'മലിന'- യമ എഴുതിയ കഥ

ഗാര്‍ഗി ജനലിനു പുറത്തേക്കു നോക്കി. സന്ധ്യയായിട്ടും തെരുവ് ചുവന്ന ചിരിയുള്ള മഞ്ഞനിറത്തില്‍ കുളിച്ചു കിടക്കുന്നു. ചാകരവരുമ്പോഴാണ് മാനം ചുവക്കുന്നതെന്ന് തന്നോട് ആരാണ് പറഞ്ഞത്! അവള്‍ ഓര്‍ക്കാന്‍ നോക്കി
ചിത്രീകരണം - കന്നി എം
ചിത്രീകരണം - കന്നി എം

ഗാര്‍ഗി ജനലിനു പുറത്തേക്കു നോക്കി. സന്ധ്യയായിട്ടും തെരുവ് ചുവന്ന ചിരിയുള്ള മഞ്ഞനിറത്തില്‍ കുളിച്ചു കിടക്കുന്നു. ചാകരവരുമ്പോഴാണ് മാനം ചുവക്കുന്നതെന്ന് തന്നോട് ആരാണ് പറഞ്ഞത്! അവള്‍ ഓര്‍ക്കാന്‍ നോക്കി. അങ്ങനെയാണെങ്കില്‍ ഇന്നു കടപ്പുറത്തെ മീന്‍ പിടുത്തക്കാര്‍ക്ക് ഒരുപാടു മീനുകള്‍ കിട്ടിക്കാണും. വീട്ടിനുള്ളില്‍ ആകപ്പാടെ തട്ടും മുട്ടും. അമ്മയും അച്ഛനും അനിയനും കൂടി പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന്റെ ബഹളം. രാത്രി മുഴുവന്‍ സെക്രട്ടറിയേറ്റിനു ചുറ്റും വെളിച്ചം തെളിയിച്ച് നാട്ടുകാര്‍ കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധം അറിയിക്കാന്‍ ഒത്തുകൂടുകയാണ്. മാസമുറയാണെന്നും പറഞ്ഞു മുങ്ങിയതില്‍ അമ്മയ്ക്ക് സംശയം ഉണ്ടെന്നാണ് തോന്നുന്നത്. കുറ്റം പറയാന്‍ ഒക്കൂല്ല. അതിനു ഇനീം ദിവസം എത്രയോ കിടക്കുന്നു. ശരിക്കും ആകുമ്പോള്‍ എങ്ങനെ ഒളിപ്പിക്കും? അമ്മയാണ് പറ്റിക്കാന്‍ പാട്. ഗാര്‍ഗി ഹാളിലേയ്ക്ക് ചെന്നപ്പോള്‍ ''ഇവിടെവിടെയോ വെച്ചിരുന്നല്ലോ'' എന്ന് അച്ഛന്‍ പറഞ്ഞത് കാതിലെ ഹാന്‍സ്ഫ്രീയില്‍നിന്നും ഒഴുകിയിറങ്ങുന്ന പാട്ടിന്റെ വരികള്‍ക്കിടയില്‍ കുരുങ്ങി.

അച്ഛന്‍ മെഴുകുതിരി പായ്ക്കറ്റ് തിരയുകയാണ്. അവള്‍ക്കു വയറ്റിനുള്ളില്‍ തീയാളി. അച്ഛന്‍ അവിടെ നിലത്ത് കിടന്ന് സോഫയ്ക്കടിയില്‍ മെഴുകുതിരി തിരയുന്നതു നോക്കി അവള്‍ കസേരയില്‍ ഇരുന്നു. അവള്‍ക്കൊന്നിനും വയ്യ. ശരീരം തളരുന്നു. ചാടിയെഴുന്നേറ്റ് വീണ്ടും ജനാലയ്ക്കരുകില്‍ എത്തി പുറത്തേയ്ക്കു നോക്കി. തെരുവ് ശാന്തം. ഉള്ളില്‍നിന്നും പറന്നു പുറത്തേയ്ക്കു ചാടാന്‍ വെമ്പുന്ന ഏതോ പക്ഷിയുടെ മരണച്ചിറകടി നെഞ്ചിന്‍കൂടിനെ തകര്‍ക്കുന്നു. വീടിനകം അവളേയും കടന്നു പുറത്തേയ്ക്കു തെറിച്ചു മലര്‍ന്നു.

''Waiting for the miracle
There's nothing left to do
I haven't been this happy
Since the end of World War II'

ലിയോണാര്‍ഡ് കോഹെന്റെ വരികള്‍ ഗാര്‍ഗിയുടെ തലയ്ക്കുള്ളില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
മലിന കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുന്നേ അവളുടെ സോഷ്യല്‍ മീഡിയാപേജില്‍ ഷെയര്‍ ചെയ്ത വരികളാണവ. അന്നു മുതല്‍ ഒരു ജ്വരംപോലെ അതു ചെവിക്കുള്ളില്‍ പുകയുകയാണ്. ഏറ്റവും അഗാധമായ സ്വരത്തില്‍ കോഹെന്‍ പാടുന്നു. അതിനേക്കാള്‍ അഗാധമായ പ്രത്യാശയോടെ. പാട്ട് റിപ്പീറ്റ് മോഡിലിട്ട് ഒസിഡി മോഡില്‍ ഗാര്‍ഗി വീട്ടിനുള്ളില്‍ അലഞ്ഞു.

