'എനിക്ക് സ്‌ട്രോബെറി ഇഷ്ടമാണ്'- സി.വി. ബാലകൃഷ്ണന്‍ എഴുതിയ കഥ

ഒരു സ്‌ട്രോബെറി കര്‍ഷകന്‍ സ്‌ട്രോബെറി ഇഷ്ടമാണെന്നു വിളിച്ചുപറയേണ്ടതില്ലെങ്കിലും ഞാന്‍ പറയട്ടെ: എനിക്ക് സ്‌ട്രോബെറി ഇഷ്ടമാണ്
'എനിക്ക് സ്‌ട്രോബെറി ഇഷ്ടമാണ്'- സി.വി. ബാലകൃഷ്ണന്‍ എഴുതിയ കഥ

രു സ്‌ട്രോബെറി കര്‍ഷകന്‍ സ്‌ട്രോബെറി ഇഷ്ടമാണെന്നു വിളിച്ചുപറയേണ്ടതില്ലെങ്കിലും ഞാന്‍ പറയട്ടെ: എനിക്ക് സ്‌ട്രോബെറി ഇഷ്ടമാണ്.

രാവിലെ (മഞ്ഞുണ്ടായാലും ശരി, ഇല്ലെന്നു വരികിലും ശരി) പാടത്തേയ്ക്കു ചെല്ലുമ്പോള്‍ മൂപ്പെത്തിയ പഴങ്ങളുടെ വിശേഷവിധിയായ നറുമണവും ജ്വലിക്കുന്ന ശോണിമയും ചാറുനിറഞ്ഞ വടിവും മധുരതരമായ അവസ്ഥയും എത്രത്തോളം ആഹ്ലാദജനകമാണെന്ന് വിവരിക്കാനാവില്ല. എല്ലാടവും പരന്ന സൗരഭ്യസാരത്തിലൂടെ ഒരു കാറ്റിനെപ്പോലെ ഞാന്‍ നീങ്ങും. ചെറുപഴങ്ങളില്‍ ഒന്നുപോലും തിന്നാതെ പഴസത്ത് ഉള്ളിലേയ്ക്ക് കിനിഞ്ഞിറങ്ങും. പാട്ട് മൂളണമെന്നും ചൂളംകുത്തണമെന്നുമൊക്കെ തോന്നും.
പാടത്ത് പണി ഒരുപാടുണ്ട്. പാട്ട് മൂളിയോ ചൂളം കുത്തിയോ വെറുതെ ചുറ്റിനടക്കാനൊന്നും ഇട കിട്ടില്ല. ഏതൊക്കെ സസ്യനാശകങ്ങളായ പ്രാണികളും കുമിളുകളുമാണ് ചെടികളിലെന്ന് കണ്ടെത്തുകയാണ് പ്രധാനം. അതിന് ഓരോ ചെടിയും നിരീക്ഷിക്കണം; സൂക്ഷ്മമായിത്തന്നെ. ശലഭങ്ങളും ഒച്ചുകളെപ്പോലെ സാവധാനത്തില്‍ ചലിക്കുന്ന സ്ലഗ്ഗുകളും കറുത്ത പ്രാണികളും കരിഞ്ചെള്ളുകളും ചാഴികളും മറ്റനേകം ജീവികളും സ്‌ട്രോബെറിച്ചെടികളെ കാര്‍ന്നുതിന്നാനെത്തും. ലോലമായ വള്ളികളിലും ഇലകളിലും രോഗകാരികളായ കുമിളുകള്‍ പടരും. എന്റെ സ്‌ട്രോബെറി ചെടികള്‍ എന്തു പാവങ്ങളാണ്! അവയോടും ക്രൂരത!

അങ്ങനെയോര്‍ത്ത് ഞാന്‍ കീടങ്ങളേയും കുമിളുകളേയും ശപിക്കും. ചെടികളെ തൊട്ടും തടവിയും അവയ്ക്കു ഞാനുണ്ടെന്നു ധൈര്യം പകരും. അതോടെ അവയുടെ മ്ലാനത മാറും. ഇലകളുടെ പച്ചയും ചെറുപഴങ്ങളുടെ ചുവപ്പും കുറേക്കൂടി ഗാഢമാകും. പഴസത്തിനു മാധുര്യമേറും.
സ്‌ട്രോബെറിച്ചെടികള്‍ക്ക് കാലാവസ്ഥാ വ്യതിയാനങ്ങളെക്കൂടി അതിജീവിക്കേണ്ടതുണ്ട്. കൊടുംചൂട് അവയെ തളര്‍ത്തും. അത്യധികമായ തണുപ്പും അവയ്ക്കു താങ്ങാനാവില്ല. ഋതുക്കളാണെങ്കില്‍ മാറിക്കൊണ്ടിരിക്കും. അപ്പോഴും ഞാന്‍ തന്നെ വേണം എന്റെ പാവം ചെടികളെ ആശ്വസിപ്പിക്കാന്‍. ഞാനവയോട് പേര്‍ത്തും പേര്‍ത്തും പറയും: ''മാറും, കാലം മാറും.''

