'മരണത്തുരുമ്പ്'- മജീദ് സെയ്ദ് എഴുതിയ കഥ

''ശശി സാറെ വണ്ടിയൊന്ന് സൈഡാക്കണെ. ഒരുത്തന്‍ കാഞ്ഞുപോയെന്നാ തോന്നണെ. ഒരനക്കോം കാണുന്നില്ല.'' റൈട്ടര്‍ സാബു ശ്വാസക്കുഴലില്‍ കുരുങ്ങിപ്പോയ വാക്കുകളെ ഒരു വിധേന തള്ളിയിറക്കി ജീപ്പിന്റെ പിന്നിലിരുന്ന് കിതച്
'മരണത്തുരുമ്പ്'- മജീദ് സെയ്ദ് എഴുതിയ കഥ


''ശശി സാറെ വണ്ടിയൊന്ന് സൈഡാക്കണെ. ഒരുത്തന്‍ കാഞ്ഞുപോയെന്നാ തോന്നണെ. ഒരനക്കോം കാണുന്നില്ല.'' റൈട്ടര്‍ സാബു ശ്വാസക്കുഴലില്‍ കുരുങ്ങിപ്പോയ വാക്കുകളെ ഒരു വിധേന തള്ളിയിറക്കി ജീപ്പിന്റെ പിന്നിലിരുന്ന് കിതച്ചു.
അത് കേട്ട് പരിഭ്രാന്തപ്പെട്ട ജനമൈത്രി പൊലീസിന്റെ ജീപ്പ്, ബീച്ച് റോഡിലേയ്ക്കുള്ള തിരിവില്‍ നെഞ്ച് പതഞ്ഞുനിന്നു.

ജീപ്പില്‍നിന്നുമുയര്‍ന്ന നിലവിളി, പകച്ചുപോയ കടലിരുട്ട് അപ്പാടെ പൊത്തിക്കളഞ്ഞു.
ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ വോയ്സ് ക്ലിപ്പിട്ട് കൊണ്ടിരുന്ന എസ്.ഐ. കിഷോര്‍ മരവിച്ചുപോയി. നിരത്തില്‍ വലിയ തിരക്കില്ല. നിഗൂഢമായ ഇരുട്ടിന്റെ ചുണ്ടില്‍ രമിച്ചൂറി സ്ഖലിച്ച ഉപ്പ് ചുവയന്‍ കാറ്റ് ഉടല് നനച്ച് ശുദ്ധിയാകാന്‍ കടലിലേക്കിറങ്ങി.

വെപ്രാളം പൂണ്ട എസ്.ഐ. പിന്നിലേയ്ക്ക് മൊബൈല്‍ തെളിച്ചു അരണ്ട പ്രകാശനൂല്‍ നീട്ടി. സീറ്റിനടിയിലേയ്ക്ക് ചവിട്ടിത്തിരുകിയ 'മാരിമുത്തു' കണ്ണ് തുറിച്ച് വായ പിളര്‍ന്നു കിടക്കുന്നു. ആറ് കാക്കിത്തൂണുകളുടെ ഇടയില്‍ ഒഴുകിയിറങ്ങിയ നുരയും പതയും. മാരിമുത്തിന്റെ അനിയന്‍ മാണിക്യന്‍ ബസ്സ്റ്റാന്‍ഡില്‍നിന്നും സംശയാസ്പദമായി പൊക്കപ്പെട്ട ബംഗാളിയായ ഘോഷ് റാമിന്റെ കരവലയത്തില്‍ പേടിച്ച് ചുരുണ്ടിരുന്നു. മാണിക്യന്‍ ഊമയായിരുന്നു.

അവന്റെ മൂക്കില്‍നിന്നും മൂക്കള വെള്ളയൊച്ചായി ഒലിച്ചിറങ്ങി. എലിക്കെണിയുടെ മൂലക്കലെന്നപോലെ സീറ്റിനടിയിലെ വിടവിലേയ്ക്ക് മാണക്യന്റെ ഏങ്ങലടി അള്ളിക്കയറി.
ഏത് എരണം കെട്ട നേരത്താണ് ഈ പുലിവാല് ചുറ്റിയതെന്ന് ഒരു നിമിഷം അയാളോര്‍ത്തു. മോളീന്നുള്ളവരുടെ ഓര്‍ഡറല്ലെ, കിട്ടിയപ്പോത്തന്നെ രണ്ടിനിട്ടും ഓരോന്ന് പൊട്ടിച്ചാണ് കയറ്റിയത്. ഓടുന്ന ജീപ്പിലിരുന്ന് പിന്നിലുള്ള മൂന്ന് പൊലീസുകാരും പെരുക്കുന്നുണ്ടായിരുന്നു. നിലവിളി ഉച്ചത്തിലായപ്പോള്‍ താനാണ് വായ പൊത്താന്‍ സാബുവിനോട് പറഞ്ഞത്. എസ്.ഐ. കിഷോറിന്റെ ഉള്ളാന്തല്‍ വിയര്‍പ്പില്‍ കുഴഞ്ഞു.

അല്പായുസ്സായ ഒരു നിമിഷത്തെ മൗനത്തില്‍ തങ്ങി അവര്‍ പരസ്പരം നോക്കി. പിന്നിലേയ്ക്ക് തിരിഞ്ഞിരുന്ന് നാഡി പിടിച്ചും മൂക്കില്‍ വിരല്‍ ചേര്‍ത്തും മരണമുറപ്പിച്ച ഡ്രൈവര്‍ ശശിയുടെ പരവേശപ്പെട്ട നിലവിളിയാണ് നിശ്ശബ്ദതയില്‍നിന്നുമവരെ ഉണര്‍ത്തിയത്.
ശശിധരന്‍ എസ്.ഐ. കിഷോറിന്റെ കാക്കിയുടുപ്പില്‍ പിടിച്ചുലച്ചു.
''ഇപ്പോ മതിയായോടാ മഹാപാപി നിനക്ക്.''
കിഷോറയാളുടെ കൈകള്‍ തട്ടിയകറ്റി പുറത്തേയ്ക്കിറങ്ങി മറുവശത്തേയ്ക്ക് വന്നു.
എന്നിട്ട് അയാള്‍ എസ്.പിയെ ഫോണില്‍ വിളിച്ചു.
''സര്‍, ഒരു കയ്യബദ്ധം... ആ പാണ്ടിച്ചെക്കന്മാരിലൊരെണ്ണം തീര്‍ന്നു. ഞങ്ങള്‍ വഴിയിലാണ്. ഇതുവരെ സ്റ്റേഷനില്‍ എത്തിയിട്ടില്ല.''
അയാളുടെ ശ്വാസമിടിപ്പ് ക്രമാതീതമായി ഉയര്‍ന്നുതാണു.

''റാസ്‌കല്‍, തന്നോടാരാടോ ഇച്ചിരിയില്ലാത്ത കുഞ്ഞുങ്ങളെ തല്ലാന്‍ പറഞ്ഞത്. ഇതും പറഞ്ഞ് ഇനി എന്നെ വിളിക്കണ്ട. ഞാനായിട്ട് ഇത് ആരോടും പറയുന്നില്ല. ഉണ്ടാക്കിവെച്ച പൊല്ലാപ്പ് തന്നത്താന്‍ തീര്‍ത്തോണം. പുറത്തറിഞ്ഞാ പിന്നെ വരുന്നതെന്താന്ന് വെച്ചാ താനും തന്റെ പൊലീസുകാരും അനുഭവിച്ചോളണം.'' 
അയാള്‍ ഫോണ്‍ കട്ട് ചെയ്തു. എസ്.പി. കൈ കഴുകിയെന്ന് കിഷോറിനു മനസ്സിലായി.
ഡ്രൈവിംഗ് സീറ്റില്‍നിന്നും ശശിധരനെ മാറ്റി അയാള്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു. രാത്രിയുടെ തുള്ളിയുറഞ്ഞ ഉള്‍ക്കനത്തിലേയ്ക്ക് വെളിച്ചം കുത്തിയിറക്കി ജീപ്പ് വീണ്ടും പരക്കംപാഞ്ഞു.
നഗരമാലിന്യം തള്ളുന്ന വിജനമായ കുപ്പക്കോളനി റോഡിലൂടെ ഓടിയപ്പോള്‍ വണ്ടിക്കുള്ളിലേയ്ക്ക് തള്ളിക്കയറിയ വെടക്ക് മണത്തില്‍ മാണിക്യന്റെ മൂക്കുകള്‍ വിടര്‍ന്നു. മരിച്ചു കിടക്കുന്ന മാരിമുത്തിനെ തോണ്ടിയവന്‍ ദൂരെ അഴുക്ക് തോടിന്റെ കരയിലെ അവരുടെ തകരക്കുടി ചൂണ്ടിക്കാണിച്ചു. പക്ഷേ, അവന്റെ ചലിക്കാത്ത കണ്ണില്‍ കേറിയിറങ്ങിയ ഇരുളും വെളിച്ചവും ആ കാഴ്ച കൊരുത്തെടുക്കാനാവാതെ നിരാശപ്പെട്ടു മടങ്ങി.

മാണിക്യന്‍ കുപ്പക്കോളനിയുടെ അളിഞ്ഞ വെട്ടത്തിലേയ്ക്ക് കണ്ണെറിഞ്ഞ് ശബ്ദമില്ലാതെ പുലമ്പി. താങ്ങുംതണലുമില്ലാത്ത അവരെപ്പോലെ ജീവിതത്തിന്റെ മറുപുറത്ത് കുത്തിയും ചാരിയും നിര്‍ത്തപ്പെട്ട ഒറ്റമുറി തകരക്കൂടിനുള്ളില്‍ കിടപ്പിലാണ് അവരുടെ അമ്മാ സുഗന്ധി.
തലയ്ക്കലിരുന്ന് നിര്‍ത്താതെ പാടുന്ന എഫ്.എം. റേഡിയോയില്‍നിന്നു കാതുകള്‍ പറിച്ച് കുട്ടികളുടെ വരവൊച്ചയ്ക്ക് വേണ്ടി സുഗന്ധിയുടെ കാതുകള്‍ ഇരുട്ടിലപ്പോള്‍ കൂര്‍ത്തിരിപ്പുണ്ടായിരുന്നു. പാണ്ടി ഷാജിയുടെ കച്ചറക്കടയില്‍നിന്നു കിട്ടിയ കാലൊടിഞ്ഞ ഇരുമ്പ് കട്ടില്‍ നന്നാക്കിയെടുത്ത് അതിലാണവര്‍ അവരുടെ അമ്മായെ കിടത്തിയിട്ടുള്ളത്.

