മതിലുകള്‍: കെവി പ്രവീണ്‍ എഴുതിയ കഥ

സെലീന കൈ ഉയര്‍ത്തി എന്തോ വിളിച്ചുപറഞ്ഞെങ്കിലും തൊണ്ടയില്‍നിന്നു ശബ്ദം പുറത്തുവന്നില്ല.
മതിലുകള്‍: കെവി പ്രവീണ്‍ എഴുതിയ കഥ



റോസിയുടെ സ്‌കൂള്‍ ബസും കാത്ത് അണ്ടര്‍ ഗ്രൗണ്ട് സ്ട്രീറ്റ് എന്നെഴുതിയ ബോര്‍ഡിനു താഴെ സെലീന നിന്നു. ആ തെരുവിന്റെ പേര് തങ്ങളെപ്പോലുള്ളവരുടെ ജീവിതങ്ങളെയാണല്ലോ സൂചിപ്പിക്കുന്നതെന്ന് അവള്‍ ഓര്‍ത്തു. അവള്‍ക്കു ചുറ്റും മറ്റ് അമ്മമാരും അവരുടെ കുട്ടികളേയും പ്രതീക്ഷിച്ച് നില്‍പ്പുണ്ടായിരുന്നു. പതിവുള്ളതുപോലെ അവരാരും തമാശകള്‍ പറഞ്ഞു ചിരിക്കുകയോ ഫോണില്‍ ഉറക്കെ സംസാരിക്കുകയോ ചെയ്തില്ല. ഭൂമിയിലേക്കുള്ള അവസാനത്തെ ബസിനെന്നോണം അവര്‍ റോഡിനറ്റത്തെ വളവിലേക്ക് കണ്ണും നട്ട് നിന്നു.

ഒറ്റ രാത്രികൊണ്ടാണ് കുടിയേറ്റ നിയമങ്ങള്‍ മാറിമറിഞ്ഞത്. അഭയവും താവളവുമായിരുന്നിടം വിലക്കപ്പെട്ടതായിരിക്കുന്നു. അതിര്‍ത്തിയില്‍ സദാ വൈദ്യുതി പ്രവഹിക്കുന്ന, ആകാശം മുട്ടുന്ന, മതിലുയരുന്നുവത്രേ. റോസി, ഈ രാജ്യത്ത് ജനിച്ച് പൗരത്വം നേടിയവളാണ്. താനാണ് അനധികൃത കുടിയേറ്റക്കാരി. റോസിയുടെ അമ്മയെന്ന നിലയില്‍ തനിക്കു കിട്ടിയേക്കാവുന്ന സുരക്ഷയുടെ കച്ചിത്തുരുമ്പില്‍ പിടിച്ച് സെലീന മനസ്സ് ശാന്തമാക്കാന്‍ ശ്രമിച്ചു. അപ്പോള്‍ പെഡ്രോയുടെ പരിഹാസം നിറഞ്ഞ മുഖം അവളുടെ ഓര്‍മ്മയില്‍ തെളിഞ്ഞു. ''യു, ഡേര്‍ട്ടി ഹോര്‍, ബിച്ച്.'' എന്നൊക്കെ അയാള്‍ പല്ലുകള്‍ക്കിടയിലൂടെ പറയുന്നു. അവള്‍ മറ്റു സ്ത്രീകളുടെ അടുത്തേയ്ക്കു കുറച്ചുകൂടി നീങ്ങിനിന്നു.

മഞ്ഞയില്‍ കറുപ്പ് വരകളുള്ള സ്‌കൂള്‍ ബസ് വന്നു. ആട്ടോമാറ്റിക് ഡോര്‍ തുറന്നു. മുതിര്‍ന്ന കുട്ടികള്‍ ആദ്യം പുറത്തിറങ്ങി. ആറു വയസ്സുകാരി റോസിയുടെ സഹപാഠികളില്‍ ചിലര്‍ പിന്നാലെയും. ഡോറയുടെ പടമുള്ള റോസിയുടെ ബാഗ് ബസിനുള്ളില്‍നിന്നും പുറത്തേയ്ക്ക് തലനീട്ടുന്നത് കാണാന്‍ സെലീന കഴുത്തു വളച്ചു. 

പക്ഷേ, ബസിന്റെ വാതില്‍ അടഞ്ഞു. വന്നുനിന്ന അതേ അലസതയോടെ അത് മുന്നോട്ട് നീങ്ങി. സെലീന കൈ ഉയര്‍ത്തി എന്തോ വിളിച്ചുപറഞ്ഞെങ്കിലും തൊണ്ടയില്‍നിന്നു ശബ്ദം പുറത്തുവന്നില്ല. നാലുമണി കഴിഞ്ഞിട്ടും കാഠിന്യം മാറിയിട്ടില്ലാത്ത വെയില്‍ അവളുടെ കണ്ണുകളെ പൊള്ളിച്ചു. തനിക്കു ചുറ്റും എല്ലാം തകര്‍ന്നുവീഴുന്നതുപോലെ സെലീനയ്ക്കു തോന്നി. അടുത്ത നിമിഷം അവള്‍ ഒരു ടാക്‌സി കൈ കാണിച്ചു നിര്‍ത്തുകയും അതിനുള്ളില്‍ കയറി റോസിയുടെ സ്‌കൂളിന്റെ അഡ്രസ്സ് ഡ്രൈവര്‍ക്കു പറഞ്ഞു കൊടുക്കുകയും ചെയ്തു. ''ആര്‍ യു ഓ കെ മാം?'' എന്ന ടര്‍ബന്‍ ധരിച്ച ഡ്രൈവറുടെ ചോദ്യം കേട്ടപ്പോഴാണ് താന്‍ കരയുകയാണെന്ന് അവള്‍ക്ക് മനസ്സിലായത്.
''നോ,'' അവള്‍ പറഞ്ഞു. ''അയാം നോട്ട് ഓകെ, നോട്ട് അറ്റ് ആള്‍.''

ദുരന്തസാധ്യതകളുടെ ഒരു നീണ്ട പട്ടിക സെലീനയുടെ തലക്കുള്ളിലൂടെ കടന്നുപോയി. അവള്‍ രാവിലെ റോസി ധരിച്ചിരുന്ന നീലനിറത്തിലുള്ള ഫ്രോക്കിനെക്കുറിച്ചും അതിനു മാച്ച് ചെയ്യുന്ന റോസിയുടെ ഷൂസിനെക്കുറിച്ചും മുടിയില്‍ കെട്ടിയ റിബണിനെക്കുറിച്ചും ഓര്‍ത്തു. റോസി പാതി തിന്നുവച്ച, ഇപ്പോള്‍ ഉറുമ്പരിച്ചിരിക്കാവുന്ന റൊട്ടിക്കഷണത്തെക്കുറിച്ചും കഴുകാതെ സിങ്കില്‍ കിടക്കുന്ന അവളുടെ പാല്‍ ഗ്ലാസ്സിനെക്കുറിച്ചും ഓര്‍ത്തു. ഓര്‍മ്മയില്‍ റോസിയുടേതെന്ന് തെളിയുന്ന ഓരോ വസ്തുവും സെലീനയെ കുത്തിപ്പറിച്ചുകൊണ്ടിരുന്നു. കാര്‍ സ്‌കൂളിലെത്താനെടുക്കുന്ന ഓരോ നിമിഷവും താന്‍ ഡോര്‍ തുറന്ന് റോഡിലേയ്ക്ക് ചാടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. ഡ്രൈവര്‍ വീണ്ടും എന്തോ ചോദിക്കാനായി വാ തുറന്നെങ്കിലും റിയര്‍ വ്യൂ മിററില്‍ സെലീനയുടെ മുഖം കണ്ടതുകൊണ്ടാവണം ഒന്നും ചോദിച്ചില്ല. 

റോസിയുടെ ഡോറാ ബാഗില്‍ തലേന്നു രാത്രി അവള്‍ വരച്ച 'മൈ ഫാമിലി' എന്ന ചിത്രകഥയുണ്ട്. അച്ഛനും അമ്മയും മകളും ഉള്ള ചിത്രത്തിലെ സെലീനയേയും റോസിയേയും സെലീനയ്ക്ക് എളുപ്പം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. ചിത്രത്തിലെ അച്ഛനു പക്ഷേ, മുഖമുണ്ടായിരുന്നില്ല. മുഖത്തിനു പകരം ശൂന്യമായ ഒരു വൃത്തം. സംശയഭാവത്തോടെ നോക്കിയ സെലീനയോട് റോസി പറഞ്ഞു: ''തല്‍ക്കാലം അമ്മയും ഞാനും മാത്രം മതി. പിന്നെ ഫാമിലിയില്‍ ചുരുങ്ങിയത് മൂന്ന് ആളുകള്‍ വേണം എന്ന് മിസ്സ് പറഞ്ഞതുകൊണ്ടാണ് ഞാന്‍ മുഖമില്ലാത്ത അച്ഛനെ വരച്ചത്.''

