ഒളിസ്ഥലം: കരുണാകരന്‍ എഴുതിയ കഥ

തണുപ്പുകാലത്തിന്റെ അവസാനത്തെ ദിവസങ്ങളായിരുന്നു, ഞാന്‍ താമസിക്കുന്ന ഈ രാജ്യം സന്ദര്‍ശിക്കന്‍ കേരളത്തില്‍നിന്നുമെത്തിയ വിശ്രുത ചലച്ചിത്രകാരനൊപ്പം ഒരു കൂട്ടുപോലെ, മൂന്നു പകല്‍ ഞാനും ചേര്‍ന്നു.
ഒളിസ്ഥലം: കരുണാകരന്‍ എഴുതിയ കഥ

ണുപ്പുകാലത്തിന്റെ അവസാനത്തെ ദിവസങ്ങളായിരുന്നു, ഞാന്‍ താമസിക്കുന്ന ഈ രാജ്യം സന്ദര്‍ശിക്കന്‍ കേരളത്തില്‍നിന്നുമെത്തിയ വിശ്രുത ചലച്ചിത്രകാരനൊപ്പം ഒരു കൂട്ടുപോലെ, മൂന്നു പകല്‍ ഞാനും ചേര്‍ന്നു. ഇവിടത്തെ സര്‍ക്കാറിന്റേയും ഇന്ത്യയുടേയും സാംസ്‌കാരിക മന്ത്രാലയങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച 'ഇന്‍ഡോ-അറബ് സാംസ്‌കാരിക വിനിമയ'ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു, മുഖ്യാതിഥികളില്‍ ഒരാളായി, ചലച്ചിത്രകാരന്‍. മറ്റൊരാള്‍ ഈജിപ്തില്‍നിന്നും എത്തിയ ഒരു കവിയും. വരുന്നതിനു രണ്ടുദിവസം മുന്‍പ് തന്റെ സന്ദര്‍ശനത്തെപ്പറ്റി പറഞ്ഞ് ചലച്ചിത്രകാരന്റെ ഒരു ഇ-മെയില്‍ എനിക്ക് കിട്ടി. ''ഈ ദിവസങ്ങളില്‍ താനും അവിടെ എന്റെ കൂടെയുണ്ടാവണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു'' -അദ്ദേഹം എഴുതി: ''നമുക്ക് വീണ്ടും കാണാനും സംസാരിക്കാനും ഇപ്പോള്‍ ഇതാ ഇങ്ങനെ ഒരു സന്ദര്‍ഭവും വന്നിരിക്കുന്നു.''

ഞാന്‍ സന്തോഷിച്ചു. എനിക്ക് പ്രിയപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് അദ്ദേഹം. കലയെപ്പറ്റിയും ജീവിതത്തെപ്പറ്റിയും പുതിയതായി എന്തെങ്കിലും ആലോചിക്കാന്‍ ആ കൂടിക്കാഴ്ചകള്‍ എനിക്ക് അവസരം തന്നു, അതിനാല്‍ ആ സംഭാഷണങ്ങള്‍ ഞാനിഷ്ടപ്പെട്ടു. എങ്കില്‍, ഇതു ഞങ്ങളുടെ നാലാമത്തെ കൂടിക്കാഴ്ചയുമായിരുന്നു.

ചലച്ചിത്രകാരന്‍ വരുന്ന ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയ മറ്റു ചിലരോടൊപ്പം അന്നു ഞാനും നിന്നു. ഇവിടത്തെ സാംസ്‌കാരിക മന്ത്രാലയത്തിലേയോ സംഘാടകസമിതിയിലേയോ ഒരാള്‍, ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍നിന്നും ഒരു ഉദ്യോഗസ്ഥന്‍, പിന്നെ മധ്യപൗരസ്ത്യദേശത്തില്‍ നിന്നുതന്നെയുള്ള ഒരു യുവതിയും അവളുടെ മകളാകും ഒരു പെണ്‍കുട്ടിയുമായിരുന്നു ആതിഥേയരുടെ സംഘത്തില്‍. അപരിചിതത്വത്തിന്റെ ഒരകലം ആ കൂട്ടത്തില്‍ നില്‍ക്കുമ്പോഴും എനിക്കു തോന്നുന്നുണ്ടായിരുന്നു, 20 മിനിറ്റ് കഴിഞ്ഞിരിക്കും, ചലച്ചിത്രകാരന്‍ വരുന്ന 'എയര്‍ ഇന്ത്യ'യുടെ തിരുവനന്തപുരത്തുനിന്നുള്ള വിമാനം എത്തി. വീണ്ടുമൊരു 10 മിനിറ്റ് കഴിഞ്ഞിരിക്കും, കുറച്ചകലെ എമിഗ്രേഷന്‍ ക്യൂവില്‍ നില്‍ക്കുന്ന ചലച്ചിത്രകാരനെ ദൂരെനിന്നുതന്നെ എനിക്കു കാണാന്‍ പറ്റി. പിറകിലേക്കു നീട്ടി വളര്‍ത്തിയ നരച്ച മുടിയും ചുണ്ടിനു താഴേയ്ക്ക് അല്പം നീട്ടി വെട്ടിയ നരച്ച മീശയും കണ്ണടയും എപ്പോഴും ധരിച്ചു കാണാറുള്ള കുര്‍ത്തയും അല്ലെങ്കില്‍ ആ യാത്രക്കാരുടെ ഇടയില്‍നിന്നും ചലച്ചിത്രകാരനെ വേര്‍പെടുത്തി. എമിഗ്രേഷനില്‍നിന്നും പുറത്തേയ്ക്ക് വന്ന ചലച്ചിത്രകാരനെ ആതിഥേയരില്‍ ഒരാള്‍ ഇപ്പോള്‍ ചലച്ചിത്രകാരനെ കൈനീട്ടി സ്വീകരിച്ചു. യുവതിയുടെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി അദ്ദേഹത്തിനു ഒരു ബൊക്കെ നല്‍കി. ചലച്ചിത്രകാരന്‍ പെണ്‍കുട്ടിയോട് എന്തോ പറഞ്ഞു, അവളുടെ തലയില്‍ തൊട്ടു, യുവതിയെ നോക്കി കൈകൂപ്പി. അതിന്റെയെല്ലാം ചിത്രങ്ങള്‍ മറ്റൊരാള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തുന്നതു കണ്ടു. ആ സന്തോഷത്തിനിടയിലൂടെ ചലച്ചിത്രകാരന്റെ അരികിലേക്കു ഞാന്‍ ചെന്ന്, എന്റെ കൈനീട്ടി. ചലച്ചിത്രകാരന്‍ പുഞ്ചിരിച്ചുകൊണ്ട് എന്റെ കൈപിടിച്ചു കുലുക്കി, മുഖച്ഛായ ഒന്നുകൂടി മാറിയിരിക്കുന്നു എന്നു പറഞ്ഞു. ഞാന്‍ ചിരിച്ചു. അതോടെ ആ ചെറിയ ആതിഥേയ സംഘത്തിലെ എന്റെ അപരിചിതത്വവും അലിയാന്‍ തുടങ്ങി. 

വിമാനത്താവളത്തിനു പുറത്തേയ്ക്ക് നടക്കുമ്പോള്‍ തന്റെ പുതിയ ചലച്ചിത്രം തുടങ്ങുകയാണ് എന്നു ചലച്ചിത്രകാരന്‍ പറഞ്ഞു. അഞ്ചോ ആറോ വര്‍ഷത്തിനുശേഷം തന്റെ ഒരു ചലച്ചിത്രം വരുന്നു എന്നതിനൊപ്പം തന്റെ കല തനിക്കു നല്‍കുന്ന സന്തോഷവും ആ സമയം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. എന്നാല്‍, കലാപ്രവര്‍ത്തകരെന്ന നിലയില്‍ കല തരുന്ന അതേ ആനന്ദം ചിലപ്പോള്‍ അശാന്തിയിലേയ്‌ക്കോ ഭയത്തിലേയ്‌ക്കോ നമ്മെ കൊണ്ടുപോകുകയും ചെയ്യുന്നു - അങ്ങനെ തോന്നും, ഇപ്പോള്‍ നാളുകള്‍ക്കുശേഷം ഇതെല്ലാം ഓര്‍ക്കുമ്പോള്‍. 

