'ത്രേസ്യാക്കുട്ടിയുടെ ആടുകള്‍'- റോസി തമ്പി എഴുതിയ അനുഭവ കഥ

ഈ കഥ നടക്കുമ്പോള്‍ എനിക്ക് ഒമ്പതും  അനിയന് ആറും വയസ്സാണ് പ്രായം.കാലം - ഒരു മധ്യവേനലവധി
'ത്രേസ്യാക്കുട്ടിയുടെ ആടുകള്‍'- റോസി തമ്പി എഴുതിയ അനുഭവ കഥ

കഥ നടക്കുമ്പോള്‍ എനിക്ക് ഒമ്പതും  അനിയന് ആറും വയസ്സാണ് പ്രായം.
കാലം - ഒരു മധ്യവേനലവധി.
സമയം - നേരം പുലര്‍ന്ന് ഏഴു മണി.
സ്ഥലം - എല്ലാ കുട്ടികളുടേയും സ്വപ്നഭൂമിയായ അമ്മവീട്.
''കുട്ട്യോള് വന്നോ അന്നമ്മേട്ത്താരേ?''  ആടിന് കഞ്ഞള്ളട്ക്കാന്‍ വന്ന ത്രിസ്യൂട്ട്യേച്ച്യാ. പര്യ പുറത്ത്ന്ന്. കമ്പന്യേ പുവ്വാന്‍ മുറിം കൂപ്പായം മാറി അന്നമ്മേട്ത്താര് ഒന്നുകൂടി മൂത്രമൊഴിക്കാന്‍ മറപ്പെരേലേക്ക് എറങ്ങിതാ. കാല് അകത്തിവെച്ച് മുണ്ട് മുന്നിലും പിന്നിലും  അകത്തിപ്പിടിച്ച് കാലിനിടയിലൂടെ ഉണങ്ങിയ പ്ലാവിലയില്‍ ചറപറാന്ന് മൂത്രം വീഴുമ്പോള്‍ അതിലും ഉറക്കെ ശബ്ദത്തില്‍ അന്നമ്മേട്ത്താര് പറഞ്ഞു:
''ആ... പിള്ളേരേ ഞാന്‍ ഇന്നലെ കമ്പനി വിട്ടപ്പോ നേരേ പോയി കൊണ്ടന്നു. അല്ലേങ്ങേ തോമൂട്ടി പിന്നെ കൊള്ളിപ്പണി കഴിട്ടേന്ന് പറയും. ത്രിസൂട്ട്യേ, ആ പടിക്കല് നിക്കണ പഴപ്ലാവിന്മേ മോളില് ഒരു ചക്ക മൂത്ത്ണ്ട് തോന്നുണു. അന്തോണ്യോട് അത് ഒന്ന് ഇട്ട് വെക്കാന്‍ പറ. കയറ് ആ വെറക് പെരേല് കാണും.''

ത്രിസ്യൂട്ടി ഇരുമ്പന്‍പുളിയുടെ കടക്കല്‍ വെച്ചിരിക്കുന്ന വക്കു പൊട്ടിയ വലിയ മണ്‍കലത്തില്‍നിന്ന് കഞ്ഞിവെള്ളവും പഴത്തൊലിയും ഞണങ്ങിയ അലൂമിനിയം ബക്കറ്റിലേക്ക് ഒഴിക്കുമ്പോള്‍ പിന്നില്‍ തെറിയിട്ട് മുട്ടിനു താഴെ ഇറക്കി ഉടുത്ത കള്ളിമുണ്ടിന്റെ വിയര്‍പ്പു മണം ശ്വസിച്ച്, ത്രിസൂട്ടിയെ കാലുകളില്‍ മുട്ടിയുരുമ്മിനിന്ന്, മൂക്കുകൊണ്ട് സ്നേഹമസൃണമായ  ശബ്ദം പുറപ്പെടുവിച്ച് കലത്തില്‍നിന്ന് ബക്കറ്റിലേക്ക് വീഴുന്ന പഴത്തൊലികള്‍  നാവുകൊണ്ട് വായിലാക്കി  ഒരു ഭാഗം വായില്‍നിന്ന് ഒരു വശത്തുകൂടെ പുറത്തേയ്ക്കിട്ട് ചവച്ചിറക്കുകയാണ് ഊശാം താടിക്കാരനായ പത്രു എന്ന കൊറ്റനാട്.

ത്രിസൂട്ടി പത്രൂ എന്നു വിളിച്ചാല്‍ മതി ഏതു തിരക്കിനിടയില്‍നിന്നും പത്രൂ ഓടിയെത്തും. നീളമുള്ള കൊമ്പുകള്‍ മണ്ണില്‍ കുത്തി കാലുകൊണ്ട് മണ്ണ് ചിക്കി അനുസരണയോടെ തലയുയര്‍ത്തി മുന്നില്‍ വന്നുനില്‍ക്കും.

