ചോദ്യങ്ങളും ഉത്തരങ്ങളും: ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്റെ ചില ചുവപ്പന്‍ പ്രണയ സ്മൈലികള്‍ വെറുമൊരു ചിരിയിലൊതുക്കി അവള്‍ സ്മൈലികള്‍ അയച്ചുകൊണ്ടിരുന്നു.
ചിത്രീകരണം : സുരേഷ് കുമാര്‍ കുഴിമറ്റം
ചിത്രീകരണം : സുരേഷ് കുമാര്‍ കുഴിമറ്റം

ചോദ്യം- വേദങ്ങളിലേക്ക് തിരിച്ചുപോവുക എന്ന ആഹ്വാനം ആരുടേതാണ്...?
ഉത്തരം- ദയാനന്ദ സരസ്വതി
ചോദ്യം- ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട ദിവസം...?
ഉത്തരം- 2017 സെപ്തംബര്‍ 5
ചോദ്യം- ഇന്ത്യയില്‍ നോട്ടുനിരോധനം നടപ്പിലാക്കിയ വര്‍ഷം...?
ഉത്തരം- നവംബര്‍ 8, 2016 
കാടുപിടിച്ച പഞ്ചായത്തു കിണറിന്റെ പിന്നിലുള്ള വാട്ടര്‍ടാങ്കിന്റെ മുകളിലിരുന്ന് ഞാനും രഞ്ജനും പി.എസ്സി പരീക്ഷയ്ക്കു പഠിക്കുകയാണ്. വഴിപോക്കരുടെ ദൃഷ്ടിയെ മറയ്ക്കുന്ന ഈ പ്രദേശം ആരുടേയും ശ്രദ്ധയിലങ്ങനെ പെടാറില്ല. റബ്ബര്‍ച്ചില്ലകളും പാഴ്മരങ്ങളുടെ ഇലച്ചാര്‍ത്തുകളും ഒരു യമണ്ടന്‍ വട്ടയുടെ തണലും ഈ ജലസംഭരണിക്ക് ഒരു ഹരിതഗേഹത്തിന്റെ ഭംഗി നല്‍കുന്നുണ്ട്. പഠിപ്പും കിടപ്പും ഇവിടെത്തന്നെയാണ്. ഒരു ക്വട്ടേഷന്‍ ടീമിനു വേണമെങ്കില്‍ ഇവിടെ ഒളിച്ചു താമസിക്കാം. ഇതു ഞങ്ങളുടെ പി.എസ്.സി ഒളിവുസങ്കേതമാണ്. ധൂമപാനം മദ്യപാനം, വായിനോട്ടം, മൊബൈലുനോട്ടം എന്നിവയോടെ ഒളിച്ചിരുന്ന് സ്വസ്ഥമായി പൊതുവിജ്ഞാനം ആര്‍ജ്ജിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നാളെയുടെ രണ്ട് മിടുക്കരായ സര്‍ക്കാരുദ്യോഗസ്ഥരാകുക എന്ന ലക്ഷ്യത്തിലേക്കാണ് ഞങ്ങളുടെ യാത്ര. മാര്‍ഗ്ഗം മോശമായാലും ലക്ഷ്യം നന്നായാല്‍ മതിയല്ലോ.

രഞ്ജന്‍ അവന്റെ കാവി കൈലി മാടിച്ചുറ്റി എന്നോടു ചോദ്യങ്ങള്‍ ചോദിക്കുന്നതു കണ്ടാല്‍ അവനോട് പാവം തോന്നും. അവന്റെ അളിയന്‍ സര്‍ക്കാര്‍ പ്യൂണാണ്. അങ്ങേരുടെ കൂടെക്കൂടി ഇവന്റെ പെങ്ങളുകൂടി പരിഹസിക്കാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ ജോലി കരസ്ഥമാക്കാനുള്ള പങ്കപ്പാടില്‍ അവന്റെ ഞരമ്പുകള്‍ ദേ ഇങ്ങനെ പിടയ്ക്കുന്നത് കാണാം. മുടി കേറിക്കേറി ചോദ്യചിഹ്നമായി. ജീവിതം കുനിഷ്ട് പിടിച്ച ഒരു വഴിക്കണക്കായി. ഭാവി ഒരു ലോജിക്കുമില്ലാത്ത ഒരു ലോജിക്ക് ചോദ്യവുമായിട്ടുണ്ട്.  ഒ.എം.ആര്‍ ഷീറ്റ് കറുപ്പിച്ച വിരലുകള്‍ അവനവനോടു തന്നെ ചൂണ്ടിത്തുടങ്ങിയിട്ടുണ്ട്, ഒരു തോക്കുപോലെ.

ഞങ്ങളുടെ പഞ്ചായത്തും യുവാക്കളെ വാര്‍ത്തെടുക്കാന്‍ ബദ്ധശ്രദ്ധരാണ്. സാക്ഷരതാ പ്രസ്ഥാനങ്ങളുടെ പഴയ ഓലക്കെട്ടിടം ഇന്ന് കേരളത്തിലെ മിക്കവാറും എല്ലാ പഞ്ചായത്തുകളിലും പി.എസ്.സി കോച്ചിംഗ് സെന്ററുകളായി മാറിയിട്ടുണ്ടല്ലോ. കക്കണ്ണിമല എന്ന ഞങ്ങളുടെ മലയോര പഞ്ചായത്തും അതില്‍നിന്ന്  മുക്തമല്ല. മാറ്റത്തിന്റെ കാറ്റ് ഇവിടെയുമെത്തി.
