'അസീസിന്റെ ചെരുപ്പുകട'- എം രാജീവ് കുമാര്‍ എഴുതിയ കഥ

തിരുവല്ലത്തെ അസീസിന്റെ ചെരുപ്പുകട നിഗൂഢ സമസ്യയാണ്. അസീസ് നല്ലൊരു ലൈബ്രേറിയനായിരുന്നു
'അസീസിന്റെ ചെരുപ്പുകട'- എം രാജീവ് കുമാര്‍ എഴുതിയ കഥ

തിരുവല്ലത്തെ അസീസിന്റെ ചെരുപ്പുകട നിഗൂഢ സമസ്യയാണ്.
അസീസ് നല്ലൊരു ലൈബ്രേറിയനായിരുന്നു. ഞങ്ങളുടെ പഠനകാലത്ത് അസീസിനെ അറിയാത്ത ആരുമുണ്ടായിരുന്നില്ല. അന്നു വര്‍ഗ്ഗീകരണമോ കംപ്യൂട്ടറോ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഏതു പുസ്തകം എവിടെയുണ്ടെന്ന് അസീസിനറിയാം. നമുക്കാവശ്യമുള്ള പുസ്തകം അദ്ദേഹത്തോട് പറഞ്ഞാല്‍ മാത്രം മതി. അതെടുത്തുകൊണ്ടുവരുമ്പോഴുള്ള അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷം കാണണം. മാത്രമല്ല, ഏത് വിഷയവുമായി ബന്ധപ്പെട്ട ഏത് പുസ്തകവും അസീസ് നിമിഷനേരം കൊണ്ട് കണ്ടെത്തും.
പുസ്തകങ്ങള്‍ ആത്മാക്കളാണ്. ഓരോ ഗ്രന്ഥരചനയ്ക്കു പിന്നിലും ആത്മാവിന്റെ വിളയാട്ടമാണ് നടക്കുന്നത്. അതിനെ തിരിച്ചറിഞ്ഞാല്‍ തെരച്ചില്‍ എളുപ്പമാക്കാം-ഇതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
അസീസിന്റെ പ്രകൃതം മറ്റുള്ളവരെപ്പോലെ സാമാന്യവല്‍ക്കരിക്കാന്‍ സാദ്ധ്യമല്ല. കൃത്യസമയത്ത് എത്തുകയും സമയം കഴിഞ്ഞും പോകാതിരിക്കുകയും ചെയ്യുന്ന ലൈബ്രേറിയനാണ് അദ്ദേഹം. യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച ഒരു ലൈബ്രേറിയന്‍.

ക്രമേണ അസീസിന്റെ സേവനം ഗവേഷകര്‍ക്കു മാത്രമായി ഉയര്‍ത്തപ്പെട്ടു. അന്നു ലൈബ്രറിക്കകത്ത് ചെരിപ്പിട്ടു കയറാമായിരുന്നു. അദ്ദേഹമാണ് അതിനു തടയിട്ടത്. ചെരുപ്പ് പുറത്തു അഴിച്ചുവെക്കണം.
ആ ഗവേഷണ ഗ്രന്ഥാലയത്തില്‍ കിട്ടാത്ത പുസ്തകങ്ങള്‍ കുറവായിരുന്നു. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് നിത്യവും അവിടെ പോകും. മാസികകളും ആഴ്ചപ്പതിപ്പുകളും ഒന്നാം ലക്കം മുതല്‍ കട്ടി ബയന്റിട്ട് അവിടെ സൂക്ഷിച്ചിരിക്കുന്നു.
പണിക്കര്‍സാറുണ്ടായിരുന്ന കാലത്ത്, ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്  യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ ആദ്യമായി പോയത്. അന്ന് ഒരാള്‍ക്കൂട്ടം മുകളിലെ നിലയില്‍ കണ്ടു, ചെന്നപ്പോള്‍ റിബണ്‍ മുറിക്കുന്നു. അകത്തേയ്ക്ക് എല്ലാവരും കടന്നുപോകുന്നു.
അക്കാലത്താണ് എന്റെ ഒരു കഥ 'കുങ്കുമ'ത്തില്‍ പ്രസിദ്ധപ്പെടുത്തിയത്. ഞാനും ഒരു എഴുത്തുകാരനായിരിക്കുന്നു എന്ന ആത്മവിശ്വാസത്തോടെ മുകളിലേയ്ക്കു വന്നു. ''കേരള സ്റ്റഡീസ്. ഗവേഷകര്‍ക്കു മാത്രം'' എന്ന ബോര്‍ഡ് വെച്ചിരിക്കുന്നു. വാതിലിനകത്തേയ്ക്കു തലനീട്ടി നോക്കി.
നീളന്‍ ജൂബ്ബയിട്ട കുറുകിയ ഒരു മനുഷ്യന്‍, അധികാരിയുടെ ഭാവത്തില്‍:

