'മരണസന്നിധി'- എന്‍. രാജന്‍ എഴുതിയ കഥ

അപ്പോ സരസേടെ വീട്ടിലും കണ്ടൂന്നാ പറേണേ?തുടയിലൊന്ന് തട്ടി, ഉച്ചത്തില്‍ ചിരിച്ച്, മുറുക്കാന്‍ കരണ്ടി തുപ്പി മാധവന്‍മാഷ് തുടങ്ങിയതേയുള്ളൂ
എന്‍. രാജന്‍
എന്‍. രാജന്‍

പ്പോ സരസേടെ വീട്ടിലും കണ്ടൂന്നാ പറേണേ?
തുടയിലൊന്ന് തട്ടി, ഉച്ചത്തില്‍ ചിരിച്ച്, മുറുക്കാന്‍ കരണ്ടി തുപ്പി മാധവന്‍മാഷ് തുടങ്ങിയതേയുള്ളൂ. 

വര്‍ത്തമാനത്തില്‍ രസം മൂക്കുമ്പോള്‍ മാഷ് അങ്ങനെയാണ്. ആയാസപ്പെട്ടിട്ടാണെങ്കിലും എഴുന്നേല്‍ക്കും. വായില്‍ മുറുക്കാനുള്ള സന്ദര്‍ഭമാണെങ്കില്‍ നീട്ടിത്തുപ്പും.
സംസാരത്തില്‍ ലഹരിയായി എന്നതിന്റെ ലക്ഷണമാണ്.
അന്നേരം ഹെഡ്ലൈറ്റ് ഓഫാക്കാതെ ഒരു പൊലീസ് ജീപ്പ് അവര്‍ക്കു മുന്നില്‍ ബ്രേക്കിട്ടു. മിന്നിക്കൊണ്ടിരുന്ന അതിന്റെ സിഗ്‌നല്‍വെട്ടം കൂടിയായപ്പോള്‍ എന്തോ അത്യാപത്ത് പറ്റിയ പോലെയായി അമ്പലപ്പറമ്പ്. 
ന്താ കാര്‍ന്നോര്‍മാര്‍ക്ക് കാര്യം പിടികിട്ടീല്ലാന്നുണ്ടോ?
ലോക്ഡൗണാ. ചുമ്മാ ചുറ്റിത്തിരിയാണ്ട് വീട്ടിപോവാന്‍ നോക്ക്. 

ചെറുപ്പക്കാരന്‍ എസ്.ഐ ജീപ്പില്‍ നിന്നിറങ്ങാതെ തല പുറത്തേക്കിട്ട് പറഞ്ഞു. ഹെഡ്ലൈറ്റില്‍ കണ്ണഞ്ചിപ്പോയതുകൊണ്ടോ എന്തോ ആരേയും ശ്രദ്ധിക്കാന്‍ നിന്നില്ല. ഏതോ കുറ്റം ചെയ്തവരെപ്പോലെ എല്ലാവരും തപ്പിത്തടഞ്ഞ് ധൃതിപ്പെട്ട് എഴുന്നേറ്റു. പതിവുള്ള യാത്രപറച്ചിലിനും മുതിര്‍ന്നില്ല.
അഞ്ചാള്‍ നാലു വഴിക്ക് പിരിഞ്ഞു.

അവര്‍ പോവോളം അതേ മട്ടില്‍ ലൈറ്റിട്ട് ജീപ്പ് അവിടെത്തന്നെ കിടന്നു.
മാധവന്‍ മാഷ് ആലോചിച്ചു: ഇപ്പോ എത്ര ദിവസമായി.

ഇനി പുറത്തെങ്ങാനും കണ്ടാല്‍ പിടിച്ച് അകത്തിടുമെന്നാണ് എസ്.ഐ അലറിയത്. വെളിച്ചക്കൂടുതലില്‍ മുഖം കാണാന്‍ പറ്റിയില്ല. കണ്ടതുകൊണ്ട് വിശേഷിച്ചൊന്നും ഇല്ല. മാഷെ സംബന്ധിച്ച് എല്ലാ പൊലീസുകാരും ഒരുപോലെ. എല്ലാവര്‍ക്കും ഒരേ ഛായ. സ്വന്തം മകനാണെങ്കില്‍പ്പോലും പൊലീസ് വേഷത്തില്‍ വന്നാല്‍ മാഷ് തിരിച്ചറിഞ്ഞെന്നു വരില്ല. ചുമലിലെ നക്ഷത്രചിഹ്നം നോക്കി ഇനം മനസ്സിലാക്കാന്‍ പഠിച്ചില്ല. ആരെ കണ്ടാലും മുഖത്തേക്കുറ്റു നോക്കി തന്റെ ശിഷ്യനല്ലേയെന്നൊരു ശങ്ക പ്രകടിപ്പിക്കും. അതൊരു ശീലമാണ്.

ലോക്ഡൗണില്‍ ശരിക്കും പെട്ടുപോയത് താനാണെന്ന് മാഷ്‌ക്ക് തോന്നി. ദാമോദരനേയും കുമാരനേയും പാപ്പുട്ടിയേയും ഒക്കെ കണ്ടിട്ട് എത്ര ദിവസമായി. ഈ ഇരിപ്പ് തുടങ്ങിയിട്ട് എത്ര നാളായി. കാലഗണനയും കണക്കുകൂട്ടലും തെറ്റുന്നു. ഒക്കെ കൂടിക്കുഴയുന്നു. 

ഇപ്പോള്‍ മരിച്ചവരെത്രയായിക്കാണും?
ആളുകള്‍ കൂട്ടത്തോടെ മരിക്കുമ്പോള്‍ മരവിപ്പാണ്. ഡയറക്ട് പ്രൊപ്പോഷന്‍. മരണസംഖ്യ മൂന്നക്കം കടന്നാല്‍ പിന്നെ മരിച്ചുപോകുന്നവര്‍ക്ക് പ്രസക്തിയില്ല. ആരായാലും കണക്കെടുപ്പിലെ അക്കം മാത്രം. അപ്പോള്‍ സങ്കടം ഇന്‍വേഴ്സിബിള്‍ പ്രൊപ്പോഷന്‍. 
മകളുടെ മക്കളെ വിളിച്ചിരുത്തി പഴയ മാഷാവാന്‍ തോന്നി.