തീവ്രപരിശീലനത്തിലൂടെ സര്‍ക്കാരുദ്യോഗം എന്ന ലക്ഷ്യം കക്കണ്ണിമല പഞ്ചായത്തിനുമുണ്ട്. ദേശപോഷിണി പഞ്ചായത്ത് ഗ്രന്ഥാലയം ഈ ഉദ്യമത്തിനായ് അഹോരാത്രം പ്രവര്‍ത്തിക്കുന്നു. ബിന്ദു ടീ സ്റ്റാളിന്റെ മുകളിലുള്ള പി.എസ്.സി കോച്ചിംഗ് സെന്റര്‍ ഇപ്പോള്‍ ഒരു പടക്കളമാണെന്ന് പറയാം. മത്സരപ്പരീക്ഷയുടെ ഗോദയില്‍ മല്ലയുദ്ധം തന്നെയാണ് പ്രതാപന്‍ മാഷിന്റെ പരിശീലനത്തിലൂടെ നടക്കുന്നത്. 

രാജ്യത്തിനകത്തും പുറത്തും നടക്കുന്ന ഒട്ടുമുക്കാല്‍ സംഭവവികാസങ്ങളും അപ്പപ്പോള്‍ത്തന്നെ വായിച്ചറിയാന്‍ ഞങ്ങളുടെ മനസ്സ് വെമ്പല്‍ കൊള്ളാറുണ്ട്. തോട്ടിലെ കലക്കവെള്ളത്തില്‍ തോര്‍ത്തുവിരിച്ച് മീന്‍പിടിക്കുമ്പോള്‍ ചാടിപ്പോകുന്ന മാനത്ത്കണ്ണിയെപ്പോലെ ഒന്നോ രണ്ടോ ലോകവിവരം ചിലപ്പോ കയ്യില്‍കിട്ടാതെ പോയാലായി.

മുകളില്‍ പറഞ്ഞ മൂന്ന് ചോദ്യങ്ങള്‍ രഞ്ജന്‍ എന്നോടു ചോദിച്ചു. മൂന്നു ചോദ്യത്തിനും കൃത്യമായ ഉത്തരങ്ങള്‍ ഞാന്‍ പറഞ്ഞതോടെ അവന്‍ ഗൈഡ്ബുക്ക് താഴെവെച്ച് കെടുത്തിസൂക്ഷിച്ചിരുന്ന ഒരു പാതി സിഗരറ്റിനു തീ പറ്റിച്ചു. വിശ്വാസം വരാത്തപോലെ എന്നെ നോക്കി, വായുവില്‍ വട്ടം വട്ടമായി പുകവിട്ടു. ജി.കെ, കറന്‍ഡ് അഫേയേഴ്സ് പുസ്തകങ്ങളും ദേശപോഷിണിയിലെ പത്രങ്ങളും കരണ്ട് കരണ്ട് ഒരെലിയെപ്പോലെയായിത്തീര്‍ന്ന ഞാന്‍ ഒരു എലിയെപ്പോലെ ചുണ്ടുകൂര്‍പ്പിച്ച് അവനെ കളിയാക്കി.
-എടാ മാത്താ എന്നാലും നിന്നെ സമ്മതിച്ചിരിക്കുന്നു. എടാ എന്നാലും അപാര ഓര്‍മ്മശക്തി തന്നെ.
-ഒന്നുപോടാ, ഇതൊക്കെ വൈകുന്നേരം പ്രതാപന്‍ മാഷിനെ പറ്റിക്കാനുള്ള പണിയല്ലേ. കഴിഞ്ഞ തവണ ആ ഇന്ദുവല്ലേ മാഷിന്റെ ആ കടുകട്ടി ചോദ്യത്തിന് ഉത്തരം പറഞ്ഞ് എന്നെ തറപറ്റിച്ച് കയ്യടി വാങ്ങിയേ.
-ഞാനവളെ സമ്മതിച്ചുപോയി.

ദ പോളിസ്റ്റര്‍ പ്രിന്‍സ്. ഏതു വ്യവസായ പ്രമുഖനെക്കുറിച്ചുള്ള പുസ്തകമാണെന്ന് പ്രതാപന്‍ മാഷ് ചോദിച്ചപ്പോ എല്ലാവരും അന്തംവിട്ട് കുന്തം വിഴുങ്ങി ഇരുന്നപ്പോ അവള് പുല്ലുപോലെ പറഞ്ഞില്ലെ ധീരുഭായി അംബാനീന്ന്.
ഇന്ദു കെ.പി. അംഗണ്‍വാടി കാലം തൊട്ടേ എനിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ സഹപാഠിയും അയല്‍വാസിയുമാണ്. അവളുടെ അപ്പനായ ഓമനക്കുട്ടന്‍ ചേട്ടനാണ് ഞങ്ങളുടെ നാട്ടിലെ ഒരേയൊരു ചായക്കട-ഇന്ദു ടീസ്റ്റാള്‍ നടത്തുന്നത്. ഒടുവില്‍ ഉണ്ണിക്കൃഷ്ണനെ അനുസ്മരിപ്പിക്കുന്ന ഇന്ദു കെ.പിയുടെ അപ്പന്‍ ഇപ്പോ സൈഡായതോടെ ഇന്ദു തന്നെയാണ് ഹോട്ടല്‍ ഭരണം. അവളു തന്നെയാണ് ഹോട്ടലിന്റെ മുകളിലത്തെ തട്ടിലുള്ള പി.എസ്.സി കോച്ചിംഗ് സെന്ററിന്റെ പഞ്ചായത്തുവക നടത്തിപ്പുകാരിയും. 
