'നടുതല വിത്ത്'- തോന്നുംപടി മാറ്റിയെഴുതിയ നാട്ടുകഥകള്‍- എസ് ഹരീഷ്

എല്ലാ ദിവസവും ഏഴര വെളുപ്പിന് കൊച്ചൗത മാപ്പിളയെ കൊച്ചുതുപ്പ് മാപ്പിള വിളിച്ചുണര്‍ത്തും. വലിയ തൂമ്പായും കയ്യിലെടുത്ത് രണ്ടുപേരും കൂടി ദൂരെയുള്ള കൃഷിസ്ഥലത്തേക്ക് നടക്കും
ചിത്രീകരണം/ സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം/ സചീന്ദ്രന്‍ കാറഡുക്ക

ലിയ കൃഷിപ്പണിക്കാരായിരുന്നു കൊച്ചൗത മാപ്പിളേം കൊച്ചുതുപ്പ് മാപ്പിളേം. എല്ലാ ദിവസവും ഏഴര വെളുപ്പിന് കൊച്ചൗത മാപ്പിളയെ കൊച്ചുതുപ്പ് മാപ്പിള വിളിച്ചുണര്‍ത്തും. വലിയ തൂമ്പായും കയ്യിലെടുത്ത് രണ്ടുപേരും കൂടി ദൂരെയുള്ള കൃഷിസ്ഥലത്തേക്ക് നടക്കും. എന്നിട്ട് കിള തുടങ്ങും. കൊച്ചുതുപ്പ് മാപ്പിള നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ടാണ് കിളയ്ക്കുക. കൊച്ചൗത മാപ്പിളയാകട്ടെ മൂളിക്കേള്‍ക്കുക മാത്രം ചെയ്യും. കിളച്ച് കിളച്ച് നടുവൊടിയാറാകുമ്പോഴേക്കും സൂര്യന്‍ തലയ്ക്ക് മുകളിലെത്തിയിരിക്കും. അപ്പോളവര്‍ കിള നിര്‍ത്തി തോട്ടിലിറങ്ങി കയ്യും കാലും മുഖവും കഴുകി വീട്ടിലേക്ക് പോകും. കഞ്ഞികുടിച്ച് വിശ്രമിച്ചശേഷം ഉറങ്ങാന്‍ കിടക്കും. വെയിലാറുമ്പോള്‍ വീണ്ടും കൊച്ചുതുപ്പ് മാപ്പിളയെത്തി കൊച്ചൗത മാപ്പിളയെ വിളിച്ചുണര്‍ത്തും. അവര്‍ വീണ്ടും കിളയ്ക്കാന്‍ പോകും. സന്ധ്യയാകുമ്പോള്‍ തോട്ടിലിറങ്ങി കുളിച്ച് തിരികെപ്പോകും.

ഒരു ദിവസം രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ കൊച്ചൗത മാപ്പിളയ്‌ക്കൊരാശ. കുംഭമാസം വരുവല്ലേ. ഇത്തിരി നടുതല വിത്ത് കിട്ടിയാല്‍ കുഴിച്ച് വെക്കാമായിരുന്നു. പക്ഷേ, എവിടുന്ന് കിട്ടാനാണ്. വില കൊടുത്ത് വാങ്ങാനാണെങ്കില്‍ കയ്യില്‍ അഞ്ചിന്റെ പൈസയില്ല. അതാലോചിച്ചാലോചിച്ച് അയാളുടെ കണ്ണുകളടഞ്ഞു.
കൊച്ചൗതേ കൊച്ചൗതേ വിളികേട്ട് മാപ്പിള കണ്ണ് തുറന്നു. പെട്ടെന്നുതന്നെ എഴുന്നേറ്റ് തൂമ്പായുമെടുത്ത് അയാള്‍ കൂട്ടുകാരന്റെ പിന്നാലെ പോയി. പതിവുപോലെ അവര്‍ ഒന്നും മിണ്ടാതെ നടന്നു.

ഇരുട്ടത്ത് കുറച്ചുദൂരം ചെന്നപ്പോള്‍ കൊച്ചൗത മാപ്പിളയ്‌ക്കൊരു സംശയം. മുന്നില്‍ കൂട്ടുകാരന്‍ വല്ലാത്ത വേഗത്തിലാണ് നടക്കുന്നത്. അയാള്‍ ഒരു കാല്‍വെക്കുന്നതിന് നാല് കാല്‍ വെക്കുന്ന ദൂരമുണ്ട്. പെട്ടെന്നുതന്നെ അയാള്‍ ഒത്തിരി മുന്നിലായി. മാത്രമല്ല, വലിയ വേലികള്‍ക്കിടവഴി നൂഴാതെ അത് നിസ്സാരമായി കവച്ച്‌വെച്ച് നടക്കുന്നു. മുട്ടന്‍ കയ്യാലകളും കുന്നുകളും ഒറ്റക്കാല്‍വെപ്പിന് കയറുന്നു. വലിയ തോട്ടിലൊക്കെ ഇറങ്ങിക്കയറാതെ നടന്നുപോകുന്നു.

കൊച്ചൗത മാപ്പിള സൂക്ഷിച്ച് നോക്കി. മുന്നില്‍ നടക്കുന്നയാള്‍ക്ക് ഒരു തെങ്ങിന്റെ പൊക്കമുണ്ട്. കൈകള്‍ക്കാണെങ്കില്‍ വലിയ മുളയുടെ നീളം. കൊച്ചൗത മാപ്പിള ആകാശത്തേക്ക് നോക്കി. ചന്ദ്രന്‍ അതാ തലയ്ക്ക് മുകളിലുണ്ട്. താനിപ്പോള്‍ കണ്ണടച്ചേ ഉള്ളുവെന്നും നേരം മുതു പാതിരയാണെന്നും അയാള്‍ക്ക് മനസ്സിലായി. പക്ഷികള്‍പോലും ഉണര്‍ന്നിട്ടില്ല. തൂമ്പാ ഉപേക്ഷിച്ച് കൊച്ചൗത മാപ്പിള തിരിഞ്ഞോടി. സാധാരണ ഓട്ടമല്ല, ഓടടാ ഓട്ടം. അപ്പോള്‍ മുന്നില്‍ പോയയാള്‍ തിരിഞ്ഞു നിന്നു.
'കൊച്ചൗതേ കൊച്ചൗതേ നടുതല വിത്ത് വേണ്ടേ' അയാള്‍ ചോദിച്ചു. 

