അല്ല, അതൊരു കറുത്തവീടാണ്: അശോകന്‍ എഴുതിയ കഥ

എഴുത്ത്, കൂട്ടുകൂടല്‍; ജീവിതത്തിനു നിറംകൊടുക്കുന്ന കാര്യങ്ങളാണവ.ഒരാളുമൊത്തുള്ള ജീവിതം; അമ്മയെ അത് ഉന്മേഷവതിയും തൃപ്തയുമാക്കും!
അല്ല, അതൊരു കറുത്തവീടാണ്: അശോകന്‍ എഴുതിയ കഥ

റിഷാ അമ്മയുടെ എഴുത്തു വായിക്കുകയാണ്.
റിഷു, എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്. അടുത്തമാസം ആദ്യത്തെ ആഴ്ച ഇങ്ങോട്ട് വരിക. അവന്‍ ആ സമയത്ത് ഇവിടെത്തും. നിനക്ക് അവനെ കാണാം. അവനുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് നീ എന്താണ് കരുതുക എന്നത് ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. എന്റെ സന്തോഷം, തൃപ്തി അതായിരിക്കും നിന്റെ മനസ്സില്‍. പിന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം, അമ്മയുടെ ജീവിതകഥയാണ്. അമ്മയുടെ ഡയറിക്കുറിപ്പുകള്‍, ഓര്‍മ്മവസ്തുക്കള്‍, അമ്മയോടൊത്തുള്ള എന്റെ നാളുകള്‍; അവ വെച്ചുവേണം എനിക്കത് മുഴുവിക്കാന്‍. ഇനിയും എഴുത്ത് വൈകിച്ചുകൂടാ. അവന്‍ എന്നെ സഹായിക്കാമെന്നു സമ്മതിച്ചിട്ടുണ്ട്. എഴുത്തിന് നിന്റെ നിര്‍ദ്ദേശവും അഭിപ്രായവും എനിക്കാവശ്യമാണ്. അമ്മയുടെ കുറിപ്പിലെ മങ്ങിത്തേഞ്ഞ ഭാഗങ്ങള്‍, അവ്യക്തതകള്‍; അവയൊക്കെ വായിച്ചെടുക്കേണ്ടതുണ്ട്...
നാളുകളായി അമ്മയുടെ ഒച്ചയോ അനക്കമോ ഇല്ലായിരുന്നു.
എഴുത്ത്, കൂട്ടുകൂടല്‍; ജീവിതത്തിനു നിറംകൊടുക്കുന്ന കാര്യങ്ങളാണവ.
ഒരാളുമൊത്തുള്ള ജീവിതം; അമ്മയെ അത് ഉന്മേഷവതിയും തൃപ്തയുമാക്കും! 
അല്ലെങ്കിലും ഈ പ്രായത്തില്‍ ഉണ്ടാവുന്ന പ്രണയം എന്തിനെയാണ് ന്യായീകരിക്കുന്നത്? ഉന്മേഷത്തേയും തൃപ്തിയേയും അല്ലാതെ! പ്രണയത്തിന് അങ്ങനെ ചില വ്യക്തതകളുണ്ട്. വികാരം പൊതിഞ്ഞുവരുന്ന അത് എല്ലാത്തിനേയും പുതുതാക്കി മാറ്റും. 
അമ്മയുടെ ഉന്മേഷവും തൃപ്തിയും; ഏകാന്തതയില്‍നിന്നും ഒറ്റപ്പെടലില്‍നിന്നുമുള്ള വിടുതല്‍ എന്നൊന്നും അതിനെ പറയാനാവില്ല. കാരണം, അച്ഛന്‍ ഒന്നിച്ചുള്ളപ്പോഴൊക്കെ വീട്ടിനകത്തും അയാളുടെ സാമീപ്യത്തിലും അമ്മ ഏകാന്തതയും ഒറ്റപ്പെടലും അനുഭവിച്ചിരുന്നു. 
അമ്മ അതേക്കുറിച്ച് റിഷായോട് പറയാറുണ്ട്.
അതു പറയാനായി അമ്മ ഉപയോഗിച്ച വാക്കുകള്‍, വാചകങ്ങള്‍; അവയൊന്നും ഏകാന്തതയെക്കുറിച്ചോ ഒറ്റപ്പെടലിനെക്കുറിച്ചോ കൃത്യമായ അറിവു നല്‍കുന്നവയായിരുന്നില്ല. എങ്കിലും അതിലൊക്കെ അങ്ങനെയൊന്ന് അടങ്ങിയിരുന്നു. അച്ഛനും അമ്മയും തമ്മിലുള്ള ചേര്‍ച്ചയില്ലായ്കയായിരുന്നോ അതുണ്ടാക്കിയത്? അതോ വെറുപ്പായിരുന്നോ? 
അമ്മയുടെ പറച്ചിലുകള്‍ക്ക് ചേര്‍ച്ചയില്ലായ്കയുടേയോ വെറുപ്പിന്റേയോ സ്വരമല്ല ഉണ്ടായിരുന്നത്. അത് മറ്റെന്തോ ആയിരുന്നു. അമ്മയുടെ വാക്കുകളില്‍ റിഷാ ഒരിക്കല്‍ അത് ഇങ്ങനെ കേള്‍ക്കുകയുണ്ടായി: ''വിവാഹത്തിലൂടെ അയാള്‍ ചെയ്തത് എന്റെ അവയവം കയ്യടക്കി വെക്കുകയായിരുന്നു. ഞാന്‍ അയാളുടേതും.''
അമ്മയുടെ വാക്കുകളെ എങ്ങനെയാണ് മനസ്സിലാക്കുക?
റിഷായ്ക്ക് ഇപ്പോഴും അത് തെല്ലൊരു പ്രയാസമുള്ള കാര്യമാണ്. 
വിവാഹം; ആണും പെണ്ണും ചേര്‍ന്ന് ഉണ്ടാക്കുന്ന കാണാക്കുരുക്കാണത്. അതിലെ സ്‌നേഹവും വിശ്വാസവും; അവ മൂന്നാമതൊരാള്‍ക്ക് നിയമംകൊണ്ട് വിശദീകരിക്കാവുന്ന പ്രമാണങ്ങളാണ്. 
അച്ഛന്റെ മരണമല്ല അമ്മയെ അതില്‍നിന്നും വേര്‍പെടുത്തിയത്. 
പരസ്പരമുള്ള അവരുടെ പിരിഞ്ഞുപോക്കായിരുന്നു. 
കോടതി, നിയമം; അവയിലൊക്കെയാണ് അവരുടെ ബന്ധം നിര്‍വ്വചിക്കപ്പെട്ടത്. കോടതിയും നിയമവും പിരിഞ്ഞുപോക്കിനെ പലതായി വിശകലനം ചെയ്‌തെടുക്കാന്‍ ശ്രമിച്ചു. കോടതിമുറിയില്‍ അത് കേള്‍ക്കുമ്പോഴൊക്കെ അമ്മ അതിനെ അസംബന്ധമെന്നു വിലയിരുത്തി. അമ്മയ്ക്ക് അത് ചിരിച്ചുതള്ളാനാവുന്ന വകയായിരുന്നു. അമ്മയുടെ ഏകാന്തതയും ഒറ്റപ്പെടലും; അത് അവിടെ പറഞ്ഞുകേട്ട നിയമത്തിന്റെ ആലോചനകളിലൊന്നും ഇല്ലായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട വിവാഹബന്ധം, കുഞ്ഞ്, കുടുംബം... 
ദാമ്പത്യനിയമം നിര്‍വ്വചിച്ച ജീവിതമായിരുന്നില്ല അവരുടേത്. 
നിയമവും ജീവിതവും രണ്ടും രണ്ടാണ്. രണ്ടുവഴിയെ വന്നെത്തിയ രണ്ടു കാര്യങ്ങള്‍. ജീവിതം ഒരിക്കലും നിയമത്തെ ഓര്‍മ്മപ്പെടുത്തിയില്ല. നിയമമാണ് ജീവിതത്തെ പലതും ഓര്‍മ്മപ്പെടുത്തിയത്. സ്‌നേഹം, വിശ്വാസം, ഉത്തരവാദിത്വം, ബഹുമാനം; എല്ലാം അതിന്റെ വരുതിയില്‍ ഉണ്ട്. കാരണമില്ലാതെ നിയമം രണ്ടുപേരെ പിരിഞ്ഞുപോകാന്‍ അനുവദിക്കുന്നില്ല. അതിന് എഴുതിവെയ്ക്കപ്പെട്ട കാരണങ്ങളില്‍ ഏതെങ്കിലും ഉണ്ടായിരിക്കണം. 
റിഷായുടെ അച്ഛനും അമ്മയ്ക്കും പിരിയുന്നതിനു വ്യക്തമായ കാരണങ്ങള്‍ ഇല്ലായിരുന്നു. 
എന്നിട്ടും അവര്‍ക്കത് ബോധിപ്പിക്കേണ്ടിവന്നു. തമ്മില്‍ത്തമ്മിലല്ല, കോടതിയോട്.
അതുവരെ അവര്‍ ചിന്തിക്കാത്തതും അറിയാത്തതുമായ കാരണങ്ങളായിരുന്നു അവ. 
അയാളാണ് കോടതിയില്‍ അതു പറഞ്ഞത്: 
''എനിക്കെന്റെ രതി നഷ്ടപ്പെട്ടിരിക്കുന്നു. ഇവളെ തൃപ്തിപ്പെടുത്താനുള്ള ഉണര്‍വ്വുകള്‍ എന്റെ അവയവത്തിന് ഇല്ലാതായിരിക്കുന്നു.''
അങ്ങനെ പറയുന്നതിന് ഭാര്യയോടയാള്‍ സമ്മതം വാങ്ങിയിരുന്നു. 
വസ്തുതാപരമായ തെളിവുകള്‍ക്കായി അയാള്‍ മെഡിക്കല്‍ ഡോക്കുകള്‍ കരുതിവെച്ചു. കോടതി അത് ആവശ്യപ്പെടുമെന്ന് അയാള്‍ക്കറിയാമായിരുന്നു. പിരിഞ്ഞുപോകാനുള്ള കാരണങ്ങളില്‍ ഒന്നാമത്തേതായി അതാണ് വന്നത്. ബാക്കിയെല്ലാം അതിന്റെ അനുബന്ധ ചിന്തകളായിരുന്നു. 
അയാളുടെ അവയവത്തിന് ഉണര്‍ച്ച ഇല്ലെന്ന നുണയില്‍ അമ്മ കോടതിക്കു മുന്നില്‍ ചിരിച്ചിരുന്നു. അമ്മയുടെ ഒച്ചവെച്ചുള്ള ചിരിയെ കോടതി ശാസിക്കുകയുണ്ടായി. 

കോടതിമുറിയില്‍ അന്ന് അമ്മയ്‌ക്കൊപ്പം റിഷായും ഉണ്ടായിരുന്നു. 
മതിയായ പരിശീലനമില്ലാതെ അവതരിപ്പിക്കുന്ന നാടകം പോലാണ് റിഷാ അതൊക്കെ കണ്ടുനിന്നത്. നാടകം പോലല്ല, നാടകം തന്നെയായിരുന്നു അത്. ആളുകളുടെ വേഷം, നില്‍പ്പുസ്ഥലം, വസ്തുവകകള്‍, ചലനങ്ങള്‍, കൊണ്ടുപിടിച്ച വാക്കുകള്‍, പര്യവസാനം; എല്ലാം അതുതന്നെ. 
അച്ഛന്റെ ഉണര്‍ച്ചയെക്കുറിച്ചുള്ള പ്രസ്താവമായിരുന്നില്ല നാടകത്തിന് ജീവന്‍കൊടുത്ത ആദ്യഭാവന. അങ്ങനെയാണ് അതെന്നു തോന്നാമെങ്കിലും അത് അമ്മയും അച്ഛനും പരസ്പരം വെച്ചുമാറിയ അവകാശത്തിനുമേലുള്ള ഒഴിമുറി മാത്രമായിരുന്നു. എന്തായിരുന്നു യഥാര്‍ത്ഥത്തില്‍ നാടകത്തിന്റെ ആദ്യഭാവന? റിഷായ്ക്ക് ഇതുവരേയ്ക്കും സങ്കല്പിച്ചെടുക്കാനാകാത്ത ആശയമാണ് അത്.
അച്ഛന്‍ തന്നില്‍ നിക്ഷേപിച്ചുപോയത് എന്താണെന്ന് റിഷാ ഇടയ്‌ക്കൊക്കെ ആലോചിക്കാറുണ്ട്.

ജീവനും ജീവിതവുമെന്ന് അവള്‍ ആദ്യമൊക്കെ അതിനെ കരുതി. വൈകാതെ അവള്‍ക്ക് അത് തിരുത്തേണ്ടിവന്നു. ''ഒരുപക്ഷേ, മരണമായിരിക്കും അയാള്‍ എന്നില്‍ നിക്ഷേപിച്ചുപോയത്; അയാളുടെ മരണം!'' റിഷായുടെ തിരുത്തല്‍ അതായിരുന്നു. അച്ഛനും മകളും എന്ന തൊട്ടറിവുകള്‍ നഷ്ടമായാല്‍ കണ്ടെടുക്കാവുന്ന നിക്ഷേപമാണ് അതെന്ന തോന്നലാണ് തിരുത്തലിന് ബലമായത്. 