പെഡ്രോയെ ദൂരെ നിന്നെങ്കിലും റോസിയെ കാണിച്ചുകൊടുക്കണമെന്നും അയാളുടെ ക്രൂരതകളെപ്പറ്റി അവളെ പറഞ്ഞു മനസ്സിലാക്കണമെന്നും ഇടയ്ക്ക് സെലീനയ്ക്ക് തോന്നാറുണ്ടെങ്കിലും റോസിയുടെ മുഖത്തെ പ്രതീക്ഷ അവളെ അതില്‍നിന്നകറ്റും. 

ഭര്‍ത്താവില്ലാതെ മക്കളെ വളര്‍ത്തുന്ന അമ്മമാര്‍ അണ്ടര്‍ ഗ്രൗണ്ട് സ്ട്രീറ്റില്‍ ന്യൂനപക്ഷമല്ല. പകുതിയെങ്കിലും അത്തരം സ്ത്രീകളാണ്. പക്ഷേ, അവരാരും തന്നെ സെലീനയെപ്പോലെ മക്കളിലേയ്ക്ക് ലോകത്തെ ചുരുക്കിയില്ല. തങ്ങളെ വിട്ടിട്ട് പോയവരെ മറന്ന്, അടുത്ത പങ്കാളിയിലേക്ക് അവര്‍ അനായാസമായി നടന്നുകയറി. എന്തുകൊണ്ടോ സെലീനയ്ക്ക് അതിനു കഴിഞ്ഞില്ല. എന്നെങ്കിലും മനംമാറ്റം സംഭവിച്ച് പെഡ്രോ തിരിച്ചുവരും എന്നു പ്രതീക്ഷിക്കുന്നതിലും വലിയ മണ്ടത്തരമില്ലെന്ന് അവള്‍ക്കറിയാം. കാലം മുന്നോട്ട് പോകുന്തോറും അവളില്‍ താല്പര്യം കാണിക്കുന്ന ആണുങ്ങളുടെ എണ്ണം കുറഞ്ഞുവരുമെന്നും. പക്ഷേ, റോസിയുടെ ലോകം കണ്ട്, വിടര്‍ന്നുവരുന്ന അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിക്കൊണ്ട് ജീവിക്കുന്നതിലെ സുഖം ഒരു ലഹരിയായി സെലീനയില്‍ പടര്‍ന്നുകഴിഞ്ഞിരുന്നു.

അതിര്‍ത്തിക്കപ്പുറത്തുള്ള രാജ്യത്ത് താന്‍ ഉപേക്ഷിച്ചു വന്ന അച്ഛനമ്മമാര്‍ക്ക് മകള്‍ ഗ്യാംഗ് വാറും പട്ടിണിയും മയക്കുമരുന്നും ഇല്ലാത്ത ഒരിടത്താണെന്നെങ്കിലും ആശ്വസിക്കാമായിരുന്നു. തനിക്കോ? റോസിക്കെന്തെങ്കിലും പിണഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ മരണം കൊണ്ടുപോലും സ്വസ്ഥത കിട്ടില്ലെന്ന് സെലീനയ്ക്ക് തീര്‍ച്ചയായി. അവളുടെ തൊണ്ടയില്‍നിന്നു കരച്ചില്‍ കൂടുതല്‍ ഉച്ചത്തില്‍ പുറത്തു ചാടി. ഡ്രൈവര്‍ കണ്ണാടിയില്‍ നോക്കാന്‍ തന്നെ മടിച്ചു.
*
കോളനിയിലെ ആദ്യത്തെ വീടിനു മുന്നില്‍ ഫിറാസ് തന്റെ പഴഞ്ചന്‍ പിക്കപ്പ് വാന്‍ നിര്‍ത്തി. എഞ്ചിന്‍ ഓഫ് ചെയ്തിട്ടും അയാള്‍ കുറേ നേരം സ്റ്റിയറിംഗും പിടിച്ച് അകത്തുതന്നെ ഇരുന്നു. വണ്ടിയുടെ ഹൃദയം പതുക്കെപ്പതുക്കെ നിശ്ചലമാകുന്നത് അയാള്‍ അറിഞ്ഞു. ഡാഷ് ബോര്‍ഡില്‍ ഒട്ടിച്ച, പിഞ്ഞിക്കീറിത്തുടങ്ങിയ, പോസ്റ്റ് കാര്‍ഡ് വലിപ്പത്തിലുള്ള ലോകഭൂപടം. അനന്തതയോളം പരന്നുകിടക്കുന്ന, നീലനിറത്തിലുള്ള മഹാസമുദ്രങ്ങള്‍ക്കു മുകളിലൂടെ അയാള്‍ വിരലോടിച്ചു. അവക്കു മുകളിലൂടെ മറ്റ് അനേകായിരം പ്രവാസികളെപ്പോലെ സ്വന്തം നാട്ടിലേയ്‌ക്കോ അവിടെനിന്നു തിരിച്ചോ വിമാനയാത്ര ചെയ്യുന്നത് വെറുതെ സ്വപ്നം കണ്ടു. 

വര്‍ഷങ്ങള്‍ക്കു മുന്‍പ്, നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെ, മരണംപോലും ജീവിതത്തെക്കാള്‍ ആശ്വാസകരമായിരിക്കും എന്ന തോന്നലില്‍ മരുഭൂമിയും പട്ടാളക്കണ്ണുകളും കാക്കുന്ന അതിര്‍ത്തിരേഖ നൂണുകടന്ന്, പിന്‍വാതിലിലൂടെ, ഈ രാജ്യത്തെത്തിയ ദിവസങ്ങള്‍ ഫിറാസ് ഓര്‍ത്തു. കാലം എത്രയോ മഴയും വെയിലും പതിപ്പിച്ച് മൂര്‍ച്ച കുറച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും തിണര്‍ത്തു കിടക്കുന്നുണ്ട് ആ യാത്ര. ചാക്കുകള്‍ അട്ടിയിട്ടതുപോലെ മേല്‍ക്കുമേല്‍ കിടക്കുന്ന മനുഷ്യര്‍. ദിവസങ്ങള്‍ നീണ്ട ഇരുട്ട്. ഇരുട്ടു മാത്രം. ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്ന റൈഫിള്‍ ശബ്ദങ്ങള്‍. ഭയം ശരീരത്തിലെ മറ്റൊരു അവയവമായി തിരിച്ചറിഞ്ഞ നാളുകള്‍... 