വാടക വീട്ടിനുള്ളില്‍ മലിന മരിച്ചുകിടക്കുമ്പോള്‍ പോള്‍ക്കാ കുത്തുകള്‍പോലെ ശരീരമാകെ കുത്തുകൊണ്ട ഇടങ്ങളില്‍ രക്തം നീലിച്ചു കിടന്നിരുന്നു. അവളുടെ ഓണ്‍ലൈന്‍ അവതാരത്തെപ്പറ്റി മാത്രം പരിചയമുള്ള നാട്ടുകാര്‍ നഗരത്തിലെ തുണിക്കടയിലെ ഒരു സെയില്‍സ് ഗേള്‍ മാത്രമാണ് അവളെന്നറിഞ്ഞ് മൂക്കത്തു കൈവച്ചു. മിക്കവാറും കട്ടിമേക്കപ്പിട്ട് അര്‍ധനഗ്‌നയായി കട്ടിലില്‍ കിടന്ന് ഇന്ത്യയിലേയും മറ്റു രാജ്യങ്ങളിലേയും പൊളിറ്റിക്‌സ് ആണ് അവള്‍ ചര്‍ച്ച ചെയ്യുക. എല്ലാ മതങ്ങളേയും അവള്‍ കളിയാക്കി. പല മതചിഹ്നങ്ങളും ധരിച്ചു കരിയില ഞെരിഞ്ഞു പൊടിയും പോലെയുള്ള സ്വരത്തില്‍ അവള്‍ ദൈവങ്ങള്‍ക്കായി പ്രേമഗാനങ്ങള്‍ പാടി. എല്ലാ ദൈവങ്ങളും അവളുടെ കാമുകന്മാരാണെന്നു പറഞ്ഞതിന് അവളെ കൊന്നുതള്ളുമെന്നു പലയിടങ്ങളില്‍ നിന്നായി കൊലവിളികള്‍ ഉയര്‍ന്നു. തന്റെ ശരീരത്തില്‍ ആദ്യമായും അവസാനമായും സ്പര്‍ശിക്കാന്‍ പോകുന്നത് ഏതു മതത്തില്‍ പെട്ടയാളാണെന്ന് അറിയാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് ഒരിക്കല്‍ അവള്‍ പറഞ്ഞത് ഗാര്‍ഗി ഓര്‍ത്തു. ഈ അഴിഞ്ഞാട്ടക്കാരി എത്രയോ ആള്‍ക്കാരുടെ കൂടെ കിടന്നിരിക്കും, അവളുടെ കന്യകാത്വം ഒക്കെ ശുദ്ധ തട്ടിപ്പല്ലേ എന്ന് ആണുങ്ങള്‍ പച്ചത്തെറിയുടെ മേമ്പൊടിയോടെ കമന്റ് ബോക്‌സുകള്‍ നിറച്ചുവെച്ചിരുന്നു. അവളുടെ വീഡിയോകള്‍ക്കു താഴെയുള്ള കമന്റ്‌ബോക്‌സില്‍ അവളെ ബലാത്സംഗം ചെയ്തു കൊല്ലുമെന്നും സദാചാര രാഷ്ട്രീയ പ്രകോപനങ്ങള്‍ക്കു വഴിയിലിട്ട് അരിഞ്ഞുതള്ളുമെന്നും തുടങ്ങി അസഭ്യത്തിന്റെ മേളമായിരുന്നു.

'വെയ്റ്റിംഗ് ഫോര്‍ ദി മിറക്കിള്‍ ടു കം' പരമാത്ഭുതത്തിനായുള്ള കാത്തിരിപ്പിനിടയില്‍ അവള്‍, മലിന മുറിയില്‍ നിറയെ മെഴുകുതിരികള്‍ കത്തിച്ചുവെച്ചിരുന്നു. ഒരിക്കലും അവളുടെ മുറിയുടെ അതിരുകള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. അവയെപ്പോഴും വെളിച്ചത്തിലോ ഇരുട്ടിലേക്കോ ദ്രവിച്ചില്ലാതായിരുന്നു. എന്നാല്‍, അവളുടെ കിടക്കയും ശരീരവും സോഫ്റ്റ് ലൈറ്റില്‍ മുങ്ങി സ്‌ക്രീനില്‍ നിറഞ്ഞുനിന്നു.

''എന്റെ വാതിലിന്റെ തുറക്കാത്ത താഴ് നിന്റെ മുട്ടലില്‍നിന്നു വിറയ്ക്കുമ്പോള്‍ ഞാന്‍ എന്റെ വസ്ത്രത്തിന്റെ അവസാനത്തെ കുടുക്കും അഴിച്ചിട്ടുണ്ടാവും. നിരത്തില്‍ നിന്റെ ആളുകള്‍ കുഞ്ഞുങ്ങളെ അരിഞ്ഞുവീഴ്ത്തുമ്പോഴും സ്ത്രീകളെ ബലാത്സംഗം ചെയ്യുമ്പോഴും ഞാന്‍ മുറിക്കു പുറത്തുനില്‍ക്കുന്ന നിന്റെ കയ്യിലെ കത്തിയുടെ മൂര്‍ച്ചയുടെ വെളിച്ചം ഇവിടെയിരുന്നു കൊണ്ടളക്കും. അതു കൊണ്ടുവരുന്ന ദിവ്യാത്ഭുതത്തിനായി നിന്നെയും കാത്ത് ഞാനീ കട്ടിലിന്‍ പടിയില്‍ നന്നായി മോയ്സ്സ്റ്റിയൂറൈസര്‍ ഇട്ടു സ്‌നിഗ്ദ്ധമാക്കിയ എന്റെ തടിച്ച കൈപ്പത്തി തെരുപ്പിടിപ്പിച്ച് ഇരിക്കുന്നുണ്ടാവും. For the miracle to come. എന്റെ ശരീരത്തിനോ മനസ്സിനോ അസുഖം വന്നു പിടിപെടുന്നതിനു മുന്നേ ഞാന്‍ നിന്റെ പിടിയിലിരുന്നു കുതറാന്‍ ആഗ്രഹിക്കുന്നു. എന്റെ വിവശതയെ കുത്തിമലര്‍ത്താന്‍ എത്രയോ ദൂരം താണ്ടിവരുന്ന നിന്നിലേയ്ക്ക് ഈ ലോകത്തിന്റെ തകര്‍ച്ചയെ ഞാന്‍ ആരോപിക്കുന്ന നിമിഷത്തിലേയ്ക്കായി ഇവിടെ കാത്തിരിക്കും. അതുവരെയും നീയല്ലാതെ കാറ്റുപോലും എന്നെ തൊടില്ല.