അച്ഛന്‍ അമ്മയുടെ ശരീരത്തിലേല്പിച്ചത് മരണമല്ല. ഓര്‍മ്മയുടെ കനമായിരുന്നു.
അമ്മ അതിനെ ഓര്‍മ്മയുടെ കനം എന്നാണോ കണക്കാക്കിയിരുന്നത് എന്ന് അറിയില്ല. പിരിഞ്ഞുപോയിട്ടും അയാളുടെ ഓര്‍മ്മകള്‍ അമ്മയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്നു. സ്വപ്നത്തിലോ അല്ലെങ്കില്‍ പരിസരങ്ങളുടെ സാദൃശ്യങ്ങളിലോ ആണ് അത് വന്നെത്തുക. 
വ്യക്തിപരമായ കാര്യമായിരുന്നിട്ടുകൂടി സങ്കോചമില്ലാതെ അമ്മയ്ക്ക് അത്തരം സ്വപ്നങ്ങള്‍ റിഷായോട് പങ്കുവെയ്ക്കാന്‍ സാധിച്ചിരുന്നു.
ചിലപ്പോള്‍ റിഷായെ മുലയൂട്ടുന്നേരം അടുത്തുവന്നിരുന്ന് അയാള്‍ മുടിയിഴകളില്‍ തഴുകിയത്. അല്ലെങ്കില്‍ പ്രഭാതസവാരിക്കിടെ പതിയെ നടക്കുന്ന അവളെ കാത്തുനില്‍ക്കുന്നത്. അടുക്കളയില്‍ പാത്രം കഴുകി തുടച്ചുവെക്കുന്നത്. കിടപ്പറയില്‍, തനിക്കൊപ്പം അവളേയും രതിയുടെ വിടുതലില്‍ എത്തിക്കുന്നതിന് ''ഇതാ എനിക്കൊപ്പം നിനക്കും'' എന്നു പറഞ്ഞ് അവള്‍ക്ക് ആക്കം കൊടുക്കുന്നത്; പ്രധാനമോ അപ്രധാനമോ ആയ അത്തരം മൂഹൂര്‍ത്തങ്ങള്‍ അമ്മയെ ഇടയ്ക്ക് സന്ദര്‍ശിച്ചുകൊണ്ടിരുന്നു.

നിലതെറ്റിക്കുന്നതുപോലെ എന്തോ അനുഭവപ്പെടുത്തിയാണ് അത്തരം ഓര്‍മ്മച്ചിത്രങ്ങള്‍ അമ്മയിലേയ്ക്ക് വരുന്നത്. ഓടുന്ന ആവൃത്തിയിലേയ്ക്ക് വിസ്തരിക്കുന്ന ചിത്രങ്ങള്‍ പതിയെ മങ്ങിത്തീരുകയാണുണ്ടാവുക. അത് ജലാശയങ്ങളില്‍ കല്ലേറില്‍ തീര്‍ന്നുവരുന്ന ഓളച്ചുറ്റുപോലാണ്; ചെറിയ ആവൃത്തിയില്‍ തുടങ്ങി വലിയ ആവൃത്തിയിലേയ്ക്ക് ഇല്ലാതാവുന്ന ജലവിളുമ്പുകള്‍. 

''ജലവിളുമ്പുകളായി എത്തുന്ന ജീവിച്ച ജീവിതം!''
അമ്മ അതിനെ അങ്ങനെയാണ് പേരിട്ട് വിളിച്ചിരിക്കുക. മരണം മാത്രമല്ല, ജീവിതവും ഓര്‍മ്മകളെ ഇല്ലാതാക്കും എന്ന അറിവു തരാനാണ് അത് വരുന്നതെന്ന് അമ്മ കരുതിയിരിക്കണം.
വര്‍ഷങ്ങളായി അമ്മ മറ്റൊരാളെ കാത്തിരിക്കുകയായിരുന്നോ? 
റിഷായ്ക്ക് അത് അങ്ങനെയാണോ എന്ന് അറിയില്ല.
ആണുമൊത്തുള്ള ജീവിതം; എന്താണത്?
ശരീരത്തില്‍ മറ്റൊരാള്‍ അയാളുടെ സഞ്ചാരങ്ങള്‍ തുറക്കുന്ന അനുഭവമാണത്!
അമ്മയും തന്നെപ്പോലെ അങ്ങനെയായിരിക്കുമോ അത് അനുഭവിച്ചിട്ടുണ്ടാകുക? 
അത് മറ്റൊന്നാവാന്‍ വഴിയില്ലെന്ന റിഷായ്ക്ക് തീര്‍പ്പുണ്ടായിരുന്നു. ഒരുപക്ഷേ, അതിനെപ്പറ്റി പറയുന്നതോ വെളിപ്പെടുത്തുന്നതോ ആയ ആശയങ്ങളോ വാക്കുകളോ മാറിയെന്നിരിക്കാം എന്നിരുന്നാലും അനുഭവം ഒന്നുതന്നെയായിരിക്കും. 
ശരീരത്തിലേയ്ക്ക് മറ്റൊരാള്‍ നടത്തുന്ന സഞ്ചാരങ്ങള്‍! 

അവനവന്‍ അറിഞ്ഞ് അവനവനില്‍ അവസാനിക്കുന്ന അനുഭവമാണത്.
റിഷാ അമ്മയെ ഒടുവില്‍ കണ്ട ദിവസത്തെക്കുറിച്ച് ഓര്‍ത്തു. 
പുതിയ പ്രൊജക്ടുമായി സ്ഥലം വിടുന്നതിന്റെ ഒരാഴ്ച മുന്നേയായിരുന്നു അത്.
റിഷാ സുജിത്തിനേയും കൂട്ടിയാണ് അമ്മയുടെ അടുത്തേയ്ക്ക് പോയത്.
അമ്മ സുജിത്തിനെ ആദ്യമായി കാണുകയാണ്. അമ്മ അവനോട് അധികമൊന്നും സംസാരിച്ചില്ല. പേരുമാത്രം ചോദിച്ചറിഞ്ഞു. ഭക്ഷണമേശയില്‍വെച്ച് ''ജീവിതം അത്രയൊന്നും വിലപ്പെട്ടതല്ലെന്ന് അറിയുന്നത് നന്ന്'' എന്നു രണ്ടുപേരും കേള്‍ക്കെ അമ്മ പറയുകയുണ്ടായി. തീറ്റയിലേയ്ക്കുള്ള പ്രവേശന പ്രാര്‍ത്ഥനപോലെ എന്തോ ആയിരുന്നു അത്. ''വിലപ്പെട്ട ജീവിതത്തിനുവേണ്ടി'' എന്നു പറഞ്ഞ് സുജിത്ത് ഭക്ഷണം കഴിച്ചു തുടങ്ങിയതിന്റെ ഓര്‍മ്മ റിഷായില്‍ ഇപ്പോഴുമുണ്ട്.
വീട്ടില്‍നിന്നും ഇറങ്ങി നടക്കുന്നതിനിടെ ജീവിതത്തെക്കുറിച്ചുള്ള അമ്മയുടെ വെച്ചുപറച്ചിലിനെ എങ്ങനെയാണ് സുജിത്ത് മനസ്സിലാക്കുന്നതെന്ന് റിഷാ ചോദിക്കുകയുണ്ടായി. അതിന് അവന്‍ മറുപടി പറഞ്ഞത് ''അമ്മ ജീവിതത്തെക്കുറിച്ചല്ല സംസാരിച്ചത്'' എന്നായിരുന്നു. പിന്നെന്തിനെക്കുറിച്ചാണ് അതെന്ന് റിഷാ അവനോട് ചോദിച്ചു. അതിന് അവന്‍ അവളെ നോക്കി ചിരിക്കുകയാണ് ചെയ്തത്. പക്ഷേ, കുറച്ചിട കഴിഞ്ഞ് അവന്‍ ഇത്രയും പറഞ്ഞു: ''മരുന്നിനെക്കുറിച്ച്...'' പാതിവഴിക്ക് അവനത് അവസാനിപ്പിച്ചുവെങ്കിലും റിഷായ്ക്കുവേണ്ടി ഇങ്ങനെ മുഴുവിക്കുകയുണ്ടായി: ''മനുഷ്യന്റെ രോഗത്തെക്കുറിച്ചും മരുന്നിനെക്കുറിച്ചും!''
''നീയതിന് മരുന്നുപെട്ടിയും തൂക്കി നടക്കുന്ന ഡോക്ടറാണോ?''
സുജിത്തിനോടുള്ള റിഷായുടെ മറുചോദ്യം ഉത്തരമില്ലാത്തതായിരുന്നു.
തമ്മില്‍ പിന്നൊന്നും അവര്‍ക്ക് പറയാനുണ്ടായില്ല. രണ്ടുപേര്‍ക്കും വണ്ടിപിടിക്കേണ്ട തിരക്കായിരുന്നു.
റിഷായും സുജിത്തും രണ്ടുവഴിക്ക് അന്നു പോയതാണ്. ഇതുവരെയ്ക്കും തമ്മില്‍ കണ്ടില്ല.
റിഷാ അമ്മയെ വിട്ടുപോന്നിട്ട് നാളുകള്‍ ഏറെയായി.
റിഷാ തിരക്കുള്ള ഡിസൈന്‍ എന്‍ജിനീയറാണ്. ഒന്നിനു പിറകെ ഒന്നായി പ്രൊജക്ടുകള്‍.
ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്ട് അവസാനിക്കുന്നതിന്  ഇനിയും സമയമെടുക്കും. 
തന്റെ സാന്നിധ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള അമ്മയുടെ എഴുത്തിന് എന്തു മറുപടിയിടണമെന്ന ധാരണയിലെത്താന്‍ റിഷയ്ക്കായില്ല. 
അമ്മ എഴുതാനിരിക്കുന്ന അമ്മമ്മയുടെ ജീവിതകഥ; അതിനുള്ള അമ്മയുടെ തയ്യാറെടുപ്പുകള്‍... 
റിഷായുടെ ചിന്ത അതേക്കുറിച്ചായി.
അമ്മയുടെ ശ്രമത്തെ നിസ്സാരമായി വിലയിടാനാകില്ല. അത് ജീവിച്ചുതീര്‍ന്ന അനുഭവത്തിലേയ്ക്കുള്ള സന്ദര്‍ശനവും വീണ്ടെടുക്കലുമാണ്. 
കഴിഞ്ഞതിനോടുള്ള കണക്കുപറച്ചിലായല്ല റിഷാ അതിനെ മനസ്സിലാക്കുന്നത്. കഥകളിലേയ്ക്ക് മനുഷ്യാവസ്ഥകളെ പരാവര്‍ത്തിക്കുന്ന കൈവേലയായാണ്. ഭാവനയുടെ തടവേറ്റ് അതില്‍ നുണകളും യാഥാര്‍ത്ഥ്യങ്ങളും ആവശ്യപ്പെടുന്ന രൂപമെടുക്കും; അമ്മമ്മ ഉപേക്ഷിച്ചുപോയ വാക്കുകള്‍കൊണ്ട് അമ്മമ്മയെ ഉണ്ടാക്കിയെടുക്കുന്ന പാകവേലയാണത്. 
അതിനായി അമ്മമ്മയുടെ ഡയറിയിലെ അവ്യക്ത വിവരണങ്ങള്‍, പേരുവിവരങ്ങള്‍; അവയൊക്കെ മനസ്സിലാക്കേണ്ടതുണ്ട്. അതിന്റെ യാഥാര്‍ത്ഥ്യങ്ങളും നിഴലുകളും ചികയുന്നതിന് റിഷായ്ക്ക് എത്രത്തോളമാകുമെന്ന് അമ്മയ്ക്ക് നിശ്ചയമില്ല. എന്നിരുന്നാലും റിഷായുടെ ഭാവനയും സമ്മതവുമാണ് അമ്മ പ്രതീക്ഷിക്കുന്നത്.

രണ്ട്        

അമ്മാ, കൂടിയാല്‍ മൂന്നുമാസം. അതുകഴിഞ്ഞേ എനിക്ക് അങ്ങോട്ട് വരാനൊക്കു...
റിഷാ പ്രൊജക്ട് തീരാന്‍ ഇനിയും സമയം എടുക്കും എന്നറിയിച്ചുകൊണ്ട് അമ്മയ്ക്ക് എഴുതി.
പതിവില്ലാതെ അതേ പേജില്‍ത്തന്നെ റിഷായ്ക്ക് അമ്മയുടെ മറുപടി വന്നു.
റിഷു, അമ്മയുടെ ലോണ്ടറി നോട്ടുകള്‍; അതേക്കുറിച്ച് നീ അന്നു സംസാരിച്ചത് എന്റെ മനസ്സിലുണ്ട്. അതെനിക്ക് വിസ്തരിച്ച് എഴുതാനാകും. പക്ഷേ, അവയവങ്ങളുടെ ശ്മശാനം, കാന്റ്, കറുത്തവീട് തുടങ്ങിയ കുറിപ്പുകള്‍ എന്നെ കുഴക്കുന്നവയാണ്. നീ പറഞ്ഞതുപോലെ ഞാനവ ഗൂഗ്ള്‍ ചെയ്‌തെടുക്കാന്‍ ആവുന്നത് ശ്രമിച്ചു. പക്ഷേ, അവയൊക്കെ ഓര്‍ഫന്റ് എന്‍ട്രികളോ വാക്കിലോ വാക്കുകളിലോ അവിടെത്തന്നെ അവസാനിക്കുന്നവയോ ആണ്. ഞാനും അവനും പലതും ചര്‍ച്ചചെയ്യുന്നുണ്ട്. അവനിലെ സാമൂഹ്യചിന്തകന്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനെ സ്വീകാര്യമായവയെന്ന് ഗണിക്കാന്‍ എനിക്ക് അത്രയ്ക്കങ്ങ് ആകുന്നില്ല. ഞാന്‍ സെലുകോട്ടനെക്കുറിച്ചു പറയുമ്പോള്‍ അവന്‍ മെന്‍സ്റ്റുറല്‍ മോഡേണിറ്റി എന്നും കാന്റിനെക്കുറിച്ചു പറയുമ്പോള്‍ കാറ്റഗോറിക്കല്‍ ഇംപറേറ്റിവ് എന്നുമൊക്കെയാണ് പറയുന്നത്. എനിക്ക് തീര്‍ത്തും അപരിചിതമായ കാര്യങ്ങളാണവ. അവയൊക്കെ ജീവിതത്തിലെ ലളിതയുക്തികളെ കളയുമെന്നു ഞാന്‍ ഭയക്കുന്നു. 
പിന്നെ വ്യക്തിപരമായ മറ്റൊരു കാര്യം ഇത്രയുമാണ്: നീ പറയാറുള്ളതുപോലെ അവന്‍ എന്നില്‍ നടത്തുന്ന സഞ്ചാരങ്ങള്‍; അവയൊന്നും എന്റേതായി എനിക്ക് ഇതുവരെയ്ക്കും അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല. ഒരുപക്ഷേ, അവയൊക്കെ അവസാനിക്കുന്നത് പുതുതായ ഒന്നും കണ്ടെത്താന്‍ സാധിക്കാതെയായിരിക്കാം. എന്തായാലും ഞാന്‍ അവന്റെ സാമീപ്യം ആഗ്രഹിക്കുന്നുണ്ട്...
അമ്മയുടെ കൂട്ടുകാരനെക്കുറിച്ച് റിഷാ ആലോചിച്ചു.
എന്തായിരിക്കും അയാള്‍? 

