'വിലങ്ങോലില്‍ എന്നു പേരുള്ള വീടുകള്‍'- സി. സന്തോഷ് കുമാര്‍ എഴുതിയ കഥ

എന്തുകൊണ്ടാണ് ചില സമയങ്ങളില്‍ തക്കം പാര്‍ത്തിരുന്ന് അവ നമ്മളെയാകെ ഗ്രസിച്ചു കളയുന്നത്?
'വിലങ്ങോലില്‍ എന്നു പേരുള്ള വീടുകള്‍'- സി. സന്തോഷ് കുമാര്‍ എഴുതിയ കഥ


''എന്തുകൊണ്ടാണ് ചില കാഴ്ചകള്‍, ചില ഇമ്പങ്ങള്‍, ചില സാമീപ്യങ്ങള്‍ വിഡ്ഢിത്തം നിറഞ്ഞതെന്ന് പില്‍ക്കാലത്ത് നാം തിരിച്ചറിയുന്നതായിട്ടുള്ള ചില അനുഭവങ്ങള്‍ ഒക്കെ ഒരു ചെകുത്താനെപ്പോലെ നമ്മളെ വിടാതെ പിന്‍തുടരുന്നത്?
എന്തുകൊണ്ടാണ് ചില സമയങ്ങളില്‍ തക്കം പാര്‍ത്തിരുന്ന് അവ നമ്മളെയാകെ ഗ്രസിച്ചു കളയുന്നത്?
എന്താണതിന്റെയൊക്കെ പിന്നിലെ യുക്തി?''

റിട്ടയേഡ് പ്രൊഫസര്‍ സുനില്‍ മാണി സംസാരിക്കുകയാണ്. അയാളുടെ പൂര്‍വ്വശിഷ്യനായ മുരളീകൃഷ്ണന്‍ കേള്‍ക്കുകയും.
''രണ്ട് അനുഭവങ്ങള്‍ പറയാം. 

ആദ്യത്തേത് എട്ടില്‍ പഠിക്കുന്ന കാലത്തേതാണ്. ഒന്‍പതില്‍ ജോഷി എന്നൊരു പയ്യനുണ്ടായിരുന്നു. ഞാന്‍ ആദ്യമായി കാണുമ്പോള്‍ അവന്‍ സ്‌കൂള്‍ ആനിവേഴ്സറി അരങ്ങേറുന്ന സ്റ്റേജില്‍നിന്നുകൊണ്ട് കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും... എന്ന പ്രസിദ്ധമായ ആ പാട്ടു പാടുകയാണ്.

നല്ല വെളുത്ത് സുന്ദരനായിട്ടുള്ള ഒരു ചെറുക്കനാണ് ഈ ജോഷി. പാട്ടിന്റെ വരികളോ അതിന്റെ അര്‍ത്ഥമോ ഒന്നും എന്റെ മനസ്സില്‍ കയറുന്നതേയില്ല. ഞാന്‍ അവന്റെ ശബ്ദം കേള്‍ക്കുകയും അവനെ കാണുകയും മാത്രമാണ്. അവന്റെ ആ നില്പ്, ആ മുഖഭാവം, പാടുമ്പോഴുള്ള ശരീരചലനങ്ങള്‍... എല്ലാം എന്നെ കീഴ്പെടുത്തുകയാണ്.
പിന്നീട്, വര്‍ഷങ്ങളോളം എന്റെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കാന്‍ പോകുന്നവയാണ് ആ നിമിഷങ്ങളെന്നൊന്നും അപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നില്ല.

ഒരിക്കല്‍ ഞാന്‍ ജോഷി കുര്യനെ, അതായിരുന്നു അവന്റെ മുഴുവന്‍ പേര്, യാദൃച്ഛികമായി കാണാന്‍ ഇടവന്നപ്പോഴാണ് അന്നത്തെ ആ നിമിഷങ്ങള്‍ അക്കാലമത്രയും എന്നോടൊപ്പം സഞ്ചരിക്കുകയായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. തലസ്ഥാനത്തുവെച്ചു നടന്ന കോളേജ് അദ്ധ്യാപക സംഘടനയുടെ ഒരു റാലിയില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടു മുന്നോട്ടുനീങ്ങുമ്പോള്‍ തൊട്ടപ്പുറത്തെ വരിയില്‍ ജോഷി. അവന്‍ പക്ഷേ, എന്നെ തിരിച്ചറിയുകയുണ്ടായില്ല. റാലിക്കു ശേഷമുള്ള കൊടിയേരി സഖാവിന്റെ സമാപന പ്രസംഗം കഴിഞ്ഞപാടേ ഞാന്‍ അവന്റെ കയ്യും പിടിച്ചുകൊണ്ട് തൊട്ടടുത്തുള്ള ബാറിലേയ്ക്ക് ഓടി. 
അവന്‍ വടക്കന്‍ ജില്ലയിലെ ഒരു കോളേജില്‍ കെമിസ്ട്രി പ്രൊഫസറായിരുന്നു അപ്പോള്‍.

കണ്ടാല്‍ പണ്ടത്തെ ആ ജോഷിയാണെന്നു പറയില്ല. തല മുഴുവന്‍ നരച്ച് വയറൊക്കെ ചാടിയ ഒരു രൂപം. 
ആ സ്‌കൂളില്‍ പഠിച്ചിരുന്ന കാര്യമൊക്കെ അവന്‍ സമ്മതിച്ചു. പക്ഷേ, ആനിവേഴ്സറിക്ക് കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും... എന്ന പാട്ടു പാടിയ കാര്യമൊന്നും അവന്റെ ഓര്‍മ്മയിലില്ല. മാത്രമല്ല, അങ്ങനെ സംഭവിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് അവന്‍ കട്ടായം പറഞ്ഞു. പാടാനുള്ള സിദ്ധി ഏഴയലത്തുകൂടിപ്പോലും പോയിട്ടില്ലാത്ത താന്‍ അത്തരമൊരു സാഹസത്തിന് ഒരിക്കലും മുതിരില്ല എന്ന വാദത്തില്‍ അവന്‍ ഉറച്ചുനിന്നു. 

എനിക്കാണെങ്കില്‍ അവന്‍ അന്നു സ്റ്റേജില്‍ പാടിക്കൊണ്ടു നില്‍ക്കുമ്പോള്‍ ഇട്ടിരുന്ന ബ്രൗണ്‍ നിറമുള്ള ഫുള്‍ക്കൈ ഷര്‍ട്ടുവരെ ഓര്‍മ്മയുണ്ട്.

എന്തായാലും ആ രാത്രി രണ്ടുപേരും കൂടി  കള്ള് കുറെ കുടിച്ചു. പിരിയാന്‍ നേരം എന്റെ പ്രണയഭാജനമായിരുന്നവനേ എന്നു വിളിച്ചുകൊണ്ട് ഞാന്‍ അവനെ കെട്ടിപ്പിടിച്ചു. നരച്ച കുറ്റിത്താടിയുള്ള അവന്റെ കവിളില്‍ ഉമ്മവെച്ചു.
രണ്ടാമത്തെ അനുഭവമെന്നു പറയുന്നത് വളരെ ചെറിയ പ്രായത്തിലേതാണ്. അഞ്ച് അല്ലെങ്കില്‍ ആറ് വയസ്സിലേത്. ഞാനും എന്റെ അനിയനും രണ്ട് അസ്സല്‍ കിഴക്കന്‍ മൂളികളായിട്ട് കഴിയുന്ന കാലം. കിഴക്കന്‍ മൂളി എന്ന പ്രയോഗം മുരളി കേട്ടിട്ടുണ്ടോ എന്നറിയില്ല. കിഴക്കന്‍ പ്രദേശത്ത് ബാഹ്യലോക ബന്ധങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന, പരിഷ്‌കാരികളല്ലാത്ത തനി നാട്ടുമ്പുറത്തുകാരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദമാണത്. അവന്‍ ഒരു കിഴക്കന്‍ മൂളിയാണ് എന്നു പറഞ്ഞാല്‍ പ്രാകൃതനായ ഒരു തനി ഗ്രാമീണനാണ് എന്നാണര്‍ത്ഥം.
അങ്ങനെ കിഴക്കന്‍ മൂളിയായിട്ട് കഴിയുന്ന എന്റെ മുന്നിലേയ്ക്കാണ് സെബാന്‍ വന്നു ചാടുന്നത്. 

