന്ധതി ടീച്ചറുടെ മകളാണോ? അവളുടെ പേര് മറ്റെന്തോ ആയിരുന്നില്ലേ? ആരെയെങ്കിലും വിളിച്ച് അതൊന്നുറപ്പിച്ചിരുന്നെങ്കില്‍ സമാധാനമായി കിടന്നുറങ്ങാമായിരുന്നു. അതിനുംവേണ്ടി അവന്‍ പഴയ സൗഹൃദങ്ങളൊന്നും സൂക്ഷിച്ചിരുന്നില്ല. മാത്രമല്ല, കരുഞ്ഞാലക്കുഴിയെ വെറുക്കപ്പെട്ട പ്രദേശമായാണ് അവന്‍ അടയാളപ്പെടുത്തിയിരുന്നത്. എങ്ങനെയായിരിക്കും അവളുടെ രൂപം? ഇപ്പൊഴെന്തിനായിരിക്കും തന്നെ വിളിച്ചത് ? തുടങ്ങി അനവധി കാര്യങ്ങള്‍ അവനെ ചേര്‍ന്നുനിന്നു. 

രാവിലെ വൈകിയുണര്‍ന്ന് ഫോണില്‍ നോക്കുമ്പോള്‍ യാമിനി വിളിച്ചിരിക്കുന്നു. വൈകിട്ടാണ് അവളെ പിന്നെ കിട്ടിയത്. ചില ചോദ്യങ്ങള്‍ ദീര്‍ഘനേരത്തെ കൂട്ടിക്കിഴിക്കലുകള്‍ക്കിടയില്‍ അവന്‍ മനസ്സില്‍ പരുവപ്പെടുത്തിവച്ചിരുന്നു. പല ദിവസങ്ങളിലായി അതിലേക്ക് തന്ത്രപൂര്‍വ്വം കടക്കുകയും ചെയ്തു. 
''എനിക്ക് ഇപ്പോഴും യാമിനിയെ സത്യത്തില്‍ പിടികിട്ടിയില്ല.''
''അതിന് ഞാനിപ്പഴെന്ത് ചെയ്യാനാടാ കിഷോറേ.''
''നിന്റെ ഫോട്ടോ ഒന്ന് വാട്ട്സാപ്പ് ചെയ്യ്.''
''എന്റെ ഫോണിലാ കുന്ത്രാണ്ടമൊന്നുമില്ലെടാ. നീ എനിക്കത്തരത്തിലൊന്ന് വാങ്ങിത്താ.''
''ഇപ്പൊഴെവിടാ നിന്റെ താമസം?''
അവള്‍ സ്ഥലപ്പേരു പറഞ്ഞു. കരുഞ്ഞാലക്കുഴിയില്‍നിന്നും അധികദൂരമില്ല അവിടേക്ക്.
''എന്താ ഇപ്പൊ എന്റെ നമ്പര്‍ കണ്ടുപിടിച്ച് വിളിക്കാന്‍ കാര്യം?''
''കാര്യോണ്ട്, നിന്നെ എനിക്കൊന്ന് കാണണം.''
''എന്താ കാര്യമെന്നു പറ.''
''അത്, നേരിട്ട് പറയാനൊള്ളതാ. കാര്യമറിഞ്ഞാലേ പറ്റൊത്തൊള്ളോ? നിന്നെപ്പറ്റി അത്യാവശ്യം കാര്യങ്ങളൊക്കെ എനിക്കറിയാന്ന് കൂട്ടിക്കോ.''
''ക്വട്ടേഷന്‍ വല്ലതുമാണോടീ? ഞാനിപ്പൊ അതൊക്കെ വിട്ടു.'' അവന്‍ മാന്യനാകാന്‍ ശ്രമിച്ചു. 
ഭര്‍ത്താവു മരിച്ചിട്ട് വര്‍ഷം പത്തായെന്നും ഒരു മകളുണ്ടെന്നും കോളേജ് കഴിഞ്ഞ് എങ്ങാണ്ടോ ഒരു പ്രൈവറ്റ് കമ്പനീല് പോകയായിരുന്നെന്നും ഇപ്പോ പോകുന്നില്ലെന്നുമൊക്കെ അവന് തെളിഞ്ഞുകിട്ടി.