ആ ഓര്‍മ്മയുടെ പിടച്ചിലില്‍ അയാള്‍ വണ്ടിക്കു പുറത്തിറങ്ങി. പിന്നില്‍ കൂട്ടിയിട്ടിരുന്ന പലതരം ശുചീകരണ ലായനികളും തുണിച്ചൂലുകളും സഞ്ചിയിലിട്ട്, വെയില്‍ നെറ്റിയില്‍ തീര്‍ത്ത നീണ്ട വിയര്‍പ്പുചാലുകള്‍ തുടച്ചുകൊണ്ട് അയാള്‍ ആ വീട്ടിലേയ്ക്കു നടന്നു.
ഏതോ കോണ്‍ഫറന്‍സ് കാളില്‍ ആയിരുന്ന വീട്ടുകാരന്‍ നിശാവസ്ത്രത്തില്‍, ഹെഡ്‌സെറ്റും ചെവിയില്‍ വച്ച് വന്നു തിടുക്കത്തില്‍ ഫിറോസിനെ രേഖപ്പെടുത്തിയ ശേഷം ഫിറോസിനോട് കാത്തിരിക്കാന്‍ ആംഗ്യം കാണിച്ച് അകത്തേയ്ക്ക് പോയി. തന്റെ പണിസാധനങ്ങള്‍ ഒരു മൂലയ്ക്ക് വച്ച് ഫിറാസ് ലിവിംഗ് റൂമിലെ ചുമരില്‍ പതിച്ചിരുന്ന കുടുംബഫോട്ടോകള്‍ നോക്കിക്കൊണ്ട് കുറച്ചുനേരം നിന്നു. സുരക്ഷിതമായ ഭാവിയിലേയ്ക്ക് നോക്കി ചിരിക്കുന്ന മുഖങ്ങള്‍. 
ഫിറാസ് ക്ലോറോക്‌സിന്റെ കാന്‍ തുറന്നു ലായനി തറയിലൊഴിച്ചു. അണുനാശിനിയുടെ മണം മുറിക്കുള്ളില്‍ പരന്നു. അയാള്‍ തുണിച്ചൂലെടുത്ത് ശക്തിയായി ഉരച്ച് നിലം വൃത്തിയാക്കാന്‍ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോള്‍ വീട്ടുകാരന്‍ വന്ന് ഒരു കവര്‍ ഫിറാസിനു നേരെ നീട്ടി. ''ഇനി മുതല്‍ ഇവിടെ ജോലിക്കു വരണ്ട. ബാലന്‍സ് എന്തെങ്കിലും ഉണ്ടെങ്കില്‍ കയ്യില്‍ വച്ചോളൂ.'' ഫിറാസ് എന്തെങ്കിലും പറയും മുന്‍പ് വീട്ടുകാരന്‍ കൂട്ടിച്ചേര്‍ത്തു: ''നിങ്ങളുടെ ജോലിയിലോ സ്വഭാവത്തിലോ എന്തെങ്കിലും കുഴപ്പം ഉണ്ടായിട്ടല്ല. ടി.വിയൊക്കെ നിങ്ങളും കാണുന്നുണ്ടാവുമല്ലോ. റിസ്‌ക് എടുക്കാന്‍ വയ്യ. പ്ലീസ് ടെയ്ക് കെയര്‍.''
കവര്‍ ഫിറാസിന്റെ കയ്യില്‍ പിടിപ്പിച്ച് വീട്ടുകാരന്‍ പിന്തിരിഞ്ഞു. 
*
സ്‌കൂളില്‍ സെലീനയ്ക്ക് ഏതാനും മിനിട്ടുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. അവളെ പ്രതീക്ഷിച്ചിട്ടെന്നോണം പ്രിന്‍സിപ്പല്‍ പുതിയ ഇമിഗ്രേഷന്‍ നിയമത്തിന്റെ കോപ്പിയും കയ്യില്‍ പിടിച്ച് ഇരിപ്പുണ്ടായിരുന്നു. എന്തു നിയമത്തിന്റെ പേരിലായാലും രക്ഷിതാക്കളെ അറിയിക്കാതെ കുട്ടികളെ എങ്ങോട്ടോ മാറ്റുന്നത് എന്തു ന്യായമാണെന്ന സെലീനയുടെ ചോദ്യത്തിനോ, സ്വന്തം കുഞ്ഞിനെ പെട്ടെന്നു കാണാതാകുമ്പോഴേ തന്നെപ്പോലുള്ളവര്‍ക്ക് ഈ വേദന മനസ്സിലാകൂ എന്ന അവളുടെ പ്രാക്കിനോ അയാളില്‍ ഒരു വികാരവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.  

''നിങ്ങള്‍ ഈ കാര്യത്തില്‍ ഒറ്റയ്ക്കല്ല. ഈ സ്‌കൂളില്‍നിന്നുതന്നെ പത്തിരുപത് കുട്ടികളെ ഇമിഗ്രേഷന്‍ ഓഫീസ് അബ്സോര്‍ബ് ചെയ്തിട്ടുണ്ട്.'' അത്രയും കേട്ടതും സെലീന സ്‌കൂളില്‍നിന്നു പുറത്തേയ്‌ക്കോടി. ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും അവള്‍ വന്ന ടാക്‌സി പുറത്തു കാത്തുനില്‍പ്പുണ്ടായിരുന്നു. അവള്‍ നന്ദിയോടെ പിന്‍സീറ്റില്‍ കയറിയതും ഡ്രൈവര്‍ ഇമിഗ്രേഷന്‍ ഓഫീസിലേയ്ക്ക് വണ്ടി വിട്ടു.
ഇമിഗ്രേഷന്‍ ഓഫീസ് ഒരു കലാപ ഭൂമിപോലെ തോന്നിച്ചു. കരയുകയും നെഞ്ചത്തടിക്കുകയും തെറി വിളിക്കുകയും ചെയ്യുന്ന അച്ഛനമ്മമര്‍. അവര്‍ ഉന്തിയും തള്ളിയും ഓഫീസിനുള്ളിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അധികാരത്തിന്റെ ചൂരല്‍ ഷീല്‍ഡുകള്‍ ഉപയോഗിച്ച് പൊലീസുകാര്‍ അവരെ തടുത്തുനിര്‍ത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ അവരോട് സംസാരിക്കാന്‍ നിയോഗിക്കപ്പെട്ട ഓഫീസര്‍ കൈകള്‍ നെഞ്ചത്ത് പിണച്ചുകെട്ടി പ്രത്യക്ഷപ്പെട്ടു. 
''നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണ്. ആദ്യം അതു മനസ്സിലാക്കൂ. ശാന്തരാകൂ.'' അയാള്‍ പറഞ്ഞു. മറുപടിയായി ഒരേസമയം പലരില്‍നിന്നും പല ചോദ്യങ്ങള്‍ പുറപ്പെടുകയും ഫലത്തില്‍ ഒരു ചോദ്യവും ഓഫീസറിലേക്കെത്താതിരിക്കുകയും ചെയ്തു. ആ കിട്ടിയ സെക്കന്റുകളുടെ ഇടവേളയില്‍ സെലീന ചോദിച്ചു:

''നിയമവിരുദ്ധമായി ഈ രാജ്യത്ത് താമസിക്കുന്നത് അച്ഛനമ്മമാരാണെങ്കില്‍ അവരെയല്ലേ അറസ്റ്റ് ചെയ്യേണ്ടത്? പാവം കുട്ടികള്‍ എന്തു പിഴച്ചു?''
അതു ശരിയാണെന്ന് ആള്‍ക്കൂട്ടത്തില്‍നിന്ന് ആരവം ഉയര്‍ന്നു. ''ഏതു നിയമമാണ് കുഞ്ഞുങ്ങളെ അവരുടെ അമ്മമാരില്‍നിന്നു പിരിക്കാന്‍ പറയുന്നത്?'' മറ്റൊരു സ്ത്രീ ആവശ്യപ്പെട്ടു.

ഒരു വൃദ്ധന്‍ തന്റെ മെലിഞ്ഞ കൈകളില്‍ എംപ്ലോയ്മെന്റ് കടലാസുകള്‍ ഉയര്‍ത്തിക്കാണിച്ചു കൊണ്ട് എന്തോ പറഞ്ഞു.
തിരക്കിലും ബഹളത്തിലുംപെട്ട് ഒരു സ്ത്രീ കുഴഞ്ഞു നിലത്തുവീണു. ആള്‍ക്കൂട്ടം പകുക്കപ്പെട്ട കടല്‍പോലെ രണ്ടു വശത്തേയ്ക്ക് നീങ്ങി. വീണുകിടന്ന സ്ത്രീയുടെ ബാഗില്‍നിന്ന് ഗ്രോസറി ലിസ്റ്റും വിലകുറഞ്ഞ സെല്‍ഫോണും പുറത്തു ചാടി. ഒന്നു രണ്ട് സ്ത്രീകള്‍ നിലത്തു കുത്തിയിരുന്ന് അവരെ താങ്ങിയെഴുന്നേല്‍പ്പിച്ചു. കുറച്ചപ്പുറത്തുള്ള കസേരയില്‍ കൊണ്ടുചെന്നിരുത്തി മുഖത്ത് വെള്ളം തളിക്കുകയും കുടിക്കാന്‍ കൊടുക്കുകയും ചെയ്തു. ആള്‍ക്കൂട്ടം വീണ്ടും തങ്ങളുടെ ഒരേ ഒരു ആവശ്യം - എത്രയും വേഗം മക്കളുമായി ചേര്‍ക്കണമെന്ന ആവശ്യം - ആവര്‍ത്തിച്ചു. അധികം വൈകാതെ ജനക്കൂട്ടം നിയന്ത്രണം വിടുമെന്ന കരുതലിലാകണം കൂടുതല്‍ പൊലീസുകാര്‍ തങ്ങളുടെ ഷീല്‍ഡുകളുമായി കടന്നുവന്നു.  