''ഇങ്ങോട്ടു വാടാ!''
ഞാനകത്തേയ്ക്കു ചെന്നു.
''ങും! എന്തുവേണം?''
''ഒന്നും വേണ്ടായേ.''
''പിന്നെ?''
''ഒന്നു കാണാന്‍.''
''ഏത് ക്ലാസ്സില്‍ പഠിക്കുന്നു?''
''പ്രീഡിഗ്രി.'' 
ഞാന്‍ ചോദിച്ചു:
''എനിക്കും ഇവിടിരുന്നു വായിക്കാന്‍ പറ്റുമോ?''
''ബി.എയും എം.എയും എം.ഫിലും കഴിഞ്ഞ് പി.എച്ച്ഡിക്ക് ചേരുമ്പോള്‍ ഇവിടെ വന്നു വായിക്കാം.''
''വായനയ്ക്ക് അങ്ങനെ പി.എച്ച.ഡിയുണ്ടോ?''
പണിക്കര്‍ സാര്‍ എന്നെയൊന്നു സൂക്ഷിച്ചുനോക്കി. അവിടെ അരികിലുണ്ടായിരുന്ന വെള്ളേംവെള്ളേം ധരിച്ച കൂനുള്ള ഒരു ചെറുപ്പക്കാരന്‍ ഒരു കവിളില്‍നിന്നു മറുകവിളിലേയ്ക്ക് മുറുക്കാന്‍ നീക്കി ഊറിച്ചിരിച്ചു.
പിന്നീടാണ് മനസ്സിലായത് മുണ്ട് മടത്തുകെട്ടി കൂനി നടക്കുന്നത് വേലപ്പന്‍ നായരാണെന്ന്.

അസീസിനെ അന്നാണ് ഞാന്‍ കാണുന്നത്. പ്രായത്തില്‍ ഏറ്റവും ഇളപ്പം. നൂലുപോലെ ടെര്‍ലിന്‍ ഷര്‍ട്ടിട്ട് സ്ലിപ്പറും ധരിച്ച് കോലന്‍ മുടിയുമായി...
അന്നു മുതല്‍ പണിക്കര്‍സാര്‍ ആ ഗവേഷണാലയത്തില്‍ എനിക്കും പ്രവേശനം തന്നു. പഴയ മാസികകളും വാരികകളും ബയന്റു ചെയ്തു ക്രമമായി വെച്ചിട്ടുണ്ട്. ഗൗരവത്തില്‍ പുസ്തകങ്ങളില്‍ കണ്ണും നട്ടിരിക്കുന്നവര്‍ക്കിടയില്‍ ഏക പയ്യന്‍ ഞാനായിരുന്നു. ഇപ്പോഴും ഞാന്‍ കേരള സ്റ്റഡീസില്‍ പോകുന്നു. അവിടെ വരുന്നവര്‍ക്കിടയില്‍ ഏറ്റവും പ്രായം കൂടിയ ആളായി ഞാന്‍ മാറിയിരിക്കുന്നു.
അങ്ങനെ അസീസിനെ ഓര്‍ത്ത ഒരു നാളാണ് കിഴക്കേ കോട്ട വച്ച് അദ്ദേഹത്തെ കണ്ടത്.
ജോലിയില്‍നിന്നു കാലാവധി കഴിയും മുന്‍പേ അടുത്തൂണ്‍ പറ്റിയെന്നു ഞാന്‍ പറഞ്ഞു. അറിഞ്ഞെന്ന് അസീസും.

''കോളേജ് അദ്ധ്യാപകനാകുമെന്നായിരുന്നു, ഞാന്‍ കരുതിയത്. പബ്ലിഷിങ്ങൊക്കെ എങ്ങനെ പോകുന്നു?''
''ഇപ്പോള്‍ പി.ഒ.ഡിയുടെ കാലമല്ലേ. ആവശ്യത്തിനു കോപ്പിയടിക്കുക. ഡിമാന്റ് അനുസരിച്ച് സപ്ലൈ. ഇനിയുള്ള കാലം ചെറുകിടക്കാര്‍ക്ക് നില്‍ക്കക്കള്ളിയില്ല. കോര്‍പ്പറേറ്റുകളാണ് അരങ്ങു വാഴാന്‍ പോകുന്നത്.''
''മുന്‍പ് സമാന്തരക്കാരായിരുന്നല്ലോ  മുന്നില്‍. അവരുടെ ഫോര്‍മുല ഹൈജാക്കു ചെയ്തല്ലേ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ കുതിക്കുന്നത്. എങ്കിലും പേരിനു പ്രസാധനമുണ്ടെന്നേയുള്ളൂ. മുഴുവന്‍ സമയം എഴുത്തും വായനയുമാണ്. അതിനും മാത്രമുള്ള സമയമേയുള്ളൂ.''
''അതിനും മാത്രമുള്ള സമയമുണ്ടോ?''
''ഇല്ലാത്ത സമയമുണ്ടാക്കിച്ചെയ്താലും...''
എന്തു ഫലം എന്നു കരുതിയാവണം അസീസ് ചിരിച്ചു. ഇയാളുടെ ഒരു കൊല്ലുന്ന ചിരി. അതു ചിലപ്പോള്‍ ആക്കുന്ന ചിരിയാകും. പലപ്പോഴും നിഗൂഢമായ ചിരിയാകുന്നു അസീസിന്റേത്.
''കഴിഞ്ഞ മാസം വേലപ്പന്‍ നായര്‍ സാര്‍ മരിച്ചു.''
''ഞാനറിഞ്ഞില്ല.''
''രണ്ടു വര്‍ഷം മുന്‍പ് പണിക്കര്‍ സാര്‍ മരിച്ചു.''
''അതും ഞാനറിഞ്ഞില്ല.''
പണ്ട് ലൈബ്രറിയിലെപ്പോഴും പത്മയുണ്ടായിരുന്നു ഒപ്പം, പഠിക്കുന്നകാലത്ത്.