അമ്മയുടെ ശരീരത്തില്‍ അയാള്‍ തുറക്കുന്ന സഞ്ചാരങ്ങള്‍; അയാള്‍ അമ്മയില്‍ തപ്പിത്തടഞ്ഞ് വീഴുന്നത്, അന്ധാളിപ്പില്‍ ഭീരുവായി പെരുമാറുന്നത്... അതിനെ അച്ഛനുമൊത്തുള്ള അമ്മയുടെ ജീവിതവുമായി അളക്കാനാവില്ല. അച്ഛന്‍ അമ്മയില്‍ നടത്തിയ സഞ്ചാരങ്ങളുടെ വിപരീതാവസ്ഥയായിരിക്കണം  അയാള്‍. ഭീരുത്വവും പതിയെപോക്കുമുള്ളയാള്‍! 
റിഷായോട് അമ്മ അതങ്ങനെയാണ് പറഞ്ഞത്, ''അവന്‍ പതിയെ പോകുന്നവനായിരിക്കണം. ഭീരുവിനെപ്പോലെ!'' ഒരിടെ അമ്മയോട് റിഷാ കൂട്ടുകാരനെ കണ്ടുപിടിക്കാന്‍ ആവശ്യപ്പെട്ട അവസരത്തിലാണ് അമ്മയില്‍നിന്ന് അങ്ങനൊരു വെളിപ്പെടുത്തലുണ്ടായത്.
ഭീരുത്വവും പതിയെപ്പോക്കും! 

താന്‍ അറിഞ്ഞ ആണിന്റെ വ്യവസ്ഥകളില്‍ റിഷായ്ക്ക് അമ്മയുടെ ആവശ്യങ്ങളെ അളന്നെടുക്കാനായില്ല. ഇപ്പോഴും അതേക്കുറിച്ചുള്ള സന്ദേഹങ്ങള്‍ റിഷായില്‍ അതായിത്തന്നെ അവശേഷിക്കുന്നുണ്ട്. അമ്മയുടെ അത്തരമൊരു ഭാവനയെ എങ്ങും പറഞ്ഞുകേള്‍ക്കാത്ത ഭ്രാന്തായാണ് അവള്‍ കണക്കാക്കിയിരുന്നത്. അതിപ്പോള്‍ സംഭവിച്ചിരിക്കുന്നു എന്നുവേണം കരുതാന്‍. ഭീരുത്വവും പതിയെപോക്കുമുള്ള ഒരാളെ അമ്മ കണ്ടെത്തിയിരിക്കുന്നു; അമ്മയുടെ ഭ്രാന്തന്‍ ഭാവനയ്ക്ക് ഒത്തയാള്‍! ചേര്‍ച്ചയാവാതെ കുതിക്കുന്ന വിചാരങ്ങളുടെ രണ്ടു നദികള്‍; അതായിരിക്കും അമ്മയും അയാളും; അങ്ങനല്ലാതെ തരമില്ല!

അമ്മമ്മയുടെ ജീവിതകഥ എഴുതുന്നതിന് അയാള്‍ക്ക് എങ്ങനെയാണ് അമ്മയെ സഹായിക്കാനാകുക എന്നായി റിഷായുടെ ആലോചന.
അമ്മ പറഞ്ഞതനുസരിച്ച് ഒരേ കാര്യത്തെക്കുറിച്ചുതന്നെ വിചിത്രമായ വെളിവുകളാണ് രണ്ടുപേരുടേയും ഭാവനയില്‍ പിറവിയെടുക്കുന്നത്. ആരംഭത്തില്‍ത്തന്നെ അതിന്റെ കനത്തെക്കുറിച്ച് അമ്മ മനസ്സിലാക്കിയിരിക്കുന്നു എന്നുവേണം കരുതാന്‍. സെലുകോട്ടനേയും കാന്റിനേയും കുറിച്ചുള്ള അമ്മയുടെ പരാമര്‍ശത്തില്‍ അതുണ്ട്.
കുറിപ്പുകളെ വായിക്കുന്നതിനും എഴുതിപ്പിടിപ്പിക്കുന്നതിനും അമ്മയ്ക്ക് അയാളുടെ ചിന്തകള്‍ ഒരുപക്ഷേ, സഹായകമായേക്കാം. ഒരുപക്ഷേ, എന്നേ അനുമാനിക്കാനാകൂ. എഴുത്തിന്റെ സാധ്യതയേക്കാള്‍ അതിനു വരാനിടയുള്ളത് പരിമിതിയാണെന്ന് റിഷായ്ക്ക് നിരൂപിക്കാനായി.
-അയാള്‍ എന്നും ടാങ്കുകളെക്കുറിച്ചും പോര്‍വിമാനങ്ങളെക്കുറിച്ചുമാണ്  സംസാരിച്ചത്. 
-അയാളുടെ മണം വെടിമരുന്നിന്റേയും ആശുപത്രിയുടേതുമായിരുന്നു. 
-താന്‍ ഭീരുവല്ല എന്ന് അറ്റുപോയ വലതുകാലില്‍നിന്നുകൊണ്ട് അയാള്‍ തന്റെ ദൈവത്തോട് പറയുന്നിടത്ത് ഞാന്‍ അയാളുടെ ദൈവവുമായി കലഹിച്ചു തുടങ്ങും...
അമ്മമ്മയുടെ ഇത്തരം കുറിപ്പുകളെ അമ്മയും അയാളും ചേര്‍ന്നു വിപുലപ്പെടുത്തുകയും പകര്‍ത്തുകയും ചെയ്യുമ്പോള്‍ വരാനിടയുള്ള പരിമിതികള്‍ പലതാണ്. അമ്മമ്മയുടെ ജീവിതത്തെത്തന്നെ ചിലപ്പോള്‍ അത് അപ്രസക്തമാക്കിയെന്നിരിക്കാം. പട്ടാള ഓഫീസറായ അച്ഛാച്ഛനും അയാളുടെ അറ്റുപോയ കാലും മാത്രമേ അവിടെ തെളിഞ്ഞുകാണൂ. ദൈവത്തോടുള്ള അമ്മമ്മയുടെ ചോദ്യങ്ങള്‍, തെറിവിളികള്‍; അതൊക്കെ അതോടെ വിസ്മൃതമാകും. 
അമ്മമ്മയുടെ മനസ്സില്‍ അതെഴുതുമ്പോള്‍ ബര്‍ണാഡ് ഷായുടെ ചോക്ലേറ്റ് സോള്‍ജിയര്‍ എന്ന രൂപകമാണ് ഉണ്ടായിരുന്നത് എന്ന് അമ്മയോ അയാളോ സങ്കല്പിക്കുകയാണെങ്കില്‍ അവര്‍ക്ക് അതിനുകിട്ടുന്ന തുറസ്സ് മറ്റൊന്നായിരിക്കും. അതല്ല, അവരിലൊരാള്‍ യുദ്ധം എന്ന ആലോചനതന്നെ തുടങ്ങുന്നത് എ സോള്‍ജിയര്‍ ഈസ് എ സോള്‍ജിയര്‍ ഈസ് എ സോള്‍ജിയര്‍ എന്ന വാക്യത്തിലാണെന്ന് ഉറപ്പിച്ചു പറയുകയാണെങ്കില്‍ അവിടെ അമ്മമ്മയുടെ കുറിപ്പുകള്‍ മാത്രമല്ല, അമ്മമ്മ തന്നെയുമാണ് ഇല്ലാതാകുന്നത്.
തന്റെ കാല്‍ അറ്റുപോയതിനുശേഷവും അമ്മമ്മയുടെ ശരീരത്തിന്മേലുള്ള അയാളുടെ അവകാശം; അത് അതേപടി നിലനിന്നിരുന്നു. അതിനു സാധൂകരണം എന്നോണം ''അറ്റുപോയ കാലില്‍ ചരിത്രത്തെ വീണ്ടെടുക്കാം'' എന്ന് അയാള്‍ അമ്മമ്മയോട് വീമ്പിളക്കുക പതിവാണ്. 
-ഒരു മാര്‍ച്ചിങ്ങ് സോങ്ങിന്റെ താളത്തില്‍ വീണ്ടെടുക്കാവുന്ന അറ്റുപോയ കാല്‍! 
അയാളുടെ വാക്കുകളായി അമ്മമ്മ അതങ്ങനെയാണ് എഴുതിയിരിക്കുന്നത്.
അമ്മമ്മ അയാളുടെ തടവുകാരിയായിരുന്നു.
കാലറ്റുപോയ ഒരുവന്റെ തടവുകാരി! 
അതൊരു വിചിത്ര ഭാവനയാണ്. 
അല്ല, അതൊരു യാഥാര്‍ത്ഥ്യമാണ്. 
അമ്മമ്മയുടെ ദൈവത്തോടുള്ള വെല്ലുവിളികളില്‍ അത് വായിച്ചെടുക്കാനാകും. 

-എന്നോടുള്ള തര്‍ക്കത്തിനൊടുവില്‍ ദൈവം ഇങ്ങനെ പറഞ്ഞു: ''എന്നാല്‍ നീയെന്നെ അങ്ങ് കൊന്നേക്ക്.''
-അപ്പോള്‍ ദൈവത്തിന്റെ മുഖത്ത് ഞാന്‍ കണ്ടത് പരാജിതന്റെ ഭാവമല്ല, വിജയിയുടെ ഭാവമാണ്.
അമ്മമ്മ ദൈവത്തെ കൊന്നില്ല. 
പകരം ഡയറിയിലെ പല പേജുകളിലും ദൈവത്തെ എഴുതിക്കൊണ്ടിരുന്നു. 
-അറ്റുപോയ കാലില്‍ അയാള്‍ ദൈവത്തെ കണ്ടിരിക്കണം... 
'ദൈവഹിതം' എന്ന പ്രയോഗം കൊണ്ടാണ് അതയാള്‍ അമ്മമ്മയോട് വെളിപ്പെടുത്തിയിട്ടുണ്ടാവുക. അതിനാണ് അയാളുടെ ദൈവത്തെ അമ്മമ്മ ചോദ്യങ്ങളും തെറിയുംകൊണ്ട് പരിക്ഷീണനാക്കിയത്. കുറിപ്പുകളിലെ പലവരികളും അത് പേറുന്നുണ്ട്. 
അമ്മമ്മയുടെ ദൈവത്തെക്കുറിച്ചുള്ള എഴുത്തുകള്‍ അതിന്റെ സ്വരൂപത്തില്‍ വായിച്ചെടുക്കുക; അത് അമ്മയ്ക്കും കൂട്ടുകാരനും ശ്രമകരം തന്നെയായിരിക്കും. റിഷായ്ക്ക് അതില്‍ സംശയമേതുമില്ല. 
അതൊക്കെ എന്തിനാണ് അമ്മമ്മ കുറിച്ചിട്ടതെന്ന് റിഷാ പലപ്പോഴും ആലോചിക്കാറുണ്ട്. നിറയെ, ചിന്തയും ഭാവനയും കൊണ്ടുനടക്കുന്ന ഒരാളുടെ കിറുക്കാണ് അതൊക്കെയെന്ന് ഉറപ്പിക്കുന്നിടത്ത് അവള്‍ തന്റെ ആലോചന അവസാനിപ്പിക്കുകയാണ് പതിവ്. 
അമ്മമ്മയുടെ ദൈവത്തോടുള്ള കണക്കുപറച്ചിലുകളുടെ തുടര്‍ച്ചയായി കണക്കാക്കാവുന്നതാണ് 'അവയവങ്ങളുടെ ശ്മശാനം' എന്ന കുറിപ്പ്. 
അമ്മയും അമ്മയുടെ കൂട്ടുകാരനും 'അവയവങ്ങളുടെ ശ്മശാനം' എന്നതിനെ എഴുതിവരുമ്പോള്‍ വ്യക്തതകളേക്കാള്‍ അവ്യക്തതകളില്‍ തപ്പിത്തടയാനാണ് ഇടയെന്ന് റിഷാ ചിന്തിച്ചു. കാരണം ഒരാളുടെ മുഴുവനായുള്ള മരണവും ശവമടക്കുമാണ് അവര്‍ക്കറിയാവുന്നത്. അല്ലാതെ ഏതെങ്കിലും ഒരവയവത്തിന്റെ മരണവും അടക്കവുമെന്ന ആലോചനയോ സങ്കല്പമോ അവരുടെ മനസ്സില്‍ വരില്ലെന്ന് റിഷായ്ക്ക് ഉറപ്പുണ്ട്. 
-അടുക്കിക്കൂട്ടാനാകാത്തവിധം വെടിമരുന്നില്‍ പുതഞ്ഞ് ചിന്നിച്ചിതറിയ കാലായിരുന്നു അയാളുടേത്.
-അതിനുവേണ്ടി ഒരു ഇരിപ്പുസ്ഥലവും ഗാനവും... 
തന്റെ ഭര്‍ത്താവിന്റെ അറ്റുപോയ കാലിനെ അടക്കം ചെയ്യുമ്പോള്‍ പാടേണ്ടുന്ന വിടുതല്‍ ഗാനം; ദൈവത്തോട് അത് ആവശ്യപ്പെടുന്ന അമ്മമ്മയുടെ വാക്കുകള്‍; അവയൊക്കെ വാക്കുകള്‍ മാത്രമെങ്കിലും പരസ്പരബന്ധിതമായ ആശയങ്ങളുടേതാണ്. അമ്മമ്മയുടെ ലോണ്ടറിനോട്ടുകള്‍ അതിനെ സാധൂകരിക്കുന്നവയാണ്. 
അമ്മമ്മയുടെ ലോണ്ടറിനോട്ടുകള്‍; ഏറെ വിചിത്രമാണ് അവ. 
അവയെ അതായി മാത്രം വായിച്ചെടുക്കുക എളുപ്പമാണ്. പക്ഷേ, പട്ടുപോയ അയാളുടെ കാലുമായി ചേര്‍ത്തുവെച്ച് വായിക്കുക ശ്രമകരമായ പണിയാണ്. കോട്ടെക്‌സിന്റെ ഓരോ സെലുകോട്ടണ്‍ പൊതിയഴിക്കുമ്പോഴും തന്റെ ഡയറിയില്‍ അമ്മമ്മ അതിങ്ങനെ കുറിച്ചിരുന്നു: ''ക്യാപ്റ്റനെ തീറ്റാനുള്ള എന്റെ രക്തവാര്‍ച്ച.''

