ഒരു പരമരഹസ്യ പക്ഷിക്കഥ: അയ്മനം ജോണ്‍ എഴുതിയ കഥ

പക്ഷിനിരീക്ഷകനായ എന്റെ സുഹൃത്ത് സജീവന്‍ ആരോടും പറയരുതേ എന്നു പറഞ്ഞ് എന്നോട് പരമരഹസ്യമായി പറഞ്ഞ ഒരു സംഭവകഥയാണ് ഞാന്‍ നിങ്ങളോട് പറയാന്‍ പോകുന്നത്.
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം

ക്ഷിനിരീക്ഷകനായ എന്റെ സുഹൃത്ത് സജീവന്‍ ആരോടും പറയരുതേ എന്നു പറഞ്ഞ് എന്നോട് പരമരഹസ്യമായി പറഞ്ഞ ഒരു സംഭവകഥയാണ് ഞാന്‍ നിങ്ങളോട് പറയാന്‍ പോകുന്നത്. അതുകൊണ്ട് നിങ്ങളിത് ആരോട് തന്നെ പറഞ്ഞാലും പരമരഹസ്യമായിട്ട് തന്നെയെ പറയാവൂ എന്നൊരപേക്ഷയുണ്ട്.

സജീവനെ ഞാന്‍ പക്ഷിനിരീക്ഷകന്‍ എന്നു വിശേഷിപ്പിച്ചത് ശരിക്കു പറഞ്ഞാല്‍ ന്യൂനോക്തിയാണ്. സാധാരണ സങ്കല്പത്തിലുള്ള ഒരു പക്ഷിനിരീക്ഷകനല്ല അവന്‍. ഞങ്ങളുടെ നാട്ടുഭാഷയില്‍ പറഞ്ഞാല്‍ പക്ഷികള്‍ക്കുവേണ്ടി ചത്ത് നടക്കുന്ന ഒരുത്തനാണ്. പക്ഷിസ്‌നേഹം കൊണ്ട് പെണ്ണ് കെട്ടാന്‍ പോലും ആശയില്ലാതെ പോയ ഒരലൗകികന്‍. എന്നുവച്ച് പതിവ് പക്ഷിനിരീക്ഷകരെപ്പോലെ ബൈനോക്കുലറും കഴുത്തില്‍ തൂക്കി തലയിലൊരു തൊപ്പിയും വച്ച് വെയിലെന്നോ മഴയെന്നോ നോക്കാതെ പക്ഷിസങ്കേതങ്ങള്‍ തോറും അലഞ്ഞ് നടക്കാന്‍ അവനെ കിട്ടുകയുമില്ല. അവനും പ്രായമായ അമ്മയും തീര്‍ത്തും മിതഭാഷികളായി കഴിയുന്ന വയല്‍ക്കരയിലെ അവന്റെ വീടിനു ചുറ്റും വള്ളിപ്പടര്‍പ്പുകള്‍ പിണഞ്ഞ് ചുറ്റിയ മരക്കൂട്ടങ്ങളുള്ള വലിയൊരു തൊടിയാണ്. അതൊരു സ്വകാര്യ പക്ഷിസങ്കേതമാണെന്നുതന്നെ പറയാം. അവിടെ പലയിനം ധാന്യമണികള്‍ വിതറിയും വേനല്‍ക്കാലത്ത് മരക്കൊമ്പുകളില്‍ വെള്ളം നിറച്ച പാത്രങ്ങള്‍ തൂക്കിയിട്ടുമൊക്കെ പക്ഷികളെ അങ്ങോട്ടാകര്‍ഷിക്കുകയാണ് സജീവന്‍ ചെയ്യുന്നത്. കൊച്ചുന്നാള്‍ മുതല്‍ ശ്രദ്ധിച്ചും അനുകരിച്ചും ഒരു മാതിരിപ്പെട്ട പക്ഷികളുടെയെല്ലാം പാട്ടും കരച്ചിലുമൊക്കെ അവന്‍ മനപ്പാഠമാക്കിയിട്ടുമുണ്ട്. അതുകൊണ്ട് അകലെക്കൂടി പാടിപ്പറക്കുന്ന ഒരു പക്ഷിയുടെ പാട്ടിനുപോലും അതിന്റെ ഇണയുടേതെന്ന് അതിന് തോന്നത്തക്ക വിധത്തിലുള്ള മറുപാട്ട് പാടി അതിനെ തന്റെ വീട്ടുതൊടിയിലെത്തിക്കാന്‍ അവന് കഴിയുന്നു. അങ്ങനെ ആ തൊടിയില്‍ എത്തിപ്പെടുന്ന പക്ഷികള്‍ക്കൊന്നിനും തന്നെ പിന്നീട് അവിടം വിട്ട് പോകാന്‍ മനസ്സ് വരികയുമില്ല. അത്രമാത്രം സ്വസ്ഥശാന്തമായ ഒരു പച്ചത്തുരുത്താണത്. കൊച്ചു കുരുവിക്കൂട്ടങ്ങള്‍ മുതല്‍ വലിയ പരുന്തുകള്‍വരെയുള്ള നാട്ടിലെ സാധാരണ പക്ഷികള്‍ക്കു പുറമെ മറ്റിടങ്ങളില്‍ വളരെ അപൂര്‍വ്വമായി കാണുന്ന ബഹുവര്‍ണ്ണക്കിളികള്‍ പലതും അവിടുത്തെ പതിവ് താമസക്കാരാണ്. പച്ചച്ചുണ്ടനേയും ചോലക്കുടവനേയും താമരക്കോഴിയേയുമൊക്കെ ഞാന്‍ ആദ്യമായി കാണുന്നത് സജീവന്റെ വീട്ടുതൊടിയില്‍ വച്ചാണ്. ഇന്നും എത്ര ചെറിയ അവധിക്കു നാട്ടില്‍ പോയാലും മറ്റെങ്ങും പോയില്ലെങ്കില്‍ കൂടി ഞാന്‍ സജീവന്റെ വീട്ടില്‍ പോകാറുള്ളതും അവനെ കാണുമ്പോള്‍ തോന്നുന്ന സന്തോഷത്തെക്കാളേറെ ആ പക്ഷികളെ കാണുമ്പോഴുണ്ടാകുന്ന ആനന്ദം തേടിയാണ്. എന്നാല്‍, സജീവനെ സംബന്ധിച്ച് ആ കാഴ്ചാഭംഗി മാത്രമല്ല അവന്റെ പക്ഷിസ്‌നേഹത്തിനു നിദാനം. നാട്ടിലിന്ന് മനുഷ്യര്‍ക്കിടയിലുള്ളതിലേറെ ഒത്തൊരുമ അവറ്റകള്‍ക്കിടയില്‍ തനിക്കു കാണാനാവുന്നുണ്ടെന്നാണ് അവന്‍ പറയാറുള്ളത്.

മെലിഞ്ഞ് നീണ്ട വയല്‍വരമ്പുകള്‍ പലത് താണ്ടിച്ചെന്ന് കയറേണ്ട ഒരിടത്തായിരുന്നതിനാല്‍ സജീവന്റെ വീട്ടിലേയ്ക്ക് സന്ദര്‍ശകര്‍ ചുരുക്കമായേ ചെന്നിരുന്നുള്ളൂ. പലയിടത്തും വെള്ളവും ചെളിയുമൊക്ക ചവിട്ടിയും വള്ളിപ്പടര്‍പ്പുകള്‍ വകഞ്ഞുമാറ്റി വഴിതെളിച്ചും മുഖത്ത് വന്നൊട്ടുന്ന എട്ടുകാലിവലകള്‍ തൂത്തുകളഞ്ഞുമൊക്കെ വേണം ആ വീട്ടുപടിക്കലെത്താന്‍. ഇന്നത്തെ കാലത്ത് ആരാണ് അത്രയൊക്കെ പാടുപെട്ട് ഒരു വീട് തേടിപ്പോകുന്നത്. തന്നെയുമല്ല, അങ്ങനെ ആരെങ്കിലുമൊക്കെ പതിവായി അന്വേഷിച്ച് ചെല്ലാന്‍ മാത്രം ബന്ധുബലമോ മറ്റടുപ്പങ്ങളോ സജീവനോ അവന്റെയമ്മയ്‌ക്കോ ഒട്ടില്ല താനും. പേരിനൊരു തൊഴില്‍ എന്ന മട്ടില്‍ അവന്‍ കൊണ്ട് നടക്കുന്ന ഫോട്ടാഗ്രാഫിക്കായി നാട്ടിലെ സാധാരണക്കാരില്‍ ചിലരെല്ലാം അവരുടെ ചില വീട്ടുചടങ്ങുകള്‍ക്കൊക്കെ അവനെ ഫോണില്‍ വിളിക്കുന്നതും എന്നെപ്പോലെ മറുനാട്ടില്‍ ജീവിക്കുന്നവരായ ചുരുക്കം ചില സുഹൃത്തുക്കളൊക്കെ ഇടയ്ക്ക് സ്‌നേഹബുദ്ധ്യാ വിളിച്ചന്വേഷിക്കുന്നതുമൊക്കെ ഒഴിച്ചാല്‍ നാട്ടിലോ ചുറ്റുപാടുകളിലോ പറയത്തക്ക ബാഹ്യബന്ധങ്ങളൊന്നുമില്ലാത്ത ജീവിതമാണ് സജീവന്റേത്. അവനങ്ങനെ പറയത്തക്ക വരുമാനമൊന്നുമില്ലെങ്കില്‍ത്തന്നെയും വീട്ടു ചെലവുകള്‍ ഒട്ടുമുക്കാലും സ്‌കൂള്‍ ടീച്ചറായിരുന്ന അമ്മയുടെ പെന്‍ഷന്‍ കാശ്‌കൊണ്ട് നടത്താന്‍ പറ്റുന്നതുകൊണ്ട് അവരിരുവരും ഏതാണ്ട് പക്ഷികളെപ്പോലെ തന്നെ സമാധാനമായി ജീവിച്ചുപോകുന്നു. അത്രതന്നെ.

