എന്റെ ശരീരങ്ങള്‍: അനീഷ് ബര്‍സോം എഴുതിയ കഥ

എബ്രി, അന്നെനിക്ക് നിന്റെ അടുത്തേക്ക് എത്താനായില്ല. നിനക്ക് ചുറ്റും വിഷാദവിക്ഷോഭങ്ങളോടെ നില്‍ക്കുന്നവരുടെ മുന്നിലേക്ക് ഒരു കുറ്റവാളിയെപ്പോലെ എനിക്ക് വരാനാകുമായിരുന്നില്ല.
ചിത്രീകരണം : ചന്‍സ്
ചിത്രീകരണം : ചന്‍സ്

ബ്രി, അന്നെനിക്ക് നിന്റെ അടുത്തേക്ക് എത്താനായില്ല. നിനക്ക് ചുറ്റും വിഷാദവിക്ഷോഭങ്ങളോടെ നില്‍ക്കുന്നവരുടെ മുന്നിലേക്ക് ഒരു കുറ്റവാളിയെപ്പോലെ എനിക്ക് വരാനാകുമായിരുന്നില്ല. ഞാന്‍ ചെയ്തതൊക്കെ കുറ്റങ്ങളാണോ എന്ന് എനിക്കു തന്നെ തീര്‍പ്പാക്കാനാകുന്നില്ലെങ്കിലും. പക്ഷേ, നമ്മുടെ ജീവിതത്തില്‍ കുറ്റകൃത്യമോ ശിക്ഷാവിധിയോ, എന്തോ ഒന്നു സംഭവിച്ചിരിക്കുന്നു. എന്നത്തേയുംപോലെ, ആ യാതനാനിയോഗം നീ ഏറ്റുവാങ്ങി ഇന്നു നമ്മുടെ ജീവിതം നമ്മുടേത് മാത്രമല്ലാത്തവിധം തുറന്നുവെക്കപ്പെട്ടിരിക്കുന്നു. അഴിച്ചുവെച്ച പൊതിച്ചോറുപോലെ നമ്മുടെ ജീവിതത്തിനുമേല്‍ ആള്‍ക്കാടുകളില്‍നിന്നു കാക്കനോട്ടങ്ങള്‍ കൂര്‍ത്തുവരുന്നു.  അതുകൊണ്ടാണ് എബ്രി, പകല്‍ തിളച്ചുവറ്റിയ ഈ സന്ധ്യാനേരത്ത്, ദു:ഖസല്‍ക്കാരത്തിന്റെ തിരക്കൊഴിഞ്ഞ നിന്റെ അടുത്തേക്ക് ഞാന്‍ ഇപ്പോള്‍ വന്നത്.

നിനക്കറിയാമല്ലോ, കഴിഞ്ഞാഴ്ച ഓരോ നിമിഷവും ഞാനെങ്ങനെയാണ് തള്ളി നീക്കിയതെന്ന്. അറവുകാരന്റെ വട്ടത്തടിയില്‍ എന്റെ ഹൃദയം ഓരോ നിമിഷവും വെട്ടിനുറുക്കപ്പെട്ടു. ദു:സ്വപ്നത്തിന്റെ തീപ്പൊള്ളലേറ്റ് എന്റെ രാത്രികള്‍ വെന്തുനീറി. ഓരോ കോശങ്ങളിലും ചുരുണ്ടിരുന്ന് ഓര്‍മ്മയുടെ കരിനാഗങ്ങള്‍ കൊത്തിപ്പറിക്കുകയാണ്. രണ്ടായി ചീന്തപ്പെട്ട എന്റെ ശരീരത്തിന്റെ ഇരുപാതികളും ഇന്നു നിനക്കായാണ് വിങ്ങുന്നത്. കാരണം ഒരു ഹ്രസ്വകാലം കൊണ്ടുതന്നെ, നമ്മുടെ ജീവിതം നാം ഉടച്ചുവാര്‍ക്കുകയും വീണ്ടുമുടച്ചുകളയുകയും ചെയ്തിരിക്കുന്നു.

എബ്രിഡ് ജോണ്‍ എന്ന നീ എനിക്ക് എബ്രിയായും ആബിദ് മുഹമ്മദ് എന്ന ഞാന്‍ നിനക്ക് ആബിയായും ചുരുങ്ങിയത്, വിളിയുടെ വിസ്താരം കൊണ്ടാണ്. രണ്ട് നഗരങ്ങളില്‍ പരസ്പരം അപരിചിതരായി ജേര്‍ണലിസം ഡിപ്ലോമ കഴിഞ്ഞ് നമ്മള്‍, രണ്ടുവര്‍ഷം മുന്‍പ് മാത്രമാണ് കൊച്ചിയിലെ ന്യൂസ് ചാനല്‍ ഡസ്‌കില്‍ വെച്ച് ആദ്യമായി കാണുന്നത്. ഞാനും നീയും മരിയയും ഒരു വിഷുപ്പിറ്റേന്നാണ് ജേര്‍ണലിസ്റ്റ് ട്രെയിനികളായി ജോലിയില്‍ കയറിയത്. ദീര്‍ഘ ചതുരാകൃതിയിലുള്ള ഡസ്‌കിന്റെ ഇരുവശവും ഒരു ചിരിയുടെപോലും അലിവില്ലാതെ യാന്ത്രികത്തിരക്കില്‍ അമര്‍ന്ന സീനിയേഴ്സിനെ അത്ഭുതത്തോടെ നോക്കി നാം ചേര്‍ന്നിരുന്നു. റീഡര്‍മാരും പ്രൊഡ്യൂസര്‍മാരും എന്തിനെന്നില്ലാതെ ഡസ്‌കിലൂടെ ഓടിനടന്നു. അന്നു നീയെന്റെ ചെവിയില്‍ കുശുകുശുത്തു, ന്യൂസ് ഡെസ്‌കുകള്‍ മരിച്ച ശില്പങ്ങളുള്ള ഉദ്യാനമാണെന്ന്. നമ്മള്‍ തമ്മില്‍ സംസാരിക്കുന്ന മൂന്നാമത്തെയോ നാലാമത്തെയോ വാചകമായിരുന്നു അത്. അപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി, നിന്റെയുള്ളില്‍ ഒരു പരാജയപ്പെട്ട കവിയുണ്ടെന്ന്. ജീവപദങ്ങളുടെ വസന്തം തേടി പരാജയപ്പെടുന്നവരാണ്, മൃതപദങ്ങളുടെ വാര്‍ത്തത്തരിശില്‍ അകപ്പെടുന്നവരില്‍ ഏറെയും. എന്തായാലും ആ മണിക്കൂറില്‍ത്തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. നീയാണ് ഇവിടെന്റെ കൂട്ടാളി.