തിരിയാനും മറിയാനും നിരങ്ങിയേന്തി ചാരിയിരിക്കാനുമുള്ള ആവത് അവള്‍ക്കുണ്ട്.
ആറു മണിയായിട്ടും മക്കളെ കാണാതാവുമ്പോള്‍ ഇന്നു പുതിയ വിജയ് പടം ഇറങ്ങിയിട്ടുണ്ടാകുമെന്ന് അവള്‍ പതിവ് വിചാരിക്കും... പക്ഷേ, ഇന്നെന്തോ അങ്ങനെ വിചാരിക്കാന്‍ അവള്‍ക്ക് ആവുന്നില്ല. രാവിലത്തേക്കും ഉച്ചത്തേക്കുമുള്ള പച്ചരിക്കഞ്ഞിയും തക്കാളിച്ചമ്മന്തിയും ഉണ്ടാക്കി സുഗന്ധിയുടെ തലക്കും പാകത്ത് വെച്ചിട്ടാണ് അവര്‍ പെറുക്കാന്‍ പോകുന്നത്. കഞ്ഞി ഉച്ചസമയത്ത് അവളെടുത്ത് കുടിക്കും. തലയണക്കടിയില്‍ വെച്ചിരിക്കുന്ന ഗുളികകള്‍ കഴിക്കും. കറക്കം കഴിഞ്ഞ് കിട്ടുന്നതെല്ലാം പാണ്ടി ഷാജിയുടെ കച്ചറക്കടയില്‍ തൂക്കിക്കൊടുത്ത് പോരുമ്പോള്‍ ദോശയും മുട്ടപൊരിച്ചതും പൊതികെട്ടി വാങ്ങിക്കൊണ്ട് വരും. ഷെഡ്ഡിന്റെ പിന്നാമ്പുറത്ത് നഗരത്തില്‍നിന്ന് അഴുക്ക് വാരിയെടുത്ത് കരിവെള്ളമായൊഴുകുന്ന തോടുണ്ട്. മഴക്കാലത്ത് അതു കവിഞ്ഞ് അടുക്കള മുറ്റം പാണ്ടി ഷാജിയുടെ കച്ചറക്കടപോലെയാകും.

അതിന്റെ കരയില്‍നിന്നു മൂക്ക് പൊത്തി ഓരോ കുടം പൈപ്പ് വെള്ളം തലയിലൊഴിച്ച് അലക്ക് സോപ്പില്‍ മേല് രാകി തൂത്തവര്‍ കേറും. കര്‍പ്പൂരവും ചന്ദനത്തിരിയും കത്തിച്ച് ദുര്‍ഗന്ധാവരണം പൊതിഞ്ഞ കാറ്റിനെ നാണംകെടുത്തും. പിന്നെ കട്ടിലില്‍ ഇരുന്ന് മൂന്ന് പേരും കൂടി ദോശ തിന്നും. മാറി മാറി രണ്ടാളും വാരിക്കൊടുത്ത് അമ്മായെ ദോശ തീറ്റും. മാരിമുത്തു ഇളക്കമുള്ള കട്ടില്‍ ആട്ടുമ്പോള്‍ സുഗന്ധി ദോശ ചവച്ച് കുലുങ്ങിച്ചിരിക്കും. അമ്മായുടെ ചിരി കാണാന്‍ നല്ല രസമാണെന്ന് മാണിക്യന്‍ വായുവില്‍ അടയാളം കോറും. അതെ ചിരിയാണ് നിങ്ങള്‍ക്ക് രണ്ടിനുമെന്ന് അവള്‍ മറുപടി പറയും. അന്നേരമവന്‍ അപ്പായെ ചോദിക്കും. മഴ പെയ്യാറാകുമ്പം ആകാശം കറുക്കുന്നപോലെ സുഗന്ധിയുടെ മുഖത്ത് ഒരു കറുപ്പ് അന്നേരം ഇഴഞ്ഞുകയറും. പിന്നെയവള്‍ മാണിക്യനെപ്പോലെ ഒന്നും മിണ്ടാതെ കിടക്കും. കീറിയ പുതപ്പിട്ട് അമ്മായെ മൂടിയിട്ട് നീല പടുതാ പുതച്ച് കെട്ടിപ്പിണഞ്ഞ് അവര്‍ തറയില്‍ ചുരുളും. അപ്പോഴും എഫ്.എമ്മില്‍ പാട്ടുണ്ടാകും. കാലത്തെ അഞ്ച് മണി സൈറണ്‍ അവരെ വിളിച്ച് എഴുന്നേല്‍പ്പിക്കുമ്പോള്‍ മാരിമുത്ത് ചക്കരക്കാപ്പിയിടും. സുഗന്ധിക്ക് ആ നേരത്ത് ചൂട് കാപ്പി കുടിക്കണം. കാപ്പി കുടിച്ച് കഴിഞ്ഞാല്‍ അവളെ രണ്ടാളും ചേര്‍ന്ന് താങ്ങിപ്പിടിച്ച് പാട്ടബക്കറ്റ് വെച്ച മര സ്റ്റൂളിലിരുത്തും.. തീട്ടോം മൂത്രവുമുള്ള ബക്കറ്റ് അഴുക്ക് തോട്ടില്‍ കമത്തി മാരിമുത്തു കഴുകിയെടുത്ത് വരുമ്പോള്‍ മാണിക്യന്‍ ചൂട് വെള്ളം തിളപ്പിച്ച് അമ്മായെ തൂത്ത് മിനുക്കും. പൗഡറിട്ട് നെറ്റിയില്‍ വട്ടപ്പൊട്ട് കുത്തും. ചേല മാറ്റിയുടുപ്പിച്ച് പഴയത് വെള്ളത്തില്‍ കുത്തിപ്പിഴിഞ്ഞ് അവന്‍ ഉണക്കാനിടുമ്പോഴേക്കും മാരിമുത്തു പച്ചരിക്കഞ്ഞി വേവിച്ചിറക്കും. കഞ്ഞി കോരിക്കുടിച്ച് അവര്‍ പെറുക്കാനിറങ്ങുമ്പോള്‍ തകരയിലൊട്ടി നിറംകെട്ട മുരുകന്റെ പടത്തിലോട്ട് സുഗന്ധി കൈകൂപ്പുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന വിജയ് പടത്തിലോട്ട് നോക്കി മാരിമുത്തുവും മാണിക്യനും കണ്ണിറുക്കും. എന്നിട്ട് ചിരിച്ച് തുള്ളി റോഡിലേയ്ക്ക് ഓടിത്തിമിര്‍ക്കും.

ഓരോന്നോരോന്നോര്‍ത്തപ്പം ഘോഷ് റാമിന്റെ കൈ വിടര്‍ത്തിയവന്‍ സീറ്റിനടിയിലേയ്ക്ക് ആവുംപോലെ നൂര്‍ന്നു കയറി ശവത്തില്‍ കെട്ടിപ്പിടിച്ചു. ഒരുതരം വികൃതശബ്ദം അവനില്‍ നിന്നുണര്‍ന്നമര്‍ന്നു. മാരിമുത്തിനെ അരിച്ചെടുത്ത മൃതത്തണുപ്പ് തിരിച്ചവനേയും അണച്ചു. 
ജീപ്പ് കുപ്പക്കോളനി താണ്ടി പേ പിടിച്ച നായ കണക്കെ പിന്നെയും ഓടിക്കൊണ്ടിരുന്നു...
പാണ്ടി ഷാജിയുടെ കച്ചറക്കടയിലെ ആനബള്‍ബിന്റെ വെട്ടക്കുത്തല്‍ ജീപ്പിനു മേലെ ചിതറിത്തെറിച്ച് അകലുന്നതവന്‍ കണ്ടു. ഗേറ്റ് ഇനിയും ചാരിയിട്ടില്ല.