നാട്ടുകാര്‍ക്കിടയില്‍ ആരോടെങ്കിലും അവനെപ്പറ്റി അഭിപ്രായം ചോദിച്ചാല്‍ ''ഓ, അതങ്ങനെയൊരു ഉച്ചക്കിറുക്കന്‍. അല്ലാതെന്നാ പറയാനിരിക്കുന്നൂ'' എന്നോ ''അവനോ, അവനെന്നാ. പെണ്ണും പെടക്കോഴീമൊന്നുമില്ലാതെ ഏത് നേരോം പക്ഷികളുടെ പൊറകേ നടക്കുന്ന ഒരു പാവത്താന്‍'' എന്നോ മറ്റോ ലേശം ആക്ഷേപകരമായ ഒരു മറുപടിയായിരിക്കും കിട്ടുക എന്നുള്ളത് വേറെ കാര്യം. അവനിന്ന് ലക്ഷക്കണക്കിന് അംഗങ്ങളുള്ള ബേര്‍ഡ് വാച്ച് എന്ന് പേരായ സൈബര്‍ കൂട്ടായ്മയിലൂടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സുഹൃദ് ബന്ധങ്ങളുള്ള ഒരു പക്ഷിനിരീക്ഷകനാണെന്ന് അവരുണ്ടോ അറിയുന്നു. തന്നെയുമല്ല, നാട്ടുകാരില്‍ ഒട്ടുമിക്ക പേരും ഇതുവരെ അടുത്ത് കണ്ടിട്ടുപോലുമില്ലാത്ത അവന്റെ വീടും തൊടിയുമൊക്കെ ബേര്‍ഡ് വാച്ചിന്റെ സൈബര്‍ ഇടങ്ങളില്‍ അവന്‍ നിത്യേനയെന്നോണം പോസ്റ്റ് ചെയ്യുന്ന പക്ഷിച്ചിത്രങ്ങളിലൂടെ ഏറെയും മറുനാട്ടുകാരായ ആ സൈബര്‍ സുഹൃത്തുക്കള്‍ക്ക് അതിപരിചിതവുമാണ്. കാര്യങ്ങള്‍ അങ്ങനെയൊക്കെയായത്‌കൊണ്ടാണ് ഈയിടെ പക്ഷിസംബന്ധമായി അവന്‍ നടത്തിയ ആഗോള ശ്രദ്ധ നേടിയ ആ കണ്ടുപിടുത്തത്തെപ്പറ്റിയും അതിന്റെ പേരില്‍ അവനു ലഭിച്ച രാജ്യാന്തര പുരസ്‌കാരത്തെപ്പറ്റിയുമൊക്കെ നാട്ടുകാരാരും തന്നെ അറിയാതെ പോയത്. അങ്ങനെ, ഇങ്ങ് ദില്ലിയില്‍ ജീവിക്കുന്ന ഞാനൊഴികെ ഞങ്ങളുടെ നാട്ടുകാരില്‍ മറ്റാരുമറിയാനിടവന്നിട്ടില്ലാത്ത ആ ഭാഗ്യകഥ തന്നെയാണ് ഞാനിപ്പോള്‍ നിങ്ങളോട് പറയാന്‍ പോകുന്നത്. 

സംഭവം നടന്നിട്ട് അധികനാളുകളായിട്ടില്ല. ഒരുച്ചതിരിഞ്ഞ നേരം പതിവുപോലെ തൊടിയിലെ പക്ഷിക്കരച്ചിലുകള്‍ക്ക് കാത് കൊടുത്തുകൊണ്ട് വീടിന്റെ പിന്നാമ്പുറത്തെ വയല്‍ക്കരയിലുള്ള കടപ്ലാ മരച്ചുവട്ടില്‍ വയലിലേയ്ക്ക് നോക്കി കാറ്റുകൊണ്ടിരിക്കുകയായിരുന്നു സജീവന്‍. സദാ നേരവും കയ്യില്‍ കരുതുന്ന ക്യാമറയും അവന്റെ മടിയിലുണ്ടായിരുന്നു. അപ്പോളതാ ഉച്ചത്തില്‍ കൂകിക്കൊണ്ട് അസാമാന്യ വലിപ്പമുള്ള ഒരു പക്ഷി വയലിനക്കരെനിന്ന് ഒത്തിരി പൊക്കത്തില്‍ പറന്നുവരുന്നു. അതുവരെ കേട്ടിട്ടില്ലായിരുന്ന ആ പക്ഷിക്കൂകലിന്റെ ഈണം പൊടുന്നനെ പിടിച്ചെടുത്ത സജീവന്‍ അവന്റെ പതിവ് രീതിയില്‍ മറുകൂകല്‍ കൂകി അതിനെ തന്റെ വീട്ടുതൊടിയിലേയ്ക്ക് ആകര്‍ഷിച്ചു. ഒട്ടും അമാന്തിക്കാതെ ആ വലിയ പക്ഷി ചിറകുകള്‍ പെട്ടെന്ന് നിശ്ചലമാക്കി അതിന്റെ സഞ്ചാരപഥം വിട്ട് താഴേക്കൂര്‍ന്നിറങ്ങി സജീവന് തണല്‍ കൊടുത്തു കൊണ്ടിരുന്ന അതേ കടപ്ലാവിന്റെ തന്നെ താഴ്ന്നൊരു ശിഖരത്തില്‍ ചെന്നിരുന്നു. അങ്ങനെയിങ്ങനെ അനങ്ങാത്ത ഒരു മരമായിട്ട്‌പോലും ആ കടപ്ലാവിന്റെ ശിഖരം അപ്പോള്‍ ആകെയൊന്നുലഞ്ഞത്രെ. അത്രയ്ക്ക് ഭാരമുള്ള ഒരു പക്ഷിയായിരുന്നു അത്. അമ്പരപ്പോടെ തല പൊക്കി നോക്കിയ സജീവന്റെ ദൃഷ്ടിയില്‍ ഉയരത്തില്‍ പറക്കാന്‍ പഠിച്ച ഒരു പൂവന്‍കോഴിയെപ്പോലെ കാണപ്പെട്ട ആ അദ്ഭുതപ്പക്ഷി അതിന്റെ വലിയ വട്ടക്കണ്ണുകള്‍ ചുഴറ്റി ഭയലേശമില്ലാതെ അവനെ നോക്കിക്കൊണ്ട് പിന്നെയും ഉറക്കെകൂകാന്‍ തുടങ്ങി. ഒരു മറുകൂകല്‍ കൂടി കൂകി പക്ഷിയുമായി സൗഹൃദം സ്ഥാപിച്ചിട്ട് അത്യുത്സാഹത്തോടെ എഴുന്നേറ്റ സജീവന്‍ അതെങ്ങാനും പെട്ടെന്ന് പറന്നു പോയാലോ എന്നൊരു വേവലാതിയുണ്ടാക്കിയ കൈവിറയലോടെ ക്യാമറയെടുത്ത് അടുത്തുള്ള മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക് ഉടനടി ഒളിച്ചുമാറി. എന്നിട്ട് കാലൊച്ച കേള്‍ക്കാത്തവണ്ണം മരങ്ങളുടെ മറവിലൂടെ മാറിമാറി നടന്ന് ആ പുതുപുത്തന്‍ പക്ഷിയുടെ പല ആംഗിളുകളില്‍നിന്നുള്ള ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. അതിനുശേഷം പക്ഷിയുടെ കൂകലിന് ഒരു മറുകൂകല്‍ കൂടി കൂകിക്കൊണ്ട് അതൊരു വീഡിയോ ചിത്രമായും പകര്‍ത്തി.
കൂര്‍ത്തുവളഞ്ഞ മഞ്ഞക്കൊക്കിന് മുകളില്‍ ചുവന്ന തൂവല്‍ കിരീടം ചൂടി വെള്ളച്ചിറകുകളില്‍ നീലയും കറുപ്പും പുള്ളികളോടെ കാണപ്പെട്ട ആ പക്ഷി ഇതുവരെ താന്‍ കണ്ടിട്ടുള്ള പക്ഷിവര്‍ഗ്ഗങ്ങളില്‍ ഒന്നിനോട്‌പോലും സാദൃശ്യമില്ലാത്ത ഒരു വിചിത്ര രൂപിയാണെന്നത് സജീവനെ അത്യന്തം ആവേശഭരിതനാക്കിയിരുന്നു. അത്യപൂര്‍വ്വമായ ആ കണ്ടെത്തലില്‍ അങ്ങേയറ്റം ആഹ്ലാദവാനായിക്കഴിഞ്ഞിരുന്ന അവന്‍ തൊടിയില്‍നിന്നുകൊണ്ടുതന്നെ താനെടുത്ത ചിത്രങ്ങളത്രയും ബേര്‍ഡ് വാച്ച് കൂട്ടായ്മയിലേക്ക് ഒന്നിനു പുറകെ ഒന്നായി പോസ്റ്റ് ചെയ്തു. ക്ഷണനേരം കൊണ്ട് ലോകമെമ്പാടും പറന്നുചെന്ന ആ ചിത്രങ്ങളെ പരശതം പക്ഷിസ്‌നേഹികള്‍ ഉടനടി ലൈക്കുകളുടെ പുഷ്പവൃഷ്ടികള്‍കൊണ്ട് മൂടി. മിനിട്ടുകള്‍ക്കകം തന്നെ കമന്റ് ബോക്‌സിലൂടെ അവനായുള്ള അഭിനന്ദനവര്‍ഷങ്ങളും വരാന്‍ തുടങ്ങി. കാരണം ഓരോ മൂന്ന് മാസത്തിലും ഏറ്റവുമധികം ലൈക്കുകള്‍ നേടുന്ന പക്ഷിച്ചിത്രം ഫൈന്‍ഡ് ഓഫ് ദി ക്വാര്‍ട്ടര്‍, ആയി തെരഞ്ഞെടുത്ത് ബേര്‍ഡ് വാച്ച് നല്‍കിപ്പോരുന്ന ആയിരം ഡോളറിന്റെ സമ്മാനത്തിന് ഇത്തവണ അവന്റെ ആ കണ്ടെത്തല്‍ അര്‍ഹമാകുമെന്ന് അപ്പോഴേയ്ക്ക് തന്നെ കൂട്ടായ്മയില്‍ എല്ലാവര്‍ക്കും തന്നെ ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞിരുന്നു. കൂട്ടായ്മയുടെ മുഖ്യ സ്പോണ്‍സര്‍മാരായ ഒരമേരിക്കന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനി നല്‍കുന്ന ആ അംഗീകാരം ഇക്കാലം ഏതൊരു പക്ഷിനിരീക്ഷകനും തൊപ്പിയില്‍ ഒരു തൂവലായി വിലമതിക്കുന്ന ഒന്നാണ്.