''ഇപ്പോ കക്ഷി എവിടെയാ?''
''പുറത്താ.''
''നിങ്ങള്‍ കെട്ടുമെന്നാ കരുതിയിരുന്നത്.''
''അതങ്ങനെയൊക്കെയല്ലേ ജീവിതം. പ്രണയിച്ച പെണ്ണിനെ കെട്ടിയാല്‍പ്പിന്നെ അതൃപ്ത ബന്ധത്തില്‍ നോക്കി കഥയെഴുതുന്നതെങ്ങനെ?''
അന്നു ഞങ്ങള്‍ ഏറെ നേരം സംസാരിച്ചു. കഴിക്കേക്കോട്ടയില്‍ ചാലയ്ക്കകത്തുള്ള ആസാദില്‍നിന്നു കാപ്പി കുടിച്ചു. ഇറങ്ങുമ്പോള്‍ കൗണ്ടറിലിരുന്ന് എന്റെ സഹപാഠി അസീസിനോട് സുഖമല്ലേ എന്നു ചോദിച്ചു.
അന്നും അസീസ് ചെരുപ്പു കടയില്‍ വരണമെന്നു നിര്‍ബ്ബന്ധിച്ചു.

''നിങ്ങള്‍ എഴുത്തുകാര്‍ക്ക് ഒരു കഥ അവിടെ ബാക്കിയുണ്ട്.''
''തിരുവല്ലത്തല്ലേ. വരാം.''
എനിക്കാണെങ്കില്‍ ആ സ്ഥലത്തേയ്ക്കു പോകുന്നതുതന്നെ വൈമനസ്യമായിരുന്നു. ബലിയും ശ്രാദ്ധവുമൊക്കെയായി പരശുരാമക്ഷേത്രം...
എന്തോ പോകാന്‍ ഒരു മടി. ''അങ്ങനെ ഒരു പ്രദേശത്തെപ്പറ്റി തോന്നിയാലെങ്ങനാ, പ്രായമാകുകയല്ലേ'' എന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നുമുണ്ട്.
ഈയിടയായി ഇടയ്ക്കിടയ്ക്ക് അസീസ് മനസ്സില്‍ കയറി വരുന്നതുകൊണ്ടാവാം തിരുവല്ലത്തേയ്ക്കു പോകാന്‍ ഞാനുറച്ചു. പുതിയൊരു ചെരിപ്പു വാങ്ങാകയും ചെയ്യണം.
അതൊരു ചെറിയ കടയായിരുന്നു. വിവിധയിനം ചെരുപ്പുകള്‍ പാദങ്ങള്‍ കാത്തിരിപ്പുണ്ട്. ജീവിതത്തിന്റെ നാനാതുറകളില്‍ വിവിധ അളവുകളില്‍ തീര്‍ത്ത മനുഷ്യശരീരങ്ങളെ താങ്ങി നടത്താനായി...
ഞാന്‍ വെറുതെ ചോദിച്ചു:
''ഇതില്‍ ഒ.വി. വിജയനും മുട്ടത്തുവര്‍ക്കിക്കും തകഴിക്കും സി.വി. രാമന്‍പിള്ളയ്ക്കുമുള്ള അളവുകളറിയാമോ?''
പുസ്തകങ്ങള്‍ അരച്ചുകലക്കിക്കുടിച്ച അസീസ് അപ്പോഴും ചിരിച്ചതേയുള്ളൂ. ഞാന്‍ മനസ്സില്‍ പറഞ്ഞു: ലൈബ്രേറിയന് ഇപ്പോള്‍ ചെരുപ്പുകളുമായിട്ടാണ്  സഹവാസം.

