കൃപ: കരുണാകരന്‍ എഴുതിയ കഥ

എന്റെ കാല്‍പ്പെരുമാറ്റം കേട്ടതാകണം, അവള്‍ ഞെട്ടിത്തിരിഞ്ഞു. ഒരു നിമിഷം എന്നെത്തന്നെ നോക്കിനിന്നു.
കൃപ: കരുണാകരന്‍ എഴുതിയ കഥ

ന്ന് വൈകുന്നേരം നഗരത്തില്‍ പെട്ടെന്നുണ്ടായ പൊലീസ് ചെക്കിംഗില്‍നിന്നും രക്ഷപ്പെടാന്‍ വേണ്ടി പ്രധാന നിരത്തില്‍നിന്നും ഉള്ളിലേയ്ക്ക് അല്പം മാറിനിന്നിരുന്ന പഴയ കെട്ടിടത്തിന്റെ പിന്‍ഭാഗത്തേയ്ക്ക് ഞാന്‍ ഓടിപ്പോയതായിരുന്നു, കെട്ടിടത്തിന്റെ പിറകില്‍ കണ്ട കോണിപ്പടികള്‍ കയറി ടെറസ്സില്‍ ഞാന്‍ എത്തിയതായിരുന്നു, അവിടെ, ടെറസിനു ചുറ്റുമുള്ള അരമതിനിലിനോട് ചേര്‍ന്ന്, തെക്കേ അറ്റത്ത്, കൃപ തെരുവിലേയ്ക്ക് നോക്കിനില്‍ക്കുന്നതു കണ്ടു. 
എന്റെ കാല്‍പ്പെരുമാറ്റം കേട്ടതാകണം, അവള്‍ ഞെട്ടിത്തിരിഞ്ഞു. ഒരു നിമിഷം എന്നെത്തന്നെ നോക്കിനിന്നു. 

അങ്ങനെയൊരാളെ അവിടെ ആ സമയം ഞാനും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. ഞാന്‍ അവളെ നോക്കി കൈകൂപ്പി. പുഞ്ചിരിച്ചു. പിന്നെ ടെറസിന്റെ മറ്റൊരു ഭാഗത്തേയ്ക്ക് നടന്നു. ഞാന്‍ പൊലീസ് ഒന്നുമല്ല, അവളെ നോക്കി ഞാന്‍ പറഞ്ഞു: അവിടെ പൊലീസ് ചെക്കിംഗ് നടക്കുന്നു. അതില്‍നിന്നും രക്ഷപ്പെടാന്‍ ഓടിക്കയറിയതാണ്. 
അരമതിലിനരികിലേയ്ക്ക് ചെന്ന്, താഴെ, പൊലീസ് ചെക്കിംഗ് നടക്കുന്നിടത്തേയ്ക്ക് ഞാന്‍ നോക്കി. 
ഒരു പൊലീസ് വാന്‍ റോഡിന് കുറുകെ ഇട്ടിരുന്നു. വേറെ ഒന്ന്, നടപ്പാതയോട് ചേര്‍ത്തും ഇട്ടിരുന്നു. വാഹനങ്ങള്‍ രണ്ടു വരിയായി റോഡില്‍ കിടക്കുന്നുണ്ടായിരുന്നു. ചെക്കിംഗില്‍ തടഞ്ഞുവെച്ച ആളുകളെ റോഡിനോട് ചേര്‍ന്ന്, നിലത്ത്, ഒരു കൂട്ടമാക്കി ഇരുത്തിയിട്ടുണ്ടായിരുന്നു. എട്ടോ ഒന്‍പതോ പേര്‍. കുറച്ച് അപ്പുറത്തായി തല സാരികൊണ്ട് മൂടി ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. 
ഇത് ഇപ്പോള്‍ പതിവായിരിക്കുന്നു, ഞാന്‍ പറഞ്ഞു. പിന്നെ കൃപയെ നോക്കി. അവളും റോഡിലേയ്ക്ക് നോക്കി നില്‍ക്കുകയാണ്. ഞാന്‍ അവളെ, അവളറിയാതെ ഒന്നുകൂടി നോക്കി. അവളുടെ നാട് ഊഹിക്കാന്‍ ശ്രമിച്ചു. വടക്കുകിഴക്കുള്ള ഒരു ഗ്രാമത്തിന്റെ പേര് ഇപ്പോള്‍ എനിക്ക് ഓര്‍മ്മ വരുമെന്ന് വിചാരിച്ചു. പിന്നെ, തൊട്ടു മുന്‍പ് പറഞ്ഞത് ഒന്നുകൂടി പറഞ്ഞു. 
എനിക്കുള്ള മറുപടിപോലെ കൃപ തലയാട്ടി. വീണ്ടും റോഡിലേയ്ക്ക് നോക്കി. എന്തോ പിറുപിറുത്തു. 
ആകാശം കറുത്ത് കൂടുകയായിരുന്നു. മഴ പെയ്യുകയാണെങ്കില്‍ ചെക്കിംഗ് മതിയാക്കി വാനുകളിലേയ്ക്ക് ധൃതിയില്‍ കയറുന്ന പൊലീസുകാരെ ഞാന്‍ സങ്കല്പിച്ചു. നാശം, ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇന്ന് അവര്‍ എന്നെ എന്തായാലും പിടിക്കും. ചിലപ്പോള്‍ ഇവളേയും. 
ഞാന്‍ വീണ്ടും കൃപയെ നോക്കി. 
ഇപ്പോള്‍ അവള്‍ എന്നെയാണ് നോക്കുന്നത്. അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. മറ്റൊരു ഭാഷ കലര്‍ന്ന ഹിന്ദിയില്‍ അവളും പൊലീസ് ചെക്കിംഗില്‍നിന്നും രക്ഷപ്പെടാന്‍ ഒളിച്ച് നില്‍ക്കുകയാണ് എന്നു പറഞ്ഞു. 
വേറെ എന്ത് ചെയ്യാന്‍, അവള്‍ പറഞ്ഞു: ഒന്നുമില്ല! 
ഒരേ അവസ്ഥ, ഞാന്‍ ചിരിച്ചു. 
ഇരുപതു മിനിറ്റ്, അവള്‍ പറഞ്ഞു. ഇരുപതു മിനിറ്റായി ഞാനിവിടെ ഒളിച്ചുനില്‍ക്കുന്നു.