നിന്നോട് എപ്പോഴും സംസാരിക്കണമെന്ന് തോന്നും. അന്ന് ഫോണില്‍ കിട്ടിയപ്പോള്‍ അവന്‍ മനസ്സു തുറന്നു. പെണ്ണിനോട് സംസാരിക്കുന്നത് ഇത്രയും ഇമ്പമാര്‍ന്ന പരിപാടിയാണെന്ന് അവന് അറിയില്ലായിരുന്നു. 
''അതിനെന്താടാ, നമുക്ക് കല്യാണം കഴിക്കാന്നേ. പിന്നെ എപ്പഴും വര്‍ത്താനം പറയാമല്ലോ.''
''എനിക്കു സമ്മതം തന്നെ.''
''നമ്മള് തമ്മീ കാണുമല്ലോ. അപ്പഴ് അത് വിശദമായിട്ട് സംസാരിക്കാം. നീയൊന്ന് അടങ്ങടാ.''
അങ്ങനെയാണ് സരസ്വതീവിലാസം ഹോട്ടിലില്‍ വച്ച് കണ്ടുമുട്ടാമെന്ന തീരുമാനമുണ്ടാകുന്നത്. സരസ്വതീവിലാസത്തെക്കുറിച്ചു പറയുന്നതും സമയം നിശ്ചയിക്കുന്നതുമൊക്കെ യാമിനി തന്നെ. പെണ്‍തീരുമാനങ്ങള്‍ക്കു മുന്നില്‍ നിസ്സഹായരായിപ്പോകുന്ന ആണ്‍ജന്മങ്ങളെക്കുറിച്ച് അവന്‍ ആലോചിക്കാതെയുമിരുന്നില്ല. 

സരസ്വതീവിലാസം കാത്തിരുപ്പു കേന്ദ്രത്തിനു പുറകിലായിട്ടായിരുന്നു സരസ്വതീവിലാസം ഹോട്ടല്‍. പ്രധാന റോഡിന് വഴിയൊരുക്കിയപ്പോള്‍ അവഗണിക്കപ്പെട്ടുപോയ പാതയോരത്തായിരുന്നു അത്. പ്രധാന പാതയിലായിട്ടാണ് കാത്തിരിപ്പു കേന്ദ്രമുള്ളത്. സരസ്വതീവിലാസം ഹോട്ടലുകാര്‍ തന്നെയാകണം കാത്തിരിപ്പു കേന്ദ്രവും നിര്‍മ്മിച്ചിരിക്കുക. നഗരത്തിനു മധ്യത്തിലെന്നു പറയാവുന്ന സ്ഥലമാണെങ്കിലും ഇവിടങ്ങനൊന്നുമല്ല എന്ന മട്ടിലൊരു വിനയം ഹോട്ടലിരിക്കുന്ന സ്ഥലത്തിനുണ്ട്. വിശാലമായ പറമ്പിന് മധ്യത്തിലായിരുന്നു ഹോട്ടലിന്റെ ഇരിപ്പിടം. പാര്‍ക്കിങ്ങിനായി യഥേഷ്ടം സ്ഥലം. പഴയൊരു കെട്ടിടം സരസ്വതീവിലാസം ഹോട്ടല്‍ എന്ന ബോര്‍ഡും തൂക്കി പ്രൗഢി മങ്ങാതെ നില്‍പ്പുണ്ട്. ഹോട്ടലിനു മുന്നില്‍ ഇറങ്ങുമ്പോള്‍ ഓട്ടോക്കാരന് മീറ്ററിനെക്കാളും ഇരട്ടിപ്പൈസ വേണം. ''കൊണ്ടേ പോവൊള്ളോടാ'' -തനിക്കൊണംപുറത്തെടുത്തേ പറ്റൂന്ന് വച്ചാലെന്തുചെയ്യും! അതോടെ കൊടുത്തതും വാങ്ങി അയാളുപോയി.