എന്റെ അയല്‍പ്പക്കമായ പുത്തന്‍പുരയ്ക്കല്‍ എന്ന വീട് സെബാന്റെ അമ്മ വീടായിരുന്നു. ഒരു വേനലവധിയുടെ രണ്ടു മാസക്കാലമാണ് അവന്‍ അവിടെ ആകെ ഉണ്ടായിരുന്നത്. ആ ഒരു കാലയളവു മാത്രം നീണ്ടതായിരുന്നു ഞങ്ങളുടെ സൗഹൃദം. അവന്റെ അമ്മേം അപ്പനും അനിയത്തീം ഒക്കെക്കൂടി തെക്കെങ്ങാണ്ട് ഒരു പട്ടണ പ്രാന്തത്തിലുള്ള അവന്റെ അപ്പന്റെ വീട്ടീന്ന് അമ്മേടെ തറവാട്ടിലേയ്ക്കുള്ള വരവായിരുന്നു. സകുടുംബം മലബാറിലേയ്ക്ക് കുടിയേറാന്‍ പോകുന്നതിന്റെ മുന്നൊരുക്കമായിട്ടായിരുന്നു ആ വരവ്. അതൊന്നും ഞങ്ങള്‍ കുട്ടികള്‍ക്ക് അറിയുമായിരുന്നില്ല.

സെബാനുമായുള്ള ആ സൗഹൃദം വെറും രണ്ടു മാസം മാത്രം നിലനിന്ന ഒന്നായിട്ടല്ല എനിക്ക് തോന്നിയിട്ടുള്ളത്. ബാല്യം മുഴുവന്‍ നിറഞ്ഞുനില്‍ക്കുകയും പിന്നീട് അറുപതു വയസ്സു വരെ എന്നെ പിന്‍തുടരുകയും ചെയ്ത ഒരു അനുഭവമായിട്ടാണ്. രണ്ടുമാസം മാത്രമായിരുന്നു ആ കാലയളവ് എന്നതൊക്കെ ഞാന്‍ പിന്നീട് ഗവേഷണം നടത്തി തിരിച്ചറിയുന്ന ഒരു കാര്യമാണ്.
നമ്മള്‍ ജീവിതത്തെ നിര്‍വ്വചിക്കുകയോ നിര്‍ണ്ണയിക്കുകയോ ഒക്കെ ചെയ്യുന്നത് പലപ്പോഴും കാലാനുസാരിയായിട്ടുള്ള അനുഭവങ്ങളെ കേന്ദ്രീകരിച്ചായിരിക്കുമല്ലോ. പക്ഷേ, അത്തരത്തില്‍പ്പെട്ട സങ്കല്പങ്ങളെയെല്ലാം നിരാകരിക്കുന്ന ഒരവസ്ഥയെക്കുറിച്ചാണ് ഞാന്‍ ഈ പറയുന്നത്. 

എന്തായാലും സമപ്രായക്കാരായ ഞാനും സെബാനും ഇരുട്ടിവെളുക്കും മുന്‍പേ അടേം ചക്കരേം പോലായി.
സെബാന്റെ അനിയത്തി നീര്‍ക്കോലിയെപ്പോലെ മെലിഞ്ഞ ഒരു കൊച്ചായിരുന്നു. അതിന്റെ പേരൊന്നും ഇപ്പോള്‍ ഓര്‍മ്മയില്ല. അവളും എന്റെ അനിയനും തമ്മിലായിരുന്നു കൂട്ട്.

അക്കാലത്തെ ഏറ്റവും ദീപ്തമായ ഒരു ഓര്‍മ്മ ഞാനും സെബാനും കൂടി കുതിരവണ്ടി കളിക്കുന്നതായിരുന്നു.
അടുത്തടുത്ത് ഇരട്ടകളെപ്പോലെ നിന്നിരുന്ന രണ്ടു കവുങ്ങുകളെ തമ്മില്‍ ബന്ധിച്ചുകൊണ്ട് ഒരു ഓലമടലു വെച്ചുകെട്ടി, കാല് ഇരുവശങ്ങളിലേയ്ക്കുമിട്ട് ഞങ്ങള്‍ മടലിന്മേല്‍ കയറിയിരിക്കും. അക്കാലത്ത് ഞങ്ങള്‍ ഒരു കുതിരവണ്ടിപോയിട്ട് ഒരു കുതിരയെപ്പോലും കണ്ടിട്ടില്ലെന്നോര്‍ക്കണം. ഒരു കുതിരയുടെ ചിത്രമെങ്കിലും കണ്ടിട്ടുള്ളത് സെബാന്‍ മാത്രമായിരുന്നു. അങ്ങനെ ഒരു മൃഗമുണ്ടെന്നും അതു വലിക്കുന്ന ഒരു വണ്ടിയുണ്ടെന്നും ഒക്കെ ആരോ പറഞ്ഞുകേട്ടുള്ള അറിവാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ഒരു ഭാവനാചിത്രം മാത്രമാണ്. ആ ഭാവനാചിത്രത്തെ കവുങ്ങുകള്‍ക്കിടയില്‍ ഒരു മടലു കെട്ടിവെച്ച് അതിന്മേല്‍ കയറിയിരുന്ന് ഒരു യാഥാര്‍ത്ഥ്യമായി ആവിഷ്‌കരിക്കുകയാണ് ഞങ്ങള്‍.

ആദ്യം സെബാന്‍ കുതിരയാകും. ഞാന്‍ അവന്റെ പിന്നിലിരുന്ന് കാല്‍വിരലുകള്‍ മണ്ണിലൂന്നി ശരീരം തുള്ളിച്ചുകൊണ്ട് കുതിരയെ തെളിക്കും. പിന്നെ ഞാന്‍ കുതിരയാകും. അവന്‍ എന്റെ പിന്നിലിരുന്ന് അതേപോലെ ശരീരം തുള്ളിച്ചുകൊണ്ട് കുതിരയെ തെളിക്കും. ഇങ്ങനെ ഞാനും അവനും മാറി മാറി കുതിരയാവുകയും കളി തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. മീനപ്പകലിന്റെ ചൂടാണെന്നോര്‍ക്കണം. ഞങ്ങളുടെ വേഷമാണെങ്കില്‍ വെറും ഹാഫ് ട്രൗസറും. കുറച്ചു കഴിയുമ്പോള്‍ എന്റേയും സെബാന്റേയും ദേഹങ്ങള്‍ വിയര്‍ക്കാന്‍ തുടങ്ങും. കുതിരയെ തെളിച്ചുകൊണ്ട് തുള്ളുമ്പോള്‍ വിയര്‍ത്ത രണ്ടു ദേഹങ്ങള്‍ക്കുമിടയില്‍ തെന്നുന്ന ഒരു വഴുക്കല്‍ രൂപപ്പെടാന്‍ തുടങ്ങുന്നത് ഞങ്ങളറിയും. പിന്നെയങ്ങോട്ട് ആ കളിക്ക് ഒരു പ്രത്യേക ലഹരിയാണ്. എത്ര ദാഹിച്ചാലും എത്ര വിശന്നാലും എത്ര മടുത്താലും ആ കളി നിര്‍ത്താന്‍ തോന്നുമായിരുന്നില്ല.

പകലെന്നോ രാത്രിയെന്നോ ഇല്ലാതെ തോട്ടില്‍, മാവിന്‍ ചുവട്ടില്‍, ഓലിയില്‍, മലഞ്ചെരിവുകളില്‍ ഞങ്ങളുടെ ഉത്സവമേളമായിരുന്നു. രണ്ടുമാസം കഴിഞ്ഞപ്പോഴേയ്ക്കും അവന് എന്നെയോ എനിക്ക് അവനെയോ പിരിയാന്‍ കഴിയാത്തവിധത്തില്‍ സയാമീസ് ഇരട്ടകളെപ്പോലെ ആയിക്കഴിഞ്ഞിരുന്നു ഞങ്ങള്‍.

