ജോഷ്വോയും ഭുവനയും ഒരു കുന്നിന്‍ മുകളില്‍ തനിച്ചാകുമ്പോള്‍...: വി സുരേഷ് കുമാര്‍ എഴുതിയ കഥ

മുതിര്‍ന്നവര്‍ സവിശേഷമായ രീതിയില്‍ അലങ്കരിച്ച കാളയേയും കാളയുടെ ലിംഗം പോലെ ഉയര്‍ന്നുനില്‍ക്കുന്ന എണ്ണ ആട്ടുവാനുള്ള മരച്ചക്കിനേയും കൂടിയ അധ്വാനത്തില്‍ മെല്ലെ കുന്നിറക്കി. 
ജോഷ്വോയും ഭുവനയും ഒരു കുന്നിന്‍ മുകളില്‍ തനിച്ചാകുമ്പോള്‍...: വി സുരേഷ് കുമാര്‍ എഴുതിയ കഥ

ജീവിതത്തില്‍ ആദ്യമായി കുന്ന് കയറിയ ചെറുപ്പക്കാര്‍ വലിയ ആവേശത്തിലായിരുന്നു. ചുറ്റോടു ചുറ്റും ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന കുന്ന്, അവര്‍ പല പല വികാരവിചാരങ്ങളിലാവുകയും പിന്നാലെ വരുന്ന മുതിര്‍ന്നവര്‍ കേള്‍ക്കാതെ അശ്ലീലങ്ങള്‍ പറഞ്ഞു ചിരിക്കുകയും ചെയ്തു.
മുതിര്‍ന്നവര്‍ സവിശേഷമായ രീതിയില്‍ അലങ്കരിച്ച കാളയേയും കാളയുടെ ലിംഗം പോലെ ഉയര്‍ന്നുനില്‍ക്കുന്ന എണ്ണ ആട്ടുവാനുള്ള മരച്ചക്കിനേയും കൂടിയ അധ്വാനത്തില്‍ മെല്ലെ കുന്നിറക്കി. 
മൊബൈലില്‍ ഫോട്ടോ എടുക്കുന്നതിനിടയില്‍ ചെറുപ്പക്കാര്‍ ഇടിഞ്ഞുപൊളിഞ്ഞു വീണ പഴയ പള്ളിയുടെ അവശിഷ്ടങ്ങള്‍ അമ്പലമോ കാവോ ആണെന്ന് തെറ്റിദ്ധരിച്ച് തൊഴുകയ്യോടെ നില്‍ക്കുകയും അപ്പോള്‍ പോക്കറ്റില്‍ തടഞ്ഞ പണം അവിടെ വാരിവിതറുകയും ചെയ്തു.
എന്നാല്‍ കാളയേയും ചക്കിനേയും ഉന്തിക്കൊണ്ട് വരുന്നവരിലെ മുതിര്‍ന്ന ഒരാള്‍ മണ്ടന്മാരെ അതു അമ്പലം അല്ലെന്നും പണ്ടു നമ്മുടെ ഭഗവതി തകര്‍ത്തുതരിപ്പണം ആക്കിയ പള്ളി ആണെന്നും ഭഗവതിയെ പേടിച്ച് പള്ളിയിലെ നാഥന്‍പോലും ജീവനുംകൊണ്ട് ഓടിയതാണെന്നും ഇപ്പോഴും കല്ലിനും കാടിനും ഇടയില്‍ ഒടിഞ്ഞുതൂങ്ങിയ കുരിശുണ്ടെന്നും പറഞ്ഞു ഒച്ചത്തില്‍ ചിരിച്ചു.

പണം തിരികെയെടുക്കുമ്പോള്‍ ചെറുപ്പക്കാര്‍ കല്ലും മരവും സൂക്ഷിച്ച് നോക്കിയിട്ട് അമ്പലത്തിന്റെ നിര്‍മ്മിതിപോലുണ്ടെന്നും പണ്ട് കടല്‍വഴി വന്ന സായിപ്പന്മാര്‍ നമ്മുടെ അമ്പലം തകര്‍ത്തത് തന്നെയാണെന്നും... എന്തായാലും നമ്മുടെ ദൈവം അവരുടെ ദൈവത്തോട് പകരം വീട്ടിയത് വലിയ അഭിമാനം ആയെന്നും പറഞ്ഞ് ഒച്ചത്തില്‍ 'നാമജപം' ചെയ്തു. നിലവിളി കേട്ടതും ഭയന്നുപോയ കാള തന്റെ കയര്‍ ഒന്ന് കുടഞ്ഞ് കുതറുവാന്‍ ശ്രമം നടത്തുകയും മുതിര്‍ന്നവര്‍ എല്ലാവരും ഊക്കോടെ കാളയുടെ കയറിലേക്ക് ബലം പിടിച്ചു നില്‍ക്കുകയും ചെയ്തു.
കാളയിലും കയറിലും ശ്രദ്ധിക്കാതെ ചെറുപ്പക്കാര്‍ വാട്സ്ആപ്പ് ഓണ്‍ ചെയ്തു അമ്പലത്തെ സംബന്ധിച്ചുള്ള അവരുടെ കണ്ടെത്തലുകളെ ഗവേഷണ പ്രബന്ധങ്ങള്‍പോലെ എയറിലേക്ക് സംപ്രേഷണം ചെയ്തു.

************
പകല്‍ അധികനേരവും ഉറക്കവും പാതിരാവും കഴിഞ്ഞ് പുലര്‍ച്ചയോളം ഉണര്‍ന്നിരിക്കലുമാണ് ഈയിടെയായി ജോഷ്വോയുടെ പതിവ്. ആകാശം മുട്ടിയ മരം പോലെ വളരുന്ന ഏകാന്തതയേയും അതിനേക്കാള്‍ ആഴത്തില്‍ വേരുകളെപ്പോലെ കുതിച്ചുപായുന്ന കടുത്ത വിഷാദത്തേയും മറികടക്കുന്നതോടൊപ്പം ചുറ്റുപാടുകളിലെ പച്ചമരങ്ങളില്‍പ്പോലും തീ പടര്‍ത്തുന്ന വേനലും ജോഷ്വോയെ കല്ലിനെക്കാളും നിസ്സഹായനാക്കിയിരുന്നു.
മേഘങ്ങള്‍ തിങ്ങിനിറഞ്ഞ ആകാശം പോലെ ചുറ്റോടുചുറ്റും പച്ചമരങ്ങളാല്‍ നിറഞ്ഞു നിന്നിരുന്ന കുന്നുകള്‍, ഇപ്പോള്‍ വിളര്‍ച്ച ബാധിച്ച കുഞ്ഞുങ്ങളെപ്പോലെ കരിഞ്ഞുണങ്ങി വെറും എല്ല് മാത്രമായി ഉയര്‍ന്നുനില്‍ക്കുന്നു. മറ്റേതോ കാലത്തിന്റെ ഓര്‍മ്മകള്‍പോലെ അവിടേയും ഇവിടേയും ആയി ചില പച്ചമരങ്ങള്‍ ഉള്ളത് മാത്രമാണ് ആശ്വാസം...


