ന്യൂസ് റീഡറും പൂച്ചയും: സതീഷ് ബാബു പയ്യന്നൂര്‍ എഴുതിയ കഥ

ന്യൂസ് സെന്‍സ് എന്നത് നമ്മുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നു കിടക്കേണ്ട ഒരു കാര്യമാണ്.
ചിത്രീകരണം - ചന്‍സ്
ചിത്രീകരണം - ചന്‍സ്

Journalism schools can prepare you very adequately to go to work in a news room at a TV station and learn how to successfully fit into the mechanism, but just because a perosn successfully fits into the mechanism, it is a mistake to think that a perosn necessarily has news sense or the judgement required of a licensee in the discharge of his or her public responsibilities.
- Robert L. Hillard

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഗവണ്‍മെന്റ്, മീഡിയ ഫോര്‍ എഡ്യുക്കേഷന്‍, ഇന്‍ഡസ്ട്രി എന്നിവയ്ക്കായുള്ള കണ്‍സള്‍ട്ടന്റും ലക്ച്ചററുമായ റോബര്‍ട്ട് എല്‍. ഹില്ലാര്‍ഡിനെ ഉദ്ധരിച്ച്, പ്രസ്സ് ക്ലബ്ബിന്റെ മൂന്നാംനിലയിലെ തുറസ്സില്‍, ഷാമിയാന കെട്ടി തണല്‍ പടര്‍ത്തിയ മദ്ധ്യാഹ്നത്തില്‍, എന്‍.എസ്. ശിവപാലന്‍ നായര്‍ എന്ന ജേര്‍ണലിസം അക്കാദമി ഡയറക്ടര്‍ ഇങ്ങനെ തുടര്‍ന്നു: ''ന്യൂസ് സെന്‍സ് എന്നത് നമ്മുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നു കിടക്കേണ്ട ഒരു കാര്യമാണ്. വെറും കൗതുകം എന്നതിനപ്പുറം ടെലിവിഷന്‍ ന്യൂസ് ജേര്‍ണലിസത്തെ നിങ്ങള്‍ക്കു കാണാന്‍ കഴിയണം.''

എന്‍.എസ്. എന്ന ചുരുക്കപ്പേരില്‍ മാധ്യമരംഗത്ത് അറിയപ്പെടുന്ന ഏറ്റവും മുതിര്‍ന്ന പത്രപ്രവര്‍ത്തകനെ, പ്രസ്സ് ക്ലബ്ബിന്റെ ആദ്യ ടെലിവിഷന്‍ ജേര്‍ണലിസം ബാച്ചിന്റെ ബിരുദദാന ചടങ്ങില്‍ ലഭിച്ചതില്‍, വേദിയിലുണ്ടായിരുന്ന ക്ലബ്ബ് പ്രസിഡന്റ് അനിരുദ്ധനും സെക്രട്ടറി ആശാഗോപനും ഏറിയ സന്തോഷം തോന്നി. മുന്നില്‍ പ്രതീക്ഷാനിര്‍ഭരമായ മുഖഭാവങ്ങളോടെയിരിക്കുന്ന ഇരുപത്തഞ്ചു പേരെയും നോക്കി എന്‍.എസ്. തന്റെ കീ നോട്ട് അഡ്രസ്സ് ഇങ്ങനെ ഉപസംഹരിച്ചു: ''കണ്ണും മനസ്സും ഒരുപോലെ തുറന്നു വയ്ക്കുക. ന്യൂസ് റൂമിലെ ചര്‍ച്ചകളില്‍ സ്വന്തം നിഗമനം മനസ്സില്‍ സൂക്ഷിച്ച് പാനലിസ്റ്റുകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം പൂര്‍ണ്ണമായി അനുവദിക്കുക. ഒപ്പം എപ്പോഴും ചാടിവീഴാവുന്നവിധം ഒരു പൂച്ചക്കണ്ണ് കൂടെ കൂട്ടുക... ന്യൂസ് എബിലിറ്റി, ന്യൂസ് സെന്‍സ് എന്നിവയെക്കുറിച്ച് കൊളംബിയ യൂണിവേഴ്സിറ്റിയിലെ സ്റ്റാന്‍ലി എസ്. ഹബ്ബാര്‍ഡിന്റെ നിരീക്ഷണം ഈയവസരത്തില്‍ ഏറെ പ്രസക്തമാണ്. ടെലിവിഷന്‍ ഏജ് എന്ന ലോകപ്രശസ്ത ജേര്‍ണലില്‍ ഹബ്ബാര്‍ഡ് ഇങ്ങനെ ചോദിക്കുന്നു: Who is a news perosn? Is a news perosn qualified because he has a degree from a university which says he graduated in journalism? Or is a news perosn qualified because he has held a job osme place as a news perosn? I think not. I think that a news perosn, in order to really he considered capable, has to prove that he or she has news ability and news sense... ഇലക്ട്രോണിക് മീഡിയ എന്ന നിലയില്‍ ടെലിവിഷന്‍ ന്യൂസില്‍ ഇത് വളരെ അനിവാര്യമാണ്. നല്ല ന്യൂസ് എബിലിറ്റിയും ന്യൂസ് സെന്‍സും കരുതലിന്റെ മാര്‍ജ്ജാരന്‍ മനസ്സുകളുമുള്ള പുതുതലമുറ ടെലിവിഷന്‍ ജേര്‍ണലിസ്റ്റുകളാവാന്‍ നിങ്ങള്‍ക്കു കഴിയട്ടെ എന്നു ഞാനാശിക്കുന്നു, ആശംസിക്കുന്നു...''
ഏറെയും പെണ്‍കുട്ടികളായിരുന്നു ഒന്നും രണ്ടും മൂന്നും നിരകളില്‍. പിറകിലും ഇടതുവശത്തുമായി ആണ്‍കുട്ടികളും. അവര്‍ നിര്‍ത്താതെ കയ്യടിച്ചു. എന്‍.എസ്. ഒരു ചെറുപുഞ്ചിരിയോടെ തന്റെ ഇരിപ്പിടത്തിലേക്കു നടന്നു...
അപ്പോള്‍ മുന്‍നിരയിലെ, വലത്തേ അറ്റത്തുനിന്നും പച്ച ക്രോസ്സ് ലെയ്നുള്ള ടോപ്പും ഫെയ്ഡഡ് ജീന്‍സുമണിഞ്ഞ പെണ്‍കുട്ടി എഴുന്നേറ്റു: ''സാര്‍, ഐ ഹാവ് എ ഡൗട്ട്.''
സീറ്റിലേക്കിരുന്നു കഴിഞ്ഞിരുന്ന എന്‍.എസ്. ശിവപാലന്‍നായര്‍ മുന്നോട്ടാഞ്ഞു: ''യേസ്, ചോദിക്കൂ.''
''സാര്‍ ന്യൂസ് സെന്‍സിനെക്കുറിച്ചു പറഞ്ഞു. ഇപ്പോള്‍ ടെലിവിഷന്‍ ന്യൂസ് ചാനലുകള്‍ അധികവും അതിന്റെ ഉടമസ്ഥരുടെ പൊളിറ്റിക്കല്‍ ആന്റ് സോഷ്യല്‍ വ്യൂ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ താങ്കള്‍ പറഞ്ഞതുപോലെ ഒരു ടെലിവിഷന്‍ ജേര്‍ണലിസ്റ്റ് അഥവാ ന്യൂസ് പ്രസന്റര്‍ക്ക് എങ്ങനെയാണ് സ്വതന്ത്രമായ സെന്‍സും കാപ്പബിലിറ്റിയും ഉണ്ടാവുക? സ്വന്തം നിഗമനം മനസ്സില്‍വെച്ചു പുലര്‍ത്താനാവുക?'' പെണ്‍കുട്ടി തന്റെ ആകുലതകള്‍ ഉന്നയിച്ചു.

