വേടന്‍തൊടി: വി ഷിനിലാല്‍ എഴുതിയ കഥ

വേടന്‍തൊടി: വി ഷിനിലാല്‍ എഴുതിയ കഥ

ചിത്രീകരണം - ഗോപീകൃഷ്ണന്‍

(1)

അപ്പോള്‍ ജോണിന്റെ ഫോണ്‍ വന്നു. 
''എടാ, ഞാനത് ടെസ്റ്റ് ചെയ്തു. എനിക്ക് ആദ്യമേ സംശയമുണ്ടായിരുന്നു. അത് സെമനാണെടാ.'' ഒറ്റശ്വാസത്തില്‍ അവന്‍ പറഞ്ഞുനിര്‍ത്തി.
''ങേ.''
''രണ്ട് നൂറ്റാണ്ടെങ്കിലും പഴക്കമുള്ള സെമന്‍. സൂക്ഷിച്ചിരുന്ന കുപ്പിയുടെ പ്രത്യേകത കൊണ്ടാവണം, അതിന് ഒരു കേടും സംഭവിച്ചിട്ടില്ല. ഞാന്‍ മൈക്രോസ്‌കോപ്പിലൂടെ നോക്കുമ്പോള്‍ കോടിക്കണക്കിന് ബീജങ്ങള്‍ തുടുതുടാന്ന് വാലിട്ടിളക്കി ഓടടാ ഓട്ടം. എന്തായാലും ഞാന്‍ സേഫായി സൂക്ഷിച്ചുവയ്ക്കാം. എന്തുവേണമെന്ന് പിന്നീട് തീരുമാനിക്കാം.''
പരിശോധനാഫലം അവന്‍ എന്റെ വാട്സാപ്പിലേക്കയച്ചു. അതിനെ ഉടന്‍തന്നെ  അടിക്കുറിപ്പോടെ ഞാന്‍ രേവതിക്കയച്ചു:
''di, it was semen, still alive.'
അവള്‍ അത്ഭുതത്തിന്റെ നാലഞ്ച് സ്മൈലികള്‍ വാരി റിപ്ലയിട്ടു.

(2)

തറവാടിന്റെ ഒരു ഭാഗം പൊളിക്കാന്‍ തീരുമാനിച്ച അന്നുമുതല്‍, ഈയിടെ മെമ്മറി അടിച്ചുപോയ അമ്മ ഇടയ്ക്കിടെ പറയാറുള്ള പഞ്ച് ഡയലോഗ് മനസ്സില്‍ വന്നു കയറാന്‍ തുടങ്ങി: ''മോനേ, ഇത് പത്തിരുന്നൂറ്റമ്പത് വര്‍ഷം പഴക്കമുള്ള തറവാടാണ്. ഏതോ ഒരു കാരണവര്‍ തുടങ്ങിവച്ച പണി മൂന്നാല് തലമുറകൊണ്ടാണ് തീര്‍ന്നത്.'' സകലവിധമായ സാമൂഹ്യ ദുരാചാരങ്ങള്‍ക്കും വിപ്ലവകരമായ പരിണാമങ്ങള്‍ക്കും സാക്ഷിയായ തറവാടിന്റെ മുറ്റത്ത് വരാന്തയുടെ നീളന്‍ ചുവരില്‍ തൂക്കിയ ഘടാഘടിയന്‍മാരായ പേരില്ലാക്കാരണവന്‍മാരുടെ ചിത്രങ്ങളും നോക്കി ഞാനിരുന്നു. എന്റെ രക്തം ചൂട്പിടിക്കുകയും രോമങ്ങള്‍ ചാടിയെണീറ്റ് തുറിച്ച്‌നില്‍ക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. നിങ്ങള്‍ ഒരു തറവാടിയാണെങ്കില്‍ അതൊന്നും അസ്വാഭാവികമായി തോന്നാനിടയില്ല. 