ആലയിലെ പെണ്ണാടുകള്‍ വഴിതെറ്റാതെ നോക്കുന്നതും കുറുക്കന്റെ തോപ്പ് എന്നറിയപ്പെടുന്ന പാറമടകളിലെ നിറഞ്ഞ ജലാശയങ്ങളിലേയ്ക്കും കശുമാവിന്‍ തണലിലെ പുല്‍ത്തകിടികളിലേയ്ക്കും ആലയിലെ പെണ്ണാടുകളേയും ശിശുക്കളേയും നയിക്കുന്നതും വഴിയില്‍ വന്നുപെടുന്ന ചാവാളി പട്ടികളെ കൊമ്പുകുലുക്കി ഓടിക്കുന്നതും, തീറ്റസ്ഥലത്ത് മറ്റ് ആട്ടിന്‍ കൂട്ടങ്ങളുമായി തന്റെ പെണ്ണാടുകള്‍ ഇടകലരാതെ വംശശുദ്ധി സൂക്ഷിക്കുന്നതും പത്രുവിന്റെ ഉത്തരവാദിത്വമാണ്. 
ഭരിക്കുക, നയിക്കുക, പഠിപ്പിക്കുക എന്നിങ്ങനെ തന്നില്‍ അര്‍പ്പിക്കപ്പെട്ട ദൈവിക ഗുണങ്ങള്‍ പത്രു കൃത്യമായി പാലിക്കപ്പെട്ടു. 

പത്രുവിന്റെ ഏക ശത്രു, കാളിയറോഡിലെ നേര്‍ച്ച കൊറ്റന്‍ മാത്രമാണ്. കഴുത്തില്‍ വലിയ ഓട്ടുമണി കെട്ടിയ,   ആ ഒറ്റയാന്‍ മനക്കലെ ഇടോഴിയില്‍നിന്ന് സാറമ്മയുടെ പാടം കടന്ന് മണ്ണാം മുക്കിലേക്ക് ഒരു വരമുണ്ട്. വളഞ്ഞ കൊമ്പുകളും ഊശാം താടിയും ഏകദേശം നാലടി ഉയരവും വലിയ ശരീരവും കുണുക്കി കുണുങ്ങിയുള്ള വരവ് കണ്ടാല്‍ എത്ര ക്ഷമിച്ചാലും പത്രുവിന്റെ ഉള്ളിലെ പൗരുഷം ജ്വലിക്കും.   ഒന്നു കൊമ്പുകോര്‍ക്കാന്‍ അവന്റെ ഉള്ളം ത്രസിക്കും.

ത്രിസൂട്ടി പറഞ്ഞാലും പത്രുവിന് അപ്പോള്‍ അനുസരിക്കാന്‍ കഴിയാതെ വരും. 
മുട്ടനാടുകള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഇടവഴി പെട്ടെന്നൊരു യുദ്ധഭൂമിയായി മാറും. പത്രുവിന് ഗ്രൗണ്ട് സപ്പോര്‍ട്ട് കൂടും. കുട്ടികള്‍ വേലിക്കഴയിലേയ്ക്ക് മാറിനിന്ന് ആഘോഷശബ്ദങ്ങള്‍ പുറപ്പെടുവിക്കും. ത്രിസൂട്ടിയും അത് അറിയാത്ത രീതിയില്‍ അനുവദിച്ചു കൊടുക്കും. അവന്‍ ഒരാണല്ലേ എന്നാണ് അതിനുള്ള ന്യായം. മറഞ്ഞുനിന്ന് ആ കൊമ്പുകോര്‍ക്കല്‍ അവള്‍ ആസ്വദിക്കാറുമുണ്ട്. ഏകദേശം പത്തു മിനിറ്റിന്റെ പ്രകടനം കഴിഞ്ഞാല്‍ വരത്തന്‍ തിരിച്ചു പോകും. പത്രു തന്റെ വിജയം ആഘോഷിച്ച് വേലികളില്‍നിന്ന് പാല്‍ വയറ കടിച്ചുതിന്നാന്‍ തുടങ്ങും. അധികസമയം ഇടവഴിയില്‍ ചുറ്റിത്തിരിയുന്ന ശീലം പത്രുവിനില്ല. ഇടവഴിയിലെ അറ്റം വരെ ഒന്നു നടന്ന് വേഗം തന്നെ തിരിച്ചുവരും. പെണ്ണാടുകളേയും കുട്ടികളേയും അഴിച്ചുവിടാറില്ലെങ്കിലും പത്രുവിനെ ദിവസവും  തുറന്നുവിടാറുണ്ട്. കൂട്ടില്‍ പത്രുവിന് പ്രത്യേകമായ അറയുണ്ട്.

പത്രു  പെണ്ണാടുകളുമായി ഇണചേരാനുള്ള വട്ടംകൂട്ടി തുടങ്ങിയാല്‍ ത്രിസൂട്ടി അവന്റെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാന്‍ എന്നവണ്ണം ആ ഭാഗത്തേക്ക് നോക്കാറില്ല. ആടുകളുടെ അപ്പോഴത്തെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ കഴിയുന്നതും ദൂരെ മാറിപ്പോകുകയോ മറ്റു പണികളില്‍ തിരക്കാവുകയോ ആണ് പതിവ്. 
എന്നാല്‍, ഞങ്ങളില്‍ ചിലര്‍ കിട്ടുന്ന അവസരങ്ങളില്‍ ഒളിഞ്ഞിരുന്നു കാണുകയും മുതിര്‍ന്നവര്‍ കാണാതെ പരീക്ഷിച്ചു നോക്കി രസിക്കുകയും ചെയ്തിരുന്നു.