സരസ്വതീവിലാസം ഹോട്ടല്‍ ഒരു ഭക്ഷണശാല മാത്രമായിരുന്നു. താമസിക്കാനുള്ള സൗകര്യമൊന്നുമില്ല. ''സമയം ചെലവഴിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കു മാത്രം പ്രവേശനം'' എന്നതായിരുന്നു ഹോട്ടലിനു മുന്നിലെ ചുവരെഴുത്ത്. പോകാന്‍ ഒട്ടും ധൃതിയില്ലാത്തവര്‍ ഏറ്റവും പുറകിലത്തെ സീറ്റുകളാണ് തെരഞ്ഞെടുക്കേണ്ടത്. ഇഷ്ടമുള്ളത്ര സമയം അവിടെ ചെലവഴിക്കാം. ആരും ശല്യപ്പെടുത്തില്ല. ഇതുവരെ ചെന്നെത്തിയിട്ടില്ലാത്ത വിചിത്രമായൊരു ഭക്ഷണശാലയാണല്ലോ ഇതെന്ന് കിഷോര്‍ ആനന്ദിച്ചു. ഉളളിലേക്ക് കടന്നപ്പോള്‍ കെട്ടിടത്തിന്റെ പുറമേ കണ്ട നിര്‍മ്മിതിയില്‍നിന്നും തീര്‍ത്തും വേറിട്ട പ്രകൃതമായി അതു മാറി. മുകളറ്റംവരെ പോകാവുന്ന പിരിയന്‍ ഗോവണിപോലുള്ളതിന് വശങ്ങളിലായിട്ടായിരുന്നു ഇരിപ്പിടങ്ങള്‍. മുകളിലേക്ക് കയറാന്‍ പ്രയാസമുള്ളവര്‍ക്ക് പിടിച്ചുകയറാന്‍ പാകത്തിലുള്ള കൈവരിയും ബാറ്ററിയില്‍ ചലിക്കുന്ന വണ്ടികളും സഹായത്തിനുണ്ട്. ചായകുടിച്ചേ മതിയാവൂ എന്ന ആഗ്രഹത്താല്‍ പത്തു സീറ്റുകള്‍ക്കപ്പുറം കിഷോര്‍ സ്ഥലം പിടിച്ചു. അരമണിക്കൂര്‍ കഴിയുമ്പോഴാണ് തണുത്ത ചിരിയോടെ വെയിറ്റര്‍ അവിടെ പ്രത്യക്ഷപ്പെടുന്നത്. ചായയും പഴംപൊരിയും പറഞ്ഞ് അരമണിക്കൂറുകൂടി പിന്നിട്ടപ്പോള്‍ അവ ചൂടോടെ എത്തി. ഇനിയെന്തെങ്കിലും വേണോ എന്ന അന്വേഷത്തിനും അതിന്റെ ബില്ലിനുമായി ഇരുപതു മിനിട്ടുകള്‍. ഇതുപോലെ നാലോ അഞ്ചോ ചായ കുടിച്ചാല്‍ യാമിനി പറഞ്ഞ നാലുമണിയിലേക്ക് പറന്നിറങ്ങാം. ഇത്തരമൊരു സ്ഥലം കൂടിക്കാഴ്ചയ്ക്കായി തെരഞ്ഞെടുത്തതില്‍ അവളോട് മതിപ്പുതോന്നി.

വാതില്‍ക്കല്‍വരെ പോയി മടങ്ങിവന്നു കുറച്ചുകൂടി പുറകില്‍ ഇടംപിടിക്കാമെന്ന് കിഷോര്‍ തീരുമാനിച്ചു. മുന്നിലുള്ള ഇരിപ്പിടങ്ങളില്‍ ഒന്നുപോലും ഒഴിവില്ല. വര്‍ത്തമാനം പറഞ്ഞിരിക്കുന്നവരും പത്രം വിശദമായി പരിശോധിക്കുന്നവരും മൊബൈലില്‍ കണ്ണുംനട്ടിരിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. കോളേജ് കുട്ടികളുടെ സംഘം മുടി റിബണ്‍വച്ചു കെട്ടിയ     ഒരുത്തന്റെ ഒച്ചയ്ക്കു പിന്നാലെ കിഷോറിനേയും കടന്ന് മുകളിലേക്ക് പോയി. 

പുറംകാഴ്ചകളില്‍ മടുത്ത് അവന്‍ സരസ്വതീവിലാസത്തിലേക്ക് വീണ്ടും പ്രവേശിച്ചു. മുകളിലേക്ക് കിതച്ച് മസാലദോശയ്ക്ക് കാത്തു. വിരസതയുടെ മേല്‍ക്കൂരയില്‍ കയറി താഴേക്കിറങ്ങാനാകാതെ ഇരിക്കുമ്പോഴാണ് സംശയദൃഷ്ടിയോടെ ഒരു കാരണവര്‍ അവന്റെ സമീപമെത്തുന്നത്. 
''നീ മുനീറല്ലേടാ? നടയറയിലെ ഹുസൈന്റെ മകന്‍?''
അയാളെ നിരാശപ്പെടുത്താന്‍ അവന് താല്‍പ്പര്യം തോന്നിയില്ല. സമ്മതിച്ചുകൊടുത്തു.