അവരൊക്കെ ആ പ്രായം കടന്നവരാണെന്ന യാഥാര്‍ത്ഥ്യവും മാഷ് മറന്നു.
ഡ്രോയിങ് മാഷാണെങ്കിലും ശാസ്ത്രവിഷയമായിരുന്നു താല്‍പ്പര്യം. അക്കങ്ങളും അവ മറിച്ചിടുമ്പോഴുള്ള വ്യത്യാസങ്ങളുടെ ദൂരവും ഇരട്ടിപ്പും പഠിപ്പിക്കാനായിരുന്നു ഇഷ്ടം. ചുമതലക്കാര്‍ ലീവാവുമ്പോള്‍ പകരക്കാരനായി അവസരം കിട്ടാറുണ്ട്. പാഠം എളുപ്പമാക്കാന്‍ മാഷ് അന്നൊരു പാട്ടുണ്ടാക്കിയിരുന്നു. ജീവിതം പഴകി, അക്കങ്ങള്‍ക്ക് പ്രാധാന്യം കുറഞ്ഞതോടെ ആ പാട്ടും മറന്നു. ശരിക്കും മാഷായി ജീവിച്ചത് പകരക്കാരന്റെ വേഷത്തിലാണെന്ന് മാഷ്‌ക്ക് തോന്നി. 

ഇപ്പോ ആ പാട്ടോര്‍മ്മേണ്ടങ്കില്‍ യൂട്യൂബിലിട്ട് മുത്തച്ഛന് വൈറലാവാര്‍ന്നു.
മകളുടെ മകന്‍ അവിനാശ് ഒരു ദിവസം പറഞ്ഞു.
മകളുടെ മക്കളില്‍ അവിനാശിനാണ് കുറച്ചെങ്കിലും അടുപ്പം. എപ്പോഴെങ്കിലും അവന്‍ അടുത്ത് വന്ന് എന്തെങ്കിലും ചോദിച്ചെന്ന് വരുത്താറുണ്ട്.

ഇളയ പെണ്‍കുട്ടി എപ്പോഴും അവളുടെ ലോകത്താണ്. സദാനേരം പഠിപ്പാണെന്നാണ് ഭാവം. മുറിയില്‍നിന്ന് പുറത്തിറങ്ങുന്നതുതന്നെ അപൂര്‍വ്വം. ഊണ്‍മുറിയില്‍ പ്രത്യക്ഷപ്പെടാറുള്ളപ്പോള്‍ കാതില്‍ ആഭരണത്തൊങ്ങല്‍പോലെ ഹെഡ്‌സെറ്റിന്റെ വള്ളി തൂങ്ങുന്നുണ്ടാവും. സെറ്റിയില്‍ കൂനിക്കൂടി, മൊബൈലില്‍ വിരല്‍കൊണ്ട് ഞരടി, അല്ലെങ്കില്‍ ചുണ്ടോടടുപ്പിച്ച് ആരോടോ പിറുപിറുത്ത് തലമാന്തിയിരിക്കാറുള്ള അവളെ കാണുമ്പോള്‍ പഴയ മകളെ ഓര്‍മ്മവരും. 

കുറേ ദിവസമായി പത്രം കാണാറില്ല. കൊറോണ പകരുമെന്ന് പറഞ്ഞ് മകളത് നിര്‍ത്തി. ടി.വി കാണല്‍ മുന്‍പേ അവസാനിപ്പിച്ചതാണ്.

ഏതെങ്കിലും ന്യൂസ് ചാനല്‍ നോക്കിയിരിക്കുമ്പോഴാവും മകളുടെ വരവ്. ഓഫീസ് മുഴുവനോടെ പറിച്ച് തലയില്‍കേറ്റി വരുന്ന ഭാവമായിരിക്കും അവള്‍ക്കപ്പോള്‍. മക്കളെക്കൂടി അന്നേരം കാണരുത്. പഠിക്കുകയാണെന്ന മട്ടില്‍ അവര്‍ രണ്ടാളും മുറിയില്‍ കയറി വാതിലടച്ച് രക്ഷപ്പെടും. 
മകള്‍ ഓഫീസ് ഭാരമൊഴിവാക്കുന്നതും അന്നത്തെ പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞു തീര്‍ക്കുന്നതും സീരിയല്‍ സമയത്താണ്. സെറ്റിയില്‍ മലര്‍ന്നങ്ങനെ കിടക്കും. ചായ ടീപ്പോയിലിരുന്ന് തണുക്കും. സീരിയലില്‍ മുഴുകി മൊബൈലില്‍ ചിലരോട് കയര്‍ക്കും.
ചില വേള, ശ്ശെ പതുക്കെ, അച്ഛനടുത്തുണ്ടെന്നു പറഞ്ഞ് ചുണ്ടുകോട്ടി അവള്‍ വരാന്തയിലേക്കോടുന്നത് കാണാം.

അന്നേരം ഏതെങ്കിലും ന്യൂസ് ചാനലിലേക്കൊന്ന് മാറ്റിയാല്‍ പിന്നെ കലഹത്തിന്റെ കതിനാവെടിയായി.
അച്ഛനിത് എന്തിന്റെ കേടാ. ഒരു ന്യൂസ് കാണല്. ബാക്കിള്ളോര് ഒന്ന് റിലാക്‌സ്ഡ് ആവാനാ എന്തെങ്കിലും കാണാനിരിക്കണ്. ആ നേരം നോക്കിത്തന്നെ വേണോ ഒടുക്കത്തെയൊരു ന്യൂസ്. എന്താ ചത്തോര്‌ടെ എണ്ണം നോക്കാ? 
അങ്ങനെ പറഞ്ഞവള്‍ ഒരിക്കല്‍ റിമോട്ട് മാറ്റിവച്ചതാണ്.
പിന്നീടത് കണ്‍മുന്നില്‍ കിടന്നപ്പോഴും തൊടാന്‍ തോന്നിയില്ല. 
മാഷ് ദാമോദരനേയും കുമാരനേയും പാപ്പുട്ടിയേയും കുറിച്ചോര്‍ത്തു. ലാസര്‍ പറഞ്ഞുനിര്‍ത്തിയ സരസയും കടന്നുവന്നു. പൂര്‍ത്തിയാക്കാന്‍ സമ്മതിച്ചില്ല. 
അന്ന് പൊലീസുകാര്‍ വിരട്ടിവിട്ടശേഷം ആരേയും കണ്ടിട്ടില്ല. 
ഇപ്പോഴാണ് ഇത്രകാലം ഒന്നിച്ചു നടന്നിട്ടും അവരുടെ വീടുകള്‍ എവിടെയാണെന്ന കാര്യം അറിയില്ലെന്ന് മാഷ് ഓര്‍ത്തത്.

