'തിരുവസ്ത്രം'- ബെന്യാമിന്‍ എഴുതിയ കഥ

യാമപ്രാര്‍ത്ഥനയ്ക്ക് മുന്‍പ് ചാപ്പലിലെ അള്‍ത്താരയ്ക്ക് മുന്നില്‍ മുട്ടിന്മേല്‍നിന്ന് പൗലോസ് അച്ചന്‍ ബൈബിള്‍ തുറന്ന് ഇപ്രകാരം വായിച്ചു
'തിരുവസ്ത്രം'- ബെന്യാമിന്‍ എഴുതിയ കഥ


യാമപ്രാര്‍ത്ഥനയ്ക്ക് മുന്‍പ് ചാപ്പലിലെ അള്‍ത്താരയ്ക്ക് മുന്നില്‍ മുട്ടിന്മേല്‍നിന്ന് പൗലോസ് അച്ചന്‍ ബൈബിള്‍ തുറന്ന് ഇപ്രകാരം വായിച്ചു:
''എനിക്ക് വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു. ദാഹിച്ചു. നിങ്ങള്‍ കുടിപ്പാന്‍ തന്നു. ഞാന്‍ അതിഥി ആയിരുന്നു. നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു. നഗ്‌നനായിരുന്നു. നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. രോഗിയായിരുന്നു. നിങ്ങള്‍ എന്നെ കാണാന്‍ വന്നു. തടവില്‍ ആയിരുന്നു നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു.'' 
തോരാതെ മഴയുണ്ടായിരുന്ന ഒരു ദിവസം അത്താഴത്തിനുശേഷം കുശിനിക്കാരന്‍ കൊച്ചാപ്പിക്കൊപ്പമിരുന്ന് ടിവി കണ്ടുറങ്ങിയതിന്റെ പിറ്റേന്നായിരുന്നു അത്. 
വാര്‍ത്തകള്‍ മുഴുവന്‍ നിറഞ്ഞുനിന്നത് ഒരു കൊലപാതക പരമ്പരയുടെ ഭീതിപ്പെടുത്തുന്ന വിവരങ്ങള്‍ ആയിരുന്നു. ഒരു സ്ത്രീ സ്വന്തം കുടുംബത്തിലെ ആറുപേരെ നിഷ്ഠുരമായി കൊലപ്പെടുത്തിയിരിക്കുന്നു അത്രേ. അവര്‍ തടവറയില്‍ ആയിട്ട് അന്നേക്ക് നാലാം ദിവസം പിന്നിട്ടിരുന്നു. എല്ലാവര്‍ക്കും സ്വീകാര്യയും പ്രിയപ്പെട്ടവളുമായിരുന്ന ആ സ്ത്രീ സ്വാഭാവികമായും പൊടുന്നനവേ വെറുക്കപ്പെട്ടവള്‍ ആയിരിക്കുന്നു. മാറ്റിധരിക്കാന്‍ ഒരു വസ്ത്രം എത്തിക്കാന്‍പ്പോലും ആരും തയ്യാറായിട്ടില്ല.  പിടികൂടപ്പെടുമ്പോള്‍ ധരിച്ചിരുന്ന അതേ വസ്ത്രങ്ങളോടെയാണ് അവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അത്രയും കഴിഞ്ഞത് എന്ന് ടിവി ചാനല്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു. 

''അവള്‍ക്കത് തന്നെ വേണം'' കൊച്ചാപ്പി ടിവിയില്‍നിന്ന് കണ്ണെടുക്കാതെ തന്നെ പറഞ്ഞു: ''അവളുടെ അടിവസ്ത്രം പണ്ടേ മുഷിഞ്ഞതാ. ഇപ്പം മേല്‍വസ്ത്രം കൂടി മുഷിഞ്ഞു എന്നേയുള്ളൂ.'' 
എന്നാല്‍ ആ രാത്രി പൗലോസ് അച്ചന് ഉറങ്ങാനേ കഴിഞ്ഞില്ല. കാറ്റും മഴയുമുണ്ടായിരുന്ന ആ രാത്രിയില്‍ ഉറക്കത്തിനും ഉണര്‍ച്ചയ്ക്കും ഇടയില്‍ ആടിയുലഞ്ഞു കിടന്ന പൗലോസച്ചന്റെ വാതിലില്‍ പലവുരു ഒരാള്‍ വന്ന് തട്ടി വിളിച്ചു. ചെന്ന് വാതില്‍ തുറന്ന് നോക്കുമ്പോള്‍ അവന്‍ നഗ്‌നനായിരിക്കുന്നു എന്ന് പൗലോസ് അച്ചന്‍ കണ്ടു. 