കുന്നിനപ്പുറം മറ്റൊരു കുന്നില്‍ പുതുതായി പണികഴിപ്പിച്ച പള്ളിയില്‍നിന്നും ഞായറാഴ്ചയുള്ള പാട്ടും പ്രാര്‍ത്ഥനയും ജോഷ്വോ കേട്ടു. ജോഷ്വോ ഉറക്കം മതിയാക്കി വെയിലിലൂടെ ഇടിഞ്ഞു പൊളിഞ്ഞ കോട്ടയുടെ കല്ലിന്‍ കൂമ്പാരത്തിലേക്ക് കയറിനിന്നു.
ദൈവത്തെ കാണുവാനായി ഇപ്പോഴും ആള്‍ക്കാര്‍ ഇടിച്ചുനിരത്തി പല തട്ടുകളാക്കിയ കുന്നിന്‍ മുകളിലേക്ക് കിതച്ചുകൊണ്ട് കയറിപ്പോകുന്നത് അതിശയത്തോടെ ജോഷ്വോ നോക്കിനിന്നു. വലിയ കാറുകളില്‍ വരുന്നവര്‍ റോഡില്‍ നടക്കുന്നവര്‍ മാറിക്കൊടുക്കുവാനും വേഗത്തില്‍ നീങ്ങുവാനും ആയി ഹോണ്‍ മുഴക്കി തിടുക്കം കൂട്ടി. പള്ളിയുടെ മുന്നില്‍ ഉണ്ടായിരുന്ന ഒരു വലിയ ഒറ്റമരം കൂടി മുറിച്ചതോടെ അവിടെ നടക്കുന്നത് നിഴലുപോലും വീഴാത്തത്രയും ജോഷ്വോ തെളിഞ്ഞു കണ്ടു.
പ്രാര്‍ത്ഥനകള്‍ക്കിടയില്‍നിന്നും രണ്ടു ചങ്ങാതിമാര്‍ പള്ളിയില്‍നിന്നും പുറത്തേക്കിറങ്ങി. അതിലൊരാള്‍ കോണ്‍ട്രാക്ടറും മറ്റൊരാള്‍ രാഷ്ട്രീയക്കാരനും ആയിരുന്നു. ഒന്നാമന്‍ കല്ലും മണ്ണും നിറഞ്ഞ വന്യതയിലേക്ക് ജോഷ്വോയുടെ നേര്‍ക്കെന്നപോലെ കൈചൂണ്ടി പറഞ്ഞു. ആ കാണുന്നത് നല്ല ടൂറിസ്റ്റ് സ്പോട്ട് ആണല്ലോ...! വില്‍ക്കുന്ന സ്ഥലം ആയിരിക്കില്ലേ...?
രാഷ്ട്രീയക്കാരന്‍: അതുപണ്ട് മാടായി യശ്മാന്‍ ഡച്ചുകാര്‍ക്ക് എഴുതിക്കൊടുത്ത ആയിരം ഏക്കര്‍ സ്ഥലമാണ്...
കോണ്‍ട്രാക്ടര്‍: ആയിരം ഏക്കര്‍ ...!
രാഷ്ട്രീയക്കാരന്‍: ഞങ്ങള്‍ നേരത്തെ തന്നെ കുറേ കയ്യേറിയിരുന്നു. ബാക്കി കയ്യേറി കൈമാറാനും നോക്കിയതായിരുന്നു. പക്ഷേ, ആ സ്ഥലം അത്ര ശരിയല്ല. സകല ദൈവങ്ങളും പിശാചുക്കളും ഇപ്പോള്‍ ആ കുന്നിലാണ് സ്ഥിരവാസം. പിന്നെ പഴയ സായിപ്പന്മാരുടെ പ്രേതങ്ങള്‍. ഭഗവതിയുടേയും ഗുളികന്റേയും കിടപ്പും നടപ്പും... ഇനിയും ഒരു അമ്പത് കൊല്ലം അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാട്ടം നടത്തിയാലും നമ്മുടെ നാട് നന്നാകില്ല.
അവര്‍ രണ്ടുപേരും സംസാരിച്ചുനില്‍ക്കെ കുറേ കുട്ടികള്‍ വലിയ ഇരുമ്പുകമ്പികളും പ്ലാസ്റ്റിക്കും വര്‍ണ്ണക്കടലാസുകളും പൈപ്പുകളും ഒക്കെയായി ഒരു ക്രിസ്മസ് മരം ഒരുക്കുവാന്‍ ശ്രമിക്കുന്നത് ജോഷ്വോ കണ്ടു.
രാഷ്ട്രീയക്കാരനും കോണ്‍ട്രാക്ടറും ഇപ്പോഴും കുന്നിലെ മണ്ണിലേക്കും കല്ലിലേക്കും മരങ്ങളിലേക്കും വെറുതെ നോക്കിനില്‍ക്കുന്നു. രാഷ്ട്രീയക്കാരന്‍ കോണ്‍ട്രാക്ടറുടെ ചെവിക്ക് അരികിലേക്ക് നീങ്ങി പറഞ്ഞു: ''ഞങ്ങള്‍ ഒരു അവസാന ശ്രമം നടത്തുന്നുണ്ട്, അതൊരു തന്ത്രപ്രധാനമായ സ്ഥലം ആക്കി മാറ്റിയെടുക്കാന്‍...!'' 
ഈ അടുത്തകാലം വരെയും അവര്‍ നില്‍ക്കുന്ന സ്ഥലവും ഇതേ കുന്നുകള്‍പോലെ കല്ലും മണ്ണും പുല്ലും നിറഞ്ഞതായിരുന്നു. പാതിമുറിച്ച കുന്നുകളില്‍നിന്നും മുയലുകളുടെ ചോര ഉറ്റുന്നതായി ജോഷ്വോക്ക് തോന്നി. ആ കുന്നുകളില്‍ നിറയെ ഇളംകറുപ്പ് നിറത്തിലുള്ള കാട്ടുമുയലുകള്‍ നേരിയ കറുകപ്പുല്ല് തിന്നുവാന്‍ കൂട്ടത്തോടെ വരും. 'കൊമ്പന്‍ മുയലുകള്‍' എന്നായിരുന്നു നാട്ടുകാര്‍ ആ കറുപ്പന്‍ മുയലുകളെ വിളിക്കുന്നത്. ക്രമേണ ആ കുന്നിനും 'കൊമ്പന്‍കുന്ന്' എന്ന പേരായി.
വലിയവരുടെ തീന്‍മേശകളിലും ആഘോഷങ്ങളിലും കൊമ്പന്‍കുന്നിലെ ഇറച്ചി അവിഭാജ്യമായി. വേട്ടക്കാര്‍ വലിയ നാടന്‍ തോക്കുമായി കുന്നുകയറി. ഇതിനിടയില്‍ ആരോ ഒരാള്‍ കുന്നിന്റെ നിറുകയില്‍ തകരാര്‍ ആയ രണ്ട് തോക്കുകള്‍ തലങ്ങനേയും വിലങ്ങനേയും ചേര്‍ത്തുവെച്ചു. നാടന്‍ തോക്കിന്‍ കുഴലുകളുടെ വെടിയൊച്ചയില്‍ മുയലുകള്‍ നിത്യവും കൈകാലുകള്‍ നിവര്‍ത്തി തലകീഴായി തൂങ്ങിക്കിടന്നു. മെയ് ഫ്‌ലവര്‍ മരങ്ങളുടെ പൂക്കള്‍പോലെ കുന്ന് നിറയെ ചോര. ആ ചോരയെ ആരും കാണാത്തവിധം അവര്‍ ഭംഗിയുള്ള പള്ളിയും ആശുപത്രിയും സൂപ്പര്‍മാര്‍ക്കറ്റും ആക്കിയിരിക്കുന്നു.
എത്ര എളുപ്പത്തിലും വേഗതയിലും ആണ് മനുഷ്യര്‍ ഓരോന്നിന്റേയും രൂപം മാറ്റുകയും പുതിയവ നിര്‍മ്മിച്ചു കൂട്ടുകയും ചെയ്യുന്നത്. ഇത്രയും പ്രാപ്തിയും കഴിവും ഉണ്ടായിട്ടും മനുഷ്യര്‍ വീണ്ടും വീണ്ടും ഇങ്ങനെ ദൈവത്തെ വണങ്ങുന്നതില്‍ എന്തോ കടുത്ത ചതിയുണ്ടെന്ന് ജോഷ്വോ വേദനയോടെ ഉറപ്പിച്ചു.

