'ഇന്ത്യന്‍ ഇയര്‍ ബുക്ക്'- വി സുരേഷ് കുമാര്‍ എഴുതിയ കഥ

ആദ്യത്തെ നാലുമാസം കഴിഞ്ഞതും സന്തോഷ് പൂജാരി ഒരു സത്യം തിരിച്ചറിഞ്ഞു-മലയാളികള്‍ കല്ലുകളില്‍ മാര്‍ബിളിനെ ബ്രാഹ്മണനോളം ആദരിക്കുന്നു. മാര്‍ബിള്‍ പണിക്കാരനേയും
'ഇന്ത്യന്‍ ഇയര്‍ ബുക്ക്'- വി സുരേഷ് കുമാര്‍ എഴുതിയ കഥ

ന്തോഷ് പൂജാരി എന്ന രാജസ്ഥാന്‍കാരന്‍ കേരളത്തിലേയ്ക്ക് വന്നതുപോലെ ആയിരുന്നില്ല, മിര്‍ ജലാലുദ്ദീന്‍ എന്ന ആസ്സാംകാരന്‍ കേരളത്തിലേയ്ക്ക് വണ്ടികയറിയത്. പൂജാരിയുടേത് കൃത്യമായ ലക്ഷ്യങ്ങളോടെയും കണക്കുകൂട്ടലുകളോടെയും ആയിരുന്നു.
പത്തു വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ആ കാലങ്ങളില്‍ രാജസ്ഥാനില്‍നിന്നും പുറപ്പെടുന്ന ലോറികളില്‍ 95 ശതമാനം മാര്‍ബിളുകളും കേരളത്തിലേയ്ക്കുള്ളതാണ്. ലോഡ് കയറ്റിയ ലോറിയിലേയ്ക്ക് നീണ്ട ദിവസങ്ങളുടെ യാത്രയ്ക്കായി കയറുന്ന ഡ്രൈവര്‍മാര്‍ തങ്ങളുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ഒപ്പം കൂട്ടി.

ജയ്സാല്‍മീറിലെ മാര്‍ബിള്‍ ഫാക്ടറിയിലെ കട്ടര്‍ ആയിരുന്ന ചേതന്‍ പൂജാരി വരാന്‍ പോകുന്ന തൊഴില്‍ സാധ്യതകള്‍ മനസ്സിലാക്കി മൂത്ത മകന് മാര്‍ബിള്‍ മിനുസപ്പെടുത്താനും മുറിച്ചെടുക്കാനും കൂട്ടിച്ചേര്‍ക്കാനും ഉള്ള വിദ്യകള്‍ ഒന്നൊന്നായി പറഞ്ഞുകൊടുത്തു.

ചേതന്‍ പൂജാരി മകനോട് പറഞ്ഞു: ''അവിടെ ഒരു കൊല്ലം പണിയെടുത്താല്‍ ഞാന്‍ ജോലി ചെയ്യുന്ന ഈ ഫാക്ടറി നിനക്ക് വിലയ്‌ക്കെടുത്തു മേടിക്കാനുള്ള പണം കിട്ടും.''
കേരളത്തില്‍ വരുന്നതിനും മുന്നേ തന്നെ സന്തോഷ് പൂജാരിക്ക് രാജസ്ഥാനില്‍ വീടുണ്ട്, ഭൂമിയുണ്ട്. നാട്ടുകൂട്ടത്തിലെ ആദ്യവരിയില്‍ കസേലയും ഉണ്ട്. ഗുജറാത്തിനും മഹാരാഷ്ട്രത്തിനും അപ്പുറമുള്ള ജനങ്ങളെക്കുറിച്ച് നാളിതുവരെയും സ്വപ്നത്തില്‍പ്പോലും ചിന്തിക്കാതിരുന്നിട്ടും പൂജാരി വലിയ ലോറിയിലേയ്ക്ക് കയറി.
നാലു ദിവസം കഴിഞ്ഞ് അഞ്ചാംദിനം പുലര്‍ച്ചെ വണ്ടി കേരളത്തിലെത്തി. ആദ്യത്തെ നാലുമാസം കഴിഞ്ഞതും സന്തോഷ് പൂജാരി ഒരു സത്യം തിരിച്ചറിഞ്ഞു-മലയാളികള്‍ കല്ലുകളില്‍ മാര്‍ബിളിനെ ബ്രാഹ്മണനോളം ആദരിക്കുന്നു. മാര്‍ബിള്‍ പണിക്കാരനേയും.
നാട്ടിലേയ്ക്ക് തിരികെ പോകുന്നതിന്റെ തലേദിവസം ടൗണിലൂടെ നടക്കവേ സന്തോഷ് പൂജാരി പരിചയക്കാരുടെയൊക്കെ കൈകള്‍ പിടിച്ചുകുലുക്കി ചിരിച്ചുകൊണ്ട് വര്‍ത്തമാനം പറഞ്ഞു.
''അച്ഛാഹോ... ബഹുത് അച്ഛാഹോ...''
സന്തോഷ് പൂജാരിയുടെ ഒപ്പം മാര്‍ബിള്‍ ചുമക്കാനും സിമന്റും ചാന്തും കുഴച്ചുകൊടുക്കാനും ഒക്കെയായി സഹായിയായി നില്‍ക്കാറുള്ള മിര്‍ ജലാലുദ്ദീന്‍ എന്ന ആസ്സാമിയും ഉണ്ടായിരുന്നു. രണ്ടു കയ്യിലും പൂജാരിയുടെ പലവക സാധനങ്ങള്‍ നിറച്ച വലിയ കെട്ടുകളുമായി ജലാലുദ്ദീന്‍ പൂജാരിയുടെ പിന്നാലെ നടന്നു.

