'അച്ചന്‍തെയ്യം'- പ്രമോദ് കൂവേരി എഴുതിയ കഥ

ചിത്രീകരണം / ചന്‍സ്
ചിത്രീകരണം / ചന്‍സ്

തോറ്റം ഒന്ന്

ര്‍മ്മനിരതവും കാര്‍ക്കശ്യവും കൊണ്ട് പൊടിക്കുളംപറമ്പിലെ അതിശക്തനും പ്രതാപഗുണവാനുമായിരുന്ന തന്റെ പിതാവ് തറോലുവളപ്പില്‍ ഉണ്ണീരന്‍ മുതലാളിയുടെ ജീവിതപ്രഘോഷങ്ങള്‍ മരണാനന്തരം ഏതുവിധം വരുംതലമുറകളിലേക്ക് കൈമാറാമെന്ന് മകന്‍ ഉപേന്ദ്രനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. 

ഏതാണ്ട് ആറ് മാസത്തോളമായി ഉപേന്ദ്രന്‍ തന്റെ ഭാവനയുടെ സര്‍വ്വ പൊത്തുകളും മാന്തി തലകുത്തിമറിഞ്ഞ് ചിന്തിക്കാന്‍ തുടങ്ങിയിട്ട്. നേരാംവണ്ണം ഷാപ്പിലേക്ക് പോയിക്കൊണ്ടിരുന്ന, ചന്തയിലേക്ക് പോയിക്കൊണ്ടിരുന്ന, കക്കൂസില്‍ പോയിക്കൊണ്ടിരുന്ന, കുട്ടികളുടെ പഠിത്തത്തില്‍ ശ്രദ്ധിച്ചിരുന്ന, വണ്ടി കഴുകിക്കൊണ്ടിരുന്ന, ഇലക്ട്രിസിറ്റി ബില്ലടച്ചുകൊണ്ടിരുന്ന, പിഴപ്പലിശ പിരിച്ചുകൊണ്ടിരുന്ന, അയല്‍ക്കാരേക്കാള്‍ വലിപ്പം കാണിച്ചോണ്ടിരുന്ന, എന്തിന് ഭക്ഷണത്തില്‍പ്പോലും നിഷ്ഠ തെറ്റിച്ചോണ്ടിരിക്കുന്ന ഭര്‍ത്താവദ്ദേഹത്തിന് ഇതെന്തുപറ്റിയെന്ന് ഭാര്യ പൂമണി ഇടക്കിടെ ചോദിച്ചുകൊണ്ടിരുന്നെങ്കിലും ഉപേന്ദ്രന്‍ ഒന്നും വിട്ടുപറഞ്ഞില്ല. വന്നുവന്നിപ്പോള്‍ ഉറക്കത്തിലും വലിയ ഭംഗങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഉറങ്ങുന്നതിനേക്കാള്‍ അപകടകരവും അഗാധവുമായ ആഴത്തിലേക്ക് അയാള്‍ അസ്തമിച്ചിരിക്കുന്നു. ഇങ്ങനെ പോയാല്‍ തന്റെ ഭര്‍ത്താവ് വൈകാതെ വലിയൊരു വിഷാദരോഗിയായി മാറുമെന്ന് ഭയന്ന് മുന്‍കൂറായി സ്വന്തം വീട്ടുകാരോടും അടുപ്പക്കാരോടും സൂചനകൊടുത്തെങ്കിലും അങ്ങനെയൊന്നും വരാന്‍ സാധ്യതയില്ലെന്നു പറഞ്ഞ് അവര്‍ ആശ്വസിപ്പിക്കുകയും ഉപേന്ദ്രനറിയാതെ അയാളെ നിരീക്ഷിക്കാന്‍ ആളെ തരപ്പെടുത്തുകയും ചെയ്തു. 

എത്ര ശ്രമിച്ചിട്ടും ഉപേന്ദ്രന് തന്റെ ചിന്താമണ്ഡലത്തെ അതിര്‍ത്തി കടത്തിവിടാന്‍ സാധിക്കുന്നില്ല. അയാളാലോചിക്കുമ്പോള്‍ കണ്ടും കേട്ടും പരിചയമുള്ള കുറേ സംഗതികള്‍ മാത്രമേ കണ്‍മുന്നില്‍ തെളിയുന്നുള്ളൂ. അച്ഛന്റെ ഓര്‍മ്മദിവസം കുട്ടികള്‍ക്ക് സ്‌കൂളില്‍ വലിയ വട്ടഌ പായസം നല്‍കാം, അനാഥാലയങ്ങള്‍ക്ക് നൂറ് ചാക്ക് അരി ദാനം നല്‍കാം. സമൂഹവിവാഹം നടത്താം, അമ്പലത്തിന്റെ കഴുക്കോലിന് ഉണ്ണീരന്‍ മുതലാളിയുടെ സ്മരണയ്ക്ക് മകന്‍ ഉപേന്ദ്രന്‍ വക കഴുക്കോല്‍ അഞ്ചെണ്ണം കൊടുക്കാം, അല്ലെങ്കില്‍ ഭണ്ഡാരം, ബസ് കാത്തിരിപ്പ് കേന്ദ്രം, നാല്‍ക്കവലയില്‍ അമ്പതടി ഉയരത്തില്‍ ഒരു പ്രതിമ, സ്തുതിപ്പാട്ട് അടങ്ങിയ സീഡി വില്‍പ്പന, രാഷ്ട്രീയ സംഘടന  ഇങ്ങനെയൊക്കെയാണ് മനസ്സില്‍ വരുന്നത്. വേണമെങ്കില്‍ അങ്ങനെ ചെയ്യാം. പക്ഷേ, അതിവിടെ പലരും ചെയ്തുകഴിഞ്ഞു. അതില്‍നിന്നു വ്യത്യസ്തമായി ഉണ്ണീരന്‍ എന്ന അച്ഛന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരുടേയും ഉള്ളില്‍ എപ്പോഴും വീരാരാധനയോടെ ജ്വലിച്ചുനില്‍ക്കണമെന്ന കഠിനാലോചനകൊണ്ടാണ് നേരത്തെ പറഞ്ഞ ചിട്ടകളെല്ലാം തെറ്റിക്കൊണ്ടിരിക്കുന്നതും തറോലുവളപ്പില്‍ കുടുംബം അന്തംകെടാന്‍ പോവുകയാണെന്നു ചിലര്‍ക്കെങ്കിലും തോന്നിത്തുടങ്ങിയതും. 