പരദൂഷണം കേട്ട് സന്തോഷിച്ചിരിക്കുന്ന എന്റെ ആരാധകവൃന്ദത്തോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്. എന്തൊരു മരക്കഴുതകളാണ് നിങ്ങളൊക്കെ എന്നോര്‍ത്തിട്ട്. ഞാന്‍ വാരിപ്പൂശിയിരിക്കുന്ന കോസ്മെറ്റിക്കുകളുടെ ബ്രാന്‍ഡ്‌നെയിമുകള്‍ അല്ലാതെ ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടെന്നു നിങ്ങള്‍ ശരിക്കും കരുതുന്നുണ്ട്. ഞാന്‍ ഇല്ലെന്നു പറഞ്ഞാലും ഞങ്ങള്‍ക്ക് അങ്ങനെ എന്തോ ഉണ്ടെന്നു വിശ്വസിക്കാനാണ് ഇഷ്ടം. എന്തൊരു പൊള്ളയാണ് നിങ്ങളുടെ ഒക്കെ സ്വകാര്യ ജീവിതങ്ങള്‍! ഒരു ദിവസം ഞാന്‍ മുഴുവന്‍ തുണിയും അഴിക്കും എന്നു പ്രതീക്ഷിച്ചാണ് നിങ്ങള്‍ ഓരോരുത്തരും സ്‌ക്രീനിന്റെ മുന്നില്‍ വരുന്നത്. വെറും ഒരിഞ്ചു വീതിയുടെ രണ്ടിടങ്ങള്‍ മാത്രമേ ഞാന്‍ നിങ്ങളുടെ മുന്നില്‍ തുറക്കാതെയുള്ളൂ. അവിടവും തുണിയില്ലാതാവുന്നതും നോക്കി എന്നെ തെറിവിളിച്ചിരിക്കുന്ന വിഡ്ഢിക്കൂട്ടം.'' ഇതും പറഞ്ഞു മലിന കനത്ത ചുവന്ന നിറമുള്ള ലിപ്സ്റ്റിക്കിട്ട ചുണ്ടുകള്‍കൊണ്ട് അവളുടെ കറുത്ത തലമുടിയില്‍ സ്വകാര്യം പറയുംപോലെ ഉരയ്ക്കുകയും നിറയെ കരിപ്പടര്‍ന്ന കണ്ണുകള്‍ തുറന്ന് ഇടയ്ക്കു കാമറയിലേക്കു നോക്കുകയും ചെയ്യുന്ന വീഡിയോ കാണാത്തവരായി ആരുമുണ്ടാകില്ല ഇന്ന്. ലോകം മുഴുവന്‍ അവളുടെ കാത്തിരിപ്പിന്റെ വീഡിയോ കണ്ടു കൊണ്ടിരിക്കുകയാണ്. അവളുടെ കാത്തിരിപ്പ് അവസാനിച്ചു കഴിഞ്ഞിട്ടും.
ഗാര്‍ഗി വീണ്ടും ഹാളിലേയ്ക്കു ചെന്നു. അച്ഛനും അമ്മയും അനിയനും പുറത്തേയ്ക്കിറങ്ങുന്നു. അച്ഛനു വേണ്ട മഫ്‌ലര്‍ അമ്മ ഒരു പ്ലാസ്റ്റിക് കവറിലേയ്ക്കാക്കുന്നതിന്റെ പൊളിയുന്ന ശബ്ദം. ''ജനുവരി ആയോണ്ട് വല്ല മഞ്ഞുംകൊണ്ട് കിടപ്പിലായാ കൊരച്ച് കൊരച്ച് നടക്കാം. ഇറങ്ങല്ലേ... ഞാനിപ്പോ വരാം.'' അമ്മ വീണ്ടും അടുക്കളയിലേക്കോടി. ''രണ്ടു ഓംലറ്റ് കൂടി പൊരിച്ചെടുക്കാം.'' അവിടെനിന്നു വിളിച്ചുപറയുന്നതിനോടൊപ്പം വെപ്രാളത്തില്‍ പാത്രങ്ങള്‍ തട്ടിമറിയുന്ന ബഹളം.

''ഇവരൊക്കെ എപ്പോഴൊന്നിറങ്ങും'' ഗാര്‍ഗിക്കു തലവേദനിച്ചു തുടങ്ങി. കേള്‍ക്കുന്ന പാട്ട് നിര്‍ത്തിവയ്ക്കാനും തോന്നുന്നില്ല. അവള്‍ മൊബൈലിലേയ്ക്കു നോക്കി. ചാര്‍ജ് ഏകദേശം കഴിയാനായിരിക്കുന്നു. പാട്ട് ഓഫ് ചെയ്ത് അവള്‍ ചാര്‍ജറില്‍ ഫോണ്‍ കുത്തിയിട്ടു.

ഫര്‍ഹാനോട് ഫോണിലേക്കു വിളിക്കരുതെന്നു പറഞ്ഞിട്ടുണ്ട്. വരാന്‍ നേരം ഒന്നു റിങ് ചെയ്തു കട്ട് ചെയ്താല്‍ തിരികെ വിളിക്കാം എന്നാണ് പറഞ്ഞിട്ടുള്ളത്. ഇതുവരേയും വിളിച്ചിട്ടില്ല. ഇവരൊക്കെ എന്താണ് മണി ആറര കഴിഞ്ഞിട്ടും ഇറങ്ങാത്തത്?

''നിങ്ങള്‍ എങ്ങനെ സ്റ്റാച്ച്യുവിലോട്ട് പോകും?'' ഗാര്‍ഗി അച്ഛന്റെ മുന്നില്‍പ്പോയി മുട്ടിലിരുന്നു ചോദിച്ചു.
''ഓട്ടോയെങ്ങാനും പിടിക്കണം.''
''അപ്പൊ രാത്രി എങ്ങനെ തിരിച്ചുവരും?''
''അതിപ്പം അവിടെ പോയി നോക്കിയാലല്ലേ സിറ്റുവേഷന്‍ അറിയാന്‍ പറ്റൂ. തീരെ നിവൃത്തിയില്ലെങ്കില്‍ നീ കാറെടുത്ത് വരേണ്ടി വരും.''