ജോഷ്വോ ദൂരേക്കു നോക്കി. കടല്‍ ഒരു പഴയ സ്‌ക്രീന്‍പോലെ നിറം മങ്ങി കിടക്കുന്നു. അത്രയും പഴക്കമുള്ള ഒരു സിനിമയിലെ ആരംഭ ദൃശ്യം പോലെ അവിടെ ഒരു പുരാതനമായ തുറമുഖം, പാണ്ടിശാലകള്‍, വിളക്ക് തൂണുകള്‍, തുരുമ്പിച്ച് അടര്‍ന്ന ഇരുമ്പു കൊളുത്തുകള്‍...
കടലില്‍നിന്നും കാണുന്ന ആദ്യത്തെ കുന്ന്... ജോഷ്വോയില്‍ ഓര്‍മ്മകളുടെ ഒരു കടല്‍ കര കയറി. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആദ്യം വന്നവര്‍ ആദ്യം കണ്ട കുന്ന്, അവര്‍ പണിത കോട്ട... പള്ളി, കുളം... ജോഷ്വോയില്‍ ആഴങ്ങളില്‍ വെള്ളം കണ്ടുകിട്ടിയ ഒരു മരത്തിന്റെ തണുപ്പു നിറഞ്ഞു.
''എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു''
പള്ളിയിലെ പ്രാര്‍ത്ഥന ഗാനം കൂടുതല്‍ ഒച്ചത്തിലായി.
എന്നത്തേയുംപോലെ ജോഷ്വോയ്ക്ക് അത് മുയലുകളുടെ നിലവിളി മാത്രം ആയി.
ജോഷ്വോ പൊളിഞ്ഞ പള്ളിയില്‍നിന്നും പുറത്തേക്കു നടന്നു. കാടിന്റെ പല ഭാഗത്തേക്കും പലരും പാത്തും പതുങ്ങിയും വന്നു തുടങ്ങിയിരിക്കുന്നു. ആണും പെണ്ണും, ആണും ആണുമായി വരുന്നവര്‍. ഒറ്റയ്ക്കും കൂട്ടായും മദ്യപിക്കാന്‍ വരുന്നവര്‍. ഏറ്റവും മോശമായി വ്യഭിചരിക്കുന്നവര്‍ പോലും ഭൂമിക്ക് നല്ലതോ മോശമായതോ ആയി യാതൊരു ക്ഷതവും ഉണ്ടാക്കുന്നില്ല. എന്നാല്‍, മദ്യപാനികള്‍ അവര്‍ പരസ്പരം തല്ലുകയും കൊല്ലുകയും തൂറുകയും കാറുകയും, എല്ലാറ്റിലും അപ്പുറം കൊണ്ടുവന്ന കുപ്പി തച്ചുടച്ച് കുളത്തിലോ കിണറിലോ വലിച്ചെറിയും. മദ്യപിക്കുവാനായി മാത്രം കാട്ടിലേക്കു വരുന്ന എല്ലാറ്റിനേയും എന്നേക്കുമായി ഓടിക്കുവാന്‍ ജോഷ്വോക്ക് ആഗ്രഹം തോന്നി.  ജോഷ്വോ ഏറ്റവും ഉയരമുള്ള കുന്നിലേക്ക് കയറി. ആയിരം ഏക്കറിലേക്കും തല തിരിച്ചു.

താഴെ വയല്‍ക്കരയിലെ പഴയ കാവിന്റെ പുതുക്കിപ്പണിയല്‍ പൂര്‍ത്തിയായിരിക്കുന്നു. വലിയ മതില് കെട്ടുന്നതിനു മുന്നോടിയായി ചുറ്റോട് ചുറ്റും ഉണ്ടായിരുന്ന ആലും പാലയും പ്ലാവും വലിയ ജെ.സി.ബി കൊണ്ട് വേരോടെ പിഴുതുമാറ്റിയിരുന്നു. കാലങ്ങളായി വിളക്ക് വെക്കാന്‍ ഒറ്റയ്ക്ക് വരാറുള്ള 'അന്തിത്തിരിയന്‍' ഇപ്പോള്‍ കുറേ പുതിയ ആള്‍ക്കൂട്ടത്തിനിടയില്‍... ജോഷ്വോ നോക്കി നില്‍ക്കേ ചെറുപ്പക്കാര്‍ ഒരു കല്യാണവീട്ടിലേക്കെന്നപോലെ കാവിനു ചുറ്റും വലിയ പന്തല് ഒരുക്കുന്നു. ചമയിക്കുന്നു. കാലങ്ങളായി ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന കാവിലേക്ക് ആരെങ്കിലും വരുന്നുണ്ടാകുമോ? ജോഷ്വോ കടലിലേക്ക് നോക്കവേ കടല്‍ വലിയ വീഞ്ഞുപാത്രം പോലെ ചുവന്ന് തുടുത്തിരിക്കുന്നു. സൂര്യന്‍ ആ വീഞ്ഞുപാത്രത്തിലേക്ക് മുഴുവനായും താഴ്ന്നു വീണപ്പോള്‍ അന്തിത്തിരിയന്‍ എണ്ണയും തിരിയുമായി വിളക്കിനു അരികിലേക്ക് നടന്നു. നാലു ദിക്കുകളിലേക്കും നോക്കി കണ്ണുകളടച്ച് ഒരു തീപ്പെട്ടി ഉരക്കലില്‍ നാലു തിരികളിലേക്കും വെളിച്ചം നിറച്ചു. ആണുങ്ങള്‍ മുഴുവന്‍ കത്തുന്ന തിരിയിലേക്ക് ഭയഭക്തിയോടെ നോക്കി തൊഴുതു.
പതിവുപോലെ പല സ്ഥലങ്ങളിലേക്കും പോയ പക്ഷികള്‍ അവസാന പ്രകാശത്തിലൂടെ വരികയും പോവുകയും ചെയ്യുന്നത് വലിയൊരു നെടുവീര്‍പ്പോടെ ജോഷ്വോ നോക്കിനിന്നു. എല്ലാ പ്രകാശവും കെടുത്തി, പകല്‍ പെട്ടെന്ന് രാത്രിയിലേക്ക് കയറുന്ന നേരം ചുറ്റുപാടില്‍നിന്നും ഒറ്റപ്പെട്ടുപോയ മനുഷ്യന്‍ അങ്ങും ഇങ്ങും നീങ്ങാനാകാത്തവിധം ഒരു ഇടുങ്ങിയ ഗുഹയില്‍ കുടുങ്ങിയതുപോലെയാകും. ആ നേരം മരങ്ങളൊക്കെയും ഇലയെപ്പോലും അനക്കാതെ മരണ വീട്ടില്‍ പെട്ടതുപോലെ തലകുനിക്കും. പക്ഷികള്‍ തോക്കിന്‍ കുഴല്‍ കണ്ടതുപോലെ ഒച്ചത്തില്‍ ചിറകടിച്ച് നിലവിളിക്കും. ആകാശം മുറിവേറ്റവന്റെ ശരീരംപോലെ ചോരവാര്‍ന്നു കിടക്കും...! ജോഷ്വോ എന്നത്തേയും പോലെ ആ നിമിഷങ്ങളില്‍ കണ്ണുകളടച്ച് ദീര്‍ഘമായി ശ്വാസം എടുത്തു.