നാലാളും സന്ധിക്കാറുള്ള കവല മാത്രം നിശ്ചയമുണ്ട്. ലാസര്‍ എപ്പോഴും കുറച്ചു വൈകി ആ കൂട്ടത്തില്‍ വന്നുകേറുകയാണ് പതിവ്. കവലയില്‍ ചെന്നു ചോദിച്ചാല്‍ പിടികിട്ടുമായിരിക്കും. പക്ഷേ, ആരെയെങ്കിലും കണ്ടിട്ടുവേണ്ടേ? 
മുറിയുടെ ജനല്‍ തുറന്ന് മാഷ് പുറത്തേക്ക് നോക്കി. 
ആളും അനക്കവുമില്ലാതെ വഴി ശൂന്യമായിരുന്നു.

കേശവന്റെ തുന്നല്‍ക്കടയും അച്ചാമ്മയുടെ സ്റ്റേഷനറിപ്പീടികയും അപ്പുറത്തെ വരിയില്‍ സൊസൈറ്റിക്കാര്‍ തുടങ്ങിയ വളം ഡിപ്പോയും മജീദിന്റെ ചായക്കടയും അടഞ്ഞുകിടക്കുകയാവും. മനുഷ്യര്‍ ഉപേക്ഷിച്ച സ്ഥലങ്ങളില്‍ ഇപ്പോള്‍ തെരുവുനായ്ക്കളും കാക്കകളും മാത്രം എന്തെങ്കിലും കൊത്തിപ്പെറുക്കാന്‍ തക്കം പാര്‍ത്ത് അക്ഷമയോടെ കാത്തിരിക്കുന്നുണ്ടാവും. മാഷ്‌ക്ക് എന്തെന്നില്ലാത്ത കിടിലം തോന്നി. മരിച്ചുപോകുമോ എന്നോര്‍ത്തല്ല, മറ്റേതെല്ലാമോ വേവലാതികള്‍. 

ഇന്നലെ മസ്‌കറ്റില്‍നിന്നു മകളുടെ ഭര്‍ത്താവ് രാമകൃഷ്ണന്‍ വിളിച്ചപ്പോള്‍ പറഞ്ഞതും ഏതാണ്ടിതൊക്കെ. സ്‌കൈപ്പില്‍ അവനെ കണ്ടപ്പോള്‍ വിഷമമായി. ഏകാന്തവാസത്തില്‍ തടവില്‍ കഴിയുന്നപോലെ. ഉന്മേഷക്കുറവിന്റെ കണ്ണുകള്‍. വിളര്‍ച്ച ബാധിച്ച മുഖത്ത് മുക്കാലും നരച്ച താടി. മുടിയും നീണ്ടിരിക്കുന്നു. 
നാടെത്താന്‍ തിടുക്കമായെന്ന് രാമകൃഷ്ണന്‍ പറഞ്ഞപ്പോള്‍ മകള്‍ തടഞ്ഞു: വേണ്ട. ഇവിടെ പ്രായമായ അച്ഛനുള്ളതാ. അച്ഛനെന്തെങ്കിലും വന്നാ പിന്നെ നാട്ടുകാര് വെറുതെ വിടില്ല. 
ഒതുക്കിപ്പിടിച്ചിട്ടും ചിരി പുറത്തുചാടി. 

മകള്‍ മൊബൈലുമായി അകത്തു കയറി വാതിലടച്ചു.
സ്വന്തമായി ഒരു മൊബൈല്‍ ഇല്ലാത്തതില്‍ ഖേദം തോന്നി മാഷ്‌ക്കപ്പോള്‍. ഉണ്ടെങ്കില്‍ ദാമോദരനേയോ കുമാരനേയോ വിളിച്ച് മിണ്ടിയും പറഞ്ഞും ചിരിക്കാമായിരുന്നു. 
അവരൊക്കെ പലവട്ടം പറഞ്ഞതാണ്. കുലുങ്ങിയില്ല. 
മൊബൈലില്ലാതെ ജീവിച്ച് മരിക്കാന്‍ പറ്റോന്ന് നോക്കട്ടെ ദാമോദരാ. 
ഒരിക്കലങ്ങനെ പറഞ്ഞ് തര്‍ക്കിച്ചതും ഓര്‍മ്മവന്നു.
ഒരു തവണ രാമകൃഷ്ണന്‍ വന്നപ്പോള്‍ കൊണ്ടുവന്ന് മുന്നില്‍വെച്ചതാണ്.
ഇത് അച്ഛനിരിക്കട്ടെ. വയസ്സുകാലത്ത് ഒരു തൊണയാവും. 
ചെല നേരംപോക്കും.

അങ്ങനെ പറഞ്ഞ് അവന്‍ കണ്ണിറുക്കി.
മാലതി പോയിട്ട് രണ്ടാണ്ട് തികഞ്ഞിരുന്നില്ല.
ഇനിയെന്ത് തൊണയും നേരംപോക്കുമെന്ന് പറഞ്ഞ്
അന്നാ പാക്കറ്റ് പൊട്ടിച്ചു നോക്കിയതു കൂടിയില്ല. 

വൈകുന്നേരമായപ്പോള്‍ ഇരിക്കപ്പൊറുതിയറ്റു. പതിവു നടത്തത്തിനായി ചെരിപ്പിട്ട് ഗേറ്റ് ശബ്ദമുണ്ടാക്കാതെ തുറന്നു. ഒന്നു പുറത്തിറങ്ങാം. ആരും അറിയില്ലെന്നാണ് ധരിച്ചത്. മാഷൊഴികെ ആ വീട്ടില്‍ അപ്പോള്‍ മറ്റാരും പുറത്തില്ലായിരുന്നു. എന്നാല്‍, സി.സി.ടി.വിയില്‍ മുത്തച്ഛന്‍ ഗേറ്റു തുറന്നു പുറത്തേക്കിറങ്ങുന്നത് അവിനാശ് കണ്ടു. അവന്‍ മുകളില്‍നിന്നിറങ്ങിവന്ന് മാധവന്‍ മാഷെ അകത്തേക്ക് വലിച്ചു. ഗേറ്റ് വലിച്ചടച്ചു.
മുത്തച്ഛന്‍ എന്തുകണ്ടിട്ടാ. ആരെ തോല്‍പ്പിക്കാനാ. പുറത്തിറങ്ങാന്‍ പാടില്ല്യാന്ന് അറിഞ്ഞൂടെ. ആരെങ്കിലും കണ്ടാല്‍ പിടിച്ച് പൊലീസില്‍ ഏല്പിക്കും.
 