അങ്ങനെയിരിക്കെ ഒരു സന്ധ്യാനേരത്ത് ഞാന്‍ കാണുന്നത് മൂക്കു നീണ്ട ഒരു ലോറിയില്‍ ഈ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍നിന്നുള്ള സാധനങ്ങളെല്ലാം കയറ്റിയിട്ട് സെബാന്റെ അപ്പനും അമ്മച്ചിയും വല്യപ്പച്ചനും വല്യമ്മച്ചിയും ഒക്കെക്കൂടി എന്റെ അപ്പനേം അമ്മേം കെട്ടിപ്പിടിച്ച് ഏങ്ങലടിച്ച് കരയുന്നതാണ്. ഇവര് എന്തിനാണ് കരയുന്നത്, എങ്ങോട്ടാണ് പോകുന്നത് എന്നൊന്നും എനിക്കു മനസ്സിലായില്ല. ഞാനും സെബാനും കൂടി പിറ്റേന്നു രാവിലെ ഓലിയില്‍ പൂഞ്ഞാനെ പിടിക്കാന്‍ പദ്ധതിയിട്ടിട്ടുള്ളതാണ്. ഞാന്‍ അതിനുവേണ്ടി പഴയ, പിഞ്ഞിത്തുടങ്ങിയ ഒരു ഈരിഴ തോര്‍ത്ത് സംഘടിപ്പിച്ചു വെച്ചിട്ടുള്ളതുമാണ്.
അങ്ങനെ ഞാന്‍ നോക്കിനില്‍ക്കുമ്പം സെബാനും അവന്റെ അപ്പനും അമ്മേം വല്യപ്പച്ചനും വല്യമ്മച്ചീം ഒക്കെക്കൂടി ഒരു നിമിഷത്തില്‍ പെട്ടെന്നങ്ങ് അപ്രത്യക്ഷരായി.

മലഞ്ചെരിവിലെ റോഡിലൂടെ സന്ധ്യയ്ക്ക് ആ ലോറി അകന്നകന്നു പോകുന്നത് നോക്കിക്കൊണ്ട് ഞാന്‍ നിന്നു.
ഈ ശൂന്യത എന്നുപറയുന്ന ഒരു സാധനമുണ്ടല്ലോ. നമ്മുടെ കണ്‍മുന്‍പില്‍ നമ്മള് അനുഭവിച്ചോണ്ടിരിക്കണ കാര്യങ്ങള്‍ പെട്ടെന്ന് ഒരു നിമിഷത്തില്‍ അങ്ങ് ഇല്ലാതാകുമ്പോള്‍ ഉണ്ടാകുന്ന വലിയ ഒരു വിടവ്. അത് ഞാന്‍ അന്ന് ആദ്യമായി അനുഭവിച്ചു. 
പിന്നീട് എത്രയോ കാലം ചങ്കുപൊട്ടിക്കരഞ്ഞുകൊണ്ട് ഞങ്ങള്‍ കളിച്ചുനടന്ന മാവിന്‍ചുവട്ടിലും മലഞ്ചെരിവുകളിലും ഓലിയുടെ തീരത്തും ഒക്കെ ഏകാന്തനായി ഞാന്‍ അലഞ്ഞുനടന്നിട്ടുണ്ട്.

പ്രണയമോ ലൈംഗികതയോ ഒന്നും കയറിക്കൂടാന്‍ പ്രായമായിട്ടില്ലാത്ത ആ കുഞ്ഞുമനസ്സിനെ അന്ന് എന്തായിരുന്നു മഥിച്ചത്. ആര്‍ക്കറിയാം. എന്തായാലും ഒരു കളിക്കൂട്ട് നഷ്ടപ്പെട്ടതിന്റെ വേദന മാത്രമായിരുന്നില്ല അത്.

അപ്രധാനവും അപ്രസക്തവുമായ ഓര്‍മ്മകളുടെ ഒരു സ്വഭാവം അവ ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ വിസ്മൃതിയിലേക്ക് മറഞ്ഞുപോകും എന്നതാണ്. ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ആ ഗണത്തില്‍പ്പെടുത്താവുന്ന ഈ ഒരോര്‍മ്മ എന്തുകൊണ്ടാണ് എന്നെ വിട്ടുപോകാഞ്ഞത്?

പിന്നീട് അരനൂറ്റാണ്ടിനുശേഷം, കൃത്യമായി പറഞ്ഞാല്‍ അന്‍പത്തിയഞ്ചു വര്‍ഷം കഴിഞ്ഞ് സെബാനെക്കുറിച്ച് അന്വേഷിക്കാനും ഒടുവില്‍ അവനെ കണ്ടെത്താനും എന്നെ പ്രേരിപ്പിച്ചത് എന്തായിരിക്കാം?

പഠിത്തമൊക്കെ കഴിഞ്ഞ് ഞാന്‍ കോളേജ് വാധ്യാരായി, കല്യാണം കഴിച്ചു, കുഞ്ഞുങ്ങളുണ്ടായി. ജീവിത പ്രാരാബ്ധവും അതിന്റെ തിരക്കുകളുമൊക്കെയായി കാലം അങ്ങനെ മുന്നോട്ടുപോയി. 

സത്യം പറഞ്ഞാ പെണ്ണുകെട്ടുമെന്നോ കുട്ടികളുണ്ടാകുമെന്നോ കുടുംബജീവിതം നയിക്കുമെന്നോ ഒന്നും വിചാരിച്ചിരുന്ന ആളല്ല ഞാന്‍. വൈദികനാകണമെന്നായിരുന്നു എന്റെ ആഗ്രഹം. ഉള്ളതു പറഞ്ഞാ പത്താംക്ലാസ്സ് കഴിഞ്ഞപ്പോഴും മൂത്രമൊഴിക്കാനുള്ള ഈ സാധനം കൊണ്ട് ചെയ്യാന്‍ പറ്റുന്ന മറ്റു കാര്യങ്ങളെക്കുറിച്ചൊന്നും എനിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. പക്ഷേ, വൈദികനാകാനുള്ള ആഗ്രഹം എന്റെ അപ്പന്‍ ജന്മം ചെയ്തിട്ടും സമ്മതിച്ചുതന്നില്ല. പുള്ളിക്കാരന്‍ ഒരു പുരോഗമനവാദിയൊക്കെയായിരുന്നു. ഞാന്‍ ജീവിച്ചിരിക്കുമ്പം അതു നടക്കുകേലെന്ന് അപ്പന്‍ തീര്‍ത്തുപറഞ്ഞു. അങ്ങനെ കത്തനാരാകാനുള്ള എന്റെ മോഹം പൂവണിയാതെ പോയി.

തിരക്കുപിടിച്ച ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയ്ക്കും ചില നേരങ്ങളില്‍ സെബാന്റെ വീട്ടുകാരുടെ അന്നത്തെ ആ കരച്ചിലും കെട്ടിപ്പിടുത്തോം പിരിഞ്ഞുപോക്കും ഒക്കെ ദീപ്തമായ ഒരു നക്ഷത്രം പോലെ മനസ്സില്‍ തെളിഞ്ഞുവരുമായിരുന്നു.
ഈ ഭൂതകാലമെന്നു പറയുന്നത് മുരളീ, നമ്മുടെയൊപ്പം ആരുമറിയാതെ സഹവസിച്ചു പോരുന്ന നമ്മുടെ ഒരു കൂടപ്പിറപ്പിനെപ്പോലെയാ. നിരന്തരമായ സാന്നിധ്യം, അത് എന്തിന്റെയായാലും കുറെക്കഴിയുമ്പോള്‍ അസാന്നിധ്യത്തിനു തുല്യമാകുമല്ലോ. ഒപ്പമുണ്ടെന്നുള്ള കാര്യം നമ്മളങ്ങ് മറന്നുപോകും. നമ്മുടെ ഏറ്റവും പ്രിയപ്പെട്ട, തീവ്രമായ ചില നിമിഷങ്ങളില്‍ മാത്രമേ അതിന്റെ ഉണ്മ നമ്മള്‍ തിരിച്ചറിയുകയുള്ളൂ.

റിട്ടയര്‍മെന്റൊക്കെ കഴിഞ്ഞ്, പെണ്‍മക്കളെ രണ്ടിനേം കെട്ടിച്ചുവിട്ട്, മറ്റ് ഉത്തരവാദിത്തങ്ങളെല്ലാം നിറവേറ്റി ജീവിതം അതിന്റെ സ്വച്ഛമായ താളം കണ്ടെത്താന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് സെബാനെ ഒന്നു കാണണമെന്ന ആഗ്രഹമുണ്ടായത്.
അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നതുതന്നെയോ, അതോ വെറും തോന്നലായിരുന്നോ തുടങ്ങിയ സന്ദേഹങ്ങള്‍ അപ്പോള്‍ എന്റെ മനസ്സില്‍ ഉടലെടുക്കുകയുണ്ടായി.