അന്ന്, ചലച്ചിത്രകാരന്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ റിസപ്ഷനില്‍നിന്നും മുറിയുടെ ചാവി വാങ്ങി ലിഫ്റ്റിലേക്ക് ഞങ്ങള്‍ കയറുകയായിരുന്നു, പെട്ടെന്ന് എവിടെനിന്നോ ഒരാള്‍ ഞങ്ങളുടെ അരികിലേയ്ക്കു വന്നു, ചലച്ചിത്രകാരനെ നോക്കി കൈകൂപ്പി, തന്റെ പേര് പറഞ്ഞു: ''സര്‍, ഞാന്‍ മാധവന്‍, ഞാനാണ് ഈ ദിവസങ്ങളില്‍ താങ്കളുടെ ഡ്രൈവര്‍.'' പിന്നെ, ചലച്ചിത്രകാരന്റെ കയ്യില്‍നിന്നും അദ്ദേഹത്തിന്റെ പെട്ടിവാങ്ങി, ലിഫ്റ്റില്‍ ഞങ്ങളോടൊപ്പം കയറി. ''വാസ്തവത്തില്‍, ഞാന്‍ ഈ സമ്മേളനത്തിന്റെ സംഘാടകരില്‍ ഒരാളുടെ ഡ്രൈവറാണ്'' -അയാള്‍ പറഞ്ഞു. ''അദ്ദേഹമാണ് എന്നോട് ഈ ദിവസങ്ങളില്‍ താങ്കളുടെ ഡ്രൈവറാകാന്‍ ആവശ്യപ്പെട്ടത്.''
ചലച്ചിത്രകാരന്‍ ആദ്യം എന്നെ നോക്കി. പിന്നെ അയാളെ നോക്കി പറഞ്ഞു: ''സംഘാടകരില്‍ ഒരാളെ മാത്രമേ എനിക്കറിയൂ, ഫഹദ് അബ്ദുല്‍ ലത്തീഫ്, ഈ സമ്മേളനത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍.''
''അതെ സര്‍'' -അയാള്‍ പറഞ്ഞു. ''ഫഹദ് അബ്ദുല്‍ ലത്തീഫ് അല്‍ റൂമി, ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറാണ്.'' 

ഹോട്ടലിന്റെ ആറാമത്തെ നിലയിലായിരുന്നു ചലച്ചിത്രകാരനുവേണ്ടി റിസര്‍വ്വ് ചെയ്തിരുന്ന മുറി. വലിയ ഒരു ഹാളും ഒരു കിടപ്പുമുറിയും. ചുമരില്‍ ഒരു അറേബ്യന്‍ കാഴ്ചയുടെ പെയിന്റിംഗ് ഉണ്ടായിരുന്നു, കടലും പായക്കപ്പലുകളുമുള്ള ഒരു വൈകുന്നേരത്തിന്റെ. ഹാളിന്റെ വലിയ ജനാല തുറക്കുന്നത് കടലിലേക്കായിരുന്നു, ഒരുപക്ഷേ, ഹോട്ടലിന്റെ ഒരു ആകര്‍ഷണവും അതായിരുന്നു. ഞാന്‍ ജനാല തുറന്നു. പുറത്തെ തണുത്ത കാറ്റ് ഇപ്പോള്‍ മുറിയിലേയ്ക്കും വന്നു. ഞാന്‍ കടലിലേയ്ക്കു നോക്കി. ഇളം വെയിലില്‍ തിളങ്ങുന്ന നീലത്തിരമാലകള്‍ക്കു മീതെ ഉയര്‍ന്നും താണും രണ്ടു ചെറു ബോട്ടുകള്‍, പതുക്കെ, കരയിലേക്ക് വരുന്നുണ്ടായിരുന്നു. പക്ഷികളുടെ ഒരു ചെറുകൂട്ടം കടലിനു മീതെ ചിതറിയതുപോലെ പറക്കുന്നുണ്ടായിരുന്നു. 
ജനാലക്കലേയ്ക്ക് ഇപ്പോള്‍ ചലച്ചിത്രകാരനും വന്നു. 
''ഈ രാജ്യത്തിന്റെ ഒരതിര്‍ത്തിയാണ് ഈ കടല്‍'' -ഞാന്‍ ചലച്ചിത്രകാരനോടു പറഞ്ഞു. ''മറ്റൊരു അതിര്‍ത്തി മരുഭൂമിയും.'' 
ചലച്ചിത്രകാരന്‍ കടലിലേക്ക് നോക്കി അല്പനേരം നിന്നു. ''പക്ഷേ, ഇപ്പോള്‍ നമ്മുക്കു ചുറ്റും കടലാണെന്നു തോന്നുന്നു'' -ചലച്ചിത്രകാരന്‍ പറഞ്ഞു. ''കരയില്‍, വളരെ ഉയരത്തില്‍ ഇങ്ങനെ നില്‍ക്കുമ്പോഴും.'' 
ഈ സമയം, മാധവന്‍ ചലച്ചിത്രകാരന്റെ പെട്ടി കിടപ്പുമുറിയില്‍ കൊണ്ടുപോയി വെച്ചു. ഞങ്ങളുടെ അരികിലേയ്ക്ക് വരാതെ, അല്പം മാറിനിന്നു ജനലിലൂടെ കടലിലേയ്ക്ക് നോക്കി, ഒരുപക്ഷേ, അങ്ങനെ അയാള്‍ നീലനിറമുള്ള ആകാശം മാത്രം കണ്ടു, എന്നാല്‍, പെട്ടെന്നുതന്നെ അവിടെനിന്നും മാറി അയാള്‍ വാതില്‍ക്കലേയ്ക്കു നടന്നു. 