യുദ്ധകാലത്തെ തന്റെ ആര്‍ത്തവത്തേയും അതിനുവാങ്ങുന്ന ഒപ്പുതുണിയായ സെല്ലുകോട്ടനെക്കുറിച്ചുമാണ് അമ്മമ്മ അത്രയും എഴുതിയിരുന്നത്. 
അമ്മയും റിഷായും ഒരിക്കല്‍ ലോണ്ടറിനോട്ടുകള്‍ക്ക് അകത്തുവരുന്ന അത് വായിക്കുകയും അതെന്താണെന്നു വിലയിരുത്തുകയും ചെയ്തിരുന്നു. ''റിഷു, അത് നമുക്ക് കൂടുതല്‍ വ്യക്തതയോടെ എഴുതേണ്ടതുണ്ട്'', സംസാരത്തിനിടെ അമ്മ അന്ന് റിഷായെ ഓര്‍മ്മപ്പെടുത്തുകയുണ്ടായി.
''ക്യാപ്റ്റനെ തീറ്റാനുള്ള എന്റെ രക്തവാര്‍ച്ച!''
അന്നത്തെ ആലോചനവെച്ച് അമ്മയ്ക്ക് അമ്മമ്മയുടെ കുറിപ്പിലെ ആ ഭാഗം നന്നായി എഴുതാനാകും.
അന്നത്തെ ആലോചനകള്‍ റിഷായുടെ ഓര്‍മ്മയിലേക്കു വന്നു. 
യുദ്ധകാല ഇംഗ്ലണ്ടിന്റെ ആഭ്യന്തര പണമിടപാടിനെ ചലിപ്പിക്കുന്നതിനും തീരുവ സ്വരൂപിക്കുന്നതിനും ഒരളവ് സഹായിച്ചത് പെണ്ണുങ്ങള്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന ഒപ്പുതുണിയായ സെലുകോട്ടനായിരുന്നു. സ്റ്റോറുകളില്‍ സൂക്ഷിച്ച സൂത്രപ്പെട്ടിയില്‍ വിരല്‍തെട്ടാല്‍ പുറത്തുവരുന്ന നിറക്കടലാസു തുണ്ടില്‍ എഴുതിക്കൊടുത്തു വാങ്ങുന്ന സെലുകോട്ടണ്‍; അതിന് സ്ത്രീയുടെ അഭിമാനമെന്നും സ്വാതന്ത്ര്യമെന്നും പേരുണ്ടായിരുന്നു. താമസിച്ചിരുന്ന കണ്ടോണ്‍മെന്റില്‍നിന്നും അതു വാങ്ങാനായി അമ്മമ്മ സ്റ്റോറുകളിലേയ്ക്ക് പോയിരുന്നു. ''അഭിമാനവും സ്വാതന്ത്ര്യവും എഴുതിവാങ്ങാനുള്ള എന്റെ പോക്കുവരവുകള്‍'' എന്നാണ് അതിന് അമ്മമ്മ കുറിപ്പെഴുതിയിരുന്നത്.
സെലുകോട്ടണിലൂടെയുള്ള പണമിടപാടുകള്‍; അമ്മമ്മയ്ക്ക് അത് നന്നായി അറിയാമായിരുന്നു. അതാണവര്‍ ഡയറിയില്‍ തന്റെ മാസമുറയെ ''ക്യാപ്റ്റനെ തീറ്റാനുള്ള എന്റെ രക്തവാര്‍ച്ച'' എന്ന് എഴുതിയത്. പോയകാലത്തെ അറിവോ അനുഭവമോ മാത്രമല്ല അത്. സൈന്യത്തെപ്പോറ്റുന്ന ഏതു രാജ്യവും ചെലവിന്റെ ഒരു പങ്ക് കണ്ടെത്തുന്നത് ഇന്നും അതില്‍ നിന്നായിരിക്കണം. ഓരോ രാജ്യത്തും അത്രയും പെണ്ണുങ്ങള്‍ രക്തമൊഴുക്കിക്കൊണ്ടിരിക്കുന്നുണ്ട്. അമ്മമ്മയുടെ ഇംഗ്ലീഷ് ജീവിതത്തിന്റെ ഒന്‍പത് വര്‍ഷക്കാലം; അത് ''ക്യാപ്റ്റനെ തീറ്റാനുള്ള എന്റെ രക്തവാര്‍ച്ച'' എന്ന തലവാചകത്തില്‍ ആവിഷ്‌കരിക്കുന്നതാണ് കൂടുതല്‍ അര്‍ത്ഥവത്താകുക. അമ്മയത് അങ്ങനെയായിരിക്കും ചെയ്യുക.
അമ്മയുടെ കൂട്ടുകാരന്‍ അതേപ്പറ്റി എന്തായിരിക്കും സംസാരിക്കുക എന്നായി റിഷായുടെ ആലോചന. 

അയാള്‍ പാരഡോക്‌സിനെക്കുറിച്ചുള്ള വിശേഷപഠനത്തില്‍ താല്‍പ്പരനാണെങ്കില്‍ സെലുകോട്ടണെക്കുറിച്ചുള്ള കുറിപ്പ് മറ്റൊരു രീതിയിലും അര്‍ത്ഥത്തിലുമായിരിക്കും വിശദമാക്കുക. ക്യാപ്റ്റനെ തീറ്റാനുള്ള അപ്പം മാത്രമല്ല രക്തവാര്‍ച്ചയെന്നും അത് പോര്‍വിമാനങ്ങളും ടാങ്കുകളും കപ്പലുകളും വാങ്ങാനുള്ള പണമാണെന്നും അയാള്‍ പറയും. ഒരുപക്ഷേ, അയാള്‍ക്ക് അതിനെ അച്ഛാച്ഛന്റെ കാലിനെ തകര്‍ത്ത ബോംബിന്റെ ഉറവിടംവരെ കൊണ്ടെത്തിക്കാനുമാകും. അതിനുവേണ്ടി അയാള്‍ അമ്മമ്മയുടെ വാക്കുകള്‍ എന്ന നിലയില്‍ പുസ്തകത്തില്‍ ഇങ്ങനെയൊരു തുടര്‍ച്ച എഴുതിച്ചേര്‍ക്കാനാണ് സാധ്യത: ''എന്റെ രക്തവാര്‍ച്ച, നിന്റെ കാലില്‍ തറച്ച വെടിമരുന്നാണ്.'' അയാളിലെ തുറന്ന ചിന്തകനെ അങ്ങനെ എഴുതാനാകൂ. മറിച്ച് അയാള്‍ കേവലവാദിയാണെങ്കില്‍ അതൊക്കെ തകിടംമറിഞ്ഞെന്നിരിക്കും.
എഴുത്തിന്റെ അസംബന്ധങ്ങളല്ല അവയെന്ന് റിഷായ്ക്ക് അറിയാം. എന്നാലും തന്റെ ആലോചനയില്‍ അവള്‍ക്ക് അറിയാതെ ചിരിപൊട്ടി. അകത്തുനിന്നും തിരയെടുത്തുവന്ന ശബ്ദംവെച്ചുള്ള ചിരിയായിരുന്നു അത്. 

മൂന്ന്

അമ്മമ്മയെക്കുറിച്ച് അമ്മ എഴുതിത്തുടങ്ങിയ പേജുകള്‍ റിഷാ മറിച്ചുനോക്കി.
റിഷായ്ക്ക് അമ്മയുടെ കൈപ്പട കുടുതല്‍ വ്യക്തതയുള്ളതായി തോന്നി. അമ്മയുടെ നേരത്തെയുള്ള കൈപ്പടയുമായി അതിനു വളരെ അന്തരമുണ്ട്. വലുതും ചെറുതുമായി വടിവില്ലാതെ വാരിവലിച്ചെഴുതുന്ന എഴുത്തല്ല അത്. കൂടുതല്‍ പക്വമതിയും വിവേകിയും എന്ന നാട്യമായിരുന്നു അന്നൊക്കെ അമ്മയ്ക്ക്. അതാണ് അമ്മയെ ചുറുചുറുക്കുമൂന്ന്ള്ളവളും വേഗതയുള്ളവളുമാക്കിയത്. വികൃതവും വക്രിച്ചതുമായ അമ്മയുടെ കൈപ്പട അവളുടെ ചുറുചുറുക്കിന്റേയും വേഗതയുടേയും ഭാഗമാണ്.
''അല്ലാ, അതൊരു കറുത്തവീടാണ്'' എന്ന തലവാചകത്തിലാണ് അമ്മ അമ്മമ്മയെക്കുറിച്ച് എഴുതി തുടങ്ങിയിരിക്കുന്നത്. തലവാചകത്തിനുനേരെ ഇടതുവശം മാര്‍ജിനില്‍ ചോദ്യചിഹ്നവും കുത്തിക്കുറിക്കലും ചേര്‍ത്തുകാണുന്നുണ്ട്.

അത് അമ്മയുടേതല്ല, മറ്റൊരാളുടെ കൈപ്പടയിലെഴുതിയതാണെന്ന് റിഷായ്ക്ക് തോന്നി. അമ്മയുടെ കൂട്ടുകാരനായിരിക്കണം അതങ്ങനെ ചെയ്തിട്ടുണ്ടാവുക. ''അല്ലാ, അതൊരു കറുത്തവീടാണ്'' എന്ന പ്രയോഗത്തിന്റെ അര്‍ത്ഥവും ഭാവവും പ്രശ്‌നമായി അയാള്‍ കരുതുന്നുണ്ടാവണം. അതാണ് ചോദ്യചിഹ്നത്തിനും കുത്തിക്കുറിക്കലിനും ഇടവരുത്തിയത്. 
'വീട് കറുത്തതാണ്' എന്ന അമ്മമ്മയുടെ കുറിപ്പില്‍നിന്നാണ് അമ്മ ജീവചരിത്രം എഴുതിത്തുടങ്ങിയത് എന്നതില്‍ റിഷായ്ക്ക് തെല്ലൊരു നിരാശ തോന്നാതിരുന്നില്ല. കാരണം അത്തരമൊരു അവസരത്തില്‍ എത്തുമ്പോഴേക്കും അമ്മമ്മ ജീവിതാവസ്ഥയുടെ എത്രയോ ഏടുകള്‍ പിന്നിട്ടിരിക്കണം. ഒരുപക്ഷേ, എഴുതിയതിനുശേഷം അവ അടുക്കുകളായിവെച്ച് ഒന്നിപ്പിക്കുകയായിരിക്കും അമ്മ ചെയ്യുക.


ഒരവസരത്തില്‍ അച്ഛാച്ഛന്‍ നിഷേധത്തിനായി മുറിക്ക് പുറത്ത് വാതില്‍ പലകയില്‍ കുറിച്ചിട്ട 'കറുത്തവീട്' എന്നതിനുമേല്‍ ധിക്കരിച്ചുകൊണ്ട് അമ്മമ്മ എഴുതിയ മാറ്റക്കുറിപ്പാണ് 'വീട് കറുത്തതാണ്' എന്നത്. അതിനെയാണ് അമ്മ വീണ്ടും 'അല്ലാ, അതൊരു കറുത്തവീടാണ്' എന്ന് തിരുത്തി എഴുതിയിരിക്കുന്നത്. 
''റിഷു, നീയത് വായിച്ചുതുടങ്ങിയോ?''
റിഷാ അമ്മയുടെ സംസാരംകേട്ട് തലയുയര്‍ത്തിനോക്കി.
''ആവശ്യം തോന്നുന്നിടത്ത് നിനക്ക് റിമാര്‍ക്ക് എഴുതാം. ഇനിയും ഇംപ്രൊവൈസ് ചെയ്യേണ്ടതുണ്ട്.''
അത്രയും പറഞ്ഞ് അമ്മ വീട്ടിനു വെളിയിലേക്ക് നടക്കുന്നതാണ് റിഷാ കണ്ടത്.
റിഷായുടെ വായനയില്‍ അമ്മമ്മ തെളിഞ്ഞുവന്നു: ചിന്തിച്ചിരിക്കുകയായിരുന്ന സുഭദ്രയെ നോക്കി ക്യാപ്റ്റന്‍ പറഞ്ഞു: ''ഭദ്രാ, ഇത്രയുമധികം നീ ഫിലോസഫിക്കലാകേണ്ട. നിന്റേത് നാട്യമാണ്, ലൈക്ക് എ ബേര്‍ഡ്. ഒരു പക്ഷിയും ഫിലോസഫിക്കലല്ല. അവരുടെ ഭാവം മാത്രമാണ് അങ്ങനെ തോന്നിപ്പിക്കുന്നത്. ദൂരത്തുനിന്നും ഒരു വെടിശബ്ദം മതി, അവ ചിന്തകരല്ലാതായി മാറും.'' സുഭദ്ര ഇരിപ്പില്‍നിന്നും അനങ്ങിയില്ല, അയാളുടെ വാക്കുകള്‍ക്ക് ചെവികൊടുത്തില്ല. ഇല്ലാത്ത കാലില്‍ എഴുന്നേറ്റുനിന്ന ക്യാപ്റ്റന്‍ തുടര്‍ന്നു: ''കിടപ്പറയില്‍ നീ അതൊന്നുമല്ല. ആയിരുന്നോ?'' ചോദ്യത്തിനു പിന്നെ അയാള്‍ അയാളുടെ മുറിയിലേക്ക് പിന്മാറി.
നേരത്തേയും അയാള്‍ സുഭദ്രയുടെ ഇരിപ്പിനെക്കുറിച്ച് ഇതേ കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. 