ഡോക്ടര്‍ 

കുട്ടപ്പപ്പണിക്കന്‍ എന്ന കുട്ടപ്പനാശാരിയുടെ തലയില്‍ ഉളി വീണു. കേട്ടപാതി കേള്‍ക്കാത്തപാതി കണ്ടമാനം ആളും കൂടി. ഉളി തന്നെ വീണതോ മുകളില്‍നിന്ന് ആരെങ്കിലും ഇട്ടതോ. ഒരാളും അന്വേഷിച്ചില്ല. എന്തായാലും മുഴുത്ത വീതുളി ആശാരിയുടെ തലയില്‍ തറച്ചിരിപ്പാണ്.

ആശാരിയേയും തോളില്‍ ചുമന്ന് നാട്ടുകാര്‍ കരയിലുള്ള വൈദ്യന്മാരുടെയൊക്കെ വീട്ടിലെത്തി. എല്ലാവരും കൈമലര്‍ത്തി. ഇങ്ങനെയൊരു കാര്യം അവര്‍ കേട്ടിട്ടേയില്ല. പിന്നെ ഒളശ്ശ മൂസ്സിന്റടുത്തേക്കായി യാത്ര. ആശാരിയെ പരിശോധിച്ച മൂസ്സ് അകത്ത് കയറി ഒരുപാട് താളിയോലകള്‍ മറിച്ചുനോക്കി. ഒരു രക്ഷയുമില്ല. പിന്നെയവര്‍ ചാലുകുന്നും തിരുനക്കരക്കുന്നും കയറി വയസ്‌ക്കരയിലെത്തി. അപ്പോഴേയ്ക്കും കോട്ടയത്തെ ജനം മുഴുവന്‍ ആശാരിക്ക് പിന്നാലെയുണ്ടായിരുന്നു. വയസ്‌ക്കരത്തമ്പുരാന്‍ എല്ലാത്തിരക്കും മാറ്റിവെച്ച് പുറത്തിറങ്ങി വന്ന് ആശാരിയെ അടിമുടി പരിശോധിച്ചു.
'ഉളി ഊരിത്തരാം' തമ്പുരാന്‍ പറഞ്ഞു.
പക്ഷേ, അതോടെ മൂത്താശാരിയുടെ ജീവനും ഊരിപ്പോകും. ഉളി വേണോ ആശാരി വേണോ. ഇപ്പപ്പറയണം.
ഉളി അവിടെത്തന്നെ ഇരുന്നാല്‍ എന്തേലും കുഴപ്പമുണ്ടോ?
ഒരാള്‍ ചോദിച്ചു.

വൈദ്യശാലയ്ക്കകത്തേക്ക് കയറിപ്പോയ തമ്പുരാന്‍ പിന്നെ പുറത്തിറങ്ങി വന്നില്ല.
ഇനി എന്തുചെയ്യും. ആള്‍ക്കാര്‍ വട്ടംകൂടിനിന്ന് ആലോചിച്ചു. എന്തെങ്കിലും ഒരു തീരുമാനം അറിഞ്ഞിട്ടു വേണമല്ലോ വീട്ടില്‍ പോകാന്‍.
നമ്മള്‍ക്ക് ശങ്കര്‍ റാം ഡോക്ടറെ കണ്ടാലോ?
ഒരാള്‍ ചോദിച്ചു.
അതാകുമ്പം ഒരു തീരുമാനം അറിയാം. ഒന്നുകില്‍ ആശാരി. അല്ലെങ്കില്‍ ഉളി.
അയ്യോ അതങ്ങ് ആലപ്പുഴയല്ലേ?
എന്തായാലും നമ്മുടെ കുട്ടപ്പനാശാരിയുടെ കാര്യമല്ലേ. ഒരു വള്ളം സംഘടിപ്പിച്ച് അവര്‍ തോടായ തോടൊക്കെ കടന്ന് കായലിനു കുറുകെ തുഴഞ്ഞു. കക്കാവാരുകാരും കട്ടകുത്തുകാരും മീന്‍പിടുത്തക്കാരും പണി ഉപേക്ഷിച്ച് വള്ളത്തിനു പിന്നാലെ കൂടി. ആലപ്പുഴേന്ന് കോടിമതയ്ക്ക് പോകുന്ന നിറയെ ആള്‍ക്കാരുള്ള സര്‍ക്കാര്‍ ബോട്ടിലെ സ്രാങ്ക് നടുക്കായലില്‍ വെച്ച് ആശാരിയെ എത്തിനോക്കി.
ഇന്നിനി യാത്രവേണ്ട. ആശാരിയുടെ കാര്യമറിഞ്ഞിട്ടാകാം ബാക്കി.
ബോട്ട് യാത്രക്കാര്‍ ഒന്നടങ്കം പറഞ്ഞു.

ഒരുപാട് വള്ളങ്ങളും ബോട്ടുകളും അകമ്പടിയായി ഒരു രാജാവിനെപ്പോലെ ആശാരി മുഹമ്മ ജെട്ടിയിലിറങ്ങി. അവിടെയും ഉളി തലയില്‍ വീണ ആശാരിയെ കാണാന്‍ ഒരുപാട് ജനം കൂടി. ആര്‍പ്പുവിളിയുമായി അവര്‍ ആശാരിയെ ചുമന്ന് നടന്നു.
ഉദയാ സ്റ്റുഡിയോ എത്തിയപ്പോള്‍ അവിടെ നസീര്‍ സാറിനേയും ഷീലയേയും കാണാന്‍ മതിലിന്മേലും വഴിയിലുമൊക്കെ ജനം ഇടിച്ചുതൂങ്ങി നില്‍പ്പുണ്ട്. അവരും ആശാരിയുടെ പിന്നാലെ കൂടി.
എന്താ സംഭവം?