തുകലും റബ്ബറും കടലാസ്സും എല്ലാം ഉല്പന്നങ്ങളല്ലേ?
''പുസ്തകങ്ങളും ചെരുപ്പുകളും ഇപ്പോള്‍ വിലേടെ കാര്യത്തിലും ഒന്നിക്കുകയാ. ബാറ്റ വിലയിടും പോലെയാ പുസ്തകങ്ങള്‍ക്കും വില. 99 രൂപ. ആദ്യമായാ പുസ്തകത്തിന് ഇങ്ങനെ വില കാണുന്നത്!''
ഞാന്‍ ചോദിച്ചു:
''അസീസേ, ഈ കച്ചവടത്തില്‍ സംതൃപ്തനാണോ?''
''സംതൃപ്തി ഏതു കാര്യത്തിലും നമ്മള്‍ കണ്ടെത്തുന്നതല്ലേ?''
''ഞാനാലോചിക്കുകയായിരുന്നു പുസ്തകങ്ങള്‍ എടുത്തുകൊടുത്തുകൊണ്ടിരുന്ന ഒരാള്‍ക്ക് ചെരുപ്പുകള്‍ എടുത്തുകൊടുക്കുമ്പോഴും സംതൃപ്തി എങ്ങനെയാണ് നിലനില്‍ക്കുന്നത്?''
''വളരെക്കാലം എന്‍.ബി.എസ്സില്‍ മാനേജരായിരുന്ന ശങ്കരപ്പിള്ള പെന്‍ഷന്‍ പറ്റിയപ്പോള്‍ പെയിന്റുകടയില്‍ മാനേജരായില്ലേ. കേശവദേവിനേയും തകഴിയേയും ഉറൂബിനേയും കണ്ട മാനേജര്‍ അതേ പുസ്തകത്തില്‍നിന്നു പെയിന്റിലേക്ക്...''
''അതിലെന്താ കുഴപ്പം? ഒരു ജാതി പൊയിന്റടിക്കലല്ലേ സാഹിത്യം. മനസ്സിലും മസ്തിഷ്‌കത്തിലും പെയിന്റടിക്കുന്നു. അതും ഇഷ്ടമുള്ള വര്‍ണ്ണത്തില്‍. നെരാലെക്കോ, സ്‌നോസമോ. പുട്ടിയിട്ട് ചായം പൂശുന്ന ഒരു തരം പെയിന്റിംഗാണ് പുസ്തകങ്ങളും സാദ്ധ്യമാക്കുന്നത്.''
''ചെരുപ്പുകളോ?''
''മനസ്സുകള്‍ ചെരുപ്പുമിട്ടു നടക്കുകയല്ലേ?''
ചെരുപ്പിന്റെ ലോകത്ത് ഓരോ മുദ്രകള്‍ നോക്കി ഞാന്‍ നടന്നു. പാദം മൂടുന്നതും തള്ള വിരലിനിടയിലൂടെ വള്ളിപോകുന്നതും ഉപ്പൂറ്റിക്കുമേല്‍ വാറിട്ടു മുറുക്കുന്നതും ബക്കിളുള്ളതും ചേര്‍ത്ത് അമര്‍ത്താവുന്നതും. തലയ്ക്കുള്ള സംരക്ഷണം കാലിനും വേണം. പാദസംരക്ഷണം.
അങ്ങനെ ഞാന്‍ ചെരുപ്പുകള്‍ നോക്കി നടക്കുമ്പോള്‍ ഹവായ് ചെരുപ്പിന്റെ ഷെല്‍ഫിനരികില്‍ ഒരു വാതില്‍ ചാരിയിരിക്കുന്നു.
''ഇത് സ്റ്റോര്‍ റൂമായിരിക്കും.''

അസീസ് ചിരിച്ചു.
നിഗൂഢമായ ചിരി.
''ങാ'' എന്നൊരു മൂളല്‍ മാത്രം. 
അവിടേയ്ക്ക് പ്രവേശനമില്ല എന്നു പറഞ്ഞില്ല. എനിക്കാണെങ്കില്‍ അടച്ചിട്ട വാതിലുകള്‍ തുറന്നു കാണാന്‍ എന്ത് ഉത്സാഹമാണെന്നേ.
അതു മനസ്സിലാക്കിയിട്ടാകണം അസീസ് വാതില്‍ തള്ളിത്തുറന്നു. ഭാരമുള്ള കതകുകളോ? ഞാന്‍ ആശ്ചര്യപ്പെട്ടു.
അതൊരു പുസ്തകശേഖരമായിരുന്നു. ലൈബ്രറി. ഇടനാഴികള്‍ അവസാനിക്കാത്തൊരു ശേഖരം. അസംഖ്യം ഷെല്‍ഫുകളില്‍ കൃത്യമായി അടുക്കിവെച്ചിരിക്കുന്ന പുസ്തകങ്ങള്‍.
ഞാനൊരു പുസ്തകം വെറുതെ എടുത്തു. ചെറിയ ചൂടുണ്ട്. താളുകള്‍ തുറന്നപ്പോള്‍ എന്തോ സ്പന്ദിക്കുന്നു.
''അതെ. ഓരോന്നും ആത്മാക്കളാണ്. ഇവിടെ ജീവിച്ചു മറഞ്ഞവരുടെ.''
കുറേ നടന്നപ്പോള്‍ ചിരിയും കരച്ചിലും തേങ്ങലും അട്ടഹാസവും അവ്യക്തമായ പിറുപിറുപ്പുകളും. അവിടെയെങ്ങും ആരെയും കാണുന്നുമുണ്ടായിരുന്നില്ല.
അപ്പോഴേയ്ക്കും അസീസിന്റെ മുഖം മറ്റൊരു ഭാവമണിഞ്ഞു.
''ശ്രദ്ധിച്ചു കേട്ടുനോക്കൂ. പരിചയമുള്ളവരെ കേള്‍ക്കാം.''
ശബ്ദങ്ങള്‍ക്കിടയിലാണ് ഞാനിത്രയും കാലം ജോലി ചെയ്തിരുന്നത്. ശബ്ദങ്ങളിലൂടെ ജീവിത ചിത്രണം സാദ്ധ്യമാക്കുന്ന ഒരു റേഡിയോ പ്രൊഡ്യൂസര്‍ക്ക് ശബ്ദങ്ങളുടെ ലൈബ്രറിയില്‍ തിരിച്ചറിവ് നഷ്ടപ്പെടും.
''ഇത് ഓഡിയോ ലൈബ്രറിയല്ല.''
''പിന്നെ?''
''ഈ പുസ്തകലോകത്ത് ജീവിച്ചവരുടെ ശബ്ദങ്ങള്‍ കേള്‍ക്കാമെന്നു മാത്രം. പുസ്തകം തുറക്കുമ്പോള്‍ അവര്‍ ശാന്തരാകുന്നു. അടച്ചുവയ്ക്കുമ്പോള്‍ ഉറ്റവര്‍ക്കു കേള്‍ക്കാന്‍ വേണ്ടി, തിരിച്ചറിയാന്‍ വേണ്ടി അവര്‍ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു.''
കരച്ചില്‍ പുറപ്പെടുവിക്കുന്ന ഒരു പുസ്തകമെടുത്തു. അതു നനഞ്ഞുകുതിര്‍ന്ന് ഒരു പരുവമായിരിക്കുന്നു.
അവ കാത്തിരിക്കുകയാണ്. വരികളും ദൃശ്യവും ശ്രവ്യവുമായി തിമിര്‍ത്തു പെയ്യാന്‍. ബന്ധുക്കളെ കാത്ത്...
''ബന്ധുക്കളെക്കാത്തോ?''
''പക്ഷേ, അവരെ കാണാനോ അവര്‍ക്കരികിലേയ്ക്കു പോകാനോ കഴിയില്ല. അവരെല്ലാം പോകാനാഗ്രഹിക്കുന്നു. ഒരു വഴികിട്ടിയാല്‍ ചാടിപ്പോകും.''
''വിചിത്രമായിരിക്കുന്നല്ലോ. ഇതെവിടം വരെയുണ്ട്?''
അസീസ് നേര്‍ത്ത ചിരി ചിരിക്കുക മാത്രം ചെയ്തു.

