ഇരട്ട നാളങ്ങള്‍: ഫര്‍സാന അലി എഴുതിയ കഥ 

തീര്‍ത്തും വിരസമായ മറ്റൊരു ദിനത്തിന്റെ അവസാനത്തില്‍ ആരോ ഊതി പറപ്പിച്ചു വിട്ടൊരു അപ്പൂപ്പന്‍താടി കണക്കെ ഞാനെന്റെ മനോരാജ്യത്തില്‍ സൈ്വര്യമായി വിഹരിക്കുകയായിരുന്നു.
ചിത്രീകരണം - ലീനാരാജ് ആര്‍.
ചിത്രീകരണം - ലീനാരാജ് ആര്‍.

ന്നാണ് ഭൂമി നെടുകെ പിളര്‍ന്നത്!
തീര്‍ത്തും വിരസമായ മറ്റൊരു ദിനത്തിന്റെ അവസാനത്തില്‍ ആരോ ഊതി പറപ്പിച്ചു വിട്ടൊരു അപ്പൂപ്പന്‍താടി കണക്കെ ഞാനെന്റെ മനോരാജ്യത്തില്‍ സൈ്വര്യമായി വിഹരിക്കുകയായിരുന്നു. കട്ടിയുള്ള ക്രീമില്‍ പതഞ്ഞുപൊങ്ങുന്ന കോഫി നിറച്ച കപ്പ് ചുണ്ടോടടുപ്പിച്ചതേയുള്ളായിരുന്നു. ഓക്കുമരത്തിന്റെ ശിഖരങ്ങള്‍ അസാധാരണമാംവിധം കുലുങ്ങിവിറച്ചതാണ് ആദ്യം കണ്ണില്‍ പതിഞ്ഞത്. പടിക്കെട്ടില്‍ പടര്‍ന്നുപിടിച്ച മഞ്ഞപ്പൂക്കള്‍ ഓരോന്നായി കൊഴിഞ്ഞുവീണു. കസേരയ്ക്ക് കീഴിലിരുന്ന് സാവകാശം ബിസ്‌കറ്റ് നുണഞ്ഞിരുന്ന വളര്‍ത്തുനായ കുടഞ്ഞെണീറ്റു പരിഭ്രാന്തിയോടെ കുരയ്ക്കാന്‍ ആരംഭിച്ചു. അത്രയും നാള്‍ എനിക്കന്യമായിരുന്ന പുതിയ ഭാവം അതിന്റെ ചാരനിറമുള്ള ഇടതു കണ്ണില്‍ ഞാന്‍ ആദ്യമായി കണ്ടു. ഓക്കുമരം ആഴ്ന്നിറങ്ങി കറുത്ത മണ്ണും എന്റെ കൊച്ചുവീടിനു ചുറ്റുവട്ടവും ഭയാനകമായൊരു കിടുക്കത്തോടെ ഒന്നുലഞ്ഞു. തിളങ്ങുന്ന സ്വര്‍ണ്ണപ്പൂ പോലെ സിഗരറ്റിന്റെ അറ്റത്തുവിരിയുന്ന തീനാളം, ഒരു നുള്ള് ചാരമായി താഴെ വീണു ചിതറാനെടുക്കുന്ന നേരമേ എടുത്തുള്ളൂ എല്ലാം മാറിമറിയാന്‍.
അതെ, ഇന്നാണ് ഭൂമി നെടുകെ പിളര്‍ന്നത്!

ഇതുവരെ, കോടാനുകോടി യുഗങ്ങളായി നിതാന്തമായ തപസ്സിലെന്നപോലെ, ഭൂഗര്‍ഭത്തിലിരുന്നു അക്ഷീണമായി അസ്വസ്ഥതയോടെ തിളച്ചുമറിയുകയായിരുന്നു ആ കൊഴുത്ത ദ്രാവകം. ഭൂമി പിളര്‍ന്നപ്പോഴാണ് കുതിച്ചുപൊങ്ങിച്ചാടുന്ന മെയ്വഴക്കമുള്ളൊരു അഭ്യാസി കണക്കെ അത് ഭൗമോപരിതലത്തിലേക്ക്  ഉഗ്രന്‍ ചൂടോടെ എത്തിനോക്കിയത്... പച്ചപ്പു നിറഞ്ഞ അനേകായിരം ശിഖരങ്ങളിലേക്കു പാഞ്ഞുപടര്‍ന്നത്... അനന്തവിഹായസ്സിലേക്ക് ഭീതിയോടെ പറന്നുയര്‍ന്ന പറവക്കൂട്ടങ്ങളുടെ ചിറകുകളെ വെന്തുരുക്കിയത്... മാനത്തോളം ഉയരത്തിലേക്ക് തീ നാക്കുകള്‍ നീട്ടി താരകങ്ങളെ നിഷ്പ്രഭമാക്കിയത്... തിളക്കമേറിയ ചുവന്നൊരു പട്ടുചേല കണക്കെ ഭൂമി നിറയെ പുതഞ്ഞത്...