അന്നൊരിക്കല്‍ സുഭദ്ര എന്തോ ചിന്തിച്ചിരിക്കയായിരുന്നു. ക്യാപ്റ്റന്‍ ഫിലോസഫിക്കല്‍ എന്നു വിശേഷിപ്പിച്ചു പറയുന്ന അതേ ഇരിപ്പ്. അയാള്‍ അന്നു വീട്ടിലുണ്ടായിരുന്നില്ല. ചിന്തിച്ചിരിക്കുന്ന അവളുടെ അടുത്തേക്ക് മകള്‍ വന്നുംപോയുമിരുന്നു. വിരലുകള്‍കൊണ്ടു തൊട്ടും ചെറിയ ശബ്ദമുണ്ടാക്കി ഉരുമ്മിയുമാണ് അവള്‍ അമ്മയെ പലവുരു കടന്നുപോയത്. അവള്‍ക്ക് അമ്മയെ ആലോചനയില്‍നിന്നും ഉണര്‍ത്തണമായിരുന്നു; ഇരിപ്പില്‍നിന്നും വിടുവിച്ചെടുക്കണമായിരുന്നു. അമ്മയുടെ ഇരിപ്പും ആലോചനയും എന്തിനുവേണ്ടിയെന്ന് മകള്‍ക്കറിയില്ല. അതില്‍ എന്തോ വേണ്ടാതിനം അവള്‍ അനുഭവിക്കുന്നുണ്ട്... 
അമ്മമ്മയെ മുന്‍നിര്‍ത്തി അമ്മ അമ്മയെക്കുറിച്ചാണ് എഴുതുന്നതെന്ന് റിഷാ ചിന്തിച്ചു. 
എഴുത്ത് അങ്ങനെയാണ് മുന്നേറുന്നത്. നിര്‍ത്തിയേടത്തുവെച്ച് റിഷാ വീണ്ടും വായിച്ചുതുടങ്ങി.
...അവളുടെ പാവയെ അവള്‍ അമ്മയുടെ മടിയില്‍ വച്ച് പുറത്തേക്കു നടന്നു. സുഭദ്രയ്ക്ക് വാതില്‍പ്പടി കടന്നുപോകുന്ന മകളെ നോക്കാതിരിക്കാനായില്ല. നോക്കിയെങ്കിലും അവള്‍ ഇരിപ്പില്‍നിന്ന് എഴുന്നേല്‍ക്കുകയുണ്ടായില്ല. അവള്‍ക്ക് മകളെ പിന്‍തുടര്‍ന്നു ചെല്ലണമെന്നുണ്ടായിരുന്നു. പക്ഷേ, അവള്‍ക്കതിനായില്ല. മകള്‍ അപ്രത്യക്ഷയായി സമയം എത്ര കഴിഞ്ഞെന്ന കണക്കുകൂട്ടലിലാണ് അവള്‍ എഴുന്നേറ്റത്. സമയം ഒരുപാട് പിന്നിട്ടിരുന്നു. പതിയെ അവള്‍ വാതില്‍ കടന്നു പുറത്തെത്തി. അവളുടെ കയ്യില്‍ മകള്‍ വെച്ചേച്ചുപോയ പാവയുണ്ടായിരുന്നു. പാവയെ കയ്യേന്തിയ അവള്‍ക്ക് കുട്ടിയുടെ ഭാവമായിരുന്നു. അല്ല, അവള്‍ കുട്ടിതന്നെയായിരുന്നു. പാവയേന്തിയ കുട്ടി; തന്റെ മകളുടെ അത്രയും വരുന്ന ചെറിയൊരു പെണ്‍കുട്ടി! 
വീടിരിക്കുന്ന സ്ഥലത്തെ തോട്ടത്തില്‍ സുഭദ്ര മകളെ തിരയുകയാണ്. വെടിപ്പില്‍ വെട്ടിയൊരുക്കിയ ചെടികളുടെ മറവില്‍ എവിടെങ്കിലും മകളെ കാണുമെന്ന് അവള്‍ പ്രതീക്ഷിക്കുന്നുണ്ട്. അവളെ എത്രയും വേഗം കണ്ടെടുക്കണമെന്ന ധൃതിയോ ഉല്‍ക്കണ്ഠയോ അവളിലില്ല. അവള്‍ നടക്കുകയാണ്.
സുഭദ്ര കണ്ടത് തോട്ടത്തിന്റെ ഒരറ്റത്ത് ചെടികള്‍ ഒഴിഞ്ഞിടത്ത് മകള്‍ നില്‍ക്കുന്നതാണ്. അവളിപ്പോള്‍ കുട്ടിയല്ല; തന്നെപ്പോലെ വലുതായൊരു സ്ത്രീയാണ്. അവളെ അപേക്ഷിച്ച് രൂപത്തിലും വലിപ്പത്തിലും താനാണ് കുട്ടിയെന്ന് സുഭദ്രയ്ക്ക് അറിയാനായി. പാവയേന്തി നടക്കുന്ന കുട്ടിയായി സുഭദ്ര. രൂപഭാവങ്ങള്‍ പരസ്പരം വെച്ചുമാറിയ രണ്ടുപേരാണ് സുഭദ്രയും മകളുമിപ്പോള്‍...
അമ്മമ്മയുടെ ജീവിതം ഫിക്ഷന്റെ രൂപം കൈകൊള്ളുന്നതായി റിഷായ്ക്ക് തോന്നി. 
അമ്മ ശ്രമിക്കുന്നത് അമ്മമ്മയുടെ ജീവിതത്തിലൂടെ തന്നെത്തന്നെ വീണ്ടെടുക്കാനായിരിക്കണം. അമ്മയും മകളും തമ്മിലുള്ള ബന്ധം, അതിലെ ശൂന്യതകള്‍, വിള്ളലുകളും അകല്‍ച്ചയും അമ്മ അവയൊക്കെ മറ്റൊന്നായി ഭാവന ചെയ്‌തെടുക്കുകയാണ്. തലവാചകം വായിച്ചപ്പോള്‍ റിഷായ്ക്ക് തോന്നിയ നിരാശ ഇപ്പോള്‍ ഇല്ലാതായി. അമ്മയുടെ എഴുത്ത് അവനവനെ തേടലാണെന്ന തോന്നലാണ് റിഷായിലുണ്ടാക്കിയത്.
റിഷാ വായന തുടര്‍ന്നു.
...മകള്‍ക്കടുത്തെത്തിയ സുഭദ്ര അവളെ നോക്കിനിന്നു. മകളുടെ ശരീരത്തില്‍ കനംവെച്ച് ഉറുമ്പുകള്‍ നിരങ്ങുന്നത് സുഭദ്രയ്ക്ക് കാണാനായി. അവളുടെ ശരീരത്തില്‍നിന്നും പരശ്ശതം ഉറുമ്പുകള്‍ പുറപ്പെട്ടുവരികയാണ്. അവളുടെ അകത്ത് അവയുടെ വന്‍സങ്കേതം ഒളിഞ്ഞിരിപ്പുണ്ടെന്ന മാതിരിയാണ് അതിന്റെ കാഴ്ച.
ഉറുമ്പുകളില്‍നിന്നും മകളെ രക്ഷിച്ചെടുക്കണമെന്ന ഗൗരവം അവളില്‍ കണ്ടില്ല. മകള്‍തന്നെ അവിടേയ്ക്ക് വിളിക്കുന്നു എന്ന ഭാവത്തില്‍ അവള്‍ മകള്‍ക്കടുത്തേയ്ക്ക് നടക്കുകയും അവളോട് ചേര്‍ന്നുനില്‍ക്കുകയുമാണുണ്ടായത്.
മകളെ ചേര്‍ന്നുനിന്ന സുഭദ്ര ഉറുമ്പുകളെ അനുഭവിച്ചുതുടങ്ങി. കാല്‍പ്പാദത്തില്‍നിന്നും മുകളിലേയ്ക്ക് അവ അരിച്ചെത്തുന്നത് അവള്‍ അറിഞ്ഞു. ഉറുമ്പുകളുണ്ടാക്കുന്ന ഇക്കിളികള്‍, കടിപ്പുകള്‍, എരിച്ചിലുകള്‍; അവളുടെ ശ്രദ്ധയും ബോധവും അതായി മാറി. അവളുടെ ശരീരത്തിന്റെ അളവുകള്‍, കയറ്റിറക്കങ്ങള്‍; അവ ഉറുമ്പുകളുടെ സഞ്ചാരങ്ങളുടെ അളവും പരിധിയുമായി. അതുണ്ടാക്കിയിരുന്ന ഇക്കിളിയും കടിപ്പും എരിവും അവളില്‍ അറിയെ മാഞ്ഞുതുടങ്ങി. ഇപ്പോള്‍ ആകെ അറിയാവുന്നത് ഉറുമ്പുകളുടെ അകത്തേക്കുള്ള സഞ്ചാരവേഗവും അതുണ്ടാക്കുന്ന ശബ്ദവുമാണ്. ഒഴുക്കന്‍ ചരിവിലൂടെ പുതുധാന്യമണികള്‍ പുതഞ്ഞൊഴുകുന്ന വേഗവും ശബ്ദവുമാണത്. അമ്മയും മകളും ഇപ്പോള്‍ ഉറുമ്പുകളുടെ വന്‍മേടാണ്.
മകളാണ് സുഭദ്രയെ കൈപിടിച്ച് പോകാന്‍ വിളിച്ചത്. 
കണ്ണുതുറന്ന സുഭദ്ര കണ്ടത് ഉറുമ്പിന്‍പറ്റം മാഞ്ഞുപോയതാണ്. സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ അതെന്ന് അവള്‍ക്ക് തീര്‍പ്പാക്കാനായില്ല. അവള്‍ മകളേയും കൂട്ടി അകത്തേക്ക് നടന്നു.
''മമ്മായ്ക്ക് ഉറുമ്പുകളോട് കൂട്ടുകൂടാനറിയില്ല!'' നടപ്പിനിടെ മകള്‍ പറഞ്ഞു.
''എന്താണങ്ങനെ?'' സുഭദ്ര മകളുടെ നേരെ നോക്കി.
''മമ്മായെ വിട്ട് അവ എന്റെ അകത്താണ് കൂട്ടുകൂടിയിരിക്കുന്നത്. എനിക്കവയെ ഇപ്പോഴും അറിയാനാകുന്നുണ്ട്.'' 
''അതെയോ! നീ അതൊക്കെ വെച്ചോളു. മമ്മായ്ക്ക് അതേക്കുറിച്ച് അറിവില്ല.'' മകള്‍ക്കുള്ള അംഗീകാരമെന്നോണമാണ് സുഭദ്ര അത്രയും പറഞ്ഞത്. 
സുഭദ്ര അതില്‍പ്പിന്നെയാണ് പാവകളെ വാങ്ങിത്തുടങ്ങിയത്. മകള്‍ക്കുവേണ്ടിയല്ല. തനിക്കുവേണ്ടിയായിരുന്നു അത്. മകള്‍ ഉപേക്ഷിച്ച പാവയില്‍...
അതിന്റെ വായനയില്‍ റിഷായ്ക്ക് മുറിഞ്ഞുപോക്കോ വലിവോ അനുഭവപ്പെട്ടു. അവള്‍ മാര്‍ജിനില്‍ പെന്‍സില്‍കൊണ്ട് ഇവിടം നന്നാക്കണമെന്ന് കുറിപ്പെഴുതി.
...മകള്‍ ഉപേക്ഷിച്ച പാവയില്‍നിന്നും തുടങ്ങുന്നതായിരുന്നു സുഭദ്രയുടെ പാവഭ്രമം. അവള്‍ പാവകളെ വാങ്ങിക്കൂട്ടി. പാവകളെ അവള്‍ ഉടുപ്പണിയിച്ചും അലങ്കരിച്ചും കൊഞ്ചിച്ചും വളര്‍ത്തി. അവരുടെ വീടെന്ന് സങ്കല്പിച്ച് അവര്‍ക്ക് മാത്രമായൊരു മുറിയൊരുക്കി.
ഓരോ പാവയെ കൊണ്ടുവരുമ്പോഴും അതിന്റെ പൊതിപ്പെട്ടിയില്‍ അടക്കം ചെയ്ത സുഖവാഗ്ദാന കാര്‍ഡ് സുഭദ്ര ക്യാപ്റ്റന് വായിക്കാനായി കണ്‍സോള്‍ ടേബിളില്‍ കരുതിവെക്കും. 


നിങ്ങള്‍ക്ക് ആനന്ദവും സൗന്ദര്യവും തരാനാണ് ഞാന്‍ വന്നത് എന്ന ഉറപ്പ്, അല്ലെങ്കില്‍ നിങ്ങളോട് എന്നും കൂട്ടുകൂടാനാണ് ഞാന്‍ വന്നതെന്ന വിവരം, അതുമല്ലെങ്കില്‍ നിങ്ങളുടെ ഏകാന്തതയില്‍, രാത്രികളില്‍. രാവിലെകളില്‍ ഞാന്‍ അരികില്‍ ഉണ്ടെന്ന കരുതല്‍; അങ്ങനെ ഒന്നായിരിക്കും പാവയ്‌ക്കൊപ്പം അടക്കംചെയ്ത കട്ടിക്കടലാസില്‍ ഭംഗിയായി അച്ചടിച്ച സുഖവാഗ്ദാന കാര്‍ഡില്‍ ഉണ്ടാവുക. അതാണവള്‍ ക്യാപ്റ്റന്റെ കാഴ്ചയ്ക്കായി മേശമേല്‍ വെക്കുന്നത്.
വായിക്കുന്ന ഓരോ കാര്‍ഡും ക്യാപ്റ്റന്‍ ലൈറ്റര്‍ തെളിച്ച് എരിച്ചുകളയും. ഇല്ലാത്ത കാലില്‍ എഴുന്ന് നിന്നാണ് അയാളത് ചെയ്യുക. കട്ടിക്കടലാസുതുണ്ട് കത്തുന്ന കാഴ്ചയില്‍ അകപ്പെടുന്ന അയാള്‍ വിരലുകള്‍ പൊള്ളിത്തുടങ്ങുമ്പോള്‍ ആയിരിക്കും അത് കൈവിടുക. യുദ്ധംചെയ്യുന്ന ഭാവം അയാള്‍ക്കതില്‍ അനുഭവിക്കാനായില്ല. കത്തുന്ന കടലാസുതുണ്ടില്‍നിന്നും കണ്ണില്‍ തെളിയുന്ന തീയുടെ ആളലും പുകയുടെ മറയും അയാളിലെ ക്യാപ്റ്റനെ നിസ്സാരനാക്കിക്കൊണ്ടിരുന്നു. 
ക്യാപ്റ്റന് സമനിലതെറ്റുന്നതെന്തോ അതിലുണ്ടായി. 
സുഭദ്ര പാവകളെ സൂക്ഷിക്കുന്ന മുറിക്കു പുറത്ത് അയാള്‍ 'കറുത്തവീട്' എന്ന എഴുത്ത് ഒട്ടിച്ചു. അവള്‍ക്കുള്ള ശിക്ഷയോ വിലക്കോ ആയിരുന്നു അത്. കുറിപ്പ് പ്രത്യക്ഷപ്പെട്ടതിന്റെ അന്നുതന്നെ സുഭദ്ര അവിടെ 'വീട് കറുത്തതാണ്' എന്ന മാറ്റക്കുറിപ്പ് ഒട്ടിച്ചു. 
''മമ്മാ, ഇതൊരു കറുത്തവീടാണ്. മമ്മാ അങ്ങനൊന്ന് എഴുതിവെക്ക് അവിടെ.''
മകള്‍ ഒരിക്കല്‍ അവിടേയ്ക്ക് വിരല്‍ചൂണ്ടി സുഭദ്രയോട് പറഞ്ഞു.
സുഭദ്ര മകളെ കേട്ടില്ല. 'ഇതൊരു കറുത്തവീടാണ്' എന്ന് മാറ്റി എഴുതിയില്ല.
സുഭദ്ര വീട് വിട്ടുപോകുന്നതുവരെ  'വീട് കറുത്തതാണ്' എന്നത് അവിടെ അങ്ങനെ കിടന്നു. 