എന്‍.എസ്. ഒരു നിമിഷം വിരലുകള്‍കൊണ്ട് മേശപ്പുറത്ത് താളം പിടിച്ചു. എന്നിട്ട് ഗൗരവപൂര്‍ണ്ണമായ ഒരു പുഞ്ചിരിയില്‍ കാര്യമൊതുക്കി; ''അതാ ഹബ്ബാര്‍ഡ് പറഞ്ഞത്, ന്യൂസ് എബിലിറ്റിയുടെ കാര്യം - ഒരു രാഷ്ട്രീയക്കാരന്റെ മെയ്വഴക്കം ന്യൂസ് റീഡര്‍ക്കും വേണമെന്നാ എന്റെ അഭിപ്രായം - ആട്ടെ, ഡു യു ഹാവ് എനി പൊളിറ്റിക്കല്‍ കണക്ഷന്‍?''
അന്യോന്യം നോക്കി, ചെറുചിരി, വലിയ ചിരിയായി കുട്ടികള്‍ക്കിടയില്‍ പടരവേ, അവള്‍ പറഞ്ഞു: ''യേസ് സാര്‍, കോര കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍ അലക്‌സ് കളരിക്കലിന്റെ മകളാണ് - ശ്രദ്ധ കളരിക്കല്‍.''
എന്‍.എസ്സിന്റെ സ്വതവേ വിടര്‍ന്ന കണ്ണുകള്‍ ഒന്നുകൂടി വലുതായി. പ്രസ്സ് ക്ലബ്ബ് ഭാരവാഹികള്‍ ആ ആശ്ചര്യഭാവത്തിലേക്ക് മിഴിച്ചിരുന്നു...

2

അപ്പാര്‍ട്ടുമെന്റിലെ രാത്രി മുഗ്ദ്ധമായിരുന്നു.
''മറിയാ'' ശ്രദ്ധ കളരിക്കല്‍ ഉറക്കെ വിളിച്ചു.
''മ്യാവൂ'' എന്ന മറുവിളിയുമായി മറിയ കടന്നുവന്നു.
''നീ എവിടെയായിരുന്നു ഇതുവരെ?''
അതിനു മറുപടി പറയാതെ, മറിയ ശ്രദ്ധയുടെ മടിയിലേക്കു ഓടിക്കയറി, കൈത്തണ്ടകളില്‍ മൂക്കുരുമ്മി...

പ്രസ്സ് ക്ലബ്ബിലെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍വെച്ചു കിട്ടിയ, മികച്ച പഠിതാവിനുള്ള സ്വര്‍ണ്ണമെഡല്‍ ചുവന്ന റിബ്ബണില്‍ ചുവരിലെ ഫോട്ടോയില്‍ ഞാന്നു കിടന്നു. ആ ഫോട്ടോയിലിരുന്ന്, പുണ്യവതിയും സ്‌നേഹസ്വരൂപിണിയുമായ ഒരമ്മ പുഞ്ചിരി പൊഴിക്കുന്നുണ്ടായിരുന്നു. ത്രേസ്യാമ്മ അലക്‌സ് എന്ന അമ്മച്ചിയെ കണ്ടതായ ഓര്‍മ്മ ശ്രദ്ധയ്ക്കില്ല. അമ്മച്ചി കര്‍ത്താവിലേക്കു ലയിക്കുമ്പോള്‍ അവള്‍ക്ക് ആറുമാസമാണ് പ്രായം... പിന്നീട് കളരിക്കല്‍ തറവാട്ടില്‍ വല്യമ്മച്ചിയുടെ കൂടെയായിരുന്നു... ടെലിവിഷനിലും പത്രങ്ങളിലും എന്നും കാണുന്ന അപ്പന്‍, വല്ലപ്പോഴും മുന്നിലെത്തുമ്പോള്‍ ചോദിക്കും: നിന്റെ പഠിത്തമൊക്കെ നന്നായി പോകുന്നില്ലിയോ? ഫസ്റ്റ് റാങ്ക് കിട്ടത്തില്ലിയോ?

സെന്റ് തെരേസാസില്‍നിന്നു ലിറ്ററേച്ചറില്‍ പിജിയും കഴിഞ്ഞിറങ്ങിയപ്പോഴാണ്, പ്രസ്സ് ക്ലബ്ബില്‍ ജേര്‍ണലിസം കോഴ്സ് തുടങ്ങുന്ന കാര്യമറിഞ്ഞത്. ചുമ്മാ ചേര്‍ന്നു. ബോറടിക്കാതെ സ്വര്‍ണ്ണമെഡലും കിട്ടി...
സ്വര്‍ണ്ണമെഡല്‍ ഫോട്ടോയില്‍ നിന്നെടുത്ത് ശ്രദ്ധ മറിയയുടെ കഴുത്തിലണിയിച്ചു കൊടുത്തു. മറിയ അവളുടെ മുഖത്തെ കുഞ്ചിരോമങ്ങള്‍കൊണ്ട് ശ്രദ്ധയുടെ കവിളുകള്‍ തലോടി... പാല്‍പ്പാട മണമുള്ള കുഞ്ഞുനാവ്‌കൊണ്ട് കിളിച്ചുണ്ടന്‍ മൂക്കില്‍ ചൂടുമ്മ കൊടുത്തു...