കൊച്ചുകുട്ടികളെ പേടിപ്പെടുത്തും പോലെ അവന്‍ പൊലീസിന്റെ കാര്യം പറഞ്ഞപ്പോള്‍ മാധവന്‍ മാഷ്‌ക്ക് ചിരി വന്നു. അവിനാശിന്റെ കുട്ടിക്കാലത്ത് എത്രയോ വട്ടം അവനോട് പറഞ്ഞതാണ്. 
നീയിനി ഇതൊന്നും അമ്മ വരുമ്പോ പറേണ്ട. അവള്‍ വീട് രണ്ടാക്കും.
അവിനാശ് അതിനു മറുപടി പറഞ്ഞില്ല. ഏതോ സിനിമാപ്പാട്ടു മൂളി ധൃതിയില്‍ അകത്തേക്കോടി.
മാഷ് മുറ്റത്തുതന്നെ കുറച്ചിടെ നിന്നു. അപ്പോഴാണ് പുറത്തെ കോണി ശ്രദ്ധയില്‍പ്പെട്ടത്. അതുവഴി രണ്ടാം നിലയുടെ ടെറസില്‍ കയറി. കുത്തനെയുള്ള പടി കയറുമ്പോള്‍ ക്ഷീണമുണ്ട്. കിതപ്പും കൂടുന്നു. സാരമാക്കിയില്ല.

ടെറസാകെ വൈകുന്നേരത്തെ മഞ്ഞവെയില്‍ പാടകെട്ടി കിടക്കുന്നു. മൂലകളില്‍ കരിഞ്ഞുണങ്ങിയ പുല്ലും പൂപ്പലും ആരോ തീര്‍ത്ത ചിത്രപ്പണികള്‍പ്പോലെ തോന്നിച്ചു. ആകാശം കുറേക്കൂടി അടുത്താണ്. കാറ്റില്‍ മാറിമറയുന്ന മേഘങ്ങളുടെ നിറവ്യത്യാസവും മാഷ് ശ്രദ്ധിച്ചു. കറുപ്പിനും ചോപ്പിനും തിളക്കക്കൂടുതലുണ്ട്. ഭൂമിയെ ആദ്യമായി കാണുംപോലെ കഴിയുന്നത്ര ആയാസപ്പെട്ട് മാഷ് ദൂരേക്ക് നോക്കി. കണ്ണ് കഴയ്ക്കുന്നു. എങ്കിലും ഇപ്പോള്‍ ചെറിയൊരു കളിക്കളംപോലെ അമ്പലപ്പറമ്പ് അവ്യക്തമായി കാണാം. 
ബാക്കിയെല്ലാം മാഷ് മനസ്സില്‍ കണ്ടു.

കഴിഞ്ഞ പ്രളയത്തില്‍ അമ്പലപ്പറമ്പില്‍ മറിഞ്ഞുവീണ അരയാലിന്റെ വേരുകളില്‍ ചിലത്, കവരകളായി പിണഞ്ഞും ചാഞ്ഞും ക്ഷയിക്കാതെ കിടന്നിരുന്നത് പടുമുളച്ച മനുഷ്യരൂപങ്ങള്‍പോലെ അവിടെ ഇരുട്ടാവുംവരെ സംസാരിക്കാറുള്ളത്. ഇലക്ഷന്‍ കാലമാവുമ്പോള്‍ തര്‍ക്കിക്കാറുള്ളത്. അമ്പലത്തില്‍ തൊഴാനെത്താറുള്ള പഴമക്കാരായ സ്ത്രീകളെ കാണുമ്പോള്‍ അര്‍ത്ഥം വെച്ച് ചിരിക്കാറുള്ളത്.
വൈകുന്നേരമായാല്‍ കാറ്റത്തടിഞ്ഞുകൂടിയപോലെയാണ് അവിടെയെത്താറ്. അല്പം ഒഴിഞ്ഞ സ്ഥലമായതിനാല്‍ ആര്‍ക്കും ശല്യമാകാറില്ല. 

നടത്തമായിരുന്നു മുമ്പൊക്കെ. മാഷ്‌ക്ക് ഓപ്പണ്‍ ഹാര്‍ട്ട് കഴിഞ്ഞതോടെ അത് പറ്റില്ലെന്നായി. അങ്ങനെ മാഷും കരുവാത്തെ ദാമോദരനും തുടങ്ങിവച്ച ഏര്‍പ്പാടാണ്. വൃദ്ധജനസഭയെന്ന് ആരോ പേരിട്ടു. അതില്‍ കുമാരനും പാപ്പുട്ടിയും പിന്നീട് ചേര്‍ന്നതാണ്. ചില ദിവസം ലാസറും കൂടും.

ലാസര്‍ അല്പം സേവിച്ച ദിവസമാണെങ്കില്‍, അയാളുടെ വര്‍ത്തമാനത്തില്‍, നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്ന ദീര്‍ഘദൂര ബസിന്റെ ഇരമ്പമുണ്ടാവും. ഇടയ്ക്ക് എളിയില്‍നിന്നു ബീഡിയെടുത്ത് വലിക്കും. തുരുതുരാ തുപ്പും. മറ്റാരേയും സംസാരിക്കാന്‍ വിടില്ല എന്നതായിരുന്നു ലാസറിന്റെ പ്രശ്‌നം.
ലാസറിന്റെ ബീഡി കത്തിക്കലും പ്രത്യേകതയാണ്. ഒരു കയ്യേ വേണ്ടു. ഇടംകയ്യില്‍ തീപ്പട്ടിക്കൂടും കൊള്ളിയും ഭദ്രമാക്കി രണ്ടു വിരല്‍കൊണ്ടുള്ള കൊള്ളിയുരസല്‍ ഇന്ദ്രജാലക്കാരനെപ്പോലെയാണ്. ഏതു കാറ്റിലും പിന്നെയാ തീയണയില്ല. തയമ്പിച്ച ഉള്ളംകൈ മറയാക്കി ദീപസ്തംഭം കണക്കെ ആ വെളിച്ചം മടിച്ചുനിന്ന് മങ്ങിക്കെടും. അപ്പോഴേക്കും ബീഡിപ്പുകയില്‍ പല മാതിരി വളയങ്ങളുണ്ടാക്കും ലാസര്‍.
കൊറേക്കാലം വളയം പിടിച്ച കയ്യല്ലേ? പൊകയാണെങ്കിലും ലാസറിനു വളയം വിടാനേ അറിയൂ. 
പാപ്പുട്ടി ചിരിച്ച് വളയങ്ങളുടെ ഭ്രമണപഥം തെറ്റിക്കും. അപ്പോള്‍ ലാസര്‍ ബീഡി വലിച്ചെറിഞ്ഞ് നീട്ടിത്തുപ്പും.
ആവര്‍ത്തിക്കാറുള്ള പതിവുകള്‍. എന്നാലും മുഷിയാറില്ല.

