സമര്‍പ്പിത ജീവിതം: എന്‍ പ്രദീപ് കുമാര്‍ എഴുതിയ കഥ

ബെഡ് ലാമ്പിന്റെ അരണ്ടവെളിച്ചത്തില്‍ പതിഞ്ഞ താളത്തില്‍ കറങ്ങുന്ന സീലിംഗ് ഫാനിന്റെ ഇതളുകളില്‍ അയാളുടെ കണ്ണുകള്‍ ചെന്നുപറ്റി.
സമര്‍പ്പിത ജീവിതം: എന്‍ പ്രദീപ് കുമാര്‍ എഴുതിയ കഥ

ഞ്ചരമണിക്ക് അലാം ശബ്ദിക്കുന്നതിനു തൊട്ടുമുന്‍പ് ചീമ്പാരന്‍ രാമന്‍കുട്ടിയുടെ ഉറക്കം ഞെട്ടി. ബെഡ് ലാമ്പിന്റെ അരണ്ടവെളിച്ചത്തില്‍ പതിഞ്ഞ താളത്തില്‍ കറങ്ങുന്ന സീലിംഗ് ഫാനിന്റെ ഇതളുകളില്‍ അയാളുടെ കണ്ണുകള്‍ ചെന്നുപറ്റി. വിചിത്രമായ ആ പുലര്‍കാല സ്വപ്നത്തിന്റെ സാംഗത്യത്തെപ്പറ്റി അയാള്‍ വിസ്മിതനായി.

കലാലയത്തിലെ നോട്ടീസ് ബോര്‍ഡിനരികെ ചുവരില്‍ ന്യൂസ്പ്രിന്റില്‍ ചുവന്ന മഷിയില്‍ എഴുതി പതിച്ച മുദ്രാവാക്യം അപ്പോള്‍ അയാള്‍ക്ക് വ്യക്തമായി. വിപ്ലവം തോക്കിന്‍കുഴലിലൂടെ. ഫ്‌ലാപ്പുവെച്ച പോക്കറ്റും നീണ്ട നാവുപോലുള്ള കോളറും തയ്ച കുപ്പായമണിഞ്ഞ നാലഞ്ചു ചെറുപ്പക്കാര്‍ തിടുക്കപ്പെട്ട ചുവടുകളോടെ ഗോവണി ഇറങ്ങിവന്നു. മെലിഞ്ഞുനീണ്ട ദേഹവും ഇരുണ്ടനിറവുമുള്ള നേതാവിന്റെ കണ്ഠമുഴ എടുത്തു പിടിച്ചതുപോലെ തെളിഞ്ഞുനിന്നു. ഉച്ചാരണശുദ്ധിയുള്ള കനത്ത ശബ്ദത്തില്‍, കവിതാശകലങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അയാള്‍ രാഷ്ട്രീയ വിശദീകരണം നടത്തുമ്പോള്‍ കണ്ഠമുഴ പ്രത്യേക താളത്തില്‍ ചലിച്ചു.

അലാമിന്റെ ശബ്ദം കെടുത്തി എണീക്കാതെ കിടക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു പിറകില്‍നിന്നു കയറിവന്ന ചെറുപ്പക്കാരന്റെ രൂപം അയാള്‍ ഓര്‍മ്മിക്കാന്‍ ശ്രമിച്ചു. കലുഷവും അതേസമയം പുഷ്‌കലവുമായ അന്നാളുകളുടെ ഗൃഹാതുരതയില്‍ ഓലോലം മുങ്ങി നിവര്‍ന്നെങ്കിലും ആ ശ്രമം വിഫലമായി. വാഷ്ബേസിനില്‍ ചെന്നു മുഖം കഴുകി അടുക്കളയില്‍ വന്ന രാമന്‍കുട്ടി സ്റ്റൗ തെളിയിച്ചു. സ്റ്റീല്‍പാത്രത്തില്‍ വെള്ളം പകര്‍ന്നെടുത്ത് തിളയ്ക്കാന്‍ വെച്ചു. ബ്രഷ് ചെയ്തു വന്നപ്പോഴേയ്ക്കും വെള്ളം ചൂടായിരുന്നു.
സ്പൂണില്‍ അളന്നെടുത്ത നീരജ പൗഡര്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് സാവധാനം ഇളക്കി. കുഴമ്പു രൂപത്തിലാക്കിയ ലായനി ബക്കറ്റിലെ വെള്ളത്തില്‍ ഒഴിച്ചു. നുള്ള് ടിനോപാല്‍ ലായനിയില്‍ അലിയിച്ചു ചേര്‍ത്തു.
തലേന്ന് സോപ്പുപൊടിയില്‍ കുതിര്‍ത്തുവെച്ച ഖദര്‍ ഉടുപ്പും മുണ്ടും കഴുകി ലായനിയില്‍ മുക്കി. ട്രസ്വര്‍ക്ക് ചെയ്ത ടെറസിന്റെ അയയില്‍ തുണി ചുളിവുകള്‍ തീര്‍ത്ത് ആറാനിട്ടു. തിരിച്ചിറങ്ങുമ്പോള്‍ അയയില്‍ കിടന്ന ഉണങ്ങിയ വസ്ത്രം എടുത്തു.

വര്‍ക്ക്ഏരിയയിലെ ടേബിളില്‍ ഇസ്തിരി ചൂടാക്കി അയാള്‍ മുണ്ടും കുപ്പായവും അയേണ്‍ ചെയ്തു. ഷേര്‍ട്ടിന്റെ കൈകള്‍ നീരജയുടെ പശപശപ്പിലും ഇസ്തിരിയുടെ ചൂടിലും ബ്ലേഡിന്റെ വക്കുപോലെ ഷാര്‍പ്പ് എന്നു കണ്ട് തൃപ്തനായി.

പതിവു ക്ഷൗരം നിര്‍വ്വഹിച്ച രാമന്‍കുട്ടി മീശയിലൂടെയും കൃതാവിലൂടെയും ബൈഗണ്‍ ബിയേര്‍ഡ് കളര്‍ ഒന്നോടിച്ചു വിട്ടു. സ്‌നാനം കഴിഞ്ഞ് മുറിയില്‍ പ്രവേശിച്ച അയാള്‍ ഫാന്‍ ഓണ്‍ ചെയ്തു. പിന്നെ, ഡ്രസ്സിങ്ങ് ടേബിളിലെ കണ്ണാടിക്കു മുന്നില്‍നിന്നു കഷണ്ടിയുടേയോ കൊഴിച്ചിലിന്റേയോ ആക്രമണമില്ലാത്ത തലമുടിയും മീശയും ചീകിയൊതുക്കി. യാര്‍ഡ്ലി പൗഡര്‍ കുടഞ്ഞ് മുഖവും കഴുത്തും കക്ഷങ്ങളും തടവി. കൈയില്ലാത്ത ബനിയനു മുകളില്‍ സ്റ്റാര്‍ച്ച് തകരത്തകിടുപോലെ ബലപ്പെടുത്തിയ മുണ്ട് ചുറ്റി. ബോഡിസ്പ്രേ ഒന്നു ചീറ്റിച്ച ശേഷം തൂവെള്ള കുപ്പായം ധരിച്ചു. 
ചാര്‍ജറില്‍ ഇരുന്ന വെളുത്ത മെറ്റാലിക് ഉടലുള്ള ഐ ഫോണ്‍ XS എടുത്ത് പോക്കറ്റില്‍ നിക്ഷേപിച്ചു. കൂടെ, ഗാന്ധിത്തല മുദ്രണം ചെയ്ത വയലറ്റ് കറന്‍സിയും. തുടര്‍ന്നു വെളുത്ത സ്ട്രാപ്പുള്ള വാച്ച് ഇടതുകൈത്തണ്ടയില്‍ ബന്ധിച്ചുകൊണ്ട് രാമന്‍കുട്ടി മുറിയില്‍നിന്നു പുറത്തിറങ്ങി.

