'പോര്‍ച്ചിലമ്പ്'- ദിവ്യ പ്രസാദ് എഴുതിയ കഥ

മൈതാനത്തെ അതിരിടുന്ന ചെങ്ങണക്കാടുകളില്‍നിന്നും കാറ്റ് വല്ലാത്തൊരു ശീല്‍ക്കാരത്തോടെ അരയാലിലകളിലേയ്ക്ക് പടര്‍ന്നു
'പോര്‍ച്ചിലമ്പ്'- ദിവ്യ പ്രസാദ് എഴുതിയ കഥ


മിഴ്ന്നും മലര്‍ന്നും പാതി മണ്ണില്‍ പൂഴ്ന്നുകിടക്കുന്ന മനുഷ്യരെപ്പോലെ പെരിയനരയാലിന്റെ വേരുകള്‍ ആ ചെറിയ മൈതാനത്തിന്റെ പകുതിയോളം പടര്‍ന്നുകിടന്നു. മൈതാനത്തെ അതിരിടുന്ന ചെങ്ങണക്കാടുകളില്‍നിന്നും കാറ്റ് വല്ലാത്തൊരു ശീല്‍ക്കാരത്തോടെ അരയാലിലകളിലേയ്ക്ക് പടര്‍ന്നു. ഉടലുവിറച്ചുനിന്ന അരയാലിലകളെ കണ്ടപ്പോള്‍ പണ്ട് പരിയാമ്പറ്റ പൂരത്തിന് തട്ടില്‍ കണ്ട ദമയന്തി വേഷം ഓര്‍മ്മവന്നു അച്ചുട്ടിക്ക്. നമ്പൂരാരും പ്രമാണികളും മാത്രായിരുന്നു കാഴ്ചക്കാരായിട്ട്.

അമ്പുക്കുറുപ്പിന് മേലുകാച്ചിലുണ്ട്, വീട്ടില്‍ പോകാന്‍ ഒരു ചൂട്ടുകാരന്‍ വേണം എന്ന് രാമന്‍ കമ്മള് പറഞ്ഞപ്പോഴാണ് ചൂട്ടും കത്തിച്ച് കളി നടക്കുന്ന തട്ടിനടുത്തേയ്ക്ക് ചെന്നത്. തട്ടില്‍നിന്ന് കണ്ണെടുക്കാതെ അമ്പുക്കുറുപ്പ് പറഞ്ഞു: ''കുഞ്ചുക്കുറുപ്പ് ആദ്യായിട്ടാ ദമയന്തി വേഷത്തില്‍... എന്തൊരഴകാ, കണ്ണെടുക്കാന്‍ തോന്നിണില്ല്യ... പറഞ്ഞിട്ടെന്താ, ആകെ ഒരു കുളിരും മേലുവേദനയും... ഉം നടന്നോളോ...'' ചൂട്ടുകത്തിച്ച് മുന്‍പേ നടക്കുന്നതിനിടയില്‍ ദമയന്തിയെ ഒന്നു പാളിനോക്കി. ഉടലിന്റെ വിറയലും മുഖത്തെ ശൃംഗാരവും കൂടെപ്പോന്നു.

''അച്ചുട്ടി തിറ കെട്ടാറുണ്ടല്ലേ'' രാമന്‍ പറഞ്ഞു. അമ്പുക്കുറുപ്പിന്റെ ചോദ്യം കേട്ടപ്പോഴാണ് സ്ഥലകാലബോധം ഉണ്ടായത്.
''ആ... നാട്ടില്‍... താഴേപ്രത്ത അമ്പലത്തില്‍'' പെട്ടെന്ന് വരുത്തിയ വിഡ്ഢിച്ചിരിയോടെ മറുപടി പറഞ്ഞു. പിന്നേതോ പൂരക്കാലത്തിനു തൊട്ടുമുന്‍പ് തിറയ്ക്കുള്ള വ്രതവുമായി ഇരിക്കുമ്പോഴാണ് രാമന്‍ കമ്മള് വന്നു പറഞ്ഞത്:
''അച്ചുട്ട്യേ... അമ്പുക്കുറുപ്പ് പോയിട്ടാ... തെക്കെവടെയോ കഥകളി കാണാന്‍ പോയതാ... വള്ളം മറിഞ്ഞു.''
വിടവുകളുള്ള പല്ലുകളോടുകൂടിയ ചിരി ഓര്‍മ്മവന്നു.
ചെങ്ങണക്കാടുകളെ ആകെയുലച്ചുകൊണ്ട് കാറ്റു പിന്നേയും വീശി. മകരച്ചൊവ്വ, ഭൂതപ്രേത പിശാചുകള്‍ക്കു പകലും ഭൂമിയിലിറങ്ങി നടക്കാന്‍ അനുവാദമുള്ള ഒരേയൊരു ദിവസം. ഇരുന്നു മടുത്ത അച്ചുട്ടി ആല്‍മരത്തിന്റെ മുകളിലെയൊരു കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടന്നു. പാതിയും ഇരുട്ടില്‍ മുങ്ങിക്കിടക്കുന്ന മൈതാനത്തിന്റെ അറ്റത്ത് പൊട്ടുപോലൊരു രൂപം തെളിഞ്ഞു. അച്ചുട്ടിക്ക് ദൂരെ നിന്നേ ആളെ മനസ്സിലായി. മീന്‍കാരന്‍ സലാമു. നിമിഷങ്ങള്‍ക്കകം മൈതാനമിപ്പോള്‍ പതിര് വാണിഭക്കാരെക്കൊണ്ടു നിറയും.