അന്തോണി ചക്ക ഇടാന്‍ വന്നപ്പോഴെക്കും  അയല്‍വീടുകളിലെ കുട്ടിസംഘം അവധിക്കാല പരിപാടികള്‍ പ്ലാന്‍ ചെയ്യാന്‍ പ്ലാവിന്‍ ചോട്ടില്‍ വട്ടമേശ സമ്മേളനം തുടങ്ങി കഴിഞ്ഞു. ചക്കയിട്ട് ആടിനുള്ള പ്ലാവിലകളുമായി വിക്കനന്തോണി പോകുമ്പോഴും ചര്‍ച്ച തുടര്‍ന്നു.

''എ എ എപ്പഴ വന്നേ?''   പോകുമ്പോള്‍ വിക്കനന്തേണി തലയില്‍ തോണ്ടി.
''ഇന്നലെ വൈന്നേരം.''
വിക്കനന്തോണി പാവമാണ്. എന്നാലും കുട്ടികള്‍ അയാളുടെ അടുത്ത് പോകുന്നത് അമ്മമാര്‍ വിലക്കിയിരുന്നു. കുട്ടികളെ പൊട്ട ശീലം പഠിപ്പിക്കുമെന്ന്.

പത്തു സെന്റു സ്ഥലം - അതില്‍  പതിന്നാലാം കോല് എട്ടില്‍ ഓടിട്ട ചാണം മെഴുകിയ വീടും ത്രിസ്യക്കുട്ടി എന്ന, വളരെ ശോഷിച്ച ശരീരവും വലിവിന്റെ അസുഖവുമുള്ള ഒരേ ഒരു പെങ്ങളുമാണ് അന്തോണിക്ക് സ്വന്തമായുള്ളത്. 

ആങ്ങളയും പെങ്ങളും കല്യാണം കഴിക്കണ്ട എന്നു തീരുമാനിച്ചത് ഒരാള്‍ കല്യാണം കഴിച്ചാല്‍ മറ്റെയാള്‍ ഒറ്റയ്ക്ക് പോകുമോ എന്നു ഭയന്നിട്ടാണ്. തനിക്കൊരു ഭര്‍ത്താവുവന്നാല്‍ അയാള്‍ തന്റെ ആങ്ങളയെ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് പെങ്ങളും താന്‍ കല്യാണം കഴിച്ചുകൊണ്ടുവരുന്ന പെണ്ണ് തന്റെ പെങ്ങളെ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് ആങ്ങളയും ഭയന്നു.

അന്തോണിക്ക് ആരോഗ്യമുള്ള ശരീരമുണ്ടെങ്കിലും തന്റെ ഉണ്ണിയെ ത്രേസ്യാകുട്ടി പുറത്ത് ഒരു പണിക്കും വിട്ടില്ല. ''പനി പിടിച്ച് മൂന്നാം നാള്‍ അമ്മ മരിക്കുമ്പോ, ന്നെ, ഏല്പിച്ചതാ. ന്റ കൂട്ടിനേ.''
''എന്തിനാ ത്രിസ്യാക്കുട്ട്യേ നീ ഈ വയ്യാത്തോടത്ത് ഇങ്ങനെ ആടുങ്ങളുടെ പിന്നാലെ കിടന്ന് ഓടണത്. അന്ത്യോണ്യേ എന്തെങ്കിലും പണിക്ക് പറഞ്ഞയച്ചൂടെ.''

ത്രിസൂട്ടിടെ വലിവ് കണ്ട് ആരെങ്കിലും പറഞ്ഞാല്‍  ത്രിസൂട്ടിടെ സ്ഥിരം മറുപടിയാണത്.  കൂടെ ഇതും കൂടെ പറയും: ''അമ്മ പോകുമ്പം എനിക്ക് ഏഴ് വയസ്സ്. ഉണ്ണിക്ക് നാല് വയസ്സും. അമ്മേടെ മഞ്ച മുറ്റത്തേയ്ക്ക് ഇറക്യേപ്പോ അമ്മേനേ  കൊണ്ടോയാ ഞങ്ങക്ക് ആരാ ചോറ് തരാ എന്നു പറഞ്ഞാ അന്ന് അവന്‍ പള്ളിലച്ചനെ ഉന്തിയിട്ടത്. അപ്പാപ്പന്‍ ആവുന്നത്ര പിടിച്ചിട്ടും അവന്‍ നിന്നില്ല. അവസാനം ആരോ ചെറിയ മുറിയിലിട്ട് പൂട്ടി.