''ഇതിന് അവസാനമില്ലേ?''
''അവസാനമില്ലെന്നു പറഞ്ഞാല്‍?''
''ത്രേതായുഗം വരെ.''
''ഇതെങ്ങനെ സംഭവിച്ചു അസീസ്?''
ഒരു ദിവസം തിരുവല്ലം പരശുരാമക്ഷേത്രത്തില്‍നിന്ന്  ദൈവം അസീസിന്റെ ചെരുപ്പുകടയില്‍ വന്നു. ദൈവം പറഞ്ഞു.
''ഇവിടെ ശ്രാദ്ധമൂട്ടാന്‍ വരുന്നവരുടെ സംഖ്യ വര്‍ദ്ധിച്ചുവരികയാണ്. പിണ്ഡം കരമനയാറ്റില്‍ ഒഴുക്കിയാലും അവിടെയും ഇവിടെയും ആത്മാക്കള്‍ അലഞ്ഞുനടക്കും. പിന്നെ എവിടെയെങ്കിലും പറ്റിനില്‍ക്കും. നമുക്ക് ഒരു ലൈബ്രറിയുണ്ടാക്കണം. ഓരോ ആത്മാക്കളേയും അടക്കം ചെയ്യുന്ന പുസ്തകങ്ങളായി അവരവടെ കിടക്കട്ടെ... നിങ്ങള്‍ക്കാവുമ്പോ ഇതെല്ലാം നല്ല പരിചയമുണ്ടല്ലോ?''
''അപ്പോള്‍ എന്റെ മതം?''
''ആത്മാക്കള്‍ക്ക് എന്തു മതം അസീസേ?'' എന്നു ചോദിച്ച് ദൈവം തോളില്‍ തട്ടി.

ആ തട്ടില്‍ അസീസ് ഉണര്‍ന്നു. പിറ്റേന്നാള്‍ കട തുറന്ന് അകത്തു കടക്കുമ്പോള്‍ ഹവായ് ചെരുപ്പുകള്‍ വെച്ചിരിക്കുന്ന ഷെല്‍ഫിനിടയിലൂടെ ഒരു വാതില്‍.
''ങേ! ഞാനറിയാതെ എന്റെ കടയില്‍ എങ്ങനെ ഈ വാതില്‍?''
''എല്ലാം അസീസേ നീ അറിഞ്ഞുകൊണ്ടാണോ? ഈ കട നിന്റേതാണെങ്കിലും ഇതൊന്നും നിന്റേതല്ല...''
ഇവര്‍ ഊരിയ ചെരുപ്പുകളാണ് അസീസേ, നിന്റെ കടയില്‍ നിരത്തിവെച്ചിരിക്കുന്നതെന്നു മാത്രം നീ കരുതുക. അതില്‍ കവിഞ്ഞൊന്നുമില്ല. അതില്‍ കുറഞ്ഞൊന്നുമില്ല.
അദ്ദേഹം നടന്നിട്ടും നടന്നിട്ടും തീരുന്നില്ല. എന്നിട്ടും അസീസിന് ക്ഷീണം തോന്നിയുമില്ല.
ഇടയ്ക്ക് ഷെല്‍ഫില്‍ നിന്നൊരു വിളി.
''അസ്സീസ്സേ...''
നോക്കുമ്പോഴുണ്ട് ഒരു ഞരക്കമാണ്. അസീസ് മൂന്നാമത്തെ തട്ടിനരികില്‍ ചെന്നു. പുസ്തകത്തില്‍ തൊട്ട മാത്രയില്‍ അതു പറഞ്ഞു:
''എന്റെ ദാക്ഷായിണി ഇവിടെവിടെയോ ഉണ്ട്.''
''ഞാനെങ്ങനെ കണ്ടെത്തും?''
''നീയൊന്ന് കിണഞ്ഞുനോക്ക്. ഏത് പുസ്തകവും ഞൊടിയിടയില്‍ തപ്പിത്തരുന്ന ആളല്ലേ?''
''ഇത് പുസ്തകമല്ലല്ലോ.''
''അതേ. മനുഷ്യനുമായി ബന്ധപ്പെട്ട ഏതും പുസ്തകമാണ്. സമയം കിട്ടുമ്പോള്‍ ഇരുന്ന് ആലോചിച്ചു നോക്ക്. സമയം കളയണ്ട ദാക്ഷായിണിയെ തപ്പിത്താ!''