നേരിയ നിലാവിന്റെയോ കാവിലെ വിളക്കുകളുടെയോ എന്ന് തീര്‍ച്ചയില്ലാത്ത വെളിച്ചത്തിലൂടെ ജോഷ്വോ കുന്നിന്‍ ചെരിവിലെ ഒരിക്കലും വറ്റാത്ത കുളത്തിന്റെ അരികിലേക്ക് നടന്നു. തീരെ അനക്കമില്ലാതെ കിടക്കുന്ന വെള്ളത്തിലേക്ക് ഒരു കണ്ണാടിയിലെന്നപോലെ ജോഷ്വോ മുഖം നോക്കി. ശരീരം കൂടുതല്‍ മെലിഞ്ഞു നേര്‍ത്തിരിക്കുന്നു. ഉണങ്ങിയ മരത്തിന്റെ ഇലകള്‍പോലെ താടിയും മുടിയും കുറേക്കൂടി താഴ്ന്നിരിക്കുന്നു. എന്നാല്‍ രണ്ടു കണ്ണുകളും ഇപ്പോഴും കൂടുതല്‍ തെളിഞ്ഞിരുന്നു. ഏകാന്തതയില്‍പ്പെട്ട ഒരാളുടെ കണ്ണുകള്‍ മറ്റൊരാളെ കണ്ടെത്തുന്നത് വരെയും തിളങ്ങിക്കൊണ്ടിരിക്കുമോ? ഒരാള്‍ക്ക് ഒരാള്‍ കൂട്ട് എന്നത് പിന്നിലും കാണാവുന്ന പുതിയ രണ്ടു കണ്ണുകള്‍ കൂടിയാണോ...? മീനുകളും പക്ഷികളും കുളത്തില്‍ കൂട്ടത്തോടെ നീന്തുകയും കളിക്കുകയും ചെയ്യുന്നത് ജോഷ്വോ കണ്ടു. തന്റെ കാലുകളെ  അവയുടെ അരികിലേക്ക് മെല്ലെ നീട്ടി. ഇണകളോടൊപ്പം നീന്തിത്തുടിക്കുന്ന ആരും ജോഷ്വോയെ കണ്ടില്ല. പകരം ഒറ്റയ്ക്കുള്ള ഒരു മത്സ്യം വെള്ളത്തിനടിയിലൂടെ വന്ന് കുറേ നേരം ജോഷ്വോയുടെ കാല്‍വിരലുകളെ ചുംബിച്ചു കളിച്ചു.
ഊക്കോടെ വന്നുപോയ കാറ്റ് ജലക്കണ്ണാടിയെ ഉടച്ചു പലതരം ചീളുകളാക്കി. ജോഷ്വോയുടെ നീളന്‍ പ്രതിബിംബം അതില്‍ അനേകം കഷ്ണങ്ങളായി. കടലിനെക്കാള്‍ വിസ്താരമേറിയതും, പര്‍വ്വതങ്ങളെക്കാള്‍ ഉയരമേറിയതും ആയ ഒന്നാണ് ഏകാന്തത എന്ന് ജോഷ്വോയുടെ ചിതറിയ രൂപത്തെ പരതി എടുക്കവേ ആ കുഞ്ഞുമത്സ്യം പിറുപിറുക്കുന്നത് ജോഷ്വോ കേട്ടു. ജോഷ്വോ കുളത്തിലേക്കിറങ്ങി കുറേ നേരം മുങ്ങുകയും പൊങ്ങുകയും ചെയ്തു. ആകെയൊരു തലവേദന... ജോഷ്വോ തണുത്ത വെള്ളത്തെ കോരി കണ്ണില്‍ നിറച്ചു പാറയിലേക്ക് കയറി നീണ്ടുനിവര്‍ന്നു കിടന്നു.
താഴെ കാവില്‍ പൂവുകളും തേങ്ങയും നിറച്ചൊരു വലിയ ലോറി വന്നു. ഒപ്പം വലിയൊരു ബോര്‍ഡും. ചെറുപ്പക്കാര്‍ ഉയര്‍ത്തിവെക്കുന്ന ബോര്‍ഡിലെ അക്ഷരങ്ങള്‍ അന്തിത്തിരിയന്‍ വായിച്ചു. ''നൂറ്റമ്പത് വര്‍ഷങ്ങള്‍ക്കുശേഷം തിരുമുറ്റം ദേവി മായയില്‍ ഉണരുന്നു. ഭക്തജനങ്ങള്‍ക്ക് തിരുമുറ്റത്തേക്ക് സ്വാഗതം.''
അന്തിത്തിരിയന്റെ മുഖം വലിയ ഓലച്ചൂട്ട് കത്തിയതുപോലെ വെളിച്ചത്തിലായി. 
കാവിന്റെ പിറകില്‍ ഒരു വലിയ കാള സമയ സൂചികള്‍പോലെ നിര്‍ത്താതെ ഒരേ വട്ടത്തില്‍ കറങ്ങുന്നുണ്ടായിരുന്നു. കാളയുടെ ഊക്കോടെയുള്ള കറക്കത്തിനിടയില്‍ വലിയ പാത്രത്തിലേക്ക് വെളിച്ചെണ്ണ നിറഞ്ഞൊഴുകി. 
ഉണക്കത്തേങ്ങ അരഞ്ഞുവരുന്ന വെളിച്ചെണ്ണയുടെ മണം കാറ്റില്‍ നിറഞ്ഞു. ജോഷ്വോ അഗാധമായ സ്‌നേഹത്തോടെ ആ തെളിഞ്ഞ സുഗന്ധത്തെ മുഴുവനായി ഉള്ളിലേക്ക് വലിച്ചു. എന്നാല്‍ അതിനിടയിലും ചില ദുര്‍ഗന്ധങ്ങള്‍ കയറുന്നതായി ജോഷ്വോ അറിഞ്ഞു. ജോഷ്വോ പാറയില്‍നിന്നും എഴുന്നേറ്റു കുന്നിലേക്കുള്ള വഴിയിലേക്ക് കയറി.

ദൂരെ കാട്ടിലേക്ക് അവസാനിക്കുന്ന റോഡില്‍ കാട്ടുപോത്തിന്റെ ക്രൂരതയോടെ നിര്‍ത്തിയിട്ട ലോറിയുടെ മുഖം ജോഷ്വോ കണ്ടു. ലോറിയുടെ കറുത്ത ഉടലില്‍നിന്നും ഒന്നു രണ്ട് പേര്‍ ഒരു നീളന്‍ പൈപ്പ് കാട്ടിലേക്ക് വലിച്ചുപിടിക്കുന്നു. ലോറിയുടെ പുറത്തേക്ക് തെറിച്ച കണ്ണുകളിലൂടെ ചോര പ്രകാശം ഇടയ്ക്കിടെ അവര്‍ക്കായി ഉറ്റിവീണു.

കുന്നും കാടും എന്നു മുതലാണ് മനുഷ്യരുടെ തീട്ടം നിറയ്ക്കാനുള്ള ഇടം ആയത്. ജോഷ്വോക്ക് അവരുടെ നേരെ ഒരു പുലിയെപ്പോലെ ചാടി വീഴുവാന്‍ തോന്നി.
വഴിനീളെ മദ്യക്കുപ്പികളും പലതരം അവശിഷ്ടങ്ങളും... ജോഷ്വോ കൂര്‍ത്ത മുനയുള്ള മദ്യക്കുപ്പി കയ്യിലേക്കെടുത്തു ലോറിയുടെ നേരേക്കു പിടിച്ചു.
പൈപ്പുമായി കാട്ടിലേക്കിറങ്ങിയ രണ്ടുപേരും മദ്യപിക്കുവാന്‍ തുടങ്ങി. അതിലൊരാള്‍ ഒരു ഗ്ലാസ്സ് ഡ്രൈവര്‍ക്ക് നീട്ടിയതും പൊട്ടി അടര്‍ന്ന് വരുന്ന നക്ഷത്രംപോലെ ഒരു വലിയ തീപ്പന്തം അവരുടെ നേരേക്കു പാഞ്ഞുവന്നു. ഡ്രൈവര്‍ വലിയ നിലവിളിയോടെ വണ്ടി സ്റ്റാര്‍ട്ടാക്കാന്‍ നോക്കിയതും കടന്നല്‍ക്കൂട് ഇളകിയതുപോലെ ഒന്നിനു പിറകെ ഒന്നായി തീപ്പന്തങ്ങള്‍ കൂടി വന്നു. ലോറി ഉപേക്ഷിച്ച് അവര്‍ റോഡിലൂടെ ഓടുവാന്‍ ഉള്ള ഒരുക്കത്തിലായി.
നീണ്ടകാലത്തിനുശേഷം ജോഷ്വോക്ക് ചിരിക്കുവാന്‍ തോന്നി. ഭൂതങ്ങളും പ്രേതങ്ങളും ഇപ്പോഴും ഈ കാട്ടില്‍ അവിടെയും ഇവിടെയും ഒക്കെ ഉണ്ട്. അവരില്‍ ആരെയെങ്കിലും നേരില്‍ പരിചയപ്പെടാന്‍ കഴിഞ്ഞെങ്കില്‍... ജോഷ്വോ ശരിക്കും ഒച്ചത്തില്‍ ചിരിച്ചു.