കാരണവര്‍ക്ക് സന്തോഷമായി. 
''നീ ഗള്‍ഫിലല്ലായിരുന്നോ?'' തന്റെ ഓര്‍മ്മശക്തിയില്‍ അഭിരമിച്ച് കാരണവര്‍ ചിരിച്ചു.
അവന്‍ തലകുലുക്കി. 

''ഇനിയിപ്പോ പോണില്ലേ?'' കിഷോര്‍ മുനീറായി ഇല്ലെന്ന് തോളുയര്‍ത്തി. ''ഇപ്പൊ ഗള്‍ഫ് പോരാല്ലേ... എന്റെ രണ്ടുമക്കളുമവിടാ... ഞാനും പത്തുമുപ്പതുകൊല്ലം അവിടാരുന്നു. നിര്‍ത്തിപ്പോന്നിട്ടിപ്പോ കൊല്ലം ഇരുപത്തഞ്ച്. ഗള്‍ഫീന്ന് അവസാനം മടങ്ങിപ്പോന്ന ദിവസം എയര്‍പോര്‍ട്ടീവച്ച് ഒരു വലിയ സംഭവമുണ്ടായിട്ടൊണ്ട്. നിര്‍ത്തിപ്പോരേല്ലേ. എന്റെ കയ്യില് കുറച്ചധികം സാധനോണ്ട്. കസ്റ്റംസ് ആപ്പീസറ് ഇരുപതിനായിരം പിഴ അടയ്ക്കാതെ വിടത്തില്ല. ഇരുപത്തഞ്ചു കൊല്ലം മുന്‍പുള്ള അമ്പതിനായിരമാണ് മുനീറേ. ഞാന്‍ മരുഭൂമീക്കെടന്നുണ്ടാക്കിയതാണ്. ആപ്പീസറുടെ കാലുപിടിച്ചു. അങ്ങേര് അമ്പിനും വില്ലിനും അടുക്കുന്നില്ല. കൊറച്ച് കാശ് കൊടുക്കാമെന്നു പറഞ്ഞു, രക്ഷയില്ല. അവസാനം ജനാര്‍ദ്ദന സ്വാമിയെ വിളിച്ച് അവിടിരുന്നു കരഞ്ഞു. എന്തുചെയ്യും എന്റെ ജനാര്‍ദ്ദന സ്വാമീ... അപ്പഴാണ് എന്റെ സമീപം ഒരാള് വരുന്നത്. ചേട്ടനെന്താ വെഷമിച്ചിരിക്കണതെന്ന് ചോദിച്ചു. ഞാന്‍ ഉള്ളതെല്ലാം പറഞ്ഞു. അയാള് എന്നെ ആപ്പീസറുടെ അടുക്കെ കൊണ്ടുപോയി. എന്നെ കൂട്ടിക്കൊണ്ടുപോയവന്‍ പറയാണ് - ഇതെന്റെ സ്വന്തം ചേട്ടനാ. വേണ്ടത് ചെയ്തുകൊടുത്തേക്കണം. ആജ്ഞയാണ്. ഞാന്‍ വാ പൊളിച്ചു നിക്കാണ്. ആപ്പീസറ് ഭവ്യതയോടെ തലയാട്ടി. എന്നെ എതിരേയുള്ള കസേരയില്‍ പിടിച്ചിരുത്തി. കാപ്പി വരുത്തിത്തന്നു. നേരത്തെ പറഞ്ഞൂടാരുന്നോ സാറിന്റെ ചേട്ടനാന്ന്- ആപ്പീസറ് പരിഭവം പറഞ്ഞു. ഞാന്‍ അപ്പഴും അന്തം വിട്ടിരിക്കാണ് മുനീറേ... അങ്ങനൊരു അനിയനുണ്ടങ്കീ എനിക്കറിയണ്ടേ... ആലോചിച്ചപ്പോ എല്ലാം മനസ്സിലായി... ജനാര്‍ദ്ദന സ്വാമി അയച്ചതാണെന്നേ... എല്ലാം കഴിഞ്ഞപ്പോ ആപ്പീസര്‍ക്ക് പെട്ടീന്നൊരു ജോണീവാക്കറിന്റെ കുപ്പി നീട്ടി. അയ്യോ, സാറ് അറിഞ്ഞാ എന്നെ കൊല്ലും... നിര്‍ബന്ധിച്ചാ മുനീറേ ഞാനത് ഏല്‍പ്പിച്ചത്.''