-രഞ്ജാ നമ്മുടെ പഞ്ചായത്തില് എത്ര സര്‍ക്കാറുദ്യോഗസ്ഥര് കാണും...?
കൂടിവന്നാ ഒരു പത്ത് പേര്. ഇനി നമ്മളൂടെ സര്‍വ്വീസില്‍ കേറിയാ പന്ത്രണ്ട്. എല്ലാ കാര്യത്തിനും പിന്നോട്ടാ നമ്മുടെ ജില്ല. മോനെ നീ തിരുവനന്തപുരത്തുകാരെ കണ്ട് പഠിക്കണം. ഓരോ വീട്ടിലും ഒരു സര്‍ക്കാരുദ്യോഗസ്ഥനോ ഉദ്യോഗസ്ഥയോ കാണും. ശ്രീപത്മനാഭന്റെ പത്തുചക്രമെന്നു പറഞ്ഞാ അവര്‍ക്ക് പുണ്യമാ. ഇവിടെ എന്താടാ ഉള്ളത്? ആര്‍ക്കും വേണ്ടാത്ത വിലയില്ലാത്ത പൂതലിച്ച് നില്‍ക്കുന്ന കുറച്ച് റബ്ബര്‍മരങ്ങളും. ആരും താമസിക്കാനില്ലാതെ പൂട്ടിയിട്ടിരിക്കുന്ന കുറച്ച് അമേരിക്കന്‍ വീടുകളും.


രഞ്ജന്‍ ആലോചനയിലേക്കു വീണ് താടി ചൊറിഞ്ഞു തുടങ്ങി. 
-ങ്ങാ അതുപോട്ടെ. എടാ നീ രാവിലെ നമ്മുടെ വിനീതിനെ കണ്ടോ. പാന്റും ഷര്‍ട്ടും ഇന്‍ചെയ്ത് പത്തനംതിട്ടയിലെ കാര്‍ ഷോറൂമിലേക്ക് പോകുന്നത് കണ്ടപ്പൊ എനിക്ക് കൊതി തോന്നിപ്പോയി. നല്ല ഗമയുണ്ടായിരുന്നു. ഷോറൂമിന്റെ ലോഗോ വെച്ച യൂണിഫോമൊക്കെ തേച്ച് വെടിപ്പാക്കിയിട്ട ഷര്‍ട്ടും പാന്‍സും. ഞാന്‍ നമ്മുടെ വായനശാലയുടെ മുന്‍പിലിരുന്ന് പത്രം വായിക്കുവായിരുന്നു. എടാ അവനെന്നെ ഒന്ന് ട്രോളി. പണിയൊന്നുമില്ലേടാന്ന് ചോദിച്ച് കളിയാക്കി. സര്‍ക്കാര്‍ ജോലി കിട്ടിയിട്ടുള്ള ചെലവിന് അവനെയും നമുക്ക് വിളിക്കണം.

രഞ്ജന്‍ മിണ്ടാതിരുന്നു, എനിക്കു ദേഷ്യം വന്നു. മുത്തൂറ്റ് ഫിനാന്‍സില്‍ വരെ ജോലി കിട്ടിയ എന്നെ രഞ്ജനാണ് അതില്‍നിന്നെല്ലാം മുടക്കിയത്. നൂറു കാരണങ്ങള്‍. സ്വകാര്യ തൊഴില്‍ മേഖലയിലെ പ്രതിസന്ധികള്‍ എന്ന വിഷയത്തിലുള്ള ഒരു പി.എസ്.സി ലേഖനം പോലെ അക്കമിട്ടു നിരത്തി പ്രശ്‌നങ്ങള്‍ മാത്രം രഞ്ജന്‍ അവതരിപ്പിച്ചതോടെ പ്രൈവറ്റ് ജോലി എന്ന പരിപാടിയേ വേണ്ടെന്ന് ഞാനങ്ങ് തീരുമാനിച്ചു.
നീ ആ പഞ്ചായത്ത് ഓഫീസ് മുന്‍പിലുള്ള ബോര്‍ഡ് കണ്ടോ. നല്ല ബ്ലോക്ക് കോഴിക്കുഞ്ഞുങ്ങളുടെ വിതരണമുണ്ടെന്നുള്ള ബോര്‍ഡ്. ഇന്നലെ നമ്മുടെ മെമ്പര്‍ സജി എന്നോട് കോഴി ഫാം തുടങ്ങുന്നതിനെപ്പറ്റി സീരിയസായി സംസാരിച്ചെടാ.
രഞ്ജന്‍ എന്റെ ശ്രദ്ധയെ ഫ്‌ലക്‌സിലേക്ക് ക്ഷണിച്ചു. സത്യത്തില്‍ കോഴിഫാം ഒരു നല്ല സ്റ്റാര്‍ട്ടപ്പാണ്. 
-എന്നിട്ട് നീയെന്ത് പറഞ്ഞു.
- ഞാനവനെ ചീത്തവിളിച്ചു. പിന്നല്ലാതെ.
- അപ്പോ അവനോ.
-ചുമ്മാതല്ല ഞാനും നീയുമൊന്നും നന്നാവാത്തതെന്ന് പറഞ്ഞു.
കുറച്ച് നേരം മൗനം. പ്രതാപന്‍ മാഷിന്റെ ആ ക്ലാസിക് പ്രചോദന വാക്യം ഞങ്ങള്‍ ഒരു മുദ്രാവാക്യം പോലെ പരസ്പരം പറഞ്ഞു. 