ചിതറിക്കിടക്കുന്ന മാലിന്യങ്ങളൊക്കെ ഒന്നിച്ച് കൂട്ടിയപ്പോള്‍ ജോഷ്വോയുടെ മുന്നില്‍ വലിയൊരു കുന്ന് ജനിച്ചു. കല്ലും മണ്ണും ഇല്ലാത്ത പ്ലാസ്റ്റിക്കിന്റേയും കുപ്പികളുടേയും മാത്രം കുന്ന്... കല്ലും മണ്ണും മരവും നിറഞ്ഞ കുന്നില്‍നിന്നും ഉയര്‍ന്നുവന്ന തണുത്ത കാറ്റ് ജോഷ്വോയ്ക്ക് ചുറ്റും വീശി... ജോഷ്വോയുടെ നീളന്‍ മുടിയിഴകള്‍ ആ കാറ്റില്‍ അപ്പൂപ്പന്‍ താടിപോലെ ഇളകിയാടി. കാറ്റിന് ഇപ്പോള്‍ നൂറായിരം പൂക്കള്‍ ഇട്ട് കാച്ചിയ സുഗന്ധ എണ്ണയുടെ മണമാണെന്ന് ജോഷ്വോ തിരിച്ചറിഞ്ഞു.


ജോഷ്വോ തിരിഞ്ഞു നടക്കവേ റോഡിനരികിലെ കുറ്റിക്കാട്ടില്‍നിന്നും കുറേ നായകള്‍ മാലിന്യങ്ങളിലേക്ക് നോക്കിയിരുന്നു.
ജോഷ്വോ കുളത്തിലെത്താനുള്ള എളുപ്പവഴി പരതി. മഴ പെയ്യുമ്പോള്‍ ചുറ്റോടു ചുറ്റും ഉള്ള കുന്നുകള്‍ ജലം ചുരത്തും. ജോഷ്വോയുടെ മനസ്സിലേക്ക് വര്‍ഷകാലത്തില്‍ മഴയില്‍ നനയുന്ന കുന്നുകള്‍ നിറഞ്ഞു. മഴയില്‍ ജലം ഒഴുകുന്ന നീര്‍ച്ചാലിലൂടെ ജ്വോഷോ നടന്നു.
ക്ഷീണം കാരണം ജോഷ്വോയ്ക്ക് നടന്ന് നടന്ന് വഴിതെറ്റിയിരുന്നു.
ചുറ്റോടു ചുറ്റും ശിഖരങ്ങള്‍ പടര്‍ത്തി വഴികള്‍ അവസാനിപ്പിച്ചതുപോലെ നില്‍ക്കുന്ന വലിയ മരത്തിന് മുന്നിലേക്ക് ജോഷ്വോ നിന്നു. അതൊരു പാലമരമാണെന്ന് ജോഷ്വോ അത്ഭുതപ്പെട്ടു. കൂടാരം പോലുള്ള ശിഖരങ്ങള്‍ കുറേ ഭാഗം ഭൂമിയിലേക്ക് താഴ്ന്നിരിക്കുന്നു. ആകാശത്തിലേക്ക് ഉയര്‍ന്ന ഭാഗം കൈകള്‍ കുപ്പി പ്രാര്‍ത്ഥിക്കുന്നു.
ഇത്രയും മനോഹരമായ ഒരു മരത്തെ നാളിതുവരെയും കാണാത്തത് വലിയം അത്ഭുതം തന്നെ... ജോഷ്വോ മരത്തിന്റെ ഉള്ളിലേക്ക് കയറി. തണുപ്പ്... ജോഷ്വോ നിന്നനില്‍പ്പില്‍ ഉറങ്ങി വീഴാതിരിക്കാന്‍ കൊമ്പുകള്‍ പിടിച്ചു.
മരത്തിന്റെ മറഞ്ഞ ഭാഗത്തുനിന്നും എന്തോ കെട്ടിമറിയുന്നതുപോലെയുള്ള ശബ്ദങ്ങളും കുളക്കോഴികളുടെയത്രയും നേര്‍ത്ത ഞരക്കവും ജോഷ്വോ കേട്ടു. 
ജോഷ്വോ തല ഉയര്‍ത്തി അവിടേക്ക് നോക്കി. ഒരാണും പെണ്ണും. അവര്‍ ആ ഇരുട്ടില്‍ പരസ്പരം ഉരഞ്ഞുകത്തി വെളിച്ചം പകരാനുള്ള ആവേശത്തില്‍ ആയിരുന്നു. ജോഷ്വോ ശ്വാസം പോലും കഴിക്കാതെയായി. 
ഇണചേരുന്ന എല്ലാ മനുഷ്യരും ഭൂമിയില്‍നിന്നും ഉയര്‍ന്നുപൊങ്ങി ആകാശത്തിലേക്കുള്ള യാത്രയിലാണോ? 
ആ യാത്രയില്‍ അവരെ നമ്മള്‍ നോട്ടംകൊണ്ട് പോലും ശല്യപ്പെടുത്തുന്നത് ഉയരങ്ങളില്‍നിന്നും തള്ളി താഴെയിടുംപോലെയുള്ള അനീതിയാകില്ലേ... ജോഷ്വോ ചില്ലകള്‍ക്കിടയിലേക്ക് തലകുനിച്ചു. 
അയാള്‍ അവളുടെ മുലക്കണ്ണുകളെ ചുംബിക്കുമ്പോള്‍ നിലത്ത് വെറുതെ കിടക്കുന്ന പുല്‍നാമ്പുകള്‍പോലും പാമ്പുകളെപ്പോലെ തല ഉയര്‍ത്തിനില്‍ക്കുന്നത് ജോഷ്വോ തിരിച്ചറിഞ്ഞു. 
ഭൂമിക്കടിയിലുള്ള അഗ്‌നിപര്‍വ്വതത്തെ പുറത്തേക്ക് തെറിപ്പിക്കാനുള്ളത്രയും ഉന്മാദത്തിലായിരുന്നു അവള്‍. 
മനുഷ്യര്‍ക്കിടയിലുള്ള അത്ഭുതങ്ങളും നന്മകളും മുഴുവന്‍ സംഭവിക്കുന്നത് രതിയില്‍ മാത്രമാണെന്ന് ജോഷ്വോ പിറുപിറുത്തു. 
ജോഷ്വോ ഒരിക്കല്‍ക്കൂടി ചില്ലകള്‍ മാറ്റി നോക്കവേ, ''രതിയില്‍ ആണിന്റെ കൈവശം ഉള്ളത് തീപ്പെട്ടി കമ്പിന്റെ അറ്റത്ത് പുരട്ടിയ മരുന്നുതരി മാത്രമാണ്, ഒറ്റ ഉരയ്ക്കലില്‍ തീരുന്നത്. പിന്നെ കത്തുന്നതും പൂക്കുന്നതും വിടരുന്നതും പെണ്ണ് മാത്രമാണ്... അതുതന്നെയാണ് എല്ലാ ആണിന്റേയും ഈ ലോകത്തിന്റേയും പ്രശ്നം...
അസമയത്ത് ആകാശത്ത് പൊട്ടിയ മിന്നല്‍പോലെയുള്ള ആ ശബ്ദം കേട്ട ജോഷ്വോ  ഞെട്ടിത്തിരിഞ്ഞു. സുന്ദരിയായ ഒരു പെണ്ണ്... ജോഷ്വോ ഒരു കുറ്റവാളിയെപോലെ അവളുടെ മുന്നില്‍ പരുങ്ങി. 
ഭൂമിയിലെ ഏറ്റവും സൗന്ദര്യമുള്ള കാഴ്ചയാണ് നമ്മളിപ്പോള്‍ കാണുന്നത്... ആരും നോക്കി നില്‍ക്കും.  അവള്‍ ജോഷ്വോയോട് പറഞ്ഞു. 
ജോഷ്വോ അവളോട് ചിരിച്ചു. അവള്‍ ചിരിക്കുവാനൊന്നും  നില്‍ക്കാതെ മറ്റൊരു ദിക്കിലേക്ക് നോക്കി ജോഷ്വോയോട് ചോദിച്ചു: 
