'കനകക്കുന്നിലെ കടുവ'- പി മുരളീധരന്‍ എഴുതിയ കഥ

ദേവരാജന്‍. പേരുപോലെ തന്നെ ഗംഭീരനാണ്. ഒത്ത ഉയരം, തടി, നല്ല ആരോഗ്യം. നല്ല നിറം. ചോര തൊട്ടെടുക്കാം. വയസ്സ് 50 കഴിഞ്ഞെങ്കിലും വയസ്സ് കഷ്ടി 40 പോലും തോന്നില്ല. കഷണ്ടിയില്ല, നരയില്ല, പൊണ്ണത്തടിയില്ല, ഇരട്ടത്താടിയില്
'കനകക്കുന്നിലെ കടുവ'- പി മുരളീധരന്‍ എഴുതിയ കഥ

ദേവരാജന്‍. പേരുപോലെ തന്നെ ഗംഭീരനാണ്. ഒത്ത ഉയരം, തടി, നല്ല ആരോഗ്യം. നല്ല നിറം. ചോര തൊട്ടെടുക്കാം. വയസ്സ് 50 കഴിഞ്ഞെങ്കിലും വയസ്സ് കഷ്ടി 40 പോലും തോന്നില്ല. കഷണ്ടിയില്ല, നരയില്ല, പൊണ്ണത്തടിയില്ല, ഇരട്ടത്താടിയില്ല. അല്ല, അങ്ങനെ വേണമല്ലോ. തുളച്ചുകയറുന്ന നോട്ടം, ആരുടെയെങ്കിലും മുഖത്തു നോക്കുന്നത് അപൂര്‍വ്വമാണെങ്കിലും. ജീവിതത്തില്‍ വളരെ ചിട്ടയുള്ളയാളാണ് ദേവരാജന്‍. ഈ പ്രായത്തിനിടെ ഒരിക്കല്‍പോലും വലിച്ചിട്ടില്ല, കുടിച്ചിട്ടില്ല. വല്ലപ്പോഴുമുള്ള പൊടിവലി മാത്രമാണ് വേണമെങ്കില്‍ ദുശ്ശീലമെന്നു പറയാവുന്ന കാര്യം. മിതമായ ഭക്ഷണം. കൃത്യമായ നടപ്പ്. ജീവനുണ്ടെങ്കില്‍ വൈകിട്ട് ആറുമണിയോടെ കനകക്കുന്നിലെത്തും. ഏഴു റൗണ്ട് നടക്കും. കൃത്യം 45 മിനിട്ടില്‍ ജോലി തീര്‍ത്ത് മടങ്ങും. രാത്രി പത്തെന്നൊരു സമയമുണ്ടെങ്കില്‍ ഉറങ്ങിയിരിക്കും.

പുള്ളിക്കാരന്റെ ജോലി പറഞ്ഞില്ലല്ലോ. പുരാവസ്തുവകുപ്പിലാണ് ജോലി. പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്നും ഈയിടെ കണ്ടെടുത്ത പുതിയ ചുരുണകള്‍ പകര്‍ത്തിയെഴുതുന്ന ജോലിക്ക് നേതൃത്വം കൊടുക്കുകയാണ്. എഴുതിക്കൊണ്ടുവരുന്ന എല്ലാം വായിച്ചുനോക്കുക ദേവരാജന് ജോലിയല്ല, ആനന്ദമാണ്. ഏതെങ്കിലുമൊരു ചുരുണയില്‍ ഇതുവരെ ലോകമറിയാത്ത മഹാരഹസ്യമൊന്നു മറഞ്ഞുകിടക്കുന്നതായി അദ്ദേഹത്തിന് ഒരു ഉള്‍വിളി, അല്ലെങ്കില്‍ തോന്നലുണ്ട്. വെറും തോന്നലാണോ അതെന്ന സംശയം നമുക്കുള്ളതുപോലെ ദേവരാജനുമുണ്ട്!

കൃത്യം അഞ്ചരക്ക് ഓഫീസ് വിടുന്ന പതിവുള്ള ദേവരാജന് ഇന്ന് ആറു മണിക്കേ ഇറങ്ങാനായുള്ളൂ. പഴയ ഫയലുകള്‍ തപ്പുന്നതിനിടെ പ്യൂണ്‍ പൗലോസിന് പഴുതാരയുടെ കടിയേറ്റതായിരുന്നു കാരണം. പടിഞ്ഞാറേക്കോട്ടയില്‍നിന്നും ഓട്ടോ പിടിക്കുമ്പോള്‍ നല്ല മഴക്കോളുണ്ട്, ഇരുട്ടുമൂടിയ ആകാശം. പിന്നെ, എണ്ണമറ്റ സിഗ്‌നലുകളിലെ പച്ചവെളിച്ചം കാത്തുള്ള കിടപ്പും ട്രാഫിക് ബോധമില്ലാത്ത യാത്രക്കാരുടേയും ഡ്രൈവര്‍മാരുടേയും കടുംകൈകളും. അദ്ദേഹം ഒന്നു ശങ്കിച്ചു: ഇന്നു നടക്കണോ? പിന്നെ വരുന്നത് വരട്ടെ, താനായിട്ട് പതിവുകള്‍ തെറ്റിക്കേണ്ട എന്നു തീരുമാനിച്ച് കനകക്കുന്നിലിറങ്ങി.
തോള്‍സഞ്ചിയും തൂക്കി അദ്ദേഹം കൊട്ടാരത്തിന്റെ കിഴക്കേ ഗേറ്റിലൂടെ അകത്തു കടന്നപ്പോള്‍ സമയം ആറര. പതിവുള്ള തിരക്കേയില്ല. മഴയെപ്പേടിച്ച് പതിവുകാര്‍ വിട്ടുനില്‍ക്കുകയാവാം. കൊട്ടാരത്തിന്റെ മുകളില്‍ ഇടിഞ്ഞുവീഴാന്‍ തുടങ്ങുന്ന കറുത്ത കോട്ടപോലെ കാര്‍മേഘങ്ങള്‍ ചാഞ്ഞുനില്‍ക്കുന്നു. തെല്ല് ശക്തിയുള്ള കാറ്റില്‍ ഉലഞ്ഞ ചെമ്പകമരച്ചില്ലകള്‍ അപ്പോള്‍ പെയ്യാന്‍ തുടങ്ങിയ ചാറ്റല്‍ മഴയില്‍നിന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ വിഫലമായി ശ്രമിച്ചു.

സഞ്ചിയില്‍നിന്നും തൊപ്പിയെടുത്ത് തലയില്‍വെച്ച അദ്ദേഹം നടപ്പു തുടര്‍ന്നു. നിശാഗന്ധിക്കു മുന്നിലെ തട്ടുകടയില്‍ അദ്ദേഹം സഞ്ചി സൂക്ഷിക്കാനേല്‍പ്പിക്കുമ്പോള്‍ കടക്കാരന്‍ ചോദിച്ചു: ''സാറേ, ഇന്നിനി നടക്കണോ? ചിലപ്പോള്‍ പണികിട്ടും!'' അദ്ദേഹം മറുപടിയായി ചിരിച്ചതേയുള്ളൂ. '20 വര്‍ഷത്തിലധികമായി നടപ്പുതുടങ്ങിയിട്ട്. അതില്‍പ്പിന്നെ ഒരു ജലദോഷംപോലും ങേഹേ, എനിക്കുണ്ടായിട്ടില്ല. എന്നെ പഠിപ്പിക്കാന്‍ വന്നിരിക്കുന്നു!'' അദ്ദേഹം തെല്ലുപുച്ഛത്തോടെ പിറുപിറുത്തു.