''മാധവന്‍ ഇരിക്കൂ'' -ചലച്ചിത്രകാരന്‍ അയാളെ വിളിച്ചു. പിന്നെ എന്നെ നോക്കി: ''നമുക്ക് ഓരോ ചായ പറയാം'' എന്നു പറഞ്ഞു. ''തീര്‍ച്ചയായും'' -ഞാന്‍ പറഞ്ഞു. ഞാന്‍ റിസപ്ഷനിലേക്ക് വിളിച്ചു മൂന്നു ചായ പറഞ്ഞു. 
ചലച്ചിത്രകാരന്‍ ജനാലയ്ക്കല്‍ത്തന്നെ നില്‍ക്കുകയായിരുന്നു, ചില നാട്ടുവിശേഷങ്ങള്‍ പറഞ്ഞുകൊണ്ട്. പിന്നീടെപ്പോഴോ, എഴുത്തിനെപ്പറ്റിയും സിനിമയെപ്പറ്റിയും കാലത്തെപ്പറ്റിയുമൊക്കെ ഞങ്ങള്‍ സംസാരിക്കുമ്പോള്‍, മാധവന്‍ താല്പര്യത്തോടെ ചലച്ചിത്രകാരനോട് അദ്ദേഹത്തിന്റെ ഒരു ചലച്ചിത്രത്തെപ്പറ്റി പറഞ്ഞു. നാട്ടുമ്പുറത്തെ ഉത്സവസ്ഥലങ്ങളിലേയ്ക്കു പോകുന്ന ഒരാളുടെ കഥയായിരുന്നു ആ ചലച്ചിത്രം. അതിലെ ഏറ്റവും പ്രശസ്തമായ ഒരു മുഹൂര്‍ത്തവും മാധവന്‍ ഓര്‍മ്മിച്ചു. കഥയിലെ യുവദമ്പതികളുടെ പുതുവസ്ത്രങ്ങളില്‍ ചളി തെറിപ്പിച്ചു അതിവേഗം പാഞ്ഞുപോകുന്ന ഒരു വാഹനത്തെ നോക്കി അതിന്റെ സ്പീഡില്‍ അദ്ഭുതപ്പെടുന്ന വരനെ കാണിക്കുന്നതായിരുന്നു അത്. 
''ഞാന്‍ മറ്റൊന്നുകൂടി ആ സിനിമയില്‍ ഇഷ്ടപ്പെട്ടിരുന്നു'' -മാധവന്‍ പറഞ്ഞു. ''അത് ആ ലോറിയാണ്, ആ ലോറി വരുന്നത്. ആ ലോറിയുടെ ശബ്ദം.'' 
ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു. ചലച്ചിത്രത്തില്‍ ചിലപ്പോള്‍ ഒരു ആനയെപ്പോലെ ആ ലോറി പ്രത്യക്ഷപ്പെടുന്നത്, അതിനെ കഥാനായകന്‍ പരിചരിക്കുന്നത്, കുളിപ്പിക്കുന്നത്, ഒരു നിമിഷം ഇതെല്ലാം, ഇപ്പോള്‍ എന്റെ മനസ്സിലും വന്നു. 
''മാധവന് ഇയാളെ അറിയുമോ?'' ചലച്ചിത്രകാരന്‍ എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദിച്ചു. ''എഴുത്തുകാരനാണ്.'' 
മാധവന്‍ എന്നെ നോക്കി ചിരിച്ചു. ''അറിയില്ല'' -മാധവന്‍ പറഞ്ഞു: ''പുസ്തകങ്ങള്‍ ഞാന്‍ അധികം വായിച്ചിട്ടില്ല. അതുകൊണ്ട് എഴുത്തുകാരെ പലരെയും അറിയില്ല. എനിക്ക് സിനിമയാണ് സര്‍ കൂടുതല്‍ ഇഷ്ടം. നാട്ടില്‍വെച്ച് എല്ലാ ആഴ്ചയിലും ഞാന്‍ ഒരു സിനിമ കണ്ടിരുന്നു.'' 
''മാധവന്‍ ഇവിടെ എത്ര കാലമായി?'' ഞാന്‍ ചോദിച്ചു. 
''ആറു വര്‍ഷം'' -മാധവന്‍ പറഞ്ഞു. 
''ആറു വര്‍ഷവും നേരത്തെ പറഞ്ഞ ഫഹദ് എന്ന ആളുടെ കൂടെയാണോ?'' ഞാന്‍ ചോദിച്ചു. 
''അതെ'' -മാധവന്‍ പറഞ്ഞു. ''അദ്ദേഹത്തിന്റെ കൂടെത്തന്നെ.'' 
ചായ എത്തിയതിന്റെ സൂചനയ്ക്കായി വാതിലില്‍ മുട്ട് കേട്ടു. ഞാന്‍ ചെന്നു വാതില്‍ തുറന്നു, ചായയുടെ ട്രേ വാങ്ങി ഹാളില്‍ ടീപ്പോയില്‍വെച്ചു. ഒരു കപ്പ് ചായ എടുത്തു ഞാന്‍ ചലച്ചിത്രകാരനു നല്‍കി. മറ്റൊരു കപ്പ് മാധവനു നീട്ടി. എന്റെ കപ്പ് ഇരുകൈകളിലും ഞാന്‍ ചേര്‍ത്തുപിടിച്ചു, തണുപ്പിനെ അകറ്റി. ചായയുടെ മണം ശ്വസിച്ചു. 
''കേരളത്തില്‍ എവിടെയാണ് മാധവന്റെ വീട്?'' ചലച്ചിത്രകാരന്‍ ചോദിച്ചു. 
ആദ്യം അയാള്‍ ''വടക്ക്'' എന്നു പറഞ്ഞു. പിന്നെ ''തലശ്ശേരി'' എന്നു പറഞ്ഞു. പിന്നെയാണ്, ഞങ്ങളെ രണ്ടുപേരേയും ഒരു നിമിഷം അമ്പരപ്പിച്ചുകൊണ്ട്, താന്‍ നാട് വിട്ട് ഒളിവില്‍ കഴിയുന്ന ഒരു കുറ്റവാളിയാണെന്ന് മാധവന്‍ പറഞ്ഞത്. 
അയാള്‍ ഞങ്ങളെ രണ്ടുപേരേയും മാറി മാറി നോക്കി. പിന്നെ തല കുനിച്ചു. 
''സാറാണ് വരുന്നതെന്നും സാറിന്റെ ഡ്രൈവറായി ഈ ദിവസങ്ങളില്‍ ഞാനായിരിക്കുമെന്നും അറിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം മടിച്ചതാണ്'' -മാധവന്‍ പറഞ്ഞു. ''എനിക്ക് തോന്നി ഞാന്‍ സാറിനായിരിക്കും ആദ്യം പിടിതരിക എന്ന്.''
ചില വാക്കുകള്‍ അയാള്‍ക്ക് പാതിയില്‍ മുറിഞ്ഞു. അപ്പോള്‍ അതു വീണ്ടും പറഞ്ഞു. 