''ഭൂമിയിലെ ഏറ്റവും വലിയ സുഖം ഏതാണെന്നറിയാമോ?'' 
ജോഷ്വോ പല ഉത്തരങ്ങള്‍ക്കായി പരതി, അറിയാവുന്ന എല്ലാ ഉത്തരങ്ങളുടേയും മറുപാതി സങ്കടങ്ങള്‍ മറഞ്ഞിരിക്കുന്നതിനാല്‍ ജോഷ്വോ അവളുടെ ചോദ്യത്തിന് ഉത്തരം പറയാതെ നിന്നു. 
രതിയില്‍ ഏര്‍പ്പെട്ട രണ്ടുപേരും ഇപ്പോള്‍ ചിറകുകള്‍ നഷ്ടപ്പെട്ട തൂവലുകള്‍പോലെ വെറും നിലത്ത് കിടക്കുന്നു. അവള്‍ ആ ആണിന്റേയും പെണ്ണിന്റേയും നേര്‍ക്ക് കൈചൂണ്ടി പറഞ്ഞു: ആ കിടക്കുന്നവരാണ് ഇപ്പോള്‍ ഭൂമിയിലെ ഏറ്റവും സുഖം നുകര്‍ന്നവര്‍... 
ജോഷ്വോ ചോദിച്ചു: അപ്പോള്‍ വേദന...?
അതു പെണ്ണ് മാത്രം അനുഭവിക്കാനുള്ളതാണ്... സ്വന്തം ശരീരം തുറന്ന് അതിനുള്ളില്‍നിന്നും മറ്റൊരു ജീവന്‍ പുറത്തേക്കു വരുന്നത് അങ്ങനെയൊന്ന് ആണുങ്ങള്‍ക്ക് വെറുതെപോലും ഊഹിക്കാമോ...?
ജോഷ്വോ ഉത്തരം ഒന്നും പറയാതെ അവളുടെ കണ്ണുകളിലേക്ക് വിസ്മയത്തോടെ നോക്കി.
കാടിന്റെ ഉള്ളില്‍ കിടക്കുന്ന ആണ്, പെണ്ണില്‍നിന്നും ശരീരം പൂര്‍ണ്ണമായും വേര്‍പെടുത്തിയിരുന്നു.
പെണ്ണ് ഒരിക്കല്‍ക്കൂടി തന്റെ പ്രിയപ്പെട്ടവന്റെ ശരീരത്തിലേക്ക് ചേരാന്‍ നോക്കുന്നത് ജോഷ്വോ കണ്ടു. എന്നാല്‍ അയാള്‍ അവളെ ചീഞ്ഞുനാറിയ പൂവിനെപ്പോലെ ദൂരേക്ക് തള്ളിമാറ്റി.
''ആണുങ്ങള്‍ ആടുകളെപ്പോലെയാണ് കാണുന്നതൊക്കെയും കടിച്ചുനോക്കുമെന്നല്ലാതെ ഒന്നിനേയും ആഴത്തില്‍ അറിയുകയില്ല...'' അവള്‍ ഒച്ചത്തില്‍ ചിരിച്ചു.
ജ്വോഷ്വോ അവളുടെ അരികിലേക്ക് ചെന്നു മെല്ലെ ചോദിച്ചു:
''നിന്നെ ഇതുവരെയും ഞാന്‍ കണ്ടിരുന്നില്ല... നീ ആരാണ്?
നിന്റെ പേര് എന്താണ്...?''
അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ''എല്ലാം ഭാവനയില്‍ കാണും... അതൊക്കെയും കാണുന്നവരോടൊക്കെ വിസ്തരിച്ചു പറയും... അതുമാത്രമാണ് എന്റെ ഭാഗത്തുള്ള തെറ്റ്. പിന്നെ, എന്റെ പേര്...''
അവള്‍ ജോഷ്വോയെ നോക്കി. ''നീ ജോഷ്വോ ആണെങ്കില്‍... എന്നെ ഭുവന എന്നു വിളിച്ചോ... ഭുവന...!'' അവള്‍ ഒരു മന്ത്രം പോലെ ആ വാക്ക് വീണ്ടും ആവര്‍ത്തിച്ചു.
''നമുക്ക് പിന്നൊരിക്കല്‍ കാണാം... ഞാന്‍ വേറൊരു വഴിക്ക് ഇറങ്ങിയതാണ്...''
ഇണചേര്‍ന്നു കഴിഞ്ഞ ആണ് വേഗത്തില്‍ എഴുന്നേറ്റ് പുറത്തേക്കു നടന്നു. അയാളുടെ പിറകെ അവളും...
ഭുവന കൂടി പോയതോടെ ജോഷ്വോ മരത്തിന്റെ തണുപ്പിലേക്ക് കിടന്നു.
പുലര്‍ച്ചയില്‍ എപ്പോഴോ തന്റെ മുകളില്‍ ആയിരം നക്ഷത്രങ്ങള്‍ വിരിഞ്ഞതുപോലെയുള്ള ഒരു വിചിത്ര സ്വപ്നം ജോഷ്വോ കണ്ടു. ജോഷ്വോ പാതി ഉണര്‍വ്വില്‍ കണ്ണ് തുറന്നപ്പോള്‍ പാലമരത്തിന്റെ ശിഖരങ്ങളില്‍ നിറയെ ചെറിയ കാന്താരി നക്ഷത്രങ്ങള്‍പോലെ വെളുത്ത പൂക്കള്‍ വിരിയുന്നു. മരിച്ചുപോയ മനുഷ്യരില്‍പ്പോലും സ്‌നേഹത്തിന്റേയും പ്രണയത്തിന്റേയും ഓര്‍മ്മകളെ തിരികെ ഉണര്‍ത്തുന്ന വിശേഷപ്പെട്ട മണം. 
പൂക്കളില്‍നിന്നു മണവും തേനും ആര്‍ത്തിയോടെ നുകര്‍ന്ന ശലഭങ്ങളും വണ്ടുകളും ജോഷ്വോക്ക് ചുറ്റും മയങ്ങിവീണു.
ചുറ്റിലും എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്ന് ജോഷ്വോ ഉറപ്പിച്ചു. പൂവുകള്‍ പിന്നെയും പിന്നെയും വിരിഞ്ഞുകൊണ്ടിരിക്കെ തൊട്ടടുത്തുനിന്നും വലിയ ആര്‍പ്പുവിളികളും ചെണ്ട മുഴക്കവും ജോഷ്വോ കേട്ടു.
ജോഷ്വോ എഴുന്നേറ്റു. പൂമരത്തിനു നേരെ താഴെ കാവ്... കാവിന്റെ മുന്നില്‍ ആകാശത്തേയും ഭൂമിയേയും മറച്ചുനില്‍ക്കുന്ന പൂമരത്തിന്റെ ഭംഗിയോടെ ഒരു ദേവി...! ദേവിയുടെ മുടിയില്‍നിന്നും മുഖം കാണാത്തത്രയും താഴ്ന്നു കിടക്കുന്ന പൂക്കള്‍. 
ജോഷ്വോ ഭൂമിയിലെ സകലതിന്റേയും നാഥനെപ്പോലെ തല ഉയര്‍ത്തി.
കടലുപോലെ ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടത്തിനു നടുവിലേക്കിറങ്ങാന്‍ ജോഷ്വോ തീരുമാനിച്ചു.