ആളുകള്‍ അപ്രത്യക്ഷരായത് കണ്ട് നസീര്‍ സാര്‍ ആശങ്കയോടെ അന്വേഷിച്ചു.
ആശാരിയുടെ തലയില്‍ ഉളി വീണു.
എനിക്കൊന്ന് കാണാന്‍ പറ്റുമോ?
ആള്‍ക്കൂട്ടം ചുമന്ന് ചുമന്ന് അവസാനം ആശാരിയെ ശങ്കര്‍ റാമിന്റെ ആശുപത്രിയിലെത്തിച്ചു. അവിടെയാണെങ്കില്‍ ചെറിയ മുറിയെ പൊതിഞ്ഞ് തേനീച്ചക്കൂട് പോലെ പലനാട്ടില്‍നിന്നു വന്ന ആളുകള്‍. ചിലരൊക്കെ മൂന്നാലു ദിവസമായി കാത്തുകിടപ്പാണ്. അവരൊക്കെ ആശാരിക്ക് വഴിമാറിക്കൊടുത്തു. അങ്ങനെ അവര്‍ ശങ്കര്‍ റാമിന്റെ അടുത്തെത്തി. കമ്പോണ്ടര്‍ കണ്ണുകാണിച്ചപ്പോള്‍ ആശാരിയൊഴികെ എല്ലാവരും പുറത്തിറങ്ങി. അയാള്‍ ആശാരിയേയും കണ്ണുരുട്ടിക്കാണിച്ചു. ആരും മിണ്ടുന്നത് ശങ്കര്‍ റാമിനിഷ്ടമില്ല. അയാളും ഒന്നും ചോദിക്കില്ല. എല്ലാം കണ്ട് മനസ്സിലാക്കും.

തന്റെ കഷണ്ടിത്തല തലോടിക്കൊണ്ട് ശങ്കര്‍ റാം കുട്ടപ്പനാശാരിയുടെ ചുറ്റും നടന്ന് പരിശോധിച്ചു. അയാളൊന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ എല്ലാം മനസ്സിലാകുന്ന കമ്പോണ്ടര്‍ ഒരു കെട്ട് പത്രക്കടലാസുമായെത്തി. അതിന്മേല്‍ ആശാരിയെ ഇരുത്തിയപ്പോഴേക്കും മുറ്റത്തെ കിണറിന്റെ കപ്പിയും കയറും അഴിച്ചുകൊണ്ട് വീണ്ടും കമ്പോണ്ടര്‍ വന്നു. കപ്പി ഉത്തരത്തിന്മേല്‍ കെട്ടിയശേഷം കയറിനറ്റം ഡോക്ടര്‍ ഉളിയില്‍ കെട്ടി. കയര്‍ കപ്പിവഴി വലിച്ചു. കയറിന്റെ മറ്റേ അറ്റം തന്റെ കസേരക്കാലില്‍ കെട്ടിയശേഷം ഭീമാകാരനായ ശങ്കര്‍ റാം ഇരിപ്പുറപ്പിച്ചു. അപ്പോള്‍ കമ്പോണ്ടര്‍ ആശാരി ഇരുന്ന കടലാസ് കെട്ടില്‍നിന്ന് ഓരോന്നോരോന്നായി സാവധാനം വലിച്ചൂരാന്‍ തുടങ്ങി. ജനല്‍ വഴി എത്തിനോക്കിക്കൊണ്ടിരുന്ന ആളുകള്‍ ശ്ശ്... എന്ന് ഒച്ചയുണ്ടാക്കി. കടലാസുകള്‍ തീര്‍ന്നപ്പോഴേക്കും ഉളി വേറെ ആശാരി വേറെ.

കുട്ടപ്പനാശാരി പുറത്തിറങ്ങി നോക്കി, തന്റെ പിന്നാലെ ഇരമ്പിവന്ന ഒരാളേയും അയാളവിടെ കണ്ടില്ല.
എല്ലാവനും കണ്ടവഴി പോയി.
 ഉളി പോയ ആശാരിയെ ആര്‍ക്ക് വേണം.
ആത്മഗതമായിപ്പറഞ്ഞ് അയാള്‍ തനിയേ തിരിച്ചുനടന്നു. 

അമ്മ 

വലിയ മീന്‍പിടുത്തക്കാരനായിരുന്നു ചാക്കോപ്പുലയന്‍. ആര്‍ക്കും ഒരു പരല്‍പോലും കിട്ടാത്ത കാലത്തും അയാള്‍ വെറും കയ്യോടെ മടങ്ങിയിട്ടില്ല. ഏതെങ്കിലും തോട്ടിലും പാടത്തും അള്ളകളിലുമൊക്കെത്തിരഞ്ഞ് കറുകറുത്ത മുട്ടന്‍ വരാലുകളും ചേറുമീനുകളുമായി സന്ധ്യാനേരം ചന്തയിലെത്തി നല്ല വിലയ്ക്ക് വില്‍ക്കും. പണക്കാരായ ക്രിസ്ത്യാനികള്‍ ചിലരൊക്കെ അയാളുടെ വരവും കാത്ത് അന്നേരം അവിടെയുണ്ടാകും. നല്ല മൂത്ത് കുടിമുറ്റിയ വരാല്‍ ഉരച്ച് വൃത്തിയാക്കി കഷ്ണിച്ച് ഉണക്ക മുളകരച്ചതും കുടംപുളിയും ചേര്‍ത്ത് വറ്റിച്ച് അടച്ചുവെക്കണം. പിറ്റേന്ന് പഴങ്കഞ്ഞിയുടെ കൂടെ കൂട്ടണം. ആഹാ...
അങ്ങനെയുള്ള ചാക്കോപ്പുലയനും മീന്‍ കിട്ടാത്ത ഒരു ദിവസമുണ്ടായി. പാടമായ പാടം മുഴുവന്‍ അലഞ്ഞിട്ടും        ഒരു നെറ്റിയെപ്പൂഞ്ഞാനെപ്പോലും കണ്ടില്ല. ഈ മീനുകളൊക്കെ എവിടെപ്പോയൊളിച്ചു. തോറ്റ് സുല്ലിട്ട ചാക്കോപ്പുലയന്‍ തിരിച്ചുപോകാനൊരുങ്ങി. തോടിന്റെ അരികുപറ്റി തിരിച്ചു നടക്കുമ്പോഴാണ് ഒരു കാഴ്ച ശ്രദ്ധിച്ചത്. വെള്ളത്തില്‍ ചുമന്ന അരിമണികള്‍ പോലുള്ള വരാല്‍ പാര്‍പ്പുകളുടെ കൂട്ടം. കുഞ്ഞുങ്ങളുണ്ടെങ്കില്‍ തള്ളയുമുണ്ട്. പാര്‍പ്പുകളെ വിട്ട് തള്ള വരാല്‍ എങ്ങും പോകാറില്ല. നേരുള്ള മീന്‍പിടുത്തക്കാരൊന്നും പാര്‍പ്പുകളോടൊപ്പമുള്ള തള്ള വരാലുകളെ പിടിക്കാറില്ല. അപകടം പറ്റാതെ ആ കുഞ്ഞുങ്ങള്‍ വളര്‍ന്നാലേ തോടുകളില്‍ മീന്‍ നിറയൂ.