മരിച്ച് മണ്ണടിഞ്ഞ് പിന്നെയിടയ്ക്കിങ്ങനെ വിരുന്നുവന്ന് തലകീഴായി ലോകം കാണുമ്പോള്‍ അച്ചുട്ടി പലപ്പോഴും ചിരിയടക്കാന്‍ പാടുപെട്ടിരുന്നു. കഴിഞ്ഞ കൊല്ലത്തെ പൂരത്തിന് ആനമയിലൊട്ടകവുമായി വന്ന് കുട്ടികളുടെയെല്ലാം കുടുക്ക പൈസ തട്ടിയെടുത്ത കള്ളന്‍ ദാസന്‍ ഇക്കൊല്ലത്തെ പൂരത്തിനുണ്ടാവില്ല. നാടകവും കഴിഞ്ഞ് പറ്റിച്ചതും പോക്കറ്റടിച്ചതുമെല്ലാം വാരിക്കെട്ടി പാവുട്ടക്കുന്നിലെവിടെയോ ഉറങ്ങിക്കിടക്കുന്ന പാമ്പിനടുത്തേയ്ക്കവന്‍ നടന്നുനീങ്ങുന്നത് അച്ചുട്ടി കണ്ടതാണ്. വെള്ളരി സമയത്ത് സ്ഥിരമായി പെണ്ണുങ്ങളുടെയിടയില്‍ കുത്തിത്തിരക്കി കയറാറുള്ള വേണുക്കുട്ടന്‍ നായരും ഇക്കൊല്ലം കൂടിയേ പൂരം കൂടൂ. അയാളുടെ രക്തക്കുഴലുകളില്‍ ഓരോ കൊല്ലം ചെല്ലുന്തോറും കൊഴുപ്പിന്റെ അടുക്കുകള്‍ കൂടിവരുന്നുണ്ട്.

രണ്ടു കാലില്‍ നടന്നിരുന്നപ്പോള്‍ ഓടിപ്പാഞ്ഞ വഴികളെക്കുറിച്ചും ചെയ്തുകൂട്ടിയ പരാക്രമങ്ങളെക്കുറിച്ചുമോര്‍ത്തപ്പോള്‍ ഉള്ളില്‍ നിറഞ്ഞുനിന്ന ചിരിയിലേയ്ക്ക് നേരിയ വിഷാദം പടര്‍ന്നു.
രണ്ടു കാതിലും ആരോ നെഞ്ചത്തടിച്ച് അലമുറയിടുന്ന ശബ്ദം.

''അയ്യോ... എന്റെ കോഴിയോളെ മുച്ചൂടും കൊണ്ടോയെ... ഞാനിനി എങ്ങനെ കഴിയും ന്റെ പുത്തന്‍പള്ളി തങ്ങളെ...''
വിശപ്പിനേക്കാള്‍ വലിയ ന്യായമില്ലെന്ന് അന്ന് കുറേനാളുകൂടി നിറഞ്ഞ വയര്‍ ഏമ്പക്കം വിട്ടു.
കണ്ണിനു മുന്‍പിലിപ്പോഴാരോ കുനിഞ്ഞിരുന്ന് വിതുമ്പുന്നുണ്ട്. അരികില്‍ തുണിഭാണ്ഡം ചിതറിക്കിടക്കുന്നു.
''ശവം... ഏത് നേരത്തും മുഷിഞ്ഞ തുണികളുടെ നാറ്റാ... അനക്കീ വീടുവീടാന്തരോം കേറിയിറങ്ങി തീണ്ടാരിത്തുണി വാങ്ങ്ന്ന പണി അങ്ങട്ട് നിര്‍ത്തിക്കൂടെ... മ്മക്ക് കഴിഞ്ഞു കൂടാനുള്ളത് തെക്കേടത്തെ പണീന്ന് പ്പൊ ഇയ്ക്ക് കിട്ട്ണില്ലെ.''