കൃത്യം രണ്ടായിപ്പിളര്‍ന്ന ഭൂമി ഏറെ വൈകാതെ തന്നെ സ്വതന്ത്രമായ രണ്ടു ഭൂമികളായി പരിണമിച്ച് സ്വയമേ കറങ്ങാന്‍ ആരംഭിച്ചു. പണ്ടുണ്ടായിരുന്നപോലെ സാവകാശമല്ലായിരുന്നു പുതിയ അച്ചുതണ്ടിലെ ആ ഭ്രമണം; അമ്പരപ്പിക്കുന്ന വേഗതയിലായിരുന്നു. തീപ്പൊരികള്‍ മിന്നാമിനുങ്ങുകള്‍പോലെ ചിതറിത്തെറിച്ചുകൊണ്ടിരിക്കുന്ന പിളര്‍പ്പിലേക്ക് ആരോ നീട്ടിയെറിയുന്ന കുഞ്ഞു ചരല്‍ക്കല്ലുകള്‍ കണക്കെ പല വര്‍ണ്ണങ്ങളിലുള്ള മനുഷ്യര്‍ എടിത്തെറിയപ്പെടുന്നുണ്ടായിരുന്നു; കൂടെ മറ്റു ജീവജാലങ്ങളും! പണ്ടെപ്പോഴൊക്കെയോ ഞാനെന്റെ സ്വപ്നങ്ങള്‍ സ്ഥിരമായി കണ്ട് ഞെട്ടിയുണരുന്ന ഒരു ജീവിയുണ്ടായിരുന്നു. ഉറുമ്പുതീനിയുടെ മുഖവും വരയന്‍ കുതിരയുടെ ശരീരവും നീര്‍ക്കുതിരയുടെ കാലുകളും ഒട്ടകത്തിന്റെ കുളമ്പുകളുമുള്ള ആ വിചിത്രജീവി പിളര്‍പ്പിലേക്ക് കാറ്റോളം വേഗതയില്‍ എടുത്തെറിയപ്പെട്ടത് എന്റെ വലത്തേ ചുമലിന്റെ മേളിലൂടെയായിരുന്നു.
അദ്ഭുതമെന്താണെന്നോ? എന്റെ പാദങ്ങള്‍ ഭൂമിയുടെ ഈ പാതിയില്‍ ഉറച്ചു പോയിക്കഴിഞ്ഞിരുന്നു! ആരോ വലിച്ചെടുക്കുംപോലെ, കണ്ണിമ ചിമ്മുന്ന വേഗതയിലായിരുന്നു. എന്റെ കാലിനോട് പറ്റിച്ചേര്‍ന്ന്, അരുമയായി നിന്നിരുന്ന വളര്‍ത്തുനായ എന്നില്‍നിന്നും ആ നേരം അടര്‍ത്തിമാറ്റപ്പെട്ടത്. പിളര്‍പ്പിലേക്ക് എറിയപ്പെടും മുന്‍പേ ദൈന്യത നിറഞ്ഞ അതിന്റെ ചാരനിറമുള്ള കണ്ണ് വല്ലാതെ തുടിച്ചിരുന്നു. എനിക്കെന്നും തുണയായുണ്ടായിരുന്ന ആ ജീവി ചുടുദ്രാവകത്തില്‍ തിളച്ചുപിടയുന്നത് വേദനയോടെ, നിസ്സഹായനായി കണ്ടുനില്‍ക്കാനേ എനിക്കായുള്ളൂ.

തീജ്വാലകള്‍ പറത്തിവിടുന്ന പുകപടലങ്ങളോ കല്‍ച്ചീളുകളോ അത്യുഷ്ണമോ വാര്‍ദ്ധക്യം വെള്ളിനിറം പടര്‍ത്താന്‍ തുടങ്ങിയ എന്റെ രോമകൂപങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നില്ല. കറങ്ങിത്തിരിഞ്ഞു ഒരു പ്രത്യേക കോണിലെത്തിയപ്പോള്‍ ഇരു ഭൂപാതികളും ചലനം നിര്‍ത്തി.
എന്റെ കറുത്ത നീളന്‍ കോട്ട് സുസ്ഥിരതയോടെ ദേഹത്തോടൊട്ടി കിടപ്പുണ്ടായിരുന്നു. നര പിണഞ്ഞുകയറിയ ചെമ്പന്‍ നിറത്തിലുള്ള താടിയും അല്പം കുനിഞ്ഞുതുടങ്ങിയ മുതുകും ദൃഢത നഷ്ടമായിക്കൊണ്ടിരിക്കുന്ന, പേശികള്‍ തൂങ്ങിയ ശരീരവുമായി നിലതെറ്റാതെ നില്‍ക്കുന്ന ഞാന്‍ എന്നെത്തന്നെ വിസ്മയിപ്പിക്കുകയായിരുന്നു.

