പൊതിച്ചോറ് നേര്‍ച്ച: പ്രിന്‍സ് അയ്മനം എഴുതിയ കഥ

കുത്തിയിറക്കിയ ഉടനെ വെള്ളം വലിയാത്ത കൊശക്കഴിയില്‍ ചിവിട്ടുമ്പോലെ താഴ്ന്നു പോകുന്നതായി തോന്നി ജിന്‍സിക്ക്.
പൊതിച്ചോറ് നേര്‍ച്ച: പ്രിന്‍സ് അയ്മനം എഴുതിയ കഥ

''പരസ്പരം സമ്മതിക്കുന്ന നൊണകളുടെ കൂട്ടമാണ് ചരിത്രോന്ന് നെപ്പോളിയന്‍ ബോണോപ്പാര്‍ട്ട് പറഞ്ഞിട്ടൊള്ളത് കേട്ടിട്ടൊണ്ടോ.'' ദുഃഖവെള്ളിയാഴ്ചയിലെ നഗരികാണിക്കലില്‍ മുഴക്കുന്ന മരമണിയുടെ കരകര ശബ്ദത്തെ ഓര്‍മ്മപ്പെടുത്തുന്ന തന്റെ ഒച്ച ഒന്നുകൂടി കനപ്പിച്ച് കുന്നുമ്പറമ്പിലച്ചന്‍ പറഞ്ഞു തുടങ്ങി: ''സത്യത്തില് നമ്മളെന്നാത്തിനാ എടവക ചരിത്രം എഴുതാന്‍ തീരുമാനിച്ചേ. ശ്രേഷ്ഠവും അഭിമാനകരവുമായ ഒരു ഭൂതകാലം നമ്മക്കൊണ്ടാരുന്നു എന്നൊരു ആത്മവിശ്വാസം എടവക ജനത്തിനൊണ്ടാക്കുക. ആ പാരമ്പര്യത്തിന്റെ ഓര്‍മ്മയിലൂടെ ഭൗതികവും ആത്മീയവുമായ വളര്‍ച്ചയിലേയ്ക്ക് നമ്മുടെ എടവകയെ നയിക്കുക. അതിനാ നിങ്ങളഞ്ചുപേരുടെ ഒരു കമ്മറ്റിയെ വെച്ചതും; ജിന്‍സീനെ അതിന്റെ കണ്‍വീനറാക്കിയതും.''
തന്റെ വാക്കുകളോടുള്ള സമ്മതം അവരുടെ മുഖത്തെഴുതിയ മൗനത്തില്‍നിന്നു വായിക്കാന്‍ അച്ചന്‍ ഒരു നിമിഷം തലയുയര്‍ത്തി നോക്കി. ജിന്‍സി ഒഴികെ എല്ലാവരുടേയും നോട്ടത്തില്‍ തന്റെ വാദഗതികള്‍ക്ക് ഓശാന പാടുന്ന ഒലിവിലക്കമ്പുകളുടെ വീശല്‍ അച്ചന്‍ കണ്ടു. അന്തിക്കോള് കൊണ്ട മാനത്തെ മേഘക്കീറുപോലെ അവളുടെ മുഖത്ത് പടര്‍ന്ന ഇരുളിമയുടെ കാര്യവും അച്ചനു തിരിഞ്ഞു. ''അല്ല ജിന്‍സി തന്നെയൊന്ന് പറ... ഇതിപ്പോ വെളുക്കാന്‍ തേച്ചത് പാണ്ടായീന്ന സ്ഥിതീലായില്ലേ കാര്യങ്ങള്‍.'' ജിന്‍സിയുടെ പ്രതികരണമറിയാന്‍ അച്ചന്‍ ഒരിക്കല്‍ക്കൂടി അവളുടെ മുഖത്തേയ്ക്ക് നോക്കിയെങ്കിലും അവള്‍ മൂടിക്കെട്ടിയ മുഖത്തോടെ മിണ്ടാതെ തന്നെയിരുന്നു.
''കറുപ്പന്‍ പെലേനും കൂട്ടരും കട്ടകുത്തിപ്പൊക്കിയ ചെറേലാണ് ചെങ്കളത്തറപ്പള്ളീടെ ഇരിപ്പെന്ന ചരിത്രം നമ്മക്കെന്നാ അഭിമാനം തരാനാ.'' 
അച്ചന്റെ വായീന്ന് അതുകൂടി കേട്ടപ്പോള്‍, കുത്തിയിറക്കിയ ഉടനെ വെള്ളം വലിയാത്ത കൊശക്കഴിയില്‍ ചിവിട്ടുമ്പോലെ താഴ്ന്നു പോകുന്നതായി തോന്നി ജിന്‍സിക്ക്.

''ഒരു ഗുണോമില്ലാത്ത ഭൂതകാലത്തെ ഓര്‍ത്തെടുത്തിട്ടെന്നാ കാര്യവാ? ചരിത്രത്തില്‍ പീജീം ബീയെഡും ഒക്കെയൊള്ളതുകൊണ്ടാ ജിന്‍സീനെത്തന്നെ ഇക്കാര്യം ഏപ്പിച്ചത്. എന്നിട്ടിപ്പോ ഓര്‍മ്മ കെട്ടുതൊടങ്ങിയ കാര്‍ന്നോന്മാര് വിളിച്ചുപറഞ്ഞ വെളിവുകേടെല്ലാം ചരിത്രോന്ന പേരില്‍ എഴുതിക്കോണ്ട് വന്നാ ആരേലും വിശ്വസിക്കുവോ?'' അച്ചന്റെ വാക്കിലെ ചമ്മട്ടികള്‍ ആഞ്ഞുപതിക്കുമ്പോലെ അവളെ അസഹ്യപ്പെടുത്തി. മണ്ണടരുകള്‍ക്കിടയില്‍നിന്നും കുതിച്ചുവരുന്ന ഒരു കിരുകിരുപ്പ് കാല്‍പ്പാദങ്ങളില്‍ വന്നു കൊത്തിയിട്ടെന്നപോലെ ജിന്‍സി ചാടി എണീറ്റു. 
''അച്ചനീപ്പറഞ്ഞ കറുപ്പന്‍ പെലേനുണ്ടല്ലോ അഞ്ച് തലമൊറ പൊറകിലുള്ള എന്റെ വല്യ വല്യപ്പനാ. ഏക്കറുകണക്കിന് പരന്നുകെടക്കുന്ന ചെങ്കളത്തറപ്പാടം വടക്കേടത്ത് മനക്കാര് കൈവശംവെച്ച് അനുഭവിച്ച് വരുന്ന ബ്രഹ്മസ്വം ഭൂമിയാരുന്ന്. ആ പാടശേഖരങ്ങടെ കാവക്കാരനും പണിക്കാരെയെല്ലാം നിയന്ത്രിക്കുന്ന തലപ്പുലയനുമാരുന്ന് ആ വെല്യപ്പച്ചന്‍'' തികട്ടി വന്ന നൊമ്പരത്താല്‍ അവളുടെ തൊണ്ടയിടറി. അവളൊരു വിതുമ്പലിന്റെ വക്കിലെത്തിയെന്ന് അച്ചനു മനസ്സിലായി. അവളുടെകൂടി സമ്മതത്തോടെ തന്റെ ലക്ഷ്യത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കുന്നതാണ് ബുദ്ധി എന്നൊരു തമ്പേറ് അച്ചന്റെ ഉള്ളില്‍ മുഴങ്ങി. രംഗം ശാന്തമാക്കുന്നതിന്  ''അതാണല്ലോ നീ ആമുഖത്തില്‍ എഴുതീട്ടൊള്ളത്'' എന്നു പറഞ്ഞ് ജിന്‍സി തയ്യാറാക്കിയ ഇടവക ചരിത്രത്തിന്റെ ആമുഖം അച്ചന്‍ ഉച്ചത്തില്‍ വായിച്ചുതുടങ്ങി. ''നൂറ്റിയിരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അല്‍മായ പ്രേഷിതനായ ബ്രദര്‍ റോക്കി വാരാപ്പുഴയില്‍നിന്ന്  ചെങ്കളത്തറയില്‍ എത്തുന്നത്. നോക്കെത്താ ദൂരത്തോളം വിസ്തൃതമായ ചെങ്കളത്തറപ്പാടവും ആടുമാടുകളെപ്പോലെ അതില്‍ പണിയെടുക്കുന്ന കുറച്ച് പുലയരും പറയരും മാത്രമാണ് അന്നിവിടെ ഉണ്ടായിരുന്നത്. കുത്തി നിര്‍ത്തിയ വെച്ചു കെട്ടിലൂടെ വെള്ളത്തിനടിയിലേയ്ക്ക് പോയി രണ്ടാള്‍ മൂന്നാള്‍ താഴ്ച്ചയില്‍നിന്നും വലിയ കട്ട കുത്തി നെഞ്ചില്‍ത്താങ്ങി പൊങ്ങിവരുന്ന വിദ്യ റോക്കി ബ്രദറിനു വലിയ അതിശയമായി. മീനച്ചിലാറ്റില്‍നിന്നും കട്ട കുത്തിയിറക്കി  ചെങ്കളത്തറപ്പാടത്തിന്റെ പുറംബണ്ട് പണിയുന്ന കറുപ്പനേയും കൂട്ടരേയും നോക്കി ഉപദേശി ഏറെ നേരം നിന്നു. അറ്റം കൂര്‍പ്പിച്ച് നാട്ടിനിര്‍ത്തിയ കൂറ്റന്‍ തെങ്ങിന്‍ കുറ്റികള്‍, വട്ടം വെച്ച് കെട്ടിയ കമുകിന്‍ കഴകളില്‍ കയറി നിന്ന് ''തെയ് തക  തക തക  തെയ്'' എന്നൊരു വായ്ത്താരിയുടെ ഈണം കൊണ്ട് ചവിട്ടിത്താഴ്ത്തി തിട്ടയുറപ്പിക്കുന്ന കറുപ്പന്മാരുടെ വിയര്‍പ്പ് ചാലുവെട്ടിയ ഉടലുകളുടെ വഴക്കം റോക്കി ഉപദേശിക്ക് അദ്ഭുതമായി. എല്ലാത്തിനും നേതൃത്വം വഹിക്കുന്ന കറുപ്പനെയാണ് ഉപദേശി ആദ്യം സമീപിച്ചത്. ഉപദേശി പറഞ്ഞ പാപവും പുണ്യവും സ്വര്‍ഗ്ഗവും നരകവും ഒന്നും കറുപ്പന് മനസ്സിലായില്ല. വിയര്‍പ്പ് ഒട്ടിയ തന്റെ ശരീരത്തില്‍ കൈചുറ്റിച്ചേര്‍ത്ത സഹോദരാ എന്ന വിളി മാത്രം വേനല്‍ക്കാലത്ത് വിണ്ടുകീറിയ പാടത്തെ ആദ്യ മഴത്തുള്ളിപോലെ കറുപ്പന്റെ കാതില്‍ വീണലിഞ്ഞു. ഉപദേശിയുടെ നാവിന്‍തുമ്പില്‍നിന്നും ഇറങ്ങി വന്ന കാരുണ്യവാനായ ക്രിസ്തു ഇരുള്‍മൂടിയ ജീവിതവഴികളില്‍ കറുപ്പന് മെഴുതിരി വെട്ടമായി. ഒടുവില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച് കറുപ്പന്‍ പത്രോസ് എന്ന പേര് സ്വീകരിച്ചു.''