ഗാര്‍ഗി എന്തു പറയണം എന്നറിയാതെ വിഷമിച്ച് അവിടെനിന്നും എണീറ്റു. കാത്തിരിപ്പ് എത്ര ഭാരമേറിയ അനുഭവമാണ്. ഇവര്‍ ഇറങ്ങിയിട്ട് വേണം ഒന്നു നന്നായി ഒരുങ്ങാന്‍. ഇന്നലെ മുഴുവന്‍ മുഖത്ത് പഴുത്ത പപ്പായ ഒക്കെ എടുത്ത് ഉരച്ചിട്ടും വെയിലത്ത് നടന്നു മങ്ങിയ മുഖത്തെ കരുവാളിപ്പ് മാറിയിട്ടില്ല. മറ്റു മുറികളിലെ പകല്‍വെളിച്ചം കെട്ട് ഇരുട്ട് പതുങ്ങിയിരുപ്പ് തുടങ്ങി. വീടും വീട്ടുകാരും എത്രയോ കിലോമീറ്ററുകള്‍ക്കകലെയാണെന്നു തൊട്ടടുത്ത് നില്‍ക്കുമ്പോഴും അവള്‍ തിരിച്ചറിഞ്ഞു. കൂട്ടുകാരും വീട്ടുകാരും നാട്ടുകാരും പ്രക്ഷോഭത്തിനിറങ്ങുമ്പോള്‍ എത്രയും സ്വാര്‍ത്ഥതയോടെ തന്റെ ശരീരം ബന്ധുത്വങ്ങളേയും കടപ്പാടുകളേയും പച്ചയ്ക്ക് തട്ടിത്തെറിപ്പിക്കുന്നു. ശരീരത്തിലെ ഓരോ രോമകൂപത്തിലും ഒരു കലാപം അടക്കം ചെയ്തിരിക്കുന്നു. കണ്ണടച്ചാല്‍ ആരുടേയോ വിരലുകള്‍ ബ്രായുടെ ഉള്ളിലേയ്ക്ക് കയ്യിടുന്നതാണ് കാണുന്നത്. ഗാര്‍ഗി അടുക്കളയില്‍ കയറി ജഗ്ഗില്‍നിന്നും വായിലേയ്ക്ക് വെള്ളം കമഴ്ത്തിയപ്പോള്‍ അവളുടെ അമ്മ ഓംലറ്റുകള്‍ ചോറ് കെട്ടി എടുത്ത കാസറോളിലിട്ടടച്ച് ''ഇറങ്ങട്ടെടീ'' എന്നും പറഞ്ഞു പുറത്തേയ്‌ക്കോടി. അടുക്കളയ്ക്കകത്ത് മുട്ടകള്‍ വെന്ത മണം. രണ്ടായി മുറിച്ചിട്ടിരിക്കുന്ന മുട്ടത്തോടുകളില്‍നിന്നും പുറത്തേയ്ക്കു ഒഴുകിയ വെള്ള അടുക്കള സ്ലാബില്‍ ഉണങ്ങിപ്പിടിച്ചു തുടങ്ങി. ഗാര്‍ഗിയുടെ നെഞ്ച് കനത്തു. ശരീരം താങ്ങാന്‍ സ്ലാബിലേയ്ക്കു കൈവച്ചപ്പോള്‍ ഇടതുചെറുവിരല്‍ ചുട്ടുപൊള്ളിയിരുന്ന പാനില്‍ തട്ടി അവള്‍ ''അയ്യോ'' എന്നു വിളിച്ചു തുള്ളി. ചെറുവിരല്‍ വായിലാക്കി ഉറിഞ്ചിയപ്പോള്‍ ഉമിനീരില്‍ തൊലി പൊള്ളിഉരുളുന്നത് അവളറിഞ്ഞു. അവള്‍ അടുക്കളയില്‍നിന്നിറങ്ങി ഇരുട്ടിലൂടെ നടന്നു ഹാളിലെത്തിയപ്പോള്‍ അവിടെയാരേയും കണ്ടില്ല. എല്ലാവരും എപ്പോള്‍ പോയി? അവര്‍ തന്നെ വിളിച്ചിരുന്നോ? ഹാളിലെ ലൈറ്റ് തെളിയിക്കാതെ തന്നെ അവള്‍ സെറ്റിയിലേയ്ക്ക് കിടന്നു മച്ചിലെ ഇരുട്ടിലേയ്ക്ക് നോക്കി. പുറത്തും ഇരുട്ട് കനത്തു വരുന്നത് ഉള്ളില്‍നിന്നും പാട്ടുയരുന്നതുപോലെ അവള്‍ കേട്ടു.

ഫര്‍ഹാന്‍ പുറത്തുണ്ടാകുമോ? അതു നോക്കാന്‍ പോകാതെ അവള്‍ ചാടിയെഴുന്നേറ്റ് പോയി ഫോണില്‍ നോക്കി. ആരും വിളിച്ചിട്ടില്ല. വീടിനുള്ളില്‍ ഒരു തണുത്ത മരുഭൂമി അതിന്റെ അപാരത അളന്നിടുന്നത് അവള്‍ ശ്രദ്ധിച്ചു. ഇരുട്ടിലൂടെത്തന്നെ നടന്നുപോയി കുളിമുറിയില്‍ കയറി ഷവര്‍ തുറന്നുവിട്ട് അതിന്റെ അടിയില്‍ കയറിനിന്നു. ഇട്ടിരുന്ന ടോപ്പും പാവാടയും നനഞ്ഞു കുതിര്‍ന്ന ഭാരത്തില്‍ അവള്‍ തണുത്ത തറയിലിരുന്നു. കഴുത്തില്‍ ആരോ കൈകൊണ്ട് ചുറ്റിവരിഞ്ഞു മുഖത്ത് ചുണ്ടുകള്‍കൊണ്ട് വരയുന്നതിനു വിധേയയായി അവള്‍ നിലത്തു കിടന്നു. മരുഭൂമിയിലെ ആദ്യത്തെ മഴയില്‍ ഭൂമിയിലെ ചൂട് മുഴുവന്‍ മുകളിലേയ്ക്കു പൊന്തി. ഗാര്‍ഗി കണ്ണ് തുറന്നപ്പോള്‍ അവള്‍ തണുത്ത് വിറയ്ക്കുകയായിരുന്നു. എണീറ്റ് നിന്നു തുണി മുഴുവന്‍ ഉരിഞ്ഞു നിലത്തിട്ട് അവള്‍ മുറിയിലേയ്ക്ക് ഓടി. ഓടുന്ന വഴിക്കു ഹാളിലെ ടി.വി ഓണ്‍ ചെയ്തിട്ടു. പ്രക്ഷോഭത്തിന്റെ ലൈവ് എന്തായാലും കാണും. അവള്‍ രണ്ടു മൂന്നു ചാനലുകള്‍ മാറ്റി നോക്കിയിട്ടും ഒന്നും കണ്ടില്ല. ഇതത്ര പ്രാധാന്യമുള്ള സമരം അല്ലേ ഇനി? ഒരുപാട് ആള്‍ക്കാര്‍ കൂടും എന്നാണല്ലോ അറിവ്. വാര്‍ത്താചാനലില്‍ ബിസിനസ്സുകാരന്‍ കൂടിയായ രാഷ്ട്രീയക്കാരന്റെ സ്വകാര്യ ജീവിതത്തിലേയ്ക്ക് ഒരെത്തിനോട്ടം നടക്കുന്നു. അവള്‍ക്കു നിര്‍ത്തിവെയ്ക്കാന്‍ തോന്നിയെങ്കിലും ടി.വി ഓഫ് ചെയ്യാതെ ശബ്ദം മ്യൂട്ട് ചെയ്തുവച്ച് അവള്‍ മുറിയിലേയ്ക്ക് കടന്നു.

മുറിയില്‍ ഇരുട്ട് കട്ടകെട്ടി നിന്നിട്ടും അവള്‍ക്കു ലൈറ്റ് തെളിയിക്കാന്‍ തോന്നിയില്ല. ഇരുട്ടത്ത് തപ്പിത്തടഞ്ഞ് അലമാര തുറന്ന് ഹാങ്ങറില്‍ തൂക്കിയിരുന്ന പുഷ് അപ്പ് ബ്രാ എടുത്തിട്ടു. കട്ടിലില്‍ക്കിടന്ന് പാന്റീസ് വലിച്ചുകയറ്റുമ്പോള്‍ യോനിയിലെ തണുപ്പറിഞ്ഞ് കുറച്ചുനേരം അവള്‍ അനങ്ങാതെ ശ്വാസത്തില്‍ ഒരു ആള്‍ക്കൂട്ടാരവം ഉയര്‍ന്നുപൊന്തുന്നത് കേട്ട് കിടന്നു. ആരാണ് അവരൊക്കെ? ആരാണിങ്ങനെ ബഹളം ഉണ്ടാക്കുന്നത്? ഏതോ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിനുള്ളില്‍ ഒരാണും പെണ്ണും ഇണചേരുന്നു. കാണികള്‍ കയ്യടിക്കുന്നു. ഇണചേരുന്നവരുടെ കിതപ്പിനൊപ്പം പശ്ചാത്തല സംഗീതംപോലെ ഇരുഭാഗത്തുമുള്ള കാണികളുടെ ആര്‍പ്പുവിളികള്‍ ആകാശത്തേയ്ക്കുയരുന്നു. നീരാവിയില്‍ മുങ്ങിയ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലേയ്ക്ക് ഇരച്ചെത്തിയ ഇരുട്ട് വിയര്‍പ്പില്‍ മുങ്ങുന്നു.