അത് അസീസിന്റെ ആദ്യത്തെ ശ്രമകരമായ ജോലിയായിരുന്നു. ദാക്ഷായിണിയെ എടുത്തുകൊണ്ടു വന്നപ്പോള്‍ ആവശ്യപ്പെട്ട ആളിനെ കാണാനില്ല. തിരഞ്ഞിട്ട് കിട്ടുന്നുമില്ല. ദാക്ഷായിണി കയ്യിലിരുന്ന് അസീസിനോടു ചോദിച്ചു:
''നിങ്ങളെന്തുവാ മനുഷ്യ ഈ കാണിച്ചത്. എന്നെ എടുത്തുകൊണ്ടു വന്നിട്ട്...''
പിന്നെ, അസീസ് പഴയ സ്ഥലത്തേയ്ക്ക് ദാക്ഷായിണിയെ കൊണ്ടുചെന്നു വയ്ക്കാന്‍ നോക്കുമ്പോള്‍ ആ സ്ഥലമില്ല. അവിടെ മറ്റ് ആരാണ്ടൊക്കെയോ കയറിയിരിക്കുന്നു.
അങ്ങനെയാണ് അസീസ് ജോലി തുടങ്ങിയത്. ക്ഷമയോടെ കാര്യക്ഷമമായി ജോലി ചെയ്യുന്നതിന്റെ ഉത്സാഹം അദ്ദേഹത്തിന്റെ മുഖത്തു കാണാമായിരുന്നു.
''ഈ പുസ്തകങ്ങള്‍ക്ക് പുതിയ തരത്തിലുള്ള വര്‍ഗ്ഗീകരണം നടത്തിയാലോ?''
''രംഗനാഥന്റേയോ ഡൂയി ഡെസിമലിന്റേയോ അല്ല. അസീസിന്റെ വര്‍ഗ്ഗീകരണമാണ് വേണ്ടത്. ആത്മാക്കളെ വര്‍ഗ്ഗീകരിക്കാന്‍ അസീസിനേ ആകൂ.''

അതു വലിയൊരു ബഹുമതിയായി അദ്ദേഹത്തിനു തോന്നി. ഓരോ നാളും 'അക്വിസിഷന്‍' വിഭാഗത്തില്‍നിന്നും നമ്പരിട്ട് ആത്മാക്കള്‍ വന്നുകൊണ്ടേയിരിക്കുന്നു. അവ ഷെല്‍ഫില്‍ അടുക്കിക്കൊണ്ടേയിരിക്കുന്നു.
ചെരുപ്പു കച്ചവടത്തില്‍നിന്ന് ശ്രദ്ധ പതിയെ തിരിഞ്ഞ ഘട്ടത്തിലാണ് അസീസ്, കടയില്‍ ചെരുപ്പകളുടെ കുറവ് കണ്ടെത്താന്‍ തുടങ്ങിയത്.
കട അടയ്ക്കുമ്പോള്‍ ചില ചെരുപ്പുകളെ കാണാനില്ല. കടയിലൊന്നും കാണാത്ത ചെരുപ്പുകള്‍ എവിടെപ്പോവാനാണ്?
ദൈവം പറഞ്ഞു:
''സൂക്ഷിക്കണം, വിഴിഞ്ഞത്തും കോവളത്തും കിഴക്കേക്കോട്ടേലേക്കും സര്‍ക്കീട്ടുണ്ട്. കടയില്‍നിന്നു ചെരുപ്പുമിട്ടുകൊണ്ട് ഒരു പോക്കാണ്. അസീസേ, നിന്നെ വെട്ടിച്ച് നിന്റെ പുസ്തകങ്ങള്‍ ലൈബ്രറിക്ക് പുറത്തു പോകുന്നു.''
ശരിയാണെന്ന് അസീസിനും തോന്നി.
അവിടെ മൂലയിലിരുന്ന ഷൂസെവിടെ? ക്യാന്‍വാസെവിടെ? മടമ്പുള്ള ചെരുപ്പെവിടെ? ബാറ്റയുടെ ഏറ്റവും പുതിയ മോഡല്‍ ഫാഫ്ഷൂ. അതു ധരിച്ചുകൊണ്ട് ഏതോ ആത്മാവ് കോവളത്തേയ്ക്ക് പോയതായിരിക്കും?
പിറ്റേന്നാള്‍ കാലത്ത്  കടതുറക്കുമ്പോള്‍ കാണാതായ ചെരുപ്പുകള്‍ സ്ഥാനം തെറ്റി കണ്ടുകൊണ്ടിരുന്നു. ആ ചെരുപ്പുകള്‍ അന്നുതന്നെ വിറ്റുപോവുകയും ചെയ്തു.