''പത്രോസേ നീ പാറയാകുന്നു. ഈ പാറമേല്‍ ഞാനെന്റെ പള്ളിയെ പണിയും'' അച്ചന്റെ വായനയെ മുറിച്ചു കൊണ്ട് അതു കേട്ടതോടെ എല്ലാവരും ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി.
വലിയൊരു ചിരിയുടെ അകമ്പടിയോടെ ഇത്രയും പറഞ്ഞിട്ട് കിറുക്കന്‍ മത്തമ്പി വരാന്തയിലേയ്ക്കു തന്നെ കിടന്നു. മത്തമ്പി അന്നാട്ടിലെ സര്‍വ്വവ്യാപിയായ ഒരു മനുഷ്യജീവിയാണ്. ഇതുപോലൊരു കുഗ്രാമത്തിലെ ആദ്യത്തെ ഡിഗ്രിക്കാരന്‍. പത്തറുപത്തൊമ്പത് വയസ്സുണ്ട് മത്തമ്പിക്ക്. ജിന്‍സീടെ അപ്പന്റെ വകേലൊരു ചേട്ടനാണ്. മാത്യു ജോണ്‍ എന്നാണ് അയാള്‍പോലും മറന്നുപോയ സ്വന്തം പേര്. ഇപ്പോള്‍ ജിന്‍സി മാത്രമാണ് വല്ലപ്പോഴും ആ പേര് വിളിക്കാറ്. കോട്ടയം സി.എം.എസ് കോളേജിലെ 64-67 ബാച്ചിലെ ബി.എ ലിറ്ററേച്ചറുകാരനാണ് മാത്യു ജോണ്‍. എടുത്താല്‍പ്പൊങ്ങാത്ത തടിയന്‍ പുസ്തകങ്ങള്‍ വായിച്ച് 'പടുത്തം മൂത്ത് വട്ടായിപ്പോയി' മത്തമ്പിക്കെന്നാണ് നാട്ടുകാര്‍ക്കിടയിലെ പറച്ചില്‍. 1968-ല്‍ ആനന്ദ് തിയേറ്ററിലെ ഉദ്ഘാടന പ്രദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനടുത്തുള്ള തൊണ്ടില്‍ വച്ചുണ്ടായ ഒരടിപിടിയില്‍ തലക്കേറ്റ പരിക്കാണ് മത്തമ്പിയുടെ ഓര്‍മ്മകളുടെ അടുക്കുതെറ്റിച്ചതെന്നു മറ്റൊരു കഥയുമുണ്ട്. പഠനകാലം മത്തമ്പിയും പള്ളിപ്പുറത്തുകാവിലുള്ള ഒരു നായര് പെങ്കൊച്ചും തമ്മില്‍ പ്രേമമായിരുന്നെന്നും മത്തമ്പിക്കൊപ്പം അവള്‍ ഇറങ്ങിവരാനിരിക്കെ അവളുടെ ആങ്ങളമാരാണ് ഇതു ചെയ്യിച്ചതെന്നും കേട്ടിട്ടുണ്ട്.

എന്തായാലും അടുക്കുതെറ്റിയ ഓര്‍മ്മക്കൂമ്പാരത്തിനിടയില്‍നിന്നു വെളിപാടുകള്‍പോലെ ഇങ്ങനെ ചിലത് മത്തമ്പി വിളിച്ചുപറയും. നെറികെട്ട ലോകത്തിന്റെ വെളിവുകേടുകളില്‍ അതു വന്ന് ഊക്കില്‍ പതിക്കും. കൂടുതല്‍ നേരവും പള്ളിപ്പറമ്പിലോ പരിസരങ്ങളിലോ കറങ്ങിനടക്കും. പള്ളിവരാന്തയിലോ ഏതെങ്കിലും മരച്ചോട്ടിലോ കിടന്നുറങ്ങും. ആരെങ്കിലും വല്ലതും കൊടുത്താല്‍ കഴിക്കും. വളര്‍ന്നിറങ്ങിയ താടിയും മുടിയും മെലിഞ്ഞ മേലും ഒട്ടിയ വയറും ഒരവധൂതന്റെ അലച്ചിലും മത്തമ്പിയില്‍ ക്രിസ്തുവിന്റെ വിദൂരച്ഛായ വരച്ചു. കുന്നുമ്പറമ്പിലച്ചന്‍ വന്ന ആദ്യനാളുകളില്‍ പള്ളിപ്പറമ്പില്‍ അലഞ്ഞുതിരിയുന്ന ഭ്രാന്തനെ പുറത്താക്കാന്‍ ആവത് ശ്രമിച്ചതാണ്.
ഒരു പാതിരാത്രി പള്ളിക്കു മുന്നിലെ, മാതാവിന്റെ നേര്‍ച്ചക്കുറ്റി കുത്തിത്തുറക്കാന്‍ വന്ന കള്ളന്‍ കുമാരനെ കയ്യോടെ പിടിച്ച മത്തമ്പിക്ക്, ഇടവകക്കാരുടെ പിന്‍തുണയില്‍ അച്ചന്റെ ആ ശ്രമത്തെ മറികടക്കാന്‍ പറ്റി. യഥാര്‍ത്ഥത്തില്‍ പള്ളിപ്പറമ്പിനു പിന്നിലെ പാടവരമ്പിലൂടെ പാതിരാത്രിയില്‍ ഒരാള്‍ നടന്നുവരുന്നത് കണ്ട മത്തമ്പി അയാളെ പിന്‍തുടരുകയും കോഴിമുട്ടയുടെ മഞ്ഞക്കരു അടിച്ചുചേര്‍ത്ത വെളിച്ചെണ്ണ പുരട്ടിയ വഴുക്കുന്ന മേലുള്ള, കണ്ണുകളും മൂക്കിന്റെ ദ്വാരവും മാത്രം പുറത്തുകാണും വിധം വട്ടംകെട്ടിയ തോര്‍ത്തുകൊണ്ട് മുഖംമറച്ച, മേലൊട്ടിക്കിടക്കുന്ന ഒരിറുകിയ ഷഡ്ഢി മാത്രം ധരിച്ച അജ്ഞാതന്‍ കമ്പിപ്പാരകൊണ്ട് നേര്‍ച്ചക്കുറ്റി കുത്തിത്തുറക്കാനൊരുങ്ങിയതും വെളിച്ചത്തിലേയ്ക്കു കയറിനിന്ന മത്തമ്പി ''പിന്‍വാതിലിലൂടെ പ്രവേശിക്കുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനുമത്രേ'' എന്നൊരു ബൈബിള്‍ വചനം ഉരുവിടുകയും മാത്രമാണ് ഉണ്ടായത്. പള്ളിഗോപുരത്തിന്റെ മുകളില്‍നിന്നുള്ള വലിയ വെട്ടത്തില്‍ അഴിച്ചിട്ട മുടിയും വളര്‍ന്ന താടിരോമങ്ങളും കൊതുകുകടി കൊള്ളാതിരിക്കാന്‍ പുതച്ച മേല്‍മുണ്ടുമായി നില്‍ക്കുന്ന മത്തമ്പിയില്‍ കുമാരന്‍ യേശുവിനെ കാണുകയും ബോധരഹിതനായി നിലംപതിക്കുകയുമാണുണ്ടായത്. പില്‍ക്കാലം മാനസാന്തരപ്പെട്ട കള്ളന്‍ കുമാരന്‍ സ്‌നാനപ്പെട്ട് പാസ്റ്റര്‍ കുര്യാക്കോസായി പെട്ടിക്കോളാമ്പിയും കോഡ്ലെസ്സ് മൈക്കുമായി കവലകള്‍ തോറും വചനം പ്രഘോഷിച്ച് നടന്നു.
''തോട്ടത്തിന്റെ നടുവിലെ വിലക്കപ്പെട്ട കനി നീ തിന്നരുത്. അതു തിന്നാല്‍ നീ മരിക്കും'' 
മത്തമ്പി ഇതുപറഞ്ഞ വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസം കുന്നുമ്പറമ്പിലച്ചന്‍ പനിച്ചു കിടന്നു. മഞ്ഞിറങ്ങിയ ഒരു സന്ധ്യാനേരത്ത് തൊട്ടടുത്തെ മഠത്തില്‍നിന്ന് അത്താഴവുമായി വന്ന അനീറ്റ സിസ്റ്ററും അച്ചനും ഒരുമിച്ച് ഉടലോടെ സ്വര്‍ഗ്ഗത്തിലേയ്ക്കു പ്രവേശിക്കാനൊരുങ്ങുന്നത് മുറീടെ വെന്റിലേഷനിലൂടെ കണ്ടാണ് പള്ളിത്തെങ്ങില്‍നിന്നു കരിക്കിട്ട് ഇറങ്ങിവരുന്ന മത്തമ്പി ഇതു പറഞ്ഞത്. ചാടിപ്പിടഞ്ഞെണീറ്റ അനീറ്റാമ്മ ഓടിപ്പോകുമ്പോഴും ഹവ്വായെ വഴി തെറ്റിച്ച ഉല്‍പ്പത്തിയിലെ പാമ്പ് ഇഴഞ്ഞുകേറാനുള്ള മാളം കാണാതെ പത്തിവിരിച്ചു നിന്നാടി. മത്തമ്പിയില്‍നിന്ന് ആ രഹസ്യം കൊയ്ത്തുകഴിഞ്ഞുണങ്ങിയ പാടത്തെ കച്ചിക്കുറ്റിയില്‍ പകര്‍ന്ന തീപോലെ പടര്‍ന്നില്ലെന്നറിഞ്ഞ അച്ചന്റെ ഉള്ളില്‍ അയാളോടൊരു അലിവിന്റെ ഉറവച്ചാല് പൊട്ടി. അത് ഇടയ്‌ക്കൊക്കെ ഭക്ഷണമോ പത്തോ അമ്പതോ രൂപയായുമൊക്കെ മത്തമ്പിക്ക് കിട്ടിത്തുടങ്ങി. പള്ളിപ്പറമ്പിലെ മരച്ചോട്ടില്‍നിന്നു പള്ളിമേടയ്ക്കു പുറത്തെ വരാന്തയിലേയ്ക്കു കിടപ്പുമാറ്റിയിട്ടും മത്തമ്പിയെ അച്ചന്‍ വിലക്കിയില്ല. അങ്ങനെയുള്ളൊരു കിടപ്പിലാണിപ്പോള്‍ പത്രോസിനെക്കുറിച്ചുള്ള യേശുവചനം തലച്ചോറില്‍ മിന്നിയ ഒരു നിമിഷത്തെ കൊള്ളിയാന്‍ വെട്ടത്തില്‍ മത്തമ്പി ഓര്‍ത്തെടുത്ത് പറഞ്ഞത്.