ഏതാനും ദിവസങ്ങള്‍ മാത്രമായിരുന്നോ ആ നില്പ് അങ്ങനെ തുടര്‍ന്നത്? അതോ മാസങ്ങളോ? അറിയില്ല! തലങ്ങും വിലങ്ങും തെറിച്ചുപോയ ജീവിതത്തിന്റെ അലയൊലികള്‍ ഏറെക്കുറെ ശാന്തമായി കഴിഞ്ഞിരുന്നു. കാഴ്ചക്കുറവിന്റെ ലാഞ്ഛന കവര്‍ന്ന കണ്ണുകള്‍ക്കു മുന്‍പില്‍ പുകപടലങ്ങള്‍ വഴിമാറിയകന്നപ്പോള്‍ എനിക്ക് കാണാമായിരുന്നു ഈ ഭൂപാതിയില്‍ ഞാന്‍ മാത്രമാണെന്ന്. ചുട്ടുപഴുത്ത ദ്രാവകം തണുത്തുറഞ്ഞു, കറുത്ത നിറത്തിലുള്ള വലുതും ചെറുതുമായ ക്രമമല്ലാത്ത അടുക്കുകളായി രൂപപ്പെട്ടിട്ടുണ്ട്. പച്ചപ്പില്ലാത്ത, ഊഷരമായ കറുത്ത ഈ ഭൂപാതിയില്‍ ഇപ്പോള്‍ ഞാന്‍ മാത്രം! സംഭ്രമം പിടികൂടാത്ത ഹൃദയം അപ്പോഴും താളബോധത്തോടെ മിടിക്കുന്നുണ്ട് എന്നത് അതിശയപ്പെടുത്തി. ഇതാണോ ലോകാവസാനം?
മാത്യുവിന്റെ സുവിശേഷത്തില്‍ പറയുന്നുണ്ടല്ലോ... ''മാലാഖമാര്‍ മുന്നോട്ടേക്ക് വരും; എന്നിട്ട് കുടിലബുദ്ധിക്കാരെ സന്മാര്‍ഗ്ഗികളില്‍നിന്നും പുറത്തേക്കെടുക്കും, അങ്ങനെ ഈ ലോകം അവസാനിക്കും.'' അങ്ങനെയെങ്കില്‍ ഈ ലോകത്ത് അവശേഷിക്കുന്ന ധര്‍മ്മബോധമുള്ള ഒരേയൊരാള്‍ ഈ ഞാന്‍ മാത്രമാണോ? ആലോചിച്ചപ്പോള്‍ എനിക്കു ചിരിപൊട്ടി.

ഇടതു കൈത്തലം തലയ്ക്കു മുകളില്‍ വെച്ച്, ചുളിഞ്ഞ മുഖത്തോടെ പിളര്‍പ്പിന്റെ അറ്റത്തേയ്ക്ക് പതിയെ ഞാന്‍ കണ്ണോടിച്ചു. ഈ പാതിയില്‍നിന്നും വ്യത്യസ്തമല്ലായിരുന്നു മറുപാതിയിലേയും സ്ഥിതിഗതികള്‍. ജീവന്റെ നേര്‍ത്ത തുടിപ്പുകളത്രയും തുണ്ടംതുണ്ടമായി അറുത്തെടുത്തു കഴിഞ്ഞിരുന്നു ആ പാതിയില്‍നിന്നും. മൗനത്തെ ഭേദിച്ച് എന്റെ നെടുവീര്‍പ്പ് ഒരേങ്ങലോടെ പുറത്തേയ്ക്കു വന്നു. നട്ടെല്ലിനെ കമ്പനം കൊള്ളിച്ചു കടന്നുപോയ മിന്നല്‍പ്പിണരില്‍ ദേഹമാകെ ആടിയുലഞ്ഞുപോയി; ഒരു നിമിഷത്തേയ്ക്ക്. ''ഈ ലോകത്ത് ഇനി ഞാന്‍ മാത്രമോ! എന്റെ ദൈവമേ!''