ആമ്പലുകള്‍ക്കിടയില്‍ മുഴുത്തൊരു തല കണ്ടു. പിന്നൊന്നും ആലോചിക്കാന്‍ സമയം കിട്ടും മുന്‍പ് അയാളുടെ കൈകള്‍ പ്രവര്‍ത്തിച്ചു. മടിയില്‍നിന്ന് തെറ്റാലിയും ഉണ്ടക്കല്ലുമെടുത്ത് വലിച്ചടിച്ചു. തലയുടെ ഒരു വശം പൊളിഞ്ഞ് പിടച്ച വരാലിനെ ചാക്കോപ്പുലയന്‍ തോട്ടില്‍ ചാടിപ്പിടിച്ചു. കിട്ടിയപാടേ നടുവൊടിച്ച് കുട്ടയിലാക്കി. അപാര ഊരാണ് വരാലിന്. നടുവൊടിച്ചാല്‍ പക്ഷേ, അനങ്ങില്ല.
ഒരു വരാലായിട്ട് എന്ത് വില്‍ക്കാനാണ്. പുലയനത് വീട്ടിക്കൊണ്ടുപോയി കറിവെക്കാന്‍ പുലക്കള്ളിയെ ഏല്പിച്ചു.
പക്ഷേ, രാത്രി ചോറുണ്ണാനിരുന്ന ചാക്കോപ്പുലയന് വരാല് കറി കിട്ടിയില്ല.
എന്തിയേടീ വരാല്? നീയത് പരണത്ത് കേറ്റിയോ?
നിന്ന് പരുമ്മുന്ന ഭാര്യയോട് അയാള്‍ ചോദിച്ചു.

തോട്ടില്‍നിന്ന് ഞാനത് ഒരച്ച് കഴുകുവാരുന്നു. അപ്പോഴത് കയ്യിലിരുന്ന് പിടച്ചു. ഇത്രേം ശക്തിയില് വരാല് പെടയ്ക്കുവോ? അത് തോട്ടിലെ വെള്ളത്തിലോട്ട് വീണു. പിന്നെക്കണ്ടില്ല.
ദേഷ്യം വന്ന ചാക്കോപ്പുലയന്‍ ചോറെടുത്തെറിഞ്ഞു. ഭാര്യയെ തല്ലാനോങ്ങി. നടുവൊടിച്ച വരാല്‍ എവിടം വരെ പോകാനാണ്. അവിടെത്തന്നെ ഇന്നോ നാളെയോ ചത്ത് പൊങ്ങും.
പിറ്റേന്നും ചാക്കോപ്പുലയന്‍ മീന്‍പിടിക്കാന്‍ പോയി. ഒന്നുമേ കിട്ടാഞ്ഞ് പാടമെല്ലാം നടന്നുതീര്‍ത്തു. ഇത്രയും ദൂരം ഇതുവരെ അയാള്‍ പോയിട്ടില്ലെന്ന് തന്നെ പറയാം. അവസാനം ക്ഷീണിച്ച് അല്പം തെളിഞ്ഞ വെള്ളം കണ്ടപ്പോള്‍ മുഖം കഴുകാനിറങ്ങി ചാക്കോപ്പുലയന്‍. അപ്പോഴതാ വീണ്ടുമൊരു പാര്‍പ്പിന്‍ കൂട്ടം. അയാള്‍ സൂക്ഷിച്ചുനോക്കി. തൊട്ടടുത്തുതന്നെ അവര്‍ക്ക് സംരക്ഷണവുമായി തള്ളവരാലുണ്ട്. അതേ പൊളിഞ്ഞ തലയുമായി.

കരയ്ക്കുകയറിയ ചാക്കോപ്പുലയന്‍ തെറ്റാലി ചവുട്ടിയൊടിച്ച് ദൂരേക്കെറിഞ്ഞു.
അന്ന് രാത്രി അയാള്‍ ഉറക്കത്തിനിടെ ഭാര്യയുടെ പ്രസവിക്കാത്ത വയറിന്മേല്‍ മുഖം ചേര്‍ത്ത് വിങ്ങിക്കരഞ്ഞു.
നമ്മുടെ പാര്‍പ്പുകളെവിടെ?
നമ്മുടെ പാര്‍പ്പുകളെവിടെ?
അയാള്‍ പതിയെ ചോദിക്കുന്നുണ്ടായിരുന്നു.
സാരമില്ല.
അവള്‍ അയാളുടെ തല തടവിക്കൊടുത്തു. 

കണക്കന്മാര്‍ 

ചെറിയ ക്ലാസ്സിലേ പഠിത്തം നിര്‍ത്തിയെങ്കിലും വലിയ കണക്കന്മാരായിരുന്നു കൊച്ചൗത മാപ്പിളേം കൊച്ചുതുപ്പ് മാപ്പിളേം. എങ്ങനെയാണവര്‍ക്ക് ആ കഴിവ് കിട്ടിയതെന്ന് ദൈവം തമ്പുരാന് പോലുമറിയില്ല. ഏത് കൂനാങ്കുരുക്ക് കണക്കും ചുമ്മാ അഴിച്ചുകൊടുക്കും.