ലൈക്ക് വര്‍ഷങ്ങള്‍ക്കൊപ്പം തന്നെ സജീവന്‍ കണ്ടെത്തിയ ആ വിചിത്ര പക്ഷിയെ ഇതുവരെ ഒരിടത്തും കാണാന്‍ കഴിഞ്ഞിട്ടില്ല എന്നു കമന്റ് ചെയ്തുകൊണ്ട് ആഗോള പക്ഷിനിരീക്ഷണരംഗത്തെ വിദഗ്ദ്ധര്‍ ഓരോരുത്തരായി കമന്റ് ബോക്‌സുകളില്‍ അടിയറവ് പറയുന്നുമുണ്ടായിരുന്നു. അതുകൊണ്ട്തന്നെ അവന്റെ കണ്ടെത്തല്‍ വര്‍ഷാവസാനം ഫൈന്‍ഡ് ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെടാനും മതിയെന്ന് സൈബര്‍ സ്‌നേഹിതരില്‍ പലരും അഭിപ്രായപ്പെടുകയും ചെയ്തു. അങ്ങനെ സംഭവിച്ചാല്‍ അടുത്ത വര്‍ഷം ബേര്‍ഡ് വാച്ചിന്റെ ചെലവില്‍ ലോകപ്രസിദ്ധ പക്ഷിസങ്കേതങ്ങളില്‍ ചിലത് സന്ദര്‍ശിക്കാനുള്ള അവസരമാണ് സജീവന് ലഭിക്കാന്‍ പോകുന്നത്.
അതൊക്കെ കഴിഞ്ഞപ്പോള്‍ ഏതായിരിക്കാം ആ വിചിത്ര പക്ഷി എന്നതിനെ സംബന്ധിച്ച് ഗ്രൂപ്പിലുണ്ടായ ചര്‍ച്ചകളില്‍ ബഹുമുഖങ്ങളായ നിരീക്ഷണങ്ങളും വന്നുകൊണ്ടിരുന്നു. ആമസോണ്‍ വനങ്ങള്‍ കത്തിക്കൊണ്ടിരുന്ന സമയത്ത് അവിടുത്തെ ഉള്‍ക്കാടുകളില്‍ എവിടെനിന്നെങ്കിലും പലായനം ചെയ്ത ഒരു പക്ഷിയാകാം അത് എന്ന് ഒരു കൂട്ടര്‍. അടുത്തകാലത്ത് പണി പൂര്‍ത്തീകരിച്ച ഒരണക്കെട്ട് വെള്ളത്തില്‍ മുക്കിയ വനപ്രദേശങ്ങളേതില്‍നിന്നെങ്കിലും പുറത്താക്കപ്പെട്ട പക്ഷികളില്‍ ഒന്നാകാം എന്നൊരു കല്‍ക്കത്തക്കാരന്‍. അങ്ങനെ പല പല അനുമാനങ്ങള്‍... അതിനൊക്കെയിടയില്‍ പരിസ്ഥിതി നാശങ്ങളാല്‍ ഭൂമണ്ഡലത്തില്‍നിന്ന് ദിവസേനയെന്നോണം അനേക ജാതി പക്ഷികള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കെ പുതിയ ഭൗമാന്തരീക്ഷത്തിനുതകുന്നത്ര അതിജീവനശേഷിയുള്ള പുതുജാതി പക്ഷിവര്‍ഗ്ഗങ്ങളെ പ്രകൃതി അവതരിപ്പിക്കാന്‍ തുടങ്ങുകയാണോ എന്ന സംശയമായിരുന്നു ഒരു ജപ്പാന്‍കാരന് ഉന്നയിക്കാനുണ്ടായിരുന്നത്.