അല്ല... മറ്റേ ഭൂപാതിയില്‍ വേരുറഞ്ഞുപോയൊരു മഹാവൃക്ഷം കണക്കെ അചഞ്ചലമായി നിലകൊള്ളുന്നുണ്ട് ഒരു മനുഷ്യരൂപം! ഒരു സ്ത്രീ രൂപം! പിടിപെട്ട തളര്‍ച്ചയെ ഗൗനിക്കാതെ, പിളര്‍പ്പിന്റെ അറ്റത്തേയ്ക്കു ധൃതിയില്‍ പാദങ്ങളെ വേച്ചുവേച്ചു ഞാന്‍ നടന്നു. പുകയും പൊടിപടലങ്ങളും പത്താള്‍ പൊക്കത്തില്‍ ഉയര്‍ന്നുപൊങ്ങി കറുത്ത പരവതാനിപോലെ ആകാശത്തിനു താഴെ വിതാനിക്കപ്പെട്ടിരുന്നു. എന്റെ കാഴ്ചയ്ക്ക് എത്തിപ്പെടാന്‍ അപ്രാപ്യമായിരുന്നു മറ്റേ ഭൂപാതിയിലേക്കുള്ള അകലമെങ്കിലും എല്ലാം തെളിമയോടെ കാണാനാവുന്നുണ്ട് എന്നത് എന്നെ ഏറെ അതിശയിപ്പിച്ചു. അവിടെ നില്‍ക്കുന്ന ആ സ്ത്രീരൂപത്തിലേക്ക് ദൃഷ്ടി കേന്ദ്രീകരിക്കും തോറും എന്റെ കാഴ്ച കൂടുതല്‍ സുദൃഢമാവുകയായിരുന്നു. ഭൂതക്കണ്ണാടിയിലൂടെ നോക്കുന്നപോലെ വളരെ അടുത്തു കാണാമായിരുന്നു ആ രൂപത്തെ.
തല്‍ക്ഷണം ഞാനറിഞ്ഞു... പതര്‍ച്ച പിടിപെടാത്ത ആ മുഖം എനിക്ക് പരിചിതമാണ്. ആപത്ഘട്ടങ്ങളെയെല്ലാം തെല്ലും കൂസാതെയുള്ള ആ ദേഹഭാവം മുന്‍പെങ്ങോ ഞാന്‍ കണ്ടിട്ടുണ്ട്... മുകളിലെ പുകപ്പരവതാനിയെ കൗതുകത്തോടെ  നോക്കിനില്‍ക്കുന്നയാ കണ്ണുകള്‍ എവിടെ വെച്ചാണ് ഞാന്‍ കളഞ്ഞുപോയത്! നര പൊടിയിട്ടു തുടങ്ങിയ നീണ്ട മുടിയിഴകള്‍ ഇരു ചെവികളേയും മൂടി പിറകിലേക്ക് പാറിപാറക്കുന്നുണ്ടായിരുന്നു. എന്റെ വിരലുകള്‍ക്ക് സുപരിചിതമായിരുന്നില്ലേ നീണ്ടയാ മുടിയിഴകള്‍! തലയില്‍ നിന്നൂര്‍ന്നിറങ്ങിയ ഇളംചുവപ്പു നിറത്തിലുള്ള ശിരോവസ്ത്രം വലതു തോളില്‍ നിശ്ചലമായി കിടക്കുന്നുണ്ട്.