മഴ മെല്ലെ ശക്തി കൂടുന്നുണ്ടായിരുന്നു. നടപ്പുകാരില്‍ ഭൂരിഭാഗവും കൊട്ടാരത്തിനു മുന്നില്‍ മഴ മാറാന്‍ കാത്തിരിക്കുകയാണ്. പുറത്ത് കണ്ണില്‍ കുത്തിയാല്‍ കാണാത്ത ഇരുട്ടാണ്. വല്ലപ്പോഴും അതിനെ വെട്ടിപ്പിളര്‍ക്കുന്ന മിന്നലാക്രമണങ്ങളുണ്ടെങ്കിലും. എങ്കിലും ഒട്ടും പരിഭ്രമമോ അസ്വസ്ഥതയോ ഇല്ലാതെ ദേവരാജന്‍ നടപ്പു തുടര്‍ന്നു. ബാലഭവന്റെ ഭാഗത്തുള്ള ഇറക്കമിറങ്ങുമ്പോഴാണ് അദ്ദേഹം അവരെ കണ്ടത്, അല്ല, കേട്ടത്. ആ ഇരുട്ടിലും അവരുടെ അടക്കിപ്പിടിച്ച ചിരിയിലും മൂളലുകളിലുമൊക്കെ പ്രണയം തുളുമ്പുന്നത് അദ്ദേഹമറിഞ്ഞു. വല്ല കോളേജ് കുട്ടികളുമാവും, ദേവരാജന്‍ കരുതി. അവസാന നിമിഷം വരെ അവര്‍ തങ്ങളെ കാത്തിരിക്കുന്ന അപകടമറിയാതിരിക്കട്ടെ! അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു. അവരെ കടന്നു മുന്നോട്ടു പോവുമ്പോഴാണ് പെട്ടെന്നു കൊള്ളിയാന്‍ മിന്നിയത്. ചെവിപൊട്ടുന്ന ഒച്ചയില്‍ അത് താഴേയ്ക്കു പതിച്ചു. തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചയാള്‍ മരണവെപ്രാളത്തില്‍ പരക്കം പായുന്നപോലെ ആടിയുലയുകയാണ് തീപിടിച്ച കാറ്റാടിമരം, തൊട്ടുമുന്നില്‍. കൊട്ടാരത്തിന്റെ പൂമുഖത്തെ ചില സ്ത്രീകള്‍ ഭയന്നു നിലവിളിച്ചു. ആരോ അദ്ദേഹത്തോട് ഉറക്കെ വിളിച്ചുപറഞ്ഞു: ''മഴ മാറും വരെ കേറിനില്‍ക്കണം സാര്‍!'' കൈവീശി, ചിരിച്ചുകൊണ്ട് തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോഴാണ് ദേവരാജന്‍ താന്‍ 'കേട്ട' ആ കമിതാക്കളെ തിരിച്ചറിഞ്ഞത്. പത്തുവര്‍ഷം മുന്‍പ് തന്നെ ഉപേക്ഷിച്ചുപോയ ഭാര്യ രമയും കാമുകനും.

ഒരു നിമിഷം അദ്ദേഹത്തിന് കാലുകളനങ്ങിയില്ല. പിന്നെ, ചുവടുകള്‍ തിരിച്ചുവച്ച് വേഗത്തില്‍ നടത്തം പുനരാരംഭിച്ചു. നെഞ്ചില്‍ എന്തോ കനംവെച്ചു തൂങ്ങി നില്‍ക്കുന്നതുപോലെ അയാള്‍ക്കു തോന്നി. രമ പെട്ടികളും തൂക്കി ഇറങ്ങിപ്പോയ ദിവസം അയാളുടെ മനസ്സില്‍ വീണ്ടും തെളിഞ്ഞു. മകളെ അന്നു വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചുവെങ്കിലും കോടതി ഉത്തരവിന്റെ ബലത്തില്‍ അവള്‍ ആര്‍ദ്രയെ കൊണ്ടുപോയി. ഒരുപക്ഷേ, അതാണ് കൂടുതല്‍ നല്ലത്. അവള്‍ വളര്‍ന്നു വരുമ്പോള്‍ ഒരച്ഛന്റെ പരിമിതികള്‍ പ്രശ്‌നമായേനെ, അയാള്‍ സ്വയം പറഞ്ഞു. പോകാന്‍ നേരം രമ പറഞ്ഞതിന്റെ അര്‍ത്ഥം ഇപ്പോഴും അയാള്‍ക്ക് മുഴുവന്‍ മനസ്സിലായിട്ടില്ല. ''നിങ്ങളുടെ മനസ്സില്‍ അമ്മ മാത്രമേയുള്ളൂ. ഞാന്‍ വിചാരിച്ചു, അവര്‍ മരിച്ചാലെങ്കിലും എന്നെ സ്‌നേഹിക്കുമെന്ന്. പക്ഷേ, ഇപ്പോള്‍ നിങ്ങള്‍ അവരുടെ ആത്മാവുമായി സംസാരിക്കുന്നു. ബലിക്കാക്കയോട് കളിക്കുകയും ചിരിക്കുകയും ചെയ്യുന്നു. സഹിക്കുന്നതിനും അതിരുണ്ട്, പരമദുഷ്ടാ. ഇനി നിങ്ങള്‍ ആ കാക്കയ്ക്കൊപ്പം ജീവിച്ചാല്‍ മതി!''

''അവളെ കുറ്റപ്പെടുത്താനും പറ്റില്ല. സത്യമറിയാത്ത ആര്‍ക്കും അതേ തോന്നൂ.'' അയാള്‍ സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അമ്മയുടെ പതിനാറടിയന്തിരത്തിന്റെ പിറ്റേന്നാണ് എല്ലാം തുടങ്ങിയത്. അന്നു രാവിലെ രമ ഭക്ഷണമെടുത്തുവെച്ചു, താന്‍ ഒരു കഷണം ഇഡ്ഡലി മുറിച്ചെടുത്ത് വെള്ളച്ചമ്മന്തിയില്‍ മുക്കി വായ്ക്കകത്തേയ്ക്ക് കൊണ്ടുപോകാന്‍ തുടങ്ങുമ്പോഴായിരുന്നു അടുക്കളയ്ക്കു പുറത്തെ മതിലിനരികില്‍ കാക്കയുടെ കലപില തുടങ്ങിയത്. വല്ലാത്ത അസ്വസ്ഥത തോന്നി അയാള്‍ക്ക്. ''ആര്‍ദ്രേ, അതിനെ ഓടിച്ചുവിട്. മനുഷ്യന് സൈ്വര്യം തരില്ലല്ലോ'' എന്നു പിറുപിറുത്തുകൊണ്ട് അയാള്‍ വീണ്ടും ആഹാരത്തിലേക്ക് മടങ്ങുമ്പോള്‍ ആര്‍ദ്രയുടെ വിളി വന്നു: ''അച്ഛാ, അത് പോണില്ല!'' ആരോ വിളിച്ചിട്ടെന്ന വണ്ണം അയാള്‍ മതിലിനരികിലേക്കെത്തി. ആ ബലിക്കാക്ക അവിടെത്തന്നെ ഇരിപ്പുണ്ട്. കൈയിലിരുന്ന ഇഡ്ഡലിക്കഷണം കൊണ്ട് അതിനെ എറിയാന്‍ തുടങ്ങിയപ്പോള്‍ കാക്ക പറഞ്ഞു: ''ദേവരാജാ, അതു കഴിക്കാനാണ് ഞാന്‍ വന്നത്. എറിഞ്ഞു കളയേണ്ട.'' ദേവരാജന്‍ നാലുപാടും നോക്കി. തനിക്ക് തോന്നിയതാണോ? വീണ്ടും കേട്ടു ആ ശബ്ദം. ''ആ ഇഡ്ഡലി എന്റെ മുന്നില്‍ വെക്കൂ. എനിക്കു വിശക്കുന്നു!'' മെല്ലെ പടവുകള്‍ കയറുന്ന പ്രഭാതസൂര്യന്റെ പതിവിലും മൂര്‍ച്ചയുള്ള രശ്മികള്‍ നിമിഷനേരത്തേയ്ക്ക് അയാളെ അന്ധനാക്കി, അയാളുടെ സംശയങ്ങളേയും. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാവും മുന്‍പ് കാക്ക അയാളുടെ ഇടതു തോളില്‍ കയറിയിരുന്നു വലംകൈയിലെ ഇഡ്ഡലി തിന്നാന്‍ തുടങ്ങി.