കാരണവര്‍ ജോലിചെയ്തിരുന്ന സായിപ്പിന്റെ കമ്പനിയെപ്പറ്റി പറഞ്ഞുതുടങ്ങിയപ്പൊ പൊന്തിവന്ന കോട്ടുവായെ രക്ഷിച്ചുകൊണ്ട് യാമിനി ഫോണില്‍ പ്രത്യക്ഷപ്പെട്ടു. ദേ വരുന്നു എന്ന ക്ഷമാപണത്തില്‍ നിരാശയിലേക്കാണ്ട കാരണവരെ ഉപേക്ഷിച്ച് അവള്‍ക്ക് ചെവികൊടുത്തു.
''നീ വന്നല്ലോ ല്ലേ?''
''ഞാന്‍ രാവിലയേ എത്തിയല്ലോ. ഇരുന്നിരുന്ന് മടുത്തു.''
''ഞാന്‍ നിന്നോട് രാവിലെ വരാന്‍ പറഞ്ഞോ? നാലുമണിക്കു വരാനല്ലേ പറഞ്ഞത്. ഏതെങ്കിലുമൊരു പെണ്ണു വിളിച്ചാല്‍ ഉടന്‍ എറങ്ങിപുറപ്പെട്ടോളും.''
അവള്‍ ചിരിച്ചുതുടങ്ങി. എന്തൊരു മധുരമായ ചിരി.
''പറഞ്ഞ സമയത്ത് ഞാനെത്തും. നീ എവിടാ ഇരിക്കുന്നത്?''
''അല്‍പ്പം പുറകിലാ.''
''അവിടെത്തന്നെയിരുന്നോ. ഞാന്‍ കണ്ടുപിടിച്ചോളാം.''
''നിന്നെ ഞാനെങ്ങനെ തിരിച്ചറിയും?''
''എടാ, അവിടെ വരുന്നതില്‍ ഏറ്റവും സുന്ദരിയെ നോക്കിക്കോ. അത് ഞാനായിരിക്കും.''
കിഷോര്‍ മുഖം കഴുകാനായി വാഷ്‌ബെയ്സിന് സമീപത്തേക്ക് പോയി. കഴുകീട്ടും കഴുകീട്ടും ഉള്ളില്‍ കയറിക്കൂടിയ യാമിനി കഴുകിപ്പോയില്ല. മീശമേല്‍നിന്ന് നരച്ചരോമങ്ങള്‍ അവനോട് കുന്നായ്മ പറഞ്ഞു രസിച്ചു. നനഞ്ഞ കൈകൊണ്ട് അവയെ പിന്നാക്കം നിര്‍ത്താന്‍ അവനൊരു ശ്രമം നടത്തി. അപ്പോള്‍ മുടിമേലിരുന്ന് നരച്ചവ മുന്നോട്ടുവന്ന് ഞങ്ങളിവിടുണ്ടല്ലോ എന്ന് അപമാനിച്ചു. തെല്ലൊന്ന് പതറിയെങ്കിലും അതിനെയൊക്കെ നിസ്സാരവല്‍ക്കരിച്ച് സിഗററ്റിന് തീകൊളുത്തി. സരസ്വതീവിലാസത്തില്‍ അതുപാടുണ്ടോ എന്നതിനെപ്പറ്റിയുള്ള ആലോചനയും അന്നേരം ഒപ്പം പുകയൂതി. 

തുടര്‍ന്നുവന്ന മയക്കത്തിനു പിന്നാലെയുള്ള ഉണര്‍ച്ചയില്‍ സമയം ഏറെ സൂചിതിരിച്ചു പോയി. ഉറങ്ങണമെന്ന് ആഗ്രഹിച്ചതല്ല. ഉച്ചയിലും കടന്നുവന്ന ഇളംകാറ്റ് ചതിച്ചതാണ്. നാലുമണിയിലേക്കെത്താന്‍ മിനിട്ടുകളേ ബാക്കിയുള്ളൂ. മുഖം കഴുകിവന്ന് കടന്നുവരുന്ന ഓരോരുത്തരിലും ജാഗ്രത്തായി. ആ സമയം കുഴപ്പിക്കാനെന്നോണം കൂടുതല്‍ ആളുകള്‍ അവിടേക്കു വന്നുകൊണ്ടിരുന്നു. നാലുമണി കഴിഞ്ഞ് നാലരയില്‍ മുട്ടിയിട്ടും യാമിനി മാത്രം വന്നില്ല. അവന്‍ ആകെ അസ്വസ്ഥനായി ഞെരിപിരികൊണ്ടു. കാത്തിരിപ്പ് മുഷിപ്പില്‍ പിഴിഞ്ഞെടുത്തു. എന്തായിരിക്കും ഇത്രേം വൈകുന്നത്. എന്താണ് അവള്‍ക്ക് നേരിട്ട് തന്നോട് പറയാനുള്ളത്. ആകാംക്ഷയോടൊപ്പം തെരുവിലെ വിളക്കുകള്‍ ഒന്നൊന്നായി തെളിഞ്ഞു. 