തറവാട് വിലക്ക് വാങ്ങാന്‍ വരുന്ന ആക്രിക്കച്ചവടക്കാരനായ മുസ്ലിമിനെ (അതാണല്ലോ അതിന്റെ ഒരിത്) കാത്താണ് എന്റെയീ ഇരിപ്പ്. കടംകയറി മുടിഞ്ഞതുകൊണ്ടോ പെങ്ങളെ കെട്ടിക്കാനോ ഒന്നുമല്ല ഞാനീ തറവാട് പൊളിച്ച് വില്‍ക്കുന്നത്. ഇക്കാലത്ത് ഈ മ്യൂസിയം ഒരധികപ്പറ്റായതിനാലാണ്. 
ഇങ്ങനെയിരിക്കുമ്പോള്‍ അമ്മ പറഞ്ഞുതന്ന ചില കഥകളൊക്കെ മനസ്സില്‍ വരുന്നുണ്ട്. താഴെ കാണുന്ന പൊയ്കയാണ് വേടന്‍തൊടി. കൃഷി ചെയ്യാതെ ചതുപ്പായി കിടക്കുന്ന പൊയ്ക തോട്ടുമീനുകളുടെയും പച്ചത്തവളകളുടെയും ഞണ്ടുകളുടെയുമൊക്കെ വിളയാട്ട് ഭൂമിയാണ്. തറവാടിന്റെ പ്രതാപകാലത്ത് ഒരു കാരണവര്‍ ധാര്‍ഷ്ട്യക്കാരനായ ഒരു വേടനെ ഉയിരോടെ ചെളിയില്‍ ചവിട്ടിത്താഴ്ത്തി കൊന്നത് ആ ചതുപ്പിലാണ്. വലംകാല്‍ കൊണ്ട് ഉച്ചംതലയില്‍ ചവിട്ടി താഴ്ത്തുമ്പോള്‍, വയലില്‍നിന്നും കുമിളകള്‍ പൊന്തിവരുന്നതിന്റെ ഗുളുഗുളു ശബ്ദമൊക്കെ അഭിനയിച്ച് പറയുമായിരുന്നു അമ്മ ഒരുകാലത്ത്. അക്കാലത്തെ പ്രവൃത്തികളെ ഇന്നത്തെ സ്‌കെയില്‍ വച്ച് അളക്കാന്‍ പാടില്ല. സ്‌കെയില്‍ പിളര്‍ന്നുപോവും. അന്നത്തെ സാമൂഹ്യ വ്യവസ്ഥ അതായിരുന്നു. എന്നാലും എല്ലാ കഥകളിലെയും പോലെ ആ കാരണവരും കാലില്‍ കുഷ്ഠം വന്നാണത്രെ മരിച്ചത്. 

അങ്ങനെ കുത്തിയിരുന്ന് ഗതകാലത്തിന്റെ ച്യൂയിംഗം ചവച്ചുകൊണ്ടിരുന്നപ്പോള്‍ അകത്തുനിന്നും രേവതി കൂക്കിവിളിച്ചുകൊണ്ട് പുറത്തിറങ്ങി വന്നു. തുരുമ്പ്പിടിച്ച ഒരിരുമ്പ് വാള്‍ അവള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. അത് ക്ണീം ക്ണീം എന്ന് വായുവില്‍ വീശി സങ്കല്‍പ്പശത്രുക്കളുടെ അഞ്ചാറ് ശിരസ്സുകള്‍ അറുത്ത് വേടന്‍തൊടിയിലേക്കെറിഞ്ഞ ശേഷം അവള്‍ കിതച്ചുകൊണ്ട് പറഞ്ഞു:
''സുരേഷേ, നിന്റമ്മ തള്ളുന്നതാണെന്നാണ് ഞാന്‍ കരുതിയത്. അല്ലെടാ, ഇവര്‍ ഇവിടത്തെ പഴയകാല കിടുക്കള്‍ തന്നെയായിരുന്നൂന്നാ തോന്നണേ. ധാരാളം ജഗന്നാഥ വര്‍മ്മമാരും മഞ്ജു വാര്യര്‍മാരും ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍മാരും മംഗലശ്ശേരി നീലകണ്ഠന്‍മാരും ഒക്കെ മദിച്ചുനടന്ന തറവാട് തന്നെടേ ഇത്. കണ്ടാ അകത്തൊക്കെ എന്തോരം ആര്‍ട്ടിഫാക്ട്സാന്ന്. നീ വാ ഞാന്‍ അകത്തൊരു ഇരുമ്പ് പെട്ടകം കണ്ടുപിടിച്ചിട്ടുണ്ട്. ഉറപ്പായും അതിനുള്ളില്‍ നിധിയുണ്ടാവും. വാടേ.''