പത്തു വര്‍ഷത്തിനോടടുപ്പിച്ചായി കേരളത്തിലേയ്ക്ക് വണ്ടി കയറിയിട്ട്-ജലാലുദ്ദീനും മനസ്സില്‍ പറഞ്ഞു.
ആദ്യം വരുമ്പോള്‍ ഗുവാഹട്ടിയില്‍നിന്നും കേരളത്തിലേയ്ക്ക് പോകുന്ന വണ്ടിയുടെ സമയമോ ദിവസമോ കൃത്യമായി അറിയാത്തതിനാല്‍ ജലാലിനു നാലു ദിവസം റെയില്‍വേ സ്റ്റേഷനില്‍ കിടക്കേണ്ടിവന്നു.
വണ്ടി പുറപ്പെടുന്ന ദിവസം എത്തിയപ്പോഴേയ്ക്കും റെയില്‍വേ സ്റ്റേഷന്‍ വലിയൊരു അഭയാര്‍ത്ഥി ക്യാമ്പ് പോലെയായി. ബ്രഹ്മപുത്രയില്‍നിന്നും കുറച്ചു ദിവസങ്ങള്‍ക്കു മുന്നേ കരകവിഞ്ഞ് കയറിയ വെള്ളം സകലതും തകര്‍ത്തുതരിപ്പണമാക്കിയവരായിരുന്നു  മുഴുവന്‍ പേരും.
സന്തോഷ് പൂജാരി നാളെ നാട്ടിലേയ്ക്ക് പോകുന്നു. സന്തോഷ് പൂജാരി ഇടയ്ക്കിടെ നാട്ടിലേയ്ക്ക് പോകാറുണ്ട്. ഇതിപ്പോള്‍ ഇവിടുത്തെ എല്ലാം മതിയാക്കിയിട്ട് പോകുന്നതാണ്. നാട്ടില്‍ വലിയൊരു മാര്‍ബിള്‍ ഫാക്ടറി തുടങ്ങാന്‍. ജലാല്‍ നടക്കുന്നതിനിടയില്‍ ഓര്‍ത്തു.
അയാളുടെ കൂടെ പണിയെടുക്കുമ്പോള്‍ അധ്വാനം കൂടുതല്‍ ആണെങ്കിലും ഒട്ടുമിക്ക ദിവസങ്ങളിലും പണികിട്ടാറുണ്ട്.

ജലാല്‍ ഭാരമേറിയ സഞ്ചികളെ കൈകള്‍ തമ്മില്‍ മാറ്റിപ്പിടിച്ചു. പൂജാരി തന്റെ ഏറ്റവും പുതിയ മൊബൈലില്‍ ഭാര്യയേയും മകളേയും വിളിക്കുന്നു.
മൊബൈലില്‍ നില്‍ക്കുന്ന ഭാര്യയുടെ പിറകിലൂടെ ഓടുകയും മറയുകയും ചെയ്യുന്ന പൂജാരിയുടെ മകളെ കാണാനായി ജലാല്‍ ഇടയ്ക്കിടെ തലവെട്ടിച്ചു നോക്കി.
ജലാല്‍ തന്റെ പേന്റിന്റെ കീശയിലേയ്ക്ക് കൈ തൊട്ടു. പോറല്‍ വീണ് ഏതു നിമിഷവും ചിതറിയേക്കാവുന്ന ഗ്രാനൈറ്റ് കഷണം പോലെയുള്ള ചെറിയ മൊബൈല്‍.