പത്രക്കാരന്‍ എറിഞ്ഞിട്ടുപോയ ദിനപത്രങ്ങളില്‍ ഒന്നിലൂടെ അലസം ദൃഷ്ടിപായിച്ച് തീന്‍മേശയ്ക്ക് മുന്നില്‍ ഇരിക്കുകയായിരുന്നു സുഗുണ ടീച്ചര്‍. അയാള്‍ കസേരയില്‍ ഇരുന്നതും അവര്‍ ഒരു കപ്പില്‍ മധുരമില്ലാത്ത കട്ടന്‍ചായ പകര്‍ന്നു കൊടുത്തു. അതോടൊപ്പം അവര്‍ക്കുള്ള ചായയും.
കടുംചായ മൊത്തി പത്രത്തിന്റെ തലക്കെട്ടു ശ്രദ്ധിക്കുന്നതിനിടെ സുഗുണ ടീച്ചര്‍ അളക വിളി ച്ചിരുന്നു എന്ന് അറിയിച്ചു.
''എന്താണ് വിശേഷിച്ച്?'' അയാള്‍ പത്രത്തില്‍നിന്നു കണ്ണുകള്‍ ഉയര്‍ത്തി.
''നമ്മള്‍ എന്നാണ് അങ്ങോട്ട് ചെല്ലുന്നതെന്ന്? അമ്മ ഈ വര്‍ഷം റിട്ടയര്‍ ചെയ്കയല്ലേ, ലീവ് ധാരാളം കാണുമല്ലോ. എടുത്തുകൂടേ എന്ന്...?''
''ഉം...'' അയാള്‍ മൂളി. പിന്നെ, ചായ അവസാനിപ്പിച്ച് പത്രം മടക്കി.
കൂടെ എഴുന്നേറ്റുചെന്ന ടീച്ചര്‍ അവരുടെ ഫോണില്‍ വന്ന വീഡിയോ അയാളെ കാണിച്ചു. നാലു വയസ്സുകാരി പേരക്കുട്ടി സ്‌കൂള്‍ റൈം ചൊല്ലുന്നതിന്റെ ദൃശ്യം. അടുത്ത് അളകയും വിവേകും. നെതര്‍ ലാന്‍ഡ്സില്‍നിന്നു മകള്‍ അയച്ചത്.
''ആലോചിക്കാം...'' വെളുത്ത സ്ട്രാപ്പുള്ള ചപ്പലിലേക്ക് പാദം തിരുകി കയറ്റുമ്പോള്‍ അയാള്‍ പറഞ്ഞു.
ഹോണ്ട സിറ്റി വിശ്രമിക്കുന്ന പോര്‍ച്ച് താണ്ടി ഏഴുമണി പ്രഭാതത്തിന്റെ വെയില്‍ത്തുമ്പുകള്‍ ഉമ്മവെയ്ക്കുന്ന മുറ്റത്തേക്ക് അയാള്‍ ഇറങ്ങി. എന്നിട്ട് ഗേറ്റ് ചാരി കൈകള്‍ പിറകിലേക്ക് പിണച്ചുകെട്ടിനിന്നു പരിസരം വീക്ഷിച്ചു.
അങ്ങാടിയിലേയ്ക്ക് കഷ്ടിച്ചൊരു കിലോമീറ്റര്‍ ദൂരമുണ്ട്. അതുപക്ഷേ, ഏതെങ്കിലും പരിചയക്കാര്‍ കൊണ്ടുചെന്നു വിടും. ഓട്ടോറിക്ഷക്കാരാണെങ്കിലും കണ്ടാല്‍ പോരുന്നോ എന്നൊന്നു ചവിട്ടും.
ആരാണ് വരുന്നതെന്നു വിചാരിച്ചു മുഴുവനാവും മുന്‍പേ പാറയില്‍ ഹാജിയുടെ ആഡംബരകാര്‍ മുന്നില്‍ വന്നുനിന്നു വാതില്‍ തുറന്നു ക്ഷണിച്ചു. ഹോട്ടല്‍ പാരഡൈസിനു മുന്നില്‍ ഇറങ്ങുമ്പോഴും ഡി.എഫ്.ഒ ഓഫീസുമായി ബന്ധപ്പെട്ട് ചീമ്പാരന്‍ സാര്‍ ചെയ്തുകൊടുത്ത പഴയൊരു സേവനത്തിന്റെ ഉപകാരസ്മരണയില്‍നിന്നു തടിമില്ലിന്റെ നടത്തിപ്പുള്ള ഹാജി മുക്തനായിരുന്നില്ല. 

പാരഡൈസിന്റെ ക്യാഷ് കൗണ്ടറില്‍ ഇരുന്ന ഉടമ, ചെണ്ടമണി എന്നറിയപ്പെടുന്ന, വാദ്യകലാകാരന്‍ കൂടിയായ മണികണ്ഠന്‍ ചീമ്പാരനെ ഗൗനിച്ചു. ടെലിവിഷന്‍ സ്റ്റാന്റിന് അഭിമുഖമായി, പതിവു ടേബിളില്‍ ഇരുന്നതും വെയ്റ്റര്‍ അശോകന്‍ ആഗതനായി. ഒരു ഗ്ലാസ്സ് ചൂടുവെള്ളവും പത്രവും അശോകന്‍ ചീമ്പാ രന്റെ മേശപ്പുറത്തു കൊണ്ടുവെച്ചു.

''ചീമ്പാരന്‍ സാര്‍... ആഹാരത്തിന് ചേരുന്നോ?''  ശ്രീവിനായക ലിമിറ്റഡ് സ്റ്റോപ്പിന്റെ കണ്ടക്ടര്‍ സണ്ണിക്കുട്ടി എബ്രഹാമാണ്. ഡ്രൈവര്‍ ഫിറോസ് ഷായും ഉണ്ട്. നാല് പതിനഞ്ചിന് പൂരങ്ങളുടെ നാട്ടില്‍നിന്നു പുറപ്പെട്ട് ഏഴ് പതിനഞ്ചിന് വള്ളുവനാട് പിടിക്കുന്ന ശ്രീവിനായക വീണ്ടും തിരിക്കുന്നതിനായി വിശ്രമമെടുക്കുന്ന ഇരുപത് മിനിട്ടാണ് ജീവനക്കാരുടെ പ്രാതല്‍ നേരം.
''ഓ...'' ചീമ്പാരന്‍ വാര്‍ത്താബുള്ളറ്റിനില്‍നിന്നു മുഖം തിരിച്ചു. സണ്ണിക്കുട്ടിയും ഫിറോസും പൊറോട്ടയും മീന്‍കറിയും കഴിക്കുമ്പോള്‍ ചീമ്പാരന്റെ ശീലം അറിയുന്ന അശോകന്‍ ഒരു വെള്ളേപ്പവും മുട്ടക്കറിയും വിളമ്പി. മുട്ടയുടെ മഞ്ഞ ഒഴിവാക്കി ചീമ്പാരന്‍ ആഹാരം രുചിച്ചു. സണ്ണിക്കുട്ടിക്കൊപ്പം കടുപ്പമേറിയ ചായ മൊത്തുമ്പോള്‍ വര്‍ദ്ധിക്കുന്ന ഇന്ധനവിലയും ക്രൂഡോയിലിന്റെ അന്താരാഷ്ട്ര നിലവാരവും വിഷയമായി. തലേന്ന് ന്യൂസ് അവറിലെ ഡിബേറ്റ് സണ്ണിക്കുട്ടി അനുസ്മരിച്ചു. ചീമ്പാരന്‍ ഡിബേറ്റ് ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ, അയാളുടെ വാദങ്ങള്‍ സണ്ണിക്കുട്ടിക്കും ഫിറോസിനും ബോധിച്ചു. അതാണ് യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകന്‍! ചീമ്പാരന്‍ പത്രങ്ങളെയോ വാര്‍ത്താചാനലുകളെയോ ആശ്രയിക്കാറില്ല. നിതാന്തമായ ജനസമ്പര്‍ക്കത്തിലൂടെ ആര്‍ജ്ജിതമാകുന്ന ജ്ഞാനനിര്‍മ്മിതിയാണ് ഒരു പൊതുപ്രവര്‍ത്തകനില്‍ സംഭവിക്കേണ്ടത് എന്നാണ് ചീമ്പാരന്റെ മതം.

