'നരകത്തിലെ ചുവരെഴുത്തുകള്‍'- സിവി ബാലകൃഷ്ണന്‍ എഴുതിയ കഥ

ഉടുമ്പ് മനോജും ഗരുഢന്‍ വാസുവും മിന്നല്‍ സൈദാലിയും സാത്താന്‍ എല്‍സേബിയൂസും. ക്രിമിനല്‍ ക്ലബ്ബ് അംഗങ്ങളുടെ ഒരു ഒത്തുചേരലിനു പോവുകയാണ്
'നരകത്തിലെ ചുവരെഴുത്തുകള്‍'- സിവി ബാലകൃഷ്ണന്‍ എഴുതിയ കഥ

രാത്രി നിരത്തിലൂടെ പോയ്‌ക്കൊണ്ടിരുന്ന കാറില്‍ നാലുപേരായിരുന്നു. ഉടുമ്പ് മനോജും ഗരുഢന്‍ വാസുവും മിന്നല്‍ സൈദാലിയും സാത്താന്‍ എല്‍സേബിയൂസും. ക്രിമിനല്‍ ക്ലബ്ബ് അംഗങ്ങളുടെ ഒരു ഒത്തുചേരലിനു പോവുകയാണ്. അതിന്റെ വേദിയായ നിഗൂഢസ്ഥലത്തേയ്ക്ക് ഇനിയുമുണ്ട് ദൂരം.

''ഓരോന്നൂടെ പിടിപ്പിച്ചാലോ?'' എല്‍സേബിയൂസ് കാര്‍ ഓടിച്ചിരുന്ന ഉടുമ്പ് മനോജിനോട് ചോദിച്ചു.
അങ്ങനെ കേള്‍ക്കാന്‍ കാത്തിരുന്നപോലെ ഉടുമ്പ് കാര്‍ നിര്‍ത്തി. അടുത്ത നിമിഷത്തില്‍ ഹെഡ്ലൈറ്റണഞ്ഞു. ആരും പുറത്തിറങ്ങിയില്ല. കാറിനുള്ളില്‍ സ്‌കോച്ച് വിസ്‌കിയുടെ ഗന്ധമായി. വെളിയില്‍ ഇരുട്ട് സാന്ദ്രമായി.
''ഇനി അവിടെയെത്തിയിട്ട് പോരേ?'' മിന്നല്‍ സൈദാലിയുടെ നിര്‍ദ്ദേശത്തിന് എതിരഭിപ്രായമുണ്ടായില്ല.
ഉടുമ്പ് വീണ്ടും കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. പാതയിലേയ്ക്കായി ഹെഡ്ലൈറ്റ് തെളിഞ്ഞു. ആ വെളിച്ചത്തില്‍ ഉടുമ്പും മറ്റുള്ളവരും കണ്ടത്, ഒരുപാട് കുറ്റകൃത്യങ്ങളുടെ ചരിത്രം പിറകിലുണ്ടായിട്ടുപോലും, അന്ധാളിപ്പിക്കാന്‍ പോന്ന ഒരു കാഴ്ചയാണ്.