A winner is a dreamer who never gives up.
-ഇതിപ്പോ സ്വപ്നം കാണല് മാത്രമായിട്ടുണ്ട് രഞ്ജാ. നമ്മള് പി.എസ്.സി കടമ്പ കടക്കുമെന്ന് എനിക്കു തോന്നുന്നില്ല..

ഞാന്‍ സങ്കടപ്പെട്ടുകൊണ്ട് ഞങ്ങളുടെ പഞ്ചായത്ത് മുക്കിനെ ഒരു വിഗഹവീക്ഷണം നടത്തി. പത്തേമുക്കാലിന്റെ കെ.എസ്.ആര്‍.ടി.സി ബസ് എം. പാനല്‍ ജീവനക്കാരുടെ സമരം മൂലം കുറച്ചു ദിവസമായി വന്നിട്ട്. അതിനാല്‍ ബസ് കാത്തുനില്‍ക്കാനാരുമില്ല. റെജി മുതലാളി റബ്ബര്‍ വ്യാപാരം പീടിക തുറന്ന് സിഗരറ്റും പുകച്ച് ചുമ്മാ ഇരിപ്പുണ്ട്. കൊച്ചുമോന്റെ ബേക്കറിയുടെ മുന്‍പില്‍ സ്ഥിരം കുറ്റികള് സിപ്പപ്പും തിന്നിരിപ്പുണ്ട്. ഗോപാലേട്ടന്റെ പലചരക്കു കടയുടെ മുന്‍പില് ഓട്ടോ സുനി ലോഡിറക്കി വെക്കുന്നുണ്ട്. മുബീന ചിക്കന്‍ സ്റ്റാളിനു മുന്‍പില്‍ കുറച്ച് ബംഗാളികള്‍ കൂടി നില്‍ക്കുന്നുണ്ട്. ഇന്ദുവിന്റെ ഹോട്ടലീന്ന് റേഡിയോ പാടുന്നുണ്ട്. ഞങ്ങളുടെ കോച്ചിംഗ് സെന്ററിന്റെ ഓടിന്‍ പുറത്ത് ഒരു കാക്കയിരുന്ന് വിളിക്കുന്നുണ്ട്. ആകെപ്പാടെ എനിക്കൊരു ശൂന്യത തോന്നി. രഞ്ജന്‍ മൊബൈല് തുറന്ന് വാട്ട്സാപ്പ് ശബ്ദം സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെ പുറപ്പെടുവിച്ചു. ഞാന്‍ റിയാലിറ്റിയിലേക്ക് വന്നു. 
ബോറടി മാറ്റാന്‍ കുറച്ച് ചോദ്യങ്ങള്‍ രഞ്ജനു നേരെ ഞാനെറിഞ്ഞു കളിക്കാന്‍ തീരുമാനിച്ചു.
-എടാ രഞ്ജാ നമുക്ക് ഷൂട്ട് ആന്‍ഡ് വിന്‍ കളിക്കാം.
ദേ ഫസ്റ്റ് ക്വസ്റ്റ്യന്‍ പിടിച്ചോ...?
മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആര്...?
അവന്‍ ഫോണീന്ന് കണ്ണെടുക്കാതെ പറഞ്ഞു.
-മാര്‍ട്ടിന്‍ കൂപ്പര്‍.
ഒന്ന് പോടാ മോനെ.
എന്നാ അടുത്തത് പിടിച്ചോ.
കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വര്‍ഷം...?
1978...
എടാ ഭീകരാ. ഇന്നാ അടുത്തത് പിടി...? 
കേരളത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മണ്ണിനം ഏത്...?
-ലാറ്ററെറ്റ് മണ്ണ്. ഹഹഹ... ഇത്തവണ നീ പോയി മോനെ.
എന്നാ പിടിച്ചോ ലാസ്റ്റ് ആന്‍ഡ് ഫൈനല്‍ ക്വസ്റ്റ്യന്‍...?
അവസാന ചോദ്യത്തിനായി ഞാന്‍ കുറച്ചുനേരം ഓര്‍മ്മയില്‍ പരതി. ചോദ്യങ്ങളുടേയും ഉത്തരങ്ങളുടേയും ഒരു ക്വസ്റ്റ്യന്‍ ബാങ്കാണ് ഇപ്പോഴെന്റെ തലച്ചോറ്. ഏത് ചോദ്യം എവിടെനിന്നു വരും എന്നു പറയാന്‍ കഴിയാത്ത രീതിയിലായതിനാല്‍ ഒരു കെമിസ്റ്റ് മെഡിക്കല്‍ സ്റ്റോറില്‍ പല പേരിലുമുള്ള ടാബ്ലെറ്റുകളും സിറപ്പുകളും സൂക്ഷിക്കുന്നതുപോലെ ഓര്‍മ്മയുടെ കൊച്ചു കൊച്ചു അറയില്‍ ഞാന്‍ ജനറല്‍ നോളഡ്ജ് നിറച്ചുവച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പശുവിനെ കൂട്ടത്തില്‍ വിടാന്‍ പോയിട്ടുവരുമ്പോ അമ്മച്ചിയെന്നോട് ചോദിച്ചു; നിന്റെ തലയിലെന്നാ കളമണ്ണാണോടാ. വല്ല തൊഴിലിനും പോടാ. ഭാവിയിലെ ഒരു സര്‍ക്കാരുദ്യോഗസ്ഥനോട് ഇങ്ങനെയൊന്നും സംസാരിക്കല്ലേന്നു പറയാന്‍ തോന്നിയെങ്കിലും തള്ളയല്ലേന്നോര്‍ത്ത് മിണ്ടാതെയിരുന്നു. 