അച്ചന്‍ അലമാര തുറന്ന് തന്റെ കുപ്പായങ്ങളില്‍ ഒന്നെടുത്ത് അവന് സമ്മാനിക്കാനായി വാതില്‍ വരേക്കും ചെന്നുവെങ്കിലും അപ്പോഴേക്കും ആ സന്ദര്‍ശകന്‍ പടിയിറങ്ങി പോയിക്കഴിഞ്ഞിരിക്കും. ഒന്നല്ല, പലവട്ടം ആ രാത്രി അതാവര്‍ത്തിച്ചു. 
എന്താണ് താന്‍ തലേരാത്രി കണ്ട സ്വപ്നത്തിന്റെ - അല്ല കാഴ്ചയുടെ - പൊരുള്‍ എന്നറിയാനുള്ള വേവലാതിയോടെയാണ് പൗലോസ് അച്ചന്‍ കാലത്ത് വേദപുസ്തകം തുറക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച ഒരു വേദഭാഗം എടുത്തു വായിക്കുക ആയിരുന്നില്ല, വെറുതെ തുറന്നു കിട്ടിയ ഭാഗം ആകാംക്ഷയോടെ വായിക്കുകയാണ് അച്ചന്‍ അന്നേരം ചെയ്തത്. 

അങ്ങനെ ഒരു സ്വഭാവം പൗലോസ് അച്ചന് പണ്ടേയുണ്ട്. അതികഠിനമായ സന്ദേഹങ്ങളുടെ കാര്‍മേഘങ്ങള്‍ മനസ്സിനെ വന്നുമൂടുമ്പോള്‍ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ബൈബിള്‍ തുറക്കും. അന്നേരം കണ്ണില്‍ പതിയുന്ന വചനം തനിക്കുള്ള ഉത്തരമാണെന്ന് അച്ചന് ഉറപ്പായിരുന്നു. ജീവിതത്തിനു മുന്നില്‍ വന്‍മതില്‍പോലെ ഉയര്‍ന്നുനിന്ന പല പ്രശ്‌നങ്ങള്‍ക്കും അച്ചന്‍ പരിഹാരം കണ്ടിരുന്ന വഴിയാണത്. 
അന്ന് തനിക്കു മുന്നില്‍ തുറന്നു കിട്ടിയ വേദഭാഗം ഒരിക്കല്‍ക്കൂടി അച്ചന്‍ വായിച്ചു: 
''എനിക്ക് വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു. ദാഹിച്ചു. നിങ്ങള്‍ കുടിപ്പാന്‍ തന്നു. ഞാന്‍ അതിഥി ആയിരുന്നു. നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു. നഗ്‌നനായിരുന്നു. നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. രോഗിയായിരുന്നു. നിങ്ങള്‍ എന്നെ കാണാന്‍ വന്നു. തടവില്‍ ആയിരുന്നു. നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു.'' 
പ്രഭാതഭക്ഷണം കഴിഞ്ഞ് അച്ചന്‍ കുപ്പായം മാറ്റി ധരിക്കുന്നത് കണ്ടപ്പോള്‍ കൊച്ചാപ്പി ചോദിച്ചു: ''ഇന്നെന്താ മാമോദീസായോ കല്യാണമോ വീട് വെഞ്ചരിപ്പോ?''
അച്ചന്‍ മറുപടി ഒന്നും പറഞ്ഞില്ല. 
''അല്ല ഉച്ചയ്ക്ക് കഴിച്ചേച്ച് വരുമോ അതോ അരിയിടണോ എന്നറിയാനാ...'' 
''അരിയിട്ടോ. ഞാന്‍ ടൗണ്‍ വരെപ്പോയി ഇപ്പോ വരും'' -അച്ചന്‍ പറഞ്ഞു.