വലതുകയ്യുടെ ചൂണ്ടുവിരല്‍ ചുണ്ടില്‍ ചേര്‍ത്ത് മിണ്ടാതെ എന്നൊരു ആംഗ്യത്തോടെ മത്തമ്പിയെ നോക്കിയിട്ട് ജിന്‍സി തുടര്‍ന്നു: ''തലപ്പുലയന്റെ പിന്നാലെ കൂട്ടക്കാരിലേറെയും മാര്‍ഗ്ഗം കൂടി ക്രിസ്ത്യാനികളായി. അങ്ങനെയാണ് വെതയില്ലാതെ കിടന്ന കുഴിക്കണ്ടം കറുപ്പന്‍ പത്രോസും കൂട്ടരും രായ്ക്ക്രാമാനം കട്ടകുത്തിപ്പൊക്കി ഈ കാണുന്ന കരഭൂമിയാക്കിയത്. അവിടെയാണ് ഇന്നത്തെ പള്ളിയുടെ ആദ്യരൂപമായ ഓലഷെഡ് കെട്ടി ആരാധന തൊടങ്ങീത്. ഈ ചെറ പിടിക്കാന്‍ ആദ്യ മൂലക്കട്ട കുത്തിവെച്ചത് എന്റെ വെല്യ വെല്യപ്പച്ചനാ. കറുപ്പന്‍ പത്രോസാ. പിന്നേം വര്‍ഷങ്ങള്‍ കഴിഞ്ഞാ 1895-ല്‍ ചെങ്കളത്തറപ്പള്ളി സ്ഥാപിക്കപ്പെടുന്നെ. അതാ... സത്യം... തലമുറകളായി ഞങ്ങള്‍ കൈമാറി വന്ന നേര്.'' ഉള്ളുനീറിയ നൊമ്പരത്തിന്റെ പൊള്ളിവേവലില്‍ അവളുടെ ഉമിനീര്‍ വറ്റി.

യേശുവിനെ പരീക്ഷിക്കാനെത്തിയ സാത്താന്റെ വഴക്കത്തോടെ അച്ചന്‍ തുടര്‍ന്നു: ''നീ പറേന്നതൊക്കെ ശരിയായിരിക്കാം. പക്ഷേ, തെളിവൊന്നുമില്ല. തന്നേമല്ല, അങ്ങനൊരു ചരിത്രത്തെ കെട്ടിയെഴുന്നൊള്ളിക്കുന്നകൊണ്ട് പള്ളിക്കെന്നാ നേട്ടം. 1895-ല്‍ പള്ളി സ്ഥാപിക്കപ്പെട്ടു എന്നത് ചരിത്രമാണേ. അരമനേല്‍ അതിന്റെ രേഖകളുമൊണ്ട്. ഇവിടെയാണ് നമ്മള്‍ ഭാവന ഉപയോഗിക്കേണ്ടത്. അതു വെറുതെ കട്ടകുത്തിപ്പൊക്കുന്നതുപോലെയുള്ള ഭാവനയാകരുത്. അക്കാലത്തെ അംഗീകരിക്കപ്പെട്ട പൊതു ചരിത്രോമായി അതിനെ ബന്ധിപ്പിക്കണം. അപ്പഴേ കൂടുതല്‍ വിശ്വാസ്യത ഒണ്ടാകത്തൊള്ള്.'' അതിസര്‍ത്ഥമായ ഒരു കണ്ടെത്തലിന്റെ വെളിപ്പെടുത്തല്‍പോലെ സ്വരം ഒരല്പം താഴ്ത്തി കുന്നുമ്പറമ്പിലച്ചന്‍ തുടര്‍ന്നു: '1890-കളിലെ കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങള്‍ എന്നതൊക്കെയാന്ന് നിങ്ങളാരേലും നോക്കിയോ. ഇല്ല, എന്നാ നോക്കണം. 1891-ലെ മലയാളി മെമ്മോറിയലാ അതില്‍ പ്രധാനം.'' ആ സംസാരം കാടുകേറിത്തുടങ്ങിയതോടെ അച്ചന്റെ നിര്‍ബ്ബന്ധത്തെ എതിര്‍ത്തുനില്‍ക്കാന്‍ കഴിയാതിരുന്ന ഒരു ദുര്‍ബ്ബല നിമിഷത്തിന്റെ സമ്മര്‍ദ്ദം കൊണ്ടുമാത്രം ഈ കമ്മിറ്റിയില്‍ പെട്ടുപോയ ബാക്കിയംഗങ്ങള്‍ ആ നിമിഷത്തിന്റെ ദുര്‍വ്വിധിയെ എറിഞ്ഞുകുത്തി പ്രാകി. അച്ചന്റെ മൊഴിയിലും ചുവടിലും പതിയിരിക്കുന്ന കിടങ്ങുകള്‍ നന്നായറിയുന്ന ജിന്‍സി മാത്രം ആ വാക്കുകളില്‍ ചൂണ്ടവള്ളിയിലെ പൊങ്ങില്‍ നോക്കിയിരിക്കുന്ന ചൂണ്ടക്കാരന്റെ ശ്രദ്ധ കൊടുത്തു.

ഒരു ചരിത്രപണ്ഡിതന്റെ ആധികാരികത സ്വരത്തില്‍ നിറച്ച് അച്ചന്‍ തുടര്‍ന്നു: ''എന്താണ് 1891- ലെ മലയാളി മെമ്മോറിയല്‍? ഉന്നത ഉദ്യോഗങ്ങളില്‍ പരദേശി ബ്രാഹ്മണര്‍ മാത്രം ഇരിക്കുന്നേനെതിരെ നായന്മാര്‍ മുന്നില്‍നിന്ന് ക്രിസ്ത്യാനികളേയും മുസ്ലിങ്ങളേയും ഈഴവരേയും കൂട്ടി മഹാരാജാവിനു സമര്‍പ്പിച്ച ഭീമഹര്‍ജിയാണ് മലയാളി മെമ്മോറിയല്‍. നായന്മാര്‍ക്ക് മാത്രം ചെല ചെറിയ ജോലികള്‍ കിട്ടിയതല്ലാതെ മറ്റുള്ള കൂട്ടര്‍ക്ക് ഒന്നും കിട്ടീല്ല. ശ്രീമൂലം തിരുന്നാള്‍ രാമവര്‍മ്മ മഹാരാജാവിനാണ് അന്ന് തിരുവിതാകൂര്‍ ഭരണം. അതും എഴുതപ്പെട്ട ചരിത്രമാണല്ലോ.''

''എഴുതപ്പെട്ട വചനത്തില്‍ പിടിക്കപ്പെട്ടവരെല്ലാം വിടുവിന്‍ വേഗം. എഴുത്ത് നമുക്കുള്ളതല്ലല്ലോ.'' പൊയ്കയിലപ്പച്ചന്റെ വാക്കിന്റെ വിരല്‍ത്തുമ്പ് പിടിച്ച് ഉയര്‍ന്ന മത്തമ്പി വീണ്ടും അവിടേയ്ക്കു തന്നെ കിടന്നു. ആ വചനഭാഗം ബൈബിളില്‍ എവിടെയെന്നറിയാതെ കുന്നുമ്പറമ്പിലച്ചന്‍ ഒരു നിമിഷം മനസ്സില്‍ താളുകള്‍ മറിച്ചുനോക്കീട്ട് കിട്ടാതെ വീണ്ടും സംസാരം തുടര്‍ന്നു: ''അങ്ങനെ അടുത്ത സമരമാര്‍ഗ്ഗങ്ങളിലേയ്ക്കു കടക്കാന്‍ തൊടങ്ങിയ ക്രിസ്ത്യാനികളെ സമാധാനിപ്പിക്കാന്‍ മഹാരാജാവ് നാടെങ്ങും പണ്ടാരവക ഭൂമി പള്ളികള്‍ സ്ഥാപിക്കാന്‍ പതിച്ചുനല്‍കി. അങ്ങനെ കിട്ടിയ രാജദത്തമായ ഭൂമീലാണ് ചെങ്കളത്തറപ്പള്ളി സ്ഥാപിക്കപ്പെടുന്നത്.''
''ശരിക്കും ഇതുതന്നെയായിരിക്കും സത്യം, രാജകീയ ബന്ധത്തിന്റെ ആഢ്യത്തോമൊണ്ട്.'' കേരളാ കോണ്‍ഗ്രസ്സ് യുവജന വിഭാഗം മണ്ഡലം പ്രസിഡന്റും പള്ളിയിലെ യുവജനസംഘം യൂണിറ്റ് സെക്രട്ടറിയുമായ വല്യപറമ്പില്‍ മത്തച്ചന്റെ മകന്‍ ആദര്‍ശ് മാത്യു ജേക്കബ് അച്ചന്റെ പക്ഷം ചേര്‍ന്നു.

''കണ്ടോ... കേക്കുമ്പം തന്നെയൊരു വിശ്വാസ്യത വന്നില്ലെ?'' അച്ചന്‍ കസേരയിലേയ്ക്ക് ചാരിയിരുന്നുകൊണ്ട് പറഞ്ഞു... ''വന്നുകയറിയ മതങ്ങള്‍ക്കെല്ലാം സഹവര്‍ത്തിത്വത്തിന്റെ പരവതാനി വിരിച്ച ആര്‍ഷഭാരത പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരനായ മഹാരാജാവ് ആദിമ കേരള ക്രൈസ്തവരോട് പുലര്‍ത്തിയ സഹാനുഭൂതി സീമാതീതമായിരുന്നു എന്നോ മറ്റോ ഒരു വാചകം കൂടി ചേര്‍ത്താല്‍ പിന്നെ ആരേലും എതിര്‍ക്ക്വോ.'' മുന്‍നിരയിലെ ബഞ്ചിലിരുന്ന ആദര്‍ശിന്റെ കാലില്‍ മേശക്കടിയിലൂടെ കാലുകൊണ്ടൊന്ന് കിരണ്ടിക്കൊണ്ട് അച്ചന്‍ തുടര്‍ന്നു: ''കൂടാതെ തോമാസ്ലീഹാ സ്‌നാനപ്പെടുത്തിയ 32 ബ്രാഹ്മണ കുടുംബങ്ങളിലൊന്നിന്റെ താവഴിയില്‍പ്പെട്ട വല്യപറമ്പില്‍ കുടുംബത്തിലെ വല്യകാരണവര്‍ വല്യപറമ്പില്‍ കുഞ്ഞേനാച്ചന്റെ നേതൃത്വത്തിലുള്ള വിശ്വാസ സമൂഹമാണ് ഈ ഇടവകയിലെ ആത്മീയ വളര്‍ച്ചയ്ക്ക് ആദ്യവിത്തു പാകിയത് എന്നുകൂടിയായാല്‍ ബ്രാഹ്മണ പാരമ്പര്യവുമാകും.'' ഒന്നു നിര്‍ത്തി മേശപ്പുറത്തിരുന്ന ജഗ്ഗില്‍നിന്ന് ഗ്ലാസ്സിലേക്ക് പകര്‍ന്ന വെള്ളത്തില്‍ ഒന്നു മൊത്തിയിട്ട് അച്ചന്‍ ആദര്‍ശിനെ നോക്കി ''അല്ല ആദര്‍ശെന്നാ പറേന്ന്.''
''അതിപ്പം ഞങ്ങടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യായതുകൊണ്ട് ഞാനായിട്ട് ഒരഭിപ്രായം പറയുന്നത് ശരിയല്ല. അച്ചന്‍ തീരുമാനിച്ചാ മതി. അല്ലാതെ ഒരവസരം കിട്ടമ്പോ സ്വന്തം കാര്‍ന്നോന്മാരെപ്പിടിച്ച് ചരിത്രപുരുഷന്മാരാക്കുന്നത് ശരിയല്ലല്ലോ'' 