കിട്ടിപ്പോയി ഈ ചോദ്യത്തില്‍ രഞ്ജന്‍ വീഴും.
അപര്‍ണ ആരുടെ പര്യായമാണ്...? 
പഴയ കാമുകിയുടെ പേരുകൂടിയായതിനാല്‍ ഈ ചോദ്യം തുറുപ്പുചീട്ടുപോലെ കാത്തുവെച്ചതാണ്. മലപ്പുറത്തുവെച്ചു നടന്ന ഒരു എല്‍.ഡി.സി പരീക്ഷയ്ക്കിടയിലാണ് ഞാന്‍ അപര്‍ണയെ പരിചയപ്പെടുന്നത്. ഒരു റെയ്നോള്‍ഡ്സ് പേനയാണ് ഞങ്ങളെ തമ്മിലടുപ്പിച്ചത്. കുറേ റെയനോള്‍ഡ്സ് പേനകളാണ് ഇതുവരെയുള്ള സമ്പാദ്യം. രഞ്ജന് പനിയായിരുന്നതിനാല്‍ മലപ്പുറത്തെ എല്‍.ഡി.സി എഴുതാന്‍ സാധിച്ചിരുന്നില്ല. പരീക്ഷഹാളില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ അപര്‍ണ ഇങ്ങോട്ട് വന്നു സംസാരിക്കുകയായിരുന്നു. പേന കൊടുത്തതിനു നന്ദി പ്രകാശിപ്പിച്ചതിനൊപ്പം ഒരു ജ്യൂസു കുടിക്കാന്‍ അവള്‍ ക്ഷണിക്കുകയും ചെയ്തു. ഞെട്ടിപ്പോയി, ഇങ്ങോട്ട് ഒരു പെണ്ണ് ആദ്യമായി... ജ്യൂസ് കടയില്‍ വെച്ച് പരീക്ഷയിലെ ചോദ്യങ്ങളും ഉത്തരങ്ങളും പറഞ്ഞ് ഞങ്ങള്‍ മഞ്ഞുരുക്കിത്തുടങ്ങി. എടപ്പാളുകാരിയാ. അവളുടെ വിശേഷങ്ങളൊക്കെ പത്ത് മാര്‍ക്കിന്റെ ചോദ്യം പോലെ വിശദമായി പറഞ്ഞു. പിന്നെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് വരെ ഒരുമിച്ചു നടക്കുകയും പരസ്പരം മൊബൈല്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തു. അങ്ങനെ പി.എസ്.സി ചോദ്യങ്ങളും ലിങ്കുകളും പരീക്ഷാ ടിപ്സുമൊക്കെ വാട്സാപ്പില്‍ കൂടെ ഷെയറ് ചെയ്ത് ഒരു മാതൃകാ ചോദ്യപേപ്പറു പോലെയായി ഞങ്ങളുടെ സൗഹൃദം. ഇടയ്ക്ക് പ്രണയത്തിലേക്ക് ആ പി.എസ്.സിക്കാരിയെ ചാടിക്കാനുള്ള എന്റെ ചില ചുവപ്പന്‍ പ്രണയ സ്മൈലികള്‍ വെറുമൊരു ചിരിയിലൊതുക്കി അവള്‍ സ്മൈലികള്‍ അയച്ചുകൊണ്ടിരുന്നു. പിന്നെ ഞങ്ങള്‍ വാട്സാപ്പില്‍ ചോദ്യോത്തര കളി തുടര്‍ന്നു. 
വധൂവരന്മാര്‍-സമാസം ഏത്...?


എന്ന ചോദ്യത്തില്‍ അവള്‍ വീണു. എത്ര ആലോചിച്ചിട്ടും കിട്ടിയില്ല. സമാസം ദ്വന്ദന്‍ എന്ന മറുപടി ഇട്ട് രണ്ട് സ്മൈലിയൂടെ പറത്തിയപ്പോ ആദ്യമായി എനിക്കൊരു ലൗ സ്മൈലി കിട്ടി. വാട്സാപ്പിലൂടെ തുടര്‍ന്ന പഠനത്തിനിടയില്‍ കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷന്‍ ലിസ്റ്റ് വൈകുന്നതിനെതിരെയുള്ള പ്രതിഷേധത്തിനായി തിരുവനന്തപുരത്തെ പട്ടം പി.എസ്.സിയുടെ മുന്‍പിലെ ധര്‍ണ്ണയ്ക്ക് അപര്‍ണയെ കാണാന്‍ കഴിഞ്ഞു. ലിസ്റ്റ് റദ്ദാക്കപ്പെടുന്നതിന്റേയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യാതേയും ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന നടപടിക്കെതിരെ ഒരു ഗംഭീര പ്രസംഗം കൂടി അവള് നടത്തിയതോടെ ഞാന്‍ ഞെട്ടിപ്പോയി. 