''ന്നെ കൊന്നാലും ഞാനിത് നിര്‍ത്തുല്ല... ന്റെ തള്ളേം തള്ളടെ തള്ളേം ഒക്കെ ഇത് ചെയ്താ പെഴച്ച് പോയേ... ദേശത്തെ മണ്ണാത്തിയാവുന്നത് മോശം കാര്യൊന്നും അല്ല... പിന്നെ പേറും തീണ്ടാരീം ഇല്ലാണ്ടെ ഈ ലോകംണ്ടോ മന്സ്യാ.''
മരിച്ചുപോയവരും സ്വപ്നങ്ങള്‍ കാണാറുണ്ട്. സ്വപ്നത്തിലവര്‍ വീണ്ടും ഭൂമിയില്‍ രണ്ടു കാലുകളുമൂന്നി നടക്കും ചിരിക്കും കരയും രമിക്കും ആഹാരം കഴിക്കും... ആല്‍മരത്തില്‍ കാലുകള്‍ തൂക്കിയിട്ട് കിടന്ന് അച്ചുട്ടി സ്വപ്നം കാണുകയാണ്. തുടികൊട്ടിന്റെ ശബ്ദം... വട്ടം കറങ്ങുമ്പോള്‍ നൃത്തം ചെയ്യുന്ന വെള്ളപ്പാവാട... അലുക്കണിഞ്ഞ ചായക്കിരീടം... ''പൂതമേ... എന്റെ പൂതമേ... നീയില്ലാതെ ചെളിപ്പാടത്തെനിക്ക് കാല് വഴുക്കുന്നു... പൈതങ്ങളെന്നെ ചീത്ത വിളിക്കുന്നു...'' പൂതം മുഖംമൂടി മാറ്റുന്നു... കൈവള, തോള്‍വള, മാര്‍ത്താലി അഴിക്കുന്നു... വേലായുവിന്റെ മുഖം... വേലായുവിന്റെ കൈകള്‍... വേലായുവിന്റെ നെഞ്ച്... വേലായു ചിരിക്കുന്നു.

മൈതാനമിപ്പോള്‍ പൂരപ്പറമ്പായി രൂപംപ്രാപിച്ചു കഴിഞ്ഞു. പതിര് വാണിഭക്കാരാണ് എങ്ങും... അന്തരീക്ഷത്തില്‍ നിറയുന്ന ഉണക്കമത്സ്യത്തിന്റെ ഗന്ധം. കുറച്ചുകഴിഞ്ഞാല്‍ ഈ മണം മാറും. പതിര് വാണിഭക്കാര്‍ പിന്‍വാങ്ങും. സെറ്റുമുണ്ടും പല നിറങ്ങളിലുള്ള ഫോറിന്‍ സാരിയുമുടുത്ത് പെണ്ണുങ്ങള്‍ കൂട്ടമായി അമ്പലത്തിലേയ്‌ക്കെത്തും. വാസനസോപ്പിന്റേയും പൗഡറിന്റേയും മണം എങ്ങും നിറയും. ഉച്ചതിരിയുന്നതോടെ മണങ്ങള്‍ പിന്നേയും മാറിമറിയും... വിയര്‍പ്പിന്റെ, വാറ്റ് ചാരായത്തിന്റെ, വെടിമരുന്നിന്റെ... ഇതെല്ലാം കഴിയുമ്പോള്‍ ഇരുട്ട് മൂടിയ പൂരപ്പറമ്പില്‍നിന്നും നിശ്ശബ്ദതയുടെ മണം അടിച്ചുയരും... പിന്മാറാറായെന്നുള്ളതിന്റെ ആദ്യ സൂചനയാണത്...