ആ ജപ്പാന്‍കാരന്റെ അഭിപ്രായത്തെ ശരിവയ്ക്കുന്നപോലുള്ള നീക്കങ്ങളാണ് പിന്നീട് ആ പക്ഷി നടത്തിയതെന്നാണ് സജീവന്‍ പറഞ്ഞത്. പരിസരനിരീക്ഷണത്തില്‍നിന്ന് അവന്റെ പക്ഷിസ്‌നേഹം എളുപ്പം മനസ്സിലാക്കിയ ആ ബുദ്ധിശാലിയായ പക്ഷി അന്നേ ദിവസം തന്നെ ആ തൊടിയില്‍ സ്ഥിരവാസമുറപ്പിച്ച മട്ട് കാട്ടാന്‍ തുടങ്ങിയത്രേ. ഫോട്ടോ സെഷന്‍ കഴിഞ്ഞയുടനെ തന്നെ അത് കടപ്ലാവിനെ കൈവിട്ടിട്ട് തൊടിയുടെ കേന്ദ്രസ്ഥാനത്തെ ലക്ഷ്യമാക്കി പല മരങ്ങളിലേയ്ക്ക് മാറിമാറി പറന്ന് ചെന്നിരുന്നിട്ട് തൊടിയുടെ നടുവിലേയ്ക്ക് ചേക്കേറിക്കൊണ്ടിരുന്നു. ഒടുവില്‍ സന്ധ്യയോടടുത്ത നേരം തൊടിയുടെ ഒത്തനടുവിലെ പൂവരശിന്മേല്‍ ചെന്നുചേരുകയും ചെയ്തു. അതിന്റെ ഉച്ചത്തിലുള്ള കൂക്കലും ക്രൗര്യം കലര്‍ന്ന നോട്ടവും കൊണ്ട് പൂവരശിന്റെ മുകളിലെ പാര്‍പ്പുകാരായിരുന്ന ചെറുപക്ഷികളെല്ലാം ഉടനടി പറന്നു മാറിക്കൊടുത്തു. അങ്ങനെ ആ പുതുപക്ഷി ഒരു പക്ഷിരാജാവിന്റെ പ്രൗഢിയോടെ ഇരിപ്പുറപ്പിച്ച് കുറെ നേരം കൂടി ഉറക്കെ കൂകിയിട്ട് യാത്രാക്ഷീണത്താലെന്നവണ്ണം സാവധാനം ഉറക്കം തൂങ്ങാന്‍ തുടങ്ങിയത് കൂടി കണ്ട ശേഷമായിരുന്നു സജീവന്‍ എന്നെ വിളിച്ച് ആ സന്തോഷവാര്‍ത്തയത്രയും പങ്ക് വച്ചത്.

പിറ്റേന്ന് കാലത്ത് പുതിയ പക്ഷിയുമൊത്തുള്ള അവന്റെ ആദ്യരാത്രിയുടെ വിശേഷങ്ങള്‍ അറിയാനുള്ള ജിജ്ഞാസയോടെയാണ് ഞാന്‍ സജീവനെ വിളിച്ചത്. പ്രതീക്ഷിച്ചതിനു തീര്‍ത്തും വിപരീതമായി അത്യന്തം ഉല്‍ക്കണ്ഠാകുലനായിട്ടാണ് അവന്‍ സംസാരിച്ച് തുടങ്ങിയത് തന്നെ. സാധാരണ പലതരം പക്ഷികളുടെ പാട്ട് കേട്ട് ഉണരാറുണ്ടായിരുന്ന അവനെ അന്ന് വെളുപ്പിന് ഇരുള്‍ മായും മുന്‍പ് ഉണര്‍ത്തിയത് തൊടിയിലെ സ്ഥിരവാസക്കാരായ പക്ഷികളുടെ ഹൃദയഭേദിയായ നിലവിളിയൊച്ചകള്‍ ആയിരുന്നത്രേ. അരണ്ടവെളിച്ചത്തിലൂടെ അവിടേയ്ക്ക് ഓടിച്ചെന്ന അവന്‍ കണ്ടത് തൊടിക്കു മുകളിലൂടെ വട്ടത്തില്‍ പറന്നുനടന്ന് ചെറുപക്ഷികളെ വേട്ടയാടിപ്പറക്കുന്ന ആ പുതുപക്ഷിയെ ആയിരുന്നു. അതിന്റെ കടന്നാക്രമണങ്ങളില്‍ പരിഭ്രാന്തരായ പക്ഷികള്‍ കൂട്ടുകാരെ വിളിച്ചുണര്‍ത്തിയിട്ട് തൊടിവിട്ട് പൊങ്ങിപ്പറക്കുന്ന സങ്കടകരമായ ദൃശ്യങ്ങള്‍ കണ്ട് സ്തബ്ധനായി നില്‍ക്കാനേ അവന് കഴിഞ്ഞുള്ളൂ. അവയുടെ കൂട്ടക്കരച്ചില്‍ തന്നോടുള്ള രക്ഷാഭ്യര്‍ത്ഥനയായി തിരിച്ചറിഞ്ഞിട്ടും എന്താണ് ചെയ്യേണ്ടതെന്നറിയാതെ നില്‍ക്കാന്‍ മാത്രമേ തനിക്കായുള്ളൂ എന്ന ഖേദമായിരുന്നു സജീവന്റെ ശബ്ദത്തില്‍ മുഴുവന്‍. അവറ്റകളുമായി അവനുണ്ടായിരുന്ന ഹൃദയബന്ധം മനസ്സിലാക്കിയിട്ടുള്ള എനിക്കുപോലും അതു കേട്ടപ്പോള്‍ വലിയ പ്രയാസം തോന്നി. തൊടിയില്‍ നാലുപാടും ചിതറിക്കിടന്നിരുന്ന പക്ഷിത്തൂവലുകള്‍ക്കും കൊല്ലപ്പെട്ട കിളികളുടെ അവശിഷ്ടങ്ങള്‍ക്കുമൊക്കെയിടയില്‍ കുറച്ച് കിളിക്കൂടുകളുമുണ്ടായിരുന്നെന്നും അവയ്ക്കുള്ളിലിരുന്ന് പറക്കമുറ്റാത്ത കുരുന്നു കിളികള്‍ തീര്‍ത്തും ബലഹീനമായ ശബ്ദത്തില്‍ കരയുന്നുണ്ടായിരുന്നെന്നുമൊക്കെ പറയുമ്പോള്‍ സജീവന്റെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു. സാധാരണ ഫോണിലൂടെ അവനുമായി സാംസാരിക്കുമ്പോഴെല്ലാം തന്നെ പിന്നണിഗാനം പോലെ കേള്‍ക്കാന്‍ കഴിഞ്ഞിരുന്ന ആ പക്ഷിക്കൂകലുകള്‍ ഒന്നും തന്നെ അന്ന് കേള്‍ക്കാനുമില്ലായിരുന്നുവെന്ന് കൂടി ശ്രദ്ധിച്ചപ്പോള്‍ നടന്നതെല്ലാം വലിയൊരു ദുരന്തമായി എനിക്കും അനുഭവപ്പെട്ടു.