അയാള്‍ കൈകഴുകി വരുമ്പോഴേക്കും കൗണ്ടറില്‍ പണം കൊടുത്ത സണ്ണിക്കുട്ടി കണ്ടക്ടര്‍ ബാഗ് കക്ഷത്തില്‍ ഇറുക്കി യാത്ര പറയാനായി കൈവീശി. അന്നേരം ഐഫോണ്‍ രഘുപതി രാഘവ രാജാറാം ആലപിക്കാന്‍ തുടങ്ങി.
''പാരഡൈസില്‍ ഉണ്ട്.'' ഫോണ്‍ ചെവിചേര്‍ത്ത് ചീമ്പാരന്‍ പറഞ്ഞു.
സംഭാഷണം അവസാനിപ്പിച്ചതും ഫോണ്‍ വീണ്ടും ശബ്ദിച്ചു. റബ്ബറിന് വളം ചേര്‍ക്കാന്‍ ജോലി ക്കാര്‍ എത്തിയിട്ടുണ്ടെന്ന് അറിയിച്ച് സുഗുണ ടീച്ചറായിരുന്നു.
പാരഡൈസിനു വെളിയില്‍ അന്നേരം വെളുത്ത ഒരു ഇന്നോവ വന്നുനിന്നു. ഡ്രൈവിങ്ങ് സീറ്റിലെ വരുണ്‍ എസ്. നായര്‍ ഇടതുവശത്ത് ഇരുന്ന ഇഫ്താര്‍ മുഹമ്മദിനെ അനിഷ്ടത്തോടെ നോക്കി. പിന്നെ ഇരുവരും ഒരുമിച്ച് പിന്‍സീറ്റിലെ പ്രശാന്തിനേയും. എന്തെങ്കിലും ചെയ്യ് എന്നൊരു ഭാവം പ്രശാന്തിന്റെ മുഖത്ത് ഇഫ്താര്‍ വായിച്ചെടുത്തു.
''നോക്ക്, നമ്മള്‍ പ്രധാനപ്പെട്ട ഒരു കാര്യത്തിനാണ് പോകുന്നത്?'' ഇഫ്താര്‍ ഇരുവരോടുമായി പറഞ്ഞു. ''വാപ്പച്ചീടെ അടുത്ത ആളാണ്. മുതിര്‍ന്ന ഒരാള്‍ ഉണ്ടായിക്കോട്ടെയെന്ന്...''
''അതാണ് പ്രശ്‌നം.'' പ്രശാന്ത് ഇടയില്‍ കയറി.    ''നമ്മളെ ഇപ്പഴും പിള്ളാരായിട്ടാ നിന്റെ വാപ്പച്ചി കരുതുന്നത്. ഒന്നൊന്നും തിരിയാത്ത പിള്ളാര്...''
''ഏതായാലും വന്നില്ലേ. നീ ചെല്ല്.'' വരുണ്‍ തീര്‍പ്പാക്കി.
ഇഫ്താര്‍ ഡോര്‍ തുറന്ന് ഇറങ്ങി. ഹോട്ടല്‍ പാരഡൈസിനകത്ത് ഇടതുവശത്തെ ടേബിളില്‍ ഇരു ന്ന ആളിനെ മനസ്സിലാക്കാന്‍ അവന് ബുദ്ധിമുട്ടുണ്ടായില്ല. 
''ഹലോ, ചീമ്പാരന്‍ സാര്‍... ഞാന്‍ ഇഫ്താര്‍...'' അവന്‍ കൈനീട്ടി. ചീമ്പാരന്‍ ഹസ്തദാനം നല്‍കി.

''മുഹമ്മദ് വിളിച്ചിരുന്നു'' അയാള്‍ പറഞ്ഞു. ''നിങ്ങള്‍ പുറപ്പെട്ടിട്ടുണ്ടെന്ന്. വാപ്പുക്കയുമായിട്ടാണ് എനിക്ക് കൂടുതല്‍ അടുപ്പം. അതൊരു കാലം. ലോഞ്ചിലും ഷിപ്പിലുമൊക്കെ ഗള്‍ഫില്‍ ചെന്നു പറ്റിയ അക്കാലത്തെ ആളുകള്‍ക്കൊന്നും വാപ്പുക്കയെ മറക്കാനാവില്ല. കേരള ഹോട്ടലും പൊള്ളുന്ന ചൂടില്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ പണി ചെയ്യുന്നവര്‍ക്ക് ദാഹമകറ്റാനായി മാത്രം കേരള ഹോട്ടലില്‍ ജീരകവെള്ളം തിളപ്പിച്ചുവെച്ചിട്ടുണ്ടാകും വാപ്പുക്ക. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പുന്നതിലും ഉണ്ടായിരുന്നു ആ സ്‌നേഹവും കരുതലും. ചെന്നുപറ്റുന്നവര്‍ക്ക് തല്‍ക്കാലം താമസസൗകര്യവും അദ്ദേഹം ഏര്‍പ്പാടാക്കി കൊടുത്തു. എണ്‍പതുകളുടെ മധ്യത്തില്‍ ഞാനും അത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദിന്റെ നേതൃത്വത്തില്‍ നക്ഷത്ര ഹോട്ടല്‍ വന്നപ്പോഴും കേരള ഹോട്ടല്‍ ഒഴിവാക്കിയില്ല, വാപ്പുക്ക. പഴയകാലത്തിന്റെ സ്മാരകമായി അതങ്ങനെ നിലനിര്‍ത്തി. ഇപ്പോള്‍ പേരക്കുട്ടിയും അതേ പാതയില്‍... കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്...''
ഇഫ്താര്‍ സശ്രദ്ധം ചീമ്പാരനെ ശ്രവിച്ചു. ''സര്‍... എന്നാല്‍ നമുക്കങ്ങോട്ട്...''
''തീര്‍ച്ചയായും...'' രാമന്‍കുട്ടി എഴുന്നേറ്റു. പുറത്ത് പ്രഭാതം ഒന്‍പതുമണിയിലേക്ക് തെഴുത്തു.
''ദേ... നോക്ക്...!'' വരുണ്‍, പാരഡൈസിന്റെ കവാടത്തിലേക്ക് പ്രശാന്തിന്റെ ശ്രദ്ധ ക്ഷണിച്ചു. 
''ഏതാണൊരു ബ്രഹ്മരക്ഷസ്സ്...!'' പ്രശാന്ത് ആത്മഗതം ചെയ്തു. ''മോനേ, വരുണ്‍ മുന്‍സീറ്റില്‍ ഇരിക്കാന്‍ നിനക്ക് വൃത്തിയുള്ള ഒരാളെ കിട്ടി...!''
വരുണ്‍ എസ്. നായരും ഏതാണ്ടത് അംഗീകരിച്ചു.