നാല്

റിഷാ ഡ്രോയിങ്ങ് പരിശോധിച്ചു. അതിന് പരിഹരിക്കേണ്ടതായ കുഴപ്പമൊന്നുമില്ല. 
ഡ്രോയ്ങ്ങിലെ അളവും പീ ബഡിയുടെ അളവും ഒത്തുനോക്കി. 
രണ്ടും തമ്മില്‍ വ്യത്യാസം കാണുന്നുണ്ട്.
ഡിസൈനിന്റെ പ്രശ്‌നമല്ല അത്. പ്രൊഡക്ഷനില്‍ വന്ന പിഴവാണ്. 
ഡ്രോയിങ്ങിലോ അളവുകളിലോ മാറ്റം ആവശ്യമില്ല. 
അകത്തേക്ക് വെയ്ക്കുന്ന അതിന്റെ വിളുമ്പ് മില്ലിമീറ്റര്‍ അധികം തള്ളിനില്‍ക്കുന്നു. 120 ഡ്രിഗ്രിയില്‍ കൃത്യതപ്പെടുത്തിയ താഴേക്കുള്ള ചരിവ് അതിലൂടെ അതിന് നഷ്ടമായിരിക്കുന്നു. ഉപയോഗസമയത്ത് അതുകൊണ്ട് അതിനെ അധികം അകത്തേയ്ക്ക് ചെരുതേണ്ടതായി വരുന്നുണ്ട്.
കയ്യിലുള്ള പീ ബഡിയുടെ പിന്നറ്റത്ത് റിഷാ വിരലോടിച്ചു. 
വിരല്‍ അമര്‍ത്തലില്‍ ഒഴുക്കുപാത്തിയായി തുറക്കുന്ന കടലാസുസൂത്രം! 
റിഷാ അത് കയ്യിലെടുത്ത് തുറന്നും അടച്ചുംകൊണ്ടിരുന്നു.
മില്ലിമീറ്റര്‍ അളവിലെ അതിന്റെ വ്യത്യാസം; അതിന്റെ തുറന്നരൂപത്തിലും പ്രകടമാണ്. 

കസ്റ്റമര്‍കെയറിലേക്ക് വന്ന പരാതികളും നിര്‍ദ്ദേശങ്ങളും; ശരിയാണവ.
ഉപയോഗിക്കുമ്പോള്‍ റിഷായ്ക്കും അകത്ത് അങ്ങനൊന്നു അനുഭവമായിട്ടുണ്ട്. 
അവളത് അത്ര കാര്യമാക്കിയിരുന്നില്ല.
മൂത്രമൊഴിക്കാന്‍ എടുക്കുന്ന ഏതാനും മിനിട്ടുകള്‍; അതില്‍ ഏതെങ്കിലും നിമിഷങ്ങളിലൊന്നില്‍ കൈയനക്കം കൊണ്ട് അതിന്റെ വിളുമ്പുകള്‍ അകത്തുതട്ടിയുണ്ടാക്കുന്ന കിരുപ്പ്: അതിനി ഉണ്ടാവില്ല.
റിഷാ കമ്പനിക്ക് റിപ്പോര്‍ട്ട് അയച്ചു. ഡിസൈനിന്റേയോ അളവിന്റേയോ പിഴവല്ല. നിര്‍മ്മിതിയിലെ പിഴവാണ്. മാര്‍ക്കറ്റിലെത്തിയവ പിന്‍വലിക്കുക: പുതിയവ എത്തിച്ചുകൊടുക്കുക.
വര്‍ക്ക്ലോഗില്‍ അവള്‍ വര്‍ക്ക് അറ്റ് ഹോം എന്നു രേഖപ്പെടുത്തി.
പീ ബഡിയുടെ മേലുള്ള എഴുത്തില്‍ റിഷായ്ക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 
പ്രീഡം ടു സ്റ്റാന്‍ഡ് ആന്റ് പീ!

വസ്തുക്കള്‍ ശരീരത്തിന്റെ, അല്ലാ ജീവിതത്തിന്റെ തന്നെ വിപുലനമാണെന്ന് റിഷായ്ക്ക് അറിയാം.
ഇച്ഛകളെ വസ്തുക്കളില്‍ ഒളിപ്പിച്ചു നല്‍കുന്ന സൂത്രമാണ് അത്.
ഇന്നു മാത്രമല്ല, എന്നും അതങ്ങനെയായിരുന്നു. 
അമ്മമ്മയുടെ കുറിപ്പുകളില്‍ കാണുന്ന സെല്ലുകോട്ടന്‍; അത് സ്ത്രീകളെ അനുഭവിപ്പിക്കുന്ന അഭിമാനവും സ്വാതന്ത്ര്യവും; പീ ബഡി നല്‍കുന്ന സ്വാതന്ത്ര്യവും അതുപോലൊന്നാണ്. 
അമ്മമ്മയുടേയും അമ്മയുടേയും ശരീരത്തില്‍നിന്നും റിഷായിലേക്ക് നീളുന്ന സമങ്ങള്‍ അത്തരം വസ്തുക്കളിലൊക്കെയുണ്ട്. 
എന്താണ് അതിലെ സ്വാതന്ത്ര്യമെന്നും എന്താണ് അതിലെ അഭിമാനമെന്നും ആലോചിക്കുമ്പോള്‍ റിഷാ കുഴങ്ങുകയാണ്. വ്യക്തതകളില്‍നിന്നും അവ്യക്തതകളിലേക്കുള്ള വഴുതിപ്പോക്കാണതില്‍. ആകെ എത്തിപ്പെടാനാവുന്നത് പെണ്ണിന്റെ അവയവവും വിസര്‍ജ്ജ്യവും വസ്തുക്കളിലൂടെ പണമായി ഭാഷാന്തരീകരിക്കാനാകും എന്ന തീര്‍പ്പിലേക്കാണ്. പെണ്ണിന് തന്റെ അവയവത്തേയും വിസര്‍ജ്ജ്യത്തേയും കഥകളാക്കി പറയാവുന്ന അവസരങ്ങള്‍; അതാണ് അവ നല്‍കുന്നത്.
'റിഷു...' അമ്മയുടെ വിളികേട്ട് റിഷാ പുറത്തേയ്ക്കു നോക്കി 
അമ്മ മുറിക്ക് പുറത്തുനിന്നു സംസാരിക്കുകയാണ്.
''അവന്‍ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്. ഇനി അറിയില്ല വരവ് മാറ്റുമോ എന്ന്. അവനില്ലെങ്കിലും നമുക്ക് കാര്യങ്ങള്‍ ആലോചിക്കാം.''
''ശരി'' എന്നു പറയുന്നതിനിടെ അമ്മ സംസാരം തുടര്‍ന്നു.
''ഇന്ന് ലഞ്ച് നിന്റെ ഇഷ്ടത്തിനാണ്. അടുക്കളക്കാരിയോട് എന്തൊക്കെ വേണമെന്ന് പറഞ്ഞിട്ടുണ്ട്.''
വര്‍ത്തമാനം കഴിഞ്ഞ് അമ്മ ധൃതിയുണ്ടെന്ന മട്ടില്‍ അപ്രത്യക്ഷയായി. അമ്മയില്‍ നേരത്തെയുണ്ടായിരുന്ന ചുറുചുറുക്കും വേഗതയും മയപ്പെട്ടത് റിഷായ്ക്ക് കാണാനായി.
റിഷാ കംപ്യൂട്ടര്‍ മാറ്റിവെച്ച് അമ്മമ്മയുടെ ജീവചരിത്രം മറിച്ചുനോക്കി. പുതിയ അധ്യായമോ പേജോ ആയിരുന്നു അത്. എഴുത്ത് തുടങ്ങുന്നത് മുഖവുരയൊന്നും ഇല്ലാതെയാണ്. അവളത് വായിച്ചു തുടങ്ങി:
സുഭദ്രയും മകളും അടുത്തടുത്ത് നില്‍ക്കുകയായിരുന്നു. മകള്‍ സുഭദ്രയെ തലയുയര്‍ത്തി നോക്കി. എന്തോ ചോദിക്കാനുള്ള പുറപ്പാടിലാണ് മകളെന്ന് സുഭദ്രയ്ക്ക് അറിയാം. നോക്കുകയല്ലാതെ അവള്‍ ഒന്നും മിണ്ടിത്തുടങ്ങിയില്ല. 
''മമ്മ...''
പറഞ്ഞു തുടങ്ങിയെങ്കിലും അവളുടെ വാക്കുകള്‍ മമ്മാ വിളിയില്‍ നിന്നുപോയി.
അവള്‍ വാക്കുകള്‍ തിരയുകയാണ്. മുതിര്‍ന്നവരുടെ ലോകത്തിലേക്കു ചേര്‍ന്ന വാക്കാണ് അവള്‍ക്ക് വേണ്ടത്. അമ്മയോടുള്ള ചോദ്യങ്ങളാണ് അവളുടെ മനസ്സില്‍.
എന്ത് ചോദ്യമാണ് അവളിലെന്ന് സുഭദ്രയ്ക്ക് ഊഹിക്കാനായില്ല. അവള്‍ക്കറിയാവുന്ന വാക്കുകളില്‍ അവള്‍ അത് പറയുന്നതിന് സുഭദ്ര കാത്തുനിന്നു.
''മമ്മാ, മമ്മായെന്തിനാ ഗ്ലൂമിയാകുന്നേ?''
അവള്‍ അത് കണ്ടെടുത്തിരിക്കുന്നു. ഗ്ലൂമി!
എവിടുന്നാണ് അവള്‍ക്ക് ഗ്ലൂമി എന്ന വാക്കു കിട്ടിയത്? വായിക്കുന്ന കഥയില്‍നിന്നായിരിക്കണം!
ആലോചനയ്ക്കിടെ മകള്‍ വര്‍ത്തമാനം തുടരുന്നത് സുഭദ്ര കേട്ടു.
''മമ്മാ അതിന് കണ്‍ഫൈന്‍ഡ് ആണോ, ഗ്ലൂമിയാകാന്‍?''
''അല്ലെന്ന് ആരുപറഞ്ഞു?''
''കഥാപാത്രങ്ങളല്ലേ അങ്ങനെയാകുക!''
മകളുടെ മനസ്സില്‍ അമ്മ കഥാപാത്രമാണ്; കറുത്തവീട്ടില്‍ അടയ്ക്കപ്പെട്ട മുതിര്‍ന്നൊരു പെണ്‍കുട്ടി. ക്യാപ്റ്റനാണ് അമ്മയെ അങ്ങനെ ചെയ്തിരിക്കുന്നത്. ഇറക്കക്കോവണിയില്ലാത്ത വീടിന്റെ മേല്‍നിലയിലാണ് അവള്‍ ഉള്ളത്. അയാള്‍ അവളുടെ കുപ്പായം അഴിച്ചുമാറ്റുകയും മുടി കത്രിക്കുകയും ചെയ്തിരുന്നു. അവള്‍ കുപ്പായം കൂട്ടിത്തുന്നി ചിറകുകെട്ടി ആകാശത്തേക്ക് പറക്കരുത്. അവള്‍ മുടിപിരിച്ചുകെട്ടി കയറാക്കി നിലത്തേക്ക് ഇറങ്ങരുത്. അതിനാണ് അങ്ങനെ ചെയ്തത്. നിറയെ തീറ്റസാധനങ്ങളും അലങ്കാരങ്ങളും കരുതിവെച്ച വീടാണ് അത്. അവള്‍ക്ക് അവയൊന്നും വേണ്ട. അവള്‍ തനിക്ക് ഉപകാരവുമായി വരുന്ന ഫെയറിയെ കാത്തിരിക്കുകയാണ്. അവള്‍ക്ക് ആകാശത്തു പറക്കേണ്ട; ഭൂമിയിലേക്ക് ഇറങ്ങി ഓടുകയാണ് വേണ്ടത്. അതിനവള്‍ക്ക് തന്റെ മുറിച്ചുകളഞ്ഞ മുടി വളരണം. അതിനുള്ള സൂത്രവും കൊണ്ടുവരുന്ന ആളിനെ വേണം. അതിനുപിന്നെ അവള്‍ക്ക് മുടി പിന്നിമെടഞ്ഞ് കയറാക്കി അതിന്മേല്‍ ഊര്‍ന്ന് താഴേയ്ക്കിറങ്ങി രക്ഷപ്പെടണം...
''മമ്മായ്ക്ക് സമയം വരും അപ്പോ രക്ഷപ്പെട്ട് പോകാലോ!'' 
''എവിടേയ്ക്ക്?''
മകള്‍ക്ക് എവിടെന്നു പറയാനായില്ല. 
''പറയാം...''
മകളെ ആലോചിക്കാന്‍ വിട്ട് സുഭദ്ര കസാരയിലേയ്ക്ക് ചാഞ്ഞു.
''യു..., എ സ്ലട്ട് വിത്ത് ഡോള്‍സ്...'', സുഭദ്രയുടെ മനസ്സില്‍ ക്യാപ്റ്റന്റെ വാക്കുകള്‍ വന്നുപെട്ടു. 
കലഹത്തിന്റേയും മല്‍പ്പിടുത്തത്തിന്റേയും പതിവുകള്‍; രാവിലെയായിരുന്നു അത്. 
ക്യാപ്റ്റന്‍ തന്റെ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു. പ്രാര്‍ത്ഥിക്കുന്ന അയാളെ സുഭദ്ര പരിചയമില്ലാത്ത ഒരാളെപ്പോലെ നോക്കുകയുണ്ടായി. 
''സ്ലട്ട്...'' ക്യാപ്റ്റന്‍ തന്റെ പ്രാര്‍ത്ഥന അവസാനിപ്പിച്ചത് സുഭദ്രയ്ക്ക് നേരെയുള്ള തെറിയിലാണ്.
അവളില്‍ കണ്ട അവഗണനയുടെ നോട്ടമാണ് അതിനു വഴിവെച്ചത്. 
''അതെ, നിന്റെ ദൈവത്തോട് ഞാന്‍ കലഹിക്കുന്നു'' ക്യാപ്റ്റന്റെ സ്ലട്ട് വിളിയില്‍ സുഭദ്ര തിരിച്ചുപറഞ്ഞു.
''ദൈവത്തോട് അല്ല, എന്നോടാണത്!''
''നിന്റെ കൈയില്‍ വെടിക്കോപ്പുകള്‍ ഇല്ലേ? കഴിയുമെങ്കില്‍ നീ എന്നോട് യുദ്ധം ചെയ്യ്!''
തലേദിവസം രാത്രിനേരത്തെ വഴക്കിന്റെ തുടര്‍ച്ചയായിരുന്നു അത്. 
രാത്രിനേരം ക്യാപ്റ്റന്‍ അയാളുടെ അച്ഛനെ തെറിവിളിച്ചാണ് തുടങ്ങിയത്. 
''കൃഷിക്കാരന്‍... എനിക്കത് സുപ്പിരിയേര്‍സിനോട് വെളിപ്പെടുത്തുന്നതിന് ലജ്ജിക്കേണ്ടിവന്നു. കൃഷിക്കാരന്റെ മകന്‍! അതു കേട്ടപ്പോള്‍ അവര്‍ പറഞ്ഞത് എന്നില്‍ ഇപ്പോഴും ചൂളലുണ്ടാക്കുന്നു... റൈസ് വാലിയന്റ്... വയറ്റ് പിഴപ്പിനുവന്ന ധീരന്‍... എനിക്കപ്പോള്‍ പറയാനായില്ല അതല്ല ഞാനെന്ന്... അതൊന്നുമല്ല എനിക്ക് വേണ്ടതെന്ന്... വേണ്ടുവോളം വസ്തുവകകളുടെ ഉടമയാണ് ഞാനെന്ന്... അതേ നാണം കെടുത്തല്‍, അതേ പുച്ഛം... നീയാണ് ഇപ്പോള്‍ അത് ചെയ്തുക്കൊണ്ടിരിക്കുന്നത്... മറ്റൊരു കൃഷിക്കാരന്റെ ബാക്കിയാണ് നീ... മൈ ഫാദര്‍ ഇന്‍ ലോ... നീ അയാള്‍ തന്നെയാണ്. കോണ്‍വെന്റില്‍ പഠിച്ചിട്ടും നീ അതൊന്നും മാറ്റിയില്ല... കൃഷിക്കാരന്റെ വീട്ടിലെ ശബ്ദം, മണം, നിറം, രുചി...അതുകൊണ്ടാണ് നിന്നെ നിര്‍മ്മിച്ചിരിക്കുന്നത്... അതെ,... അതാണ് നിന്നെ അങ്ങനെയാക്കിയത്... എ സ്ലട്ട് വിത്ത് ഡോള്‍സ്...''
അയാള്‍ ഇല്ലാത്ത കാലുകൊണ്ട് സുഭദ്രയെ തൊഴിക്കുകയായിരുന്നു.
''യെസ്, മിസ്റ്റര്‍ ക്യാപ്റ്റന്‍, യെസ്... ആം യുവര്‍ ലജിറ്റിമേറ്റ് വൈഫ്...എ കണ്‍ട്രി സ്ലട്ട് വിത്ത് ഡോള്‍സ്...'' സുഭദ്ര ക്യാപ്റ്റന്റെ വിലയിരുത്തലുകളെ അതെയെന്ന് ഉറപ്പിച്ചു പറഞ്ഞു.