ഞങ്ങള്‍ നില്‍ക്കുന്ന ടെറസ്സിലേയ്ക്ക് ഞാന്‍ നോക്കി. പാഴ്വസ്തുക്കള്‍കൊണ്ട് നിറഞ്ഞതിനാല്‍ ആ സ്ഥലം ഒരു വലിയ സ്റ്റോര്‍മുറിപോലെ തോന്നി. അത്രയും സ്ഥലത്തെ മാത്രം ശ്വാസംപോലെ, ഒരു കാറ്റ്, ചുറ്റും മൂളി നിന്നിരുന്നു. അല്ലെങ്കില്‍, പാഴ്വസ്തുക്കള്‍ കൊണ്ടുവന്നിട്ട ആ സ്ഥലം മാത്രമായിരുന്നു ആള്‍പ്പാര്‍പ്പില്ലാത്ത ആ കെട്ടിടത്തിന്റെ ജീവനുള്ള സ്ഥലം. ഒരു വെള്ളടാങ്ക് ഉണ്ടായിരുന്നു. ചെരിഞ്ഞുനില്‍ക്കുന്ന ഒരു വലിയ പഴയ ആന്റിനയും. രണ്ടും, വെള്ളടാങ്കും ആന്റിനയും ഞങ്ങളെപ്പോലെ ഒളിച്ചിരിക്കുകയാണ് എന്നെനിക്ക് തോന്നി. 
ഇത് ഒളിച്ചിരിക്കാന്‍ പറ്റിയ സ്ഥലം തന്നെ, ഞാന്‍ പറഞ്ഞു, വേണമെങ്കില്‍ സ്ഥിരമായി താമസിക്കാനും. 
അവള്‍ ചിരിച്ചു. അവളും അവിടെ ചുറ്റിലും നോക്കി. 
ഞാന്‍ മതിലിനോട് ചേര്‍ന്ന് ടെറസ്സില്‍ നിലത്തിരുന്നു. ചുമലിലിട്ടിരുന്ന ബാഗ് എടുത്ത് താഴെ വെച്ചു. ഷൂസ് ഊരി അരികില്‍ മാറ്റിവെച്ചു. പിന്നെ കാലുകള്‍ രണ്ടും നീട്ടിവെച്ചു. 
കൃപ എന്നെത്തന്നെ നോക്കുകയായിരുന്നു. 
ഞാന്‍ അവളെ നോക്കി പറഞ്ഞു: ഇഷ്ടംപോലെ സമയം! 
ഇപ്പോള്‍ കൃപയും കുറച്ചു മാറി നിലത്ത് ഇരുന്നു. അവളും അവളുടെ ഹാന്‍ഡ്ബാഗ് ഊരി അരികില്‍ വെച്ചു. അവളും അവളുടെ ചെരിപ്പ് ഊരി അരികില്‍ മാറ്റിവെച്ചു. അവളും എന്നെപ്പോലെ കാലുകള്‍ രണ്ടും നീട്ടി ഇരുന്നു. പിന്നെ എന്നെ നോക്കി ചിരിച്ചു. 
ഇതൊക്കെത്തന്നെയാണ് ഞാനും ചെയ്തത്, ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ആദ്യം ബാഗ് ഊരി പിന്നെ ഷൂസ് ഊരി പിന്നെ കാലുകള്‍ നീട്ടി ഇരുന്നു. പക്ഷേ, ഒന്നുമാത്രം നീ മറന്നു. 
അവള്‍ ഒരു നിമിഷം എന്നെ നോക്കി. പിന്നെ അവളെത്തന്നെ നോക്കി. പിന്നെ കൈകള്‍ ഉയര്‍ത്തി ചുമലില്‍ തൊട്ടു. പിന്നെ കൈകള്‍ ഉയര്‍ത്തി തലയില്‍ തൊട്ടു. മുടി ശരിയാക്കി. നീട്ടിവെച്ച അവളുടെ കാലുകളിലേയ്ക്ക് നോക്കി. പിന്നെ എന്നെ നോക്കി. 
ഞാന്‍ മറന്നത് എന്താണ്? അവള്‍ ചോദിച്ചു. 
സംഭാഷണം, ഞാന്‍ പറഞ്ഞു: ഇഷ്ടംപോലെ സമയം...
അവളും എന്നെ അനുകരിച്ച്, ഇഷ്ടംപോലെ സമയം എന്നു പറഞ്ഞ് ചിരിച്ചു. ചിരിക്കുമ്പോള്‍ അവള്‍ വായ പൊത്തിപ്പിടിച്ചു. 
പിന്നെയാണ് ഞാന്‍ അവളോട് എന്റെ പേര് പറഞ്ഞത്. കൃപ അവളുടെ പേരും. അവളുടെ പേരിനെപ്പറ്റി അപ്പോള്‍ ഞാന്‍ എന്തോ പറയുകയും ചെയ്തു. ആ പേരിന്റെ അര്‍ത്ഥങ്ങളെപ്പറ്റിയോ മറ്റോ. അവള്‍ക്ക് മുപ്പത് വയസ്സായിട്ടുണ്ടാകും. എങ്കില്‍, അവള്‍ക്ക് എന്നെക്കാള്‍ ഒന്‍പതു വയസ്സ് കുറവാണ്. വിളര്‍ച്ചയുള്ള വെളുപ്പ് നിറമായിരുന്നു, വെയില്‍ കൊണ്ടാവണം മുഖം പക്ഷേ, കറുത്തിരുന്നു. 
അന്ന് ആ പട്ടണത്തില്‍ എത്തിയ രണ്ട് അനധികൃത പാര്‍പ്പുകാരെ ഓര്‍ക്കാനോ അവരുടെ ദുരിതങ്ങള്‍ പറയാനോ പറ്റിയ സമയമായാണ് ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍ എനിക്ക് പറയാന്‍ തോന്നുക. സങ്കടങ്ങളെ ഏകാന്തതകള്‍ സന്ദര്‍ശിക്കുന്ന സമയമായിട്ട്. പക്ഷേ, ഞാന്‍ കൃപയോട് ഈ സമയം ഓര്‍ക്കാന്‍ തോന്നുന്ന ഏറ്റവും സന്തോഷകരമായ എന്തെങ്കിലും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നു ചോദിച്ചു. 
എന്തെങ്കിലും? 