''സാരമില്ലെടാ. ഏതായാലും ഇങ്ങനെയൊന്നിനെ കാണാനുള്ള അപൂര്‍വ്വഭാഗ്യം നിനക്ക് കിട്ടിയല്ലോ. തല്‍ക്കാലം നീയതിനെ ഓടിച്ചുവിടേണ്ട. പുതുതായി വന്നതല്ലേ പരിസരവുമായി ഒന്നിണങ്ങിക്കഴിഞ്ഞാല്‍ കുഴപ്പം കാണുകേല. ഏതായാലും പകലെന്താ അവന്റെ പരിപാടീന്ന് കൂടി കണ്ടിട്ട് അതിനനുസരിച്ച് നമുക്കെന്തേലും നീക്കുപോക്ക് കാണാം'' എന്നു പറഞ്ഞ് ഞാനവനെ സമാശ്വസിപ്പിച്ചു.

അതിനു മറുപടിയൊന്നും പറയാന്‍പോലും കെല്‍പ്പില്ലാതെ സജീവന്‍ കോള്‍ കട്ട് ചെയ്യുകയായിരുന്നു. ആ അന്തകപ്പക്ഷിയെ തൊടിയില്‍നിന്ന് ഓടിച്ചുവിട്ടാല്‍ത്തന്നെയും അതെങ്ങാനും വീണ്ടും വരുമോ എന്ന ഭയത്താല്‍ തൊടിവിട്ട് പോയ കിളിക്കൂട്ടങ്ങളത്രയും ഇനി തിരികെ വരാതിരുന്നാലോ എന്നൊരാശങ്ക അവനെ വല്ലാതെ ഉലച്ചിരുന്നുവെന്ന് തോന്നി.
തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ അറിയാനുള്ള ആശ പകല്‍ നീളെ ഇടയ്ക്കിടെ എന്റെ മനസ്സില്‍ പൊന്തിവന്നിരുന്നെങ്കിലും ജോലിത്തിരക്കുകള്‍ക്കിടയില്‍ എനിക്ക് സജീവനെ വിളിച്ചന്വേഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. വൈകുന്നേരം താമസസ്ഥലത്ത് മടങ്ങിയെത്തിയതും ഞാനവനെ വിളിച്ചു.
അപ്പോഴാണ് പരമരഹസ്യമായിരിക്കണം എന്ന വ്യവസ്ഥയില്‍ സജീവന്‍ പകല്‍ നടന്നതെല്ലാം എന്നെ പറഞ്ഞു കേള്‍പ്പിച്ചത്. മറ്റു പക്ഷികളെയെല്ലാം ആട്ടിപ്പായിച്ചിട്ട് തിരികെ പൂവരശിന്മേല്‍ വന്നിരുന്ന് കലിയോടെ കണ്ണ് ചുഴറ്റിക്കൊണ്ടിരുന്ന ആ അന്തകപ്പക്ഷിയുടെ ചുണ്ടില്‍നിന്നു ചോരത്തുള്ളികള്‍ ഒലിച്ചുവീണുകൊണ്ടിരുന്നത്രെ. ആ കാഴ്ചയില്‍ കൂടുതല്‍ പ്രകോപിതനായ സജീവന്‍ നേരെ പോയത് വയലിനക്കരെയുള്ള വെടിക്കാരന്‍ തോമാച്ചേട്ടന്റെ വീട്ടിലേക്കായിരുന്നു. പക്ഷിവേട്ട നിരോധിക്കുന്നതിനു മുന്‍പ് വയലില്‍ എരണ്ടകളെ വെടിവയ്ക്കാന്‍ വന്നിരുന്ന കാലത്തെ അടുപ്പം അവന് തോമാച്ചേട്ടനുമായി ഉണ്ടായിരുന്നു. അതുകൊണ്ട് അന്തകപ്പക്ഷിയെ വെടിവച്ചു കൊന്നുതരണമെന്ന് സജീവന്‍ നടത്തിയ അപേക്ഷ ചേട്ടന്‍ മടിയൊന്നും കൂടാതെയാണത്രെ സ്വീകരിച്ചത്. ഏറെക്കാലം കൂടി ഉന്നം പരീക്ഷിക്കാനുള്ള ഒരവസരം കിട്ടിയതിന്റെ ഉത്സാഹം കൂടി തോമാച്ചേട്ടന് ഉണ്ടായിരുന്നിരിക്കാം. ഏതായാലും ഒരു നാടന്‍ തോക്ക് ഒളിച്ചു സൂക്ഷിച്ച ഒരു കൊച്ചുവള്ളത്തില്‍ അവരിരുവരും കയ്യോടെ തന്നെ വയലിറമ്പ് ചേര്‍ന്നൊഴുകുന്ന കൈത്തോട്ടിലൂടെ സജീവന്റെ വീട്ടുതൊടിയിലെത്തി. 