തലസ്ഥാനത്തെ ചില സഖാക്കള് അവള്‍ക്ക് ചുറ്റും കൂടിനിന്ന് വര്‍ത്തമാനം പറയുന്നത് കേട്ട് ഞാനമ്പരന്നു. അന്നും അവളുടെ നിര്‍ബന്ധപ്രകാരം തമ്പാനൂരുള്ള ഇന്ത്യന്‍ കോഫീ ഹൗസില്‍നിന്നും മസാലദോശ തിന്നിട്ടാണ് ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും പിരിഞ്ഞത്. പക്ഷേ, വിധിയുടെ പി.എസ്.സി വിധിവൈപരീത്യം പോലെ അപര്‍ണ ഏതോ ഒരു ലിസ്റ്റില്‍ കയറിക്കൂടി. ജോലി കിട്ടിയതോടെ വാട്ട്സാപ്പില്‍ അവളുടെ വരവ് കുറഞ്ഞു. ഷെയര്‍ ചെയ്യപ്പെട്ടു കിട്ടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഓണ്‍ലൈന്‍ ലിങ്കുകളും മോഡല്‍ പേപ്പറുകളും പങ്കുവെയ്ക്കുന്നതില്‍ അവള്‍ യാതൊരു മടിയും കാണിച്ചിരുന്നില്ല. പിന്നീട് രണ്ടുമാസത്തിനു ശേഷം വന്ന അപര്‍ണയുടെ കല്യാണക്കുറിയോടെ പി.എസ്.സി പരീക്ഷകളില്‍ ആവര്‍ത്തിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും പോലുള്ള വാട്സ്സാപ്പു വരവ് നിന്നു. 
അങ്ങനെ അപര്‍ണയുടെ പേരില്‍ ഒരിക്കല്‍ കൂടെ രഞ്ജനെ മലത്തിയടിക്കാനായി ഞാന്‍ ചോദിച്ചു:
അപര്‍ണ ആരുടെ പര്യായമാണ്...? 
-പാര്‍വ്വതി! 
രഞ്ജന്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ഉത്തരം പറഞ്ഞു. 
-മാത്താ ദേവസ്വം ബോര്‍ഡിന്റെ എല്‍.ഡി ക്ലാര്‍ക്ക്, സബ് ഗ്രൂപ്പ് ഓഫീസര്‍ പരീക്ഷ ഞാനും എഴുതുന്നുണ്ട് മോനെ.
അങ്ങനെ ഷൂട്ടൗട്ടില്‍ ദയനീയമായി പരാജയപ്പെട്ടതോടെ ഞാന്‍ പ്രതാപന്‍ മാഷിനെപ്പറ്റി ആലോചിച്ചുകൊണ്ടു വെറുതെ ഇരുന്നു. പ്രതാപന്‍ മാഷാണ് കോച്ചിംഗ്. കോച്ചറേ കോച്ചറേയെന്നും വിളിച്ച് ഞങ്ങളങ്ങേരെ കളിയാക്കുമെങ്കിലും സകല ജി.കെയും കാണാപ്പാഠം അറിയാമെങ്കിലും സര്‍ക്കാര്‍ പണി അങ്ങേര്‍ക്കിന്നും ബാലികേറാമലയാണ്. അലഞ്ഞുതിരിയുന്ന ഒരു നാട്ടുപ്രേതത്തെപ്പോലെ ഒരു പി.എസ്.സി ഗൈഡ് ബുക്കും കക്ഷത്തില്‍ വെച്ച് നടന്നുപോകുന്ന അങ്ങേരേതോ പഴയ സിനിമകളെ ഓര്‍മ്മിപ്പിക്കുന്നു. അങ്ങേരെ കാണുമ്പോഴൊക്ക ഞാനും രഞ്ജനും പരസ്പരം നോക്കും. ഭാവയില്‍ ഞങ്ങള്‍ ഞങ്ങളെ കാണുംപോലെ തോന്നും അന്നേരം. 

പ്രതാപന്‍ മാഷ് കുറേ വര്‍ഷം പി.എസ്.സി പ്രവാസിയായി തിരുവനന്തപുരത്തു പോയി താമസിച്ചു പഠിച്ചിട്ടുണ്ട്. ഞങ്ങടെ നാട്ടില്‍നിന്നും ശ്രീപത്മനാഭസ്വാമിയെ കണ്ടു തൊഴാനായി പോയ ശ്രീനി ഒരിക്കല്‍ മാഷിന്റെ മുറിയില്‍ പോയി താമസിച്ചിട്ടുണ്ട്. വിവിധ പി.എസ്.സി ഗൈഡുകളും പരീക്ഷാകലണ്ടറുകളും തിങ്ങിനിറഞ്ഞ ആ മുറിയില്‍ ചോദ്യങ്ങളും ഉത്തരങ്ങളും ശ്വാസംമുട്ടിച്ചതായി അവന്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. വളരെക്കാലം തിരുവനന്തപുരത്ത് പി.എസ്.സി ഒളിവുജീവിതം നയിച്ചു പരാജയപ്പെട്ട പ്രതാപന്‍ മാഷ് നാട്ടില്‍ തിരിച്ചെത്തുകയും ക്ഷയിച്ചുപോയ നായര്‍ തറവാടുകളിലൊന്നായ സ്വന്തം വീട്ടില്‍ അമ്മയ്ക്കൊപ്പം താമസം ആരംഭിക്കുകയും ശാസ്ത്രസാഹിത്യ പരിഷത്ത്, ട്യൂഷന്‍ കോച്ചിംഗ്, പി.എസ്.സി കോച്ചിംഗ് തുടങ്ങിയ പൊതുകാര്യങ്ങളുമായി പെട്ടെന്നങ്ങ് പൊതുകാര്യ പ്രസക്തനായി, അവിവാഹിതനായി അന്‍പതാം വയസ്സിന്റെ യൗവ്വനത്തിലൂടെ സഞ്ചരിക്കുന്നു. ഇതിനിടയില്‍ ഒരിക്കല്‍പ്പോലും ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിയും കുടുംബജീവിതവും അങ്ങേരുടെ വിദൂര സ്വപ്നങ്ങളില്‍പ്പോലും കടന്നുകൂടിയിട്ടില്ല. താന്‍ തോറ്റുപോയ പരീക്ഷകളിലെ ചോദ്യങ്ങളെ ഉത്തരങ്ങളാല്‍ നേരിടുന്ന മാഷിന്റെ ഇഷ്ടശിഷ്യ ഇന്ദുതന്നെയാണ്. 