ഇപ്പോഴും അതേ അമ്പരപ്പോടെ ഇരിക്കുന്ന എന്നെ നോക്കി ചലച്ചിത്രകാരന്‍ ചായ കുടിക്കാന്‍ ആംഗ്യം കാണിച്ചു. മാധവനോടും ചായ കുടിക്കാന്‍ പറഞ്ഞു. ഒരേ നിശ്ശബ്ദതയില്‍ ഞങ്ങള്‍ മൂന്നുപേരും ഇരിക്കുകയാണ് എന്നു തോന്നി. ഞാന്‍ ചായ മുഴുവനും കുടിച്ചു. കപ്പ് ടിപ്പോയില്‍ വെച്ചു. 
''ഒരര്‍ത്ഥത്തില്‍ നമ്മള്‍ എല്ലാവരും ഒളിച്ചു പാര്‍ക്കുകയാണ്'' -ചലച്ചിത്രകാരന്‍ പറഞ്ഞു. ''എന്തില്‍നിന്നെങ്കിലും.'' പിന്നെ എന്നെ നോക്കി പുഞ്ചിരിച്ചു. 
കടലില്‍നിന്നും ഇനിമുതല്‍ വീശുന്ന കാറ്റ് ഹോട്ടല്‍മുറിയില്‍ത്തന്നെ നില്‍ക്കുമെന്നു എനിക്കു തോന്നി. ഒരുപക്ഷേ, കാണാത്ത ഒരു ചെറുചുഴലിപോലെ, അതിപ്പോള്‍ ഈ നിലത്തുണ്ട്, ഞാന്‍ വിചാരിച്ചു. സംസാരം മാറ്റാനായി ഞാന്‍ കഴിഞ്ഞ ദിവസങ്ങളിലെ തണുപ്പിനെപ്പറ്റി പറഞ്ഞു. പിന്നെ നാട്ടിലെ ധനു-മകര മാസങ്ങളെപ്പറ്റി. പണ്ടെങ്ങോ കൊണ്ട ആ ദിവസങ്ങളിലെ കാറ്റിനെപ്പറ്റി. താന്‍ സന്ദര്‍ശിച്ച ചില രാജ്യങ്ങളിലെ തണുപ്പിനെപ്പറ്റി ചലച്ചിത്രകാരനും പറഞ്ഞു. മാധവന്‍ പക്ഷേ, തന്റെ കുറ്റത്തില്‍ത്തന്നെയാണ് എന്നു തോന്നി. അയാള്‍ ഞങ്ങളെ നിശ്ശബ്ദം കേള്‍ക്കുക മാത്രം ചെയ്തു. 
''മാധവന്‍ എന്തു കുറ്റമാണ് ചെയ്തത്?'' ചലച്ചിത്രകാരന്‍ അയാളോടു ചോദിച്ചു. 
ബാക്കി ചായ കൂടി കുടിച്ച് മാധവന്‍ കപ്പ് ട്രേയില്‍ വെച്ചു. ടീപ്പോയില്‍ വെച്ചിരുന്ന എന്റെ കപ്പും അയാള്‍ ട്രേയിലേക്കു വെച്ചു. ഇടത്തേ കൈപ്പടത്തിന്റെ പിന്‍ഭാഗംകൊണ്ട് വായ തുടച്ചു. കുറച്ചുനേരം കൂടി തല കുനിച്ചിരുന്നു. 
''ഒരാളെ കൊല്ലുകയായിരുന്നു സര്‍'' -മാധവന്‍ പറഞ്ഞു. 
മുഖം ഉയര്‍ത്തി ചലച്ചിത്രകാരനെ നോക്കി. ''ഞങ്ങള്‍ കുറേപ്പേര്‍ കൂടി ഒരാളെ കൊല്ലുകയായിരുന്നു.'' 
''ആരെ?'' ചലച്ചിത്രകാരന്‍ ചോദിച്ചു. 
എന്നാല്‍, തങ്ങള്‍ കൂട്ടം ചേര്‍ന്നു കൊന്ന ആളുടെ പേര് മാധവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചലച്ചിത്രകാരനെ അവിശ്വാസത്തോടെ നോക്കി. 
കേരളത്തിലെ ഒരു പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയുടെ മുന്‍കയ്യില്‍ നടന്ന കൊലപാതകമായിരുന്നു അത്. ഒരു രാത്രി ഒരു സംഘം ആളുകള്‍ എതിര്‍ പാര്‍ട്ടിയിലെ പത്തൊമ്പതോ ഇരുപതോ വയസ്സുള്ള ഒരു വിദ്യാര്‍ത്ഥി നേതാവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പക്ഷേ, കുറച്ചു കൊല്ലം മുന്‍പ് കഴിഞ്ഞ ആ കൊലപാതകത്തിലെ എല്ലാ കുറ്റവാളികളും പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. 
ഞാന്‍ മാധവന്‍ പറഞ്ഞതു വിശ്വസിച്ചില്ല. 
''പക്ഷേ, ആ കേസില്‍ എല്ലാവരും പിടിക്കപ്പെട്ടതാണല്ലോ''' -ഞാന്‍ പറഞ്ഞു. ''എല്ലാവരും ശിക്ഷയുമായി ജയിലിലുമാണ്.'' 
മറുപടിയായി മാധവന്‍ എന്നെ നോക്കുക മാത്രം ചെയ്തു. 
''അങ്ങനെയല്ല'' കുറച്ചു കഴിഞ്ഞ് അയാള്‍ പറഞ്ഞു: ''എന്നെ പിടിച്ചിട്ടില്ല.'' 
ഈ സമയം, ചലച്ചിത്രകാരന്‍ തന്റെ വാച്ചു നോക്കി പെട്ടെന്ന് എഴുന്നേറ്റു. അര മണിക്കൂറിനു ശേഷമുള്ള സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിനെപ്പറ്റി പറഞ്ഞു. 
''ആ സെഷന്‍ കഴിഞ്ഞു നമുക്ക് കാണാം'' -ചലച്ചിത്രകാരന്‍ പറഞ്ഞു. ''നമുക്ക് താഴേയ്ക്ക് പോകാം.'' 

ഹോട്ടലിന്റെ തന്നെ ബേസ്മെന്റിലുള്ള ഒരു വലിയ ഹാളിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. സമ്മേളനത്തിന്റെ എല്ലാ സെഷനുകളും അവിടെയായിരുന്നു. ഉദ്ഘാടന ചടങ്ങിനുശേഷം പ്രതിനിധികളുമായി പ്രസ്സിന്റെ മുഖാമുഖവും നിശ്ചയിക്കപ്പെട്ടിരുന്നു. സദസ്സിന്റെ മുന്‍നിരയില്‍, ഇന്ത്യയില്‍നിന്നും ചില അറബ് രാജ്യങ്ങളില്‍നിന്നുമുള്ള സ്ഥാനപതികള്‍ ഇരുന്നിരുന്നു, പിന്നെ മറ്റു ചില വിശിഷ്ട വ്യക്തികള്‍, ഒരുപക്ഷേ, ഇരുന്നൂറോളം ആളുകള്‍ പങ്കെടക്കുന്ന സദസ്സ്, ഞാന്‍ സദസ്സിന്റെ പിന്‍നിരയിലേയ്ക്കു നടന്നു. 
ആ സമയവും ഞാന്‍ മാധവനെ ഓര്‍ത്തു. അയാളെ അവിടെ നോക്കിയെങ്കിലും കണ്ടില്ല. ഹോട്ടല്‍മുറിയില്‍നിന്നും ഇറങ്ങുമ്പോള്‍ അയാള്‍ ചലച്ചിത്രകാരനു തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ എഴുതിയ ഒരു ചെറിയ കടലാസ് നല്‍കിയിരുന്നു. ''എപ്പോള്‍ വേണമെങ്കിലും സാറിന് എന്നെ വിളിക്കാം'' എന്ന് അയാള്‍ പറഞ്ഞത് ഇപ്പോള്‍ ഞാന്‍ ഒന്നുകൂടി കേട്ടു. 
രാജ്യങ്ങളിലെ സംസ്‌കാരങ്ങളെപ്പറ്റിയും രാജ്യങ്ങളുടെ ഭാവിയെപ്പറ്റിയും പറഞ്ഞ ഹ്രസ്വമായ ഒരു പ്രസംഗമായിരുന്നു, അധ്യക്ഷന്റേത്. പിന്നെയായിരുന്നു, ഈജിപ്തില്‍നിന്നും എത്തിയ കവിയുടെ ഉദ്ഘാടന പ്രസംഗം. 

വാര്‍ദ്ധക്യത്തിലേയ്ക്കു കടക്കുന്ന ഒരു ശബ്ദത്തില്‍ കവി സംസാരിച്ചു. തന്റെ എഴുത്തിനെ ഒരിക്കല്‍ മാത്രം കടലില്‍ സഞ്ചരിക്കാന്‍ അവസരമുണ്ടായ ഒരു കപ്പലിന്റെ ഓര്‍മ്മ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കഴിഞ്ഞുപോയ തന്റെ യുവത്വത്തെ ഒളിച്ചുപാര്‍ക്കുന്ന ഹിംസ എന്നു വിശേഷിപ്പിച്ചു. തന്റെ രാജ്യത്തിലേയും അയല്‍രാജ്യങ്ങളിലേയും അശാന്തിയെപ്പറ്റി പറഞ്ഞു. ദാരിദ്ര്യത്തെപ്പറ്റിയും കലയെപ്പറ്റിയും പറഞ്ഞു. 
അറബിയിലുള്ള തന്റെ പ്രസംഗം ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്യുന്നത് തന്റെ പ്രിയപ്പെട്ട പരിഭാഷക കൂടിയാണെന്ന്  അദ്ദേഹം പരിചയപ്പെടുത്തി. 
''കവിയുടെ പരിഭാഷക ഒരു സ്ത്രീയാണെങ്കില്‍ കവികള്‍ ലോകമെങ്ങും വായിക്കപ്പെടുന്നു.''
ഈജിപ്ഷ്യന്‍ കവി പറഞ്ഞു. 
''കാരണം, പരിഭാഷയില്‍ അവള്‍ സ്ത്രീയുടെ മിസ്സ്റ്ററി കൂടി ചേര്‍ക്കുന്നു.'' 
ഇപ്പോള്‍ സദസ്സ് ഒരു കൂട്ടച്ചിരിയിലേയ്ക്കു പടര്‍ന്നു. പിന്നെയാണ് കവി വേദിയിലുണ്ടായിരുന്ന മറ്റു പലരുടേയും കൂട്ടത്തില്‍നിന്ന് ചലച്ചിത്രകാരന്റെ പേര് പറഞ്ഞത്. 
''നിങ്ങള്‍ക്ക് അറിയുമോ, ഇന്ത്യയില്‍ നിന്നെത്തിയ ഈ ചലച്ചിത്രകാരന്റെ ഒരു ചലച്ചിത്രം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ കൈറോ ഫിലിംഫെസ്റ്റിവലില്‍ കണ്ടിട്ടുണ്ട്. പക്ഷേ, ഇപ്പോഴാണ് ചലച്ചിത്രകാരനെ കാണുന്നത്.'' 
കവി പറഞ്ഞു: 