3

ഇന്റര്‍വ്യൂവിന് ശ്രദ്ധയടക്കം പന്ത്രണ്ടു പേരുണ്ടായിരുന്നു. ക്യാമറാ ടെസ്റ്റുകൂടി കഴിഞ്ഞപ്പോള്‍ വൈകുന്നേരമായി. ന്യൂസ് എഡിറ്ററുടെ മുറിക്കു പുറത്തെ അവസാന ഫലമറിയാനുള്ള നാലുപേരുടെ കാത്തിരുപ്പ് തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു മണിക്കൂറാകുന്നു... ഒടുവില്‍ കിളിരം കൂടിയ ഒരു ഫുള്‍സ്ലീവ് ഊശാന്താടിക്കാരന്‍ വന്നു വിളിച്ചു: ''ശ്രദ്ധ അലക്‌സ് - അകത്തേയ്ക്ക് പോകൂ...''
ന്യൂസ് എഡിറ്ററുടെ മുറി ഇളം ഓറഞ്ച് നിറത്താല്‍ കമനീയമാക്കപ്പെട്ടിരുന്നു. മേശപ്പുറത്ത് നെയിം ബോര്‍ഡ് തിളങ്ങി: ശ്രീജേഷ് മേനോന്‍.
''ഇരിക്കൂ'' ശ്രീജേഷ് പറഞ്ഞു.
''താങ്ക്സ്.'' ശ്രദ്ധ മേശക്കിപ്പുറത്തെ കസേരകളിലൊന്നില്‍ പതിയെ ഇരുന്നു.
''ഓഡീഷനില്‍ ഫുള്‍മാര്‍ക്ക് കിട്ടിയിട്ടുണ്ടല്ലോ.'' തന്റെ മുന്നിലെ പെര്‍ഫോര്‍മന്‍സ് റിപ്പോര്‍ട്ട് മറിച്ചുകൊണ്ട് ശ്രീജേഷ് പറഞ്ഞു: ''വീ തിങ്ക്, യൂ കാന്‍ ഡൂ ദി ലൈവ് ന്യൂസ് പെര്‍ഫക്ട്ലി.''
''ഐ വില്‍ ട്രൈ സാര്‍'' ശ്രദ്ധ തന്റെ ആത്മവിശ്വാസം മറച്ചുവെച്ചില്ല: ''ഇന്ത്യന്‍ പൊളിറ്റിക്‌സ്, പ്രത്യേകിച്ച് കേരളാ പൊളിറ്റിക്‌സ് ഞാന്‍ നന്നായി ഫോളോ ചെയ്യാറുണ്ട്. കുട്ടിക്കാലം തൊട്ടേ.''
''ഓ- ഐ സീ'' ശ്രീജേഷ് അത്ഭുതപരതന്ത്രനായി. എന്നിട്ട് ഫയലില്‍നിന്ന് ശ്രദ്ധയുടെ ബയോഡേറ്റ എടുത്ത് ഏടുകളില്‍ തിരഞ്ഞു: ''ഓ -ദാറ്റ്സ് ദ മാറ്റര്‍' അയാള്‍ പുഞ്ചിരിച്ചു. ശ്രദ്ധയുടെ മുഖത്തും ചിരി വിടര്‍ന്നു...''

4

റേറ്റിംഗില്‍ തകര്‍ത്തു മുന്നേറുന്ന ആ ന്യൂസ് ചാനലില്‍ ചേര്‍ന്നതിന്റെ പതിനേഴാം ദിവസം, എട്ടുമണിയുടെ ലൈവ് ബുള്ളറ്റിന്‍ അവതരിപ്പിച്ച ശേഷം ശ്രദ്ധ ലോബിയിലേക്കെത്തിയപ്പോള്‍, പുറത്ത് മഴ തകര്‍ക്കുകയായിരുന്നു. സമയം എട്ടര കഴിയുന്നു. ഒന്‍പതു മണിയുടെ പ്രൈം ന്യൂസ് അവറിനുള്ള പാനലിസ്റ്റുകള്‍ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു. ചിലരൊക്കെ നനഞ്ഞും മറ്റു ചിലര്‍ നനവേശാതെ ജ്വലിച്ചും...
സാധാരണ ഡിഫേര്‍ഡ് ലൈവായി അരമണിക്കൂര്‍ മുന്‍പേ റിക്കാര്‍ഡ് ചെയ്തു വെക്കുന്നതാണ് പ്രൈം ന്യൂസ് അവര്‍. ഇന്ന് അതു ശരിക്കും ലൈവായതിനു തക്കതായ കാരണമുണ്ടാകുമല്ലോ എന്നു കരുതവേ, ഒരു എക്കോ സ്പോര്‍ട്ട്സ് ഇരച്ചുവന്നുനിന്നു. അതില്‍നിന്ന് തിടുക്കത്തിലിറങ്ങി അലക്‌സ് കളരിക്കലും അനുചരവൃന്ദവും ശ്രദ്ധയ്ക്കു മുന്നിലൂടെ അകത്തേക്കു നീങ്ങി... ആരോ ചെവിയില്‍ മന്ത്രിച്ചപ്പോഴാണ് അപ്പന്‍ ഒരു കോണിലൊതുങ്ങിനിന്നിരുന്ന മകളെ കണ്ടത്...
''ആഹാ - നീയിറങ്ങിയോ?'' അലക്‌സ് ചോദിച്ചു.
''എട്ടുമണീടെ ബുള്ളറ്റിനായിരുന്നു'' ശ്രദ്ധ പതിയെ പറഞ്ഞു. ''അപ്പച്ചന്റെ ബൈററും പാര്‍ട്ടീടെ വിമതമീറ്റിംഗിന്റെ സ്റ്റോറീം ഞാനിപ്പോ ന്യൂസില് വായിച്ചായിരുന്നു.''
''അതെയോ!'' അലക്‌സ് ഗൗരവം പൂണ്ടു: ''പാര്‍ട്ടീല് ചില പാരകള്... കോരാ സാറ് പോയേപ്പിന്നെ ചില ഇടങ്കോലുകള് - അതാ ഞാന്‍ തന്നെ നേരിട്ട് പാനല്‍ ചര്‍ച്ചയ്ക്ക് വന്നത്.''
അപ്പോഴേക്ക് ന്യൂസ് എഡിറ്റര്‍ ശ്രീജേഷ് മേനോന്‍ പുറത്തെത്തിക്കഴിഞ്ഞിരുന്നു. അയാള്‍ അലക്‌സ് കളരിക്കലിനെ സ്വാഗതം ചെയ്തു: ''വരണം സാര്‍ - ഞങ്ങള്‍ കാത്തിരിക്ക്യാരുന്നു...''
അലക്‌സ് ശ്രദ്ധയെ അഭിമാനപൂര്‍വ്വം ചൂണ്ടിക്കാട്ടി: ''എന്റെ മോളാ.''
''അറിയാം - നൗ ഷീ ഈസ് ദ ജെം ഓഫ് അവര്‍ ടീം'' ശ്രീജേഷ് പറഞ്ഞു. 
ശ്രദ്ധയുടെ ഉള്ളില്‍ ഒരു കുളിരു പാഞ്ഞു... അവള്‍ ശ്രീജേഷിനെ സ്‌നേഹപൂര്‍വ്വം നോക്കി.
''കീപ് ഇറ്റ് അപ്'' അപ്പച്ചന്‍ ശ്രദ്ധയെ തന്നോടടുപ്പിച്ചു നിര്‍ത്തി നെറ്റിയില്‍ ചുണ്ടുചേര്‍ത്ത് അഭിനന്ദിച്ച ശേഷം ശ്രീജേഷിനൊപ്പം അകത്തേക്കു പോയി.
 ശ്രദ്ധ ചാറല്‍ മഴയിലൂടെ തന്റെ പച്ച ഐടണ്‍ ഗ്രാന്റിനു നേരെ നടന്നു...
സ്നേഹമഴയുടെ വിശുദ്ധരാത്രി...