എന്നും നനയ്ക്കുമ്പോള്‍ വേരുകള്‍ മാത്രമേ നനയാവൂ. ഇലകളില്‍ വെള്ളം പതിക്കാതെ നോക്കണം. ഇലകള്‍ നനഞ്ഞുവെങ്കില്‍ ഫംഗസ് ബാധ ഉറപ്പ്. അതിനാല്‍ വളരെ ശ്രദ്ധിച്ചാണ് ഞാന്‍ ചെടികള്‍ നനയ്ക്കുക.
പഴങ്ങളുടെ സുഗന്ധമറിഞ്ഞുകൊണ്ട് ചെടികള്‍ നനയ്ക്കുകയായിരുന്ന ഞാന്‍ പൊടുന്നനവെ ഒരു നടുക്കത്തിലായി. ചെടികള്‍ക്കിടയില്‍ ഒരു ആള്‍രൂപം. മണ്ണില്‍ വീണുകിടപ്പാണ്. ഉറക്കത്തിലാണോ മരിച്ചതാണോയെന്ന് ഒറ്റനോട്ടത്തില്‍ തീര്‍ച്ചപ്പെടുത്താനായില്ല. അതിന്റെ അങ്കലാപ്പില്‍ കുറെ ഇലകളെങ്കിലും നനഞ്ഞിരിക്കണം. ഞാനൊരു പിടച്ചിലോടെ ചെന്ന് ടാപ്പ് ഓഫ് ചെയ്തു. വീണ്ടും അതേ സ്ഥലത്തേയ്ക്ക് ഓടിച്ചെന്നു.
കുനിഞ്ഞിരുന്നു സൂക്ഷ്മമായി നോക്കിയപ്പോള്‍ ആശ്വാസമായി. ജഡമല്ല.
പട്ടുകണക്കെ തിളങ്ങുന്ന നീട്ടിവളര്‍ത്തിയ മുടി മുഖം ഏതാണ്ട് മറച്ചിരുന്നു. ഒരു വശം ചരിഞ്ഞാണ് കിടപ്പ്. വലതുകരം തലയണപോലെ മടക്കിവെച്ചിട്ടുണ്ട്. ശ്വാസോച്ഛ്വാസത്തിന്റെ താളത്തില്‍ നെഞ്ച് മെല്ലെ ഉയര്‍ന്നുതാഴുന്നു. നിശ്വാസവായുവിന് സ്‌ട്രോബെറിയുടെ പരിമളം.

ഞാന്‍ സ്‌ട്രോബെറി മോഷ്ടാവിന്റെ മുടി പതുക്കെ നീക്കി. അവന്റെ കവിള്‍ത്തടം അതിമൃദുവായിരുന്നു. പാതിരിപ്പൂവിന്റെ നിറമുള്ള ചുണ്ടുകള്‍ക്കു മീതെയും താടിയിലും കുനുരോമങ്ങള്‍ പൊടിച്ചുനിന്നു. പരസ്പരം ചേര്‍ന്ന കണ്‍പോളകള്‍. ഇളം കറുപ്പായ പുരികങ്ങള്‍. ഞാന്‍ അവയൊക്കെയും  ആശ്ചര്യാതിരേകത്തോടെ നോക്കിക്കാണുമ്പോള്‍ നിനച്ചിരിക്കാതെ, അവന്റെ കണ്‍പോളകളിളകി. ഏതോ മനോഹരമായ കിനാവില്‍നിന്നും ഉണരുകയാണെന്നോണം അവന്‍ കണ്ണുകള്‍ തുറന്നു.

''നീ മരിച്ചുവെന്നാണ് ഞാന്‍ കരുതിയത്.'' ഞാന്‍ പറഞ്ഞു.
''മരിച്ചവര്‍ മോഷ്ടിക്കില്ല.'' അവന്‍ പറഞ്ഞു. അവന്റെ ശബ്ദം കര്‍ണ്ണാമൃതമായിരുന്നു. അതില്‍ ചെറ്റ് കുസൃതി കലര്‍ന്നിരുന്നു.
''അപ്പോള്‍ നീ മോഷ്ടിക്കാനായിത്തന്നെ ഇറങ്ങിയതാണ്, അല്ലേ?'' ഞാന്‍ ചോദിച്ചു.
അതിനു മറുപടി പറയാതെ അവന്‍ എഴുന്നേറ്റിരുന്നു; കാമ്യമായ ഒരു ചിരിയോടെ. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. അവന് നുണക്കുഴികളുണ്ടായിരുന്നു. അത്രയും നേരം അവ വെളിപ്പെടാതെ മറഞ്ഞിരിക്കുകയായിരുന്നു.