നാട്ടില്‍നിന്ന് ആരുടെയെങ്കിലും വിളികള്‍ കുറവാണ്. കിലോമീറ്ററുകള്‍ക്ക് അപ്പുറം നദിയും കടന്ന് പട്ടണത്തില്‍ പോയ ദിനങ്ങളില്‍ മാത്രം അവള്‍ വിളിക്കും. അവളുടെ യാത്രകള്‍ മിക്കവാറും ഏതെങ്കിലും പേപ്പറുകള്‍ ശരിയാക്കാനുള്ളതോ കണ്ടെത്താനുള്ളതോ ആകും...
ഭൂമിക്കടിയില്‍നിന്നും കുഴിച്ചെടുത്തു കൊടുക്കാനുള്ള എന്തെങ്കിലും ആയിരുന്നെങ്കില്‍ ഇതിനകം തന്നെ ഞാനത് എടുത്തു കൊടുത്തേനെ. അവസാനം വിളിച്ചപ്പോള്‍ അവള്‍ വേദനയോടെ പറഞ്ഞു. ഇതിപ്പോള്‍ നമ്മള് എന്താണെന്നു മറ്റുള്ളവര്‍ തീരുമാനിച്ചുകഴിഞ്ഞ ഒരു വ്യവസ്ഥിതിയില്‍ നമ്മള് എന്തായിട്ടും കാര്യമില്ലല്ലോ. അവളുടെ ശബ്ദം കരച്ചിലായി.

സഞ്ചി രണ്ടും ഒരു കയ്യിലേയ്ക്ക് മാറ്റി അയാള്‍ മറുവശത്തെ പോക്കറ്റിലേയ്ക്ക് കൈ താഴ്ത്തി.
മകളുടെ കത്താണ്-അവള്‍ ഇടയ്ക്കിടെ കത്തുകള്‍ അയക്കും. ഈ കത്ത് ഇതുവരെയും തുറന്നില്ല.
ഈ വര്‍ഷം അവള്‍ എത്ര ക്ലാസ്സില്‍ ആയിരിക്കും. മൂന്ന്, നാല്... ജലാലിന് എത്ര ആലോചിച്ചിട്ടും അവളുടെ പ്രായമോ ക്ലാസ്സോ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല.

പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്ത ഒരു ചുറ്റുപാടില്‍ ജീവിക്കുന്ന എന്റെ മോളും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് കുറച്ചെങ്കിലും വളര്‍ന്നിട്ടുണ്ടാകുമോ?
ജലാലുദ്ദീന്‍ ആകെ ആശങ്കയിലായി.
അവളുടെ കത്തുകളില്‍ എഴുത്തിനെക്കാള്‍ കൂടുതല്‍ ചിത്രങ്ങളാണ് ഉണ്ടാകുക.
ഈ കത്തില്‍ എന്തു ചിത്രമായിരിക്കും അവള്‍ വരച്ചിട്ടുണ്ടാകുക?
അവള്‍ പോകുന്ന സ്‌കൂള്‍, അവളുടെ കൂട്ടുകാരികള്‍, മുറ്റത്തോളം കയറിനില്‍ക്കുന്ന വെള്ളം, ഇടയ്ക്കിടെ വന്നുപോകുന്ന പൊലീസ്, പട്ടാള വാഹനങ്ങള്‍, കല്ലു ചുമക്കുന്ന അവളുടെ അമ്മ. ഇതൊക്കെ ആയിരുന്നു ഇതിനുമുന്നേ.

സന്തോഷ് പൂജാരി ശബ്ദം താഴ്ത്തി ഭാര്യയോട് പറയുന്നു. ഇവിടെയും എല്ലാവരും ബീഫ് തിന്നാറില്ല. ബീഫ് തിന്നാത്തവരുടെ ഷോപ്പില്‍നിന്നും ഞാന്‍ വാങ്ങാം...
പിന്നെയും അവര്‍ എന്തൊക്കെയോ രഹസ്യങ്ങള്‍ കൈമാറും പോലെ ശബ്ദം താഴ്ത്തി. കുറച്ചുനേരത്തെ ചിരിക്കും കുശുകുശുപ്പിനും ശേഷം പൂജാരി ചോദിച്ചു: ''മോള്‍ക്ക് എന്തൊക്കെയാണ് വേണ്ടത്...?''
മോള്‍ക്ക് എന്തൊക്കെ ആയിരിക്കും വേണ്ടിവരിക... ജലാലും ആലോചിച്ചു.
മോള്‍ക്ക് പൂമ്പാറ്റകളെ... എനിക്ക് ആ ആനവാല്‍ മോതിരം... പൂജാരി വീണ്ടും ശബ്ദം താഴ്ത്തി. പിന്നെ ഉച്ചത്തില്‍ ചിരിച്ചു.