എന്റെ ചോദ്യം കേട്ട് അമ്പരന്നു എന്നോ അതോ ഒരു തമാശ ഇതാ ഇപ്പോള്‍ കേട്ടു എന്ന് കാണിക്കാനോ അവള്‍ എന്നെ നോക്കി കണ്ണുകള്‍ മുഴുവനും വിടര്‍ത്തി കാണിച്ചു. പിന്നെ കണ്ണുകള്‍ അടച്ചു. എന്നെ നോക്കിക്കൊണ്ടുതന്നെ കണ്ണുകള്‍ തുറന്നു. ഒരിക്കല്‍ പ്രപഞ്ചം ആരംഭിച്ചതും ഒരിക്കല്‍ പ്രപഞ്ചം അവസാനിച്ചതും തന്റെ ഈ പ്രവൃത്തിയിലാണ് എന്ന് കാണിക്കുന്നപോലെ. പിന്നെ അവള്‍ ചിരിച്ചുകൊണ്ട് എഴുന്നേറ്റു. റോഡിലേയ്ക്ക് ഏതാനും നിമിഷം നോക്കി നിന്നു. 
ഇപ്പോഴും ചെക്കിംഗ് നടക്കുന്നു, അവള്‍ പറഞ്ഞു. ഒരുപക്ഷേ, നമ്മള്‍ രണ്ടുപേരും പിടിക്കപ്പെടുകപോലും ചെയ്യാം. അതിന്റെ കൂടെ നീ എന്നോട് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സംഗതി ഓര്‍ക്കാന്‍ പറയുന്നു. 
വീണ്ടും അതേപോലെ കാലുകള്‍ നീട്ടി അവള്‍ ഇരുന്നു. കൈകള്‍ മലര്‍ത്തിയും കമഴ്ത്തിയും നോക്കി. 

അവള്‍ എന്നോട് ഞാന്‍ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന് ചോദിച്ചു. 
ചെരുപ്പുകുത്തി- ഞാന്‍ പറഞ്ഞു. 
പക്ഷേ, ഞാന്‍ ചെരുപ്പുകുത്തിയായിരുന്നില്ല. 
അങ്ങനെയൊരു ജോലി എനിക്കപ്പോള്‍ തോന്നിയതായിരുന്നു. ചിലപ്പോള്‍ അവള്‍, അവളുടെ ചെരുപ്പുകള്‍ ക്ഷമയോടെ ഊരിവെയ്ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ എന്റെ ജോലി കണ്ടുപിടിച്ചിരുന്നു എന്നപോലെ. 
നീയോ? ഞാന്‍ ചോദിച്ചു. 
വീട്ടുവേലക്കാരി -അവള്‍ പറഞ്ഞു. 

അവളും നുണ പറഞ്ഞു എന്നു ഞാന്‍ വിചാരിച്ചു. മനുഷ്യര്‍ ദുരിതങ്ങളില്‍നിന്നും രക്ഷപ്പെടുന്നത് നുണകളിലൂടെയാണ്. നുണകള്‍ മനുഷ്യരെ ഇരട്ടിപ്പിക്കുന്നു. തോറ്റ ആളെ മാറ്റി ജയിച്ച ആളെ മുന്‍പില്‍ നിര്‍ത്തുന്നു. 
ഞാന്‍ പറഞ്ഞു, ഒരാളുടെ ജീവിതത്തിലുണ്ടായ സന്തോഷകരമായ കാര്യങ്ങളാണ് അയാള്‍ വിഷമിക്കുന്ന ഘട്ടത്തില്‍ ഓര്‍ക്കേണ്ടത് എന്നു പറയുകയല്ല, അങ്ങനെ പറയുന്നതുതന്നെ മുഷിപ്പനാണ്, പക്ഷേ, അങ്ങനെ ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ദൈവം പെട്ടെന്ന് നമുക്കുവേണ്ടി കാത് കൂര്‍പ്പിക്കും. 
അങ്ങനെ പറഞ്ഞ് കൃത്രിമമായ ഉറപ്പോടെ ഞാന്‍ അവളെ നോക്കി. 
ഇപ്പോള്‍ ഞാന്‍ ചെരുപ്പുകുത്തിയല്ല. 
കൃപ എന്നെ നോക്കി ചുണ്ടുകള്‍ കോട്ടി ഒരു ഗോഷ്ഠി കാണിച്ചു. 
ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല -അവള്‍ പറഞ്ഞു. ഒന്നുകൂടി ഉറപ്പിക്കാനാകും, ഒരു ദൈവത്തിലും എന്നും പറഞ്ഞു. 
ഞാനും ദൈവത്തില്‍ വിശ്വസിക്കുന്നില്ല. ഞാന്‍ പറഞ്ഞു. അത് ദൈവത്തിനും അറിയാം. പക്ഷേ, അങ്ങനെ ചിലത് ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ദൈവം പെട്ടെന്ന് നമുക്കുവേണ്ടി കാത് കൂര്‍പ്പിക്കും. 
ദൈവത്തിന്റെ ഒരു ചെവി ഇപ്പോള്‍ എന്റെ കവിളില്‍ ഉരസിയപോലെ തോന്നി. എനിക്ക് ഇക്കിളി തോന്നി. ഞാന്‍ എന്റെ മുഖം ഒരു പ്രാവശ്യം കൈകൊണ്ട് അമര്‍ത്തിത്തുടച്ചു. 
ഇപ്പോള്‍ ശരിക്കും ഞാന്‍ ഒരു കള്ളനാണ്. 