''ദുര്‍വാശികളുള്ള ഒരു കുടുംബനാഥന്റെ കഥയായിരുന്നു ആ സിനിമ. അയാള്‍ക്ക് രണ്ടു സഹോദരിമാരുണ്ട്. പിന്നെ ആ വീട്ടില്‍ ഉള്ളത് കുറെ എലികളാണ്. പക്ഷേ, ആ സിനിമയുടെ അന്ത്യം ഞാന്‍ മറന്നതേയില്ല. ദുര്‍വാശിക്കാരനും മടിയനുമായ ആ കുടുംബനാഥനെ നാട്ടുകാര്‍ ചിലര്‍ ഒരു രാത്രി പിടിച്ചുകൊണ്ടുപോയി ഒരു കുളത്തിലേക്ക് എറിയുകയാണ്, ഒരു എലിയെപ്പോലെത്തന്നെ.''
ഇതിനിടയില്‍ തന്റെ പരിഭാഷകയോട് അയാള്‍ എന്തോ പതുക്കെ സംസാരിച്ചു. ഒരുപക്ഷേ, 'കുളം' എന്ന വാക്കിന്റെ ഒരു മറുവാക്ക് അറബിയിലോ ഇംഗ്ലീഷിലോ തേടിയതാകും, പരിഭാഷക ഇംഗ്ലീഷില്‍ pond എന്നും Pool എന്നും പറഞ്ഞു. 

''ഒരാളുടെ മടി സാമൂഹികമായ തിന്മയാകുന്നപോലെയോ ആ മടിയെ സമൂഹം വേട്ടയാടും എന്ന പോലെയോ ഒരു അന്ത്യമായിരുന്നു അത്. ഞാന്‍ ഭയന്നു.''
ഇപ്പോള്‍ കവി ചലച്ചിത്രകാരനെ നോക്കി തിരിഞ്ഞു നിന്നു. 
''ഒരു ദേശത്തിലെ ഒരു കവി മറ്റൊരു ദേശത്തിലെ ചലച്ചിത്രകാരനെ മറ്റൊരു ദേശത്തുവെച്ച് കാണുകയാണ്.'' ''കലയുടെ സഹജമായ ഓര്‍മ്മയോടെ.''
തന്റെ ഇരിപ്പിടത്തില്‍നിന്നും ഇപ്പോള്‍ ചലച്ചിത്രകാരന്‍ എഴുന്നേറ്റു നിന്നു, കവിയെ നോക്കി കൈകൂപ്പി. പിന്നെ സദസ്സിനേയും നോക്കി കൈകൂപ്പി. സദസ്സില്‍ വലിയൊരു കരഘോഷം ഉയര്‍ന്നു. ആ സമയം, വേദിയുടെ പിറകിലെ വലത്തേ ഭാഗത്തെ തിരശ്ശില ചെറുതായി നീക്കി, സദസ്സിനെ നോക്കുന്ന മാധവനേയും ഞാന്‍ കണ്ടു. ഒരുപക്ഷേ, അങ്ങനെ എനിക്ക് തോന്നിയതുമാകാം. 
അന്ന് ഉദ്ഘാടന ചടങ്ങിനുശേഷം ഞാന്‍ എന്റെ താമസസ്ഥലത്തേയ്ക്ക് മടങ്ങി. അടുത്ത രണ്ടു ദിവസങ്ങളിലായിരുന്നു മറ്റു സെഷനുകള്‍. ചലച്ചിത്രകാരനോട് പിറ്റേന്നു രാവിലെ കാണാമെന്നു യാത്ര പറഞ്ഞു. ഹോട്ടലില്‍നിന്നും പുറത്തേയ്ക്കിറങ്ങി. 

ഈ പട്ടണത്തില്‍നിന്നു ഞാന്‍ താമസിക്കുന്നിടത്തേയ്ക്കു ബസില്‍ മടങ്ങാന്‍ 45 മിനിറ്റ് എടുക്കും. ട്രാഫിക്കില്‍ കുടുങ്ങുകയാണെങ്കില്‍ അതു പിന്നെയും വൈകും. ഈ ചെറിയ രാജ്യത്തിന്റെ വലിയൊരു ആഡംബരംപോലെ നിരത്തില്‍ വാഹനങ്ങള്‍ നിറയുന്ന സമയമാണ്, ബസിനു പകരം ടാക്‌സിയില്‍ പോകാമെന്നു വിചാരിച്ചു, ഞാന്‍ ടാക്‌സി സ്റ്റാന്റിലേയ്ക്കു നടന്നു. 
തണുപ്പുകാലമായതിനാല്‍ വേഗം ഇരുട്ടാവും. തെരുവ് വിളക്കുകള്‍ നേരത്തേ തെളിയും. എന്നാല്‍, ആ സമയം എന്തുകൊണ്ടോ ടാക്‌സി സ്റ്റാന്റിലേക്കു പോകുന്നതിനു പകരം കുറച്ചു സമയംകൂടി പട്ടണത്തില്‍ അലയാന്‍ ഞാന്‍ തീരുമാനിച്ചു. അവിടെ അടുത്തുതന്നെയുള്ള 'സൂക്ക് ഹറീ'മിലേക്ക് ഞാന്‍ വഴിമാറി. അറബികളുടെ ഓര്‍മ്മയിലുള്ള പഴയ പല വസ്തുക്കളുടേയും സുഗന്ധദ്രവ്യങ്ങളുടേയും കച്ചവടമാണ് അവിടെ പ്രധാനമായും നടക്കുന്നത്. കച്ചവടം ചെയ്യുന്നത് നാട്ടുകാരായ പെണ്ണുങ്ങളും. അതുകൊണ്ടാണ് പെണ്ണുങ്ങളുടെ സൂക്ക് എന്ന അര്‍ത്ഥത്തില്‍ 'സൂക്ക് ഹറീം' എന്ന് ആ 'ചന്ത'യ്ക്ക് വിളിപ്പേരുള്ളത്. 