അവരുടെ കണക്ക് പിരിക്കാന്‍ പാണ്ടി ഷാജി കാത്തിരിക്കുകയാണ്. എത്ര വൈകിയാലും അവര്‍ക്ക് കാശ് കൊടുത്തേ ഷാജി വിടൂ. കച്ചറ കിട്ടിയാലും ഇല്ലെങ്കിലും കാശ് കൊടുക്കും. സുഗന്ധിയുടെ മരുന്നും ദീപാവലിക്ക് ഉടുപ്പുകളും വാങ്ങിക്കൊടുക്കും. വിയര്‍പ്പ് വലിച്ചു കുടിച്ച് മങ്ങിയ ഷാജിയുടെ നീല ബനിയന് മീതെ പാള വിശറിയുഴറ്റി മകള്‍ പൂവരശിയുണ്ടാകും. പൂവരശിക്ക് അവരെന്ന് വെച്ചാല്‍ ജീവനാണ്. പട്ടണത്തിലെ ഇംഗ്ലീഷ് പള്ളിക്കൂടത്തിലാണവള്‍ പഠിക്കുന്നത്. വേലയില്ലാത്തപ്പോള്‍ കച്ചറ വാരിക്കിട്ടുന്ന കഥ ബുക്കുകള്‍  ഓരോന്നൊക്കെ അവള്‍ വായിച്ച് അവരെ കേള്‍പ്പിക്കും. ചിലപ്പോള്‍ പാണ്ടി ഷാജിയുടെ ഫോണില്‍ അവരുടെ കൂടെനിന്ന് ഫോട്ടോ പിടിക്കും. ഉച്ചത്തില്‍ പാട്ട് വെച്ച് അവരെക്കൊണ്ട് വിജയിനെപ്പോലെ ഡാന്‍സ് കളിപ്പിക്കും. എന്നിട്ടതൊക്കെ ഫോണില്‍ കാണിച്ചു കൊടുക്കും...
ജീപ്പിനു വേഗം കൂടിയൊന്നുലഞ്ഞു. ഓടിമറയുന്ന കാഴ്ചയില്‍ അവന്റെ പരിചയങ്ങള്‍ക്ക് ഓരോന്നിനും ദൂരം കൂടുകയാണ്. റോഡ് നിരപ്പില്‍ ചാരിനിവര്‍ന്ന തകരപ്പാളിയുടെ അപ്പുറത്തേക്കവന്‍ പ്രതീക്ഷയുടെ നിലവിളിച്ചീന്തെറിഞ്ഞുവെങ്കിലും തൊണ്ടക്കനപ്പത് പുറത്തേയ്‌ക്കെറിഞ്ഞില്ല. കീറിയ കണക്ക് പുസ്തകത്തിലും മൂല പൊട്ടിയ കാല്‍ക്കുലേറ്ററിലും മുഖം കുത്തി പിറുപിറുക്കുന്ന പാണ്ടി ഷാജിയെ മാണിക്യന്‍ മനസ്സ്‌കൊണ്ട് നൂറാവര്‍ത്തി നൊന്ത് വിളിച്ചു. ഒന്നിനുമാവില്ലെന്നായപ്പോള്‍ തേങ്ങിത്തേങ്ങി ബംഗാളിയുടെ നെഞ്ചിലവന്റെ മുഖമമര്‍ന്നു. ഭയംകൊണ്ട് വിറപൂണ്ട ഘോഷ്റാമിന്റെ വിരലുകള്‍ മാണിക്യന്റെ തലയില്‍ ചിതറിനടന്നു... അവന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

ഒഴിഞ്ഞ തെങ്ങിന്‍ തോപ്പില്‍, വെളിച്ചം കുത്തിക്കെടുത്തി ജീപ്പ് നിന്നു. വിജനതയുടെ മറുപുറത്ത് കടലനക്കം തീരെയില്ലായിരുന്നു. എങ്കിലും പിശറിയ കാറ്റില്‍ കടലിന്റെ നൊമ്പരത്തിണര്‍പ്പ് പോലെ ഉപ്പ് നീറ്റക്കം പറ്റിക്കിടന്നിരുന്നു. എസ്.ഐയും പൊലീസുകാരും പുറത്തേയ്ക്കിറങ്ങി ജീപ്പില്‍നിന്നും അല്പം ദൂരേയ്ക്ക് മാറി. അയാള്‍ കത്തിച്ച സിഗരറ്റ് തുമ്പ് അവിടമാകെ നോക്കി ഭയപ്പെട്ടു വിളറിയപോലെ ചുവന്നു തുടുത്തു.
''ഉണ്ടായത് ഉണ്ടായി, ആരും കരുതിക്കൂട്ടി ഒന്നും ചെയ്തതല്ലല്ലോ... പറ്റിപ്പോയി... നമ്മടെ മേലാപ്പീസറ് ഉണ്ടല്ലോ ആ പുന്നാരമോന്‍ നൈസായിട്ട് തലയൂരിയിട്ടുണ്ട്... പണി മേടിച്ചാ നമ്മള് ഡ്യൂട്ടിയിലുള്ള സര്‍വ്വരും പണി മേടിക്കും.

ഒരു വികാരത്തിന് കൈവിട്ടു പോയാ പിന്നെ കയ്യില്‍ നില്‍ക്കുന്ന കേസ്സല്ലയിത്. ഒരുമിച്ച് നിന്നാല്‍ നമുക്ക് തന്നെ ഊരിയെടുക്കാം. ഊരിയെടുക്കാമെന്നല്ല ഊരിയെടുത്തേ പറ്റു.
ജി.ഡി. എന്‍ട്രിയില്‍ കയറ്റിയിട്ടില്ല, എഫ്.ഐ.ആറും ഇട്ടിട്ടില്ല. പൊക്കിയതിന് ദൃക്സാക്ഷികളുമില്ല. ചോദിക്കാനും പറയാനുമില്ലാത്ത എവിടെയോ കിടക്കുന്ന രണ്ട് ആക്രി പണ്ടാരങ്ങള്‍. അതില്‍ മിണ്ടാനും പറയാനും ശേഷിയുള്ളത് പോയി. പിന്നെയുള്ളതാ ബംഗാളിയാ. വല്ല ട്രെയിനും കേറ്റിവിട്ടാ അവനെങ്ങോട്ടേലും പൊയ്ക്കോളും. ഇനിയതല്ല മറ്റ് വല്ലതും ആകണേല്‍ അതുമാവാം. അവനവന്റെ കുടുംബവും ജോലിയും ആരും മറക്കണ്ട. ഇപ്പോ ഇവിടെ വെച്ചൊരു തീരുമാനം എല്ലാവരും പറയണം'' - എസ്.ഐ. പറഞ്ഞു.

അലക്ഷ്യമെന്നപോലെ ചുറ്റിത്തിരിഞ്ഞ അയാളുടെ നോട്ടം ശശിധരനില്‍ തറഞ്ഞു നിന്നു. അയാളിലാണ് നേരിയൊരു വീണ്ടുവിചാരമുള്ളതെന്ന് കിഷോറിനു നന്നായി അറിയാമായിരുന്നു. പൊലീസുകാര്‍ ആരും മിണ്ടിയില്ല.

എവിടെയോ ഒരു നായയുടെ പാതിരാക്കൂവല്‍ മെലിഞ്ഞൊട്ടി. 
ഘോഷ്റാം ചോരവറ്റിയ തന്റെ വെളുത്ത മുഖം പുറത്തേയ്ക്കിട്ട് അവരുടെ നിഴലനക്കങ്ങളില്‍ കാഴ്ചനട്ടു. അവന്റെ കണ്ണില്‍ ഭയത്തിന്റെ മിന്നല്‍ത്തുടിപ്പുകള്‍ തിണര്‍ത്തു വന്നു. ഇല്ല, പൊലീസുകാര്‍ ജീപ്പിലേയ്ക്ക് തരിമ്പും ശ്രദ്ധിക്കുന്നേയില്ല. എങ്ങനെയെങ്കിലും രക്ഷപ്പെടാനൊരു ചോദന അവന്റെ ഉള്ളിലിരുന്നു കലപിലയിട്ടു.

ശബ്ദമുണ്ടാക്കാതെ ഇറങ്ങിനടന്നാല്‍ ഇരുളിനപ്പുറത്തേയ്ക്ക് കടക്കും വരെ അവരറിയാനേ പോകുന്നില്ല. അവന്‍ തന്റെ നെഞ്ചില്‍നിന്നും മാണിക്യനെ അടര്‍ത്തിമാറ്റി. മെല്ലെ വണ്ടിയില്‍ നിന്നിറങ്ങി പൊടുന്നനെ തന്നെയവന്‍ ഇരുളില്‍ പറ്റിപ്പിടിച്ചു. ചീവീടുകള്‍ കരച്ചിലടക്കിയ തെങ്ങിന്റെ പെരുന്തന്‍ കാലുകളുടെ മറചേര്‍ന്നു കുറച്ച് ദൂരം പോയിട്ട് അവന്‍ കിതച്ചു നിന്നു. അപ്പോഴും ഊമച്ചെക്കന്‍ അവന്റെ നെഞ്ചില്‍ തികട്ടിക്കിടന്നു.

അവന്റെ നിസ്സഹായതയുടെ ചൂട് ആളിപ്പെരുക്കുന്നതല്ലാതെ ഉള്ളില്‍നിന്നും വേരറ്റ് പോകുന്നില്ല. അവിടുന്നങ്ങോട്ട്  മുന്നോട്ട് പോകാനാവാതെ കുന്തിച്ചിരുന്നവന്‍ കരഞ്ഞു.
മുഖമുയര്‍ത്തി നോക്കുമ്പോള്‍ ജീപ്പിനുള്ളിലേയ്ക്ക് കൂടുതല്‍ ഇരുട്ട് ഇരച്ചുകയറുന്നതായവനു തോന്നി. അവന്‍ തിരിച്ച് നടന്ന് വീണ്ടും ജീപ്പിലേക്കു കയറി. മാണിക്യന്റെ ഇരുട്ട് നിറഞ്ഞ കണ്ണില്‍ നോക്കി അവനെ വാരിപ്പുണര്‍ന്നു. ദേഹത്ത് തൊട്ട ചൂടുള്ള കണ്ണീരിലേക്ക് എന്തോ ഒരാശ്വാസം തോന്നിയ മാണിക്യന്‍ ചേര്‍ന്ന് കൊടുത്തു...

''താനിങ്ങ് വന്നെ.''
ഡ്രൈവര്‍ ശശിധരനില്‍ പെരുകിത്തുള്ളിയ പിരിമുറക്കത്തിന്റെ തോളില്‍ കയ്യിട്ട്  എസ്.ഐ. കിഷോര്‍ മറ്റുള്ളവരില്‍നിന്നും മാറി അയാളുമായി ജീപ്പിനടുത്തേക്കു വന്നു.