അത്രയ്ക്കും കേമനാണോ ഈ ഉണ്ണീരന്‍ മുതലാളിയെന്നു പുറംനാട്ടുകാര് വന്നാല്‍ ചോദിക്കണം. ചോദിക്കുമ്പോള്‍ പറഞ്ഞുകൊടുക്കാന്‍ ആയിരം നാവുണ്ടാകണം. 

പിന്നേ... അത്യുഗ്ര ജീവിതല്ലേ...
ഉണ്ണീരന്‍ ജനിക്കുമ്പോള്‍ അവന്റെ അച്ഛന്‍ ഏറ്റുകാരന്‍ കണാരന്‍ തെങ്ങില്‍നിന്നു വീണു മരിച്ചു. ശവമടക്കിന് ആള്‍ക്കൂട്ടത്തില്‍നിന്ന് കൈകാലിട്ടിടിച്ച് കരഞ്ഞുകൊണ്ടിരുന്ന ഉണ്ണീരനെ നോക്കി മാതിത്തള്ള കാലന്റെ കരച്ചില്‍ കേട്ടില്ലേയെന്ന് മനസ്സില്‍ പറഞ്ഞത് അടുത്തുനില്‍ക്കുന്നുണ്ടായിരുന്ന സൗമിനി കേട്ടത്രെ. അതിനുശേഷം കുഞ്ഞുണ്ണീരന് കാലനെന്ന വട്ടപ്പേരുണ്ടായി. അവന്റെ അമ്മ പക്ഷേ, അതൊക്കെ ദൈവനിയോഗമാണെന്നു വിചാരിച്ച് കണ്ടവന്റെ പറമ്പത്ത് പോയി നായിയെപ്പോലെ നയിച്ച് അവനെ പോറ്റി. ഉണ്ണീരന് പക്ഷേ, ആ വട്ടപ്പേര് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. അവനെ സ്‌കൂളില്‍ കയറ്റിയില്ല, അവനെ കളിസ്ഥലത്ത് നിന്ന് ഭ്രഷ്ടനാക്കി, അവധിക്കാലത്ത് കുട്ടികളെടുക്കുന്ന ഒരു പണിയിലും അവനെ പങ്കെടുപ്പിച്ചില്ല. പാതിരാത്രി നായയുടെ കൂവല്‍ പേടിക്കുന്നതുപോലെ അവന്റെ ദൃഷ്ടിയില്‍നിന്ന് എല്ലാവരും മാറിനടന്നു. 
കയ്യില്‍ ചൊക്കിമുക്കാലില്ലാതെ ഓട്ടക്കീശയില്‍ കയ്യിട്ട് ഒരുദിവസം ദാരുക്കുട്ടി നമ്പ്യാരുടെ കള്ളുഷാപ്പിന്റെ മുന്നില്‍ ഉണ്ണീരന്‍ നിന്നു. അന്നേരം ബീഡി തീര്‍ന്ന ഒരാള്‍ ആടിയാടി ഷാപ്പില്‍നിന്ന് പുറത്തിറങ്ങി ബീഡിക്കട തെരയുന്നതിനിടെ ഉണ്ണീരന്‍ കേറി ഇടപെട്ടു.

'ഞാമ്പാങ്ങിത്തരാ...'
അതയാള്‍ക്ക് വലിയ അനുഗ്രഹമായി. ബാക്കിയുള്ള നാണയത്തുട്ടില്‍നിന്ന് കാലണ അവന് കൂലികിട്ടി. ഉണ്ണീരന്റെ കണ്ണില്‍നിന്ന് അന്നേരം പൊടിഞ്ഞ ഉണ്ണാങ്ങക്ക് കണക്കില്ല. ഷാപ്പിനകത്തേക്ക് എന്നിട്ടും കയറ്റം കിട്ടിയില്ലെങ്കിലും ആരുടെയെങ്കിലും ബീഡിയോ സിഗരറ്റോ തീര്‍ന്നുകണ്ടാല്‍ ദാരുക്കുട്ടിനമ്പ്യാരുടെ പുറത്തേക്കുള്ള നീട്ടിവിളി കേള്‍ക്കാന്‍ അവന്‍ കാതുംകൂര്‍പ്പിച്ച് പുറത്തുണ്ടാകും.
'ഉണ്ണീരാ...'
തല്‍ക്ഷണം അവനത് പരിഹരിക്കും. അങ്ങനെ ഷാപ്പിന് ചുറ്റമുള്ള പരിസരം വൃത്തിയാക്കല്‍കൂടി അവന്‍ സ്വമേധയാ ചെയ്തുകൊണ്ടിരിക്കെ ദാരുക്കുട്ടിനമ്പ്യാര്‍ പറഞ്ഞു.

'ഇതിന്റെ അവംകൂടിയൊന്ന് അടിച്ചുവാര്യേ....'
വലതുകാല്‍വെച്ച് അവന്‍ ഷാപ്പില്‍ കേറി. നിലം വൃത്തിയാക്കലില്‍നിന്ന് എച്ചിലിലേക്കും എച്ചിലില്‍നിന്ന് മേശയിലേക്കും മേശയില്‍നിന്ന് പാത്രങ്ങളിലേക്കും അവന്റെ ശുചീകരണക്രിയകള്‍ തുടരവേ ദാരുക്കുട്ടിക്ക് അവന്റെ ശുഷ്‌കാന്തി നന്നായി ബോധിച്ചു. ചാക്കണക്ക് നിര്‍ത്തിയ കേശവന്റെ സഹായിയായി അവന് സ്ഥാനക്കയറ്റം കിട്ടി. മാര്‍ക്കറ്റില്‍ പോയി മേത്തരം പന്നിയും പോത്തും ശുദ്ധവ്യഞ്ജനവും നന്നായി വിലപേശി വാങ്ങിക്കൊണ്ടുവന്ന് ബാക്കി പൈസ ഇത്ര ലാഭിച്ചുകൊടുത്ത് അവന്‍ തന്റെ സത്യസന്ധതയും പത്തരമാറ്റാക്കി. 