''പൊന്നുമോനേ, നീ വെറുതേ പേടിക്കേണ്ട. ഇത് ഞാനാടാ, നിന്റെ പെറ്റതള്ള ഭാര്‍ഗ്ഗവി. എത്രയോ കാലം നിനക്കു വെച്ചുവിളമ്പിയതാണ്. കുറച്ചുകാലം, അല്ല എല്ലാ ദിവസവും എനിക്ക് നിന്റെ കൈകൊണ്ടു ഭക്ഷണം കഴിക്കണം! വാവുബലിക്ക് കാത്തിരിക്കാന്‍ എനിക്കു വയ്യെടാ മക്കളേ!'' അവസാന കാലത്ത് വേണ്ട രീതിയില്‍ അമ്മയെ അന്വേഷിച്ചില്ലെന്ന കുറ്റബോധം മറ്റെല്ലാരെയും പോലെ അയാള്‍ക്കുമുണ്ടായിരുന്നു. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

പിന്നെ ദിവസവും രാവിലെ അതൊരു അനുഷ്ഠാനം പോലെയായി. ഭക്ഷണത്തിന്റെ ആദ്യ ഉരുള ആ കാക്കയ്ക്ക്, അല്ല അമ്മയ്ക്ക്! പലപ്പോഴും കാക്കമ്മ അയാളുമായി സംഭാഷണത്തിനും നില്‍ക്കും. സംഭവം സത്യമാണെങ്കിലും അവര്‍ തമ്മില്‍ സംസാരിക്കുന്നതു കേട്ടാല്‍ ദേവരാജന് ഭ്രാന്താണെന്നേ തോന്നൂ. സ്വന്തം വീട്ടുകാര്‍ക്കടക്കം. കാരണം, കാക്ക സംസാരിക്കുന്നത് മറ്റാര്‍ക്കും കേട്ടുകൂടാ! സത്യത്തില്‍ അയാള്‍ ഇക്കാര്യം കാക്കമ്മയോടു പറഞ്ഞതാണ്. അത് ചിരിച്ചിട്ടു പറഞ്ഞു, ''നമുക്കറിയാത്ത കാര്യങ്ങള്‍ പലതും ഭ്രാന്താണെന്നേ ആദ്യം തോന്നൂ. മനസ്സിലായി വരുമ്പോള്‍ താമസിച്ചുപോവും. നിന്റെ അച്ഛനെ ഞാന്‍ മനസ്സിലാക്കിയത് അദ്ദേഹം മരിച്ചതിനു ശേഷമാണ്.''

പക്ഷേ, കാക്കച്ചിയുടെ ഫിലോസഫിയൊന്നും കുടുംബം നിലനിര്‍ത്താന്‍ സഹായിച്ചില്ല. അമ്മയുടെ ആദ്യത്തെ ആണ്ടിന് തിരുവല്ലത്ത് ബലിയിടാന്‍ പോവുമ്പോള്‍ രമയും ആര്‍ദ്രയും കൂടെയില്ലായിരുന്നു. ''പോകുന്നോര് പോകട്ടെ. അമ്മയുണ്ടല്ലോ കൂട്ടിന്.'' എന്നയാള്‍ സമാധാനിച്ചു. ആദ്യം ജോലിക്ക് ഒരു മധ്യവയസ്‌കയെ നിറുത്തിയതാണ്. പക്ഷേ, ഒരു ദിവസം കാക്കമ്മ പറഞ്ഞു: ''അവള് വേണ്ടെടാ, ശുദ്ധോം വൃത്തീമില്ല'' എന്ന്. പിന്നീടയാള്‍ പാചകം പഠിച്ചു. ഒരു മാസത്തിനകം അയാള്‍ കാക്കച്ചിയെക്കൊണ്ട് ''ഞാനിത്രേം വായ്ക്കുരുചിയായിട്ട് നിനക്കൊന്നും വെച്ചുതന്നിട്ടില്ല. അതു പിന്നെങ്ങനാ, അങ്ങേര് ഉപേക്ഷിച്ചുപോയേപ്പിന്നെ എന്റെ വായ്ക്കുരുചീം പോയില്ലേ! എനിക്കു രുചിയറിയാമെങ്കിലേ എന്റെ കൊച്ചിനു കൊടുക്കാന്‍ പറ്റൂ'' എന്ന് ഗദ്ഗദത്തോടെ പറയിച്ചു. പോകെപ്പോകെ, അവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ക്ക് നീളം കൂടിക്കൂടി വന്നു. പിന്നെ കാക്കയുടെ ഇരിപ്പ് അടുക്കളയ്ക്കകത്തായി. ഒന്നുരണ്ടു തവണ തൊടാന്‍ ശ്രമിച്ചപ്പോഴൊക്കെ കാക്കമ്മ അകലേയ്ക്കു പറന്നു. മരിച്ചവരുടെ നിയമങ്ങള്‍ തെറ്റിക്കാന്‍ പാടില്ലെന്ന് അവനെ ഉപദേശിച്ചു.

ഓര്‍മ്മകളില്‍ കുടുങ്ങി വഴിതെറ്റിയപോലെ നടന്ന ദേവരാജന്‍ രണ്ടാംവട്ടം നിശാഗന്ധി ഓഡിറ്റോറിയത്തിന്റെ മുന്നിലെത്തിയപ്പോള്‍ മഴ തോര്‍ന്നു. ആകാശത്ത് അവിടവിടെ ചില നക്ഷത്രങ്ങളും ഇരുട്ടിനെ തുളച്ച് പുറത്തേക്ക് പൊന്തിവന്നു. പത്തു ചുവട് അപ്പുറമെത്തിയപ്പോള്‍ അയാള്‍ക്കു തോന്നി, ഏറ്റവും താഴെ, മരങ്ങള്‍ക്കിടയില്‍ മറ്റാരും കാണാതെ കുറച്ചു നേരം. ഒരു ഖനിക്കുള്ളിലെന്ന വണ്ണം ഏകാന്തതയുടെ സുരക്ഷിതത്വത്തില്‍. അതാണ് ഇപ്പോള്‍ വേണ്ടത്. കുറച്ചു ദൂരം താഴേയ്ക്ക് നടക്കാം. താഴേയ്ക്കുള്ള രണ്ടു തട്ടുകള്‍ അയാള്‍ നടന്നിറങ്ങി. എന്തൊരു തണുപ്പാണ്, അല്‍പ്പം ഓടിയാലോ? അയാള്‍ മെല്ലെ ഓടാന്‍ തുടങ്ങി. നല്ല സുഖമുണ്ട്. ഏറ്റവും താഴെ, ചെറിയ ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ മുന്നില്‍ ഓട്ടം നിറുത്തി കിതച്ചുനടക്കുമ്പോഴാണ് അയാള്‍ അതു കണ്ടത്: മുന്നില്‍ കത്തിജ്വലിക്കുന്ന രണ്ട് ഗോളങ്ങള്‍! പിന്നൊന്നും ഓര്‍മ്മയില്ല.

മുഖത്താരോ സ്‌നേഹത്തോടെ നക്കുന്നതുപോലെ തോന്നി അയാള്‍ക്ക്. കണ്ണുതുറന്നപ്പോള്‍ നീട്ടിവച്ച മുന്‍കാലുകളില്‍ കിടന്ന് ഒരു പുലി തന്റെ മുഖത്ത് നക്കുന്നതാണ് ആ മങ്ങിയ വെളിച്ചത്തില്‍ ദേവരാജന്‍ കണ്ടത്. ''അയ്യോ പുലി!'' എന്നും പറഞ്ഞ് അയാള്‍ വലിയവായില്‍ നിലവിളിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും പുലി പറഞ്ഞു: ''എന്തിനാ സാറേ കാര്യമില്ലാത്ത കാര്യത്തിന് ബഹളം വെക്കുന്നത്? ഒരു വന്യമൃഗമായി ജനിച്ചുപോയി എന്നല്ലാതെ ഞാനെന്തു കുറ്റമാണ് ചെയ്തത്? അല്ല, നമുക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ'' എന്നും പറഞ്ഞ് പുലി നിശ്ശബ്ദം കണ്ണീരൊഴുക്കാന്‍ തുടങ്ങി. ചോരക്കണ്ണുകളിലൂടെ വലിയ കണ്ണീരുണ്ടകള്‍ താഴേയ്ക്കുരുണ്ടു വീണു. മനസ്സാക്ഷിയുള്ള ആര്‍ക്കും സഹിക്കാനാവാത്ത കാഴ്ച.

എതിരാളിയെ പേടിക്കാനില്ലെന്നും ദുര്‍ബ്ബലനാണെന്നും മനസ്സിലായതോടെ ദേവരാജന്‍ എണീറ്റിരുന്നു. അതിന്റെ കൂറ്റന്‍ തലയില്‍ മെല്ലെ തലോടി. ''എന്റെ പൊന്നുപുലിക്കുട്ടാ, ഞാനൊരു പേടിച്ചുതൂറിയാണ്. എന്റെ അറിവില്‍ പുലിയെക്കണ്ടു പേടിക്കാത്തവര്‍ സര്‍ക്കസിലും ചിത്രകഥയിലും മാത്രമേയുള്ളൂ. പേടിച്ചില്ലെങ്കില്‍ ഞാന്‍ മനുഷ്യനല്ലെന്നു വന്നേനെ. അതുപോട്ടെ, അങ്ങനെ കരയാന്‍ മാത്രം എന്താണുണ്ടായത്? എന്താ നിന്റെ പ്രശ്‌നം?''