ജോലിയില്‍ കയറിയ ആദ്യദിനം തന്നെ താമസസ്ഥലം അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ന്യൂസ് എഡിറ്റര്‍ വേണുവേട്ടന്‍ നമ്മളെ വിട്ടു. അപ്പോഴേക്കും ഓഫീസിലെ ഗോപിക ചേച്ചിയുടെ മുറിയിലെ ഒഴിവിടത്തിലേക്ക് മരിയ നുഴഞ്ഞുകയറിയിരുന്നു. എബ്രി, അന്നു നമ്മള്‍ കാക്കനാട് നിന്ന് ഇടവഴികളിലൂടെ നടന്ന് കുന്നുംപുറം കവലയിലെ ഹസൈനിക്കയുടെ ലോഡ്ജിന് മുന്നിലെത്തി. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ എണ്ണൂറു രൂപ വാടകയ്ക്ക് നമ്മള്‍ക്കന്ന് മുറി കിട്ടി. കാലവര്‍ഷത്തിന്റെ പൂപ്പല്‍ പിടിച്ച ഭിത്തികളും ഭാരമേറ്റുവാങ്ങി തളര്‍ന്ന കട്ടിലും അതില്‍ പിത്തം പിടിച്ച് തൂങ്ങിയ മെത്തയും. അന്നു തുടങ്ങിയതാണ് നമ്മുടെ സഹജീവനം.
നാമൊരുമിച്ച അന്നു രാത്രിതന്നെ കോളേജ് കാലത്തിന്റെ ശൗര്യത്തോടെ നിന്നെയും കൂട്ടി ഞാന്‍ ബാറിലേക്ക് പോയി. കാക്കനാട് ഗ്രൗണ്ടിനു പിറകിലുള്ള മിഥില ബാറിലിരുന്നു ഞാന്‍ ഓള്‍ഡ് മങ്ക് റമ്മും നീ ഹേവാര്‍ഡ്സ് ബിയറും കുടിച്ചു. മദ്യരുചിയുടെ ആദ്യാനുഭവത്തില്‍ നിന്റെ മുഖപേശികള്‍ പുളിച്ച് കോടിയത് ഇന്നുമെനിക്ക് ഓര്‍മ്മയുണ്ട്. പക്ഷേ, ഒരു ബിയറിന്റെ പാതിയില്‍ത്തന്നെ നീ പതറിത്തുടങ്ങി. പിന്നെ ബാക്കി ബിയറും കൂന്തല്‍ ഫ്രൈയ്ക്ക് ഒപ്പം ഞാന്‍ കുടിച്ചുതീര്‍ത്തു. എന്റെ തോളില്‍ തൂങ്ങിയാണ് അന്നു നീ മുറിയിലെത്തിയത്. രാത്രി പരിതപിച്ച് കിടക്കുമ്പോള്‍, സ്ത്രൈണതയുടെ വക്കോളമെത്തുന്ന നിന്റെ മുഖനിഷ്‌കളങ്കതയിലെ കൗമാരമൃദുലതയുള്ള താടിരോമങ്ങളില്‍ തടവി ഞാന്‍ ആശ്വസിപ്പിച്ചു. അന്നു മുതല്‍ സീനിയേഴ്സിന്റെ ഉള്ളു കൊത്തിവലിക്കുന്ന അവഹേളനങ്ങളിലും വാരിയെല്ലിനടിയില്‍ കാളിപ്പിടിക്കുന്ന മാസാവസാന പിശുക്കുകളിലും എഴുത്തുഗുണം വശത്താക്കണമെന്ന നിശ്ചയങ്ങളിലും നമ്മള്‍ പരസ്പരം നങ്കൂരമിട്ടു. കാരണം ഒരുമിച്ച് മദ്യപിച്ച് തുടങ്ങുന്ന സൗഹൃദങ്ങളിലെല്ലാം കട്ടിപിടിക്കാത്ത സ്‌നേഹച്ചുന ഇറ്റിക്കൊണ്ടിരിക്കും.

നിന്നിലെ കവി പരാജയപ്പെട്ടെങ്കിലും നിന്റെ കവിത്വം ഓരോ വാക്കിലും പ്രവൃത്തിയിലും തിളങ്ങി. മരിച്ച ശില്പങ്ങളുടെ ഉദ്യാനം എന്ന് നീ ന്യൂസ് ഡസ്‌കിനെ വിശേഷിപ്പിച്ചത് എത്രമേല്‍ സത്യമാണെന്ന് എനിക്കും ബോധ്യപ്പെട്ടു. ചലിക്കുന്ന ശില്പങ്ങളുടെ ജീവസ്സില്ലാത്ത തിരക്കുകളാണ് ചാനല്‍ ഡസ്‌കിലെ ചടുലത. മാനേജ്മെന്റ് ഏതു രൂപത്തില്‍ കൊത്തിവെയ്ക്കുന്നുവോ, ആ രൂപത്തിനുള്ളില്‍ മാത്രം യന്ത്രത്തിരക്കോടെ ജീവിച്ചു തീരുന്ന ഏകാന്ത തടവുകാര്‍. ഒരാള്‍ക്ക് ഒരു മാസം ജീവിക്കാന്‍ തികയില്ലെന്ന് ഏതൊരാള്‍ക്കും മനസ്സിലാകുന്ന തുച്ഛമായ സ്റ്റൈപ്പന്റ് തന്നിട്ട്, ഉഴവുകാളകളെപ്പോലെ നമ്മളെക്കൊണ്ട് പണിയെടുപ്പിച്ചു. സീനിയേഴ്സിന്റെ ഉള്ളില്‍ പുളിച്ചു തികട്ടിയ ഇച്ഛാഭംഗങ്ങളെല്ലാം ശകാരത്തിന്റെ ചാട്ടകളായി നമ്മുടെമേല്‍ വീണു. അങ്ങനെ നമ്മള്‍ മൂന്നുപേര്‍ക്കുമിടയില്‍ മുറിവിന്റെ ഏകതാബോധം നിറഞ്ഞുനിന്നു.
പക്ഷേ, എബ്രി, നീ പോലും അറിയാതെ അന്നൊക്കെ ഞാന്‍ മരിയക്ക് മേലൊരു രഹസ്യനോട്ടം സൂക്ഷിച്ചു. ഹൃദയാഭിമുഖ്യമെന്നോ ശാരീരികാകര്‍ഷണമെന്നോ തിരിച്ചറിയാനാകാത്ത കാന്തികത. മരിയയുടെ മെലിഞ്ഞ ശരീരപ്രകൃതിക്ക് അനുരൂപമല്ലാത്ത വിധം തടിച്ചു തൂങ്ങിയ മുലകള്‍ എന്നെ കൊളുത്തിവലിച്ചു. അവളുടെ മാറിടത്തിലേക്ക് എന്റെ നോട്ടങ്ങള്‍ വളഞ്ഞു ചെന്നു. മധ്യവയസ്‌കരായ സ്ത്രീകളോടുള്ള എന്റെ അഭിനിവേശമാകാം, അവളുടെ ഇടിഞ്ഞ മാറിടത്തിലേക്ക് എന്നെ ആകൃഷ്ടനാക്കിയത്. സ്വതവേ ക്ഷുഭിത പ്രകൃതിയായ മരിയയെ പ്രകോപിപ്പിച്ച് അരികില്‍ നിര്‍ത്താന്‍ ഞാന്‍ അവളെ മറിയ, മറിയ എന്നു വിളിച്ചു. രണ്ട് പേരിലേയും ഇംഗ്ലീഷിലെ അക്ഷരക്രമം ഒന്നാണെന്നു പറഞ്ഞ് അവളോട് തര്‍ക്കിച്ചു. അതിന്റെ പേരില്‍ അവള്‍ നിരന്തരം ശണ്ഠകൂടി. മരിയ അല്പനേരമെങ്കിലും എന്റെയടുത്ത് നിന്നു സംസാരിക്കാനുള്ള നാട്യമായിരുന്നു ആ പ്രകോപനങ്ങളെല്ലാം. കാന്റീനില്‍ പോകുന്നതും മരിയക്കൊപ്പമാകാന്‍, നീ പോലും ശ്രദ്ധിക്കാത്തവണ്ണം ഞാന്‍ കരുക്കള്‍ നീക്കി. അവള്‍ അടുത്ത് വരുമ്പോഴെല്ലാം ശ്വാസം അകത്തേക്ക് വലിച്ച്, അവളുടെ പെണ്‍മണം ഹൃദയത്തില്‍ ശേഖരിച്ചു  വെക്കാന്‍ ഞാന്‍ ശ്രമിച്ചു. റോയിട്ടേഴ്സ് കോപ്പി തര്‍ജ്ജമ ചെയ്യുന്നതിന്റെ സംശയങ്ങളുമായി മരിയ നിന്റെ അടുത്ത് നില്‍ക്കുമ്പോള്‍ എന്റെ നെഞ്ചില്‍ അസൂയയുടെ അട്ടകള്‍ കടിച്ചു പറിക്കുമായിരുന്നു. എന്നിട്ടും അവളോട് സംസാരിക്കുമ്പോഴെല്ലാം എന്റെ നെഞ്ച് വല്ലാതെ മിടിക്കുകയും കക്ഷങ്ങള്‍ വിയര്‍ക്കുകയും ചെയ്തു. യൗവ്വനത്തിന്റെ ശരീരക്ഷോഭങ്ങള്‍ പിഴിഞ്ഞെടുക്കുന്ന കുളിനേരങ്ങളില്‍ ഞാന്‍ അവളെ മാത്രം ധ്യാനിച്ചു.