കറുത്ത പര്‍ദ്ദകൊണ്ട് മുഖം മൂടി, കണ്ണുകള്‍ മാത്രം കാണിച്ച്, പലപ്പോഴും ഉച്ചത്തില്‍ സംസാരിച്ച്, പെണ്ണുങ്ങള്‍ അങ്ങനെ ഇരിക്കുന്നതുതന്നെ രാത്രിയുടെ മറ്റൊരു ഭാവനയാണ്. അവരുടെ ഓരോരുത്തരുടേയും തലകള്‍ക്കു മീതെ, അല്പം ഉയരത്തിലായി തൂങ്ങിയാടുന്ന ബള്‍ബുകള്‍ ഓരോ തരം നിഴലുകളെ അവതരിപ്പിക്കുന്നുണ്ടാവും. പല ഗന്ധങ്ങളുടേയും വാഹകര്‍ എന്നപോലെ വിചിത്രങ്ങളായ രൂപങ്ങളിലലയുന്ന പുകച്ചുരുളുകള്‍ ഉണ്ടാവും. അല്ലെങ്കില്‍ അറേബിയന്‍ കഥകളിലെ ഒരു രാത്രിയാണ് അത്. എന്നാല്‍, ഈ കാഴ്ചയെ ഒക്കെ മറയ്ക്കാന്‍ എന്നപോലെ ആ സമയം അവിടെ ഒരിടത്ത് മാധവനെ ഞാന്‍ വീണ്ടും കണ്ടു. 

അയാള്‍ ഒരു കച്ചവടക്കാരിയില്‍നിന്നും എന്തോ വാങ്ങുകയായിരുന്നു. അവിടെത്തന്നെ നിന്ന്, എന്നെ അവിടെ പ്രതീക്ഷിച്ചിരുന്നു എന്നപോലെ, എനിക്കുകൂടി പരിചിതമായ ഒരു വഞ്ചനതന്നെ എന്നു തോന്നിപ്പിച്ചുകൊണ്ട്, മാധവന്‍ എന്നെ നോക്കി കൈയുയര്‍ത്തി. ഞാന്‍, പക്ഷേ, അവിടെത്തന്നെ നിന്നു. ഇപ്പോള്‍ അയാള്‍ എന്റെ അരികിലേയ്ക്കു വന്നു. 
''ഞാന്‍ ബുഹൂര്‍ വാങ്ങാന്‍ വന്നതാണ്'' -മാധവന്‍ പറഞ്ഞു. ''ഇവിടെയാകുമ്പോള്‍ നല്ലത് കിട്ടും.'' ''നല്ല മണം തരുന്നത്.'' 
ഞാന്‍ ചിരിച്ചു. 

ഇയാള്‍ ഒളിച്ചു കഴിയുന്ന ഒരു കുറ്റവാളിതന്നെ, ഞാന്‍ മനസ്സില്‍ വിചാരിച്ചു. ഒരുപക്ഷേ, ഒരു നിരത്തിലോ ഒരു കഥയിലോ ഒരു സ്വപ്നത്തിലോ ഒളിച്ചുപാര്‍ക്കുന്ന ആള്‍. 
ഒരു രാത്രി തന്റെ വീട്ടില്‍നിന്നും പിടിച്ചിറക്കിക്കൊണ്ടുപോയ ഒരു യുവാവിനെ അയാളുടെ തന്നെ വീടിനടുത്തുള്ള വയലില്‍വെച്ചു പതിനൊന്നോളം പേര്‍ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു അല്ലെങ്കില്‍ മാധവന്‍ പങ്കെടുത്ത കൊലപാതകം. ആ പതിനൊന്നുപേരില്‍ ഒരാള്‍ ഇയാളാണ്. എനിക്കയാളുടെ മുന്‍പില്‍നിന്നും എത്രയും പെട്ടെന്നു മാറാന്‍ തോന്നി. 
''ഞാന്‍ വെറുതെ വന്നതാണ്'' -ഞാന്‍ പറഞ്ഞു. ''സമയം പോകാന്‍.'' 
അന്നു രാത്രി ഞാനൊരു സ്വപ്നം കണ്ടു. ഈ ഓര്‍മ്മകള്‍ ഒന്നും ഇല്ലാത്ത ഒന്ന്. എന്നാല്‍, എങ്ങനെയോ, ഈ കൂടിക്കാഴ്ചയിലോ ഈ ഓര്‍മ്മയിലോ ഈ കൊലയിലോ ആ സ്വപ്നവും കലര്‍ന്നു: എനിക്ക് അപരിചിതമായ ഏതോ ഒരു ഭാഷയില്‍ കഥ പറയുന്നപോലെ സംസാരിച്ചുകൊണ്ട് ഒരാള്‍ ഒരു റോഡ് അടിച്ചുവാരി നീങ്ങുന്നു. അയാളെ പൊതിഞ്ഞു നില്‍ക്കുന്നപോലെ, നിലത്തുനിന്നുതന്നെ ആരംഭിക്കുന്ന ആകാശവും ഉണ്ടായിരുന്നു. ആ നിരത്തും ആ ആകാശവും അയാളും അയാളുടെ സംസാരവും എല്ലാം അല്ലെങ്കില്‍ ഒരു പളുങ്കു ഗോളത്തിനുള്ളില്‍ എന്നപോലെ മുന്‍പോട്ട് ഉരുളുകയാണ്... സ്വപ്നത്തില്‍നിന്നും ഞാന്‍ ഉണര്‍ന്നതുതന്നെ കഴിഞ്ഞുപോയ അതേ പകലിലേക്കുതന്നെ എന്നു തോന്നി, അങ്ങനെ കിടന്നുകൊണ്ട് അന്നത്തെ ആ പകല്‍ മുഴുവന്‍ ഞാന്‍ ഒന്നുകൂടി കണ്ടു. 
പിറ്റേന്നു രാവിലെ ഞാന്‍ ചലച്ചിത്രകാരന്‍ താമസിച്ചിരുന്ന ഹോട്ടലിലെത്തി. അദ്ദേഹം താഴെ, റിസപ്ഷനില്‍ത്തന്നെ ഉണ്ടായിരുന്നു. ഒരു സോഫയിലിരുന്ന് ഒറ്റയ്ക്ക്, അറബിക്കിലുള്ള ഏതോ ഒരു മാസിക മറിച്ചുനോക്കുന്നു. എന്നെ കണ്ടപ്പോള്‍ അദ്ദേഹം മാസിക അവിടെ സോഫയില്‍ വെച്ച് എഴുന്നേറ്റ്, എന്റെ അരികിലേയ്ക്ക് വന്നു. നമുക്ക് ആദ്യം ഓരോ ചായ കുടിക്കാം എന്നു പറഞ്ഞ് അവിടെ, ഗ്രൗണ്ട് ഫ്‌ലോറില്‍ത്തന്നെയുള്ള ഹോട്ടലിന്റെ കഫ്‌റ്റേരിയയിലേയ്ക്ക് എന്നെയും കൂട്ടി നടന്നു. 