എല്ലാവര്‍ക്കും ഇങ്ങനെയുള്ള ഏതെങ്കിലും ആഗ്രഹങ്ങള്‍ ഉണ്ടായിരിക്കില്ലേ?
ശരീരം മാത്രം വലിയൊരു ഭാരംപോലെ ഉണ്ടാവുകയും ജീവിതം തീരെ ഇല്ലാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ചിലപ്പോള്‍ പുറത്തു പറയാന്‍ മാത്രം ഉള്ള ആഗ്രഹങ്ങള്‍ ഉണ്ടായിരിക്കില്ല. ജലാലുദ്ദീന്‍ ആശ്വസിച്ചു.
ഫോണ്‍ സംസാരം നിര്‍ത്തിയ പൂജാരി റോഡിന്റെ രണ്ടുവശത്തേയ്ക്കും നോക്കി മറുഭാഗത്തേയ്ക്ക് നടന്നു.
നടന്ന് നടന്ന് പൂജാരി ഒരു പെറ്റ് ഷോപ്പിലേയ്ക്ക് കയറി.
ജലാലും നടത്തത്തിന്റെ വേഗത കൂട്ടി.
പെറ്റ് ഷോപ്പില്‍ തീരെ ചെറിയ പൂച്ചക്കുട്ടികളും നായക്കുട്ടികളും അവയെക്കാള്‍ ചെറിയ കൂടുകളില്‍ കളിചിരികളൊന്നുമില്ലാതെ തിങ്ങിഞെരുങ്ങി നില്‍ക്കുന്നത് ജലാലുദ്ദീന്‍ കണ്ടു.
ഷോപ്പിലേയ്ക്ക് വന്നുകയറുന്ന ഓരോരുത്തരേയും നായക്കുട്ടികള്‍ പ്രതീക്ഷയോടെ നോക്കി. ഉള്ളിലേയ്ക്ക് നടന്നുകയറുന്ന പൂജാരിയെ നോക്കിയതിനുശേഷം ഒരു നായക്കുട്ടി ഉള്ളില്‍ കയറാതെ പുറത്ത് നില്‍ക്കുന്ന ജലാലിനെ നോക്കിയിരുന്നു.

ജലാല്‍ കണ്ണുകള്‍ അവയില്‍നിന്നും മെല്ലെ പിന്‍വലിച്ചു.
പൂജാരി ഷോപ്പിന്റെ ഉടമസ്ഥനോട് ചിരിച്ചു വിശേഷങ്ങള്‍ പറയുന്നു. ആള്‍ക്കാരൊക്കെയും നായകളേയും പൂച്ചകളേയും നോക്കി നടക്കുമ്പോള്‍ ഷോപ്പിലെ ജീവനക്കാരനായ ചെറുപ്പക്കാരന്‍ ഓരോന്നിന്റേയും ഗുണവിശേഷങ്ങള്‍ അവരുടെ പിന്നാലെ നടന്ന് വിശദീകരിച്ചു.
കുറച്ചു നേരത്തിനുശേഷം ചെറുപ്പക്കാരന്‍ തന്റെ സീറ്റിലേയ്ക്ക് വന്നിരുന്നു.
ജലാലുദ്ദീന്‍ ചെറുപ്പക്കാരനെ നോക്കി. ഈ നായ്ക്കുട്ടികളില്‍ ആരും കൊണ്ടുപോകാത്തവയെ പിന്നീട് എന്തുചെയ്യും.

ചെറുപ്പക്കാരന്‍ പറഞ്ഞു: സംശയമെന്ത് ഒരു ഘട്ടം കഴിഞ്ഞും പോയില്ലെങ്കില്‍ മുതലാളി എല്ലാറ്റിനെയും നൈസായി കൊല്ലും.
ഇത്രയും ചെറിയ ഓമനകളെ ആര്‍ക്കാണ് കൊല്ലാന്‍ തോന്നുക... ജലാല്‍ ഒരിക്കല്‍ക്കൂടി കൂട്ടിലെ നായക്കുട്ടിയെ നോക്കി.
ചെറുപ്പക്കാരന്‍ തന്റെ കസേലയുടെ അടിവശത്തേയ്ക്ക് തലതാഴ്ത്തി. ഈ മിനുസമുള്ള മാര്‍ബിള്‍ ഒന്നു മെല്ലെ നീക്കിയാല്‍ കോണ്‍ക്രീറ്റ് സ്ലാബ് ആണ്. രണ്ടു പേര്‍ അപ്പുറവും ഇപ്പുറവും നിന്നാല്‍ അതു ഉയര്‍ത്താം. ഉള്ളില്‍ വലിയൊരു കിണറാണ്. എല്ലാറ്റിനേയും പെറുക്കി ചുരുട്ടി അതിലേയ്‌ക്കെറിയും, സ്ലാബ് അടക്കും. മാര്‍ബിള്‍ പഴയപോലെ മുകളില്‍ വെക്കും. മരണത്തിന്റെ നീളന്‍ കുഴികളിലേയ്ക്ക് താഴ്ന്നുപോയ ജീവിതങ്ങളെ ഓര്‍ത്ത് ജലാലുദ്ദീന്‍ ഒരു ഇരുമ്പുതൂണുപോലെ അനങ്ങാതെ നിന്നു.
തൊട്ടപ്പുറം തുടങ്ങിയ പുതിയ മാളിലാണ് പൂമ്പാറ്റകള്‍ വില്പനയ്ക്കുള്ളത്... പൂജാരി നേരെ റോഡിലൂടെ നടന്നു.