''നിയമവിരുദ്ധരായി രാജ്യത്ത് താമസിക്കുന്ന കുടിയേറ്റക്കാരെ കണ്ടുപിടിച്ച് ഇമിഗ്രേഷന്‍ സെന്ററിലേക്ക് മാറ്റാന്‍ ഉത്തരവിറക്കിയിട്ടുണ്ട്.'' ഓഫീസറുടെ ശബ്ദം സെലീന കേട്ടു. ''ഇവിടെ ജനിച്ച് ആ വഴിക്ക് പൗരന്മാരായ മക്കളുള്ളവരുടെ കാര്യം അല്പം കോംപ്പ്‌ലിക്കേറ്റഡ് ആണ്. അവര്‍ക്ക് തങ്ങളുടെ അപേക്ഷ ഒരു ജഡ്ജിക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം കിട്ടും. അതുകൊണ്ട് നിങ്ങള്‍ ഇവിടെക്കിടന്ന് ബഹളം വെയ്ക്കാതെ എത്രയും പെട്ടെന്ന് ഏതെങ്കിലും ലോയേര്‍സിനെ പോയിക്കണ്ട് നിങ്ങളുടെ അപേക്ഷകള്‍ തയ്യാറാക്കാന്‍ ശ്രമിക്കൂ. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു. നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണ്.''
''കുട്ടികള്‍ക്ക് സുരക്ഷ മാത്രമല്ല, അവരുടെ അച്ഛനമ്മമാരേയും വേണം.'' ആരോ പറഞ്ഞു. ആള്‍ക്കൂട്ടത്തിനിടയില്‍ നിശ്ശബ്ദത പരന്നു. പതുക്കെപ്പതുക്കെ ആളുകള്‍ പിരിഞ്ഞുതുടങ്ങി. നിയമപ്രശ്‌നങ്ങളും കോടതി വ്യവഹാരങ്ങളുമൊന്നും തീണ്ടിയിട്ടില്ലാത്ത ചിലര്‍ പിന്നെയും കുറച്ചുനേരം അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. സെലീനയ്ക്ക് മനസ്സിലായി. ഇവിടെ ജനിച്ച്, ആ വഴിക്ക് പൗരത്വം ഉള്ളതുകൊണ്ട് റോസിക്ക് ഈ രാജ്യത്തുതന്നെ നില്‍ക്കാം. അനധികൃത കുടിയേറ്റക്കാരിയായ സെലീന എത്രയും പെട്ടെന്നു രാജ്യം വിട്ടു പോണം. 

അവള്‍ ബാഗുമെടുത്ത് പതുക്കെ ഇമിഗ്രേഷന്‍ ഓഫീസിന്റെ പടികള്‍ ഇറങ്ങി. വാഹനങ്ങളും കാല്‍നടക്കാരും നിറഞ്ഞ നഗരം അല്പം മുന്‍പ് ഇമിഗ്രേഷന്‍ ഓഫീസില്‍ നടന്നതൊക്കെ കെട്ടുകഥയാക്കി മാറ്റി. ഏതെങ്കിലും ജയിലിനകത്തേയ്ക്ക് തന്നെ കൂട്ടിക്കൊണ്ടു പോകുന്നതുവരെ ഒരു തെരുവില്‍നിന്നു മറ്റൊന്നിലേക്ക് അലയാന്‍ അവള്‍ തീരുമാനിച്ചു. ഇടയ്ക്കു തന്നെ കടന്നുപോകുന്ന ആളുകളില്‍ ചിലര്‍ തന്റെ കൂടെ നടക്കുന്ന കുറച്ചുനിമിഷങ്ങളില്‍ തനിക്ക് ആരൊക്കെയോ ഉണ്ടെന്ന് അവള്‍ക്ക് വെറുതെ തോന്നി. 
*
വാതിലില്‍ ശക്തിയായ മുട്ടു കേട്ട് ഫിറാസ് കണ്ണു തുറന്നു. 
പൊലീസുകാര്‍ അയാളോട് സംസാരിക്കുകയോ വിലങ്ങുവെയ്ക്കുകയോ ചെയ്തില്ല. എല്ലാം മുന്‍കൂട്ടി പറഞ്ഞുറപ്പിച്ചതുപോലെ ഫിറാസിനെ കാറിനടുത്തേയ്ക്ക് നടത്തിക്കൊണ്ടുപോയി. യാത്രയിലുടനീളം ഫിറാസ് ആര്‍ത്തിയോടെ പുറത്തെ കാഴ്ചകളിലേയ്ക്കു നോക്കി. പുറത്തെ മനുഷ്യരില്‍ ചിരിക്കുന്നവരും കരയുന്നവരും ഉദാസീനരും ക്രൂരരും മരണാസന്നരും ഒക്കെ ഉണ്ടായിരുന്നു. അവര്‍ താന്താങ്ങളുടെ ജീവിതവും വലിച്ചുകൊണ്ട് അവരുടേതായ പാതകളിലൂടെ സഞ്ചരിച്ചു. അവരാരും ഫിറാസിനെ ശ്രദ്ധിച്ചില്ല. അവര്‍ക്കും ഫിറാസിനും ഇടയില്‍ അദൃശ്യമായ ഒരു മതില്‍ പെട്ടെന്ന് ഉയര്‍ന്നുവന്നതു മാതിരിയായിരുന്നു അത്. 
വിചിത്രമായ ഒരു ആലോചന ഫിറാസിനെ വിഴുങ്ങി. അതൊരു മടക്കയാത്രയെക്കുറിച്ചായിരുന്നു.

''സര്‍, ഞാന്‍ ഈ രാജ്യത്തുനിന്നും എന്റെ രാജ്യത്തേയ്ക്കു പോയി എന്നുവെച്ചോ. പക്ഷേ, അവിടെയും ദേശത്തിന്റേയും ഭാഷയുടേയും ഒക്കെ പ്രശ്‌നമുണ്ട്. തെക്കും വടക്കും തമ്മിലുള്ള സ്പര്‍ദ്ധയുണ്ട്. മതങ്ങള്‍ തമ്മിലുള്ള ശത്രുതയുണ്ട്. സഹോദരങ്ങള്‍ തമ്മിലുള്ള കലമ്പലുണ്ട്. വരത്തന്മാരെ തല്ലിക്കൊല്ലലുണ്ട്. അന്യജാതിയില്‍പ്പെട്ട പെണ്ണിനെ പ്രേമിച്ചാല്‍ കൈ വെട്ടലുണ്ട്. ഇനി ആകെയുള്ള ഒരു വഴി...'' ഫിറാസ് ഒന്നു നിര്‍ത്തി. ''എന്റെ ഉമ്മയുടെ ഗര്‍ഭപാത്രത്തിലേയ്ക്കു തന്നെ തിരിച്ചുപോകലാണ്. പക്ഷേ, ഉമ്മ... ഉമ്മ മരിച്ചിട്ട് കൊല്ലങ്ങളായി...''
പൊലീസുകാരന്‍ ഫിറാസിനെ തറപ്പിച്ചുനോക്കി. പിന്നെ ഫിറാസിനെ അടിക്കാന്‍ എന്നോണം കൈ ഉയര്‍ത്തി. 
''മരിച്ചുപോയ സ്വന്തം അമ്മയെ വരെ തെറിവിളിക്കുന്നോ?'' അയാള്‍ മുരണ്ടു. 
ഈ രംഗത്ത് ഇപ്പോഴും ഒരു തമാശ ബാക്കിനില്‍ക്കുന്നുണ്ടെന്ന മട്ടില്‍ മുന്‍സീറ്റില്‍ ഇരിക്കുന്ന പൊലീസുകാരന്‍ ചിരിച്ചു. മുഖം തടവിക്കൊണ്ട് ഫിറാസ് വീണ്ടും പുറത്തെ മനുഷ്യക്കാഴ്ചകളിലേയ്ക്ക് ശ്രദ്ധ തിരിച്ചു. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
അപ്പോഴാണ് സെലീനയെ കണ്ടത്. സെലീന! അവള്‍, ആരുടെയോ കൂടെ, അതെ ഒരു ചെറുപ്പക്കാരന്റെ കൂടെ, അല്ല, ഒറ്റയ്ക്ക് നടന്നുപോകുന്നു. സ്വര്‍ണ്ണ മുടിയിഴകള്‍ വകഞ്ഞുമാറ്റുന്ന കൈകള്‍. ഏതോ ആധിയുടെ നിഴല്‍ നീണ്ട മുഖം. ഫിറാസിന്റെ കൈ അയാള്‍ പോലുമറിയാതെ കാറിന്റെ ഡോര്‍പ്പിടിയിലേയ്ക്ക് നീണ്ടു. പൊലീസുകാരന്‍ റിമോട്ട് കണ്‍ട്രോള്‍ അമര്‍ത്തി കാറിന്റെ ലോക്കുകള്‍ ഒന്നു കൂടി ഉറപ്പിച്ചു. 
 *
ആഴ്ചകള്‍ക്ക് മുന്‍പുള്ള ആ വൈകുന്നേരം മാസ്‌കി പാര്‍ക്കില്‍ ഊഞ്ഞാലുകളിലും, സ്ലൈഡുകളിലും സീസോകളിലും കളിക്കുന്ന കുട്ടികളില്‍നിന്ന് അല്പം നീങ്ങി സെലീന നില്‍ക്കുകയായിരുന്നു. ആ കുട്ടികളില്‍ സെലീനയുടെ മകളുണ്ടെന്ന് ഫിറാസിന് അറിയാമായിരുന്നെങ്കിലും അതാരാണെന്ന് തിരിച്ചറിയാന്‍ മാത്രം അടുപ്പം അയാള്‍ക്കുണ്ടായിരുന്നില്ല. അയാളും സെലീനയും ഒരേ ഹൗസ് കീപ്പിംഗ് കമ്പനിയിലെ ജോലിക്കാരായിരുന്നു. ഇതിനു മുന്‍പ് ഫിറാസ് ഈ കാര്യം സംസാരിക്കാന്‍ ചെന്നപ്പോഴൊക്കെ അവള്‍ വിദഗ്ദ്ധമായി ഒഴിഞ്ഞിരുന്നു. 