''ഇന്നലെ രാത്രി ഉറങ്ങാന്‍ വൈകിയോ?'' ഞാന്‍ ചലച്ചിത്രകാരനോട് ചോദിച്ചു. ''ഉറങ്ങി, പക്ഷേ, വളരെ വൈകി'' -ചലച്ചിത്രകാരന്‍ പറഞ്ഞു. ''രാത്രി കുറച്ചുസമയം ഞങ്ങള്‍ ഒരു മരുഭൂമിയില്‍ കഴിഞ്ഞു.'' 
''കെയ്മ, അതല്ലേ മരുഭൂമിയില്‍ താല്‍ക്കാലികമായി ഉണ്ടാക്കുന്ന ആ കൊച്ചുപുരകള്‍ക്കുള്ള അറബിയിലുള്ള പേര്?''
''അതെ'' -ഞാന്‍ പറഞ്ഞു. ''അതൊരു വ്യത്യസ്തമായ അനുഭവമായിരുന്നിരിക്കും, അല്ലേ?''
''അതെ'' -ചലച്ചിത്രകാരന്‍ പറഞ്ഞു. ''നമ്മുടെ ബഷീര്‍ ഒരിക്കല്‍ കണ്ടു എന്നു പറഞ്ഞ ആകാശം ഞാനും കാണുമെന്നു വിചാരിച്ചു. പക്ഷേ, നക്ഷത്രങ്ങള്‍ ഒന്നുമില്ലാതെ രാത്രിയിലും പകല്‍പോലെ തെളിഞ്ഞിരിക്കുന്ന ആകാശം ഞാനും കണ്ടു.''
''എന്നാല്‍, തനിക്കറിയണോ, എന്നെ അതിലും അദ്ഭുതപ്പെടുത്തിയത് നമ്മുടെ മാധവന്റെ കഥയായിരുന്നു.'' ചലച്ചിത്രകാരന്‍ പറഞ്ഞു. 
''ഓ, മാധവനും കൂടെ ഉണ്ടായിരുന്നോ?'' ഞാന്‍ ചോദിച്ചു. 
''അയാളായിരുന്നു എന്റെ കൂടെ അധികനേരവും. പിന്നെ എന്റെ ഡ്രൈവറും അയാളാണല്ലോ'' -ചലച്ചിത്രകാരന്‍ പറഞ്ഞു. 
പിന്നീട്, ഇതിനെപ്പറ്റിയെല്ലാം ആലോചിക്കുമ്പോഴൊക്കെ അന്ന് ചലച്ചിത്രകാരനോട് മാധവന്‍ പറഞ്ഞത് ഒരു കഥതന്നെയാകും എന്നു വിശ്വസിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. മറ്റ് ആരുടെയോ മറവിയില്‍നിന്നും പൊന്തിവന്നതുപോലെ ഒരു ലോകമാണ് അപ്പോള്‍ അതെല്ലാം. സ്വന്തം നാട്ടില്‍ ഒരു കൊലനടത്തി പിന്നീട് മറ്റൊരു നാട്ടില്‍ ഒളിവില്‍ കഴിയുന്ന ഒരു കൊലയാളി എന്നതിനെക്കാള്‍, ഇപ്പോള്‍, മാധവന്‍ വെറുമൊരു കഥപറച്ചിലുകാരന്‍ മാത്രമാവുകയായിരുന്നു. 
''ഒരുപക്ഷേ, അയാള്‍ ഒരു കഥാകൃത്തിനെയോ ഒരു ചലച്ചിത്രകാരനെയോ തേടി വന്നതാകും'' -ചലച്ചിത്രകാരന്‍ പറഞ്ഞു. ''അല്ലെങ്കില്‍ ആര് വിശ്വസിക്കും അയാളുടെ ഈ കഥ?''
വിശ്വസിക്കാന്‍ പ്രയാസമായിരുന്നു മാധവന്‍ ചലച്ചിത്രകാരനോട് പറഞ്ഞ കഥ. അല്ലെങ്കില്‍, ഓര്‍മ്മിക്കുന്തോറും ഒരുതരം അവിശ്വാസത്തില്‍ അതിനെത്തന്നെ ഒളിപ്പിക്കുന്ന കഥയാണ് അയാള്‍ പറഞ്ഞത്. 
അയാള്‍ കൂടി പങ്കാളിയായ കൊലപാതകം തന്നെയായിരുന്നു, മാധവന്റെ 'കഥ'. എല്ലാം അക്കാലത്ത് കേട്ടതുപോലെ തന്നെ. ഒരു സംഘം ആളുകള്‍ ഒരു യുവാവിനെ അയാളുടെ വീടിനടുത്തുള്ള ഒരു വയലില്‍ വെച്ച് ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. മാധവനായിരുന്നു അന്ന്, ആ കൊലയാളി സംഘത്തിന്റെ ഡ്രൈവര്‍. എന്നാല്‍, ഒരു ഘട്ടത്തില്‍ അയാളും ആ കൊലയില്‍ പങ്കെടുത്തു. 

സംഘത്തിലെ ബാക്കിയുള്ളവരുടെ എല്ലാം വെട്ടും കുത്തും ഏറ്റ് വീഴുന്ന യുവാവിനെ ദൂരെ, ജീപ്പില്‍ ഇരുന്നു കാണുകയായിരുന്നു മാധവന്‍. ഒരു വീട്ടുമൃഗത്തെപ്പോലെ യുവാവ് വയലില്‍ ഓടുന്നതും ചെറുക്കാന്‍ ശ്രമിക്കുന്നതും ഒടുവില്‍ കുഴഞ്ഞുവീഴുന്നതും കണ്ടു. കൊയ്ത്തു കഴിഞ്ഞ പാടത്തെ മുഴുവനും കാണിച്ചുകൊണ്ട് നിലാവ്, ആ കൊലയ്ക്കു ചുറ്റും നില്പുണ്ടായിരുന്നു. ഓരോ കൊലയാളിക്കും ഒപ്പം അയാളുടെ തന്നെ ഒന്നോ രണ്ടോ നിഴലുകളുമുണ്ടായിരുന്നു. ഒരു സമയം, ആ കൂട്ടത്തില്‍നിന്നു സംഘത്തിന്റെ തലവന്‍ മാധവനു നേരെ ഓടിവന്നു. കയ്യില്‍ പിടിച്ചിരുന്ന കത്തി അയാള്‍ മാധവനു നേരെ നീട്ടി. ''നീയും ചെല്ല്, ആ തന്തയ്ക്ക് പിറക്കാത്തവനെ പോയി കുത്തി വാ'' എന്നു പറഞ്ഞു. മാധവനെ അയാള്‍ ജീപ്പില്‍നിന്നും വലിച്ചിറക്കി. 
''എന്റെ കയ്യില്‍ കത്തിയല്ല ചോരയാണ് ഞാന്‍ പിടിച്ചിരിക്കുന്നത് എന്ന് എനിക്ക് തോന്നി.'' 

മാധവന്‍ ചലച്ചിത്രകാരനോട് പറഞ്ഞു. 
''അതുകൊണ്ടുതന്നെ, കത്തികൊണ്ടല്ല ചോരകൊണ്ടാണ് ഞാന്‍ അയാളെ കുത്തിയത്. അയാളുടെ നാഭിക്ക് തൊട്ടുമീതെ. വേറെയും മുറിപ്പാടുകള്‍ക്ക് ഇടയില്‍, രണ്ടോ മൂന്നോ പ്രാവശ്യം.'' 
''പക്ഷേ, അതല്ല സര്‍, ആ കൊലപാതകത്തെക്കാള്‍ എന്നെ ഭയപ്പെടുത്തിയതും അധീരനാക്കിയതും. പകരം, അതേ രാത്രിയിലെ മറ്റൊരു കാഴ്ചയായിരുന്നു.'' 
അന്ന് ആ കൊലയില്‍ പങ്കെടുത്ത എല്ലാവരെയും ഓരോ വഴിയിലിറക്കി മാധവന്‍ മടങ്ങുകയായിരുന്നു. ജീപ്പ് ദൂരെ എവിടെയെങ്കിലും കൊണ്ടുപോയി കത്തിച്ചുകളയാനായിരുന്നു അയാളോട് 'പാര്‍ട്ടി' ആവശ്യപ്പെട്ടിരുന്നത്. അങ്ങനെ, രാത്രി വളരെ വൈകി, മറ്റൊരു സംസ്ഥാനത്തിലേയ്ക്ക് ജീപ്പുമായി കടക്കുകയായിരുന്നു മാധവന്‍. ഏറെയും വിജനമായ ഒരു ഹൈവേയിലൂടെ. ആ സമയം അയാള്‍ സഞ്ചരിച്ചതിനു വലതു വശത്തായി, പെട്ടെന്നു കണ്ണില്‍പ്പെട്ടതുപോലെ ഒരു കുന്ന് കുറച്ചു ദൂരെയായി പ്രത്യക്ഷപ്പെട്ടു. ഹൈവേയില്‍നിന്നും അധികം വീതിയില്ലാത്ത ഒരു മണ്‍പാത അവിടേക്ക് പോകുന്നുണ്ടായിരുന്നു. അഥവാ, ഇനി മറ്റൊരിടത്തേയ്ക്കും പോകാനില്ലെന്ന വിധത്തില്‍ മാധവന്‍ ആ കുന്നിന്റെ അരികിലേക്ക് ജീപ്പ് ഓടിച്ചു. കുന്നിന്റെ അടിവാരത്തില്‍ ജീപ്പ് നിര്‍ത്തി. അത്രയും ഏകാന്തതയിലും അത്രയും സ്വകാര്യതയിലുമായിരുന്നു, ആ കുന്ന്. ആ രാത്രിയില്‍ കരുതിവെച്ച ഒരു ഒളിത്താവളം. മാധവന്‍ ജീപ്പില്‍നിന്നിറങ്ങി കുന്നിന്റെ മുകളിലേക്കു കയറാന്‍ തുടങ്ങി. ഒരുപക്ഷേ, അര മണിക്കൂര്‍, മാധവന്‍ കുന്നിന്റെ മുകളിലെത്തി. ഇതായിരിക്കും തനിക്കൊളിച്ചിരിക്കാനുള്ള ഇടം, മാധവന്‍ വിചാരിച്ചു. ഒരുപക്ഷേ, ജീവിതകാലം മുഴുവന്‍. 