ദിവസങ്ങളോളം അവന്‍ മിണ്ടിയില്ല. പിന്നെ ഒരിസം ഉച്ചയ്ക്ക് ഞങ്ങടെ അമ്മാമ എന്റെ തലേല് പേന്‍ നോക്കിക്കൊണ്ടിരിക്കുമ്പോ ഉണ്ണി അകത്ത്‌നിന്ന് ഓടി മുറ്റത്തേക്ക് വന്നു. ഒരലര്‍ച്ചയോടെ നിലത്ത് വീണ് കയ്യും കാലും ഇട്ട് അടിക്കാന്‍ തുടങ്ങി. വായേന്ന് നുരേം പതേം വന്നു.  കുട്ടി ഇപ്പോ മരിക്കുംന്ന് കരുതി. മരണവെപ്രാളം കണ്ട് നിക്കാന്‍ പറ്റില്ല. തൊടാനും സമ്മതിക്കിണില്ല. അമ്മാമ അകത്തുപോയി പിടിയില്ലാത്ത ഒരു കത്തി എടുത്തുകൊണ്ടുവന്ന് ഉണ്ണിടെ കയ്യില്‍ ബലമായി പിടിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോ ചത്തപോലെ കിടന്നു. പിന്നെ അമ്മാമ എടുത്ത് കുളിപ്പിച്ച് കഞ്ഞി കോരിക്കൊടുത്തു. എന്താണ്ടായേ ഉണ്ണ്യേ എന്നു ചോദിച്ചപ്പോ അവന്‍ പറയാ. ''ആ എന്തുട്ടാണ്ടായേ? ഇക്യറില്ലന്ന്.''
ഉണ്ണി കളിക്കാന്‍ പോയപ്പോ അമ്മാമന്നോട് പറഞ്ഞു: ''ത്രിസൂട്ട്യേ അവന് അപസ്മരം എളകിണ്ട്. മ്മള് സൂക്ഷിക്കണം.''

അതിപിന്നാ ഉണ്ണിക്ക് വിക്ക് തുടങ്ങിത്. ''ന്റുണ്ണി വയ്യാത്തതാ. ആ കാണണ ശരീരം ഒരു ബലോംല്ല്യാത്തതാ. എപ്പളാ അത് വീണ്ടും എളകാന്ന് അറില്ലാ?''
കറവയുള്ള അഞ്ചാടുകള്‍ ത്രേസ്യയുടെ ആട്ടിന്‍ കൂട്ടത്തില്‍ എപ്പോഴും കാണും. ഇരുനാഴി പാലു വെച്ച് ഓരോ ആടില്‍നിന്നും കറന്നെടുക്കും; ബാക്കി കുട്ടികള്‍ക്ക്/കുട്ടിക്ക് കുടിക്കാനുള്ളതാണ്. മിക്കവാറും രണ്ടു കുട്ടികളായിരിക്കും ഒരു പ്രസവത്തില്‍.

പത്രുവിന്റെ കുട്ടികള്‍ ആയതുകൊണ്ട് അവര്‍ക്കെല്ലാം പത്രുവിനെപ്പോലെ കഴുത്തില്‍ രണ്ടു മണിയുണ്ട്. മണി ആട്ടിയാട്ടി തുള്ളിച്ചാടി വരുന്ന ആട്ടിന്‍കുട്ടികള്‍ ത്രേസ്യയുടെ കറവകഴിഞ്ഞാല്‍ അമ്മമാരുടെ മുലകളെ നാവു നക്കി  മൂക്ക്‌കൊണ്ട് മണത്ത് തലകൊണ്ട് മൃദുവായി ഇടിച്ച് പാല്‍ വലിച്ചു കുടിക്കും.  അപ്പോള്‍ പിടിച്ചുവെച്ച പാല്‍ തള്ളാട് സമൃദ്ധമായി  ചുരന്നുകൊടുക്കും;  ത്രിസൂട്ടി നിര്‍വൃതിയോടെ അതു നോക്കിനില്‍ക്കും.
ഇരുനാഴി പാല്‍ വീട്ടിലേക്കാണ്. ബാക്കിയുള്ള രണ്ടിടങ്ങഴി പാലിന് മുന്‍പുതന്നെ പറഞ്ഞുറപ്പിച്ചവര്‍ ഉരി ഗ്ലാസ്സും ചുവന്നുള്ളിയുമായി മുറ്റത്തുണ്ടാകും.   ഗ്ലാസ്സിലൊഴിച്ച ഇളം ചൂടുള്ള  പാലില്‍ ചോന്നുള്ളി വിരല്‍കൊണ്ട് ഉടച്ചു ചേര്‍ത്ത് തോളിലിട്ട തോര്‍ത്തുകൊണ്ട് ചുണ്ടില്‍ ചേര്‍ത്ത് അരിച്ച് അവര്‍ വലിച്ചുകുടിക്കും. എന്നും രാവിലെ മുറ്റത്ത് പാലുകുടിക്കാനുള്ള ആളുകള്‍ കാണും. ആട്ടിന്‍പാല്‍ അങ്ങനെ കുടിക്കുന്നത് പ്രതിരോധ ഔഷധമാണ്.