ഫിറാസ് സെലീനയുടെ അടുത്തേയ്ക്ക് ചെന്നു. വെളുപ്പില്‍ മഞ്ഞ പൂക്കളുള്ള അവളുടെ നീളന്‍ പാവാടയില്‍ കാറ്റ് പിടിച്ചപ്പോള്‍ അത് ഒരു രാജ്യത്തിന്റെ പതാകയാണെന്ന് അയാള്‍ക്ക് തോന്നി.
മത്സരിച്ച് ഊഞ്ഞാലാടുന്ന രണ്ട് പെണ്‍കുട്ടികളില്‍നിന്നു കണ്ണെടുത്ത് ഫിറാസിനെ കണ്ടതും സെലീനയുടെ മുഖം മാറി. 
''നിങ്ങള്‍ക്ക് ഭ്രാന്താണോ? എന്നെ വെറുത വിടാന്‍ ഞാന്‍ ഇതിനു മുന്‍പും പറഞ്ഞിട്ടില്ലേ?''
''മോളെ ഓര്‍ത്തിട്ടാണെങ്കില്‍ വിഷമിക്കണ്ട. ഞാന്‍ അവളേയും സംരക്ഷിച്ചോളാം.'' ഫിറാസ് പറഞ്ഞു.
സെലീന ഉറക്കെ ചിരിച്ചു. കുട്ടികള്‍ ഒരു നിമിഷം കളി നിര്‍ത്തി അവളെ നോക്കി. 
''മോളെ മാത്രമല്ല, എന്റെ അമ്മയേയും അച്ഛനേയും ഒക്കെ നോക്കിക്കൊള്ളാമെന്നു പറഞ്ഞു വരുന്നവന്മാരുണ്ട്.'' സെലീന വീണ്ടും ചിരിച്ചു. ചിരി അടക്കാനാവാതെ ശരീരം മുന്നോട്ട് വളച്ചു. 
''പ്ലീസ്, ഞാന്‍ സീരിയസാണ് സെലീന.'' ഫിറാസ് പറഞ്ഞു.
കുട്ടികളാരോ ഉയര്‍ത്തിയടിച്ച പന്ത് ഉയരത്തിലുള്ള ഒരു മരച്ചില്ലയില്‍ കുരുങ്ങി. കുട്ടികള്‍ സെലീനയെ നോക്കി ഒച്ചവച്ചപ്പോള്‍ അവള്‍ കാലില്‍ കിടന്ന ചെരുപ്പൂരി ഒറ്റയേറിന് പന്ത് താഴെ വീഴ്ത്തി. ഒരാണ്‍കുട്ടി അവളുടെ ചെരിപ്പ് തിരിച്ച് കൊണ്ടുവന്നുകൊടുത്ത് നന്ദി പറഞ്ഞ് ഓടിപ്പോയി.
''പെഡ്രോയെ നിനക്കറിയാഞ്ഞിട്ടാണ്. നിന്റെ ജോലി മാത്രമല്ല, തടിയും കേടാകും.'' അവള്‍ പറഞ്ഞു.
പെഡ്രോയെ കുറച്ചൊക്കെ ഫിറാസിനും അറിയാമായിരുന്നു. കമ്പനിയില്‍ അയാളുടെ ബോസായിരുന്നു പെഡ്രോ കുറച്ചുനാള്‍. ഒടുവില്‍ കമ്പനിയില്‍നിന്നു തെറ്റിപ്പിരിഞ്ഞ് പോകും വരെ. 

''എനിക്ക് ഇന്ന രാജ്യത്ത് തന്നെ ജീവിക്കണമെന്നൊന്നും ഇല്ല. നമുക്ക് പെഡ്രോ ഇല്ലാത്ത ഏതെങ്കിലും നാട്ടിലേക്ക് പോകാം.''
സെലീന അയാളെ തുറിച്ചുനോക്കി. ''ഈ വക ഉഡായിപ്പുകളും എടുത്ത് സ്ഥലം വിടാന്‍ നോക്ക്. എനിക്ക് മോളേയും കൊണ്ട് വീട്ടില്‍ പോകാന്‍ സമയമായി.'' സെലീന പെണ്‍കുട്ടികളിലാരെയോ കൈനീട്ടി വിളിച്ചു.
സന്ധ്യയായിത്തുടങ്ങിയിരുന്നു. പാര്‍ക്കില്‍ അങ്ങിങ്ങായി വിളക്കുകള്‍ തെളിഞ്ഞു. പെട്ടെന്ന് ഫിറാസ് സെലീനയ്ക്കു മുന്നില്‍ മുട്ടുകുത്തി ഇരുന്നു. പിന്നെ, പതുക്കെ കൈകള്‍ രണ്ടും ആകാശത്തേക്ക് ഉയര്‍ത്തി. ദൂരെനിന്നു നോക്കുന്ന ഒരാള്‍ക്ക് അയാള്‍ മനുഷ്യരാശിയുടെ മുഴുവന്‍ പാപങ്ങള്‍ക്കും ദൈവത്തോട് മാപ്പിരക്കുകയാണെന്നു തോന്നുമായിരുന്നു. പക്ഷേ, സത്യത്തില്‍ അയാള്‍ സെലീനയുടെ പ്രേമം മാത്രമാണ് അഭ്യര്‍ത്ഥിച്ചിരുന്നത്.
ഒരു നിമിഷം പകച്ചുപോയ സെലീന സമനില വീണ്ടെടുത്ത് കുട്ടികളുടെ അടുത്തേയ്‌ക്കോടി. പിന്നെ, റോസിയുടെ കയ്യും പിടിച്ച് പാര്‍ക്കിനു പുറത്തേക്കും. ഇരുട്ട് പാര്‍ക്കിനെ മുഴുവനായും മൂടുന്നതു വരെ ഫിറാസ് തന്റെ മുട്ടുകുത്തിനില്‍പ്പ് തുടര്‍ന്നു.   
*
അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ വിചാരണ ചെയ്യാനുള്ള ശ്രമങ്ങള്‍ സെലീന വിചാരിച്ചതിലും വേഗത്തിലാണ് നടന്നുകൊണ്ടിരുന്നത്. തെരുവുകളിലൂടെയുള്ള അവളുടെ അലച്ചില്‍ അരമണിക്കൂര്‍ പിന്നിടും മുന്‍പ് ഒരു പൊലീസ് വാഹനം അവളുടെ മുന്നില്‍ വന്നു നില്‍ക്കുകയും അവളെ ലേബര്‍ ജയിലിലേയ്ക്ക് കയറ്റിക്കൊണ്ടുപോവുകയും ചെയ്തു.
ലേബര്‍ ജയിലില്‍, തൊഴിലും ഭേദപ്പെട്ട ജീവിതവും തേടി, എന്നാല്‍, അതിനുള്ള നിയമാനുമതിയില്ലാത്ത, പല രാജ്യങ്ങളില്‍നിന്നുള്ള, പല ഭാഷകള്‍ സംസാരിക്കുന്ന ആണും പെണ്ണും. ലക്ഷ്യത്തിലെത്താനോ വന്നിടത്തേയ്ക്ക് തിരിച്ചുപോകാനോ ആവാതെ രാജ്യാതിര്‍ത്തിയില്‍ കുടുങ്ങിപ്പോയ ആ അഭയാര്‍ത്ഥികള്‍ ആധിയോടെ തങ്ങളുടെ ഭാവിയിലേയ്ക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു.