ആത്മാക്കള്‍ക്ക് പൂര്‍വ്വജന്മത്തിലേയ്ക്കുള്ള വാതിലുകളാണ് മണങ്ങള്‍. തങ്ങളെപ്പോലെത്തന്നെ അരൂപികളായ എന്നാല്‍, എല്ലായിടത്തും നിറഞ്ഞിരിക്കുന്ന മണങ്ങള്‍. ഭൂമിയില്‍ അപൂര്‍വ്വമായി മാത്രം അനുഭവിച്ച ഏതാനും സുന്ദരനിമിഷങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുന്ന അത്തരമൊരു ഗന്ധം അച്ചുട്ടി എല്ലാ പൂരദിവസവും തിരയാറുണ്ട്, ഉണങ്ങിയ കൈതപ്പൂവിന്റെ ഗന്ധം. ആ മണമനുഭവിക്കാനായാല്‍ ഇടവഴിയില്‍ കരിയിലകള്‍ ഞെരിയുന്ന ശബ്ദം കേള്‍ക്കാം. കുളപ്പുരയിലേയ്ക്കിറങ്ങും മുന്‍പ് പാളിനോക്കുന്ന കണ്മഷി പരന്ന രണ്ടു കണ്ണുകള്‍ കാണാം. മുള്ളുവേലികടന്ന് ഇടവഴിയിലേയ്ക്കിറങ്ങാന്‍ തന്നെ ഭയമായിരുന്നു. എങ്കിലും എല്ലാ പ്രഭാതങ്ങള്‍ക്കും നിറം പകര്‍ന്നുകൊണ്ട് ഇടവഴിയില്‍ കരിയിലകളമര്‍ന്നു. ഒരിക്കല്‍ വേലിക്കെട്ടിനടുത്തെ കല്ലില്‍ പൊടിയീനിയിലയില്‍ പൊതിഞ്ഞ പനന്നൊങ്ക് വെച്ച് തിരിഞ്ഞുനോക്കിപ്പോവുന്നത് കണ്ടു. പിറ്റേന്ന് അതേ കല്ലില്‍ ചുവന്ന കുപ്പിവളകള്‍ വെച്ചുകൊടുത്തു. അതിന്റെ കടം തമിഴന്‍ ചെട്ട്യാര്‍ക്ക് ഇപ്പഴും ബാക്കിയാണ്. സംഭ്രമത്തോടെ അതെടുത്ത് കയ്യിലിടുന്നത് കണ്ടപ്പോള്‍ അത്രയും കാലം ജീവിച്ചതുതന്നെ അതിനാണെന്നു തോന്നി.

വട്ടക്കുന്നിന് മുകളിലിരുന്ന് വാറ്റുചാരായത്തിന്റെ കുപ്പി വായിലേയ്ക്ക് കമഴ്ത്തി വേലായു ചോദിച്ചു:
''യ്യ് പ്പൊ കൊറേ കാലായിട്ട് സ്വപ്നലോകത്ത് തന്നെയാണല്ലോ അച്ചോ, മുണ്ടാട്ടും മുറീം ഒക്കെ കൊറവാ.''
ഉള്ളിലെ വാറ്റുചാരായത്തിന്റെ തീയ് രഹസ്യങ്ങളെ പുകച്ച് പുറത്തുചാടിച്ചു.
ഒരിക്കല്‍ മനപ്പറമ്പിന് താഴെ വെളിഞ്ചേമ്പ് തിരഞ്ഞിറങ്ങിയപ്പോഴാണ് വേലായു വല്യാത്തോലിന്റെ വാല്യക്കാരി പാറുട്ട്യമ്മോടെന്തോ കുശുകുശുക്കുന്നത് കണ്ടത്. പിന്നെ ഇളവെയില് പറക്കുന്ന വെളുപ്പാംകാലങ്ങളിലെന്നും ഇടവഴിയും പഴയ കുളപ്പുരയും അനാഥമായി കിടന്നു.

''യ്യ് ന്നോട് പൊരുത്തപ്പെട് അച്ചൂട്ട്യേ... യ്ക്ക് അന്നേ എന്നും ജീവനോടെ വേണം'' വേലായുവിന്റെ മുഖത്ത് നിര്‍വ്വികാരനായി നോക്കുക മാത്രം ചെയ്തു.
അമ്പലത്തില്‍ വെള്ളരിയുടെ തിരക്ക് തുടങ്ങി. ചെറിയ തൂക്കുപാത്രത്തില്‍ അരിയുമായി പെണ്ണുങ്ങള്‍ കാവല്‍ നില്‍ക്കുന്നു. ചേറില്‍ കെടന്ന നെല്ല് അരിയായി ഭഗോതീടെ അടുത്തെത്തുന്ന ദിവസം.
ഞെരിയാണി മുങ്ങുന്ന ചേറില്‍നിന്ന് ഞാറുനടുമ്പോഴാണ് വേലായു പറഞ്ഞത്:
''അച്ചൂട്ട്യേ... അന്റെ കാലിനൊക്കെ എന്തൊര് ചന്താടാ... കാരിരുമ്പ് പോലിരിക്കിണ്... ന്റെ നോക്ക് പെണ്ണുങ്ങളെക്കൂട്ട്.''