തറവാടിനെ ചേര്‍ത്തൊരു സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ കയറ്റാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അവളുടെ ഉത്സാഹവും സന്തോഷവും ആശ്വാസവും ത്രില്ലും ബഹളവും കൊണാണ്‍ട്രിഫിക്കേഷനും കണ്ടപ്പോള്‍ എന്റെയുള്ളിലും കൗതുകം വന്നു വിളയാടി. പത്തു പതിനഞ്ച് വര്‍ഷത്തെ വിവാഹജീവിതത്തിനിടയില്‍ ഇത്രയും സന്തോഷത്തോടെ അവളെ ഞാന്‍ കണ്ടിട്ടില്ല.
കാരണം...

(3)

കാരണം വളരെ സിംപിളാണ്. ഞങ്ങള്‍ക്ക് കുഞ്ഞുങ്ങളില്ല. പാതിവഴിയില്‍ മരിച്ച നിരവധി കുഞ്ഞുങ്ങളുടെ ക്രിമറ്റോറിയമാണ് അവളുടെ ഗര്‍ഭാശയം. ഞങ്ങള്‍ ചെന്നുമുട്ടാത്ത ദൈവങ്ങളില്ല. ഭിഷഗ്വരരില്ല. ഏതോ കാലത്ത് തറവാട്ടില്‍ നടന്ന അവിഹിതവും അതിന്റെ പ്രതികരണമായുണ്ടായ കൂട്ടക്കൊലയും ആത്മഹത്യയും കാരണമായി പറഞ്ഞ് അമ്മ ആശ്വസിച്ചു. ഓരോ തലമുറയിലും ഓരോ മലടനും മലടിയും തറവാട്ടില്‍ വന്നു പിറന്നുവത്രെ. അപ്രകാരം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മലടനായി ജനിച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ടവനാവണം ഞാന്‍. ചലനശേഷിയില്ലാത്ത ബീജങ്ങളടക്കം ചെയ്ത വൃഷണസഞ്ചിയും തൂക്കി പുരുഷമുഖവുമായി ഞാന്‍ ജീവിക്കുന്നു. 
ഗര്‍ഭാശയത്തിന്റെ വാതിലില്‍ തലയടിച്ചു മരിച്ച നൂറുകണക്കിന് ബീജങ്ങളുടെ വ്യര്‍ത്ഥ സ്രോതസ്സാണ് ഞാന്‍. എന്നിട്ടും അവള്‍ ആനന്ദമടക്കി കാമനകളെ സംസ്‌കരിച്ച് എനിക്കൊപ്പം ക്ലിനിക്കുകള്‍ കയറിയിറങ്ങുന്നു. അങ്ങനെ പലതവണ കുത്തിവച്ച പാതിയുയിരുകള്‍ അവളുടെ പാത്രത്തില്‍ വഴിയില്‍ കുഴഞ്ഞുവീണ് മരിക്കുന്നു.

അവള്‍ സന്തോഷവതിയായിരിക്കാത്തതിന്റെ കാരണം ഇപ്രകാരം വളരെ സിംപിളാണ്. പവര്‍ഫുളാണ്. അങ്ങനെയിരിക്കെയാണ് പരമ്പര മറിഞ്ഞുമറിഞ്ഞ് എന്റെ കൈവശം എത്തിച്ചേര്‍ന്ന തറവാട് പൊളിച്ചു വില്‍ക്കാന്‍ തീരുമാനിക്കുന്നതും അവസാനമായി ഇവിടെ വരുന്നതും ഞാന്‍ മുറ്റത്തിരിക്കുമ്പോള്‍ അവള്‍ അകം അരിച്ചുപെറുക്കുന്നതും ഞാന്‍ സെല്‍ഫിയെടുക്കുന്നതും ലൈക്ക് വരുന്നതും നോക്കി കുത്തിയിരിക്കുന്നതും തുരുമ്പ് വാളുമായി അവള്‍ ചാടിയിറങ്ങുന്നതും എന്നെയും തൂക്കി അകത്തോട്ട് പോകുന്നതും.
എന്നിട്ട്...