ക്യാപ്റ്റന് എവിടെയാണ് വേവുന്നതെന്ന് സുഭദ്രയ്ക്ക് അറിയാം. അറ്റുപോയ കാലില്‍ അവസാനിച്ച രതിയെയാണ് അയാള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ ലജ്ജയും ചൂളലുമുണ്ടാക്കിയ കൃഷിക്കാരന്റെ മകനെന്ന യാഥാര്‍ത്ഥ്യമല്ല. അവള്‍ക്ക് അയാളുടെ രതിവേണ്ട. അവള്‍ക്ക് അയാള്‍ക്കത് കൊടുക്കാനാവില്ല. സുഭദ്രയ്ക്ക് അയാളുടെ വിശ്വസ്തയായ ഭാര്യയാവേണ്ട.
''മമ്മാ...''
സുഭദ്ര ഓര്‍മ്മകളില്‍നിന്നും മാറി മകള്‍ക്ക് ചെവികൊടുത്തു.
''ഉം!''
''മമ്മായ്ക്ക് മമ്മായുടെ ലോകത്തേക്ക് പോകാം.''
''നിന്നോട് ആരുപറഞ്ഞു അങ്ങനെ?''
''മമ്മാ, മമ്മായുടെ ഗ്ലൂമിനസ്, പിന്നെ മമ്മായുടെ പാവകള്‍?''
''നീ പാവകളോട് സംസാരിച്ചോ?''
''സംസാരിച്ചു. പാവകള്‍ അധികമൊന്നും മിണ്ടിയില്ല. മമ്മായെ വിട്ടുപോകില്ലെന്നു പറഞ്ഞു. അവ മമ്മായ്ക്ക് അങ്ങനെ വാക്കുതന്നിട്ടുണ്ടെന്നു പറഞ്ഞു. അവ മമ്മായ്ക്ക് കൂട്ടുവരും!''
''നീയോ? നീ വരില്ലേ കൂട്ടായി?''
''ഞാന്‍... ഞാന്‍ വരില്ല!''
റിഷാ വായന മതിയാക്കി. 
അവള്‍ക്കതില്‍ തൃപ്തി തോന്നിയില്ല. അമ്മ അമ്മമ്മയെ അല്ല എഴുതുന്നത്, അമ്മമ്മയുടെ വിലാസത്തില്‍ അമ്മ അമ്മയെയാണ് എഴുതുന്നത്.
ക്യാപ്റ്റന്റെ രതിയെക്കുറിച്ചുള്ള ഭാഗം; അത് എഴുതുന്നതിനെ ആലോചിക്കുമ്പോള്‍ അമ്മയുടെ കൂട്ടുകാരന്‍ ഇടപെട്ടുകാണില്ല എന്ന് റിഷായ്ക്ക് തോന്നി. അതാണ് അമ്മ അമ്മയുടെ ചിന്തകളും പ്രതികരണങ്ങളുമായി അത് എഴുതിയിരിക്കുന്നത്. ഒരുപക്ഷേ, മാറ്റിയെഴുത്തിലോ എഡിറ്റിങ്ങിലോ അതിന് കൂടുതല്‍ ഗൗരവഭാവം ഉണ്ടാക്കിയെടുക്കാന്‍ കഴിയുമായിരിക്കും. അമ്മമ്മ തന്റെ ശരീരംകെണ്ട്, രതികൊണ്ട് ക്യാപ്റ്റനെ പ്രകോപിപ്പിക്കുന്നത്, അയാള്‍ കാണെ അണിഞ്ഞൊരുങ്ങി മറ്റൊരാളുമായി കൂട്ടുകൂടി നടക്കുന്നത്, ഭക്ഷണമൊരുക്കി അയാളെ വീട്ടിലേക്ക് വരുത്തുന്നത്, അയാളെ ക്യാപ്റ്റന് പരിചയപ്പെടുത്തുന്നത്; അങ്ങനൊന്ന് അസംഭവ്യമായ കാര്യമാകണമെന്നില്ല. അത് അങ്ങനെയായിരിക്കണം എഴുതേണ്ടത്. ക്യാപ്റ്റന്‍ ഇനിയെന്റെ യജമാനനല്ല എന്ന് പറയുന്നതിന് ശരീരംകൊണ്ടുള്ള അമ്മമ്മയുടെ അത്തരം ചെയ്തികള്‍ ചിത്രീകരിക്കേണ്ടിവരും.
ക്യാപ്റ്റന്റെ രതിയെക്കുറിച്ച് എഴുതിയ ''ക്യാപ്റ്റന് എവിടെയാണ് വേവുന്നതെന്ന് സുഭദ്രയ്ക്ക് അറിയാം'' എന്ന വാചകത്തിനു ചുവടെ റിഷാ വരയിട്ടു. മാര്‍ജിനില്‍ ''ഇനിയും 
തുറന്നെടുക്കേണ്ടതുണ്ട്'' എന്ന് കുറിപ്പെഴുതി.
''റിഷു...''
സംസാരിച്ചുകൊണ്ട് അമ്മ അകത്തേക്ക് വരുന്നത് റിഷാ കണ്ടു.
''അവന്‍ കുറച്ചു കഴിഞ്ഞേ ഇങ്ങെത്തൂ. അതുവരെ നമുക്ക് സംസാരിക്കാം... നിനക്കവന്‍ ഹായ് പറഞ്ഞിരിക്കുന്നു.''
''അയാള്‍ക്കും എന്റെ അന്വേഷണം!''
റിമാര്‍ക്ക് എഴുതിയ പേജ് അടച്ചുവെക്കുന്നതിനിടെ റിഷാ അമ്മയുടെ കൂട്ടുകാരന്റെ അന്വേഷണത്തിനു നന്ദി പറഞ്ഞു.
റിഷു, ഞാന്‍ പറയാറില്ലേ അമ്മയുടെ ലോസ്റ്റ് ഫ്ളെയിം; അമ്മയുടെ ഡയറിക്കുറിപ്പില്‍ എവിടെയും അങ്ങനൊരു വരിയോ വാക്കോ ഇല്ല. അമ്മയുടെ മനസ്സിലാണ് അതുണ്ടായിരുന്നത്. അമ്മയുടെ അവസാന ദിനങ്ങളിലാണ് അങ്ങനൊന്ന് ആവര്‍ത്തിച്ചുകേട്ടത്. അമ്മയുടെ എല്ലാ ഓര്‍മ്മകളും ഘനീഭവിച്ച് ഒരൊറ്റ ഓര്‍മ്മയായി മാറിയ അനുഭവം; അതാണത്. പ്രായമായാല്‍ ആളുകള്‍ അങ്ങനെയെന്നു പറഞ്ഞുകേട്ടിരുന്നു; ഒരൊറ്റ സംഭവം, ഒരൊറ്റ ഓര്‍മ്മ അതിലായിരിക്കും അവര്‍. അമ്മ ലോസ്റ്റ് ഫ്‌ലെയിമിനെ നുറുങ്ങുകളായി പറഞ്ഞുകൊണ്ടിരുന്നു. എല്ലാറ്റിനും മറുപടിയോ ഉത്തരമോ പോലെയായിരുന്നു അമ്മയുടെ കഥ. അമ്മ പറഞ്ഞ കഥയില്‍നിന്നും മാറി ലോസ്റ്റ് ഫ്‌ലെയിം എന്നതിന് മറ്റുവല്ല വിതാനങ്ങളും ഉണ്ടോ എന്നറിയാന്‍ ഞാന്‍ ഗൂഗ്ള്‍ ചെയ്തുനോക്കി. അത് എവിടേക്കും എന്നെ എത്തിച്ചില്ല. ഒന്നുരണ്ടു എഴുത്തുകളിലെ വിവരണങ്ങളില്‍ കാണപ്പെട്ട പരാമര്‍ശ വാക്കുകളായി അത് അവസാനിക്കുകയാണുണ്ടായത്.

റിഷു, ഞാന്‍ കരുതുന്നത് ലോസ്റ്റ് ഫ്‌ലെയിം എന്നത് പുസ്തകത്തിന്റെ അവസാന ഭാഗത്ത് ചേര്‍ക്കാമെന്നാണ്. അതനുസരിച്ചാണ് ഞാന്‍ കാര്യങ്ങള്‍ നീക്കുന്നത്. അമ്മ അക്കഥ പറഞ്ഞുത്തുടങ്ങിയ ദിവസം എനിക്ക് ഇപ്പോഴും അതേപോലെ ഓര്‍മ്മിച്ചെടുക്കാനാകും. അമ്മ സംസാരിക്കാതെ കഴിച്ചുകൂട്ടിയ രണ്ടാഴ്ചക്കാലം. പൊടുന്നനെയാണ് അമ്മയില്‍ മാറ്റമുണ്ടായത്. എവിടുന്നോ ആവേശിച്ചുകിട്ടിയ പ്രസരിപ്പ് അമ്മയെ ചിന്തയില്‍നിന്നും മൗനത്തില്‍നിന്നും വിടുവിച്ചിരിക്കുന്നു. പതിവിലും കൂടുതല്‍ ഉടുത്തൊരുങ്ങിയാണ് പിറ്റെന്നാള്‍ അമ്മയെ കണ്ടത്. അതില്‍ അമ്മ ഏറെ സുന്ദരിയായിരുന്നു. അമ്മ അന്ന് സംസാരിച്ചത് എന്നില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്നു. അതേ ശബ്ദത്തിലും അതേ ഓജസ്സിലും.