''പക്ഷേങ്കില് അന്റെ കാലിനല്ലേ വെളുപ്പ് കൂടുതല്... വെളുപ്പിനല്ലേ പത്രാസ്... വെളുപ്പുള്ളോണ്ടല്ലേ മ്മളെ ചേറില്‍ നിര്‍ത്തീട്ട് തമ്പ്രാക്കമ്മാര് സപ്രമഞ്ചത്തില്‍ കെടക്ക്ണ്.''
''അതൊക്കെ വെര്‍ത്യാ... യ്യ് കയ്യുമ്പറമ്പിലെ അമ്പലത്തിലെ ശാന്തിയെ കണ്ട്ണ്ടാ... അന്റത്രേം നെറല്യ. കൊലം... കൊലത്തിലാണ് കാര്യം.''
''മ്മടെ കൊലത്തിന് എന്താടാ കൊഴപ്പം. തെറ കെട്ട്യാപ്പിന്നെ ഞാന്‍ തേവ്യല്ലേ... യ്യ് ന്റെ പൂതല്ലേ... തേവി നിധി വിശ്വസിച്ച് ഏല്പിച്ചോന്‍.''

കാട്ടപ്പയും തൊട്ടാവാടിയും മറച്ചുപിടിച്ച നാട്ടുവഴികളിലൂടെ അരളിമാലയണിഞ്ഞ് പൂതത്തിന്റെ ഓട്ടു ചിലമ്പിന്റെ കിലുക്കം കേട്ട് നടക്കുമ്പോള്‍ ചിലപ്പോഴെങ്കിലും സ്വയം ഭഗോതിയാണെന്നു തോന്നിയിട്ടുണ്ട്. അല്ലാത്തപ്പോഴൊക്കെ ഭഗോതിയുടെ ചിലമ്പിന്റെ ഒരു മണിയാണെന്നും. എന്തൊക്കെയാണെങ്കിലും അപ്പോഴൊന്നും ഒരു ഇല്ലായ്മയും വല്ലായ്മയും അലട്ടിയിരുന്നില്ല. പട്ടിണിയേയും പരിവട്ടത്തേയും കുറിച്ച് ഓര്‍ത്തിരുന്നില്ല. ഉള്ളം എപ്പോഴും നിറഞ്ഞുനിന്നു... ഇടയ്ക്ക് തുളുമ്പിപ്പോയി.
ചിലമ്പൊച്ചയും തുടികൊട്ടും ദൂരേന്ന് കേള്‍ക്കുമ്പോഴേ പാടത്തും പറമ്പിലും കുട്ടികള്‍ കണ്‍പാര്‍ത്തു നില്‍ക്കും. നടക്കാനാവുന്നിടത്തോളം കൂടെ നടക്കും. ആര്‍പ്പുവിളിച്ച് ഒച്ചയുണ്ടാക്കും. എത്ര ചിലമ്പാട്ടമാടി കുതിരച്ചാട്ടം ചാടിയാലും കുട്ടികള്‍ക്കെന്നും പ്രിയം പൂതത്തോടായിരുന്നു. പൂതത്തിന്റെ വെള്ളപ്പാവാട തെരുപ്പിടിക്കാന്‍ അവര്‍ തിക്കുംതിരക്കുംകൂട്ടി. തള്ളിപുറത്തേയ്ക്ക് നില്‍ക്കുന്ന നാവിലേയ്ക്ക് കൗതുകം കലര്‍ന്ന ഭയത്തോടെ നോക്കി. തിറക്കാലം കഴിയുമ്പോഴാണ് അത്തരം ചിന്തകള്‍ പൊങ്ങിവരുന്നത്. എത്ര മെയ് വഴക്കം കാണിച്ചിട്ടും കരണം മറിഞ്ഞിട്ടും കണ്ണുകളെല്ലാം പൂതം കവരുന്നു.
ആല്‍മരത്തില്‍നിന്നും കുറച്ചുമാറി വേലിയ്ക്കരികില്‍ ഉയര്‍ന്ന മസ്തകവും മദഗിരിപ്പുള്ളികളുമായി ലക്ഷണമൊത്തൊരു കൊമ്പന്‍ നില്‍ക്കുന്നു. ജാനകി ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ കൊച്ചുകുട്ടികളെപ്പോലെ കൈകൊട്ടി തുള്ളിച്ചാടിയിരുന്നു.