അതേ, ഓര്‍മ്മയില്‍ ഞാന്‍ ആകാശത്തേയ്ക്ക് നോക്കി. ഭൂമിയുടെ ഏറ്റവും ഉയര്‍ന്ന ശിരസ്സുപോലും സ്പര്‍ശിക്കാത്ത ഒരു നിശൂന്യതയില്‍ ഇപ്പോള്‍ ദൈവത്തെക്കാള്‍ സന്തോഷകരമായ ഒരു ഓര്‍മ്മയാണ് പാര്‍ക്കുന്നത് എന്നു വിചാരിച്ചു. എങ്കില്‍, കൃപ, അവളുടെ ജീവിതത്തിലെയോ ഞാന്‍ എന്റെ ജീവിതത്തിലെയോ നല്ല ഓര്‍മ്മകള്‍ പറയുകയാവും ഇനി. വാസ്തവത്തില്‍, എന്റെ ഒരോര്‍മ്മ ഞാന്‍ പറയാന്‍ പോവുകയുമായിരുന്നു, അല്ലെങ്കില്‍ അതിനുമുന്‍പ് ആദ്യം കൃപ അവളുടെ ഓര്‍മ്മ പറഞ്ഞ് ഞങ്ങള്‍ രണ്ടുപേരും പൊട്ടിച്ചിരിക്കുമെന്ന് ഞാന്‍ വിചാരിച്ചതായിരുന്നു. അങ്ങനെ വിചാരിച്ചതേ ഉള്ളൂ, പെട്ടെന്ന്, തെരുവില്‍നിന്ന് ആളുകള്‍ ഉച്ചത്തില്‍ ബഹളം വെയ്ക്കുന്നത് കേട്ട് ഞങ്ങള്‍ രണ്ടുപേരും എഴുന്നേറ്റു. തെരുവിലെ ഇരുട്ടില്‍ ആ ചെറിയ ആള്‍ക്കൂട്ടം ചിതറി നില്‍ക്കുന്നുണ്ടായിരുന്നു. അവരാണ് ബഹളം വെയ്ക്കുന്നത്. ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒരാള്‍ നിലത്ത് മലര്‍ന്നു കിടക്കുന്നുണ്ടായിരുന്നു. തളര്‍ന്നു വീണതാകും. ചിലപ്പോള്‍ മരിച്ചിരിക്കാനും മതി. 
അയാള്‍ക്ക് എന്തോ പറ്റിയിട്ടുണ്ട്, കൃപ പറഞ്ഞു. 
തളര്‍ന്നുവീണതാണ് -ഞാന്‍ പറഞ്ഞു. മരിച്ചിരിക്കും എന്നു പറയാന്‍ എനിക്ക് തോന്നിയില്ല. ചിലപ്പോള്‍ മരിച്ചിരിക്കാനും മതി. 
ഒരു പൊലീസുകാരന്‍ ഇപ്പോള്‍ കിടക്കുന്ന ആളെ കുനിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അല്ലെങ്കില്‍ പൊലീസുകാരന്‍ എന്തോ അയാളോട് ചോദിക്കുകയാണ്. മറ്റൊരു പൊലീസുകാരന്‍ റോഡിന്റെ എതിര്‍ഭാഗത്തുനിന്ന് ഒരു വലിയ വെള്ളക്കുപ്പിയുമായി അവിടേയ്ക്ക് നടന്നുവരുന്നുണ്ടായിരുന്നു. 
ഞങ്ങള്‍ രണ്ടുപേരും നിശ്ശബ്ദരായി അവിടേയ്ക്കുതന്നെ നോക്കിനിന്നു. പിറകില്‍നിന്നും കോണിപ്പടികള്‍ കയറി ഒരു പൊലീസുകാരന്‍, അല്ലെങ്കില്‍ ഒരു സംഘം പൊലീസുകാര്‍ കയറി വരുന്നത് ഞാന്‍ മറ്റൊരു ഭയത്തോടെ സങ്കല്പിച്ചു. ഒരു സമയം ഞാന്‍ പിറകിലേയ്ക്കും നോക്കി. ആ കെട്ടിടത്തിന്റെ ടെറസ്സില്‍നിന്നും പിടിച്ച രണ്ട് അനധികൃത കുടിയേറ്റക്കാരെയും പടികള്‍ ഇറക്കി താഴേയ്ക്ക് കൊണ്ടുപോകുമ്പോള്‍ കൃപ എന്നെ നോക്കുന്നതും ഞാന്‍ അവളെ നോക്കുന്നതും സങ്കല്പിച്ചപ്പോള്‍, ഈ ഒളിച്ചുനില്‍പ്പ് കുറേ നാളത്തേയ്ക്ക് എന്തായാലും ഞാന്‍ ഓര്‍ക്കാന്‍ പോവുമെന്നും എനിക്ക് ഉറപ്പായി. 
ഞാന്‍ കൃപയെ നോക്കി പറഞ്ഞു: ഞാന്‍ ചെരിപ്പുകുത്തിയല്ല. 
അല്ലെങ്കില്‍ത്തന്നെ ഒരാള്‍ തന്റെ നുണ തിരുത്തുന്നത് പിന്നൊരിക്കല്‍ അത് സന്ദര്‍ശിക്കേണ്ടി വരില്ല എന്നതുകൊണ്ടാണ്. കൃപ, പക്ഷേ, എന്നെ നോക്കി ചിരിച്ചതല്ലാതെ അതിന് മറുപടി പറഞ്ഞില്ല. അവള്‍ക്ക് അതറിയാം എന്നപോലെ. ഇനി എന്റെ ജോലി എന്താണെന്ന് അവളോട് പറയേണ്ടതില്ല. ഞാന്‍ വിചാരിച്ചു. 

ശരിയായ മോഹങ്ങള്‍ ഇല്ലാത്ത ഒരാള്‍ക്ക് ശരിയായ ജോലിയുമില്ല -കൃപ പറഞ്ഞു. ഇനി അഥവാ ഒരു ജോലിയുണ്ടെങ്കില്‍ത്തന്നെ ശരിയായ മോഹങ്ങള്‍ ഇല്ലാത്തതുകൊണ്ട് അതില്‍ കാര്യവുമില്ല.
അവളത് അപ്പോള്‍ ആലോചിച്ച് പറഞ്ഞതാവില്ല. ചിലപ്പോള്‍ ആ പകല്‍ മുഴുവന്‍ അവള്‍ ഇങ്ങനെയൊരു വാചകം തന്നെയാകും ആലോചിച്ചതും. 
കൃപ വീട്ടുജോലിക്കാരിയല്ല. 
ഞാന്‍ അവളെ നോക്കി ചിരിച്ചു. എന്റെ അച്ഛന്‍ ചെരിപ്പുകുത്തിയായിരുന്നു -ഞാന്‍ പറഞ്ഞു. ഞങ്ങള്‍ എല്ലാവരും ചെരിപ്പുകുത്തികളാണ്.
ഞാന്‍ വീട്ടുജോലിക്കാരിയാണ്. കൃപയും ചിരിച്ചു. എന്റെ അമ്മ വീട്ടുജോലിക്കാരിയായിരുന്നു. ഞങ്ങള്‍ എല്ലാവരും വീട്ടുജോലിക്കാരികളാണ്. 
ഇപ്പോഴും എനിക്ക് ആകാശത്തേയ്ക്ക് നോക്കാന്‍ തോന്നി. ഞങ്ങള്‍ നിന്നിരുന്ന ടെറസ്സില്‍ കാണുന്ന നിഴല്‍ ഇപ്പോള്‍ ആകാശത്തു വന്നുനില്‍ക്കുന്ന ദൈവത്തിന്റേതാണ് എന്ന് അവളോട് പറയണമെന്നു തോന്നി. 
ഞാന്‍ വീണ്ടും റോഡിലേയ്ക്ക് നോക്കി. 