വാഹനത്തില്‍ കയറിയ അയാള്‍ക്ക് ഇഫ്താര്‍ ചങ്ങാതിമാരെ പരിചയപ്പെടുത്തി. പറഞ്ഞുവന്ന പ്പോള്‍ വരുണിന്റെ അച്ഛന്‍ സതീശനെ ചീമ്പാരന് ഓര്‍മ്മകിട്ടി. ''നിന്റെ അച്ഛന്റെ വിവാഹത്തിന് വരണമാല്യം എടുത്തുകൊടുത്തത് ഞാനാണ്. ആ വര്‍ഷത്തിലാണ് ഞാന്‍ മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുന്നത്.''
ഐ ഫോണ്‍ രഘുപതി രാഘവ പുറപ്പെടുവിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ സംസാരം നിറുത്തി കാള്‍ അറ്റന്റു ചെയ്തു.
വരുണിന്റെ മുഖത്തെ സ്‌തോഭം പിറകിലെ സീറ്റില്‍ ഇരുന്ന ഇഫ്താര്‍ ആസ്വദിച്ചു. ശുഭ്രവസ്ത്ര ത്തോടു നേരത്തെ നാമ്പെടുത്ത വിപ്രതിപത്തിയുടെ ഫണം തെല്ലു താഴ്ന്നു, പ്രശാന്തിലും.
''ഓകെ സര്‍... പത്തുമിനിട്ട്...'' ഫോണ്‍ പോക്കറ്റില്‍ നിക്ഷേപിച്ച് ചീമ്പാരന്‍ ഇഫ്താറിനെ നോക്കി. ''ചെറിയൊരു ഇടപാടുണ്ട്. നിങ്ങള്‍ക്ക് വൈകില്ല. സര്‍ക്കിള്‍ ഓഫീസില്‍ ഒന്നു കയറണം. പോകുന്ന വഴിയാണ്.''
സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കാര്യാലയത്തിനു മുന്നില്‍ ഇന്നോവ ചീമ്പാരനെ കാത്തുകിടന്നു. 
''ആള് കരുതിയപോലല്ല അല്ലേ...?'' പ്രശാന്ത് ഇഫ്താറിനോട് ചോദിച്ചു. 
''ഒന്നും കാണാതൊന്നും വാപ്പച്ചി പറയില്ലെന്നു മനസ്സിലായില്ലെ?'' അവന്‍ ചിരിച്ചു.
''പക്ഷേ, മണ്ഡലം പ്രസിഡണ്ടാണെന്നല്ലേ പറഞ്ഞത്! അച്ഛന്റെ വിവാഹകാലത്തും അതേ പദവി...!'' വരുണിന്റെ സന്ദേഹം മറ്റു രണ്ടുപേരിലും ഉണ്ടാവാതിരുന്നില്ല.
''പുറപ്പെടാം...'' തെളിഞ്ഞ ചിരിയോടെ ചീമ്പാരന്‍ മുന്‍സീറ്റില്‍ കയറി ഇരുന്ന് ഡോര്‍ അടച്ചു. 
''ഒരതിര്‍ത്തിത്തര്‍ക്കം. കുടുംബക്കാര് തമ്മിലാണ്. രണ്ടുകൂട്ടരും വേണ്ടപ്പെട്ടവരാണ്. ഒരിക്കല്‍ ഞാനിടപെട്ട് പറഞ്ഞ് അവസാനിപ്പിച്ചതാണ്. അതാണ് സര്‍ക്കിള്‍ വിളിച്ചത്.''
ഉഷ്ണം പരന്നൊഴുകിക്കിടന്ന നിരത്ത് സംഭാഷണത്തെ ആഗോളതാപനത്തിലേക്ക് വഴിതിരിച്ചു വിട്ടു. പ്രശാന്തിന് ദാഹം അനുഭവപ്പെട്ടു. അവന്റെ നിര്‍ദ്ദേശാനുസാരം വാഹനം ബേക്കറിയുടെ പാര്‍ക്കിങ്ങ് ഏരിയയിലേക്ക് തിരിഞ്ഞു.
ഫ്രഷ് ജ്യൂസും കട്ലെറ്റും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇഫ്താര്‍ ചീമ്പാരന്റെ താല്പര്യം ആരാഞ്ഞു.
''സര്‍, ഷുഗര്‍ പ്രശ്‌നമാണെങ്കില്‍...''
''ഏയ്... പറഞ്ഞോളൂ...'' അയാള്‍ തുടര്‍ന്നു. ''ഭക്ഷണത്തില്‍ യാതൊരു പഥ്യവുമില്ല. ഇഷ്ടമുള്ളതെ ന്തും കഴിക്കും. പക്ഷേ, ഇഷ്ടമുള്ള അത്രയും പതിവില്ല.''
ആ തത്ത്വം പ്രശാന്തിന് പിടിച്ചു. അതിന്റെ ത്രില്ലില്‍ അവനറിയാതെ ആ സന്ദേഹം പുറത്തുവീണുപോയി. ''സാറിനെപ്പോലെ ഇത്രയും സീനിയര്‍ ആയ പൊളിറ്റീഷ്യന്‍ എന്തുകൊണ്ടാണ് മണ്ഡലത്തില്‍ മാത്രം...''
''ഒതുങ്ങിനില്‍ക്കുന്നതെന്ന്... അല്ലേ?'' നേര്‍ത്ത ചിരിയോടെ ചീമ്പാരന്‍ അവനെ നേരിട്ടു. പ്രശാന്ത് ഒന്നു പരുങ്ങിയതു കണ്ട അയാള്‍ അപ്പോഴേയ്ക്കും മുന്നില്‍ വന്നെത്തിയ ജ്യൂസിന്റെ മഗ്ഗെടുത്ത് ഒരിറക്കു നുണഞ്ഞു. എന്നിട്ട് തുടര്‍ന്നു പറയാന്‍ ആരംഭിച്ചു. ''പാര്‍ലമെന്ററി വ്യാമോഹം എന്നെ ഒരിക്കലും തീണ്ടിയിട്ടില്ല കുട്ടീ... സംഘടനാതലത്തിലാണ് എന്റെ പ്രവര്‍ത്തനം. വാര്‍ഡുമെമ്പര്‍ സ്ഥാനത്തേയ്ക്കുപോലും മത്സരിക്കാന്‍ താല്പര്യപ്പെട്ടിട്ടില്ല. മോഹങ്ങളില്ല. അതുകൊണ്ട് ചെലവും ഇല്ല. ഉദാഹരണത്തിന് ഈ ഫോണ്‍ ഞാന്‍ ആഗ്രഹിച്ചതല്ല.'' ഫോണ്‍ ഉയര്‍ത്തിക്കാണിച്ച് അയാള്‍ വിശദമാക്കി. ''ഒരാളുടെ ഉപഹാരമാണ്. വിലകൊടുത്ത് ഞാന്‍ വസ്ത്രം വാങ്ങാറില്ല. ഖാദി ബോര്‍ഡില്‍ ചങ്ങാതിമാരുണ്ട്. ഉത്സവക്കിഴിവു കാലത്ത് അവര്‍ സമ്മാനിക്കുന്നതാണ്. പഴയകാലത്തെ ചില ഉപകാരസ്മൃതികള്‍...!'' കട്ലറ്റിന്റെ കഷ്ണം പൊട്ടി ച്ചെടുത്തുകൊണ്ട് ചീമ്പാരന്‍ ചിരിച്ചു. ''എളിയ ജീവിതം. അതേ എന്നും ശീലിച്ചിട്ടുള്ളൂ. ഇനിയും ഇങ്ങനെയങ്ങു തുടര്‍ന്നുപോകണമെന്നേയുള്ളൂ. പത്രക്കാരുടെ ഭാഷയില്‍ വൈദ്യശാസ്ത്രം പരാജയപ്പെടും വരെ...''
''പക്ഷേ, വിദേശങ്ങളിലെ പൊളിറ്റിക്കല്‍ ലീഡേഴ്സ് തൊഴിലെടുക്കുകയും ബിസിനസ്സ് നടത്തു കയുമൊക്കെ ചെയ്യുന്നവരാണ്.'' വരുണ്‍ എസ്. നായര്‍ അഭിപ്രായപ്പെട്ടു. ''പ്രൊഡക്ടീവായി... അതായത് നാഷന് ഒരു കോണ്‍ട്രിബ്യൂഷന്‍.... അങ്ങനെയൊരു ചിന്താഗതി ഇല്ലാത്തത് ഇവിടെ മാത്രമാണെന്നു തോന്നുന്നു...''