മുറിയിലെ കന്യാമറിയത്തിന്റെ ചിത്രത്തിനു മുന്നില്‍നിന്ന് ഇത്തിരിനേരം പ്രാര്‍ത്ഥിച്ചിട്ട് അച്ചന്‍ പുറത്തേക്കിറങ്ങി. ഉരുളന്‍ കല്ലുവിരിച്ച മുറ്റം കടന്ന് വഴിയിലെത്തിയപ്പോള്‍ പെരുന്നാള്‍ ദിവസം കണക്കേ ആളുകള്‍ ബസ്റ്റോപ്പിലേക്ക് നിങ്ങുന്നു.

''അവളെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകും. ഒന്ന് കാണാന്‍ പറ്റുമോന്ന് നോക്കട്ടെ'' -ഒരു പരിചയക്കാരന്‍ അച്ചനോട് കാര്യം വിശദീകരിച്ചു. 
''എന്റെ പോക്കറ്റില്‍ ഒരു ചീമുട്ടയുണ്ട്.'' വേറൊരാള്‍ പറഞ്ഞു. 
''എന്റെ തൊണ്ട നിറയെ കഫമുണ്ട്. അതാണ് ഞാനവള്‍ക്ക് സമ്മാനിക്കാന്‍ പോകുന്നത്'' മറ്റൊരാള്‍ പറഞ്ഞു.
നിങ്ങളില്‍ തെറ്റു ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ക്രിസ്തുവചനം പൗലോസച്ചന്റെ മനസ്സില്‍ മുഴങ്ങിയെങ്കിലും തനിക്ക് മുന്നേ നടന്നുനീങ്ങുന്ന ജനക്കൂട്ടത്തിന്റെ ആവേശം കണ്ട് അച്ചന് പേടി വന്നു. പാതിദൂരം ചെന്നിട്ട് അച്ചന്‍ പള്ളിമേടയിലേക്ക് തന്നെ വേഗം തിരിച്ചു നടന്നു.
''എന്നാപറ്റി? വല്ലതും മറന്നോ...?'' കൊച്ചാപ്പി ചോദിച്ചു. 
''മലശോധനയ്ക്ക് മുട്ടുന്നു'' അച്ചന്റെ ശബ്ദത്തില്‍ ചെറിയ പതര്‍ച്ച ഉണ്ടായിരുന്നു. 
ഏറെ സമയം എടുത്താണ് അച്ചന്‍ കക്കൂസില്‍നിന്ന് പുറത്തു വന്നത്. അച്ചന്‍ നന്നേ വിയര്‍ത്തിരുന്നു. പങ്കയുടെ കറക്കത്തിനു വേഗം കൂട്ടിയിട്ട് അച്ചന്‍ കട്ടിലില്‍ ഇത്തിരിനേരം നീണ്ടു നിവര്‍ന്നു കിടന്നു. 
''ഇങ്ങനെ കിടന്നാല്‍ മതിയോ? പോകണ്ടേ...?'' കൊച്ചാപ്പി ഒരു തംബ്ലാറില്‍ മോരും വെള്ളം കൊണ്ടുവച്ചുകൊണ്ട് ചോദിച്ചു. അതുകേട്ട് അച്ചന്‍ ഒന്ന് നടുങ്ങി.
''എങ്ങോട്ട്?'' അച്ചന്‍ ഭീതിയോടെ ചോദിച്ചു.

''എങ്ങോട്ടാണോ പോകാന്‍ ഇറങ്ങിയത് അങ്ങോട്ട്...'' അതു പറഞ്ഞിട്ട് കൊച്ചാപ്പി  അടുക്കളയിലേക്ക് മടങ്ങി. 
പണ്ടൊരിക്കല്‍ റോമിലെ ആപ്പിയന്‍ വേയിലൂടെ തിരിഞ്ഞോടിയ ഒരു ശിഷ്യനെ അച്ചന്‍ ഓര്‍ത്തു. അവന് മുന്നില്‍ ക്രിസ്തു പ്രത്യക്ഷനായതും. അന്നാറെ പൗലോസ് അച്ചന്‍ വീണ്ടും ബൈബിള്‍ എടുത്ത് തനിക്കുവേണ്ടി ദൈവം തുറന്നു തന്നിരിക്കുന്ന വേദഭാഗം ഇപ്രകാരം വായിച്ചു:
''ദീനക്കാര്‍ക്കല്ലാതെ സൗഖ്യമുള്ളവര്‍ക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല. യാഗത്തില്‍ അല്ല കരുണയില്‍ അത്രേ ഞാന്‍ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്ന് പോയി പഠിപ്പീന്‍. ഞാന്‍ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാന്‍ വന്നത്.'' 