(4)

എന്നിട്ട് ഞങ്ങള്‍ ആ പെട്ടകം പാടുപെട്ട് തുറന്നു. തുറന്നപാടെ നൂറ്റാണ്ടുകളായി അതിനുള്ളില്‍ അകപ്പെട്ട് കഴിയുകയായിരുന്ന ഒരു ഭൂതം പുറത്തിറങ്ങി വന്നു. താനൊരു ഭൂതമാണെന്നുള്ള ബോധമൊന്നുമില്ലാത്ത ഒരു പാവത്താനായിരുന്നു അവന്‍. വന്നപാടെ, അവന്‍ ഞങ്ങളുടെ മുന്നില്‍ കൈയുംകെട്ടി കുമ്പിട്ടുനിന്നു. എന്നിട്ട് പറഞ്ഞു: ''വര്‍ഷങ്ങളായി ഇതിനുള്ളില്‍ പെട്ടുപോയ എന്നെ തുറന്നുവിട്ടത് നിങ്ങളാണ്. ഇന്നു മുതല്‍ ഞാന്‍ നിങ്ങളുടെ അടിമയാകുന്നു. എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചാല്‍ മതി. ഞാന്‍ സാധിച്ചുതരാം.''
ഞാനും രാധികയും മുഖത്തോട് മുഖം നോക്കി. ഒരു ഭൂതത്തെ കൂടെക്കൊണ്ട് നടക്കാനുള്ള സാഹചര്യത്തിലല്ല ഞങ്ങളിപ്പോള്‍. ഞാന്‍ പറഞ്ഞു: ''വേണ്ട ഭൂതമേ ഇത് വിവരയുഗമാണ്. നീയിപ്പോള്‍ വിവരക്കേടാണ്. നിന്നെ മാണ്ട.''
''അത് നിങ്ങള്‍ക്ക് ഭൂതത്തിന്റെ ശക്തി എന്താണെന്ന് അറിയാത്തതുകൊണ്ടാണ്. എനിക്ക് നിങ്ങളെ ഒറ്റനിമിഷത്തില്‍ ധനവാനാക്കാന്‍ പറ്റും. ഏത് വലിയ ശത്രുവിനെയും നിലംപരിചാക്കാന്‍ പറ്റും. ഏത് വിഡ്ഢിയെയും പിടിച്ച് രാജാവോ പ്രധാനമന്ത്രിയോ ആക്കാന്‍ പറ്റും. ഭൂതത്തിന്റെ സിദ്ധികളെ വിലകുറച്ച് കാണരുത്. ഞാനിതാ ആജ്ഞാനുവര്‍ത്തിയായി നിന്ന് നമിക്കുന്നു.''
''വേണ്ട കേട്ടോ. ഭൂതത്തെ നമ്മള്‍ അടിമയാക്കി എന്നു വച്ചോ, അന്നു മുതല്‍ നമ്മള്‍ ഭൂതത്തിന്റെയും അടിമയാവും. ഇടംവലം തിരിയാനാവാതെ നമ്മള്‍ പെടും ജാങ്കോ.'' രാധിക എന്റെ ചെവിയില്‍ പറഞ്ഞു.
ഭൂതം എന്നെ മാത്രം വിളിച്ച് രഹസ്യമായി ചില ഓഫറുകള്‍ കൂടി പറഞ്ഞുതന്നു: ''മണ്ടാ, ഇത് കേള്‍, നിന്നെ ഞാന്‍ പരവതാനിയില്‍ കയറ്റി പറത്താം. നല്ല നല്ല സുന്ദരികളെ കൊണ്ടുവന്ന് തരാം.''
''ഛീ. ഞങ്ങള്‍ അത്തരക്കാരല്ല. പുരാതന തറവാട്ടുകാരായ ഞങ്ങളെ നോക്കി ദുര്‍ഭൂതമേ നിനക്ക് എങ്ങനെയിത് പറയാന്‍ തോന്നി.'' ഞാന്‍ വയലന്റാകുന്നത് കണ്ടപ്പോള്‍ ഭൂതമൊന്നടങ്ങി. എന്നിട്ട് ചിറികോട്ടി എന്നെ നോക്കി ചിരിച്ചു. എന്നെ പരിഹസിച്ചതാണോ? ഏയ്! ഭൂതങ്ങള്‍ അങ്ങനെ ചെയ്യാന്‍ സാധ്യത കുറവാ.
അപ്പോഴാണ് എനിക്കൊരു ഐഡിയ തോന്നിയത്. Selfy with a ghost. അടിപൊളി ആശയം. ആ ഫോട്ടോ ഫെയ്സ്ബുക്കില്‍ വൈറലാവുകയുണ്ടായി. നിങ്ങളും കണ്ടിട്ടുണ്ടാവുമല്ലോ. അതിന് ശേഷം ഭൂതം ഞങ്ങളെ വിട്ട് എവിടേക്കോ പോയി .