എന്റെ വിരല്‍ത്തുമ്പുകളില്‍ തരിപ്പ് പടരുന്നു... എന്റെ തലയ്ക്കുള്ളില്‍ വണ്ടുകള്‍ മൂളാന്‍ തുടങ്ങിയിരുന്നു. ജീവിച്ചു തീര്‍ത്ത അറുപതു വര്‍ഷങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും കണ്ടിരുന്നോ ഈ സ്ത്രീയെ? അസാമാന്യമായ ഓര്‍മ്മശക്തിയാലും ബുദ്ധിവൈഭവത്താലും സര്‍വ്വരുടേയും പ്രശംസയ്ക്ക് എന്നും പാത്രമായിരുന്ന ഞാനെന്ന തത്ത്വചിന്തകന് ഏറെ അലയേണ്ടിവന്നില്ല അതിന്റെ ഉത്തരത്തിനായി.
ഇല്ല! ഇതിനു മുന്‍പ് ഒരിക്കല്‍പ്പോലും ആ സ്ത്രീയെ കണ്ടിട്ടില്ല.
പക്ഷേ, ജന്മാന്തരങ്ങളുടെ ബന്ധം ഞാനറിയുന്നുണ്ട് ഇപ്പോള്‍. മഞ്ഞുപെയ്യുന്ന ഈ ഭൂഖണ്ഡത്തിന്റെ ഒരു കോണിലിരുന്ന് ആത്മബന്ധങ്ങളെ പ്രതിപാദിച്ചുകൊണ്ട് ഞാന്‍ പുസ്തകങ്ങള്‍ എഴുതിത്തീര്‍ത്തതത്രയും ഭാവനകളില്‍ മാത്രം നെയ്ത ഈ മുഖം മനസ്സില്‍ തെളിഞ്ഞു വന്നപ്പോഴായിരുന്നു. എന്റെ അക്ഷരങ്ങള്‍ മഴയായി പെയ്തതെല്ലാം ഈ രൂപം മേഘമായി മനസ്സിനുള്ളില്‍ ഒഴുകിപ്പരന്നപ്പോഴായിരുന്നു. ലോകം മുഴുവനും ഒറ്റയ്ക്കു ചുറ്റിക്കറങ്ങിയപ്പോഴും ആള്‍ക്കൂട്ടത്തിനിടയില്‍ തിരഞ്ഞതത്രയും  ഈ കണ്ണുകള്‍ മാത്രമായിരുന്നു. കാത്തിരുന്നതത്രയും ആ കണ്ണുകളില്‍ കുരുങ്ങി എന്റെ ആത്മാവ് സ്വയം നഷ്ടപ്പെടുന്നയാ നിമിഷത്തിനു വേണ്ടിയായിരുന്നു. ആ ഉറ്റുനോട്ടം എന്റെ ആത്മാവിന്റെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങുന്നതറിഞ്ഞു. ശ്വാസമടക്കി പിടിച്ചുനില്‍ക്കാനായിരുന്നു...
ഇരു കൈകളും നെറ്റിയിലമര്‍ത്തി മുട്ടുകുത്തി ഞാന്‍ നിലത്തിരുന്നു. കട്ടിയുള്ള ശിലാപാളികളില്‍ ഉരഞ്ഞു കാല്‍മുട്ടുകള്‍ വേദനിച്ചു.
ഞാനെഴുതിയ പുസ്തകത്തിലെ തന്നെ വരികള്‍ കൃത്യതയോടെ എന്റെ മനസ്സില്‍ വന്നുനിന്നു. ഇരട്ട നാളങ്ങള്‍! ഒരു തീനാളത്തില്‍നിന്നും രണ്ടായിപ്പിരിഞ്ഞ് ഒടുക്കം ഒന്നായി മാറി പരസ്പരം പടര്‍ന്നുപിടിക്കുന്നവര്‍! ഓരോ ആത്മാവിലേക്കും ജീവനൂതി ഈ ഭൂമിയിലേക്ക് അയക്കും മുന്‍പേ ദൈവം ആത്മാക്കളെ രണ്ടു പാതിയായി ചീന്തും. ഓരോ പാതിയും മറുപാതിയെ തേടി ഭൂമി മുഴുവന്‍ ഉഴറിനടക്കും. അതൊരു സ്വബോധത്തോടെയുള്ള പ്രക്രിയയല്ല പലരിലും. പക്ഷേ, ആത്മാവിന്റെ മറുപാതിയെ കണ്ടെത്തിയാല്‍ മാത്രമേ ജീവിതം സമ്പൂര്‍ണ്ണമാവൂ എന്നത് എന്നെപ്പോലെ ചിലര്‍ക്കെങ്കിലും ആദ്യമേ മനസ്സിലാക്കാന്‍ കഴിയുമായിരിക്കും.

ആ മറുപാതിയെ ഈ ഭൂമിയില്‍ വെച്ചു കണ്ടെത്താനാവുന്നവര്‍ എത്ര ഭാഗ്യവാന്മാരാണ്! അത് അപൂര്‍ണ്ണമായൊരു വരി പൂര്‍ത്തിയാക്കും പോലെയാണ്. ഇരു ദിശകളിലേക്കു ഒഴുകുന്ന നദികള്‍ എവിടെയോ വെച്ച് അപ്രതീക്ഷിതമായി ഇണചേര്‍ന്നു ഒന്നായി മാറും പോലെയാണ്. ജീവന്റെ രണ്ടു അടരുകള്‍ പരസ്പരം ഇടകലരുന്ന അനുഭൂതിയാണ്. ഞാന്‍ നിന്നിലും നീ എന്നിലും ലയിച്ചു നാമാവുന്ന നിമിഷമാണ്. ഹൃദയത്തിലൂടെയുള്ള വിദ്യുത്തരംഗങ്ങളാല്‍ രണ്ടാത്മാക്കള്‍ പരസ്പരം ബന്ധിക്കപ്പെടുന്നത് കാലത്തിനോ സമയത്തിനോപോലും തടസ്സപ്പെടുത്താന്‍ അസാധ്യമായ പ്രക്രിയയാണ്.