'പൊരുതി നേടാം സര്‍ക്കാര്‍ ജോലി' എന്ന പരസ്യവാചകത്തോടെ ഇന്ദു ടീ സ്റ്റാളിനു മുന്‍പിലെ പോസ്റ്റില്‍ കെട്ടിയിരിക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡ് ഇവിടെയിരുന്നാല്‍ വട്ടയിലയുടെ വിടവിലൂടെ കാണാം. പി.എസ്.സി സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ ബ്രെയിന്‍ മത്സരം, ആവര്‍ത്തിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും. സൂപ്പര്‍ കോച്ചിംഗ് എന്നൊക്കെ എഴുതിയ പരസ്യപ്പലകയില്‍ പരിശീലന കേന്ദ്രത്തിന്റെ അഭിമാനമുയര്‍ത്തി എല്‍.ഡി.സി കിട്ടിയ ബിനു പി.കെയുടെ പല്ലില്‍ കമ്പിയിട്ട വെളുക്കനെ ചിരിക്കുന്ന ഫോട്ടോയും വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായി ഉദ്യോഗം കിട്ടിയ എലിസബേത്തിന്റെ കട്ടിക്കണ്ണട വെച്ച മുഖവും അടിച്ചുവെച്ചിട്ടുണ്ട്. ഫ്‌ലക്‌സിനു മുന്‍പില്‍ ഒരു ബ്ലാക്കി ചുരുണ്ടുകൂടി കിടപ്പുണ്ട്. പട്ടിക്ക് തണലുകൊടുക്കാനെന്നവണ്ണം ആ പരസ്യപ്പലക നില്‍ക്കുന്നു. 
ബിനു പി.കെയുടെ ചെലവില്‍ പ്രതാപന്‍ മാഷ് ആ ഫ്‌ലക്‌സവിടെ സ്ഥാപിക്കുമ്പോള്‍ മുക്കിലെ കടക്കാരൊക്കെ കൂടിയിരുന്നു. ദൂരെ മാറിനിന്ന് ഈ പ്രവൃത്തി പരിപൂര്‍ണ്ണമായ പുച്ഛത്തോടെ വീക്ഷിച്ചിരുന്ന എന്നെ ഇന്ദു വിളിച്ച് ഫ്‌ലെക്‌സ് പിടിച്ചുകെട്ടിച്ചു. പണ്ട് ബാലവാടിയിലെ ഉപ്പുമാവ് പുരയില്‍വെച്ച് കുറച്ച് ഉപ്പുമാവ് കട്ട് തിന്നാന്‍ ശ്രമിച്ച എന്നെ കയ്യോടെ പിടികൂടിയ പോലെയായിരുന്നു അത്. അവളന്നും ഇന്നും എന്റെ മേല്‍ ഒരു പ്രത്യേക അധികാരമുള്ളതുപോലെയാണ്  പെരുമാറുന്നത്. 
-എടാ നീ ഇന്നത്തെ വിഷയാവതരണം റെഡിയാക്കിയോ...?
രഞ്ജന്റെ ചോദ്യത്തോടെ ഞാന്‍ ഓര്‍മ്മയില്‍നിന്നും വട്ടയിലയിലൂടെ തിരികെയിറങ്ങി. ഞങ്ങളോരോരുത്തരും ഊഴമിട്ട് ഒരു വിഷയം കോച്ചിംഗ് സെന്ററില്‍ അവതരിപ്പിക്കണം. ഇത്തരം ചില തീവ്രപരിശീലനങ്ങളിലൂടെയാണ് ബിനുവിനേയും എലിസബേത്തിനേയും സര്‍ക്കാര്‍ ജോലിക്കാരാക്കിയതെന്ന് കോച്ച് ക്ലാസ്സിനെ ഉദ്ബോധിപ്പിച്ചു. ഇത് അങ്ങേര് തിരുവനന്തപുരത്തെ ചില തീവ്രപരിശീലന കേന്ദ്രങ്ങളില്‍നിന്നും ചൂണ്ടിയ ആശയമാണെന്ന് സിക്‌സര്‍ ജിനോയുടെ നിഗമനം ശംഭുവും ശരിവെച്ചിരുന്നു... എന്തായാലും പദ്ധതി കഴിഞ്ഞ കുറച്ചു മാസങ്ങളായി നടപ്പില്‍ വരുത്തിയിരിക്കുകയാണ്. 