എബ്രി, നമുക്ക് രണ്ട് പേര്‍ക്കും മറക്കാനാകില്ല ആ രാത്രി. രാത്രി പന്ത്രണ്ട് മണി വരെയുള്ള ഷിഫ്റ്റ് കഴിഞ്ഞ് കമ്പനി വണ്ടിയില്‍ ലോഡ്ജിലേക്ക് വരുമ്പോള്‍ മരിയ എന്റെയടുത്താണ് ഞെരുങ്ങിയിരുന്നത്. അവളുടെ അവിശ്വസനീയമാംവിധം പതുക്കമുള്ള മുലകള്‍, എന്റെ തോളിന് താഴെയായി ഇറുകിയമര്‍ന്നിരുന്നു. ആ മൃദുലത എന്റെ മേല്‍ ഉരസിയപ്പോഴൊക്കെ, ആലയില്‍ നിന്നെന്നപോലെ നെഞ്ചില്‍ തീപ്പൊരി ചിതറി. അന്നു രാത്രി ഇഴപിഞ്ചി വീങ്ങിയ മെത്തയില്‍ ചേര്‍ന്നു കിടന്നു ഞാന്‍ നിന്നോട് അതിനെക്കുറിച്ചു വിശദമായി പറഞ്ഞു. നിന്റെ അരയിലേക്ക് വലതുകാല്‍ കേറ്റിവെച്ച് മരിയയുടെ മുലവലിപ്പത്തെ ഭാവനയില്‍ വര്‍ണ്ണിച്ചു. സ്ത്രീസംയോഗത്തെക്കുറിച്ചുള്ള കേട്ടറിവുകള്‍ ചേര്‍ത്തുവെച്ച്, ഞാനൊരു സംഭോഗസ്വപ്നം തന്നെ വിവരിച്ചു. അന്നോളം സ്ത്രീശരീരത്തിലേക്ക് വമിക്കാനാകാത്തതിന്റെ ലാവത്തിളപ്പില്‍ പൊള്ളുകയായിരുന്നു ഞാന്‍. അതുകൊണ്ടാണ് വന്യമായ സംഭോഗങ്ങളെക്കുറിച്ച് നിര്‍ത്താതെ സംസാരിച്ചത്. പക്ഷേ, ഏറെ നേരം മറുപടിയൊന്നും പറയാതെ വിമ്മിട്ടപ്പെട്ട് കിടന്ന നീ, നമുക്കിടയിലേയ്ക്ക് വലതുകൈ തിരുകി മുണ്ടിനടിയിലൂടെ എന്റെ വിക്ഷുബ്ധതയെ തഴുകി. എന്റെ ലിംഗാഗ്രത്തിലെ തീക്കനല്‍ ചുവപ്പ് നിന്റെ ശരീരത്തില്‍ കുത്തിനിന്നപ്പോള്‍ നിനക്ക് പൊള്ളുകയായിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. പെട്ടെന്നു സങ്കോചമില്ലാതെ എന്റെ ദേഹാര്‍ത്തി ഞാന്‍ നിന്നിലേക്ക് പകര്‍ന്നു. ഉടുമുണ്ടുരിഞ്ഞ് പുളഞ്ഞുപിണഞ്ഞ്, നാം പരസ്പരം ശരീരങ്ങളെ ഉരച്ച് ജ്വലിപ്പിച്ചു. പുരുഷശരീരങ്ങള്‍ തമ്മില്‍ ചേര്‍ന്നു ശമിപ്പിക്കേണ്ടത് എങ്ങനെയാണെന്ന പൂര്‍വ്വധാരണ പോലുമില്ലാതെ നമ്മള്‍ സ്‌നേഹത്താല്‍ തമ്മില്‍ തൂകി. എബ്രി, അതായിരുന്നു നമ്മുടെ ആദ്യസംയോഗം.

