മിന്നല്‍ക്കഥകള്‍: പികെ പാറക്കടവ് എഴുതിയ കഥ

നദിക്കരയിലെ തെങ്ങ് ഇങ്ങനെ ചാഞ്ഞിരിക്കുന്നത് ഒഴുക്ക് നിലക്കുന്ന ഏതെങ്കിലും നേരം നദിയോട് ഒരു സ്വകാര്യം പറയാനുള്ളതിനാലാണ്.
മിന്നല്‍ക്കഥകള്‍: പികെ പാറക്കടവ് എഴുതിയ കഥ

സ്വകാര്യം
നദിക്കരയിലെ തെങ്ങ് ഇങ്ങനെ ചാഞ്ഞിരിക്കുന്നത് ഒഴുക്ക് നിലക്കുന്ന ഏതെങ്കിലും നേരം നദിയോട് ഒരു സ്വകാര്യം പറയാനുള്ളതിനാലാണ്.

മരണമൊഴി
മല ഇടിഞ്ഞു നിരപ്പാവുന്നതിനു മുന്‍പും പുഴ വറ്റിത്തീരുന്നതിനു മുന്‍പും മരണമൊഴി കൊടുത്തിട്ടുണ്ട്; മനുഷ്യനെതിരെ.

കഥയുടെ ഖനി 
ശ്മശാനത്തില്‍ വന്നപ്പോഴാണറിയുന്നതു്;
ഭൂമിക്കടിയില്‍നിന്നു മരിച്ചവര്‍ നിര്‍ത്താതെ നിര്‍ഭയരായി കഥകള്‍ പറയുകയാണ്.
അവരെ ആരും കൊന്നുകളയുകയൊന്നുമില്ലല്ലോ.

ദൈവത്തിന്റെ കിനാവ്

ഈ പ്രപഞ്ചം ദൈവത്തിന്റെ വാക്കോ വരയോ?
രണ്ടുമാകണമെന്നില്ല.
ദൈവം കണ്ടുകൊണ്ടിരിക്കുന്ന കിനാവാകാം.

കലാകാരന്‍

മരണത്തിന്റെ മാലാഖ ദൈവത്തോട് പറഞ്ഞു: എളുപ്പമല്ല, ഒരു കലാകാരനെ ഭൂമിയില്‍ നിന്നിങ്ങോട്ടു കൊണ്ടുവരാന്‍, അവന്റെ വേരുകള്‍ ആഴത്തില്‍ പടര്‍ന്നിട്ടുണ്ട്. കിനാവുകളും കണ്ണീരും കൊണ്ട് അവന്‍ ചുറ്റും വലിയ കോട്ട പണിതിട്ടുണ്ട്.

മനുഷ്യനും പൂമ്പാറ്റയും 

മധുരവിഷമുള്ള പൂക്കളെ നോക്കാതെ പൂമ്പാറ്റ നേരെ മണിയറയിലേക്ക് പറന്നുവന്നു പറഞ്ഞു: ''ഞാനൊരു മനുഷ്യനല്ല; പൂമ്പാറ്റയാണ്.''

സ്വപ്നം

മരിച്ചവര്‍ കാണുന്ന സ്വപ്നമാണ് ജീവിതം.

ചോദ്യം

മുറിഞ്ഞുവീഴും മുന്‍പ് മരം മഴുവിനോട് ചോദിച്ചു:
എന്റെ ശിഖരം കൊണ്ടുണ്ടാക്കിയ നീ തന്നെ വേണമായിരുന്നോ എന്നെ ഇല്ലാതാക്കാന്‍?

ആചാരം

മുറ്റത്തു വിരിഞ്ഞ ചെടിയിലെ അശുദ്ധിയായ ചുവന്ന പൂവ് ദൂരെ നുള്ളിയെറിഞ്ഞു ഇന്നലെ.
ഇന്നു മുറ്റം നിറയെ ചെടികള്‍ മുറുക്കിച്ചുവപ്പിച്ചു നോക്കിച്ചിരിക്കുന്നു.

കളിപ്പാവകള്‍

പാതയോരത്തു പൊട്ടിപ്പോയ ഒരു കളിപ്പാവ.
കളിപ്പാവയെ കെട്ടിപ്പിടിച്ച് ഒരിക്കലും ഇനി കണ്ണുകള്‍ തുറക്കാനാകാതെ ദൈവത്തിന്റെ മറ്റൊരു കളിപ്പാവ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com