അവന്റെ മറുപടിയിലെ മുന ജിന്‍സീടെ ചങ്കില്‍ തറച്ചു.
''അതെങ്ങനെയാടാ നിങ്ങടെ കുടുംബക്കാര്യമാകുന്നെ.. ക്രിസ്തു ശിഷ്യനായ സെന്റ് തോമസ് എ.ഡി 52-ല്‍ കേരളത്തില്‍ വന്നതും 32 ബ്രാഹ്മണ കുടുംബങ്ങളെ ക്രിസ്തുമാര്‍ഗ്ഗത്തില്‍ ചേര്‍ത്തതും ഏഴരപ്പള്ളികള്‍ സ്ഥാപിച്ചതും ഒക്കെ ചരിത്രത്തേക്കാളുറച്ച സഭയുടെ പാരമ്പര്യ വിശ്വാസമാ. അതിനു പ്രത്യേകിച്ചൊരു തെളിവിന്റെ ആവശ്യമില്ല, അല്ലേ ജിന്‍സി.''
മടവീണ പാടത്തേയ്ക്ക് എരച്ചുകേറുന്ന കെഴക്കന്‍ വെള്ളത്തിന്റെ കുതിപ്പു പോലെ വാക്കുകള്‍ അവളില്‍നിന്നു പുറത്തുവന്നു: ''കാശും കളറും ഒണ്ടെന്നു കരുതി മനയ്ക്കലെ നമ്പൂരിച്ചനുമായിട്ട് തന്തേ വെച്ചുമാറി ഞങ്ങള്‍ക്ക് ശീലമില്ലച്ചോ. 2000 വര്‍ഷം മുന്‍പുള്ള തോമാശ്ലീഹാക്കഥ നിങ്ങക്ക് ചരിത്രോം പാരമ്പര്യോം. വെറും ഒന്നേകാല്‍ നൂറ്റാണ്ടുമാത്രം പഴക്കമുള്ള ഞങ്ങടെ ഓര്‍മ്മകള്‍ നിങ്ങക്ക് കെട്ടുകഥയും. അച്ചന്‍ തന്നെ ഒണ്ടാക്കിയാമതി ഈ അവിഹിത ചരിത്രം. എനിക്കതില്‍ ഒരഭിപ്രായോമില്ല.'' ഇത്രയും പറഞ്ഞിട്ട് ജിന്‍സി താന്‍ എഴുതി തയ്യാറാക്കിയ ഇടവക ചരിത്രത്തിന്റെ കയ്യെഴുത്തു പ്രതിയുമായി കൊടുങ്കാറ്റുപോലെ അവിടുന്നിറങ്ങി. ചത്തുകെട്ടുപോയ പിതാക്കന്മാരുടെ തലോടല്‍ പള്ളിമുറ്റത്തെ കാറ്റാടി മരങ്ങളുടെ ഇലകളെ അനക്കി അവളെത്തൊട്ട് കടന്നുപോയി.

പള്ളിപ്പറമ്പിനോട് ചേര്‍ന്നാണ് ജിന്‍സിയുടെ വീട്. മുന്‍പൊക്കെ പൊളിഞ്ഞു കിടന്ന വേലി നൂണ്ടായിരുന്നു പള്ളിയിലേയ്ക്കും തിരിച്ചുമുള്ള അവളുടെ യാത്രകള്‍. അഞ്ചാറ് വര്‍ഷം മുന്‍പ് പള്ളിക്കും വീടിനുമിടയില്‍ ഉയരമുള്ള ചുറ്റുമതില്‍ വന്നതോടെ മെയിന്‍ ഗേറ്റിലൂടെ പുറത്തിറങ്ങി പത്തുമിനിട്ട് നടന്ന് പഞ്ചായത്ത് റോഡില്‍നിന്നു പാടത്തിന്റെ വാച്ചാലിലേയ്ക്കുള്ള ഓടയ്ക്കരികിലൂടെ കുത്തിറക്കം ഇറങ്ങിവേണം ജിന്‍സിക്ക് വീടിരിക്കുന്ന താഴ്ചയിലെത്താന്‍. പള്ളി വരുന്നതിനു മുന്‍പേ അവളുടെ മുതുമുത്തച്ഛന്മാര്‍ തലമുറകളായി പാര്‍ത്തുവന്ന ഇടമായിരുന്നെങ്കിലും ആശ്രിതരായ ആ സാധുകുടുംബത്തിനു പള്ളി ദാനമായി നല്‍കിയ സ്ഥലമാണതെന്ന് ഇന്നുള്ളോരെല്ലാം കരുതിപ്പോന്നു. പള്ളിപ്പറമ്പ് എന്ന വീട്ടുപേരുപോലും ആ ധാരണയെ ഉറപ്പിക്കും വിധം അവരുടെ അസ്തിത്വത്തിനുമേല്‍ ആഴത്തില്‍ തറഞ്ഞുകിടന്നു.

ഓര്‍മ്മകളുടെ പെട്ടകമേറിയാണ് അവള്‍ വീട്ടിലേയ്ക്കു തിരിച്ചത്. എത്രവേഗന്നാണ് ഓരോ ഇടവും അന്യമാവുന്നതെന്ന്, പലായനം ചെയ്യപ്പെടാതെ തന്നെ ജന്മനാട്ടില്‍ ഒന്നുമല്ലാതാക്കപ്പെടുന്ന തങ്ങളുടെ നിസ്സഹായവസ്ഥയെ അവള്‍ ഓര്‍ത്തു. പള്ളിയോട് ചുറ്റിപ്പറ്റിയാണ് ജിന്‍സിയുടെ ജീവിതം. രാത്രിയുടെ കല്‍ത്തൊട്ടിയില്‍ ജ്ഞാനസ്‌നാനം കഴിഞ്ഞ് സൂര്യന്‍ ഉയരുന്നതിനു മുന്‍പേ ഉണരുന്ന പള്ളിമണികളിലാണ് അവളുടെ ദിവസത്തിന്റെ തുടക്കം. ഞായറാഴ്ചകളിലൊഴികെ ആറരയ്ക്കുള്ള ഒന്നാം കുര്‍ബ്ബാന മുടക്കാറില്ല. എട്ടരയുടെ മൂന്നാം കുര്‍ബ്ബാനയ്ക്ക് ശേഷം വേദപാഠക്ലാസ്സ് ഉള്ളതുകൊണ്ട് ഞായറാഴ്ചകളില്‍ അതിനേ പോകൂ. പ്ലസ്ടു കഴിഞ്ഞത് മുതല്‍ ജിന്‍സി പള്ളീലെ സണ്‍ഡേ സ്‌കൂള്‍ ടീച്ചറാണ്. പള്ളിയുമായി ബന്ധപ്പെട്ട ആത്മീയ ചടങ്ങുകളിലെല്ലാം കൃത്യമായി പങ്കെടുക്കുന്ന ജിന്‍സി നല്ല അച്ചടക്കത്തിലാണ് വളര്‍ന്നത്. അവളുടെ ചാച്ചന്‍ തോമസും അമ്മ ആലീസും പള്ളീടെ മതിലേല്‍ കിളുത്ത വിശ്വാസികളായിരുന്നു. പള്ളിയിലെ പുറംപണികളെല്ലാം ചെയ്തിരുന്നത് അവരായിരുന്നു. മറ്റെവിടെയും കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ കൂലിയേ കിട്ടാറുള്ളൂ. എന്നാലും പണികള്‍ക്കൊന്നും ഒരു മുടക്കോം വരുത്തീട്ടില്ല ഇന്നോളം.