വെളിച്ചം മരിച്ചുകൊണ്ടിരുന്ന ആ വലിയ ഇരുട്ടില്‍ അയാള്‍ പതറിനിന്നു. ഉമിനീര് വറ്റി തൊണ്ട കടഞ്ഞു. കിഷോര്‍ ജീപ്പില്‍നിന്നും വെള്ളമെടുത്ത് അയാള്‍ക്ക് കൊടുത്തു. അയാളത് ഒറ്റ മാത്രയില്‍ കുടിച്ചു വറ്റിച്ചു.
''ശശിധരാ, ഭൂമിയില്‍ എല്ലാമൊന്നും മറക്കാന്‍ ആര്‍ക്കും സാധിക്കില്ല. പക്ഷേ, മറന്നെന്ന് നടിക്കാന്‍ എല്ലാവര്‍ക്കും പറ്റും. നമ്മളത് ചെയ്തിട്ടുമുണ്ട്. തെളിവുണ്ടായിട്ടും തന്റെ മകന്‍ മാത്രം കേസ്സില്‍നിന്നും ഊരിപ്പോയത് താന്‍ മറന്നിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഈ പറയുന്നത് ഒരുതരം പേടിപ്പിക്കലായി കരുതണ്ട. ഒക്കെ സാഹചര്യമാണ് നമ്മളെക്കൊണ്ട് ചെയ്യിക്കുന്നതെന്നേ ഞാന്‍ അര്‍ത്ഥമാക്കിയുള്ളൂ.
ന്യായീകരണമില്ലാത്ത വലിയ തെറ്റാണ് നമ്മളിപ്പോള്‍ ചെയ്തിരിക്കുന്നത്.  അറിയാതെയാണെങ്കിലും താനും ഈ കുടുക്കില്‍പ്പെട്ടിരിക്കുകയാണ്. താനും ഞാനുമൊക്കെ വെറുതെ ബലിയാടുകളായി നിന്നുകൊടുത്താല്‍ ആര്‍ക്കെന്ത് നേട്ടം. ചത്തവന്‍ തിരിച്ചു വരില്ല. ഇവിടെ നമ്മള്‍ വികാരത്തിനടിപ്പെടാതെ പ്രാക്ടിക്കലായി ചിന്തിച്ചേ പറ്റു. വെറും പൊലീസുകാരനായി മാത്രം താനൊന്ന് ചിന്തിക്ക്. എങ്ങനെയും ഇത് പരിഹരിച്ചേ മതിയാവൂ. അതും ഈ രാത്രിയില്‍ത്തന്നെ. നമുക്കിനി സമയം തീരെ കുറവാണ്. ദയവ് ചെയ്ത് താന്‍ സഹകരിക്കണം.''

ഒന്നും മിണ്ടാതെ അയാള്‍ സമ്മതഭാവത്തില്‍ ജീപ്പിനുള്ളിലേയ്ക്ക് കടന്നിരുന്ന് സ്റ്റിയറിങ്ങിലേക്ക് കമിഴ്ന്നു.
എസ്.ഐ. കിഷോറിന് സ്വല്‍പ്പം ആശ്വാസം തോന്നി. അയാള്‍ മറ്റ് പൊലീസുകാരുടെ അടുത്തേക്ക് മടങ്ങിച്ചെന്നു.
''ഒരുവിധം പറഞ്ഞ് തരമാക്കിയിട്ടുണ്ട്. പക്ഷേ, വിശ്വസിക്കാന്‍ കൊള്ളില്ല. അയാള്‍ വാ തുറന്നാല്‍ ജീവിതം പോകുന്നത് നമുക്കാണ്. തല്‍ക്കാലം അയാളെ വിടാം. ഇപ്പോള്‍ ഈ കുരുക്ക് എങ്ങനെ അഴിച്ചെടുക്കണം. അത് പറ.''
''ചത്തവനല്ലല്ലോ സാറെ ഇപ്പം പ്രശ്‌നം. അതെവിടേലും കുഴിച്ച് മൂടിയാല്‍ തീരും. ആ പൊട്ടന്‍ ചെറുക്കനും ബംഗാളിയും...'' സാബു പാതി ചോദ്യത്തില്‍ നിര്‍ത്തിയിട്ട് വീട്ടില്‍നിന്നും വന്ന ഫോണ്‍ കട്ട് ചെയ്തുകളഞ്ഞു.
''അത് കൂടിയങ്ങ് തീര്‍ത്താലെ മനസ്സമാധാനം കിട്ടൂ.''
നൈസാമെന്ന പൊലീസുകാരന്‍ ഉഴറിയ ശബ്ദത്തില്‍ പറഞ്ഞു.
''അത്, വേണോ സാറെ, ഇപ്പോ സംഭവിച്ചത് വെറും കയ്യബദ്ധമാ. ഇനി അറിഞ്ഞോണ്ട് ചെയ്യുമ്പോ. എന്തോ മനസ്സിനൊരു പിടുത്തം. സാറ് പറഞ്ഞപോലെ ബംഗാളി നമുക്കൊരു ഭീഷണിയല്ല. ആ പൊട്ടന്‍ ചെറുക്കനെ പേടിപ്പിച്ചോ, അല്ലെങ്കില്‍ വല്ലതും കൊടുത്ത് മയപ്പെടുത്തുവോ ചെയ്താല്‍ പോരെ. കുപ്പത്തൊട്ടി ജീവിതങ്ങളല്ലെ, തമ്മാ തമ്മി വല്യ സ്‌നേഹമൊന്നും കാണില്ല. അല്ലെത്തന്നെ ഇവനെയൊക്കെ തിരക്കി ആര് വരാനാ സാറെ.'' മറ്റെ പൊലീസുകാരന്‍ അങ്ങനെ പറയുമ്പോള്‍, മാണിക്യന്‍ മരിച്ച മാരിമുത്തിന്റെ കവിളിലൊരു ഉമ്മ കൊടുക്കുകയായിരുന്നു. ആ നേരം തന്നെ തെളിഞ്ഞു നിന്ന നക്ഷത്രങ്ങളുടെ ചുവട്ടിലൂടെ അവരെ അന്വേഷിച്ച് പാണ്ടി ഷാജി കുപ്പക്കോളനിയിലേക്ക്  ബൈക്ക് ഓടിക്കുകയായിരുന്നു..
''ജോണി, താന്‍ പറഞ്ഞതില്‍ നെല്ലും പതിരുമുണ്ടെടോ.''
കിഷോര്‍ ആ പൊലീസുകാരനോട് പറഞ്ഞു.

''ബംഗാളി ഓക്കെ. ഞാന്‍ സമ്മതിച്ചു. പക്ഷേ, ഈ തെണ്ടികളെ തിരക്കി വരാന്‍ ആരെങ്കിലും കാണാതിരിക്കുമോടോ. ഒരര്‍ത്ഥത്തില്‍ ഈ ലോകത്ത് ഒന്നുമില്ലാത്തവര്‍ക്കാണ് എല്ലാമുള്ളത്. ഇവനൊക്കെ എന്താ ഏതാന്നൊക്കെ നമ്മള്‍ക്കറിയാമോ. ഒന്നു ചെയ്യാം. ചത്തവനെ കയ്യോടെ കുഴിച്ചിടാം. തല്‍ക്കാലം മറ്റവന്മാര് രണ്ടും, രണ്ടു ദിവസം നമ്മുടെ കസ്റ്റഡിയിലിരിക്കട്ടെ. വല്ലവരും അന്വേഷിച്ച് വരാനുണ്ടോന്നോ, ഇവന്മാര് എവിടെയുള്ളവന്മാരെന്നോ ഒക്കെ തിരക്കി അറിയുകയും ചെയ്യാം. മാത്രമല്ല, ആ സമയം കൊണ്ട് പൊട്ടനെ പാട്ടിലാക്കാന്‍ ശ്രമിക്കാം. ഇതൊന്നും നടന്നില്ലേല്‍ ബാക്കിയന്നേരം ആലോചിക്കാം.''
തണുത്ത കാറ്റിലും അയാളുടെ വിയര്‍പ്പ് ഏറിവന്നു.

''പക്ഷേ, ശവം എവിടെ കുഴിച്ചിടും സാറെ. കുഴിച്ചിട്ടാ പിന്നെയാ കുഴി ജീവിതകാലത്തേക്ക് പൊന്തരുത്. എന്നുമൊരു ആന്തലായിത്.'' -ജോണി പറഞ്ഞു.
''താനൊക്കെ എന്തിനാടോ സിനിമ കാണുന്നത്. മോഹന്‍ലാല്‍ ചെയ്ത പണി തന്നെ മതി. സ്റ്റേഷന്റെ പുറകില്‍ മുള്ളാന്‍പോലും ആരും പോകില്ല. അത്രത്തോളം സെയ്ഫ് മറ്റെവിടെയാണ്. നിങ്ങള്‍ ആഴത്തിലുള്ളൊരു കുഴിയെടുത്ത് തന്നാല്‍ മതി. ബാക്കി ഞാന്‍ കാണിച്ചുതരാം.''
''അപ്പോ, ഡ്യൂട്ടിക്കുള്ളവരോ സാറെ. അവര് സ്റ്റേഷനിലുള്ളപ്പോ ഈ വെട്ടും മാന്തലുമൊക്കെ നടക്കുന്ന വല്ല കാര്യവുമാണോ?''
''അതിനൊക്കെ പണിയുണ്ടെടോ താന്‍ വണ്ടിയിലേക്ക് കയറ്.''
പൊലീസുകാരെല്ലാം പുതിയ ജീവശ്വാസം നുകര്‍ന്ന മനുഷ്യരെപ്പോലെ ഉത്സുകരായി ജീപ്പില്‍ കയറി. കറുത്തു കിടന്ന രാത്രിനിഴലിലേയ്ക്ക് വെളിച്ചത്തിന്റെ തീമുനപ്പുകള്‍ ആഴ്ത്തി ജീപ്പ് സ്റ്റാര്‍ട്ടായി. എസ്.ഐ. പിന്നിലേക്ക് തലയിട്ട് വിശക്കുന്നുണ്ടോടാന്ന് ബംഗാളിയോട് ഹിന്ദിയില്‍ ചോദിച്ചു. ഇല്ലന്നവന്‍ ചുമലിളക്കി. തെങ്ങിന്‍ തോപ്പ് വിട്ട ജീപ്പ് നിരത്തിലേക്ക് ഗൗരവപ്പെട്ട് കയറി. പാതിര ആയിരിക്കുന്നു. കടലിരമ്പം ഇഴഞ്ഞുകയറിയ റോഡ് തീര്‍ത്തും വിജനമായിരുന്നു.
ശക്തമായ കാറ്റില്‍ മരങ്ങള്‍ തണുത്തു വിറച്ചു. വഴിക്കുള്ള പമ്പില്‍ വണ്ടി നിന്നു. രണ്ട് കുപ്പി പെട്രോള്‍ വാങ്ങി വരാന്‍ എസ്.ഐ., ശശിധരനോട് പറഞ്ഞു.
''സാബുവെ, ആ കടപ്പുറത്തെ പാര്‍ട്ടിയോഫീസിനടുത്തെങ്ങാനും സി.സി. ക്യാമറ വല്ലതുമുണ്ടോടോ?''
ശശിധരന്‍ പെട്രോള്‍ വാങ്ങുന്ന നേരത്ത് കിഷോര്‍ ചോദിച്ചു.
''ഇല്ല, സാറെ.''
തിടുക്കം കൂട്ടിയപോലെ ജീപ്പ് പിന്നെയും പാഞ്ഞു.