കഷ്ടിച്ച് മീശ കിളിര്‍ക്കുകമാത്രം ചെയ്ത ഒരു ചെറുക്കന്‍ കഷ്ടിച്ച് തിരളുകമാത്രം ചെയ്ത ഒരു പെങ്കൊച്ചിനെ ദയാരഹിതമായി ആഞ്ഞാഞ്ഞ് കുത്തുകയായിരുന്നു. പെങ്കൊച്ച് നിലവിളിക്കാന്‍ പോലുമാകാത്ത സംഭ്രമത്തിലും നോവിലും വേച്ച് നിലംപതിച്ചു. അവളുടെ ഉടുപ്പാകെ ചുടുചോരയില്‍ കുതിര്‍ന്നു. അല്പനേരം പിടഞ്ഞ് ദേഹം നിശ്ചലമായി. കയ്യില്‍ ചോരയിറ്റുന്ന കത്തിയുമായി കൊലയാളി കിതച്ചുംകൊണ്ട് നിന്നു. ഏതോ നേരത്ത് ഒരു വാഹനത്തിന്റെ ഹെഡ്ലൈറ്റ് തന്റെമേല്‍ പതിച്ചുതുടങ്ങിയതൊന്നും അറിയാതെയാണ് അവന്റെ നില്‍പ്പ്. അവന് യഥാര്‍ത്ഥത്തില്‍ പരിസരബോധം അപ്പാടെ നഷ്ടപ്പെട്ടിരുന്നു. ചോരക്കളത്തിലായുള്ള ജഡത്തെ അവന്‍ മിഴിച്ചുനോക്കി. അതിനിടയില്‍ കയ്യിലെ കത്തി താഴെ വീണു. കത്തിമുന മണ്ണ് പൂശിയതായി.
''ഇതൊരു സിനിമ കാണുമ്പോലെയ്ണ്ടല്ലോ.'' ഗരുഡന്‍ വാസു കാറിനുള്ളിലെ നിശ്ശബ്ദതയ്ക്കു വിരാമമിട്ടുകൊണ്ട് പറഞ്ഞു.
''നേരാ.'' സൈദാലി അതു ശരിവെച്ചു.
''ചുമ്മാ കണ്ടോണ്ടിര്ന്നാ മതിയോ?'' എല്‍സേബിയൂസ് തിരക്കി.
''വരട്ടെ.'' ഉടുമ്പ് പറഞ്ഞു.

അവര്‍ പിന്നെയും നിഷ്‌ക്രിയ ദൃക്സാക്ഷികളായി. കുറ്റകൃത്യത്തിന്റെ രംഗം അതിനോടകം വികാരപ്രധാനമായ ഒന്നായി മാറിക്കഴിഞ്ഞിരുന്നു. മൂര്‍ച്ഛയിലെന്നപോലെ കൊലപാതകി ജഡത്തിനരികില്‍ കുഴഞ്ഞുവീണു. എന്നാല്‍, മോഹാലസ്യമുണ്ടായില്ല. പെങ്കൊച്ചിന്റെ അചേതനമായ മുഖം ഇരുകൈകൊണ്ടും ചേര്‍ത്തുപിടിച്ച് അവന്‍ ഉള്ളുരുകി കരയുകയായി. അവളുടെ നെറ്റിത്തടത്തിലും അടഞ്ഞ കണ്‍പോളകള്‍ക്കു മീതെയും കവിളുകളിലും പൊള്ളുന്ന കണ്ണുനീരായി.
''ഇത് സിനിമയല്ല, നാടകമാ.'' എല്‍സേബിയൂസ് തെല്ല് മടുപ്പോടെ പറഞ്ഞു.
''ദുരന്തനാടകം.'' ഉടുമ്പ് കൂട്ടിച്ചേര്‍ത്തു.
''ദേ, അവനവളെ ഉമ്മവെയ്ക്കുന്നു.'' ഗരുഡന്‍ അങ്ങോട്ട് കൈചൂണ്ടി.
കൊലയാളിയുടെ ആത്മാവില്‍നിന്നും ചൂട് പൊങ്ങി. ആസകലം വിറച്ചുകൊണ്ട് അവന്‍ ജഡത്തിന്റെ നെറുകയിലും നെറ്റിയിലും കണ്ണുകള്‍ക്കു മീതെയും കവിള്‍ത്തടങ്ങളിലും ചുണ്ടുകളിലും ചുംബനങ്ങളര്‍പ്പിച്ചു. ജഡം അതൊന്നുമറിഞ്ഞില്ല. ശരീരത്തിനേറ്റ മുറിവുകളില്‍നിന്ന് അപ്പോഴും ചോരയൊഴുകി.
ഉടുമ്പ് മനോജ് പൊടുന്നനവെ വാഹനത്തിന്റെ ഹെഡ്ലൈറ്റ് അണച്ചു. അതെന്തിനെന്ന് മറ്റാരെങ്കിലും ആരായും മുന്‍പ് വീണ്ടും ലൈറ്റ് തെളിക്കുകയും ചെയ്തു. അപ്പോഴത്തെ പ്രകാശത്തില്‍ ദൃക്സാക്ഷികള്‍ കണ്ടത് കൊലയാളിയുടെ പാച്ചിലാണ്.