പുതിയ സ്റ്റോക്കെടുക്കുമ്പോള്‍ വിചിത്രമായ ചെരുപ്പുകളാണ് അസീസ് തെരഞ്ഞെടുത്തിരുന്നത്. സാധാരണ മനുഷ്യര്‍ ഇടുമോ എന്നു സംശയിക്കുന്ന ചെരുപ്പുകള്‍! എത്ര വിലയിട്ടാലും  ആളുകള്‍ വാങ്ങിക്കൊണ്ടു പോകുന്നു. അപ്രത്യക്ഷമായ ചെരുപ്പുകള്‍ മടങ്ങിവന്നു റാക്കുകളില്‍  ഇരിക്കാന്‍ തുടങ്ങുമ്പോള്‍ കടയിലുള്ള പയ്യന്‍ പറയും:
''ഇക്കാ... നമ്മുടെ ചെരിപ്പുകള്‍ എവിടേയ്ക്കാ ഒളിച്ചുപോകുന്നത്?''
''ഭാഗ്യം കൊണ്ടുവരാന്‍.''
അവനൊന്നും മനസ്സിലായില്ല. അവന്‍ പിന്നെ ഒന്നും ചോദിക്കാറുമില്ല.
ഒരു ദിവസം അസീസ് കണ്ടു അകത്തെ ശേഖരത്തിലും ചെരുപ്പുകള്‍. അതു പുസ്തകത്തില്‍നിന്നു വിടുവിക്കാന്‍ പണിപ്പെട്ടത് അസീസിനു മാത്രമറിയാം.

എന്താണ് പരേതര്‍ക്ക് ചെരിപ്പിനോട് ഇത്ര ആസക്തി? അതുമിട്ടു നടന്നു നടന്നുപോകാമല്ലോ?
ഒരു ചെരിപ്പിനെ പരിചയമായാല്‍ അതുതന്നെ വേണം പിന്നെ എപ്പോഴും. കടയില്‍ വെച്ചാല്‍ അന്നുതന്നെ ആരെങ്കിലും വന്നു വാങ്ങും. പിന്നെങ്ങനെ ഞങ്ങള്‍ പുറത്തിറങ്ങും? ആത്മാക്കള്‍ അങ്ങനെയാണ് ചിന്തിച്ചത്.
അസീസിനു കാര്യം മനസ്സിലായി.

പയ്യന്‍ കണക്കെടുത്തിട്ട് പറയാന്‍ തുടങ്ങി:
ആ ചെരുപ്പ് വന്നില്ലല്ലോ.
ഈ ചെരുപ്പ് എത്താന്‍ വൈകുന്നതെന്താ?
വരും. വരും. ഇവിടെ വരാതെ എവിടെപ്പോവാന്‍?
അസീസിന്റെ ഉള്ളില്‍ ഗൂഢമായൊരു മന്ദഹാസം നിറഞ്ഞു.
ഒന്നുമില്ലെങ്കിലും ആത്മാക്കള്‍ വെറും കാലിലല്ലല്ലോ പോകുന്നത്. ആണിയോ മുള്ളോ കൊണ്ടു പനിച്ചു പഴുത്തു കിടക്കത്തില്ലല്ലോ. കണ്ട ചെളിയും ചാണകവും ചവിട്ടി കാലു നാശമാക്കുകയില്ലല്ലോ.
അസീസിന്റെ ക്ലേശം ഏറുകയായിരുന്നു. വര്‍ഗ്ഗീകരിച്ച ആത്മാവുകള്‍ ഇടംവിട്ട് മാറുകയും കുഴയുകയും ചെയ്തുകൊണ്ടിരുന്നു.
''ദൈവമേ, ഇനി ഏത് ക്ലാസ്സിഫിക്കേഷനിലാണ്  ഞാനിവരെയൊക്കെ ക്രമീകരിക്കേണ്ടത്?''
പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചു നോക്കി. ആവാഹിക്കപ്പെട്ട ചെരുപ്പുകള്‍ ആത്മാവിന്റെ ലൈബ്രറിയിലേയ്ക്ക് വന്നുകൊണ്ടിരുന്നു.
''ഞാനെന്തിനാ ഈ ചെരുപ്പുകള്‍ എടുത്തു കടയില്‍ വയ്ക്കുന്നത്?''
എന്നൊരാത്മഗതവും അസീസ് പൊഴിച്ചു തുടങ്ങി.