എന്നിട്ട് ...

(5)

എന്നിട്ട്, ഞങ്ങള്‍ പെട്ടകം പരിശോധന ആരംഭിച്ചു.
പിഞ്ഞിത്തുടങ്ങിയ പത്രമായിരുന്നു പെട്ടകത്തിനുള്ളിലേക്കുള്ള പ്രവേശന കവാടം. 1975 ജൂണ്‍ മാസം ഇരുപത്തിയാറാം തീയതി തിരുവനന്തപുരത്തുനിന്നും പുറത്തിറങ്ങിയ പത്രമായിരുന്നു അത്. അതിന്റെ ഒന്നാം പേജിലെ പ്രധാന വാര്‍ത്തയായിരുന്നു രസകരം. കാട്ടാക്കടയില്‍ ഏതോ ഒരു പീറ്ററിന്റെ വീട്ട്മുറ്റത്ത് ഈനാംപേച്ചി പ്രത്യക്ഷപ്പെട്ടതും അതിനെ കാണാന്‍ ആളുകള്‍ കൂടിയതും ഒടുവില്‍ ഒരാള്‍ അതിനെ പിടികൂടിയതും ഒക്കെയായിരുന്നു വാര്‍ത്തയില്‍. ഭയങ്കരനായ ഈനാംപേച്ചി എന്നായിരുന്നു പഴയ വെണ്ടക്ക. മങ്ങിയ കറുപ്പില്‍ അതിന്റെ ചിത്രവും ഉണ്ടായിരുന്നു. ഞാന്‍ അതെടുത്ത് പുറത്തുവച്ചു.
അടുത്ത അട്ടിയിലേക്ക് പോകുന്നതിന് മുന്‍പ് ചുമച്ചുമരിച്ച വല്യമ്മാമനെയാണ് എനിക്കോര്‍മ്മ വന്നത്. അദ്ദേഹമാണ് അവസാനമായി ഈ പെട്ടകം പൂട്ടിയത് എന്ന് സൂചിപ്പിക്കുന്ന വിധത്തില്‍ നിറം മങ്ങിയ മഷിയില്‍ എനിക്ക് പരിചയമുള്ള കയ്യൊപ്പ് കണ്ടു. കയ്യൊപ്പിന് മുകളില്‍ മങ്ങിയ ആറ് വരി കവിത. ആദ്യം മനസ്സിലും പിന്നെ ഉറക്കെയും ഞാനത് ചൊല്ലി.
''വാളയാറപ്പുറമെത്തുന്നതിന്‍ മുമ്പു
കൂലി കൊടുത്തു നാം 'സംസ്‌കാരമറ്റവര്‍!'
നൂനം മഹോന്നതം തന്നേ മലനാടു
മാനിച്ചുയര്‍ത്തിപ്പിടിക്കുന്ന മേന്‍മകള്‍
ഇത്തറവാടിത്തഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍!'' (1)