ഏകദേശം പത്തു മണിയാകുമ്പോള്‍  ത്രിസ്യാക്കുട്ടി ആടുകളേയുംകൊണ്ട് കുറുക്കന്റെ തോപ്പിലേക്ക് പോയാല്‍ അന്തോണി പടിക്കല്‍ എടോഴില് വന്നിരുന്ന് തനിച്ച് തായം കളിക്കാന്‍ തുടങ്ങും. ചിലപ്പോ മുന്നിലെ വീട്ടിലെ ചാത്തുമാനും കൂടും. ചാത്തുമാന് മാര്‍ക്കറ്റില്‍ ഉന്തുവണ്ടി വലിക്കലായിരുന്നു. ഇപ്പോ വയ്യാണ്ടായി. മൂത്തമോന്‍ രാധക്ക് ആ പണി കൊടുത്തു. വിശ്രമജീവിതമാണ്. ആറടി ഉയരവും ഒത്ത ശരീരവുമുള്ള ബലിഷ്ഠനാണ് ചാത്തുമാന്‍. വയസ്സായെങ്കിലും ആ വലുപ്പം അങ്ങനെ തന്നെയുണ്ട്. ഭാര്യ കാക്ക്യമ്മായി നാലടി ഉയരമാണ്. ഇപ്പോ ഒരു കൂനും ഉണ്ടെങ്കിലും അത്രയും വെളുപ്പ് നിറമുള്ള ആരും ആ ഇടവഴിയില്‍ ഉണ്ടായിരുന്നില്ല.

പന്ത്രണ്ട് മണിയാകുമ്പോള്‍ തലയില്‍ ഒരു ചാക്ക് ചവറും (അന്നത്തേയ്ക്കുള്ള വിറക്) മുന്നില്‍ ആടുകളുമായി ത്രിസ്യാക്കുട്ടി തിരിച്ചുവരും വരെ അന്തോണി അവിടെയിരിക്കും.

ഞങ്ങളുടെ കുട്ടിസംഘത്തിന് പലവിധ സഹായവും അന്തോണിയെക്കൊണ്ടുണ്ട്. കുട്ടിയും കോലും കളിക്കാന്‍ ശീമക്കൊന്നയുടെ വടി കഷണങ്ങളാക്കി തരിക. കര്‍ണ്ണാക്കും കായകൊണ്ട് ചക്രങ്ങളുള്ള വണ്ടിയുണ്ടാക്കി തരിക. പിന്നെ ഇടക്കൊക്കെ പറമ്പിലെ കശുമാവില്‍നിന്നു വീണു കിട്ടുന്ന അണ്ടി ചുട്ടു തരിക. അത് എല്ലാവര്‍ക്കുമില്ല; എനിക്കും അനിയനും എന്തായാലും കിട്ടും. പിന്നെ പതിനൊന്നു മണിക്ക് പൈപ്പില്‍ വെള്ളം വരുമ്പോള്‍ രാവിലെ മുതല്‍ പെണ്ണുങ്ങള്‍ വരിവരിയായി കൊണ്ടുവെച്ച പാത്രങ്ങള്‍ നിറച്ചുവെക്കലും അന്തോണി ഫ്രീയായി ചെയ്തു കൊടുക്കും. എന്നാലും പെണ്ണുങ്ങള്‍ക്ക് അന്തോണിയെ ഇഷ്ടമല്ല. പെണ്ണുങ്ങളെ തനിച്ചു കണ്ടാല്‍ അന്തോണി മുണ്ടുപൊക്കി കാണിക്കുമത്രേ. പലപ്പോഴും പെണ്ണുങ്ങള്‍ കുടമെടുക്കാന്‍ വരുമ്പോള്‍ ''ഫ, തെണ്ടി'' എന്ന് ആട്ടുന്നത് കാണാം. എന്തിനാ അവര് അങ്ങനെ പറഞ്ഞേന്ന് ചോദിച്ചാല്‍ അന്തോണി കണ്ണിറുക്കി ചിരിക്കും. കുട്ടികള്‍ അന്തോണിയുടെ അടുത്ത് പോകരുതെന്നാണ്. എന്നാലും ഞങ്ങള്‍ ആരും കാണാതെ അന്തോണിടെ അടുത്തു നിന്ന് സഹായങ്ങള്‍ സ്വീകരിക്കും.
കാലത്ത് നാടകം കളി, ഉച്ചയ്ക്ക് കവടി കളി, വൈകുന്നേരം ഹോക്കി കളി അങ്ങനെയാണ് ഇടവഴിയിലെ അവധിക്കാല കളികള്‍.

പതിനൊന്നു മണിയാകുമ്പോള്‍ കുട്ടികള്‍ വീടുകളില്‍നിന്ന് ഒരു അടുക്കുപാത്രവുമായി കിലോമീറ്റര്‍ അകലെയുള്ള  കമ്പനിപ്പടിയിലേയ്ക്ക് യാത്രയാകും. ആ ഇടവഴിയില്‍ പകുതി വീടുകളില്‍നിന്ന് ഒരാളെങ്കിലും കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്ക് ഉച്ചയ്ക്കുള്ള ചോറാണ് ആ പാത്രങ്ങളില്‍. അമ്മാമയ്ക്കും അമ്മയ്ക്കും ഉള്ള ചോറുകള്‍ രണ്ടു പാത്രങ്ങളിലായി ഞങ്ങളും പുറപ്പെടും.