റോഡില്‍ തളര്‍ന്നു കിടക്കുന്ന ആളുടെ അടുത്തേയ്ക്ക്, ഇതിനകം അയാള്‍ മരിച്ചുകഴിഞ്ഞിരിക്കും, അവിടെ വട്ടം കൂടി നില്‍ക്കുന്നവരില്‍ ഒരാള്‍, ഒരു ചെറുപ്പക്കാരന്‍ കുനിഞ്ഞുനില്‍ക്കുന്ന പൊലീസുകാരനോട് എന്തോ പറയുന്നുണ്ടായിരുന്നു. പൊലീസുകാരന്‍ ചെറുപ്പക്കാരനെ കുനിഞ്ഞു നിന്നുകൊണ്ടുതന്നെ നോക്കുന്നുണ്ടായിരുന്നു. അവര്‍ എന്തോ പറഞ്ഞ് തര്‍ക്കിക്കുകയാവും, തളര്‍ന്നു കിടക്കുന്ന ആള്‍ക്ക് വൈദ്യസഹായം വേണമെന്നു പറയുകയാവും, പൊലീസുകാരന്‍ ഇപ്പോള്‍ ചെറുപ്പക്കാരന് അഭിമുഖമായി നിവര്‍ന്നു നിന്നു. ചെറുപ്പക്കാരനെ നെഞ്ചില്‍ പിടിച്ച് പിറകിലേയ്ക്ക് തള്ളി. ചെറുപ്പക്കാരന്‍ ആ ദൂരം വീണ്ടും മുന്‍പോട്ടു വെച്ചു. പൊലീസുകാരന്‍ വീണ്ടും ചെറുപ്പക്കാരന് അഭിമുഖമായി നിന്നു. അവരുടെ മുഖങ്ങള്‍ കൂട്ടിമുട്ടുമെന്നു തോന്നി. പെട്ടെന്ന് എന്റെ ചെവികള്‍ക്ക് ചുറ്റും ചൂട് ചുരുളുകളായി നിറയുന്നുണ്ടായിരുന്നു. ഞാന്‍ ചെവികള്‍ പൊത്തി അവിടേയ്ക്കുതന്നെ നോക്കിനിന്നു. ഇപ്പോള്‍, വെള്ളക്കുപ്പിയുമായി വരുന്ന പൊലീസുകാരന്‍ തന്റെ കയ്യിലെ കുപ്പി ഒരു പ്രാവശ്യം മുകളിലേയ്ക്ക് എറിഞ്ഞു. വെള്ളക്കുപ്പി താഴേയ്ക്ക് വരുമ്പോള്‍ അതിന്റെ കഴുത്തില്‍ തന്റെ ഇടതുകൈകൊണ്ട് പിടിച്ചു. ഒരു സര്‍ക്കസ് വിദഗ്ധനെപ്പോലെ വെള്ളക്കുപ്പി ചുഴറ്റിക്കൊണ്ടുതന്നെ, ചെറുപ്പക്കാരന്റെ അരികില്‍ എത്തി. വെള്ളക്കുപ്പികൊണ്ടുതന്നെ ചെറുപ്പക്കാരന്റെ തലയില്‍ അടിച്ചു. ഒരലര്‍ച്ച എന്റെ ചങ്കില്‍വെച്ചുതന്നെ വറ്റി. ചെറുപ്പക്കാരന്‍ മുന്‍പോട്ട് വീഴാന്‍ പോയി. പിന്നെ രണ്ടും കൈകള്‍കൊണ്ടും തല പൊത്തി, അവിടെ നിലത്ത് ഇരുന്നു. വെള്ളക്കുപ്പി തുറന്ന് പാതി വെള്ളം പൊലീസുകാരന്‍ ചെറുപ്പക്കാരന്റെ തലയിലൂടെ ഒഴിച്ചു. അവിടത്തന്നെ നിന്നുകൊണ്ട് ബാക്കി വെള്ളം നിലത്ത് കിടന്നിരുന്ന ആളുടെ മുഖത്തേയ്ക്കും ഒഴിച്ചു. 

കൃപ, അറ്റുവീണപോലെ അവള്‍ നിന്നിടത്തുതന്നെ ഇരുന്നു. 
ഞാനും പതുക്കെ അവിടെ താഴെ അരമതിലിനോടു ചേര്‍ന്നിരുന്നു.
അങ്ങനെ ഇരുന്ന് തൊട്ടുമുന്‍പേ കണ്ടതൊക്കെ ഞാന്‍ വീണ്ടും ഒന്നുകൂടി കണ്ടു. പക്ഷേ, ഇപ്പോള്‍, വെള്ളക്കുപ്പി തലയില്‍ ചില്ലുകള്‍പൊട്ടിത്തകരുന്നതുപോലെ കണ്ടു. ഞാന്‍ ആകാശത്തേയ്ക്ക് നോക്കി കുറച്ചു നിമിഷത്തേയ്ക്ക് കണ്ണുകള്‍ അടച്ചു. കണ്ണുകള്‍ തുറക്കുമ്പോള്‍ കൃപ എന്റെ അരികില്‍ ഇരിക്കുകയായിരുന്നു. അവള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ അവളുടെ കൈ പിടിച്ചു. അവളുടെ ഉള്ളംകയ്യില്‍ എന്റെ കൈവെച്ചു. പതുക്കെ അമര്‍ത്തി. അവള്‍ കരയാന്‍ പോവുകയായിരുന്നു. ഞാന്‍ കൃപയെ എന്റെ അരികിലേയ്ക്ക് ഒന്നുകൂടി ചേര്‍ത്ത് പിടിച്ചു. അവളുടെ തലയില്‍ ആ ദിവസത്തെ ഉഷ്ണം അവളുടെ മണത്തോടൊപ്പം ഉണ്ടായിരുന്നു. ഞാന്‍ അവളുടെ തലയില്‍ തലോടി. അവളുടെ വസ്ത്രത്തിനുള്ളില്‍ രണ്ടു ചെറിയ ജീവികളെപ്പോലെ മിടിക്കുന്ന ചെറിയ മുലകളിലേക്ക് രണ്ടു ചെറിയ ജീവികളെ കാണുന്നപോലെത്തന്നെ ഞാന്‍ നോക്കി. പിന്നെ, ഞാന്‍ അവളുടെ മാറില്‍, പതുക്കെ എന്റെ കൈപ്പടം വെച്ചു. അവള്‍ എന്റെ കണ്ണുകളിലേക്ക് നോക്കി. എന്നെ നോക്കി ചിരിച്ചു. ഞാനും അവളെ നോക്കി ചിരിച്ചു. 