ജഡത്തെ പിറകില്‍ ഉപേക്ഷിച്ച് അവന്‍ പായുകയായിരുന്നു.
''വണ്ടിയെട്.'' ഗരുഡന്‍ പറഞ്ഞു.
വാഹനം നീങ്ങി. നിരത്തിലൂടെ നേരെ പായുന്ന കൊലയാളിയുടെ പിറകെ.
അല്പനേരം കഴിഞ്ഞപ്പോള്‍ അവന്‍ വാഹനത്തിന്റെ പിന്‍സീറ്റില്‍ മിന്നല്‍ സൈദാലിയുടേയും സാത്താന്‍ എല്‍സേബിയൂസിനുമിടയില്‍ ഞെരുക്കപ്പെടുന്ന അവസ്ഥയിലായി. സൈദാലിയും എല്‍സേബിയൂസും അവന്റെ ശരീരത്തിലുണ്ടായിരുന്ന പനിച്ചൂടറിഞ്ഞു. ഉടുമ്പ് മനോജ് പാതയില്‍മാത്രം ശ്രദ്ധിച്ചുകൊണ്ട് കാറോടിച്ചു. ആരുമൊന്നും പറഞ്ഞില്ല.

ക്രിമിനല്‍ ക്ലബ്ബിന്റെ ആസ്ഥാനമായ ഇരുണ്ട നിലവറയിലെത്തുമ്പോള്‍ കാണുന്ന ആദ്യത്തെ ചുവരെഴുത്ത്.
''നരകം നിങ്ങളെ സ്വാഗതം ചെയ്യുന്നു.''
സമ്മേളന ഹാളിലേയ്ക്കു നയിക്കുന്ന ഇടനാഴിയുടെ ഭിത്തികളില്‍ വലുതും ചെറുതുമായ പലയിനം ചിലന്തികള്‍ സഗൗരവം പറ്റിപ്പിടിച്ചു നില്‍പ്പുണ്ട്. അവയ്ക്കടിയിലായി നരകവാഴ്ത്തുകളായ ശ്ലഥാത്ഥരങ്ങള്‍. ഇന്ത്യന്‍ ശിക്ഷാനിയമത്തിനും കോടതികള്‍ക്കും ദൈവത്തിനും എതിരെയുള്ള കടുത്ത രോഷമാണ് ചില ചുവരെഴുത്തുകളില്‍. കുറ്റകൃത്യങ്ങള്‍ കുറ്റവാളികളുടെ ജന്മാവകാശമാണെന്ന പ്രഖ്യാപനം ഒരിടത്തു വായിക്കാം. കരിക്കട്ട പെന്‍സില്‍കൊണ്ടു വരച്ച സ്ത്രീകളുടേയും പുരുഷന്മാരുടേയും നഗ്‌നരൂപങ്ങള്‍ ചുവരുകളെ അങ്ങിങ്ങ് അലങ്കരിക്കുന്നു.

ഇടനാഴിക്കപ്പുറമുള്ള ഹാള്‍ വിശാലമാണ്. അനേകം മെഴുകുതിരികള്‍ എരിയുന്നു. കത്തുന്ന മെഴുകുതിരികളുടെ ഒരു കാട്ടിലാണ് എത്തിയതെന്നു തോന്നാം.
ക്രിമിനല്‍ ക്ലബ്ബ് വൈദ്യുതവിളക്കുകള്‍ പാടെ വര്‍ജ്ജിക്കുന്നു. പകരമായി ഉപയോഗിക്കുക വലിപ്പമേറിയ മെഴുകുതിരികളാണ്. അവയുടെ ശോഭയിലാണ് ക്ലബ്ബ് അംഗങ്ങള്‍ അന്യോന്യം കാണാറ്. അവര്‍ക്കിടയില്‍ അപരിചിതരില്ല. കുറ്റകൃത്യങ്ങളുടെ വൈദഗ്ദ്ധ്യത്തില്‍ ഉച്ചനീചത്വങ്ങളുണ്ടാകാമെങ്കിലും അവരെല്ലാം ഒരേ കുടക്കീഴിലാണ്. കൊലപാതകങ്ങളുടെ ക്വട്ടേഷന്‍ ഏറ്റെടുക്കുന്നവര്‍, പെണ്‍വാണിഭക്കാര്‍, മോഷ്ടാക്കള്‍, കുഴല്‍പ്പണ ഇടപാടുകാര്‍, ചൂതുകളിക്കാര്‍, തട്ടിപ്പുകാര്‍, മയക്കുമരുന്ന് വ്യാപാരികള്‍, ആണ്‍വേശ്യകള്‍ എന്നിങ്ങനെ എല്ലാവരും.