കടപ്പുറം റോഡിലെ പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റിയോഫിസിന്റെ മുന്നില്‍ ജീപ്പ് നിര്‍ത്തി എസ്.ഐ. കിഷോര്‍ പുറത്തിറങ്ങി. കാറ്റില്‍ വഴിയോരത്തെ മരച്ചില്ലകളുലഞ്ഞുകൊണ്ടിരുന്നു. വെട്ടി തിമിര്‍ത്തു വന്ന തിരയോളങ്ങളെ കടല്‍ഭിത്തി തിരികെയോടിച്ചു. കൈ രണ്ടും ബെല്‍റ്റില്‍ മുറുക്കി പാന്റ് വലിച്ചുകയറ്റി അയാളൊന്ന് വട്ടംചുറ്റി നിവര്‍ന്നു. ആരുമില്ല. കടത്തിണ്ണയില്‍ കിടക്കുന്ന ഭ്രാന്തന്‍ നല്ല ഞെരിപ്പന്‍ ഉറക്കത്തിലാണ്. അയാളെ ചവിട്ടിയെഴുന്നേല്‍പ്പിച്ച് തെറിപറഞ്ഞ് ഓടിച്ചു. എന്നിട്ട് റോഡരുകില്‍ കൂട്ടിയിട്ടിരുന്ന കല്‍ക്കൂനയില്‍നിന്നും മെറ്റലുകള്‍ വാരി പാര്‍ട്ടിയോഫിസിന്റെ ചില്ലുകള്‍ എറിഞ്ഞുടച്ചു. വരാന്തയില്‍ കിടന്ന ഡസ്‌ക്കിലും ബഞ്ചിലും മൂലയില്‍ കൂട്ടിയിട്ട കൊടിതോരണങ്ങളിലും പെട്രോളൊഴിച്ചു കത്തിച്ചശേഷം എസ്.ഐ. കിഷോര്‍ ജീപ്പില്‍ കയറി.

ഭ്രാന്തന്റെ ബഹളത്തിനൊപ്പിച്ച് ആളിയ തീയിളക്കം കാറ്റില്‍ ഉലഞ്ഞു നീറി. 
ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്സ് ചുറ്റി സ്റ്റേഷന്റെ പിന്നിലുള്ള ഒറ്റവഴിയിലേക്ക് ജീപ്പ് തലവെട്ടിച്ചു.
ബീക്കണ്‍ ലൈറ്റോഫ് ചെയ്ത ജീപ്പ്, സ്റ്റേഷന്റെ പിന്‍മതിലിനോട് ചേര്‍ന്ന് മണ്‍വഴിയില്‍ നിന്നു. അസമയത്തെന്നല്ല, മിക്കവാറും ആരുമതിലെ മിനക്കെടാറില്ല. വഴിയവസാനിക്കുന്നത് സ്റ്റേഷന്റെ കോണിപ്പിലാണ്. മതിലിനകത്തേയ്ക്ക് ഒളിഞ്ഞുനോട്ടക്കാരനെപ്പോലെ ചരിഞ്ഞു കയറിയ മരത്തിലൂടെ എസ്.ഐ. ഉയരമുള്ള മതിലിനു മുകളിലെത്തി. സ്റ്റേഷന്‍, മതില് വിട്ട് കുറച്ചുകൂടെ ദൂരെയാണ്. വെളിച്ചത്തിന്റെ കുടുക്കുകളഴിഞ്ഞ് നാല് വശത്തേയ്ക്ക് ചിതറുന്നുണ്ടെങ്കിലും ഇങ്ങോട്ട് എത്തിപ്പിടിച്ച് നോക്കാനുള്ള ആവത് ഭിത്തിവിളക്കുകള്‍ക്കില്ലായിരുന്നു. കിഷോര്‍ കാട്ടിയ ആംഗ്യത്തില്‍ അനുസരണപ്പെട്ട സാബുവും നൈസാമും കൂടി പയ്യന്റെ ശവം വലിച്ചു പുറത്തിറക്കി. ശവത്തില്‍ മുറക്കം കൂട്ടിയ മാണിക്യന്റെ കൈവിരലുകള്‍ അവരുടെ ബലത്തിനു കീഴടങ്ങി അഴിഞ്ഞുപോയി. സങ്കടംകൊണ്ട് കോടിപ്പോയ അവന്‍ പുറത്തേക്ക് ആഞ്ഞെങ്കിലും ഘോഷ്റാമവനെ ജീപ്പിനുള്ളിലേക്ക് വലിച്ചെടുത്തു.

മൂന്ന് പൊലീസുകാരും കൂടി ഉയര്‍ത്തിക്കൊടുത്ത ശവം, മതിലില്‍നിന്നും താഴേയ്ക്ക്, വളര്‍ന്നു കയറിയ മുള്ളിഞ്ചപ്പടര്‍പ്പിനകത്തേക്ക് കിഷോര്‍ തള്ളിയിട്ടു. മതിലിനകത്തുനിന്നും പൊന്തിയ 'ബും' എന്ന ശബ്ദത്തിനൊപ്പം മാണിക്യനില്‍നിന്നും ഉയര്‍ന്ന നിലവിളിയെ വായ പൊത്തി ബംഗാളി അടച്ചുകളഞ്ഞു.
ജീപ്പ് സ്റ്റേഷനിലേക്കു കയറുമ്പോള്‍ പാറാവിലുള്ള സ്വപ്ന ഓടിവന്നു വെപ്രാളപ്പെട്ട് സല്യൂട്ടടിച്ചു.
ബംഗാളിയേയും മാണിക്യനേയും സാബു അകത്തേയ്ക്ക് കയറ്റി ലോക്കപ്പിലടച്ചു.
കാളച്ചന്തയിലെ ഉരുക്കള്‍ അമറുന്ന കണക്കെ മുരണ്ട വയര്‍ലെസ്സ് ബഹളം മുറിച്ച് എസ്.ഐ. ഓഫീസിലേക്ക് കയറി നൈറ്റിലുള്ള അഞ്ച് പേരെയും അങ്ങോട്ട് വിളിപ്പിച്ചു പറഞ്ഞു:
''കടപ്പുറത്ത് പാര്‍ട്ടിയോഫീസിന് ആരോ കല്ലെറിഞ്ഞെന്നോ തീവെച്ചന്നോ പറഞ്ഞ് ഫോണ്‍ വന്നിരുന്നു. ഉള്ളതാണെ ഫയര്‍ഫോഴ്സില്‍ ഒന്നു വിളിച്ച് പറഞ്ഞേക്കണം. നേരം വെളുക്കണ വരേത്തേക്കുള്ള തലവേദന ഏതാണ്ട് അവിടുണ്ട്. നിങ്ങള്‍ അങ്ങോട്ട് പോണം. സ്വപ്നയും പൊയ്ക്കോ. ഇനി സ്ത്രീ പ്രാതിനിധ്യം കുറഞ്ഞെന്ന് പരാതി വേണ്ട. നൈസാം പാറാവ് നിന്നോളും.''
സ്വപ്നയും കൂടെയുണ്ടെന്ന് കേട്ടപ്പോള്‍ വല്ലാതങ്ങ് സന്തോഷപ്പെട്ട അഡീഷണല്‍ എസ്.ഐ. ജയശീലന്‍ ചോദിച്ചു:
''ബംഗാളിയും പയ്യനും എന്നതാ സാറേ കേസ്. ജി.ഡിയില്‍ കേറ്റണോന്നറിയാനാ.'' 
''നാറ്റക്കേസാടോ. സ്വവര്‍ഗ്ഗം. എഴുത്തുകുത്തും ചോദ്യോമൊന്നും വേണ്ട. ആരേലും വിളിച്ച് വരുത്തി നാളെയങ്ങ് വിട്ടേക്കാം...'' കിഷോര്‍ പറഞ്ഞു.
''മറ്റെ ചെക്കനെ എവിടെയോ കണ്ട ഒരോര്‍മ്മ. അങ്ങ് തെളിഞ്ഞ് കിട്ടണില്ല. അതാ ചോദിച്ചത്. ആ എന്തേലുമാവട്ടെ, ഞങ്ങള് പോണ് സാറെ.''
ബൂട്ടുകളുടെ കൂട്ടപ്പെരുക്കം മുറിവിട്ട് ജീപ്പില്‍ കയറി പുറത്തേക്കു പോയി.