മകളുടെ കത്ത് പൊട്ടിച്ചു നോക്കിയാലോ... ജലാല്‍ കൈ വീണ്ടും പോക്കറ്റിലേയ്ക്ക് താഴ്ത്തി. നേര്‍ങ്ങനെ മുറിച്ച മാര്‍ബിള്‍ കല്ലിന്റെ അരികുപോലെ കത്തിനും മൂര്‍ച്ചയുള്ളതായി ജലാലിന് തോന്നി. ''അരേ കുത്താ... ജല്‍ദി... വേഗം വാടാ പട്ടീന്റെ മോനേ...''
പൂജാരി ജലാലിനെ ഹിന്ദിയിലും മലയാളത്തിലും ഒച്ചത്തില്‍ ചീത്തവിളിച്ചു.
പണിയെടുക്കുമ്പോള്‍ ഭാരമേറിയ മാര്‍ബിള്‍ പലകകള്‍ പടേപടേന്ന് ചുമന്ന് പൂജാരിയുടെ മുന്നിലെത്തണം. നേരം സെക്കന്റ് വൈകിയാല്‍ ചീത്തവിളി തുടങ്ങും.
ഒട്ടകത്തെപ്പോലെ പണിയെടുക്കണം. പറ്റില്ലെങ്കില്‍ നാളെ മുതല്‍ വേറെ പണി നോക്കിക്കോ...
പൂജാരി വെളുത്തവനും സുന്ദരനും എപ്പോഴും നെറ്റിയില്‍ കുന്തമുനകള്‍ തറപ്പിച്ചതുപോലെയുള്ള ഭംഗിയുള്ള കുറി വരക്കുന്നവനുമാണ്. ഓരോ പണി കഴിയുമ്പോഴേയ്ക്കും പൂജാരിക്ക് അടുത്ത പണി റെഡിയാണ്.
ആരെങ്കിലും ചോദിച്ചാല്‍ പൂജാരി പറയാറുണ്ട്. ബംഗാളികള്‍ പകുതിയിലധികവും കള്ളന്മാരാണ്... പിന്നെ ഇവന്‍ നന്നായി അധ്വാനിക്കും. ഇതുവരെ വലിയ തെറ്റൊന്നും കണ്ടില്ല.
ജലാലുദ്ദീന്‍ പൂജാരിയുടെ തൊട്ടുപുറകില്‍ എത്തി.

നിലവും ചുമരും മേല്‍ക്കൂരയും ആകാശവും ഒരുപോലെ തോന്നിപ്പിച്ച വലിയ വെളുപ്പിന്റേയും വെളിച്ചത്തിന്റേയും ലോകത്തിലേയ്ക്ക് പൂജാരി കയറി.
ജലാല്‍ തന്റെ കാല്‍നഖങ്ങളും ചെരുപ്പും കൂടുതല്‍ വ്യക്തതയോടെ കണ്ടു. കറുത്തുതടിച്ച രണ്ടു വലിയ തേളുകള്‍ നിലത്തിലൂടെ ഇഴയുന്നതായി ജലാലിനു തോന്നി.
ബ്ലേഡിനെക്കാളും തേഞ്ഞുപോയ ചെരിപ്പില്‍നിന്നും കാല് വഴുതിമാറാതിരിക്കാന്‍ ജലാല്‍ കൂടുതല്‍ അമര്‍ത്തിച്ചവിട്ടി.

ചുറ്റോടുചുറ്റും നിറഞ്ഞ കണ്ണാടികളില്‍ ജലാല്‍ ജലാലിനെ കണ്ടു. കരിയും പുകയുമേറ്റ് പഴകിയ കൈക്കല്‍ തുണിപോലെയുള്ള ഒരു രൂപം...
ആരോ കൊല്ലാന്‍ കൊണ്ടുപോകുന്നതുപോലെ  ജലാല്‍ അസ്വസ്ഥതയിലായി.
കെ.എം. ബട്ടര്‍ഫ്‌ലൈ പാര്‍ക്ക് എന്ന വലുതും മനോഹരവുമായ ഷോപ്പിലേയ്ക്ക് പൂജാരി കയറി.
അകം ഏതാണ് പുറം ഏതാണ് എന്നു തിരിച്ചറിയുമ്പോഴേയ്ക്കും തുറന്ന് പിടിച്ച ഗ്ലാസ്സിനുള്ളിലൂടെ ജലാലും അകത്തേയ്ക്ക് എത്തി.