അദ്ധ്യക്ഷപദവിയിലുണ്ടായിരുന്ന, നഗരത്തിലെ മൂന്ന് പഞ്ചനക്ഷത്ര വേശ്യാലയങ്ങളുടെ നടത്തിപ്പുകാരിയായ കൊച്ചമ്മിണി എഴുന്നേറ്റു.
''നമുക്കിന്ന് മുന്‍കൂട്ടി നിശ്ചയിച്ച അജന്‍ഡയിലില്ലാത്ത ഒരു കാര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. നമ്മുടെ ക്ലബ്ബിലെ ബഹുമാനപ്പെട്ട അംഗങ്ങളായ ഉടുമ്പ് മനോജും ഗരുഡന്‍ വാസുവും മിന്നല്‍ സൈദാലിയും സാത്താന്‍ എല്‍സേബിയൂസും വന്നിരിക്കുന്നത് കുറച്ചു മുന്‍പൊരു കൊലപാതകം നടത്തിയ ചോര മണക്കുന്ന ഒരു ചെറുക്കനേയും കൊണ്ടാണ്. പൊലീസിന്റെ വലയില്‍ പെടുത്താതെ അവനെ ഇങ്ങോട്ട് കൊണ്ടുവന്നിരിക്കയാണ്. അതിനൊരു നല്ല കയ്യടി.''

സദസ്യരത്രയും ആവേശപൂര്‍വ്വം കയ്യടിച്ചു. ഉടുമ്പ് മനോജും ഗരുഡന്‍ വാസുവും മിന്നല്‍ സൈദാലിയും സാത്താന്‍ എല്‍സേബിയൂസും സദസ്യരെ തലകുനിച്ചു വണങ്ങി. ചെറുക്കനാകട്ടെ, അമ്പരപ്പോടെ നിന്നു.
കാര്യം വിശദീകരിക്കാന്‍ ഉടുമ്പിനെ ക്ഷണിക്കുകയാണെന്നറിയിച്ച് കൊച്ചമ്മിണി പിന്‍വാങ്ങി. ഉടുമ്പ് ഒപ്പമുള്ളവരെ നോക്കി. ഗരുഡനും മിന്നലും സാത്താനും അവനെ പ്രോത്സാഹിപ്പിക്കുന്നതുപോലുള്ള ആംഗ്യം കാട്ടി. അവന്‍ ഒരു ചുവട് മുന്നോട്ടു നീങ്ങി. ക്ലബ്ബ് അംഗങ്ങള്‍ കാതുകള്‍ കൂര്‍പ്പിച്ച് ഇരുന്നു.
''ബഹുമാനപ്പെട്ട അദ്ധ്യക്ഷ പറഞ്ഞതുപോലെ ഞാനും കൂട്ടുകാരും ചേര്‍ന്ന് ഇങ്ങോട്ട് കൊണ്ടുവന്നിരിക്കുന്ന ഇക്കാണുന്ന ചെറുക്കനെ സത്യമായും ചോര മണക്കുന്നുണ്ട്. ഞങ്ങടെ മുന്നിലിട്ടാ ഇവന്‍ എട്ടും പൊട്ടും തിരിയാത്തൊരു പെങ്കൊച്ചിനെ കുത്തിക്കൊന്നത്. കത്തി അവള്‌ടെ ദേഹത്തേയ്ക്ക് പിന്നേം പിന്നേം കുത്തിയിറക്കുമ്പോ ഇവന് എന്തൊര് ഊറ്റമാരുന്നൂന്നോ. പെണ്ണ് നിലത്തുവീണ് പെടഞ്ഞ് ചത്തു. ഞങ്ങളിവനെ കയ്യോടെ പിടിച്ചത് അവളെ അവ്‌ടെ വിട്ടേച്ച് ഓടിപ്പോകുമ്പോഴാ.''