ജീവിതത്തിലെ ചില അനുഭവങ്ങള്‍ യാഥാര്‍ത്ഥ്യമായി നമുക്കു മുന്‍പില്‍ നിലനില്‍ക്കുന്നത് അവയുടെ നൈരന്തര്യം കൊണ്ടാണ്. ഉദാഹരണത്തിന് അച്ഛന്‍, അമ്മ, ഭാര്യ, മക്കള്‍ തുടങ്ങിയവരുമായുള്ള നമ്മുടെ ബന്ധങ്ങള്‍. ഒരു ഘട്ടത്തില്‍ അതൊക്കെ പൂര്‍ണ്ണമായും മുറിഞ്ഞു പോകുന്ന ഒരവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ. പിന്നെ ആ യാഥാര്‍ത്ഥ്യത്തിന്റെ അര്‍ത്ഥം എന്താണ്. മരിച്ചുപോയ അപ്പനും അമ്മയ്ക്കുമൊപ്പമുണ്ടായിരുന്ന എന്റെ ജീവിതം എന്നു പറയുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ, അതു തുടരാനോ അല്ലെങ്കില്‍ ആവര്‍ത്തിക്കാനോ പറഞ്ഞാല്‍ ഒരിക്കലും സാധ്യമാകില്ല. മരിച്ചുപോയ അപ്പനും അമ്മയും അതു സാധ്യമാക്കുവാന്‍ വേണ്ടി തിരിച്ചുവരാന്‍ പോകുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ക്കൊപ്പമുണ്ടായിരുന്ന എന്റെ ജീവിതം എന്നു പറയുന്നത് വേണമെങ്കില്‍ ഒരു കെട്ടുകഥയാണെന്നും പറയാം. ഭൂതകാലത്തിന്റെ ഒരു പ്രശ്‌നം എന്നു പറയുന്നതുതന്നെ അതാണ്. യാഥാര്‍ത്ഥ്യമായിരിക്കെത്തന്നെ അത് ഒരു കെട്ടുകഥയാണ്; കെട്ടുകഥയായിരിക്കുമ്പോള്‍ തന്നെ യാഥാര്‍ത്ഥ്യവും.

ബുദ്ധിയുറക്കാത്ത, അപക്വമായി ജീവിച്ചിരുന്ന ഒരുകാലത്ത് ഉണ്ടായിരുന്ന സൗഹൃദത്തിന്റേയോ സ്‌നേഹത്തിന്റേയോ കൗതുകത്തിന്റേയോ ആയ തുടര്‍ച്ചകള്‍ പിന്നീട് നിലനില്‍ക്കുന്നുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടുള്ള ഒരു ഇറങ്ങിപ്പുറപ്പെടല്‍ ഒരു കണക്കിന് ആലോചിച്ചാല്‍ എത്ര അര്‍ത്ഥശൂന്യമാണ്. പക്ഷേ, എനിക്ക് അത് അന്വേഷിച്ചുപോയേ മതിയാകുമായിരുന്നുള്ളൂ. മനസ്സു സൃഷ്ടിച്ചിരിക്കുന്ന ഭൂതകാലാധിഷ്ഠിതമായ ആ യാഥാര്‍ത്ഥ്യം എന്നെ അത്രമേല്‍ അതിനുവേണ്ടി നിര്‍ബ്ബന്ധിച്ചുകൊണ്ടിരുന്നു.
സെബാനെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയപ്പോഴുണ്ടായ നാടകീയമായ ഒരു വഴിത്തിരിവ് എന്നുപറയുന്നത് അവര് കോട്ടാമ്പല്‍ എന്നു പേരുള്ള ഈ കിഴക്കന്‍ പ്രദേശത്തുനിന്ന് മലബാറിലേയ്ക്കു കുടിയേറിച്ചെന്നു കഴിഞ്ഞപ്പോള്‍ പുതിയ ഒരു വീട്ടുപേര് സ്വീകരിച്ചു എന്നതാണ്; മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ അങ്ങനെ തെറ്റിദ്ധരിച്ചു. കുടിയേറി പോകുന്നവര്‍ സാധാരണയായി, തിരിച്ചറിയപ്പെടാനുള്ള എളുപ്പത്തിനു പഴയ വീട്ടുപേരു തന്നെ തുടര്‍ന്നു പോരുകയാണ് പതിവ്. സെബാന്റെ കുടുംബം പക്ഷേ, പഴയ അടയാളങ്ങളൊന്നും ബാക്കി വെച്ചിട്ടില്ലാത്തതുപോലെ തോന്നി. ഞാന്‍ പറഞ്ഞല്ലോ, അത് എന്റെ ഒരു തെറ്റിദ്ധാരണയായിരുന്നു.
അത് മുരളിക്ക് വഴിയെ മനസ്സിലാകും.

എന്റെ ഓര്‍മ്മയില്‍ അവരുടെ വീട്ടുപേര് പുത്തന്‍പുരയ്ക്കല്‍ എന്നായിരുന്നു.
മലബാറിലെ എന്റെ കണക്ഷന്‍സ് എല്ലാം ഉപയോഗിച്ച് അന്വേഷിക്കുകയും അവിടത്തെ ഇടവകകളിലെ വികാരിയച്ചന്മാരോടെല്ലാം സംസാരിക്കുകയും ചെയ്‌തെങ്കിലും ഞങ്ങളുടെ നാട്ടില്‍നിന്നു കുടിയേറിയ ഒരു പുത്തന്‍പുരക്കാരെ എനിക്ക് അവിടെയെങ്ങും കണ്ടുപിടിക്കാനായില്ല. പുത്തന്‍പുരക്കാര്‍ അവിടെ ഒരുപാടുണ്ട്. പക്ഷേ, അവരാരും ഈ കോട്ടാമ്പല്‍ പ്രദേശത്തുനിന്നു കുടിയേറിയവരല്ല. അതിനര്‍ത്ഥം മറ്റേതോ ഒരു വീട്ടുപേരായിരിക്കണം ഇപ്പോള്‍ അവരുടേത്.

അപ്പോളാണ് മത്തായി എന്ന ഒരാളെക്കുറിച്ച് ആരോ എന്നോടു പറയുന്നത്. മധ്യതിരുവിതാംകൂറില്‍നിന്ന് മലബാറിലേയ്ക്ക് കുടിയേറിയിട്ടുള്ള സമസ്ത മനുഷ്യന്മാരേയും അറിയുന്ന ഒരാള്‍ എന്നായിരുന്നു അയാളെക്കുറിച്ചുള്ള വിശേഷണം. അയാള്‍ ഏതോ കുടിയേറ്റ കള്‍ച്ചറല്‍ ഫോറത്തിന്റേയോ കുടുംബയോഗത്തിന്റേയോ മറ്റോ ഭാരവാഹിയൊക്കെയാണ്. അങ്ങനെ ഞാന്‍ മത്തായിയുടെ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു. റിട്ടയേഡ് കോളേജ് പ്രൊഫസര്‍ ഡോക്ടര്‍ സുനില്‍ മാണി എന്നു ഞാന്‍ പരിചയപ്പെടുത്തി. ചില സമയത്ത് നമുക്ക് ഈ ഡോക്ടര്‍, പ്രൊഫസര്‍ തുടങ്ങിയ സാധനങ്ങളൊക്കെ വെച്ച് ഒരു കളി കളിക്കാന്‍ പറ്റും. കൃത്യമായ വിവരം കിട്ടാനും മിസ് ഗൈഡ് ചെയ്യപ്പെടാതിരിക്കാനും അത് സഹായിക്കും. ഞാന്‍ ജീവിക്കുന്ന ഈ പ്രദേശത്തൊന്നും ഈ കളി ഞാന്‍ കളിക്കാറില്ല. ഇവിടെ ഞാന്‍ ഒന്നുകില്‍ മാണിക്കുഞ്ഞാണ് അല്ലെങ്കില്‍ മാണി സാര്‍.