സുബ്ബാ, എന്റെ പേരെടുത്തു വിളിച്ചാണ് അമ്മ തുടങ്ങിയത്. പ്രിയം കൂടുമ്പോള്‍ വികാരം നിറച്ച് വിളിക്കാറുള്ള സുബ്ബാ വിളി... ഈ ലോകത്തില്‍ എന്നും ഞാന്‍ ഉണ്ടായിരുന്നു എന്ന് അനുഭവിപ്പിക്കുന്ന വിളിയാണ് എനിക്കത്. ഞാനതു കേട്ടു. അടുത്തെത്തിയ ഞാന്‍ അമ്മയ്ക്ക് അഭിമുഖമായി ഇരുന്നു. സമയദൂരം അളക്കുന്ന രണ്ടു പേരായി ഞാനും അമ്മയും. നിമിഷങ്ങളുടെ സാവകാശമേ അതിനുണ്ടായിരുന്നുള്ളു. എന്നിട്ടും അതിന്റെ അളവ് എത്രയോ വലുതാണെന്ന് എനിക്ക് തോന്നി. അമ്മ സംസാരിച്ചു തുടങ്ങി. ആഴങ്ങളില്‍നിന്നും വരുന്ന അതിന് പതിഞ്ഞ വേഗവും ശബ്ദവുമാണുണ്ടായിരുന്നത്...
മൈ ഫ്‌ലെയിം... അന്ന് ഞാനും അവനും ചെറുതായിരുന്നു. കളിയിമ്പക്കാര്‍... ആകാശത്തിലാണ് അവന്‍ മറഞ്ഞത്... ഹി വാനിഷസ് ഇന്‍ ദ ബ്ലു... ഉയരെ മരക്കൊമ്പില്‍ അവന്‍ എനിക്കുവേണ്ടി കെട്ടിയ ഊഞ്ഞാല്‍. അത് മേല്‍മുറിയിലെ ഊഞ്ഞാലിനേക്കാള്‍ വേഗമുള്ളതും അഴകുള്ളതും. അതിന്റെ ശബ്ദം വിതര്‍ന്നത്, ഇമ്പമുള്ളത്. അതിന് ഒരാള്‍ ഇരിക്കും ഊഞ്ഞാല്‍പ്പടി. ഞാനാണ് ഊഞ്ഞാലില്‍. അവന്‍ എന്നെ ആട്ടുകയാണ്...
അമ്മ പിന്നീട് മൗനത്തിലേയ്ക്ക് വഴുതി. ഞാന്‍ കരുതി അമ്മ കഥ അവസാനിപ്പിച്ചെന്ന്. വശംചേര്‍ത്തുവെച്ച കോഫി ടേബിളില്‍ ഇരിക്കുന്ന ഫ്‌ലാസ്‌ക്കിലേക്ക് അമ്മ കണ്ണ് പായിക്കുന്നതു ഞാന്‍ കണ്ടു. ഫ്‌ലാസ്‌ക് തുറന്ന് ഞാന്‍ അമ്മയ്ക്കുവേണ്ടി സൂപ്പ് പകര്‍ന്നു. പതിവുപോലെ രണ്ടുസ്പൂണ്‍. അമ്മ മുഖം തുടച്ചു. ചെറുതായി കൈയുയര്‍ത്തി ഇറുങ്ങിനിന്ന കുപ്പായക്കൈ നേരെയാക്കി. 
...അവന്റെ ഊഞ്ഞാലിന് ഏറെ വിശേഷമുണ്ട്. വിചിത്ര ഭാവങ്ങളുടെ വേഗമാണത്...
നിശ്ശബ്ദതയില്‍ അമ്മ ഇരിപ്പില്‍ ഒന്നനങ്ങിയിരുന്നു. അമ്മ തന്റെ കൈവിരലുകള്‍ അകപുറം ചേര്‍ത്ത് വെച്ച് അനക്കുന്നതാണ് കണ്ടത്. അമ്മയുടെ ശുഷ്‌കിച്ച് എല്ലെടുത്തവിരലുകള്‍ ശബ്ദമുണ്ടാക്കാതെ അമ്മയെ അനുസരിക്കുകയാണ്.
...പ്രപഞ്ചത്തിന്റെ തന്നെ ആദ്യനിമിഷങ്ങള്‍ അറിയുന്ന അനുഭവം... ഊഞ്ഞാലില്‍ ഇരുന്ന് എനിക്കത് അറിയാനായി. പിറകില്‍നിന്നും ഊഞ്ഞാല്‍പ്പലക തൊട്ട് അവനുണ്ടാക്കുന്ന വേഗങ്ങള്‍... അതാണത്... ഊഞ്ഞാലിന്റെ ഗതികശക്തി... ഊഞ്ഞാല്‍ കെട്ടിയ മരക്കൊമ്പിന് സമമായ ഉയരപ്പറക്കല്‍, അതിന്റെ അതേ പിന്നാക്കം... ഞാന്‍ ആടുകയാണ്... അവന്‍ ഊഞ്ഞാല്‍ പലകയില്‍ കുതിപ്പുകള്‍ ചേര്‍ത്തുകൊണ്ടിരുന്നു...

ഊഞ്ഞാലിന് അവന്റെ ഊഴം വന്നു. അവന്‍ വേണ്ടെന്നു പറഞ്ഞു. ഞാനാണ് അവനെ അതില്‍ ഇരുത്തിയത്. എന്നോളം പോന്ന അവന് എന്നെക്കാള്‍ ഭാരമുണ്ടായിരുന്നു. വീര്‍പ്പില്‍ എടുത്തുയര്‍ത്തി അവനെ ഞാന്‍ ഊഞ്ഞാല്‍പ്പലകയിലേയ്ക്ക് ഇടുകയായിരുന്നു... അവനെ ഞാന്‍ ആകാശം മുട്ടെ പറത്തിവിട്ടു... അവന്‍ കുതിവെച്ച് ആടി... ഊഞ്ഞാല്‍ പലകയില്‍ അവനുണ്ടാക്കിയ അതേ ആഴലുകള്‍; എനിക്കത് അവനും കൊടുക്കാനായി... അതില്‍ അവന്‍ ഉയര്‍ന്നും താഴ്ന്നും പറന്നു... കാണെക്കാണെ... ഊഞ്ഞാല്‍ ശൂന്യമാണെന്ന് ഞാന്‍ അറിഞ്ഞു... ഊഞ്ഞാല്‍പ്പലക മാത്രം കുതിച്ചും പതിച്ചും കൊണ്ടിരുന്നു... അവനെവിടാണ് ഇല്ലാതായത്!... അവനെ ഞാന്‍ കണ്ടില്ല...
ഞാന്‍ എഴുന്നേറ്റ് ചെന്ന് അമ്മയുടെ മുഖം എന്റെ കൈകളില്‍ കോരിപ്പിടിച്ചു. അമ്മ എന്നെ നോക്കിച്ചിരിച്ചു. ചിരിയോടൊപ്പം മുളച്ചുപൊന്തിയ കണ്ണിന്റെ തിളക്കം; ഞാന്‍ താഴ്ന്ന്നിന്ന് അമ്മയുടെ മുഖത്തോട് മുഖം ചേര്‍ത്തടക്കി. ഞാന്‍ അമ്മയില്‍നിന്നും പതിയെ സുബ്ബു എന്ന വിളികേട്ടു. ഞാന്‍ പറയട്ടെ, കേള്‍ക്കൂ എന്ന ഭാവത്തില്‍ അമ്മ എന്നെ അമ്മയില്‍നിന്നും വിടുവിച്ചുമാറ്റാന്‍ കയ്യനക്കി. ഞാന്‍ മാറിപ്പോയി ഇരിപ്പുസ്ഥലം പിടിച്ചു.
...പപ്പായുടെ അടുത്താണ് ഞാന്‍ അവനെയും തിരഞ്ഞ് ചെന്നത്... പപ്പാ പറഞ്ഞു അങ്ങനൊരാളില്ല... നിന്റെ തോന്നലാണ്... പലരോടും ചോദിച്ചു ഞാന്‍... ആരും പറഞ്ഞില്ല അവന്‍ എവിടെന്ന്... അവനെ ചോദിച്ചതിന് ദൈവമെന്നെ കളിയാക്കി. അതിന് ഞാന്‍ ദൈവത്തോട് കണക്കിന് ഒച്ചവെച്ചു... കൊഞ്ഞനം കുത്തി... കവിള് വീര്‍പ്പിച്ച് വളിശബ്ദം വിട്ടു... അവനുനേരെ വിരില്‍ചൂണ്ടി അവനെപ്പറ്റി ആളുകളോട് ചീത്തയായി പറയുമെന്ന് വെല്ലുവിളിച്ചു......ദൈവം; അവന്‍ എന്നെ കൂസിയില്ല... ഞാന്‍ അവന്റെ നേരെ കല്ലും ചെളിയും ചുഴറ്റിയെറിഞ്ഞു... വെള്ളത്തൊട്ടിയില്‍ ചെളിപുതഞ്ഞ കൈകഴുകുമ്പോള്‍ ദൈവം എന്നെ വിട്ടുപോയി... അവന് എന്നെ അനുനയിപ്പിക്കാനോ എന്റെ തിരച്ചില്‍ അടക്കാനോ കഴിഞ്ഞില്ല... 

അമ്മ കുറച്ചിടെ മുഖം താഴ്ത്തിയിരുന്നു. കേള്‍വിക്കാരിയായി ഇരിക്കുന്ന എന്നെ അമ്മ മറന്നിരിക്കുന്നു എന്ന തോന്നല്‍ എനിക്കുണ്ടായി. ഞാന്‍ അമ്മയെ നോക്കിയിരുന്നു. കുറച്ചിട കഴിഞ്ഞ് അമ്മയില്‍നിന്നും തെളിവുവെച്ച ശബ്ദത്തില്‍ സംസാരം കേട്ടുതുടങ്ങി.
പപ്പാ, മൈ ഫ്‌ലെയിം! ...പപ്പായെ എന്നും ഞാന്‍ ശല്യപ്പെടുത്തി... പപ്പാ പ്രോമിസ് ചെയ്തു... ഒരിക്കല്‍ ഒരു പക്ഷിയുടെ വിളി കേള്‍പ്പിച്ച് പപ്പാ പറഞ്ഞു അതവനാണ്; കേള്‍ക്ക് അവന്റെ വിളി... അതവന്റെ ശബ്ദമായിരുന്നു... വന്‍മരത്തിന്റെ മേല്‍ച്ചില്ലയില്‍, കൈതയോലത്തണ്ടില്‍ പക്ഷികള്‍ വിളിക്കുമ്പോള്‍ ഞാന്‍ അവനെ കേട്ടു... പൂക്കള്‍ മണംവച്ച് വിരിയുന്ന നേരത്ത്, നെല്ല് പഴുക്കുന്ന നേരത്ത് ഞാനവന്റെ മണമറിഞ്ഞു... അവന്റെ നിറം; കാറ്റുചിന്നുന്ന നേരത്ത് മേഘങ്ങളില്‍ ഞാന്‍ കണ്ടു... ഞാന്‍ അവനിലുണ്ടാക്കിയ വേഗങ്ങള്‍, അതിന്റെ ഗതികസൂത്രം; ഞാനത് ആകാശത്തിലും ദിക്കുകളിലും അഴിച്ചുവിട്ടു...അവനോടൊപ്പം സവാരിചെയ്തു... 

അമ്മ എഴുന്നേല്‍ക്കാനോങ്ങുന്നത് ഞാന്‍ കണ്ടു. ഞാന്‍ ചെന്ന് അമ്മയ്ക്കടുത്ത് നിന്നു. അമ്മയെന്നെ ചുറ്റിവരിഞ്ഞു. എനിക്ക് കണ്ണുനിറഞ്ഞു. അമ്മ കഴുത്തിന്‍പുറത്ത് എന്റെ കണ്ണീരിന്റെ ചൂടറിഞ്ഞു. എനിക്കു മാത്രമായി അമ്മ ചെവിയില്‍ പറയുന്നത് എനിക്ക് കേള്‍ക്കാനായി: സുബ്ബു... നിനക്ക് അവനെ വേണോ... കേള്‍വിയില്‍ അമ്മയെ ഞാന്‍ എന്നിലേക്ക് അധികം അടക്കിപ്പിടിച്ചു...
അമ്മ അമ്മമ്മയുടെ ലോസ്റ്റ് ഫ്‌ലെയിമിന്റെ കഥ അവസാനിപ്പിക്കുകയാണ്. 
ഇരിപ്പില്‍നിന്നും എഴുന്നേറ്റ റിഷാ അമ്മയെ നോക്കി.
അമ്മമ്മയുടെ നഷ്ടം വന്ന ഫ്‌ലെയിം; അമ്മയുടെ അകത്ത് കത്തുന്നത് റിഷാ അറിഞ്ഞു.
''റിഷു, അത്രയും എന്റെ മനസ്സിലുണ്ട്. എനിക്കത് പകര്‍ത്താന്‍ എളുപ്പമാണ്. ആവശ്യമുള്ളിടത്ത് നമുക്ക് മാറ്റം വരുത്താം.'' 
''ചെയ്യാം.''
കഥപറയുമ്പോള്‍ അമ്മയുടെ ശബ്ദത്തിന് അലിവു വന്നതായി റിഷാ ശ്രദ്ധിച്ചിരുന്നു. 
അങ്ങനൊരു ഭാവം അവള്‍ അമ്മയില്‍ ആദ്യമായാണ് കാണുന്നത്. അമ്മയില്‍ അവസരം കിട്ടാതെപോയ വികാരങ്ങളാവും അവ. ഒരുപക്ഷേ, അമ്മമ്മയുടെ കഥ അമ്മയ്ക്കത് തിരികെ കൊടുത്തിട്ടുണ്ടാകണം.
ഗേറ്റിനു പുറത്ത് വണ്ടിയുടെ ശബ്ദം കേട്ടു. അമ്മയുടെ കൂട്ടുകാരന്‍ വന്നിരിക്കുന്നു! 
അമ്മ അതില്‍ ഇളകിയത് റിഷാ കണ്ടു. പുതിയതായി എന്തോ അനുഭവിക്കുകയാണ് അമ്മ.
റിഷാ അമ്മയ്ക്കൊപ്പം അയാള്‍ക്കടുത്തേക്ക് നടന്നു.

ചിത്രീകരണം : നിതിന്‍ വടക്കന്‍കോവല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com