ഞാന്‍ പിന്നീട് ചെയ്തത് സ്‌ട്രോബെറിച്ചെടികള്‍ക്കിടയിലൂടെ ചെറിയൊരു മുളംകൂടയുമായി നടന്ന് ഏറ്റവും തിളക്കമുള്ള പഴങ്ങള്‍ ശേഖരിക്കുകയാണ്. ഏതാണ്ട് നിറഞ്ഞുവെന്നായപ്പോള്‍ ഞാന്‍ അവന്റെ അടുത്തേയ്ക്കു നടന്നുചെന്നു. അവന്‍ അതേ ഇരിപ്പായിരുന്നു. ഒരുപക്ഷേ, സംഭവിക്കുന്നത് അവന്‍ പ്രതീക്ഷിക്കുന്നതുതന്നെയാണ്. ഞാന്‍ കൂട അവന്റെ നേര്‍ക്കു നീട്ടി. നന്ദിവാക്ക് ഉരിയാടാതെ അവനത് കൈക്കൊണ്ടു. പിന്നെ ഒന്നൊന്നായി സ്‌ട്രോബെറി തിന്നുകയായി.
ഒരാള്‍ സ്‌ട്രോബെറി തിന്നുന്നത്, അതും സുഭഗനായ ഒരു ചെറുപ്പക്കാരന്‍, എന്തൊരു മനോഹരമായ കാഴ്ചയാണെന്നു ഞാന്‍ മനസ്സിലോര്‍ത്തു. അതിനു മുന്‍പൊരിക്കലും ഞാനത് കണ്ടിട്ടില്ല. ഇനി അഥവാ കണ്ടിട്ടുണ്ടെങ്കില്‍ത്തന്നെ ഗൗരവപൂര്‍വ്വം പരിഗണിച്ചിട്ടില്ല.

''നിന്റെ പേരെന്താണ്?'' അവന്റെയടുത്തിരുന്നു ഞാന്‍ ചോദിച്ചു.
''റോബിന്‍'' അവന്‍ പറഞ്ഞു. ഞാനത് ചെവിക്കൊണ്ടു. അവന്‍ എന്റെ മുഖത്തേയ്ക്കു നോക്കിയില്ല. പക്ഷേ, എന്റെ കണ്ണുകള്‍ അവന്റെ മുഖത്തിനു നേര്‍ക്കായിരുന്നു. നെറ്റിയിലേയ്ക്കു വീണ മുടിയും അധികം കറുപ്പില്ലാത്ത പുരികങ്ങളും ചേലൊത്ത നേത്രങ്ങളും വടിവുറ്റ നാസികയും ചുവന്ന ചുണ്ടുകളും എന്റെ കണ്ണുകളില്‍ പ്രതിഫലിച്ചു. ഓരോ പ്രതിഫലനവും കല്ലില്‍ കൊത്തിയതുപോലെ ദൃഢമായി. അതോടൊപ്പം ഞാന്‍ ഈയൊരു ശരീരത്തിനും മനസ്സിനും ഉള്‍ക്കൊള്ളാന്‍ പറ്റാത്തത്രയും അപാരമായ താല്പര്യാതിശയവുമറിഞ്ഞു. നിയന്ത്രണവിധേയമല്ലാത്ത വികാരപ്പകര്‍ച്ചയില്‍ ഞാന്‍ നടുങ്ങി.

''എന്തേ?'' റോബിന്‍ ആരാഞ്ഞു.
എനിക്കത് വിശദീകരിക്കാന്‍ ആവുമായിരുന്നില്ല. അതിനുള്ള സാവകാശം ഉണ്ടായിരുന്നില്ലതാനും. അപ്പോഴേയ്ക്കും അകമേനിന്ന് ഒരു വന്‍തിര കണക്കേ തള്ളിവന്ന പ്രാണസഖ്യതയോടെ അവന്റെ മാര്‍ദ്ദവമേറിയ കവിള്‍ രണ്ടും കൈത്തലങ്ങളിലൊതുക്കി സ്‌ട്രോബെറി പഴങ്ങളുടെ ചാറ് പുരണ്ട അധരങ്ങളില്‍ മുറുകെ ചുംബിച്ചു.

പിടഞ്ഞുംകൊണ്ട്  അവനെന്നെ ഉറ്റുനോക്കി. രണ്ടാമത്തെ ചുംബനത്തിനും അതേത്തുടര്‍ന്നുള്ള അനേകമനേകം ചുംബനങ്ങള്‍ക്കും മുന്‍പായി ഞാന്‍ അവനോടു മന്ത്രിച്ചു:
''എന്റെ ഈ സ്‌ട്രോബെറി പാടം ഇനിമേല്‍ നിന്റേതുകൂടിയാണ്. ഇവിടംവിട്ട് നീയിനി എങ്ങും പോവില്ല.''
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com