അമ്മയുടെ അനുജത്തി മേമയുടെ ജോലി സമയാസമയങ്ങളില്‍ ഭക്ഷണം ഉണ്ടാക്കുക, വെള്ളം കൊണ്ടുവരിക, തുണി കഴുകുക, വീടു വൃത്തിയാക്കുക, കുട്ടികളെ കുളിപ്പിക്കുക എന്നിവയാണ്.
കമ്പനിപ്പടിക്കല്‍ ചോറു കൊണ്ടുകൊടുത്തു വന്നാല്‍ ഞങ്ങള്‍ക്ക് മേമ ചോറുവിളമ്പും; ഒരു ഒഴിച്ചു കറി, ഉപ്പേരി, ഉണക്കമീന്‍ വറുത്തത്. ഇത്രയും സ്ഥിരമാണ്. 

 ഉച്ചയൂണ് കഴിഞ്ഞാല്‍ എല്ലാ വീടുകളിലും  സ്ത്രീകള്‍ ഒന്നു നടുനിവര്‍ത്തുന്ന നേരമാണ്. ഈ സമയം കുട്ടികള്‍ സ്വതന്ത്രരാണ്. പാതി ചാരിയ വാതില്‍ വഴി പതുക്കെ പുറത്തുചാടും. വേലിക്കഴകള്‍ ചാടി എടോഴിയിലെത്തും. ഒരു പത്തുപേരുടെ സംഘം ആയിക്കഴിഞ്ഞാല്‍ പടിഞ്ഞാട്ട് കുറുക്കന്റെ തോപ്പു നോക്കി പാറക്കല്ലുകള്‍ നിറഞ്ഞ വെള്ളച്ചാല്‍ ഇടവഴിയിലൂടെ ഒറ്റവരിയായ് കയറിപ്പോകും.

കശുമാവിന്‍ തോട്ടത്തില്‍ അപ്പോള്‍ ചവറടിക്കുന്നവരും ആടിനെ നോക്കുന്നവരും ഒഴിഞ്ഞു പോയിരിക്കും. അണ്ടിനോക്കുന്ന പരമേട്ടനും മാച്ചുവട്ടില്‍ മയക്കത്തിലായിരിക്കും. പാറമടയില്‍ നിന്നു വരുന്ന ഉച്ചക്കാറ്റ് കുട്ടികള്‍ക്കുവേണ്ടി തുരുതുരെ  കശുമാങ്ങകള്‍ ഉതിര്‍ത്തിടും. മഞ്ഞയും ചുവപ്പും നിറത്തിലുള്ള മാങ്ങകള്‍ പെണ്ണുങ്ങള്‍ ചവറടിച്ചു മാറ്റിയ ഇടങ്ങളിലൂടെ പൂച്ചനടത്തം പാലിച്ച് വലിയ നീറോലി വിടയില്‍ അണ്ടിയോടുകൂടി കോര്‍മ്പകളായി കോര്‍ത്ത് പെട്ടെന്ന് ഊര്‍ന്നിറങ്ങി പോരും. തുടുത്ത മാമ്പഴങ്ങള്‍ക്ക് ഇടവഴിയില്‍ ആള്‍ക്കാര്‍ ഏറെയാണ്. അണ്ടികള്‍ വിരിഞ്ഞ് അതിനു മുമ്പേ പോക്കറ്റിലാക്കിയിരിക്കും. സൗകര്യം പോലെ അത് അന്തോണിയെ ഏല്പിച്ചാല്‍ ചുട്ടു കിട്ടും. ഏപ്രില്‍ മുതല്‍ മെയ് പകുതി വരെ ഈ കളി തുടരും. വിഷു കഴിഞ്ഞാല്‍ അണ്ടിക്കാലം കഴിഞ്ഞു.

മാതാവിന്റെ വണക്കമാസം കാലം കൂടുന്നത് മെയ് അവസാനത്തിലാണ്. ചക്കപ്പഴവും പാച്ചോറും ചേര്‍ന്നൊരുക്കുന്ന ആ സദ്യയില്‍ ഞങ്ങള്‍ക്കൊരിക്കലും പങ്കെടുക്കാന്‍ പറ്റില്ല. അപ്പഴേക്കും വീട്ടിലേയ്ക്ക് പോരണ്ട സമയമാകും.

നല്ല മാതാവേ മരിയേ എന്ന പാട്ട് പ്രാര്‍ത്ഥന കഴിഞ്ഞാല്‍ വലിയ ശബ്ദത്തില്‍ ഇടവഴിയില്‍ മുഴങ്ങും. ഒരു വിട്ടീല്‍ പകുതിയാകുമ്പോഴായിരിക്കും അടുത്ത വീട്ടില്‍ തുടങ്ങുക. കത്തോലിക്കരും ഈഴവരും ഇടകലര്‍ന്ന് പാര്‍ക്കുന്ന ആ ഇടവഴിയില്‍ മണ്ണാന്‍, ഓടന്‍, കരുവാന്‍ എന്നിവരുമുണ്ട്. എല്ലാവരും പരസ്പരം മുതിര്‍ന്നവരെ ചേട്ട, ചേച്ചി എന്നു വിളിക്കുന്ന ഒരു ശീലമാണവിടെ. ഏത് അടുക്കളയിലും ആര്‍ക്കും കയറിച്ചെല്ലാം. 
രാത്രി ഏഴു മണി കഴിഞ്ഞ് മണ്ണാമുക്ക് ഇടവഴിയിലൂടെ നടന്നാല്‍ കുന്തിരിക്കപ്പുകയുടെ മണവും ചന്ദനത്തിരിയുടെ മണവും മാറിമാറി വരും. ചിലയിടത്ത് മീന്‍കറി ഉള്ളി കാച്ചുന്ന മണമാണെങ്കില്‍ സാമ്പാര്‍ കടുകു വറുക്കുന്ന മണമാകും അപ്പുറത്ത്.