ഞാനെന്ന തത്ത്വചിന്തകനെ എന്നുമേറെ ആവേശം കൊള്ളിച്ച പ്രതിഭാസമായിരുന്നു ആത്മാവിന്റെ പാതിയെ കണ്ടെത്തുക എന്നത്. എന്റെ ഹൃദയം ശാന്തമാകുന്നത് ഇപ്പോള്‍ ഞാനറിയുന്നുണ്ട്. ആനന്ദത്തിന്റെ പരമോന്നതിയിലെത്തിയ  മനസ്സ് നിറയെ പ്രണയശീലുകള്‍ നിറയുന്നുണ്ട്. തീച്ചൂടിനാല്‍ പൊള്ളാത്ത എന്റെ രോമങ്ങള്‍ അവളിലേക്കുള്ള കാഴ്ചയാല്‍ എഴുന്നുനില്‍ക്കുന്നുണ്ട്. ശിലപോലെ ഉറഞ്ഞുപോയ എന്നില്‍നിന്നും വാക്കുകളും ചിന്തകളും കൂടു വിട്ടുയര്‍ന്നു പറന്നു കഴിഞ്ഞിരുന്നു.
അതാ... ആ ഭൂപാതിയുടെ മറ്റേ അറ്റത്തെ പിളര്‍പ്പിനടുത്തേയ്ക്ക് ഉയര്‍ത്തിപ്പിടിച്ച, അദ്ഭുതം കീഴടക്കിയ തേജസ്സുള്ള മുഖവുമായി പതിയെ അവള്‍ നടന്നുവരുന്നു. ഞാന്‍ മെല്ലെ എണീറ്റു. സംയമനത്തോടെ നില്‍ക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ എനിക്ക് അഭിമുഖമായാണ് അവള്‍ നിലകൊള്ളുന്നത്. ഉറഞ്ഞുപോയ  അഗ്‌നിസ്രവം ഇരു ഭൂപാതികള്‍ക്കിടയിലേയും പിളര്‍പ്പിനു കുറുകെ, ഉരുക്കിന്റെ കട്ടിയില്‍ കറുത്തൊരു നീളന്‍ പാത സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. അയാളെ സാകൂതം വീക്ഷിക്കുകയായിരുന്നു അവള്‍. തവിട്ടുനിറത്തിലുള്ളയാ കണ്ണുകള്‍ക്ക് കട്ടിക്കണ്ണടയുടെ ആവശ്യമേതുമില്ലാതെ തന്നെ അയാളെ ദര്‍ശിക്കാമായിരുന്നു.

അയാളുടെ ഭൂപാതിയിലേക്ക് നീളുന്ന കറുത്ത പാതയിലേക്ക് ഒരു സ്വപ്നാടകയെപ്പോലെ അവള്‍ തെന്നിയിറങ്ങി. പൊടിക്കാറ്റ് പാറുന്ന, ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍, ഒലിവു മരങ്ങളേയും തഴുകിയെത്തുന്ന കാറ്റില്‍ അവളുടെ ഉറക്കം നഷ്ടപ്പെടുത്തിയ ചിന്തകളെ കുറിച്ചവള്‍ പെട്ടെന്നോര്‍ത്തു. അതീന്ദ്രിയമായ സങ്കല്പങ്ങളാല്‍ വലയം ചെയ്യപ്പെട്ട മനസ്സായിരുന്നു അവളുടേത്.