5

''മറിയാ നിനക്കൊരു കാര്യം കേള്‍ക്കണോ.''
ശ്രദ്ധ, കൊത്തുപണികളുള്ള വെള്ളിപ്പാത്രത്തില്‍ ഇളംചൂടുപാലെടുത്ത് മുന്നിലേക്കു വെച്ചു കൊണ്ട് ചോദിച്ചു.
പാല്‍ നുണയുന്നതിനിടയില്‍ മറിയ മുഖമുയര്‍ത്തി നോക്കി.
''ഇന്ന് അപ്പച്ചന്‍ സ്റ്റുഡിയോവില് വന്നപ്പോ എന്നെ ചേര്‍ത്തുപിടിച്ച് നിറുകേല് ഉമ്മവെച്ചു.''


മറിയയുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. വീണ്ടും അവള്‍ പാല്‍ കുടിക്കുന്നതില്‍ ശ്രദ്ധാലുവായി...
ശ്രദ്ധ ടെലിവിഷന്‍ ഓണ്‍ ചെയ്തു. പ്രൈം അവര്‍ ന്യൂസ് ആരംഭിച്ചു കഴിഞ്ഞിരുന്നു. അരനൂറ്റാണ്ടു തികയുന്ന പാര്‍ട്ടിയുടെ പാരമ്പര്യത്തെക്കുറിച്ചു വാചാലനാകുന്ന അലക്‌സ് കളരിക്കല്‍. എതിര്‍പ്പുമായി ചാടിവീഴുന്ന യുവനേതാവ് ജോയി ഇല്ലംപറമ്പില്‍. ഇടപെടുന്ന ന്യൂസ് എഡിറ്റര്‍ ശ്രീജേഷ് മേനോന്‍... വിശകലനവിദഗ്ദ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍... ഇടിയും മിന്നലും... അല്ല, മിന്നലും ഇടിയും...!
ഇപ്പോള്‍ ശ്രദ്ധയുടെ മടിയിലിരുന്ന് മറിയവും ടെലിവിഷന്‍ കാണുകയാണ്.