''വേലായോ... അണക്ക് പെണ്ണിനെ ഇഷ്ടായാ?''
''ഉം''
''എന്നാ നിക്ക് ഷ്ടായില്ല... ഒര് താന്‍പോരിമ ഭാവല്ല്യേ ഓള്‍ടെ മൊഖത്ത്.''
''ആ... ഞാനൊന്നും നോക്കാമ്പോയില്ല.''
''ആ ഇനീപ്പൊ പറഞ്ഞിട്ടൊന്നും കാര്യല്ല. വാക്കൊറപ്പിച്ചില്ലേ, എന്തായാലും തള്ളെടെ നെഞ്ചത്തടിം കരച്ചിലും ഒന്ന് മാറിക്കിട്ടല്ലോ... അല്ല, വേലായോ, അണക്കും ഒര് പെണ്ണ് കെട്ടണ്ടേ?... ഓള്‍ടെ അനിയത്ത്യേ നോക്ക്യാലോ... ഓളെക്കാള്‍ നന്ന് കാണാന്‍.''
''നിക്ക് പെണ്ണും വേണ്ട പെടക്കോഴീം വേണ്ട.''
''അതെന്താ?''
''നിക്ക് പെണ്ണുങ്ങളെ ഇഷ്ടല്ല... അത്രന്നേ.''

ഉച്ചവെയിലിന് ചൂടുകൂടി വരുന്നു. താഴേപ്പുറം മൈതാനത്തും അമ്പലപ്പറമ്പിലുമായി ആകെയുള്ള തണല്‍ വൃക്ഷം ആ ആല്‍മരം മാത്രമാണ്. ചൂടും തണുപ്പുമെല്ലാം ശരീരമുള്ളവരെ മാത്രം ബാധിക്കുന്ന കാര്യങ്ങളാണല്ലോ എന്നോര്‍ത്തുകൊണ്ട് അച്ചുട്ടി വളരെ നേരമായുള്ള തൂങ്ങിക്കിടത്തം മതിയാക്കി ആലിന്റെ ഉച്ചിയിലേയ്ക്ക് ചാടിക്കയറി. അവിടെനിന്ന് നോക്കിയാല്‍ വടക്ക് അമ്പലക്കുളം കാണാം. തെക്ക് ചെങ്ങണക്കാടിനപ്പുറം വെള്ളിലക്കാട്. വള്ളിപ്പടര്‍പ്പും കൂറ്റന്‍മരങ്ങളും കാഴ്ചമറച്ചിരിക്കുന്ന വെള്ളിലക്കാടിന്റെ ഉള്ളിലെവിടെയോ ഇണചേരുന്ന കാട്ടുകുറുക്കന്മാര്‍. അതിലൊന്നിന്റെ വയറ്റില്‍ ഇനിയും ദഹിക്കാതെ കിടക്കുന്ന ഒറ്റക്കയ്യന്‍ വാസുവിന്റെ പൂവാലന്‍ കോഴി.
''അച്ച കണ്ട്ണ്ടാ ബ്രഹ്മരക്ഷസ്സിനെ?''
''ഞാങ്കണ്ട്ല്ല... പക്ഷേങ്കില് ന്റെ അപ്പന്‍ കണ്ട്ണ്ട്... വെള്ളിലക്കാട്ടില് ആടിനെ മേയ്ക്കാന്‍ പോയപ്പ... ഒര് പിന്‍കുടുമേം രണ്ട് കൊമ്പും ണ്ടാവും... കയ്യെത്തിച്ചാല്‍ ലോകം മുയ്യോന്‍ തൊടാം... യ്യാങ്ങട്ടൊന്നും പോണ്ടട്ട ചെക്കാ.''