കള്‍ച്ചറല്‍ ഫോറത്തിന്റെ ഭാരവാഹി എന്നൊക്കെ പറഞ്ഞപ്പം ഈ മത്തായി ഒരു ചെറുപ്പക്കാരനായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, പുള്ളിക്ക് അപ്പോത്തന്നെ എഴുപത്തെട്ടു വയസ്സുണ്ട്. അതോടെ ഞാന്‍ വിളി മത്തായിച്ചേട്ടാ എന്നാക്കി.
പുള്ളിക്കാരന്‍ ശരിക്കും ഒരു എന്‍സൈക്ലോപീഡിയ ആയിരുന്നു. മധ്യതിരുവിതാംകൂറില്‍നിന്ന് മലബാറിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ ചരിത്രവും അനുഭവങ്ങളും ഒക്കെ അസ്സലായിട്ട് മനസ്സിലാക്കിയിട്ടുള്ള ഒരാള്‍. ഓരോ കുടുംബങ്ങളുടേയും പഴയ റൂട്ടൊക്കെ അങ്ങേര്‍ക്ക് കൃത്യമായിട്ടറിയാം. 

പുത്തന്‍പുരയ്ക്കല്‍ എന്ന ഒരു വീട്ടുപേരും കൊണ്ട് കോട്ടാമ്പല്‍ പ്രദേശത്തുനിന്ന് ആരും മലബാറിലേയ്ക്ക് കുടിയേറിയിട്ടില്ല എന്ന് പുള്ളി തീര്‍ത്തുപറഞ്ഞു. മാത്രമല്ല, ആ പേരില്‍ ഒരു വീട് അന്ന് കോട്ടാമ്പല്‍ പ്രദേശത്ത് ഉണ്ടായിരുന്നിരിക്കാന്‍ ഇടയില്ല എന്നും.
ഉണ്ട് മത്തായിച്ചേട്ടാ. ആ പേരില്‍ ഒരു വീടുണ്ട്. എന്റെ തൊട്ടയല്‍പക്കമായിരുന്നു.
പകല്‍വെളിച്ചം പോലെ അറിയാവുന്ന ഒരു കാര്യം അങ്ങേര്‍ നിഷേധിച്ചപ്പോള്‍ എനിക്ക് വാശികയറി.
ഫോണില്‍ കുറച്ചു നേരം നിശ്ശബ്ദത.

നിങ്ങള്‍ പറയുന്ന ആ കുടുംബത്തിന്റെ വീട്ടുപേര് വിലങ്ങോലില്‍ എന്നായിരിക്കാന്‍ സാധ്യതയുണ്ട്.
എനിക്ക് അപ്പോള്‍ ശരിക്കും ചിരിവന്നു. ഞാന്‍ അങ്ങേരോടു പറഞ്ഞു:
വിലങ്ങോലില്‍ എന്നത് ഞങ്ങളുടെ വീട്ടുപേരാണ് മത്തായിച്ചേട്ടാ.

അപ്പോള്‍ മത്തായിച്ചേട്ടന്‍ പറഞ്ഞു: അതില്‍ അദ്ഭുതമൊന്നുമില്ല. അവരുടെ വീട്ടുപേരും അതു തന്നെയായിക്കൂടെന്നില്ല. കാരണമുണ്ട്...
ഓലി എന്നു പറഞ്ഞാല്‍ എന്തുവാണെന്ന് നിനക്ക് അറിയാമായിരിക്കുമല്ലോ, മുരളീ. ചെറിയ ഒരു കുളം, ഒരു ഊറ്റുകുഴി. മലമ്പ്രദേശങ്ങളില്‍ മിക്കവാറും ഒരു കരിമ്പാറക്കെട്ടിനുള്ളിലായിരിക്കും ഈ ഓലി. മലേടെ മണ്ടേന്നുള്ള വെള്ളം മുഴുവന്‍ ഒഴുകി വന്ന് ആദ്യം നിറയുന്നത് ഇവിടെയാണ്. പിന്നെ ഇവിടെനിന്ന് ചെറിയ ചാലുകളായി താഴേയ്ക്ക് ഒഴുകും. എപ്പം നോക്കിയാലും ഓലിയില്‍ അരയാള്‍ വെള്ളം കാണും. ഓലിയെ വിലങ്ങിക്കിടന്ന, ഓലിക്കു ചുറ്റുമുള്ള വീടുകളുടെയെല്ലാം പേര് അക്കാലങ്ങളില്‍ വിലങ്ങോലില്‍ എന്നായിരുന്നു. ഒരേ പേരുള്ള ഈ വീടുകളെ തമ്മില്‍ തിരിച്ചറിഞ്ഞിരുന്നത് വീട്ടുകാരന്റെ പേരു വെച്ചിട്ടായിരുന്നു. 
ഓലിയില്‍ വേനലിലും കണ്ണീരുപോലെ തെളിഞ്ഞ, തണുത്ത വെള്ളമുണ്ടാവും. കരിമ്പാറക്കെട്ടുകളുടെ വിടവില്‍നിന്ന് അമൃതധാരപോലെയുള്ള നേര്‍ത്ത ഉറവകള്‍ ഊറി ഓലിയില്‍ നിറഞ്ഞുകൊണ്ടിരിക്കും. ഒരിക്കല്‍ ഒരു ഓലിയില്‍ മുങ്ങിനിവര്‍ന്നിട്ടുള്ളവന്‍ പിന്നീട് ആ ഓലിയെ മറക്കുന്ന പ്രശ്‌നമില്ല.

ഓലിക്കു ചുറ്റും താമസിച്ചിരുന്ന, വിലങ്ങോലില്‍ എന്ന വീട്ടുപേരുള്ള മനുഷ്യരെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നത് വേനലിലും വറ്റാതെ, കണ്ണുനീരിന്റെ ശുദ്ധിയും തെളിച്ചവുമായി കരിമ്പാറക്കുഴിയില്‍ തളംകെട്ടി നിന്ന ആ ജലരാശിയായിരുന്നുവെന്നു പറയാം.
എവിടെപ്പോയാലും അവര്‍ ആ വിലങ്ങോലികളിലേയ്ക്ക് തിരിച്ചുവന്നു; തിരിച്ചു വരാന്‍ പറ്റാത്തവര്‍ ആ വിലങ്ങോലികളെ കൂടെ കൊണ്ടുപോയി.

ഓലിയുടെ കരയില്‍, ഞങ്ങള്‍ക്കുശേഷം വീടുവെച്ച് താമസിച്ചവരായതുകൊണ്ട് സെബാന്റെ അമ്മവീട്ടുകാരെ പുത്തന്‍പുരക്കാര്‍ എന്നു വിളിച്ചുപോന്നു എന്നേയുള്ളൂ. കുടിയേറി ചെന്നിടത്ത് അവരുടെ വീട്ടുപേര് വിലങ്ങോലില്‍ എന്നുതന്നെയായിരുന്നു.
മത്തായിച്ചേട്ടന്‍ തന്ന സെബാന്റെ നമ്പറില്‍ വിളിച്ചപ്പോള്‍ ഒരു സ്ത്രീയാണ് ഫോണ്‍ എടുത്തത്.
പുള്ളിക്കാരന്‍ പറമ്പിലാ, ഉച്ചയ്ക്ക് വിളിക്ക് എന്നു പറഞ്ഞ് അവര്‍ ഫോണ്‍ വെച്ചു.
ഉച്ചയ്ക്ക് വിളിച്ചപ്പോള്‍ അയാള്‍ തന്നെയാണ് എടുത്തത്.
സെബാസ്റ്റ്യനല്ലേ, ഞാന്‍ ചോദിച്ചു.
ഉം... അപ്പുറത്ത് ഒരു മൂളല്‍ മാത്രം.
സെബാനെ, ഇതു ഞാനാടാ. സുനില്‍. സുനില്‍ മാണി.