അപ്പോള്‍ പൗലോസ് അച്ചന്‍ ധൃതിയില്‍ വസ്ത്രം ധരിച്ച് പുറത്തേക്ക് നടന്നുപോയി. 
ചെന്നു നിന്നത് നഗരത്തിലെ ഒരു തുണിക്കടയുടെ മുന്നില്‍. അവിടെ കച്ചവടപ്പെണ്ണുങ്ങള്‍ എല്ലാം കൂടി കൗണ്ടറിനു പിന്നിലെ ടിവിയില്‍ നോക്കി വട്ടംകൂടി നില്‍ക്കുന്നുണ്ട്. തടവറയില്‍നിന്നുള്ള പ്രതിയുടെ വാര്‍ത്തകള്‍ അറിയാന്‍ അവരുടെ കാതുകള്‍ നായക്കാതുകള്‍പോലെ കൂര്‍ത്തിരിക്കുന്നു. അച്ചന്‍ ഒന്ന് മുരടനക്കി അവരുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 
പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിനുവേണ്ടി പുറത്തെത്തിച്ചിരിക്കുന്നു. ജനം ആര്‍പ്പിട്ടും കൂക്കിവിളിച്ചും പരിഹാസവാക്കുകള്‍ പറഞ്ഞും ആഹ്ലാദിക്കുന്നു. വലിയ പൊലീസ് സംഘം അവര്‍ക്ക് കവചമായി നിന്നുകൊണ്ട് ജീപ്പിലേക്ക് നടത്തുന്നു. 

''ഈ പൊലീസുകാരാണ് ശരിക്കും കുഴപ്പക്കാര്‍. അവരെ ആ ജനക്കൂട്ടത്തിന്റെ മുന്നിലേക്ക് ഇട്ടുകൊടുക്കുകയാണ് വേണ്ടത്. അവര്‍ അവളുടെ ഇടപാട് തീര്‍ത്തുകൊള്ളും''- ക്യാഷ് കൗണ്ടറില്‍ നിന്ന സുമുഖനായ ചെറുപ്പക്കാരന്‍ അരിശത്തോടെ പറഞ്ഞു. 
''ഇനിയുള്ള കാലത്ത് സ്ത്രീകളെ എങ്ങനെ വിശ്വസിക്കാനാണ്? ഞാന്‍ വീട്ടില്‍നിന്ന് ആഹാരം കഴിക്കുന്നത് നിറുത്തി'' ഒരു സെയില്‍സ്മാന്‍ ടിവി കണ്ടുനില്‍ക്കുന്ന പെണ്‍കുട്ടികളോട് പറഞ്ഞു. അവര്‍ കടകടയെന്ന് ചിരിച്ചു. 
പൗലോസ് അച്ചന്‍ ഒരിക്കല്‍ കൂടി മുരടനക്കി. 
ഒരു പെണ്‍കുട്ടി അത്ര മനസ്സില്ലാതെ ടിവിയില്‍നിന്ന് കണ്ണെടുത്ത് അച്ചന്റെ അരുകിലേക്ക് വന്നു. 
''സ്ത്രീകള്‍ ധരിക്കുന്ന ഒരു ജോഡി വസ്ത്രം വേണം'' -അടിവസ്ത്രം വാങ്ങാനിറങ്ങുന്ന  കൗമാരക്കാരന്റെ സങ്കോചത്തോടെ അച്ചന്‍ പറഞ്ഞു. 
ഇയാള്‍ക്കിതെന്തിനാണെന്ന് തോന്നും മട്ടില്‍ പെണ്‍കുട്ടി അച്ചനെ ഒന്ന് തറപ്പിച്ചു നോക്കി ''പുറത്തിടാനോ വീട്ടിലിടാനോ'' പിന്നെ അവള്‍ ചോദിച്ചു. 
'അകത്തിടാന്‍... അല്ല പുറത്തിടാന്‍...'' 
''ചുരിദാര്‍ മതിയോ?'' 
മതിയെന്ന് അച്ചന്‍ തലകുലുക്കി. 
''ലാര്‍ജാണോ എക്ട്രാ ലാര്‍ജാണോ...?''
അച്ചനത് അറിയില്ലായിരുന്നു. 
''തടിയുള്ള ആളാണോ അതോ മെലിഞ്ഞതാണോ? വ്യക്തത വരുത്താനായി  പെണ്‍കുട്ടി ചോദിച്ചു. 