അത്രയും പറഞ്ഞുനിര്‍ത്തിയ ഉടുമ്പിന്റെ വലത്തെ കാതില്‍ ഗരുഡന്‍ എന്തോ മന്ത്രിച്ചു. ഉടുമ്പ് അതുകേട്ട് തലകുലുക്കി.
''അതിനെടേല് ഒരു കാര്യം പറയാന്‍ വിട്ടുപോയി. ഓടിപ്പോകുന്നതിനു മുന്‍പ് ഇവന്‍ എന്തു ചെയ്തൂന്ന് കൂടി നിങ്ങളറിയണം.''
ചെറുക്കന്‍ അപരാധബോധത്തോടെ തല താഴ്ത്തി. അവന്‍ ചെയ്തതെന്തെന്ന് അറിയാത്ത കേള്‍വിക്കാര്‍ ഒന്നടങ്കം ആകാംക്ഷയുടെ മുള്‍മുനയിലായി. പലരുടേയും ഞരമ്പുകള്‍ വലിഞ്ഞുമുറുകി. പല മുഖങ്ങളും സ്‌തോഭപൂര്‍ണ്ണങ്ങളായി. ചിലരുടെ കണ്ണുകള്‍ പുറത്തേയ്ക്കു തള്ളി. പലരും വിജൃംഭിതഗാത്രരായി. ഏതാനും പേരിലെങ്കിലും ശവമൈഥുനത്തിന്റെ ആശങ്കയുണര്‍ന്നു. ശവമായെങ്കിലും ശരീരത്തിന്റെ ചൂടാറിയിരിക്കില്ല. അവന്‍ അതിനോട് ആസക്തി കാട്ടിയിരിക്കാം. ജഡത്തിന് ചെറുത്തുനില്‍പ്പ് സാധ്യമല്ലല്ലോ.

''എനിക്കപ്പോഴേ തോന്നി ശവത്തെ ഇവന്‍ വെറുതെ വിട്ടിരിക്കില്ലാന്ന്.'' കൊച്ചമ്മിണി ഗര്‍ഹയോടെ പറഞ്ഞു.
''ഒരു കല്ലുണ്ടെങ്കില്‍ കഴുവേറിമോന്റെ തലമണ്ട ഞാന്‍ എറിഞ്ഞ് പൊട്ടിച്ചേനെ.'' അടുത്തയിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട അഞ്ച് കൊലപാതകക്കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ വരാല്‍ ലോനച്ചന്‍ അടുത്തിരുന്ന കവര്‍ച്ചക്കാരന്‍ ശൗര്യാരോട് പറഞ്ഞു.
''പൊട്ടിക്കേണ്ടത് അവന്റെ തലമണ്ടയല്ല. പിടുക്കുകളാ.'' ശൗര്യാര് രോഷംകൊണ്ടു. അപരാധിയുടെ പിടുക്കു രണ്ടും സ്വന്തം കൈകൊണ്ട് ഞെരിക്കുന്നതും ഉടച്ചുകളയുന്നതും മനസ്സില്‍ കാണുകയും ചെയ്തു.
''എന്താന്ന് പറഞ്ഞില്ലല്ലോ.'' നഗരത്തിലെ ചൂതുകളി സ്ഥലങ്ങള്‍ക്കൊക്കെയും ഉടമയായ സൈനുദ്ദീന്‍ മൂപ്പന്‍ ഉടുമ്പ് മനോജിനെ ഓര്‍മ്മിപ്പിച്ചു.
''പറയാം.'' ഉടുമ്പ് നാടകീയതയോടെ ഒന്നു ചുമച്ച് കണ്ഠശുദ്ധി ഉറപ്പുവരുത്തി.