കരച്ചിലിനിടെ പുലി ഒന്നു തിരിഞ്ഞുകിടന്നു. എന്നിട്ടു പറഞ്ഞു: ''എന്റെ അപേക്ഷയാണ്. എന്നെ പുലി എന്നു വിളിക്കരുത്. ഞാനൊരു കടുവയാണ്. കുടുംബത്തില്‍ പിറന്ന കടുവയെ പുലിയെന്നു വിളിച്ചാല്‍ ദൈവശാപം കിട്ടും!'' കടുത്ത വേദന കടിച്ചമര്‍ത്തിയെന്നോണം അവന്‍ പറഞ്ഞു: ''ചേട്ടന്‍ ആ ഫോണിലെ ടോര്‍ച്ചൊന്നു തെളിക്കണം. എന്നിട്ട് ഈ ശരീരമൊന്നു കാണണം, അപ്പോള്‍ മനസ്സിലാവും കാര്യങ്ങള്‍.'' കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു. ശരീരമാകെ മുറിവും ചതവുമാണ്. വലത്തേ ചുമലില്‍ ചോരയിറ്റുന്ന വലിയൊരു മുറിവും. ''ഇതെങ്ങനെ പറ്റി മോനേ? ഏതു ദുഷ്ടന്മാരാ ഇതുചെയ്തത്? ഇവന്മാര് മനുഷ്യരാണോ? എന്റെ ഭഗവാനേ!'' വേദനയ്ക്കിടയിലും കടുവ പൊട്ടിച്ചിരിച്ചു. ''എന്റെ ചേട്ടാ, ഈ മനുഷ്യത്വമെന്നാലെന്താണ്? മനുഷ്യന്റെ ആവശ്യത്തിന് ഭൂമിയിലും പ്രപഞ്ചത്തിലുമുള്ള സകലതും മിസ്യൂസ് ചെയ്യുന്ന പരിപാടി. അല്ലാതെന്താ? ചേട്ടന്‍ പറ!''

''ഈ നേരത്ത് നമ്മള്‍ ഫിലോസഫി ചര്‍ച്ച ചെയ്യുന്നത് നമുക്ക് രണ്ടു പേര്‍ക്കും എന്തെങ്കിലും ഗുണം ചെയ്യുമെന്നു തോന്നുന്നില്ല, മിസ്റ്റര്‍...'' പെട്ടെന്നാണ് ദേവരാജന്‍ സ്വയം പരിചയപ്പെടുത്തിയില്ല എന്നോര്‍മ്മിച്ചത്. ''ബൈ ദി ബൈ, ഐ ഫര്‍ഗോട്ട് ടു ഇന്‍ട്രൊഡ്യൂസ് മൈസെല്‍ഫ്. ഞാന്‍ ഡോ. ദേവരാജന്‍. പുരാവസ്തുവകുപ്പില്‍ സൂപ്രണ്ടാണ്. ആന്‍ഡ്, യുവര്‍ ഗുഡ് നെയിം?'' കടുവ ചിരിച്ചു. ''സാറിനെ എനിക്ക് പണ്ടേയറിയാം. പത്തുവര്‍ഷം മുന്‍പ് സാറ് ഇരവികുളത്ത് കടുവാ സെന്‍സസിന് വന്നത് ഓര്‍മ്മയുണ്ടോ? ഞാനന്നു കൊച്ചാ. സാറിന്റെ ഈ കട്ടിക്കണ്ണടയും ചെവിയിലെ പൂടയുമൊക്കെ അന്നേ എന്റെ മനസ്സില്‍ പതിഞ്ഞതാ. സാറായിരുന്നു എന്റെ കൊച്ചുകാലടയാളം ശേഖരിച്ചത്. അന്ന് അമ്മയും അനിയനുമുണ്ടായിരുന്നു കൂടെ. ഹോ. എന്തൊരു കാലമായിരുന്നു അത്. ഇനി അതൊന്നും തിരിച്ചു വരുകേല. അതുപോട്ടെ സാര്‍. അയാം സെബാസ്റ്റിയന്‍. സെബാസ്റ്റിയന്‍ ടൈഗ്രിസ്. അടുപ്പമുള്ളവര്‍ എന്നെ ബാസ്റ്റിന്‍ എന്നു വിളിക്കും. സാറിനും എന്നെ അങ്ങനെ വിളിക്കാം.''

തലയ്ക്കടി കിട്ടിയ പോലെയായി ദേവരാജന്‍. ക്രിസ്ത്യാനി കടുവയുണ്ടോ? അങ്ങനെയെങ്കില്‍ നാളെ അമ്പലങ്ങളില്‍ തിടമ്പെടുക്കാന്‍ ഗുരുവായൂര്‍ ഗോണ്‍സാല്‍വസും ഇരിക്കൂര്‍ ഇസ്മായിലും വരുമായിരിക്കുമോ? ഛേ, മൃഗങ്ങളെല്ലാം ഹിന്ദുക്കളല്ലേ... എല്ലാം തനിക്കു തോന്നുന്നതാണ്, ഈ കടുവയടക്കം. അയാള്‍ സ്വയം ശക്തിയായി നുള്ളിനോക്കി. അറിയാതെ നിലവിളിച്ചു, ശക്തി ഇത്തിരി കൂടിപ്പോയി! പിന്നില്‍ ബാസ്റ്റിന്റെ പരിഹാസച്ചിരി കേട്ടു. ''എന്റെ സാറേ, ഇങ്ങനെ സംശയിക്കരുത്. അമ്മ കാക്കയായി വന്നപ്പോള്‍ സാറ് സംശയിച്ചില്ലല്ലോ. അല്ലെങ്കിലും സ്വന്തം കാര്യം വരുമ്പോള്‍ ആള്‍ക്കാര്‍ക്ക് വേറൊരു സ്വഭാവമാണ്.'' തന്റെ ശാസ്ത്രീയ മനോഭാവത്തെ ബാസ്റ്റിന്‍ പരിഹസിച്ചത് അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. മി. ബാസ്റ്റിന്‍ ഒരു കാര്യം മനസ്സിലാക്കണം. എന്റെ പ്രവൃത്തികള്‍ പുറമേയ്ക്ക് എത്രതന്നെ യുക്തിരഹിതമെന്നു തോന്നിയാലും അതില്‍ എന്റെ ബോധ്യമുണ്ട്, ഒരു പദ്ധതിയുണ്ട്. എന്റെ ഓഫീസിലെ ചില അസൂയക്കാര്‍ പറയുമ്പോലെ എനിക്ക് ഭ്രാന്തായിരിക്കാം, പക്ഷേ, എന്റെ പ്രവൃത്തിയിലുണ്ട് ഒരു യുക്തി! എ മെത്തേഡ് ഇന്‍ മാഡ്നെസ്...'' ദേവരാജന്റെ വാക്കുകള്‍ കേട്ട് കടുവ വാപൊത്തി. ''അയ്യോ, സാറും ഷേക്സ്പിയര്‍ പ്രേമിയാണെന്നു ഞാനറിഞ്ഞില്ല! ഹാംലറ്റ് എനിക്ക് കാണാപ്പാഠമാണ് സര്‍!''