''കുറച്ച് തടിയുണ്ട്...'' -അച്ചന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. 
അവള്‍ ഷെല്‍ഫില്‍നിന്നും കുറച്ച് വസ്ത്രങ്ങള്‍ എടുത്തു മേശപ്പുറത്തേക്കിട്ടു. എല്ലാം മുന്തിയതരം തുണിത്തരങ്ങള്‍. കല്യാണത്തിനും സല്‍ക്കാരത്തിനും പള്ളിയിലെ സ്ത്രീകള്‍ ധരിച്ചു വരുന്നതരം ഫാഷന്‍ വസ്ത്രങ്ങള്‍. 
''ഇത്രയും മോഡിയുള്ളത് വേണ്ട'' അച്ചന്‍ പറഞ്ഞു. 
''ഇത് പാകമാകും'' മറ്റ് രണ്ട് കോട്ടണ്‍ വസ്ത്രങ്ങള്‍ പുറത്തേക്ക് എടുത്തിട്ടുകൊണ്ട് പെണ്‍കുട്ടി പറഞ്ഞു: ''ഇല്ലെങ്കില്‍ തയ്യല്‍ കടയില്‍ കൊടുത്ത് ഒന്ന് ഷേപ്പ് ചെയ്യിച്ചാല്‍ മതി.'' 
അതുമതി എന്ന് അച്ചന്‍ പറഞ്ഞു. 

പെണ്‍കുട്ടി അത് പൊതിഞ്ഞെടുക്കുമ്പോള്‍ അച്ചന്‍ കുറേക്കൂടി പെണ്‍കുട്ടിയോട് അടുത്തു നിന്നു. പിന്നെ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു: ''രണ്ടു ജോഡി അടിവസ്ത്രങ്ങള്‍ കൂടി വേണം.'' 
പെണ്‍കുട്ടിയുടെ കണ്ണുകള്‍ അറിയാതെ ഒന്ന് ചുരുങ്ങി. പിന്നെ കസ്റ്റമറുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുകയാണ് തന്റെ ഉത്തരവാദിത്വം എന്ന തിരിച്ചറിവില്‍ ''എത്രയാണ് സൈസ്?'' എന്ന് ചോദിച്ചു.
സൈസിനെക്കുറിച്ച് ഒരു ധാരണയില്ലാതെ അച്ചന്‍ പെണ്‍കുട്ടിയുടെ മുന്നില്‍ മന്ദഹസിച്ചുകൊണ്ടു നിന്നു. 
അന്നേരം പ്രതിയായ സ്ത്രീ കോടതിയുടെ പടിയിറങ്ങി വരുന്ന ദൃശ്യങ്ങളായിരുന്നു ടിവിയില്‍ കാണിച്ചുകൊണ്ടിരുന്നത്. കാഴ്ച കാണാന്‍ മതിലിന്റേയും മരത്തിന്റേയും മുകളില്‍ കയറി നിന്നിരുന്നവര്‍ വര്‍ദ്ധിച്ച ആവേശത്തോടെ കൂകിവിളിച്ചുകൊണ്ടിരുന്നു. ഒരു നിമിഷത്തേക്ക് ആ സ്ത്രീ കണ്ണുയര്‍ത്തി അത്യുച്ചത്തില്‍ കൂവുന്ന ഒരുത്തനെ നോക്കുകയും പുച്ഛത്തോടെ ഒന്ന് പുഞ്ചിരിക്കുകയും ചെയ്തു. അതൊരു പുഞ്ചിരി തന്നെയായിരുന്നോ എന്ന് പറയാന്‍ പൗലോസ് അച്ചന് സാധിക്കുമായിരുന്നില്ല. മൊണാലിസയുടെ മന്ദഹാസത്തിനു തുല്യമായ ഒരു അജ്ഞാതഭാവം എന്നാണ് അച്ചന്‍ അതിനെക്കുറിച്ച് വിചാരിച്ചത്. അവനാവട്ടെ,  അതു കണ്ടതും ഞെട്ടറ്റതുപോലെ മരത്തില്‍നിന്നും താഴേക്ക് പതിച്ചു. 
''ആ സ്ത്രീയെ കണ്ടില്ലേ...'' അച്ചന്‍ ടിവിയിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു. ''അവരെപ്പോലെ ഒരാള്‍ക്കാണ്. അത്രയും തടിയേ കാണൂ.'' 