സെലീന തന്റെ സെല്ലില്‍ ചുമരും ചാരിയിരുന്നു കണ്ണുകളടച്ചു. പക്ഷേ, അധികനേരം ആ ഇരിപ്പ് തുടരാന്‍ അവള്‍ക്കു കഴിഞ്ഞില്ല. ആരോ തീക്കൊള്ളികൊണ്ട് കുത്തിയതുപോലെ, റോസിയുടെ കരയുന്ന മുഖം മനസ്സില്‍ തെളിഞ്ഞ് അവള്‍ ചാടിയെഴുന്നേറ്റു. 
അവള്‍ പെഡ്രോയെക്കുറിച്ചു ചിന്തിച്ചു. അയാളുടെ എല്ലാ ക്രൂരതകള്‍ക്കുമപ്പുറത്ത് ഈ സമയത്ത് അവളേയും റോസിയേയും രക്ഷിക്കാന്‍ അയാള്‍ക്കു കഴിയേണ്ടതല്ലേ?
സഹത്തടവുകാരില്‍ ഒരുവള്‍ ഒളിച്ചു കൊണ്ടുവന്നിരുന്ന ഫോണില്‍നിന്ന് സെലീന പെഡ്രോയെ വിളിച്ചു. അവളുടെ നെഞ്ചിടിപ്പ് കൂട്ടിയ ഓരോ റിംഗിനും ശേഷം ഒടുവില്‍ ഫോണ്‍ നിശ്ശബ്ദമായി. സെലീന വീണ്ടും രണ്ടുമൂന്നു തവണകൂടി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പെഡ്രോ ഇപ്പോള്‍ ആരാണെന്നും എന്താണെന്നും ആര്‍ക്കറിയാം? അയാളുടെ നമ്പര്‍ പഴയതു തന്നെയായിരിക്കുമെന്നു കരുതുന്നതും മണ്ടത്തരം.

''നിന്റെ കൊച്ചിന്റെ തന്തയെ ആയിരിക്കും വിളിക്കുന്നത്. അല്ലേ?'' ഇതിനകം റോസിയുടെ കഥ ഒന്നിലധികം തവണ കേട്ടിട്ടുള്ള ഫോണിന്റെ ഉടമസ്ഥ സെലീനയോട് ചോദിച്ചു. ''അവന്മാരൊക്കെ ഈ രാജ്യമല്ല, ഈ ഭൂമി തന്നെ വിട്ടുപോയിക്കാണും. തന്തയില്ലാത്തവന്മാര്... നാളെ രാവിലെ ഒരു ജഡ്ജിയുടെ മുന്നില്‍ ചെന്നുനിന്ന് മക്കളില്‍നിന്നു പിരിക്കരുത്, തിരിച്ച് സ്വന്തം രാജ്യത്തേയ്ക്ക് കയറ്റിവിടരുത്. ഇവിടെത്തന്നെ ലീഗലായ എന്തെങ്കിലും ജോലിചെയ്തു ജീവിച്ചോളാം എന്നൊക്കെ കരഞ്ഞു പറഞ്ഞുനോക്ക്. ജഡ്ജിക്ക് വല്ല ദയയും തോന്നിയാലേ രക്ഷയുള്ളൂ. പിന്നെ, കുഞ്ഞിന്റെ തന്ത പിണങ്ങിപ്പോയതാന്നൊന്നും പറയരുത്. ചത്തുപോയെന്നു പറഞ്ഞാ മതി. അല്ലെങ്കില്‍ അപ്പുറത്തെ ബ്ലോക്കില്‍ വേലയും കൂലിയൊന്നുമില്ലാതെ കുറേയെണ്ണം ഉണ്ട്. അത്താഴ സമയത്ത് കാണുമ്പോള്‍ അവരിലേതെങ്കിലും ഒരുത്തനെ കരഞ്ഞു കാണിച്ച് കൊച്ചിന്റെ തന്തയാക്കിയാലും മതി...''
''മാര്യേജ് സര്‍ട്ടിഫിക്കറ്റ്... അങ്ങനെ എന്തെങ്കിലും ഒക്കെ കാണിക്കണ്ടേ?'' സെലീന ചോദിച്ചു. 
ഒരു വലിയ തമാശ കേട്ടതുപോലെ ആ സ്ത്രീ ചിരിച്ചു. ''ലീഗലായ ഒരു രേഖയുമില്ലാതെ ഈ രാജ്യത്ത് താമസിക്കുന്നവരോടാണ്  മാര്യേജ് സര്‍ട്ടിഫിക്കറ്റ്!''
സെലീനയ്ക്ക് തല പെരുത്തു. അവള്‍ വീഴാതിരിക്കാന്‍ സെല്ലിന്റെ ഇരുമ്പുകമ്പിയില്‍ മുറുകെ പിടിച്ചു.
*
ലേബര്‍ ജയിലിലെ ഫിറാസിന്റെ സെല്‍ ഒരു തീവണ്ടി മുറിയെ ഓര്‍മ്മിപ്പിച്ചു. ഇരുവശങ്ങളിലായി രണ്ട് ബര്‍ത്തുകള്‍. ഒന്നില്‍ സ്വന്തം ഭാവിയെക്കുറിച്ച് ആശങ്കാകുലനായി ഒരു റാമിരേസ്. ചുരുക്കം വാക്കുകളിലെ പരിചയപ്പെടുത്തല്‍ കഴിഞ്ഞ് ഫിറാസ് ബാഗ് താഴെവച്ച് തന്റെ ബര്‍ത്തിലിരുന്നു. 
പുറത്തെവിടെയോനിന്ന് ഒരു ഗാര്‍ഡ് ഉച്ചത്തില്‍ ശകാരിക്കുന്നതു കേട്ടു. ഇടയ്ക്കിടയ്ക്ക് സെല്ലിനു പുറത്തുകൂടെ ആളുകള്‍ കൂട്ടമായി നീങ്ങിക്കൊണ്ടിരുന്നു. എത്ര മനുഷ്യര്‍!

ഫിറാസിന്റെ വരവ് തടസ്സപ്പെടുത്തിയ റാമിരേസിന്റെ ആത്മഭാഷണം അധികം വൈകാതെ വീണ്ടും തുടങ്ങി. അതിര്‍ത്തിയിലെ മതിലിനെക്കുറിച്ചായിരുന്നു. മതിലിനെക്കുറിച്ചുള്ള നിറം ചേര്‍ത്ത കഥകളെക്കുറിച്ചായിരുന്നു. 
ആയിരം കോടി ചെലവില്‍, നൂറു കണക്കിനു മൈലുകളോളം നീളത്തില്‍, അമ്പതടി ഉയരത്തില്‍, അതിര്‍ത്തി കാക്കുന്ന വന്‍മതില്‍... നീണ്ടുനീണ്ടു കിടക്കുന്ന ആ കോണ്‍ക്രീറ്റ് പരപ്പില്‍ ഒരേയൊരു പ്രവേശന കവാടം. നിയമപരമായി അകത്തു പ്രവേശിക്കുന്നവര്‍ക്കുള്ളത്. സ്വാഗതം എന്നെഴുതി ചുവന്ന പരവതാനി വിരിച്ചത്...