എബ്രി, സത്യം പറയട്ടെ. പിറ്റേന്നു തിരിച്ചറിവുകളുടെ വജ്രസൂചികൊണ്ടാണ് ഞാന്‍ ഉണര്‍ന്നത്. പുരുഷരേതസിന്റെ പശിമ മാറാത്ത എന്റെ ശരീരം, എനിക്ക് തന്നെ അപരിചിതമായിരുന്നു. അന്നോളം ഞാന്‍ അറിഞ്ഞിട്ടുണ്ടായിരുന്നില്ല, എനിക്കുള്ളില്‍ ഇങ്ങനെയൊരു ശരീരമുണ്ടെന്ന്. നേരെമേറെയായിട്ടും ഉണരാതെ എന്റെയരികില്‍ കിടന്ന നീയൊരു പുരുഷപ്രണയി ആണെന്ന അറിവിനെക്കാള്‍, എന്നിലൊരു സ്വവര്‍ഗ്ഗാനുരാഗി കൂടിയുണ്ടെന്ന തിരിച്ചറിവിലാണ് ഞാന്‍ നടുങ്ങിയത്. നിനക്ക് ഓര്‍മ്മയുണ്ടാകും, അന്നു പകല്‍ നിന്നോടൊന്നും ഞാന്‍ സംസാരിച്ചില്ല. മുഖത്തുപോലും നോക്കിയില്ല. നിന്നെയെങ്ങനെ അഭിമുഖീകരിക്കും എന്നതിനെക്കാള്‍ എന്നെയെങ്ങനെ ഞാന്‍ അഭിസംബോധന ചെയ്യും എന്നതാണ് എന്നെ കുഴക്കിയത്. എന്നിട്ടും അന്നു രാത്രി കിടന്നപ്പോഴും അതേ തൃഷ്ണയോടെ ഞാന്‍ നിന്നെ കെട്ടിപ്പുണര്‍ന്നു. നമ്മള്‍ കൂടുതല്‍ പൂര്‍ണ്ണതയോടെ തലേ രാത്രി ആവര്‍ത്തിച്ചു.

പിന്നീട് എനിക്ക് മനസ്സിലായി, ഓരോ പുരുഷസംയോഗങ്ങളും ഹൃദയം ജപിക്കുന്ന ശരീരശ്ലോകങ്ങളാണ്. തുടകളെ പരസ്പരം തലയിണകളാക്കി നാം കിടന്നുറങ്ങിയ രാത്രികള്‍ അതിന്റെ സ്‌നേഹസാക്ഷ്യങ്ങളാണ്. ദേഹത്ത് അലുത്തിറങ്ങിയ രേതസ് തുടയ്ക്കാതെ അറപ്പില്ലാതെ നാം കിടന്നുറങ്ങി. എങ്കിലും എബ്രി, നിനക്ക് എന്നോടുള്ള സ്‌നേഹവിധേയത്വം എന്നില്‍ പലപ്പോഴും കുറ്റബോധമായി പുകഞ്ഞു. എന്റെ അരക്കെട്ടില്‍ മുളച്ച് പൊന്തുന്ന രക്തക്കൂണിനെ നീ താലോലിക്കുന്നത് കാണുമ്പോള്‍, വിട്ടുപോകരുതേ എന്ന സ്‌നേഹാപേക്ഷ അതിലുണ്ടെന്ന് എനിക്ക് തോന്നി. സ്ത്രീപുരുഷ ബന്ധങ്ങളെക്കാള്‍ നെറിയുള്ള സ്‌നേഹമാണ് ഓരോ പുരുഷപ്രണയവും ആവശ്യപ്പെടുന്നത്.

എബ്രി, നീ അതിനുശേഷമാണ് എന്റെ മുന്നില്‍ നിന്നെ വെളിപ്പെടുത്തിയത്. എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്, നമുക്ക് രണ്ടുപേര്‍ക്കും അവധിയായിരുന്ന ഒരു മാസാവസാന പകലിലെ ഊണ് കഴിക്കാത്ത നട്ടുച്ചയില്‍, നെഞ്ചില്‍ ചേര്‍ന്നു കിടന്ന് എന്റെ എഴുന്നു നില്‍ക്കാത്ത മുലഞെട്ട് നുണഞ്ഞപ്പോഴാണ് നീ അമ്മയെക്കുറിച്ചു പറഞ്ഞത്. എബ്രിഡ് ജോണിലെ ജോണ്‍ ദൈവത്തെ പോലെയാണെന്നു നീ പറഞ്ഞു. ഒരിക്കലും പ്രത്യക്ഷമാകാത്ത സത്യം. മുലകുടി മാറും മുന്‍പ് നിന്നെ കുടുംബത്തില്‍ ഉപേക്ഷിച്ച് റബ്ബര്‍ എസ്റ്റേറ്റിലെ വെട്ടുകാരനൊപ്പം അമ്മയുമിറങ്ങിപ്പോയി. നീ അതു പറഞ്ഞശേഷം ആള്‍ക്കൂട്ടങ്ങളിലെല്ലാം നിന്റെപോലെ നീണ്ട മൂക്കുള്ള ഒരു മേരിയെ ഞാന്‍ വെറുതെ തിരയാറുണ്ട്. ഒരുപക്ഷേ, നെഞ്ചിലൊരു ഉണ്ണിച്ചോറുരുളയുമായി അവരിന്നും ജീവിക്കുന്നുണ്ടാകാം. അല്ലെങ്കില്‍ വെട്ടുകാരന്റെ മക്കളെ പെറ്റുപോറ്റി പ്രാരാബ്ധ പാച്ചിലില്‍ സ്വയം നഷ്ടപ്പെടുന്നുണ്ടാകും. അതുമല്ലെങ്കില്‍, അയാളേയും ഉപേക്ഷിച്ച് മറ്റാരിലൂടെയോ എവിടെയൊക്കെയോ എത്തിയിട്ടുണ്ടാകും. എബ്രി, നിനക്ക് സങ്കടം തോന്നരുത്. അതിനാണ് സാധ്യത. ശരീരത്തിലെ മാംസച്ചുഴിയുടെ ഒടുങ്ങാത്ത ചിലന്തിവിശപ്പുമായി, ആര്‍ത്തിയോടെ അലയുകയാകും നിന്റെ അമ്മ. മുന്‍പ് തന്നെ മനസ്സില്‍ തോന്നിയ തീര്‍പ്പ്, ഇപ്പോള്‍ നിന്നോട് ഞാന്‍ തുറന്നു പറയുകയാണ്.

നീ തന്നെ പറഞ്ഞിട്ടുണ്ട്, നിന്റെ പുരുഷ ശരീരത്തിലെ പുരുഷനില്ലായ്മ ആദ്യം തിരിച്ചറിഞ്ഞത് കുടുംബത്തിലെ അമ്മാവനാണെന്ന്. വിശക്കുന്ന ബാല്യത്തില്‍ അമ്മാവന്‍ വായില്‍ തിരുകി തന്നത്, ഉദ്ധരിത ലിംഗമാണെന്നുപോലും അന്നു നിനക്ക് മനസ്സിലായില്ല. പുളിച്ച കഞ്ഞിവെള്ളത്തിന്റെ രുചിയുള്ള കൊഴുത്ത ദ്രാവകം കടവായിലൂടെ ഒഴുകിയിറങ്ങിയത് പറഞ്ഞ് നീ ഓക്കാനിച്ചു. അങ്ങനെയാണ് ഇടവക പള്ളിവക ബോര്‍ഡിംഗ് സ്‌കൂളില്‍ ചേരുന്നതും. അന്നും വൃഷണം പിടിച്ച് ഞെരിച്ചുള്ള കൗമാര തമാശകളില്‍ നീ നിരന്തരം വേദനിച്ചു. കോളേജില്‍ ചേര്‍ന്ന കാലം മുതല്‍, നീ താടിരോമം വടിക്കാതെ പുരുഷ കാപട്യത്തിന്റെ മുഖമറയുണ്ടാക്കി. ഇതൊക്കെ അറിഞ്ഞിട്ടും നിന്നെ പിന്നെയും വേദനിപ്പിക്കുക മാത്രം ചെയ്തു ഞാന്‍. 