ടെറസ്സിലേക്ക് പടരുന്ന ഇരുട്ടില്‍ വെളിച്ചം അതിവേഗം മായാന്‍ തുടങ്ങിയിരുന്നു. ടെറസ്സില്‍നിന്ന് ദൈവത്തിന്റെ നിഴല്‍ അപ്രത്യക്ഷമായിരുന്നു. ഇന്ന് രാത്രി നമുക്ക് ഇവിടെ കഴിഞ്ഞാലോ ഞാന്‍ കൃപയോടു ചോദിച്ചു. എന്തുകൊണ്ട് ആയിക്കൂടാ -അവള്‍ പറഞ്ഞു  തീര്‍ച്ചയായും. ഞാന്‍ അവളുടെ നെറ്റിയില്‍ ഉമ്മവെച്ചു. അവളും എന്റെ നെറ്റിയില്‍ ഉമ്മവെച്ചു. ഞാന്‍ ചിരിച്ചു. അവളും ചിരിച്ചു. ഞാന്‍ അവളുടെ വലത്തെ കവിളില്‍ ഉമ്മവെച്ചു. അവള്‍ എന്റെ ഇടത്തെ കവിളില്‍ ഉമ്മവെച്ചു. ഞാന്‍ ചിരിച്ചു. അവളും ചിരിച്ചു. ഞാന്‍ അവളുടെ വായില്‍ ഉമ്മവെച്ചു. അവളും അതുപോലെ എന്റെ വായില്‍ ഉമ്മവെച്ചു. ഞാന്‍ ചിരിച്ചു. അവളും ചിരിച്ചു. ഞാന്‍ കൈ നീട്ടി അവളെ എന്റെ കാലുകള്‍ക്കിടയിലേക്ക് ക്ഷണിച്ചു. കൈകള്‍ രണ്ടും മുന്‍പില്‍ കുത്തി അവള്‍ രണ്ടോ മൂന്നോ അടികള്‍ നടന്ന് എന്റെ കാലുകള്‍ക്കിടയില്‍ എനിക്ക് പുറം തിരിഞ്ഞിരുന്നു. ഞാന്‍ കാലുകള്‍ വിടര്‍ത്തി അവള്‍ക്ക് സ്ഥലം കൊടുത്തു. അവളുടെ നെറുകില്‍ ഉമ്മവെച്ചു. പിന്നെ അവളുടെ മേലുടുപ്പ് കഴുത്തുവരെ ഉയര്‍ത്തിവെച്ചു. അവളുടെ മുലകള്‍ പതുക്കെ തഴുകി. കറുപ്പോ അതോ നീലയോ നിറമുള്ള അവളുടെ ബ്രാ ഞാന്‍ അഴിച്ചുവെച്ചു. ഇളം ചൂടുള്ള അവളുടെ ചെറിയ മുലകള്‍ എന്റെ ഉള്ളംകൈകളില്‍ മിടിച്ചു. പിന്നെ രണ്ടു മുലകളിലും മാറി മാറി മണക്കുന്നപോലെ ഞാന്‍ എന്റെ മുഖം അമര്‍ത്തി. മുലഞെട്ടുകളില്‍ എന്റെ നാവുകൊണ്ട് തൊട്ടു. അവള്‍ ഒരു ചെറിയ ഒച്ചയുണ്ടാക്കി. പിറകിലേക്ക് കൈ നീട്ടി അവള്‍ എന്റെ മുന്‍ഭാഗത്ത് അമര്‍ത്തിപ്പിടിച്ചു. അതേസമയം, ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഒരു വെടിയൊച്ചയും ഒപ്പം ചില്ലുകള്‍ തകരുന്ന ശബ്ദവും മുഴങ്ങി. ഞങ്ങള്‍ പെട്ടെന്ന് വേര്‍പെട്ടു. ഞാന്‍ പിടഞ്ഞെഴുന്നേറ്റു. തലമാത്രം അരമതിലിനോപ്പം ഉയര്‍ത്തി ഞാന്‍ തെരുവിലേയ്ക്ക് നോക്കി. 
പൊലീസ് ചെക്കിംഗ് അപ്പോഴും നടക്കുന്നുണ്ടായിരുന്നു. റോഡരികില്‍ കിടന്നിരുന്ന ആളെ ഇപ്പോള്‍ കാണാനില്ലായിരുന്നു. അവിടെ പിടിച്ചുവെച്ച ആളുകളുടെ എണ്ണം പെരുകിയിരുന്നു. ആണുങ്ങളുടെ കൂട്ടത്തില്‍നിന്നും മാറി മുന്‍പ് കണ്ട പെണ്ണ് ഇരിക്കുന്നുണ്ടായിരുന്നു. അവള്‍ തല താഴ്ത്തി പിടിച്ചിരുന്നു, ഇരുന്നുറങ്ങുന്നപോലെ.

എന്താ അവിടെ നടക്കുന്നത്? കൃപ ചോദിച്ചു. ആരെയാണ് അവര്‍ വെടിവെച്ചത്?
ഒന്നും കാണാന്‍ ഇല്ല, ഞാന്‍ പറഞ്ഞു. നിവര്‍ന്നുനിന്ന് തെരുവിന്റെ രണ്ട് അറ്റത്തേയ്ക്കും ഞാന്‍ നോക്കി. പക്ഷ, ചെക്കിംഗ് കഴിഞ്ഞിട്ടില്ല.
അവര്‍ ആരെയോ വെടിവെച്ചു കൊന്നിരിക്കുന്നു -അവള്‍ പറഞ്ഞു. 
ഞാന്‍ ഒന്നും മിണ്ടിയില്ല. അവിടെ എവിടെയോ ഒരാളുടെ ശവം കിടക്കുന്നുണ്ട്. ഞാന്‍ വിചാരിച്ചു. വേറെ ഒരിടത്ത് വെടികൊണ്ട മറ്റൊരാള്‍ ഒളിച്ചിരിക്കുന്നുവെന്നും വിചാരിച്ചു. ഒരു കോണിച്ചോട്ടില്‍. അങ്ങനെ നിന്നുകൊണ്ട് കാണാവുന്ന ദൂരം അത്രയും ഞാന്‍ നോക്കി. രാത്രികള്‍ക്കുവേണ്ടി മാത്രം പുറപ്പെടുന്ന ഒരു നിശ്ശബ്ദതയില്‍ ചുറ്റുമുള്ള സകല ചലനങ്ങളും കാണാതാവുകയായിരുന്നു. അങ്ങനെ ഞാന്‍ നില്‍ക്കുമ്പോള്‍ത്തന്നെ കൃപ എന്റെ പാന്റ്സിന്റെ സിബ് ഊരി, ബെല്‍റ്റ് ഊരി, എന്റെ പാന്റ്സ്, താഴേക്ക്, എന്റെ മുട്ടുകള്‍വരെ താഴ്ത്തി. എന്റെ തുടകളില്‍ അവളുടെ കൈകള്‍ അമര്‍ത്തി. 
ഞാന്‍ തിരിഞ്ഞു നിന്നു. 