മുന്നിലിരിക്കുന്ന കാപ്പിയും കട്ട്ലറ്റും എത്ര മെല്ലെ കഴിച്ചിട്ടും തീര്‍ന്നുപോയി. ഇരിപ്പിടത്തില്‍നിന്നും എഴുന്നേറ്റ് കുറേ നേരം നിന്നു കൈകള്‍ ഉയര്‍ത്തി ഉന്മേഷവാനാകാന്‍ ശ്രമിച്ചു. അവള്‍ വന്നിട്ടുണ്ടെങ്കില്‍ വേഗന്ന് കണ്ടോട്ടേ എന്നൊരു ഉദ്ദേശ്യം അതിലുണ്ട്. സരസ്വതീവിലാസത്തിലെ തിരക്ക് കൂടിയതല്ലാതെ മറ്റൊന്നും അവിടെ അന്നേരങ്ങളില്‍ സംഭവിച്ചില്ല. 

സമയം കനത്തതോടെ കിഷോര്‍ ആകുലനായി. ഹോട്ടലിനകത്ത് ഇരുട്ടുവന്നു മൂടുന്നതുപോലെ തോന്നി. ജനാലയിലൂടെ നോക്കിയപ്പോഴും അന്തരീക്ഷം സന്തോഷമില്ലാതെ നില്‍ക്കുന്നു. തന്റെ ഫോണ്‍ പ്രശ്‌നമായതല്ലല്ലോ എന്നുറപ്പിക്കാന്‍ ഒന്നുരണ്ടുപേരെ വിളിച്ചുനോക്കി. എല്ലാം ഭദ്രമാണ്. ഇതിനിടയില്‍ ഒരുവട്ടംപോലും യാമിനിയുടെ ഫോണ്‍ എത്തിയില്ല. അങ്ങോട്ടു വിളിച്ചിട്ട് അവളെ കിട്ടുന്നുമില്ല.

സുഹൃത്തുക്കളാരെങ്കിലും പറ്റിച്ചപണിയാണോ എന്ന ചിന്ത അവനെ കുറച്ചുനേരം മുതല്‍ തുറിച്ചുനോക്കുന്നുണ്ട്. ഇടയ്ക്കുവന്ന ഫോണ്‍ രമേശന്റേതായിരുന്നു. ധനപാലനെ സ്‌കെച്ച് ചെയ്തിട്ടുണ്ട്. അടുത്ത ദിവസം പണികൊടുക്കണമെന്ന് പറയാന്‍ വിളിച്ചതാണ്. അരയില്‍ എപ്പോഴും സൂക്ഷിക്കാറുള്ള കത്തിയുടെ അറ്റം രഹസ്യം കേട്ട് ഹരംപിടിച്ച് കിരുകിരുത്തു. രമേശന്റെ ഫോണില്‍ തമാശയുടെ ഗന്ധമുണ്ടായിരുന്നില്ലേന്ന് പിന്നൊരാലോചനയില്‍ കിഷോറിന് സംശയമുണ്ടായി. രമേശനെ വിളിച്ചിട്ട് ഇപ്പൊ ഫോണെടുക്കുന്നുമില്ല. 

കൃത്യം ആറുമണിവരെ യാമിനിയെ കാക്കാമെന്നുറച്ച് അവന്‍ ഇരിപ്പിടത്തില്‍ പുറകിലേക്ക് ചാഞ്ഞു. ആറുമണി കഴിഞ്ഞ് പത്തുമിനിട്ടുകൂടി ഇളവ് നല്‍കി കിഷോര്‍ സരസ്വതീവിലാസം കാത്തിരുപ്പു കേന്ദ്രത്തിനു മുന്നിലെത്തി. ഏഴര കഴിയുമ്പോഴാണ് മടക്കട്രെയിന്‍. 
റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ ഇതാ യാമിനി ഫോണില്‍. ക്ഷോഭം അടക്കിപ്പിടിച്ചാണ് അവന്‍ സംസാരിച്ചത്. 
''നീയിതെവിടാരുന്നു ഇത്രം നേരം? ആളെപ്പറ്റിച്ചതാ?''
''അടങ്ങെന്റെ കിഷോറേ. ഞാനവിടെ കൃത്യം നാലുമണിക്കുതന്നെ വന്നല്ലോ. നീ കാണാത്തതിന് ഞാനെന്ത് ചെയ്യാനാ.''
''എന്നെ പൊട്ടന്‍കളിപ്പിച്ചതാണല്ലേ?'' ചീത്തവിളിക്കാനായി നാവുപെരുത്തു. ചുറ്റും ആളുകള്‍ നില്‍പ്പുള്ളതിനാല്‍ ശ്രമപ്പെട്ടാണ് അവനത് അടക്കിയത്. 
''അല്ലന്നേ, നിന്റെ തൊട്ടടുത്തൊക്കെ ഞാനുണ്ടാരുന്നെടാ. വിശ്വാസമായില്ല?''
''ഇല്ല.''

''നീ വെളുപ്പില്‍ ചെറിയ കോളങ്ങളുമുള്ള ഷര്‍ട്ടായിരുന്നു ഇട്ടിരുന്നത്. നാലുമണിക്ക് കുറച്ചുമുന്നേവരെ നീ ഉറക്കത്തിലായിരുന്നു. നാലരയോടടുക്കുമ്പോള്‍ കാപ്പിയും കട്ട്ലറ്റുമാണ് നീ കഴിച്ചുകൊണ്ടിരുന്നത്. ഇനി എന്തറിയണം? നീ പുറത്തേക്കിറങ്ങുംവരെ ഞാനവിടെത്തന്നെയുണ്ടായിരുന്നു.''


 ''പിന്നെ എന്തിനായിരുന്നു ഈ നാടകം ? എന്നെ കാണാതെ പോയത് എന്തിന്? വിസ്തരിക്കാതെ അതു പറയെടീ'' -ഉരുണ്ടുകൂടിയ നിരാശയും അരിശവും കിഷോറിന്റെ നിലതെറ്റിച്ചിരുന്നു.
''നിന്നെ ഒരു കാര്യത്തില്‍ ഞാന്‍ സംശയിച്ചു. നേരിട്ട് കണ്ട് ബോധ്യപ്പെടാമെന്നുവച്ചു.''
''കാര്യം തെളിച്ചുപറയ്?''
''നിനക്ക് വിഷമമാകും. എങ്കിലും പറയാം. എന്റെ മകളുമായി ബന്ധപ്പെട്ട കാര്യമാണ്. അവള്‍ ജോലിചെയ്യുന്നത് നീ താമസിക്കുന്നതിനടുത്താണ്. ജോലിസ്ഥലത്തേക്കു പോകുമ്പോ ഒരുത്തന്‍ അവളെ വല്ലാതെ നോവിച്ചു. നീ അത്രയും അറിഞ്ഞാമതി. അവളാകെ വെഷമിച്ചാ വീട്ടിലേക്കു വന്നത്. അവിടെത്തന്നെയുള്ള ഒരുത്തനാ. നേരില്‍ കണ്ടുറപ്പിക്കാമെന്നുവച്ചു.''
''അപ്പൊ, മോളും ഒപ്പമുണ്ടാരുന്നല്ലേ? ഞാനത്രയും മോശക്കാരനാന്ന് നിന്നോടാരാ പറഞ്ഞത്?''
''നീയായിരിക്കരുതെന്ന് ഞാന്‍ സത്യത്തില്‍ ആഗ്രഹിച്ചെടാ.''
''അതു കുഴപ്പമില്ലെടീ, തെറ്റിദ്ധാരണ ഒഴിവായല്ലോ, എന്റെ എന്തേലും സഹായം വേണോ?''
''ഏയ് വേണ്ട, അതെനിക്കു തന്നത്താന്‍ പറ്റും, ഏതു കൊലക്കൊമ്പനായാലും.''
തുരങ്കത്തില്‍നിന്നെന്നപോലെ അവളുടെ ശബ്ദത്തിന്റെ നേര്‍മ്മകളൊക്കെ അന്നേരം നഷ്ടപ്പെട്ടിരുന്നു.