ആയിരക്കണക്കിനു മനുഷ്യര്‍ ഉറുമ്പുകളെപ്പോലെ നീങ്ങുന്നു, കാവിലേക്കുള്ള വഴിയിലേക്ക് ജോഷ്വോയും നടന്നു. 
കാവിലെത്തിയതും ജോഷ്വോ പല പ്രാവശ്യം ദേവിയുടെ മുഖം കാണുവാനായി തിരിഞ്ഞും മറിഞ്ഞും നോക്കി. ദേവി കണ്ണുകാണാത്ത ഒരാള്‍ സഞ്ചരിക്കുന്നത്രയും സൂക്ഷ്മതയോടെ എല്ലാവരേയും കണ്ടും കേട്ടും അനുഗ്രഹിച്ചും... നൂറു വര്‍ഷങ്ങള്‍ക്കുശേഷം വരുന്നൊരാളുടെ യാതൊരു തിടുക്കവുമില്ലാതെ... ശാന്തതയിലായിരുന്നു...
ചുറ്റും ബലൂണ്‍ വില്‍പ്പനക്കാരും ഐസ്‌ക്രീം വില്‍പ്പനക്കാരും തിങ്ങിനിറഞ്ഞിരുന്നു. വളയും മാലയും വില്‍ക്കുന്നവരെ പെണ്ണുങ്ങള്‍ കൂട്ടത്തോടെ വന്നു പൊതിയുന്നു. പെണ്ണുങ്ങള്‍ കൂടിയയിടത്തൊക്കെ അവരെക്കാള്‍ കൂടുതല്‍ ആണുങ്ങളും നിറയുന്നു. വൈകുന്നേരം ആയതോടെ ദേവിയുടെ മുടിയിഴകളിലെ പൂക്കള്‍ നിറം മങ്ങിത്തുടങ്ങുകയും കാവിലെ വിളക്കുകളിലെ എണ്ണ വറ്റിത്തുടങ്ങുകയും ചെയ്തു.
ചുറ്റോടു ചുറ്റും കറങ്ങി എണ്ണ ആട്ടുന്ന കാള പുല്ലും വെള്ളവും കിട്ടാതെ നടുവൊടിഞ്ഞ് നിലത്തേക്ക് കിടന്നു. കാളയുടെ കണ്ണുകള്‍ ഓരോരുത്തരേയും ഉറ്റുനോക്കി. ദേവി കാവിനു മുന്നിലിരിക്കുന്ന ആണുങ്ങളെ മുഴുവന്‍ വകഞ്ഞുമാറ്റി അന്തിത്തിരിയന്റെ അരികിലേക്ക് മെല്ലെ നടന്നു.
ദേവി അന്തിത്തിരിയനോട് മാത്രമായി സ്വകാര്യംപോലെ പറയുന്നത് ജോഷ്വോ ആള്‍ക്കൂട്ടത്തിനിടയിലൂടെ കണ്ടു. 
അന്തിത്തിരിയന്‍ ഒരു കുഞ്ഞിനെപ്പോലെ ഭയഭക്തിയോടെ എല്ലാം കേട്ടുനില്‍ക്കുന്നു.
അന്തിത്തിരിയന്റെ അനുവാദത്തോടെ ദേവി തന്റെ മുടിയഴിക്കാനുള്ള ഒരുക്കത്തിലേക്ക് നീങ്ങി.
എന്നത്തേയുംപോലെ എല്ലാ ദിനങ്ങളുടേയും ആഹ്ലാദങ്ങളെ സന്ധ്യ അവസാനിപ്പിക്കുന്നു. ജോഷ്വോ സ്വയം പിറുപിറുത്തു.
അവിടെ ചുറ്റോടു ചുറ്റും വെറുതെ നടന്ന ചെറുപ്പക്കാരും മറ്റുള്ളവരും പെട്ടെന്ന് മുണ്ടൊക്കെ മാടിക്കുത്തി എന്തിനോ തയ്യാറായിനില്‍ക്കുന്നതുപോലെ ജോഷ്വോക്കു തോന്നി.
കണ്ണുചിമ്മി തുറന്നതും ആള്‍ക്കൂട്ടം അണക്കെട്ട് പൊട്ടിയതുപോലെ കാവിനുള്ളിലേക്ക് ഇരച്ചുകയറുകയും ദേവിയുടെ മുടിയിലെ പൂവുകളിലേക്ക് അവരുടെ കൈകള്‍ നീളുകയും ചെയ്തു.
പൂക്കള്‍ക്കുവേണ്ടിയുള്ള ആ പിടിവലി കുറച്ചുനേരം കൊണ്ട് മാരകമായ ആള്‍ക്കൂട്ട ആക്രമണം ആയി മാറി.
പിടിയിലും വലിയിലും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അന്തിത്തിരിയന്‍ നിലത്തേക്കു മറിഞ്ഞു വീണു.
ഈച്ചയാര്‍ക്കുന്നതുപോലെയുള്ള ആള്‍ക്കൂട്ടത്തിലേക്കിറങ്ങി ജോഷ്വോ ദേവിയെ രക്ഷിക്കാന്‍ നോക്കിയതും പല ഭാഗത്തും നിന്നായി കൂടുതല്‍ കൂടുതല്‍ ആണുങ്ങള്‍ ഇരമ്പി ആര്‍ക്കുകയും അവര്‍ ദേവിയുടെ ആഭരണങ്ങളും വസ്ത്രങ്ങളും കൂടി പറിച്ചെടുക്കുവാന്‍ മത്സരിക്കുകയും ചെയ്തു.
ആള്‍ക്കൂട്ട ബഹളവും വിശപ്പും ദാഹവും ഒക്കെയായി ഭ്രാന്തെടുത്ത കാള കയറിന്റെ അവസാനത്തെ കണ്ണിയേയും പൊട്ടിച്ച് സ്വര്‍ഗ്ഗത്തിലേക്കെന്നുപോലെ അവര്‍ക്കിടയിലൂടെ കുതറിയോടി, തുടങ്ങി.
ഭ്രാന്ത് പിടിച്ചവരുടെ ചവിട്ടും കുത്തുമേറ്റ് ജോഷ്വോ വലിയ മലയില്‍നിന്നും താഴേക്ക് എന്ന പോലെ മണ്ണിലേക്ക് ഉരുണ്ടുവീണു. ബോധം മുറിഞ്ഞ് ഇരുട്ടു മൂടുന്നതിനും മുന്നേ ജോഷ്വോ അവസാനം കേട്ടത് ദേവിയുടെ വലിയ നിലവിളി ആയിരുന്നു...
മൂന്നാം ദിനം ജോഷ്വോ കണ്ണു തുറക്കുമ്പോഴും ചുറ്റോടുചുറ്റും ഇരുട്ടായിരുന്നു.
കാവും ചുറ്റുപാടും ഒരു കുരുതിക്കളം പോലെ ചിതറി. ദേവിയുടെ വസ്ത്രങ്ങളും പൂക്കളും ആഭരണങ്ങളും ഇനി ഒരിക്കലും കൂട്ടിച്ചേര്‍ക്കുവാന്‍ കഴിയാത്തവിധം പല കഷ്ണങ്ങളായി പല ദിക്കുകളില്‍ കിടക്കുന്നത് ജോഷ്വോ കണ്ടു.
പാതിതുറന്ന് കിടക്കുന്ന വാതിലിനുള്ളിലൂടെ ജോഷ്വോ കാവിനകത്തേക്ക് നോക്കി കാവ്, ഇരുട്ട് കട്ടപിടിച്ച ഒരു ഗുഹപോലെ. 
ഒരു മഹായുദ്ധത്തിലെന്നപോലെ നാലു ദിക്കുകളില്‍നിന്നും കാറ്റും മഴയും പൊട്ടിപുറപ്പെട്ടുവരുന്നത് ജോഷ്വോ കണ്ടു. ജോഷ്വോയുടെ മേലേക്ക് മഴ കല്ലുപോലെ വന്നുവീണു. കുറച്ചു നേരംകൊണ്ട് ജോഷ്വോ കടലിന്റെ അടിത്തട്ടില്‍പ്പെട്ടവന്റെയത്രയും ജലത്തിലായി.
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവന്റെ ക്ഷീണത്തോടെയും എന്നാല്‍ പ്രത്യാശയോടെയും ജോഷ്വോ മണ്ണില്‍ കൈകള്‍ കുത്തി ഉയര്‍ന്നു.
മഴയും ഇരുട്ടും ഭൂമിയെ നീങ്ങാനും നിരങ്ങാനും പറ്റാത്തത്രയും വലിയ ഗുഹയാക്കി മാറ്റിയിരിക്കുന്നു.
കുന്നിലേക്ക് കയറാനുള്ള വഴിക്കായി ജോഷ്വോ പല ഭാഗത്തേക്കും നടന്നു.
കുറേ വഴിതെറ്റി നടക്കവേ... നൂറുകണക്കിന് മിന്നാമിനുങ്ങുകള്‍ വാല്‍നക്ഷത്രങ്ങളുടെ വേഗതയോടെ ആകാശത്തിലൂടെ പോകുന്നത് ജോഷ്വോ കണ്ടു.
മിന്നാമിനുങ്ങുകളുടെ ആ നേര്‍ത്ത പ്രകാശം അനേകം തിരിയിട്ടു കത്തുന്ന ഒരു വലിയ വിളക്കു പോലെ ചുറ്റുപാടിലേക്കും വെളിച്ചം വിതറുന്നതില്‍ ജോഷ്വോക്ക് വലിയ ആശ്വാസം ആയി.
ജോഷ്വോ ആ വെളിച്ചത്തിന്റെ പിന്നാലെ നടന്നും ഓടിയും കുന്നുകയറി...
നീര്‍ച്ചാലുകളിലെ തണുത്ത വെള്ളത്തില്‍ കാല് തട്ടിയപ്പോള്‍ വെള്ളത്തിന്റെ രുചി ജോഷ്വോയുടെ നാവിലേക്കും കയറി.
ജോഷ്വോ നോക്കിനില്‍ക്കവേ മിന്നാമിനുങ്ങുകളൊക്കെയും പുലര്‍ച്ചെ പൂത്ത പാലമരത്തിന്റെ ശിഖരങ്ങളിലേക്ക് കൂട്ടത്തോടെ പറന്നുകയറുന്നു.
നിറയെ വെളിച്ചം പൂത്തുനില്‍ക്കുന്ന മരം...!
ഭൂമിയില്‍ ഇന്നേവരെയും കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ ഒരു ക്രിസ്മസ് മരത്തിന്റെ അരികിലാണ് താനിപ്പോള്‍ നില്‍ക്കുന്നതെന്ന് ജോഷ്വോ ഉറപ്പിച്ചു.
എല്ലാ സങ്കടങ്ങളേയും കെടുത്തുവാന്‍ വെളിച്ചം ഉണരും.
ജോഷ്വോ വെളിച്ചവും സുഗന്ധവും ഒരുമിച്ച് നൃത്തം ചെയ്യുന്ന പാലമരത്തിന്റെ ഉള്ളിലേക്ക് കയറവേ, അവിടെ ഇലകളുടെ ഇരുട്ടില്‍ പിന്തിരിഞ്ഞുനില്‍ക്കുന്ന പാതിനഗ്‌നയായ ഒരു സ്ത്രീയെ കണ്ടു.
ജോഷ്വോ അവളുടെ അരികിലേക്ക് നടന്നു... അവളുടെ മുടിയിഴകളിലേക്ക് മിന്നാമിനുങ്ങുകള്‍ കൂട്ടത്തോടെ പറന്നിറങ്ങുന്നു.
ജോഷ്വോ നിറഞ്ഞ വെളിച്ചത്തില്‍ അവളുടെ തുറന്നുകിടക്കുന്ന പിന്‍ഭാഗം കണ്ടു.
ആരോ ഈര്‍ച്ചവാള്‍ കൊണ്ട് വരഞ്ഞതുപോലെ അവിടെ നിറയെ ചോര കല്ലിക്കുകയും മുറിയുകയും ചെയ്തിരിക്കുന്നു.
ജോഷ്വോ ആ മുറിവില്‍ വിരല്‍ തൊടവേ... അവള്‍ ലജ്ജയോ മടിയോ ഇല്ലാതെ അങ്ങനെ തന്നെ മുന്നിലേക്കു തിരിഞ്ഞു.
ജോഷ്വോ കണ്ണുകളടച്ചു. മുലകള്‍ ആരോ പറിച്ചെടുക്കുവാന്‍ നോക്കിയയത്രയും ചോര...!
അവള്‍ സ്വയം പറഞ്ഞു- നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആണുങ്ങളുടെ സ്വഭാവത്തില്‍ തരിപോലും മാറ്റം വന്നിട്ടില്ല...
പുറമെ കാണിക്കാന്‍ സകലതിനേയും പൂജിക്കുമെങ്കിലും ഇരുട്ടില്‍ അവര്‍ വെറും ഭ്രാന്തന്‍ നായകള്‍ മാത്രമാണ്... കാലങ്ങളായി എത്ര സമര്‍ത്ഥമായാണ് മനുഷ്യര്‍ ദൈവങ്ങളെ വഞ്ചിക്കുന്നത്. മനുഷ്യര്‍ക്ക് ദൈവങ്ങളെയല്ല, ദൈവങ്ങള്‍ക്ക് ഇവിടുത്തെ മനുഷ്യരെയാണ് തീരെ മനസ്സിലാകാത്തത്.
അവള്‍ ജോഷ്വോയുടെ ശരീരത്തിലേക്ക് ചാഞ്ഞു.
അവളുടെ ശരീരം ദിവസങ്ങളായി മഞ്ഞുക്കട്ടയില്‍ പൂണ്ടതുപോലെ മരവിച്ചതായി ജോഷ്വോ അറിഞ്ഞു.
നീണ്ട ദിവസങ്ങള്‍ക്കുശേഷം അവള്‍ ജോഷ്വോയുടെ ശരീരത്തിന്റെ ചൂടില്‍ ഉറങ്ങി. ചോര കല്ലിച്ച ശരീരത്തില്‍ തൊട്ടപ്പോള്‍ ഉറക്കത്തിലും അവള്‍ വേദനകൊണ്ട് പുളഞ്ഞു.