''അത് മതിലും വേലിയും ഒന്നുമല്ല.'' റാമിരേസ് പറഞ്ഞു: ''നിങ്ങളെ ഞങ്ങള്‍ക്ക് ഇഷ്ടമല്ല. ഞങ്ങളുടെ രാജ്യത്ത് നിങ്ങള്‍ക്ക് പ്രവേശനമില്ല'' എന്ന വിളംബരമാണ്.
അസുഖകരമായ ഒരു നിശ്ശബ്ദത സെല്ലില്‍ നിറഞ്ഞു.
''നിങ്ങള്‍ക്ക് ഒന്നുമില്ലെങ്കിലും തിരിച്ചുപോകാന്‍ ഒരു ജനാധിപത്യ രാജ്യമെങ്കിലുമുണ്ടല്ലോ.'' അല്പനേരം കഴിഞ്ഞപ്പോള്‍ റാമിരേസ് ഫിറാസിനെ നോക്കിക്കൊണ്ട് പറഞ്ഞു: ''മാഫിയയും മിലിട്ടറിയും അവരുടെ തേര്‍വാഴ്ചയും കാരണം ഞങ്ങള്‍ ഏതു രാജ്യക്കാരാണെന്നോ ഭാഷക്കാരാണെന്നോ എന്നുപോലും തിരിച്ചറിയാന്‍ കഴിയാതെയായിരിക്കുന്നു.''
ഫിറാസ് ഒന്നും മിണ്ടിയില്ല. ജനാധിപത്യം, രാഷ്ട്രം, അതിര്‍ത്തി- എല്ലാം പൊള്ളയായ വാക്കുകള്‍. 
ഓരോ മനുഷ്യനും അവനവനുള്ളത് അനുഭവിക്കുന്നു; മരിക്കുന്നു. അത്രയേയുള്ളൂ. 
*
ഭക്ഷണ ഹാളില്‍ തിക്കും തിരക്കും കൂട്ടുന്ന ആണിനും പെണ്ണിനുമിടയില്‍ സെലീന പ്ലേറ്റും പിടിച്ചു നിന്നു. ലോകത്തുള്ള എല്ലാ കുടിയേറ്റക്കാരും ഇവിടെയുണ്ടെന്നും അവരില്‍ അവള്‍ക്ക് പരിചയമുള്ള ആരെ വേണമെങ്കിലും ഒരുപക്ഷേ, പെഡ്രോയെപ്പോലും കാണാമെന്നും അവള്‍ക്ക് തോന്നി. എന്നിട്ടും എന്തുകൊണ്ടോ ഫിറാസിനെ രേഖപ്പെടുത്താന്‍ അവളുടെ മനസ്സ് മടിച്ചു. അയാള്‍ പിഞ്ഞാണത്തിലേയ്ക്ക് തലകുനിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. പാര്‍ക്കില്‍ തന്റെ മുന്നില്‍ മുട്ടുകുത്തിനിന്ന അയാളുടെ രൂപം അവള്‍ക്കോര്‍മ്മ വന്നു. അവള്‍ അയാള്‍ക്കരികിലേയ്ക്ക് നടന്നു. 
തലയുയര്‍ത്തി സെലീനയെ നോക്കിയ ഫിറാസിന്റെ മുഖത്ത് ഒരു നിമിഷംകൊണ്ട് ഈ ലോകത്തിലെ മുഴുവന്‍ പ്രകാശവും പ്രതിഫലിച്ചു. 
ഭര്‍ത്താവായി അപേക്ഷയില്‍ ഒപ്പുവെക്കാനുള്ള ആവശ്യം പറഞ്ഞപ്പോള്‍ ജീവിതത്തില്‍ ഇതിലും വിലപ്പെട്ട ഒന്നും തനിക്ക് കിട്ടാനില്ല എന്ന മട്ടില്‍ ഫിറാസിന്റെ കണ്ണുകള്‍ ഒന്നുകൂടി വിടര്‍ന്നു. തുടര്‍ന്ന് അയാളുടെ വിരലുകള്‍ തന്റെ കൈകളില്‍ സ്പര്‍ശിച്ചപ്പോള്‍ അതിര്‍ത്തിയിലെ മാനംമുട്ടുന്ന മതിലിലൂടെ പ്രവഹിക്കുന്നുണ്ടെന്നു പറയപ്പെടുന്ന വൈദ്യുതി തന്നിലേക്കും പ്രവഹിച്ചതുപോലെ സെലീനയ്ക്കു തോന്നി.  
*
ഫിറാസ് ചുറ്റുമിരിക്കുന്ന തളര്‍ന്ന മുഖമുള്ള മനുഷ്യരെ നോക്കി. ഈ ലേബര്‍ ജയിലില്‍ സന്തോഷത്തോടെ ഇരിക്കുന്ന ഒരേ ഒരാള്‍ താനാണ്. ഇവിടെവച്ച് സെലീനയെ കണ്ടതു മുതല്‍ ജീവിതം ഒരു പൂങ്കാവനമായി മാറിയിരിക്കുന്നു. സഹത്തടവുകാരുടെ പ്രാര്‍ത്ഥനകളും ശാപവാക്കുകളും നെടുവീര്‍പ്പുകളും അയാളെ സ്പര്‍ശിച്ചതേയില്ല. തന്നേയും സെലീനയേയും ഒരിക്കലും ഇവിടെനിന്നു പുറത്തുവിടാതിരുന്നെങ്കില്‍ എന്ന് അയാള്‍ സ്വാര്‍ത്ഥതയോടെ അഗ്രഹിച്ചുപോയി. പക്ഷേ, അടുത്ത നിമിഷം റോസിയെ ഓര്‍ത്ത് കരയുന്ന സെലീനയുടെ മുഖം മനസ്സിലേയ്ക്ക് വന്ന് അയാള്‍ ആ ചിന്ത മായ്ചുകളഞ്ഞു. വേണ്ട ഒന്നും വേണ്ട. ഈയൊരു ദിവസം മാത്രം മതി. ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശാന്തതയില്‍ അയാള്‍ കാലുകള്‍ നീട്ടിവെച്ച് മലര്‍ന്നുകിടന്നു. 
*
ഒരുപക്ഷേ, ആ ഇമിഗ്രേഷന്‍ ഓഫീസര്‍ പറഞ്ഞതുതന്നെയാണ് ശരി. തന്റെ കൂടെ ജീവിക്കുന്നതിനേക്കാള്‍ ഒരു സര്‍ക്കാര്‍ അനാഥാലയത്തിലായിരിക്കും റോസി കൂടുതല്‍ സുരക്ഷിത. അവളുടെ പഠിപ്പും ജീവിതച്ചെലവുകളുമൊക്കെ സര്‍ക്കാര്‍ നോക്കിക്കൊള്ളും. അല്ലെങ്കിലും തന്റെ കൈയില്‍ എന്താണുള്ളത്? വീട്ടുവേലയുടെ തുച്ഛവും അനിശ്ചിതവുമായ ഭാവിയോ? കടലോളം സ്‌നേഹം ഉണ്ടെന്ന് ഭാവിക്കുമായിരിക്കും. ഇപ്പോള്‍ റോസിക്കും അതനുഭവിക്കാന്‍ സാധിക്കുന്നുണ്ടാകും. പക്ഷേ, എത്ര നാള്‍? റോസി മുതിര്‍ന്നുകഴിയുമ്പോള്‍ അവള്‍ക്ക് അവസരങ്ങള്‍ നിഷേധിച്ചതിനു തന്നെത്തന്നെ കുറ്റപ്പെടുത്തിയാലോ?
സെലീന നിലത്തിരുന്നു ചുമരില്‍ തലകൊണ്ടിടിച്ചു. ആദ്യം പതുക്കെ. ചുമരിന്റെ ബലം പരിശോധിക്കുന്നതുപോലെയായിരുന്നു അത്. പിന്നെ ഇടിയുടെ ശക്തി കൂടി. തല പിളര്‍ന്നു മരണത്തിലേയ്ക്ക് താഴ്ന്നുപോയിരുന്നെങ്കില്‍ എന്ന് ഓരോ ഇടിയിലും അവള്‍ ആശിച്ചു. നെറ്റിയില്‍നിന്നു ചോര പൊടിഞ്ഞുതുടങ്ങിയപ്പോഴേയ്ക്ക് അപ്പുറത്ത് മാറി കുഞ്ഞിനു മുല കൊടുത്തു കൊണ്ടിരുന്ന ഒരു സ്ത്രീ കുഞ്ഞിനെ താഴെക്കിടത്തി ഓടിവന്ന് സെലീനയെ ബലമായി പിടിച്ചു മാറ്റി. ''എന്തു ഭ്രാന്താണീ കാണിക്കുന്നത്? നിങ്ങളുടെ കാര്യമൊക്കെ എനിക്കറിയാം. ഇപ്പോള്‍ ഇല്ലീഗല്‍ ഇമിഗ്രന്റ് ആണെന്നേ ഉള്ളൂ. ഇനി നോര്‍മല്‍ അല്ലെന്നുകൂടി വന്നാല്‍ പിന്നെ നിങ്ങളുടെ മോളെ കാണുന്ന കാര്യം ആലോചിക്കുകയേ വേണ്ട... എന്തൊക്കെ മുറിവുകളുമായാണ് ഞാനടക്കം ഇതിനകത്തുള്ള ഓരോ സ്ത്രീയും കടിച്ചുപിടിച്ചിരിക്കുന്നതെന്ന്  ഓര്‍ക്കൂ. ധൈര്യമായിട്ടിരിക്കൂ...''
സെലീന ആ സ്ത്രീയുടെ ചുമലില്‍ പതുക്കെ തല ചായ്ച്ചു. മുല കുടിച്ച് മതിവരാത്ത കുഞ്ഞ് കൈകാലിളക്കി കരഞ്ഞുതുടങ്ങി.
*
പിറ്റേന്നു രാവിലെ, ജഡ്ജിക്കു മുന്നില്‍ കാത്തുനില്‍ക്കുന്ന പുരുഷന്മാരുടെ നീണ്ട ക്യൂവില്‍ ഫിറാസും ചേര്‍ന്നു. കോടതിക്കുപകരം ലേബര്‍ ജയിലിലെ ഒരു കാബിന്‍ താല്‍ക്കാലിക വിധിപീഠമാക്കി മാറ്റിയിരിക്കുന്നു. സെല്ലിനു പുറത്തിറങ്ങും മുന്‍പ് റാമിരേസ് അയാളോട് ചോദിച്ച ചോദ്യം ഫിറാസിന്റെ ചെവിയില്‍ മുഴങ്ങി. ''ഫിറാസ്, താങ്കള്‍ക്ക് ഒരു ചോയ്സ് ഉണ്ടെങ്കില്‍, ഈ ജയിലിനകത്ത് കിടക്കുന്നതാണോ അതോ സ്വന്തം നാട്ടിലേക്ക് ജോലിയൊന്നും ഇല്ലാതെ തിരിച്ചു പോകുന്നതാണോ താങ്കള്‍ തെരഞ്ഞെടുക്കുക?''
ഫിറാസ് ഒന്നും പറയാതെ ചിരിച്ചതേയുള്ളൂ. 