വെള്ളിലക്കാട്ടിലേയ്ക്ക് കയറിപ്പോവുന്ന നാല് കാലടികള്‍... അവര് ചപ്പി വലിച്ചെറിഞ്ഞ പറങ്കിമാങ്ങാച്ചണ്ടി... അച്ചുട്ടി പിന്നേം സ്വപ്നം കാണുന്നു.
''അന്റെ മൊഖെന്താ ജാനോ എപ്പഴും ങ്ങനെ ചെപ്പോടം കമഴ്ത്ത്യേപോലെ...?''
''പിന്നെന്ത് കാട്ടാനാ?... അലറിച്ചിരിക്കണോ.''
''അയിന് അണക്ക് പൊറത്തുള്ളോരെ കാണുമ്പഴല്ലേ ചിരിക്കാന്‍ അറിയൂ.''
''ആരോട് ചിരിച്ച കാര്യാ പറയണ്... ആ... വേലായുനോട് ആവും. അതേ... കുടീല് കേറിവരുന്നോരോട് മിണ്ടാണ്ടിരിക്കണ ഏര്‍പ്പാട് ന്റെ കുടുമ്മത്തിലില്ല.''
മൈതാനത്തില്‍ പകല്‍പ്പൂരം കൊട്ടിക്കയറുന്നു. പഞ്ചവാദ്യത്തിന്റെ താളം മുറുകുമ്പോള്‍ പാലക്കൊമ്പുമേന്തി ചുവടുവെച്ചു വരുന്ന ഒരാള്‍ക്കൂട്ടത്തെ കണ്ടു. അവര്‍ക്ക് പിന്നിലുണ്ടാവും താഴെപ്രത്തെ പുതിയ തിറ, സുബ്രഹ്മണ്യന്‍. വസൂരി പിടിച്ചു മരിക്കുന്നതിന് മുന്‍പ് മകള്‍ സരസ്വതി പെറ്റിട്ട ആണ്‍തരി. ആത്മാവ് അതിന്റെ മോചനത്തിനോടടുക്കുകയാണ്. താഴെപ്രത്തെ നടയില്‍ എരിഞ്ഞുകത്തുന്ന വിളക്കില്‍ എല്ലാം മറന്നലിഞ്ഞു ചേരാനുള്ള നേരമായി.
''വേലായോ... അന്റെ തലയ്ക്ക് വെളിവില്ലാണ്ടായോ... യ്യ് പോയാല്‍ പൂരത്തിന്റന്ന് പിന്നാരാ പൂതം കെട്ടാ?''
''അത് യ്യ് ആരെനെങ്കിലും കണ്ടുപിടിച്ചോ... അന്നേ കര്ത്യാ ത്രേം കാലം വ്വടെ നിന്നേ... കൂടും കുടുംബോം ആയപ്പോ അന്റെ മുണ്ടാട്ടും മുറീം ഒക്കെ നിന്നു. മദിരാശീല്‍ പോയാല്‍ എങ്ങനെങ്കിലും പെഴച്ച് പോവാം. തംബ്രാക്കമ്മാരടെ ആട്ടും തുപ്പും കേള്‍ക്കണ്ടേനീം .''

''ആരെ കണ്ടുപിടിക്കാനാ വേലായോ... വ്രതം ല്ല്യാണ്ടെ ആര്‍ക്കെങ്കിലും എറങ്ങാന്‍ പറ്റോ... അല്ലെങ്കിലും ആര് വന്നാലും അന്നേപ്പോലെ ആവോ... യ്യ് ല്ല്യാണ്ടെ തെറ കെട്ടുന്നേനെപ്പറ്റി ആലോയിക്കാന്‍ കൂടി പറ്റ്ണില്ല്യ... തെറ കേട്ടാണ്ടെ ഞാനെങ്ങനെടാ ജീവിയ്ക്കാ? ന്റെ ഉയിര് നിക്കും... കട്ടായം.''
''യ്യെന്തൊക്കെ പറഞ്ഞാലും വേഷം കെട്ടി അന്റെ പിന്നാലെ നടക്കാന്‍ ഇനി ന്നെ കിട്ടില്ല അച്ചൂട്ട്യേ.''
വെള്ളിലക്കാട്ടില്‍നിന്നും തേന്‍വരിക്കയുടെ മണം വരുന്നെന്നു പറഞ്ഞപ്പോള്‍ മദിരാശിക്ക് പോവുന്നതിന്റെ തലേ ദിവസമായിരുന്നിട്ടു കൂടി വേലായു തോട്ടിക്കോലുമെടുത്ത് കൂടെപ്പോന്നു. വരിക്കപ്ലാവിന് തൊട്ടുതാഴെ ഒട്ടുമുക്കാലും പാറകംകൊണ്ട് മറഞ്ഞ പൊട്ടക്കിണര്‍ വേലായു കണ്ടിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ ഒരു നേരിയ തള്ളലേ വേണ്ടിവന്നുള്ളൂ. തിരിഞ്ഞുനോക്കിപ്പോവുമ്പോള്‍ വേലായുവിന്റെ ഒറ്റമുണ്ട് പാറകക്കമ്പില്‍ കിടന്നാടുന്നുണ്ടായിരുന്നു.
പിന്നെത്തെ ഒന്‍പതാമത്തെ രാത്രിയിലാണ് വേലായു വീണ്ടും വന്നത്. വയറ്റുകണ്ണിയായ ജാനുവിനേയും കെട്ടിപ്പിടിച്ചുറങ്ങുമ്പോള്‍ മുറിയിലാകെ പഴുത്ത വരിക്കച്ചക്കയുടെ മണം നിറഞ്ഞു. അരത്താലിയും ചിലമ്പും കിലുങ്ങി.