ചേതനമായ ഒരു വിസ്തുവിനും പൂര്‍ണ്ണമായ നാശം സംഭവ്യമാകില്ലെന്ന് അവള്‍ വിശ്വസിച്ചു. ഉണങ്ങിയ ഒരു വിത്തില്‍നിന്നും വീണ്ടും പച്ചപ്പു കിളിര്‍ത്തു ജീവന്‍ ഉദ്ഭവിക്കും പോലെ മനുഷ്യനും അത് സാധ്യമാണെന്ന് അവളിലെ ഗവേഷക ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. തലമുറകള്‍ക്കും മുന്‍പേ ഈ ലോകത്ത് ജനിച്ച് ജീവിച്ച് മരിച്ചുപോയവര്‍ സഹസ്രാബ്ദങ്ങള്‍ക്കുള്ളില്‍ വീണ്ടും വീണ്ടും ഈ ഭൂമിയില്‍ അവതരിക്കുമത്രേ! ഓരോ മനുഷ്യനും അനേകം ജന്മങ്ങള്‍ ഉണ്ടെന്നര്‍ത്ഥം. അങ്ങനെ ഓരോരോ ജന്മത്തിലും അവനും അവള്‍ക്കും ഏറെ പ്രിയപ്പെട്ട ഒരാളുണ്ടാകും. ആത്മാവിന്റെ മറുപാതി! മറുജന്മങ്ങളിലും അവനും അവളും ആ പാതിയെ തേടിക്കൊണ്ടേയിരിക്കും. വളരെ അപൂര്‍വ്വം ചിലര്‍ക്കു മാത്രം പരസ്പരം കണ്ടുമുട്ടി, ജീവിതത്തെ അര്‍ത്ഥവത്താക്കാനാവും.
പക്ഷേ, അവള്‍ക്കിന്നേവരെ ആ പാതിയെ കണ്ടെത്താനായില്ലായിരുന്നു. അക്ഷീണയായി ഏറെ അലഞ്ഞെങ്കിലും ഇന്നേവരെ കണ്ട ആരാലും അവളുടെ ആത്മാവില്‍ പ്രണയമുദ്രണം നടത്തപ്പെട്ടിട്ടില്ലായിരുന്നു. ഇപ്പോള്‍, അയാളിലേക്കുള്ള അകലം കുറയുംതോറും ഇത്രയും നാളത്തെ തേടലിനു അറുതിയായതുപോലെ അവള്‍ക്കു തോന്നാനാരംഭിച്ചു.

അവള്‍ക്കറിയാമായിരുന്നു, ആത്മാവിന്റെ മറുപാതിയെ കാണുമ്പോള്‍ എങ്ങും നിശ്ശബ്ദത പരക്കുമെന്ന്... പറയാതേയും കേള്‍ക്കാതേയും പരസ്പരം അറിയാനാകുമെന്ന്... വിരല്‍ത്തുമ്പില്‍ നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങും പോലെ അനുഭവപ്പെടുമെന്ന്... ഭൂമിയുടെ സംഗീതവും ഹൃദയമിടിപ്പും പരസ്പരം ലയിച്ച് ഒന്നാകുമെന്ന്... പരസ്പരമുള്ള ദൃഷ്ടി കൈമാറ്റങ്ങള്‍ സ്വത്വത്തെപ്പോലും നഷ്ടപ്പെടുത്തുമെന്ന്... ആത്മാവിന്റെ ആ മറുപാതിയുടെ ഒരു നോട്ടം കൊണ്ട് ആശ്ലേഷിക്കപ്പെടാമെന്ന്... തണുത്ത മൗനം കൊണ്ടുപോലും ചുംബിക്കപ്പെടാമെന്ന്...

''അതെ... കള്ളിമുള്‍ച്ചെടിക്കൂട്ടങ്ങള്‍ക്കരികിലെ  തമ്പിലിരുന്നു, രാത്രിയാകാശത്തില്‍ രത്‌നക്കല്ലുകള്‍പോലെ മിന്നുന്ന താരകങ്ങളേയും നോക്കി എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ ചാഞ്ഞു കിടന്നതത്രയും ആ ചുമലിലായിരുന്നോ? ഞാന്‍ മുന്‍പെങ്ങോ കണ്ടിട്ടുണ്ട് അയാളെ! അതെ, അയാള്‍ എന്റെ ആത്മാവിന്റെ പാതി തന്നെയായിരുന്നല്ലോ!''
അവളുടെ മനസ്സ് മന്ത്രിച്ചത്, ചിരി വിടര്‍ന്നയാ അധരങ്ങളില്‍നിന്നും ആ കണ്ണുകളുടെ ശോണിമയില്‍നിന്നും അയാള്‍ക്കു ഗ്രഹിക്കാനാവുമായിരുന്നു.
അവള്‍ ആവേശത്തോടെ എനിക്കു നേരെ നടന്നടുക്കുകയായിരുന്നു. ദിവാസ്വപ്നത്തിലെന്നോണം ഞാന്‍ ആ കറുത്ത പാതയിലേക്കിറങ്ങി; ഇരു ഭൂപാതികള്‍ക്കിടയിലേയും ദൂരം അതിവേഗം കുറയുംപോലെ.
പെട്ടെന്നായിരുന്നു അത്!