ആളുകള്‍ നെഞ്ചിടിപ്പോടെ ജഡ്ജിയുടെ ക്യാബിനിലേയ്ക്ക് കയറുകയും ഇറങ്ങുകയും ചെയ്തു. ചിലര്‍ എല്ലാം തകര്‍ന്നു തിരിച്ചിറങ്ങുന്നതും മറ്റു ചിലര്‍ ലോട്ടറി അടിച്ചതുപോലെ സന്തോഷിക്കുന്നതും കണ്ടു. അല്പം മാറിയുള്ള വലിയ ചുമരിനപ്പുറത്ത് സ്ത്രീകളുടെ നീണ്ട നിരയുണ്ടെന്നും അവരില്‍ സെലീനയുണ്ടെന്നും അയാള്‍ കണാതെ കണ്ടു. 
നീണ്ട നില്‍പ്പിനിടയില്‍ ചിലര്‍ എന്തിനാണ് ക്യൂ നില്‍ക്കുന്നതെന്നു മറന്ന് ഉച്ചത്തില്‍ സംസാരിച്ച് തുടങ്ങി. വാക്കുകള്‍കൊണ്ട് വേദന മാറ്റാന്‍ കഴിയുമെന്ന് ആരോ അവരെ പറഞ്ഞ് പറ്റിച്ചിരിക്കണം. 


തന്റെ ഊഴമെത്തിയപ്പോള്‍ ഫിറാസ് അകത്തേയ്ക്ക് കയറിച്ചെന്നു. ജഡ്ജി അയാളോട് ഇരിക്കാന്‍ പറഞ്ഞില്ല. കഴിഞ്ഞ മണിക്കൂറുകളില്‍ ഗതിമാറിയ ജീവിതങ്ങളുടെ കടലാസുകള്‍ മേശപ്പുറത്ത് ചിതറിക്കിടന്നിരുന്നു. അപ്പുറത്തെ കാബിനുകളിലൊന്നില്‍നിന്ന് ആരുടേയോ അടക്കിപ്പിടിച്ച കരച്ചില്‍ കേട്ടു.
ഫിറാസ് സെലീനയ്ക്കായി ചുറ്റും നോക്കി. തങ്ങളുടേത് ജോയിന്റ് ആപ്ലിക്കേഷനായിരുന്നല്ലോ.
ജഡ്ജി തലയുയര്‍ത്തി ഫിറാസിനെ നോക്കി. പിന്നെ, വീണ്ടും കടലാസിലേക്കു തന്നെ തല താഴ്ത്തി. 

''നിങ്ങള്‍ക്ക് അത്യാവശ്യം വിദ്യാഭ്യാസം ഒക്കെ ഉണ്ടല്ലോ. നിങ്ങള്‍ ഇവിടെ ഈ രാജ്യത്ത് ലേബര്‍ ക്യാമ്പില്‍ കിടന്നു ജീവിതം തള്ളിനീക്കേണ്ട ആളല്ല. വിസയില്ലാതെ ഈ രാജ്യത്ത് താമസിച്ചതിനുള്ള ശിക്ഷയായി ഇനി തിരിച്ച് ഈ നാട്ടിലേയ്ക്ക് വരാന്‍ പറ്റില്ലെന്നു മാത്രം.''
''എനിക്ക് എന്റെ ഭാര്യയെ കാണണം. സെലീനയെ.'' ഫിറാസ് പറഞ്ഞു.
ജഡ്ജിയുടെ മുഖം ഒരു പരിഹാസച്ചിരിയിലേയ്ക്ക് കോടി. പിന്നെ ഇരുണ്ടു. 
''അവര്‍ നിങ്ങളുടെ ഭാര്യ അല്ലെന്നു നിങ്ങള്‍ക്കും അറിയാം. എനിക്കും അറിയാം. ജസ്റ്റ് എ മാര്യേജ് ഓഫ് കണ്‍വീനിയന്‍സ്. അതുകൊണ്ട് ആ കഥയൊക്കെ മറന്നേക്കൂ. വെറുതെ കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് നില്‍ക്കണ്ട.''
വര്‍ഷങ്ങള്‍ക്കു മുന്‍പ്, തന്റെ രാജ്യത്തെ ചെളിയിലും ഇരുട്ടിലും നിന്ന് ഇഴഞ്ഞുകയറിയ ദിവസത്തിന്റെ ഓര്‍മ്മയില്‍ ഫിറാസ് ജഡ്ജിയുടെ മുഖത്തേയ്ക്കു തന്നെ നോക്കി.

''യു ആര്‍ ഫ്രീ മിസ്റ്റര്‍ ഫിറാസ്.'' ജഡ്ജി പറഞ്ഞു: ''യു ആര്‍ എ ഫ്രീ മാന്‍. നിങ്ങള്‍ക്ക് നിങ്ങളുടെ രാജ്യത്തേയ്ക്ക് തിരിച്ചു പോകാം.''
''വൈ ഷുഡ് ഐ ബി ഫ്രീ?'' ഫിറാസ് പിറുപിറുത്തു. ''ഹൂ വാന്‍ഡ്സ് ഫ്രീഡം?''
''എക്‌സ്‌ക്യൂസ് മീ?'' ജഡ്ജി ചോദിച്ചു. 
ഫിറാസ് തന്റെ കടലാസുകളുമായി പുറത്തുകടന്നു. അയാള്‍ സെലീനയേയും തന്നേയും വേര്‍തിരിക്കുന്ന ആ വലിയ ചുമരിലേയ്ക്ക് ഒന്നുകൂടി നോക്കി. 
ആര്‍ക്കും അയാളുടെ ശിക്ഷ എന്താണെന്നു മനസ്സിലായില്ല. പലരും ഉല്‍ക്കണ്ഠയോടെ അയാളുടെ അടുത്തേയ്ക്ക് വന്ന് അന്വേഷിച്ചെങ്കിലും അയാള്‍ ഒന്നും മിണ്ടിയില്ല. കൂടുതല്‍ നിര്‍ബ്ബന്ധിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, അയാള്‍ പറയുമായിരുന്നു:
ഈ ജയിലിനകത്തോ ഈ രാജ്യത്തോ മറ്റേതെങ്കിലും രാജ്യത്തോ ഒന്നും ജീവിതം അയാള്‍ക്ക് ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ലെന്ന്. സ്‌നേഹം നിഷേധിക്കപ്പെട്ടവര്‍ക്ക് ഈ ഭൂമി തന്നെ ഒരു വലിയ ജയിലാണെന്ന്. 
--------
കടപ്പാട്: മതിലുകള്‍ (വൈക്കം മുഹമ്മദ് ബഷീര്‍)

ചിത്രീകരണം - ബൈജുദേവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com