വൃശ്ചികമാസം അയ്യപ്പസ്വാമിക്കെന്നപോലെ മെയ് മാസം മാതാവിന്റെ മാസമാണ്.  'നല്ല മാതാവേ' എന്ന പാട്ട് ആ ദിവസങ്ങളില്‍ സന്ധ്യാപ്രാര്‍ത്ഥന കഴിഞ്ഞാല്‍ ഉറക്കെ പാടും. അതിലെ ഏറ്റവും ഉറക്കെ ചൊല്ലുന്നത്
''ചെയ്ത്താന്‍മാര്‍ ഞങ്ങളെ കാത്തിടുകില്‍
ചത്താലും ഞങ്ങള്‍ക്കതിഷ്ടമല്ല''
എന്ന വരിയാണ്.

വണക്കമാസം കാലം കൂടും മുന്‍പ് വികാരിയച്ചന്‍ വീടുകള്‍ വെഞ്ചെരിക്കാന്‍ വരും. കുട്ടികള്‍ അച്ചന്റെ പിറകെ വീടുകള്‍ കയറിയിറങ്ങും. എല്ലാ വീട്ടില്‍നിന്നും അച്ചന് ചായയും പഴവും മിക്ച്ചറും നല്‍കും. അച്ചന്‍ അത് കുട്ടികള്‍ക്ക് കൊടുക്കും. 

''ത്രേസ്യക്കുട്ട്യേ നിന്നെ ഇപ്പോ പള്ളിലേക്കൊന്നും കാണാറില്ലല്ലോ?''
 എഴുപതു കഴിഞ്ഞ വികാരിയച്ചന്‍ ത്രേസ്യാക്കുട്ടിയുടെ വീട് വെഞ്ചെരിപ്പ് കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോള്‍ തന്റെ മുടിയില്ലാത്ത തലയില്‍ വിരലോടിച്ചുകൊണ്ട് കുശലാന്വേഷണം നടത്തി. അതുവരെ ഭക്തയായി കഴിഞ്ഞ ത്രേസ്യാ കയ്യുകള്‍ ആകാശത്തേക്കുയര്‍ത്തി  പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി:
''ഞാന്‍ നല്ല ഇടയയാകുന്നു. എന്റെ ആടുകള്‍ എന്റെ സ്വരം കേള്‍ക്കുന്നു. അവ എന്നെയും ഞാന്‍ അവയേയും തിരിച്ചറിയുന്നു. ഒരു കള്ളനും നായ്ക്കും നരിക്കും ഞാനവയെ വിട്ടുകൊടുക്കില്ല. ഈ കൂട്ടിലേക്ക് എത്തിച്ചേരണ്ട ആടുകള്‍ ഇനിയുമുണ്ട്; ഞാന്‍ അവയെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു.''
അച്ചന്‍ അന്തോണിയെ നോക്കി.
അന്തോണി കൈകൂപ്പിക്കൊണ്ട് പറഞ്ഞു:
''അച്ചോ, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.''

ത്രേസ്യയുടെ ശബ്ദം കേട്ടപ്പോള്‍ ആട്ടിന്‍കൂട്ടില്‍നിന്ന് 'മ്മേ, മേ' എന്ന ശബ്ദം ഉയര്‍ന്നു. ഒന്നില്‍ നിന്നു തുടങ്ങി അതു മുപ്പതായി. എന്തെന്നാല്‍ കൂട്ടില്‍ മുപ്പത് ആടുകള്‍ ഉണ്ടായിരുന്നു.
ത്രേസ്യ 101-ാം സങ്കീര്‍ത്തനം ഉച്ചത്തില്‍ ആലപിക്കാന്‍ തുടങ്ങി:
''കര്‍ത്താവെന്റെ ഇടയനാകുന്നു
എനിക്കൊന്നിനും മുട്ടുണ്ടാക്കുകയില്ല.''
വികാരിയച്ചന്‍ ക്ഷുഭിതനായി.
അന്തോണി വിക്കി വിക്കി വികാരിയെ ആശ്വസിപ്പിച്ചു: ''അ അ അച്ചോ ദൈവസഭാ മത്തായിയാ ഇവളെ ഇങ്ങനെയാക്കിയത്. അച്ചന്‍ ഒന്ന് തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചാല്‍ മതി. ഒഴിഞ്ഞുപൊയ്ക്കോളും.''
അച്ചന്‍ ആസകലം ത്രേസ്യയെ ഒന്നു നോക്കി. പിന്നെ ഇരുത്തി ഒന്നു മൂളി. തൊട്ടടുത്ത കുഞ്ഞാച്ചൂന്റെ വീട്ടിലേക്ക് നടന്നു. 
ആലയില്‍നിന്ന് പത്രു ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.