അപ്പോള്‍ ചെറുക്കന്റെ ഭാഗത്തുനിന്നും ഒരു അപ്രതീക്ഷിത നീക്കമുണ്ടായി. അവന്‍ കേണപേക്ഷിക്കുംപോലെ കൈകൂപ്പിക്കൊണ്ട് ഉടുമ്പിനെ നോക്കി. തന്റെ ചെയ്തി പരസ്യമാക്കരുതെന്ന ദയനീയമായ അഭ്യര്‍ത്ഥനയായിരുന്നു അവന്റെ നോട്ടത്തില്‍. അതിന്റെ പ്രതികരണമായി നേടിയതാകട്ടെ, ഇടതു കവിളില്‍ ഒരു പ്രഹരം. അതേറ്റതും അവന്റെ കണ്ണുകള്‍ പുകഞ്ഞു. നോവ് കവിളില്‍ മാത്രമായി ഒതുങ്ങാതെ ദേഹമാസകലം പടര്‍ന്നു. മൂത്രമിറ്റി. കുടലുകള്‍ ഇളകിമറിയും പോലെയായി.
''ചത്തുകെടന്ന പെങ്കൊച്ചിനെ ഈ തന്തയ്ക്കു പെറക്കാത്തവനുണ്ടല്ലോ തെരുതെരെ ഉമ്മവെച്ചു.''
ഉടുമ്പിന്റെ വെളിപ്പെടുത്തലോടെ സദസ്യര്‍ക്കിടയില്‍നിന്നും വ്യാക്ഷേപക ധ്വനികളുയര്‍ന്നു. അവരാരും കൊലയാളിയുടെ ചെയ്തി അവ്വിധത്തിലാകുമെന്ന് പ്രതീക്ഷിച്ചതല്ല. പലര്‍ക്കും കടുത്ത ഇച്ഛാഭംഗമുണ്ടായി. പല നാവുകളില്‍നിന്നും തെറിവാക്കുകള്‍ ചിതറി.
''ഉറപ്പായും ഇവന്‍ തന്തയ്ക്കു പെറന്നതല്ല.'' വരാല്‍ ലോനച്ചന്‍ പറഞ്ഞു.
''അല്ല വരാലേ, ഇവനെയിങ്ങനെ കുപ്പായമിടീച്ച് കല്യാണപ്പയ്യന്റെ കൂട്ട് എന്തിനാ നിര്‍ത്തിയിരിക്കുന്നേ?'' ശൗര്യാര് ചോദിച്ചു.
''ശരിയാ.''

ഉടുമ്പ് അദ്ധ്യക്ഷപദം അലങ്കരിക്കുന്ന കൊച്ചമ്മിണിയുടെ നിര്‍ദ്ദേശം കാത്തു. കൊച്ചമ്മിണി അനുകൂലമായി തലകുലുക്കി. നിമിഷങ്ങള്‍ക്കകം ചെറുക്കന്‍ പിറന്ന നാളിലേതുപോലെയായി. മിന്നല്‍ സൈദാലി കുസൃതിയോടെ അവന്റെ ലിംഗത്തില്‍ ഒരു ചൊട്ട്. അവനാകെ വിമ്മിട്ടത്തിലായി. സദസ്യരില്‍ വലിയ പങ്കും അതുകണ്ട് ചിരിച്ചു. അവന്റെ മുഖം വിളറിപ്പോയി. അനിവാര്യമായ വിചാരണ തുടര്‍ന്നു. വിചാരണ ചെയ്യപ്പെടുന്നവന്‍ ഒരു ഘട്ടത്തിലും നാവനക്കിയില്ല.