ചില്ലുകൂട്ടിനുള്ളില്‍ പലതരം നിറങ്ങളില്‍ ചെറുതും വലുതുമായ പൂമ്പാറ്റകള്‍ പാറിക്കളിക്കുന്നു.
ജലാല്‍ ചുറ്റോടുചുറ്റും നോക്കി. നൂറുകണക്കിനു ചില്ലുകൂടുകളില്‍ ആയിരക്കണക്കിന് ശലഭങ്ങള്‍...
എങ്ങും നിശ്ശബ്ദത. ശലഭങ്ങള്‍ ഒരു തരത്തിലുള്ള ശബ്ദവും പുറപ്പെടുവിക്കുന്നില്ലായെന്ന് ജലാലുദ്ദീന്‍ തിരിച്ചറിഞ്ഞു. ജലാല്‍ ചില്ലകളിലെ ഓരോ ശലഭങ്ങളിലേയ്ക്കും സ്‌നേഹത്തോടെ നോക്കി. പത്തു വര്‍ഷം മുന്നേ ഇവിടെ എത്തിയപ്പോള്‍ ആദ്യം കിട്ടിയത്, വെട്ടുകല്ല് ചുമക്കുന്ന ജോലിയായിരുന്നു. അതൊരു സ്‌കൂളിലായിരുന്നു. പുതുതായി പണിയുന്ന ക്ലാസ്സ് മുറിയുടെ രണ്ടാം നിലയിലേയ്ക്ക് കല്ല് ചുമന്ന് കയറ്റുക. സ്‌കൂളിന്റെ പിറകുവശം അനേകം പൂക്കളും ചെറിയ മരങ്ങളും ഉള്ള വലിയൊരു പറമ്പായിരുന്നു. സ്‌കൂളിലെ വയസ്സനായ മാഷ് കുട്ടികളേയും കൊണ്ട് പറമ്പിലേയ്ക്ക് കയറുന്നതും പാറിപ്പാറി നടക്കുന്ന ഓരോ പൂമ്പാറ്റകളുടേയും പിന്നാലെ ഓടിച്ചെന്നു കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്നതും ജലാലിന് ഓര്‍മ്മവന്നു. തീരെ ചെറിയ ആ കുട്ടികള്‍ ഓരോ പൂമ്പാറ്റകള്‍ വരുമ്പോഴും ആഹ്ലാദത്തോടെ അവയെ പിടിക്കാനായി പിന്നാലെ ഓടി...

മാഷ് ഉച്ചത്തില്‍ കുട്ടികളോട് പറയുന്നു. ആരും പൂമ്പാറ്റകളെ പിടിക്കരുത്... അവയ്ക്കും വേദനിക്കും... എത്ര വേദനിച്ചാലും പൂമ്പാറ്റകള്‍ കരയുന്നത് ആരും കേള്‍ക്കില്ല. അവ ഇവിടെ ഇങ്ങനെ പാറിക്കളിച്ചു നടക്കട്ടെ...
ജലാലുദ്ദീന് അന്നത്തെ പൂമ്പാറ്റകളേയും കുട്ടികളേയും ഓര്‍മ്മവന്നു. സ്വന്തം മകളേയും. ഇപ്പോള്‍ അവള്‍ക്കും പത്തുവയസ്സ് ആയിക്കാണും. ജലാല്‍ കണ്ണുകളടച്ച് അന്നത്തെ അവളുടെ രൂപത്തെ ഓര്‍ത്തെടുക്കാന്‍ നോക്കി. തലയിലൂടെ വെള്ളം ഒഴുകിക്കയറുന്നു. കഴിഞ്ഞ മൂന്നു ദിവസവും നിര്‍ത്താതെയുള്ള മഴയായിരുന്നു. മഴയോടൊപ്പം നിരന്തരം ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റും.
രാത്രിയോടെ നിയന്ത്രണം മുഴുവന്‍ തകര്‍ന്നവളെപ്പോലെ നദി കരയിലേയ്ക്കും കയറി.
ആള്‍ക്കാരൊക്കെയും കയ്യില്‍ കിട്ടിയതും എടുത്ത് നാലുഭാഗത്തേയ്ക്കും ഓടുന്നു.
ചുറ്റുപാടും ഇരുട്ടും വെള്ളവും ഒരുപോലെ നിറഞ്ഞു.