ഗാര്‍ഗി കണ്ണുകള്‍ തുറന്നു. ഏകാന്തമായ ശരീരത്തെ ഉറ്റുനോക്കിക്കൊണ്ടിരുന്ന മുറിക്കുള്ളിലെ ഇരുട്ടിനെ വിറപ്പിച്ചുകൊണ്ട് ഫോണ്‍ റിംഗ് ചെയ്തു. എണീറ്റ് ഹാളിലെ നീലവെളിച്ചത്തിലേയ്ക്ക് നടന്നുപോയി അവള്‍ ഫോണെടുത്തതും കോള്‍ കട്ടായി. ഗാര്‍ഗി ഫര്‍ഹാനെ തിരികെ വിളിച്ചു.
''നീ എത്തിയോ?'' അവള്‍ക്കു നെഞ്ചിനകം വേദനിച്ചു.

''ഇല്ല ഞാന്‍ സ്റ്റാച്ച്യുലാണ്. ഇവിടെ പെട്ട് പോയി. സോറി... ബൈക്ക് എടുത്ത് ഇപ്പം വരാം.''
''ഉം'' ശരിക്കു പറഞ്ഞാല്‍ അവനെത്തി എന്നു പറഞ്ഞിരുന്നെങ്കില്‍ അവളവിടെ വീണു പോകുമായിരുന്നു. ഫോണ്‍ വെച്ച് ബ്ലൂടൂത്തില്‍ വെയ്റ്റിംഗ് ഫോര്‍ ദി മിറക്കിള്‍ വീണ്ടും പ്ലേ ചെയ്തു. ഗാര്‍ഗി ഇരുട്ടിലേയ്ക്ക്, സംഗീതത്തിന്റെ മുഴക്കത്തിലേയ്ക്ക് കണ്ണുകള്‍ പൂട്ടി.

മലിന, അവള്‍ പൂര്‍ണ്ണനഗ്‌നയായി പുറം തിരിഞ്ഞു കിടക്കയില്‍ ഇരിക്കുകയാണ്. അവള്‍ ഇപ്പോള്‍ കരയുകയാണോ ചിരിക്കുകയാണോ എന്നറിയില്ല, ചുമലുകളില്‍ താളബദ്ധമായ വിറയല്‍. ദുര്‍ബ്ബലമായ വാതില്‍പ്പാളികളില്‍ ശക്തിയോടെ വന്നിടിക്കുന്ന കൈപ്പത്തികളുടെ ബലപരീക്ഷണം. മുറിക്കുള്ളിലെ മെഴുകുതിരിനാളങ്ങള്‍ വെയിറ്റിങ് ഫോര്‍ ദ് മിറക്കിളിലെ മാജിക്കിനു വിധേയരായി നിന്നാടി. പ്രാചീനതയുടെ ചുവന്ന മണ്ണ് പരത്തുന്ന കോഹെന്റെ ആ പാട്ട് ഇപ്പോള്‍ മലിനയും മൂളിത്തുടങ്ങുന്നു. വാതിലിനു പുറത്തെ കൊട്ട് ഇപ്പോള്‍ നനഞ്ഞ പെരുംപറക്കു മുകളില്‍ തുണി ചുറ്റിയ കോലുകൊണ്ടടിക്കുന്നതുപോലെ പതിഞ്ഞുപോയിരിക്കുന്നു.

ഗാര്‍ഗി കിടന്ന കിടപ്പില്‍നിന്നും ഇരുട്ടിലേയ്ക്ക് ചാടിയെഴുന്നേറ്റു. മുന്‍വശത്തെ വാതിലാണ് കൊട്ടി വിറയ്ക്കുന്നത്. അവള്‍ ഫോണിലേയ്ക്ക് നോക്കി. കോള്‍ ഒന്നും വന്നിട്ടില്ലല്ലോ. വന്നിരുന്നെങ്കില്‍ പാട്ടു കട്ട് ആയി നിന്നേനെ. അവള്‍ മുറിയിലെ ലൈറ്റിട്ടു. കട്ടിലിന്റെ തലപ്പത്തു മടക്കിവെച്ചിരുന്ന ടോപ്പും പാവാടയും എടുത്തിട്ട് മുന്‍വശത്തെ വാതില്‍ ലക്ഷ്യമാക്കി ഓടി.

''ആരാ?''
''ഗാര്‍ഗി...?'' ശബ്ദം വളരെ പതിഞ്ഞിരുന്നു.
''ഫര്‍ഹാന്‍...''

ഗാര്‍ഗി വാതിലിനിപ്പുറത്തുനിന്നു വിറച്ചു. മൂകമായ ടി.വിയില്‍നിന്നുള്ള പ്രകാശത്തില്‍ അവള്‍ക്കു തലചുറ്റി. അവള്‍ വാതില്‍ തുറന്നു. പുറത്തെ ഇരുട്ടില്‍ ഫര്‍ഹാന്റെ മെലിഞ്ഞ രൂപം. അകത്തേയ്ക്ക് കയറാമോ എന്നറിയാതെ ഫര്‍ഹാന്‍ വാതില്‍പ്പടിയില്‍ത്തന്നെ ഒരു നിമിഷം നിന്നു. ഗാര്‍ഗി ഫര്‍ഹാന്റെ കൈ പിടിവച്ചുവച്ച് വീടിനുള്ളിലേയ്ക്കാക്കി വാതിലടച്ച് കുറ്റിയിട്ടു. രണ്ടുപേരും നടന്നുചെന്നു സെറ്റിയിലിരുന്നു. ടിവിയിലെ ദൃശ്യങ്ങളിലേയ്ക്ക് ഉള്ളിലേയ്ക്ക് വലിഞ്ഞുപോയ കണ്ണുകളെ തുറന്നുപിടിച്ചു. സെക്രട്ടറിയേറ്റ് രാത്രിസമരത്തിന്റെ ദൃശ്യങ്ങള്‍ ടി.വിയില്‍ നിശ്ശബ്ദമായി മെഴുകുതിരികള്‍ തെളിയിച്ചു. ഗാര്‍ഗിയും ഫര്‍ഹാനും സിറ്റിയുടെ രണ്ടറ്റങ്ങളില്‍ ഉറഞ്ഞിരുന്നു.