ദാരുക്കുട്ടിനമ്പ്യാരുടെ പണപ്പെട്ടിവരെ കൈകാര്യം ചെയ്യാന്‍ വളര്‍ന്നതോടെ ഉണ്ണീരന്റെ ജാതകത്തില്‍നിന്നു സകല ദുഷ്‌പ്പേരുകളുടേയും മത്തിറങ്ങിപ്പോയി. പകല് വരുന്നവരും മോന്തിക്ക് വരുന്നവരും പറ്റുതീര്‍ക്കാതെ കള്ളുകുടിച്ച് വറ്റിക്കുകയും ശുദ്ധനായ ദാരുക്കുട്ടിനമ്പ്യാരെ തുടര്‍ച്ചയായി പറ്റിക്കുകയും ചെയ്തു. ഷാപ്പ് വലിയ സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിച്ചു തുടങ്ങി. രാത്രിയില്‍ തെങ്ങോളം ഉയരത്തിലുള്ള ദുരഭിമാനത്തിന്റെ ചുനയില്‍ വീണ് ചത്തുമലച്ച തവളയെപ്പോലെ വെള്ളക്കയ്യന്‍ ബനിയനുമിട്ട് കസേരയില്‍ ചാഞ്ഞ് മോളിലോട്ട് നോക്കിക്കിടക്കുന്ന ദാരുക്കുട്ടിനമ്പ്യാരോട്  ഉണ്ണീരന് ശരിക്കും സഹതാപം തോന്നി. 

ഉണ്ണീരന് ട്രൗസറില്‍നിന്ന് കയലിമുണ്ടിലേക്ക് കയറ്റംകിട്ടുമ്പോഴേക്കും ദാരുക്കുട്ടിനമ്പ്യാര്‍ മുഴുക്കുടിയനായി മാറിയിരുന്നു. കുടിശ്ശിക തീര്‍ക്കാത്തവര്‍ക്ക് കള്ള് ബാക്കിവെക്കാതെ അയാള്‍ മൊത്തം കുടിച്ചുതീര്‍ത്ത് മൂലക്ക് ബെഞ്ചില്‍ കിടന്നുറങ്ങി. വീട്ടില്‍ പോകാതായി. 

ഒരു ദിവസം അയാള്‍ കഴുക്കോലിലും കിടന്നുറങ്ങി.
വിതല്‍പ്പരകക്ഷികള്‍ ഉണ്ണീരന്‍ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പറഞ്ഞുപരത്തിയെങ്കിലും അവനങ്ങനെ ചെയ്യില്ലെന്ന് കുറച്ചുപേരെങ്കിലും വാദിക്കാനെത്തി. മേശവലിപ്പില്‍നിന്ന് പറ്റുപുസ്തകമെടുത്ത് അന്ന് രാത്രിയാകുമ്പോഴേക്കും പൊടിക്കുളംപറമ്പിലെ മുഴുവന്‍ കുടിശ്ശികക്കാരുടേയും മര്‍മ്മംപിടിച്ച് കാശ് വസൂലാക്കി ദാരുനമ്പ്യാരുടെ പെണ്ണുമ്പിള്ളക്ക് എത്തിച്ചുകൊടുത്തതിനു ശേഷമാണ് അയാളുടെ ചിതയ്ക്ക് തീപ്പിടിച്ചത്. അത്രയും നേരം കത്താതെ പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. 
നാല്‍പ്പത്തൊന്ന് കഴിഞ്ഞ ദിവസം ദാരുനമ്പ്യാരുടെ ഭാര്യ ഉണ്ണീരനെ വിളിപ്പിച്ച് ഷാപ്പിന്റെ താക്കോല്‍ കൊടുത്തു. 

'നീയൊരു തുകതന്ന് അത് നടത്തിക്കോ...'
ഉണ്ണീരന്‍ അവര്‍ക്ക് കൊടുത്ത പണക്കിഴിയില്‍ അസാധുവായ കാലണയുമുണ്ടായിരുന്നു.
പഴയ ഷാപ്പ് തന്നെയാണെങ്കിലും, പഴയ പറ്റുകാര് തന്നെയാണെങ്കിലും ഉണ്ണീരന്‍ പഴയതല്ല. വരുന്നവര്‍ക്കൊക്കെ താന്‍പ്രമാണിത്തം നോക്കി മികച്ച ആതിഥേയത്വത്തോടെ ഉണ്ണീരന്‍ കള്ളൊഴിച്ച് കുടിപ്പിച്ചു. മേശക്കുള്ളില്‍ ദാരുനമ്പ്യാര്‍ക്കുണ്ടായതിനേക്കാളും അഞ്ചെട്ട് പറ്റുപുസ്തകം അട്ടിക്കട്ടിവെച്ചു. പറ്റെത്ര കൂടിയാലും ഉണ്ണീരന്‍ ലവലേശം മുഖം കറുപ്പിച്ചില്ല. പിന്നെയും കുടിച്ച് പള്ളവീര്‍പ്പിച്ചോളാന്‍ ഷാപ്പ് അവര്‍ക്ക് മുന്നില്‍ തുറന്നിട്ടു.

നാട്ടിലെ തറവാടികളായ കലിക്കോട്ടുകാരും ചന്ത്രോത്തുകാരും ഷാപ്പില്‍ വന്നാല്‍പ്പിന്നെ ആറാട്ടാണ്. വരുന്നോര്‍ക്കെല്ലാം കള്ള്. രാവിലെ മുതല്‍ മോന്തിവരെ തുടരും. ഇന്നാരാണ് കേമനെന്ന വീമ്പുപറച്ചിലാണ് കലാപരിപാടി. പൊടിക്കുളംപറമ്പിലെ കണ്ണായ പത്തുസെന്റ് വിറ്റ് ഭാര്യക്ക് രണ്ടായിരം രൂപയുടെ സാരി കോട്ടയത്ത് പോയി വാങ്ങിക്കൊടുത്ത കോമക്കുറുപ്പാണ് വീമ്പിലിപ്പോള്‍ മുന്‍പന്തിയിലുള്ളത്. അതിനെത്തുടര്‍ന്ന് മറ്റു ചിലര്‍ സ്ഥലം വിറ്റെങ്കിലും കോമക്കുറുപ്പിന്റെ ഭാര്യക്കുള്ളത്ര അരയും അകിടും അകത്തുള്ളാള്‍ക്കില്ലെന്ന് കണ്ടെത്തി പരാജയം സമ്മതിച്ചു. കിഴക്കേക്കരയില്‍നിന്നും മാടായിയില്‍നിന്നും പുലയന്മാരെ കൊണ്ടുവന്ന് നാട്ടില്‍ ചാളയില്‍ കുടിയിരുത്തി വയലിലും പറമ്പത്തും പണിയെടുപ്പിച്ച് ചന്ത്രോത്തുകാര് അതിന് പകരം വീട്ടി. ചന്ത്രോത്തുകാരുടെ ആണ്‍പണിക്കാര്‍ക്ക് മോന്തിക്ക് ഇഷ്ടംപോലെ കള്ളുവാങ്ങിക്കൊടുത്ത് അവരുടെ പെണ്ണുങ്ങള്‍ക്ക് മാറിമാറി കിടന്ന് മറ്റു തറവാടികള് അതിനും പകരം വീട്ടി. 