ശശിധരനോട് താനിവിടെയിരുന്നോ എന്നു പറഞ്ഞ് നൈസാമിനെ പാറാവേല്‍പ്പിച്ച് എസ്. ഐയും മൂന്ന് പൊലീസുകാരും വസ്ത്രം മാറി തൂമ്പയും മറ്റുമായി പിന്നിലേക്ക് പോയി. കുഴി വെട്ടുമ്പോഴെല്ലാം എസ്.ഐ. കിഷോറിന്റെ മനസ്സില്‍ ജയശീലനായിരുന്നു. ഊമച്ചെക്കനെ എവിടെയോ കണ്ടിട്ടുണ്ടെന്ന്.
ഓരോരോ കുരിശേ. അയാള്‍ ചിന്തകളെ തലയില്‍നിന്നും കുടഞ്ഞ് കളഞ്ഞു.
ലോക്കപ്പിന്റെ പിന്‍ഭിത്തിയില്‍ ചെവി ചേര്‍ത്ത് നില്‍ക്കുന്ന മാണിക്യനെ ഒന്ന് നോക്കിയിട്ട് ശശിധരന്‍ പുറത്തേക്കിറങ്ങി. കോറിഡോര്‍ കടന്ന് മുറ്റത്തേക്കിറങ്ങുമ്പോള്‍ വിഹ്വലപ്പെട്ട അവന്റെ നിഴല്‍, അഴികള്‍ക്കിടയിലൂടെ നൂണ്ട് തന്നെ പിന്തുടരുന്നതായി അയാള്‍ക്കു തോന്നി. അയാള്‍ ബീച്ചിലേയ്ക്ക് നടന്നു. വെള്ളിക്കിനാവുദിക്കാത്ത  മേഘാന്ധകാരത്തില്‍ കറുത്തു കിടന്ന കടല്‍, ഉള്ളിന് പൊള്ളലേറ്റ മരക്കാത്തിപ്പെണ്ണിനെപ്പോലെ കരയിലേക്ക് വേഗപ്പെട്ട് ഏങ്ങലടിച്ചു. ആവേശപ്പെട്ട ചൊരിമണല്‍ അയാളെ മാറിലെടുത്ത് ആകാശത്തേക്ക് തിരിച്ചു കിടത്തി. ദൈവമെ എന്തൊക്കെയാണ് സംഭവിച്ചത്.
അയാള്‍ അന്നത്തെ സംഭവങ്ങള്‍ മനസ്സില്‍ ഒന്നൂടെ അഴിച്ചെടുത്തു. 

ബസ്സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന ബംഗാളിയെ കണ്ടപ്പോള്‍ ഒരു ലക്ഷണപ്പിശക്. പൊക്കി ജീപ്പിലോട്ട് കയറ്റി സ്റ്റേഷനിലേക്ക് വരുമ്പോഴാണ് എസ്.പിയുടെ കോള്‍ എസ്.ഐ. കിഷോറിന് വന്നത്. അയാളുടെ അളിയന്‍ ഡോക്ടറുടെ ഫോണ്‍ മോഷണം പോയത്രെ. ജീപ്പ് നേരെ അങ്ങോട്ട് വിട്ടു.
ഡിസ്പെന്‍സറിയിലെത്തുമ്പോള്‍ ഡോക്ടറും കുറച്ചാള്‍ക്കാരും പുറത്ത് നില്‍പ്പുണ്ട്. ഓരോന്നും വിശദമായി ചോദിച്ചറിഞ്ഞു. കിഷോര്‍ ചുറ്റും നില്‍ക്കുന്നവരിലേയ്ക്ക് കൂര്‍ത്ത നോട്ടം അഴിച്ചുവിട്ടു. ഒന്നു രണ്ട് തലകള്‍ അതില്‍പ്പെടാതെ ആള്‍ക്കൂട്ടത്തെ മറപിടിച്ചു വലിഞ്ഞു.

''മി. കിഷോര്‍, ഫോണ്‍ ഡ്യൂട്ടി റൂമില്‍ വെച്ചിട്ടാണ് ഞാന്‍ പുറത്തേയ്ക്ക് പോയത്. തിരിച്ചു വരുമ്പോള്‍ കാണാനില്ല. വിളിച്ചു നോക്കുമ്പോള്‍ സ്വിച്ച് ഓഫ്'' ഡോക്ടര്‍, കിഷോറിനോട് പറഞ്ഞു.
''എല്ലായിടത്തും നന്നായി നോക്കിയോ? ഒന്നൂടൊന്ന് നോക്കിയാലോ?'' കിഷോര്‍ ചോദിച്ചു.
''ഉവ്വ്, ഞാന്‍ മാത്രമല്ല, ദാ ഇവരെല്ലാം ആളാം വീതം നോക്കിയിട്ടുണ്ട്. മോഷണം പോയതാണെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ നിങ്ങളെ വിളിപ്പിച്ചത്. പിന്നെയതിനകത്തൊരു ചോദ്യം കുത്തിത്തിരുകണോ?''
എസ്.പിയുടെ അളിയനായതിന്റെ ഒരു സ്വരവ്യതിയാനം ഡോക്ടറിലുണ്ടെന്ന് കിഷോറിനു കനപ്പെട്ടു.
''സാറെ, രണ്ട് പാണ്ടിപ്പിള്ളാര് ഇതിലെ പ്രാഞ്ചിനടക്കണത് ഞാന്‍ കണ്ടാരുന്നു. ഞാന്‍ പൊറകിലാട്ട് ചെന്നപ്പം ഒരുത്തന്‍ ഡോക്ടറുടെ ജനാല എത്തിപ്പിടിച്ച് നോക്കണൊണ്ടാരുന്നു. എന്താ, ഏതാന്നൊക്കെ ചോദിച്ചപ്പം അവമ്മാര് വെപ്രാളപ്പെട്ട് ഒറ്റ പോക്കാരുന്നു. അപ്പളെ എനിക്കൊരു വശപ്പെശക് മണത്താരുന്ന്. ഇതവമ്മാര് തന്നെ ചൂണ്ടിയേക്കണതാണ് സാറെ. അതെനിക്ക് ഒറപ്പാ.''
ഒരാള്‍ മുന്നോട്ട് വന്ന് അല്പം ഉച്ചത്തില്‍ പറഞ്ഞു.
''അല്ല, നീയെന്തിനാ ആ നേരത്ത് പിറകോട്ട് പോയത്.''
കിഷോറിലെ കേരളാ പൊലീസുണര്‍ന്നു.

''ഒന്ന് പെടുക്കാന്‍ പോയതാണ് എന്റെ സാറെ.''
''സാബു, ഇയാടെ പേരും അഡ്രസ്സും കുറിച്ച് ഒന്ന് വിശദമായി ചോദിച്ചേക്ക്.''
രണ്ട് പൊലീസുകാരും കിഷോറും ചേര്‍ന്ന് ഡോക്ടറുടെ മുറിയും കാറുമൊക്കെ വീണ്ടും പരിശോധിച്ചു. ഡോക്ടര്‍ അക്ഷമയോടെ അകത്തേക്ക് വന്ന് എസ്.ഐയോട് പറഞ്ഞു:
''സീ, മി. കിഷോര്‍, സസ്പെക്ടഡായ ഒരു ഇന്‍ഡിക്കേഷന്‍ വ്യക്തമായി കിട്ടിയിട്ടും നിങ്ങള്‍ ഇതിനകത്ത് കിടന്ന് തപ്പിത്തടയുകയാണോ? എത്ര സമയമാണ് നിങ്ങള്‍ പാഴാക്കുന്നത്. ആ തെണ്ടിക്കുട്ടികള്‍ രക്ഷപ്പെട്ട് കഴിഞ്ഞാല്‍ അവര്‍ ആരാണെന്നോ എന്താണെന്നോ കണ്ടെത്താന്‍ പിന്നീട് നിങ്ങള്‍ക്ക് കഴിയുമോ? പ്ലീസ് സ്റ്റോപ്പ് ദിസ് ഫൂളിഷ്നെസ്സ് ആന്‍ഡ് ഇമ്മീഡിയറ്റ്ലി ക്യാച്ച് ദാറ്റ് ബാസ്റ്റഡ്സ്.''
കിഷോറിനു പൊലീസ് ഭാഷ ചൊറിഞ്ഞു പൊന്തിയെങ്കിലും എസ്.പിയുടെ കിണ്ടാസമോര്‍ത്ത് നീരസം വിഴുങ്ങി പൊലീസുകാരുമായി പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ വീണ്ടും എസ്.പിയുടെ കോള്‍ വന്നു... സര്‍, സര്‍ എന്ന മറുമൊഴി മാത്രം ഉതിര്‍ത്ത്, പറഞ്ഞ ചീത്ത മുഴുക്കെ കേട്ടുകൊണ്ട് അയാള്‍ വണ്ടിയിലേക്ക് ധൃതിപ്പെട്ട് കയറി. കുട്ടികള്‍ പോയ വഴിക്ക് ജീപ്പ് കത്തിപ്പിടിച്ചു.
''അരമണിക്കൂറിനകം അവന്മാരെ പൊക്കി റിപ്പോര്‍ട്ട് ചെയ്യണോന്ന്, ഇല്ലേ പിടിച്ച് മൂക്കില്‍ കേറ്റുമെന്ന്. അവന്റമ്മേടെ മൂട്ടിലെ ഫോണ്‍. ആനേയും പേടിക്കണം ആനപ്പിണ്ഡത്തേയും പേടിക്കണോന്ന് പറഞ്ഞത് ഈ ഗവണ്‍മെന്റ് സേവയെക്കുറിച്ചാണ്.''
ജീപ്പിലിരുന്ന് പൊലീസുകാരോടായി കിഷോര്‍ പറഞ്ഞു.
ദൂരെ, കൈകള്‍ വിടര്‍ത്തി ആകാശത്തൂന്ന് അറ്റുവീഴും മാതിരി കടലിലേയ്ക്ക് മുഖം കുത്തി നില്‍ക്കുന്ന മുത്തിയമ്മയുടെ രൂപത്തലപ്പ് അവര്‍ക്ക് വെളിപ്പെട്ടു.