അച്ചന്‍ പോയിക്കഴിഞ്ഞപ്പോള്‍ അവള്‍ ആട്ടിന്‍കൂടിനരികിലേക്ക് ചെന്നു. അപ്പോള്‍ അവരെല്ലാം കവുങ്ങിന്റെ പാളികൊണ്ടുണ്ടാക്കിയ കൂടിന്റെ തറയില്‍ ഒരുമിച്ച് ചവുട്ടി ശബ്ദമുണ്ടാക്കുകയും കൂട്ടില്‍ കെട്ടിയിട്ട പ്ലാവിലകള്‍ കടിച്ചു തുപ്പുകയും ചെയ്തു. അവള്‍ കൂടു തുറന്നു വിട്ടു. ആദ്യം പത്രു, പുറകില്‍ ശോശമ്മ, കത്രീന, മറിയംകുട്ടി എന്നിങ്ങനെ സ്ഥാനമനുസരിച്ച് അവര്‍ ഓരോരുത്തരായി ഇറങ്ങിവന്ന് അവള്‍ക്ക് ചുറ്റും നിലയുറപ്പിച്ചു. പത്രു അവളെ ദേഹമാസകലം നാവുകൊണ്ട് നക്കുകയും മൂക്കുകൊണ്ട് മണക്കുകയും ചെയ്തു. അവന് എത്താതെ വന്ന തന്റെ ശരീരഭാഗങ്ങളെല്ലാം അവള്‍ കുനിച്ചുകൊടുത്തു.
വൈകുന്നേരം അഞ്ചു മണിക്ക് ശരീരം നിറയെ പഞ്ഞിയുമായി അമ്മാമ കമ്പനി വിട്ട് വരും. അപ്പോഴേക്കും ഞങ്ങളെ കുളിപ്പിച്ച് അലക്കിയ ഡ്രസ്സ് ഇടീച്ച് നിര്‍ത്തിണ്ടാകും മേമ.

ഞങ്ങളിങ്ങനെ കുരുമുളക് വള്ളി പടര്‍ന്ന മുരുക്കുമരങ്ങളില്‍ (രണ്ടു പടിക്കാലുകള്‍) പിടിച്ച് നല്ല കുട്ടികളായി അമ്മാമ വരുന്നതും നോക്കി നില്‍ക്കും. ഒരു സഞ്ചിയില്‍ വീട്ടുസാമാനങ്ങളും മറ്റേ കയ്യില്‍ ചോറ്റുപാത്രവും ഉണ്ടാകും.  ചോറ്റുപാത്രം ഞങ്ങള്‍ക്കുള്ളതാണ്. അതില്‍  കമ്പനി കാന്റീനില്‍നിന്ന്  അഞ്ച് പൈസ ടോക്കണ് വാങ്ങി, വാച്ച്മാന്‍ കാണാതെ കൊണ്ടുവരുന്ന  ഉഴുന്നുവടയും  പരിപ്പുവടയും കാണും. അതു തിന്നിട്ടേ ഞങ്ങള്‍ അകത്തു കയറൂ.

സന്ധ്യയ്ക്ക്  അമ്മാമ മുറ്റത്തെ ചവറടുപ്പില്‍ കുളിക്കാന്‍ വെള്ളം ചൂടാക്കാന്‍ തുടങ്ങുമ്പോള്‍ ത്രേസ്യാക്കുട്ടി വൈകുന്നേരത്തെ കഞ്ഞള്ളം എടുക്കാന്‍ പാത്രവുമായി വരും. 
അവധിക്കാലം കഴിയും വരെ ഇതാവര്‍ത്തിക്കും.

സ്‌കൂള്‍ തുറക്കുന്നതിന് രണ്ടു ദിവസം മുന്‍പ് പുതിയ ബാഗ്, പുതിയ കുട, പുതിയ ചെരിപ്പ്, പുതിയ ഉടുപ്പ്, പുതിയ ബോക്സ്, പുതിയ പേന, പുതിയ പെന്‍സില്‍, പുതിയ നോട്ടുപുസ്തകങ്ങള്‍ ഇവയൊക്കെയായി സങ്കടം ഉള്ളിലൊതുക്കി പോരുമ്പോള്‍ വിക്കനന്തോണി കണ്ണു നിറഞ്ഞുകൊണ്ട് തലയില്‍ തട്ടി പറയും: ''ഓണത്തിന് വേഗം വരണം.''

കൂട്ടുകാരായ കുഞ്ഞാച്ചു, സുര, യൂദ എന്നിവര്‍ ഇടവഴിയുടെ അറ്റത്തുള്ള ബസ് സ്റ്റോപ്പ് വരെ കൂടെവരും. അഞ്ചു മണിക്കുള്ള സുബിത ബസില്‍ കയറുമ്പോള്‍ അവര്‍ ടാറ്റ പറഞ്ഞ് പിന്നില്‍ നില്‍ക്കും. കമ്പനിപ്പടിക്കല്‍നിന്ന് അമ്മ മുന്നേ ആ ബസില്‍ കയറിയിട്ടുണ്ടാകും.
ത്രിസൂട്ട്യേച്ചിയുടെ ആടുകള്‍  കുറുക്കന്റെ തോപ്പില്‍നിന്ന് വരിവരിയായി വീട്ടിലേയ്ക്ക് വന്നുകൊണ്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com