കള്ളുഷാപ്പിലെ അന്നത്തെ അങ്കത്തില്‍ വിജയശ്രീലാളിതനായി വീട്ടിലെത്തി ചാരുകസേരയില്‍ രണ്ടുകാലും കയറ്റി മലര്‍ന്നുകിടക്കുന്നതാരാണോ അയാളുടെ കാല്‍ച്ചോട്ടില്‍ രാത്രി ആരും കാണാതെ മിന്നാമിന്നി ടോര്‍ച്ചുമടിച്ച് ഉണ്ണീരന്‍ പറ്റുപുസ്തകമായി വന്നിരുന്ന് കുമ്പിടും...
എത്രയായി ഉണ്ണീരാ...?
ഇത്രീം അയിട്ട്ണ്ട്.. 
ഉള്ളിലോട്ട് ഒന്ന് കണ്ണ് പായിച്ച് കുറച്ചുനേരം കണക്കുകൂട്ടുമ്പോലെ ആലോചിക്കും.
ഇത്രീം ദമ്പടി ഇപ്പ കയ്യിലില്ലല്ലാ....
അയ്യോ... അങ്ങനെ പറയല്ലേ... ദാരുക്കുട്ടിനമ്പ്യാര്‌ടെ കഴുക്കോല് ആടത്തന്നെ ഇണ്ട്. എന്നക്കൊണ്ടത് ചെയ്യിക്കറ്.

അതൊന്നും വേണ്ട. നിനക്കാ തെക്കേപ്പറമ്പ് എഴുതിത്തരാ... ആരുമറിയണ്ട. ബാക്കി വരവ് വെച്ചോ... ന്തേ... ?
ഇന്ന് ചന്ത്രോത്തുകാര്, നാളെ കലിക്കോട്ടുകാര്, മറ്റന്നാള് പുന്നാട്ടുകാര്.... തീയ്യന്‍ കണാരന്റെ ചെക്കന്‍ യുദ്ധം ചെയ്യാതേയും ചോരചിന്താതേയും കാലണയില്‍ പിടിച്ചുനേടിയതാണ് പൊടിക്കളംപറമ്പിലെ മൂക്കാഭൂമിയും അഞ്ചാറ് റെയിഞ്ചും. ഇന്നേവരെ ഒരു സാധുവിനെ ഉപദ്രവിച്ചിട്ടില്ല. ഒരു പെണ്ണിനെ പെഴപ്പിച്ചിട്ടില്ല. നികുതിവെട്ടിച്ചിട്ടില്ല. യെശ്മാന്‍മാര്‍ക്ക് വേണ്ടത്ര ബീത്തിക്കൊടുത്തു. കാശ് കൊടുക്കുമ്പോള്‍ കൈവെറയുള്ളോമ്മാര് മണ്ണ് കൊടുത്തു. ധരിച്ച സില്‍ക്ക് കുപ്പായത്തില് പറ്റുന്ന അഴുക്കിന്റെ പേരാണ് അവര്‍ക്ക് മണ്ണ്. 
ഷാപ്പടക്കേണ്ട സമയമായിട്ടും പോകാതെ കൂനിക്കൂടിയിരിക്കുന്ന ഉപേന്ദ്രന് വല്ലാതെ കരച്ചില്‍ വന്നു. കാലശേഷം അച്ഛന് അര്‍ഹതപ്പെട്ട കേളി കൊടുക്കാന്‍ കഴിയാത്ത പുത്രജന്മത്തില്‍ അയാള് നൊന്തു. ഉള്ളില്‍നിന്ന് ഏന്തിവന്നതത്രയും കൈമടക്കില്‍ കിടന്ന് കരഞ്ഞുതീര്‍ക്കുന്നതിനിടെ മൂര്‍ദ്ദാവില്‍ മഞ്ഞള് മണക്കുന്ന കൈ പതിച്ചു. നോക്കിയപ്പോള്‍ അയ്യപ്പപ്പെരുവണ്ണാന്‍. ദാരുക്കുട്ടി നമ്പ്യാരുടെ കഴുക്കോലോളം നീണ്ട ഉയരത്തില്‍. പിറകില്‍ എഴുത്താളനുമുണ്ട്. എവിടെയോ കെട്ടുകഴിഞ്ഞുള്ള വരവാണ്. ഉപേന്ദ്രന്‍ എഴുന്നേറ്റുപോയി. 
'ബാക്കി കെടപ്പുണ്ടാ വല്ലതും....? വല്ലാത്ത ക്ഷീണം.'

നേരുപറഞ്ഞാല്‍ തലയിലെ മുരള്‍ച്ച കാരണം പറ്റുകാരെപ്പോലും കള്ളില്ലെന്ന് പറഞ്ഞയിച്ചിട്ടുള്ള ഇരിപ്പാണ്. നാല് കുപ്പി കള്ള് രണ്ടുപേരുടേയും മുന്നില്‍വെച്ച് ഉപേന്ദ്രന്‍ ബഹുമാനപുരസ്സരം നിന്നു. 
മൂന്ന് ഗ്ലാസ്സ് കമിഴ്ത്തി ഒരു കുപ്പി കാലിയാക്കി രണ്ടാമത്തെ കുപ്പിയില്‍ കൈവെക്കുമ്പോള്‍ അയ്യപ്പപ്പെരുവണ്ണാന്‍ ഉപേന്ദ്രന്റെ മുഖത്ത് നോക്കാതെ പറഞ്ഞു:

'ഉള്ളിലൊരു കനല്ണ്ട്ല്ലാ കത്ത്ന്ന്... അത് കെടുത്തണ്ടേ...?'
'ബേണം.' ബാക്കിയുള്ള കരച്ചില്‍ വന്ന് ഉപേന്ദ്രന്‍ ചുണ്ട് വിറപ്പിച്ചു. കണ്ണില്‍ നിന്നൂറിയത് തുടച്ചപ്പോള്‍ കുറേനാളായി ഇരുട്ടുമൂടിയ മുഖത്തേക്ക് ടോര്‍ച്ചടിച്ചപോലെ ഉപേന്ദ്രന്റെ മുഖം തിളങ്ങി. ആദ്യമായി അയാള്‍ ഇത്രയുംനാള്‍ പേറിനടന്ന ഭാണ്ഡക്കെട്ടഴിച്ച് കുട്ടികളെപ്പോലെ ഏങ്ങിയേങ്ങിക്കരഞ്ഞു.
രണ്ടാമത്തെ കുപ്പിയും കാലിയാക്കി തോളത്തിട്ട തോര്‍ത്തുകൊണ്ട് ചിറി തുടച്ച് അയ്യപ്പപ്പെരുവണ്ണാന്‍ എഴുന്നേറ്റു. അരയില്‍നിന്നൊരു ബീഡി തപ്പിയെടുത്ത് ചുണ്ടില്‍ വെച്ചു.
ഉപേന്ദ്രന്‍ ബീഡിക്ക് തീകൊളുത്തിക്കൊടുത്തു. ഓലച്ചൂട്ടിന് തീപ്പിടിക്കുമ്പോലെ ബീഡിയാളി. പുറത്തേക്ക് വന്ന ധൂമപാളികള്‍ക്കിടയില്‍ നിന്നൊരു അശരീരി കേട്ടു.

'ഓറെ കോലം കെട്ടിയാലോ...'
ഉപേന്ദ്രന്റെ നെഞ്ച് പെരുമ്പറ മുഴക്കി. കണ്ണടച്ചപ്പോള്‍ പറ്റുംപാടകത്തിന്റേയും ചിലമ്പിന്റേയും നടയൊച്ചകള്‍ അടുത്തേക്ക് വരുന്നതായി തോന്നി. അയ്യപ്പപ്പെരുവണ്ണാന്‍ ഉപേന്ദ്രന്റെ തോളില്‍ കൈവെച്ചു.
'മരിച്ചോരുടെ കോലം തന്നെയല്ലേ തെയ്യം.... പരേതാരാധന. അങ്ങനെ കണക്കാക്കിയാമതി. ഞാന്‍ കോലധാരി പോരെ...'
'മതി.'
വെറ്റിലപാത്രത്തില്‍നിന്ന് അടക്കയും വെറ്റിലയും അയ്യായിരത്തൊന്ന് ഉറുപ്പികയും ദക്ഷിണവെച്ച് ഉപേന്ദ്രന്‍ അടയാളം വാങ്ങി. ഇറങ്ങുന്നേരം അയ്യപ്പപ്പെരുവണ്ണാന്‍ മൂളിയ കുടിവീരന്റെ ഉരിയാട്ടത്തില്‍ ഉണ്ണീരന്റെ പേര് കേട്ടപ്പോള്‍ ഉണ്ണ്യന്‍ തെയ്യത്തിന്റെ അണിയലങ്ങളുടേയും ആടയാഭരണങ്ങളുടേയും കാഹളം മുഴങ്ങി.
ഉപേന്ദ്രന്‍ കണ്ണടച്ച് കൈകൂപ്പി. എന്റെ ഉണ്ണ്യന്‍ തെയ്യേ.... 
വയല്‍ത്തിറയില്‍ ഉണ്ണ്യന്‍തെയ്യം ഉറഞ്ഞാടി. പൊടിക്കളംപറമ്പിലെ സര്‍വ്വരും ഉണ്ണീരനെ തൊഴുത് അനുഗ്രഹം വാങ്ങുന്നത് ഉപേന്ദ്രന്‍ ജലനയനങ്ങളോടെ കണ്ട് പുകള്‍കൊണ്ടു. ഉണ്ണ്യന്‍തെയ്യം കുടുംബക്കാരന്റെ കരംപിടിച്ച് ഏല്ലാവരുടേയും മനക്ലേശം മാറ്റാന്‍ ആണ്ടാണ്ട് ഞാന്‍ വരുന്നുണ്ടെന്ന് പറഞ്ഞ് കൊട്ടിക്കലാശത്തില്‍ തിരുമുടിയഴിച്ച നിമിഷം അയ്യപ്പപ്പെരുവണ്ണാന്റെ ചെവിയില്‍ ഒരാള്‍ വന്ന് സൗകര്യം പറഞ്ഞു:
'നീയിനി ഒരു കോലവും കെട്ടണ്ട.'

തോറ്റം രണ്ട്

പ്രീഡിഗ്രി തോറ്റതിനു ശേഷം അച്ഛന്റേയും അമ്മാവന്റേയും കൂടെ തെയ്യപ്പണ്ണിക്ക് പോകാതെ നിനക്ക് പട്ടാളത്തില്‍ പോയി ചേര്‍ന്നൂടെ? നല്ല നീട്ടമുണ്ടല്ലോയെന്ന് അയല്‍ക്കാരനായ റിട്ടേഡ് ഹവീല്‍ദാര്‍ ഒരു ദിവസം അയാള്‍ക്ക് മുഖം കൊടുക്കാതെ മാറിനടക്കുന്നതിനിടെ അശോകനെ പിടിച്ചുനിര്‍ത്തി രാജ്യസ്‌നേഹം ഉപദേശിച്ചു. 

അന്നുമുതല്‍ അശോകന്‍ ആകെ ശോകമൂകനാണ്. കാര്യം ശരിയാണ്. നല്ല നീളമുണ്ട്, മെയ്‌വഴക്കമുണ്ട്, ജാതി സംവരണമുണ്ട്, കോളേജിലെ എന്‍.സി.സി സര്‍ട്ടിഫിക്കറ്റുണ്ട്, ഓടിത്തോല്‍പ്പിക്കാന്‍ പറ്റിയോനൊന്നും ജില്ലയിലുമില്ല. നാട്ടില്‍ താമസിച്ചോണ്ട് എത്രയുണ്ടാക്കുന്നോനേക്കാളും പുറത്തുപോയി തെണ്ടിവരുന്നോനായിരിക്കും വിലയുണ്ടാവുക. കൂടാതെ തരത്തില്‍ നോക്കി പെണ്ണുകെട്ടാം, കാന്റീനില്‍ മാസംമാസം ക്വാട്ടകള്‍, യുദ്ധത്തില്‍ മരിച്ചാല്‍ പരംവീര്‍ചക്ര, ഗാര്‍ഡ് ഓഫ് ഓണറിംഗ്, വെടിക്കഥകള്‍ പൊട്ടിക്കാന്‍ ഇഷ്ടംപോലെ അവധികള്‍, അങ്ങനെ അടപടലം ജീവിതം ഭദ്രം. 
പക്ഷേ, തെയ്യം. രക്തത്തില്‍ അലിഞ്ഞുപോയി. ജനിച്ച ദിവസം മുതല്‍ കേള്‍ക്കുന്നതാണ് തകിലും തോറ്റവും. പിള്ളേരുകളിയില്‍ എത്ര തെയ്യംകെട്ടി ഉറഞ്ഞാടിയതാണ്. മുത്തപ്പന്‍ കെട്ടണമെന്ന അദമ്യമായ അഗ്രഹം മൂത്ത് എളുപ്പം പഠിച്ചെടുത്തെങ്കിലും വലിപ്പക്കുറവുള്ളതുകൊണ്ട് അടുത്തകാലത്തൊന്നും ആചാരപ്പെടാന്‍ കഴിയില്ലെന്ന് അച്ഛനും പറഞ്ഞു, അമ്മാവനും പറഞ്ഞു.