നമ്മള്‍ ഇഴുകിച്ചേര്‍ന്ന ശേഷം ഞാന്‍ പോലും അറിയാതെ എന്നിലും പരിണാമങ്ങള്‍ ഉണ്ടായി. ഗൗരവപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് കാന്റീനിലേക്ക് വിളിച്ചുകൊണ്ട് പോയി മരിയ എന്നോട് ക്ഷോഭിച്ചപ്പോഴാണ് ഞാനത് തിരിച്ചറിഞ്ഞത്. അവളെ അടുത്തിടെയായി തീരെ ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണെന്നു ചോദിച്ച്, എന്റെ ഷര്‍ട്ട് കൈത്തലം കൊണ്ട് ചുരുട്ടിപ്പിടിച്ച് അവള്‍ ദേഷ്യപ്പെട്ടു. ഈയിടയായി ഒളിനോട്ടങ്ങളില്ല. മറിയ എന്നു തെറ്റിച്ച് വിളിക്കാറില്ല. വഴക്കിട്ട് അടുത്ത് വരാറില്ല. എന്തെങ്കിലും ചോദിച്ചാലും താല്പര്യത്തോടെയുള്ള മറുപടിയില്ല. ഇങ്ങനെ തന്റെ അടുത്ത് നിന്ന് അകന്നുനില്‍ക്കാനാണെങ്കില്‍, അനുവദിക്കില്ലെന്നു പറഞ്ഞ് അവള്‍ കയര്‍ത്തു. അവളുടെ ഓരോ വാക്കിലും വിട്ടുപോകരുതെന്ന താക്കീതും വിട്ടുകളയില്ലെന്ന വാശിയും ഉണ്ടായിരുന്നു. അവകാശപ്പെട്ടത് അകന്നുപോകരുതെന്ന അധികാരഭാവത്തോടെ മരിയ ക്രുദ്ധയാകുന്നത് കണ്ട്, ഞാന്‍ അന്ധാളിച്ചു നിന്നതേയുള്ളൂ. നിമിഷാര്‍ദ്ധങ്ങളില്‍ വീശിയടിച്ചൊരു കൊടുങ്കാറ്റ് പോലെ അവള്‍ വേഗത്തില്‍ തിരികെ നടന്നുപോകുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു. അല്പം അകലെ എത്തിയപ്പോള്‍ ഒരേങ്ങല്‍ ഞാന്‍ കേട്ടു. ഞാന്‍ ആദ്യമായി അവളുടെ പ്രക്ഷുബ്ധ പ്രണയം അറിയുകയായിരുന്നു.
അതിനുശേഷമാണ് നമുക്കിടയിലേക്ക് മരിയ ബോധപൂര്‍വ്വം തിരുകിക്കയറാന്‍ തുടങ്ങിയത്. കാന്റീനിലേക്ക് ചായ കുടിക്കാന്‍ പോകാന്‍ കയ്യില്‍ പിടിച്ചുവലിച്ചുകൊണ്ട് എന്നെ മാത്രം വിളിക്കും. ഡസ്‌കില്‍ എന്റെ അടുത്ത് തന്നെ ഇരിക്കാന്‍ കണിശതയോടെ ശ്രമിക്കും. അവസരം കിട്ടുമ്പോഴൊക്കെ വിദ്യുത് സ്പര്‍ശംപോലെ അവള്‍ ഉരുമ്മിനില്‍ക്കും. നമ്മള്‍ തമ്മില്‍ ഡസ്‌കില്‍ വെച്ച് സംസാരിക്കുമ്പോള്‍പോലും അനാവശ്യമായി ശബ്ദമുയര്‍ത്തി ഇടപെടും. പിന്നെ മൊബൈലില്‍ നിരന്തരം വിളിച്ച് ഓരോത്തിടത്തേക്ക് കൂട്ടുവരാന്‍ പറയാന്‍ തുടങ്ങി. ഒരിക്കല്‍ സിനിമാക്‌സില്‍ വെച്ച് എന്റെ കൈപിടിച്ച് തോളിലൂടെയിട്ട് ചിണുങ്ങിയിരുന്നു. സിനിമ തീരും മുന്‍പ് മുഖം ചരിച്ച് കൈത്തണ്ടയില്‍ ഒരുമ്മയും തന്നു. എന്തുകൊണ്ടോ എനിക്കൊരു ചുംബനം തിരികെ നല്‍കാനായില്ല. ഓരോ നിമിഷത്തിലും നിവര്‍ന്നുനില്‍ക്കാനാകാത്ത വണ്ണം അവള്‍ എന്നെ ചിതറിച്ചുകളഞ്ഞു.

മരിയ എന്താവശ്യപ്പെട്ടാലും എതിര്‍വാക്ക് പറയാനാകില്ല. എബ്രി, എന്തിനോ തടസ്സം പറഞ്ഞതിന് നിന്റെ മുന്നില്‍വെച്ചുപോലും അവളെന്നോട് പൊട്ടിത്തെറിച്ച് പരിഭവിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ശബ്ദമുണ്ടാക്കി കരഞ്ഞ് അവള്‍ എല്ലാം നേടിയെടുക്കും. അങ്ങനെ മരിയയുടെ ക്രുദ്ധപ്രണയത്തിന് ഞാന്‍ വശംവദനായി. അല്ലെങ്കില്‍ മരിയയുടെ സ്‌നേഹജ്വലനം എന്നെ നിരന്തരം പ്രലോഭിപ്പിച്ചിരുന്നു. മുന്‍പെങ്ങോ തോന്നിയ ആകര്‍ഷണം സഫലമാകുന്നതിന്റെ ആന്തരികാനന്ദം എന്നില്‍ നിറയുന്നുണ്ടായിരുന്നു. അതുകൊണ്ടാണ്, വൈകിയാണെങ്കിലും എനിക്ക് നിന്റെ മുന്നില്‍ കുറ്റസമ്മതം നടത്തേണ്ടിവന്നത്. ഞാന്‍ മരിയയെ പ്രണയിക്കുന്നുവെന്ന്. അതു പറഞ്ഞ രാത്രിയില്‍, എന്നില്‍നിന്നു പിണങ്ങി മാറി തിരിഞ്ഞു കിടക്കുകയല്ല നീ ചെയ്തത്. എന്നത്തെക്കാളും ഇറുക്കത്തില്‍ നീ എന്നെ കെട്ടിപ്പിടിച്ചു. എന്റെ ഉണരാത്ത ചോദനകളില്‍ വൃഥാ ചുംബനങ്ങള്‍ നിറച്ചു. എന്റെ അടിവയറ്റിലേക്ക് പൊള്ളിവീണ കണ്ണീര്‍ത്തുള്ളികള്‍, നീ തന്നെ ചുണ്ടുകള്‍കൊണ്ട് കോരിയെടുത്തു. നിന്റെ ഓരോ ചുംബനവും രക്തമുദ്രിതമായ അപേക്ഷകളായിരുന്നു. അതറിഞ്ഞിട്ടും ഞാന്‍ ഉള്ളുലച്ചിലില്ലാത്ത നിസ്സംഗനായി കിടക്കുക മാത്രം ചെയ്തു.