പുലര്‍ച്ചെ അവളുടെ കണ്ണുകള്‍ ആരെയോ കാണുവാനുള്ളത്രയ്ക്കും തെളിച്ചത്തോടെ തുറക്കുന്നത് ജോഷ്വോ കണ്ടു.
അവള്‍ ജോഷ്വോയോട് ആദ്യം കാണുന്നതുപോലെ ചിരിച്ചു. ജോഷ്വോ അവളോട് ചോദിച്ചു: നിന്റെ പേര് എന്താണ്?
ഭുവന... ഞാന്‍ അന്ന് പറഞ്ഞിരുന്നല്ലോ...!
ജോഷ്വോ അവളെ തന്റെ മെലിഞ്ഞ ശരീരത്തിലേക്ക് കൂടുതല്‍ ചേര്‍ത്തുപിടിച്ചു. ജോഷ്വോയുടെ ശരീരത്തില്‍ നിറയെ ചോര പുരണ്ടു.
അവര്‍ മഞ്ഞുവീണു നനഞ്ഞ മരത്തില്‍നിന്നും കുളത്തിലേക്ക് നടന്നു.
കുളം ഒരു വലിയ തളികപോലെ അനങ്ങാതെ കിടക്കുന്നത് ജോഷ്വോ കണ്ടു.
ജോഷ്വോയും അവളും കുളത്തിന്റെ കരയില്‍ ഇരുന്നു.
കണ്ണാടിപോലെ തെളിഞ്ഞ ജലത്തില്‍ ജോഷ്വോ ഭുവനയേയും ഭുവന ജോഷ്വോയേയും നോക്കിയിരിക്കവേ കുളത്തില്‍ വലിയ മത്സ്യം പോലെ വിമാനങ്ങള്‍ നീന്തിമറിയുന്നത് ജോഷ്വോ കണ്ടു.
ജോഷ്വോ ആകാശത്തിലേക്ക് നോക്കി. കുന്നുകളില്‍നിന്നും കുന്നുകളിലേക്ക് വലുതും ചെറുതുമായ വിമാനങ്ങള്‍.
കുളത്തിലെ വെള്ളം ഭുവനയുടെ മുലകളില്‍നിന്നും തെറിക്കുന്ന രക്തത്താല്‍ ചുവന്ന് കലങ്ങി.
കുളത്തിലേക്ക് കൂടുതല്‍ കൂടുതല്‍ നോക്കിയിരിക്കവേ ജോഷ്വോയ്ക്ക് തല കറങ്ങി. വിമാനങ്ങളില്‍നിന്നും കുന്നുകളെ ലാക്കാക്കി ഒന്നിനു പിറകെ ഒന്നായി ബോംബുകള്‍ വീഴുന്നു.
വെളിച്ചം കെട്ടുപോയ മിന്നാമിനുങ്ങുകള്‍ പോലെ ആകാശത്തിലേക്ക് പഴയ പള്ളിയുടെ കല്ലുകളും, മരത്തിലെ പൂക്കളും കൂട്ടത്തോടെ പറന്നുപോകുന്നത് ജോഷ്വോ നോക്കിയിരുന്നു. 

ചിത്രീകരണം - ഗോപീകൃഷ്ണന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com