ഞാന്‍ അവനെ പഴയകഥകളെല്ലാം പറഞ്ഞുകേള്‍പ്പിച്ചു. ഇരട്ട കവുങ്ങുകള്‍ക്കിടയില്‍ മടലുവെച്ചു കെട്ടി കുതിരവണ്ടി കളിച്ചതു മുതല്‍ ലോറിയില്‍ സാധനങ്ങളെല്ലാം കയറ്റി യാത്രയായ സന്ധ്യയ്ക്ക് എല്ലാവരും കെട്ടിപ്പിടിച്ചു കരഞ്ഞതു വരെ.
കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം അവന്‍ പറഞ്ഞു:

നിങ്ങള് ഒരു കോളേജ് വാധ്യാരായിരുന്നെന്നല്ലേ പറഞ്ഞേ? ഞാന്‍ ഒരു കൃഷിക്കാരനാണ്. എല്ലുമുറിയെ പണിയെടുത്ത് രണ്ടറ്റവും എങ്ങനെയെങ്കിലുമൊക്കെ കൂട്ടിമുട്ടിച്ചു പോകുന്നു. നിങ്ങള്‍ ഈ പറഞ്ഞതൊക്കെ എനിക്ക് ഒരോര്‍മ്മേം മനസ്സറിവുമില്ലാത്ത കാര്യങ്ങളാ. നിങ്ങളെപ്പോലൊരാളെയൊട്ട് എനിക്ക് അറിയാനും മേല. നിങ്ങള്‍ അന്വേഷിക്കുന്ന സെബാന്‍ വേറെ വല്ലോരുമായിരിക്കും.
എനിക്ക് പെട്ടെന്ന് വല്ലാത്ത നിരാശ തോന്നി.

നിന്നെയൊന്നു വന്നു കാണുന്നതിന് വല്ല തരക്കേടുമുണ്ടോ, ഞാന്‍ ചോദിച്ചു:
നേരില്‍ കണ്ടുകഴിയുമ്പം നിനക്ക് എല്ലാക്കാര്യങ്ങളും ഓര്‍മ്മവരും.
അവന്‍ എന്തായാലും അതിനു സമ്മതിച്ചു. സമ്മതിച്ചൂന്ന് പറഞ്ഞാ അവന്‍ വേറൊരു ഭാഷയാ പറഞ്ഞെ. നിങ്ങക്ക് അത്രയ്ക്ക് കുത്തിക്കഴപ്പാണേ എനിക്കിപ്പം എന്നാ ചെയ്യാന്‍ പറ്റും എന്നാണ് അവന്‍ ചോദിച്ചത്.
എന്തായാലും അതൊരു സമ്മതമായിട്ടെടുത്ത് ഞാന്‍ പോകാന്‍ തീരുമാനിച്ചു.

ഖസാക്കിന്റെ ഇതിഹാസത്തിന്റെ രണ്ടാമത്തെ പതിപ്പിന്റെ ആമുഖത്തിലാണെന്നു തോന്നുന്നു. വിജയന്‍ ഒരു വാക്ക് ഉപയോഗിക്കുന്നുണ്ട്: ധാര്‍ഷ്ട്യം. ഖസാക്കിന്റെ ഇതിഹാസം ആദ്യം പ്രസിദ്ധീകരിച്ചപ്പോള്‍ ഉണ്ടായിരുന്ന ധാര്‍ഷ്ട്യം എനിക്ക് ഇപ്പോള്‍ ഇല്ല എന്നാണ് വിജയന്‍ ആ ആമുഖത്തില്‍ എഴുതിയത്. അടുത്ത വാക്യമാണ് രസം. നിങ്ങളാരെങ്കിലും കുഞ്ഞാമിനയെ കാണുകയാണെങ്കില്‍ രവിയെ കല്യാണം കഴിക്കാന്‍ അവളോടു പറയണം എന്നാണത്. ഈ രണ്ടു വാക്യങ്ങള്‍ വായിച്ച് തകര്‍ന്ന് തരിപ്പണമായിട്ടുള്ള ഒരുത്തനാണ് ഞാന്‍. അതുകൊണ്ടുതന്നെ എനിക്ക് സെബാനെ കാണാന്‍ പോകാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.
ട്രെയിനിലും ബസിലുമൊക്കെയായി യാത്രചെയ്ത് ഞാന്‍ സെബാന്റെ വീട് തേടിപ്പിടിച്ചു ചെല്ലുമ്പോള്‍ നേരം ഉച്ചതിരിഞ്ഞിരുന്നു.
ഓടുമേഞ്ഞ ഒരു ചെറിയ വീടായിരുന്നു സെബാന്റേത്. വീടിന്റെ ഒരു വശത്ത് ഒരു പശുത്തൊഴുത്ത്. ചാണകത്തിന്റേയും ഗോമൂത്രത്തിന്റേയും മണം സദാ തങ്ങിനില്‍ക്കുന്ന അന്തരീക്ഷം.

കവുങ്ങും തെങ്ങും ജാതിയും കുരുമുളകും വാഴയും കപ്പയുമെല്ലാമുള്ള പറമ്പ്.
സെബാനെക്കൂടാതെ വീട്ടിലുണ്ടായിരുന്നത് അവന്റെ ഭാര്യയും കെട്ടുപ്രായം തികഞ്ഞ രണ്ടു പെണ്‍മക്കളും പടുവൃദ്ധയായ അമ്മയും. അപ്പന്‍ ചത്തുപോയിരുന്നു.

ഞാന്‍ അവിടെ കണ്ടത് എന്റെ സങ്കല്പത്തിലുള്ള സെബാനേ ആയിരുന്നില്ല. എന്റെ ഓര്‍മ്മയിലുള്ള സെബാന്‍ വെളുത്ത തുടയും ചുവന്ന ചുണ്ടുകളുമൊക്കെയുള്ള ഒരു ചെറുക്കനാണ്. ഇത് കഷണ്ടിയൊക്കെ കയറി കറുത്ത് ഉരുണ്ട ഒരു രൂപം.
സെബാന്റെ ഭാര്യ എനിക്ക് ചായയൊക്കെ അനത്തിത്തന്നു. ഞാന്‍ അവിടെയിരുന്ന് പഴയ ഓര്‍മ്മകളുടെ കെട്ടഴിച്ചു. പണ്ടത്തെ ഓരോ കാര്യങ്ങളും വള്ളിപുള്ളി വിടാതെ വിസ്തരിച്ചു. പക്ഷേ, സെബാന് അതൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല. ഞാന്‍ പറയുന്നതിന്റെ വികാരമൊന്നും അയാളെ ഏശിയതായിത്തന്നെ തോന്നിയില്ല. അയാള്‍ കരിങ്കല്ലിനു കാറ്റുപിടിച്ചതുപോലിരുന്നു. 
എന്നെ അദ്ഭുതപ്പെടുത്തിയത് അവന്റെ അമ്മച്ചിക്ക്, ഒരു തൊണ്ണൂറു വയസ്സെങ്കിലും കാണും അവര്‍ക്ക്, ഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഓര്‍മ്മവന്നു എന്നതാണ്. ആ ഓലീം അതിന്റെ കരേലെ ഞങ്ങള്‍ രണ്ടു കൂട്ടരുടേം വീടും കൊച്ചുത്രേസ്യ എന്നു പേരുള്ള എന്റെ അമ്മച്ചിയേം ഒക്കെ അവര്‍ക്ക് ഓര്‍മ്മവന്നു. അന്ന് കെട്ടിപ്പിടിച്ച് കരഞ്ഞോണ്ട് യാത്ര ചോദിച്ചുപോന്ന മുഹൂര്‍ത്തം പോലും ആ തള്ളയ്ക്ക് ഓര്‍മ്മയുണ്ട്. എന്നാലും കൊച്ചനേ നീ ഞങ്ങളെയൊന്നും മറന്നില്ലല്ലോ, ഇത്രേം ദൂരത്തൂന്ന് ഞങ്ങളെ കാണാന്‍ വരാന്‍ നിനക്കു തോന്നിയല്ലോ, ദൈവം കര്‍ത്താവ് നിന്നെ അനുഗ്രഹിക്കും എന്നെല്ലാം പറഞ്ഞ് കരഞ്ഞോണ്ട് അവര്‍ എന്നെ കെട്ടിപ്പിടിച്ചു. എന്റേം കണ്ണു നിറഞ്ഞു.
അപ്പോള്‍ സെബാന്‍ പറഞ്ഞു:

അമ്മച്ചീടെ ഓര്‍മ്മ മുഴുവന്‍ തെറ്റിക്കൊഴഞ്ഞ് കെടക്കുവാ. എന്നെ കാണുമ്പം അങ്ങേതിലെ വര്‍ക്കിച്ചനാന്നാ തള്ളേടെ വിചാരം. വര്‍ക്കിച്ചാ സെബാന്‍ അടയ്ക്കാ പറിക്കാനാന്നും പറഞ്ഞു പറമ്പിലേക്ക് പോയിട്ട് കൊല്ലം ഒന്നായല്ലോ. ഇതുവരെ അവനെ കണ്ടില്ലല്ലോ. ഇതിനും വേണ്ടി അടയ്ക്കയൊണ്ടോ എന്നു രാവിലെ എഴുന്നേറ്റു വരുമ്പം തന്നെ എന്നോടു ചോദിക്കലാ തള്ളേടെ പണി. എനിക്കങ്ങു കലിവരും. പോരാത്തേന് ഇടയ്ക്കിടയ്ക്കുള്ള ഈ എണ്ണിപ്പെറുക്കും കരച്ചിലും.
മടങ്ങാന്‍ നേരം സെബാന്‍ അവന്റെ പഴഞ്ചന്‍ ബൈക്കില്‍ എന്നെ ജംങ്ഷനിലെ ബസ് സ്റ്റോപ്പില്‍ കൊണ്ടുവന്നു വിട്ടു. നേരം ഇരുളാന്‍ തുടങ്ങിയിരുന്നു.