എബ്രി, നിന്നെ ഞാന്‍ ഏറ്റവും വേദനിപ്പിച്ചത് മൈഥിലി ബാറില്‍ വെച്ച് നാം മദ്യപിച്ചിരുന്ന ആ രാത്രിയാണ്. ലഹരിയുടെ ജലാഴങ്ങളില്‍ വെച്ച് നമുക്ക് മുന്‍പത്തെപ്പോലെ വന്യമായി ഒന്നാകണമെന്നു പറഞ്ഞ്, നീയാണ് എന്നെ ബാറിലേക്ക് കൂട്ടിക്കൊണ്ടു പോയത്. ഓള്‍ഡ്മങ്കിന്റെ രണ്ടാംപെഗ് കഴിഞ്ഞപ്പോള്‍, പരിഭവക്കുരുക്കുകള്‍ വാക്കുകളില്‍നിന്ന് അയഞ്ഞുതുടങ്ങിയതുമാണ്. പക്ഷേ, അപ്പോഴാണ് മരിയയുടെ ഫോണ്‍കോള്‍ വന്നത്. ഗോപികച്ചേച്ചി നാട്ടില്‍ പോയതുകൊണ്ട് മുറിയിലേക്ക് വരണമെന്ന് മരിയ ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് മറിച്ചൊന്നും പറയാനായില്ല. അത് മരിയയുടെ ക്ഷോഭങ്ങളോടുള്ള ഭയം കൊണ്ടോ സ്ത്രീ ശരീരത്തോടുള്ള പുരുഷാര്‍ത്തികൊണ്ടോ മാത്രമായിരുന്നില്ല. എന്റെ ഓരോ തീരുമാനങ്ങളും സ്‌നേഹവഴുക്കലില്‍ തെന്നിവീണുകൊണ്ടിരിക്കുകയായിരുന്നു. ഉടന്‍ വരാമെന്നു മാത്രം നിന്നോട് പറഞ്ഞ് ഞാന്‍ ബാറില്‍നിന്നിറങ്ങി. ഞാന്‍ എങ്ങോട്ടാണ് പോകുന്നതെന്നു നിനക്ക് അപ്പോള്‍ തന്നെ മനസ്സിലായിട്ടുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ട് തന്നെ എഴുന്നേറ്റ് നടക്കുമ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കിയില്ല. ഞാനൊരു പിന്‍വിളി ഭയന്നു.

എബ്രി, ഇന്നോളം നിന്നോട് പറയാത്ത മറ്റൊന്നു കൂടി ഇന്നു പങ്കുവെയ്ക്കാം. മരിയയുടെ ശരീരം ഒരു നുണയായിരുന്നു. അവള്‍ക്ക് തടിച്ചു തൂങ്ങിയ മുലകള്‍ ഉണ്ടായിരുന്നില്ല. കട്ടി കൂടിയ സ്പോഞ്ച് കപ്പുള്ള ബ്രാ അയച്ചു കെട്ടിയതായിരുന്നു അത്. അവളുടെ മുലകള്‍ ത്രികോണാകൃതിയില്‍ കൂര്‍ത്തതായിരുന്നു. എന്നിട്ടും ആ രാത്രിയില്‍ ഒരു ശിശുവിന്റെ വിശപ്പോടെ ഞാനത് കുടിച്ചുകൊണ്ടിരുന്നു. ആദ്യമായി ഒരു സ്ത്രീശരീരത്തില്‍ സന്നിവേശിക്കുന്നതിന്റെ രസാവേശത്തോടെ തന്നെയാണ് ഞാന്‍ മരിയയില്‍ ഉരഞ്ഞു കയറിയത്. ഒടുവില്‍ മൂര്‍ച്ഛയുടെ ഉന്നതിയില്‍, ഐ വാഡ് ടു പീ എന്നു നിലവിളിച്ച് അവള്‍ ശമിച്ചു. പക്ഷേ, അപ്പോഴും ഞാനെന്റെ രേതസിനെ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. എനിക്കത് കഴിഞ്ഞ് നിന്റെയടുത്തേക്കാണ് ഓടിവരേണ്ടിയിരുന്നത്. മരിയയിലേക്കുള്ള ഓരോ കുതിപ്പിലും ഒറ്റയ്ക്കിരുന്നു നീ കിതയ്ക്കുന്നത് ഞാന്‍ ഹൃദയം കൊണ്ടറിഞ്ഞു. ശരീരം അവിടെ കൊരുത്തുവെച്ചെങ്കിലും സത്യമായും എന്റെ ചിന്തകളെല്ലാം നിന്റെ കാത്തിരിപ്പിനെക്കുറിച്ചായിരുന്നു. മരിയ ആലസ്യത്തിലേക്ക് ഇമ പൂട്ടിയപ്പോള്‍, എന്നെ അവളില്‍നിന്നു ഞാന്‍ ഊരിയെടുത്തു.