''ആരു പറഞ്ഞു പ്രൊഡക്ടീവ് കോണ്‍ട്രിബ്യൂഷന്‍ ഇല്ലെന്ന്?'' സമചിത്തതയോടെ, നേര്‍ത്ത ഹാസത്തോടെയും അയാള്‍ ആ വാദം ഖണ്ഡിച്ചു. ''എന്റെ വസ്ത്രങ്ങള്‍ കഴുകാനും ഇസ്തിരിയിടാനും മറ്റൊരാളെ ആശ്രയിക്കാറില്ല. ഓര്‍മ്മവെച്ച നാള്‍തൊട്ട് അങ്ങനെയാണ്. ജീവിതത്തില്‍ ആര്‍ഭാടങ്ങളില്ല. വ്യക്തിയെന്ന തരത്തില്‍ കുടുംബത്തിന് ഒരലോസരവും ഉണ്ടാക്കുന്നില്ല. ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവും ദേശീയതയും ഗാന്ധിയന്‍ ജീവിതസമീപനവും ദേശസാല്‍ക്കരണവും മതേതരത്വവുമൊക്കെയല്ലാതെ രാഷ്ട്രീയ എതിരാളികളെപ്പോലും വാക്കുകള്‍കൊണ്ട് ഞാന്‍ ദുഷിക്കാറില്ല. വായിക്കില്ല. കറന്റ് പൊളിറ്റിക്‌സ് പറയാനറിയില്ല ചീമ്പാരന് എന്ന മട്ടിലുള്ള ദുഷ്പ്രചരണങ്ങള്‍ക്കുള്ള മറുപടിയായിത്തന്നെ പറയട്ടെ. സംസാരത്തിലും ആദര്‍ശവും നിഷ്ഠയും പുലര്‍ത്തണം പൊതുപ്രവര്‍ത്തകന്‍. മൂന്നുദശകത്തിലേറെയായി ഞാന്‍ ജനമധ്യത്തിലാണ്. ഇന്നിപ്പോള്‍ നിങ്ങള്‍. നാളെ വേറൊരു കൂട്ടര്‍. തര്‍ക്കപരിഹാരങ്ങള്‍, സമവായങ്ങള്‍, പാരിസ്ഥിതിക അവബോധ ഉദ്ബോധനങ്ങള്‍, ഉല്‍പ്പാദന, വിനോദസഞ്ചാരമേഖലകളില്‍ നവ സംരംഭകര്‍ക്കാവശ്യമായ സേവനങ്ങള്‍ (ചീമ്പാരന്‍ മൂവരേയും നോക്കി മന്ദഹസിച്ചു) അങ്ങനെ എണ്ണമറ്റ കൃത്യങ്ങള്‍ക്ക് പ്രചോദനമേകുന്ന രാസത്വരകമാണ് പൊതുപ്രവര്‍ത്തകന്‍. ഭാര്യയെക്കുറിച്ച് ജോലിയില്ല, ഹൗസ് വൈഫാണ് എന്നു പറയുംപോലെയാണ് ജനത്തിനു സമര്‍പ്പിച്ച ജീവിതത്തിന്റെ പ്രൊഡക്റ്റിവിറ്റിയെപ്പറ്റി തര്‍ക്കിക്കുന്നത്. സമയപരിധികളില്ലാതെ, കുടുംബത്തിന്റെ ക്ഷേമത്തിനായി, അഹോരാത്രം മനസ്സു കൊണ്ട് ആസൂത്രണങ്ങള്‍ നടത്തുന്ന വീട്ടമ്മയുടെ അതേ അധ്വാനം ജനസാമാന്യത്തിനെ കരുതി പൊതുപ്രവര്‍ത്തകനും അനുഷ്ഠിക്കുന്നുണ്ട്. അതായത് ഫോണ്‍ അറ്റന്റു ചെയ്യലും ഹസ്തദാനം നല്‍കലും മാത്രമാണ് ദശകങ്ങളായി രാമന്‍കുട്ടിയുടെ കരങ്ങളുടെ അധ്വാനം എന്നു പരിഹസിക്കുന്ന പാളയത്തിലുള്ളവരേയും ഞാന്‍ ദുഷിക്കില്ല. കാരണം രാഷ്ട്ര നവനിര്‍മ്മാണത്തില്‍ ശാസ്ത്രജ്ഞന്റെ തലച്ചോറിനും ശസ്ത്രക്രിയാവിദഗ്ധന്റേയും ചിത്രകാരന്റേയും വിരല്‍ത്തുമ്പുകള്‍ക്കുമൊപ്പം  ഇപ്പറഞ്ഞതിനും പ്രസക്തിയുണ്ട്.''