അക്കാലമൊരിക്കല്‍ എടത്വാ പള്ളിയിലെത്തിയ പുതിയ വികാരിയച്ചന്‍ പഴയ രേഖകളെടുത്ത് പരിശോധിച്ചപ്പോള്‍ മൊത്തം കണക്കും തെറ്റിക്കിടക്കുന്നു. സാധാരണ തെറ്റൊന്നുമല്ല. നൂറു വര്‍ഷം മുന്‍പേ മുതലുള്ള തെറ്റാണ്. തെറ്റിന്മേല്‍ തെറ്റും അതിന്മേല്‍ തെറ്റുമായി താനിപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതുമൊക്കെ മുട്ടന്‍ തെറ്റുകള്‍ മാത്രമാണെന്ന് അങ്ങേര്‍ക്ക് മനസ്സിലായി. ഒരറ്റത്തുന്ന് അഴിക്കാന്‍ തുടങ്ങിയാല്‍ മറ്റേ അറ്റം മുറുകും. അവിടം ശരിയാക്കാന്‍ ശ്രമിച്ചാല്‍ മുഴുവനും കെട്ടുപിണയും.
വികാരിയച്ചന്‍ പഴയ കൈക്കാരന്മാരേയും കണക്കന്മാരേയുമൊക്കെ വിളിച്ചുവരുത്തി. അവര് കൈമലര്‍ത്തി. എടത്വാ പരിസരത്തെ ഒരുവിധപ്പെട്ട ക്രിസ്ത്യാനികളും നായന്മാരുമൊക്കച്ചേര്‍ന്ന് ആഞ്ഞുപിടിച്ചുനോക്കി. ഒരു രക്ഷേമില്ല.

വിട്ടുകള അച്ചോ. ഇനി നമ്മക്ക് ഒന്നേന്ന് തുടങ്ങാം.
അവര്‍ പറഞ്ഞു.
അച്ചന്‍ സമ്മതിക്കുമോ?
എല്ലാത്തിനും ഒരു കണക്ക് വേണ്ടേ?
അദ്ദേഹം ചോദിച്ചു.
സഹികെട്ട ഇടവകക്കാരെല്ലാം ചേര്‍ന്ന് മങ്കൊമ്പില്‍നിന്ന് ഒരു പട്ടരെ വരുത്തി രേഖകളിരിക്കുന്ന മുറിയിലേക്ക് കയറ്റിവിട്ടു. പട്ടരില്‍ പൊട്ടനില്ലെന്നാണല്ലോ വെപ്പ്. സമയാസമയത്ത് ചോറും തൈരും സാമ്പാറും എത്തിച്ചു. മൂന്നാംനാള്‍ പട്ടര്‍ ഉടുത്തമുണ്ടഴിച്ച് തലയില്‍കെട്ടി പുറത്തേക്കിറങ്ങിപ്പോയി. അങ്ങേരുടെ മൊത്തം കണക്കും തെറ്റിയിരുന്നു.
ഇടവകക്കാര്‍ കൂടിയാലോചിച്ച് അവസാനം കൊച്ചൗത മാപ്പിളേം കൊച്ചുതുപ്പ് മാപ്പിളേം വരുത്താന്‍ തീരുമാനിച്ചു.
അതേതാ അവന്മാര്?
അച്ചന്‍ ചോദിച്ചു.

കൈപ്പുഴയുള്ള രണ്ട് തൂമ്പാപ്പണിക്കാരാ.
അവനെയൊക്കെ ഇങ്ങോട്ട് കെട്ടിയെടുക്കണോ?
എടത്വാക്കാര് വള്ളോംകൊണ്ടുവന്ന് ഒത്തിരി നിര്‍ബ്ബന്ധിച്ചപ്പോള്‍ പാടത്ത് നട്ടേക്കുന്നചീര പിറ്റേന്ന് രാവിലെ നനയ്ക്കാന്‍ ഒരാളെ ഏല്പിച്ച് അവര്‍ പുറപ്പെട്ടു.
വൈകിട്ടാകുമ്പോഴേക്കും ഞങ്ങളിങ്ങെത്തും
അതുകേട്ട് എടത്വാക്കാര്‍ കണ്ണില്‍ക്കണ്ണില്‍ നോക്കി ഊറിച്ചിരിച്ചു.
ഒരു ദിവസവോ? ഒരു കൊല്ലം പയറ്റിയാലും തീരില്ല.
എടത്വായെത്തി കൊച്ചുതുപ്പ് മാപ്പിളേം കൊച്ചൗത മാപ്പിളേം പുണ്യാളനെ തൊഴുതു.
ഉച്ചയൂണിന്?
മുറിയിലേക്ക് കയറാന്‍ നേരം കുശിനിക്കാരന്‍ ചോദിച്ചു.
ഇച്ചിരി കുത്തരിക്കഞ്ഞീം തേങ്ങാ ചുട്ടരച്ച ചമ്മന്തീം.

കൊച്ചൗത ഒരു കഷ്ണം കടലാസ് കീറിയെടുത്ത് തേങ്ങായുടേയും ഉപ്പിന്റേയും അളവ്, മുളകിന്റെ എണ്ണം, ചുടേണ്ട സമയം, അരയ്‌ക്കേണ്ട കല്ലിന്റെ കനം, ചതയ്ക്കാനുപയോഗിക്കുന്ന ഊര്‍ജ്ജം എന്നിവ കുറിച്ചു.
കടുകിട കണക്ക് തെറ്റരുത്
കൊച്ചുതുപ്പ് കുശിനിക്കാരനെ വിരട്ടി.
മുറിയില്‍ കയറി വാതിലടച്ച് കൊച്ചൗത മാപ്പിള ഒരറ്റത്തൂന്ന് കണക്കിന്റെ കടുംകെട്ടഴിക്കാന്‍ തുടങ്ങി. കൊച്ചുതുപ്പ് മാപ്പിള മറ്റേ അറ്റത്തൂന്ന് പിടിച്ചു.
ഉച്ചയായപ്പോള്‍ കുശിനിക്കാരന്‍ കതകിന് മുട്ടി. പക്ഷേ, അര മണിക്കൂര്‍ കൂടി കഴിഞ്ഞാണ് വാതില്‍ തുറക്കപ്പെട്ടത്.