മനസ്സിലാവാത്ത മട്ടില്‍ പെണ്‍കുട്ടി അച്ചനെ ഒന്ന് രൂക്ഷമായി നോക്കി. 
''അതെ. ആ സൈസ് തന്നെയാണ്. നോക്കിയെടുത്തുകൊള്ളൂ'' അച്ചന്‍ ഉറപ്പുള്ള ശബ്ദത്തില്‍ പറഞ്ഞു. 
പെണ്‍കുട്ടി ടിവിയിലേക്ക് ഉറ്റുനോക്കി സൈസ് ഊഹിച്ചെടുത്തു. പിന്നെ രണ്ടു ജോഡി അടിവസ്ത്രങ്ങള്‍ എടുത്ത് ഒരു ഗൂഢവസ്തു എന്ന മട്ടില്‍ വേഗത്തില്‍ പൊതിഞ്ഞ് ചുരിദാറിനുള്ളില്‍ ഒളിപ്പിച്ചു വച്ചു. 
അച്ചന്‍ അതും വാങ്ങി ക്യാഷ് കൗണ്ടറിലേക്ക് നീങ്ങി.
''എന്തിനാണോ ഈ പള്ളിക്കിളവന് പെണ്‍വസ്ത്രം, മേലാദായം എടുക്കുന്ന വല്ലവളുമാര്‍ക്കും കൊടുക്കാനായിരിക്കും'' അച്ചന്‍ കേട്ടുകൊള്ളട്ടെ എന്ന് കരുതി ഇത്തിരി ഉച്ചത്തില്‍ത്തന്നെ പെണ്‍കുട്ടി തന്റെ കൂട്ടുകാരിയോട് പറഞ്ഞു. 
അവള്‍ അന്നേരവും കടകടയെന്ന് ചിരിച്ചു. 
എന്നാല്‍ ആ വാക്കുകളിലേക്കും ചിരിയിലേക്കും തിരിഞ്ഞുനോക്കാതെ അച്ചന്‍ വസ്ത്രാലയത്തിന്റെ പടിയിറങ്ങി. 
ആ സ്ത്രീയെ അന്ന് ചോദ്യം ചെയ്യാനായി കൊണ്ടുവന്ന പൊലീസ് സ്റ്റേഷന്റെ മുന്നിലാണ് പൗലോസ് അച്ചന്‍  ചെന്നു നിന്നത്. 
ആരെയും ആ പരിസരത്തേക്കുപോലും അടുപ്പിക്കുന്നുണ്ടായിരുന്നില്ലെങ്കിലും പുരോഹിതവസ്ത്രത്തോടുള്ള ബഹുമാനം കാരണം അവിടെ നിന്ന പാറാവുകാരന്‍ അച്ചനോട് കാര്യം തിരക്കുകയും അകത്തേക്ക് പോകാന്‍ അനുവദിക്കുകയും ചെയ്തു. അല്പസമയത്തിനുള്ളില്‍ തന്നെ അച്ചന്‍ തിരികെ ഇറങ്ങിവരുകയും ചെയ്തു. 
''സെന്റ് അഗസ്റ്റ്യന്‍ ഇടവക വികാരി ഫാ. പൗലോസ് കുര്യന്‍ പ്രതിയ്ക്ക് വസ്ത്രമെത്തിച്ചു'' എന്ന ഫ്‌ലാഷ് ന്യൂസ് ടിവി സ്‌ക്രീനില്‍ നിറയാന്‍ പിന്നെ അധികം സമയമെടുത്തില്ല, അച്ചന്‍ പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങി പള്ളിമേടയില്‍ എത്തുന്ന അത്രയും സമയം പോലും. 
അച്ചന്‍ പള്ളിമേടയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ ഒരു വലിയ സംഘം ഇടവക ജനങ്ങള്‍ പള്ളിയ്ക്കു മുന്നില്‍ തടിച്ചുകൂടിയിരുന്നു. പുഞ്ചിരിക്കുന്ന മുഖത്തോടെ പൗലോസ് അച്ചന്‍ അവരുടെ മുന്നിലേക്ക് ചെന്നു. 
''തരവഴിയാണല്ലോ അച്ചോ കാണിച്ചത്? ഞങ്ങള്‍ ഇടവകക്കാര്‍ ഇനിയെങ്ങനെ പൊതുജനത്തിന്റെ മുഖത്ത് നോക്കും...?'' പള്ളിമൂപ്പന്‍ മുന്നോട്ട് വന്ന് അച്ചനെ തടഞ്ഞുകൊണ്ട് ചോദിച്ചു.