ഇടവകക്കാരിലേറെയും മാര്‍ഗ്ഗം കൂടിയ പുലയരും പറയരുമാണ്. വിരലിലെണ്ണാവുന്ന ആര്‍സീക്കാരും ഇടവകയിലുണ്ട്. അവരുടെ എണ്ണം ഇടവക രജിസ്റ്ററിനേക്കാള്‍ കൃത്യമായി സെമിത്തേരിയിലെ കല്ലറകള്‍ പറയും. അതിലുറങ്ങുന്ന ആത്മാക്കളുടെ പേരും കുടുംബപ്പേരും കൊത്തിയ മാര്‍ബിള്‍ ഫലകങ്ങള്‍ പതിച്ച, മണ്ണില്‍നിന്ന് ഉയര്‍ന്ന കല്ലറകള്‍ അവര്‍ക്കേയുള്ളു. പത്തമ്പതിനായിരം രൂപാ വീതം പള്ളിക്ക് കുഴിക്കാണം കൊടുത്താണ് അവരത് അവിടെ ഉയര്‍ത്തിയിട്ടുള്ളത്. പുലയരും പറയരും ചത്താല്‍ കുഴിവെട്ടി അടക്കും. ഒരു വട്ടമെത്തിക്കഴിഞ്ഞാല്‍ അതേ കുഴിയിലേയ്ക്ക് പുതിയ താമസക്കാരെത്തും. അടിക്കടി മരണങ്ങള്‍ ഉണ്ടാവാത്തതിനാല്‍ ഒരു കുടുംബക്കാര്‍ക്ക് മിക്കവാറും ഒരേ കുഴിയില്‍ത്തന്നെ കിടക്കാന്‍ പറ്റുമായിരുന്നു. റബ്ബര്‍ പലകകള്‍ തമ്മില്‍ തറച്ചുണ്ടാക്കി അതില്‍ കറുപ്പടിച്ച് വെളുപ്പുകൊണ്ടെഴുതിയ, കാലിളകിയും കയ്യൊടിഞ്ഞും ചാഞ്ഞും ചെരിഞ്ഞും കിടക്കുന്ന മരക്കുരിശുകള്‍ അവരുടെ കുഴിമാടങ്ങള്‍ക്ക് കാവല്‍നിന്നു.
പള്ളിപ്പറമ്പിലെ പുറംപണികള്‍ക്കൊപ്പം മരിച്ചവര്‍ക്കുള്ള കുഴിവെട്ടും ജിന്‍സീടെ അപ്പന്‍ തോമസ് ചെയ്തുപോന്നു. ചെങ്കളത്തറേലും പരിസരങ്ങളിലും അവരുടെ വേര്‍പ്പ് വീഴാത്ത പാടങ്ങളില്ല. അങ്ങനെ കഷ്ടപ്പെട്ടാണ് അവര്‍ മക്കളെ വളര്‍ത്തിയത്. പഠിക്കാന്‍ മിടുക്കിയായിരുന്ന ജിന്‍സി എം.എ ഹിസ്റ്ററി കഴിഞ്ഞ് ബി.എഡും എടുത്തു. ഇളയവന്‍ ജോബിച്ചന്‍ പ്ലസ് ടു തോറ്റതോടെ പെയിന്റിംഗ് പണിക്കു പോയി. കാര്‍ഷിക മേഖലയിലെ പണികള്‍ കുറഞ്ഞുതുടങ്ങിയതോടെ ചാച്ചന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാരുടെ കൂടെ മൈക്കാട് പണിക്കും അമ്മ തൊഴിലുറപ്പിനും പോയിത്തുടങ്ങി. സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായതോടെയാണ് ജിന്‍സിക്ക് അധ്യാപനം തൊഴിലായി സ്വീകരിക്കണമെന്ന മോഹം കലശലായത്. പഠിച്ചിറങ്ങുമ്പഴെ ജോലി കിട്ടും എന്ന അവളുടെ സ്വപ്നം പഠനം കഴിഞ്ഞിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ പാറപ്പുറത്ത് വീണ വിത്തുപോലെ പട്ടുപോയി. നാല് മാസം മുന്‍പാണ് പള്ളിവക എല്‍.പി സ്‌കൂളില്‍ ഒരു ടീച്ചറുടെ വേക്കന്‍സി വന്നത്. സ്വാഭാവികമായും അതിനുവേണ്ട അക്കാഡമിക് യോഗ്യതകള്‍ എല്ലാമുള്ള ഇടവകാംഗമായ ജിന്‍സിക്ക് ആ ജോലി കിട്ടേണ്ടതാണ്. പക്ഷേ, കൊടുത്തില്ല. പകരം കുടമാളൂര്‍ പള്ളി ഇടവകക്കാരനായ വെള്ളിക്കുന്നേല്‍ കറിയാച്ചന്‍ മാപ്ലേടെ മകള്‍ ലിറ്റി മേരി സ്‌കറിയായ്ക്ക് അത് എട്ട് ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. ജിന്‍സിക്ക് അതു വലിയ വിഷമമായി. കരഞ്ഞു തളര്‍ന്ന പെങ്കൊച്ചിന്റെ മുഖം കണ്ട തോമസിനു സഹിച്ചില്ല. സങ്കടം കൊണ്ട് വെറഞ്ഞ അയാള്‍, ''അച്ചനോട് ചോയ്ച്ചിട്ട് തന്നെ കാര്യം'' എന്നും പറഞ്ഞ് പത്തിവിരിച്ച വാശിയോടെ ചാടിയിറങ്ങി. അവളും കൂടെപ്പോയി.
''പത്തെഴുപത്തഞ്ച് വര്‍ഷായി നമ്മടെ സ്‌കൂള് തൊടങ്ങീട്ട്... ഇന്നും എല്‍.പി. സ്‌കൂളായി തുടരുന്നു. ഇതുകഴിഞ്ഞു തൊടങ്ങിയ പല സ്‌കൂളുകളിലും ഇന്നു ഹയര്‍ സെക്കണ്ടറി വരെയായി. നമ്മടെ സ്‌കൂള്‍ യു.പിയായി അപ്ഗ്രേഡ് ചെയ്യാന്‍ മൂന്നു കൊല്ലം മുന്‍പേ ഗവണ്‍മെന്റ് തയ്യാറായിരുന്നു. പക്ഷേ, പശ്ചാത്തല സൗകര്യം നമ്മള്‍ ഒരുക്കണം. പുതിയ ക്ലാസ്സ് മുറികള്‍, ടോയ്ലറ്റുകള്‍ അങ്ങനെ പലതും. അതിനു കാശ് വേണം. കറിയാച്ചന്റെ മകള്‍ക്കു ജോലി കൊടുത്താല്‍ കിട്ടുന്ന സംഭാവന കൊണ്ട് നമ്മക്ക് രണ്ട് ക്ലാസ്സ് റൂമുകള്‍ പണിയാം. ആ തൊക നിങ്ങടെല് ഒണ്ടേ തന്നേര്... ഇവളിവിടെ ജോലിക്ക് കേറുന്നതില്‍ എനിക്ക് സന്തോഷമേയൊള്ള്..'' ആ കുടുംബത്തിന്റെ കടേം തലേം നന്നായറിയാമെങ്കിലും കൗശലക്കാരനായ അച്ചന്‍ പത്തിക്ക് തന്നെ തല്ലി. അങ്ങോട്ടു വന്ന ആവേശമെല്ലാം കെട്ട തോമാ തിരിച്ചു നടക്കാനൊരുങ്ങി. ''ങാ.. പിന്നെ സ്‌കൂള് നിങ്ങടെയാ.. വികാരിയച്ചന്മാര്‍ വരും... പോകും... നന്നായിക്കെടന്നാ നിങ്ങള്‍ക്കും നിങ്ങടെ എടവകയ്ക്കും നാടിനും കൊള്ളാം... സ്വാര്‍ത്ഥമോഹങ്ങള്‍കൊണ്ട് തിരുഹിതത്തിന് എതിര് നിക്കരുത്... എനിക്കതേ പറയാനൊള്ള്...'' ചത്തെന്നുറപ്പാക്കാന്‍ അവസാനത്തെ അടികൂടി അടിച്ച് അച്ചന്‍ പള്ളിമേടയിലേയ്ക്ക് കേറിപ്പോയി. വഴിനീളെ മകളെ സമാധാനിപ്പിക്കാന്‍ അയാള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒഴുക്കുവെള്ളത്തിലെ പൊങ്ങുതടിപോലെ അവളാ വാക്കുകളില്‍ തങ്ങീം തടഞ്ഞും നടന്നു.
രൂപതയുടെ മറ്റു സ്‌കൂളുകളിലും ഒഴിവ് വന്നപ്പോഴൊക്കെ പറഞ്ഞ കാശുകൊടുത്ത് സ്വാധീനമുള്ളവര്‍ അതൊക്കെ തട്ടിയെടുത്തു. ജോലി കിട്ടിയിട്ടോ അല്ലെങ്കില്‍ വിദ്യാഭ്യാസവും ജോലിയുമുള്ള ഒരു ചെക്കനെ കിട്ടിയിട്ടോ മതി കല്യാണം എന്ന വാശിയില്‍ ജിന്‍സി ഉറച്ചുനിന്നതുകൊണ്ട് ഇരുപത്തൊമ്പത് വയസ്സായിട്ടും അവള്‍ അവിവാഹിതയായി കഴിയുന്നു. മകളെക്കുറിച്ചുള്ള വേവലാതി തെളകലത്തിലെ വെള്ളമ്പോലെ ആ തന്തേടേം തള്ളേടേം ഉള്ളില്‍ തുളുമ്പിക്കൊണ്ടിരുന്നു. വട്ടയ്ക്കാട്ട് കോളനിയില്‍ താമസിക്കുന്ന വെച്ചൂര്കാരി തങ്ക അവടെ വകേലൊരാങ്ങളേടെ മകന്‍ ട്രാഫിക് പൊലീസുകാരന്‍ സന്തോഷിന്റെ ആലോചന കൊണ്ടുവന്നതായിരുന്നു. അവര് ഹിന്ദുപ്പുലയരായതുകൊണ്ട്, പെണ്ണിനെ അങ്ങോട്ട് ചേര്‍ത്ത് കെട്ടണമെന്നു പറഞ്ഞപ്പോള്‍ 'അത് നടക്കുകേല'ന്ന് കട്ടായം പിടിച്ചത് മണ്ടത്തരമായിപ്പോയല്ലോന്ന് ഇപ്പോള്‍ ആലീസ് ഓര്‍ക്കാത്ത ദിവസമില്ല. ഇടയ്‌ക്കൊക്കെ കോട്ടയത്തിനു പോകുമ്പോള്‍ ബേക്കര്‍ ജംഗ്ഷനിലെ ട്രാഫിക് ഐലന്‍ഡില്‍ നില്‍ക്കുന്ന പൊലീസുകാരന്‍ സന്തോഷിനെ കാണുമ്പോള്‍ ആലീസിന്റെ മനസ്സ് മകളെയോര്‍ത്ത് തീക്കുന്തം വെയ്ലത്തെ ടാര്‍ റോഡു പോലുരുകും. അന്ന് ജിന്‍സിക്കും സന്തോഷിനെ ഇഷ്ടമായിരുന്നു. ആ ആലോചന അലസിപ്പോയതില്‍പ്പിന്നെ ജോലി കിട്ടിയില്ലെങ്കില്‍ ഇനി കല്യാണമേ വേണ്ട എന്ന പിടിവാശിയിലേയ്ക്ക് അവള്‍ ചുവടുറപ്പിച്ചു.