കഞ്ഞികുടിച്ച ശേഷം കൊച്ചൗത കുശിനിക്കാരനെ പുറത്തുതട്ടി അഭിനന്ദിച്ചു.
ഉഗ്രന്‍ ചമ്മന്തി. പക്ഷേ, നെല്ല് പുഴുങ്ങിയുണങ്ങുമ്പോള്‍ പഴയ ചിക്കുപായിലിടണം.
ഇനി ശ്രദ്ധിച്ചോളാം.
കുശിനിക്കാരന്‍ വിനയത്തോടെ പറഞ്ഞു.
എന്നാ അകത്തോട്ട് കയറുവല്ലേ? വൈകിട്ടെന്താ കഴിക്കാന്‍? ചോറോ? കപ്പയോ? കെടപ്പ് ദേ ആ ചായ്പിലാകാം.
വികാരിയച്ചന്‍ പറഞ്ഞു.
എന്തിന്? വേഗം വള്ളമിറക്ക്. ഞങ്ങള് പറഞ്ഞ പണി തീര്‍ത്തു. വൈകിട്ട് ചീരയ്ക്ക് നനയ്ക്കണ്ടതാ.
അന്തംവിട്ട വികാരിയച്ചനും എടത്വാക്കാരും കുന്തം വിഴുങ്ങിനിന്നു.
എത്ര രൂപയാ വേണ്ടത്? അതോ കുറച്ച് ഒന്നാന്തരം കരിനിലം പേരിലെഴുതിത്തന്നാലോ?അല്ലെങ്കില്‍ പട്ടും വളയും പൊന്നാടയും ആയാലോ?
എന്ത് പ്രതിഫലം കൊടുക്കുമെന്നറിയാതെ അവര്‍ വിഷമിച്ചു.
ഒന്നും വേണ്ട. ദേ ഞങ്ങള്‍ക്കാ പുണ്യാളനെ മതി.

പള്ളിയിലെ രേഖകള്‍ സൂക്ഷിക്കുന്ന മുറിയില്‍ ആരും ശ്രദ്ധിക്കാതെ പൊടിപിടിച്ചിരിക്കുന്ന ഗീവറുഗീസ് പുണ്യാളന്റെ പ്രതിമ ചൂണ്ടിക്കാട്ടി കൊച്ചൗത മാപ്പിളേം കൊച്ചുതുപ്പ് മാപ്പിളേം ഒരേ സ്വരത്തില്‍ പറഞ്ഞു.
സാധാരണ ഗീവറുഗീസ് പുണ്യാളന്‍ വലത്തോട്ട് തിരിഞ്ഞാണ് പാമ്പിനെ കുത്തുന്നതെങ്കില്‍ ഈ പുണ്യാളന്‍ ഇടത്തോട്ടാണ്.
പൊടിതട്ടിയെടുത്ത പുണ്യാളച്ചനുമായി അവര്‍ യാത്രയായി. പക്ഷേ, അവര്‍ കയറിയ വള്ളം കണ്ണില്‍നിന്ന് മറഞ്ഞതും ഉഗ്രനൊരു വെള്ളിടി വെട്ടി. അത് എടത്വാപ്പള്ളിയുടെ മകുടത്തിലാണ് ഏറ്റത്.
ഇടത്തോട്ട് തിരിഞ്ഞ പുണ്യാളച്ചനെ കൊച്ചൗത മാപ്പിളയും കൊച്ചുതുപ്പ് മാപ്പിളയും സ്വന്തം ഇടവകപ്പള്ളിയില്‍ ഏല്പിച്ചു. അതോടെ പള്ളി വെച്ചടി വെച്ചടി കയറ്റമായി.

ഒരു ദിവസം കുര്‍ബ്ബാന കഴിഞ്ഞതും വികാരിയച്ചന്‍ അവരെ രഹസ്യത്തില്‍ വിളിപ്പിച്ചു.
എങ്ങനെ മനസ്സിലായി ഇതാണ് യഥാര്‍ത്ഥ പുണ്യാളച്ചനെന്ന്?
ആളൊഴിഞ്ഞപ്പോള്‍ കൊച്ചൗതയും കൊച്ചുതുപ്പും പുണ്യാളന്റേയും കുതിരയുടേയും പാമ്പിന്റേയും കുന്തത്തിന്റേയും നീളവും വീതിയും ചുറ്റളവും കനവും അളന്നു. എന്നിട്ട് ഒരു കഷ്ണം കടലാസില്‍ കൂട്ടിക്കാണിച്ചു.
ഇതാണച്ചോ ഗീവര്‍ഗീസ് പുണ്യാളന്റെ സമവാക്യം.

എനിക്ക് തന്നെ പേടിയാകുന്നു.
അച്ചന്‍ പറഞ്ഞു.
നീയൊന്നും ഇനി ഞായറാഴ്ച കുര്‍ബ്ബാനയ്ക്ക് പോലും വരണ്ട. ചീരയും പയറുമൊക്കെ നടുവോ നനയ്ക്കുവോ ഒക്കെച്ചെയ്ത് വീട്ടില് തന്നെ ഇരുന്നോ. 

ലക്ഷ്മി 

കുട്ടപ്പനാശാരിയുടെ അപ്പൂപ്പന്റപ്പൂപ്പന്റപ്പൂപ്പന്റപ്പൂപ്പന്റപ്പൂപ്പന്റപ്പൂപ്പന്റപ്പൂപ്പന്റപ്പൂപ്പന്റപ്പൂപ്പന്റപ്പൂപ്പന്റപ്പൂപ്പനും ഒരു കുട്ടപ്പനാശാരിയായിരുന്നു. അതേ പൊക്കം. അതേ വണ്ണം. അതേമുടി. അതേ നിറം. അതേ നടപ്പ്. അതേ കയ്യിലിരുപ്പ്. ആളും അത് തന്നെ. ഭാര്യയും മക്കളും സ്വന്തക്കാരും ഒക്കെ അത് തന്നെ.