''ഞാന്‍ രാവിലെ വീട്ടില്‍നിന്നിറങ്ങിയതാണ്. ആകെ വിയര്‍ത്തു.'' ഫര്‍ഹാന്‍ താഴ്ന്ന സ്വരത്തില്‍ പറഞ്ഞു.
''ഉം...'' ഗാര്‍ഗി മൂളി. ഫര്‍ഹാന്‍ മടിയില്‍ കൈകള്‍ തെറുത്ത് പിടിച്ചിരിക്കുകയാണ്.

പിന്നെയും സമയം കടന്നുപോകുന്നതിനിടെ ഗാര്‍ഗി ''കട്ടനെടുക്കട്ടേ?'' എന്നു ചോദിച്ചു ചാടിയെഴുന്നേറ്റു. അവള്‍ നടന്നു അടുക്കളയിലേയ്ക്കു പോകുന്നതിനു മുന്നേ ഫോണിലെ 'വെയ്റ്റിംഗ് ഫോര്‍ ദ് മിറക്കിള്‍' ബ്ലൂടൂത്ത് സ്പീക്കറിലിട്ടു. അടുക്കളയില്‍ അവള്‍ തെളിച്ച മഞ്ഞവെളിച്ചം ഹാളിലേയ്ക്ക് ഒരു ദീര്‍ഘചതുരത്തില്‍ ഒരു പരവതാനി വിരിച്ചു. തന്നിലേയ്ക്ക് നീണ്ടുകിടന്ന വെളിച്ചത്തിലേയ്ക്ക് ഫര്‍ഹാന്‍ നടന്നുകയറി. അവന്‍ അടുക്കളയിലെത്തിയപ്പോള്‍ ചായയ്ക്ക് തിളയ്ക്കുന്ന വെള്ളത്തിനരുകില്‍ തേയിലപ്പൊടിയുടെ ടിന്‍ അടപ്പുമാറ്റി തുറന്നുപിടിച്ച് അവന്‍ നടന്നുവരുന്ന ദിശയിലേയ്ക്കു നോക്കി ഗാര്‍ഗി നില്‍ക്കുകയാണ്. വെളിച്ചത്തിലേയ്ക്കു വരേണ്ടതില്ലായിരുന്നെന്നു ഫര്‍ഹാന്‍ ഒരു നിമിഷം സ്വയം ശപിച്ചു. അവളുടെ കണ്ണുകളിലേയ്ക്കു നോക്കാന്‍ തക്ക ധൈര്യം പോരാ. ഫര്‍ഹാന്‍ നിലത്തേയ്ക്ക് നോക്കിനിന്നു. കഴുത്തിലെ ഞരമ്പുകള്‍ ചൂടുപിടിച്ചു പൊട്ടാന്‍ സാധ്യതയുണ്ടെന്ന് അവനു തോന്നി. അവളോട് ഒന്നും പറയാതെ തിരികെ നടന്നുവന്ന് സോഫയിലിരുന്നു ടി.വിയിലേയ്ക്കു നോക്കിയിരുന്നു. ഗാര്‍ഗി രണ്ടു ഗ്ലാസ്സിലായി കട്ടനുമെടുത്ത് ഹാളിലേയ്ക്ക് വരുമ്പോള്‍ ഫര്‍ഹാന്‍ മുഖം ഉയര്‍ത്താതെ തന്നെ കട്ടന്‍ ഗ്ലാസ്സ് വാങ്ങി മുന്‍പിലിരുന്ന ടീപ്പോയിലേയ്ക്ക് വച്ചു. ഗാര്‍ഗി അടുത്തിരുന്നതും അവളുടെ കൈകള്‍ അവനെ ചുറ്റിവരിഞ്ഞതും ഒരുമിച്ചു കഴിഞ്ഞു. അവന്റെ കഴുത്തിനു ചുറ്റും അന്നത്തെ വിയര്‍പ്പടിഞ്ഞു കൂടിയ ഗന്ധത്തിലേയ്ക്കു അവള്‍ മുഖം പൂഴ്ത്തി.

''ഫര്‍ഹാന്‍... ഫര്‍ഹാന് ശരിക്കും എന്നോട് പ്രേമമാണോ?''
''ഉം...''
''ഫര്‍ഹാന്റെ വീട്ടുകാര്‍ അറിഞ്ഞാ എന്തു സംഭവിക്കും?''
''തന്റെ വീട്ടുകാര്‍ അറിഞ്ഞാ എന്തു സംഭവിക്കും?''
''എനിക്കറിഞ്ഞൂടാ... എന്നെപ്പിന്നെ പൊറത്ത് വിടൂല്ല...''
''പിന്നെ തന്റെ വീട്ടുകാരൊക്കെ എന്തിനാണ് ഈ സമരത്തിനൊക്കെ പോയിരിക്കുന്നത്?''
''ഫര്‍ഹാന്റെ വീട്ടുകാരും അവിടെയില്ലേ?''
''നമ്മുടെ വീട്ടുകാര്‍ക്ക് ഒരുമിച്ചു ചെയ്യാന്‍ കഴിയുന്ന കാര്യം മാക്‌സിമം ഏതറ്റം വരെ പോകും ഗാര്‍ഗീ?കല്യാണവും പ്രേമവും ഒന്നും അതില്‍പ്പെടില്ല.''
ഗാര്‍ഗിയൊന്നും മിണ്ടിയില്ല. അവള്‍ക്കു കരഞ്ഞാല്‍ കൊള്ളാമെന്നാണ് തോന്നിയതെങ്കിലും അവള്‍ ആദ്യമായി അവന്റെ കഴുത്തില്‍ ചുംബിച്ചു. അവന്‍ നിശ്ശബ്ദനായി അവള്‍ക്കു വിധേയനായിരുന്ന് അവളുടെ മുടിയിഴകള്‍ക്കിടയിലൂടെ വിരലുകള്‍ കടത്തി. ഈര്‍പ്പമുള്ള മുടിയില്‍ അവന്റെ വിരലുകള്‍ കൊരുത്തുകിടന്നു.
''വിരലുകൊണ്ട് ചീകാന്‍ നോക്കണ്ട. നനഞ്ഞ മുടിയാണ്. ജട കാണും.''
''പിന്നെ! തന്റെ മുടി ചീകാനല്ലേ ഞാന്‍ വന്നത്?'' ഫര്‍ഹാന്‍ അവളുടെ കഴുത്തിനു പിന്നിലെ ചൂടില്‍ കൈപ്പത്തിയമര്‍ത്തി.
''ഈ പാട്ടു മുന്‍പ് കേട്ടിട്ടുണ്ടോ?'' ഗാര്‍ഗി അവന്റെ നെഞ്ചില്‍ മുഖമമര്‍ത്തിക്കൊണ്ട് ചോദിച്ചു.
ഫര്‍ഹാന്‍ കുറച്ചു നേരം റിപ്പീറ്റില്‍ പ്ലെ ചെയ്തുകൊണ്ടിരുന്ന പാട്ടിലേയ്ക്കു കണ്ണടച്ചിരുന്നു.
''ഇല്ല... ആരാണ് പാടുന്നത്?''
''കോഹെന്‍... ലിയോണാര്‍ഡ്. ഈ പാട്ടിലെ വരികളാണ് മലിന അവള്‍ മരിക്കുന്നതിനു മുന്‍പ് അവളുടെ ഇന്‍സ്റ്റാ അക്കൗണ്ടില്‍ വീഡിയോയ്ക്ക് താഴെ എഴുതിയിരുന്നത്. എങ്ങനെയാണ് തന്നെ കൊല്ലാന്‍ വരുന്ന ഒരാളെ അവള്‍ ഒരു കാമുകിയെപ്പോലെ കാത്തിരുന്നത്?''
''അവര്‍ കണ്ടുമുട്ടുന്നതിനു മുന്നേയും അതിനുശേഷവും ഉള്ള ജീവിതം അത്രയും നരകം ആണെന്ന് അവള്‍ക്ക് ഉറപ്പുള്ളതുകൊണ്ടാണത്.'' ഫര്‍ഹാന്‍ ഗാര്‍ഗിയുടെ മുഖം തന്റെ നെഞ്ചില്‍നിന്ന് അടര്‍ത്തിയെടുത്ത് മുഖത്തിനഭിമുഖമായിപ്പിടിച്ച് അവളുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു.
''ഞാന്‍ ആദ്യമായാണ് ഒരാളെ ഉമ്മവയ്ക്കുന്നത്. സിനിമയില്‍ ഉള്ളപോലെ ഒന്നും പ്രതീക്ഷിച്ചു കളയരുത്. ഞാന്‍ എന്താണെന്ന് ഇനിയേ എനിക്കറിയൂ.''