ഞാന്‍ തിരികെ മുറിയിലെത്തുമ്പോള്‍, തിരുനെറ്റി പൊട്ടി ചോരയും നീരും ഒലിച്ചിറങ്ങി കട്ടിലില്‍ ഇരിക്കുകയാണ് നീ. എന്തുപറ്റിയെന്നു ചോദിച്ചപ്പോള്‍, ബാത്ത്റൂമില്‍ തലമുട്ടി എന്നു മാത്രം നീ പറഞ്ഞു. ഞാന്‍ ബാത്ത്റൂമില്‍ കയറി നോക്കിയപ്പോള്‍ കണ്ടു, കണ്ണാടിയുടെ വലതു വശത്ത് തലയിട്ടിടിച്ച് രക്തം പുരണ്ടതിന്റെ അടയാളം. ഭിത്തിയിലേയ്ക്ക് ഉള്‍വലിയാതെ ചുവന്നു കിടക്കുന്ന ചൂടുരക്തം. കലഹത്തിന്റെ സിന്ദൂരപ്പാട്. ഞാന്‍ തിരിച്ചിറങ്ങി വന്നു പൊട്ടിക്കരഞ്ഞു കൊണ്ടാണ് നിന്നെ വാരിപ്പുണര്‍ന്നത്. എന്നോടുള്ള കലഹമെല്ലാം നീ സ്വയം മുറിവേല്‍പ്പിച്ച് തീര്‍ക്കുകയായിരുന്നു. എബ്രി, അന്നു നമ്മള്‍ രണ്ടുപേരും കരഞ്ഞുകൊണ്ടാണ് ഭ്രാന്തവേഗത്തില്‍ ആളിപ്പടര്‍ന്നത്. നമ്മുടെ കവിളുകള്‍ക്കിടയില്‍ കണ്ണീര്‍ വഴുതി. മരിയയുടെ സ്ത്രീശരീരത്തിലേക്ക് തുളുമ്പാതെ കാത്തതൊക്കെ നിന്നിലേക്ക് തിളച്ചുതൂകി. പുരുഷശരീരങ്ങള്‍ക്ക് മാത്രം പ്രാപ്തമാകുന്ന ഹൃദയമൂര്‍ച്ഛ എന്താണെന്നു ഞാന്‍ അന്നറിഞ്ഞു. എന്നിട്ടും തളര്‍ന്നു കട്ടിലില്‍ കിടക്കുമ്പോള്‍ കുറ്റബോധത്തിന്റെ ചാട്ടുളി നെഞ്ചില്‍ കൊളുത്തിവലിക്കാന്‍ തുടങ്ങി. ഞാന്‍ മരിയയോട് സ്‌നേഹച്ചതി കാട്ടിയോ എന്ന സംശയം കൂര്‍ത്ത കൊക്ക്‌കൊണ്ട് ഹൃദയത്തില്‍ കൊത്തി. ഞാന്‍ നിന്നെ ചേര്‍ത്ത്പിടിച്ച് മരിയയെക്കുറിച്ച് വ്യാകുലപ്പെട്ടു.

എബ്രി, ഒരു സ്ത്രീപങ്കാളിയെ കിട്ടിയപ്പോള്‍ നിന്നെ ഉപേക്ഷിച്ചവനെന്ന വഞ്ചകപ്പട്ടം എനിക്ക് തരരുതായിരുന്നു. മരിയയുടെ സ്‌നേഹരോഷത്താല്‍ മുറിവേല്‍ക്കുമ്പോഴെല്ലാം ഞാന്‍ നിന്റെ നെഞ്ചില്‍ ചേര്‍ന്നുകിടന്നല്ലേ പരിഭവിച്ചത്. എവിടെയെങ്കിലും എത്താന്‍ അഞ്ച് മിനിറ്റ് വൈകിയാല്‍ നടുനിരത്തില്‍ വെച്ച് അവള്‍ കയര്‍ക്കും. എന്നോട് ആരെങ്കിലും സന്തോഷത്തോടെ പെരുമാറിയാല്‍, അവരേയും പരിസരം മറന്ന് അവഹേളിക്കും. അന്ന് ഗോപികച്ചേച്ചിയുടെ മുറിയിലെ സംയോഗവേളയില്‍പ്പോലും എന്റെ മുകളില്‍ മുട്ടിന്മേലിരുന്ന് തലമുടി പിഴുതെടുക്കും വിധം ചുറ്റിപ്പിടിച്ചാണ് അവള്‍ അശ്വവേഗങ്ങള്‍ പ്രാപിച്ചത്. അവളുടെ ഈര്‍ച്ചവാള്‍ മൂര്‍ച്ചയുള്ള ലോഹസ്‌നേഹത്താല്‍, എന്റെ കീഴാളപൗരുഷം നിരന്തരം മുറിവേല്‍ക്കുകയുണ്ടായിരുന്നു. എങ്കിലും അവളില്‍ തിളയ്ക്കുന്ന ഭ്രാന്ത് എന്നോടുള്ള സ്‌നേഹക്കടലാണെന്ന സത്യത്തില്‍നിന്നു ഞാന്‍ എങ്ങനെ ഒളിച്ചോടും?

എനിക്കറിയാം, മരിയയുടെ ഒടുവിലത്തെ പിടിവാശിയാണ്. നിന്റെ സമനില തെറ്റിച്ചത്. വിട്ടുപോകില്ലെന്ന ലംഘിക്കപ്പെടാത്ത ഉറപ്പിനുവേണ്ടി വീട്ടുകാര്‍പോലും അറിയാതെ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന അവളുടെ നിര്‍ബന്ധം. ആരാരുമറിയരുതെന്നു കണിശമായി പറഞ്ഞിട്ടും ഇക്കാര്യം ഞാന്‍ നിന്നോട് പങ്കുവെച്ചു. ആ ആവശ്യം ഞാന്‍ നിരസിച്ചാല്‍, അതില്‍നിന്നു വഞ്ചനയുടെ വ്യാഖ്യാനം അവള്‍ ഉണ്ടാക്കുമായിരുന്നു. അതുകൊണ്ടാണ് രജിസ്ട്രേഷനുള്ള അപേക്ഷ ഒരുമിച്ചുപോയി കൊടുക്കാമെന്നു ഞാന്‍ സമ്മതിച്ചത്. അതൊക്കെ നിന്റെ മുന്നില്‍ മുട്ടിന്മേല്‍ കുത്തിനിന്നു ഞാന്‍ പറഞ്ഞതാണ്. നമ്മള്‍ ഒരിക്കലും വേര്‍പെടാത്ത രഹസ്യ സത്യമായിരിക്കുമെന്നും ഞാന്‍ പലകുറി ആണയിട്ടു. പക്ഷേ, അന്നു രാത്രി മുട്ടിവിളിക്കുന്ന പോലുള്ള ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്ന് ബാത്ത്റൂമില്‍ വന്നു നോക്കുമ്പോള്‍, ഭിത്തിയിലാകെ തലയിട്ടിടിച്ച് രക്തപ്പാടുകള്‍ തീര്‍ത്ത്, നെറ്റിയിലൂടെ ചോരയൊലിപ്പിച്ച് നില്‍ക്കുകയാണ് നീ. എബ്രി എന്നു ഞാന്‍ അലറിവിളിച്ചപ്പോള്‍ നീയൊരു സ്‌കൂള്‍ക്കുട്ടിയെപ്പോലെ പതുങ്ങിനിന്നു. എന്തു ഭ്രാന്താണ് കാണിക്കുന്നതെന്നു പലവട്ടം ചോദിച്ചിട്ടും മറുപടിയൊന്നും പറഞ്ഞില്ല. ഒരു പെരുമഴ മുഴുവന്‍ നിന്നു നനഞ്ഞിട്ടെന്നപോലെ നീ വിയര്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ നഷ്ടപ്പെടുമോ എന്ന ഭയം മൂത്ത് ആത്മപീഡയാല്‍ നീ സ്വയം ഇല്ലാതാകുന്നത് കാണാനാകാത്തത് കൊണ്ടാണ് അന്നു രാത്രി തന്നെ ഞാന്‍ മുറി വിട്ടിറങ്ങി ഇടപ്പള്ളിയിലെ ആന്റിയുടെ ഫ്‌ലാറ്റിലേക്ക് പോയത്. പിറ്റേന്നു രാവിലെ ഓഫീസില്‍ വിളിച്ച് അവധി പറഞ്ഞതും. എബ്രി, ഇരുകരകളുമില്ലാത്തൊരു പുഴയുടെ വിഭ്രമ സഞ്ചാരം പോലെയായിരുന്നു പിന്നെയെന്റെ ഓരോ നിമിഷവും.