ചെരുപ്പ് വാങ്ങാന്‍ വരുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരികയും അവര്‍ക്കോരോരുത്തര്‍ക്കും ആവശ്യമായ ചെരുപ്പ് അവിടുണ്ടെന്ന് തറപ്പിച്ചു പറയുകയും ചെയ്തു കൊണ്ടിരുന്നു.
അങ്ങനെ ആത്മാക്കള്‍ക്കു കൂട്ടിരിക്കുന്ന ചെരിപ്പുകള്‍ അകത്തുനിന്ന് എടുത്തുകൊടുത്തുകൊണ്ട് ആവശ്യക്കാരേയും സംതൃപ്തരാക്കി.
ഇവരെല്ലാം അറിഞ്ഞുകൊണ്ട് വരുന്നതുപോലുണ്ടല്ലോ?
എത്ര വേഗമാണ് ഇപ്പോള്‍ അസീസിന്റെ കടയിലെ ചെരുപ്പുകളെല്ലാം തീരുന്നത്.
ദൈവം വന്നു പറഞ്ഞു:
''അസീസേ, നിന്റെ ലൈബ്രറിയില്‍നിന്ന് ആത്മാക്കള്‍ ചാടിപ്പോകുന്നു. ചെരിപ്പും ഇട്ടോണ്ടാ അവര്‍ ഇറങ്ങിപ്പോകുന്നത്... ഇങ്ങനെ പോയാല്‍...?''
അസീസിനു തോന്നി ശരിയാണ്. അകത്തെ ഷെല്‍ഫില്‍ വന്നിരിക്കുന്ന ചെരുപ്പുകള്‍ക്കൊപ്പം ഓരോരുത്തരും ഇവിടം ഒഴിഞ്ഞുപോവുകയാണോ?
അങ്ങനെ ചെരുപ്പുകളുടെ വരവ് നിര്‍ത്തി. കടയുടെ പേരുമാത്രം ബാക്കിയായി. ഇനി ഒന്നിനും പുറത്തേയ്ക്ക് പ്രവേശനമില്ല.
അകത്തേയ്ക്കു മാത്രം.

ഇപ്പോള്‍ അസീസില്‍ ചെരുപ്പുകടയില്‍ ആരൊക്കെയാണ് വരുന്നത്? വരുന്നവരെ ആര്‍ക്കും കാണാന്‍ കഴിയില്ലെന്നു മാത്രമല്ല, കാലസമയ പരിധികളെ ലംഘിച്ചുകൊണ്ട് ചെരുപ്പുകടയുടെ ഉള്‍വാതില്‍ തുറന്ന് അടഞ്ഞുകൊണ്ടിരുന്നു.
അസീസിനെ കടയില്‍ കാണാറേയില്ല. വീട്ടില്‍ അന്വേഷിച്ചാല്‍ കടയിലാണെന്നു പറയും. കടയില്‍ അന്വേഷിച്ചാല്‍ വീട്ടിലാണെന്നു പറയും!
അസീസ് ഒരു ചിരിയോടെ പറയും:
''ദൈവം പറഞ്ഞാല്‍ എനിക്കു ചെയ്യാണ്ടിരിക്കാന്‍ പറ്റുമോ. ഞാനൊരു ലൈബ്രേറിയനല്ലേ?''
പിന്നെ കുറച്ചുകാലം അസീസിനെ കണ്ടതേയില്ല.
ആരോ പറഞ്ഞാണ് അറിഞ്ഞത്. അതുകൊണ്ട് ഞാന്‍ തിരുവല്ലത്ത് അസീസിന്റെ ചെരുപ്പുകടയില്‍ ചെന്നു.
പയ്യന്‍ ഇരുന്ന് ഉറങ്ങുകയാണ്.

''അസീസില്ലേ?''
''ഒന്നും അറിഞ്ഞില്ലേ?'' എന്ന മട്ടില്‍ അവന്‍ എന്നെ നോക്കി.
ഞാന്‍ ഹവായ്ക്കരികിലെ ആ വാതില്‍ തിരഞ്ഞു. അത് തുറന്ന് അകത്തു കയറുമ്പോള്‍ അസീസ് ചിരിച്ചുകൊണ്ട് നില്‍ക്കുന്നു.
''ഞാന്‍ കഴിഞ്ഞ മാസം മരിച്ചു. മണക്കാട് പള്ളിയിലാണ് അടക്കിയത്.''
''അസ്സീസ്സേ ഇങ്ങു പോരേ...''
ആരോ വിളിക്കുന്നു. പണിക്കര്‍ സാറായിരുന്നു. പതിഞ്ഞ ഒച്ചയില്‍ എന്തോ പറയുന്നത് വേലപ്പന്‍ നായരാണ്.
പെട്ടെന്ന് അസീസ് പോയല്ലോ, ഒരു പുസ്തകത്തിലേയ്ക്ക്.
അതിനരികില്‍ ഒരു പുസ്തകം ഒഴിഞ്ഞുകിടപ്പുണ്ടായിരുന്നു.
അതെന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു. മെല്ലെ മന്ത്രിക്കുന്നുമുണ്ട്:
''ഇപ്പോ പൊയ്‌ക്കോളൂ;
പിന്നെ വരാനായി.''
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com