നീലവെളിച്ചത്തിന്റെ അപാരമായ തിളക്കത്തില്‍ ഗാര്‍ഗി ഫര്‍ഹാന്റെ കണ്‍പോളകളില്‍ കൈ കൊണ്ട് തലോടി.
''മുസ്ലിം ചെറുക്കന്മാര്‍ക്കു എല്ലാവര്‍ക്കും ഇതുപോലെ നിറച്ച് കണ്‍പീലി കാണുവോ?''
''എല്ലാര്‍ക്കുമൊന്നുമില്ല.'' ഫര്‍ഹാന്‍ ചിരിച്ചു.
''ഹിന്ദുപെണ്‍പിള്ളേര്‍ക്ക് എല്ലാവര്‍ക്കും ഇതുപോലെ പാലിന്റെ മണം ഉണ്ടാകുമോ?''
''ഒന്നു പോ... മണം പോലെയാണോ കണ്‍പീലി...''
''അതെന്താ?''
''എന്റെ മണം എനിക്കറിയില്ലല്ലോ... ഫര്‍ഹാനല്ലെ എന്റെ മണം അറിയൂ. കണ്‍പീലി അതുപോലെയല്ലല്ലോ.''
ഫര്‍ഹാന്‍ അവളുടെ നനഞ്ഞ മുടിയില്‍ മുഖം പൂഴ്ത്തിക്കിടന്നു.
''ഇപ്പോ എന്റെ വീട്ടുകാര്‍ കയറിവന്നാലോ?'' ഗാര്‍ഗി അമര്‍ത്തിച്ചിരിച്ചു.
''നമ്മളിപ്പോ വണ്ടിയെടുത്ത് സമരസ്ഥലത്തു പോയി നമ്മള്‍ പ്രേമത്തില്‍ ആണെന്നു നമ്മളുടെ വീട്ടുകാരെ കൂട്ടി പറഞ്ഞാലോ? അതല്ലേ കുറേക്കൂടി നല്ലത്. മതസാഹോദര്യം അല്ലേ വേദി. വല്ലോം നടന്നാലോ!''
''ആ... ബെസ്റ്റ്.'' ഗാര്‍ഗി കണ്ണുകളടച്ചപ്പോഴും ഫര്‍ഹാന്റെ മുഖം കണ്ടുകൊണ്ടിരുന്നു. ശരിക്കും പറഞ്ഞാല്‍ ഇരുട്ടില്‍ രണ്ടുപേരും പുഞ്ചിരിക്കുകയായിരുന്നു.
ഗാര്‍ഗി ഫര്‍ഹാന്റെ തൊലിപ്പുറത്തുകൂടി മെല്ലെ വിരലുകള്‍ ഓടിച്ചപ്പോഴൊക്കെ ഫര്‍ഹാന്‍ ഞെട്ടി കുതറിമാറി.
''അങ്ങനെ തൊടല്ലേ... എനിക്ക് ഇക്കിളിയാവും... അമര്‍ത്തിത്തൊട്.''
എന്തുകൊണ്ടോ പെട്ടെന്നു രണ്ടുപേരും ചാടിയെഴുന്നേറ്റ് ടി.വി നോക്കിയിരുപ്പായി. രണ്ടുപേരും കിതയ്ക്കുന്നുണ്ടായിരുന്നു. ഫര്‍ഹാന്‍ ഗാര്‍ഗിയുടെ മുന്നിലേയ്ക്ക് വന്നു കാല്‍മുട്ടില്‍ കൈകെട്ടി താടി മുട്ടിലേക്കു അമര്‍ത്തി അവളെ നോക്കി.
''നമുക്ക് വല്ല തമാശേം പറയാം. അതാ നല്ലത്. ഉദാഹരണത്തിന് എന്റെ പൗരത്വം തെളിയിക്കാന്‍ കഴിയാതെ നാളെ എന്നെ പൊലീസ് പിടിച്ചുകൊണ്ടു പോയാല്‍ നീ എന്തു ചെയ്യും ഗാര്‍ഗി?''
''ഞാനെന്ത് ചെയ്യാന്‍?''