6

ആ ഞായറാഴ്ച ഉച്ചയ്ക്കുള്ള ബുള്ളറ്റിന്‍ വായിച്ചുകഴിഞ്ഞ് ന്യൂസ് ഡസ്‌ക്കിലെത്തിയപ്പോള്‍, ശ്രദ്ധയെ കാത്ത് ശ്രീജേഷ് മേനോന്‍ നില്‍പ്പുണ്ടായിരുന്നു.
''ഇനിയെന്താ പരിപാടി?'' അയാള്‍ ചോദിച്ചു.
ശ്രദ്ധ ചുമലു കുലുക്കി: ''നത്തിങ് - ഫ്‌ലാറ്റില്‍ പോയി വല്ലതും കഴിച്ച് ചുമ്മാ മൂടിപ്പുതച്ചുറങ്ങണം.''
''എങ്കില്‍ വരൂ'' അയാള്‍ തന്റെ കാബിനകത്തേക്കു നടന്നു. ശ്രദ്ധ അനുഗമിച്ചു.
മുറിയിലെ ഇളം ശൈത്യത്തില്‍, വിഷയം അവതരിപ്പിക്കാന്‍, ശ്രീജേഷ് ഇത്തിരിനേരം തയ്യാറെടുത്തു. കോഴിമുട്ടയുടെ ആകൃതിയിലുള്ള പേപ്പര്‍ വെയ്റ്റ് ഉള്ളം കൈയിലെടുത്ത്, പിന്നെ അത് മേശപ്പുറത്ത് കറക്കിവിട്ടു... കടകട ശബ്ദത്തോടെ അത് കറങ്ങിത്തിരിഞ്ഞു...
''ശ്രദ്ധ ന്യൂസ് റീഡിങ്ങുമായി നന്നായി പൊരുത്തപ്പെട്ടു കഴിഞ്ഞല്ലോ, അല്ലേ?''
''ഉവ്വ്.''
''ഇപ്പോ പ്രൈം അവര്‍ ന്യൂസ് ഞാനും അരുണ്‍ ആനന്ദും മാറി മാറിയല്ലേ അവതരിപ്പിക്കുന്നത്? പാനല്‍ഡിസ്‌കഷന്‍ ലൈവാവുമ്പോ ഒരാള്‍ കൂടി പ്രസന്റേഴ്സ് സീറ്റിലുണ്ടാവുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു'' ശ്രീജേഷ് ഒന്നുനിര്‍ത്തി ശ്രദ്ധയുടെ പ്രതികരണത്തിന് കാത്തു.
''ദാറ്റ് വില്‍ബീ ഡിഫറന്റ് ആള്‍സോ'' ശ്രദ്ധ പറഞ്ഞു : 'പ്രേക്ഷകര്‍ക്കൊരു പുതുമയാവും.''
''യെസ് - എന്റെ കൂടെ ഇനി പ്രൈം അവറില്‍ ശ്രദ്ധ കൂടി ഇരിക്കൂ - വി കാന്‍ എക്സ്പിരിമെന്റിറ്റ്.''
ശ്രദ്ധയുടെ ഉള്ളം തുടിച്ചു. വളരെ പെട്ടെന്നാണീ പ്രമോഷന്‍. അടുത്ത വര്‍ഷമെങ്കിലും പ്രൈംഅവര്‍ കൈകാര്യം ചെയ്യണമെന്ന് മോഹിച്ചിരുന്നു... അല്ലെങ്കില്‍ത്തന്നെ ഏതൊരു ന്യൂസ് റീഡറാണ് പ്രൈംഅവര്‍ലൈവ് മോഹിക്കാത്തത്?
 ''താങ്ക്യൂ സാര്‍'' ശ്രദ്ധ ഉണര്‍ന്നു: ''ഐ ആം റെഡി.''
''കാള്‍ മീ ശ്രീജേഷ്. ഇവിടെ എല്ലാവരും എല്ലാവരെയും പേരു പറഞ്ഞ് തന്നെയാ വിളിക്കുന്നത്.''
''ഓക്കെ.'' ശ്രദ്ധ പതിയെ പറഞ്ഞു: ''ഇറ്റ് വില്‍ ടേക്ക് സം ടൈം ടു ചേഞ്ച്.''
''എങ്കില്‍ വരൂ - വീ കാന്‍ ഹാവ് ലഞ്ച് ടുഗതര്‍'' ശ്രീജേഷ് എഴുന്നേറ്റുകൊണ്ട് ചോദിച്ചു: ''നമുക്ക് ചോള വരെ പോയാലോ?''
''സണ്‍ഡേയ്സ്, ഫ്‌ലാറ്റില്‍ എന്റെ പാചകപരീക്ഷണത്തിന്റെ ദിവസാണ്.'' ശ്രദ്ധ ചിരിച്ചു: ''ഇന്ന് സെഷ്വാന്‍ ബിരിയാണിക്കുള്ള പ്രിപ്പറേഷന്‍ നടത്തിയാ ഞാന്‍ സ്റ്റുഡിയോയിലേക്ക് വന്നത്.''
''അങ്ങനെയെങ്കില്‍ അങ്ങനെ'' ശ്രീജേഷ് കുലുങ്ങിച്ചിരിച്ചു: ''ആ പരീക്ഷണത്തില്‍ ഞാനും ഒരു ഇരയാവാം.''

7

സെഷ്വാന്‍ ബിരിയാണിക്ക് എരിവല്പം കൂടുതലായിരുന്നു. കാശ്മീര്‍ ചില്ലിയുടെ കടുംനിറവും ചിക്കന്‍ മസാലയുടെ നറുഗന്ധവും അതില്‍ നിറഞ്ഞുനിന്നു...
എരിവ് ആസ്വദിച്ച്, ഒരിറക്ക് വെള്ളം കുടിച്ച് സമനില കൈവരിച്ച് ശ്രീജേഷ് ചോദിച്ചു: ''ഈ എരിവ് ജീവിതത്തിലുടനീളമുണ്ടോ?''
''ജീവിതമാവുമ്പോ ഒരിത്തിരി എരിവൊക്കെ വേണ്ടേ?''
ശ്രദ്ധ പ്ലേറ്റില്‍ ഇത്തിരിയെടുത്ത് മറിയക്കു മുന്നിലേക്കു വെച്ചു... പക്ഷേ, അവള്‍ ശ്രദ്ധയെ രൂക്ഷമായി നോക്കുക മാത്രം ചെയ്തു...
''നിനക്കെന്താ വിശപ്പില്ലേ?'' ശ്രദ്ധ മറിയയോടു ചോദിച്ചു...
മറിയ പ്രതികരിച്ചില്ല. അവള്‍ വാരിവലിച്ചു ഭക്ഷിക്കുന്ന ശ്രീജേഷിനെ തുറിച്ചുനോക്കി. അനവസരത്തിലെ അതിഥിയെ മറിയയ്ക്കു പിടിച്ചിട്ടില്ലെന്ന് ഇതിനകം, അവളുടെ അസ്വസ്ഥചലനങ്ങളിലൂടെ ശ്രദ്ധ മനസ്സിലാക്കിയിരുന്നു. ഉള്ളിലൊരു ചിരിപൊട്ടി. വല്ലാത്തൊരു പൊസ്സസ്സീവ്നസ്സു തന്നെ ഇവള്‍ക്ക്...!
''മറിയാ - കഴിക്ക്'' ശ്രദ്ധ അവളുടെ മുഖത്തെ വെളുവെളുത്ത കുഞ്ചിരോമങ്ങള്‍ തലോടി. മറിയ നീരസം പ്രകടിപ്പിച്ചുകൊണ്ടുതന്നെ കസേരയില്‍നിന്ന് ചാടിയിറങ്ങി പുറത്തേക്കു നടന്നു...