17 വര്‍ഷത്തെ നീണ്ട രാജ്യസേവനം അവസാനിപ്പിച്ച് ഒരു ഉത്തമ രാജ്യസ്‌നേഹിയായി ഒത്ത ശരീരവുമെടുത്ത് അശോകന്‍ തിരിച്ചുവരുമ്പോള്‍ അതിര്‍ത്തിയിലെ വെടിപടലംപോലെ ആണ്ടറുതികളില്‍ കാവുകളിലെ ചെണ്ടമേളമുയരുന്നുണ്ടായിരുന്നു.
അവനുണ്ടാക്കിയ പുതിയ വീട്ടിലേക്ക് നാഗ്പൂരില്‍നിന്നും സകല ജംഗമവസ്തുക്കളും കെട്ടിയെടുത്തു. ഗ്രില്‍സ് ഗെയ്റ്റിന്റെ മോളില്‍ കേറി സര്‍ക്കസ് കളിച്ചോണ്ടിരുന്ന മകന്‍ അമ്മയുടെ വഴക്കിനെ അവഗണിച്ച് അച്ഛന്‍ വരുന്ന സന്തോഷത്തിലായിരുന്നു. ഭാര്യ അനിത എടാ വീഴുമെന്ന് ഇടക്കിടെ പറയുന്നുണ്ടെങ്കിലും അവളുടെ മനസ്സ് മറ്റെവിടെയോ ആണെന്ന് കാണന്നോര്‍ക്കറിയാം. 

പത്തുവര്‍ഷമായെങ്കിലും കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷത്തോളമേ കണക്കുകൂട്ടിയാല്‍ ഒന്നിച്ചു നിന്നിട്ടുണ്ടാവുള്ളൂ. അല്ല, കഴിഞ്ഞാദിക്ക് ആറ് മാസം ഹൈദരാബാദിലേക്ക് അശോകന്റെ കൂടെ പോയിരുന്നു. പിന്നെ അച്ഛനും അമ്മയും ഒറ്റക്കാകുമെന്ന് പറഞ്ഞ് അശോകന്‍ അവളെ തിരിച്ചയച്ചു. 
അശോകന്‍ വന്നിറങ്ങിയപാടെ മകന്‍ അള്ളിപ്പിടിച്ചുകേറി. രാത്രി ഉറങ്ങാന്നേരമാണ് ഒന്ന് നിലത്തിറങ്ങിയത്. 
'ഇനിയിപ്പോ മറഞ്ഞ് മാങ്ങാട്ടിടം പോണത് അനുഭവിക്കണ്ടല്ലോ...'
സ്ഥിരവാസത്തെ സ്‌നേഹമസൃണമായ ചിരിയില്‍ പുതച്ച് അനിത കിടക്കാന്നേരം ചുരുക്കിപ്പറഞ്ഞു.
ചോന്നതൊന്നും കൊണ്ടുവന്നിട്ടില്ലേടാ മക്കളേന്ന് ചോദിച്ചുവന്ന കാര്‍ന്നോര്‍മ്മാര്‍ക്ക് മുക്കാഗ്ലാസ്സ് വീതം ഒഴിച്ചുകൊടുത്ത് കൊണ്ടുവന്നതെല്ലാം തീര്‍ന്നു. ഒണങ്ങിയ കൊതമ്പൂട്ട് എത്ര ചുര്‍ളമുടിയ്ണ്ടായ ചെക്കനാന്ന്, മുടിപറ്റെ പോയല്ലോന്ന് പറഞ്ഞുവന്ന കാര്‍ന്നോത്തിയെ കമ്പിളി പുതപ്പിച്ച് അതും തീര്‍ന്നു. 
കൃത്യം ഒറ്റമാസം കഴിഞ്ഞപ്പോള്‍ രാത്രി നേരം വൈകിയിട്ടും മോനെ ഉറക്കാതെ കളിപ്പിച്ചോണ്ടിരിക്കുന്ന അശോകന്റെ തലയ്ക്ക് അത്ര മാര്‍ദ്ദവമല്ലാത്ത ഒരു കിഴിവെച്ചുകൊടുത്ത് രാവിലെ മുതല്‍ തുടങ്ങിയ വീട്ടുപണിയുടെ ക്ഷീണം ഒറ്റശ്വാസത്തില്‍ തീര്‍ത്ത് അനിത ബെഡിലിരുന്നു.

'ഇങ്ങനെ കളിപ്പിച്ചോണ്ടിരുന്നാ മതിയോ...'
ഉറങ്ങണ്ടേ എന്നല്ല പറഞ്ഞതിലെ ധ്വനിയെന്ന് അശോകനു മനസ്സിലായി. 
അശോകന്‍ ഉറങ്ങിയിട്ടില്ലെന്ന് അനിതയോടും അനിത ഉറങ്ങിയിട്ടില്ലെന്ന് അശോകനോടും കൃത്യമായി ഒറ്റിക്കൊടുത്തുകൊണ്ട് പെഡസ്റ്റില്‍ ഫാന്‍ ഒരു മൂലക്കിരുന്ന് കറങ്ങുന്നുണ്ട്. 
'ഇത്ര ചെര്‍പ്പത്തിലേ മതിയാക്കേണ്ടാര്‍ന്നു...'
'ന്തേ മടുത്താ...?'
'അതോണ്ടല്ല... എവിടെയും പോകാണ്ട്...'
'വിമുക്തഭടന്മാര്‍ക്ക് പണികിട്ടാനാണോ പാട്...!'
'ആണോ...' പുതപ്പ് തട്ടിമാറ്റി അനിത കട്ടിലില്‍ എഴുന്നേറ്റിരുന്നു. തിളക്കത്തോടെയുള്ള ആ നോട്ടം കണ്ട് അശോകന്‍ പേടിച്ചു. സര്‍വ്വതില്‍നിന്നും മുക്തനാവുമ്പോഴാണ് മനുഷ്യന്‍ വെറും പാഴ്‌വസ്തുവാകുന്നതെന്ന്  അശോകനു തോന്നി.
'സെക്യൂരിറ്റിപ്പണി കിട്ടും. പെട്ടെന്ന്...'
'അത് വേണ്ട' അനിത അയാളുടെ കൈത്തണ്ട കെട്ടിപ്പിടിച്ചു കിടന്നു. 'രാത്രി എന്റടുത്ത് വേണം.'
ചിരിവരാതിരുന്നിട്ടും അശോകന്‍ ചിരിച്ചു.