ഈ പോക്ക് അത്ര നല്ലതിനല്ലെന്ന് ദേവരാജന് തോന്നി. ''നോക്കൂ ബാസ്റ്റിന്‍. എന്നെ കാണാന്‍ താങ്കള്‍ ഇവിടെ കാത്തിരുന്നത് പത്തുവര്‍ഷം മുമ്പത്തെ പരിചയം പുതുക്കാനല്ലെന്നത് വ്യക്തമാണല്ലോ. മണി എട്ടാകാറാവുന്നു. മഴയ്ക്കു മുന്‍പേ വീടുപറ്റണം. പറയൂ സുഹൃത്തേ, എന്തിനാണ് എന്നെ കാണാന്‍ കാത്തുനിന്നത്?''
കടുവയുടെ ദീര്‍ഘനിശ്വാസത്തില്‍ പരിസരത്തുള്ള പുല്‍നാമ്പുകള്‍ വിറച്ചു. പതുങ്ങിനിന്ന മഴത്തണുപ്പ് ഇരട്ടിച്ചു. പുഞ്ചിരിക്കാന്‍ പണിപ്പെട്ടുകൊണ്ട് കടുവ പറഞ്ഞു, ''സാര്‍, പ്രധാനപ്പെട്ട കാര്യങ്ങളൊന്നും അങ്ങനെ എടുത്തടിച്ച് പറയാന്‍ പാടില്ലല്ലോ. സമീപഭാവിയില്‍ നമ്മുടെ കണ്ടുമുട്ടല്‍ രേഖപ്പെടുത്താന്‍ പോവുന്നയാള്‍ എടുത്തുചാടി ഓരോന്നു പറഞ്ഞ് ചെന്നുവീഴുന്ന കെണികളെ കുറിച്ചാലോചിച്ചാല്‍ സാറിന് സഹിക്കില്ല. ആ, എന്തിനതൊക്കെ പറയുന്നു?'' നീട്ടിവെച്ച മുന്‍കാലുയര്‍ത്തി അതിലെ മുറിവുകള്‍ മെല്ലെ നക്കിക്കൊണ്ട് കടുവ ദീര്‍ഘമായി ഏമ്പക്കം വിട്ടു. ''സാറ് ക്ഷമിക്കണം. വല്ലതും കഴിച്ചിട്ടല്ല ഈ ശബ്ദശല്യം. കംപ്ലീറ്റ് ഗ്യാസാണ്. ഇറച്ചി എന്ന് എഴുതിവായിച്ചിട്ടു തന്നെ ദിവസം രണ്ടായി. പുല്ലുതിന്നുന്ന പുലി എന്നൊക്കെ മനുഷ്യര്‍ പറഞ്ഞുപറഞ്ഞ് അറം പറ്റി. കാട്ടിലിപ്പോള്‍ പുല്ലു മാത്രമേയുള്ളൂ.''

ദേവരാജന് സഹതാപം തോന്നി. ''നമ്മള്‍ മനുഷ്യര്‍ക്കുപോലും അടുപ്പിച്ച് കുറച്ചു ദിവസം വെജിറ്റേറിയനാവുന്നത് ബുദ്ധിമുട്ടാണ്. ശബരിമലയ്ക്ക് വ്രതമെടുക്കുന്നതിന്റെ പാട് അനുഭവിച്ചാലേ അറിയൂ. താങ്കളുടെ പ്രയാസം എനിക്ക് മനസ്സിലാവും.'' പിന്നെ, തെല്ല് ശബ്ദം താഴ്ത്തി, ''ആരോടും പറയരുതെന്നു പറഞ്ഞതാണ്, എങ്കിലും നിന്നെ എനിക്ക് വിശ്വാസമാണ്. കേട്ടോ. എന്റെ അമ്മ പരേതാത്മാവാണ്, പക്ഷേ, ഒരു ചെറിയ കഷണം മീനെങ്കിലുമില്ലെങ്കില്‍ കാക്കമ്മ ഒന്നും കഴിക്കില്ല!'' ദേവരാജന്‍ മെല്ലെ എണീറ്റു. കടുവ മുരടനക്കി. ''എങ്ങോട്ടാ പെട്ടെന്ന്? ഞാനിപ്പോ വിട്ടേയ്ക്കാം!''

''പ്രിയപ്പെട്ട ബാസ്റ്റിന്‍, പട്ടിണിക്കാരനെ ദീര്‍ഘമായി സംസാരിച്ച് പീഡിപ്പിക്കുന്നത് പാപമാണ്. ഞാന്‍ വേഗം പോയി താങ്കള്‍ക്ക് കുറച്ചു ഭക്ഷണം വാങ്ങിവരാം'' ഗൗരവത്തോടെ ദേവരാജന്‍ പറഞ്ഞു.
കടുവയും മെല്ലെ എണീറ്റു. ''ആധാര്‍ കാര്‍ഡുണ്ടോ കയ്യില്‍? അതു തന്നിട്ടുപോയാല്‍ മതി. സാറിനെ വിശ്വാസമില്ലാത്തതുകൊണ്ടല്ല. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്‍കരുതലെടുക്കാതിരിക്കാന്‍ എനിക്ക് പറ്റില്ല സാര്‍. പ്ലീസ് കോപ്പറേറ്റ്!''

ദേവരാജന്‍ അമ്പരന്നുപോയി. സത്യത്തില്‍ മുങ്ങുന്ന കാര്യം ആലോചിച്ചതാണ്. കുഴപ്പക്കാരനല്ല എന്നുതന്നെ ഇരിക്കട്ടെ. വന്യമൃഗമല്ലേ, പെട്ടെന്നു സ്വഭാവം മാറി കടന്നാക്രമിച്ചാലോ? പക്ഷേ, ഇനി രക്ഷയില്ല. ആധാര്‍ കാര്‍ഡില്ലെങ്കില്‍ ലോണെടുക്കുന്നത് പോയിട്ട് മരിക്കാന്‍പോലും പറ്റില്ല. അദ്ദേഹം ഓടി പുറത്തിറങ്ങി ഒരോട്ടോ പിടിച്ച് കിഴക്കേക്കോട്ടയിലെ പ്രശസ്ത മട്ടണ്‍ കടയിലേക്ക് തിരിച്ചു. ഇടക്കാലത്ത് ഡസന്‍കണക്കിന് പട്ടിത്തല പിടിച്ചതിനെ തുടര്‍ന്നു പൂട്ടിയിരുന്ന ഹോട്ടല്‍ വൈകാതെ വീണ്ടും തുറന്നതാണ്. ഏതു പാതിരാത്രിയില്‍ ചെന്നാലും പുട്ടും മട്ടണും കിട്ടും. ഇവിടുത്തെ രുചിയെക്കുറിച്ച് പറയാന്‍ തിരുവനന്തപുരത്തെ ഭക്ഷണപ്രേമികള്‍ക്ക് നൂറു നാക്കാണ്!

പോയ ഓട്ടോയില്‍ തന്നെ ദേവരാജന്‍ മടങ്ങുമ്പോള്‍ കനത്ത മഴ പുനരാരംഭിച്ചിരുന്നു. നല്ല തണുപ്പുണ്ട്. എന്തും ഏതും വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യുന്ന അയാള്‍ ബാഗില്‍ കരുതിയിരുന്ന ജാക്കറ്റ് എടുത്തു ധരിച്ചു. കടുവ അവിടെയുണ്ടാകരുതേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് കുടനിവര്‍ത്തി പടികയറാന്‍ തുടങ്ങി.
കൊട്ടാരത്തിനു ചുറ്റും പതിവു നടപ്പുകാര്‍ അക്ഷമരായി കൂട്ടംകൂടിയിരുന്നു. പുറത്തെ നടപ്പാതയില്‍ എണ്‍പതില്‍ കുറയാത്ത പ്രായമുള്ള ഒരാള്‍, നരച്ച താടിയും തുളയ്ക്കുന്ന കണ്ണുകളുമുണ്ട്, മഴയെ അവഗണിച്ച് ഓടുകയാണ്. മഴ മാറാന്‍ കാത്തിരിക്കുന്നവര്‍ അയാളെ നോക്കിയിരിക്കുകയാണെന്ന് തോന്നി. ദേവരാജന്‍ കൊട്ടാരം കടന്നു താഴേയ്ക്ക് നടന്നു. അപ്പോള്‍ പിന്നില്‍ നിന്നാരോ, അയാള്‍ തിരിഞ്ഞു നോക്കിയില്ല, ''താഴെയിറങ്ങേണ്ട കേട്ടോ, മുഴുവന്‍ വെള്ളത്തിലാണ്'' എന്നു വിളിച്ചുപറഞ്ഞു.

കുത്തനെയുള്ള ഇറക്കമിറങ്ങി അയാള്‍ താഴെയറ്റമെത്തി. അവിടെ മിനി ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ അടുത്തെത്തിയപ്പോള്‍ പരുപരുത്ത ശബ്ദത്തില്‍ ബാസ്റ്റിന്റെ വിളി കേട്ടു. ''സാര്‍, ഞാനിവിടെയുണ്ട്!''
ഒരു പൊന്തയ്ക്കു താഴെ മഴയില്‍നിന്നും അഭയം തേടിയിരിക്കുകയാണ് കടുവ. ചെളികെട്ടിത്തുടങ്ങിയ നിലത്ത് അവന്റെയടുത്തു കുത്തിയിരുന്ന് അയാള്‍ ഭക്ഷണപ്പൊതി തുറന്നു. കടുവയുടെ പ്രതികരണം അയാളെ നിരാശപ്പെടുത്തി. അവന്‍ സന്തോഷിച്ച് തുള്ളിച്ചാടുമെന്നും അഭിനന്ദിക്കുമെന്നുമാണ് ദേവരാജന്‍ പ്രതീക്ഷിച്ചത്. പക്ഷേ, ബാസ്റ്റിന്‍ ഒന്നു മണത്തശേഷം പൊതി നീക്കിവെക്കുകയാണ് ചെയ്തത്.
''എന്തുപറ്റി സെബാസ്റ്റ്യന്‍, മട്ടന്‍ ഇഷ്ടമല്ലേ? ഈ സിറ്റിയില്‍ കിട്ടുന്നതില്‍ ബെസ്റ്റാണിത്. സംശയമുണ്ടെങ്കില്‍ അന്വേഷിച്ചു നോക്ക്!''