''ആകപ്പാടെ ദേഷ്യത്തിലാണല്ലോ'' ശ്രീജേഷ് നന്നെ വെന്ത ഒരു കോഴിക്കാലില്‍ ആക്രമണം നടത്തവേ അഭിപ്രായപ്പെട്ടു.
''അവളിങ്ങനാ - പെട്ടെന്ന് പിണങ്ങും'' ശ്രദ്ധ പറഞ്ഞു. ''തെരേസാസിലെ പി.ജി. ഹോസ്റ്റലില്‍ സിംഗിള്‍ റൂം കിട്ടിയപ്പഴാ ഇവള്‍ എന്റെ ജീവിതത്തിലേക്കു വന്നത്. അപ്പച്ചന്റെ സിസ്റ്ററ് ലില്ലിയാന്റീടെ വീട്ടില് ഗൊരൈറ്റിപ്പൂച്ച പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളിലൊന്നാ ഇവള് - മറിയാ ദി ഗ്രേറ്റ് പേര്‍ഷ്യന്‍ ക്യാറ്റ് - ഇപ്പൊ എന്റെ ഏകാന്തതയകറ്റുന്ന കളിക്കൂട്ടുകാരി.''
''ഒറ്റയ്ക്കായതിന്റെ ഒരു ഫ്രസ്റ്ററേഷന്‍ അവള്‍ക്ക് ഫീല്‍ ചെയ്യുന്നുണ്ടിപ്പോ എന്നു തോന്നുന്നു. ഈ പേര്‍ഷ്യന്‍ ക്യാറ്റ്സിന് മൂന്നുനാലു വയസ്സാവുമ്പോ തന്നെ മേറ്റിംഗ് മൂഡു വരുംന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്'' ശ്രീജേഷ് തന്റെ മാര്‍ജ്ജാരസര്‍വ്വവിജ്ഞാനകോശം തുറന്നുവെച്ചു: ''അതാവും ഈ പൂച്ചപ്പെണ്ണിന്റെ ചെറിയ ചെറിയ നീരസങ്ങള്‍.''
ലഞ്ച് ടേബിള്‍ ഫിനിഷ് ചെയ്ത്, ഹാളിലേക്ക് കടന്ന്, സെറ്റിയില്‍ വന്നിരുന്നു ശ്രീജേഷും ശ്രദ്ധയും. ദൂരെ കമ്പ്യൂട്ടര്‍ ടേബിളിനരികിലായി, ജാലകത്തിലൂടെ കാണാവുന്ന ചായുന്ന പടിഞ്ഞാറന്‍ വെയിലിലേക്ക് കണ്ണുംനട്ടിരിക്കുകയായിരുന്നു മറിയ.
''എന്റെ കുഞ്ഞുനാളിലെ ഫോട്ടോസ് കാണണോ?'' ടീപ്പോയ്ക്കടിയിലെ തട്ടില്‍നിന്ന് വലിയൊരാല്‍ബം തപ്പിയെടുത്ത് ആവേശപൂര്‍വ്വം ശ്രദ്ധ ശ്രീജേഷിന്റെ അരികിലേക്കു നീങ്ങിയിരുന്നു, അയാള്‍ തന്റെ മടിത്തട്ടില്‍ ആല്‍ബം തുറന്നുവെച്ച് പേജുകള്‍ മറിക്കവേ, ശ്രദ്ധ ഓരോന്നായി വിസ്തരിക്കുകയായി...
മറിയ ഇടയ്ക്ക്, അരിശവും ആകാംക്ഷയും അടക്കാനാവാതെ ഇടംകണ്ണിട്ടു നോക്കിയപ്പോള്‍, സെറ്റിയില്‍ ഏതോ ഫോട്ടോയുടെ രസക്കാഴ്ചകളിലേക്ക് വീണുപരക്കുന്ന ശ്രീജേഷിന്റെയും ശ്രദ്ധയുടെയും പൊട്ടിച്ചിരികള്‍... തൊട്ടുരുമ്മലുകള്‍...

8

അനന്തരം സംഭവിച്ചത് : 
തെല്ലുനാണത്തോടെ സന്ധ്യ വന്ന് അപ്പാര്‍ട്ട്മെന്റില്‍ ചുംബിച്ചപ്പോള്‍ ശ്രീജേഷ് യാത്ര പറഞ്ഞിറങ്ങി. വാതില്‍ക്കലോളം ചെന്ന് ശ്രദ്ധ യാത്രയയച്ചു; പോവാതിരുന്നെങ്കില്‍, പോവാതിരുന്നെങ്കില്‍ എന്നു മനസ്സ് മിടിക്കുന്നുണ്ടായിരുന്നെങ്കിലും...! രാത്രി മിന്നാമിനുങ്ങുകളുടേതായിരുന്നു. രണ്ടുമൂന്നു തവണ ശ്രീജേഷിന്റെ ഫോണ്‍ വന്നു. ഒഫീഷ്യലായും അണ്‍ഒഫീഷ്യലായും... ശ്രദ്ധ ഉറക്കം കിട്ടാതെ കിടക്കയില്‍ ചെരിഞ്ഞും മലര്‍ന്നും കിടന്നു... അന്ന് മറിയ കൂടെക്കിടന്നില്ല. അവളുടെ പിണക്കം മാറിയിരുന്നില്ല. ഹാളിന്റെ ഒരു കോണില്‍, വെറും നിലത്ത് അവള്‍ ചുരുണ്ടുകൂടി... പക്ഷേ, അക്കാര്യം ശ്രദ്ധ അറിഞ്ഞതേയില്ല...
രണ്ടുനാള്‍ കഴിഞ്ഞ്, രാത്രി പ്രൈം അവര്‍ ന്യൂസില്‍, ഒരത്ഭുതത്തോടെ പ്രേക്ഷകര്‍ ആ കാഴ്ച കണ്ടു: ഇതിനകം അവരുടെ പ്രിയപ്പെട്ടവളായി മാറിക്കഴിഞ്ഞിരുന്ന ശ്രദ്ധ കളരിക്കല്‍ എന്ന സുന്ദരിയായ ന്യൂഡ് റീഡര്‍, സൂപ്പര്‍ സ്റ്റാര്‍ റീഡര്‍ ശ്രീജേഷ് മേനോനോടൊപ്പം ചേര്‍ന്ന് ഒരു പോരാളിയുടെ വീറോടെ ചര്‍ച്ച നയിക്കുന്നു... പാനലിസ്റ്റുകള്‍ക്ക് ഉരുളക്കുപ്പേരിപോലെ മറുമൊഴികളുതിര്‍ക്കുന്നു. അവര്‍ക്കും നേരെ തീയുണ്ടകള്‍ വര്‍ഷിക്കുന്നു...
അതിനും രണ്ടുനാള്‍ കഴിഞ്ഞ് ശ്രീജേഷിന്റെ ഹോണ്ടാസിറ്റിയില്‍ നഗരഹൃദയത്തില്‍ ചുറ്റിക്കറങ്ങവേ, വലിയ ഒരു പെറ്റ്ഷോപ്പ് കണ്ട് ''നിര്‍ത്ത്, നിര്‍ത്ത്'' എന്ന് ശ്രദ്ധ ഒച്ചവെച്ചു. ശ്രീജേഷ് വണ്ടിയൊതുക്കി.
സാമാന്യം വലിയൊരു പെറ്റ്ഷോപ്പുതന്നെയായിരുന്നു അത്. പുറത്ത് പലവിധത്തിലുള്ള അക്വേറിയങ്ങള്‍. തൊട്ടടുത്ത മുറിയില്‍ നാനാതരം നായ്ക്കുഞ്ഞുങ്ങള്‍ കമ്പിവലക്കൂടുകള്‍ക്കകത്ത് ഓടിക്കളിച്ചു... അതിനെതിര്‍ വശത്തെ കൂടുകളില്‍ ഉരുണ്ടും പിരണ്ടും കളിക്കുന്ന പൂച്ചക്കുഞ്ഞുങ്ങള്‍...
''പേര്‍ഷ്യന്‍ ക്യാറ്റില്‍ മെയിലുണ്ടോ?'' ശ്രദ്ധ, തന്റെ അരികിലെത്തിയ സെയില്‍സ്മാനോട് ചോദിച്ചു.
''ഉണ്ടല്ലോ'' അയാള്‍ അവരിരുവരേയും അകത്തളത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. അതു പല ജനുസ്സുകളിലുള്ള വിദേശികള്‍ക്കു മാത്രമായുള്ള ഒരു വിഭാഗമായിരുന്നു... അപരിചിതരായ ആഗതരെ കണ്ട് ചിലവ മുരണ്ടു തുടങ്ങി. ചിലവ ചിരിച്ചു. മറ്റു ചിലവ നാണം പൂണ്ടു...
''ഡോള്‍ ഫെയ്സ് വേണോ? അതോ പഞ്ച് ഫെയ്സ് വേണോ?''
സെയില്‍സ്മാന്‍ ശ്രദ്ധയ്ക്കു മുന്നില്‍, പൂച്ചകളോരോരുത്തരെയായി ചൂണ്ടിക്കാട്ടി.