അന്തിക്കാട് ചെമ്മാപ്പിള്ളി പെരിങ്ങോട്ടുകര റൂട്ടില്‍ കെ.കെ. മേനോന്‍ ബസിലെ ഡ്രൈവറായിരുന്നു 38 വര്‍ഷം ലാസര്‍. 

മീശ കുരുക്കാത്ത പ്രായത്തില്‍ സ്റ്റാന്റില്‍ യാത്രക്കാരെ വിളിക്കുന്ന പണിയായിരുന്നു ആദ്യം. ബസുകള്‍ വരുന്ന മുറയ്ക്ക് ആളെ വിളിച്ച് കേറ്റും. ബസൊന്നിന് 50 പൈസ കിട്ടും. 
പിന്നെ കിളിയായി. ഫുട്‌ബോര്‍ഡില്‍ തൂങ്ങുന്ന യാത്രക്കാരെ പുറത്തുവീഴാതെ നെഞ്ചുകൊണ്ട് താങ്ങണം. ഒറ്റക്കാലില്‍ വായുവില്‍ക്കിടന്ന് സ്റ്റോപ്പെത്തുമ്പോള്‍ വിളിച്ചു പറയണം. 
അതിനിടെ കണ്ടക്ടര്‍ വിട്ടുപോവുന്നവരുടെ കയ്യില്‍നിന്ന് കാശ് വാങ്ങണം. കൊടുക്കാതെ മുങ്ങുന്നവരുടെ മടിക്കുത്തില്‍ പിടിക്കണം. 
ചില്ലറ മടക്കുന്ന തര്‍ക്കത്തിനിടെ പിന്നില്‍ മറ്റൊരു ബസിന്റെ തല കണ്ടാല്‍ ഡബ്ബിള്‍ വിസില്‍ കൊടുത്ത് ഒപ്പം ഓടിക്കേറണം. 

അങ്ങനെ എന്തെല്ലാം അഭ്യാസങ്ങള്‍.
ലാസര്‍ മറ്റൊരു ബീഡിക്ക് തീ കൊളുത്തും.
അമ്പലത്തിലപ്പോള്‍ ദീപാരാധനയുടെ സമയമാവും. അതിന്റെ മണിയടി കേള്‍ക്കാം. ദാമോദരനും മാധവന്‍ മാഷും ഇരുന്നിടത്തിരുന്ന് കൈകൂപ്പും. പാപ്പുട്ടി തൊഴാറില്ല. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സെല്ലില്‍ ഉണ്ടായിരുന്നതുകൊണ്ടല്ല. ദൈവമായാലും പരസ്യമായങ്ങനെ ആരുടെ മുന്നിലും തൊഴാനൊരു മടി. അത്രതന്നെ. ഇപ്പോഴും മെമ്പര്‍ഷിപ്പിലുണ്ട്. മാസാമാസം ലെവി കൊടുക്കുന്നുണ്ട്. യോഗങ്ങള്‍ക്കൊന്നും പോകാറില്ലെങ്കിലും പ്രത്യേക പരിഗണനയില്‍ പാപ്പുട്ടിയുടെ മെമ്പര്‍ഷിപ്പ് പുതുക്കാന്‍ മേല്‍ക്കമ്മിറ്റി നിര്‍ദ്ദേശമുണ്ടാവും. പാപ്പുട്ടിയെപ്പോലുള്ളവര്‍ പാര്‍ട്ടിയുടെ അസറ്റാണ്. 
ദാമോദരന്‍ പറയും: ചത്താ ഒരു ചോന്നകൊടി. ഇനി അതല്ലേ പാപ്പുട്ടിക്ക് വേണ്ടൂ?
അപ്പോള്‍ പേടിപ്പെടുത്തുന്ന ഒച്ചയില്‍ സൈറണ്‍ മുഴക്കി അതുവഴി ഒരു ആംബുലന്‍സ് പാഞ്ഞു. അവര്‍ പരസ്പരം നോക്കി.

ദാമോദരന്‍ പറഞ്ഞു: ആംബുലന്‍സിന്റെ ഒച്ച കേട്ടാ എപ്പോഴും ഒരു പെടപ്പാ. അപ്പോ വരും ആ പൂരക്കാലം മനസ്സില്.
ഒരിക്കല്‍ തൃശൂപ്പൂരം വെടിക്കെട്ടപകടത്തില്‍ മരണം കണ്ട് ആംബുലന്‍സില്‍ കിടന്നതിന്റെ പേടിയാണ് ദാമോദരന്. 

എത്രണ്ണാ അന്ന് പോയേ. 
ഞരക്കങ്ങളും നിലവിളികളും മാത്രം. കറുത്ത നിറമുള്ള കട്ടിച്ചോരയുടെ വാട ഉള്ളിലേക്കടിച്ച പോലെ, അതു പറയുമ്പോഴും ദാമോദരന്‍ മൂക്കു പൊത്തി.
ദാമോദരന്റെ ഇടത്തെ കൈത്തണ്ട തുളച്ചാണ് അന്ന് അമിട്ടിന്റെ കോറ പാഞ്ഞത്. ആശുപത്രിയില്‍നിന്നിറങ്ങുമ്പോള്‍ ആ ഭാഗം ഒരോട്ടയാണ്. മാംസം പഴുത്ത് തുളയുടെ വലുപ്പം കൂടിക്കൊണ്ടിരുന്നു. കൈ മുറിക്കേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഭാഗ്യം, അഞ്ചെട്ടു മാസംകൊണ്ട് കൈമുട്ടിലെ പഴുപ്പടങ്ങി. മാംസം വന്ന് ദ്വാരം തൂരാന്‍ പിന്നേയുമെടുത്തു ആഴ്ചകള്‍. ദാമോദരന്‍ ഷര്‍ട്ട് നീക്കി ഇടതുകയ്യിലെ കറുത്ത പാട് കാണിച്ചു. ഇപ്പോഴും ചെതമ്പല്‍പോലെ ചുളിഞ്ഞ് അതങ്ങനെ കല്ലിച്ചു കിടക്കുന്നു.