തൊടിയിലൂടെ പതുങ്ങിപ്പതുങ്ങി നടന്ന് വന്ന വഴിക്കുതന്നെ സജീവന്‍ അന്തകപ്പക്ഷിയെ പിന്നില്‍നിന്ന് ചൂണ്ടിക്കാട്ടിയതും തോമാച്ചേട്ടന്‍ അവിടെത്തന്നെ നിന്ന് ഉന്നം പിടിച്ച് ഒരൊറ്റ വെടിയുതിര്‍ത്തു. അന്തകപ്പക്ഷിയുടെ കഥയും കഴിഞ്ഞു.

പൂവരശിന്റെ താഴ്ന്നൊരു കൊമ്പിലെ ഇലച്ചിലുകള്‍ക്കിടയിലേക്ക് ചത്തുമലച്ചുവീണ പക്ഷിയുടെ ജഡം സജീവന്റെ ഇച്ഛയനുസരിച്ച് തോമാച്ചേട്ടന്‍ മരത്തില്‍ കയറി എടുത്തിട്ട് ഉയര്‍ന്ന ശിഖരങ്ങളൊന്നില്‍ കെട്ടിത്തൂക്കിയിട്ടു. തൊടിയിലേക്ക് മടങ്ങിവരുന്ന പക്ഷികള്‍ക്ക് ധൈര്യം കൊടുക്കുക എന്ന ഉദ്ദേശ്യമാണ് സജീവനപ്പോള്‍ ഉണ്ടായിരുന്നത്. മതിയായ കൂലി കൊടുത്ത് തോമാച്ചേട്ടനെ മടക്കിയയച്ച സജീവന്‍ അതിനുശേഷം ഓരോരോ പക്ഷിക്കൂട്ടങ്ങളെ വ്യത്യസ്ത ശബ്ദങ്ങളില്‍ കൂകിവിളിച്ചപ്പോള്‍ വയലിനക്കരെയുള്ള വെളിമ്പറമ്പുകളില്‍ താല്‍ക്കാലിക ഒളിസങ്കേതങ്ങള്‍ കണ്ടെത്തിയിരുന്ന അവ ഒന്നൊന്നായി തൊടിയിലേക്ക് മടങ്ങിയെത്തി. അങ്ങനെ തന്റെ വീട്ടുതൊടി അതിന്റെ ബഹുസ്വരത വീണ്ടെടുത്തപ്പോള്‍ സജീവന്‍ അന്തകപ്പക്ഷിയുടെ ജഡം തൂക്കിയിട്ടിരുന്ന കയര്‍ ഒരു തോട്ടികൊണ്ട് വലിച്ചുപൊട്ടിച്ച് നിലത്ത് വീഴ്ത്തിയിട്ട് അത് തൊടിയുടെ കോണില്‍ ഒരിടത്ത് കുഴിച്ചുമൂടുകയും ചെയ്തു. അതും കഴിഞ്ഞ് തൊടിയില്‍ നിലത്ത് വീണുകിടന്ന കിളിക്കൂടുകള്‍ ഓരോന്നും തപ്പിയെടുത്ത് അതാതിനിണങ്ങിയ മരക്കൊമ്പുകള്‍ക്കിടയില്‍ പുനഃസ്ഥാപിക്കുക കൂടി ചെയ്തുകഴി ഞ്ഞപ്പോഴാണത്രെ അവന് ആ ദിവസം ആദ്യമായി ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ക്കാനായത്.
എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ എനിക്കവനോട് ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളൂ .
''ആരെങ്കിലുമറിഞ്ഞാല്‍ കുഴപ്പമാകില്ലേ?''
''എന്ത് കുഴപ്പം?'' ലേശം കുപിതസ്വരത്തിലാണ് സജീവന്‍ ചോദിച്ചത്.
''അല്ല. വെടിവച്ച് കൊന്നത്...?'' ഞാന്‍ എന്റെ ആശങ്ക വ്യംഗിപ്പിച്ചു.
''ഓഹോ. നിയമപ്രശ്‌നം. അല്ലേ? പക്ഷിലോകത്തെവിടെയാടാ നിയമം? ഇവിടെ നിയമോന്ന് വച്ചാല്‍ നീതി തന്നെയാ'' എന്ന് പറഞ്ഞിട്ട് സജീവന്‍ പൊട്ടിച്ചിരിച്ചപ്പോള്‍ അവന്‍ പറഞ്ഞത് മനസ്സിലാക്കിയിട്ടെന്ന മട്ടില്‍ തൊടിയിലെ പക്ഷിക്കൂട്ടങ്ങളും ആര്‍ത്തു ചിരിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com