''വീട്ടിലുള്ള പെണ്‍പൂച്ചക്ക് മൂന്നു വയസ്സായി'' ശ്രീജേഷ് വിശദീകരിച്ചു: ''അവള്‍ക്ക് ഒരു സ്യൂട്ടബിള്‍ പെയറിനെയാ ഞങ്ങള്‍ നോക്കുന്നത്.''
''അവള്‍ സെമി പഞ്ച് ഫെയ്സാ'' ശ്രദ്ധ പറഞ്ഞു.
''എന്നാ ഇവന്‍ നന്നായി ചേരും'' വെളുപ്പില്‍ ചാരനിറം കലര്‍ന്ന മുഖരോമങ്ങളുള്ള ഒരു തുടുത്ത സെമി പഞ്ച് പേര്‍ഷ്യന്‍ ക്യാറ്റിനെ സെയില്‍സ്മാന്‍ എടുത്തുയര്‍ത്തി: ''ഇവനീ ആഗസ്റ്റില്‍ നാല് വയസ്സ് തികയും.''
കഴുത്തില്‍ തൂക്കിയിട്ടിരുന്ന ബ്രീഡ് ഡീറ്റൈല്‍സ് നോക്കിക്കൊണ്ട് ശ്രദ്ധ അത് ശരിവെച്ചു.

ഇരുപത്തഞ്ചായിരം എന്ന വില ഒട്ടേറെ വാദമുഖങ്ങള്‍ നിരത്തി ഇരുപത്തിമൂന്നായിരമാക്കിയുറപ്പിച്ച്, ശ്രദ്ധ ആണ്‍പൂച്ചയെ കയ്യിലേറ്റു വാങ്ങി. നല്ല ഇണക്കത്തില്‍ അവന്‍ പുതിയ ഉടമസ്ഥയുടെ മാറില്‍ ഒതുങ്ങിയിരുന്നു...
''ആക്‌സസറീസ് കൂടി വാങ്ങുന്നതല്ലേ നല്ലത്'' ശ്രീജേഷ് ചിരിച്ചുകൊണ്ട് ചോദിച്ചു: ''മറിയയും ഇവനും ഇനിയൊരു കുടുംബജീവിതമാരംഭിക്കുമ്പോ, ഒരു കിടക്കയും ടോയ്ലറ്റ് ടബ്ബും ഒക്കെ വാങ്ങിക്കണ്ടേ?''
ശ്രദ്ധയും അതോര്‍ത്തു. അങ്ങനെ പെറ്റ് ഷോപ്പിന്റെ മറ്റൊരു വശത്തുള്ള പെറ്റ്സ് ഫാമിലി സെക്ഷനില്‍നിന്ന് കിടക്കയും പിഞ്ഞാണങ്ങളും ടോയ്ലറ്റ് കിറ്റും സോപ്പും ബ്രഷുമൊക്കെ വാങ്ങാനായി അവള്‍ ശ്രീജേഷിനൊപ്പം നീങ്ങി...

9

ഒരു യുദ്ധക്കളം പോലെയായിരുന്നു ഡ്രോയിംഗ് ഹാള്‍.... ശ്രദ്ധ വാതില്‍ തുറന്നകത്തുകയറിയപാടെ, ഡൈനിങ്ങ് ടേബിളിനടുത്ത് ചുരുണ്ടുകിടക്കുകയായിരുന്ന മറിയ ചാടിയെഴുന്നേറ്റു. ശ്രദ്ധയുടെ കയ്യില്‍ തന്നെപ്പോലെ വേറൊരാളെ കണ്ട് അവള്‍ മുരണ്ടു. എന്നിട്ട് പിറകോട്ടു പിറകോട്ടു മാറി... അലങ്കാരപ്പാത്രങ്ങളില്‍ ചിലത് തട്ടിമറിഞ്ഞു വീണുപൊട്ടി
''മറിയാ'' ശ്രദ്ധ വിളിച്ചു: ''ഇത് നിനക്കുള്ള ഫ്രണ്ടാ- ഇവനെ നമുക്ക് സെബാസ്റ്റ്യന്‍ എന്നു വിളിച്ചാലോ - സെബാന്‍ - നല്ല പേരല്ലേ - ഇങ്ങോട്ട് വരുമ്പോ മുഴുവന്‍ ഞാനും ശ്രീജേഷും ആ പേരാലോചിച്ച് തീരുമാനിക്ക്വാരുന്നു.''
ശ്രദ്ധ സെബാനെ പതുക്കെ താഴെ വച്ചു. ഒരാപല്‍ഭീതിയോടെ അവന്‍ മറിയയെ നോക്കി. മറിയ രൂക്ഷമായ കണ്ണുരുട്ടലോടെ പിറകോട്ട് പിറകോട്ട് മാറുകയും ഒറ്റക്കുതിപ്പിന്, ഡ്രോയിങ് ഹാളിനോരത്തെ രണ്ടാള്‍പൊക്കമുള്ള ക്രോക്കറി ഷെല്‍ഫിന് മുകളിലേക്കെത്തുകയും ചെയ്തു. ശ്രദ്ധ അന്തംവിട്ട് മുകളിലേക്കു നോക്കിനിന്നുപോയി. എന്തൊരു കുതിപ്പാണിത്?
താഴെ നിലത്ത് സെബാന്‍ ശാന്തനായി കിടന്നു. ഇടയ്ക്ക് കൈകള്‍ നക്കിത്തോര്‍ത്തി... ശ്രദ്ധ പലവട്ടം ''മറിയാ, മറിയാ'' എന്ന് വിളിച്ചിട്ടും മറിയ തിരിഞ്ഞുനോക്കിയില്ല. കിച്ചനില്‍ച്ചെന്ന് പാലെടുത്ത് കൊണ്ടുവന്ന് വെച്ചിട്ടും അവള്‍ മുകള്‍ത്തട്ടില്‍നിന്ന് താഴെയിറങ്ങിയില്ല... തനിക്കു കിട്ടിയ പാല്‍ സെബാന്‍ കുടിച്ചു...