സി.എം.എസ് സ്‌കൂളിന്റെ മുന്നിലാണ് ദാമോദരന്‍ രാത്രി വെടിക്കെട്ടിനു നിന്നത്. അവിടെയാവുമ്പോള്‍ കൂട്ടപ്പൊരിച്ചല്‍ നന്നായി കാണാം. ഒപ്പം മാപ്രാണത്തെ നാരാണേട്ടനും ഒറ്റപ്പാലത്തെ അമ്മാവന്റെ വീട്ടില്‍നിന്നു പൂരം കാണാനെത്തിയ സമപ്രായക്കാരന്‍ മുകുന്ദനും അവന്റെ അനുജന്‍ രമേശനും ഉണ്ടായിരുന്നു. ദാമോദരന്‍ എം.ടി.ഐയില്‍ ചേര്‍ന്ന വര്‍ഷമാണ്. പൊട്ടാത്ത കോറ മുന്നില്‍ വീണതും സകലരും നാലുപാടും പാഞ്ഞതും ഓര്‍മ്മയുണ്ട്. തീയും വെളിച്ചവും ശബ്ദവും കൂടിയുള്ള മിശ്രണം. കത്തിയ ഗന്ധകത്തിന്റെ മരണഗന്ധം.

അതില്‍ രമേശനെ മാത്രം പിന്നീട് കാണാന്‍ കഴിഞ്ഞില്ല. 
അവന്‍ മരിച്ചെന്നറിഞ്ഞത് ആശുപത്രി വിട്ട് വീട്ടിലെത്തിയപ്പോഴാണ്. 
ലാസര്‍ ഡ്രൈവിങ് കഥയിലേക്ക് വര്‍ത്തമാനം തിരിച്ചു. 
താനീ മരണോം മാരണോം പറഞ്ഞ് പേടിപ്പിക്കാതിരി ന്റെ ദാമോദരാ. ആരായാലും ഒരൂസങ്ങട് പോവും. അതിങ്ങനെ പറഞ്ഞോണ്ടിരുന്നാ നീട്ടിവെക്കാനാവോ?
ഞങ്ങള് ബസുകാര്‍ക്ക് അവസാന ട്രിപ്പ് പോലയാ ജീവിതം. അത് കഴിഞ്ഞാ കഴിഞ്ഞു. എത്ത്യാലെത്തി. അത്രതന്നെ. ഒരൊറപ്പൂല്യ. 

നീ ബീഡി വലിക്കാണ്ടെ കാര്യം പറ ലാസറേ.
പാപ്പുട്ടി ലാസറെ കേള്‍ക്കാന്‍ അക്ഷമനായി. 
കളക്ഷന്‍ ഏല്പിച്ച് കണ്ടക്ടറും ഡ്രൈവറും പോയാലും കിളിക്ക് പണി ബാക്കി. അടുക്കളക്കാരി പെണ്ണുങ്ങളെപ്പോലെ. ഊണുകഴിഞ്ഞാലും പാത്രം മോറി കമിഴ്ത്തണം. അതുപോലെ ബസ് കഴുകി ഷെഡില്‍ കേറ്റണം. 

ബസിനകം ചെറിയ ചൂലുകൊണ്ടടിച്ച് വൃത്തിയാക്കുമ്പോഴാവും യാത്രക്കാരുപേക്ഷിച്ച കടലാസുകഷ്ണങ്ങളും മിഠായിക്കവറുകളും ഓറഞ്ചുതോടുകളും കണ്ണില്‍പ്പെടാറ്. ചിലപ്പോള്‍ തെറിച്ചുവീണ ചില്ലറത്തുട്ടുകള്‍ കിട്ടും. അതിന്റെ കണക്ക് ചോദിക്കില്ല കണ്ടക്ടര്‍മാര്‍.

സ്ത്രീകളിരിക്കാറുള്ള സീറ്റിനടിയില്‍ സേഫ്ടി പിന്നും അഴിഞ്ഞുവീണ റിബണുകളും പൊട്ടിയ വളത്തുണ്ടുകളും വാടിയ ചെമ്പകപ്പൂക്കളുടെ ഇതളുകളും സുലഭമായിരിക്കും. ചിലപ്പോഴൊക്കെ മുല്ലപ്പൂക്കളിട്ട് കവറുകളില്‍ നാലായി മടക്കി സൂക്ഷിക്കാറുള്ള കടലാസ് കിട്ടും. 
ആര്‍ക്കോ എഴുതിയ പ്രേമലേഖനങ്ങള്‍. അല്ലെങ്കില്‍ ഗള്‍ഫിലെ ഭര്‍ത്താവിനുള്ള കത്തുകള്‍.
അതു വായിക്കുമ്പോഴല്ലേ ഹരം.

അതിന്റെ ആവേഗങ്ങളില്‍, ചുഴികളില്‍ പെട്ടുലഞ്ഞപോലെ ലാസറൊന്ന് തിരിഞ്ഞു. 
അക്ഷരം ശരിക്കു വായിക്കാനറിയാത്ത വെഷമം അന്നാ തോന്നീത്- ലാസര്‍ ചിരിക്കും.
ഏതു വളവിലും ലാസറിന്റെ കൈ വളയത്തിലുണ്ടായാല്‍ അനായാസം വണ്ടി തിരിയും. വണ്ടിയോടിക്കുകയാണന്നു തോന്നില്ല. ചുമ്മാ ഡ്രൈവിങ് സീറ്റിലിരുന്ന് മറ്റേതോ ലോകത്തെ കാര്യങ്ങളോര്‍ക്കുന്നപോലെയാണ്. ഒറ്റകൈകൊണ്ട് തീപ്പട്ടിയുരയ്ക്കാനും പുകയില്‍ മോതിരവളയം തീര്‍ക്കാനും അങ്ങനെ പഠിച്ചതാണ്. ഡ്രൈവിങ്ങും ബീഡിവലിയും ഒരുപോലെ. 
അന്ന് പെരിങ്ങോട്ടുകര നിറയെ ചാത്തമ്മാരായിട്ടില്ല. സ്വര്‍ണ്ണനിറമുള്ള മകുടങ്ങളില്‍ എടുപ്പുകളുള്ള മഠങ്ങളും നടപ്പുരകളും ഉയര്‍ന്നിട്ടില്ല. വണ്ടിയില്‍നിന്ന് ചാത്തന്‍പടിയിലേക്ക് കാലെടുത്തു വെക്കാന്‍ പാകത്തില്‍ നിര്‍ത്തിക്കൊടുക്കണം. അല്ലെങ്കില്‍ തെറി കേള്‍ക്കും. നല്ല പുളിച്ച അന്തിക്കാടന്‍ കള്ളുപോലെ മുട്ടന്‍ തെറി. കയറാനും ഇറങ്ങാനും ഒരുപാടുപേര്‍ കാത്തുനില്‍ക്കുന്നുണ്ടാവും. അക്കൂട്ടത്തില്‍ ചാത്തന്റെ ദല്ലാളുമാരും കാണും.