ജ്യൂസ് അവസാനിപ്പിച്ച് ബേക്കറിയില്‍നിന്ന് ഇറങ്ങുമ്പോള്‍ ചെറുപ്പക്കാരുടെ മൗഢ്യം അലിയിക്കാനെന്നോണം അയാള്‍ മനസ്സു തുറന്നു. ''ഇത് വിദേശത്ത് പഠിച്ചുവന്ന പുതിയ കുട്ടികളുടെ മാത്രം പ്രശ്‌നമല്ല. പലര്‍ക്കും ഇങ്ങനെ ചില ധാരണപ്പിശകുകള്‍ ഉണ്ട്. നിങ്ങള്‍ പുതിയ പിള്ളേര് തുറന്നു പറയും. എനിക്കിഷ്ടമാണ് നേരേ വാ നേരേ പോ സമീപനം...'' അയാള്‍ വരുണിന്റെ ചുമലില്‍ തട്ടി.
വാഹനം ചലിച്ചു തുടങ്ങിയതും      ചീമ്പാരന്റെ ഫോണ്‍ രഘുപതി രാഘവ ആലപിക്കാന്‍ തുടങ്ങി. പഴയകാലത്തെ ഒരോഗസ്റ്റു പതിനഞ്ചിന്റെ സ്‌കൂള്‍ അസംബ്ലിയിലെന്നവിധം കാറിനുള്ളിലും പ്രശാന്ത് മനസ്സുകൊണ്ട് അറ്റന്‍ഷനായി.
''മലയാളി എം.എല്‍.എ ചീമ്പാരന്‍ സാറല്ലിയാ...?'' ഏതോ സംവിധാനത്തില്‍ മാറി സ്പര്‍ശിച്ചതിന്റെ ഫലമായി ഒരിട ചീമ്പാരന്‍ കാതുചേര്‍ത്ത ഫോണിലെ ശബ്ദം ഉച്ചത്തില്‍ വഴിഞ്ഞൊഴുകി. ഉടനെ അതു നിയന്ത്രണവിധേയമാക്കിയ അയാള്‍ തമിഴിലും തുടര്‍ന്ന് ഹിന്ദിയിലും കന്നടത്തിലും ആശയവിനിമയം നടത്തി. അയാളുടെ ബഹുഭാഷാപാണ്ഡിത്യം ചെറുപ്പക്കാരില്‍ ആശ്ചര്യമായി.
''ചീമ്പാരന്‍ സര്‍'' ഇഫ്താര്‍ വിളിച്ചു. ''ചോദിക്കുന്നതില്‍ ക്ഷമിക്കണം... മലയാളി എം.എല്‍.എ?''


ചെറുപ്പക്കാര്‍ വിചാരിക്കാത്ത തരത്തില്‍ അയാള്‍ ഒച്ചയുയര്‍ത്തി ചിരിച്ചു. ''അത് മസനഗുഡിയിലെ റിയല്‍ടറാണ്. ഗൂഡല്ലൂരും മസനഗുഡിയിലുമൊക്കെ നമ്മുടെ ആളുകളാണല്ലോ അധികം. ഡീലുമായി ബന്ധപ്പെട്ട് ഇടയ്ക്കൊക്കെ അവിടം സന്ദര്‍ശിക്കാറുണ്ട്. ഇപ്പഴിപ്പഴായിട്ട് നമ്മുടെ ആള്‍ക്കാര്‍ ആരെങ്കിലും ചെന്നാല്‍ അവരെന്നെ വിളിക്കും. പാര്‍ട്ടിയെങ്ങനെ... സാറിന് പരിചയമുണ്ടോന്നൊക്കെ...''
''സാറിന് കന്നടവും തെലുഗുമൊക്കെ നന്നായി വഴങ്ങുന്നുണ്ട്...'' വരുണ്‍ ആത്മാര്‍ത്ഥമായി മനസ്സു പങ്കുവെച്ചു.
''ഇഫ്താറിനോടു നേരത്തെ സൂചിപ്പിച്ചില്ലേ'' അയാള്‍ പറഞ്ഞു. ''വാപ്പുക്കയെ പരിചയപ്പെട്ട കാലം. അക്കാലം സമ്മാനിച്ചതാണത്. ജീവിതത്തില്‍ നല്ലതല്ലാത്ത കാലങ്ങളില്ല. ഇപ്പഴത് മോശമായാലും മറ്റൊരിക്കല്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ആ അനുഭവങ്ങള്‍ ഉപകരിക്കും.''
നേരം മധ്യാഹ്നത്തില്‍നിന്ന് ഉതിര്‍ന്നു തുടങ്ങിയപ്പോള്‍ വരുണ്‍ തലചെരിച്ച് പ്രശാന്തിനെ നോ ക്കി. പ്രശാന്തും അതെങ്ങനെ അവതരിപ്പിക്കണമെന്ന ചിന്തയിലായിരുന്നു. ഒടുവില്‍ ഇഫ്താര്‍ തന്നെ തുടക്കമിട്ടു. 
''സര്‍... നമ്മളൊരു ഡീലിന് തിരിച്ചതല്ലേ. ഓരോരുത്തര്‍ക്കും ഓരോ വിശ്വാസങ്ങള്‍... അതു കൊണ്ട്...'' 
''പറയൂ...'' അയാള്‍ മൃദുവായി പറഞ്ഞു.
''വരുണിനും പ്രശാന്തിനും സ്വാമിജിയെ ഒന്നു കാണണമെന്ന്...''
''ഏത് സ്വാമിജി...?'' അയാള്‍ അത്ഭുതം കൂറി.
''മഹേന്ദ്രപുരി ബാബ...'' പ്രശാന്ത് പറഞ്ഞു. ''എനിക്ക് സ്വാമിജിയെ വിശ്വാസമാണ്. പറഞ്ഞാല്‍ പിഴയ്ക്കില്ല. പല ജ്യോത്സ്യരും മോശം സമയമെന്ന് പറഞ്ഞിട്ടും മിഡില്‍ ഈസ്റ്റിനൊപ്പം ആഫ്രിക്കയില്‍ സംരംഭം ഉറപ്പിക്കാന്‍ സപ്പോര്‍ട്ട് നല്‍കിയത് അദ്ദേഹമാണ്.''
''ഓ...'' ചീമ്പാരന്‍ ചിരിച്ചു. ''എനിക്ക് ഈ വകകളില്‍ വിശ്വാസമില്ല. എന്നുകരുതി മറ്റൊരാളുടെ വിശ്വാസത്തില്‍ കൈകടത്താറുമില്ല.''
പ്രശാന്തിനൊപ്പം വരുണും സ്വാമിജിയെ ദര്‍ശിക്കാന്‍ ആശ്രമത്തിലേക്ക് പോയി. അയാളും ഇഫ്താറും പുറത്തിറങ്ങി നിന്നു. സ്വാമിജിയെ കണ്ടുമടങ്ങുന്ന വിശ്വാസികളുടെ സംഘങ്ങളില്‍നിന്നു വിട്ടുമാറി നിന്നു ചീമ്പാരന്‍ പിന്നെ, ഫോണില്‍ ചില നമ്പറുകള്‍ ഞെക്കി ശബ്ദം താഴ്ത്തി സംസാരിച്ചു. 
തികഞ്ഞ തൃപ്തിയോടെയാണ് പ്രശാന്തും വരുണും മടങ്ങിവന്നത്.
''മുന്നോട്ടു പോകാനാണ് സ്വാമിജി പറഞ്ഞത്.'' ആത്മവിശ്വാസം സ്ഫുരിക്കുന്ന ശബ്ദത്തില്‍ പ്രശാന്ത് ഇഫ്താറിനോടായി പറഞ്ഞു: ''അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയുണ്ട്!''