ആധാര്‍ എന്ന വിഷയമാണ് കഴിഞ്ഞ ദിവസം സിക്‌സര്‍ ജിനോ അവതരിപ്പിച്ചത്. ആധികാരവും വിശദവുമായ ആ ആധാര്‍ അവതരണം എന്റെ മുന്‍പിലുള്ള വെല്ലുവിളിയാണ്. കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്ത്രിയായ വാജ്പേയിക്ക് സമര്‍പ്പിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടിലാണ് ഒരു പൊതു തിരിച്ചറിയല്‍ കാര്‍ഡ് എന്ന ആശയത്തിന്റെ ബീജാവാപം നടന്നതെന്ന ഇന്‍ട്രോയോടെയുള്ള ജിനോയുടെ അവതരണം ഗംഭീരമായിരുന്നു. വിഷയാവതരണത്തിനു ശേഷം ഞങ്ങളുടെ ഓരോ ചോദ്യത്തേയും ഇരുട്ട് മങ്ങിയ സന്ധ്യയ്ക്കും റബ്ബര്‍ത്തോട്ടത്തിലെ ക്രിക്കറ്റ് പിച്ചില്‍ വിക്കറ്റു പോകാതെ നിന്ന് സിക്‌സറടിക്കുന്ന ലാഘവത്തോടെ ജിനോ അടിച്ചുതീര്‍ത്തു. പ്രതാപന്‍ മാഷ് അഭിമാനപൂര്‍വ്വം അവന്റെ തോളില്‍ തലോടുകയും ഇന്ദു കെ.പി. ജിനോയുടെ കൈപിടിച്ചു കുലുക്കുകയും ചെയ്തു. 
ഇവന്‍, ഈ ജിനോ തോമസും ഉടന്‍ തന്നെ ഏതെങ്കിലും സര്‍ക്കാര്‍ ജോലി നേടി ഞങ്ങളുടെ കോച്ചിംഗ് സെന്ററിന്റെ ഫ്‌ലക്‌സില്‍ കയറുമെന്ന് രഞ്ജനെന്നോടു പറഞ്ഞു. ഞങ്ങളെപ്പോലെ പി.എസ്.സിയില്‍ പ്രായാധിക്യം ബാധിച്ചവനല്ല അവന്‍. ഈ വര്‍ഷം പ്രായപരിധി കടന്ന് കോച്ചിംഗ് സെന്ററിനു പുറത്താകാന്‍ പോവുന്ന ഞങ്ങളെക്കുറിച്ച് ഇപ്പോത്തന്നെ കുത്തുവാക്കുകള്‍ പറഞ്ഞ് പ്രതാപന്‍ മാഷ് വേദനിപ്പിക്കാറുണ്ട്. 


മിനിഞ്ഞാന്ന് കഠിനമായ പരിശീലനത്തിന്റെ അവസാനം പ്രതാപന്‍ മാഷ് ഞാന്‍ അവതരിപ്പിക്കേണ്ട വിഷയം ബാലെ നടന്മാരെപ്പോലെയുള്ള അങ്ങേരുടെ ഘനഗംഭീര ശബ്ദത്തില്‍ അവതരിപ്പിച്ചു. 
-മിസ്റ്റര്‍ മാത്തന്‍. താങ്കളുടെ വിഷയം ഇതാണ്. ഉരുക്കു മനുഷ്യന്റെ ഏകതാപ്രതിമ. വിശദമായ ഒരു അവതരണമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സര്‍ദാര്‍ജിയുടെ പ്രതിമയുടെ ചുവട്ടില്‍ പട്ടിണിപിടിച്ച പിള്ളേരിരിക്കുന്ന ഫോട്ടോയൊക്കെ നീ എനിക്ക് വാട്സാപ്പില്‍ അയച്ചുതന്ന പോലുള്ള പരിപാടി ആവരുത്. ബി സീരിയസ്. ഓകെ.
ഇന്ത്യയിലെ ഗ്രാമീണ ജനത അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഉഴലുമ്പോള്‍ കോടികള്‍ മുടക്കി പ്രതിമ നിര്‍മ്മിക്കപ്പെട്ടതിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തോടുകൂടി വിഷയാവതരണം തുടങ്ങാമെന്ന ആശയം രഞ്ജനാണ് പറഞ്ഞത്. നര്‍മ്മദാ ജില്ലയിലെ 22 വില്ലേജ് സര്‍പാഞ്ചുമാര്‍ പ്രതിമയ്ക്കെതിരെ സ്ഥലത്തെ മണ്ണ്, ജലം, വനം എന്നിവ നശിപ്പിക്കപ്പെട്ടു എന്ന ആരോപണവുമായി മുന്നിട്ടു വന്നിരുന്നു. 
തമിഴ് നടന്‍ വിജയുടെ പടമുള്ള നോട്ടുബുക്കില്‍ ഈ വിവരങ്ങളൊക്കെ ഞാന്‍ ദേശപോഷിണി വായനശാലയിലെ ചില്ലറ റിസേര്‍ച്ചിലൂടെ രേഖപ്പെടുത്തി വെച്ചത് ബാഗില്‍നിന്നുമെടുത്ത് ഞാന്‍ റഞ്ജനു കാണിച്ചുകൊടുത്തു. ഇന്ത്യയുടെ ആദ്യ ഉപ പ്രധാനമന്ത്രിയായിരുന്ന ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ ചിത്രം കൂടെ വെട്ടി നോട്ടുബുക്കില്‍ ഒട്ടിച്ചുവെച്ചത് നന്നായി. ഇന്നു ഞാനൊരു തകര്‍പ്പന്‍ വിഷയാവതരണം തന്നെ നടത്തും. ഇന്ദുവും പ്രതാപന്‍ മാഷും സിക്‌സര്‍ ജിനോയുമൊക്കെ ഞെട്ടും. എല്ലാവരും കയ്യടിക്കും. ചില പുത്തന്‍ പ്രതീക്ഷകളുമായി മത്സരപ്പരീക്ഷ നന്നായി എഴുതിയ ഒരു പി.എസ്.സി ഉദ്യോഗാര്‍ത്ഥിയെപ്പോലെ ഞാന്‍ രഞ്ജനൊപ്പം കോച്ചിംഗ് സെന്ററിലേക്ക് നടന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com