ഒരുപാടു വലിയ ഒരു നിശ്ശബ്ദതയ്ക്കുശേഷം ഗാര്‍ഗി തേങ്ങി. അവന്‍ ചോദിച്ച ചോദ്യത്തിലെന്തെങ്കിലും അപായം ഉള്ളതു കൊണ്ടാണോ അത് എന്ന് അവള്‍ക്കു തീര്‍ച്ചയാക്കാന്‍ കഴിഞ്ഞില്ല. കേരളം പോലൊരു സ്ഥലത്തിരുന്നുകൊണ്ട് അങ്ങനെ പേടിക്കേണ്ടതില്ലെന്ന് അവള്‍ക്കു തോന്നിയെങ്കിലും അവന്‍ അകന്നുപോകുന്നത് തനിക്കു താങ്ങാന്‍ പറ്റുന്ന ഒരു കാര്യം ആകാനിടയില്ലെന്ന് അവള്‍ക്കു തോന്നിയത് അപ്പോള്‍ മാത്രമായിരുന്നു. ഒരുപക്ഷേ, അപ്പോള്‍ മാത്രമാണ് പ്രണയം അവള്‍ തീവ്രമായി അനുഭവിച്ചത്. അവന്‍ അകന്നുപോകുകയോ മരിച്ചു പോകുകയോ ഒക്കെ ചെയ്യുന്നത് അവള്‍ ഭാവനയില്‍ കണ്ടുകൊണ്ടിരുന്നു. അഭയാര്‍ത്ഥികളെ കുത്തിനിറച്ച ഒരു പാട്ടവണ്ടിക്കുള്ളില്‍ തലതാഴ്ത്തിയിരിക്കുന്ന ഫര്‍ഹാനേയും അതിനു പുറകെ ആര്‍ത്തലച്ചുകൊണ്ടോടുന്ന തന്നെയും ഗാര്‍ഗി കണ്ടു. എവിടെയാണ് പ്രേമം സംഭവിക്കുന്നത് എന്നവള്‍ ആശ്ചര്യപ്പെട്ടു. ഉറപ്പായും തൊട്ടപ്പുറത്തിരിക്കുന്ന ഫര്‍ഹാനല്ല തന്റെയുള്ളില്‍ എക്കാലവും വിരഹിയായിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മനസ്സാണ് പ്രണയത്തിനു കാരണം എന്നവള്‍ തിരിച്ചറിയുകയായിരുന്നു. കാമുകന്റെ തിരിച്ചുവരവും പ്രതീക്ഷിച്ചിരിക്കുന്ന കെട്ടുകഥകളിലേയും സിനിമകളിലേയും കാമുകിമാരുടെ ദൃഷ്ടിപഥങ്ങളില്‍ അവള്‍ ഫര്‍ഹാനേയും തിരഞ്ഞു. അവള്‍ കണ്ണു തുറന്നു നോക്കിയപ്പോള്‍ ഫര്‍ഹാന്‍ അവളെത്തന്നെ നോക്കിയിരിക്കുന്നതവള്‍ കണ്ടു. എന്തൊരു സൗന്ദര്യമാണ് ഈ ചെറുക്കന്? അവള്‍ പുഞ്ചിരിച്ചു. ഫര്‍ഹാന്‍ രണ്ടു കൈപ്പത്തിയും കൊണ്ട് അവളുടെ മുഖം കോരിയെടുത്തു. അവളുടെ അടുത്തേയ്ക്ക് നീങ്ങിയിരുന്നു ഫര്‍ഹാന്റെ കാലുകളില്‍ അവള്‍ ചുറ്റിപ്പിടിച്ചു.

''ഞാന്‍ എന്റെ ജീവിതത്തില്‍ ഇത്രയും സന്തോഷം അനുഭവിച്ചിട്ടില്ല.'' അവള്‍ ഫര്‍ഹാന്റെ ചെവിയില്‍ തന്റെ തണുത്ത മൂക്കിന്‍തുമ്പ് ഉരസ്സി.

ഗാര്‍ഗി ഫര്‍ഹാന്റെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഓരോന്നായഴിച്ച് അവനെ വിവസ്ത്രനാക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ ടി.വിയിലെ ഇരുട്ടിലെ മെഴുകുതിരി നാളങ്ങളിലേയ്ക്കു തുറന്നു. ഓരോ മനുഷ്യനു പകരവും ഓരോ മെഴുതിരി കത്തുന്നു. ഒരേസമയം അവനത് ഒരോര്‍മ്മ പുതുക്കല്‍ ചടങ്ങുപോലെയും പ്രാചീന അനുഷ്ഠാനംപോലെയും തോന്നിച്ചു. രാത്രിയുടെ ആകാശത്തുനിന്നു താഴേയ്ക്ക് നോക്കുന്നൊരു ദൈവത്തെക്കുറിച്ച് അവന്‍ സങ്കല്പിച്ചു നോക്കി. കയ്യില്‍ സ്വാതന്ത്ര്യത്തിന്റെ നാളം പിടിച്ചശേഷം അതു കെട്ടുപോകുന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്ന മനുഷ്യരെ ഓര്‍ത്ത് ആ ദൈവം സങ്കടപ്പെടുന്നുണ്ടാവും. അവന്‍ ഗാര്‍ഗിയുടെ മാറില്‍ മുഖം ആഴ്ത്തി. അന്നേരം ഗാര്‍ഗിയുടെ അടഞ്ഞ കണ്ണുകളില്‍ മലിനയുടെ മെഴുകുതിരികള്‍ ആടിയുലഞ്ഞ മുറിയിലേയ്ക്ക് കടന്നുകയറിയ കൊലയാളിയുടെ കയ്യിലെ നീണ്ട കത്തി ഇടിമിന്നല്‍പോലെ മിന്നി. മലിനയുടെ ശരീരത്തിലേയ്ക്ക് കൊലക്കത്തി ഓരോ തവണയും ആഴ്ന്നിറങ്ങുമ്പോള്‍ ഫര്‍ഹാന്‍ ഞരങ്ങി. ടി.വി സ്‌ക്രീനിലെ മെഴുകുതിരിയേന്തിയ ഇരുണ്ട രൂപങ്ങളുടെ മ്യൂട്ട് ചെയ്ത സ്വത്വസ്വാതന്ത്ര്യ ഉദ്‌ഘോഷങ്ങള്‍ക്ക് അപ്പോള്‍ ശബ്ദം വച്ചിരുന്നെങ്കില്‍പ്പോലും ഗാര്‍ഗിയും ഫര്‍ഹാനും അതു കേള്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നില്ല. അവരുടെ നെടുവീര്‍പ്പുകള്‍ക്കും അവര്‍ കൊരുന്നു കിടന്ന ചുംബനങ്ങള്‍ക്കും മീതെ വന്നണയാന്‍ പോകുന്ന മഹാത്ഭുതത്തെക്കുറിച്ചും തന്റെ നീണ്ടുപോകുന്ന കാത്തിരിപ്പിനെക്കുറിച്ചും കോഹെന്‍ അപ്പോഴും നിര്‍ത്താതെ പാടിക്കൊണ്ടിരുന്നു.

''Baby, I've been waiting
I've been waiting night and day
I didn't see the time
I waited half my life away'
.........................................................
*ഖന്ദീല്‍ ബലോച്ചിന്റെ ഓര്‍മ്മയ്ക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com