കുട്ടപ്പനാശാരിയുടെ വീട്ടില്‍ എല്ലാം സുഭിക്ഷമായ കാലമായിരുന്നു അത്. പത്തായത്തില്‍ നിറയെ നെല്ല്. പറമ്പിലാണെങ്കില്‍ നിറയെ ചക്കയും മാങ്ങയും കാച്ചിലും നനക്കിഴങ്ങും ചേനയും തേങ്ങയും എന്നുവേണ്ട ഒന്നാന്തരം മധുരനാരങ്ങ വരെയുണ്ട്. തൊഴുത്തിലാണെങ്കില്‍ കറവ വറ്റാത്ത പശുക്കള്‍. ആടുകള്‍. മുട്ടയിടാന്‍ കോഴിയും താറാവും. ഇറച്ചിക്കറി വെക്കണമെന്ന് ആലോചിച്ചാല്‍ മതി ഒരു പൂവന്‍ കോഴിവന്ന് അടുക്കളപ്പടിയേലിരിപ്പാകും. ഭാര്യയ്ക്കും പിള്ളേര്‍ക്കും തുണീം ആഭരണോം തരാതരത്തില്‍.

ഒരു ദിവസം തന്റെ കാഞ്ചീപുരം പട്ടുസാരി വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് ഭംഗി നോക്കിയശേഷം മടക്കിവെക്കുകയായിരുന്നു ആശാരിച്ചി. സമയം വൈകുന്നേരമാണ്. കിഴക്കോട്ട് നോക്കിയാല്‍ അങ്ങ് ദൂരേന്ന് ആശാരി നടന്നുവരുന്നത് കാണാം. പുള്ളിക്കാരിക്ക് പെട്ടെന്നൊരു സംശയം. കൈ കണ്ണിനു മുകളില്‍ ചേര്‍ത്തുവെച്ച് അവര്‍ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. മുഴക്കോലൊക്കെ വീശി നല്ല പകിട്ടില്‍ കുട്ടപ്പനാശാരി നടന്നുവരുന്നു. പിന്നാലെ അതി സുന്ദരിയായ ഒരു സ്ത്രീയുമുണ്ട്. അവര്‍ നടന്നുനടന്ന് മുറ്റത്തേക്കും പിന്നെ വീട്ടിനുള്ളിലേക്കും കയറി. ആശാരിച്ചി താഴത്തേ നിലയിലേക്കോടിയിറങ്ങി. അവിടെ ഒരു ചാരുകസേരയില്‍ വിയര്‍പ്പാറ്റിക്കൊണ്ട് ആശാരിയിരിപ്പുണ്ട്. അകത്തുകയറിയ സ്ത്രീയെ അവിടെയെങ്ങും കാണാനില്ല. സംശയത്തോടെ ആശാരിച്ചി കട്ടിലിനടിയിലും മേശക്കീഴിലും തെറുത്തുവെച്ച പായയ്ക്കുള്ളിലും പരണത്തും തട്ടിന്‍പുറത്തും അരിപ്പെട്ടിയിലും ഒക്കെ നോക്കി. ആളെ കാണാനില്ല. ആശാരിയുടെ മുഖത്താണെങ്കില്‍ ഒരു കള്ളലക്ഷണവുമുണ്ട്. പുള്ളിയുടെ ചില ചുറ്റിക്കളികള്‍ പ്രസിദ്ധമാണല്ലോ. വാചകമടിച്ചും ഡബിള്‍മീനിങ്ങില്‍ സംസാരിച്ചും ആരേയും വശത്താക്കാനുള്ള കഴിവുമുണ്ട്.
പിന്നെയുള്ള ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. ചിന്തിച്ചും വിഷമിച്ചും ആശാരിച്ചിയുടെ ഊണും ഉറക്കവും നഷ്ടമായി.

ഒരു ദിവസം അവര്‍ ആശാരി വരുന്നതും കാത്ത് കയ്യില്‍ ഒരു ചൂലുമായി വഴിയില്‍ ഒരു വാഴക്കൂട്ടത്തിന്റെ മറപറ്റി കാത്തുനിന്നു. അന്നും വന്നു ആശാരി. പിന്നാലെ സുന്ദരിയായ സ്ത്രീയും. കലികയറിയ ആശാരിച്ചി കൂടുതലൊന്നും ആലോചിച്ചില്ല. ചാടിവീണ് പുള്ളിക്കാരിയെ ചൂലിന് തല്ലി. ആശാരി തടയാന്‍ നോക്കിയിട്ടും കാര്യമുണ്ടായില്ല. പൊതിരെ അടി വീണിട്ടും കുറച്ചുനേരം പിടിച്ചുനിന്ന സ്ത്രീ രക്ഷയില്ലെന്നു കണ്ടപ്പോള്‍ അപ്രത്യക്ഷയായി. അതായത് അന്തരീക്ഷത്തില്‍ മാഞ്ഞു.
എന്ത് പണിയാടീ അറുവാണിച്ചീ കാണിച്ചത്?
ആശാരി ഭാര്യയുടെ മുടിക്ക് കുത്തിപ്പിടിച്ചു.
എടീ അത് ലക്ഷ്മിയായിരുന്നു.
ഏത് ലക്ഷ്മി? സത്യം പറ.
എടീ ഐശ്വര്യം കൊണ്ടുവരുന്ന ലക്ഷ്മി.
എന്ത് കൊണ്ടുവരുന്നവളാണേലും എന്റെ കെട്ടിയോന്റെ പൊറകേ നടന്നാ വിവരമറിയും.
അന്നത്തോടെയാണ് ആശാരി വീടുകളില്‍ ദാരിദ്ര്യമായത്. അവര്‍ പണിയുന്ന വീടുകളില്‍ ലക്ഷ്മി കയറി. ആശാരിക്ക് വീട്ടില്‍ പട്ടിണിയാണേലും ചെല്ലുന്ന വീടുകളില്‍നിന്നു സുഭിക്ഷ ഭക്ഷണം കിട്ടിത്തുടങ്ങി. 

തടിയന്‍ 

തടിയന്റെ മരണം പെട്ടെന്നായിരുന്നു. അവന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായതുകൊണ്ട് നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമൊക്കെ കരഞ്ഞു, പെറ്റതള്ള മാത്രം കരഞ്ഞില്ല.