കടുവ നിരാശക്കിടേയും ചിരിക്കാന്‍ ശ്രമിച്ചു. ''പാകം ചെയ്ത ഇറച്ചി കഴിച്ച് എനിക്ക് ശീലമില്ല. ഇതിലെ മസാലയും രാസവസ്തുക്കളുമൊക്കെ വയറു കേടാക്കും. പ്രധാന പ്രശ്‌നം അതല്ല സാര്‍. പച്ചയിറച്ചി കടിച്ചുവലിച്ചു തിന്നാലേ ഒരിതുള്ളൂ. സാറെന്നെങ്കിലും കടുവയായി ജനിച്ചാലേ അതു മനസ്സിലാവൂ!''
ഈ മഴയത്ത് അത്യദ്ധ്വാനം ചെയ്ത് ആവിപറക്കുന്ന മൂന്നു പൊതി മട്ടന്‍ വാങ്ങിക്കൊണ്ടു വന്നിട്ട് ആര്‍ക്കും വേണ്ടെന്നു പറഞ്ഞാല്‍... ദേവരാജന് സങ്കടം വന്നു. ''സാറ് വിഷമിക്കേണ്ട. എനിക്ക് പട്ടിണി ശീലമാണ്. നല്ല കാലത്തും ഞങ്ങള്‍ക്ക് പട്ടിണി കിടക്കേണ്ടിവരാറുണ്ട്. ഇരവികുളത്ത് ഒരു വരയാടിനെ പിടിക്കാന്‍ പത്തു പന്ത്രണ്ടു മണിക്കൂര്‍ അനങ്ങാതെ കാത്തിരുന്നിട്ടുണ്ട്. പിന്നെ, സാറിനറിയാമല്ലോ, എനിക്ക് ഈ പ്ലാസ്റ്റിക്കിന്റെ മണംപോലും ഇഷ്ടമല്ല. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞതൊന്നും ഞാന്‍ കഴിക്കത്തില്ല, കഴിഞ്ഞ വര്‍ഷം ഒരു മ്ലാവ് എന്നെ കൊല്ല് എന്ന ഭാവത്തില്‍ ഞങ്ങടെ മുന്നില്‍ വന്നുനിന്നതാണ്. കൊന്നു വയറു പിളര്‍ന്നപ്പോള്‍ വലിയൊരു പ്ലാസ്റ്റിക് കവര്‍. റാണി കുറച്ചു ദിവസം ദീനമായി കിടന്നു. ചത്തുപോവുമെന്നു ഞാന്‍ പേടിച്ചുപോയി. അതില്‍ പിന്നെ പ്ലാസ്റ്റിക് എന്നു കേട്ടാല്‍ കലിയാണ്! സാറ് വേറൊന്നും വിചാരിക്കരുത്.''

''ഇവന്റെ കത്തി തീരുന്ന ലക്ഷണമില്ലല്ലോ. ഇവനെന്തു ഭാവിച്ചാണ്? പണ്ടു കടുവാ ചാക്കോ മാഷിന്റെ കണക്കു ക്ലാസ്സിലിരുന്നപോലെ'' ചെറുചിരിയോടെ അയാള്‍ പിറുപിറുത്തു. ഇത്തിരി പൊടിവലിച്ചാല്‍ ബോറടി മാറാതിരിക്കില്ല. അയാള്‍ പാന്റിന്റെ പോക്കറ്റില്‍ രണ്ട് പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് ഭദ്രമായി സൂക്ഷിച്ച പൊടിപ്പൊതി തുറന്ന് ഒരു നുള്ളെടുത്തു. ഒറ്റവലി. പിന്നെ വെടിപൊട്ടുന്ന ഒച്ചയില്‍ ഒറ്റത്തുമ്മല്‍.

സത്യം പറഞ്ഞാല്‍ നമ്മുടെ കടുവ തെറിച്ചുപോയി. ''സാര്‍ ഒരു പാവമെന്നാണ് ഞാന്‍ കരുതിയത്. ആരെയും അണ്ടറെസ്റ്റിമേറ്റ് ചെയ്യരുത് എന്നു പറയുന്നത് ഇതുകൊണ്ടാണ്. സാര്‍ കാണുംപോലെയല്ല്, ഭയങ്കരനാണ്!'' ഭയബഹുമാനങ്ങളോടെ കടുവ പറഞ്ഞു. ഇതുകേട്ടിട്ട് തെല്ലും അഹങ്കാരമില്ലാതെ ദേവരാജന്‍ ഇങ്ങനെ പറഞ്ഞു: ''ഇതൊക്കെ എന്ത്, ചെറുപ്പത്തില്‍ എന്റെ തുമ്മലിന്റെ ശക്തിയില്‍ അയല്‍പക്കത്തെ കെട്ടിടം ഇടിഞ്ഞുവീണിട്ടുണ്ട്. അതീപ്പിന്നെ, തുമ്മാന്‍ നേരത്ത് ഞാന്‍ വിളിച്ചുപറയുമായിരുന്നു. അതൊക്കെ ഒരുകാലം മി. ബാസ്റ്റിന്‍. നിനക്ക് മനസ്സിലാവില്ല! അതുപോട്ടെ, ദേഹവും ദേഹിയും ഒരുമിച്ച് നില്‍ക്കണമെങ്കില്‍ എന്തെങ്കിലും ഉള്ളില്‍ ചെല്ലണേ അനിയാ?''

ചോദ്യം കാത്തിരുന്നപോലെ ബാസ്റ്റിന്‍ പറയാന്‍ തുടങ്ങി. ''സംസ്‌കൃതത്തില്‍ ഒരു ശ്ലോകമുണ്ട്, ചാണക്യന്‍ വക.''
''ദീപോ ഭക്ഷയതേ ധ്വാന്തം കജ്ജലം ച പ്രസൂയതേ
യദന്നം ഭക്ഷ്യതേനിത്യം ജായതേ താദൃശി പ്രജാ''
സാറിന് മനസ്സിലായോ? അതായത്, ദീപം ഇരുട്ടിനെ ഭക്ഷിക്കുന്നു, കരി ഉല്‍പ്പാദിപ്പിക്കുന്നു; അതുപോലെ, ഒരാള്‍ നിത്യവും ആഹരിക്കുന്നത് അവന്റെ കര്‍മ്മത്തേയും സ്വാധീനിക്കുന്നു. യൂ ആര്‍ വാട്ട് യൂ ഈറ്റ്! ഇതിനെപ്പറ്റി പറയാന്‍ ഒരുപാടുണ്ട്, സാറിന് ബോറടിക്കും. കഴിക്കുന്ന ഭക്ഷണം ഒരാളുടെ ചിന്തയിലും സ്വഭാവത്തിലും പോലും സ്വാധീനം ചെലുത്തും. പിന്നെ, എന്നെപ്പോലുള്ള മാംസഭുക്കുകളുടെ കാര്യം പറയാനുണ്ടോ സാര്‍? എന്റെ എല്ലും പല്ലും ദഹനേന്ദ്രിയങ്ങളുമൊക്കെ മാംസഭക്ഷണത്തിനു മാത്രം ഉണ്ടാക്കിയതാണ്. എന്തിന്, എന്റെ ജനിതക ഘടനപോലും അതു മനസ്സില്‍ കണ്ടാണ്. ഈ സാത്വിക ഭക്ഷണം കഴിച്ചു കന്നാലിയാവുന്നതിനെക്കാള്‍ എളുപ്പം പട്ടിണികിടന്നു സിദ്ധി കൂടുന്നതാണ്'' ഗദ്ഗദത്തോടെ കടുവ പറഞ്ഞു നിര്‍ത്തി.