വാശീടേം വീറിന്റേം കാര്യത്തില്‍ അവള്‍ കുഞ്ഞന്നത്തള്ളേടെ തനിപ്പകര്‍പ്പെന്നു കുടുംബക്കാര്‍ക്കിടയില്‍ ഒരു പറച്ചിലുണ്ട്. കുഞ്ഞന്നത്തള്ള ജിന്‍സിയുടെ അപ്പന്റെ വല്യമ്മയായിരുന്നു. കരക്കാര്‍ക്കിടയില്‍ ഇന്നും ഓടുന്ന രസകരമായ ഒരു കഥയിലെ നായികയാണ് കുഞ്ഞന്നത്തള്ള. മാളികേലെ ജെയ്ക്കോച്ചന്റെ വീട്ടിലെ അടുക്കളപ്പണിയാരുന്നു കുഞ്ഞന്നയ്ക്ക്. പോര്‍ക്കും പോത്തുമൊക്കെ തിന്നുകൊഴുത്ത ജെയ്ക്കോച്ചന്റെ ഭാര്യ സുന്ദരിയായ ക്ലാരക്കൊച്ചമ്മയ്ക്ക് ഒരു സൂക്കേടുണ്ടായിരുന്നു. സമയോം സാഹചര്യോം നോക്കാതെ കീഴ്ശ്വാസം വന്നോണ്ടിരിക്കും. പാടത്തേയ്ക്ക് വെള്ളം കേറ്റുന്ന തൂമ്പിന്റെ അടകച്ചി വലിച്ചെടുക്കുമ്പോഴുള്ളപോലൊരു ഒച്ചയാണ്. എത്ര ശ്രമിച്ചാലും അവര്‍ക്കത് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കുഞ്ഞന്ന പറേന്നത് അതിന്റെ വളിഞരമ്പ് പൊട്ടിപ്പോയതാണെന്നാണ്. അതുകാരണം പാവത്തിനു പള്ളിയില്‍പ്പോലും വരാന്‍ പറ്റാതായി. സങ്കടം മൂത്ത കുഞ്ഞന്നത്തള്ള കൊച്ചമ്മേനെ സഹായിക്കാമെന്നേറ്റു. ''പള്ളീ വെച്ചെങ്ങാന്‍ സംഗതി വന്നാ പെട്ടന്നു ചമ്മിയ ഭാവത്തോടെ കുഞ്ഞന്ന പുറത്തോട്ട് പോണം. കുറച്ചു കഴിഞ്ഞു കാര്യം സാധിച്ച സമാധാനത്തോടെ മടങ്ങിവരണം.'' ഇതായിരുന്നു ഉടമ്പടി. പിന്നെപിന്നെ ഇതൊരു പതിവായി. കുഞ്ഞന്നയ്ക്ക് കീഴ്ശ്വാസം കുഞ്ഞന്നാമ്മ എന്നൊരു വിളിപ്പേര് തന്നെ വീണു. യജമാനഭക്തികൊണ്ട് മാത്രമല്ല; ഇതിന്റെ പേരില്‍ അധികമായി കിട്ടുന്ന എട്ടണയുടേയും എടങ്ങഴി അരിയുടേയും പേരില്‍ കുഞ്ഞന്ന എല്ലാം സഹിച്ചുപോന്നു. കുഞ്ഞന്ന നടക്കുന്ന വഴികളില്‍ ചില തല തെറിച്ച പിള്ളേര്‍ വളിശബ്ദം കേള്‍പ്പിക്കാനും കൂക്കിവിളിക്കാനും വരെ തുടങ്ങി. ഒരു ദിവസം ജിന്‍സീടപ്പന്‍ തോമാ പള്ളിക്കൂടത്തില്‍നിന്നു കരഞ്ഞോണ്ട് വന്നു. കാര്യം ചോദിച്ചപ്പോള്‍ മാളികേലെ ക്ലീറ്റസ് കുഞ്ഞ് കീഴ്ശ്വാസം കുഞ്ഞന്നേടെ കൊച്ചുമോനേന്ന് വിളിച്ച് കളിയാക്കി എന്ന് പറഞ്ഞു. ക്ലാരക്കൊച്ചമ്മേടെ മകന്‍ ക്ലീറ്റസ്. അത് കുഞ്ഞന്നയ്ക്ക് സഹിച്ചില്ല. കൊച്ചമ്മയോട് പറഞ്ഞപ്പോള്‍ 'പിള്ളേരല്ലേ നീയങ്ങ് ക്ഷമിച്ചുകളേന്ന്' ഒരു ഉപദേശവും. അന്നേ കുഞ്ഞന്ന കണക്കുകൂട്ടി. ഞായറാഴ്ചയായി, പതിവുപോലെ ക്ലാരക്കൊച്ചമ്മ പണിതുടങ്ങി. കുഞ്ഞന്ന അനങ്ങിയില്ല. ക്ലാര കുഞ്ഞന്നേനെ തോണ്ടി. ഒടുവില്‍ സഹികെട്ട് കുഞ്ഞന്ന എണീറ്റ് മുരടനക്കി. ''എല്ലാരും കേക്കണം... മാളികേലെ ക്ലാരക്കൊച്ചമ്മ വിട്ട വളി എന്നത്തേമ്പോലെ ഇന്നും എട്ടണായ്ക്കും എടങ്ങഴി അരിക്കും ഏം പിടിച്ചേക്കുന്ന്.'' ഇതുമ്പറഞ്ഞ് ഒറ്റയിറക്കം. പിന്നെ മരണം വരെ കുഞ്ഞന്ന മാളികേലെ പണിക്കും ക്ലാരക്കൊച്ചമ്മ ഞായറാഴ്ച കുര്‍ബ്ബാനയ്ക്കും വന്നിട്ടില്ല. അങ്ങനെയുള്ള കുഞ്ഞന്നത്തള്ളയുടെ പേരാണ് ജിന്‍സീടെ മാമോദീസാപ്പേര്. പള്ളിച്ചരിത്രം പറഞ്ഞ് അച്ചനോട് ഒടക്കിയതിന് ശേഷം അവള്‍ പള്ളിയിലോട്ട് പോയില്ല. മിക്കനേരവും കിടപ്പ് തന്നെ കിടപ്പ്. വല്ലാതെ തളര്‍ന്നാല്‍ മാത്രം വല്ലതും കഴിക്കും. എഴുന്നേറ്റ് നടന്നാല്‍ മത്തമ്പിയെ തേടിപ്പോകും. അയാളുടെ പാട്ടും പഴങ്കഥയും കേട്ടിരിക്കും.

''ചരിത്രം ചെകഞ്ഞ് പോയപ്പം പഴേ കാര്‍ന്നോന്മാരുടെ ആരുടെയോ ആത്മാവ് കേറീട്ടൊണ്ട് പെണ്ണിന്റെ മേത്തന്ന്'' ആലീസ് ആവലാതിപ്പെടാന്‍ തുടങ്ങി. ''നിങ്ങടെ കാര്‍ന്നോന്മാരുടെ വെച്ചുസേവേം കുണ്ടി കൂടോത്രോം കാരണാ എന്റെ കുഞ്ഞിനീ ഗതി വന്നെ'' അവള്‍ തോമസിനെ കുറ്റപ്പെടുത്തി.
''ഇത് ശരിക്കും പിശാച് കേറീത് തന്നാ. അല്ലെങ്കി ആ കുന്നുമ്പറമ്പിലച്ചനോട് ആരേലും തറുതല പറയുവോ.'' തോമസിനും അത് ശരിയാണെന്ന് തോന്നി. ''തങ്കപ്പെട്ട സ്വഭാവമാണ് അച്ചന്. അച്ചന്‍ വരുന്നേനു മുന്നെ എങ്ങനെ കെടന്നതാ ഈ ഇടവക.''

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുന്നുമ്പറമ്പിലച്ചന്‍ വികാരിയായി സ്ഥാനമേല്‍ക്കുമ്പോള്‍ ദൈവാനുഗ്രഹമോ ഐശ്വര്യമോ ഇല്ലാതെ അധഃപതിച്ചുകിടന്ന ഒരു ഇടവകയായിരുന്നു ചെങ്കളത്തറ. ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും പോലും വിരലിലെണ്ണാവുന്ന ആളുകളേ പള്ളിയിലെത്തിയിരുന്നുള്ളു. പ്രീസ്റ്റ് ഹോമിലെ വിശ്രമമുറികളിലേയ്ക്ക് തള്ളപ്പെടും മുന്‍പ് അധികജോലി ഭാരമില്ലാത്ത ഇടവക എന്ന നിലയില്‍ വയോധികരായ വൈദികരേയോ സഭാ മേലധികാരികള്‍ക്ക് അതൃപ്തിയുള്ള വൈദികരെ ഒതുക്കുന്നതിന്റേയോ ശിക്ഷാനടപടികളുടെ ഭാഗമായോ അയച്ചിരുന്ന ഇടവകകളിലൊന്നായിരുന്നു ഇത്. പട്ടണത്തിലെ ആളും അര്‍ത്ഥവുമുള്ള കൊള്ളാവുന്നൊരു ഇടവകയുടെ വികാരി സ്ഥാനത്തുനിന്നും ചെങ്കളത്തറപ്പള്ളിയിലെത്തപ്പെട്ട ആദ്യ ദിനങ്ങള്‍ നിത്യനരകത്തിലെന്നപോലെ കുന്നുമ്പറമ്പിലച്ചനെ മടുപ്പിച്ചു. ക്വയറിലെ പാട്ടുകാരി റോസ് മേരീടെ ശാരീരത്തിന് പുറമെ ശരീരവും അച്ചന്‍ ശ്രദ്ധിച്ചുതുടങ്ങിയതോടെയാണ് അവിടുന്ന് അച്ചന് പാട്ടുപെട്ടി മടക്കേണ്ടിവന്നത്.
നാല്‍പ്പത്തഞ്ച് പിന്നിടാത്ത തന്റെ ആരോഗ്യവും ആകര്‍ഷകങ്ങളായ പുത്തന്‍ ആശയങ്ങളും പ്രയോഗസാധ്യതകളില്ലാതെ മുരടിച്ചുപോകുമല്ലോ എന്ന വേദനയില്‍ അച്ചന്‍ നെടുവീര്‍പ്പിട്ടു. പരിമിതികളെ സാധ്യതകളായി വികസിപ്പിക്കുന്നതില്‍ സമര്‍ത്ഥനായ കുന്നുമ്പറമ്പിലച്ചന്‍ തോറ്റു പിന്മാറാന്‍ തയ്യാറായിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളില്‍ ഇടവക രജിസ്റ്ററുമായി അച്ചന്‍ ഉറങ്ങാതിരുന്നു. ആകെ കുടുംബങ്ങള്‍, ഓരോന്നിലേയും അംഗങ്ങള്‍, ആണെത്ര, പെണ്ണെത്ര, ഓരോരുത്തരുടേയും പ്രായം, വിദ്യാഭ്യാസം, തൊഴില്‍, വരുമാനം എല്ലാത്തിന്റേയും വെവ്വേറെ ലിസ്റ്റുകള്‍ തയ്യാറാക്കി. ആ ലിസ്റ്റുകളുമായി അച്ചന്‍ നടത്തിയ പ്രഭാത-സായാഹ്ന യാത്രകള്‍ ചെങ്കളത്തറയുടെ തലവര മാറ്റി. മീന്‍പിടിച്ചു നടന്നവരെ ക്രിസ്തു മനുഷ്യരെ പിടിക്കുന്നവരാക്കിയെങ്കില്‍, മനുഷ്യരെ പിടിക്കാന്‍ മീന്‍പിടുത്തത്തിന്റെ തന്ത്രങ്ങളാണ് അച്ചന്‍ ഉപയോഗിച്ചത്. ഓരോരുത്തര്‍ക്കും വേണ്ട കെണിയും ഇരയും ഒരുക്കി അച്ചന്‍ കാത്തിരുന്നു.