അവളിലേക്കുള്ള നോട്ടത്തെ ഇടറി വീഴ്ത്തി, വേവലാതിയോടെ കിതച്ചു പായുന്ന സൈബീരിയന്‍ ഹസ്‌കിയെപ്പോലെ തോന്നുന്നൊരു വെളുത്ത പെണ്‍നായയെ മറ്റേ ഭൂപാതിയില്‍ ഞാന്‍ കണ്ടത്. ഉദരഭാഗത്തെ പൊള്ളലില്‍ കട്ടരക്തം പിടിച്ചിട്ടുണ്ട്. പൊടുന്നനെ തലവെട്ടിച്ചു  എന്നിലേക്ക് അതിന്റെ നോട്ടം ചൂഴ്ന്നിറങ്ങിയപ്പോള്‍, ഞാന്‍ കണ്ടു; ആ നായയുടെ വലത്തെ കണ്ണിനു ചാരനിറവും ഇടത്തെ കണ്ണിനു കടുംനീല നിറവുമായിരുന്നു! പെട്ടെന്നാണ് ഞാനെന്റെ നായയെക്കുറിച്ചോര്‍ത്തത്, അവന്റെ ഇടംകണ്ണ് ചാരനിറത്തിലും വലതുകണ്ണ് കടുംനീലയുമായിരുന്നു. ഓരോ ജീവിയുടേയും വലതു കണ്ണാണ് അതിനു സ്വന്തം, ഇടതു കണ്ണ് ആത്മാവിന്റെ മറുപാതിയുടേതാണ്. ജീവിതത്തിലെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ തന്റെ കണ്ണിനാല്‍ത്തന്നെ തുറിച്ചു നോക്കപ്പെടുന്ന അവസരത്തില്‍ മാത്രമേ യോജിക്കാന്‍ മറന്നു പോയവയെ അവയ്ക്കു പരസ്പരം മനസ്സിലാക്കാനാവൂ. അങ്ങനെയെങ്കില്‍ എന്റെ നായയുടെ ചാര നിറത്തിലുള്ള കണ്ണ് ഈ പെണ്‍നായയുടേതായിരിക്കാനും സാധ്യതയില്ലേ? അവര്‍ ഒരേ ആത്മാവിന്റെ ഇരുപാതികളായിരിക്കില്ലേ! ഒരു പെണ്‍നായയുമായും കൂട്ടുകൂടാതെ കഴിഞ്ഞിരുന്ന എന്റെ പ്രിയപ്പെട്ട നായയെ ഓര്‍ത്തു പരിതപിക്കാനേ എനിക്കാവുന്നുള്ളൂ. കഷ്ടം! ജീവന്റെ പാതിയെ കണ്ടെത്താനുള്ള അവസാന സാധ്യതയും ഉപയോഗപ്പെടുത്താനാകാതെ മടങ്ങാനാണല്ലോ ആ സാധുജീവിയുടെ വിധി... നിരന്തരമായ ഓട്ടത്തിനൊടുവില്‍ ആ ഭൂപാതിയുടെ അറ്റമില്ലാ കോണിലേക്കു നീങ്ങിയ ആ പെണ്‍നായ പെട്ടെന്നാണ് അപ്രത്യക്ഷയായത്!

തെല്ലിട സ്ഥാനഭ്രംശം നേരിട്ട എന്റെ കാഴ്ചയുടെ കാരണത്തെ, പിറകോട്ട് തിരിഞ്ഞു ജിജ്ഞാസയോടെ അവളും വീക്ഷിക്കുന്നുണ്ടായിരുന്നു. അല്ലെങ്കിലും ആത്മാവിന്റെ മറുപാതിയില്‍നിന്നും ഒളിപ്പിക്കാനാവുന്ന രഹസ്യങ്ങളില്ലല്ലോ! മുന്നോട്ടേക്ക് നടന്നുവരുന്ന അവള്‍ അടുത്തേക്കെത്തുംതോറും എന്റെ തളര്‍ച്ച ഉന്മേഷത്തിനും വാര്‍ദ്ധക്യം യൗവ്വനത്തിനുമായി വഴിമാറിക്കൊണ്ടേയിരുന്നു. വര്‍ഷങ്ങളായി തേടിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളെല്ലാം ഒരാളിലായി കേന്ദ്രീകരിക്കപ്പെട്ട നിമിഷത്തിന്റെ നിര്‍വൃതി ആദ്യമായറിഞ്ഞു. ആ നേരം, പ്രണയം തീക്ഷ്ണമാക്കിയ നാലു കണ്ണുകളുടേയും പൂര്‍ണ്ണതയിലെത്തിയ ഒരു ആത്മാവിന്റേയും സമാഗമത്തിനായി ഇരു ഭൂപാതികളും കാത്തിരിപ്പുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com