ശവമടക്കിനും മരണാനന്തര കര്‍മ്മങ്ങള്‍ക്കും ശേഷം വീട്ടില്‍ പ്രശ്‌നങ്ങളാരംഭിച്ചു. വീട്ടിലെ കോഴി, ആട്, പശു ഒക്കെ ചത്തു തുടങ്ങി. എല്ലാവര്‍ക്കും അസുഖമൊഴിഞ്ഞിട്ട് നേരമില്ല. തടിയന്റെ അച്ഛന്‍ രാത്രി മുറിയില്‍ ഉറങ്ങാന്‍ കിടന്നാല്‍ നേരം വെളുക്കുമ്പോള്‍ പറമ്പിലെ ഒരു തെങ്ങിന്‍ചുവട്ടില്‍ ചാരിയിരുന്നുറങ്ങുന്നത് കാണാം. എങ്ങനെയവിടെയെത്തിയെന്ന് മൂപ്പര്‍ക്ക് ഒരോര്‍മ്മയും ഉണ്ടാകില്ല. ഉള്ള അമ്പലങ്ങളിലൊക്കെ വഴിപാട് കഴിച്ചിട്ടും ഫലമുണ്ടായില്ല. ജ്യോത്സ്യനും മന്ത്രവാദിയും കൂടോത്രക്കാരനും സുല്ലിട്ട് തിരിച്ചുപോയി. ചിലര്‍ പറഞ്ഞു തടിയന്റെ ആത്മാവിനെ ആവാഹിച്ച് തറച്ചെന്ന്. പക്ഷേ, കാര്യങ്ങള്‍ പഴയതുപോലെതന്നെ തുടര്‍ന്നു.
അവസാനം പൊന്നാനിയില്‍നിന്ന് ബീരാന്‍കുഞ്ഞ് മുസലിയാരെ വരുത്തി. അങ്ങേര്‍ വീട്ടില്‍വന്ന് പറമ്പും പുരയും പരിസരങ്ങളുമൊക്കെ നടന്നുകണ്ടു.

എങ്ങനെയാണ് അവന്‍ മരിച്ചത്?
വീടിന്റെ തിണ്ണയിലിരുന്ന് മുസലിയാര്‍ ചോദിച്ചു. അമ്മ കൊടുത്ത ചായ അദ്ദേഹം വേണ്ടെന്ന് പറഞ്ഞു.
വഴിയരികിലുള്ള ട്രാന്‍സ് ഫോര്‍മറില്‍നിന്നു കറണ്ടടിച്ചതാണ്.
എന്താണന്നുണ്ടായത്?
അവന്‍ വയസ്സ് മുപ്പത്തഞ്ച് കഴിഞ്ഞിട്ടും ഒരു പണിക്കും പോകില്ല സാറേ.
അച്ഛന്‍ തുടര്‍ന്നു:

എപ്പോഴും തീറ്റ തന്നെ തീറ്റ. എത്ര തിന്നാലും മതിവരില്ല. പിന്നെയും പിന്നെയും ചോദിച്ചുകൊണ്ടിരിക്കും. ഇവള്‍ വെച്ചുണ്ടാക്കി മടുത്തു. ഞാനാണെങ്കില്‍ ഈ വയസ്സാംകാലത്ത് പണിയെടുത്ത് നടുവൊടിഞ്ഞു. ഒരുപകാരോം അവനെക്കൊണ്ടില്ല. പക്ഷേ, ആള് പഞ്ചപാവമാ. അന്ന് ഞാന്‍ വിതയ്ക്കാനുള്ള വിത്ത് വാങ്ങാന്‍ പോയതാ. കൃഷി ചെയ്‌തെങ്കിലും അവന്റെ വയറടയ്ക്കണ്ടേ. കാളവണ്ടിയില്‍ കൊണ്ടുവന്ന നെല്ല് ഞാന്‍ തന്നെ ഈ കയറ്റം കയറി ചുമ്മിച്ചുമന്ന് തിണ്ണയില്‍ കൊണ്ടെയടുക്കി. നടുവ് വേദനിച്ച് ഞാന്‍ അകത്ത് കയറിയപ്പോള്‍ അവന്‍ മൂക്കുമുട്ടെയിരുന്ന് തിന്നുന്നു. എനിക്ക് വല്ലാത്ത ദേഷ്യം വന്നു. പണിയെടുക്കാതെ തിന്നാന്‍ നിനക്ക് നാണമില്ലേ, പോയി ചത്തൂടേന്ന് ഞാന്‍ ചോദിച്ചതാ. അത് ചാകാന്‍ വേണ്ടിയാണോ പറഞ്ഞത്?കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം അവിടെയിട്ടിട്ട് കൈകഴുകാതെ എഴുന്നേറ്റ് പോയതാ.
മുസലിയാര്‍ പോകാനായി എഴുന്നേറ്റു.
പോയിട്ട് നാളെ വരാം.
അദ്ദേഹം പറഞ്ഞു.
ഒരു കാര്യം ചെയ്യ്. എല്ലാ വിഭവങ്ങളും കൂട്ടി ഒരു ഗംഭീര സദ്യ തയ്യാറാക്ക്. അവനിഷ്ടപ്പെട്ടത് എല്ലാം വേണം. ഒരു കുറവും വരുത്തരുത്.

വീട്ടുകാര്‍ അദ്ദേഹം പറഞ്ഞതുപോലെതന്നെ ചെയ്തു. പിറ്റേന്ന് മുസലിയാരെത്തി തിണ്ണയില്‍ വിളക്ക് കത്തിച്ചുവെച്ചു. വലിയൊരു തൂശനിലയിട്ട് എല്ലാം വിളമ്പി. വെള്ളവും വെച്ചു. അവിടെ നിന്ന് എന്തെല്ലാമോ അറബിയില്‍ ചൊല്ലി അദ്ദേഹം വീടിനു ചുറ്റും നടന്നു. തിരിച്ച് തിണ്ണയില്‍ കയറി തൂശനില മടക്കി ഒരു വറ്റ് പോലും നിലത്ത് പോകാതെ സഞ്ചിയിലാക്കി തിരിഞ്ഞു നോക്കാതേയും ഒന്നും മിണ്ടാതേയും ഒരു പൈസ പ്രതിഫലം വാങ്ങാതേയും മുസലിയാര്‍ നടന്നു.
അദ്ദേഹം കണ്‍മുന്നില്‍നിന്ന് നടന്നു മറഞ്ഞപ്പോള്‍ അമ്മ നിലത്ത് വീണുരുണ്ട് കരഞ്ഞു.
എനിക്കറിയാം. അവനിപ്പഴാ മരിച്ചത്.
കണ്ണീര്‍ വാര്‍ത്തുകൊണ്ട് അവര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com