'നോക്കെടീ വല്യമ്മാവനെഴുതിയ കവിത. ഞാനന്നേ പറഞ്ഞില്ലേ പുള്ളി കവിയായിരുന്നൂന്ന്.''
കവിയും നടപ്പുരീതിയനുസരിച്ച് കമ്യൂണിസ്റ്റും സ്വാഭാവികമായും അവിവാഹിതനും ഒക്കെയായി ഒറ്റപ്പെട്ട് മരിച്ച ഒരമ്മാവന്‍ ഏത് തറവാടിന്റെ മഹത്വത്തെയാണഹോ വര്‍ദ്ധിപ്പിക്കാത്തത്? ഞങ്ങള്‍ പെട്ടകത്തിനുള്ളില്‍നിന്നും സാധനങ്ങള്‍ ഒന്നൊന്നായി പുറത്തെടുത്തിട്ടു. കാലത്തെ അടക്കിവച്ച ഫോള്‍ഡറുകളാണ് പൊളിക്കുന്നതെന്ന് എനിക്ക് വേഗം മനസ്സിലായി. ഓരോ കാലത്തും അത് കൈകാര്യം ചെയ്തവര്‍ മനപ്പൂര്‍വ്വം സൂക്ഷിച്ചടച്ചു വച്ച സൂചകങ്ങള്‍. കൗതുകകരമായ വസ്തുക്കളായിരുന്നു അവ. ചൈനീസ് ലിപി കൊത്തിയ പിച്ചള കഠാര. ഗാന്ധിയുടെ പടമുള്ള പ്രഭാതം പത്രം. പൊടിപിടിച്ച താളിയോല വായിച്ചെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ എനിക്ക് ഒരു കാര്യം ബോധ്യം വന്നു. കാലം ഒരുപാട് പിന്നിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.
ഏറ്റവും ഒടുവിലാണ് ആ കുഞ്ഞ് സ്ഫടികക്കുപ്പി കണ്ടത്. ഭൂതങ്ങളെ അടക്കിവച്ച മാന്ത്രികച്ചെപ്പു പോലെ ഒന്ന്. തെളിഞ്ഞ അതിന്റെ കാഴ്ചയ്ക്കുള്ളില്‍ എന്തോ ദ്രാവകം സുരക്ഷിതമായി അടച്ചു വച്ചിരുന്നു.
എന്താണ്? ഞാനും രേവതിയും പല നിഗമനങ്ങളും നടത്തി. 
എന്താണത്?

(6)

എന്താണത്? 
എന്നറിയാന്‍ ഞങ്ങള്‍ കുപ്പി ജോണിയെ ഏല്‍പ്പിച്ചു. ഞങ്ങളുടെ സ്റ്റാര്‍ട്ടപ്പില്‍ പാര്‍ട്ട്ണറും കോഗ്നിസന്റില്‍ നേരത്തെ ഒന്നിച്ച് ജോലി ചെയ്തവനും കുടുംബത്തോടെ സുഹൃത്തും എല്ലാത്തിലുമുപരി മൂന്ന് കുട്ടികള്‍ക്കച്ഛനും ആണ് ജോണി. മധ്യകേരള സുറിയാനി. പല തലമുറയിലായി നാലഞ്ച്  ബിഷപ്പുമാര്‍ വന്നുപെട്ട പ്രമാണി കുടുംബം. തോമാശ്ലീഹ പ്ലസ് നമ്പൂതിരി ചേര്‍ത്ത് അവനൊരു അടിയടിക്കുമ്പോള്‍ സംശയം തോന്നാത്തത്ര കുലീനത. അതിന്റെ റിസള്‍ട്ടാണ് അവന്‍ വിളിച്ചുപറഞ്ഞത്. ആ സമയവും മിക്കവാറും എന്നപോലെ ഞാന്‍ IVF സെന്ററില്‍ പരിശോധനയ്ക്ക് ശുക്ലം എടുക്കാനുള്ള മുറിയില്‍ സുന്ദരികളെ മനസ്സാ വരിച്ച് സ്വയം ധ്യാനത്തിലായിരുന്നു.
എന്തിന്?