ബസിന് ഡബ്ബിള്‍ ബെല്ലടിച്ചപോലെയാണ് ലാസറിന്റെ സംസാരം. 
ഒരു സ്റ്റോപ്പിലും നിര്‍ത്തില്ല. ഓവര്‍ടേക്കിനും സമ്മതിക്കില്ല.
അപ്പോ കുടിക്കാനും കടിക്കാനുമുള്ളത് ചാത്തനെത്തിച്ചിരുന്നൂല്ലേ ലാസറേ?
പാപ്പുട്ടിയുടെ ചോദ്യം ലാസര്‍ കേട്ടതായി ഭാവിക്കില്ല.
ബസിലെ തിരക്കും ചാത്തന്‍മഠങ്ങളിലെ പൂജാസമയവുമായി ബന്ധമുണ്ട്. ആ സമയക്രമത്തിലാണ് ബസുകളന്ന് ഓടിയിരുന്നത്. 

പൂജയ്ക്കു പോകുന്നവരില്‍ക്കൂടുതലും സ്ത്രീകളായിരുന്നു. അവരുടെ കയ്യില്‍ രണ്ടു കാലും കൂട്ടിക്കെട്ടി തലകീഴായി തൂക്കിപ്പിടിച്ച അറക്കാനുള്ള കോഴികളുണ്ടാവും. മരണം കണ്ടിട്ടെന്നപോലെ അവ കൊക്കിക്കരഞ്ഞ് പിടഞ്ഞുകൊണ്ടിരിക്കും. തൂവല്‍ ചിതറി ബസിനകത്ത് പറക്കുന്നുണ്ടാവും. 
ആ കോഴിച്ചൂരു പോവാത്ത ഒരുത്തീനെയല്ലേ നീയടിച്ചോണ്ടു പോന്നതും.
പാപ്പുട്ടി ഓര്‍മ്മിപ്പിക്കും.

ഗള്‍ഫുകാരന്‍ ഭര്‍ത്താവ് ഉപേക്ഷിച്ച വനജ അന്ന് ലാസറിന്റെ ബസിലാണ് ചെമ്മാപ്പിള്ളിയില്‍നിന്ന് അന്തിക്കാട്ടേക്ക് പോകാറ്.

ഭര്‍ത്താവിനെ തിരിച്ചു കിട്ടാനാണ് യാത്രയെന്ന് സ്ഥിരക്കാരിയായപ്പോള്‍ വനജ പറഞ്ഞു. ഭര്‍ത്താവിന്റെ പെങ്ങമ്മാര്‍ കൂടോത്രം ചെയ്ത് പുഷ്‌കരേട്ടന്റെ മനസ്സു മാറ്റിയതാണ്. ആള്‍ പച്ചപ്പാവമാണ്. ഏഷണിയും ദുഷിപ്പും പറഞ്ഞ് ബന്ധുക്കള്‍ ബന്ധം അകറ്റിച്ചു. അതിനുള്ള പ്രതിവിധി തേടിയാണ് അന്തിക്കാട്ടേക്കുള്ള യാത്രകള്‍. വഴിപാടുകള്‍ക്ക് കാശില്ല. അതുകൊണ്ട് പ്രാര്‍ത്ഥന ഫലിക്കുന്നില്ല.
ഒരു ദിവസം ലാസര്‍ പറഞ്ഞു: ധൈര്യോണ്ടങ്കില്‍ കൂടെ പോന്നോ. 
അന്തിക്കാട് രജിസ്ട്രാപ്പീസില്‍ വെച്ചായിരുന്നു അവരുടെ വിവാഹം.
വനജക്കന്ന് മൂന്നു വയസ്സുകാരന്‍ മകനുണ്ട്. അവനെക്കൂട്ടിയാണ് വനജ രജിസ്ട്രാപ്പീസില്‍ വന്നത്. രണ്ടാമത്തോള്‍ ഏഴുമാസം വയറ്റിലാണ്.

കുറേ ദിവസത്തേക്ക് ലാസറിന് പണിക്കു പോകാനായില്ല. കണ്ടാല്‍ കയ്യും കാലും വെട്ടുമെന്ന് പറഞ്ഞ് വനജയുടെ ബന്ധുക്കള്‍ വഴിയില്‍ കാത്തുനിന്നു. ലാസര്‍ അന്തിക്കാട് വിട്ട് ഒളരിയില്‍ വാടകവീടെടുത്ത് പാര്‍പ്പു തുടങ്ങി.

ആ കുട്ട്യോളൊക്കെ നെന്നെ നോക്കണുണ്ടോ ലാസറേ?
മാഷും പാപ്പുട്ടിയും ഒന്നിച്ചാണ് ചോദിച്ചത്.
മൂത്തോന്‍ ഷിപ്പില് എന്‍ജിനീറാ. മോള് യു.കെല് നഴ്‌സ്.
രണ്ടാളും ഒരു കൊറവും വരുത്തീട്ടില്ല മാഷേ.
ഇപ്പോ അവര്‌ടെ കാര്യം ഓര്‍ക്കുമ്പഴാ സങ്കടം.
ലാസറെ കേട്ട് മുഷിഞ്ഞ ദാമോദരന്‍ സരസയുടെ വീട്ടില്‍ അജ്ഞാതജീവിയെ കണ്ട കാര്യം എടുത്തിട്ടു.
ഏഴടി പൊക്കം. മൊഖം പോത്തിന്റെപോലെ. തുറിച്ച കണ്ണ്. ആരെയെങ്കിലും കണ്ടാല്‍ നാലാള്‍ ഉയരത്തില്‍ എടുത്തു ചാടൂത്രെ. ആര്‍ക്കും പിടുത്തം കിട്ടണില്ല. കോളിങ് ബെല്ലടിച്ച് ആള്‍ക്കാരെ വിളിക്കുണൂന്നും കേക്കുണൂ. 

അതൊക്കെ ഓരോരോ വേലത്തരല്ലേ ന്റെ ദാമോദരാ. ഒരജ്ഞാതജീവി വന്നിരിക്കുണൂ. അതും ഈ കൊറോണക്കാലത്ത്. ഡോ, പണ്ട് നമ്മള് ഒടിയനെ കാണാറില്ലേ. സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോ പശൂന്റേം പോത്തിന്റേം രൂപത്തില് വാലാട്ടി എടവഴിവക്കില്‍ നിക്കണത്. ഇതിപ്പോ ഹൈടെക്ക് ഒടിയന്‍. അത്രേന്നെ. 
മാഷ് ചിരിച്ചു. മുറുക്കാന്‍ തുപ്പി.