''ക്രമിനല്‍ ക്ലബ്ബിലെ അംഗങ്ങളായ നമ്മളൊക്കെ കടുപ്പം കൂടിയവരും തിരുത്താന്‍ വയ്യാത്തവരുമാണെന്നത് നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. പക്ഷേ, ചെറുപ്രായത്തില് സ്‌നേഹം മൂത്ത് കൊല നടത്തുകേം പെട്രോളൊഴിച്ച് പെമ്പിള്ളാരെ കത്തിക്കുകേം ചെയ്യുന്ന ഈ പുതുതലമുറക്കാരായ അപരാധികള് ഇവിടെ കൂടിക്കൂടി വരുന്നത് ഒട്ടും നല്ലതല്ല. നമുക്കത് അപമാനമാണ്. രണ്ടാമത് ഒരു കൊല നടത്താന്‍ ഇവന്മാരിലൊരുത്തനും കൈ പൊങ്ങില്ല.'' ക്ലബ്ബിലെ വിശിഷ്ടാംഗങ്ങളിലൊരാളായ വിക്ടര്‍ ക്രൂസ് പറഞ്ഞുനിര്‍ത്തിയതും കരഘോഷമുയര്‍ന്നു.

മറ്റു നടപടിക്രമങ്ങളിലേക്കു പോകേണ്ടതിനാല്‍ അദ്ധ്യക്ഷ മുന്നിലുള്ളവരോട് നിശ്ശബ്ദത പാലിക്കാന്‍ ആംഗ്യം കാട്ടി. ഹാളില്‍ ശബ്ദങ്ങള്‍ നിലച്ചു.
''ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഈ ചെറുക്കന് അവസാനമായി ഒരവസരം കൊടുക്കാം. ആരേലും കത്തി കൊണ്ടുവന്നിട്ടുണ്ടോ?''
പലരും കത്തികള്‍ കരുതിയിരുന്നു. എപ്പോഴാണ് ആവശ്യമായിത്തീരുകയെന്ന് അറിയില്ലല്ലോ.
''ഒന്ന് ഇവന്റെ കയ്യിലേല്പിക്ക്.''

കേള്‍ക്കേണ്ട താമസം, വരാല്‍ ലോനച്ചന്‍ അരയ്ക്കു തിരുകിയ കത്തിയെടുത്ത് ചെറുക്കന്റെ അടുത്തെത്തി. അവന്‍ പേടിയോടെ കത്തിയുടെ നേര്‍ക്കു നോക്കി.
''വാങ്ങിക്കെടാ. ഐശ്വര്യമുള്ള കത്തിയാ.'' ലോനച്ചന്‍ പറഞ്ഞു.
അവന്‍ മടിച്ചുംകൊണ്ട് കത്തി വാങ്ങി. അതിന്റെ വായ്ത്തല തിളക്കമുള്ളതായിരുന്നു.
ലോനച്ചന്‍ തന്റെ ഇരിപ്പിടത്തിലേക്കു മടങ്ങി. അദ്ധ്യക്ഷ കത്തിയുമായി നില്‍ക്കുന്ന ചെറുക്കനെ നോക്കി.
''ഇവിടേള്ള ആരെയെങ്കിലും നിനക്ക് കൊല്ലാന്‍ പറ്റുമെങ്കില് അതു ചെയ്തു കാണിക്ക്. എങ്കില്‍ നിന്നെ ഈ ക്ലബ്ബിലെ അംഗമാക്കും. ബാക്കി കാര്യങ്ങള് ഞങ്ങള് നോക്കിക്കോളും.''

കത്തുന്ന മെഴുകുതിരികള്‍ക്കിടയിലൂടെ  നഗ്‌നമായൊരു രൂപവും അതിന്റെ നിഴലും ചലിക്കുകയായി. ഹാളിലുള്ള മറ്റ് രൂപങ്ങളത്രയും പ്രതിമകളെപ്പോലെയായി. മൗനത്തിന് ഓരോ നിമിഷവും കനമേറി. ചെറുക്കന്റെ ഉടലില്‍ വിയര്‍പ്പ് പൊടിഞ്ഞു. തുറന്നുപിടിച്ച കണ്ണുകളില്‍ മെഴുകുതിരി നാളങ്ങള്‍ മിന്നി. ഹരകിരിയുടെ നേരമായി. കത്തി അവന്റെ വയറുകീറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com