അശോകന്റെ അച്ഛന് വയ്യാണ്ടായപ്പോള്‍ ഇപ്പോള്‍ മുത്തപ്പന്‍ കെട്ടുന്നത് അമ്മാവനാണ്. അവരുടെ കുടുംബത്തിനാണ് ജന്മാധികാരം. അമ്മാവന്റെ കൂടെ പത്തുപതിനഞ്ച് കെട്ടിന് പോയതിനു ശേഷം പുതിയോനത്ത് കാവില്‍നിന്ന് അടയാളം ചോദിക്കാന്‍ വന്നവരോട് ഇനിമുതല്‍ അനന്തരവന്‍ കെട്ടിയാടുമെന്നു പറഞ്ഞ് അമ്മാവന്‍ അവകാശം കൈമാറി അശോകനെ അനുഗ്രഹിച്ചു. 
മകന്‍ ഇടക്കിടെ മടിയില്‍ കേറിയിരുന്നു പിരിച്ചു കളിക്കുന്ന മീശ അവന്റെ വിസ്സമ്മതത്തോടെ വടിച്ചുകളഞ്ഞു.
വേട്ടയും പയറ്റും വഴക്കവും അതിഗംഭീരമാക്കി അശോകന്‍ പുതിയനോത്തുകാവില്‍ തനിമയും പാരമ്പര്യവും കാത്ത് അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ പേരുകേട്ട കോലധാരിയാണ്. അച്ഛനും അമ്മാവനും ഉരിയാട്ടവും തകിലുമായി കൂടെയുണ്ടാവും. അനിത മാസമുറനോക്കി മാറിക്കിടക്കും.
'കോലം കെട്ടിയാല്‍ നിന്റെ ഇന്ദിയൊന്നും പുറത്തെടുത്തേക്കരുത്.'
തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചെണ്ടക്കാരന്‍ ദിവാകരന്‍ മത്തുമ്പുറത്ത് പറഞ്ഞു. വഴിയിലുടനീളം കുറച്ചുനേരം അത് ചിരിവെട്ടം പരത്തി. മത്തുമ്പുറത്ത് പറയുന്നതല്ലെന്നും സമാനമായ ഒരു സംഭവം ചവനപ്പുഴയിലെ ഷാജിക്കുണ്ടായത് ആടിയാടി ദിവാകരന്‍ പറഞ്ഞൊപ്പിച്ചു.

അമേരിക്കയിലെ മലയാളി സമാജക്കാര് മുത്തപ്പന്‍ കെട്ടാന്‍ വേണ്ടി ഷാജിയേയും കൂട്ടരേയും കഴിഞ്ഞകൊല്ലം അങ്ങോട്ടേക്ക് കൊണ്ടുപോയി. തെയ്യം കാണാന്‍ കുറേ സായിപ്പമ്മാരുമുണ്ടായിരുന്നു. കുറികൊടുത്ത് ദക്ഷിണ വാങ്ങുമ്പോള്‍ അവിടെ താങ്ക്‌സ് പറഞ്ഞാലും നമ്മളെ നാട്ടില്‍ വന്നത് പറയാന്‍ പാടുണ്ടോ... അതും സ്‌കൂളില്‍വരെ പോകാത്ത പാറുവേച്ചിയോട്.
അതിന്റപ്രത്തെ കൊല്ലം പുതിയോനത്തുകാവിലെ നേര്‍ച്ചക്ക് രാവിലെ പോകാനിറങ്ങുന്നേരം അനിത മോനെയും തോളത്തിട്ട് പിറകീന്ന് വിളിച്ചു. വിളിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. അവള്‍ മന്ദിച്ചു നിന്നു. നെറ്റിചുളിച്ചുകൊണ്ട് അശോകന്‍ തിരിഞ്ഞുനോക്കി. അനിത പറയാന്‍ വന്നത് വിഴുങ്ങി.
'എന്താന്ന് പറ?'
'മോനൊന്ന് ശര്‍ദ്ദിച്ചു.'
അവന് ഇന്നലെ രാത്രി മുതല്‍ പനിയാണ്. അശോകന്റെ കൂടെ മാത്രമേ കിടക്കൂ. അവന്റെ പനിച്ചൂട് നെഞ്ചിലുണ്ട്. അശോകന്‍ നെഞ്ച് തടവി.

രാവിലെത്തന്നെ മോനെ കൊണ്ടുപോയി സഹകരണാസ്പത്രിയില് കാണിക്കാന്‍ ശട്ടംകെട്ടി ഏല്പിച്ചതാണ് അനിതയെ. ഛര്‍ദ്ദിച്ചതുകൂടി കണ്ടപ്പോള്‍ അവള്‍ പേടിച്ചുപോയിക്കാണും.
കണ്ണാടിക്കു മുമ്പില്‍ ചമ്രംപടിഞ്ഞിരുന്നു വെളിച്ചെണ്ണയില്‍ ചാലിച്ച അരിപ്പൊടിച്ചാന്തിലും മഞ്ഞളിലും പച്ചയീര്‍ക്കില്‍ മുക്കി മുഖത്തെഴുതുമ്പോള്‍ ഓലമറത്തൂണില്‍ തൂക്കിയ കൈത്തുണിസഞ്ചിയില്‍ കിടന്ന് അശോകന്റെ ഫോണ്‍ നിര്‍ത്താതെ ബെല്ലടിക്കുന്നുണ്ടായിരുന്നു.
കുറേനേരം കേട്ട് അമ്മാവന്‍ ഫോണെടുത്ത് എന്തൊക്കെയോ പറഞ്ഞുവെച്ച് മടഞ്ഞോലയില്‍ വന്നിരുന്ന് അണിയലം നേരെയാക്കി. 
പീഠത്തില്‍ പള്ളിയറക്ക് അഭിമുഖമായി ഇരുന്ന് മുത്തപ്പനെ പാടിയില്‍നിന്നു മലയിറക്കി. കൊടുമുടി വെക്കാന്നേരം അമ്മാവന്‍ ഫോണ്‍ കൊണ്ടുവന്ന് അശോകന്റെ ചെവിയില്‍ വെച്ചുകൊടുത്തു.
'അശോകേട്ടാ... മോന്‍ ചോര ശര്‍ദ്ദിച്ചു, അഡ്മിറ്റ് ചെയ്തിരിക്കുവാ... എനിക്കാകെ പേടിയാകുന്നു. അച്ഛനെ കാണണംന്ന് പറഞ്ഞ് അവന്‍ നെലവിളിക്കുവാ...'