(7)

എന്തിന്? 
എന്നു ചോദിച്ചാല്‍ ആ ധ്യാനവും വെറുതെയായി എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഡോക്ടറുടെ കമന്റ്.
''അവസാന വഴിയാണിത്. ബീജ സ്വീകരണം. ഞങ്ങള്‍ക്കിവിടെ ബീജബാങ്കുണ്ട്. ബ്രാഹ്മണന്റെയോ ക്ഷത്രിയന്റെയോ ആര്യന്റെയോ പ്യുവെര്‍  non mixed ജനിതകമുള്ള അഫ്ഘാനിയുടെയോ വരെ sperm ഞങ്ങളുടെ ബാങ്കിലുണ്ട്.''
തീരുമാനമെടുക്കാനാവാതെ തിരികെ ഫ്‌ലാറ്റിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ രേവതി ഒരു കുസൃതി പറഞ്ഞു: ''നമ്മളെന്തിനാടേ ബീജം അന്വേഷിച്ച് നടക്കുന്നത്. നമുക്ക് നിന്റെ മുതുമുത്തശ്ശന്റെ അറുത്തിട്ടാല്‍ തുടിക്കുന്ന ബീജം എടുത്താലോ?''
ഞാന്‍ സഡന്‍ ബ്രേയ്ക്കിട്ടു. ഞെട്ടലോടെ കിതച്ചു. കുറച്ചുനിമിഷം ഹാങ്ങായി നിന്നു.
എന്നിട്ട്?

(8)

എന്നിട്ട് ...
എല്ലാം വേഗത്തിലായിരുന്നു. ജോണിയും ഭാര്യയും മുഖ്യകാര്‍മ്മികരായി. താമസിച്ചുണ്ടായ ഗര്‍ഭത്തെ രേവതി ആഘോഷമാക്കി. ധാരാളം പുളിമാങ്ങകളും അപൂര്‍വ്വ നാടന്‍ ഭക്ഷണങ്ങളും അവളെ ഒറ്റയടിക്ക് നാട്ടുമ്പുറക്കാരിയാക്കി. അതുവരെ ആസ്വദിച്ചുവന്ന ഫാസ്റ്റ്ഫുഡ്, കാണുമ്പോള്‍ തന്നെ ഓക്കാനിച്ചു. അര്‍ദ്ധരാത്രിയില്‍ എന്നെ നിര്‍ബ്ബന്ധിച്ചോടിച്ച് സന്തൂര്‍ സോപ്പ് വരുത്തിച്ചു. ഇടക്കെപ്പോഴോ അവള്‍ സ്വകാര്യമായി ചോദിച്ചു:
''ജനിക്കാന്‍ പോകുന്ന കുഞ്ഞ് നമ്മുടെ ആരാണ്? മകനോ? അതോ ഗ്രേറ്റ് ഗ്രാന്റ് ഫാദറോ?''
അപ്പോള്‍ ആദ്യമായി ഞാന്‍ രണ്ടായി പിരിഞ്ഞ് പരസ്പരം ധര്‍മ്മയുദ്ധം ചെയ്തു.

(9)

ജനിച്ചു. യാതൊരത്ഭുതവുമില്ലാതെ. കവചകുണ്ഠലങ്ങളോ എന്തിന് ഉടവാള്‍ പോലുമില്ലാതെ. എല്ലാ കുഞ്ഞുങ്ങളെയും പോലെ ചിരിക്കുന്നുണ്ട്. കരയുന്നുണ്ട്. പാല്‍ കുടിക്കുന്നുണ്ട്. ഓടുന്നുണ്ട്. ചാടുന്നുണ്ട്. വെള്ളം കണ്ടാല്‍ നില്‍ക്കുന്നുണ്ട്.
അവനെ നോക്കിയിരുന്ന് ഞങ്ങള്‍ ആനന്ദിക്കുന്നുമുണ്ട്. ''മകനേ...'' എന്ന് രേവതി നീട്ടി വിളിക്കുമ്പോള്‍ മാത്രം അവന്‍ തിരിഞ്ഞുനില്‍ക്കും. ഗൗരവത്തില്‍ തറപ്പിച്ച് നോക്കും. 
''അവന്‍ തറവാട് കണ്ടിട്ടില്ലല്ലോ?'' രേവതിയാണ് ഓര്‍മ്മിപ്പിച്ചത്.
അങ്ങനെ...