''വേലായു... വേലായു'' ശബ്ദം തൊണ്ടയില്‍ കുരുങ്ങി.
''വേലായുവോ?... എന്താ ങ്ങളീ പറയ്ണ്?... ഓന്‍ മദിരാശീലല്ലേ.''
പൊള്ളിപ്പിടയുന്ന പനിയിലേക്കാണ് പിറ്റേന്ന് കണ്ണ് തുറന്നത്. ഇടയ്ക്കിടയ്ക്ക് ബോധം മറഞ്ഞുകൊണ്ടിരുന്നു. അപ്പോഴെല്ലാം ചമയമിട്ട് ചിലമ്പുകുലുക്കി അവന്‍ വന്നുപോയി. വെള്ളപ്പാവാട ചുറ്റിച്ച് ചുവടുവെച്ചു. ചമയമഴിച്ചുവെച്ച് നിലത്ത് കുന്തിച്ചിരുന്ന് ചക്ക തിന്നു. നാലാംനാള്‍ ആര്‍ക്കും ഉണര്‍ത്താനാവാത്ത ഉറക്കത്തിലേക്ക് വീണുകൊണ്ടിരിക്കുമ്പോള്‍ അകന്നകന്നുപോവുന്ന ചിലമ്പൊച്ച കേട്ടു.
മൈതാനത്തിനു നടുവില്‍ സുബ്രഹ്മണ്യന്‍ നിറഞ്ഞു തുള്ളുന്നു. കാരിരുമ്പൊത്ത ദേഹം. ഒത്ത ഉയരം. കുതിരച്ചാട്ടവും മുതലച്ചാട്ടവും അനായാസമായി ചെയ്യുന്നു. അരളിമാലയും അരച്ചിലമ്പും പ്രത്യേക താളത്തില്‍ കിലുങ്ങുന്നു. കളിനിര്‍ത്തിയവന്‍ മടങ്ങുമ്പോള്‍ ഓടിച്ചെന്നൊന്നു കെട്ടിപ്പിടിക്കാന്‍ ഒരു ദേഹമുണ്ടായിരുന്നെങ്കിലെന്ന് അച്ചുട്ടി ആശിക്കുന്നു. പിണങ്കാലും വെട്ടിമലക്കവും കഴിഞ്ഞ് അവന്‍ അച്ചുട്ടിക്കുപോലുമജ്ഞാതമായ ഏതൊക്കെയോ ചുവടുകളെടുക്കുന്നു. പിന്നെ ചുവടുതെറ്റി നിലത്തുകിടന്നുരുളുന്നു. അന്തിച്ചുനില്‍ക്കുന്ന പുരുഷാരത്തിനു മുന്നിലൂടെ അമ്പലക്കുളം ലക്ഷ്യമാക്കി ഓടുന്നു.

''ചതിച്ചോ... ന്റെ താഴെപ്രത്തമ്മേ... ചെക്കന് തീ പിടിച്ചുലോ... ഏത് തന്തയ്ക്ക് പെറക്കാത്തൊനാടാ ബീഡിക്കുറ്റി വലിച്ചെറിഞ്ഞെ.''
ആരോ കിടന്നലറുന്നു.

അമ്പലക്കുളത്തിലേയ്ക്ക് ഒരു തീഗോളം പാഞ്ഞുപോവുന്നത് അച്ചുട്ടി കണ്ടു. അരയാല്‍ ചുവട്ടിലും പരിസരത്തും അപ്പോള്‍ പഴുത്ത വരിക്കച്ചക്കയുടെ മണമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com