മുത്തിപ്പള്ളിയുടെ അടയാളക്കുരിശിനു മുന്നിലിരുന്ന് തല്ലിത്തേങ്ങ പൊട്ടിച്ച് തിന്നുകയായിരുന്നു മാരിമുത്തുവും മാണിക്യനും. മുന്നില്‍ നിശ്ചലപ്പെട്ട ജീപ്പ് കണ്ടപാടെ ഒന്നും തിരിയാതെ രണ്ടും പേരും പരസ്പരം നോക്കി. വിജനമായ പള്ളിമുറ്റത്തെ മണല്‍ത്തരികളും കടല്‍ത്തിരകളും വെപ്രാളപ്പെട്ട് മുത്തിയമ്മയെ നോക്കി. മുത്തിയമ്മ മുഖം ഒന്നൂടെ കുനിച്ച് അവരേക്കാള്‍ നിസ്സഹായപ്പെട്ടു...
''ഇവിടെ വാടാ... മക്കളെ...'' എസ്.ഐ. കിഷോര്‍ ഒച്ചയിട്ടു.
പേടി ചുറ്റിവലിച്ച് അവരെ ജീപ്പിനരുകിലേക്ക് എത്തിച്ചു.
''വേണ്ട, സാറെ, പൊടിക്കുഞ്ഞുങ്ങളാ. ഒന്ന് മയത്തില്‍ ചോദിച്ചാ പോരെ.''
ശശിധരന്‍ എസ്.ഐയോട് പറഞ്ഞു.
''ഒന്ന് മിണ്ടാതിരിയെടോ. മോളിലുള്ളവന്റെ വാ പുളിപ്പ് കേക്കണത് താനല്ല. ഞാനാണ്.''
ശശിധരന്‍ പിന്നൊന്നും മിണ്ടിയില്ല. പിന്നിലിരുന്ന പൊലീസുകാര്‍ ചാടി പുറത്തോട്ടിറങ്ങി അവരുടെ ചാക്ക് മേടിച്ച് കുടഞ്ഞിട്ടു... കുറെ കച്ചറകളല്ലാതെ ഒന്നും കണ്ടില്ല. ജീപ്പിന്റെ പിന്നിലിരുന്ന ബംഗാളിയുടെ തല പുറത്തേക്ക് നൂര്‍ന്നു.

''നീയൊക്കെ ആശുപത്രി പോയിരുന്നോടാ മൈ... കളെ?'' എസ്.ഐ ചോദിച്ചു.
രണ്ട് പേരും ഒരുപോലെ തലയാട്ടി.
''ഡോക്ടറുടെ ഫോണ്‍ എങ്കെടാ?''
''എങ്കളുക്ക് ഒന്നുമെ തെരിയലെ സാര്‍. നാങ്കള്‍ അത്തരമാന ആളുകള്‍ അല്ല സര്‍'' മാരിമുത്തു വിക്കി പറഞ്ഞു. 
അവന്റെ മറവിലേക്ക് മാണിക്യന്‍ ഒട്ടിച്ചേര്‍ന്നു.
''തിരുടാനല്ലെ പിന്നെ എതുക്കടാ നീങ്ക അങ്കെ പോണം?''
കിഷോര്‍ മാണിക്യത്തിന്റെ കൈ പിടിച്ച് തിരിച്ചു. അവന്‍ ഉറക്കെ കരഞ്ഞു.
''അത്, അമ്മാവുക്ക് മരുന്ത് വാങ്കറിക്കുത് പോയത് സാര്‍. അവനെ ഒന്നും പണ്ണിടാതെ സാര്‍. അവന്‍ ഊമപ്പയലാണ്. ഏങ്കളുക്ക് ഒന്നുമെ തെരിയാതെ സാര്‍.''
മാരിമുത്തു എസ്.ഐ.യുടെ കയ്യില്‍ പിടിച്ചു കരഞ്ഞു. അയാള്‍ അവന്റെ മുഖത്ത് കൈ നീട്ടിയടിച്ചു. നടക്കല്ലിലേക്ക് മുഖം കുത്തിവീണ അവന്റെ പോക്കറ്റില്‍നിന്നും ഗുളിക കവറുകള്‍ തെറിച്ചു. ശശിധരന്‍ കടലിന്റെ അപാരതയിലേക്ക് കണ്ണെറിഞ്ഞു...
പൊലീസുകാര്‍ രണ്ട് പേരെയും നേരെ വണ്ടിയിലേക്കെടുത്തു...
കാര്യമായിട്ടൊന്നും ചെയ്തിട്ടില്ല.
പക്ഷേ, ഏനക്കേടിനെവിടെയോ കൊണ്ടിട്ടുണ്ട്. കാതിലലച്ച കടല്‍പ്പെരുക്കത്തിനു മീതെ അമ്മാവെ പാക്കണം. അമ്മാവെ പാക്കണമെന്നുള്ള നിരാലംബമായ നിലവിളി കുത്തിയപ്പോള്‍ ഡ്രൈവര്‍ ശശിധരന്‍ വിയര്‍പ്പില്‍ കുളിച്ചെഴുന്നേറ്റു. നക്ഷത്രങ്ങള്‍ മാഞ്ഞു. കാറ് മൂടിക്കെട്ടിയ മാനത്ത് ഇടിമുഴക്കം ഈറ കെട്ടി. അയാള്‍ പൊലീസ് സ്റ്റേഷനിലേക്ക് പതിയെ നടന്നു.

പാറാവ് നിന്ന നൈസാം ചാരിയിരുന്ന് ഉറങ്ങുകയാണ്. അയാള്‍ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി. കുഴി തീര്‍ന്നിട്ടില്ല. ഇരുട്ട് നെയ്‌തെടുത്ത് അയാളെ കാട്ടിയ അവ്യക്തമായ രൂപങ്ങള്‍ വിയര്‍പ്പില്‍ ചലിക്കുകയാണ്. അയാള്‍ മുന്‍വശത്തേയ്ക്ക് പോന്നു. ഉറങ്ങുന്ന നൈസാമിനെ തോണ്ടി വിളിച്ചയാള്‍ പറഞ്ഞു:
''എടോ, അതുങ്ങള്‍ക്ക് വിശക്കുന്നുണ്ടാകും. താന്‍ പോയി തട്ടുകടയില്‍നിന്ന് വല്ല ദോശയോ മറ്റോ വാങ്ങി വാ. അതുവരെ ഞാനിവിടിരുന്നോളാം.''
''അല്ല, കിഷോര്‍ സാറിനോടൊന്ന് ചോദിക്കണ്ടെ.'' കണ്ണില്‍നിന്നും വേര്‍പെടുത്തിയെടുത്ത ഉറക്കം വലിച്ചെറിഞ്ഞ് പിടഞ്ഞെഴുന്നേറ്റ നൈസാം സംശയപ്പെട്ടു. അവന്റെ മുഖത്ത് തറപ്പിച്ച് നോക്കിയിട്ട് ശശിധരന്‍ പറഞ്ഞു:
''ഒന്ന് മനുഷ്യനായി ചിന്തിക്കെടോ വല്ലപ്പോഴുമൊക്കെ.''

ഒന്നും മിണ്ടാതെ അയാള്‍ കൊടുത്ത പൈസയും വാങ്ങി നൈസാം ബൈക്കെടുത്ത് പുറത്തോട്ട് പോയി. ബൈക്കിന്റെ ശബ്ദം കേട്ട് ഫോണ്‍ വിളിച്ച എസ്.ഐയോട് കാര്യം പറഞ്ഞിട്ടയാള്‍ താക്കോലുമെടുത്ത് ലോക്കപ്പ് മുറിയിലേക്ക് ചെന്നു. ഊമച്ചെക്കന്‍ ഭിത്തിയില്‍ ചെവി ചേര്‍ത്ത് അതെ നില്‍പ്പ്. തേങ്ങലൂറിയുണങ്ങിയ അവന്റെ കണ്ണീര്‍പ്പാടില്‍ ശശിധരന്റെ നോട്ടം തടഞ്ഞു. അവന്റെ കുഞ്ഞ് നെഞ്ചില്‍ കുറുകിയ കടലയാള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അയാളെ കണ്ട് ലോക്കപ്പിന്റെ മൂലയില്‍നിന്നും ഘോഷ്‌റാം വെളിച്ചത്തിലൊട്ടി നിവര്‍ന്നു. അയാള്‍ പുറത്തേക്ക് പൊയ്ക്കൊള്ളാന്‍ അവരോട് ആംഗ്യം കാട്ടി. അയാളെ തുറിച്ചുനോക്കിയവന്‍ കുഴിമാടത്തിന്റെ ദിശയിലേയ്ക്ക് വിരല്‍ചൂണ്ടി ഒരു നിമിഷം വിതുമ്പി. അയാളുടെ ഉള്ളില്‍ എന്തോ ഒന്ന് വിലങ്ങി. പെട്ടെന്ന് അവന്‍ പുറത്തേയ്ക്കോടി. ഗേറ്റ് കടന്ന് വലത്തോട്ട് തിരിഞ്ഞ് സ്റ്റേഷന്റെ പിന്നിലേക്കാണ് അവന്‍ വേഗപ്പെട്ടത്. നേരിയതായൊന്ന് മന്ദഹസിച്ചു വെളിപ്പെട്ടു വന്ന നിലാവ് അവനെ ഇരുട്ടില്‍നിന്നും വാരിയെടുത്തു. കടല്‍ അവന് വേണ്ടിയെന്നോണം അലറിക്കരഞ്ഞുകൊണ്ടിരുന്നു.