(10)

അങ്ങനെ, ഒരു ഞായറാഴ്ച പുലര്‍ച്ചെ ഞങ്ങള്‍ തറവാട്ടിലേക്ക് കാറോടിച്ചു. കാര്‍ നഗരം കടക്കുന്നതിനനുസരിച്ച് അവന് ആവേശം കൂടിക്കൂടി വന്നു. കളിപ്പാട്ട ബാഗ് തുറന്ന് പ്ലാസ്റ്റിക് പറവകളെയും യന്ത്രമത്സ്യങ്ങളെയും ഇറുക്കും ഞണ്ടുകളെയും പിന്‍സീറ്റില്‍ നിരത്തി കളിക്കുകയായിരുന്ന അവന്റെ കണ്ണുകള്‍ തറവാട് എത്തിയതും സന്തോഷത്തില്‍ തുറന്നു തുടിച്ചു. വില്‍ക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതോടുകൂടി ആസന്ന decommission-ല്‍ നിന്നും രക്ഷപ്പെട്ട വീട് അവനെ കണ്ടതും ഒന്നു കുലുങ്ങി തുടുതുടാ ചിരിച്ചു.
വീടിന് ചുറ്റും ഓടി നടക്കുകയായിരുന്നു അവന്‍. ഞങ്ങള്‍ വരാന്തയിലിരുന്നപ്പോഴും തട്ടിന്‍പുറത്തുനിന്ന് കെട്ടിപ്പിടിച്ചപ്പോഴും പെട്ടകത്തില്‍നിന്നും പുറത്തെടുത്ത താളിയോല പൊതിഞ്ഞെടുത്തപ്പോഴും വല്യമ്മാവന്റെ നാടകമുറിയില്‍ ധാരാളം മുഖംമൂടികള്‍ക്കും മുറിഞ്ഞ വാളുകള്‍ക്കും ഇടയില്‍നിന്നും സെല്‍ഫിയെടുത്തപ്പോഴും തുരുമ്പിച്ച പുല്ലറുപ്പോത്തിയും കൈയില്‍പ്പിടിച്ച് അവന്‍ മുറ്റത്തുണ്ടായിരുന്നു. സെല്‍ഫിയെടുക്കാന്‍ വേണ്ടി വിളിച്ചപ്പോഴാണ് അവനെ കാണാനില്ല എന്നറിഞ്ഞത്.
എന്നിട്ട്?

(11)

എന്നിട്ട് ...
ഞങ്ങള്‍ നോക്കുമ്പോള്‍ വേടന്‍തൊടിയില്‍ അവന്റെ ശബ്ദം കേട്ടു.
'ഇംബ ഹാ...' 
 ഞങ്ങള്‍ക്കറിയാത്ത വാക്കുകള്‍. ചൂളം വിളികള്‍. സ്ഥിരപരിചിതനെപ്പോലെ ചതുപ്പിലിറങ്ങി അവന്‍ ഓടിക്കളിക്കുന്നു. 
'അദിയരിയോ... ഇദിയരിയോ..' (2) 
കൂകുന്നു. ചിരിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ ഞങ്ങള്‍ ഷട്ട് ഡൗണായി ഇരിക്കുമ്പോള്‍ വെറും കൈകൊണ്ട് പിടിച്ച ഞണ്ടുകളും വരാല്‍മീനുകളുമായി വേട്ടക്കാരന്റെ ഭാവത്തില്‍ അവന്‍ കയറിവന്നു. അവന്റെ ദേഹമാസകലം ചെളി പുരണ്ടിരുന്നു.
അപ്പോള്‍?

(12)

അപ്പോള്‍...
ആദ്യമായി എനിക്ക് ഞങ്ങള്‍ ഞങ്ങളല്ലെന്ന് തോന്നി.

സൂചന
1.ഇടശ്ശേരിയുടെ 'കറുത്ത ചെട്ടിച്ചികള്‍' എന്ന കവിത. 1951. (യൂടൂബിലുണ്ട്.)
2.വേടന്‍മാര്‍ കാളപൂട്ടുമ്പോള്‍ പുറപ്പെടുവിക്കുന്ന മൃഗഭാഷ.(നെടുമങ്ങാട്) 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com