അയാള്‍ വെറുതെയൊന്നു ചിരിച്ചു. എന്നിട്ട് വാഹനത്തില്‍ കയറി.
ഉച്ചഭക്ഷണം മെറിലാന്റില്‍ നിന്നാവാമെന്ന് അയാള്‍ നിര്‍ദ്ദേശിച്ചു. അവിടത്തെ ആമ്പിയന്‍സും വിശദീകരിച്ചു.
ഭക്ഷണത്തില്‍ ചീമ്പാരന്‍ മിതത്വം പാലിച്ചു. മട്ടണ്‍ സ്റ്റ്യൂവിനൊപ്പം ഹാഫ് ബൗള്‍ വെറ്റ്റൈസ് മാത്രം ആഹരിച്ചു. ഫ്രെഷ് മുസംബി ജ്യൂസും.
യാത്ര പുനരാരംഭിച്ചപ്പോള്‍ ചെറുപ്പക്കാരോട് അനുവാദം ചോദിച്ച് അയാള്‍ മുന്‍സീറ്റില്‍ കണ്ണടച്ച് മയങ്ങി. അരമണിക്കൂര്‍ കഴിഞ്ഞതും കണ്മിഴിച്ചു.
''ഇനി ഇന്നു മുഴുവന്‍ ഉണര്‍ന്നിരിക്കാം.'' അയാള്‍ ഊര്‍ജ്ജസ്വലനായി. ''അരമണിക്കൂര്‍ നേരത്തെ നൂണ്‍സ്ലീപ്പ് ദിവസത്തെ പ്രവര്‍ത്തനോന്മുഖമാക്കും. കഴിവതും അതൊഴിവാക്കാറില്ല.''

മൂന്നരമണിയോടടുത്ത് ഹൈവേയില്‍നിന്ന് രണ്ടുകിലോമീറ്റര്‍ മാറി, വൃക്ഷനിബിഡതയാര്‍ന്ന പുരയിടത്തിനു മുന്നില്‍ കാര്‍ നിശ്ചലമായി. പ്രശാന്ത് പുറത്തിറങ്ങി ചാരിക്കിടന്ന ഗേറ്റു തുറന്നു വീണ്ടും വണ്ടിയില്‍ കയറി.
നിറയെ മരത്തൂണുകളോടുകൂടിയ നീണ്ട വരാന്തയുള്ള എട്ടുകെട്ടിന്റെ കരിയിലകള്‍ ചിതറിക്കിടന്ന കരിങ്കല്ലു പതിച്ച മുറ്റത്തിന്റെ ഓരത്ത് ഒരു മഹീന്ദ്ര ജീപ്പ്. കാറ് അതിനരികെ പാര്‍ക്കു ചെയ്തതും വെളുത്ത ട്രൗസറും ടീഷര്‍ട്ടും ധരിച്ച താടിയും തലയും നന്നേ കറുപ്പിച്ച ഒരു മധ്യവയസ്‌കന്‍ വരാന്തയിലേക്ക് ഇറങ്ങിവന്നു.

''ഇത് സര്‍പ്രൈസാണ്. തന്നെ ഞാന്‍ പ്രതീക്ഷിച്ചില്ല.'' അയാള്‍ രാമന്‍കുട്ടിക്ക് കൈ കൊടുത്തു. മേജര്‍ അരവിന്ദാക്ഷന്‍ എന്നു ചെറുപ്പക്കാര്‍ക്ക് സ്വയം പരിചയപ്പെടുത്തിയ അയാള്‍ വീട്ടിത്തടിയില്‍ തീര്‍ത്ത കനത്ത ഉത്തരങ്ങളും തട്ടുമുള്ള അകത്തളത്തിലേക്ക്  അവരെ ആനയിച്ചു.
മേജര്‍ അരവിന്ദാക്ഷന്റെ ജ്യേഷ്ഠന്‍ രാധാകൃഷ്ണനുമായിട്ടായിരുന്നു വരുണും ഇഫ്താറും മുന്‍പ് സംസാരിച്ചിരുന്നത്. ആ അപരിചിതത്വം പക്ഷേ, ചീമ്പാരന്‍ പരിഹരിച്ചു.

ചെറുപ്പക്കാര്‍ എട്ടുകെട്ട് ചുറ്റിനടന്നു കാണുമ്പോള്‍ അയാള്‍ മേജറുമായി ആശയവിനിമയം നടത്തി. രണ്ടേകാല്‍ ഏക്ര വരുന്ന ചിറയും ചേര്‍ന്ന്, പതിമൂന്ന് ഏക്ര പുരയിടത്തിന് വിദേശങ്ങളില്‍ ഉള്ളവര്‍ ഉള്‍പ്പെടെ പതിനൊന്ന് അവകാശികളുണ്ട്. വൃക്ഷനിബിഡതയും തറവാടും അതേപടി നിലനിര്‍ത്തി പരിസ്ഥിതി സൗഹൃദ കോട്ടേജുകള്‍ തീര്‍ത്ത് ആയുര്‍വ്വേദ ചികിത്സാലയമെന്ന ചെറുപ്പക്കാരുടെ ആശയത്തിനൊന്നും മേജര്‍ എതിരല്ല. പക്ഷേ, മറന്നുകിടന്ന പഴയൊരു നാണയം അവിചാരിതമായി കണ്ടുകിട്ടിയ കൗതുകമേ അവകാശികളില്‍ പലര്‍ക്കുമുള്ളൂ. അതായത് രജിസ്ട്രേഷനു വരാനും മറ്റും പലര്‍ക്കും താല്പര്യമില്ല.
അവിടെ ചീമ്പാരന്റെ നയതന്ത്രം പ്രവര്‍ത്തിച്ചു. പ്രശാന്തും വരുണും സ്വാമിജിയെ കാണാന്‍ പോയ നേരം ഫോണില്‍ സംസാരിച്ച മേജറുടെ ഇളയ സഹോദരന്‍ സഹദേവനെ അയാള്‍ കണക്ടു ചെയ്തു. എന്നിട്ട് ഫോണ്‍ മേജര്‍ക്കു കൈമാറി.
''ചീമ്പാരന്‍, നിങ്ങള്‍ കൊള്ളാം!'' ഫോണ്‍ തിരിച്ചു കൊടുക്കുമ്പോള്‍ മേജറുടെ മുഖം പ്രസന്നമാ യിരുന്നു. ''സമയം സഹദേവന്‍ അറേഞ്ചു ചെയ്യാമെന്ന്. അപ്പോള്‍ കാര്യത്തിലേക്ക് കടക്കാം അല്ലേ?''
മടക്കത്തില്‍ വഴിയോരത്തെ ഇളനീര്‍ വില്‍പ്പനശാലയില്‍ കയറി അവര്‍ ദാഹം തീര്‍ത്തു. സന്ധ്യ രാത്രിയിലേക്കു കടന്നപ്പോള്‍ ഇഫ്താര്‍ അത്താഴത്തെപ്പറ്റി ചോദിച്ചു.
''സാഗറാണ് നല്ലത്.'' നിസ്സംശയം മറുപടി വന്നു. ''തന്തൂരി റൊട്ടിയും ബാജിയും... നോര്‍ത്തിന്ത്യന്‍ ഹട്സില്‍ കിട്ടുന്ന റൊട്ടിയുടെ രുചി ഓര്‍മ്മിപ്പിക്കും.''
''ഷുവര്‍...'' ഇഫ്താര്‍ പറഞ്ഞു. ''ഞങ്ങള്‍ വിചാരിച്ചു സാറ് ഇനി വീട്ടില്‍ ചെന്നിട്ട്... വാപ്പച്ചിക്കൊക്കെ അങ്ങനെ ചില നിര്‍ബന്ധങ്ങളുണ്ട്...''
''ഞാന്‍ നേരെ തിരിച്ചാണ്.'' ചീമ്പാരന്‍ അറിയിച്ചു. ''നാട്ടിലാണെങ്കില്‍പ്പോലും അത്താഴം പുറ ത്തുനിന്നും കഴിച്ചേ വീട്ടില്‍ ചെല്ലൂ. മറ്റൊന്നുമല്ല. രാവിലെ ഇറങ്ങുന്ന നേരത്തിനല്ലാതെ, പൊതുപ്രവര്‍ത്തകനെ സംബന്ധിച്ച് തിരിച്ചെത്തുന്ന നേരം പ്രവചിക്കാനാവില്ല. അസമയത്ത് കയറിച്ചെന്നു വീടര്‍ക്ക് അലോസരമുണ്ടാക്കരുത്. അതാണ് അങ്ങനെയൊരു ശീലമുണ്ടാക്കിയത്.''
സാഗറില്‍നിന്ന് ഇറങ്ങിയ വരുണ്‍ റസ്റ്റോറന്റിനോടു ചേര്‍ന്ന ഫ്രൂട്ട്സ്റ്റാളില്‍നിന്ന് റംമ്പുട്ടാനും ആപ്പിളും വാങ്ങി.