ദേവരാജന്‍ വാച്ചുനോക്കി. മണി എട്ടര. ''ഈ തത്ത്വചിന്ത എങ്ങുമെത്തുന്നില്ല. എനിക്കാണെങ്കില്‍ ഒന്‍പതു മണിക്കെങ്കിലും വീടെത്തുകയും വേണം. മി. ബാസ്റ്റിന്‍, വേഗം പറയൂ. ഹൗ കാന്‍ ഐ ഹെല്‍പ്പ് യൂ?''
''വൈകിപ്പിച്ചതില്‍ ക്ഷമിക്കണം. അങ്ങ് ഞാനിവിടെ എത്തിയതെങ്ങനെ എന്ന് ഇനിയും ചോദിച്ചില്ല?''
ദേവരാജന്‍ അക്ഷമനായി. ''ചോദിച്ചിരിക്കുന്നു. ആ കഥ പറയൂ.''

മഴ വീണ്ടും തോര്‍ന്നു. നീണ്ട വാലിളക്കിക്കൊണ്ട് ബാസ്റ്റിന്‍ മുന്നോട്ടു നടന്നു. മരംപെയ്ത് ജാക്കറ്റ് നനച്ചത് വകവെക്കാതെ ദേവരാജന്‍ പിന്നാലെ.
ബാസ്റ്റിന്‍ ഓഡിറ്റോറിയത്തില്‍ അല്‍പ്പം ഉയരമുള്ള ഭാഗത്ത് മൂടൂന്നിയിരിക്കുന്നത് അയാള്‍ നോക്കി. നാട്ടുവെളിച്ചത്തില്‍ കാണാന്‍ നല്ല ഗാംഭീര്യമുണ്ട്. കാര്‍ട്ടൂണ്‍ സിനിമയിലെ സിംബയാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നും.
ഒരു കൈയില്‍ ഭക്ഷണപ്പൊതിയും മറുകൈയില്‍ കുടയുമായി അസ്വസ്ഥനായി നിന്ന ദേവരാജന്‍ പറഞ്ഞു: ''പ്ലീസ് ബാസ്റ്റിന്‍, എന്താണെങ്കിലും പറയൂ. എനിക്ക് വിശക്കുന്നുണ്ട്. നാളത്തെ മീറ്റിംഗിന് കുറച്ച് തയ്യാറെടുക്കാനുമുണ്ട്.''

കടുവ പൊട്ടിച്ചിരിച്ചു. ''ഞാന്‍ വിട്ടാലല്ലേ സാറിന് പോകാന്‍ കഴിയൂ?'' കുറച്ചു നേരം അയാളുടെ വല്ലായ്മ ആസ്വദിച്ച ശേഷം കടുവ ചിരി നിര്‍ത്തി. ''അതൊരു തമാശയായിരുന്നു, സോറി. ഏറ്റില്ല! ബൈ ദി ബൈ, സാറിന് വിശക്കുന്നെങ്കില്‍ കയ്യിലുള്ള പൊതി കഴിച്ചുകൂടെ. ഐ ഹാവ് നോ ഇഷ്യൂസ് സര്‍!''
കേട്ടപാതി, ദേവരാജന്‍ മട്ടന്‍ പൊതിയഴിച്ചു. പ്രമേഹിയാണ്, വിശന്നാല്‍ കണ്ണുകാണില്ല. വെപ്രാളത്തോടെ അയാള്‍ ഇറച്ചി തിന്നുന്നത് കൗതുകത്തോടെ ബാസ്റ്റിന്‍ നോക്കിനിന്നു.

''തല്‍ക്കാല ശാന്തിയായില്ലേ? ആഹാരം കഴിക്കുമ്പോള്‍ ഇത്തിരികൂടി ശ്രദ്ധയാകാം. ജാക്കറ്റിന്റെ പോക്കറ്റിലൊക്കെ ഇറച്ചിക്കറി പറ്റിയിട്ടുണ്ട്. ഓക്കെ സാര്‍, ഇനി പ്രശ്‌നത്തിലേക്ക് വരാം.''
ഇതെന്തു മാരണമാണെന്ന ഭാവത്തോടെ അയാള്‍ കടുവയെ നോക്കി. ഈ ജന്തുവിന്റെ മുന്നില്‍പോലും താന്‍ സംസ്‌കാരം കുറഞ്ഞവനാണെന്ന തോന്നല്‍ അയാളെ വിഷാദിയാക്കി. കര്‍ച്ചീഫെടുത്ത് ശ്രദ്ധാപൂര്‍വ്വം അയാള്‍ കൈയിലും കുപ്പായത്തിലുമൊക്കെ വീണ ഇറച്ചിക്കറ തുടച്ചുമാറ്റാന്‍ തുടങ്ങി.

''അപ്പോള്‍ സാര്‍. എന്റെ കഥ കേള്‍ക്കണ്ടേ? ഞാന്‍ വളര്‍ന്നത് തൃശൂര്‍ മൃഗശാലയിലാണ്. പ്രസവിച്ചത് ശബരിമലയ്ക്കടുത്ത് എവിടെയോ ആണെന്ന് റേഞ്ചര്‍ പറഞ്ഞു. എനിക്ക് ഒരു സഹോദരനുമുണ്ടായിരുന്നു. മറ്റുള്ളവരെ അമ്മ അകത്താക്കിയെന്നു ചില ശത്രുക്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ആ അതുപോട്ടെ. സൂവില്‍ ഞങ്ങളെ പരിപാലിക്കുന്ന കരുണാകരന്‍ സാറിന് എന്നെ വലിയ ഇഷ്ടമായിരുന്നു. സത്യത്തില്‍ നിങ്ങളുടെ ഭാഷയില്‍ സംസാരിക്കാന്‍ പഠിച്ചത് ആ വലിയ മനുഷ്യനില്‍നിന്നാണ്. മകന്റെ ഓര്‍മ്മയ്ക്ക് എനിക്ക് സെബാസ്റ്റ്യന്‍ എന്നു പേരിട്ടതും അദ്ദേഹമാണ്. ഈ കൊന്ത അവന്റെ ഓര്‍മ്മയ്ക്ക് സാറിട്ടു തന്നതാണ്. എനിക്ക് രണ്ടു വയസ്സുള്ളപ്പോള്‍ ഒരു ദിവസം അദ്ദേഹം അല്‍പ്പം മദ്യപിച്ചിട്ടാണ് വന്നത്. മുടിഞ്ഞ സ്‌നേഹം. അമ്മ കാണാതെ എന്നെ എടുത്തുകൊണ്ടു അദ്ദേഹം സ്വന്തം ക്വാര്‍ട്ടേഴ്സിലേക്ക് തിരിച്ചു.

പക്ഷേ, അപ്പോഴേയ്ക്കും പുലി ചാടിപ്പോയെന്ന വാര്‍ത്ത പരന്നുകഴിഞ്ഞു. റോഡിലൊക്കെ പരിശോധന. കരുണാകരന്‍ സാറിന്റെ ചേതക് സ്‌കൂട്ടറിന്റെ മുന്നില്‍ തൂക്കിയ വലിയ സഞ്ചിയില്‍ ശ്വാസം പിടിച്ചിരിക്കുകയായിരുന്നു ഞാന്‍. കുഴപ്പമാണെന്നു മനസ്സിലായി അദ്ദേഹത്തിന്. പിടിച്ചാല്‍ പണി പോവും. അദ്ദേഹം കൂട തുറന്ന് എന്നെ മോചിപ്പിച്ചു. എവിടെയെങ്കിലും പോയി സന്തോഷമായി ജീവിക്ക് എന്നു പറഞ്ഞു. തന്നെ ശപിക്കരുതെന്ന് അപേക്ഷിച്ച് എന്റെ മുഖത്ത് ഒരുമ്മയും തന്നു.'' ആ ദൃശ്യങ്ങള്‍ നേരില്‍ കണ്ടിട്ടെന്ന വണ്ണം ബാസ്റ്റിന്‍ വിതുമ്പി. ''എന്തായിങ്ങനെ കുട്ടികളെപ്പോലെ? ഒരു കടുവയല്ലെ, ഇങ്ങനെ സെന്റിമെന്റലാകാമോ?'' എന്നു ചോദിച്ചുപോയി ദേവരാജന്‍.