അനിതയുടെ നിലവിളികള്‍ക്കിടിയിലൂടെ മോന്റെ അച്ഛേയെന്നുള്ള കരച്ചില്‍ കുതറിത്തെറിച്ചു വരുന്നതു കേട്ട് എഴുന്നേല്‍ക്കാന്‍ ഭാവിച്ച അശോകന്റെ തോളത്ത് കയ്യമര്‍ത്തി അമ്മാവന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. 
ചോര ഛര്‍ദ്ദിച്ച് ശ്വാസംമുട്ടി നിലവിളിക്കുന്ന ബാലകന്റെ വായില്‍നിന്നുറ്റുന്ന വഴുക്കുതുപ്പലില്‍ തെന്നി മുത്തപ്പന്‍ നായാട്ടിനിറങ്ങി. തറവാടിനകത്തേക്ക് നോക്കി പൈതങ്ങളെ വിളിച്ചു. മടയമ്മാരെ വിളിച്ചു. ബാലകന്മാരെ വിളിച്ചു. ആരുടേയും വിളി കേള്‍ക്കാതെ പോകരുതെന്ന് മുത്തപ്പനു തോന്നി.
പരമഭക്തനായ ഷൈജന്‍ കൂട്ടത്തില്‍നിന്ന് ആദ്യം കുറിവാങ്ങാനായി വന്നപ്പോള്‍ മുത്തപ്പന്‍ ദക്ഷിണവാങ്ങി കരം ഗ്രഹിച്ചു.
'വാഹനം നിയന്ത്രിക്കുന്ന കരമാണല്ലോ... ഒരാപത്തും വരുത്താതെ കാത്തുരക്ഷിക്കാം മുത്തപ്പന്‍ കേട്ടാ...'
ഷൈജന്റെ കണ്‍കോണില്‍ ജലംപൊട്ടി.
'വാഹനം ഇപ്പോ ഉണ്ടോ...? മുത്തപ്പനൊരു യാത്ര പോണല്ലോ...!'
ഷൈജന്‍ ഓടിപ്പോയി ജീപ്പിന്റെ മുന്‍സീറ്റ് തോര്‍ത്തുകൊണ്ട് തുടച്ചുവൃത്തിയാക്കിവെച്ചു. മുത്തപ്പന്‍ പിന്നാലെ നടന്ന് ജീപ്പിന്റെ മുന്‍സീറ്റില്‍ ഒരു കാല് പുറത്തേക്കിട്ട് ഇരുന്നു. വലിയ മടയനും സഹായികളും ചെണ്ടക്കാരും മുഖത്തോട് മുഖം നോക്കി പിന്‍സീറ്റില്‍ കേറി. 
കൂടിനിന്ന ഭക്തരെ മുഴുവന്‍ അങ്കലാപ്പിലാഴ്ത്തി ജീപ്പ് നീങ്ങി. റോഡില്‍ മുത്തപ്പ വാഹനത്തിനുള്ളില്‍ ചെണ്ടമേളമുയര്‍ന്നു. 

സഹകരണാസ്പത്രിയുടെ കോമ്പൗണ്ടില്‍ ജീപ്പ് നിര്‍ത്തി. മുത്തപ്പനും കയ്യാളമ്മാരും ഇറങ്ങിയപ്പോള്‍ ഷൈജന്‍ ജീപ്പൊതുക്കിവെക്കാനായി പിറകോട്ടുപോയി.
ആശുപത്രി വരാന്തയിലൂടെ മുത്തപ്പന്‍ നടന്നു. പിന്നാലെ മടയനും മേളക്കാരും. ചെണ്ടയുടെ ശബ്ദം ആശുപത്രി കെട്ടിടത്തില്‍ പ്രതിദ്ധ്വനിച്ചു. ടോക്കന്‍ വിളിച്ച രോഗികള്‍ അകത്ത് കേറാതെ മുത്തപ്പനെ താണുവണങ്ങി വളഞ്ഞു. നഴ്‌സുമാരും ശബ്ദംകേട്ട് ഡോക്ടര്‍മാരും മേശവലിപ്പില്‍നിന്ന് ദക്ഷിണയെടുത്ത് കേബിനു പുറത്തേക്കിറങ്ങി കുറിവാങ്ങി. എല്ലാ പൈതങ്ങളേയും മടയമ്മാരേയും അഹമ്പടികളേയും കനലാടികളേയും മാപ്പിളകളേയും അനുഗ്രഹിച്ച് മുത്തപ്പന്‍ മുറിയില്‍ കയറി ബാലകന്റെ നെറുകയില്‍ തൊട്ടനുഗ്രഹിച്ചു.
അനിത തൊഴുതുനിന്നു.

കൊടുമുടിയില്‍നിന്ന് തുളസിയും തുമ്പയും ചെക്കിയും പറിച്ച് അനിതയുടെ തലയില്‍വെച്ച് മുത്തപ്പന്‍ നീട്ടിവിളിച്ചു.
'ന്റെ പൈതങ്ങളേ...'
തിരിച്ച് പൊടിക്കളത്തിലെത്തി.
ആവാഹിച്ചുകൊണ്ടുവന്ന വിളക്കിന്‍ചോട്ടില്‍ കൊടുമുടിയഴിച്ച് കോലധാരി മുത്തപ്പനെ മലകയറ്റിവിട്ടു.
പീഠത്തിലിരിക്കുന്ന അശോകന്റെ ചെവിയില്‍ ഒരു സംഘം വന്ന് മുറുമുറുത്തു.
'നാട് വിട്ടോളണം ഇവിടുന്ന്.' 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com