വളരെ മുന്‍പേ ഉപേക്ഷിക്കപ്പെട്ട ഒരു സ്ഥലംപോലെയായിരുന്നു ആ പരിസരം. ഇടിഞ്ഞുപൊളിഞ്ഞ ഒരു ചെറിയ കെട്ടിടം ഒരു കോവില്‍പോലെ നിന്നിരുന്നു. കെട്ടിടത്തെ മറച്ചുകൊണ്ട് പാഴ്മരങ്ങള്‍ വളര്‍ന്നിരുന്നു. തൊട്ട് അടുത്തായി ഒരിക്കല്‍ കിണറായിരുന്നതിന്റെ ഓര്‍മ്മപോലെ ഒരു വലിയ കുഴിയും ഉണ്ടായിരുന്നു. മാധവന്‍ ആദ്യം ആ കെട്ടിടത്തിന്റെ മുന്‍പില്‍ പോയി നിന്നു. അകത്തേയ്ക്കു നോക്കി. പക്ഷേ, വിശേഷിച്ച് ഒന്നും കണ്ടില്ല. പിന്നെ തിരിച്ചു വന്ന് കുഴിയിലേക്കു നോക്കി. ഒരു നിമിഷം കുഴിയില്‍ വെട്ടിത്തിളങ്ങുന്നപോലെ വെളിച്ചം കണ്ടു എന്നു തോന്നി. ഒരുപക്ഷേ, വെള്ളം തന്നെ. പെട്ടെന്ന് അതും മാഞ്ഞു, അവിടെയും ഇരുട്ട് മാത്രമായി. 
''ഞാന്‍ അവിടെ, ആ കോവിലിനും കുഴിക്കും ഇടയ്ക്ക് ആകാശവും നോക്കി മലര്‍ന്നു കിടന്നു.''

''ഞാന്‍ പിന്നിട്ട ദൂരവും ഞാന്‍ പങ്കെടുത്ത കൊലപാതകവും അപ്പോഴും എന്റെ അരികില്‍ത്തന്നെ ഉണ്ടെന്നു എനിക്ക് തോന്നി.'' ''പിന്നെ ഞാന്‍ കരയാന്‍ തുടങ്ങി.'' ''ഉറക്കെയുറക്കെ.'' ''രണ്ടോ മൂന്നോ നിമിഷം കഴിഞ്ഞിരിക്കും പെട്ടെന്ന് എന്റെ കരച്ചില്‍ ഞാനറിയാതെ നിലച്ചു.'' ''എന്റെ ഒച്ച വറ്റി.'' ''ഒരു ഗുഹ വലിയൊരു കല്ലുകൊണ്ട് അടച്ചുപൂട്ടിയ പോലെ.'' ''എന്റെ ഹൃദയത്തിനും ചങ്കിനും ഇടയില്‍ എന്റെ ഒച്ച മുഴുവനായും കാണാതായി.'' ''ഞാന്‍ മൂകനായി.'' ''അടുത്ത ഒന്‍പതു ദിവസം.'' 

''ഇതു ശരിക്കും നടന്നതാണോ, എനിക്കറിയില്ല'' -ചലച്ചിത്രകാരന്‍ പറഞ്ഞു. ''അതോ അയാള്‍ ഉണ്ടാക്കി പറഞ്ഞ കഥയോ, എനിക്കറിയില്ല.''
എനിക്കും ഉത്തരമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴും. അടുത്ത ദിവസം ചലച്ചിത്രകാരന്‍ നാട്ടിലേയ്ക്ക് മടങ്ങി. ആ മൂന്നു ദിവസത്തിനുള്ളില്‍ ഞങ്ങളുടെ സൗഹൃദത്തില്‍ എക്കാലത്തേയ്ക്കുമായി ഒളിച്ചുപാര്‍ക്കാന്‍ എന്നപോലെ എത്തിയ ആ 'ഡ്രൈവറെ', 'കുറ്റവാളി'യെ ഇനി എന്തായാലും ഞാന്‍ കാണുകയുമുണ്ടാവില്ല. ഒരുതവണ കൂടി വന്ന് അയാള്‍ തന്നെ പരിചയപ്പെടുത്തുമ്പോഴും. 

എങ്കിലും ചിലപ്പോള്‍, അയാളുടെ കഥയ്ക്ക് ഞാന്‍ പല അന്ത്യങ്ങളും കണ്ടുപിടിക്കുന്നു : ഒന്‍പതാം ദിവസം രാത്രി അയാള്‍ കുന്നിറങ്ങി വരുമ്പോള്‍ താഴെ, ഉയരത്തില്‍ കത്തുന്ന തീയില്‍ അയാളുടെ ജീപ്പ് ചാരമായി അമരുന്നത്. അയാള്‍ കണ്ടതുപോലെ. പിന്നെ, അയാള്‍ തിരിഞ്ഞോടി, കുന്നിന്റെ മറുവശത്തിലൂടെ താഴേക്ക് ഇറങ്ങി നിരത്തിലൂടെ ഓടുന്നത്. അയാള്‍ പറഞ്ഞതുപോലെ. തെരുവില്‍നിന്ന് ആ കുറ്റവാളിയെ പിറകെ വന്ന ഒരു കൂട്ടം ആളുകള്‍ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. അങ്ങനെയും ഒരന്ത്യം ഞാന്‍ കണ്ടുപിടിക്കുന്നു. ആ കുന്നില്‍നിന്നും അയാളെ താഴേയ്ക്ക് എറിയാന്‍.
ഇടയ്ക്ക് എപ്പോഴോ ഞാന്‍ പറഞ്ഞ ആ സ്വപ്നം ഓര്‍ത്തുനോക്കും. അപരിചിതമായ ഏതോ ഒരു ഭാഷയില്‍ കഥ പറയുന്നപോലെ സംസാരിച്ചുകൊണ്ട് ഒരാള്‍ ഒരു റോഡ് അടിച്ചുവാരി നീങ്ങുന്നതിനെപ്പറ്റി പറഞ്ഞത്. ഇപ്പോള്‍ അയാളുടെ മുഖം ശരിക്കും എനിക്ക് ഓര്‍ക്കാന്‍ കഴിയും. അയാളെ കാണാന്‍ പറ്റും. 
അല്ലെങ്കില്‍ ഇങ്ങനെയുമാകാം: ചിലപ്പോള്‍ നമ്മുടെതന്നെ ഭാവന നമ്മളെ വേട്ടയാടുന്നു. ഒരു വീട്ടുമൃഗത്തെ എന്നപോലെ. ചിലര്‍ പറയുന്ന കഥകളിലും അതങ്ങനെയാണ്. അത്രമാത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com