ബാസ്റ്റിന്‍ തുടര്‍ന്നു: ''എന്റെ ജീവിതത്തിലെ അവിസ്മരണീയമായ പത്തു വര്‍ഷങ്ങളായിരുന്നു പിന്നീട്. പെരിയാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയില്‍. തുറന്ന കാട്, തുറന്ന ആകാശം, വേട്ടയാടാന്‍ ഇഷ്ടം പോലെ മൃഗങ്ങള്‍, പ്രേമിക്കാന്‍ ലക്ഷണമൊത്ത ഇണ. കഴിഞ്ഞ വര്‍ഷം മുന്‍പ് എങ്ങനെയോ വയനാട്ടില്‍ ചെന്നുപെട്ടു. വേനലായതോടെ കഴിക്കാനൊന്നുമില്ല. സഹികെട്ട് ഞങ്ങള്‍ക്ക് നാട്ടിലിറങ്ങേണ്ടി വന്നു സാറേ. ഒന്നുരണ്ട് ആടിനേയും തിന്നു. പക്ഷേ...''

അവന്‍ ഏങ്ങിയേങ്ങി കരയാന്‍ തുടങ്ങി. പിന്നെ, വലംകൈ കൊണ്ട് കണ്ണീര്‍ തുടച്ച്, നിയന്ത്രണം വീണ്ടെടുത്തു. ''റാണി, എന്റെ പെണ്ണ്, അവളെ നാട്ടുകാര്‍ കെണിവച്ചു പിടിച്ചു. എന്നെ അവര്‍ കല്ലെറിഞ്ഞോടിച്ചു. എന്റെ ശരീരം കണ്ടില്ലേ സാര്‍? കഴിഞ്ഞമാസം അവളെ അവര്‍ കെണിവച്ചു പിടിച്ചു. അവളെ ഈ മൃഗശാലയിലേക്ക് കൊണ്ടുവന്നു സാര്‍. പിന്നാലെ രാത്രിയുടെ മറപറ്റി പതുക്കെപ്പതുക്കെ ഇവിടെയെത്താന്‍ കുറച്ചധികം പാടുപെട്ടു സാര്‍.'' ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് കടുവ ദേവരാജന്റെ അടുത്തേയ്ക്കു വന്നു. അല്‍പ്പമൊരു പതര്‍ച്ചയുണ്ടെങ്കിലും അയാള്‍ പിന്‍വാങ്ങിയില്ല. കടുവ പിന്‍കാലിലുയര്‍ന്ന് അയാളുടെ രണ്ടു കൈകളും ചേര്‍ത്തുപിടിച്ചു.

''സാര്‍, എന്നെ എങ്ങനെയെങ്കിലും ഈ മൃഗശാലയ്ക്കകത്തെത്തിച്ചു തരണം. എനിക്കെന്റെ പെണ്ണിനെ ഒന്നു കാണണം. എന്റെ ജീവിതം വഴിതിരിച്ചുവിട്ട കരുണാകരന്‍ സാറിനെ കാണണം. അതിനെക്കാള്‍ പ്രധാനമായി, ഒരു കഷണം വൃത്തിയുള്ള പച്ചയിറച്ചി കടിച്ചുവലിച്ചു തിന്നണം. എന്നെ സഹായിക്കണം. പറ്റില്ലെന്നു പറയരുത്!'' എന്നിട്ട് സ്വന്തം ചുമലിലെ വലിയ വട്ടത്തിലെ മുറിവില്‍ കടിച്ച് ഒരു കഷണം ഇറച്ചി മുറിച്ചെടുത്തു ചവയ്ക്കാന്‍ തുടങ്ങി. ഈ കാഴ്ച കണ്ട് പേടിച്ച ദേവരാജന്‍ മുഖം പൊത്തി. ''സാറേ, ഇതാണ് ജീവിതം. യാഥാര്‍ത്ഥ്യം എപ്പോഴും സ്വപ്നത്തെക്കാള്‍ വിചിത്രമായിരിക്കും! ഇറച്ചിക്ക് ഓരോ കോശവും കൊതിക്കുമ്പോള്‍ ഞാന്‍ വേറെന്തു ചെയ്യാനാണ്? സ്വന്തം വംശത്തില്‍പ്പെട്ട ട്രാന്‍സ്ജെന്‍ഡേഴ്സിനോടുപോലും കരുണ കാട്ടാത്ത നിങ്ങള്‍ക്ക് അല്ലെങ്കിലും ഞങ്ങളെ മനസ്സിലാവില്ല സാര്‍!''

ദേവരാജന്‍ ധര്‍മ്മസങ്കടത്തിലായി. ഇത്രയും വലിപ്പവും പത്തഞ്ഞൂറു റാത്തല്‍ തൂക്കവുമുള്ള ഈ കടുവയെ എങ്ങനെ അകത്തു കടത്തും? ഛായ്, ഇംപോസ്സിബിള്‍! അറിയാതെ അയാള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
ബാസ്റ്റിന്‍ പറഞ്ഞു: ''സാര്‍, ഇങ്ങോട്ടു നോക്കണം. നന്ദന്‍കോട് റോഡിലെ വലിയ മതില്‍ കടക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ?''

''നടക്കുന്ന കാര്യം പറ ബാസ്റ്റ്യാ. ഞാനൊന്നാലോചിക്കട്ടെ...''
ദേവരാജന്‍ നടന്നും ഇരുന്നും തലചൊറിഞ്ഞും ആലോചിച്ചു.
''യുറേക്കാ, കിട്ടിപ്പോയി. നിന്നെ ഇന്നു രാത്രി പത്തുമണിക്കകം ഞാന്‍ മൃഗശാലക്കകത്തെത്തിക്കും!''
''എന്താണ് പ്ലാന്‍ സാര്‍?''
''നീ പാളയം വരെ ഒന്നോടിയിട്ടു വാ. ഞാനിവിടെ മൃഗശാലക്കകത്ത് മെയിന്‍ ഗേറ്റിനരികില്‍ കാത്തുനില്‍ക്കാം. ആ ബഹളത്തില്‍ നിന്നെ കേറ്റിവിടാന്‍ പറ്റുമെന്ന് എനിക്കുറപ്പാണ്.''
ബാസ്റ്റിന്‍ പോയി തിരിച്ചുവരാന്‍ പത്തു മിനിട്ടെടുത്തു. നഗരം കുട്ടിച്ചോറാകാന്‍ മൂന്നു  മിനിട്ടും. നിശ്ശബ്ദമായി ബാസ്റ്റിന്‍ ഗേറ്റിലെത്തുമ്പോള്‍ കാവല്‍ക്കാരടക്കം റോഡിലായിരുന്നു. താക്കോലുമായി ദേവരാജന്‍ തയ്യാര്‍. അവനെ അകത്തുകയറ്റി, ഗേറ്റുപൂട്ടി താക്കോല്‍ കിട്ടിയ ഇടത്ത് തിരികെ നിക്ഷേപിച്ച് ദേവരാജന്‍ വാച്ചുനോക്കി. കൃത്യം 9.50!

''ഇന്നു രാത്രി ഉറങ്ങുമ്പോള്‍ പത്തരയാവും. ജീവിതത്തിലാദ്യമായി പത്തുമണിക്കുശേഷമുള്ള ഉറക്കം.'' അയാള്‍ ആലോചിച്ചു. പുറത്തേയ്ക്ക് ആഞ്ഞുനടക്കുമ്പോള്‍ അകത്തുനിന്ന് ബാസ്റ്റിന്റെ സംതൃപ്തിയും നന്ദിയും കലര്‍ന്ന മുരള്‍ച്ച. ''ഒരായിരം നന്ദി സാര്‍. ചെറിയൊരുപകാരം കൂടി ചെയ്യണം. വെട്ടുകാടുപള്ളിയില്‍ ഒരു കൂട് മെഴുകുതിരി കത്തിച്ചേക്കുമോ? പിന്നെ, കരുണാകരന്‍ സാറിന്റെ അഡ്രസ്സ് ഒന്നു കണ്ടുപിടിച്ചുതരണം. വീട് നെയ്യാറ്റിന്‍കരയിലാണെന്നാണ് പറഞ്ഞത്.''

ദേവരാജന് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. വിജനമായ കാഴ്ചബംഗ്ലാവ് പരിസരത്ത് അയാളുടെ പൊട്ടിച്ചിരി ഉച്ചത്തില്‍ മുഴങ്ങി. ചിരിച്ചുചിരിച്ച് അയാള്‍ മുന്നോട്ട് നടന്നു. പക്ഷേ, അരമണിക്കൂര്‍ നടന്നിട്ടും കാഴ്ചബംഗ്ലാവിന്റെ വാതില്‍ കണ്ടെത്താന്‍ അയാള്‍ക്കായില്ല. ചിരി നിര്‍ത്താനും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com