''അതെന്താ... പൊതുജനത്തിന്റെ മുഖത്തിനു വല്ലതും പറ്റിയോ?'' പൗലോസ് അച്ചന്‍ തമാശയാക്കും മട്ടില്‍ തിരിച്ചു ചോദിച്ചു. 
''അവള്‍ക്ക് പലരുമായിട്ടും ഇടപാട് ഉണ്ടായിരുന്നു എന്നാണ് കേട്ടത്. അതിലൊരാള്‍ അച്ചനായിരുന്നല്ലേ...?'' മറ്റൊരു പള്ളിപ്രമാണി അച്ചന്റെ മുന്നിലേക്ക് ഒരു ചീറ്റപ്പുലിയെപ്പോലെ ചാടിവീണു. 
''ഇടപാട് എനിക്കും ആ സ്ത്രീയ്ക്കും തമ്മില്‍ ആയിരുന്നില്ല. അവര്‍ക്കും ക്രിസ്തുവിനും തമ്മിലായിരുന്നു. ഞാനതിന് മദ്ധ്യസ്ഥനായി നിന്നു എന്നുമാത്രം'' തീര്‍ത്തും അക്ഷോഭ്യനായി പൗലോസ് അച്ചന്‍ അയാള്‍ക്ക് മറുപടി കൊടുത്തു. 
''അച്ചന്റെ തെമ്മാടിത്തരത്തിന് കൂട്ടുപിടിക്കാനുള്ളതല്ല ഞങ്ങളുടെ ക്രിസ്തു. ആ പേരുച്ചരിക്കാന്‍ പോലും ഇയാളിനി അര്‍ഹനല്ല'' -പള്ളിയിലെ പ്രധാന അള്‍ത്താര ശുശ്രൂഷകന്‍ തോമസ് കോശി അച്ചനു നേരെ കൈചൂണ്ടി. 

അപ്പോള്‍ ഒരു ചാനലുകാരന്‍ തന്റെ മൈക്കുമായി അച്ചന്റെ മുന്നിലേക്ക് പാഞ്ഞുവരികയും പ്രതിയും അച്ചനും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഒരുപിടി ചോദ്യങ്ങള്‍ കുടഞ്ഞിടുകയും ചെയ്തു. 
''നിങ്ങളുടെ നീതിശാസ്ത്രിമാരുടേയും പരീശന്മാരുടേയും നീതിയെ കവിയുന്നില്ല എങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുകയില്ല എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു...'' 
എന്നു പറഞ്ഞിട്ട് അച്ചന്‍ പള്ളിമേടയിലേക്ക് തിരിഞ്ഞു. 
ഒരാള്‍ മുന്നിലേക്ക് വന്ന് അച്ചനെ തടഞ്ഞു. ''ഇത്തരത്തില്‍ ആഭാസനായ ഒരാളെ ഇനിം ഞങ്ങടെ പള്ളിമേടയില്‍ പൊറുപ്പിക്കും എന്ന് അച്ചന്‍ കരുതുന്നുണ്ടോ?'' 
അപ്പോഴേക്കും മൂന്നാലു ചെറുപ്പക്കാര്‍ പള്ളിമേടയുടെ വാതില്‍ ചവുട്ടിത്തുറന്ന് അകത്തേക്ക് ഓടുകയും അച്ചന്റെ പെട്ടിയും കിടക്കയും എടുത്ത് പുറത്തുകൊണ്ടിടുകയും ചെയ്തു. അച്ചന്‍ അത് കുനിഞ്ഞെടുക്കുമ്പോള്‍ ജനക്കൂട്ടത്തിനിടയില്‍നിന്നും ഒരു കല്ല് പാറിവന്ന് അച്ചന്റെ മുതുകത്ത് കൊണ്ടു. പിന്നെ കല്ലുകളുടെ പെരുമഴ തന്നെ ഉണ്ടായി. പക്ഷേ, അതൊന്നും തന്റെ ശരീരത്തില്‍ പതിക്കുന്നുണ്ടെന്ന ഭാവംപോലുമില്ലാതെ പൗലോസ് അച്ചന്‍ പുറത്തേക്ക് ഇറങ്ങിനടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com