ഇപ്പോള്‍ തെരുവില്‍നിന്നും കെട്ടിടത്തിന്റെ മുകള്‍ഭാഗത്തേയ്ക്ക് നോക്കുന്ന ഒരാള്‍ക്ക് ഈ ചെറിയ വെളിച്ചത്തിലും എന്റെ തല, കഴുത്തിന്റെ പിന്‍ഭാഗം വരെ കാണാം. ചിലപ്പോള്‍ എന്റെ ചുമലുകളും. 
അവള്‍ എന്റെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ടുതന്നെ എന്റെ ജെട്ടി താഴ്ത്തി, എന്റെ ലിംഗത്തില്‍ രണ്ടു കൈകൊണ്ടും കൂട്ടിപ്പിടിച്ചു. പതുക്കെ അമര്‍ത്തി. അഗ്രഭാഗം താഴ്ത്തി, അവിടെ അവളുടെ വിരലുകള്‍കൊണ്ടു തൊട്ടു. അവിടെ അവളുടെ ചുണ്ടുകള്‍കൊണ്ട് ഉരസി. ഞാന്‍ ഒരു പ്രാവശ്യം വിറച്ചു. ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ തലയാട്ടിക്കൊണ്ട് എന്നെ വിലക്കി. ഞാന്‍ എന്റെ വലതുകൈ നീട്ടി അവളുടെ തലയില്‍ തൊട്ടു. അവളുടെ മുടിയിഴകള്‍ക്കിടയിലൂടെ എന്റെ വിരലുകള്‍ ഓടിച്ചു. ഇടത്തേ കൈകൊണ്ടു ഞാന്‍ എന്റെ ഷേര്‍ട്ട് ഉയര്‍ത്തി പിടിച്ചു. അവള്‍ എന്റെ പൊക്കിളില്‍ അവളുടെ മൂക്ക് കൊണ്ട് തൊട്ടു. വീണ്ടും എന്റെ മുന്‍ഭാഗത്ത് ചുണ്ടുകള്‍കൊണ്ട് ഉരസി. ഇപ്പോഴും ഞാന്‍ വിറച്ചു. അവളുടെ കൈകളില്‍ ചിറകുകള്‍ വിടര്‍ത്താന്‍ നില്‍ക്കുന്ന ഒരു പക്ഷിപോലെ ഞാന്‍ എന്നെ കണ്ടു. ആ ടെറസില്‍നിന്ന് ചിലപ്പോള്‍ ഞാന്‍ അങ്ങനെയാകും കാണാതാവുക. കൃപ എന്നെ നോക്കി പുഞ്ചിരിച്ചു. പിന്നെ അവളുടെ വായകൊണ്ട് എന്നെ മൂടി...
ഞാന്‍ ആകാശത്തേയ്ക്ക് തല ഉയര്‍ത്തി. മേഘങ്ങള്‍ കണ്ടു. മേഘങ്ങള്‍ക്കും മീതെ ഒരു വിമാനം വെളിച്ചം മിന്നിച്ചുകൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. ഇപ്പോഴും ചിറകുകള്‍ വിടര്‍ത്താന്‍ നില്‍ക്കുന്ന പക്ഷിപോലെ ഞാന്‍ എന്നെ കണ്ടു. എന്റെ കാലുകള്‍ വിറച്ചു... വീണ്ടും ഒരു വെടിയൊച്ച മുഴങ്ങി. ഒപ്പം, ഞങ്ങളുടെ അരികെത്തന്നെ കുപ്പിച്ചില്ലുകള്‍ ചിതറിവീഴുന്ന ശബ്ദം കേട്ടു. അതിനും പിറകെ, അതിനേക്കാള്‍ വേഗത്തില്‍ ഞങ്ങള്‍ നിന്നിടത്ത് പൊട്ടിവീണതുപോലെ കനത്ത ഇരുട്ട് പരന്നു.
ഇരുട്ട് മാത്രമായി. 
ഒന്നും കാണാതായി. 
ഞാന്‍ കൃപയെ നോക്കി. പകരം കാല്‍മുട്ടുകള്‍ക്ക് മീതെയുള്ള എന്റെ നഗ്‌നത മാത്രം കണ്ടു. എന്റെ ഉടലില്‍നിന്നും വേര്‍പെട്ടപോലെയായിരുന്നു എന്റെ നഗ്‌നത. ഞാന്‍, എന്റെ ജെട്ടിയും പാന്റ്സും ഉയര്‍ത്തി, അരയില്‍ മുറുക്കി. വീണ്ടും കൃപയെ തിരഞ്ഞു. ടെറസ്സ് മുഴുവന്‍ അങ്ങനെ കുനിഞ്ഞുകൊണ്ടുതന്നെ ഞാന്‍ നടന്നു. ചിലപ്പോള്‍ ഓടി. അവിടെ എവിടെയോ കിടന്നിരുന്ന ഇഷ്ടികക്കല്ലില്‍ തട്ടി ഞാന്‍ വീഴാന്‍ പോയി. ഒച്ച താഴ്ത്തി പല പ്രാവശ്യം ഞാന്‍ അവളുടെ പേര് വിളിച്ചു...

വീണ്ടും തിരിച്ചുവന്ന് ഞാന്‍ തെരുവിലേയ്ക്ക് നോക്കി. ഇപ്പോള്‍, വേഗത്തില്‍ നീങ്ങുന്ന വാഹനങ്ങള്‍ ഒഴിച്ചാല്‍ റോഡില്‍ പൊലീസുകാരോ പൊലീസ് വാനുകളോ ഉണ്ടായിരുന്നില്ല. പൊലീസ് ചെക്കിംഗ് അവസാനിച്ചിരുന്നു. സമയമറിയാന്‍ ഞാന്‍ വാച്ചിലേയ്ക്ക് നോക്കി. ഇരുട്ടില്‍ കൃത്യമായി ഒന്നും കാണാന്‍ പറ്റിയില്ല. ഏഴു മണി കഴിഞ്ഞിരിക്കും. അല്ലെങ്കില്‍ എട്ട്...
ഇപ്പോള്‍, റോഡില്‍ ഒരു വാഹനം ബ്രേക്കിടുന്ന ഒച്ച കേട്ടു. പിറകെ മറ്റൊരു വാഹനവും. 