ലാസ്റ്റ് ബസാ. ഇവിടുന്ന് കേറാന്‍ അങ്ങനെയാരും ഒണ്ടാകാറില്ല. കൈ കാണിച്ചില്ലേല്‍ ചെലപ്പം നിറുത്താതെ പോകും. സ്വപ്‌നോം കണ്ടോണ്ടുനിന്ന് കൈ കാണിക്കാന്‍ മറന്നുപോകല്ല്.
മടങ്ങിപ്പോകാന്‍ നേരം സെബാന്‍ പറഞ്ഞു.

സെബാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കു മനസ്സിലായില്ല. ഈ അറുപതു വയസ്സു കഴിഞ്ഞ ഞാന്‍ സ്വപ്നജീവിയാണെന്നോ.
കുട്ടിക്കാലത്ത് വളരെ ഹ്രസ്വമായ ഒരു കാലത്തേക്കുമാത്രം അനുഭവിക്കുകയും എന്നാല്‍, ജീവിതത്തില്‍ അരനൂറ്റാണ്ടിനപ്പുറം നീണ്ടുനില്‍ക്കുകയും ചെയ്ത ആ അനുഭവത്തിന്റെ ഓര്‍മ്മ സെബാനെ കണ്ട് മടങ്ങിവന്നതോടെ ചത്തുകെട്ടുപോയി. ഒരു ബാധ ഒഴിയുന്നതുപോലെ സെബാന്‍ എന്റെ മനസ്സില്‍നിന്ന് ഒഴിഞ്ഞും പോയി.''
ഇനി മുരളീകൃഷ്ണന്‍ സംസാരിക്കാന്‍ തുടങ്ങുകയാണ്.
അതിനു മുന്‍പ് അനിവാര്യമായ പശ്ചാത്തല വര്‍ണ്ണന.

പ്രൊഫസര്‍ സുനില്‍ മാണിയുടെ വീടാണത്. സമയം രാത്രി പതിനൊന്നര. മേശമേല്‍ പകുതി കാലിയായ ബക്കാഡി ബ്ലാക്ക്. മുരളീകൃഷ്ണന്‍ അല്പം മുന്‍പ് സോഡയൊഴിച്ച് ടോപ്പപ്പ് ചെയ്ത നുരയുന്ന രണ്ടു ചില്ലു ഗ്ലാസ്സുകള്‍. ഒരു പ്ലേറ്റില്‍ സവാളയും തക്കാളിയും കാരറ്റും കത്തിരിക്കയും വട്ടത്തിലരിഞ്ഞ്, നാരങ്ങ പിഴിഞ്ഞൊഴിച്ച് ഉപ്പു വിതറിയ സാലഡ്.
പ്രൊഫസര്‍ സുനില്‍ മാണിയുടെ ഭാര്യ റോസ് മേരി എട്ടുമണി മുതല്‍ ഒന്‍പതു മണി വരെ സീരിയല്‍ കണ്ട്, കൃത്യം ഒന്‍പതു മണിക്ക് അത്താഴം കഴിച്ച്, കുരിശുവരച്ച് ഉറങ്ങാന്‍ കിടന്നിരുന്നു.

പ്രൊഫസര്‍ സുനില്‍ മാണിക്കും മുരളീകൃഷ്ണനും വേണ്ടിയുള്ള അത്താഴം, കോഴിക്കറിയും ചപ്പാത്തിയും ചൂടാറാതിരിക്കാന്‍ വേണ്ടി കാസറോളിലാക്കി അവര്‍ മേശപ്പുറത്തുവെച്ചിരുന്നു.
''നീ എന്റെ വീട്ടിലോട്ടാണ് പോന്നതെന്ന് നിന്റെ പെമ്പ്രന്നോത്തിക്ക് അറിയാവോ, മുരളീ?''
സന്ധ്യയ്ക്ക് മുരളീകൃഷ്ണന്‍ വന്നുകയറിയ പാടെ പ്രൊഫസര്‍ സുനില്‍ മാണി ചോദിച്ചിരുന്നു.

''കൊള്ളാം. അതെങ്ങാന്‍ അറിഞ്ഞാല്‍ അവള്‍ ചന്ദ്രഹാസമിളക്കുകേലേ. ആ റിട്ടയേഡ് കോളേജ് വാധ്യാര് നിങ്ങടെ കാമുകിയാണോ അതോ നിങ്ങള് അയാള്‍ടെ കാമുകിയോ എന്നാണ് ഇന്നാള് അവള്‍ ചോദിച്ചത്. ഇതിപ്പം ജോലിസ്സംബന്ധമായ ഒരു യാത്രയുടെ മറവിലാ.''
മുരളീകൃഷ്ണന്റെ മറുപടി കേട്ട് പ്രൊഫസര്‍ സുനില്‍ മാണി പൊട്ടിച്ചിരിച്ചു. ചിരിച്ചുചിരിച്ച് ചോരത്തുടുപ്പുള്ള അയാളുടെ മുഖം സ്ത്രൈണമായി.
''ഈയിടെയായി പണ്ടത്തെ ഒരോര്‍മ്മ എന്നെയും വിടാതെ പിടികൂടിയിരിക്കുന്നുസര്‍ .''
മുരളീകൃഷ്ണന്‍ പറഞ്ഞു തുടങ്ങി:
''ഞാന്‍ നാലാം ക്ലാസ്സിലേയ്ക്ക് ജയിച്ച സ്‌കൂള്‍ തുറപ്പുകാലത്താണ് രാജം ടീച്ചര്‍ ഞങ്ങളുടെ സ്‌കൂളില്‍ പുതുതായി എത്തുന്നത്. ഇളം പിങ്ക് നിറമുള്ള സാരിയും കടും പിങ്ക് നിറമുള്ള ബ്ലൗസുമായിരുന്നു അന്ന് ടീച്ചറുടെ വേഷം എന്നു ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു. ഞങ്ങളുടെ ക്ലാസ്സില്‍ ആദ്യമായി വന്നപാടെ എന്റെ കവിളില്‍ നുള്ളിയിട്ട് മുരളീകൃഷ്ണാ കള്ളക്കൃഷ്ണാ എന്നു ടീച്ചര്‍ എന്നെ വിളിച്ചത് ഇന്നലെയെന്നതുപോലെ എന്റെ കാതിലുണ്ട്.

രാജം ടീച്ചറുടെ വീട് ദൂരെ എവിടെയോ ആയിരുന്നു. ടീച്ചര്‍ക്കൊപ്പം വന്ന അച്ഛനോ അമ്മാവനോ ആരോ സ്‌കൂളിനടുത്തുള്ള ഒരു മാളികവീടിന്റെ രണ്ടാം നിലയില്‍ ടീച്ചര്‍ക്കുള്ള താമസം എര്‍പ്പാടാക്കി തിരിച്ചുപോയി. 
ഒരു മട്ടകോണിന്റെ ആകൃതിയിലായിരുന്നു ഞങ്ങളുടെ എല്‍.പി. സ്‌കൂള്‍. പാദത്തിന്റേയും ലംബത്തിന്റേയും അറ്റങ്ങളില്‍ യഥാക്രമം നാലാം ക്ലാസ്സും സ്റ്റാഫ് റൂമും സ്ഥിതിചെയ്തു.