''അപ്പൊ ഇതുവരെ നീ പറഞ്ഞതില്‍ എത്ര സത്യം, എത്ര കള്ളം.''
''കള്ളം വളരെ കുറച്ചേയുള്ളൂ. സത്യായിരുന്നു കൂടുതലും.''
''ഇതുവരെ വന്നിട്ട് കാണാതെ പോയതില്‍ നിരാശയുണ്ടെടീ. ഒന്നുകൂടി, ഇനി ഞാന്‍ തന്നെയാണ് നിന്റെ മകളെ ഉപദ്രവിച്ചത് എന്നിരിക്കട്ടെ, എങ്കിലെന്തു ചെയ്യുമായിരുന്നു?''
''പട്ടീ, എങ്കീ അവിടെയിട്ട് നിന്നെ ഞാന്‍ തീര്‍ത്തേനേ. കരുതിത്തന്നാടാ ഞാന്‍ വന്നത്.''
അരയില്‍ കരുതാറുള്ള മൂര്‍ച്ചയുള്ള കത്തി അബദ്ധത്തില്‍ പാഞ്ഞുകയറി ഞരമ്പുകളെ പിളര്‍ന്നപോലെ അവന് തോന്നി. അവളുടെ ഒച്ച കരുത്തിന്റെ കയറ്റങ്ങള്‍ ഓടിക്കയറിപ്പോയി. കാതില്‍ തീപ്പന്തം കുത്തിയപോലെ അവന്‍ ഫോണ്‍ അകലേക്ക് മാറ്റിപ്പിടിച്ചു. ജീവിതത്തില്‍ അന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഉള്‍ക്കിടിലംകൊണ്ട് അവന്‍ വിറച്ചുപ്പോയി. 
പിറ്റേന്ന് ഉച്ചയില്‍ വിരക്തിനിറഞ്ഞ ഉറക്കത്തിനിടയില്‍ യാമിനി വീണ്ടും വിളിച്ചു. ബുദ്ധ്മുട്ടിച്ചതില്‍ ക്ഷമ ചോദിച്ചു.
''ഇനി ഈ നമ്പരില്‍ എന്നെ കിട്ടിയേക്കില്ല.'' അവളുടെ ശബ്ദം തണുത്തിരുന്നു. 
''എനിക്കിപ്പോഴും നിന്റെ മുഖം ഓര്‍മ്മവരുന്നില്ല. അതിലാണ് സങ്കടം.''
അവള്‍ ചിരിച്ചപോലെ തോന്നി. 
''നിനക്കിപ്പോള്‍ എന്നോട് അല്‍പ്പമെങ്കിലും സ്‌നേഹം തോന്നുന്നുണ്ടോ.''
''ഞാന്‍ പറഞ്ഞതൊന്നും കാര്യാക്കല്ലേ. നീയേതെങ്കിലും നല്ല കൊച്ചിനെ കല്യാണം കഴിക്ക്.''
''അപ്പൊ നീയോ?''
''സന്തോഷമെന്തെന്നറിയാതെ ഒരു ദിവസം അങ്ങ് മരിച്ചുപോവും. അത്രതന്നെ.''
''ഇനി കണ്ടാല്‍ നീ എന്നോട് സംസാരിക്കുമോ?''
''ഉറപ്പായും. പക്ഷേ, അപ്പോഴെന്റെ പേര് ഇതായിരിക്കണമെന്നില്ല. യാമിനീന്ന് പേരുള്ള ഒരാള് നമ്മളോടൊപ്പം പഠിച്ചിട്ടില്ല.'' അവള്‍ ചിരിക്കാന്‍ ശ്രമിച്ചു.
മറഞ്ഞിരിക്കുന്ന ഒരാളെ കണ്ടെത്താന്‍ ഇച്ചിരി ബുദ്ധിമുട്ടണമെന്നേയുള്ളൂ. വേണമെങ്കില്‍ വേഗത്തില്‍ പറ്റുന്നതുമാണ്. സുരക്ഷിതമെന്ന് ഒരാള്‍ കരുതുന്ന ഒരിടത്തേക്ക് എന്തിന് കടന്നുകയറിച്ചെല്ലണം - അവന്‍ ചിന്തിച്ചത് അങ്ങനെയാണ്. 
''കാണാം'' -അവള്‍ പറയുന്നു.
''കാണാം'' -അവന്‍ മറുപടി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com