എട്ട് അമ്പതിന് ജവഹര്‍ നിലയത്തിന്റെ ഗേറ്റിനു മുന്നില്‍ ചീമ്പാരന്‍ ഇറങ്ങുമ്പോള്‍ ചെറുപ്പക്കാര്‍ മൂവരും അയാള്‍ക്കൊപ്പം പുറത്തിറങ്ങി ഹസ്തദാനം നല്‍കി. വരുണ്‍ പിന്‍സീറ്റില്‍ കരുതിയ പഴക്കൂട അയാള്‍ക്ക് സമ്മാനിച്ചു. കാര്യങ്ങളൊക്കെ വാപ്പച്ചി സംസാരിക്കുമെന്ന മുഖവുരയോടെ ഇഫ്താര്‍ ചെറിയൊരു കവര്‍, തീര്‍ത്തും ഔപചാരികവും ദുര്‍ബ്ബലവും അവഗണിക്കാന്‍ വേണ്ടി മാത്രമുള്ളതുമായ ചീമ്പാരന്റെ ഏയ് ശബ്ദത്തെ മറികടന്ന്, കാലങ്ങളായി ചില്ലറയായി മാറാന്‍ യോഗമില്ലാതെ അയാളുടെ പോക്കറ്റില്‍ ആശയറ്റ് വീര്‍പ്പുമുട്ടിക്കിടന്ന ഗാന്ധിത്തലമുദ്രയുള്ള ആ വയലറ്റു നിറത്തോട് ചേര്‍ത്തുവെച്ചു.
കോളിങ് ബെല്‍ ശബ്ദിച്ചതു കേട്ടുവന്ന സുഗുണ ടീച്ചര്‍ കതകു തുറന്നു. അയാള്‍ പഴക്കൂട അവരെ ഏല്പിച്ചു. 
മുറിയില്‍ച്ചെന്ന രാമന്‍കുട്ടി ഫോണ്‍ മേശയ്ക്കരികിലെ ചാര്‍ജറില്‍ കുരുക്കി. പിന്നെ, ഇഫ്താര്‍ പോക്കറ്റില്‍ പിടിപ്പിച്ച കവര്‍ തുറന്നു പരിശോധിച്ചു. ഗാന്ധിമുദ്രയുള്ള വയലറ്റ് കറന്‍സി പത്തുവരെ എണ്ണി. മേശവലിപ്പു തുറന്നു പണം പഴ്സില്‍ ഭദ്രമാക്കി അടച്ചു.
ടര്‍ക്കി ടവല്‍ അരയില്‍ ചുറ്റി അയാള്‍ കുളിമുറിയിലേക്കു ചെന്നു. ബക്കറ്റില്‍ സോപ്പുപൊടി ഇട്ട് ടാപ്പ് തുറന്നു. കുപ്പായവും തുണിയും സോപ്പുവെള്ളത്തില്‍ കുതിര്‍ത്തുവെച്ചു.
കുളി കഴിഞ്ഞു വന്നപ്പോഴേക്കും മേശപ്പുറത്തെ ഫ്‌ലാസ്‌ക്കില്‍ ചൂടുവെള്ളം തയ്യാറായിട്ടുണ്ട്. ഫ്‌ലാസ്‌ക്ക് തുറന്ന് ഒരു ഗ്ലാസ്സ് വെള്ളം എടുത്തുകുടിച്ചു. അപ്പോള്‍ ഫോണ്‍ സന്ദേശത്തിന്റെ വരവ് അറിയിച്ചു.
നന്ദിയും ശുഭരാത്രിയും ആശംസിച്ചുകൊണ്ട് ഇഫ്താര്‍ അയച്ചതാണ്. കൂട്ടത്തില്‍ ചിത്രവും. വരുണും പ്രശാന്തും സ്വാമിജിക്കൊപ്പം നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ അനുഗ്രഹ കടാക്ഷം! വരുണിനും പ്രശാന്തിനും നടുവില്‍ തിളങ്ങുന്ന പട്ടും രുദ്രാക്ഷഹാരവും അണിഞ്ഞുനിന്ന സ്വാമിജിയുടെ കണ്ണുകള്‍ സൗമ്യമെന്നതിനേക്കാള്‍ തീക്ഷ്ണമാണ്.
ഫോണില്‍ അലാം സെറ്റ് ചെയ്ത് രാമന്‍കുട്ടി സ്വീകരണമുറിയിലേക്കു ചെന്നു. സുഗുണ ടീച്ചര്‍ ടെലിവിഷനിലെ സ്പോണ്‍സേഡ് പ്രോഗ്രാം കാണുന്നു. പ്രശസ്ത സിനിമാതാരമാണ് അവതാരക. യാതൊരു ചെലവുമില്ലാതെ, ഇരിക്കുന്നിടത്ത് ധനം കുമിഞ്ഞുകൂടുന്ന ദിവ്യയന്ത്രം - കുബേര്‍കുഞ്ചി - സ്വായത്തമാക്കിയവരുടെ അനുഭവസാക്ഷ്യങ്ങള്‍!
എന്നാല്‍, ഞാന്‍ കിടക്കട്ടേയെന്ന് ടീച്ചര്‍ എഴുന്നേറ്റപ്പോള്‍ അയാള്‍ റിമോട്ടില്‍ ന്യൂസ് ചാനല്‍ അമര്‍ത്തി. വയനാടന്‍ കാടുകളിലെ മാവോവാദി സാന്നിദ്ധ്യം സങ്കല്പമോ യാഥാര്‍ത്ഥ്യമോ എന്ന വിഷയത്തില്‍ നാലുവിശാരദന്മാര്‍ സാമാന്യം ഭേദപ്പെട്ട തരത്തില്‍ കൊമ്പുകോര്‍ക്കുന്നുണ്ട്. ടെലിവിഷന്‍ നിറുത്തി. മുറിയിലേക്ക് തിരിച്ചുനടക്കുമ്പോള്‍ വരുണിനും പ്രശാന്തിനും മധ്യേനിന്ന സ്വാമിജിയുടെ വെട്ടിയൊതുക്കിയ നരച്ച താടിക്ക് കീഴെ കാണപ്പെട്ട എടുത്തുപിടിച്ച മട്ടിലുള്ള കണ്ഠമുഴ, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ, ഒരിട അയാള്‍ വെറുതെ ഓര്‍മ്മിച്ചു. പിന്നെ, അഞ്ചരമണി പ്രഭാതത്തില്‍ ഉണര്‍ന്നെണീറ്റ് കര്‍മ്മനിരതനാവാന്‍ വേണ്ടി കട്ടിലില്‍ ചെന്നുകിടന്ന് അല്ലലുകളില്ലാതെ കണ്ണുകള്‍ അടച്ചു.    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com