കൊയ്ത്തുകഴിഞ്ഞ പാടത്ത് മടല്‍ ബാറ്റുമായി ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന പിള്ളേരാണ് ആദ്യം ചൂണ്ടയില്‍ കൊത്തിയത്. ബാറ്റും ബോളും പള്ളിപ്പറമ്പിനോടു ചേര്‍ന്ന പാടത്തരികിലെ ചിറയില്‍ പിച്ച് ഒരുക്കാനുള്ള അനുവാദവുമായിരുന്നു അവര്‍ക്കുള്ള ഇര. ആദ്യമാദ്യം കളിക്കാനായി മാത്രം പള്ളിയില്‍ വന്ന കുഞ്ഞുങ്ങള്‍ മെല്ലെ മെല്ലെ പ്രാര്‍ത്ഥനകളിലും സംബന്ധിക്കാന്‍ തുടങ്ങി. അലമ്പിത്തെറ്റി നടന്ന മക്കളുടെ പെട്ടന്നുള്ള മാറ്റം അവരുടെ അപ്പനമ്മമാര്‍ക്കുള്ള ഇരയായി. ഇതിനിടെ അച്ചന്‍ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചവരുടേയും ആനാംവെള്ളം വാഴ്ത്തിക്കൊടുത്തവരുടേയുമൊക്കെ ചില പ്രാര്‍ത്ഥനകള്‍ അച്ചന്റേയോ അവരുടേയോ ഭാഗ്യത്താല്‍ നിവര്‍ത്തിച്ചുകിട്ടിയത് അച്ചന്റെ സ്വീകാര്യത കടല്‍ക്കരയിലെ മണല്‍ത്തരികളെപ്പോലെയും ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും പെരുക്കി. പ്രാര്‍ത്ഥിച്ചിട്ടും ലഭിക്കാത്തവരോട് അവരുടെ വിശ്വാസം കൂടുതല്‍ ദൃഢമാകേണ്ടതിനെപ്പറ്റി ബൈബിള്‍ വചനങ്ങളുടെ സഹായത്തോടെ തന്നെ ഉത്ബോധിപ്പിച്ചു. പാവപ്പെട്ട ഇടവക കുടുംബങ്ങളെ ദാരിദ്ര്യത്തിന്റെ മുഖത്തെഴുത്തുള്ള അവരുടെ കൂരകള്‍ക്ക് മുന്നില്‍ നിര്‍ത്തിയെടുത്ത ഫോട്ടോകള്‍ വിദേശങ്ങളിലേയ്ക്കു പറന്നു മൈദയും റവയും പാല്‍പ്പൊടിയുമായി മടങ്ങിവന്നു. അങ്ങനെ പെലപ്പള്ളിയെന്ന പേരുദോഷം കുടഞ്ഞുകളയാന്‍ തുടങ്ങിയ പള്ളിയിലേയ്ക്കു വിശേഷ ദിവസങ്ങളില്‍ മറ്റ് ഇടവകകളിലെ സവര്‍ണ്ണ ക്രൈസ്തവരും വന്നുതുടങ്ങി. അച്ചന്‍ നടത്തിയ ബഹുമുഖ പ്രവര്‍ത്തനങ്ങളില്‍ ഒടുവിലത്തേതാണ് ഇന്നു സമാപിക്കാന്‍ പോകുന്ന ഇടവക നവീകരണ ധ്യാനവും നൊവേനയും. തന്റെ മേല്‍ പിശാച് കേറിയെന്ന ചാച്ചന്റേയും അമ്മേടേം വര്‍ത്താനം ചെറുചിരിയോടെ കേട്ടുകൊണ്ട് ഉറക്കം നടിച്ചു കിടന്ന ജിന്‍സിയെ അമ്മേടെ വിളിയാണ് ഓര്‍മ്മകളില്‍നിന്ന് ഉണര്‍ത്തിയത്.

''എന്റെ കുഞ്ഞിങ്ങ് എഴുന്നേറ്റെ... ഇന്നെന്തായാലും നീ പള്ളീ വരണം നൊവേനേടെ സമാപനാ... എന്തോരം അനുഗ്രഹങ്ങളും അത്ഭുതങ്ങളുമാണെന്നോ കഴിഞ്ഞ എട്ടു ദെവസോം നടന്നത്.''
''പിന്നേ... അദ്ഭുതം''  ജിന്‍സി പിറുപിറുത്തു.
''പിന്നെ ഒന്നുമില്ലാഞ്ഞിട്ടാണോ ഇക്കണ്ട ജനം മുഴോന്‍ വന്ന് കൂടുന്നെ.'' തോമസും ഭാര്യയെ സപ്പോര്‍ട്ട് ചെയ്തു.
''അതിനെവിടിരിക്കുന്നു നമ്മടെ പള്ളീല്‍ ഇതിനുമ്മാത്രം ജനം.''
ജിന്‍സി കോര്‍ത്തു കോര്‍ത്തു പറഞ്ഞു:
''അതിന് നമ്മടെ എടവകക്കാര് മാത്രാണോ... കുടമാളൂരേം ഒളശ്ശേലേം ഐക്കരച്ചെറേലേമൊക്കെ എടവകക്കാരായ സകല മാപ്പെളമാരും വരുന്നൊണ്ട്. പള്ളിക്കാത്ത് മൊത്തം അവരാ. നമ്മടെ എടവകക്കാരെല്ലാം പൊറത്തെ പന്തലിലാ. ഇന്നെന്തായാലും നീയൊന്ന് വാ പെണ്ണേ. അച്ചനെക്കൊണ്ട് നിന്റെ തലേല്‍ കൈവച്ചൊന്ന് പ്രാര്‍ത്ഥിപ്പിക്കണം'' ആലീസ് മകളെ നിര്‍ബ്ബന്ധിച്ചു. 
''പിന്നേ ഞാനെങ്ങുവില്ല.''
''അഹങ്കാരം പറയാതെ കുഞ്ഞെ. കര്‍ത്താവ് പൊറുക്കുകേല... ഇത്രേം ദെവസം നേര്‍ച്ച സാധനങ്ങള്‍പോലും തെകയാത്തത്ര തെരക്കാരുന്ന്.''
തോമസ് മകളെ ഗുണദോഷിച്ചോണ്ട് തുടര്‍ന്നു:
''ഒരോ ദെവസോം ഓരോ ബേക്കറിപ്പലഹാരമാരുന്ന് നേര്‍ച്ച. അച്ചപ്പം, കുഴലപ്പം, വട്ടയപ്പം, ഉണ്ണിയപ്പം, അവലോസുണ്ട, ബിസ്‌കറ്റ്, റൊട്ടി, കപ്കേക്ക് അങ്ങനെ എട്ട് ദെവസം. എല്ലാരും കൊണ്ടുചെല്ലുന്നതെല്ലാം അള്‍ത്താരയ്ക്ക് മുന്നി വെച്ച കൊട്ടേലിടും. പ്രാര്‍ത്ഥനക്കെടേല്‍ അച്ചന്‍ ആനാംവെള്ളം തളിച്ച് വിശുദ്ധീകരിക്കും. ഒടുവില്‍ അത് നേര്‍ച്ചയായെടുത്ത് വെളമ്പും. എത്ര കൊട്ട നെറഞ്ഞാലും വെളമ്പി വരുമ്പം തെകയേല. അത്ര ആള്‍ത്തെരക്കാ. സമാപന ദെവസായ ഇന്ന് എല്ലാവരും സ്വന്തം കൈകൊണ്ട് വീട്ടിലൊണ്ടാക്കിക്കൊണ്ട് വരുന്ന പൊതിച്ചോറാ നേര്‍ച്ച. നോമ്പായതുകൊണ്ട് എറച്ചീം മീനുമൊന്നും പറ്റുകേലാന്ന് അച്ചന്‍ പ്രത്യേകം പറഞ്ഞിട്ടൊണ്ട്.'' ചാച്ചനും അമ്മേം എത്ര നിര്‍ബന്ധിച്ചിട്ടും ജിന്‍സി അന്നും പള്ളിയില്‍ പോയില്ല. തെക്കുപുറത്തേയ്ക്കു തിരിച്ചുവെച്ച കോളാമ്പിയിലൂടെ പള്ളിയിലെ പാട്ടും പ്രാര്‍ത്ഥനേം അവടെ കാതില്‍ ഉരുകിയൊലിച്ചു. നൊവേന കഴിഞ്ഞ് അവര് വരുന്നതുവരെ അവള്‍ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പള്ളിയില്‍നിന്നു വന്നിട്ടും അവര്‍ക്ക് അന്നു നടന്ന അദ്ഭുതങ്ങളേയും രോഗശാന്തിയേയും പറ്റി പറഞ്ഞു നേരം വെളുപ്പിക്കനുള്ള പ്ലാനാണെന്ന് തോന്നിയ ജിന്‍സി ഉറക്കത്തിലേയ്ക്കു വഴുതിപ്പോയി.

പിറ്റേന്ന് കാലത്ത് പള്ളീം പരിസരോം വൃത്തിയാക്കാന്‍ രണ്ടുപേര് വരണമെന്നു കപ്യാര് വറീതേട്ടന്‍ വിളിച്ചുപറയുമ്പോള്‍ ചാച്ചന്‍ മൈക്കാട് പണിക്കു പോയിരുന്നു. രണ്ടുപേര്‍ക്കുള്ള പണിയൊണ്ടന്നു പ്രത്യേകം പറഞ്ഞതിനാലും മറ്റാരേയും കിട്ടാഞ്ഞതിനാലും ജിന്‍സിക്ക് അമ്മച്ചിയെ സഹായിക്കാന്‍ കൂടെ പോകേണ്ടിവന്നു. ആലീസും ജിന്‍സിയും അവിടെ ചെല്ലുമ്പോള്‍ തലേന്നത്തെ നൊവേനയ്ക്കു മിച്ചം വന്ന നേര്‍ച്ചപ്പൊതികള്‍ സെമിത്തേരിക്കു സമീപത്തെ വേസ്റ്റ് കുഴിയിലിട്ടത് പട്ടിയും പൂച്ചയും വലിച്ചുകൊണ്ട് നടക്കുന്നു. അഴിഞ്ഞുപോയ പൊതികളില്‍നിന്നു തെറിച്ചുപോയ വറ്റുകള്‍ കാക്കയും കോഴിയും കൊത്തിപ്പെറുക്കുന്നു. പള്ളിപ്പറമ്പും പരിസരവും ആകെ മെനകെട്ട് കിടന്നു. വളിച്ചുതുടങ്ങിയ പൊതിച്ചോറുകളിലെ അവിഞ്ഞ മണം കാറ്റിനോട് എന്തൊക്കെയോ എണ്ണിപ്പാടിക്കൊണ്ടിരുന്നു. എത്ര പൊതിഞ്ഞുവെച്ചാലും ചിലതെല്ലാം അളിഞ്ഞുപൊട്ടി പുറത്തുവരുമല്ലോന്നൊരു വിചാരം ജിന്‍സിക്ക് ഉള്ളില്‍ കുമിഞ്ഞു.

''നീയാ ചായിപ്പീന്ന് തൂമ്പായും ചൂലുമിങ്ങെടുത്തോ, അടിച്ചുകൂട്ടി ഈ കുഴീലിട്ടു തന്നെ കത്തിക്കാം'' അമ്മച്ചി പറഞ്ഞതുകേട്ടാണ് ജിന്‍സി തൊട്ടപ്പുറം പള്ളിമേടയ്ക്ക് പിന്നിലെ ചായിപ്പിലേയ്ക്ക് പോയത്. ചെല്ലുമ്പോള്‍ പള്ളിമേടയുടെ ജനാലയ്ക്കരികില്‍ വരാന്തയില്‍ ചുമരും ചാരിയിരിപ്പുണ്ട് മത്തമ്പി. മത്തായിച്ചോന്ന് വിളിക്കാനാഞ്ഞ അവളെ മുന്‍പ് അവള്‍ ചെയ്തപോലെ തന്നെ, വലതുകയ്യിലെ ചൂണ്ടുവിരല്‍ ചുണ്ടില്‍ ചേര്‍ത്ത് മത്തമ്പി മിണ്ടരുതെന്ന് വിലക്കി. വാത്സല്യപൂര്‍വ്വം അയാളവളെ പിടിച്ച് അടുത്തിരുത്തി. അച്ചന്റെ മുറിയില്‍ ആരോ സംസാരിക്കുന്നുണ്ട്.
''എന്നാലും അത്രേം പൊതിച്ചോറെങ്ങനെ മിച്ചം വന്നെന്നാ ഞാനോര്‍ക്കുന്നെ'' ശബ്ദത്തിനുടമ ആദര്‍ശാണെന്ന് ജിന്‍സി തിരിച്ചറിഞ്ഞു.
''എന്നെക്കൊണ്ടൊന്നും പറേപ്പിക്കരുത്. നേര്‍ച്ചയാണെങ്കിലും പെലേന്റേം പറേന്റേം വീട്ടീന്ന് കൊണ്ടുവന്ന പൊതിച്ചോറ് നീയൊന്നും കൊണ്ടുപോയില്ല. അതുതന്നെ കാര്യം'' അച്ചന്‍ കൈകഴുകി.
''അച്ചാ... അതു പിന്നെ കൊട്ടേക്കൊണ്ട് ഒരുമിച്ച് ഇട്ടുകഴിഞ്ഞാ... അവരുടേതേതാ... നമ്മടതേതാന്ന് എങ്ങനെ അറീം. എടുത്തോണ്ട് പോയാത്തന്നെ അതുങ്ങള് വീട്ടീന്ന് വെച്ചൊണ്ടാക്കിക്കോണ്ട് വന്നത് എങ്ങനെ കഴിക്കും. അതുകൊണ്ടാ നമ്മള് കൊണ്ടുവന്നതു പോലും തിരിച്ചെടുക്കാതെ പോയെ'' ആദര്‍ശ് ധര്‍മ്മസങ്കടത്തിന്റെ പൊതിയഴിച്ചു.
''കഴിക്കാനാര് പറഞ്ഞ്. നിനക്കൊക്കെ എടുത്ത് വീട്ടിക്കൊണ്ട് കളയാരുന്നല്ലോ'' അച്ചന് ദേഷ്യം വന്നു.
''അതും ശരിയാ...''