ലാസറ് പറഞ്ഞു: അതിന് ചെലേ പെണ്ണുങ്ങള് രാത്രി തുണീം മുണ്ടൂല്ല്യാണ്ടല്ലേ കെടക്കാ. ആ സീന്‍ കാണാനല്ലേ കഷ്ടപ്പെട്ട് ചെലര്. സരസക്കാണങ്കില്‍ അറിയാലോ. ബഹുരസായിരിക്കും.
ലാസര്‍ മുഴുമിപ്പിച്ചില്ല.

അപ്പോഴേക്കും അന്ന് പൊലീസ് വണ്ടി വന്നു.
ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടതും താഴേക്കിറങ്ങാന്‍ അല്പം തിരക്കുകൂട്ടി മാഷ്. മകളാവും. ഇന്ന് ടെറസില്‍ കയറിയതിനാവും.

ഓര്‍മ്മ പെരുത്ത് തലയ്ക്കല്പം കനം കൂടിയപോലെ തോന്നി. കോണിയുടെ ആദ്യ പടിയിലേക്ക് ധൃതിയില്‍ കാല് വെച്ചതും പിഴച്ചു. സ്റ്റെപ്പു തെറ്റി. തലയടിച്ച് മാഷ് താഴേക്കെത്തി.
മൂന്നു ദിവസം ഓര്‍മ്മയില്ലാതെ കിടന്നു. 

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടു. മരുന്നും കഞ്ഞിയും പരസഹായമില്ലാതെ കഴിക്കാമെന്നായി. അവിനാശിനെ കണ്ടപ്പോള്‍ തിരിച്ചറിഞ്ഞു. അവനെ കൈകാട്ടി അടുത്തേക്ക് വിളിച്ചു.
മുത്തച്ഛനെ ആശുപത്രീലാക്കരുത്‌ട്ടോ. അമ്മേ പറഞ്ഞ് സമ്മതിപ്പിക്കണം. 
എനിക്കിവിടെക്കെടന്ന് പോണം.

അവിനാശ് അതിന് എന്തു മറുപടി പറഞ്ഞെന്ന് മാഷ് കേട്ടില്ല. 
അന്ന് രാത്രിയെപ്പോഴോ ഉറക്കത്തിനിടെ മകള്‍ കരഞ്ഞുകൊണ്ട് കട്ടിലില്‍ വന്ന് ഇരുന്നതായി മാഷ്‌ക്ക് തോന്നി.

കണ്ണീര്‍വീണപോലെ പൊള്ളലേറ്റ് മാഷ് ഉണര്‍ന്നു.
പുറത്തപ്പോള്‍ വല്ലാത്തൊരു വെളിച്ചം കണ്ടു. മഞ്ഞയും ചോപ്പും കലര്‍ന്ന രാശിയില്‍. ഇതുവരെ അത്തരമൊരു പ്രകാശം മാഷ് കണ്ടിട്ടില്ല. 
കണ്ണു ചിമ്മിപ്പോയി. അതോ പൊലീസ് ജീപ്പിന്റെ വെട്ടമോ?
വീണ്ടും നോക്കുമ്പോള്‍ വെളിച്ചം കെട്ടിരിക്കുന്നു. ഇപ്പോള്‍ അസാധാരണമായ കനത്ത, കറുത്ത ഇരുട്ടാണ്.
പതിയെ ഇരുട്ടിലേക്കാരോ ടോര്‍ച്ചടിക്കുംപോലെ വെളിച്ചത്തിന്റെ ഒരു നടവഴി പ്രത്യക്ഷപ്പെട്ടു. അതിന്റെ അറ്റംമുട്ടുന്നത് ആകാശത്താണ്.

പെട്ടെന്നൊരു ചിരികേട്ടു. പെണ്‍ശബ്ദമാണ്. ചിരിയൊഴിഞ്ഞപ്പോള്‍ അമര്‍ത്തപ്പിടിച്ച കിതപ്പുകളുണ്ട്.
ഉടുവസ്ത്രമില്ലാതൊരു സ്ത്രീരൂപം നിഴലുപോലെ പ്രത്യക്ഷപ്പെട്ടു. അഴിഞ്ഞുവീണ ഒറ്റമുണ്ട് ചുരുട്ടിപ്പിടിച്ച് മാറ് കൈകൊണ്ട് മറച്ച് നില്‍ക്കുന്നത് സരസയാണോ. മുടിയിഴവീണ് മുഖം വ്യക്തമല്ല.
മാഷ്‌ക്ക് എഴുന്നേല്‍ക്കാന്‍ തോന്നി. അപ്പോഴതാ ഒരു വികൃതജീവി തൊട്ടപ്പുറത്ത് ജനലിലൂടെ തുറിച്ചുനോക്കുന്നു. മുഖം പോത്തിന്റെ പോലെ. സ്പ്രിങ്ങിലെന്നപോലെ കൈകള്‍ മാഷെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ജനല്‍ കടന്നു. 

ആകാശത്തുനിന്ന് പുറപ്പെട്ട വെളിച്ചത്തിന്റെ നടവഴിയേ പുകയുതിര്‍ത്ത് ഒരു ബസ് ഇരമ്പി നിന്നു. വിരലുകള്‍ക്കിടയില്‍ ബീഡിയെരിയുന്ന ബലിഷ്ടമായ കൈത്തണ്ട സ്റ്റിയറിങ്ങില്‍ വിശ്രമിക്കുന്നുണ്ട്. സൂചിപ്പഴുതില്ലാത്തവിധം ആള്‍ക്കൂട്ടമാണ് ബസിനകം. എല്ലാവരും തുണികൊണ്ട് മുഖം മറച്ചിരിക്കുന്നു. 
കാലെടുത്തുവെക്കാന്‍ പറ്റാതെ കിതയ്ക്കുമ്പോള്‍ ആരോ പിടിച്ച് വലിച്ചു. ഫുട്‌ബോഡില്‍ പാദം കഷ്ടി തള്ളിവെച്ചതും ഡബിള്‍ബെല്‍ മുഴങ്ങി. പുകയുടെ മോതിരവളയങ്ങളുതിര്‍ത്ത് ബസ് മുന്നോട്ടാഞ്ഞതും പിടിവിട്ട് മാഷ് കുത്തനെ വീണു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com