ലോക്കപ്പ് മുറിയില്‍ സ്തബ്ധിച്ചുനിന്ന ഘോഷ്റാമിനെ വലിച്ചിറക്കി ശശിധരന്‍ മുറ്റത്തേക്ക് പിടിച്ചു തള്ളി. എന്നിട്ട് മുട്ടുകുത്തി മുറ്റത്തെ മണ്ണില്‍ അയാള്‍ സ്വയം പടര്‍ന്നു. ഒന്നും വിശ്വസിക്കാനാവാതെ ബംഗാളി ഇടത് വശത്തെ റോഡിലൂടെ ഓടി. അവന്റെ കണ്ണുകള്‍, ഊമച്ചെക്കനെ ജീവിതത്തിലേയ്ക്ക് വലിച്ചടുപ്പിക്കാന്‍ കൊതിയോടെ തേടുമ്പോള്‍ അവന്‍ സ്റ്റേഷന്റെ പിന്നിലെ മരത്തില്‍ വലിഞ്ഞു കയറുകയായിരുന്നു. നെഞ്ചുരച്ച്, ഇടം കൈകൊണ്ട് ഇടയ്ക്കിടെ നിക്കര്‍ അള്ളി അവന്‍ മുകളിലേയ്ക്കു നീന്തി. കടല്‍ച്ചൊരുക്കേറ്റ കാറ്റും നിലാവും അവനെ മരത്തിന്റെ മുകളിലേക്ക് വലിച്ചുകയറ്റി. ഇലകള്‍ അവനിലേയ്ക്ക് വിടര്‍ന്നു കൊടുത്തു. അതിനുള്ളിലിരുന്ന് അവന്‍ കിതച്ചുകൊണ്ട് സുഗന്ധിയെ ഓര്‍ത്തു. അമ്മാ ഉറങ്ങിയിട്ടുണ്ടാവില്ല. ഒന്നും കഴിച്ചിട്ടുമുണ്ടാകില്ല. തുറന്നിട്ട വാതിലില്‍ അമ്മായുടെ വരണ്ട കണ്ണുകള്‍ തറഞ്ഞ് കിടക്കുന്നതായി അവനു തോന്നി.

അപ്പോള്‍ അവരെ തിരക്കി കുപ്പക്കോളനിയില്‍ ചെന്ന പാണ്ടി ഷാജി സുഗന്ധിക്കു ഭക്ഷണപ്പൊതി അഴിച്ച് കൊടുക്കുകയായിരുന്നു...
''എന്‍ കൊഴന്തെങ്കെ ഇതുവരെ വരില്ലെയെ ഷാജി...''
അവരുടെ ശബ്ദം തീര്‍ത്തും കെട്ട് പോയിരുന്നു... അയാള്‍ അങ്ങോട്ട് ചോദിക്കാനിരുന്ന ചോദ്യം ഇങ്ങോട്ട് തിടുക്കപ്പെട്ടപ്പോള്‍ ഷാജിയുടെ ഹൃദയം ഒന്നു പിടഞ്ഞു. പക്ഷേ, അതവന്‍ പുറമേയ്ക്ക് എടുത്തിട്ടില്ല. ആയിരം നുരകളും അതിലേറെ സംശയങ്ങളും ഒരേ ുസമയം അവന്റെയുള്ളില്‍ ആര്‍ത്തു. കടവുളേന്നൊരു തേട്ടം ഷാജി മനസ്സില്‍ കെട്ടിനിര്‍ത്തി.
''ഇന്ന് നൈറ്റക്ക് കടയില് വേലൈ റൊമ്പെ ജാസ്തിയാ ഇരുക്ക്. അത് ശൊല്ലിയിട്ട് പോകാനാ ഞാന്‍ വന്തത്. പശങ്കളെ കാലെയിലെ അണപ്പിറേന്‍. അക്കാ ശാപ്പിട്ട് പടുത്തോ.''
ഒന്നിനും ഉറപ്പില്ലാഞ്ഞിട്ടും അയാള്‍ അങ്ങനെ കള്ളം പറഞ്ഞു. ഷാജിയുടെ ഇടര്‍ച്ച ഉള്ളിലൊളിച്ചു നിന്നു.
''പശിക്കണില്ലൈ.''

അവരുടെ നേര്‍ത്ത വാക്കില്‍ വേദനയുടെ ഒരു കടല്‍ അപ്പാടെയലച്ച് വന്ന് അവനെ മൂടി... മടക്കിയ ഭക്ഷണപ്പൊതി അവിടെത്തന്നെ വെച്ച് പുറത്തേക്കിറങ്ങിയ ഷാജി കുറച്ചു നേരം എന്തോ ആലോചിച്ചു ആകാശത്തിലേക്കു നോക്കി. പിന്നെയവന്‍ ബീച്ച് സ്റ്റേഷനിലേക്ക് ബൈക്കോടിച്ചു പോയി... 
മരച്ചില്ലയിലിരുന്ന മാണിക്യന്‍ ദൂരെ മിന്നിയ ലൈറ്റ്ഹൗസിന്റെ വെളിച്ചദോഷത്തിലേക്ക് മിഴിനട്ടു. അതിന്റെ തുഞ്ചറ്റത്ത് ദൂരെയായി കുപ്പക്കോളനിയുടെ നിഴല്‍ വശംകെട്ട് പുളയുന്നുണ്ട്.
അമ്മായുടെ എഴുന്ന എല്ലിന്‍കൂടിനകത്ത് പിടയുന്ന ഞരക്കംപോലെ കടലനക്കം നുരയുന്നതായി അവനു തോന്നി. താഴേക്കു നീണ്ട മാണിക്യന്റെ കണ്ണുകള്‍ക്കൊപ്പിച്ച് നിലാവെട്ടം ചാറി. പാണ്ടി ഷാജിയുടെ കച്ചറക്കടപോലെ ആയിരുന്നു അവിടം. തുരുമ്പെടുത്ത തൊണ്ടിമുതലുകള്‍ക്കിടയില്‍ മാരിമുത്തിനെ വിഴുങ്ങിയ കുഴി മൂടപ്പെട്ടു. മണ്ണിട്ട് തൂര്‍ത്ത കുഴിയുടെ മീതെ ദ്രവിച്ച വാഹനങ്ങളുടെ ഭാഗങ്ങള്‍ കൂന കൂട്ടിയിട്ടു പൊലീസുകാര്‍ മടങ്ങി.

മരക്കൊമ്പിലിരുന്ന് മാരിമുത്തിനെയോര്‍ത്ത് അവനു കരച്ചില്‍ വന്നു. അമ്മായെന്നവന്‍ ഉറക്കെ കരഞ്ഞു. അവന്റെ ഉറവില്‍വെച്ച് മരിച്ചപോയ നിലവിളിശബ്ദം ദൈവത്തിന്റെ മടിവിട്ട് പുറത്തേയ്ക്കു വന്നില്ല. പടിഞ്ഞാറന്‍ കാറ്റിന്റെ തണുപ്പുള്ള വിരലുകള്‍ മാണിക്യന്റെ കവിളില്‍ അരുമയോടെ തലോടി.
കുഴിമാടത്തിനുമേല്‍ കുമിഞ്ഞുകൂടിയ കച്ചറക്കൂട്ടിലേക്ക് ആര്‍ക്കും വേണ്ടാത്ത പ്രാര്‍ത്ഥനപോലെ മാണിക്യന്റെ കണ്ണീരിറ്റു വീണു. മെല്ലെമെല്ലെ തളര്‍ന്നു തൂങ്ങിയ കണ്ണുകള്‍ അവനെ മരക്കൊമ്പിലേക്ക് മാടിയെടുത്തു. വേദനിച്ച നിലാപ്പരപ്പ് ഇലച്ചാര്‍ത്തുകള്‍ക്കിടയിലേക്ക് ചുരുങ്ങി. ആകാശം നിരാശയോടെ തൂവിയ അന്ധകാരം താഴേയ്ക്ക് തീര്‍പ്പില്ലാത്ത വ്യസനംപോലെ പടര്‍ന്നു. അതിനുള്ളില്‍നിന്നും നേരിയ നിശ്വാസത്തിന്റെ വെളിച്ചക്കീറ് എവിടുന്നോ ഊറി ഭൂമിയിലേക്കിറങ്ങി. പൊടുന്നനെ ഒരു സ്വപ്നംപോലെ മാരിമുത്തു അവനു മുന്നില്‍ വെളിപ്പെട്ട് തന്നെ തൊട്ടുവിളിക്കുന്നതായി അവനു തോന്നി. 

''മാണിക്യം നീ വീട്ടിലേക്ക് പോങ്കോ, അങ്കെ അമ്മാ തനിയെ താനിരുക്ക്. ഇനി നീ താന്‍ വേണം അമ്മാവെ സന്തോഷമാ പാക്കാന്‍.''
മാണിക്യം അവന്റെ തിളങ്ങുന്ന കണ്ണുകളില്‍ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.
''ഇനിവെ അമ്മാവെ അഴുവെക്ക കൂടാതെ നീ പാക്കണം. ഒരുനാളിലും എന്നെയും അപ്പാവേയും നീ അമ്മാവോട് കേക്ക കൂടാത്. അന്ത ഡാക്ടറുടെ ഫോണ്‍ നമ്മ തിരുടില്ലെന്ന് ശൊല്ലണം. അത് കേക്കുമ്പോത് അമ്മാ സന്തോഷമാ സിരിപ്പാങ്കെ.''

ചെകിടില്‍ തുളഞ്ഞുകയറിയ അഞ്ച്മണി സൈറണ്‍, മാണിക്യന്റെ പുലര്‍സ്വപ്നത്തെ മുറിച്ചു കളഞ്ഞു. അമ്മായ്ക്ക് ചക്കരക്കാപ്പിയിടാനുള്ള ധൃതിയില്‍ അവന്‍ മരത്തില്‍നിന്നും ഊര്‍ന്നിറങ്ങി.
രാത്രിയുടെ ഏതോ അവിശുദ്ധ നേരത്ത് ഉള്ളിലെ ആളിക്കരച്ചിലടക്കിയ കടല്‍, കരയിലേയ്ക്ക് വിതുമ്പിക്കയറാനെന്നോണം മൗനിച്ച് കിടക്കുകയായിരുന്നു.. തീരത്തെ മണലില്‍ കുഴഞ്ഞ കാലുകള്‍ വലിച്ചവന്‍ കുപ്പക്കോളനിയിലെ തീപ്പെട്ടി ചതുരത്തിലേയ്ക്ക് തത്രപ്പെട്ടു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com