കുറേ ദൂരം ഓടിയെത്തിയതിനുശേഷം ആണ് കുഞ്ഞ് ആരുടെ കയ്യിലും ഇല്ലാത്തത് തിരിച്ചറിഞ്ഞത്.
വീണ്ടും വീട്ടിലേയ്ക്ക് തിരികെ ഓടി. എത്ര വേദനിച്ചാലും കരയാത്ത അവളെ എവിടെ പരതും? ഒരു പഴയ പ്ലാസ്റ്റിക് ബക്കറ്റിനുള്ളിലേയ്ക്ക് മകള്‍ എങ്ങനെയോ എടുത്തെറിയപ്പെട്ടിരിക്കുന്നു. തീരെ ഒച്ചയും അനക്കവുമില്ലാതെ അവള്‍ തൊട്ടിലിലെന്നപോലെ ഒഴുകിവരുന്നു. അവളേയും വാരിയെടുത്ത് ഓടുമ്പോള്‍ വെറുതെ തിരിഞ്ഞുനോക്കി. വീട് എന്നത് വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്ന കുറേ മണ്‍കട്ടകളും മുകളിലൂടെ ഒഴുകിപ്പോകുന്ന പ്ലാസ്റ്റിക് ഷീറ്റുകളുടേയും പേര് മാത്രം ആയി.

മറ്റെവിടേയ്ക്കും പോകാനില്ലാത്തതിനാല്‍ ഓരോരുത്തരും ഓരോ ദിക്കിലേയ്ക്കുമുള്ള തീവണ്ടി കയറി. നഷ്ടപ്പെട്ടുപോയ രേഖകളുടെ പകര്‍പ്പിനു പിന്നാലെ അവളും. ഇപ്പോഴും അവള്‍ പലരേയും കാണുന്നുണ്ടാകും. പല ആഫീസുകള്‍ കയറുന്നുണ്ടാകും.
പൂജാരിക്കു വേണ്ടുന്ന പൂമ്പാറ്റകളെ ചെറുപ്പക്കാരന്‍ ചില്ലുകൂടുകളില്‍നിന്നും ഒന്നൊന്നായി പിടിക്കുന്നത് ജലാല്‍ കണ്ടു. പിടിച്ച പൂമ്പാറ്റകളെ ചെറുപ്പക്കാരന്‍ അടുത്ത നിമിഷം ഒരു ഇലക്ട്രിക് ഗ്ലാസ്സ് ബോക്‌സിലേയ്ക്ക് നിറയ്ക്കുകയും അതിന്റെ സ്വിച്ച് ഓണാക്കുകയും ചെയ്തു
ഗ്ലാസ്സ് ചെറുതായി ചൂടാകുന്ന ശബ്ദം പുറത്തേയ്ക്ക് വന്നു. പൂമ്പാറ്റകളുടെ ശരീരത്തിലേയ്ക്ക് ഗ്ലാസ്സ് പാത്രത്തിന്റെ നാലുഭാഗത്തുനിന്നും മഞ്ഞുപോലെ വെളുത്ത മെഴുക് ഉരുകിനിറഞ്ഞു. ശലഭങ്ങള്‍ യാതൊരു ഞരക്കവും കാണിക്കാതെ ചൂട് മെഴുക് കൂടാരത്തിനുള്ളിലേയ്ക്ക് കയറി.
ചെറുപ്പക്കാരന്‍ ശലഭങ്ങളുടെ ശരീരത്തില്‍ അധികം പറ്റിയ മെഴുക് ബ്ലേഡ് കൊണ്ട് വൃത്തിയാക്കിയെടുത്തു. പത്തുപതിനഞ്ച് വര്‍ഷം വരെയും യാതൊരു കേടും പറ്റാതെ നിങ്ങള്‍ക്കിത് നിങ്ങളുടെ ഷോക്കേസില്‍ വെക്കാം... ഞങ്ങള്‍ പുരട്ടുന്നത് ഇംപോര്‍ട്ടഡ് മെഴുക് ആണ്. ചൂടോ തണുപ്പോ മഴയോ ഒന്നും ഈ മെഴുകിനെ ബാധിക്കില്ല.

മരിച്ചുപോയ ചിത്രശലഭങ്ങളെ നന്നായി പേക്ക് ചെയ്ത് ചെറുപ്പക്കാരന്‍ പൂജാരിക്കു നല്‍കി.
പണം അടക്കാനായി മറുപുറം വലിയ കേബിനില്‍ ഇരിക്കുന്ന ഷോപ്പ് ഉടമയുടെ അരികിലേയ്ക്ക് പൂജാരി നടന്നു.
പണം കൊടുക്കുന്നതിനിടയില്‍ പൂജാരി അവിടെ കണ്ട വലിയ ഫോട്ടോയിലെക്ക് കുറേ നേരം നോക്കി.
പണം എണ്ണുന്നതിനിടയില്‍ ഉടമ പറഞ്ഞു. എന്റെ അച്ഛനാണ് മാഷായിരുന്ന കെ.എം. മാഷ്... അച്ഛനെ അറിയാമോ...?