ആരോ ഓടിക്കൊണ്ടുതന്നെ റോഡ് മുറിച്ചുകടക്കുകയായിരുന്നു. അത് കൃപയായിരുന്നു. ഓടിക്കൊണ്ടുതന്നെ അവള്‍ രണ്ടാമത്തേയും റോഡ് മുറിച്ചുകടന്നു. ഓടിക്കൊണ്ടുതന്നെ അവള്‍ അപ്രത്യക്ഷയാവുകയും ചെയ്തു. അങ്ങനെ കാണാതാവുന്നതിനും മുന്‍പ്, റോഡിലെ ഏറ്റവും അറ്റത്തെ വിളക്കുകാലിനു തൊട്ടുതാഴെ ഞാനവളെ ഇപ്പോള്‍ ശരിക്കും കണ്ടു. ഇടത്തേ കൈകൊണ്ടു ചുമലിലിട്ട ഹാന്‍ഡ്ബാഗ് മാറോട് ചേര്‍ത്ത്പിടിച്ചിട്ടുണ്ടായിരുന്നു. വലത്തേ കൈ നീട്ടി അവളുടെ തലയില്‍ തലോടുന്നുണ്ടായിരുന്നു. 
ആ ആംഗ്യം, അന്ന് രാത്രിയില്‍ ആ കെട്ടിടത്തിന്റെ പടികള്‍ ഇറങ്ങുമ്പോള്‍ ഞാന്‍ പല പ്രാവശ്യം ഓര്‍ത്തു. അതേപോലെ തലയില്‍ കൈകൊണ്ട് തടവിക്കൊണ്ട് അവള്‍ നടന്നുപോകുന്നത് പല പ്രാവശ്യം കണ്ടു. തെരുവില്‍ എത്തിയപ്പോള്‍ അതേപോലെ ഞാനും എന്റെ തലയില്‍ തലോടി. എന്റെ കൈപ്പടം നനയുന്നപോലെ തോന്നി. റോഡില്‍ ഓടുന്ന വാഹനങ്ങളുടെ വെളിച്ചത്തിലേക്ക് ഞാന്‍ എന്റെ കൈപ്പടം നിവര്‍ത്തിപ്പിടിച്ചു നോക്കി. തെളിയാതെ നിന്ന രേഖകള്‍ നോക്കി എന്റെ ഭാഗ്യം പറയാന്‍ എന്നപോലെ. അല്ലെങ്കില്‍ എന്റെ നെറുകില്‍നിന്നും ഒലിക്കുന്ന ചോര കാണാന്‍. 

എന്നാല്‍, അവിടെനിന്നും ഇരുപതാമത്തെ മിനിറ്റില്‍ മറ്റൊരു ചെക്ക് പോയന്റില്‍ വെച്ച് ഞാന്‍ പിടിക്കപ്പെടുമ്പോള്‍ എന്റെ നെറ്റിയുടെ അരികിലൂടെ ചെവിയുടെ ഉള്ളിലേയ്ക്ക് ഒലിക്കുന്ന ചോര കണ്ട് പൊലീസുകാരില്‍ ഒരാള്‍ എന്നെ മാറ്റിനിര്‍ത്തി. നീ എവിടെനിന്നു വരുന്നു എന്ന് ചോദിച്ചു. അതിനുത്തരമായി ഞാന്‍ തൊട്ടുമുന്‍പേ നടന്നുവന്ന ദൂരം കാണാന്‍ പിറകിലേയ്ക്ക് തിരിഞ്ഞുനോക്കി. വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന ഒരു വലിയ കെട്ടിടത്തില്‍ എന്റെ കാഴ്ച മുട്ടി. എന്റെ കണ്ണുകള്‍ മങ്ങി. പകരം മുന്‍പില്‍ മഞ്ഞുപോലെ എന്തോ വന്നു നിറയാന്‍ തുടങ്ങി. ഞാന്‍ പൊലീസുകാരനെ തിരിഞ്ഞുനോക്കി. 
അയാള്‍ എന്റെ ഐഡി കാര്‍ഡ് കാണിക്കാന്‍ പറഞ്ഞു. 
അയാള്‍ എന്റെ തൊഴില്‍ ചോദിച്ചു. 
അയാള്‍ എന്റെ പേര് ചോദിച്ചു. 
വാസ്തവത്തില്‍, ഞാനിപ്പോള്‍ നിലത്ത് മലര്‍ന്നുകിടക്കുകയാണ്. തളര്‍ന്നുവീണതാണ്. അല്ലെങ്കില്‍ മരിക്കുകയാണ്. എനിക്ക് ചുറ്റും നില്‍ക്കുന്ന ചെറിയ ആള്‍ക്കൂട്ടത്തിനതറിയാം. അല്പം മാറി ഇരുന്ന് എന്നെത്തന്നെ നോക്കുന്ന പെണ്ണിന് അതറിയാം. 
ഞാന്‍ ചെരുപ്പുകുത്തിയാണ്, ഞാന്‍ പൊലീസുകാരനോട് എന്റെ തൊഴില്‍ പറഞ്ഞു. 

എന്റെ ബാഗില്‍ കൃപയുടെ ഒരു ജോഡി ചെരുപ്പ് ഇരിക്കുന്നുണ്ടായിരുന്നു. ചെരുപ്പുകള്‍ എടുക്കാതെയാണ് അവള്‍ ഓടിപ്പോയത്. പിന്നെ ബാഗില്‍ എന്റേതായി ഒരു ചെറിയ കത്രികയുണ്ട്. ആ പകല്‍ എനിക്ക് കിട്ടിയ കുറച്ചു രൂപയും ഒന്നോ രണ്ടോ പേഴ്സുകളുമുണ്ട്. 
പൊലീസുകാരന്‍ ഒരു വട്ടംകൂടി എന്റെ പേര് ചോദിച്ചു. അയാള്‍ കുടിച്ചുകൊണ്ടിരുന്ന കുപ്പിവെള്ളത്തില്‍ ബാക്കിവന്ന വെള്ളം എന്റെ തലയിലും മുഖത്തും ഒഴിച്ചു. 
കൃപ - ഞാന്‍ എന്റെ പേര് പറഞ്ഞു. 
പിന്നെ, അവിടെ ആള്‍ക്കൂട്ടത്തില്‍നിന്നും മാറി ഇരിക്കുന്ന പെണ്ണിനെ ഇമപൂട്ടാതെ കുറച്ചു നേരം നോക്കിക്കിടന്നു. 
കുറച്ചു നേരം. 

ചിത്രീകരണം - കന്നി എം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com