സ്റ്റാഫ് റൂമിലിരിക്കുന്ന ഏതെങ്കിലും ടീച്ചറുടെ നോട്ടം നാലാം ക്ലാസ്സിലേയ്‌ക്കോ നാലാം ക്ലാസ്സിലെ ഏതെങ്കിലും കുട്ടിയുടെ നോട്ടം സ്റ്റാഫ് റൂമിലേയ്ക്കോ നീളുന്ന വേളകളില്‍ അദൃശ്യമായ ഒരു കര്‍ണ്ണം കൂടി രൂപപ്പെട്ട് സ്‌കൂള്‍ ഒരു മട്ടത്രികോണമായി മാറുമായിരുന്നു.
ക്ലാസ്സില്‍ വരുമ്പോള്‍ ചിലപ്പോള്‍ രാജം ടീച്ചര്‍ എന്നോടു പറയും: കള്ളാ നീ ഇവിടെയിരുന്ന് സ്റ്റാഫ് റൂമിലിരുന്ന എന്നെ ഒളിഞ്ഞുനോക്കുന്നത് ഞാന്‍ കണ്ടിരുന്നു.

നാലാം ക്ലാസ്സിന്റെ ലീഡറായി എന്നെ നിയമിച്ചത് ക്ലാസ്സ് ടീച്ചര്‍ കൂടിയായ രാജം ടീച്ചറായിരുന്നു. ഇരട്ടവരയിട്ട മലയാളം പകര്‍ത്തിയെഴുത്തു ബുക്കും നാലു വരയിട്ട ഇംഗ്ലീഷ് പകര്‍ത്തിയെഴുത്തു ബുക്കും കുട്ടികളില്‍നിന്നു ശേഖരിച്ച് സ്റ്റാഫ് റൂമില്‍ രാജം ടീച്ചറുടെ മേശപ്പുറത്ത് എത്തിക്കേണ്ടത് എന്റെ ചുമതലയായിരുന്നു. സ്റ്റാഫ് റൂമില്‍ ആരുമില്ലാത്ത സമയമാണെങ്കില്‍ കസേരയിലിരിക്കുന്ന ടീച്ചര്‍ അരയില്‍ കൈചുറ്റി എന്നെ ചേര്‍ത്തുനിറുത്തും. വിശേഷങ്ങളൊക്കെ ചോദിക്കും. 
ടീച്ചര്‍ താമസിച്ചിരുന്ന മാളികവീട് എന്റെ വീട്ടില്‍നിന്ന് അധികമൊന്നും ദൂരെയായിരുന്നില്ല. അക്കാലങ്ങളില്‍ പശു പ്രസവിച്ചതിനുശേഷം ആദ്യമായി ഉറയൊഴിക്കുന്ന തൈരിന്റെ, കാടന്‍ തൈര് എന്നാണ് അതിനെ പറഞ്ഞിരുന്നത്, ഒരു പങ്ക് എല്ലാ അയല്‍വീടുകളിലേയ്ക്കും കൊടുത്തയയ്ക്കുമായിരുന്നു. അതൊരു ചടങ്ങായിരുന്നു. ഞങ്ങളുടെ ചെമ്പിപ്പശു പ്രസവിച്ച സമയത്ത് രാജം ടീച്ചര്‍ക്ക് കാടന്‍ തൈര് കൊടുക്കാന്‍ മാളികവീടിന്റെ രണ്ടാം നിലയില്‍ ഒരിക്കല്‍ ഞാന്‍ പോയിട്ടുണ്ട്. പാചകമൊക്കെ ടീച്ചര്‍ സ്വന്തമായിട്ടായിരുന്നു. പെങ്കുട്ട്യോള്‍ടെ ചുണ്ടും കണ്ണുമാ നെനക്ക് എന്നു പറഞ്ഞ് അന്ന് ടീച്ചര്‍ എന്റെ കവിളില്‍ നുള്ളി.
പോരാന്‍ നേരം എന്റെ മുഖം കൈകളില്‍ കോരിയെടുത്ത് ചുണ്ടില്‍ അമര്‍ത്തി ഒരുമ്മ തന്നു. വീട്ടിലെത്തുന്നതുവരെ ഞാന്‍ തുപ്പിക്കൊണ്ടിരുന്നു.

പിന്നെ കുറെ ദിവസത്തേയ്ക്ക് ടീച്ചറുടെ മുഖത്തു നോക്കാന്‍ എനിക്കു മടിയായിരുന്നു. ടീച്ചറും എനിക്ക് മുഖം തരാതെ മാറി നടക്കുന്നതുപോലെ തോന്നി.

വേനല്‍പരീക്ഷ തുടങ്ങും മുമ്പ് ഒരു ദിവസം പകര്‍ത്തുബുക്കുകളുമായി ചെല്ലുമ്പോള്‍ സ്റ്റാഫ് റൂമില്‍ ടീച്ചര്‍ തനിച്ചായിരുന്നു. ടീച്ചര്‍ എന്നെ പഴയതുപോലെ ചേര്‍ത്തുനിറുത്തി. അന്നത്തെ ആ ഉമ്മവയ്ക്കലിനുശേഷം ആദ്യമായിട്ടായിരുന്നു ടീച്ചര്‍ എന്നെ അങ്ങനെ ചേര്‍ത്തു നിറുത്തുന്നത്. ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു. 
അടുത്ത വര്‍ഷം ഞാന്‍ ഉണ്ടാവില്ല, എനിക്ക് നാട്ടിലേയ്ക്ക് മാറ്റമായി. 
ടീച്ചര്‍ പറഞ്ഞു.

ഞാന്‍ ഒന്നും മിണ്ടാതെ നിന്നു.
ഞാന്‍ പോയാല്‍ നീ എന്നെ ഓര്‍ക്കുമോ?
അപ്പോഴും ഞാന്‍ ഒന്നും മിണ്ടിയില്ല. എന്തു പറയണമെന്ന് എനിക്ക് തിട്ടമില്ലായിരുന്നു.
ഈയിടെയായിട്ട് ഒരാഗ്രഹം.

രാജം ടീച്ചറെ ഒന്നു കാണണം. ടീച്ചര്‍ എവിടെയാണെന്നോ എന്താണെന്നോ ഒന്നും അറിയില്ല. പക്ഷേ, എങ്ങനെയെങ്കിലും ഒന്നു കാണണം. കണ്ടേ തീരൂ. സാറ് സൂചിപ്പിച്ചതുപോലെ ഞാന്‍ ഈ പറഞ്ഞതൊന്നും കെട്ടുകഥകളല്ല എന്ന് എനിക്കുതന്നെ ഒന്നുറപ്പിക്കാന്‍. അല്ലെങ്കില്‍ എല്ലാം കെട്ടുകഥകളാണെന്ന് എന്നെന്നേയ്ക്കുമായി എഴുതിത്തള്ളാന്‍.''
''അതിനെന്താ ടീച്ചറെ കണ്ടെത്താന്‍ വളരെ എളുപ്പമല്ലേ?''
പ്രൊഫസര്‍ സുനില്‍ മാണി പറഞ്ഞു.

''അതെങ്ങനെ?''
മുരളീകൃഷ്ണന്‍ ചോദിച്ചു.
''ടീച്ചറുടെ പേര് നിനക്കറിയാം, രാജം. വീട്ടുപേര് എനിക്കുമറിയാം.''
''എന്താണ് ടീച്ചറുടെ വീട്ടുപേര്?''
''വിലങ്ങോലില്‍. നിന്റെ വീട്ടുപേരും മറ്റൊന്നാകാന്‍ വഴിയില്ലല്ലോ, മുരളീ.''
തുടര്‍ന്ന് പ്രൊഫസര്‍ സുനില്‍ മാണി പൊട്ടിച്ചിരിച്ചു. ചിരിച്ചു ചിരിച്ച് ചോരത്തുടിപ്പുള്ള അയാളുടെ മുഖം സ്ത്രൈണമാകാന്‍ തുടങ്ങി.
കുറച്ചുനേരം നിശ്ശബ്ദനായി ഇരുന്ന മുരളീകൃഷ്ണന്‍ പൊടുന്നനെ ആ ചിരിയില്‍ പങ്കുചേര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com