പൂജാരി പറഞ്ഞു: ഇദ്ദേഹത്തിന്റെ വീടിന്റെ മാര്‍ബിള്‍പണി ഞാനായിരുന്നു. അന്നു നിങ്ങള്‍ ചെറിയ കുട്ടിയാകും. ഞാനിന്നുകൂടെയേ കേരളത്തില്‍ ഉള്ളൂ. മകള്‍ക്ക് പൂമ്പാറ്റകളെ ഭയങ്കര ഇഷ്ടം ആണ്. ഉടമസ്ഥന്‍ എഴുന്നേറ്റ് നിന്ന് ബില്‍ തുകയില്‍നിന്നും പിന്നെയും കുറവുവരുത്തി. ''വരൂ നമുക്കൊരു ചായ കുടിക്കാം. നിങ്ങളെ ഇനി കാണില്ലല്ലോ...''
ഉടമ പുറത്തേയ്ക്ക് എഴുന്നേറ്റു. അവര്‍ നടക്കവേ ഷോപ്പിനുള്ളില്‍ നില്‍ക്കുന്ന ജലാലുദ്ദീനെ ഉടമ കണ്ടു. ഇതെവിടുന്നാണീ ബംഗാളി കയറിവന്നത്. ഉടമയ്ക്ക് ദേഷ്യം വന്നു.
അയാള്‍ എന്റെ പണിക്കാരന്‍ ആണെന്നും സാധനങ്ങള്‍ ചുമക്കാന്‍ ഒപ്പം കൂടിയതാണെന്നും പൂജാരി പറഞ്ഞു.
ബംഗാളികള്‍ പലരും കള്ളന്മാര്‍ അല്ലേ... എങ്ങനെ വിശ്വസിക്കും. ഇവരൊക്കെ നാടുവിട്ടാല്‍ എവിടെ പോയി കണ്ടെത്തും?
മാഷുടെ മകന്‍ ആകെ സംശയത്തിലായി.

മറുപടിയായി പൂജാരി എന്തോ സ്വകാര്യമായി പറഞ്ഞു ചിരിക്കുന്നത് ജലാലുദ്ദീന്‍ കണ്ടു.
അവര്‍ രണ്ടുപേരും മാളിനുള്ളില്‍ത്തന്നെയുള്ള ചായ ഷോപ്പിലേയ്ക്ക് നടക്കവേ ജലാലുദ്ദീന്‍ സാധനങ്ങളുമായി അവരുടെ പിന്നാലെ നടന്നു.
പൂജാരി പെട്ടെന്ന് നടത്തത്തിന്റെ വേഗത കുറച്ച് ജലാലുദ്ദീന്റെ അരികിലേയ്ക്ക് വന്നു.
രണ്ടു കയ്യിലേയും സാധനം തിരികെ മേടിച്ചു പറഞ്ഞു, ഞാന്‍ വരുന്നത് വരെയും നീ മാളിന് പുറത്ത് റോഡില്‍ നിന്നാല്‍ മതി...
കയ്യില്‍ കെട്ടിയ ചങ്ങല അഴിഞ്ഞതും സന്തോഷത്തോടെ ജലാലുദ്ദീന്‍ ഷോപ്പിംഗ് മാളില്‍നിന്നും പുറത്തേയ്ക്ക് ഓടി.
റോഡിലെത്തി. മോളുടെ കത്ത് എടുക്കാനായി കൈ പാന്റിന്റെ പോക്കറ്റിലേയ്ക്ക് ഇട്ടതും കഴിഞ്ഞ കത്തില്‍ മകള്‍ വരച്ച കോട്ടയ്ക്കുള്ളിലെ വലിയ ഗുഹയിലേയ്‌ക്കെന്നപോലെ കൈ താഴ്ന്നുപോകുന്നത് ജലാലുദ്ദീന്‍ ശ്വാസം മുട്ടലോടെ അറിഞ്ഞു.

വീണുപോയ മകളുടെ കത്ത് പരതാനായി ജലാലുദ്ദീന് തിരികെ ഷോപ്പിംഗ് മാളിലേയ്ക്ക് പോകുവാന്‍ തോന്നിയെങ്കിലും എവിടെയും പോകാതെ അയാള്‍ അങ്ങോട്ട് വെറുതെ നോക്കി നില്‍ക്കുക മാത്രം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com