ഉയരങ്ങളിലെ നിരാഹാരസമരം രണ്ടുനാള്‍ മറിയ തുടര്‍ന്നപ്പോഴേക്കും ശ്രദ്ധ തളര്‍ന്നു. ഭൂമിയിലും ആകാശത്തുമായി സെബാനും മറിയയും ഇരിപ്പു തുടര്‍ന്നു... ഒന്നും കഴിക്കാത്തതിനാല്‍ മറിയ ക്ഷീണിച്ചവശയായി... സ്റ്റുഡിയോയില്‍ വിളിച്ച് അവധി പറഞ്ഞ് ശ്രദ്ധ കട്ടിലില്‍ കയറിക്കിടന്നു. നൂറ്റിനാല് ഡിഗ്രി പനിയില്‍ അവള്‍ തപിച്ചു, തളര്‍ന്നു...

10

സെബാനെ പെറ്റ്ഷോപ്പില്‍ത്തന്നെ കൊണ്ടുപോയാക്കി ശ്രദ്ധ പറഞ്ഞു: ''വീട്ടിലുള്ള കക്ഷി ഇവനോടിണങ്ങുന്നില്ല... സോറി...''
സെയില്‍സ്മാന്‍ പറഞ്ഞു: ''ഒരിക്കല്‍ വിറ്റവയെ തിരിച്ചെടുക്കാറില്ല ഇവിടെ - എങ്കിലും തല്‍ക്കാലം ഇവിടെ വച്ചേക്കു - ആരെങ്കിലും പുതിയ ആവശ്യക്കാര്‍ വരികയാണെങ്കില്‍, കിട്ടുന്ന വില തിരിച്ചു തരാന്‍ നോക്കാം.''
അതൊന്നും ശ്രദ്ധയ്ക്ക് കേള്‍ക്കണമായിരുന്നില്ല... സെബാനെ തിരിഞ്ഞുപോലും നോക്കാതെ അവള്‍ പടിയിറങ്ങി...


മൊബൈലില്‍ ശ്രീജേഷ് മേനോന്റെ നമ്പരുകള്‍ പലവട്ടം തെളിഞ്ഞു. ഓരോ തവണയും ശ്രദ്ധ ഫോണ്‍ കട്ട് ചെയ്തു... സായാഹ്ന സൂര്യന്‍ കാറിനൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നു...
ലിഫ്റ്റിറങ്ങി, ഫ്‌ലാറ്റ് തുറന്ന്, ശ്രദ്ധ ഷെല്‍ഫിനു മുകളിലേക്കു നോക്കി. അവിടെ മറിയയില്ല എന്നുകണ്ട് പരിഭ്രാന്തയായി. അപ്പോള്‍ ബെഡ്റൂമില്‍ നിന്ന് ''മ്യാവൂ' എന്നു കരഞ്ഞ് അവള്‍ വന്നു..
ഒരാവേശത്തില്‍ ശ്രദ്ധ മറിയയെ കോരിയെടുത്ത് തുരുതുരാ ഉമ്മവെച്ചു... അവരിരുവരുടെയും കണ്ണീര് ഒന്നായി പരന്നു... 

11

ഈ കഥ ഇവ്വിധം ഉപസംഹരിച്ചുകൊള്ളട്ടെ: ...അപ്പോള്‍ ചാനലുകളായ ചാനലുകളിലെല്ലാം ഫ്ളാഷ് ന്യൂസ് ചീറിപ്പടരുകയായിരുന്നു: കോര കോണ്‍ഗ്രസ്സ് പിളര്‍പ്പിലേക്ക്... കോരസ്സാറിന്റെ മകന്‍ ജോര്‍ജ്കുട്ടി പുതിയ ചെയര്‍മാന്‍... അലക്സ് കളരിക്കലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി... സംസ്ഥാന രാഷ്ട്രീയം പ്രതിസന്ധിയിലേക്ക്... രാത്രിയിലെ പ്രൈംഅവര്‍ ന്യൂസിലെ ചൂടുപിടിച്ച ചര്‍ച്ചയില്‍ ഇരുവിഭാഗവും ബഹളമുണ്ടാക്കി കൊമ്പുകോര്‍ത്തു. അത് നിയന്ത്രിക്കുവാന്‍ ശ്രീജേഷ് മേനോന്‍ തനിയെ നന്നായി പാടുപെട്ടു.. ശ്രദ്ധ ടെലിവിഷന്‍ തുറന്നതേയില്ല. അവള്‍ മറിയയ്ക്ക് സദ്കഥാസഹസ്രമാലികയിലെ സ്നേഹപാശം അഥവാ പ്രണയശാപം എന്ന ആദ്യ കഥ വിസ്തരിച്ചുകൊണ്ട് രാത്രിയെ താണ്ടി. ശ്രദ്ധയുടെ മടിയില്‍ മറിയ ചെവികൂര്‍പ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com