പുരുഷപ്രണയങ്ങളുടെ നെറിയുള്ള തീക്ഷ്ണത എത്രമേല്‍ ആഴമേറിയതാണെന്നു ഞാന്‍ അനുഭവിച്ച് അറിഞ്ഞതാണ്. എങ്കിലും എബ്രി, നീയെന്തിനാണ് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. മരണമുറപ്പിക്കാനാണ് എങ്കില്‍ത്തന്നെ മറ്റന്തെല്ലാം വഴികളുണ്ട്. എനിക്കുറപ്പാണ് നിന്റെ ശരീരമാകെ തീയാളിപ്പടരുമ്പോഴും നീ നിലവിളിച്ചിട്ടുണ്ടാകില്ല. കുതറി ഓടാതിരിക്കാന്‍ മുറിയിലെ ജനല്‍ക്കമ്പിയില്‍ മുറുകെ പിടിച്ചിട്ടുണ്ടാകും. ഇന്ധനം കത്തി മാംസം വെന്ത് അസ്ഥികളില്‍നിന്ന് ഇറുന്നുവീഴുന്നത്, പ്രാണന്‍ പൊള്ളുന്ന കൊടിയ വേദനയിലും നീ ആസ്വദിച്ചിട്ടുണ്ടാകണം. ആത്മപീഡയുടെ മൂര്‍ദ്ധന്യതയിലാണ് നീ എന്നും ദു:ഖങ്ങള്‍ ഉരിഞ്ഞുകളഞ്ഞിട്ടുള്ളത്. ഒരുപക്ഷേ, ജീവനൊടുക്കുക എന്നതിനെക്കാള്‍ നിന്റെ തന്നെ ശരീരത്തോടുള്ള പ്രതികാരമാകാം ആ ആത്മഹത്യ. അന്തിമമായ നിസ്സഹായതയില്‍ വ്യവച്ഛേദനത്തിന് വഴങ്ങാത്ത നിന്റെ ശരീരത്തെ നീ ഇല്ലായ്മ ചെയ്തു.

പക്ഷേ, ജീവിതകാലം മുഴുവന്‍ മറച്ചുവെച്ചതെല്ലാം ഒറ്റവരി ആത്മഹത്യാക്കുറിപ്പിലൂടെ നീ വെളിവാക്കി. കത്തിപ്പോകാത്ത ആ കുറിപ്പില്‍ നീ എഴുതിയിരുന്നു: ആബി ക്ഷമിക്കണം, നിന്നോടുള്ള അവസാനത്തെ ചോദ്യമാണ് എന്റെ മരണം. ആ ആത്മഹത്യാക്കുറിപ്പിലൂടെ നമ്മുടെ സ്‌നേഹത്തിന്റെ അന്തര്‍ധ്വനികളെ എല്ലാവരും തിരിച്ചറിഞ്ഞു. അതുകൊണ്ട് കൂടിയാണ്, ഈ പള്ളി സെമിത്തേരിയുടെ പുറമ്പോക്കിനോട് ചേര്‍ന്നു നിന്റെ മൃതദേഹം സംസ്‌കരിച്ചിരിക്കുന്നത്. ഒരു ദുര്‍മരണം എന്നതിനെക്കാള്‍ ഒരു ഭിന്നപ്രണയിയുടെ ശവശരീരം എന്നതായിരുന്നു പള്ളിയധികാരികളുടെ അവജ്ഞ. വെട്ടിവെടിപ്പാക്കിയ സെമിത്തേരിക്ക് പുറത്തായി നിന്റെ ശവക്കല്ലറ. മരണത്തിനുശേഷവും നിന്നെ എന്തിനാണ് ഇങ്ങനെ ജീവിതം വേട്ടയാടുന്നത്. രാത്രിയുടെ കരിപുരണ്ട് മങ്ങുന്ന ഈ സന്ധ്യയില്‍ നീ ചെയ്യാറുള്ളതുപോലെ ഞാന്‍ സ്വയം സാന്ത്വനിപ്പിക്കട്ടെ. മുട്ടില്‍ കുത്തിനിന്ന്, നിന്റെ കല്ലറയ്ക്ക് മുന്നിലെ കോണ്‍ക്രീറ്റ് കുരിശില്‍ ചോര വഴുക്കുവോളം തലയിട്ടിടിച്ച് സ്വയം വേദനിപ്പിക്കട്ടെ. നിന്നോടുള്ള എന്റെ രക്തകുമ്പസാരം.

ന്നു രാത്രി തന്നെ ഇവിടേക്ക് വരാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. നാളെയാണ് വിവാഹ രജിസ്ട്രേഷനായി അപേക്ഷ കൊടുക്കാന്‍ മരിയക്കൊപ്പം പോകാമെന്നു സമ്മതിച്ച ദിവസം. പക്ഷേ, ഇന്നു രാവിലെ ഞാന്‍ ആരോടും പറയാതെ, അടിവാരത്തിലെ ഈ പള്ളിയിലേക്ക് വണ്ടികയറി. ആരും വിളിക്കാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍പോലും എടുക്കാതെ. മരിയ പോലും. ഇന്നു രാത്രി നിനക്കൊപ്പം ഞാന്‍ ഇവിടെ ചെലവഴിക്കും. നിന്റെ വെന്തുവീര്‍ത്ത ശരീരത്തില്‍ കെട്ടിപ്പിടിച്ച്, പെട്രോളിന്റെ ഗന്ധമൊഴിയാത്ത നെഞ്ചിലെ വ്രണങ്ങളില്‍ മുഖമമര്‍ത്തി, കരിഞ്ഞ് ചര്‍മ്മത്തോട് ഉരുകിച്ചേര്‍ന്ന താടിരോമങ്ങളില്‍ തലോടി, തീര്‍ച്ചയായും ഇറുന്നുപോയിട്ടില്ലാത്ത നിന്റെ ലിംഗത്തിലേക്ക് വലതുകാല്‍ കയറ്റിവെച്ച് ഇന്നത്തെ രാത്രി നാം ഇവിടെ ശയിക്കും.
ഈ രാത്രിയില്‍ എന്നെ തിരഞ്ഞ് ഇവിടുത്തെ കല്ലറക്കാട്ടിലേക്ക് ആരും വരില്ല. കടലിലും കരയിലും ജീവിക്കാമായിരുന്നിട്ടും കടലില്‍നിന്നും കരയില്‍നിന്നും പുറത്താക്കപ്പെട്ട നിരാലംബ ഉഭയത്വത്തിന്റേതാണ് ഈ രാത്രി. എബ്രി ക്ഷമിക്കണം, നിനക്കുള്ള ദുര്‍ബ്ബലമായ ഉത്തരമാണ് ഈ രാത്രി...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com