''എട്ടു ദെവസോം ബേക്കറി പലഹാരം നേര്‍ച്ചയാരുന്നപ്പം തെകയാതെ വന്നു. ഒമ്പതിന്റന്ന് പൊതിച്ചോറ് നേര്‍ച്ചമാത്രം മിച്ചം വന്നെന്ന് പറഞ്ഞാ അതിലൊരു കൊഴപ്പം ചീഞ്ഞുനാറുന്നത് അവര്‍ക്കും മണക്കുകേലേ.. അതാ ഞാന്‍ ഒടുവിലെ ആശീര്‍വ്വാദത്തില്‍ അങ്ങനെ പറഞ്ഞത്.''
തലേന്നു രാത്രിയിലെ സമാപന സന്ദേശത്തിലെ അച്ചന്റെ വാക്കുകള്‍ ജിന്‍സിക്ക് ഉള്ളില്‍ തികട്ടി: ''കാനായിലെ കല്യാണവിരുന്നില്‍ വെള്ളം വീഞ്ഞാക്കിയ കര്‍ത്താവിന്റെ കരങ്ങള്‍... അഞ്ചപ്പംകൊണ്ട് അയ്യായിരങ്ങളെ ഊട്ടിയ അവിടുത്തെ കരുണയുടെ അദ്ഭുതം ഇതാ ഇന്നു രാത്രികാലം അടിയങ്ങളുടെ ഇടയില്‍ അടയാളമാക്കിയ കര്‍ത്താവേ... അങ്ങയെ സ്തുതിക്കുന്നു. കഴിഞ്ഞ എട്ടു രാത്രികളിലും തികയാതെ വന്ന നേര്‍ച്ച വസ്തുക്കള്‍ക്കു പകരമായി ഇന്നേ ദിവസം നമ്മളെ നിറച്ചൂട്ടി... ഇനിയും മിച്ചമാകുവാന്‍ തക്കവണ്ണം നമ്മുടെ നേര്‍ച്ചക്കുട്ടകളെ നിറച്ച അവിടുത്തെ  മഹത്വത്തിനു നന്ദി പറഞ്ഞുകൊണ്ട് എല്ലാവരും സമാധാനത്തില്‍ പോകുവിന്‍.''

ചങ്ക് പൊട്ടിപ്പോകുമ്പോലൊരു നിലവിളി അവളുടെ നെഞ്ചില്‍ കുരുങ്ങി. ഏങ്ങലടിച്ചുകൊണ്ട് അവള്‍ കറുപ്പനപ്പച്ചന്‍ മുതല്‍ തങ്ങളുടെ കുടുംബത്തിലെ പരേതരെ അടക്കിയ കുഴിമാടത്തിങ്കലേയ്ക്ക് ഓടി. അവള്‍ ഓടിവരുന്ന ഒച്ചകേട്ട് അവിടെ നിന്ന ഒരു കറുത്ത പട്ടി സെമിത്തേരിയില്‍ നിന്ന് പുറത്തേയ്ക്ക് കുതിച്ചു. കുഴിമാടത്തിന്റെ തലയ്ക്കല്‍ പട്ടി ഇട്ടിട്ടു പോയ പൊതിച്ചോറ് പിതാക്കന്മാരുടെ ചാവുകള്‍ക്ക് ദാഹം വെച്ചതുപോലെ തൂശനിലയില്‍ തുറന്നിരുന്നു. അവളാ കുഴിമാടത്തിന്റെ കാല്‍ച്ചുവട്ടില്‍ മുട്ടു കുത്തിക്കരഞ്ഞു.
''എന്റെ കുഞ്ഞിന്റെ മേത്ത് പിന്നേം പിശാച് കേറിയോ കര്‍ത്താവേന്ന്'' ഇതെല്ലാം കണ്ട ആലീസ് അലമുറയിട്ടു. വല്ലച്ചാതി എല്ലാം അടിച്ചുകൂട്ടി തീയിട്ട് മകളേം കൂട്ടി അവര്‍ വീട്ടിലേയ്ക്കു നടന്നു.
''ഏങ്കടെ കര്‍മ്മോം... കൈപ്പറ്റണേട്ടോ...
എന്റപ്പനപ്പൂപ്പന്മാരേ...''
പള്ളിപ്പറമ്പിലെവിടെയോ നിന്നുള്ള മത്തമ്പിയുടെ പാട്ട് അവരെ വീട്ടില്‍ കൊണ്ടാക്കി.

ചെന്നപാടെ കേറിക്കിടന്ന ജിന്‍സി എപ്പഴോ ഉറങ്ങിപ്പോയി. കട്ടിലാരോ പിടിച്ചു കുലുക്കുന്ന സെക്കന്റുകള്‍ മാത്രം നീണ്ട സ്വപ്നമാണ് അവളെ ഉണര്‍ത്തിയത്. നേരോ കനവോ എന്ന് ഉറപ്പിക്കും മുന്‍പ് പള്ളിമുറ്റത്തെന്തോ തല്ലിയലച്ച് വീഴുന്ന വലിയ ഒച്ച കേട്ടു. ചാച്ചനും അമ്മേം ജോബിച്ചനും പിന്നാലെ അവളും പുറത്തിറങ്ങി. നേരം പുലര്‍ന്നു വരുന്നതേയുള്ളു. നിര്‍ത്താതെ മുഴങ്ങിയ മണിയൊച്ചയ്ക്കൊപ്പം ആ ഗ്രാമം പള്ളിമുറ്റത്തൊരു പുരുഷാരമായി രൂപം കൊണ്ടു. പള്ളിമണിയുടെ കയറിലുള്ള മത്തമ്പിയുടെ ആയം അപായ മുഴക്കമായി നാട്ടുകാരെ വിളിച്ചുകൂട്ടിക്കൊണ്ടിരുന്നു. പള്ളിമേടയുടെ വരാന്തയില്‍ മത്തമ്പി ഇരിക്കാറുള്ള കോണില്‍ വെട്ടിവിയര്‍ത്ത് ചുവരും ചാരിയിരിക്കുന്നു കുന്നുമ്പറമ്പിലച്ചന്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെങ്കളത്തറപ്പള്ളി ഇടിഞ്ഞുവീണ് നിലത്തേയ്ക്ക് മുട്ടുകുത്തി മണ്ണില്‍ മുഖം പൂഴ്ത്തിക്കിടന്നു.

പള്ളി ഇടിഞ്ഞുവീണതിന്റെ കാരണങ്ങളെക്കുറിച്ച് ആളുകള്‍ തമ്മില്‍ തര്‍ക്കമായി. പുലര്‍ച്ചെയുണ്ടായ നേരിയ ഭൂചലനമാണ് കാരണമെന്നായിരുന്നു ഒരു കൂട്ടരുടെ വാദം. അടുത്തുള്ള ചില വീടുകളുടെ ഭിത്തികളിലുണ്ടായ വിള്ളലും വെളുപ്പാങ്കാലത്ത് അടുക്കളേല്‍ പാത്രങ്ങള്‍ കിലുങ്ങുന്ന ഒച്ച കേട്ടവരുടേയും കട്ടില്‍ കുലുങ്ങിയതായി തോന്നിയവരുടേയുമൊക്കെ അനുഭവ സാക്ഷ്യങ്ങളും അവര്‍ തെളിവായി നിരത്തി. നേരിയ ഒരു ഭൂചലനത്തിന്റെ സാന്നിധ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും തണ്ണീര്‍ത്തടങ്ങളും വെള്ളക്കെട്ടുകളും മൂടിക്കൊണ്ടുള്ള അശാസ്ത്രീയ നിര്‍മ്മാണം ഏല്പിച്ച പാരിസ്ഥിതികാഘാതമാണ് പള്ളിയുടെ തകര്‍ച്ചയ്ക്കു പിന്നിലെന്നായിരുന്നു പരിസ്ഥിതിവാദികളായ മറ്റൊരു കൂട്ടരുടെ വാദം. സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ കൂടുതല്‍ പഠനങ്ങള്‍ക്കായി വിദഗ്ദ്ധരെ അയക്കുന്നതിനു ഗവണ്‍മെന്റുമായി ബന്ധപ്പെട്ടു.

''നിങ്ങള്‍ ഈ കാണുന്നവ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു ലൂക്കാ ഇരുപത്തൊന്നിന്റെ ആറ്'' മണിയടിച്ച് തളര്‍ന്ന മത്തമ്പി വിളിച്ചുപറയുന്നത് ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
കറുപ്പനപ്പച്ചന്റെ കുഴിമാടത്തില്‍നിന്ന് അങ്ങേര് ആദ്യ മൂലക്കട്ട കുത്തിവെച്ച പള്ളിപ്പറമ്പിന്റെ വടക്കുകിഴക്കേ മൂലവരെ ഭൂമി വിണ്ടുകീറി വാ പൊളിച്ച് കിടക്കുന്നത് എല്ലാവരും കണ്ടെങ്കിലും; കറുത്തു കുറുകിയ ഒരു വയസ്സന്‍ കട്ടച്ചേറിന്റെ നിറമുള്ള കച്ചത്തോര്‍ത്തും ചുറ്റി കട്ടപ്പാരയും തോളില്‍വെച്ച് വന്ന് മൂലക്കട്ടയും തിരിച്ചെടുത്ത് നടന്നുപോകുന്ന സ്വപ്നം തലേന്നു രാത്രിയില്‍ ജിന്‍സി അല്ലാതെ ആരും കണ്ടിരുന്നില്ല. അവളുടെ ഉള്ളില്‍ ആ സ്വപ്നത്തിന്റെ ചുരുളുകള്‍ നിവരാന്‍ തുടങ്ങി.

ചിത്രീകരണം - ഗോപീകൃഷ്ണന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com